മീഡിയോക്രിറ്റിയും മലയാള കവിതയിലെ ഒരു കോക്കസ്സും


മീഡിയോക്രിറ്റിയെപ്പറ്റി സംസാരിക്കേണ്ടി വന്നപ്പോൾ അമേരിക്കൻ കവി ജാക്ക് ഗിൽബെർട്ട് പറഞ്ഞൊരു കഥയുണ്ട്. ജാക്ക് ഗിൽബെർട്ടിൻ്റ കൂട്ടുകാരി ഒരു ജിപ്സിയുമായി അടുപ്പത്തിലായി. അവൾ ഗിൽബെർട്ടിനോട് പറഞ്ഞു "ഞാനൊരു പ്രശ്നത്തിലാണ്, അയാൾ എന്നെ വളരെ പാഷനേറ്റ് ആയാണ് ചുംബിക്കുന്നത്, എൻ്റെ ചുണ്ടാകെ ചതഞ്ഞ പരുവമാകും. ഇടയ്ക്കിടെ ഞങ്ങൾ കാണുന്നതിനാൽ അതൊന്ന് ഭേദമാവാൻ പോലും സമയം കിട്ടുന്നില്ല. പക്ഷേ എനിക്ക് അയാളെ വിഷമിപ്പിക്കണമെന്നില്ല. എന്നാൽ എന്തുചെയ്യണമെന്നും അറിയില്ല." ഗിൽബെർട്ട് അവളോട് ചില കാര്യങ്ങൾ പറഞ്ഞു. മൂന്നുദിവസം കഴിഞ്ഞ് കണ്ടപ്പോൾ അവൾ ഗിൽബെർട്ടിനോട് പറഞ്ഞു "നീ പറഞ്ഞതുപോലെ ഞാൻ ചെയ്തു, ഞാൻ അയാളോട് ഞാൻ അയാളെ ചുംബിച്ചോട്ടെ എന്ന് ചോദിച്ചു. എന്നിട്ട് ഞാൻ അയാളെ ചുംബിച്ചു. പൊടുന്നനെ അയാൾ മാറി നിന്ന് അത്ഭുതത്തോടെ പറഞ്ഞു 'ഇങ്ങനെയും ചുംബിക്കാമല്ലേ' എന്ന്".

മലയാളത്തിൽ കവിതയിൽ പാഷനേറ്റ് ആണെന്നു പറഞ്ഞു നടക്കുന്ന ബഹുഭൂരിപക്ഷം ആളുകളുടെയും അവസ്ഥ ഇതാണ്. അവർ ഒരിക്കലും കവിതയെന്ന കലയെ അറിയാനുള്ള യാതൊരു ശ്രമവും നടത്തിക്കാണില്ല. എന്നാൽ അവർ കാണിക്കുന്നത് മറ്റുള്ളവർക്ക് കവിതയോടുള്ള സമർപ്പിതമനോഭാവമായി തോന്നുന്നതിനാൽ അവർക്ക് ഒരു മതിപ്പും പരിഗണനയും പൊതുസമൂഹം നൽകിവരുന്നു. മീഡിയോക്രിറ്റി തഴച്ചുവളരുന്ന ഒരു അന്തരീക്ഷം ഒരുക്കുന്നതിൽ ഇതിനും പങ്കുണ്ട്. തീർച്ചയായും, മീഡിയോക്രിറ്റി ഒരിക്കലും ഒരു മോശം കാര്യമല്ല. എല്ലാവർക്കും ഗംഭീരവർക്കുകൾ ഒന്നും ചെയ്യാനാകില്ല. അങ്ങനെ ഗംഭീരവർക്കുകൾ ചെയ്തവർക്ക് എല്ലാ കാലത്തും അതിനാകില്ല. എന്നാൽ പ്രശ്നമിരിക്കുന്നത് മീഡിയോക്രിറ്റിയെ ഗംഭീരമെന്ന് വാഴ്ത്തുന്നതിലാണ്. അതുവഴി മികവിൻ്റെ മാനദണ്ഡത്തിനുള്ള അളവുകോൽ മാറുന്നു. അങ്ങനെ ഏറ്റവും മോശം സാഹിത്യത്തിനാണ് മീഡിയോക്രിറ്റി എന്ന ലേബൽ ലഭിക്കാൻ ഇടവരിക, ഇപ്പോഴത്തെ മലയാള സാഹിത്യത്തിലെന്നപോലെ.

ഇതും ഒരു പരിധിവരെ നമുക്ക് അവഗണിക്കാവുന്ന കാര്യമാണ്. എന്നാൽ ഈ മോശം സാഹിത്യമെഴുത്തുകാർ ചേർന്നുനിൽക്കുകയും ഗംഭീരമെന്ന് വാഴ്ത്തപ്പെട്ട മീഡിയോക്കർ എഴുത്തുകാർക്ക്/എഴുത്തുകാരന് കീഴിൽ കോക്കസ്സുകളായി മാറുകയും അവർ സാഹിത്യരംഗത്തെ എല്ലാ ഇടങ്ങളും കൈയ്യടക്കുകയും ചെയ്യുന്നു. അധികാരം കൈയ്യാളുന്ന ആളുകൾ ആരാണെന്നതിനെ അടിസ്ഥാനമാക്കി ഇവരുടെ ആൾബലവും കൂടും. രാഷ്ട്രീയം, ജാതി, അവാർഡ് നിർണ്ണയ സമിതിയിലും പ്രസിദ്ധീകരണ സ്ഥാപനങ്ങളിലുമുള്ള സ്വാധീനം എന്നിവയെല്ലാം ഇത്തരം കോക്കസ്സുകളുടെ അധികാരവും പിന്തുണയും നിർണ്ണയിക്കുന്നതിൽ പ്രധാനപ്പെട്ട കാര്യമാകുന്നുണ്ട്.

പി. രാമൻ വിമർശനാതീതനാണോ? 

വിഷ്ണുപ്രസാദിൻ്റെ ട്രൂകോപ്പി തിങ്ക് അഭിമുഖം വായിച്ചതിലൂടെ മനസ്സിലാകുന്നത്, പ്രകടനപരമായ പരീക്ഷണപരതയിൽ താല്പര്യമുള്ളയാളും അത്തരം കവികളെ ഇഷ്ടപ്പെടുന്ന ഒരാളുമാണ് വിഷ്ണുപ്രസാദ് എന്നാണ്. അദ്ദേഹം മുന്നോട്ടുവെക്കുന്ന കവികളിൽ മിക്കവരും അങ്ങനെയുള്ള നല്ല ശ്രമങ്ങൾ (പ്രത്യേകിച്ച് ആഖ്യാനരീതികളിലും ഭാഷാശൈലിയിലും) നടത്തിയവരാണ്. വെബ് സീരീസുകൾ സാഹിത്യത്തിനു വെല്ലുവിളിയാണെന്ന് വാദിക്കുന്ന മലയാളത്തിലെ ക്രൈം ഫിക്ഷനെഴുത്തുകാർ ഉന്നയിക്കുന്നതിനു സമാനമായ ചില വാദങ്ങളും അദ്ദേഹം മുന്നോട്ടു വെക്കുന്നുണ്ട്. കവിത യഥാർത്ഥത്തിൽ കഥയിൽ നിന്നും സംഗീതത്തിൽ നിന്നും വേറിട്ട് കവിതയെന്ന അതിൻ്റെ അടിസ്ഥാനസ്വഭാവം വെളിപ്പെടുത്തുന്നതിലേക്ക് അടുക്കുന്നതായാണ് ഞാൻ മനസ്സിലാക്കുന്നതും വായിച്ചറിയുന്നതും. ഈ മാറ്റം അറിയണമെങ്കിൽ ആഘോഷിക്കപ്പെടുന്ന കവിതകളിൽ മാത്രം ശ്രദ്ധ പതിഞ്ഞിട്ടു കാര്യമില്ല. ആ മാറ്റത്തെ മനസ്സിലാക്കുന്ന ആളുകൾ ഒരിക്കലും സിനിമയോടും ബിനാലെയോടുമാണ് കവികൾ മത്സരിക്കുന്നതെന്നു കരുതാനും ഇടയില്ല. മലയാളത്തിൽ സംഭവിക്കുന്ന പോലുള്ള ഉജ്വലമായ കവിതകൾ മറ്റു ഭാഷകളിൽ സംഭവിക്കുന്നുണ്ടോ എന്ന വിഷ്ണുപ്രസാദിൻ്റെ ചോദ്യത്തിലും അങ്ങനെയൊന്നും താൻ കാണുന്നില്ല എന്ന സംസാരത്തിലും ചില പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിൻ്റെ വായനയുടെ പരിമിതിയാണ് അത് വെളിപ്പെടുത്തുന്നത്. സ്വന്തം പരിമിതിയെ മുൻനിർത്തി അങ്ങനെയൊരു അഭിപ്രായം പറയുന്നതിൽ ശരികേടുണ്ട്. പി. രാമനെക്കുറിച്ചുള്ള ആരോപണങ്ങൾക്കും ഇത്തരത്തിൽ അവ്യക്തതകൾ നിറഞ്ഞതാണ്. എന്നാൽ ഇതേത്തുടർന്നുണ്ടായിരിക്കുന്ന ചർച്ചകളിൽ ചിലയിടത്തെങ്കിലും പി. രാമൻ വിമർശിക്കപ്പെടാൻ പാടില്ലെന്നു കാണാനിടയായ സാഹചര്യത്തിൽ കുറച്ചുകാര്യങ്ങൾ വ്യക്തമാക്കാമെന്നു കരുതുന്നു.

ജന്മം കൊണ്ട് ലഭിച്ച പ്രിവിലേജുകൾ പലതും മേൽജാതിക്കാരെന്നു കരുതുന്നവർ വേണ്ടെന്നു വെച്ചാലും അവർക്കത് വന്നുചേർന്നു കൊണ്ടിരിക്കും. അതിനാൽ തന്നെ ഇക്കാര്യം മനസ്സിലാക്കി സാംസ്കാരികമേഖലയിൽ ഇത്തരം പ്രിവിലേജുകളെ തള്ളിപ്പറയുന്നവരും അതനുസരിച്ച് ബോധത്തോടെ പ്രവർത്തിക്കുന്നവരുമായ പ്രിവിലേജ്ഡ് ആയ മനുഷ്യരെ നമുക്ക് കാണാം. കേവലം പൊതുജനസമ്മിതിയ്ക്ക് വേണ്ടി മാത്രം ഇത്തരം നിലപാടുകൾ എടുക്കുകയും അകമേ അതിൻ്റെ വൃത്തികേടുകൾ പേറുന്നവരുമായ ആളുകളുണ്ട്. പലപ്പോഴും ഇതവർ സ്വയം തിരിച്ചറിയണമെന്നില്ല. എന്നാൽ അവരോട് അടുക്കുന്ന മനുഷ്യരിൽ ചിലർക്ക് ഇക്കാര്യം വെളിപ്പെടുകയും ചെയ്യും. പുതിയ എഴുത്തുകാരെ പ്രമോട്ട് ചെയ്യേണ്ട ബാധ്യത തൻ്റേതാണെന്ന സവർണ്ണബോധത്തിലൂന്നിയ തോന്നൽ പ്രിവിലേജ്ഡ് ആയ എഴുത്തുകാരന് വരികയും അയാൾ ആ പ്രിവിലേജ് ഉപയോഗിച്ച് തനിക്ക് കീഴിൽ ആളുകളെ സംഘടിപ്പിക്കുകയും അവർക്ക് സ്ഥാനമാനങ്ങളും സംരക്ഷണവും നൽകി നിർത്തുകയും ചെയ്യാം. തങ്ങളോട് കൂടെ ചേരാത്തവർക്കെതിരെ ഈ സംഘം പ്രവർത്തിക്കുന്നതും കാണാം. ഇങ്ങനെ അക്രമിക്കപ്പെടുന്ന ആരെങ്കിലും അക്കാര്യം വെളിപ്പെടുത്തുകയോ അതല്ലെങ്കിൽ ഇവർക്കെതിരെ എതിർസ്വരം ഉയർത്തുമ്പോഴോ ആകാം ഇത്തരം സംഘങ്ങളിൽ ആരൊക്കെയാണെന്നും അവർക്ക് ഈ ഗോഡ്ഫാദറിനോടുള്ള കൂറും വിധേയത്വവും വെളിപ്പെടുക. ഇങ്ങനെ വിധേയപ്പെട്ടു നിൽക്കുന്ന ഒരു കൂട്ടമുണ്ടാകുകയും അവർക്കു മുകളിൽ ഒരു അധികാരസ്ഥാനവുമായി ഒരാളോ ഒന്നിലധികം ആളുകളോ നിൽക്കുകയും ചെയ്യുന്ന ഫ്യൂഡൽ വ്യവസ്ഥയാണ് ഇതുവഴി ചോദ്യം ചെയ്യപ്പെടുന്നത്. ഇത് കവിതേതരമായ പ്രശ്നം മാത്രമല്ല, ഭാവുകത്വപരമായ പ്രശ്നം കൂടിയാണ് എന്നതിനാൽ മാത്രമാണ് ഞാനിതിൽ ഇടപെടുന്നത്.

ബാബ്റി മസ്ജിദ് പൊളിക്കപ്പെട്ട തൊണ്ണൂറുകളിൽ 'ധർമ്മ-മൂല്യങ്ങളെക്കുറിച്ച് ആധികൊള്ളാത്ത കവിതയാണ്' എഴുതേണ്ടതെന്നു തീരുമാനമെടുത്ത (‘കനം’ എന്ന പുസ്തകത്തിൻ്റെ ആമുഖം), ഇക്കാലത്ത് ബ്രാഹ്മണൻ ആയതുകൊണ്ട് വിവേചനം നേരിടുന്നുണ്ടോ എന്ന് തൻ്റെ ശിഷ്യനായ കവിയെക്കൊണ്ട് ചോദിപ്പിച്ച് അതിനു മറുപടി നൽകുന്ന (ഏറുമാടം മാസിക, 2022 ജനുവരി ലക്കം), ഫ്യൂഡൽ ഗ്ലോറിഫിക്കേഷൻ നടത്തുന്ന കവിത എഴുതുന്ന (മോക്ഷമന്ത്രം), തൻ്റെ പങ്കാളിയുടെ ജാതിവെച്ച് കവിതയിലൂടെ തൻ്റെ 'പുരോഗമനമുഖം' വെളിപ്പെടുത്താൻ ശ്രമിക്കുന്ന (തുറന്ന കത്ത്, സുഹൃദ് കവിക്ക്) പി. രാമനെപ്പോലെയുള്ള ഒരു കവിയെ ആളുകൾ പേടിക്കുന്നു എന്നറിയുന്നതും ഇയാളോടുള്ള വിധേയത്വം വിളിച്ചുപറയുന്ന കവികളെ കാണുന്നതും ഒരു തരത്തിൽ ഇങ്ങനെയുള്ള തിരിച്ചറിവാണ്.

സുകുമാരൻ ചാലിഗദ്ധ (പി. രാമനെ വിമർശിക്കാൻപോലും പാടില്ല എന്നാണു വാദം), ആദിൽ മഠത്തിൽ, സന്ധ്യ എൻ. പി. (അഭിമുഖം നടത്തിയ ആളെയും പ്രസിദ്ധീകരിച്ച മാധ്യമത്തെയുമാണു ഇരുവരും പ്രധാനമായും എതിർക്കുന്നത്) എന്നിവർ ഫേസ്ബുക്ക് പോസ്റ്റുകളും കമൻ്റുകളും പി. രാമനോടുള്ള ഇവരുടെ വിധേയത്വത്തിനു ഉദാഹരണമാകുമ്പോൾ ഡി. അനിൽ കുമാറിനെ പോലെയുള്ളവരുടെ പോസ്റ്റുകൾ വിഷ്ണുപ്രസാദിൻ്റെ അഭിമുഖത്തിലെ കാതലായ ആരോപണമായ പി. രാമൻ തനിക്കു ഇഷ്ടമല്ലാത്തവരോ തന്നെ വിമർശിച്ചവരോ ആയ കവികൾക്കെതിരെ അപവാദം പറഞ്ഞുനടന്നുവെന്നതിനെ മറച്ചുകൊണ്ടുള്ള എതിർവാദമാകുന്നത് പരോക്ഷത്തിൽ പി. രാമനുള്ള പിന്തുണയാകുകയാണ്.

സംസ്കാരങ്ങളും ഭാഷകളും വിശ്വാസങ്ങളും സെക്ഷ്വാലിറ്റിയും ഇടകലർന്ന് ആളുകൾ കലർപ്പിൻ്റെ രാഷ്ട്രീയവും സംസ്കാരവും മുന്നോടുവെച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, നിങ്ങൾ നിങ്ങളുടെ സ്വത്വവും തനിമയും മുറുകെപ്പിടിക്കണമെന്നും അവയെ വെച്ചുവേണം എഴുത്ത് മാർക്കറ്റ് ചെയ്യാനെന്നും ഉപദേശിച്ച്, സാമൂഹികമാറ്റത്തിനു എതിർ നിൽക്കാൻ ഇടയുള്ളൊരു കാവ്യബോധം (തൊണ്ണുറുകളിൽ പി. രാമൻ സ്വയം ചെയ്തതുതന്നെ) അയാളുടെ കൂടെയുള്ള പുതുതലമുറക്കവികളിലൂടെ മുന്നോട്ടുവെക്കുന്നത് അത്ര നിഷ്കളങ്കമായ പ്രവൃത്തിയായി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കാണാൻ ആകില്ല. അതതു കാലത്തെ സാമൂഹികമാറ്റത്തിനു എതിർ നിൽക്കുക എന്നതിലാണ് പി. രാമൻ എന്ന കവിയുടെ ശ്രദ്ധ എന്നുവേണം അനുമാനിക്കാൻ. അതതു കാലത്തിന്റെ പൊതു കാവ്യഭാഷയുടെ എതിരൊഴുക്കാവാനാണ് എന്റെ കവിത എന്നും ആഗ്രഹിക്കുന്നതെന്ന് (എൻ്റെ കവിത എന്ന കുറിപ്പിൽ) അദ്ദേഹം എഴുതുകയും ചെയ്യുന്നു.

അദ്ദേഹത്തിൻ്റെ കൂടെയുള്ളവർ നടത്തിയ പലതരം അധിക്ഷേപങ്ങൾക്ക് ഇരയായവർ പലരും ഇപ്പോഴും മൗനത്തിലാണ്. ഈ കുറിപ്പെഴുതുന്ന ആൾക്കെതിരെയും സമാനമായ അധിക്ഷേപങ്ങൾ പി. രാമനു പിന്തുണ നൽകുന്ന അമ്മു ദീപ, ദുർഗ്ഗ പ്രസാദ് എന്നീ കവികൾ നടത്തിയിട്ടുണ്ട്. മോഷണം അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് പരസ്യമായി ഈ കൂട്ടർ രഗില സജി, സുഷമ ബിന്ദു, എന്നീ കവികളെ നിശബ്ദരാക്കാൻ നടത്തിയ ശ്രമങ്ങളും ഫേസ്ബുക്കിലൂടെ നമ്മൾ കണ്ടതാണ്. അവിനാശ് ഉദയഭാനു എന്ന കവിയ്ക്കും സമാനമായ ആരോപണങ്ങൾ മറ്റൊരു കവിയിൽ നിന്നും നേരിടേണ്ടി വന്നു, അതിനു  സമാനമായ ആരോപണം എനിക്കെതിരെ ഉന്നയിച്ചപ്പോൾ അതിനെ അവഗണിക്കുന്നതിനു പകരം നേരിടുകയാണു ഉണ്ടായത്. ഒടുവിൽ തൻ്റെ ആക്ഷേപങ്ങൾ സമർത്ഥിക്കാൻ ആകാതെ അമ്മു ദീപയ്ക്ക് പിൻവലിയേണ്ടി വന്നു.മറ്റുള്ളവരുടെ സാമൂഹികവും മാനസ്സികവുമായ ദുർബലതയെ ചൂഷണം ചെയ്താണ് ഈ കൂട്ടർ സാംസ്കാരികമേഖലയിൽ തങ്ങളുടെ അധികാരം സ്ഥാപിച്ചെടുത്തിട്ടുള്ളത്. പി. രാമൻ തൻ്റെ കാവ്യാനുശീലനത്തെയാണ് ഇവിടെ അധികാരമാക്കിയിരിക്കുന്നത്. സ്വാധീനശേഷിയുള്ള വ്യക്തിയോ സംഘടനയോ പ്രസ്ഥാനമോ നൽകിയ പിന്തുണയുടെ ബലത്തിൽ ഉണ്ടാക്കിയെടുത്ത അധികാരം ഉപയോഗിച്ച് ആളുകളോ ഒരാളോ ചെയ്യുന്ന ക്രിമിനൽ പ്രവർത്തികൾക്ക് ആ സ്വാധീനശേഷിയുള്ള വ്യക്തിയോ സംഘടനയോ പ്രസ്ഥാനമോ മറുപടി നൽകേണ്ടതായ അവസ്ഥയും ഉണ്ടാകുമല്ലോ. ഇത്തരക്കാരിൽ പലരും തങ്ങളുടെ സ്ത്രീ/ ഗോത്ര/ ലൈംഗികന്യൂനപക്ഷ/ ദളിത് /പ്രാദേശിക ഐഡൻ്റികളെ കൂടി പരിചയാക്കി നിർത്തുന്നതോടെ ഒരു വിമർശനം ഉന്നയിക്കാൻ പോലും മറ്റുള്ളവർക്ക് സാധിക്കാതെ വരുന്നുവെന്നതിലൂടെയാണു ഇവർ രാഷ്ട്രീയശരിയുടെ പക്ഷം നിൽക്കുന്നവരെ കുഴക്കുന്നത്.

എഴുത്തുകാരും കലകളും പൊളിറ്റിക്കലി കറക്റ്റായി കാണപ്പെടണമെന്നു എനിക്കു യാതൊരു നിർബന്ധവും ഇല്ല. അത്തരം ഒരു ചിന്തയിൽ നിന്നുമല്ല ഈ അഭിപ്രായങ്ങൾ വരുന്നതും. ഒരാൾ പൊളിറ്റിക്കലി കറക്റ്റ് ആകേണ്ടത് തിരിച്ചറിവിലൂടെ ഇവോൾവ് ചെയ്തുണ്ടാകേണ്ട മാറ്റമാണ്. രാഷ്ട്രീയമായി ശരിയല്ലെന്ന പേരിൽ വ്യക്തികൾക്കെതിരെയും കലാസൃഷ്ടികൾക്കെതിരെയും നടക്കുന്ന മോബ് അറ്റാക്കുകൾ ഗുണത്തെക്കാൾ ദോഷം ചെയ്യും. ആളുകൾ ഇത്തരം ആക്രമണങ്ങളും വിമർശനങ്ങളും ഭയന്ന് പൊളിറ്റിക്കലി കറക്റ്റാണെന്നു നടിക്കാൻ തുടങ്ങും. പൊളിറ്റിക്കലി കറക്റ്റായി മാത്രമേ സംസാരിക്കാവൂ എന്നുള്ള നിർബന്ധം വരുന്നതോടെ ആളുകൾ അങ്ങനെത്തന്നെ പെരുമാറാൻ തുടങ്ങുമായിരിക്കും. എന്നാൽ സമൂഹത്തിൽ അന്തർലീനമായിരിക്കുന്ന സ്ത്രീവിരുദ്ധത, വർണവെറി, ജാതിബോധം, മതതീവ്രവാദം എന്നിവയൊന്നും നീക്കം ചെയ്യാൻ അതുവഴി സാധിക്കില്ല. അവ സമൂഹത്തിൽ നിലനിൽക്കുന്നില്ല എന്ന തോന്നലിലേക്ക് മാത്രമാണ് എല്ലാം പൊളിറ്റിക്കലി കറക്റ്റാണെന്നു നടിക്കുന്നത് നയിക്കുക. പി. രാമനും അങ്ങനെയൊരാൾ ആണെന്നാണു ഞാനിപ്പോൾ സംശയിക്കുന്നത്. ‘കനം’ എന്ന പുസ്തകത്തിനേറ്റ വിമർശനങ്ങളോടുള്ള പ്രതികരണമായാണു ‘തുരുമ്പ്’ എന്ന സമാഹാരം വരുന്നതെന്ന് ആ കവിതകൾ സാക്ഷ്യം പറയും. പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത മനുഷ്യർ പൊളിറ്റിക്കലി കറക്റ്റ് അല്ലാതെതന്നെ കാണപ്പെടുന്നത് ഏറ്റവും ചുരുങ്ങിയത് ഇതെല്ലാം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നു എന്ന യാഥാർത്ഥ്യബോധമെങ്കിലും നമുക്ക് നൽകും. ഉള്ളത് ഉള്ളതുപോലെ കാണപ്പെടുകയെന്നത് വളരെ പ്രധാനമാണ്.

ഇതിനോട് ചേർത്തു കാണാവുന്ന ഒരു കാര്യം സിസേക്ക് പറയുന്നുണ്ട്: നിങ്ങളൊരു കുട്ടിയാണെന്നിരിക്കട്ടെ, പാട്രിയാർക്കിയുടെ കുലപതിയായ നിങ്ങളുടെ അച്ഛൻ നിങ്ങളോട് പറയും. ഈ ആഴ്ച നമ്മൾ മുത്തശ്ശിയെ കാണാൻ പോകുകയാണ്, നീയും വന്നിരിക്കണം എന്ന്. ഇനി നിങ്ങളുടെ അച്ഛൻ ഉത്തരാധുനിക- പുരോഗമനവാദിയെന്ന് നടിക്കുന്ന ആളാണെന്നിരിക്കട്ടെ, അയാൾ ഇങ്ങനെയാകും പറയുക ‘ഈ ആഴ്ച ഞങ്ങൾ മുത്തശ്ശിയെ കാണാൻ പോകുന്നുണ്ട്, നിനക്കും വേണമെങ്കിൽ വരാം. ഒന്നുമില്ലെങ്കിലും അവർ ഇനി എത്രകാലം ഉണ്ടാകുമെന്നു വെച്ചാണ്. അവർ എത്രമാത്രം നിന്നെ സ്നേഹിക്കുന്നെന്ന് നിനക്ക് അറിയുന്നതല്ലേ“ ചുരുക്കത്തിൽ ആദ്യത്തെ പിതാവിനു മുന്നിൽ നിങ്ങൾക്ക് എതിർപ്പുണ്ടാക്കാം. പക്ഷേ രണ്ടാമത്തെ പിതാവ് നിങ്ങളെ ശരിക്കും കുഴക്കും. അത്തരമൊരു പ്രതിസന്ധിയിൽപ്പെട്ട് പി. രാമൻ്റെ ‘മോക്ഷമന്ത്രം’ എന്ന കവിത ഫ്യൂഡൽ ഗ്ലോറിഫിക്കേഷൻ നടത്തുന്നില്ല എന്നു സമർത്ഥിക്കാൻ പി. രാമൻ്റെ വീട്ടിൽ പോയി താമസിച്ച അനുഭവവും അദ്ദേഹത്തിൻ്റെ ഭാര്യയുടെ ജാതിയും മുൻനിർത്തേണ്ടതായ  ഗതികേട് പോലും അദ്ദേഹത്തിൻ്റെ സുഹൃത്തും അദ്ധ്യാപകനുമായ പി. പ്രേമചന്ദ്രനെ പോലെയുള്ളവർക്കുണ്ടായി.

വിഷ്ണുപ്രസാദ് ഉന്നയിച്ച ആരോപണങ്ങളെ പൂർണ്ണമായും നിഷേധിക്കുന്നതിനു പകരം ഒരാൾ കവിയല്ലെന്ന് താൻ പറഞ്ഞാൽ ആളുകൾ അതിനെ തള്ളിക്കളയുമെന്ന വാദമാണ് പി. രാമൻ ഉന്നയിക്കുന്നത്. കേരളത്തിലെ ശ്രദ്ധേയമായ കാവ്യോത്സവങ്ങളിലും പ്രസിദ്ധീകരണങ്ങളിലും പി. രാമനുള്ള അധികാരം ഇതിനോടകം വെളിപ്പെട്ടുകഴിഞ്ഞ കാര്യമാണ്. കവിതയുടെ കാർണ്ണിവൽ എന്ന ഫെസ്റ്റിവലിൻ്റെ നടത്തിപ്പുകാർ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും മറ്റും ഇത് വ്യക്തമാക്കിക്കഴിഞ്ഞു. രാമൻ്റെ ഇടപെടൽ മോശമായി അവർക്കു തോന്നിയിട്ടില്ല എന്ന് അവർ വാദിക്കുമ്പോൾ പോലും ആ പരിപാടിയിൽ നിന്നും മാറ്റിനിർത്തപ്പെട്ടവ എന്തൊക്കെയാണെന്ന വിശകലനസാധ്യത പൊതുസമൂഹത്തിനു മുന്നിലുണ്ട്. യുവധാരയുടെ ലിറ്ററേച്ചർ ഫെസ്റ്റിവൽ നടന്നപ്പോൾ, അവിടെ സോഷ്യൽ മീഡിയയിലെ കവിതകളെ സംബന്ധിച്ച ചർച്ച പോലും മോഡറേറ്റ് ചെയ്തത് പി. രാമൻ ആകുന്നതും അതിൽ സംസാരിച്ചവർ അദ്ദേഹത്തിനു താല്പര്യമുള്ളവരോ അദ്ദേഹത്തിൻ്റെ സ്വാധീനത്താൽ അച്ചടിമാധ്യമങ്ങളിലൂടെ പ്രസിദ്ധരായ കവികളുമായത് എങ്ങനെയാകും? (ബ്ലോഗ് കവിതയെപ്പറ്റി വാചാലനായ അൻവർ അലിയ്ക്ക് സമർപ്പിച്ചുകൊണ്ട് താളിയോലയെപ്പറ്റി കവിതയെഴുതിയ ആളാണ് ഇദ്ദേഹമെന്നതും പരിഗണിക്കുക).

ഭാവുകത്വപരമായി പി. രാമനിൽ നിന്നും വേറിട്ട് നിൽക്കുന്ന കവിയാണ് പ്രഭ സക്കറിയാസ്. പ്രഭ സക്കറിയാസിൻ്റെ പുസ്തകം ഇറങ്ങിയപ്പോൾ അതിൻ്റെ കവറിൽ 'സീരീസ് എഡിറ്റർ പി. രാമൻ'എന്നുവന്നു. പി. രാമൻ്റെ പേരു വെച്ചാൽ വിൽപ്പനയിൽ ഗുണം ചെയ്യുമെന്ന തോന്നലിൽ നിന്നാകുമല്ലോ വിസി ബുക്ക്സ് അങ്ങനെയൊരു കാര്യത്തിനു തുനിഞ്ഞിട്ടുണ്ടാകുക. രാമൻ സ്വയം പറയുന്നതുപോലെ മലയാള കവിതാരംഗത്ത് യാതൊരു അധികാരവും ഇല്ലാത്ത വ്യക്തിയല്ല അദ്ദേഹമെന്ന് നമുക്കെല്ലാം ബോധ്യപ്പെടാൻ ഇതൊക്കെത്തന്നെ ധാരാളമല്ലേ.


ഭാവുകത്വപരമായ പ്രശ്നങ്ങൾ

മികവും ഇഷ്ടവും ഒന്നായിക്കാണുന്ന രീതി പൊതുവെ ആളുകൾക്കിടയിൽ കൂടുതലാണെന്ന് തോന്നുന്നു. പ്രത്യേകിച്ച് കലാസൃഷ്ടികളെ വിലയിരുത്തുമ്പോൾ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു സൃഷ്ടി മികച്ചതാകണമെന്ന് ഒരു നിർബന്ധവുമില്ല. അതേപോലെ മികച്ച കലാസൃഷ്ടി നിങ്ങൾ ഇഷ്ടപ്പെട്ടിരിക്കണമെന്നും നിർബന്ധമില്ല. ആളുകളുടെ ഇഷ്ടാനിഷ്ടങ്ങൾ കൊണ്ടല്ല ഇത്തരം കാര്യങ്ങളിലെ മികവ് അളക്കപ്പെടുന്നത്. പല മോശം കലാസൃഷ്ടികളും ആളുകളുടെ ഇഷ്ടത്തിലൂടെ ആഘോഷിക്കപ്പെടുകയും ചെയ്യും. പി. രാമനും തൻ്റെ ഇഷ്ടങ്ങളെ മികച്ചതായി തെറ്റിദ്ധരിച്ചിരിക്കുന്ന വായനക്കാരനാണെന്ന് അയാളുടെ സംവേദനക്ഷമതയിലെ പരിമിതികൾ കൂടി വെളിപ്പെടുത്താറുള്ള കവിതാസംബന്ധിയായ ലേഖനങ്ങളിലൂടെ തെളിയിക്കാറുണ്ട്. ഇത്തരം കാര്യങ്ങളെ മുൻനിർത്തി ശ്രീകുമാർ കരിയാട് ബുദ്ധിപരമായ സത്യസന്ധതയുടെ അഭാവം രാമൻ്റെ കവിനിഴൽമാല എന്ന ലേഖനസമാഹാരത്തിനുണ്ടെന്ന് വിമർശിച്ചതും അതിനെ വ്യക്തിപരമായ അധിക്ഷേപമായി പി.രാമനും സന്ധ്യ എൻ.പിയും വിലയിരുത്തിയതും ഇതോട് ചേർത്തുകാണേണ്ടതുണ്ട്. 

മൗലികതയെപ്പറ്റി വളരെ സങ്കുചിതമായ ധാരണകൾ വെച്ചുപുലർത്തുന്ന കവിയാണ് പി. രാമൻ. വീക്ഷണകോണാണ് മൗലികതയെ നിർണ്ണയിക്കുന്നതെന്ന ധാരണ അദ്ദേഹത്തിനുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. ഇതേ കവിയുടെ അതിപ്രശസ്തമായ കവിതയായ ‘നിശ്ശബ്ദതയ്ക്ക് ഒരു ചരമക്കുറിപ്പ്’ എന്ന കവിതയെ അമേരിക്കൻ കവിയായ മേരി ഒലിവറിൻ്റെ ‘കാട്ടിൽ ഞാൻ പോകുന്നവിധം’ എന്ന കവിതയുമായി ചേർത്തുവായിക്കുമ്പോൾ തൻ്റെ ഈ ധാരണയിലെ പരിമിതികൾ അദ്ദേഹത്തിനുതന്നെ ബോധ്യപ്പെടേണ്ടതാണ്.

സമാനമായ വാദം ഉന്നയിച്ചാണു അമ്മു ദീപ മുമ്പ് സുഷമ ബിന്ദു എന്ന കവിക്കെതിരെ അധിക്ഷേപം ഉന്നയിച്ചത് എന്നതിനാൽ അമ്മു ദീപയുടെ ഒരു കവിതയും ഇത്തരത്തിൽ ചൂണ്ടിക്കാണിക്കുകയാണ്.

ഒരു ശലഭത്തിന്റെ
ചിറകും വലിച്ചുനീങ്ങുന്നു;
നോക്ക്, അതൊരു നൗക.
— തട്സുജി മിയോഷി

കാവടിയുമായി
കാവിലേയ്ക്കുപുറപ്പെട്ട വേലപോലെ
ശലഭച്ചിറകുമായ് നീങ്ങുന്ന
ഉറുമ്പിൻ നിര.
— അമ്മു ദീപ

ഇവിടെ പ്രശ്നമിരിക്കുന്നത് കേവല ഭാവനയും അനുഭവവും ചിന്തയും ഇന്നത്തെ കവി ആവിഷ്കരിക്കുമ്പോൾ അത് ഇതിനോടകം എഴുതപ്പെട്ടതാകാൻ ഇടയുണ്ടെന്ന വസ്തുത ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല എഴുതുന്നവർ എന്നതിലാണ്. ആ കരുതലോടെ സമീപിക്കുമ്പോൾ മാത്രമാണ് ഇത്തരം സങ്കുചിതധാരണകളെ മറികടക്കാനുള്ള ബൗദ്ധികനിലവാരം എഴുത്തുകാർക്ക് ലഭിക്കുകയുള്ളൂ. വീക്ഷണകോൺ മാത്രമല്ല മൗലികതയുടെ ലക്ഷണമെന്നു മനസ്സിലാക്കാനാകാതെപോയി ഈ കൂട്ടർക്കെന്നതാണ് ഇവിടത്തെ പ്രശ്നം.

ഇതോടു ചേർത്ത് മറ്റൊരു കാര്യം കൂടി, കവിതാസംഗമം 2003 ജൂൺ-ജുലൈ ലക്കത്തിൽ കെ. എ. ജയശീലനുമായി പി. എൻ. ഗോപീകൃഷ്ണൻ നടത്തിയ അഭിമുഖ സംഭാഷണത്തിൽ താൻ എഴുതാൻ പോകുന്ന ഒരു കവിതയെപ്പറ്റി ജയശീലൻ പറയുന്നുണ്ട്, അതിങ്ങനെയാണ്: ‘ദേശാടനപക്ഷികളെപ്പറ്റി ഒരു കവിത കുറേക്കാലമായി കൂടെയുണ്ട്. ഓരോ ദേശാടനപക്ഷിയും എല്ലാ വർഷവും ഒരേ മരക്കൊമ്പിൽ ചെന്നിരിക്കുമത്രേ. യാഥാർത്ഥ്യത്തെ കുറിച്ച് അവയ്ക്കുള്ള ഉറപ്പ്, അതിനെപ്പറ്റി എഴുതുവാൻ സാധിക്കുമോ എന്നറിഞ്ഞുകൂടാ’.

2013ല്‍ പ്രസിദ്ധീകരിച്ച ‘ഭാഷയും കുഞ്ഞും’ എന്ന കവിതാസമാഹാരത്തില്‍ പി. രാമൻ ഇതേ ആശയത്തിൽ നിന്ന് കവിതയെഴുതിയിരിക്കുന്നു:

കാത്തിരുന്നു കാണാം
‌—പി. രാമന്‍

വളഞ്ഞുപുളഞ്ഞ കഴുത്തുള്ള വെളുത്ത കൊറ്റികള്‍
ആ മരം അവിടെയില്ലെങ്കില്‍
വരുംകൊല്ലമെന്തുചെയ്യും?

ആയിരക്കണക്കിനു നാഴിക താണ്ടിയ ക്ഷീണം
ആ ചെറിയ മരത്തില്‍
ആണ്ടിലൊരിയ്ക്കല്‍ എത്തുന്നു.
നൂറ്റാണ്ടുകള്‍ക്കുമുമ്പേ കെട്ടുപൊട്ടിപ്പോയ
നീണ്ട വെള്ളനാടയുള്ള പട്ടം
കാലം കടന്നിട്ടും വെണ്മ മങ്ങാതെ
ചില്ലപ്പരപ്പില്‍ അലസമായിവന്നു തങ്ങിയപോലെ.

ഒരിക്കല്‍ ഞാന്‍ കണ്ടപ്പോള്‍
അപ്പോള്‍ ചിറകൊതുക്കിയേ ഉള്ളൂ എന്ന മട്ടില്‍
അവ തളര്‍ന്നു കുഴഞ്ഞിരുന്നു
പിന്നൊരു കൊല്ലം കണ്ടപ്പോള്‍
ഒരു പ്രത്യേക നൃത്തം ചെയ്ത്
ക്ഷീണമാറ്റിക്കൊണ്ടിരുന്നു.

അടുത്ത വര്‍ഷം
ആ മരം അവിടെയില്ലെന്ന്
യാത്ര തുടങ്ങുമ്പൊഴേ അവയറിയുമോ?
അറിയാതെ പറന്നെത്തി
കാണാതെ വട്ടം ചുറ്റുമോ?
അടുത്ത മരം തെരഞ്ഞെടുക്കുമോ?
ആ മരം ഒരു ശീലമാക്കുമോ?
അതോ, ഒന്നു ചിറകണയ്ക്കുകപോലും ചെയ്യാതെ
തിരിച്ചുപറക്കുമോ?
ഇനിയൊരിക്കലും ഇതിലേ വരേണ്ട എന്ന തീരുമാനം
ചിറകുകൊണ്ടും കൊക്കുകൊണ്ടും അവ പ്രഖ്യാപിക്കുമോ?
ആ വീട് അവിടെയില്ലെങ്കില്‍
ആ മനുഷ്യന്‍ അവിടെയില്ലെങ്കില്‍
ഞാനങ്ങനെ പ്രഖ്യാപിക്കുമോ?
എന്റെ കൊക്കുകൊണ്ടും ചിറകുകൊണ്ടും?

കെ. എ. ജയശീലൻ പങ്കുവെച്ച അശയത്തിൽ നിന്നും എത്രത്തോളം മുന്നോട്ടു പോകാനായിട്ടുണ്ട് പി. രാമനെന്ന് ആലോചിക്കുന്നിടത്താണ് എന്തുകൊണ്ട് ജയശീലൻ അങ്ങനെയൊരു കവിത എഴുതിയില്ല എന്നും പി. രാമൻ ഇങ്ങനെയൊരു കവിത എഴുതിയെന്നും വ്യക്തമാകുന്നത്. 1990കളിൽ പി. രാമനെപ്പോലെയുള്ളവർ മുന്നോട്ടുവെച്ച ‘ആറ്റിക്കുറുക്കിയ കവിത’ എന്ന സങ്കൽപ്പം പോലും യഥാർത്ഥത്തിൽ ആറ്റിക്കുറുക്കിയത് ആയിരുന്നില്ല എന്ന് റ്റൊമാസ് ട്രാൻസ്ട്റോമറുടെ കവിതകളൊക്കെ വായിക്കുന്നതിലൂടെ ബോധ്യമാകുന്ന കാര്യമാണ്. അതറിയുന്നതുകൊണ്ട് കൂടിയാകണം ടി. പി. രാജീവൻ്റെ കവിതകളെക്കുറിച്ച് എഴുതുമ്പോൾ അദ്ദേഹത്തിന് ‘1960 കളിൽ തന്റെ മികച്ച കവിതകളെഴുതിയ തോമസ് ട്രാൻസ്ട്രോമറാണ് ഏറ്റവും പുതിയ ശരിയായ കവിയെന്ന് മലയാളത്തിലെ 2022-ലെ ഇളംതലമുറ എഴുത്തുകാർ പോലും പറയുന്നു’വെന്ന് വിഷമം പറയേണ്ടി വന്നത്. വാക്കിൻ്റെയും വരികളുടെയും വലിപ്പമല്ല ഒരു കവിതയെ ആറ്റിക്കുറുക്കിയതാക്കുന്നത് അതിൻ്റെ ദാർശനികവും രാഷ്ട്രീയപരവും സൗന്ദര്യപരവുമായ ധ്വനികളുടെ അനേക സാധ്യതകളാണ് അവയ്ക്ക് ആ സ്വഭാവം നൽകുന്നത്. അതാകട്ടെ വരികളുടെയോ വാക്കിൻ്റെയോ എണ്ണവുമായി ബന്ധപ്പെടണമെന്നു നിർബന്ധമില്ലാത്ത കാര്യവുമാണ്. കെ. എ. ജയശീലന്റെ ‘ചൂണ്ടയിൽ ഇര തുടിക്കുന്നു‘ എന്ന കവിത തുടങ്ങുന്നത് ഇങ്ങനെ:
ചൂണ്ടയിൽ
ഇര തുടിക്കുന്നു:
എനിക്കു വേണം
മീനിന്റെ മരണം
ഈ വരികൾ മുന്നോട്ടുവെക്കുന്ന ദാർശനികതലങ്ങളും ഹിംസയുടെ രാഷ്ട്രീയവും അതിൻ്റെ പ്രശ്നവത്കരിക്കലും പി. രാമൻ്റെ കവിതകളിൽ നിന്നും നമ്മൾ പ്രതീക്ഷിക്കാൻ ഇടയില്ല. ഉൾവലിഞ്ഞ കവിതയ്ക്ക് അതിൻ്റെ ആവശ്യവുമില്ല. ലോകം ദിനവും മാറിക്കൊണ്ടിരിക്കുന്ന കാലങ്ങളിൽ, സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ മാറ്റങ്ങളെ അഭിമുഖീകരിക്കുമ്പോൾ അതിനെ മനസ്സിലാക്കാനോ കാണാനോ ഉൾക്കൊള്ളാനോ സാധിക്കാതെ പോയ തൻ്റെ ശേഷിക്കുറവിനെ തൻ്റെ പോയറ്റിക്സ് ആയി അവതരിപ്പിച്ച, ‘അനുഭവങ്ങളില്ല, ലോകമില്ല’ (ഊത്താൽ എന്ന കവിത) എന്ന് പറഞ്ഞ ആൾക്ക് ഇതൊട്ട് മനസ്സിലാകാനും സാധ്യതയില്ല. ‘എൻ്റെ കുടത്തിൽ നിറയാൻ പുഴയ്ക്കൊരു പുഞ്ചിരി മാത്രം മതി’യെന്ന അനുഭൂതി പകരാനാണു അവർക്ക് സാധിച്ചത്. ഇതൊന്നും വലിയ അപരാധം ഒന്നുമല്ല. പക്ഷേ കുറുക്കുന്നതിന് പകരം അവർ കുറുക്കാനുള്ളതിൽ നിന്നും ഒരു തവിയെടുത്ത് ഇതാ ഞാൻ കുറുക്കിയത് എന്ന് പറഞ്ഞു കാണിക്കുന്നത് ശരിയല്ല. ഉള്ളിലെന്തൊക്കെയോ ഉണ്ടെന്ന് തോന്നിപ്പിക്കുകയും ആ തോന്നലിന്റെ പുറത്ത് ഉള്ളിലെന്തുണ്ട് എന്ന് തേടുകയും ചെയ്യുന്ന വായനക്കാരൻ ഉള്ളിൽ ഒന്നുമില്ല അല്ലെങ്കിൽ ഉള്ളിൽ ഇത്രയേ ഉള്ളോ എന്ന അവസ്ഥയിൽ ചെന്നെത്തുന്നത് എത്ര നിരാശാജനകമായ കാര്യമാണ്.

ചുരുക്കത്തിൽ, പി. രാമൻ കവിതകൊണ്ടും കവിതേതരമായ പ്രവർത്തികളിലൂടെയും നടത്തുന്ന ഇടപെടലുകൾ വിമർശനം അർഹിക്കുന്നുണ്ട്. 1990കളിൽ പുതുകവിത എന്നൊരു പ്രസ്ഥാനം മലയാളത്തിൽ സംഭവിച്ചുവെന്ന് വരുത്തിത്തീർക്കുകയും അതിൻ്റെ പതാകവാഹകൻ പി. രാമനെ പോലെയുള്ള കവികൾ ആണെന്നു വന്നതിലും കൃത്യമായ അജണ്ടയുണ്ടെന്ന് ഇപ്പോൾ നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു. മനോജ് കുറൂരിനെപ്പോലെയുള്ളവർ പുതുകവിത എന്നതൊരു പ്രസ്ഥാനമല്ലെന്ന യാഥാർത്ഥ്യം വ്യക്തമാക്കിയത് ഒരു നല്ല സൂചനയാണ്. തൊണ്ണൂറുകളിൽ പി. രാമൻ മുന്നോട്ടുവെച്ച ഭാവുകത്വത്തിൻ്റെ പഴമയും അതിൻ്റെ പിന്തിരിപ്പൻ രാഷ്ട്രീയസ്വഭാവവും കൂടി ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്. കെ. സി. നാരായണനെയും ജയമോഹനെയും പോലെയുള്ളവർ വായകൊണ്ടും അധികാരം കൊണ്ടും ഉണ്ടാക്കിയെടുത്ത ഒരു പ്രതീതി മാത്രമായിരുന്നു തൊണ്ണൂറിലെ ഈ പറയുന്ന തരം  'പുതുകവിത' എന്ന് ആളുകൾക്ക് ബോധ്യപ്പെടുന്നതിലും, അതിലൂടെ കവിതയുടെ ബഹുസ്വരത കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നതിലും അക്കാലത്ത് ഈ പ്രസ്ഥാനപ്രവർത്തനങ്ങളാൽ അവഗണിക്കപ്പെട്ട പല കവികളെയും തിരിച്ചറിയാൻ ഇത് ഇടവരുത്തുമെന്നതിലും സന്തോഷമുണ്ട്. ജയമോഹൻ വഴിതെറ്റിക്കാൻ നോക്കിയെങ്കിലും അതിൽ വീഴാതെപോന്ന തൊണ്ണൂറുകളിലെ കവികൾക്ക് നന്ദി. അതിൽ വീഴുകയും അതേമട്ടിൽ ചെറുപ്പക്കാരെ വഴിതെറ്റിക്കാൻ നടക്കുകയും ചെയ്യുന്ന കവി വിമർശിക്കപ്പെടുന്നതും നല്ല കാര്യം.