പാബ്ലോ നെരൂദയുടെ ‘അശുദ്ധ കവിത’ (Impure Poetry) എന്ന കാവ്യബോധത്തിന് സമാനമായി, മലയാളത്തിൽ കെ. സച്ചിദാനന്ദനിലൂടെയും മറ്റും പ്രബലമായിരുന്ന കാവ്യധാരയോട് വിയോജിച്ചുകൊണ്ട്, 1990-കൾക്ക് ശേഷം ചില കവികൾ ശുദ്ധകവിതയ്ക്കുവേണ്ടിയുള്ള വാദമുന്നയിക്കുകയുണ്ടായി. കവിതയെ ധാർമ്മികവും രാഷ്ട്രീയവുമായ ബാധ്യതകളിൽനിന്ന് അകറ്റി, അതിന്റെ ഭാഷയിലും രൂപത്തിലും സൗന്ദര്യശേഷിയിലും കേന്ദ്രീകരിക്കണമെന്നായിരുന്നു ഈ നിലപാടിന്റെ പ്രധാന ആവശ്യം. ബാബറി മസ്ജിദ് പൊളിക്കപ്പെട്ടതും നിയോ-ലിബറലിസം നടപ്പിലാക്കപ്പെട്ടതുമായ കാലത്തോടുള്ള സംവാദശേഷിയില്ലായ്മ ഈ നിലപാടിന്റെ പരിമിതിയായി കാണാമെങ്കിലും, അതിനേക്കാൾ അടിസ്ഥാനപരമായ ഒരു ചോദ്യം ഇവിടെ ഉന്നയിക്കേണ്ടതുണ്ട്: കവിത ശുദ്ധമായിരിക്കണമോ?കവിത കവിതയായിരിക്കണം എന്ന വാദത്തിൽ തെറ്റില്ല. ഒരു രാഷ്ട്രീയ പ്രസംഗമോ വാർത്തയോ ധാർമ്മികോപദേശമോ മുദ്രാവാക്യമോ അതിന്റെ ആ ഗുണത്തിന്റെ പേരിൽ കവിതയായി അവതരിപ്പിക്കുന്നതുകൊണ്ട് മാത്രം അത് കവിതയാകണമെന്നില്ല. ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുന്നു എന്ന ഏകകാരണത്താൽ കാവ്യഗുണം ഉറപ്പിക്കാനാകില്ല. കവിതയ്ക്ക് അതിന്റേതായ ഭാഷയും രൂപവും താളവും ഭാവനയും ആവശ്യമാണ്. കവിതയെ അതിന്റെ കാവ്യസ്വഭാവത്തിൽനിന്ന് വേർപെടുത്തി ഒരു സന്ദേശവാഹക ഉപാധിയാക്കി ചുരുക്കുന്നതിനെതിരായ ശുദ്ധകവിതയുടെ വാദത്തിൽ അതിനാൽ ന്യായം കാണാം.
പക്ഷേ, ഇവിടെനിന്ന് കവിത മറ്റുള്ളവയുമായി കലരരുതെന്ന നിഗമനത്തിലേക്ക് നീങ്ങുന്നതിലാണ് പ്രശ്നം. കവിത രാഷ്ട്രീയപ്രസംഗമല്ല എന്നതുകൊണ്ട് രാഷ്ട്രീയം കവിതയ്ക്ക് പുറത്താകുന്നില്ല. കവിത ചരിത്രരേഖയല്ല എന്നതുകൊണ്ട് ചരിത്രം അതിൽ പ്രവർത്തിക്കരുതെന്നുമില്ല. കവിത ശാസ്ത്രീയ പ്രബന്ധമല്ലെങ്കിലും ശാസ്ത്രീയ അറിവിന് അതിൽ പ്രവേശിക്കാം. കവിത ഡയറിക്കുറിപ്പാകേണ്ടതില്ലെങ്കിലും വ്യക്തിയുടെ അനുഭവം അതിന് അന്യമല്ല. അതിനാൽ യഥാർത്ഥ ചോദ്യം കവിതയിൽ രാഷ്ട്രീയം വേണമോ, ശാസ്ത്രം വേണമോ, ചരിത്രം വേണമോ എന്നതല്ല. കവിതയിൽ പ്രവേശിക്കുന്ന വ്യത്യസ്ത അർത്ഥാനുഭവലോകങ്ങൾ പരസ്പരം എന്താണ് ചെയ്യുന്നത് എന്നതാണ്.
നെരൂദ മുന്നോട്ടുവയ്ക്കുന്നത് കവിതയും ലോകവും തമ്മിലുള്ള തുറന്ന ബന്ധമാണ്. 1935-ൽ പ്രസിദ്ധീകരിച്ച ‘Sobre una poesía sin pureza’ എന്ന മാനിഫെസ്റ്റോയിൽ മനുഷ്യന്റെ ഉപയോഗവും സ്പർശവും പതിഞ്ഞ വസ്തുക്കളിൽനിന്ന് ലോകവുമായി മനുഷ്യനുള്ള ബന്ധത്തിന്റെ അടയാളങ്ങൾ വായിക്കാനാണ് അദ്ദേഹം കവിയെ ക്ഷണിക്കുന്നത്. പൊടി, ഉപയോഗത്താൽ തേഞ്ഞുപഴകിയ ഉപരിതലങ്ങൾ, കൈപ്പാടുകൾ, ഉപയോഗം, വലിച്ചെറിയപ്പെടുന്നവ എന്നിവയെല്ലാം കവിതയ്ക്ക് പുറത്തുള്ള അശുദ്ധികളല്ല. ജീവിതത്തിന്റെ സാന്നിധ്യം വസ്തുക്കളിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങളാണ്. അതുകൊണ്ട് കവിതയും ജീവിതത്തിന്റെ കലർപ്പുകളെ സ്വീകരിക്കണമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. ശരീരവും ആഗ്രഹങ്ങളും സ്നേഹവും വെറുപ്പും രാഷ്ട്രീയവും അധ്വാനവും സംശയവും സ്വപ്നവും പരാജയവും ദൈനംദിനജീവിതത്തിന്റെ അവശിഷ്ടങ്ങളും അതിന്റെ ഭാഗമാകണം. കവിത ഇന്ദ്രിയാനുഭവങ്ങളിൽനിന്നും സാമൂഹിക യാഥാർഥ്യങ്ങളിൽനിന്നും മനുഷ്യന്റെ സ്പർശത്തിൽനിന്നും വേർപെട്ട് കൃത്രിമ ശുദ്ധി തേടരുത്. വസ്തുക്കളുടെ ‘മോശം രുചി’ ഒഴിവാക്കുന്ന കവിത യഥാർത്ഥ ജീവിതത്തിന്റെ സാന്ദ്രതയിൽനിന്ന് അകന്നുപോകും.
നെരൂദയുടെ ‘അശുദ്ധി’ പ്രധാനമായും കവിതയുടെ വസ്തുലോകത്തെയും ജീവിതസമ്പർക്കത്തെയും കുറിച്ചുള്ള ഒരു ആഹ്വാനമാണെങ്കിൽ, ഇവിടെ 'കലർപ്പിൻ്റെ കാവ്യനീതി’ എന്ന ആശയം അതിനെ മറികടന്ന് ആശയപരവും ചരിത്രപരവും അനുഭവപരവുമായ വ്യത്യസ്ത മണ്ഡലങ്ങൾ തമ്മിലുള്ള അർത്ഥപരിവർത്തനത്തിലേക്ക് വ്യാപിക്കുന്നതാണ് ലക്ഷ്യമിടുന്നത്.
ജീവിതത്തിൽനിന്ന് പലതും കവിതയിലേക്ക് കൊണ്ടുവരിക എന്നതുകൊണ്ട് മാത്രം കലർപ്പ് സംഭവിക്കുന്നില്ല. കവിതയിൽ പ്രവേശിക്കുന്ന വ്യത്യസ്ത ഘടകങ്ങൾ പരസ്പരം എങ്ങനെ പരിവർത്തനം ചെയ്യുന്നു എന്നതാണ് ‘കലർപ്പിന്റെ കാവ്യനീതി’. രാഷ്ട്രീയം, പ്രണയം, പ്രകൃതി, ഉടൽരാഷ്ട്രീയം, ചരിത്രം, ശാസ്ത്രം, പുരാണം, ദർശനം എന്നിവ ഒരേ കവിതയിൽ പ്രത്യക്ഷപ്പെട്ടാൽ അക്കാരണത്താൽ മാത്രം അവ പരസ്പരം കലർന്നുവെന്ന് പറയാനാവില്ല. അവ സ്വന്തം അർത്ഥങ്ങളിൽ ഉറച്ചുനിന്ന് പരസ്പരം സ്പർശിക്കാതെ നിൽക്കുന്നുവെങ്കിൽ അത് വെറും കൂട്ടിവെപ്പാണ്. കവിതയിലെ കലർപ്പ് എന്നത് വ്യത്യസ്ത ഘടകങ്ങൾ ഒരു കവിതയ്ക്കുള്ളിൽ പ്രവേശിച്ച് പരസ്പരം അർത്ഥം മാറ്റുകയും പുതിയ അർത്ഥാനുഭവം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രക്രിയയാകേണ്ടതുണ്ട്.
അതുകൊണ്ട് ശുദ്ധകവിതയെ വിമർശിക്കുന്നതുകൊണ്ട് അതിന്റെ എതിർവാദം സ്വയമേ ശരിയാകുന്നില്ല. ഒരു രാഷ്ട്രീയ ആശയം വന്നതുകൊണ്ടോ, പുരാണസൂചന ഉപയോഗിച്ചതുകൊണ്ടോ, ശാസ്ത്രീയ പദം ചേർത്തതുകൊണ്ടോ, അരികുവത്കരിക്കപ്പെട്ട ജീവിതം പരാമർശിച്ചതുകൊണ്ടോ ഒരു കവിത കൂടുതൽ വ്യാപ്തിയുള്ളതായി മാറണമെന്നില്ല. കവിതയിലെ ഘടകങ്ങൾ തമ്മിലുള്ള ബന്ധത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതാണ് നിർണായകം.
ശുദ്ധകവിതയുടെ വാദത്തിന്റെ പശ്ചാത്തലത്തിൽ പി. രാമന്റെ ‘നിശ്ശബ്ദതയ്ക്ക് ഒരു ചരമക്കുറിപ്പ്’ എന്ന കവിത നോക്കുമ്പോൾ, “കാട്ടിലെത്തിയാൽ / നിശ്ശബ്ദനാകുന്ന / കൂട്ടുകാരനോടൊപ്പമേ / ഞാൻ വരൂ” എന്ന വരികളിൽ നിശ്ശബ്ദത ലോകത്തിൽനിന്നുള്ള പിൻവാങ്ങൽ മാത്രമല്ല. മനുഷ്യന്റെ സഞ്ചിതമായ ശബ്ദത്തിൽനിന്ന് ലോകത്തെ മോചിപ്പിച്ച് അതിനെ അതിന്റെ സ്വന്തം സാന്നിധ്യത്തിൽ മാത്രം അനുഭവിക്കാനുള്ള വ്യവസ്ഥയായാണ് പ്രവർത്തിക്കുന്നത്. “ഇത്രകാലവും വെട്ടിവിഴുങ്ങിയ / ശബ്ദം മുഴുവൻ നിങ്ങൾ ഛർദ്ദിക്കും” എന്നിടത്ത് മനുഷ്യന്റെ ശബ്ദം പ്രകൃതിക്കുമേൽ പതിക്കുന്ന അധികസാന്നിധ്യമായി കവിതയിൽ പ്രത്യക്ഷപ്പെടുന്നു. ചെമ്മണ്ണുപാതയുടെ കാഴ്ചയിൽ ശല്യമാക്കപ്പെടുകയും, കാണുമെന്നു കരുതിയ കിളികൾ ഇരുന്ന കൊമ്പോടെ മാഞ്ഞുപോകുകയും, മൃഗപാദമുദ്രകളിൽ കുപ്പിച്ചില്ലുകൾ കുഴിച്ചിടപ്പെടുകയും ചെയ്യുന്നത് മനുഷ്യരോടൊത്തുള്ള അനുഭവവിരോധത്തിന്റെ പ്രകടനമാകുന്നു.
ഇവിടെ കവിതയെ ആശയങ്ങളുടെയും സാമൂഹികശബ്ദങ്ങളുടെയും ഭാരത്തിൽനിന്ന് സംരക്ഷിക്കാനുള്ള കാവ്യശ്രമം കാണാം. പി. രാമൻ അദ്ദേഹത്തിന്റെ ‘കനം’ എന്ന ആദ്യപുസ്തകത്തിന്റെ മുഖവുരയിൽ പ്രസ്താവിക്കുന്നതും അതാണ്. എന്നാൽ ഈ ശ്രമം തന്നെയാണ് ഒരു പ്രധാന ചോദ്യം ഉയർത്തുന്നത്: ലോകത്തെ അതിന്റെ സ്വന്തം നിശ്ശബ്ദതയിലോ ശബ്ദത്തിലോ കേൾക്കാൻ മനുഷ്യന്റെ ശബ്ദത്തിൽനിന്ന് പിൻവാങ്ങേണ്ടിവരുന്നുവെങ്കിൽ, ആ ലോകത്തിന്റെ സാമൂഹികവും ചരിത്രപരവും രാഷ്ട്രീയവുമായ ശബ്ദങ്ങളെ കവിത എങ്ങനെ കേൾക്കും?
ശുദ്ധകവിതയുടെ ഏറ്റവും ശക്തമായ വാദമായ അനുഭവത്തെ ആശയങ്ങളുടെ അധികഭാരത്തിൽനിന്ന് സംരക്ഷിക്കുക എന്നതിനെ അംഗീകരിച്ചാലും, ലോകം ആശയരഹിതമായ സാന്നിധ്യം മാത്രമല്ല എന്നതാണ് കലർപ്പ് ഓർമ്മിപ്പിക്കുന്നത്. “ഒരു മഴയും ഞാൻ / നേരേ നനഞ്ഞില്ല. / വിടവുകളിലൂടെ / ഊത്താലടിച്ചുകൊണ്ടിരുന്നു / അനുഭവങ്ങളില്ല, ലോകമില്ല / ഉള്ളതവയുടെ / ഊത്താല്” (ഊത്താൽ - പി. രാമൻ) എന്നെഴുതാൻ വേണ്ടത് മഴയത്ത് ഇറങ്ങാതെ കഴിയാനാകുന്ന മേൽക്കൂരയും ഇറങ്ങേണ്ടതില്ലെന്ന തീരുമാനത്തിനുള്ള വിശേഷാധികാരവുമാണെന്ന വിമർശനം ഇവിടെ പ്രസക്തമാണ്. ഈ അർത്ഥത്തിൽ ശുദ്ധി ഒരു സ്വാഭാവിക അവസ്ഥയല്ല; എന്തിനെ അനുഭവത്തിൽനിന്നും കവിതയിൽനിന്നും മാറ്റിനിർത്തണം എന്നതിനെക്കുറിച്ചുള്ള തിരഞ്ഞെടുപ്പാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, ശുദ്ധി തിരഞ്ഞെടുക്കപ്പെട്ട അഭാവമാണ്.
ഇതിന് നേരെ വിപരീതമായി, കൂട്ടിച്ചേർക്കലുകളിലൂന്നിനിൽക്കുന്ന സച്ചിദാനന്ദന്റെ ‘പനി’ എന്ന കവിത ഒരു കുഞ്ഞിന്റെ പനിക്കിടക്കയിൽനിന്നാണ് ആരംഭിക്കുന്നത്. അവിടെനിന്ന് മാവോയിലേക്കും പാലസ്തീനിലേക്കും ചിലിയിലേക്കും മിസിസിപ്പിയിലേക്കും കവിത സഞ്ചരിക്കുന്നു. പിന്നെ വീട്, അമ്മ, കുട്ടികൾ, പഴയ പ്രണയം, ഇന്ത്യ, ചരിത്രം, വിപ്ലവം, സ്നേഹം, രോഗം എന്നിവയിലേക്ക് മടങ്ങിവരുന്നു. ‘പനി’ എന്ന വാക്കിന്റെ അർത്ഥപരിവർത്തനമാണ് കവിതയുടെ കേന്ദ്രത്തിൽ. തുടക്കത്തിൽ അത് കുഞ്ഞിന്റെ ശരീരത്തിലെ ചൂടാണ്. ക്രമേണ ആ ചൂട് ഒരു കാലത്തിന്റെ ചൂടായി മാറുന്നു; വൈയക്തികമായ രോഗാനുഭവം ചരിത്രത്തിന്റെ രോഗാവസ്ഥയെ സ്പർശിക്കുന്നു. കുഞ്ഞിന്റെ പനിക്കിടക്കയിൽ ലോകചരിത്രം എത്തിച്ചേരുക മാത്രമല്ല സംഭവിക്കുന്നത്. കുഞ്ഞിന്റെ ശരീരത്തിലെ ചൂട് ലോകചരിത്രത്തെ അനുഭവിക്കുന്നതിനുള്ള ഒരു അളവുകോലായി മാറുന്നു.
കവിതയുടെ ഓരോ ഭാഗത്തിന്റെയും അവസാനത്തിലേക്ക് എത്തുമ്പോൾ ഈ വലിയ ചരിത്രചൂട് വീണ്ടും കുഞ്ഞിന്റെ ശരീരത്തിലേക്ക് മടങ്ങുന്നു. ലോകത്തിന്റെ ഭാരം ഒരു ശരീരത്തിന്റെ ചൂടിൽ കേന്ദ്രീകരിക്കുന്നു. വ്യക്തിയും ചരിത്രവും തമ്മിലുള്ള അകലം ഇല്ലാതാക്കുകയല്ല കവിത ചെയ്യുന്നത്; ഒന്നിനെ മറ്റൊന്നിലൂടെ വായിക്കാൻ നിർബന്ധിക്കുന്ന ബന്ധമാണ് കവി സൃഷ്ടിക്കുന്നത്. അവിടെ കലർപ്പ് ഒരു കൂട്ടിച്ചേർക്കലല്ല, പരസ്പരവായനയാകുന്നു.
എന്നാൽ, ‘പനി’യെ കലർപ്പിന്റെ വിജയകരമായ മാതൃകയായി കാണാനുമാകില്ല. സൂചനകൾ ഓരോന്നും കുഞ്ഞിന്റെ പനിയുമായി ഒരേ തരത്തിലുള്ള അർത്ഥപരിവർത്തനബന്ധം സ്ഥാപിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. ഉദാഹരണത്തിന്, ‘മിസിസിപ്പി’ എന്ന ഭൂമിശാസ്ത്രപരമായ സൂചന കവിതയിൽ എത്തുമ്പോൾ അത് ഒരു ചരിത്ര-രാഷ്ട്രീയ സ്ഥലനാമമായി മാത്രം നിൽക്കുന്നുണ്ടോ, അതോ കുഞ്ഞിന്റെ ‘പനി’ എന്ന കേന്ദ്രാനുഭവത്തിന്റെ അർത്ഥത്തെ മാറ്റുകയും അതിലൂടെ പനിയെ തന്നെ മറ്റൊരു അനുഭവമാക്കി തിരിച്ചുകൊണ്ടുവരികയും ചെയ്യുന്നുണ്ടോ എന്ന ചോദ്യം ചോദിക്കാം. രണ്ടാമത്തേതാണ് സംഭവിക്കുന്നതെങ്കിൽ മാത്രമേ ആ സൂചന കലർപ്പിന്റെ സജീവ ഘടകമാകൂ; അല്ലാത്തപക്ഷം അത് കവിതയുടെ വിഷയവ്യാപ്തി വർധിപ്പിക്കുന്ന ഒരു പരാമർശമായി മാത്രം നിൽക്കും.
ഇവിടെ ‘പരിവർത്തനം’ പൂർണമായും ആത്മനിഷ്ഠമായ വിലയിരുത്തലുമല്ല. അതിന് പാഠത്തിൽ കണ്ടെത്താവുന്ന ഭാഷാപരമായ സൂചനകൾ ഉണ്ടായിരിക്കണം. ഒരു വാക്കോ രൂപകമോ പ്രതീകമോ രണ്ടു അർത്ഥമണ്ഡലങ്ങളിൽ ഒരേസമയം പ്രവർത്തിക്കുകയും, ഒരു മണ്ഡലത്തിലെ അർത്ഥം മറ്റൊന്നിലേക്കുള്ള പ്രവേശനത്തിൽ മാറുകയും ചെയ്യുന്നുവെങ്കിൽ അതാണ് പരിവർത്തനത്തിന്റെ പ്രധാന ലക്ഷണമായി പാഠത്തിൽ കാണാവുന്ന സൂചന. ‘പനി’യിലെ ‘ചൂട്’ ശരീരത്തിന്റെ താപനില എന്ന അർത്ഥത്തിൽനിന്ന് ചരിത്രകാലത്തിന്റെ ചൂടിലേക്കും തിരിച്ചും പ്രവർത്തിക്കുന്നുവെങ്കിൽ, ആ ഇരട്ടപ്രവർത്തനം പാഠത്തിനുള്ളിൽതന്നെ പരിശോധിക്കാവുന്ന അടയാളമാണ്. അതുപോലെ, ഒരു പ്രതീകത്തിന്റെ അർത്ഥം കവിതയുടെ മറ്റൊരു ഘടകവുമായി ചേർന്നശേഷം മാറുന്നുണ്ടോ എന്നതും ഭാഷ, ആവർത്തനം, രൂപകം, സന്ദർഭം എന്നിവയുടെ തലത്തിൽ പരിശോധിക്കാം.
കെ. ജി. ശങ്കരപ്പിള്ളയുടെ ‘ബംഗാൾ’ കലർപ്പിനെ മറ്റൊരു തലത്തിൽ വെളിപ്പെടുത്തുന്നു. ധൃതരാഷ്ട്രന്റെ ഭാഷണത്തിലൂടെ മഹാഭാരതവും സമകാലിക രാഷ്ട്രീയവും വർഗ്ഗഭീതിയും വിപ്ലവവും വിശപ്പും പ്രകൃതിദുരന്തവും ഭരണകൂടവും ചരിത്രവും ഒരേ കാവ്യലോകത്തിലേക്ക് പ്രവേശിക്കുന്നു. എന്നാൽ കവിതയുടെ ശക്തി അതിലെ പ്രതീകങ്ങളുടെ എണ്ണത്തിലല്ല, അവയെ ബന്ധിപ്പിക്കുന്ന ധൃതരാഷ്ട്രന്റെ അന്ധതയിലാണ്. പുരാണത്തിലെ അന്ധത സമകാലിക രാഷ്ട്രീയാന്ധതയുടെ രൂപമെടുക്കുന്നു. അതേസമയം, സമകാലികമായ ഭയം ധൃതരാഷ്ട്രന്റെ പുരാണരൂപത്തെ തിരിച്ചുവായിച്ച് പുതിയ അർത്ഥം നൽകുന്നു.
പുരാണം ഇവിടെ വർത്തമാനത്തെ വായിക്കാനുള്ള പശ്ചാത്തലവും ഘടനയും നൽകുന്നു. അങ്ങനെ വർത്തമാനത്തിന്റെ ഭയം പുരാണത്തിന്റെ പഴയ അർത്ഥാനുഭവത്തിൽ ഇടപെടുന്നു. ‘ബംഗാളി’ലെ പ്രകൃതിദുരന്തവും ഇതേ രീതിയിൽ സാമൂഹികവും രാഷ്ട്രീയവുമായ അസ്വസ്ഥതയുടെ രൂപമാകുന്നു. ഒരു മേഖല മറ്റൊന്നിനെ വിശദീകരിക്കുന്നതിനൊപ്പം പരസ്പരം മാറുന്ന അർത്ഥബന്ധത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇവിടെയാണ് കലർപ്പ് കാവ്യഗുണമായി പ്രവർത്തിക്കുന്നത്.
എന്നാൽ, മഹാഭാരതം, കാളി, വിപ്ലവം, ചുഴലി, വിശപ്പ്, ഗാന്ധി, ഭരണകൂടം തുടങ്ങിയ ശക്തമായ പ്രതീകങ്ങൾ ഒരുമിച്ചുണ്ടെന്നത് മാത്രം കലർപ്പിന്റെ ലാവണ്യഗുണം സ്ഥാപിക്കുന്നില്ല. ഓരോന്നും അടുത്തതിന്റെ അർത്ഥാനുഭവത്തിൽ ഇടപെടുന്നുണ്ടോ, അതോ ഒരു വലിയ കാൻവാസിൽ രാഷ്ട്രീയഭാവാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഒന്നിനുപിന്നാലെ ഒന്നായി നിരത്തപ്പെടുകയാണോ എന്നതാണ് ചോദ്യം. ഒരു പ്രതീകം മറ്റൊന്നിന്റെ അർത്ഥത്തെ മാറ്റുന്നില്ലെങ്കിൽ അവയുടെ ശക്തി കൂട്ടിച്ചേർന്നാലും കലർപ്പ് സംഭവിക്കുന്നില്ല.
ഇവിടെയാണ് കലർപ്പ് സ്വയംതന്നെ വിമർശനവിധേയമാകേണ്ടത്. കലർപ്പിനെ ശുദ്ധകവിതയുടെ എതിർപദമായി മാത്രം സ്ഥാപിച്ചാൽ അതും ഒരു പുതിയ മൂല്യവാദമായി മാറും. ‘ശുദ്ധം’ എന്ന പേരിൽ എന്തിനെയെങ്കിലും പുറത്താക്കുന്നത് എത്രമാത്രം പ്രശ്നകരമാണോ, ‘കലർന്നത്’ എന്ന പേരിൽ പലതിനെയും യുക്തിഭദ്രമല്ലാതെയോ പരസ്പരബന്ധമില്ലാതെയോ കൂട്ടിവയ്ക്കുന്നതും അത്രതന്നെ പ്രശ്നമാണ്. ഒരു കവിതയിൽ ചരിത്രമുണ്ടോ, രാഷ്ട്രീയമുണ്ടോ, സാമൂഹികജീവിതമുണ്ടോ, ദാർശനികതയുണ്ടോ എന്ന് മാത്രം ചോദിച്ചാൽ പോരാ. അവ കവിതയിൽ പ്രവേശിച്ചശേഷം അർത്ഥാനുഭവത്തിൽ എന്ത് മാറ്റമാണ് സംഭവിച്ചത് എന്നാണ് ചോദിക്കേണ്ടത്.
ഈ അർത്ഥത്തിലാണ് ‘കലർപ്പിന്റെ കാവ്യനീതി’ ഒരു വിമർശനമാനദണ്ഡമായും മാറുന്നത്. കവിതയിൽ പ്രവേശിക്കുന്ന വ്യത്യസ്ത അനുഭവങ്ങൾക്കും അറിവുകൾക്കും ഭാഷകൾക്കും പരസ്പരമുള്ള അർത്ഥാനുഭവബന്ധത്തിൽ സൃഷ്ടിപരമായി ഇടപെടാനാകുന്ന കാവ്യസംഘാടനരീതിയാണ് കലർപ്പ്. എന്തിനെയും മുൻകൂട്ടി കാവ്യേതരമെന്ന് പ്രഖ്യാപിച്ച് പുറത്താക്കാതിരിക്കുക എന്നത് അതിന്റെ ആദ്യ നിബന്ധന മാത്രമാണ്. കവിതയിലേക്ക് വന്നതിനെ വെറും സാന്നിധ്യമായി നിർത്താതിരിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധന. ഉൾപ്പെടുത്തുന്നതിനെക്കാൾ പ്രധാനമാണ് പരിവർത്തനശേഷി.
അതുകൊണ്ട് കലർപ്പിന്റെ ലാവണ്യഗുണം പരിശോധിക്കാൻ നാല് ചോദ്യങ്ങൾ ഉന്നയിക്കാം: കവിതയിലേക്ക് എന്താണ് പ്രവേശിക്കുന്നത്? അത് പ്രവേശിച്ചതോടെ എന്താണ് മാറുന്നത്? ആ മാറ്റം മറ്റൊരു ഘടകത്തിന്റെ അർത്ഥാനുഭവത്തെയും മാറ്റുന്നുണ്ടോ? ഈ പരസ്പരമാറ്റത്തിന് കവിതയ്ക്കുള്ളിൽ ആന്തരികമായ ഔചിത്യമുണ്ടോ? ഈ ചോദ്യങ്ങൾക്ക് കവിതയ്ക്കുള്ളിൽനിന്നുതന്നെ ഉത്തരം ലഭിക്കുന്നിടത്താണ് കലർപ്പ് കാവ്യനീതിയായി മാറുന്നത്. അല്ലാത്തപക്ഷം അത് വിഷയവൈവിധ്യത്തിന്റെ ഉൾപ്പെടുത്തലായി മാത്രം നിൽക്കും.
കലർപ്പ് ഒരു കവിതാശൈലിയല്ല. എല്ലാ കവിതകളിലും രാഷ്ട്രീയം വേണമെന്നില്ല; എല്ലാ കവിതകളും ചരിത്രത്തെ ഉൾക്കൊള്ളണമെന്നുമില്ല. ഒരു വസ്തുവിൽ, ഓർമ്മയിൽ, ശരീരത്തിൽ, ഒരു ദൃശ്യത്തിൽ മാത്രം കേന്ദ്രീകരിച്ചും ഈ രൂപാന്തരം സൃഷ്ടിക്കാം. അതുകൊണ്ട് കലർപ്പിന്റെ അളവ് കവിതയിൽ കൂടിച്ചേരുന്ന ഘടകങ്ങളുടെ എണ്ണത്തെ മാനദണ്ഡമാക്കി നിശ്ചയിക്കാനാവില്ല. ഒരു ഘടകം മറ്റൊരു ഘടകവുമായി ബന്ധപ്പെട്ടുകൊണ്ട് അർത്ഥാനുഭവത്തിൽ എത്രത്തോളം ഇടപെടുന്നു എന്നതാണ് അതിന്റെ മാനദണ്ഡം.
ഇതിനൊരു മാതൃക കരോലിൻ ഫോർഷെയുടെ ‘കേണൽ’ (The Colonel) എന്ന കവിത നൽകുന്നു. 1978-ൽ എൽ സാൽവദോറിൽ ഒരു സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിൽ നടന്ന യഥാർത്ഥ അനുഭവത്തിന്റെ ഓർമ്മയിൽനിന്നാണ് കവിത രൂപപ്പെട്ടത്. കവിതയിൽ രാഷ്ട്രീയം ഒരു ആശയമായി പുറത്തുനിന്ന് പ്രവേശിക്കുന്നില്ല. കാപ്പി, പഞ്ചസാര, അത്താഴം, വീഞ്ഞ്, ടെലിവിഷൻ, കുടുംബം, വളർത്തുമൃഗം തുടങ്ങിയ സാധാരണ ഗാർഹിക വിശദാംശങ്ങൾക്കിടയിൽ അധികാരത്തിന്റെ ഹിംസ ക്രമേണ വെളിപ്പെടുന്നു. ഒടുവിൽ മനുഷ്യരുടെ ചെവികൾ അത്താഴമേശയിലേക്ക് ചൊരിയുന്ന സംഭവത്തോടെ വൈയക്തികാനുഭവമാകുന്ന ഒരു സായാഹ്നം ഒരു രാജ്യത്തിന്റെ രാഷ്ട്രീയഹിംസയുടെ സാക്ഷ്യമായി മാറുന്നു.
ഇവിടെ അനുഭവക്കുറിപ്പ് രാഷ്ട്രീയത്തിലേക്ക് ശ്രമകരമായി കൊണ്ടുചെന്നെത്തിക്കേണ്ടിവന്നില്ല. അനുഭവത്തിന്റെ സാധാരണത്വത്തിനുള്ളിൽത്തന്നെയാണ് രാഷ്ട്രീയം വെളിപ്പെടുന്നത്. സ്വകാര്യമായ ഒരു ഓർമ്മ ചരിത്രത്തിന്റെ രേഖയായി മാറുന്നു; ഒരു വീട്ടിലെ അത്താഴമേശ അധികാരവും ഭയവും ഹിംസയും മനുഷ്യാവകാശനിഷേധവും ദൃശ്യമാകുന്ന രാഷ്ട്രീയസ്ഥലമായി മാറുന്നു. അതുകൊണ്ട് കേണൽ എന്ന കവിത അനുഭവക്കുറിപ്പിൽനിന്ന് രാഷ്ട്രീയകവിതയിലേക്കുള്ള സമ്മർദ്ദത്തിലൂന്നിയ നീങ്ങലല്ല. വൈയക്തികമായ അനുഭവത്തിന്റെ അർത്ഥം തന്നെ രാഷ്ട്രീയമാകുന്ന രീതിയിലാണ് അതിന്റെ കലർപ്പ് പ്രവർത്തിക്കുന്നത്.
ഗെമ്മ ഗോർഗയുടെ ‘അർത്ഥപഠനവും പോഷണവും’ (Semantics and Nutrition) എന്ന കവിത കലർപ്പിന് ആവശ്യമായ കവിയുടെ ശേഷികളെ കൂടുതൽ കൃത്യമായി വെളിപ്പെടുത്തുന്നു. കവിതയിൽ, മണ്ണിലേക്ക് വീണ ഒരു ഇല ദ്രവിച്ചുവിഘടിച്ച് ‘ചെറിയ അർത്ഥങ്ങളാകുന്നു’—ഈർപ്പം, നിറം, പാളി, ഓക്സിജൻ, ചൂട്, വെളിച്ചം. ഇവിടെ ഇലയുടെ ജൈവവിഘടനത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് ഭാഷാശാസ്ത്രത്തിന്റെ മേഖലയിലേക്ക് കടക്കുന്നു: കാർബൺഡൈഓക്‌സൈഡ് എന്ന രസതന്ത്രപദം ഒരു അപരിചിതനോട് അക്ഷരങ്ങളായി ഉച്ചരിക്കുന്ന പേരുപോലെ കവിതയിൽ പ്രത്യക്ഷപ്പെടുന്നു. പിന്നെ ഈ ‘അർത്ഥങ്ങൾ’ വീണ്ടും പ്രകൃതിയുടെ പോഷണചാക്രികപ്രക്രിയയിലേക്ക് പ്രവേശിക്കുന്നു. ഉറുമ്പുകളും കാടിന്റെ നിശ്ശബ്ദവായയും അവയെ സ്വാംശീകരിക്കുന്നു; കാറ്റിന്റെ ഭാഷ ഭൂമിക്കടിയിൽ സംസാരിക്കുന്നു; പുഴു ചിറകുകളണിഞ്ഞ് ശലഭമായി മാറുന്നു. ഇവിടെ ശാസ്ത്രം, ഭാഷാശാസ്ത്രം, ജീവശാസ്ത്രം, പ്രകൃതി എന്നിവ വെവ്വേറെ അറിവുകളായി നിരത്തിയിട്ടില്ല. ഓരോ അറിവും മറ്റൊന്നിനെ മനസ്സിലാക്കാനുള്ള ഉപാധിയായി മാറുന്നു. ഒരു ഇലയുടെ വിഘടനം രാസപ്രക്രിയയായും ഭാഷയുടെ വിഘടനമായും, അതേസമയം പുതിയ ജീവന്റെ പോഷണമായും വായിക്കപ്പെടുന്നു. അറിവുകൾ ഇവിടെ പരസ്പരം വിവർത്തനക്ഷമമായ ശക്തികളായി അർത്ഥാനുഭവത്തിൽ പ്രവർത്തിക്കുന്നു.
ലോകത്തെ വ്യത്യസ്ത അറിവുകളുടെ ബന്ധങ്ങളിൽ കാണാനുള്ള ശേഷി നമ്മുടെ കാലത്തെ കവിക്ക് ആവശ്യമാണ്. ശുദ്ധകവിത കവിതയുടെ അനുഭവത്തെ പുറംലോകത്തിലെ പ്രത്യേക അറിവുകളുടെ പരസ്പര ഇടപെടലിൽനിന്ന് സ്വതന്ത്രമാക്കി അതിന്റെ ഭാഷയിലും അനുഭൂതിയിലും സ്വയംപര്യാപ്തമാക്കാൻ ശ്രമിക്കുമ്പോൾ, കലർപ്പിന്റെ കവിത ലോകത്തെ മനസ്സിലാക്കാൻ ആവശ്യമായ വിവിധ അറിവുകളെ കവിതയുടെ സൃഷ്ടിപ്രക്രിയയ്ക്കുള്ളിൽത്തന്നെ പ്രവർത്തിപ്പിക്കുന്നു. അതിനാൽ കലർപ്പിന്റെ കാവ്യനീതി അറിവുകൾ തമ്മിലുള്ള ബന്ധത്തെ കവിതയുടെ അർത്ഥനിർമാണത്തിന്റെ ഭാഗമാക്കുന്നതാണ്.
മേൽസൂചിപ്പിച്ച കവിതയിൽ ഒരു ഇല മണ്ണിലേക്ക് വീഴുന്നത്ര സാധാരണമായ സംഭവത്തിൽ പോലും രസതന്ത്രവും ജീവശാസ്ത്രവും ഭാഷയും പ്രകൃതിയും ഒരേ പ്രക്രിയയിൽ പ്രവർത്തിക്കുന്നതായി കാണാൻ കഴിയുന്നിടത്താണ് ഈ കാവ്യബോധം എത്തുന്നത്. ശുദ്ധകവിതയ്ക്ക് അറിവില്ലായ്മയിലും കവിതയാകാം. പക്ഷേ അറിവിൽനിന്നുള്ള വിമുക്തിയെ കാവ്യശുദ്ധിയുടെ സ്വാഭാവിക ഗുണമായി കാണുന്നത് ലോകത്തിന്റെ സങ്കീർണ്ണതയെ കവിതയിൽനിന്ന് മുൻകൂട്ടി പുറത്താക്കാനുള്ള സാധ്യത സൃഷ്ടിക്കുന്നു. കലർപ്പിന്റെ കാവ്യയുക്തിക്ക് അറിവുകൾ ആവശ്യമാണെന്നതിലുപരി, അവ തമ്മിലുള്ള ബന്ധം തിരിച്ചറിയാനും ആ ബന്ധത്തെ പുതിയ അനുഭവരൂപമാക്കി മാറ്റാനും കഴിയുന്ന ശേഷിയാണ് ആവശ്യമായത്.
കലർപ്പ് കാവ്യഗുണമെന്ന നിലയിൽ ഒരു കവിതയിലെ വിവരങ്ങളുടെ പെരുക്കമല്ല; അവയുടെ പരസ്പരപരിവർത്തനശേഷിയാണ്. അറിവുകൾ തമ്മിലുള്ള അദൃശ്യബന്ധങ്ങളെ അനുഭവത്തിന്റെ പുതിയ രൂപമായി സൃഷ്ടിക്കുന്നതിലാണ് കലർപ്പിലൂന്നുന്ന കവിതയുടെ ബൗദ്ധികശേഷി. ലോകത്തിൽനിന്ന് അകന്നുനിന്നല്ല, ലോകത്തിന്റെ വ്യത്യസ്ത അനുഭവങ്ങളും അറിവുകളും തമ്മിലുള്ള സംഘർഷങ്ങളിലും ബന്ധങ്ങളിലും പ്രവേശിച്ചുകൊണ്ടാണ് കവിത അതിന്റെ ലാവണ്യപരമായ സ്വാതന്ത്ര്യം ഉത്തരവാദിത്വബോധത്തോടെ കണ്ടെത്തുന്നത്.
____
അനുബന്ധം
- Neruda, Pablo. ‘Towards an Impure Poetry.’ Translated by W. S. Merwin.
- രാമൻ, പി. കനം (കവിതാസമാഹാരം)
- സച്ചിദാനന്ദൻ, കെ. ‘പനി’ (കവിത).
- ശങ്കരപ്പിള്ള, കെ. ജി. ‘ബംഗാൾ’ (കവിത).
- Forché, Carolyn. ‘The Colonel’ (കവിത).
[മലയാളപരിഭാഷ വായിക്കാം] - Gorga, Gemma. 'Semantics and Nutrition'. Translated by Sharon Dolin. (കവിത).
[മലയാളപരിഭാഷ വായിക്കാം]
