Nov 17, 2022

ലോർണ ക്രോസിയറുടെ കവിതകൾ

മനുഷ്യബന്ധങ്ങളും പ്രകൃതിയും ഭാഷയും ലൈംഗികതയുമാണ് ലോർണ ക്രോസിയറുടെ കവിതയുടെ പ്രധാന പ്രമേയ പരിസരങ്ങൾ.

കനേഡിയൽ കവി. 1948-ൽ സസ്ക്കാറ്റ്ച്ചെവാനിലെ സ്വിഫ്റ്റ് കരന്റിൽ ജനനം. പതിനഞ്ചിലേറെ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.. മനുഷ്യബന്ധങ്ങളും പ്രകൃതിയും ഭാഷയും ലൈംഗികതയുമാണ് ലോർണ ക്രോസിയറുടെ കവിതയുടെ പ്രധാന പ്രമേയ പരിസരങ്ങൾ. ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന വസ്തുക്കളെയും കാര്യങ്ങളെയും വേറിട്ട കോണിലൂടെ നോക്കിക്കാണുന്ന കവിതാപരമ്പരകൾ ഏറെ ശ്രദ്ധേയം.

എഴുപതുകളിൽ, ക്രോസിയെർ സസ്ക്കാറ്റ്ച്ചെവാനിലെ പലതരം സാഹിത്യ സംഘങ്ങളുടെ ഭാഗമായിരുന്നു. ഫോർട്ട് സാനിൻ സമ്മർ സ്കൂൾ ഓഫ് ദ് ആർട്ട്സ് സ്ഥാപിക്കാൻ മുൻകൈയ്യെടുത്തു. ഗ്രെയിൻ എന്ന പേരിലും സാൾട്ട് എന്ന പേരിലും രണ്ട് പ്രധാനപ്പെട്ട സാഹിത്യ ജേണലുകളും ക്രോസിയറിന്റെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിച്ചു. 1978 മുതൽ കവി പാട്രിക് ലെയിനിനു ഒപ്പം ജീവിക്കാൻ തുടങ്ങി.

1992 ലെ ഗവർണർ ജനറൽസ് അവാർഡ് ക്രോസിയെർക്കായിരുന്നു. 2009-ൽ റോയൽ സൊസൈറ്റി ഓഫ് കാനഡയിൽ ഫെലോ ആയി. 2011-ൽ ഓഫീസർ ഓഫ് ദ് ഓർഡർ ഓഫ് ദ് കാനഡ പദവിയും ലഭിച്ചു.

ലോർണ ക്രോസിയർ കവിതകൾ

കാമുകനെ നോക്കിയിരിക്കൽ

പിഞ്ഞാണത്തിലേക്ക് ഛർദ്ദിക്കുകയായിരുന്ന
തന്റെ അമ്മയെ ചേർത്തുപിടിക്കുന്ന
അവനെ ഞാൻ നോക്കിയിരുന്നു.
നനഞ്ഞ തുണിയാൽ അവൻ 
അമ്മയുടെ മുഖം തുടച്ചു,
പിന്നിൽ ചരടിനാൽ കെട്ടിയ 
മുഷിഞ്ഞ ഉടുപ്പ് ഞങ്ങൾ ഇരുവരും
ചേർന്നൂരാൻ നോക്കി.

തൊലി വേർപ്പെടുമോയെന്ന് ഭയന്ന്
അവരെ പൊന്തിക്കാനാകാതെ
പുതപ്പിനടിയിലെ പഞ്ഞി ഞാൻ വലിച്ചെടുത്തു.
അവൻ ആ പേപ്പർ ഡയപ്പർ മാറ്റി.
ഇതെല്ലാം എങ്ങനെ ചെയ്യണം,
എന്ത് പറയണം എന്നൊന്നും
ഞങ്ങളെയാരും പഠിപ്പിച്ചിരുന്നില്ല.
ഇവിടെയെല്ലാം അത്രയും ലോലമായിരുന്നു
ഒരു നിശ്വാസം മതിയായിരുന്നു തകരാൻ.

ട്യൂബ്യും സൂചിയുമിട്ട് മുറിപ്പെട്ട
തന്റെ മുലകൾ കൈകൊണ്ട് പൊത്തി
അമ്മ മുഖംതിരിച്ച് അകലേക്ക്‌ നോക്കി.
ഇതൊന്നും സാരമില്ല അമ്മേ, അവൻ പറയുന്നു,
നാണിക്കേണ്ടതായൊന്നുമില്ല,
ഇത്രകാലത്തെ ജീവിതത്തിനിടയ്ക്ക്
ഡസൺ കണക്കിന് പെണ്ണുങ്ങളെയെങ്കിലും
ഞാൻ വിവസ്ത്രരാക്കിയിട്ടുണ്ട്.
എന്റെ കാമുകൻ അവന്റെ അമ്മയുടെ
തുണിയൂരുന്ന ഈ മുറിയിലിരുന്ന് 
ഞങ്ങൾ മൂവരും ചിരിച്ചു.

പിന്നീട്, ഞങ്ങളുടെ കിടക്കയിൽ നഗ്നയായി
ഞാൻ അവനരികിൽ ചുരുണ്ടുകൂടിക്കിടന്നു.
അവന്റെ ഉറക്കം ശ്രദ്ധിച്ച്,
ഓരോ ശ്വാസത്തിനും കാതോർത്ത്.
അവന് പനിച്ചു, തണുപ്പകറ്റാൻ
അവന്റെ മാംസം സ്വയം ജ്വലിച്ചു.

അവൻ മേല് കഴുകിയിരുന്നെങ്കിലും
അവന്റെ തൊലിമേൽ
എനിക്കു അവരെ മണത്തു,
മേലാസകലം അവർ
തന്റെ കിഴവിനാവുകൊണ്ട് 
അവനെ നക്കിയ പോലെ.

അങ്ങനെ ഇനി അവനൊപ്പം
കിടക്കുന്നവരെല്ലാം
അറിയാൻ പോകുകയാണ്,
അവനിപ്പോഴും അവന്റെ
അമ്മയുടെ മോനാണെന്ന്. 

യോനി

തീർച്ചയായും മനസ്സിൽ ഒരേ വിചാരം കൊണ്ടുനടക്കുന്ന ഒരുത്തനാണ് വജൈന എന്നു പ്രയോഗിച്ചിരിക്കുക, ലത്തീനിൽ കത്തിയുറ, ഉറയിലിടുക എന്നെല്ലാം അതിനർത്ഥം. അതിനെ എന്തുവിളിക്കണമെന്നതാണ് പ്രയാസം. വളരെ പഴയ പര്യായങ്ങൾ പോലും നീചമായ തെറിവാക്ക്. ചൈനീസിൽ നിന്നുള്ള പരിഭാഷകളിൽ നിങ്ങൾക്ക് ആശ്വസിക്കാം: കസ്തൂരിമണക്കും തലയണ, അകക്കാമ്പ്, സ്വർഗ്ഗകവാടം. സോളമൻ രാജാവ് ഹീബ്രുവിൽ പാടി "നിന്റെ തുടകൾ കൂടിച്ചേരുന്നിടം അമൂല്യവസ്തുക്കൾക്ക് സമം," പിന്നെ അദ്ദേഹം നാഭിയെ പാടിപ്പുകഴ്ത്തി, "ഒരിക്കലും വീഞ്ഞൊഴിയാത്ത വട്ടത്തിലുള്ള ചഷകം." പലപ്പോഴും ഒരു പേര് നൽകാതെ നാമതിനെ വിളിക്കുന്നു. ജോസ്ഫൈനുള്ള ഒരു കത്തിൽ, നെപ്പോളിയൻ ഇങ്ങനെ എഴുതി: "ഞാൻ നിന്റെ ഹൃദയത്തിൽ ചുംബിക്കുന്നു, പിന്നെ അൽപ്പം താഴെ. പിന്നെ അതിലുമേറെ താഴെ." അതിന് കൂടുതൽ സാമ്യം പൂച്ചയോടല്ല, പൂവിനോടാണ്, ഒക്കീഫിന്റെ കാൻവാസിൽ വിടരുന്ന, വെളിച്ചത്തിൽ കുതിർന്ന ഇതളുകൾ. അല്ലെങ്കിൽ, സ്പര്‍ശശൃംഗമില്ലാത്ത സീ അനിമോൺ, മീൻമണമില്ലാത്ത കടൽജീവി. മടക്കുകളോടു കൂടിയ ഉപ്പുരസമുള്ള പേശികൾ, പെണ്ണിന് പോലും നിഗൂഢം. ജീവിതത്തിലേക്കുള്ള കവാടം, താമരത്തോണി, ആഴമേറിയത്. അശ്ലീലതമാശകളിലൂടെയും സ്‌കൂൾകാല ശകാരങ്ങളിലൂടെയും അതിന് വായയേക്കാൾ വൃത്തിയുണ്ടെന്ന് നിങ്ങളറിയുന്നു, അതിനുള്ളിൽ നിങ്ങൾക്കൊന്നും നഷ്ടപ്പെടില്ല, അതിനാകട്ടെ പല്ല് മുളയ്ക്കുകയുമില്ല. യുദ്ധം കഴിഞ്ഞെത്തിയ നെപ്പോളിയൻ, ജോസ്ഫൈനിന്റെ താഴെ ചുംബിച്ചപ്പോൾ കൊട്ടാരത്തിന്റെ ഇടനാഴികളിലേക്കു കാഹളങ്ങൾ ഒഴുകി. വരാനിരിക്കുന്ന രാത്രിയുടെ മാധുര്യമോർത്ത് ദാസിമാർ ചിരിച്ചു. മറ്റുള്ളവർ തുടകൾ ചേർത്തുവെച്ചു, തങ്ങളുടെ കാതടപ്പിച്ചുതരണേയെന്ന് അവർ കന്യാമറിയത്തോട് അപേക്ഷിച്ചു. ഇരട്ട ചുണ്ടുള്ള സുന്ദരി, പൂറ്.

പൂജ്യം

സ്കൂളിൽ വെച്ച് നമുക്ക് മനസ്സിലാകാതെ
പോകുന്ന ഒന്നാണ് പൂജ്യം,
എന്തിനോട് ഗുണിച്ചാലും അത് 
ഒന്നുമാകാതെ നിൽക്കുന്നു.

അലങ്കാരശാസ്ത്രം പഠിക്കുന്ന
ഗണിതജ്ഞനായ സുഹൃത്തിനോട്
ഞാൻ ചോദിച്ചു: പൂജ്യം ഒരു സംഖ്യയാണോ?
അതെ എന്ന അവന്റെ മറുപടി
എനിക്ക് വലിയ ആശ്വാസം നൽകി.

അതൊരു പ്രകൃതിദൃശ്യമാണെങ്കിൽ
മരുഭൂമിയാകുമായിരുന്നു,
ശരീരഘടനയിൽ അതിനെന്തെങ്കിലും
ചെയ്യാനുണ്ടെങ്കിൽ അതൊരു വായയോ
ഇല്ലാതെപോയ ശരീരഭാഗമോ
നഷ്ടമായ അവയവമോ ആയേനെ.

Ø

ഒന്നിനുമൊന്നിനും ഇടയിൽ
പൂജ്യം അതിന്റെ വഴി തുളയ്ക്കുന്നു,
എല്ലാം മാറ്റിമറിക്കുന്നു.
അത് ഇംഗ്ലീഷ് അക്ഷരമാലയുടെ
അകത്തേക്ക് വഴുതിക്കയറുന്നു,
ഒച്ചയില്ലാത്ത നാവിൽ അത് സ്വരാക്ഷരം,
അന്ധന്റെ കണ്ണിലെ കൃഷ്ണമണി,
അവൻ വിരൽത്തുമ്പിൽ പിടിക്കുന്ന
മുഖത്തിന്റെ ബിംബം.

Ø

വറ്റിയ കിണറിന്റെ അടിയിൽ നിന്നും
മുകളിലേക്ക് നോക്കുമ്പോൾ
നിങ്ങൾ കാണുന്നതാണ് പൂജ്യം,
അതിന്റെ ഉഗ്രമായ നീലിമ.

നിങ്ങളുടെ കുതികാൽ
ചിറകിനായി വെമ്പുമ്പോൾ
നിങ്ങൾ നിങ്ങളുടെ കഴുത്തിനു ചുറ്റും
കെട്ടുന്ന കയറാണത്.

തൂവലുകൾ കത്തുന്ന മണമറിഞ്ഞ്
കടലിലേക്ക് പതിക്കുമ്പോൾ
ഇക്കാറസിനു മനസ്സിലായി
പൂജ്യം എന്തെന്ന്.

Ø

കുന്നിൽ നിന്നും താഴേക്ക് നിങ്ങൾ
പൂജ്യത്തെ ഉരുട്ടിവിട്ടാൽ അത് വളരും,
പട്ടണങ്ങളും കൃഷിയിടങ്ങളും വിഴുങ്ങും
മേശമേൽ പൂജ്യംവെട്ടിക്കളിക്കുന്നവരെയും.

കാനഡയിലെ ഗോത്രത്തലവന്മാർ
ഉടമ്പടികളിൽ ഒപ്പുവെച്ചപ്പോൾ
അവരുടെ പേരിനൊപ്പം X എന്നെഴുതി,

ഇംഗ്ലീഷിൽ, X എന്നാൽ പൂജ്യം.

Ø

അലങ്കാരശാസ്ത്രജ്ഞനും
ഗണിതം പഠിക്കുന്നവനുമായ
സുഹൃത്തിനോട് ഞാൻ ചോദിച്ചു:
ലളിതമായി പറഞ്ഞാൽ
എന്താണ് പൂജ്യത്തിനർത്ഥം?


ഒന്നുമില്ല, അവൻ പറഞ്ഞു.

Ø

പൂജ്യം അശ്ലീലകലാകാരന്റെ അക്കമാണ്,
അയാൾ അതൊരു കള്ളപ്പേരിൽ
കത്തുകളിലൂടെ വരുത്തിക്കുന്നു.

അത് മരിക്കാനുള്ളവരുടെ നിരയിലെ
അവസാന മനുഷ്യന്റെ അക്കമാണ്,
ഗർഭം അലസിപ്പിക്കാൻ മൂന്ന് നിലകൾ
ചാടുന്നവളുടെ എണ്ണമാണ്.

Ø

പൂജ്യം തുടങ്ങുന്ന ഇടത്തുതന്നെ
ഒടുങ്ങുന്നു, പ്രയറി പുൽമേടുകളിലൂടെ
ദിവസം മുഴുവൻ കറങ്ങിയിട്ടും
എവിടെയുമെത്തിയില്ലല്ലോ എന്ന
തോന്നലിനോട് ചിലർ ഇതിനെ
താരതമ്യപ്പെടുത്തുന്നു.

Ø

ആദിയിൽ ദൈവം
പൂജ്യം സൃഷ്ടിച്ചു.

കാരറ്റുകൾ

കാരറ്റുകൾ ഭൂമിയെ ഭോഗിക്കുകയാണ്,
നനവിലും ഇരുളിലും ആഴ്ന്നിറങ്ങുന്ന
സ്ഥിരമാർന്നൊരു ലിംഗോദ്ധാരണം.
വേനൽ മുഴുവനും
സുഖിപ്പിക്കാൻ പണിപ്പെടുകയാണ്.
 ഇത് കൊള്ളാമോടീ,
 ഇത് കൊള്ളാമോ? 


മറുപടിയായൊന്നും ഭൂമി
പറയുന്നില്ലെന്നതിനാലാകാം
അവ കേറ്റിക്കൊണ്ടേയിരിക്കുന്നു.
കാരറ്റ് കേക്ക്, ബീഫ് സ്റ്റൂവിലിട്ട കാരറ്റും ഉള്ളിയും,
പഞ്ചാരപാവ് ചേർത്ത കാരറ്റ് പലഹാരം

എന്നെല്ലാമോർത്ത് നിങ്ങൾ
തോട്ടത്തിൽ ഉലാത്തുമ്പോൾ,
ഉച്ചത്തെ കൊടുംചൂടിൽ അവ
കഴപ്പ് മൂത്ത് കേറ്റുകയാണ്.
Share: