
നിരന്തരം ശ്രദ്ധ മാറ്റേണ്ടി വരുന്ന അന്തരീക്ഷത്തിലാണ് നമ്മൾ ജീവിക്കുന്നത്. കൈയ്യിൽ സ്മാർട്ട്ഫോണുമായി ജീവിക്കുന്ന ജെൻ സി തലമുറയെ പലതരം ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിരന്തരം ചൂളമിട്ടുവിളിക്കുന്നു. സ്ക്രോളിംഗ് തുടങ്ങിയാൽ നിർത്താൻ തോന്നിക്കാത്തവിധം താല്പര്യജനകമായ ഹൃസ്വമായ ഉള്ളടക്കത്താൽ ശ്രദ്ധ ക്ഷണിക്കപ്പെടുകയും സെക്കൻഡുകൾക്കുള്ളിൽ അതേ ശ്രദ്ധയെ മറ്റൊന്നിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇങ്ങനെ ഇടപെടഴകി ശീലിക്കപ്പെടുന്ന തലച്ചോറാണ് പുതിയ തലമുറയുടേത്. വായനയ്ക്ക് - പ്രത്യേകിച്ച് പരമ്പരാഗതരീതിയിലുള്ള ദീർഘമായ വായനയ്ക്ക് - ഈ ബൗദ്ധികനിലയിൽ എത്തിച്ചേർന്ന തലച്ചോറിൻ്റെ ശ്രദ്ധ നേടിയെടുക്കുക എളുപ്പമല്ല. എന്നുമാത്രമല്ല ഇത്തരം ബൗദ്ധികനില വായനയ്ക്ക് എതിരുനിൽക്കുകയും ചെയ്യുന്നു. ഓരോ പതിനഞ്ച് സെക്കൻഡിലും പുസ്തകങ്ങൾ ഒരിക്കലും നിങ്ങളെ തൃപ്തിപ്പെടുത്താൻ പോകുന്നില്ല. ശ്രദ്ധ മാറാനിടയുള്ള സന്ദർഭത്തിൽ താല്പര്യജനകമായ ശബ്ദമോ ദൃശ്യമോ മുന്നോട്ടുവെച്ചുകൊണ്ട് പുസ്തകങ്ങൾ നിങ്ങളുടെ താല്പര്യം പിടിച്ചുപറ്റാനും നിലനിർത്താനും പോകുന്നില്ല. പുസ്തകങ്ങൾ ചിലപ്പോൾ നിങ്ങളോട് സാവധാനത്തിൽ വായിക്കൂ, ശ്രദ്ധയോടെ വായിക്കൂ, ഒന്ന് ഇതേപ്പറ്റി ആലോചിക്കൂ എന്നെല്ലാം നിർദേശിച്ചേക്കും. എന്നാൽ നിരന്തരം ഡോപ്പോമിൻ ഉത്തേജനത്താൽ ശീലിക്കപ്പെട്ട തലച്ചോർ ഒരിക്കലും ഇത്തരം വായനയെ അംഗീകരിക്കാൻ പോകുന്നില്ല. വായന ഇത്തരം തലച്ചോറിനെ സംബന്ധിച്ചിടത്തോളം അസ്വാഭാവികമായ പ്രവർത്തിയായി അനുഭവപ്പെടും. എന്നുമാത്രമല്ല, അത് നിരാശാജനകമായ പ്രവൃത്തിയുമാകും.
ഡിജിറ്റൽ കാലഘട്ടത്തിൽ മനുഷ്യരുടെ ശ്രദ്ധ ക്ഷണനേരത്തേക്ക് മാത്രമാണ് നിലനിൽക്കുന്നതെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ജെൻ സി തലമുറയിൽ വായനയ്ക്ക് ആവശ്യമായ ഏകാഗ്രതയോ ബൗദ്ധികശേഷികളോ ഉണ്ടാകാനിടയില്ലെന്ന വിലയിരുത്തലിലേക്ക് നയിക്കേണ്ട കണ്ടെത്തലുകളല്ല ഇവയൊന്നും. യാതൊരുവിധ ശ്രദ്ധയും സാധ്യമാകാത്തവിധത്തിലുള്ള ബൗദ്ധികക്ഷീണമാണ് യഥാർത്ഥ വെല്ലുവിളി. ഓരോ ദിവസവും പലതരം സന്ദേശങ്ങളോടും ദൃശ്യ-ശ്രവ്യ ഉള്ളടക്കങ്ങളോടും ബ്രേക്കിംഗ് ന്യൂസുകളോടും മീമുകളോടും ഇടപഴകേണ്ടി വരുന്ന ജെൻ സി തലമുറയെ ഇവയെല്ലാംതന്നെ വൈകാരികമായും ബൗദ്ധികമായും ബാധിക്കുന്നു. ഇതിൻ്റെ ഫലമായുണ്ടാകുന്ന വൈകാരികത്തളർച്ചയും ഊർജ്ജശോഷണവും വായന പോലെയുള്ള ബൗദ്ധികവും വൈകാരികവുമായ ഇടപെടൽ ആവശ്യമുള്ള പ്രവർത്തിയിൽ നിന്നും പിന്തിരിയാൻ കാരണമാകുന്നു. യഥാർത്ഥത്തിൽ വായനയ്ക്കു അനുകൂലമായ ബൗദ്ധികവളർച്ചയില്ലാത്തതല്ല പുതിയ തലമുറയുടെ പ്രശ്നം, അവരുടെ ഊർജ്ജം ഇതിനോടകം വിവിധ ഡിജിറ്റൽ ഉപകരണങ്ങളും വെർച്വൽ ലോകത്തെ മനുഷ്യരും ഉടനടി അവരിലേക്കു വന്നെത്തുന്ന തത്സമയവിവരങ്ങളും ഉപയോഗപ്പെടുത്തിക്കഴിഞ്ഞിരിക്കും എന്നതുകൂടിയാണ്. വായനാശീലം ഒരാളുടെ തിരഞ്ഞെടുപ്പായാൽ പോലും ഇക്കാലത്ത് വളരെ സ്വാഭാവികമെന്നോളം കടന്നുവരുന്ന മേൽപ്പറഞ്ഞ ബൗദ്ധിക-വൈകാരിക ഇടപെടലുകൾ അവഗണിക്കാനാകില്ല. സൂക്ഷ്മതലത്തിൽ വായനയെന്നത് ഒരാൾ തനിക്കൊപ്പം സമയം ചെലവഴിക്കുന്ന വേളയാണെന്നു കാണാം. ഇതിനുള്ള സാധ്യത കൂടിയാണ് ഡിജിറ്റൽ കാലഘട്ടത്തിൽ ഇല്ലാതെയാകുന്നത്.
വിപണിയും മാറിയ സമൂഹിക അന്തരീക്ഷവും ഓരോ മനുഷ്യർക്കുള്ളിലും അവർ ഓരോ പ്രവർത്തിയ്ക്ക് മുതിരുമ്പോഴും ആദ്യം ഉന്നയിക്കാൻ പ്രേരിപ്പിക്കുന്ന ചോദ്യം ‘എന്തുകിട്ടും?’ എന്നതാണ്. എത്ര ഫോളോവേഴ്സിനെ ലഭിച്ചു, എത്ര കാര്യങ്ങൾ ചെയ്തുതീർത്തു, എന്തുമാത്രം പ്രശസ്തിയും പണവും ലഭിച്ചു എന്നതിനെ അടിസ്ഥാനമാക്കി ജീവിതവിജയം കണക്കാക്കുന്ന മനോനിലയിൽ വളർന്നുവരുന്ന ജെൻ സി തലമുറയെ സംബന്ധിച്ചിടത്തോളം വായന, പ്രത്യേകിച്ച് ബൗദ്ധികവ്യായാമമെന്ന നിലയിലുള്ള വായന, നാലാൾക്കു മുന്നിൽ കാണിക്കാൻ കൊള്ളാവുന്ന നേട്ടമൊന്നും മുന്നോട്ടുവെക്കുന്നില്ല. ക്ഷണനേരം കൊണ്ട് അനായാസേന നേടാവുന്നതൊന്നും വായനയിലില്ല. ഒരു നോവലോ കവിതയോ വായിച്ചതുകൊണ്ട് നിങ്ങൾക്ക് വരുമാനം ലഭിക്കുന്നില്ല (അതിനൊരു നിരൂപണമെഴുതിയോ റീൽ സൃഷ്ടിച്ചോ ലഭിക്കുന്ന തുച്ഛമായ പ്രതിഫലം ആ പുസ്തകത്തിൻ്റെ വിലയോളമേ വരാനും ഇടയുള്ളൂ). ഒരുകൂട്ടം പുസ്തകങ്ങൾ വായിച്ചുതീർത്തതിൻ്റെ പേരിൽ നിങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ ആരുമില്ല. സ്കൂളുകളിൽ നിന്നടക്കമുള്ള ഗ്രേഡിംഗ്, നേട്ടങ്ങളുടെ കണക്കെടുപ്പ്, സൈബർ ജീവിതത്തിൽ നിന്നും ലഭിക്കുന്ന നിരന്തരപ്രശംസ, സ്വന്തം നേട്ടങ്ങളെ ഒന്നിനുപുറകെ ഒന്നായി പൊടുന്നനെ ലോകമൊട്ടാകെ വിളിച്ചറിയിക്കാനുള്ള സാധ്യത എല്ലാം ശീലിച്ച തലമുറയെ സംബന്ധിച്ചിടത്തോളം അനേകം കാര്യങ്ങൾ നേടിയെടുക്കാവുന്ന സമയമാണ് വായനയിലൂടെ അപഹരിക്കപ്പെടുന്നത്. അതിനാൽത്തന്നെ വായിക്കണമെന്ന ആഗ്രഹം ഉള്ളിൽ വന്നാലും അതിനുവേണ്ടി ചെലവഴിക്കുന്ന സമയത്ത് ചെയ്യാവുന്ന ‘നേട്ടപ്രദാന’മായ മറ്റനേകം കാര്യങ്ങൾ നഷ്ടമാകുന്നെന്നോർത്തുള്ള കുറ്റബോധവും ഈ തലമുറയെ പിടികൂടും. ഒരുപുസ്തകത്തിൻ്റെ രണ്ടാം താളിൽ എത്തുമ്പോഴേക്കും ഈ തോന്നലിനെ അഭിമുഖീകരിക്കേണ്ടി വന്നേക്കും.
ജെൻ സി തലമുറ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന വലിയ പ്രയാസങ്ങളിലൊന്ന് അവരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടാണ്. വിഷാദവും ഉത്ക്കൺഠയും മുതൽ വലിയ രീതിയിലുള്ള മാനസികരോഗങ്ങൾ വരെ ഈ തലമുറയിൽ മുൻതലമുറയെ അപേക്ഷിച്ച് കൂടുതലാണ്. ഇത് പലപ്പോഴും വൈയക്തികമായ ഒരു പ്രതിസന്ധിയിൽ നിന്നും രൂപപ്പെടുന്നതല്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. സ്വാതന്ത്ര്യം, ലൈംഗികത, രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങളിൽ മുൻതലമുറയിൽ നിന്നും വേറിട്ട കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള ഈ തലമുറയെ സാമ്പത്തികമായ അരക്ഷിതാവസ്ഥ, കാലാവസ്ഥ വ്യതിയാനം, രാഷ്ട്രീയമായ അസന്തുലിതാവസ്ഥ, പൊടുന്നനെയുണ്ടാകുന്ന പകർച്ചവ്യാധികളുടെ ആഗോളവ്യാപനം അടക്കമുള്ള കാര്യങ്ങൾ അവരുടെ വൈയക്തികമായ പ്രശ്നങ്ങൾക്കു പുറമെ ആഘാതമേൽപ്പിക്കുന്നുണ്ട്. ജീവിക്കുക എന്ന അടിസ്ഥാനനില തന്നെ പ്രയാസമേറിയതാകുമ്പോൾ, എന്ത് ചിന്തയിൽ നിന്നാണോ സ്വന്തം മാനസികാരോഗ്യത്തെകരുതി അവർ വിട്ടുനിൽക്കാൻ ശ്രമിക്കുന്നത് അതേ ചിന്തയിലേക്ക് ആഴത്തിൽ പ്രവേശിക്കാൻ ഇടനൽകുന്ന പുസ്തകങ്ങളിൽ നിന്നും അകലാൻ സാധ്യതയുണ്ട്. അയത്നലളിതമായതും താൽക്കാലികതൃപ്തി നൽകുന്നതുമായ കാര്യങ്ങളിലേക്ക് അവർ ആകർഷിക്കപ്പെടുകയും ചെയ്യുന്നു. വായന പൊതുവിൽ ഇത്തരം മാനസികവ്യഥകളിൽ നിന്നും മുക്തിനേടാനുള്ള ശീലം കൂടിയാണെങ്കിലും മാനസികാരോഗ്യം മോശമായ അവസ്ഥയിൽ വായിക്കാനായി ഒരു പുസ്തകം കൈയ്യിലെടുക്കാനുള്ള സാധ്യത കുറവാണെന്നതാണു യാഥാർത്ഥ്യം. വായിച്ചുതീർക്കുക എന്ന മറ്റൊരു കടമ്പയായി മാത്രമാണ് പലപ്പോഴും ഇത് അനുഭവപ്പെടുക.
സമയമില്ല എന്നതാണ് പുതിയ തലമുറയിൽ നിന്നും പലപ്പോഴും കേൾക്കാനിടയുള്ള കാര്യം. എന്നാൽ ഇതൊരിക്കലും അവരുടേത് തിരക്കുപിടിച്ച ജീവിതമാണെന്നതുകൊണ്ട് മാത്രമല്ല. അവരുടെ സമയം അഞ്ച് മിനുറ്റ് അവിടെ പത്ത് മിനുറ്റ് ഇവിടെ എന്നമട്ടിൽ ഛിന്നഭിന്നമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളും ഇതര സൈബറിടങ്ങളും അവരുടെ ദിവസത്തിൽ നിന്നുമുള്ള സമയത്തെ നിരന്തരം അപഹരിച്ചുകൊണ്ടിരിക്കുകയാണ്. വായനയ്ക്കാകട്ടെ മറ്റു ശല്യങ്ങളില്ലാത്ത കുറച്ചുസമയം മാറ്റിവെക്കേണ്ടതായ നിബന്ധനയുണ്ട്. അത്തരം സമയമാണ് പുതിയ തലമുറയിൽ നിന്നും ഇല്ലാതായിരിക്കുന്നത്. ഒന്നോ രണ്ടോ മണിക്കൂർ വായനയ്ക്കായി കണ്ടെത്താവുന്ന ദിവസമാണെങ്കിൽ ആ സമയം യൂട്യൂബ് പോലെയുള്ള വീഡിയോ പ്ലാറ്റ്ഫോമുകളും ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും സ്വന്തമാക്കാനാണ് സാധ്യത. അതൊരിക്കലും അവ വായനയെക്കാൾ മെച്ചപ്പെട്ടവ ആയതിനാലല്ല. അയത്നലളിതമായി ആസ്വദിക്കാവുന്ന കാര്യമാണെന്നതുകൊണ്ടാണ്.
ഒരാളുടെ സ്വകാര്യവും വൈയക്തികവുമായ പ്രവൃത്തിയായാണ് പൊതുവെ വായനയെ കരുതിപ്പോരുന്നത്. പുതിയ തലമുറയാകട്ടെ സമൂഹികജീവിതത്തിൻ്റെയും ആൾക്കൂട്ടത്തിൻ്റെയും ഭാഗമായി നിൽക്കാനുള്ള ത്വരയിൽ കഴിയുന്നവരുമാണ്. നിരന്തരം ബന്ധം പുലർത്തുക, കാര്യങ്ങൾ പങ്കുവെക്കുക, ചുറ്റുമുള്ളവരിൽ നിന്നും പിന്തുണയുറപ്പിക്കുക എന്നതാണ് അവരെ സംബന്ധിച്ച് പ്രധാനം. അങ്ങനെയുള്ള സാഹചര്യത്തിൽ നിൽക്കുന്നവർക്ക് വായന അവരെ തനിച്ചാക്കുന്ന പ്രവൃത്തിയായി അനുഭവപ്പെടും, പ്രത്യേകിച്ച് മറ്റുള്ളവരുമായി പങ്കുവെക്കാനോ സംവദിക്കാനോ പറ്റുന്നവയല്ല തങ്ങളുടെ വായനയെങ്കിൽ. എല്ലാവരും വായിക്കുന്നതുതന്നെ തങ്ങളും വായിക്കുക എന്നതാണു വായന ശീലമാക്കുന്നവരുടെ പോലും പരിഗണനയായി വരുന്നത്. ഈ സാഹചര്യത്തെ ബുക്ക്ടോക്ക്, ഗുഡ്റീഡ്സ് പോലെയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുന്നത് കാണാം. പുതിയ തലമുറയ്ക്ക് വായന ഒരു സാമൂഹികപ്രക്രിയയുടെ ഭാഗമാക്കാൻ ഇത് അവസരമൊരുക്കുന്നു. എന്നാൽ ഇത്തരം പ്ലാറ്റ്ഫോമുകൾ ആവശ്യപ്പെടുന്ന പ്രകടനപരത വായിക്കുന്നവരിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിലേക്ക് നയിക്കുന്നു. മറ്റുള്ളവരെ കാണിക്കാൻ കൊള്ളാവുന്ന പ്രവൃത്തിയായി വായന നിലനിർത്തേണ്ടതായി വരുന്നു. അങ്ങനെയത് തങ്ങൾ എത്രത്തോളം വായിക്കുന്നവരാണ്, തങ്ങളുടെ വായനയ്ക്ക് മറ്റുള്ളവരുടെ പിന്തുണയുണ്ടോ എന്നുള്ള കാര്യങ്ങളിലേക്ക് അവരെ നയിക്കുന്നു.
എഴുതാനും വായിക്കാനും പഠിക്കുക എന്നതിനപ്പുറത്തേക്ക് സാഹിത്യാഭിരുചി വളർത്തുന്ന കുടുംബാന്തരീക്ഷത്തിലല്ല ഇപ്പോഴും നമ്മുടെ കുട്ടികൾ വളരുന്നതെന്നതിനാൽ ഒരു ശീലം എന്ന രീതിയിൽ വായനയെ ഉപയോഗപ്പെടുത്തുന്നത് ഒരു പുതിയ വഴി കണ്ടെത്തുന്നതുപോലുള്ള ഏർപ്പാടായാണു പലപ്പോഴും ചെറുപ്പക്കാരിൽ അനുഭവപ്പെടുന്നത്. ജെൻ സി തലമുറയിലെത്തുമ്പോൾ അവർ നിരന്തരം ഇടപെടുന്ന അൽഗോരിതമാണ് അവരുടെ ഇഷ്ടം മനസ്സിലാക്കി വേണ്ടതെല്ലാം നിർദ്ദേശിക്കുന്നത്. അതേസമയം അത്തരം യന്ത്രയുക്തിയ്ക്ക് വഴങ്ങുന്നവയല്ല പുസ്തകത്തെ സംബന്ധിച്ച നിർദേശങ്ങൾ. അടുത്ത വായന എന്താകണമെന്ന ആലോചനയിൽ, ആ പുസ്തകം തിരഞ്ഞെടുക്കാൻ പരിശ്രമം ആവശ്യമായി വരുന്നു. ഇഷ്ടത്തിനു വേണ്ടതെല്ലാം ലഭിച്ചു ശീലിക്കുന്നവർക്ക് ഇത് കുറേക്കൂടി പ്രയാസമുണ്ടാക്കും.
ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ ആവശ്യപ്പെടുന്നതിനെക്കാൾ ആസ്വദിക്കുന്നയാളുടെ ഭാവനയുടെ ഇടപെടൽ വായന ആവശ്യപ്പെടുന്നുണ്ട്. ദൃശ്യ-ശ്രവ്യ മാധ്യമളിൽ ഒരു ലോകം നിങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്നാൽ വായനയിൽ നിങ്ങളാണു നിങ്ങൾക്കായി അത് സൃഷ്ടിക്കുന്നത്. ദൃശ്യ-ശ്രവ്യ മാധ്യമ മാധ്യമങ്ങളിലൂടെ അനുഭൂതിലോകം ശീലിപ്പിക്കപ്പെട്ട പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം ഭാവനയുപയോഗിക്കുക എന്നത് കുറേക്കൂടി അപരിചിതമാണ്. മനുഷ്യർ അടിസ്ഥാനപരമായി ശീലിക്കേണ്ട ഒരു കഴിവാണ് അതെങ്കിൽക്കൂടിയും വായന അത്തരത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നായി പലരും ഇക്കാലത്ത് തിരിച്ചറിയുന്നില്ല. മറ്റെല്ലാ തലമുറയെയും പോലെ ജെൻ സിയും സ്കൂളുകളിൽ നിന്നാണു വായനാശീലത്തിലേക്കുള്ള ആദ്യത്തെ ചുവടുവെക്കാൻ ഇടയുള്ളത്. വിശകലനം ചെയ്യാനും വിമർശിക്കാനുമുള്ള ശ്രമങ്ങൾക്കാണ് അദ്ധ്യാപകരിൽ നിന്നടക്കം ശിക്ഷണം ലഭിക്കാനിടയുള്ളത് എന്നിരിക്കെ വായനയുടെ ആസ്വാദനതലം പലപ്പോഴും ഇക്കാലത്ത് അനുഭവവേദ്യമായിക്കൊള്ളണമെന്നില്ല. ഇത് ക്രമേണ വായനയിൽ നിന്നും അകലാനും കാരണമാകാം. സ്കൂളുകളിൽ നിന്നും നിർദേശിക്കപ്പെടുന്ന പുസ്തകങ്ങളിൽ പലപ്പോഴും പുതിയ തലമുറയ്ക്ക് അവരെ അനുഭവിക്കാനാകുന്നില്ല എന്നതും വായനയിൽ നിന്നുള്ള അകൾച്ചയ്ക്ക് കാരണമാകാം.
സാമ്പത്തിക അരക്ഷിതാവസ്ഥയാണ് വായനയിൽ നിന്നും അകലാനുള്ള മറ്റൊരു കാരണം. വായനയ്ക്ക് സമയം ആവശ്യമാണ്. ആ സമയമാകട്ടെ അക്ഷരാർത്ഥത്തിൽ വിലയേറിയതുമാണ്. ജീവിതത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് തൊഴിലിനെ സംബന്ധിച്ച് വരുമാനത്തിലധിഷ്ടിതമായ ലക്ഷ്യങ്ങളോടെ മുന്നോട്ട് നീങ്ങുന്നവരാണു ഭൂരിപക്ഷം പുതുതലമുറയും. ഇതിൻ്റെ ഭാഗമായി ഇവർ എടുക്കുന്ന വിദ്യാഭ്യാസവായ്പ്പ, അനിശ്ചയമായ തൊഴിൽസാധ്യത, ജീവിതച്ചിലവ് വർദ്ധന എന്നിവ ചെറുപ്രായത്തിൽ തന്നെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇങ്ങനെയുള്ള അന്തരീക്ഷത്തിൽ തങ്ങളുടെ ബൗദ്ധികവും മാനുഷികവുമായ വളർച്ച എന്നതിനെക്കാൾ വിപണിയ്ക്കും മത്സരബുദ്ധിയ്ക്കും വഴങ്ങുന്ന വിധത്തിൽ നിലനിൽപ്പിനായുള്ള പരിശ്രമങ്ങളിലാണ് അവർക്ക് ഏർപ്പെടേണ്ടി വരുന്നത്. വിദ്യാഭ്യാസകാലത്ത് തൊഴിൽ ചെയ്തു തുടങ്ങുന്നു. തൊഴിലിൽ നിലനിൽക്കാൻ നിരന്തരം തങ്ങളുടെ തൊഴിൽ സംബന്ധമായ കഴിവുകൾ വികസിപ്പിക്കാനായി പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. വ്യക്തിത്വവികാസം പോലും തങ്ങളെ തൊഴിൽ രംഗത്തോ വിപണിയിലോ എത്ര നന്നായി വിൽക്കാം എന്നതിലേക്ക് കേന്ദ്രീകരിച്ചുള്ളതുമായി മാറുന്നു. വായിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തുന്നവരല്ല പുതിയ തലമുറ, മറിച്ച് അതിനായി ചെലവഴിക്കുന്ന സമയം തങ്ങളെ പലരെക്കാളും പിന്നിലാക്കും എന്ന തോന്നലിൻ്റെ പിടിയിലാണ് അവർ.
രാഷ്ട്രീയവും സാംസ്കാരികവുമായി വലിയ മാറ്റങ്ങൾക്ക് സമൂഹവും മനുഷ്യബന്ധങ്ങളും വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്തിൽ പരമ്പരാഗതമായ സദാചാരത്തെയല്ല പുതിയ തലമുറയ്ക്ക് നേരിടേണ്ടതായി വരുന്നത്. അവർക്ക് അഭിസംബോധന ചെയ്യേണ്ടതായ രാഷ്ട്രീയശരികളും അതുന്നയിക്കുന്ന ചോദ്യങ്ങളെയും നേരിടാൻ പലപ്പോഴും ലോകം മുന്നോട്ടുവെക്കുന്ന ക്ലാസിക്കുകൾ എന്നു വിളിക്കുന്ന പഴയ കൃതികളിലൂടെ സാധിക്കണം എന്നില്ല. എന്നുമാത്രമല്ല അവർക്ക് വിയോജിപ്പിനുള്ള ഇടമാണു അവയിലേറെയുമെന്നതാണ് വാസ്തവം. നീതിയുടെയും സമത്വത്തിൻ്റെയും കലാവാസ്ഥാ വ്യതിയാനത്തിൻ്റെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെയും ന്യായാന്യായങ്ങളെ പുതിയ തലമുറ സമൂഹമാധ്യമങ്ങളും സമാനരുടെ കൂട്ടങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് അഭിസംബോധന ചെയ്യുന്നുണ്ട്. കർമ്മോന്മുഖരായ അവർക്കാകട്ടെ കാര്യങ്ങളെ വിശകലനം ചെയ്യുന്നതിനെക്കാൾ വിഷയത്തിൽ അടിസ്ഥാനധാരണയുണ്ടാക്കി പ്രവൃത്തിയിലേക്ക് കടന്നുചെല്ലാനാണു താല്പര്യമേറുന്നത്. സൈബറിടങ്ങളിൽ ലഭ്യമാകുന്ന വിവരങ്ങളിലധിഷ്ഠിതമായ തങ്ങളുടെ ധാരണകൾ നിർണ്ണയിക്കാനാണ് താല്പര്യം. പ്രവർത്തിക്കുക എന്നത് ജെൻ സി തലമുറയിലെ രാഷ്ട്രീയജാഗ്രതയുള്ളവരെ സംബന്ധിച്ച് പ്രധാനമാകുന്നു. വായനയാകട്ടെ കാര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുക, വിശകലനം ചെയ്യുക എന്നതിനു സഹായകമായ പ്രവൃത്തിയുമാണെന്നിരിക്കെ ഇത് അപ്രധാനമായും അവർക്ക് അനുഭവപ്പെടുന്നു. ഒരു പ്രതിരോധമാർഗ്ഗം എന്ന നിലയിൽ അറിവിനെ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം മുൻതലമുറയെ അപേക്ഷിച്ച് ജെൻ സി തലമുറയിൽ കൂടുതലാണെന്നുവേണം അനുമാനിക്കാൻ.
ദളിത്, സ്ത്രീപക്ഷ, ലിംഗസമത്വ, അപകോളനീകരണ, രാഷ്ട്രീയ സിദ്ധാന്തങ്ങളിൽ തല്പരരായവരുണ്ടെന്നിരിക്കെ ഇവരുടെ അറിവുൽപ്പാദനത്തിൻ്റെ പ്രധാന ആശ്രയം പുസ്തകങ്ങൾക്കു പകരം വീഡിയോകളും റീലുകളുമായി മാറിയിട്ടുണ്ട്. ഇതുവഴി ഇത്തരം വിഷയങ്ങളുടെ സ്പൂൺഫീഡിംഗ് നടക്കുകയും അതേസമയം വിശാലാർത്ഥത്തിൽ അവയെ ഉൾക്കൊള്ളാൻ സഹായിക്കുന്ന പുസ്തകവായന പിന്തള്ളപ്പെടുകയും ചെയ്യുന്നു.
ജെൻ സി തലമുറയുടെ വൈകാരികഭാഷ മീമുകളിലൂടെ പ്രകടിപ്പിക്കപ്പെടുന്നതായി മാറിയിട്ടുണ്ട്. തങ്ങളുടെ മാനസിക, വൈകാരികവ്യഥകളും അസ്തിത്വപരമായ പ്രശ്നങ്ങളും മീമുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തമാശരൂപേണ മറ്റുള്ളവർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നവരാണ് ഏറെയും. കാര്യങ്ങളെ വളരെ ഉപരിപ്ലവമായി നേരിടുന്നതിലേക്കും അത്തരം പോംവഴികളിൽ ചെന്നെത്തുന്നതിലേക്കും ഇത് നയിക്കുന്നു. പ്രയാസങ്ങളെ ആൾക്കൂട്ടത്തിൽ തമാശയാക്കി ആഘോഷിക്കുന്ന സാംസ്കാരികമാറ്റം വേദനയെ ആഴത്തിൽ അറിയാനും വിശകലനം ചെയ്യാനും സഹായിക്കുന്ന വായനയിൽ നിന്നും അവരെ അകലാൻ പ്രേരിപ്പിക്കുന്നുണ്ട്. വേദനാജനകമായ അവസ്ഥകളിൽ നിന്നും എളുപ്പത്തിൽ മോചനം നേടാൻ ഇതവരെ സഹായിക്കുന്നുണ്ട്. വായനയാകട്ടെ വേദനാജനകമായ അനുഭവങ്ങളിൽ നിന്നുള്ള മോചനം സമയമെടുത്ത് സാധ്യമാക്കുന്ന പ്രവൃത്തിയുമാണ്. മീമുകളിലൂടെ സാധ്യമാകുന്ന ഈ ആശ്വാസം കണ്ടെത്തൽ ഒരു ഉപരിപ്ലവ പ്രവൃത്തിയായി മാത്രം വിലയിരുത്താനും സാധിക്കില്ല. അത് അതിജീവനത്തിനു സഹായിക്കുന്ന ഒന്നായിരിക്കെ.
ഇത്തരം വെല്ലുവിളികളെല്ലാം മുന്നിൽ നിൽക്കെ അറിവുതേടലിൽ നിന്നും വിട്ടുനിൽക്കുന്നവരല്ല പുതിയ തലമുറ. അറിവുതേടലിന് പുസ്തകത്തെക്കാൾ മറ്റു മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിലേക്ക് അവർ തിരിഞ്ഞിരിക്കുകയാണ്. തങ്ങൾക്കു ആവശ്യമുള്ള വിവരങ്ങൾ ഞൊടിയിടയിൽ ആവശ്യമായ രീതിയിൽ ലഭ്യമാകുന്ന അന്തരീക്ഷമുണ്ടായിരിക്കെ 300-400 പേജുകളുള്ള പുസ്തകങ്ങൾ വായിച്ച്, വിശകലനം ചെയ്തു, തങ്ങളുടെ ചിന്താശേഷിയും ഭാവനയും ഉപയോഗപ്പെടുത്തി ഒരു നിഗമനത്തിലേക്കോ തീരുമാനത്തിലേക്കോ സാവധാനം ചെന്നെത്തുന്നതിൽ നിന്നാണ് അവരുടെ പിന്മാറ്റം.
ശരീരത്തിൻ്റെ ആരോഗ്യത്തിനു വ്യായാമം എത്രത്തോളം പ്രധാനമാണോ അത്രത്തോളം പ്രധാനമാണ് മാനസികാരോഗ്യത്തിനു മനുഷ്യൻ്റെ ചിന്താശേഷിയും ഭാവനയുമുണർത്തുന്ന ബൗദ്ധികവ്യായാമങ്ങൾ. രണ്ടായിരത്തിനു മുമ്പ് ബോഡിബിൽഡിംഗ്, സിനിമ പോലെയുള്ള ആരോഗ്യവും ശരീരസൗന്ദര്യവും പ്രധാനമായ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് ജിമ്നേഷ്യം പോലെയുള്ള സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്നത്. പിൽക്കാലത്ത് കായികക്ഷമത കൂടി ഉറപ്പുവരുത്തുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ എണ്ണം വൻതോതിൽ കുറഞ്ഞത് ശാരീരികാരോഗ്യം ഉറപ്പുവരുത്തുന്നത് ഒരു സവിശേഷ പ്രവർത്തിയായി മാറാൻ ഇടയാക്കി. ഈ മട്ടിൽ ആർട്ടിഫിഷ്യൻ ഇൻ്റലിജൻസിൻ്റെ ഇക്കാലത്ത് മനുഷ്യർ അവരുടെ തലച്ചോറിനെ ആശ്രയിക്കുന്നത് കുറയുന്നതായി കാണാം. ഇങ്ങനെയുള്ള വരുംകാലത്ത് വായന പോലുള്ള പ്രവൃത്തികൾ ദൈനംദിന ജീവിതത്തിൽ അനിവാര്യമാണ് എന്നൊരു ഘട്ടത്തിലേക്ക് ജെൻ സി തലമുറയും അവർക്കു ശേഷമുള്ളവരും ചെന്നെത്താനിടയുണ്ട്. അത്തരത്തിൽ മനുഷ്യൻ്റെ ബൗദ്ധികശേഷികളെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന പുസ്തകങ്ങൾക്കു ഇത്തരം ആവശ്യകത സമീപഭാവിയിൽ പ്രതീക്ഷിക്കാം. എന്തെന്നാൽ മനുഷ്യരായി നിലനിൽക്കുക എന്ന അടിസ്ഥാനനില ഉറപ്പിക്കാൻ സഹായിക്കുന്ന പ്രവൃത്തികളിലൊന്നാണല്ലോ വായനയും.
ദേശാഭിമാനി വാരിക ജുലൈ 6, 2025 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്