രാഷ്ട്രീയശരി: വിരോധാഭാസവും ആന്തരിക സംഘർഷങ്ങളും

രാഷ്ട്രീയശരി: വിരോധാഭാസവും ആന്തരിക സംഘർഷങ്ങളും

രാഷ്ട്രീയശരി ഭാഷാപ്രയോഗങ്ങൾ, പെരുമാറ്റങ്ങൾ എന്നിവയെ മുൻനിർത്തി സാമൂഹ്യനീതിയിൽ കേന്ദ്രീകൃതമായ വിലയിരുത്തലുകൾക്ക് പ്രാധാന്യമുള്ള സാമൂഹിക-രാഷ്ട്രീയ മണ്ഡലമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റേത്. രാഷ്ട്രീയശരി (Political Correctness) ആവശ്യമുണ്ടോ എന്നതല്ല; രാഷ്ട്രീയശരി എന്ന ആശയവും അതിൻ്റെ പ്രയോഗരീതിയും മുൻനിർത്തി അതിൻ്റെ പ്രയോഗത്തിൽ അന്തർലീനമായ വിരോധാഭാസപരമായ പ്രവണതകളെ തിരിച്ചറിയുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങളെ ഉയർത്തിക്കൊണ്ടുവരാനും അവർക്കെതിരെയുള്ള ആക്ഷേപങ്ങൾ ഇല്ലാതാക്കാനും വിഭാവനം ചെയ്യുന്ന ഒരു വ്യവസ്ഥ, അത് സ്ഥാപിച്ച അതേ ഉപകരണങ്ങളാൽത്തന്നെ, അവയുടെ വക്താക്കളെ വിലയിരുത്താനുള്ള ഉപകരണമായി മാറുന്നതാണ് നിലവിലെ അന്തരീക്ഷം.

രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ശ്രദ്ധേയരായവർ നടത്തിയ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും വെളിപ്പെടുന്ന സാഹചര്യങ്ങളെ മുൻനിർത്തി, രാഷ്ട്രീയശരിയുടെ വക്താക്കൾ പരസ്പരം ഏറ്റുമുട്ടുന്ന സംവാദമണ്ഡലം ഇതിനോടകം രൂപപ്പെട്ടിട്ടുണ്ട്. റാപ്പർ വേടന് എതിരെയുള്ള ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളെ തുടർന്നുള്ള ചർച്ചകൾ അതിനൊരു ഉദാഹരണമാണ്. രാഷ്ട്രീയശരി എന്ന ആശയം അതേ ആശയത്തോടുതന്നെ നടത്തുന്ന ഏറ്റുമുട്ടൽ രാഷ്ട്രീയശരിയുടെ പ്രയോഗത്തിലെ പരിമിതികൾ വെളിപ്പെടുത്തുകയാണോ? അതോ രാഷ്ട്രീയശരി എന്ന ആശയം എന്തെന്നതിനെ സംബന്ധിച്ച തെളിച്ചമുള്ള ഒരു സങ്കൽപ്പത്തിലേക്കുള്ള വഴി തുറക്കപ്പെടുകയാണോ?

രാഷ്ട്രീയശരിയുടെ വരവ്


പാർശ്വവൽക്കരിക്കപ്പെട്ട ആളുകൾക്കു ദോഷകരമായി മാറാനിടയുള്ള പെരുമാറ്റങ്ങളും ഭാഷാപ്രയോഗങ്ങളും ഒഴിവാക്കാനോ നിയന്ത്രിക്കാനോ ഉദ്ദേശിച്ചുകൊണ്ട് ഭാഷയിലും ചെയ്തികളിലും ആളുകൾ ‘സ്വമേധയാ’ നടത്തേണ്ട ഇടപെടലിനെയാണ് രാഷ്ട്രീയശരി അഥവാ പൊളിറ്റിക്കൽ കറക്റ്റ്നസ്സ് എന്ന പ്രയോഗം കൊണ്ട് സാമാന്യാർത്ഥത്തിൽ സൂചിപ്പിക്കുന്നത്. ഈ അർത്ഥമാകട്ടെ സമീപകാലത്ത് മാത്രം അതിനു കൈവന്നതാണ്.

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, സോവിയറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളോട് അന്ധമായി വിശ്വസമുള്ളവരെയാണ് ‘രാഷ്ട്രീയശരി’ എന്ന പ്രയോഗം ലക്ഷ്യമിട്ടത്. 1940-കളിലും 50-കളിലും സോഷ്യലിസ്റ്റുകൾക്കിടയിൽ ഈ വാക്ക്, പാർട്ടി നിലപാടുകൾക്ക് മാത്രം പ്രാധാന്യം നൽകുന്ന കടുംപിടിത്തക്കാരായ കമ്മ്യൂണിസ്റ്റുകാരെ പരിഹസിക്കുന്ന പ്രയോഗമായി.

ഇതേ കാലത്തുതന്നെ, 1930-കളിൽ നാസി ജർമ്മനിയിൽ നാസി പ്രത്യയശാസ്ത്രത്തോട് പൂർണ്ണമായി യോജിക്കുന്നവരെക്കുറിച്ച് പറയാൻ മാധ്യമങ്ങൾ ഈ പദം ഉപയോഗിച്ചിരുന്നു. 1970-കളിൽ അമേരിക്കൻ ന്യൂ ലെഫ്റ്റ് പ്രസ്ഥാനത്തിൽ, തങ്ങൾക്കിടയിലെ അമിതമായ കടുംപിടിത്തങ്ങളെ സ്വയം പരിഹസിക്കാനോ വിമർശിക്കാനോ ഈ വാക്ക് ഉപയോഗിച്ചുതുടങ്ങിയതായി കാണാം.

1980-കളുടെ അവസാനത്തോടെയാണ് ഇന്ന് പ്രയോഗത്തിലുള്ള അർത്ഥത്തിലേക്കുള്ള വ്യതിയാനം തുടങ്ങുന്നത്. അമേരിക്കയിൽ, ലിബറൽ ആശയങ്ങൾക്കുവേണ്ടി വാദിക്കുന്നവരെയും വിവേചനത്തെയും അവഹേളനങ്ങളെയും എതിർക്കുന്നവരെയും നേരിടാനായി രാഷ്ട്രീയ വലതുപക്ഷം ഈ പദം ഒരു ആക്ഷേപവാക്കായി പ്രയോഗിച്ചു തുടങ്ങുന്നതും ഇക്കാലത്താണ്.

എല്ലാവരെയും ഉൾക്കൊള്ളുന്നതും ബഹുമാനിക്കുന്നതുമായ അന്തരീക്ഷം വേണമെന്ന് രാഷ്ട്രീയശരിയ്ക്കു വേണ്ടി വാദിക്കുന്നവർ നിലപാടെടുക്കുമ്പോൾ, ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള അഥവാ സംസാരിക്കാനുള്ള അവകാശത്തിനെ അടിച്ചമർത്താനുള്ള ‘സെൻസർഷിപ്പ്’ ആകുകയാണ് ‘രാഷ്ട്രീയശരി’ എന്നതാണ് എതിർക്കുന്നവരുടെ പ്രധാന വാദം. മറ്റൊരാളുടെ അപമാനിക്കപ്പെടാതിരിക്കാനുള്ള അവകാശമാണ് ഏറ്റവും പ്രധാനമെന്നതാണ് ഇക്കാര്യത്തിൽ നീതി. എന്നിരുന്നാലും, നിലവിൽ, എല്ലാ സംസ്കാരത്തിനുള്ളിലും നടന്നുകൊണ്ടിരിക്കുന്ന ഒരു ഏറ്റുമുട്ടലിൻ്റെ പേരുകൂടിയായി ‘രാഷ്ട്രീയശരി’ മാറിയിരിക്കുന്നു.


സദാചാരവും രാഷ്ട്രീയശരിയും


ആധുനിക സമൂഹത്തിൻ്റെ സദാചാരത്തെയാണ് ‘രാഷ്ട്രീയശരി’ ലക്ഷ്യം വെക്കുന്നതെന്നൊരു പൊതുധാരണയുണ്ട്. അതേസമയം സദാചാരം (Morality) എങ്ങനെ രാഷ്ട്രീയശരിയിൽ നിന്നും വേറിട്ടുനിൽക്കുന്നെന്ന ആലോചനയിലൂടെ ഇവ രണ്ടിനെയും വേർതിരിച്ചു മനസ്സിലാക്കാൻ സാധിച്ചേക്കും. സദാചാരം മനുഷ്യരിൽ രൂപപ്പെടുന്ന ആന്തരികബോധ്യമാണ്. ബോധപൂർവ്വമായ ഇടപെടലുകളേക്കാൾ അബോധപൂർവ്വമായ ബോധ്യമായാണ് അവ പ്രധാനമായും പ്രവൃത്തിയിൽ ഇടപെടുന്നത്. വൈയക്തികമായ ശീലങ്ങൾ, കുടുംബം, മതം, ആചാരങ്ങൾ, സാമൂഹിക-സാംസ്കാരിക പശ്ചാത്തലം എന്നിവയെല്ലാം ബോധപൂർവ്വമോ അബോധപൂർവ്വമായ ആയ ഇടപെടലുകൾ നടത്തി ഒരാൾക്കുള്ളിൽ രൂപപ്പെടുന്നതാണ് അയാളുടെ സദാചാരബോധം.

രാഷ്ട്രീയശരിയെ സംബന്ധിച്ചിടത്തോളം നീതി ഒരു പ്രധാന മാനദണ്ഡമാണ്. സദ്ഗുണങ്ങൾ മാത്രമല്ല സദാചാരത്തിൻ്റെ ഭാഗമായിരിക്കുന്നത്. സ്ഥാപിതമായ ഒരു വ്യവസ്ഥയുടെ നിലനിൽപ്പിനു ആവശ്യമായ ചട്ടങ്ങളും ശീലങ്ങളും സദാചാരത്തിൽ പ്രധാനമാണ്. രാഷ്ട്രീയശരി, പലപ്പോഴും സദാചാരപരമായ പല ബോധ്യങ്ങളെയും തിരുത്താൻ ആവശ്യപ്പെടുകയാണ്. ബോധപൂർവ്വമായ ഇടപെടലാണ് രാഷ്ട്രീയശരി മനുഷ്യരിൽ നിന്നും ആവശ്യപ്പെടുന്നത്. അത് ആന്തരികമായ ചോദനയെ ആശ്രയിക്കണമെന്നില്ല, എന്നല്ല, പലപ്പോഴും സ്വാഭാവികമായി ഉരുവംകൊള്ളുന്ന ചോദനകൾക്കുമേൽ നിയന്ത്രണമേർപ്പെടുത്താൻ നിർദ്ദേശിക്കുന്നതുമാണ്. ആന്തരികമായ സ്വാഭാവിക മാറ്റമാകണമെന്നില്ല രാഷ്ട്രീയശരിയായ ഒരു ഇടപെടലിലേക്ക് ഒരാളെ നയിക്കുന്നതെന്നു സാരം.

രാഷ്ട്രീയശരിയുടെ പ്രകടനപരത


വർണ്ണവെറിയോ ജാതിവെറിയോ സ്ത്രീവിരുദ്ധതയോ കൊണ്ടുനടക്കുന്ന ഒരാൾ, രാഷ്ട്രീയശരിയിലൂന്നിയ വിമർശനത്തെ ഭയന്ന്, തൻ്റെയുള്ളിൽ അന്തർലീനമായിരിക്കുന്ന ബോധ്യങ്ങളെ വാക്കിലും പ്രവർത്തികളിലും പ്രകടമാക്കാതിരിക്കാൻ ഇടയുണ്ട്. ഇത്തരം വിഷകരമായ മനോഭാവമുള്ള വ്യക്തികൾ സമൂഹത്തിൽ ഇല്ലെന്നും അഥവാ അവരുടെ എണ്ണം കുറവാണെന്നും മട്ടിലുള്ള തോന്നലിലേക്കാകാം ഇത് സമൂഹത്തെ ക്രമേണ നയിക്കുന്നത്. ബോധ്യങ്ങളിലൂന്നിയുള്ള സ്ഥായിയായ മാറ്റത്തിനു ബദലായി മാറ്റമുണ്ടായെന്ന തോന്നൽ മാത്രം നിലനിൽക്കുന്ന ഒരു അവസ്ഥയിലേക്കാകാം രാഷ്ട്രീയശരി നിർബന്ധിതമാകുന്ന സാഹചര്യം നയിക്കുന്നത്. പലപ്പോഴും ഇത്തരം മനുഷ്യരെ തിരിച്ചറിയാനാകാതെ പോകാൻ ഇത് കാരണമാകുന്നു. ഒരാൾ എങ്ങനെയാണെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയുന്നതുവഴി മാത്രമാണ് മറ്റുള്ളവർക്ക് അയാളോട് എങ്ങനെ ഇടപെടണമെന്നു നിർണ്ണയിക്കാൻ സാധിക്കുകയുള്ളൂ. രാഷ്ട്രീയശരി പ്രകടനപരതയിൽ ഒതുങ്ങുന്നത്, ഇതിനു വിലങ്ങുതടിയാകും.

രാഷ്ട്രീയശരിയുടെ ഭാഗമായി രൂപപ്പെട്ട, റദ്ദുചെയ്യൽ സംസ്കാരം (Cancel culture) മേൽപ്പറഞ്ഞ പ്രവണതയ്ക്ക് മൂലകാരണമാണ്. രാഷ്ട്രീയമായി ശരിയല്ലാത്ത ചെയ്തികളും വാക്പ്രയോഗങ്ങളും നടത്തിയിട്ടുള്ള മനുഷ്യരെ ചൂണ്ടിക്കാണിക്കാൻ ആളുകൾ രംഗത്തു വന്നതിനുപിന്നാലെ അതൊരു ആൾക്കൂട്ട ആക്രമണമായി പരിവർത്തനം ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. ഇതിൻ്റെ ഭാഗമായി ആരോപിതനോ കുറ്റക്കാരനോ ആയ വ്യക്തിയുടെ മറ്റു ചെയ്തികളും ഇടപെടലുകളുമെല്ലാം അസാധുവാക്കപ്പെടുന്ന പ്രവണതയുണ്ട്. നീതിയെ മുൻനിർത്തിയുള്ള വിമർശനം, മറ്റൊരു അനീതിയ്ക്ക് കാരണമാകുന്നു എന്ന വിരോഭാസത്തെക്കൂടി രാഷ്ട്രീയശരി എന്ന ആശയത്തിനു അഭിസംബോധന ചെയ്യേണ്ടതായി വരുന്നു. മാറ്റത്തിനു വിധേയമാകാനുള്ള അവസരത്തെ നിഷേധിക്കുന്ന പ്രവണതയെ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നതാണ് രാഷ്ട്രീയശരിക്കു മുന്നിലെ പ്രധാന വെല്ലുവിളി.

രാഷ്ട്രീയശരിയ്ക്കു ലഭിച്ച സ്വീകാര്യതയെ വിപണി തങ്ങളുടെ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നതാണ് മറ്റൊരു വെല്ലുവിളി. രാഷ്ട്രീയശരി മുന്നോട്ടു വെക്കുന്ന മൂല്യങ്ങൾക്കുള്ള പിന്തുണയെ തങ്ങൾക്കുള്ള പിന്തുണയാക്കി മാറ്റാനായി സ്ഥാപനങ്ങൾ ശ്രമിക്കുന്നു. അത്തരം മൂല്യങ്ങൾ പ്രതിഫലിക്കുന്ന ഉള്ളടക്കത്തോടെയുള്ള പരസ്യങ്ങളും ഇടപെടലുകളും മുൻനിര കമ്പനികൾ മുന്നോട്ടുവെക്കാൻ തുടങ്ങിയിട്ടുണ്ട്. കാതലായ മാറ്റങ്ങളിലൂന്നിയല്ല ഈ ഇടപെടലുകളിലേറെയും എന്നതാണ് വസ്തുത. സ്ത്രീപക്ഷ പരസ്യം മുന്നോട്ടുവെക്കുന്ന സ്ഥാപനത്തിൽ എത്ര സ്ത്രീകൾ തൊഴിലെടുക്കുന്നു, സമാനതൊഴിലിന് പുരുഷനും സ്ത്രീയ്ക്കും തുല്യവേതനം അവർ നൽകുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കുന്നതോടെ വെളിപ്പെടാവുന്ന കാപട്യമാണ് ഇവയിലേറെയും.

കേവല പ്രകടനപരതയിലൂന്നിയ വിപണന തന്ത്രം മാത്രമാണ് ഇവയെന്നാലും, രാഷ്ട്രീയശരിയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്ന പൊതുബോധനിർമ്മിതിയിലേക്ക് ഈ ഇടപെടലുകൾ നയിക്കുന്നുണ്ട്. ഇതും മറ്റൊരുതരത്തിൽ പറഞ്ഞാൽ, സ്ഥായിയായ മാറ്റത്തിനു പകരം രാഷ്ട്രീയശരിയുടെ പ്രകടനപരതയ്ക്ക് ആക്കം കൂട്ടുന്ന മറ്റൊരു പ്രവണതയാണ്.

രാഷ്ട്രീയശരിയും കപടനാട്യവും

 
വൈയക്തികമായ ദുർഗുണമായി പരമ്പരാഗതമായി കരുതിപ്പോരുന്ന ഒന്നാണ് കപടനാട്യം (Hypocrisy). താൻ എന്തായിട്ടാണോ മറ്റുള്ളവർക്കു മുന്നിൽ വെളിപ്പെടാൻ ആഗ്രഹിക്കുന്നത് അതിനു വിപരീതമായ യാഥാർത്ഥ്യത്തിൽ നിലനിൽക്കേണ്ടിവരുന്ന മനുഷ്യാവസ്ഥയാണ് കപടനാട്യം. മറ്റൊരുതരത്തിൽ പറഞ്ഞാൽ, മറ്റുള്ളവരുടെ മതിപ്പ് സ്വന്തമാക്കാനായി തൻ്റെ തനിസ്വഭാവത്തെ മറച്ചുവെച്ചുകൊണ്ട് പൊതുസമൂഹത്തിനു സ്വീകാര്യനായ പരുവത്തിൽ വെളിപ്പെടാനുള്ള ശ്രമം. നിലവിൽ, കപടനാട്യത്തിൻ്റെ മറ്റൊരു രൂപമാണ് രാഷ്ട്രീയശരിയുടെ പ്രകടനപരത.

സമകാലീന സമൂഹത്തെ വിലയിരുത്തുമ്പോൾ വൈയക്തികമായ സദാചാരപ്രശ്നം എന്നതിനെക്കാൾ സമൂഹത്തിൻ്റെ സുഗമമായ നിലനിൽപ്പിനും തുടർച്ചയ്ക്കും സാമൂഹഘടനയിൽ ഉൾച്ചേർന്നുകിടക്കുന്ന അവിഭാജ്യ സ്വഭാവമായിട്ടുണ്ട് കപടനാട്യമെന്നു കാണാനാകും. ഒരാളും തങ്ങളുടെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഇതിന്റെ അടിസ്ഥാനം. രാഷ്ട്രീയശരി പാലിക്കപ്പെടുന്ന അന്തരീക്ഷത്തിലും എല്ലാം കുറ്റമറ്റതായും നല്ലതായും കാണപ്പെടും.

കപടനാട്യമെന്നത് ദുർഗുണം സദ്ഗുണത്തോട് ചെയ്യുന്ന ആദരവാണെന്ന മട്ടിലുള്ള നിരീക്ഷണം ല റോഷ്ഫുക്കോയെ പോലെയുള്ളവർ പങ്കുവെച്ചിട്ടുണ്ട്. തങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽപ്പോലും, നല്ല കാര്യങ്ങൾ പിന്തുടരുന്നത് പ്രാധാന്യമുള്ളതാണെന്ന മനോനിലയാണ് കപടനാട്യത്തിലൂടെ വെളിപ്പെടുന്നതെന്നതാണ് ഈ നിരീക്ഷണത്തിൻ്റെ അടിസ്ഥാനം. ഇവ്വിധം, രാഷ്ട്രീയശരിയ്ക്ക് പ്രതീകാത്മകമായ മേൽക്കോയ്മ ഉറപ്പുവരുത്തി സംരക്ഷിച്ചു നിർത്താൻ രാഷ്ട്രീയശരിയുടെ കപടനാട്യം വഴിയൊരുക്കുന്നു, രാഷ്ട്രീയശരികളുടെ നിരാകരണമാണ് അവിടെ നടക്കുന്നതെങ്കിൽപ്പോലും.

ഫ്രീഡ്രിക്ക് നീച്ച ressentiment എന്ന ആശയം മുന്നോട്ടുവെച്ചപ്പോൾ, ആ മനോനിലയുടെ ലക്ഷണങ്ങളിലൊന്നായാണ് കപടനാട്യത്തെ കണക്കാക്കിയത്. ബഹഹീനതയാലോ തളർച്ചയാലോ ഉള്ളിലടക്കിവെക്കേണ്ടി വരുന്ന അസൂയയും ദേഷ്യവും കലർന്ന മനോനിലയാണ് ressentiment. ഇതുവഴിയുള്ള ഇച്ഛാഭംഗം പരസ്യമായി പ്രകടിപ്പിക്കുന്നതിനു പകരം സ്വഭാവശുദ്ധിയുള്ളവരായും നല്ലവരായും ഒരാൾ നടിക്കുന്നു. നല്ലവരായി നടിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്ന ഒന്നായിട്ടാണ് ഇക്കാലത്ത് രാഷ്ട്രീയശരിയെ കപടനാട്യക്കാർ ഉപയോഗപ്പെടുത്തുന്നത്.

വേടൻ: രാഷ്ട്രീയശരിയുടെ സ്വീകാര്യതയെ ദുരുപയോഗപ്പെടുത്തൽ


പലവിധ കാരണങ്ങളാൽ ഇതിനോടകം രാഷ്ട്രീയശരിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത, അരികുവത്കരിക്കപ്പെട്ട മനുഷ്യർക്കും അവർക്കുവേണ്ടി വാദിക്കുന്നവർക്കും സ്വീകാര്യത ഉറപ്പുവരുത്തുന്നുണ്ട്. അതേസമയം, സാംസ്കാരികവും വാണിജ്യപരവുമായ തലങ്ങളിൽ ഈ സ്വീകാര്യതയെ വലിയ രീതിയിൽ ദുരുപയോഗം ചെയ്യുന്ന സാഹചര്യവുമുണ്ട്.

ഒരാൾ വാക്കുകളിലൂടെയോ പെരുമാറ്റത്തിലൂടെയോ അധിക്ഷേപം ഒഴിവാക്കുന്നുണ്ടോ എന്നതിലാണല്ലോ രാഷ്ട്രീയശരിയുടെ ശ്രദ്ധ. വ്യക്തികൾ തങ്ങൾക്കു ബോധ്യമില്ലാതെ സാമൂഹിക അംഗീകാരം നേടുന്നതിനോ വിമർശനം ഒഴിവാക്കുന്നതിനോ വേണ്ടി മാത്രം രാഷ്ട്രീയശരിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നു. ഇത്തരം പ്രകടനപരമായ ആക്ടിവിസത്തെ വെളിപ്പെടുത്താൽ തങ്ങളുടെ കലാസൃഷ്ടികളെ കലാകൃത്തുക്കളും പൊതുസ്ഥലത്തെ ഇടപെടലുകളെ പൊതുപ്രവർത്തകരും ഉപയോഗപ്പെടുത്തുന്നത് പതിവായിട്ടുണ്ട്.

സാമൂഹിക നീതിയുടെ വക്താവായി പൊതുസമൂഹത്തിൽ അംഗീകരിക്കപ്പെട്ട ഒരാളാണ് റാപ്പർ വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺദാസ് മുരളി. അദ്ദേഹത്തിൻ്റെ ഗാനങ്ങൾ ജാതീയത, ലിംഗവിവേചനം, പോലീസ് അതിക്രമങ്ങൾ തുടങ്ങിയ അനീതികളെ അവതരിപ്പിച്ചിട്ടുണ്ട്. സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്ന പാട്ടിൻ്റെ ഉള്ളടക്കത്തിലൂടെ വേടൻ എന്ന വ്യക്തിയ്ക്ക് Woke Bravery എന്ന് ഇക്കാലത്ത് വിളിക്കപ്പെടുന്ന സാമൂഹിക മൂലധനം സ്വന്തമാക്കാനായി. ഇത് അദ്ദേഹത്തിന് പുരോഗമനപക്ഷ നിലപാടുകളുള്ള മനുഷ്യർക്കിടയിൽ വലിയ സ്വീകാര്യതയും ഇടവും ലഭിക്കാൻ അവസരമൊരുക്കി.

പിൽക്കാലത്ത്, വേടനെതിരെ പലരിൽ നിന്നായി ലൈംഗിക അതിക്രമ ആരോപണങ്ങൾ ഉയർന്നപ്പോൾ, അദ്ദേഹം തൻ്റെ കലാസൃഷ്ടിയിലൂടെ മുന്നോട്ടുവെച്ച സാമൂഹിക-നീതി നിലപാടുകൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിൽ രാഷ്ട്രീയശരിയ്ക്ക് വേണ്ടി നിലകൊള്ളുന്നവരെന്നു പറയുന്ന ആളുകളിൽ ഉണ്ടായ ഭിന്നിപ്പാണ് രാഷ്ട്രീയശരിയ്ക്കു മുന്നിലെ ശരിയായ പ്രതിസന്ധി.

അദ്ദേഹത്തിൻ്റെ പാട്ടുകൾ മുന്നോട്ടുവെച്ച രാഷ്ട്രീയശരിയുടെ പേരിൽ അദ്ദേഹത്തെ സംരക്ഷിക്കേണ്ടതായ ബാധ്യത ചിലർ ഏറ്റെടുത്തപ്പോൾ, മറ്റു ചിലർക്ക് അദ്ദേഹത്തെ തള്ളിപ്പറയേണ്ടതായും വന്നു. രാഷ്ട്രീയശരിയെ മുൻനിർത്തി ഒരാൾ തൻ്റെ കലാസൃഷ്ടിയിലൂടെ സ്വന്തമാക്കിയ സാമൂഹിക മൂലധനം, വ്യക്തിപരമായ പിഴവുകളെ മറച്ചുവെക്കാൻ ഇടനൽകുന്ന സാഹചര്യമുണ്ടായതാണ് ആദ്യത്തെ സങ്കീർണ്ണത. ലൈംഗികാതിക്രമം രാഷ്ട്രീയശരിയുടെ മാനദണ്ഡത്തിൽ ഗുരുതരമായ വിഷയമായതിനാൽ, അദ്ദേഹത്തെ തള്ളിപ്പറയേണ്ടത് ധാർമ്മികമായ ബാധ്യതയാണെന്നു കരുതുന്നവർക്കു അദ്ദേഹത്തെ എതിർക്കേണ്ടതായി വന്നതാണ് രണ്ടാമത്തേത്. ചുരുക്കത്തിൽ, രാഷ്ട്രീയശരിയ്ക്ക് വേണ്ടി നിലകൊള്ളുന്നവർക്കു പരസ്പരം നേരിടേണ്ടിവരുന്ന സാഹചര്യമുണ്ടായി.

രാഷ്ട്രീയശരിയുടെ പരിമിതികളെ മറികടക്കൽ


രാഷ്ട്രീയശരി എന്ന ആശയം അതേ ആശയത്തോടുതന്നെ നടത്തുന്ന ഏറ്റുമുട്ടൽ, അതിൻ്റെ പ്രയോഗത്തിലെ പരിമിതികളെ വെളിപ്പെടുത്തുന്നുണ്ട്. വേടൻ്റെ കാര്യത്തിലെന്നപോലെ, നീതിയുടെ വക്താക്കൾക്കിടയിൽ തന്നെയുണ്ടാകുന്ന പ്രത്യയശാസ്ത്രപരമായ ഭിന്നിപ്പ്, നീതിയുടെ മുൻഗണന എന്തായിരിക്കണം എന്നതിലെ വ്യക്തതയില്ലായ്മയുടെ സൂചന കൂടിയാണ്. ഈ സംഘർഷം, രാഷ്ട്രീയമായി ശരിയായ നിലപാട് എന്തായിരിക്കണം എന്ന ചോദ്യത്തെ ആഴത്തിൽ സംബോധന ചെയ്യാൻ അവശ്യപ്പെടുകയാണ്.

കൂടുതൽ തെളിച്ചമുള്ള ധാരണയിലേക്കുള്ള വഴിയായും ന്യൂനതകൾ പരിഹരിക്കാനുള്ള മാർഗ്ഗമായും രാഷ്ട്രീയശരിയുടെ വക്താക്കൾ ഈ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. രാഷ്ട്രീയശരിയുടെ പ്രകടനപരതയിൽ തൃപ്തരാകാതെ, സ്ഥായിയായ മാറ്റത്തിലേക്കുള്ള ഇടപെടലുകളാണ് കാലം ആവശ്യപ്പെടുന്നതെന്നു തിരിച്ചറിയേണ്ടതുണ്ട്. സ്വന്തം നേട്ടത്തിനായി രാഷ്ട്രീയശരി എന്ന ആശയത്തെ ഉപയോഗപ്പെടുത്തുന്ന കപട സ്ഥാപനങ്ങളെയും വ്യക്തികളെയും തിരിച്ചറിയുന്ന രീതിയിലുള്ള പൊതുബോധനിർമ്മിതിയാണ് ആവശ്യം.

രാഷ്ട്രീയശരി അതിന്റെ നിലവിലെ പരിമിതികളെ മറികടക്കണമെങ്കിൽ, രാഷ്ട്രീയശരി പുറമെ മാത്രം പ്രകടമാക്കേണ്ട അനുവൃത്തിയാണെന്ന തോന്നൽ മാറ്റിയെടുക്കണം. ആന്തരികമായ ബോധ്യങ്ങളിലൂടെ ഒരാളിലുണ്ടാകുന്ന സമൂലമായ പരിവർത്തനത്തിൻ്റെ ഭാഗമായി പാർശ്വവൽക്കരിക്കപ്പെട്ടവരും അല്ലാത്തവരുമായ സകല ജീവജാലങ്ങളോടും പുലർത്തേണ്ട നീതിപൂർവ്വമായ ഇടപെടലാകണം.

രാഷ്ട്രീയശരി എന്ന ആശയം ‘റദ്ദുചെയ്യൽ സംസ്കാരം’ എന്ന ശിക്ഷാവിധിയെ നടപ്പിലാക്കാനുള്ള ഉപകരണമാകാതെ, ശരിയല്ലാത്ത ഇടപെടൽ നടത്തുന്നവരെ തിരുത്തുന്നതിലേക്കും അവർക്കു കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന സാഹചര്യം ഉണ്ടാക്കുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഉത്തരവാദിത്വബോധ്യത്തോടെയുള്ള ഇടപെടലിലേക്ക് അവർ നയിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിൻ്റെ അടിസ്ഥാനത്തിലാണ് റദ്ദ് ചെയ്യൽ സമീപനങ്ങൾ കൈക്കൊള്ളേണ്ടത്.

സാമൂഹിക അംഗീകാരത്തിനു വേണ്ടിയും വിമർശനങ്ങളെ മറയ്ക്കാൻ വേണ്ടിയും വിപണിയിലെ നേട്ടത്തിന് വേണ്ടിയും വാക്കുകളിലും പ്രവൃത്തികളിലും രാഷ്ട്രീയശരിയ്ക്കായുള്ള മാറ്റമുണ്ടാക്കുന്നത് കാപട്യമാണ്. രാഷ്ട്രീയശരി പ്രയോഗിക്കുന്ന വേളകളിൽ, വാക്കുകളും പ്രവൃത്തികളും ബോധ്യങ്ങളും തമ്മിലുള്ള അല്ലെങ്കിൽ കലാസൃഷ്ടിയും കലാകൃത്തും തമ്മിലുള്ള അന്തരം ഇല്ലാതാക്കാൻ സാധിക്കുമ്പോഴാണ് രാഷ്ട്രീയശരിയ്ക്ക് അതിൻ്റെ ശരിയായ അർത്ഥത്തിൽ ലക്ഷ്യം കൈവരിക്കാനാകുക. രാഷ്ട്രീയശരി എന്ന ആശയത്തെ അതിൻ്റെ ചരിത്രപരമായ കാപട്യങ്ങളിൽ നിന്നും പ്രകടനപരതയിലൂന്നിയ പരിമിതികളിൽ നിന്നും മുക്തമാക്കാൻ, സ്ഥിരതയാർന്ന നീതിയുക്തവുമായ ഒരു സാമൂഹിക ഉത്തരവാദിത്ത ചട്ടക്കൂടായി അതിനെ രൂപാന്തരപ്പെടുത്താനും അതിൻ്റെ വക്താക്കൾക്ക് സാധിക്കേണ്ടതുണ്ട്.

(മൂല്യശുതി മാസികയുടെ 2026 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Search