
തുടക്കം മുതൽ ഒടുക്കം വരെ തുടങ്ങിയ ഇടത്തുതന്നെ നിൽക്കുന്ന കവിത വായനക്കാരിൽ മുഷിപ്പുണ്ടാക്കാം. ഒരിടത്ത് തുടങ്ങി മറ്റൊന്നിലേക്കുള്ള തിരിവുകളോ മാറ്റങ്ങളോ എല്ലാത്തരം സാഹിത്യരൂപങ്ങളിലും പ്രധാനമാണ്. ലേഖനങ്ങളിൽ എന്തിനെപ്പറ്റിയാണോ എഴുതിയത് അതിന്റെ രത്നചുരുക്കമോ നിഗമനമോ ഒക്കെ അവസാനവരിയോ ഖണ്ഡികയോ ആകുന്നത് പോലെ ഉദ്വേഗജനകമായ കഥയിൽ ക്ലൈമാക്സ് പ്രധാനമാകുന്നത് പോലെ ഇത്തരം തിരിവുകൾ കവിതയ്ക്കും പ്രധാനമാണ്. അമേരിക്കൻ കവി റാന്ദൽ ജറൽ ഇങ്ങനെ പറയുന്നു: ‘ഒരു മികച്ച കവിത ഒരിടത്തു നിന്നും തുടങ്ങി തികച്ചും വ്യത്യസ്തമായ മറ്റൊരിടത്ത് അവസാനിച്ചേക്കാം. ഇത് വളരെ വൈരുദ്ധ്യമുള്ള ഒരിടത്തേക്കുള്ള മാറ്റം പോലുമാകാം. എന്നാൽ ആ കവിതയുടെ ആദിമദ്ധ്യാന്തമുള്ള പൊരുത്തം വളരെ പ്രധാനമാണ്.‘ കവിതയുടെ മെറ്റഫെറിക്കൽ സ്വഭാവം മാറ്റിനിർത്തിയാൽ ആശ്ചര്യജനകമായ തിരിവുകൾ ആണ് കാവ്യാനുഭവം സാധ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ലിറിക് കവിതകളിലും ഹൈക്കു കവിതകളിലും ഈ തിരിവുകൾ സംഭവിക്കുന്നത് കൃത്യമായ ഒരിടത്തായിരിക്കും. ഇറ്റാലിയൻ ഗീതകങ്ങളിൽ ഈ തിരിവുകൾ വോൾട്ട എന്ന് അറിയപ്പെടുന്നു. ഏത് വിഷയത്തെപ്പറ്റി എഴുതിയതായാലും കവിതയ്ക്കുള്ളിൽ കാവ്യാനുഭവം സാധ്യമാക്കുന്ന വിധത്തിൽ നടക്കുന്ന ഇത്തരം പരിവർത്തനങ്ങളെ റാന്ദൽ ജറലിനെ പോലുള്ളവർ കവിതയുടെ ഘടന (structure) എന്ന് വിളിക്കുന്നു. കവിതയുടെ ഘടനയും രൂപവും (form) ഒന്നായിക്കണ്ടുകൊണ്ടാണ് പലരും അതേപ്പറ്റി സംസാരിക്കാറുള്ളത് എന്നിരിക്കെ ഇങ്ങനെയൊരു കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നത് ഘടനയെയും രൂപത്തെയും കൃത്യമായി വേർതിരിച്ച് മനസ്സിലാക്കാൻ സഹായിക്കും എന്നുമാത്രമല്ല കവിതകൾ പ്രത്യേകിച്ച് വൃത്തരഹിതകവിതകൾ കാവ്യാനുഭവം എങ്ങനെ സാധ്യമാക്കുന്നുവെന്നു വിലയിരുത്തുന്നതിനും ഉപകരിക്കും.
ഓരോ എഴുത്തിനും അതിന്റെതായ ലക്ഷ്യങ്ങളുണ്ട്. കവിതയുടെ കാര്യത്തിൽ ലോകത്തെ മറ്റൊരു രീതിയിൽ നോക്കിക്കാണാൻ പ്രേരിപ്പിക്കുകയോ വായനക്കാരിലെ വികാരമുണർത്തുകയോ ഒരു ഞെട്ടലോ അത്ഭുതമോ പോലുള്ള അനുഭൂതി പങ്കിടുകയോ ചിന്തയോ ആശയമോ പങ്കുവെക്കുകയോ ഒക്കെയാകാം ലക്ഷ്യം. ചിലപ്പോൾ ഇതെല്ലാം ഒന്നിച്ച് സാധ്യമാക്കുകയുമാകാം. ഇത്തരം ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ഘടനയിലൂടെയാണ്. വെളിപ്പെടുത്തേണ്ട കാര്യങ്ങൾ ഏത് സമയത്ത് എങ്ങനെ വെളിപ്പെടുത്തണമെന്നും അതുവഴി വായനക്കാരിൽ ആഘാതം എങ്ങനെ ഏൽപ്പിക്കാമെന്നും നിർണ്ണയിക്കുന്നത് കവിതയുടെ ഘടനയാണ്. ഘടനയ്ക്ക് ഇരട്ടദൗത്യങ്ങളുണ്ട്. എപ്പോൾ എന്ത് വെളിപ്പെടുത്തണം എന്നു തീരുമാനിക്കുക. അതേസമയം വെളിപ്പെടുത്തേണ്ട വിവരമായിരിക്കുക. മറ്റൊരുവിധം പറഞ്ഞാൽ ഉള്ളടക്കത്തിൽ നിന്നും വേറിട്ടുകൊണ്ട് ഘടനയ്ക്ക് നിലനിൽപ്പില്ല. ഒരു വികാരത്തിലേക്കോ പ്രവർത്തിയിലേക്കോ പ്രത്യേകകാര്യം മനസ്സിലാക്കുന്നതിലേക്കോ വായനക്കാരെ നയിക്കുന്ന കവിതയുടെ മാർഗമാണ് ഘടന. കവിതയുടെ ഘടനയുടെ പ്രവർത്തനം കൂടുതൽ വ്യക്തക്കാൻ സഹായിക്കുന്ന ഒരു കവിതയാണ് ടി. പി. വിനോദിന്റെ 'തിരുത്ത്'
വീട്ടില്‍ തിരിച്ചെത്തി
വാതില്‍ തുറന്നപ്പോള്‍
അടക്കാന്‍ മറന്ന
ജനാലയിലൂടെ
അകത്തുവന്നിരിപ്പുണ്ട്
ഒരു പൂമ്പാറ്റ
അല്ലല്ല,
തുറന്നുവെച്ച
ജനാലയിലൂടെ
അകത്തുവന്നതാണ്
പൂമ്പാറ്റയെന്ന്
പൊടുന്നനെയതിന്റെ
പറക്കം
എന്റെ മറവിയെ
സൌന്ദര്യത്തിലേക്ക്
ചെറുതായൊന്ന്
തിരുത്തിക്കളഞ്ഞു.
പറയാനുള്ള കാര്യം നമ്മളിലേക്ക് പൊടുന്നനെ വന്നെത്തുന്നതാകാം. എന്നാൽ എങ്ങനെ പറയണം എന്നതും എന്തൊക്കെ എപ്പോൾ പറയണം എന്നതും കൃത്യമായും നമ്മുടെ തിരഞ്ഞെടുപ്പാണ്. ഒരു കവിത വായിക്കുന്ന ആളിൽ അയാളുടെ ഭാവന പ്രവർത്തിക്കുക വായിക്കുന്ന വരിയെ മാത്രം കണ്ടുകൊണ്ടല്ല. അടുത്തവരിയിൽ എന്തുണ്ടാകാം എന്നുകൂടി അയാൾ ആലോചിക്കുകയും ആ ആലോചനയെ അടുത്തവരി എങ്ങനെ നേരിടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാകും ആശ്ചര്യം പോലുള്ള വികാരങ്ങൾ ഉണ്ടാകുക. എന്നുമാത്രമല്ല ഇതിനോടകം വായിച്ചതൊക്കെയും ചേർത്തുവെച്ചാകും അയാൾ ഓരോ വരിയിലൂടെയും മുന്നോട്ട് പോകുന്നത്. അതിനാൽ കവിതയുടെ ഘടനയെന്നു പറയുന്നത് കവിത ആകെത്തുകയിൽ എന്ത് എങ്ങനെ പറയുന്നു എന്നതിനും ഓരോ വരിയിലും വാക്കിലും എന്ത് വെളിപ്പെടുത്തുന്നു എന്നതിനും ഒപ്പം വായനക്കാരൻ ഓരോ വാക്കിനോടും വരിയോടും എങ്ങനെ പ്രതികരിക്കുമെന്നത് കണക്കാക്കി കൂടിയാണ് നിർണ്ണയിക്കപ്പെടുന്നത്.
കഥയിലും നോവലിലും ആഖ്യാനതന്ത്രമെന്നു പരാമർശിക്കുന്നതിനു സമാനമായ കാര്യമാണ് ഇവിടെ കവിതയുടെ ഘടനയായി കണക്കാക്കുന്നതെന്നു തോന്നാം. കഥയിൽ അടുത്തതായി എന്ത് സംഭവിക്കുമെന്ന ഉദ്വേഗത്തിനാണ് പ്രാഥമികപരിഗണന. കവിതയിൽ അങ്ങനെയൊരു ആകാംക്ഷ പലപ്പോഴും ഉണ്ടാകാറില്ല. അതേസമയം അടുത്ത വരിയോ വാക്കോ ഉണ്ടാക്കുന്ന ആശ്ചര്യം പ്രധാനമാണ്. നിയതമായ ഒരു പ്ലോട്ട് കഥയിലേതുപോലെ ആവശ്യമല്ലാത്തതിനാൽ കവിതയുടെ പ്രാഥമികപരിഗണനയിൽ വരുന്ന കാര്യമല്ല ആഖ്യാനം. ഇമേജറികൾ ചേർത്തുവെച്ചും കവിത സാധ്യമാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ കഥയിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന ആദ്യത്തെ കാര്യം ഉദ്വേഗമാകുമ്പോൾ രണ്ടാമത്തെ കാര്യമാണ് അശ്ചര്യം. കവിതയിൽ നേരെ തിരിച്ചും. ഒരു നല്ല കവിതയിൽ ആശ്ചര്യപ്പെടുത്തുന്ന നിമിഷങ്ങൾ തീർച്ചയായും ഉണ്ടായിരിക്കും. ഒരു വായനക്കാരനെ തൃപ്തിപ്പെടുത്തുന്നതിൽ കവിതയിലെ ഇത്തരം നിമിഷങ്ങൾക്ക് വലിയ പങ്കുണ്ട്.
കവിതയുടെ ആഖ്യാനപരമായ ഒഴുക്കും ആ ഒഴുക്കിനിടയിലെ തിരിവുകളെയും പറ്റി ആലോചിക്കുമ്പോൾ നമുക്ക് വളരെപെട്ടെന്നു പിടികിട്ടാവുന്ന ഒരു ഘടന കഥയും ലേഖനങ്ങളും ഒക്കെ മിക്കപ്പോഴും പിന്തുടരുന്ന വിശദാംശങ്ങളിൽ നിന്നും കണ്ടെത്തലിലേക്ക് നയിക്കുന്ന ഘടനയാകും. ഈ ഘടനയിലുള്ള കവിതകൾക്കു രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും. ഒരു വസ്തുവിനെയോ കാര്യത്തെയോ സന്ദർഭത്തെയോ കുറിച്ച് വിശദീകരണം നൽകുന്ന ആദ്യഭാഗവും ഇതിൽ നിന്നുമെത്തുന്ന നിഗമനമായോ ധ്യാനമായോ കണക്കാക്കാവുന്ന രണ്ടാമത്തെ ഭാഗവും. വായനക്കാരന്റെ ചിന്തയെയോ ഭാവനയെയോ വികാരത്തെയോ പൊടുന്നനെ ഒരു തിരിവിലൂടെ ഉണർത്താൻ സാധിക്കുന്ന രണ്ടാമത്തെ ഭാഗമാണ് ഈ ഘടനയുള്ള കവിതകളിൽ കാവ്യാനുഭവം സാധ്യമാക്കുന്നത്. അതിനെ ബലപ്പെടുത്തുകയാണ് ആദ്യഭാഗത്തിന്റെ ദൗത്യം. കെ. സച്ചിദാനന്ദന്റെ ‘ഭ്രാന്തന്മാർ‘, പി. എൻ. ഗോപീകൃഷ്ണന്റെ ‘അപൂര്‍ണ്ണമായതുകൊണ്ടു മാത്രമല്ല, കലയില്‍ ഞാന്‍ വിശ്വസിക്കുന്നത്‘ എന്നിങ്ങനെ നിരവധി കവിതകൾക്കുള്ളത് ഈ ഘടനയാണ്. താരതമ്യേന എല്ലാവർക്കും പരിചിതമായതും പെട്ടെന്നു തിരിച്ചറിയാനാകുന്നതുമായ സങ്കീർണ്ണത കുറഞ്ഞ ഘടനകളിൽ ഒന്നാണിത്. ഒന്നിലധികം ഘടനങ്ങൾ ചേർന്നുണ്ടാകുന്ന ഘടനകളും കവിതയ്ക്ക് ഉണ്ടാകാറുണ്ട്. Structure & Surprise: Engaging Poetic Turns എന്ന പുസ്തകത്തിലും ഇതിനു അനുബന്ധമായി തുടങ്ങിയ ബ്ലോഗിലും മൈക്കൾ ത്യൂൻ ഇത്തരത്തിൽ നിരവധി ഘടനകളെക്കുറിച്ച് കവിതകളെ ഉദാഹരിച്ചുകൊണ്ട് വിലയിരുത്തൽ നടത്തുന്നുണ്ട്. അവയിൽ നിന്നും ചില ഘടനകൾ:
ചാക്രികഘടന: ഒരിടത്തു നിന്നും തുടങ്ങി അതേ ഇടത്തേക്കു തന്നെ തിരിച്ചെത്തുന്ന കവിതകൾ. ഇത്തരം കവിതകളുടെ പ്രത്യേകത അവയുടെ പ്രമേയം പലപ്പോഴും ഒരു മാറ്റത്തിലൂടെ കടന്നുപോയി പൂർവ്വസ്ഥിതിയിലേക്കു എത്തുന്നതാകുമെന്നതാണ്.
രൂപക-അർത്ഥ ഘടന: രണ്ട് ഭാഗങ്ങളുള്ള ഈ ഘടനയിൽ ഒരു കാര്യത്തെയോ സന്ദർഭത്തെയോ സൂചിപ്പിക്കുന്ന രൂപകമോ രൂപകവർണ്ണനയോ ആയിരിക്കും ആദ്യഭാഗത്ത്. രണ്ടാം ഭാഗത്ത് രൂപകം എന്തിനെയാണോ അർത്ഥമാക്കുന്നത് അതിലേക്കുള്ള സൂചനയും. ഒരു കടങ്കഥയുടെ സ്വഭാവം ഈ ഘടനയിലുള്ള കവിതകൾക്കു ഉണ്ടാകും.
ചോദ്യോത്തരഘടന: ചോദ്യങ്ങളും ഉത്തരങ്ങളുമായി വികസിച്ചു വരുന്ന കവിതകൾ.
താരതമ്യഘടന: ഒന്നിലധികം സന്ദർഭങ്ങളെയോ കാര്യങ്ങളെയോ പരസ്പരബന്ധം പ്രത്യക്ഷത്തിൽ വ്യക്തമാക്കാതെ ചേർത്തുവെച്ച രീതിയിൽ ആയിരിക്കും ഇത്തരം കവിതകളുടെ ഘടന. അവയുടെ പരസ്പരബന്ധം കണ്ടെത്താനുള്ള ആലോചനയിൽ നിന്നുമാണ് വായിക്കുന്നയാളിൽ കാവ്യാനുഭവം സാധ്യമാകുന്നത്. വിവരണാത്മകമല്ലാതെ ഇമേജുകൾ ചേർത്തുവെച്ച് എഴുതുന്ന കവിതകളിലാണ് ഈ ഘടന കൂടുതലായും കാണുന്നത്.
ഇത്തരം നിരവധി ഘടനകൾ കവിതകൾക്ക് സാധ്യമാണ്. ഓരോ കവിത വായിക്കുമ്പോഴും അതിൽ എന്താണ് കാവ്യാനുഭവം സാധ്യമാക്കിയത് എന്ന് ആലോചിക്കുന്നതിനൊപ്പം എങ്ങനെയാണ് കാവ്യാനുഭവം സാധ്യമായിരിക്കുന്നത് എന്ന ആലോചന ഉണ്ടാകുന്നിടത്താണ് അതിന്റെ ഘടനയെപ്പറ്റി ചിന്തിക്കേണ്ടി വരുന്നത്. ഘടനയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കവി താൻ പങ്കുവെക്കുന്ന കാര്യത്തെ വായനക്കാരന് അനുഭവപ്പെടുത്തി കൊടുക്കുന്നത്. ആശയങ്ങളുടെ കൈമാറ്റം വ്യവഹാരഭാഷയിലൂടെ സാധിക്കുമെന്നിരിക്കെ അതേ ആശയങ്ങളെ വായനക്കാരനു കാവ്യാനുഭവമായി ലഭിക്കണമെങ്കിൽ കവിതയുടെ ഘടനയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ട്.