കവിതയെഴുതുന്നതിനെ കുറിച്ച് ഉലാവ് എച്ച്. ഹേഗ്

Olav H. Hauge

ഇലക്കുടിലുകളും മഞ്ഞുവീടുകളും എന്ന പേരിൽ വി. രവികുമാർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഉലാവ് എച്ച്. ഹേഗിന്റെ കവിതകൾ  വായിക്കാനെടുത്തപ്പോൾ, അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറയുന്ന പോലെ, ഉണക്കപ്പുല്ലിൽ കത്തിപ്പിടിക്കുന്ന ചെറുനാളം പോലെ ആദ്യമൊക്കെ നിസ്സഹായമായി, അണഞ്ഞും കത്തിയും പിന്നെപ്പിന്നെ ബലം കയറിയും ചീറിയും വളർന്നും സകലതും വിഴുങ്ങിയും ഒരു ചണ്ഡവാതമായിപ്പാഞ്ഞും, മുന്നിൽ വരുന്നതെന്തിനേയും വിഴുങ്ങുന്നൊരു ശക്തിയായി കവിത വരികയായിരുന്നു.

തന്റെ കവിതകളെക്കുറിച്ച് ഉലാവ് ഇങ്ങനെ പറയുന്നു: എന്റെ കവിതകൾ സാധാരണമാണ്‌. നിറം കെട്ടത്, ഭാരം കൂടിയത്. അതായത് വില്യം ബ്ളേക്ക് പറയുന്ന തരം ‘കാവ്യപ്രതിഭ’യൊന്നും അതിലില്ല. അദ്ദേഹത്തിന്റെ കവിതകൾ ജീവനും വെളിച്ചവും നിറഞ്ഞതായിരുന്നു, അനായാസമായിരുന്നു. ഞാനിപ്പോഴും അസ്തിവാരത്തിനു കല്ലു നിരത്തുന്നതേയുള്ളു, അടിയിൽ നിന്നു മുകളിലേക്കു കെട്ടിവരുന്നതേയുള്ളു. മുകളിൽ വരാൻ പോകുന്ന വീടിനെക്കുറിച്ച് എനിക്കു സ്വപ്നം കാണാനേ കഴിയൂ.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നല്ല കവിത കടലാസ്സിൽ പ്രകാശം പരത്തിനില്ക്കും. നിങ്ങൾ പുസ്തകം വായിച്ചടച്ച് അലമാരയിൽ വച്ചിട്ടേറെ നേരം കഴിഞ്ഞും ഏകാന്തമായ അന്ധകാരത്തിൽ അതിന്റെ തിളക്കം കാണാമെന്നും അദ്ദേഹം അവകാശപ്പെടുന്നു. കവിതകളെ അദ്ദേഹം മൂന്നായി തരംതിരിക്കുന്നു:
  • ഈ വശത്തെ കവിതകൾ: സാധാരണ കണ്ണുകൾ കൊണ്ടു കാണുന്നത്.
  • അതിരിലെ കവിതകൾ: മറുവശത്തു നിന്നുള്ള വെളിച്ചം അരിച്ചിറങ്ങി മറ്റു ചിലതായി നമുക്കനുഭവപ്പെടുന്നത്.
  • മറുവശത്തെ കവിതകൾ: എഴുതപ്പെട്ടിട്ടുണ്ടെങ്കിൽത്തന്നെ വളരെ അപൂർവ്വമായത്.

സുന്ദരമായതെന്തെങ്കിലും സൃഷ്ടിക്കുക എന്നതുപോലെ തന്നെ മനോഹരമായ ഒരു സംഗതിയായാണു ഉലാവ് കവിതയെഴുത്തിനെയും കാണുന്നത്, അതാകട്ടെ വ്യക്തിപരമാകണമെന്നുമില്ല. നമുക്കു പുറത്തു നിന്നുകൊണ്ട് നമുക്കെഴുതാനാകുമെന്നു പറയുന്ന അദ്ദേഹം, വിഷയം മനുഷ്യൻ ആകണമെന്നേയുള്ളുവെന്നും അഭിപ്രായപ്പെടുന്നു. നിങ്ങൾക്ക് കണ്ണു കാണില്ലെന്നതോ നിങ്ങൾക്കു മുടന്തുണ്ടെന്നതോ നിങ്ങളുടെ കവിതയുടെ കാര്യത്തിൽ പ്രസക്തമല്ല. വായനക്കാരനെ ആനന്ദിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു കലാസൃഷ്ടിക്കൊരുങ്ങുമ്പോൾ നിങ്ങൾ വ്യക്തിപരതയെ അതിജീവിക്കണം, നിങ്ങളുടെ സ്വകാര്യദുഃഖങ്ങൾ നിങ്ങളിൽത്തന്നെ വയ്ക്കണം.

ഉലാവ് ആകട്ടെ വായനക്കാർക്കുവേണ്ടി എഴുതുക എന്നതൊരു ലക്ഷ്യമായി കാണാത്ത കവിയായിരുന്നു. എമിലി ഡിക്കിൻസണെ ഉദാഹരണമായി എടുത്തുകൊണ്ട് അദ്ദേഹം ഇക്കാര്യത്തിലെ തന്റെ നിലപാട് വ്യക്തമാക്കുന്നു: മറ്റുള്ളവർക്കു വേണ്ടിയാണ്‌ നിങ്ങൾ എഴുതുന്നതെങ്കിൽ നിങ്ങളുടെ രചനകൾ വളരെപ്പെട്ടെന്ന് അതിസാധാരണമായിപ്പോകും. എമിലി തനിക്കു വേണ്ടി എഴുതി. താനെഴുതിയത് മറ്റുള്ളവരെ കാണിച്ചു കിട്ടുന്ന പൊള്ളയായ സന്തോഷം അവർക്കാവശ്യമുണ്ടായിരുന്നില്ല. തന്റെ സമകാലീനർക്കു വേണ്ടിയാണ്‌ അവർ എഴുതിയിരുന്നതെങ്കിൽ അവരുടെ കൃതികൾ ഈ മട്ടാവുമായിരുന്നില്ലെന്നും ഉലാവ് ചൂണ്ടിക്കാണിക്കുന്നു. കവികളിൽ മഹിതിയായി അദ്ദേഹം എമിലിയെ വാഴ്ത്തുന്നു.

കവി തന്റെ വായനക്കാരിൽ ശ്രദ്ധിക്കേണ്ടതില്ല. അയാളുടെ കണ്ണുകൾ നമുക്കറിയരുതാത്ത ഒരു ലക്ഷ്യത്തിലായിരിക്കണം. കവി തന്റെ വാക്കുകൾ എന്തു ഫലമാണ്‌ ജനിപ്പിക്കാൻ പോകുന്നത് എന്നതിൽ ശ്രദ്ധിക്കാൻ പാടില്ല; അയാൾ തന്റെ ദൗത്യത്തിൽ മാത്രം ശ്രദ്ധയൂന്നുക, കളിയിൽ മുഴുകിയ കുട്ടിയെപ്പോലെ. കവിതയുടെ രൂപത്തിനു പ്രത്യേക പരിഗണനയൊന്നും നൽകാനും ഉലാവ് തയ്യാറല്ല. അദ്ദേഹം പറയുന്നു: നിങ്ങൾക്കവർ വീഞ്ഞ് വച്ചുനീട്ടിയാൽ വാങ്ങി അല്പം രുചിക്കുക. ഗ്ലാസ്സിന്റെ രൂപം, അത് ഉരുണ്ടതാണോ ആറു വശമുള്ളതാണോ എന്നതൊന്നും കാര്യമുള്ളതല്ല. അതേ സമയം മനോഹരമായ ഒരു ഗ്ലാസ്സ് സുഖാനുഭൂതിയുടെ അളവ് കൂട്ടുകയും ചെയ്യും.

താളമില്ലാതെ കവിതയെഴുതുന്നത് നീരു വറ്റിയ പുഴയിൽ തോണിയിറക്കുന്ന പോലെയായിട്ടാണു അദ്ദേഹം കാണുന്നത്. താളം ഒരു പുഴയാണ്‌. നിങ്ങൾക്കതിൽ തോണിയിറക്കി ഒഴുക്കിനൊത്തൊഴുകാം, അത് നിങ്ങളെ കൊണ്ടുപൊയ്ക്കോളും. ഓരോ പുതിയ താളവും വേറിട്ടൊരു പുഴയാണ്‌. അതിനൊത്ത തോണി നിങ്ങൾക്കു വേണം. വ്യവസ്ഥാപിതവൃത്തങ്ങളിൽ നിങ്ങൾ സുരക്ഷിതനാനെന്നു പറയുന്നത് അതുകൊണ്ടാണ്‌. താളമുണ്ടായിരിക്കുന്നിടത്തോളം വൃത്തമുക്തമായി കവിതയെഴുതുന്നതിൽ തെറ്റില്ല.

ഇലക്കുടിലുകളും മഞ്ഞുവീടുകളും

കവിയാകണമെന്നു ലക്ഷ്യമിടുന്നവരോട് അദ്ദേഹം ആഭിചാരം ശീലിക്കാൻ പറയുന്നു; അതായത്, വാക്കുകളെ അവയുടെ യുക്തിപരമായ അർത്ഥം മാത്രം കണക്കാക്കാതെ അവയുടെ ശബ്ദവും നിഗൂഢതയും കൊണ്ടു കൂടി പ്രയോഗിക്കാൻ പഠിക്കണമെന്ന്. ദുർമന്ത്രവാദം, എന്നു നിങ്ങൾ പറഞ്ഞേക്കാം; അങ്ങനെയാണെന്നു വരാം, പക്ഷേ അത് വലിയ കലയാണ്‌. കവിയാകാൻ ശ്രമിക്കുന്നവർ അതിൽ വൈദഗ്ദ്ധ്യം നേടണം. എഴുതാനിരിക്കുമ്പോൾ നമുക്കു മുന്നിൽ തുറന്നുകിടക്കുന്ന ഒരു പുതിയ പേജ്. ആ പേജിലെ എല്ലാം സ്വതന്ത്രമാണ്. അദ്ദേഹം പറയുന്നു: നിങ്ങൾക്കതിൽ ഓടിച്ചാടി നടക്കാം. കുട്ടിയായിരിക്കുമ്പോൾ കാട്ടിനുള്ളിൽ പായലു പിടിച്ച ഒരു വെളിയിടം കണ്ടെത്തുന്ന പോലെയാണത്; പതുപതുത്ത ആ പായൽവിരിപ്പിൽ നിങ്ങൾക്കു തലകുത്തി മറിയാം, കിടന്നുരുളാം.

ഇരുന്നെഴുതുന്നതിനോടല്ല ഉലാവിനു മതിപ്പുള്ളത്. ഇരുന്നെഴുതിയാൽ കവിത വരില്ല എന്നദ്ദേഹം അവകാശപ്പെടുന്നു. ഇതിനു ന്യായീകരണമായി എഴുതുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്ന ബ്യോൺസൺ, ആശയങ്ങൾ കിട്ടാൻ നല്ലൊരു വഴിയായി മലകയറ്റത്തെ കരുതിയ ഒലാവ് വിന്യെ എന്നിവരെ ഒക്കെ അദ്ദേഹം കൂട്ടുപിടിക്കുന്നു. നടന്നുകൊണ്ടാണ്‌ മാൻഡെല്ഷ്ടം മനസ്സിൽ കവിത രൂപപ്പെടുത്തിയിരുന്നതെന്ന മാൻഡെല്ഷ്ടമിന്റെ ഭാര്യയുടെ സാക്ഷ്യപ്പെടുത്തലും ഓർമ്മിപ്പിക്കുന്നു. ഗ്രീക്ക് ദാർശനികർ നടന്നുകൊണ്ടാണ്‌ ചിന്തിച്ചിരുന്നതത്രേ. “എത്ര ചെരുപ്പുകൾ തേഞ്ഞുപോയിട്ടാണ്‌ ദാന്തേ ഡിവൈൻ കോമഡി എഴുതിയത്?” എന്ന മാൻഡെല്ഷ്ടമിന്റെ ചോദ്യം ഉലാവും ഉന്നയിക്കുന്നു.

എല്ലാം എല്ലാവരുമായി പങ്കുവെക്കുന്നതിനോടും ഈ കവിയ്ക്ക് താൽപ്പര്യമില്ല. എല്ലാം പങ്കുവെക്കാനുള്ളതല്ല. മനുഷ്യജീവിക്കും സ്വന്തമായ രഹസ്യമുണ്ട്, നിഗൂഢതയുണ്ട്, ആ നിഗൂഢത അയാൾക്ക് തന്റെ ശവക്കുഴിയിലേക്കു കൊണ്ടുപോകാനുള്ളതുമാണ്‌. കവിയും മനുഷ്യനാണ്; അതിനാൽ അയാൾ സകലതും പങ്കുവയ്ക്കാൻ പാടില്ല. കലയുടെ ആൾത്താരയിൽ നിങ്ങൾക്കു പലതും നിവേദിക്കാം, എന്നാൽ ഒന്നൊഴിയാതെ എല്ലാം എന്നില്ല. തുറക്കരുതാത്ത ഒരു വാതിലുണ്ട്.

വല്ലപ്പോഴുമൊരു കവിതയേ എഴുതാൻ ആകുന്നുള്ളുവെങ്കിൽ അതിൽ തൃപ്തിപ്പെടാൻ ഉലാവ് നിർദേശിക്കുന്നു. പൊന്മുട്ടയിടുന്ന താറാവിന്റെ കഥയെടുത്തുകൊണ്ട് അദ്ദേഹം പറയുന്നു: എന്നും ഓരോ പൊന്മുട്ടയിടുന്ന താറാവിനെക്കുറിച്ച് ഈസോപ്പ് ഭാര്യയോടു പറഞ്ഞു. എന്നാൽ ഭാര്യയുടെ ചിന്ത പോയത് താറാവിനെ കൊന്നാൽ പൊന്മുട്ടയെല്ലാം ഒരുമിച്ചു കിട്ടുമല്ലോ എന്നായിരുന്നു. അതവർ നടപ്പാക്കുകയും ചെയ്തു. പക്ഷേ ഈ താറാവിന്റെ വയറും മറ്റു താറാവുകളുടേതു പോലെ തന്നെയായിരുന്നു. പല കവികളുടെ കാര്യവും ഇതു തന്നെ. ഇടയ്ക്കൊരു കവിതയെഴുതുന്നതുകൊണ്ടു തൃപ്തിപ്പെടാതെ തങ്ങളെ ഒരുമിച്ചു തുറന്നുകാണിക്കാൻ അവർ ശ്രമിക്കുന്നു. എന്നു പറഞ്ഞാൽ, തങ്ങളുടെ ഉള്ളിൽ എന്താണെന്നറിയാൻ അവർ തങ്ങളെത്തന്നെ കശാപ്പു ചെയ്യുന്നു. ഉലാവിന്റെ നിരീക്ഷണത്തിൽ കുറച്ചു മാത്രം എഴുതുന്നയാളിന്റെ പെൻസിൽ മുന കൂർത്തതായിരിക്കും. ഒരു നല്ല കവിയുടെ വാക്കുകളും വരികളും താളവും നിശ്ചയിക്കുന്നത് വ്യാകരണത്തിന്റെയോ കാവ്യശാസ്ത്രത്തിന്റെയോ നിയമങ്ങളായിരിക്കില്ല, അയാളുടെ ഹൃദയസ്പന്ദനമായിരിക്കും.

അവലംബം: വി. രവികുമാർ പരിഭാഷപ്പെടുത്തി, ഐറിസ് ബുക്ക്സ് പ്രസിദ്ധീകരിച്ച ഉലാവ് എച്ച്. ഹേഗിന്റെ കവിതാസമാഹാരം - 'ഇലക്കുടിലുകളും മഞ്ഞുവീടുകളും’