.jpg)
ഹൈപ്പർടെക്സ്റ്റ് നോവലുകൾ മുതൽ ജനറേറ്റീവ് കവിത വരെ ഇതിനോടകം നൽകുന്ന സൂചനകൾ സാഹിത്യത്തെ സംബന്ധിച്ച പരമ്പരാഗത ധാരണകൾ വരുംകാലങ്ങളിൽ കാതലായ മാറ്റത്തിനു വിധേയമാകാൻ ഇടയുണ്ടെന്നാണ്. എങ്ങനെയാണ് ഒരു സാഹിത്യസൃഷ്ടി ആസ്വദിക്കുന്നത് എന്നതിൽക്കവിഞ്ഞ് എവ്വിധമാണ് സാഹിത്യസൃഷ്ടിയുടെ ഭാഗമാകാൻ ആസ്വാദകന് സാധിക്കുന്നത്, എങ്ങനെയാണ് അവ പങ്കുവെക്കപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളിലേക്കാണ് സൈബർ സാഹിത്യം ശ്രദ്ധ ക്ഷണിക്കുന്നത്. ജെൻ സി എന്ന് വിളിക്കപ്പെടുന്ന ഇൻ്റർനെറ്റിൻ്റെ വളർച്ചയ്ക്കൊപ്പം വളർന്ന തലമുറ എഴുത്തിൻ്റെ ലോകത്ത് തങ്ങളുടെ ഒച്ച കേൾപ്പിക്കാൻ തുടങ്ങിയിരിക്കുന്ന വേളയിൽ, നിലവിലെ ഭാവുകത്വത്തെയും സർഗ്ഗാത്മകരീതികളെയും സാഹിത്യത്തെയും സംബന്ധിച്ച നിലനിൽക്കുന്ന ധാരണകളെ പൊളിച്ചെഴുതാൻ തക്കതായ അവസരങ്ങൾ മുന്നോട്ടുവെക്കുന്ന പ്രതിഭാസം കൂടിയാണ് സൈബർ സാഹിത്യം. ആ നിലയ്ക്കാണ് സൈബർ സാഹിത്യത്തെ അഭിമുഖീകരിക്കേണ്ടത്. നിലനിൽക്കുന്ന സാഹിത്യത്തെ പരിവർത്തനം ചെയ്യാനുള്ള അതിൻ്റെ ശേഷികളെ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നതോടെ എഴുത്തിനെയും വായനയെയും സംബന്ധിച്ച് നിലനിൽക്കുന്ന വ്യവസ്ഥകളെ സൈബർ സാഹിത്യം ഏതൊക്കെ രീതികളിൽ മാറ്റിപ്പണിയാൻ ഇടയുണ്ട് എന്ന അന്വേഷണം അതിനാൽ പ്രാധാന്യമർഹിക്കുന്നു.
ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിർമ്മിക്കുകയും പങ്കുവെക്കുകയും വായനക്കാരുമായി സംവദിക്കുകയും ചെയ്യുന്ന സാഹിത്യത്തെയാണ് നിലവിൽ സാമാന്യാർത്ഥത്തിൽ സൈബർ സാഹിത്യം എന്ന് വിളിക്കുന്നത്. വിവരങ്ങൾ സൂക്ഷിച്ചുവെക്കാനും പങ്കിടാനും ലഭ്യമാക്കാനും സഹായിക്കുന്ന ഇൻ്റർനെറ്റ്, കമ്പ്യൂട്ടർ സംവിധാനങ്ങൾ, ആശയവിനിമയത്തിനു സഹായിക്കുന്ന മറ്റു സാങ്കേതികവിദ്യകൾ എന്നിവയിലൂടെ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷത്തെ സൈബറിടം എന്നതുകൊണ്ട് അർത്ഥമാക്കുമ്പോൾ, ആ സൈബറിടത്തിൽ ലഭ്യമായ സാഹിത്യത്തെയൊന്നാകെ സൈബർ സാഹിത്യമെന്ന് വിളിക്കുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ രണ്ടുതരത്തിലുള്ള തരംതിരിക്കൽ ഇവിടെ സാധ്യമാണ്: ഒന്ന്, പ്രസിദ്ധീകരണമാർഗ്ഗമെന്ന നിലയിൽ സൈബറിടത്തെ ഉപയോഗിക്കുന്ന സാഹിത്യം - സൈബറിടത്തിലെ സാഹിത്യമെന്ന് അവയെ കരുതാം. രണ്ട്, സൈബറിടത്തിൻ്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ആ അന്തരീക്ഷത്തിൽ മാത്രം സാധ്യമാകുന്ന മട്ടിൽ സൃഷ്ടിക്കപ്പെടുന്ന സാഹിത്യം. ഇതിനെയാണ് സൈബർ സാഹിത്യം എന്നതുകൊണ്ട് ഈ ലേഖനത്തിൽ സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ സൈബറിടത്തിലെ സാഹിത്യമെല്ലാം സൈബർ സാഹിത്യമല്ല. സൈബർ സാഹിത്യത്തിന് സൈബറിടത്തിലല്ലാതെ നിലനിൽപ്പുമില്ല.
അമരക്കാരൻ, നേതാവ്, ഭരണകർത്താവ് എന്നൊക്കെ അർത്ഥം വരുന്ന ഗ്രീക്ക് പദമായ കൈബർനെറ്റ്സിൽ (κυβερνήτης) നിന്നുമാണു സൈബർ എന്ന പദത്തിൻ്റെ ഉത്ഭവം. ഗണിതജ്ഞനും തത്ത്വചിന്തകനുമായ നോർബെർട്ട് വീനെർ ആണ് ഈ പദം ഇംഗ്ലീഷിൽ ആദ്യം ഉപയോഗിക്കുന്നത്. 1940കളിൽ യന്ത്രങ്ങളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും ആശയവിനിമയത്തെയും അവയുടെ നിയന്ത്രണത്തെയും സൂചിപ്പിക്കാനായി അദ്ദേഹം 'സൈബർനെറ്റിക്സ്' എന്ന വാക്ക് ഉപയോഗിക്കുകയുണ്ടായി. പിൽക്കാലത്ത് കമ്പ്യൂട്ടർ, ഡിജിറ്റൽ ശൃംഖല എന്നിവയെ സംബന്ധിച്ച മിക്കതിനെയും സൈബർ എന്ന പദം കൊണ്ട് അർത്ഥമാക്കാൻ തുടങ്ങി. സയൻസ് ഫിക്ഷൻ എഴുത്തുകാരനായ വില്യം ഗിബ്സൺ 1982-ൽ 'ബേണിംഗ് ക്രോം' എന്ന കഥയിലും 1984-ൽ 'ന്യൂറോമാൻസർ' എന്ന നോവലിലും സൈബർസ്പേസ് എന്ന പദത്തെ ഉപയോഗിച്ചതോടെയാണ് ഇൻ്റനെറ്റിനെയും അതുവഴി സാധ്യമാകുന്ന വ്യവഹാരമണ്ഡലത്തെയും സൂചിപ്പിക്കുന്ന പദമെന്ന അർത്ഥത്തിൽ ഇതിനു കൂടുതൽ പ്രചാരം ലഭിക്കുന്നത്.
1970-കളിലും 1980-കളിലും കമ്പ്യൂട്ടറുകളുടെ ഉപയോഗം സ്വകാര്യ ആവശ്യങ്ങൾക്കു കൂടി ലഭ്യമായതിനെ തുടർന്നു എഴുത്തുകാർ ഡിജിറ്റൽ ലിപികളിൽ എഴുതാൻ തുടങ്ങിയതാണു സൈബർ സാഹിത്യത്തിൻ്റെ തുടക്കമെന്നു കാണാം. 1990-കളിൽ വേൾഡ് വൈഡ് വെബിൻ്റെ, അതായത് ഇൻ്റർനെറ്റിൻ്റെ, വ്യാപനം കൂടിയായപ്പോൾ ഇത്തരം എഴുത്തുകൾ കൂടുതലായി സൃഷ്ടിക്കപ്പെടാനും പങ്കുവെക്കപ്പെടാനും അനുകൂലമായ സാഹചര്യമുണ്ടായി. ഹൈപ്പട്ടെക്സ്റ്റ് സോഫ്റ്റ്വെയറുകൾ പ്രത്യേകിച്ച് ആപ്പിളിൻ്റെ ഹൈപ്പർകാർഡ് സൈബർ സാഹിത്യത്തിനുള്ള സാധ്യത എഴുത്തുകാർക്ക് മുന്നിൽ വെച്ചു. പിന്നീട് ഹൈപ്പർടെക്സ്റ്റ് കഥകൾ സൃഷ്ടിക്കാനും വായിക്കാനും സഹായകമായ സ്റ്റോറിസ്പേസ് എന്ന സോഫ്റ്റ്വെയർ പ്രോഗ്രാമിൻ്റെ വരവോടെ വായനക്കാർക്ക് അവരുടെ തിരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനത്തിൽ അരേഖീയമായ രീതിയിൽ വായന സാധ്യമാകുന്ന സാഹിത്യരചനകൾ സൃഷ്ടിക്കപ്പെട്ടു. രണ്ടായിരത്തിൻ്റെ തുടക്കത്തോടെ ചിത്രങ്ങളും ചലനചിത്രങ്ങളും ശബ്ദങ്ങളും ഇത്തരം സൃഷ്ടികളുടെ ഭാഗമാക്കാൻ സാധിച്ചതോടെ ഒരു സാഹിത്യസൃഷ്ടിയുടെ വായനാനുഭവമെന്നത് പുനർനിർവ്വചിക്കപ്പെട്ടു. പിൽക്കാലത്ത് ബ്ലോഗുകൾ എന്ന പേരിൽ വിളിക്കപ്പെട്ട ഓൺലൈൻ പബ്ലിഷിംഗ് പ്ലാറ്റ്ഫോമുകളും ഇ-റീഡറുകളും സ്മാർട്ട്ഫോണുകളും വ്യാപകമായതൊടെ സൈബർ സാഹിത്യത്തിനു കൂടുതൽ സാധ്യതകളും സൗകര്യങ്ങളും ലഭ്യമായിത്തുടങ്ങി.
1987-ൽ പബ്ലിഷ് ചെയ്യപ്പെട്ട മൈക്കൾ ജോയ്സിയുടെ 'ആഫ്റ്റർനൂൺ, എ സ്റ്റോറി' എന്ന ഹൈപ്പർടെക്സ്റ്റ് കഥ പുതിയൊരു സാഹിത്യാനുഭവത്തിലേക്കുള്ള ക്ഷണമായിരുന്നു. വായനക്കാരുടെ തിരഞ്ഞെടുപ്പിനു അനുസൃതമായി കഥ പലതായി മാറുന്ന, അരേഖീയ ആഖ്യാനഘടന പിൻപറ്റുന്നതുമായ സൈബർ സാഹിത്യരചനയായിരുന്നു ഇത്. 1999ൽ സ്ഥാപിതമായ ഇലക്ട്റോണിക് ലിറ്ററേച്ചർ ഓർഗണൈസേഷൻ (ഇഎൽഒ) സൈബർ സാഹിത്യരചനകളെ പ്രോത്സാഹിപ്പിക്കാനും അത്തരം സൃഷ്ടികൾ ശേഖരിക്കാനും തുടങ്ങിയത് എഴുത്തുകാർക്കിടയിൽ സൈബർസാഹിത്യത്തിനുള്ള സാധ്യതകൾ ആരായാനുള്ള വഴിയൊരുക്കുകയുണ്ടായി. 1999-ൽ പ്രസിദ്ധീകൃതമായ ഡെർക്ക് സ്ട്റാറ്റണിൻ്റെ 'ദ് അൺനൗൺ', 1996-ൽ പ്രസിദ്ധീകരിച്ച മൈക്കൾ ജോയ്സിൻ്റെ 'ട്വെൽവ് ബ്ലൂ' എന്നിവയാണ് ആദ്യകാല സൈബർ സാഹിത്യത്തിനു മറ്റു ഉദാഹരണങ്ങൾ.
എഴുത്തുകാരനാൽ നിർദ്ദേശിതമായ നിയതമായ ക്രമത്തിലുള്ള സഞ്ചാരമായിരുന്നു അച്ചടിയിലെ കഥയെങ്കിൽ, ഹൈപ്പർടെക്സ്റ്റിൽ വായനക്കാർ ഏത് ക്രമത്തിൽ വായിക്കണമെന്ന തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കപ്പെട്ടു. ഓരോ വായനയിലും ഒരേ കഥയ്ക്ക് പലതാകാനുള്ള സാധ്യതയുമുണ്ടായി. കഥ പറയലിന്റെ പരിചിതമായ പരിമിതികളെ മറികടന്ന് വായനക്കാരുടെ സൃഷ്ടിപരമായ പങ്കാളിത്തം ഹൈപ്പർടെക്സ്റ്റ് കഥകൾ ആവശ്യപ്പെട്ടു.
കമ്പ്യൂട്ടർ സാക്ഷരതയുടെ വർദ്ധനവും ഇൻ്റർനെറ്റിൻ്റെ വ്യാപനവും വഴി 2010നുശേഷം സൈബർ സാഹിത്യത്തിൽ പലതരം പരീക്ഷണങ്ങൾക്കുള്ള സാധ്യത തുറന്നുവന്നു. സാങ്കല്പികയാഥാ൪ത്ഥ്യവും പ്രതീതിയാഥാർഥ്യവും സാഹിത്യത്തിൽ ഉപയോഗിക്കപ്പെടാൻ തുടങ്ങി. ആസ്വാദകരുടെ ഇടപെടലിലൂടെ സാഹിത്യാനുഭവം സാധ്യമാക്കുന്ന പാരസ്പര്യസാഹിത്യസൃഷ്ടികളുടെ സൃഷ്ടിയിലേക്ക് സൈബർ സാഹിത്യം കൂടുതലായി ചേർന്നുനിൽക്കുന്നത് ഇക്കാലത്താണ്. ഇത് ആഖ്യാനരീതിയിലെ മാറ്റങ്ങൾക്ക് മാത്രമല്ല വഴിയൊരുക്കിയത്, വായനാനുഭവത്തിനും വായനക്കാരൻ്റെ പ്രതീക്ഷകൾക്കും മറ്റൊരു തലം കൂടി കൽപ്പിച്ചുനൽകുന്നതിനും ഇത് ഇടയാക്കി. ‘ഗെയിം’, ‘യന്ത്രഊഞ്ഞാൽ’ തുടങ്ങിയ കവിതകളിലൂടെ വിഷ്ണുപ്രസാദും ‘ആദിമദ്ധ്യാന്തം’ എന്ന കഥയിലൂടെ എസ്. ജയേഷും മലയാളത്തിൽ നിന്നും ഈ മാറ്റത്തിൽ പങ്കാളികളായി.
അച്ചടി സാഹിത്യത്തിൻ്റെ സ്വഭാവസവിശേഷതകളിൽ നിന്നുതന്നെയാണ് സൈബർ സാഹിത്യത്തിൻ്റെയും രൂപപ്പെടൽ. അച്ചടിസാഹിത്യം പിൻപറ്റുന്ന ഘടനകൾ, രൂപങ്ങൾ, സംവേദനത്വം എന്നിവ അതേപടി നിലനിർത്താൻ സൈബറിടത്തിലും സാധ്യമാണ്. സൈബർ സാഹിത്യം അരേഖീയ ഘടനകളിലും വായനക്കാരുമായി നടത്തുന്ന ഇടപെടൽ സാധ്യതകളിലും ദൃശ്യശ്രാവ്യ ഘടകങ്ങളുടെ ഉപയോഗത്തലിലും ചിലപ്പോഴൊക്കെയും തത്സമയ മാറ്റങ്ങളൂടെയും അധികമാനങ്ങൾ തുറന്നിടുന്നുണ്ട് എന്നതിനാൽ അച്ചടിസാഹിത്യത്തെയും കവിഞ്ഞുനിൽക്കുന്ന സാഹിത്യമെന്നും ഇതിനെ വിശേഷിപ്പിക്കാം. എഴുത്തുകാരനാൽ നിർണ്ണയിക്കപ്പെട്ട നിയതമായ ആഖ്യാനരീതിയിലൂടെ ഒരൊറ്റ കഥ മനസ്സിലാക്കുക എന്നതാണ് അച്ചടിരൂപത്തിലുള്ള കഥയുടെ രീതിയെങ്കിൽ, സൈബർ സാഹിത്യത്തിൽ വായനക്കാർക്ക് കൂടുതൽ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും ലഭ്യമാകുന്ന രീതിയാണുള്ളത്. ചുരുക്കത്തിൽ ആസ്വാദകൻ സൃഷ്ടാവിൻ്റെ ഉത്തരവാദിത്വം വഹിക്കുന്നു.
വായനക്കാർ പാഠങ്ങളെ എങ്ങനെ തിരിച്ചറിയുന്നു, വ്യാഖ്യാനിക്കുന്നു, പാഠത്തെ എങ്ങനെ ആസ്വദിക്കുന്നു, എന്ന തലങ്ങളിൽ നിന്നുകൊണ്ട് പരിശോധിക്കുമ്പോൾ സൈബർ സാഹിത്യത്തിൻ്റെ സവിശേഷ ഗുണങ്ങളും സംവേദനാത്മക ഘടനകളുടെ പ്രത്യേകതകളാലും പരമ്പരാഗത സാഹിത്യവായനാനുഭവമല്ല സൈബർ സാഹിത്യം പ്രദാനം ചെയ്യുന്നതെന്നു കാണാം. വായനക്കാരുടെ സജീവപങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് ആ ലഭിക്കുന്ന സ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായി ഹൈപ്പർടെക്സ്റ്റ് ലിങ്കുകൾ, ഈ ലിങ്കുകൾ വഴി പരസ്പരം കണ്ണിചേർക്കപ്പെടുന്ന അനേകം കഥാസന്ദർഭങ്ങൾ, അരേഖീയമായ രീതിയിൽ ഒരു ഭാഗത്ത് നിന്നും മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനുള്ള തിരഞ്ഞെടുപ്പിൻ്റെ സ്വാതന്ത്ര്യം എന്നിവയെല്ലാം ചേർന്ന് സൈബർസാഹിത്യവായന ഭാവുകത്വവ്യതിയാനങ്ങൾക്കും വഴിയൊരുക്കുന്നു.
വായിക്കുന്നതിനുമേൽ മനനം ചെയ്യുന്നതിലൂടെയാണ് പരമ്പരാഗത രീതിയിൽ സാഹിത്യാനുഭവം പ്രധാനമായും കൈമാറ്റം ചെയ്തിരുന്നത്. സൈബർ സാഹിത്യമാകട്ടെ വായന എന്ന ഏക പ്രക്രിയയിൽ ഒതുങ്ങുന്നതിനു പകരം കാഴ്ച, കേൾവി തുടങ്ങിയവയെ കൂടി ഉപയോഗപ്പെടുത്തുന്നതിനാൽ ഇതര ജ്ഞാനേന്ദ്രിയങ്ങളുടെ ഇടപെടൽ കൂടി ആവശ്യപ്പെടുന്നു. തൽഫലമാക്കി വായന എന്നത് വായിക്കുന്ന വേളയിൽ തന്നെ പരമ്പരാഗത വായനയിൽ നിന്നും ഭിന്നമായ ഒരു അനുഭവത്തിൻ്റെ സ്വഭാവം വെളിപ്പെടുത്തുന്നു. ഒഴുക്കോടെ ഒറ്റരീതിയിൽ വായിച്ചുപോകാവുന്ന നിയതമായ ആഖ്യാനമല്ല സൈബർ സാഹിത്യത്തിൽ പൊതുവെ കണ്ടുവരുന്നത് എന്നതിനാൽ പലതരം തുടക്കങ്ങളും സഞ്ചാരങ്ങളും കാരണം വായനയെയും വായനക്കാരൻ്റെ മനോഭാവത്തെയും ഇത് മറ്റൊരു തലത്തിലേക്ക് മാറ്റുന്നുണ്ട്. ഓരോ വെബ്താളുകളിലും ലഭ്യമാകുന്ന കഥാസന്ദർഭങ്ങൾ, കവിതയുടെ കാര്യത്തിൽ കവിതാശകലങ്ങൾ, ചേർത്തുവെച്ചുകൊണ്ട് അർത്ഥമോ മുഴുവൻ കഥയോ വായനക്കാരൻ തനിക്കുള്ളിൽ കണ്ടെത്തേണ്ടതായി വരുന്നു. പരമ്പരാഗത വായനയിൽ എഴുത്തുകാരൻ സങ്കൽപ്പിച്ചത് വായനക്കാരൻ തങ്ങളുടേതായ അനുഭവപരിസരത്തുനിന്നുകൊണ്ട് തനിക്കുള്ളിൽ മെനഞ്ഞെടുക്കുകയാണെങ്കിലും അക്കാര്യത്തിൽ സൈബർ സാഹിത്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പങ്കാളിത്തം ആവശ്യമായിവരാറില്ല. ഒരേ കൃതി തന്നെ പല കോണുകളിലൂടെ സമീപിക്കാൻ പ്രേരിപ്പിക്കുന്നു. സൈബർ സാഹിത്യത്തിൻ്റെ വായന യഥാർത്ഥത്തിൽ വായനാനുഭവത്തിൽ മാത്രം ഒതുങ്ങുന്നില്ല എന്ന് സാരം.
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന അർത്ഥങ്ങളും സൈബർ സാഹിത്യത്തിൽ സാധ്യമാണ്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സാധ്യമാകുന്ന ജനറേറ്റീവ് കവിതകൾ ഇത്തരത്തിൽ ഓരോ തവണ വായിക്കാനെടുക്കുമ്പോഴും പാഠം നിരന്തരം മാറുന്നവയാണ്. നിക്ക് മോണ്ട്ഫോർട്ടിൻ്റെ ടറോകോ ഗോർജ് (Nick Montfort’s Taroko Gorge) ഇത്തരത്തിൽ ഓരോ തവണ വായനയ്ക്ക് എടുക്കുമ്പോഴും പാഠം മാറുന്ന കവിതയാണ്. നിയതമായ ഒന്നിനെയല്ല വായനക്കാർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് എന്നതിനാൽ ഇവ ആവശ്യപ്പെടുന്നത് പരമ്പരാഗത അച്ചടിക്കവിതയോടുള്ള സമീപനമല്ല. ഏതെങ്കിലും നിയതമായ രീതിയിൽ വ്യാഖ്യാനിച്ച് പങ്കുവെക്കാനുള്ള സാധ്യതയും ഇവിടെ റദ്ദാക്കപ്പെടുന്നു. പാഠത്തിൽ നിന്നും എഴുത്തുകാരനെ മോചിപ്പിക്കുകയാണ് റൊളാങ്ങ് ബാർത്ത് 'എഴുത്തുകാരൻ്റെ മരണം' എന്ന ആശയത്തിലൂടെ സമർത്ഥിച്ചതെങ്കിൽ സൈബർ സാഹിത്യത്തിൽ അക്ഷരാർത്ഥത്തിൽ അത് പ്രാവർത്തികമാകുന്നത് കാണാം. പാഠത്തിനു അതിൻ്റേതായ നിലനിൽപ്പ് മാത്രമല്ല, പാഠം അക്ഷരാത്ഥത്തിൽ നിരന്തരം മാറ്റത്തിൻ്റെ സ്വഭാവവും സൈബർ സാഹിത്യത്തിൽ കാണിക്കുന്നു. വായനക്കാരനു പോലും താൻ വായിച്ച സൈബർ സാഹിത്യ രചനയെ സംബന്ധിച്ച് ഒരു പൊതു വിലയിരുത്തൽ നടത്താനാകാതെയും വരുന്നു. വായനക്കാരുടെ അഭിപ്രായം, ചർച്ചകൾ, അനുബന്ധ എഴുത്ത് എന്നിവയിലൂടെ നിരന്തരം വികസിക്കാനുള്ള സാധ്യതയും സൈബർ സാഹിത്യത്തിനു മുന്നോട്ട് വെക്കാനാകും. എസ്. ജയേഷിൻ്റെ 'ആദിമദ്ധ്യാന്തം' എന്ന കഥ വായനക്കാർക്ക് തങ്ങളുടേതായ രീതിയിൽ കഥാന്ത്യങ്ങൾ എഴുതിച്ചേർക്കാൻ നൽകുന്ന അവസരത്തെ ഇതിനൊരു ഉദാഹരണമാണ്. സൈബർ സാഹിത്യം എഴുത്തുകാരൻ്റെ കർത്തൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട് വായനക്കാരെക്കൂടി കർത്തൃത്വസ്ഥാനത്ത് സ്ഥാപിക്കുന്നതിൻ്റെ പ്രകടമായ ഉദാഹരണമാണ് ഇത്.
ഏതുതരം പരീക്ഷണാത്മകമായ ഇടപെടലിനോടും അനുകൂലമായ മനോഭാവമാണ് സൈബർ സാഹിത്യം വായനക്കാരിൽ നിന്നും ആവശ്യപ്പെടുന്നത്. അപൂർണ്ണതകളെയും ശകലങ്ങളായി ചിതറിക്കിടക്കുന്ന പാഠത്തെയും അർത്ഥശേഖരണത്തിനായി കൂട്ടി യോജിപ്പിക്കാൻ തയ്യാറെടുക്കുന്ന വായനക്കാർക്ക് ഗെയിം കളിക്കുന്നതിനു സമാനമായ മാനസികാവസ്ഥയാണു ലഭിക്കുന്നത്. ഷെല്ലി ജാക്ക്സൻ്റെ 'പാച്ച് വർക്ക് ഗേൾ' (Shelley Jackson’s Patchwork Girl) എന്ന നോവൽ ഉദാഹരണം. വാക്കുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സൃഷ്ടിക്കുന്ന സാഹിത്യാനുഭവമാണ് പരമ്പരാഗത സാഹിത്യരചനകൾ വായനക്കാർക്കു നൽകിയതെങ്കിൽ, വാക്കുകൾക്ക് പുറമെ ദൃശ്യശ്രാവ്യ ഘടകങ്ങളെയും ഹൈപ്പർലിങ്കുകളെയും മറ്റു ഡിജിറ്റൽ സങ്കേതങ്ങളെയും സർഗ്ഗാത്മകമായി ഉപയോഗിച്ചുകൊണ്ടുള്ള ശ്രമമാണ് സൈബർ സാഹിത്യം എഴുത്തുകാരിൽ നിന്നും ആവശ്യപ്പെടുന്നത്. വായനക്കാർ നിലവിൽ എവിടെയാണോ ഉള്ളത് ആ സ്ഥലത്തെ മനസ്സിലാക്കിയെടുത്തുകൊണ്ട് അവർക്ക് ചേർന്ന ആഖ്യാനരീതി പ്രദാനം ചെയ്യുന്ന locative literature സൈബർ സാഹിത്യത്തിൻ്റെ മറ്റൊരു സാധ്യതയാണ്.
എന്നിരുന്നാലും, സൈബർ സാഹിത്യം അതിനെ നിലനിർത്തുന്ന അന്തരീക്ഷത്തെ സംബന്ധിച്ചും സ്ഥിരതയെക്കുറിച്ചും നിർണ്ണായകമായ ചില വെല്ലുവിളികൾ നിലവിൽ നേരിടുന്നുണ്ട്. സൈബർ സാഹിത്യ മേഖലയിൽ നടന്ന പല പരീക്ഷണങ്ങളും ഇപ്പോൾ ലഭ്യമല്ല. അച്ചടിക്കപ്പെട്ട പുസ്തകത്തിനു സാധ്യമാകുന്ന മട്ടിലുള്ള കൈമാറ്റമല്ല സൈബറിടത്തിലൂടെ പ്രത്യേകിച്ച് വെബ്സൈറ്റുകൾ വഴിയും മറ്റും കൈമാറുന്ന സൈബർ സാഹിത്യത്തിനുള്ളത്. അതിനെ നിലനിർത്താൻ ഇടപെടൽ ആവശ്യമുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്ലാറ്റ്ഫോമുകളെയും സാങ്കേതികവിദ്യകളെയും ആശ്രയിക്കുന്ന സൈബർ സാഹിത്യം ഇത്തരത്തിൽ കൈമോശം വരാനുള്ള സാധ്യതയുണ്ട്.
സൈബർ സാഹിത്യം കൂടുതലായി സൃഷ്ടിക്കപ്പെടുമ്പോൾ ധാർമ്മികവും ദാർശനികവുമായ പുതിയ വെല്ലുവിളികൾ ഉയരാനും ഇടയുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹകരണപരവും സൃഷ്ടിപരവുമായ സ്വഭാവം ഒരു കൃതിയുടെ ഉടമസ്ഥതയെ സംബന്ധിച്ച ബൌദ്ധിക അവകാശത്തെ കൂടുതൽ സങ്കീർണ്ണമായ തലത്തിലേക്ക് നയിക്കും. ഒരേ രചന തന്നെ നിരന്തരം മാറ്റിയെഴുതപ്പെടുകയും പുനഃരൂപകൽപ്പന ചെയ്യപ്പെടുകയും ഇതിനായി നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആവശ്യമായി വരികയും ചെയ്യുന്ന സൈബർ സാഹിത്യത്തിൽ, ആരാണു സൃഷ്ടാവ് എന്നും എങ്ങനെയാണ് ആസ്വാദനം സാധ്യമാകുന്നത് എന്നുമുള്ള തലങ്ങളിൽ സങ്കീർണ്ണത കൈവരും. സാഹിത്യത്തിൽ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ മൗലികതയെ സംബന്ധിച്ച കാതലായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. യന്ത്രങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, മനുഷ്യൻ്റെ പങ്ക് അതിൽ എത്രത്തോളമാണ്? സർഗ്ഗാത്മകതയെ ഏകീകരിക്കാനും വ്യക്തിത്വത്തെ അടിച്ചമർത്താനുമുള്ള സാങ്കേതികവിദ്യയുടെ കഴിവിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളെ കൂടി കണക്കിലെടുത്തുകൊണ്ടാണു നമ്മൾ സൈബർ സാഹിത്യത്തെ അഭിമുഖീകരിക്കേണ്ടത്. സൈബർ സാഹിത്യം കൂടുതൽ പ്രചാരത്തിലാകുമ്പോൾ, സാങ്കേതിക കണ്ടുപിടിത്തങ്ങളും മനുഷ്യന്റെ സർഗ്ഗാത്മകതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ട ഉത്തരവാദിത്വം കൂടി എഴുത്തുകാരിൽ വന്നുചേരാനിടയുണ്ട്.
സൈബർ സാഹിത്യം പറച്ചിൽരീതിയിൽ മാത്രമല്ല, സാഹിത്യത്തിൻ്റെ രൂപമാറ്റത്തിലേക്കും സാഹിത്യാനുഭവത്തിൻ്റെ മാറ്റത്തിലേക്കും കൂടി വഴിവെട്ടുന്നുണ്ട്. ആസ്വാദിക്കുന്ന ആൾ തന്നെ സൃഷ്ടിയുടെ ഭാഗമാകുന്നതും നോൺ-ലീനിയറിറ്റിയുമാണ് ഈ മാറ്റത്തിൻ്റെ കേന്ദ്രബിന്ദു. പരമ്പരാഗത സാഹിത്യം പലപ്പോഴും നിയതമായ ഒന്നിൽ ഒതുങ്ങാനുള്ള ശ്രമമാണു നടത്താറുള്ളത്; സൈബർ സാഹിത്യത്തിൻ്റെ നോട്ടം എത്രത്തോളം തുറന്ന സാധ്യതകൾ മുന്നോട്ടുവെക്കാനാകും എന്നതിലാണ്. സിനിമ പോലുള്ള കലാരൂപം എത്തരത്തിലാണോ ഇതരകലകളെ സ്വാംശീകരിക്കുന്നത് ആ മട്ടിലുള്ള സാധ്യത സൈബർ സാഹിത്യത്തിലൂടെ സാഹിത്യത്തിനു തെളിഞ്ഞു കിട്ടുന്നുണ്ട്. ഇത് വായന എന്ന പ്രവൃത്തിയുടെ സ്വഭാവം തന്നെ മാറ്റുന്നു. ചുരുക്കത്തിൽ, ഡിജിറ്റൽ മേഖലയിൽ സാധ്യമാകുന്ന സൈബർ സാഹിത്യം വാക്കുകളിൽ ഒതുങ്ങാൻ പോകുന്നില്ല; അത് ശബ്ദങ്ങളുടെയും ദൃശ്യങ്ങളുടെയും പരസ്പരപ്രവർത്തനങ്ങളുടെയും നിർമ്മിതബുദ്ധിയുടെയും പിന്തുണയോടെ ആസ്വാദകരുമായി ഇടപെടൽ നടത്തിക്കൊണ്ട് ഉള്ളടക്കവും പറച്ചിൽരീതികളും അവതരിപ്പിച്ചു മുന്നേറുന്ന കലയായി മാറും. സാഹിത്യത്തിൻ്റെ മറ്റൊരു രൂപം എന്നതിനെയും കവിഞ്ഞ് പുതിയ കലാരൂപമായി വികസിക്കാനുള്ള സാധ്യതയും സൈബർ സാഹിത്യത്തിനുണ്ട്.

'രിസാല' വാരികയുടെ ജൂലൈ 14, 2025 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്