.jpg)
നിയോലിബറലിസത്തെ പൊതുവെ സ്വതന്ത്ര വിപണി, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവയെ മുൻനിർത്തുന്ന സാമ്പത്തിക നയമായി വിശേഷിപ്പിക്കാറുണ്ട്. എന്നാൽ അത് അതിലൊതുങ്ങുന്നില്ല. സമൂഹം എന്താണ്, പൗരൻ ആരാണ്, വിജയത്തിന്റെയും പരാജയത്തിന്റെയും അർത്ഥമെന്താണ്, വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം എന്നീ അടിസ്ഥാനചോദ്യങ്ങൾക്ക് പുതിയ ഉത്തരങ്ങൾ നിർദേശിക്കുന്ന ഒരു രാഷ്ട്രീയ-സാമൂഹിക യുക്തിയാണ് നിയോലിബറലിസം.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പല രാജ്യങ്ങളിലും രൂപപ്പെട്ട ക്ഷേമരാഷ്ട്ര മാതൃക മനുഷ്യജീവിതത്തെ അടിസ്ഥാനപരമായി സാമൂഹികമായാണ് മനസ്സിലാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പാർപ്പിടം, സാമൂഹിക സുരക്ഷ എന്നിവ അവകാശങ്ങളായി കണക്കാക്കപ്പെട്ടു. തൊഴിലില്ലായ്മയോ ദാരിദ്ര്യമോ വ്യക്തിയുടെ ധാർമ്മിക പരാജയമല്ലെന്നും സാമ്പത്തിക-സാമൂഹിക ഘടനകളുടെ ഫലമാണെന്നും അംഗീകരിക്കപ്പെട്ടു. വ്യക്തിയുടെ ജീവിതം അയാളുടെ കഴിവുകൾ മാത്രമല്ല, സമൂഹത്തിന്റെ സ്ഥാപനങ്ങളും ചരിത്രപരമായ സാഹചര്യങ്ങളും നിർണയിക്കുന്നുവെന്ന ബോധം പൊതുരാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു.
എന്നാൽ 1970-കൾക്കുശേഷം നിയോലിബറൽ യുക്തി ഈ ധാരണയെ ക്രമേണ മാറ്റിമറിച്ചു. സമൂഹത്തിനുപകരം വ്യക്തിയും, പൗരനുപകരം സംരംഭകനും, അവകാശങ്ങൾക്കുപകരം മത്സരവും വ്യക്തിപരമായ ഉത്തരവാദിത്തവും കേന്ദ്രസ്ഥാനത്തെത്തി. വിദ്യാഭ്യാസം അറിവ് വികസിപ്പിക്കുന്ന പൊതുസ്ഥാപനമല്ല, തൊഴിൽവിപണിയിലെ മത്സരശേഷി വർധിപ്പിക്കുന്ന നിക്ഷേപമായി മാറി. ആരോഗ്യം സാമൂഹിക അവകാശമല്ല, വ്യക്തിയുടെ ഉത്തരവാദിത്തമായി. ജീവിതം ഒരു പൊതുഅനുഭവമല്ല, ഓരോരുത്തരും സ്വന്തം മൂല്യം നിരന്തരം തെളിയിക്കേണ്ട സ്വകാര്യ സംരംഭമായി പുനർനിർവചിക്കപ്പെട്ടു.
ഈ മാറ്റം മനസ്സിലാക്കാൻ മിഷേൽ ഫൂക്കോയുടെ ഗവണ്മെൻ്റാലിറ്റി എന്ന ആശയം സഹായകമാണ്. ആധുനിക അധികാരം നിയമങ്ങളിലൂടെയോ ശിക്ഷയിലൂടെയോ മാത്രം പ്രവർത്തിക്കുന്നില്ല; മനുഷ്യർ സ്വയം സ്വയം മനസ്സിലാക്കുന്ന രീതികളെയും അത് രൂപപ്പെടുത്തുന്നു. നിയോലിബറലിസം വ്യക്തിയെ സ്വന്തം ജീവിതത്തിന്റെ സംരംഭകനായി കാണാൻ പരിശീലിപ്പിക്കുന്നു. വിദ്യാഭ്യാസം മൂലധനമായി, കഴിവുകൾ നിക്ഷേപമായി, വ്യക്തിത്വം വിപണനം ചെയ്യേണ്ട വിഭവമായി, ജീവിതം പരമാവധി മൂല്യം സൃഷ്ടിക്കേണ്ട പദ്ധതിയായി മാറുന്നു. ഈ അർത്ഥത്തിൽ മനുഷ്യൻ പൗരനോ തൊഴിലാളിയോ എന്നതിലുപരി ഒരു സ്വയം-സംരഭം (self-enterprise) ആയി പുനർനിർമിക്കപ്പെടുന്നു.
പിയേർ ദാർദോയും ക്രിസ്റ്റ്യൻ ലവാലും ചൂണ്ടിക്കാണിക്കുന്നതുപോലെ, ഇതോടെ വിപണി ഒരു സാമ്പത്തിക മേഖലയായി മാത്രം നിലനിൽക്കുന്നില്ല. അത് സമൂഹത്തിന്റെ പൊതുയുക്തിയായി മാറുന്നു. വിദ്യാഭ്യാസം, കല, രാഷ്ട്രീയം, വ്യക്തിബന്ധങ്ങൾ, സാമൂഹിക അംഗീകാരം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും മത്സരത്തിന്റെ ഭാഷ വ്യാപിക്കുന്നു. ഓരോ വ്യക്തിയും സ്വന്തം മൂല്യം നിരന്തരം തെളിയിക്കുകയും മറ്റുള്ളവരുമായി താരതമ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സമൂഹം രൂപപ്പെടുന്നു. സഹപൗരന്മാരെക്കാൾ മത്സരിക്കേണ്ട എതിരാളികളായി മറ്റു മനുഷ്യരെ കാണുന്ന മനോഭാവം ശക്തിപ്പെടുന്നു.
ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ഫലം വിജയവും പരാജയവും പൂർണ്ണമായും വ്യക്തിപരമാകുന്നതാണ്. വിജയിക്കുന്നിയോർ കഴിവുള്ളവരായി ആഘോഷിക്കപ്പെടുന്നു. പരാജയപ്പെടുന്നിയോർ വേണ്ടത്ര പരിശ്രമിക്കാത്തവരായി ചിത്രീകരിക്കപ്പെടുന്നു. തൊഴിലില്ലായ്മ തൊഴിൽവിപണിയുടെ പ്രശ്നമല്ല, വ്യക്തിയുടെ കഴിവില്ലായ്മയാകുന്നു. ദാരിദ്ര്യം സാമൂഹിക അസമത്വത്തിന്റെ ഫലമല്ല, വ്യക്തിപരമായ ഉത്തരവാദിത്തക്കുറവായി അവതരിപ്പിക്കപ്പെടുന്നു. ഘടനാപരമായ പ്രശ്നങ്ങൾ വ്യക്തിപരമായ പരാജയങ്ങളായി വിവർത്തനം ചെയ്യപ്പെടുമ്പോൾ സമൂഹത്തിന്റെ ഉത്തരവാദിത്തം രാഷ്ട്രീയത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നു.
നിയോലിബറലിസം സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു, എന്നാൽ അതിനോടൊപ്പം സുരക്ഷിതത്വം നീക്കം ചെയ്യുന്നു. തൊഴിൽ കൂടുതൽ അനിശ്ചിതമാകുന്നു, സാമൂഹിക സുരക്ഷ ദുർബലമാകുന്നു, സ്ഥിരതയുള്ള തൊഴിൽ താൽക്കാലികവും ഗിഗ് അധിഷ്ഠിതവുമായ തൊഴിൽരീതികൾക്ക് വഴിമാറുന്നു. ജീവിതം നിരന്തരം സ്വയം മെച്ചപ്പെടുത്തേണ്ടതും മത്സരിക്കേണ്ടതുമായ ഒരു അവസാനമില്ലാത്ത പദ്ധതിയായി മാറുന്നു.
സിഗ്മണ്ട് ബൗമാൻ ഇതിനെ ലിക്വിഡ് മോഡേണിറ്റി എന്നു വിശേഷിപ്പിക്കുന്നു. കുടുംബം, തൊഴിൽ, പ്രാദേശിക സമൂഹം, തൊഴിലാളി സംഘടനകൾ തുടങ്ങിയ ഒരിക്കൽ മനുഷ്യർക്ക് സ്ഥിരതയും സുരക്ഷിതത്വവും നൽകിയിരുന്ന സ്ഥാപനങ്ങൾ ദുർബലമാകുന്നു. പുറംകാഴ്ചയിൽ വ്യക്തി കൂടുതൽ സ്വതന്ത്രനായി തോന്നുന്നുവെങ്കിലും യാഥാർത്ഥ്യത്തിൽ അയാൾ കൂടുതൽ ഒറ്റപ്പെടുകയും അരക്ഷിതനാവുകയും ചെയ്യുന്നു. ഈ ഒറ്റപ്പെടൽ സാമ്പത്തിക പ്രതിഭാസം മാത്രമല്ല. അത് മനുഷ്യന്റെ ആത്മബോധത്തെയും സാമൂഹിക ബന്ധങ്ങളെയും മാറ്റിമറിക്കുന്ന അനുഭവമാകുന്നതാണ്.
രാഷ്ട്രീയ ചിന്തകയായ വെൻഡി ബ്രൗൺ ഈ മാറ്റത്തിന്റെ മറ്റൊരു നിർണായക വശം ചൂണ്ടിക്കാണിക്കുന്നു. നിയോലിബറലിസം ജനാധിപത്യത്തെയും വിപണിയുടെ യുക്തിക്ക് കീഴ്പ്പെടുത്തുന്നു. പൗരൻ എന്ന ആശയത്തിന് പകരം സാമ്പത്തിക പ്രവർത്തകൻ എന്ന ആശയം കേന്ദ്രസ്ഥാനത്തെത്തുന്നു. വിദ്യാഭ്യാസം, ആരോഗ്യം, നിയമം, രാഷ്ട്രീയം എന്നിവ പോലും പൊതുനന്മയുടെ അടിസ്ഥാനത്തിൽ അല്ല, കാര്യക്ഷമതയുടെയും ലാഭത്തിന്റെയും ഭാഷയിലാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ സമത്വം, പൗരപങ്കാളിത്തം, പൊതുനന്മ എന്നീ ജനാധിപത്യ മൂല്യങ്ങൾ ക്രമേണ ദുർബലമാകുന്നു.
അതിനാൽ നിയോലിബറലിസത്തെ വെറും സാമ്പത്തിക നയമായി മനസ്സിലാക്കുന്നത് അപര്യാപ്തമാണ്. അത് മനുഷ്യനെ സമൂഹത്തിൽ നിന്ന് വേർതിരിച്ച് സ്വയം മത്സരിക്കുന്ന സാമ്പത്തിക ഘടകമായി പുനർനിർമിക്കുന്ന ഒരു ലോകവീക്ഷണമാണ്. ഈ പ്രക്രിയ ഒരു പുതിയ വൈരുധ്യവും സൃഷ്ടിക്കുന്നു. വ്യക്തിയെ സ്വതന്ത്രനായി പ്രഖ്യാപിക്കുമ്പോഴും അയാളെ കൂടുതൽ ഒറ്റപ്പെട്ട അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടുതള്ളുന്നു. ഈ പുതിയ മനുഷ്യൻ പിന്നീട് അർത്ഥവും സുരക്ഷിതത്വവും കൂട്ടായ്മയും എവിടെയാണ് അന്വേഷിക്കുന്നത് എന്ന ചോദ്യമാണ് സമകാലിക ഇന്ത്യം രാഷ്ട്രീയത്തെ മനസ്സിലാക്കുന്നതിൽ നിർണായകം.
നിയോലിബറലിസത്തിൻ്റെ അരക്ഷിതാവസ്ഥയും ഹിന്ദുത്വയുടെ ആകർഷണവും
നിയോലിബറലിസം സൃഷ്ടിച്ച ഏറ്റവും വലിയ പ്രതിസന്ധി മനുഷ്യരുടെ സാമൂഹിക ആത്മബോധത്തിന്റെ ശിഥിലീകരണം കൂടിയാകുന്നു. ജീവിതം കൂടുതൽ മത്സരാധിഷ്ഠിതവും അനിശ്ചിതവും വ്യക്തികേന്ദ്രീകൃതവുമാകുമ്പോൾ മനുഷ്യർക്ക് സാമ്പത്തിക സുരക്ഷ മാത്രമല്ല, അർത്ഥവും അംഗീകാരവും കൂട്ടായ്മയും നഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഒരു നിർണായക രാഷ്ട്രീയചോദ്യം ഉയരുന്നത്, സമൂഹം വ്യക്തികളെ ഒറ്റപ്പെടുത്തുമ്പോൾ അവർ അർത്ഥവും സുരക്ഷിതത്വവും എവിടെയാണ് അന്വേഷിക്കുന്നത്?
ഹിന്ദുത്വയെ ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. ഹിന്ദുത്വ നിയോലിബറൽ കാലഘട്ടത്തിന്റെ ഉത്പ്പന്നമല്ല. അതിന്റെ ആശയപരമായ ചരിത്രം സാവർക്കറിലേക്കും ഗോൾവാൾക്കറിലേക്കും നീളുന്നു; ആർ.എസ്.എസ്. പതിറ്റാണ്ടുകളായി വിദ്യാഭ്യാസം, സേവനപ്രവർത്തനം, സാംസ്കാരിക സംഘടനകൾ എന്നിവയിലൂടെ അതിന്റെ സാമൂഹിക അടിത്തറ വികസിപ്പിക്കുകയും ചെയ്തു. അതിനാൽ ഹിന്ദുത്വയുടെ ഇന്നത്തെ ശക്തിയെ നിയോലിബറലിസത്തിന്റെ ഫലമായി മാത്രം വിശദീകരിക്കുന്നത് ചരിത്രപരമായി തെറ്റാണ്. എന്നാൽ നിയോലിബറലിസം സൃഷ്ടിച്ച സാമൂഹിക സാഹചര്യങ്ങൾ ഹിന്ദുത്വയുടെ വ്യാപനത്തിന് അനുകൂലമായിത്തീർന്നുവെന്നത് അവഗണിക്കാനാവില്ല.
ഹിന്ദുത്വയുടെ വളർച്ചയെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും നുണപ്രചാരണത്തിനും മാധ്യമ സ്വാധീനത്തിനും അമിത പ്രാധാന്യം നൽകാറുണ്ട്. അവ നിർണായകമാണെങ്കിലും അതുകൊണ്ട് മാത്രം കോടിക്കണക്കിന് ആളുകളുടെ പിന്തുണ വിശദീകരിക്കാനാവില്ല. ഒരു രാഷ്ട്രീയ ആശയധാര ദീർഘകാല സാമൂഹിക ശക്തിയായി മാറുന്നത് മനുഷ്യരുടെ യഥാർത്ഥ അനുഭവങ്ങളുമായും ഭയങ്ങളുമായും പ്രതീക്ഷകളുമായും ബന്ധപ്പെടുമ്പോഴാണ്.
രാഷ്ട്രീയ തീരുമാനങ്ങൾ മനുഷ്യർ യുക്തിപരമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ മാത്രം എടുക്കുന്നില്ല. അവർ അർത്ഥവും അംഗീകാരവും അഭിമാനവും സുരക്ഷിതത്വവും അന്വേഷിക്കുന്ന സാമൂഹിക ജീവികളാണ്. "ഞാൻ ആരാണ്?" എന്ന ചോദ്യത്തിനുള്ള ഉത്തരം പലപ്പോഴും വ്യക്തിപരമല്ല; അത് മതം, ജാതി, ഭാഷ, ദേശം, സംസ്കാരം തുടങ്ങിയ കൂട്ടായ തിരിച്ചറിയലുകളിലൂടെയാണ് രൂപപ്പെടുന്നത്. ഹെൻറി താജ്ഫലിന്റെ സോഷ്യൽ ഐഡൻ്റിറ്റി തിയറി വ്യക്തമാക്കുന്നതുപോലെ, വ്യക്തിയുടെ ആത്മാഭിമാനത്തിന്റെ വലിയൊരു ഭാഗം അവൻ അംഗമായിരിക്കുന്ന കൂട്ടായ്മകളിൽ നിന്നാണ് ഉരുത്തിരിയുന്നത്.
സാധാരണ സാഹചര്യങ്ങളിൽ ഈ കൂട്ടായ സ്വത്വബോധം മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥ വർധിക്കുമ്പോൾ അവയ്ക്ക് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം ലഭിക്കുന്നു. ജീവിതത്തിലെ സ്ഥിരത നഷ്ടപ്പെടുമ്പോൾ ആളുകൾ സ്ഥിരത തേടുന്നത് പലപ്പോഴും സ്വത്വങ്ങളിലാണ്. തൊഴിൽ അനിശ്ചിതമാകാം, വരുമാനം കുറയാം, ഭാവി പ്രവചനാതീതമാകാം; എന്നാൽ ഒരു വലിയ മതസമൂഹത്തിന്റെയോ ദേശീയ സമൂഹത്തിന്റെയോ ഭാഗമാണെന്ന ബോധം വ്യക്തിക്ക് അപ്പോഴും ആത്മവിശ്വാസം നൽകുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ ഈ പ്രക്രിയ ജാതിരാഷ്ട്രീയത്തിന്റെ ചരിത്രവുമായി കൂടിച്ചേർന്നാണ് പ്രവർത്തിക്കുന്നത്. സാമൂഹിക നീതിപ്രസ്ഥാനങ്ങളും സംവരണനയങ്ങളും പരമ്പരാഗത സാമൂഹിക മേൽക്കോയ്മകളെ ചോദ്യം ചെയ്തപ്പോൾ, ചില വിഭാഗങ്ങളിൽ നഷ്ടബോധവും അരക്ഷിതാവസ്ഥയും വളർന്നു. ഹിന്ദുത്വ ഈ അസ്വസ്ഥതയെ ഒരു വിശാലമായ ഹിന്ദു സ്വത്വത്തിന്റെ ഭാഷയിൽ പുനഃസംഘടിപ്പിച്ചു. ജാതിവ്യത്യാസങ്ങൾ ഇല്ലാതാക്കാതെയാണ് അവയെ ഒരു സാംസ്കാരിക ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയത്തിലേക്ക് ഉൾക്കൊള്ളിച്ചത്. അതുവഴി സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെ സാംസ്കാരിക ഐക്യത്തിന്റെ രാഷ്ട്രീയമായി മാറ്റാനുള്ള സാധ്യത സൃഷ്ടിച്ചു.
നിയോലിബറലിസം ഈ പ്രക്രിയയെ കൂടുതൽ ശക്തിപ്പെടുത്തി. തൊഴിലാളി സംഘടനകൾ, പ്രാദേശിക കൂട്ടായ്മകൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ദുർബലമാകുമ്പോൾ മനുഷ്യർ കൂടുതൽ ഒറ്റപ്പെടുന്നു. ജീവിതത്തിന് ഒരിക്കൽ അർത്ഥവും സുരക്ഷിതത്വവും നൽകിയിരുന്ന സാമൂഹിക ഘടനകൾ ക്ഷയിക്കുന്നതോടെ പുതിയ കൂട്ടായ്മകളുടെ ആവശ്യകത വർധിക്കുന്നു. ഈ ശൂന്യതയിലാണ് ഹിന്ദുത്വ ഒരു രാഷ്ട്രീയ ആശയധാര മാത്രമല്ല, ഒരു സാമൂഹിക അനുഭവമായും പ്രവർത്തിക്കുന്നത്.
ഹിന്ദുത്വ വ്യക്തിയോട് അവൻ ഒറ്റയ്ക്കല്ലെന്ന് പറയുന്നു. അവൻ മഹത്തായ ഒരു സംസ്കാരത്തിന്റെ അവകാശിയാണെന്നും ദേശീയ ദൗത്യത്തിന്റെ ഭാഗമാണെന്നും അവകാശപ്പെടുന്നു. വ്യക്തിപരമായ ജീവിതത്തെ ഒരു വലിയ ചരിത്രാഖ്യാനവുമായി ബന്ധിപ്പിക്കുന്നു. അതുവഴി സാമ്പത്തികമായി അരക്ഷിതനായ വ്യക്തിക്ക് സാംസ്കാരികമായ ആത്മാഭിമാനം നൽകുന്നു. തൊഴിലില്ലായ്മയ്ക്കോ അസമത്വത്തിനോ അത് പരിഹാരം നൽകുന്നില്ല, എന്നാൽ അവയെ ഒരു ദേശീയ പുനരുജ്ജീവനത്തിന്റെ കഥയ്ക്കുള്ളിൽ പുനർവ്യാഖ്യാനിക്കാനുള്ള സാധ്യതയൊരുക്കുന്നു.
ഇവിടെയാണ് നിയോലിബറലിസവും ഹിന്ദുത്വവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കാണാൻ കഴിയുന്നത്. നിയോലിബറലിസം വ്യക്തിയെ ഒറ്റപ്പെടുത്തുകയും ജീവിതത്തെ മത്സരമാക്കി മാറ്റുകയും ചെയ്യുന്നു. ഹിന്ദുത്വ അതേ വ്യക്തിക്ക് ഒരു കൂട്ടായ സ്വത്വത്തിന്റെ ആശ്വാസം നൽകുന്നു. നിയോലിബറലിസം മനുഷ്യനെ സാമ്പത്തിക സംരംഭകനായി രൂപപ്പെടുത്തുമ്പോൾ ഹിന്ദുത്വ അവനെ സാംസ്കാരിക ഭൂരിപക്ഷത്തിന്റെ അംഗമായി പുനർനിർമിക്കുന്നു. വ്യക്തിപരമായ അരക്ഷിതാവസ്ഥ ദേശീയ അഭിമാനമായി വിവർത്തനം ചെയ്യപ്പെടുന്നു.
അതോടൊപ്പം ഹിന്ദുത്വ ഭൂരിപക്ഷ സമൂഹത്തിനുള്ളിൽ തന്നെ ഒരു ഇരബോധവും നിർമ്മിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ അസംതൃപ്തികൾ സാംസ്കാരിക ഭീഷണികളായി അവതരിപ്പിക്കപ്പെടുകയും അവയ്ക്ക് ഉത്തരവാദികളായി വിവിധ ‘ശത്രുക്കൾ’ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. സങ്കീർണ്ണമായ സാമ്പത്തിക പ്രതിസന്ധികൾക്ക് പകരം ലളിതമായ സാംസ്കാരിക വിശദീകരണങ്ങൾ മുന്നോട്ടുവയ്ക്കുന്നത് രാഷ്ട്രീയമായി ഫലപ്രദമാകുന്നു.
സാമ്പത്തിക അരക്ഷിതാവസ്ഥ നേരിട്ട് വർഗീയ രാഷ്ട്രീയം സൃഷ്ടിക്കുന്നു എന്നല്ല. മറിച്ച്, നിയോലിബറലിസം സൃഷ്ടിക്കുന്ന ഒറ്റപ്പെടലും അനിശ്ചിതത്വവും ചില പ്രത്യേക രാഷ്ട്രീയ ആഖ്യാനങ്ങളെ കൂടുതൽ ആകർഷകമാക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഹിന്ദുത്വയുടെ ശക്തി നിയോലിബറൽ സമൂഹം സൃഷ്ടിച്ച മനുഷ്യന്റെ അർത്ഥാന്വേഷണത്തിന് അത് നൽകുന്ന സാംസ്കാരിക മറുപടിയിലുമാണ്. അതുകൊണ്ടുതന്നെ ഹിന്ദുത്വയെ വെറും മതരാഷ്ട്രവാദമായോ പ്രചാരണരാഷ്ട്രീയമായോ മാത്രം മനസ്സിലാക്കാൻ കഴിയില്ല. നിയോലിബറലിസം സൃഷ്ടിച്ച സാമൂഹിക-മനഃശാസ്ത്രപരമായ പ്രതിസന്ധിക്ക് നൽകപ്പെടുന്ന ഒരു രാഷ്ട്രീയ പ്രതികരണമായും അതിനെ കാണേണ്ടതുണ്ട്.
നിയോലിബറൽ ഹിന്ദുത്വ എന്ന രാഷ്ട്രീയ സഖ്യം
നിയോലിബറലിസം സൃഷ്ടിച്ച അരക്ഷിതാവസ്ഥ ഹിന്ദുത്വയ്ക്ക് സാമൂഹിക സ്വീകാര്യത വർധിപ്പിച്ചുവെന്ന് പറയുന്നതുകൊണ്ട് മാത്രം കാര്യമില്ല. മറ്റൊരു ചോദ്യം കൂടി ഉയരുന്നു. എന്തുകൊണ്ടാണ് ഇന്ത്യയിലെ വലിയ കോർപ്പറേറ്റുകളും നഗര മധ്യവർഗ്ഗത്തിന്റെ വലിയൊരു ഭാഗവും ഹിന്ദുത്വയെ പിന്തുണയ്ക്കുന്നത്? സാമ്പത്തികമായി വ്യത്യസ്ത താൽപര്യങ്ങളുള്ള സാമൂഹിക വിഭാഗങ്ങൾ എങ്ങനെ ഒരേ രാഷ്ട്രീയ പദ്ധതിക്ക് പിന്നിൽ അണിനിരക്കുന്നു?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഹിന്ദുത്വയെ ഒരു മതപരമായ ആശയധാരയായി മാത്രം കാണാൻ കഴിയില്ല. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ താൽപര്യങ്ങളെ ഒരു പൊതുവായ ദേശീയ ആഖ്യാനത്തിൽ കൂട്ടിയിണക്കുന്ന ഒരു രാഷ്ട്രീയ പദ്ധതിയായാണ് അതിനെ മനസ്സിലാക്കേണ്ടത്. ഈ അർത്ഥത്തിൽ ഗ്രാംഷിയുടെ ഹെജിമണി എന്ന ആശയം പ്രധാനമാണ്. ഭരണകൂടങ്ങൾ ബലപ്രയോഗത്തിലൂടെ മാത്രമല്ല, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ സമ്മതം നേടിയെടുത്തുകൊണ്ടാണ് അധികാരം നിലനിർത്തുന്നത്. ആ സമ്മതം നിർമ്മിക്കപ്പെടുന്നത്, പ്രത്യേക താൽപര്യങ്ങളെ പൊതുതാൽപര്യങ്ങളായി അവതരിപ്പിക്കുന്ന രാഷ്ട്രീയ-സാംസ്കാരിക പ്രക്രിയയിലൂടെയാണ്.
ഹിന്ദുത്വയുടെ പ്രധാന രാഷ്ട്രീയ നേട്ടം ഇതാണ്. വ്യത്യസ്ത വർഗ്ഗങ്ങൾക്കും വിഭാഗങ്ങൾക്കും വ്യത്യസ്ത വാഗ്ദാനങ്ങൾ നൽകിക്കൊണ്ട് അവയെല്ലാം ഒരു ദേശീയതയുടെ ഭാഷയിൽ ഏകീകരിക്കാൻ അതിന് കഴിഞ്ഞു. സാമ്പത്തിക വരേണ്യർക്ക് അത് രാഷ്ട്രീയ സ്ഥിരതയും നയപരമായ തുടർച്ചയും വാഗ്ദാനം ചെയ്യുന്നു. നഗര മധ്യവർഗ്ഗത്തിന് ദേശീയ അഭിമാനവും സാംസ്കാരിക ആത്മവിശ്വാസവും നൽകുന്നു. സാമൂഹികമായി അരക്ഷിതരായ വിഭാഗങ്ങൾക്ക് അംഗീകാരവും കൂട്ടായ്മയും നൽകുന്നു. ഈ വ്യത്യസ്ത അനുഭവങ്ങളെ ഒരു പൊതുവായ ദേശീയ ദൗത്യത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നതിലാണ് അതിന്റെ ഹെജിമോണിക് ശക്തി.
കോർപ്പറേറ്റ് മൂലധനവും ഹിന്ദുത്വയും തമ്മിലുള്ള ബന്ധവും ഈ പശ്ചാത്തലത്തിൽ കാണണം. വലിയ നിക്ഷേപങ്ങൾക്കും ദീർഘകാല സാമ്പത്തിക പദ്ധതികൾക്കും രാഷ്ട്രീയ സ്ഥിരത അനിവാര്യമാണ്. കേന്ദ്രീകൃത തീരുമാനമെടുക്കൽ, നയപരമായ തുടർച്ച, വികസനത്തെ ദേശീയ ലക്ഷ്യമായി അവതരിപ്പിക്കുന്ന രാഷ്ട്രീയം എന്നിവ വലിയ മൂലധനത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. അതേസമയം, ഹിന്ദുത്വ രാഷ്ട്രീയത്തിന് തിരഞ്ഞെടുപ്പ് സംവിധാനങ്ങളും മാധ്യമ ശൃംഖലകളും ഡിജിറ്റൽ പ്രചാരണവും സാമൂഹിക സംഘടനകളും നിലനിർത്താൻ വലിയ സാമ്പത്തിക വിഭവങ്ങൾ ആവശ്യമാണ്. അതിനാൽ ഇവ രണ്ടും പരസ്പര പ്രയോജനകരമായ ബന്ധം വികസിപ്പിക്കുന്നു.
കോർപ്പറേറ്റുകളാണ് ഹിന്ദുത്വയെ സൃഷ്ടിച്ചതെന്നോ ഹിന്ദുത്വ കോർപ്പറേറ്റുകളുടെ ഉപകരണം മാത്രമാണെന്നോ അല്ല അർത്ഥമാക്കുന്നത്. മറിച്ച് നിയോലിബറൽ സമ്പദ്‌വ്യവസ്ഥയും ഹിന്ദുത്വ രാഷ്ട്രീയവും പരസ്പരം ശക്തിപ്പെടുത്തുന്ന ഒരു ചരിത്രപരമായ ബന്ധമായാണ് രൂപപ്പെട്ടിരിക്കുന്നത്. ദേശീയ വികസനത്തിന്റെ ഭാഷയിൽ സാമ്പത്തിക നയങ്ങളെ അവതരിപ്പിക്കുമ്പോൾ സമ്പത്തിന്റെ കേന്ദ്രീകരണത്തിനു നേരെയുള്ള അസമത്വവും വർഗ്ഗാധികാരവും സംബന്ധിച്ച ചോദ്യങ്ങൾ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിൽ നിന്ന് മാറിനിൽക്കുന്നു.
ഉദാഹരണത്തിന്, ഭൂമി ഏറ്റെടുക്കലിനെയോ സ്വകാര്യവൽക്കരണത്തെയോ കോർപ്പറേറ്റ് അനുകൂല നയങ്ങളെയോ കുറിച്ചുള്ള വിമർശനങ്ങൾ പലപ്പോഴും സാമൂഹിക നീതിയുടെ ചോദ്യങ്ങളായി അല്ല, വികസനവിരുദ്ധ നിലപാടുകളായാണ് ചിത്രീകരിക്കപ്പെടുന്നത്. സാമ്പത്തിക താൽപര്യങ്ങൾ ദേശീയ താൽപര്യങ്ങളായി പുനർവ്യാഖ്യാനിക്കപ്പെടുമ്പോൾ സാമ്പത്തിക നയങ്ങളെ വിമർശിക്കുന്നവരെ ദേശത്തിൻ്റെ പുരോഗതിക്കെതിരായ ശക്തികളായി അവതരിപ്പിക്കൽ എളുപ്പമാകുന്നു. ഈ രീതിയിൽ ദേശീയത വർഗ്ഗരാഷ്ട്രീയത്തെ മറച്ചുവെക്കുന്ന പ്രത്യയശാസ്ത്രപരമായ ഉപാധിയായി പ്രവർത്തിക്കുന്നു.
നഗര മധ്യവർഗ്ഗത്തിന്റെ പിന്തുണയും ഇതേ യുക്തിയിലൂടെയാണ് മനസ്സിലാക്കേണ്ടത്. നിയോലിബറൽ സമ്പദ്‌വ്യവസ്ഥ ഈ വിഭാഗത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതോടൊപ്പം മത്സരം, തൊഴിൽ അനിശ്ചിതത്വം, സാമൂഹിക സമ്മർദ്ദം എന്നിവയും വർധിപ്പിച്ചു. ഹിന്ദുത്വ ഈ വൈരുധ്യത്തിന് ഒരു സാംസ്കാരിക പരിഹാരം നൽകുന്നു. വ്യക്തിഗത വിജയത്തെ ദേശത്തിൻ്റെ നേട്ടമായി ബന്ധിപ്പിക്കുകയും ആഗോളവൽക്കരണത്തിന്റെ നേട്ടങ്ങളെ ദേശത്തിൻ്റെ അഭിമാനവുമായി ചേർത്തുവായിക്കുകയും ചെയ്യുന്നു. ഇതുവഴി ആധുനിക സമ്പദ് വ്യവസ്തയും സാംസ്കാരിക യാഥാസ്ഥിതികതയും പരസ്പരവിരുദ്ധങ്ങളല്ലാത്ത രാഷ്ട്രീയഭാഷയായി ചേരുന്നു.
അതേസമയം സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഹിന്ദുത്വ നൽകുന്നത് മറ്റൊന്നാണ്. സാമ്പത്തിക സമത്വമല്ല, സാമൂഹിക അംഗീകാരമാണ്. ജീവിതത്തിലെ അരക്ഷിതാവസ്ഥകൾക്ക് ഭൗതിക പരിഹാരമല്ല, സാംസ്കാരിക ആത്മാഭിമാനമാണ്. സാമ്പത്തിക അസന്തൃപ്തികളെ ദേശീയ അഭിമാനത്തിന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ കഴിയുന്നതാണ് ഹിന്ദുത്വയുടെ പ്രധാന രാഷ്ട്രീയശേഷി.
ഇവിടെയാണ് നിയോലിബറലിസവും ഹിന്ദുത്വവും തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധം വ്യക്തമാകുന്നത്. നിയോലിബറലിസം അസമത്വം സൃഷ്ടിക്കുകയും സാമൂഹിക ബന്ധങ്ങളെ ദുർബലമാക്കുകയും ചെയ്യുന്നു. ആ അസമത്വത്തിൽ നിന്ന് ഉയർന്നുവരാൻ സാധ്യതയുള്ള രാഷ്ട്രീയ പ്രതിഷേധത്തെ ഹിന്ദുത്വ ദേശീയതയുടെ ഭാഷയിലേക്ക് തിരിച്ചുവിടുന്നു. നിയോലിബറലിസം സമ്പത്ത് കേന്ദ്രീകരിക്കുമ്പോൾ ഹിന്ദുത്വ അതിന് സാമൂഹിക സമ്മതം നിർമ്മിക്കുന്നു. ഒന്നാമത്തേത് സാമ്പത്തിക വ്യവസ്ഥയെ പുനഃസംഘടിപ്പിക്കുന്നു; രണ്ടാമത്തേത് അതിന് ആവശ്യമായ രാഷ്ട്രീയ-സാംസ്കാരിക അടിത്തറ നിർമ്മിക്കുന്നു.
അതുകൊണ്ടുതന്നെ സമകാലിക ഇന്ത്യയിൽ ഹിന്ദുത്വയെയും നിയോലിബറലിസത്തെയും രണ്ട് സ്വതന്ത്ര പ്രതിഭാസങ്ങളായി കാണാനാവില്ല. അവ ഒരേ രാഷ്ട്രീയ പദ്ധതിയുടെ രണ്ട് മുഖങ്ങളാണ്. ഒന്നിലൂടെ വിപണി സമൂഹത്തെ പുനർസംഘടിപ്പിക്കുമ്പോൾ മറ്റൊന്നിലൂടെ ദേശീയത അതിന് നൈതികവും സാംസ്കാരികവുമായ സാധുത നിർമ്മിക്കുകയും ചെയ്യുന്നു. ഈ പരസ്പരപൂരകബന്ധമാണ് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധികാരഘടന.
ഈ ബന്ധം ഇത്ര വ്യക്തമായിരിക്കെ സാമ്പത്തിക അസമത്വത്തെയും ജനാധിപത്യ പ്രതിസന്ധിയെയും ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയം എന്തുകൊണ്ടാണ് സമാനമായ സാമൂഹിക പിന്തുണ നേടുന്നതിൽ പരാജയപ്പെടുന്നത്? സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ അടുത്ത നിർണായക ചോദ്യമത് തന്നെയാണ്.
യുക്തിപരമായ വിമർശനം പാഴാകുന്നു?
നിയോലിബറലിസവും ഹിന്ദുത്വയും പരസ്പരം ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ-സാമൂഹിക ഘടനയായി പ്രവർത്തിക്കുന്നുവെങ്കിൽ, സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, ജനാധിപത്യ പ്രതിസന്ധി, മതേതരത്വം എന്നിവയെക്കുറിച്ച് സംസാരിക്കുന്ന പ്രതിപക്ഷത്തിന് എന്തുകൊണ്ടാണ് സമാനമായ സാമൂഹിക സ്വാധീനം സൃഷ്ടിക്കാൻ കഴിയാത്തത്? സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രപ്രശ്നങ്ങളിലൊന്നാണിത്.
ഈ പരാജയത്തെ സംഘടനാപരമായ ദൗർബല്യങ്ങൾകൊണ്ട് മാത്രം വിശദീകരിക്കാൻ കഴിയില്ല. നേതൃത്വത്തിന്റെ അഭാവം, മാധ്യമപിന്തുണയുടെ കുറവ്, തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലെ പിഴവുകൾ എന്നിവ പ്രസക്തമാണെങ്കിലും അവ പ്രശ്നത്തിന്റെ ഉപരിതലം മാത്രമാണ്. അടിസ്ഥാന പ്രതിസന്ധി പ്രതിപക്ഷം ഹിന്ദുത്വയുടെ ശക്തിയെ തെറ്റായി മനസ്സിലാക്കുന്നതിലാണ്.
പലപ്പോഴും ഹിന്ദുത്വയെ അവർ വർഗീയതയുടെയും വിദ്വേഷരാഷ്ട്രീയത്തിന്റെയും ഒരു ആശയധാരയായി മാത്രമാണ് കാണുന്നത്. ഈ വിമർശനം തെറ്റല്ല; പക്ഷേ അപൂർണ്ണമാണ്. ഹിന്ദുത്വയുടെ ശക്തി അതിന്റെ ആശയങ്ങളിൽ മാത്രം അല്ല, മനുഷ്യരുടെ ചില യഥാർത്ഥ അനുഭവങ്ങൾക്ക് അത് രാഷ്ട്രീയഭാഷ നൽകുന്നതിലുമാണ്. സാമ്പത്തികമായി അരക്ഷിതരായ, സാമൂഹികമായി ഒറ്റപ്പെട്ട, സാംസ്കാരികമായി അനിശ്ചിതത്വം അനുഭവിക്കുന്ന മനുഷ്യരോട് അത് ദേശീയതയുടെയും അഭിമാനത്തിന്റെയും കൂട്ടായ്മയുടെയും ഭാഷയിൽ സംസാരിക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ സാമൂഹിക ശക്തിയെ യുക്തിപരമായ വിമർശനം കൊണ്ട് മാത്രം ദുർബലപ്പെടുത്താനാവില്ല.
ഇവിടെയാണ് നാൻസി ഫ്രേസറുടെ "പ്രോഗ്രസീവ് നിയോലിബറലിസം" എന്ന ആശയം പ്രസക്തമാകുന്നത്. ഫ്രേസറുടെ അഭിപ്രായത്തിൽ, കഴിഞ്ഞ ഏതാനും ദശകങ്ങളായി പല പുരോഗമന രാഷ്ട്രീയ ശക്തികളും സാമ്പത്തിക നീതിയെക്കാൾ അംഗീകാരത്തിന്റെ രാഷ്ട്രീയത്തിന് കൂടുതൽ പ്രാധാന്യം നൽകി. വൈവിധ്യം, ഉൾക്കൊള്ളൽ, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കപ്പെട്ടെങ്കിലും സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്ന നിയോലിബറൽ ഘടനകളെ അതേ തീവ്രതയോടെയും ആവശ്യകതയോടെയും ചോദ്യം ചെയ്തില്ല. അതിൻ്റെ ഫലമായി സാമൂഹിക നീതിയുടെ ഭാഷ നിലനിന്നെങ്കിലും സാമ്പത്തിക അരക്ഷിതാവസ്ഥ അനുഭവിക്കുന്ന വലിയ ജനവിഭാഗങ്ങൾക്ക് മതിയായ രാഷ്ട്രീയ പ്രതിനിധാനം ലഭിച്ചില്ല.
ഇന്ത്യൻ രാഷ്ട്രീയത്തിലും സമാനമായ വൈരുധ്യം കാണാം. ഹിന്ദുത്വയുടെ സാംസ്കാരിക രാഷ്ട്രീയത്തെ വിമർശിക്കുന്ന പ്രധാന പ്രതിപക്ഷശക്തികൾ പോലും സാമ്പത്തിക വികസനത്തെക്കുറിച്ചുള്ള നിയോലിബറൽ യുക്തിയെ അടിസ്ഥാനപരമായി നിരാകരിക്കുന്നില്ല. സ്വകാര്യവൽക്കരണം, കോർപ്പറേറ്റ് കേന്ദ്രീകൃത വികസനം, ജിഡിപി വളർച്ചയെ പുരോഗതിയുടെ പ്രധാന മാനദണ്ഡമായി കാണൽ തുടങ്ങിയ വിഷയങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വ്യത്യാസം പലപ്പോഴും വേർതിരിച്ച് കാണാനാകില്ല. പലപ്പോഴും നയം ഒന്നുതന്നെയാണ്. അതിനാൽ രാഷ്ട്രീയ മത്സരം രണ്ട് വ്യത്യസ്ത സാമൂഹിക ഭാവനകൾ തമ്മിലുള്ള പോരാട്ടമാകാതെ, ഒരേ സാമ്പത്തിക ചട്ടക്കൂടിനുള്ളിലെ രണ്ട് രാഷ്ട്രീയശൈലികൾ തമ്മിലുള്ള മത്സരമായി ചുരുങ്ങുന്നു.
ഇത് ഹിന്ദുത്വയ്ക്ക് അധിക മേൽക്കൈ നൽകുന്നു. കാരണം അത് ഒരു സമഗ്രമായ ദേശീയ ആഖ്യാനം മുന്നോട്ടുവയ്ക്കുന്നു. വ്യക്തിപരമായ ജീവിതത്തെ ഒരു വലിയ ദേശീയ ദൗത്യവുമായി ബന്ധിപ്പിക്കുന്നു. പ്രതിപക്ഷം പലപ്പോഴും ഭരണകൂടത്തിന്റെ പരാജയങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ, ഹിന്ദുത്വ ഒരു ഭാവിയുടെ കഥ പാരമ്പര്യത്തിലൂന്നി പറയുന്നു. രാഷ്ട്രീയം കണക്കുകളിലൂടെ മാത്രമല്ല, ആഖ്യാനങ്ങളിലൂടെയും പ്രവർത്തിക്കുന്നതിനാൽ ഈ വ്യത്യാസം നിർണായകമാണ്.
ഇതിന്റെ വ്യക്തമായ ഉദാഹരണം തൊഴിലില്ലായ്മയാണ്. പ്രതിപക്ഷം തൊഴിലില്ലാത്ത യുവാക്കൾക്ക് കണക്കുകളും റിപ്പോർട്ടുകളും അവതരിപ്പിക്കുന്നു. അവ വസ്തുതാപരമായി ശരിയായിരിക്കാം. പക്ഷേ ഹിന്ദുത്വ അതേ യുവാവിനോട് പറയുന്നത്, അവൻ ഒരു മഹത്തായ ദേശീയതയുടെ വീണ്ടെടുപ്പിൻ്റെ ഭാഗമാണെന്നാണ്. വ്യക്തിപരമായ നിരാശയെ അത് ദേശീയതയിലൂന്നിയ അഭിമാനത്തിന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നു. മനുഷ്യർ രാഷ്ട്രീയം തിരഞ്ഞെടുക്കുന്നത് സാമ്പത്തിക വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം അല്ല; ജീവിതത്തിന് അർത്ഥം നൽകുന്ന ആഖ്യാനങ്ങളുടെ അടിസ്ഥാനത്തിലുമാണ്. ഈ മനഃശാസ്ത്രപരമായ തലത്തിൽ പ്രതിപക്ഷം പലപ്പോഴും പിന്നിലാണ്.
മറ്റൊരു പ്രശ്നം സാംസ്കാരിക രാഷ്ട്രീയത്തോടുള്ള സമീപനമാണ്. മതം, ദേശസ്നേഹം, പാരമ്പര്യം, അഭിമാനം, കൂട്ടായ സ്വത്വം തുടങ്ങിയ വിഷയങ്ങളെ പുരോഗമന രാഷ്ട്രീയം പലപ്പോഴും സംശയത്തോടെയോ പ്രതിരോധപരമായോ സമീപിക്കുന്നു. ഫലത്തിൽ ഈ മേഖലകൾ ഹിന്ദുത്വയുടെ രാഷ്ട്രീയ സ്വാധീനത്തിന് വിട്ടുകൊടുക്കപ്പെടുന്നു. തുടർന്ന് അവയുടെ ദുരുപയോഗത്തെ വിമർശിക്കുന്നതിൽ മാത്രം പ്രതിപക്ഷം ഒതുങ്ങുന്നു. എന്നാൽ ആളുകൾക്ക് ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്ന സാംസ്കാരിക ഭാഷയ്ക്ക് പകരം എന്താണ് നൽകുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകുന്നില്ല.
ഇവിടെ ഒരു അടിസ്ഥാന രാഷ്ട്രീയസത്യം തിരിച്ചറിയേണ്ടതുണ്ട്. മനുഷ്യർ ഭൗതിക സുരക്ഷിതത്വം മാത്രമല്ല അന്വേഷിക്കുന്നത്; അംഗീകാരവും അഭിമാനവും കൂട്ടായ്മയും അന്വേഷിക്കുന്നു. അതുകൊണ്ട് സാമ്പത്തിക നീതിയെക്കുറിച്ച് സംസാരിക്കുന്ന രാഷ്ട്രീയം മനുഷ്യരുടെ സാംസ്കാരികവും വൈകാരികവുമായ ആവശ്യങ്ങളെയും അഭിസംബോധന ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം സാമ്പത്തികമായി ശരിയായ വാദങ്ങൾ പോലും രാഷ്ട്രീയമായി ദുർബലമാകാം.
അതുകൊണ്ടാണ് ഹിന്ദുത്വയെ എതിർക്കുന്ന രാഷ്ട്രീയം ഹിന്ദുത്വവിരുദ്ധതയിൽ മാത്രം ഒതുങ്ങരുത് എന്ന് പറയേണ്ടിവരുന്നത്. അത് സാമ്പത്തിക നീതിയെയും ജനാധിപത്യത്തെയും സാംസ്കാരിക അംഗീകാരത്തെയും ഒരുമിച്ച് ഉൾക്കൊള്ളുന്ന ബദൽ ലോകവീക്ഷണമായി രൂപപ്പെടണം. ഒരു രാഷ്ട്രീയ പദ്ധതിയെ പരാജയപ്പെടുത്താൻ അതിന്റെ അപകടങ്ങൾ ചൂണ്ടിക്കാണിക്കുന്നത് മാത്രം മതിയാകില്ല; മനുഷ്യരുടെ അതേ ആവശ്യങ്ങൾക്ക് കൂടുതൽ ജനാധിപത്യപരവും സമത്വാധിഷ്ഠിതവുമായ മറുപടി നൽകാനും കഴിയണം.
അപ്പോൾ ചോദ്യം മറ്റൊന്നാകും. നിയോലിബറലിസത്തിന്റെ സാമ്പത്തിക യുക്തിയെയും ഹിന്ദുത്വയുടെ സാംസ്കാരിക രാഷ്ട്രീയത്തെയും ഒരേസമയം അതിജീവിക്കാൻ കഴിയുന്ന ഒരു ജനാധിപത്യ ഭാവന എങ്ങനെയായിരിക്കും? ആ ചോദ്യത്തിനുള്ള ഉത്തരമാണ് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി.
ബദൽ ജനാധിപത്യ ഭാവന
ഹിന്ദുത്വയുടെ ശക്തി അതിന്റെ സംഘടനാശേഷിയിലോ പ്രചാരണത്തിലോ മാത്രം ഒതുങ്ങുന്നില്ല; മനുഷ്യരുടെ ചില യഥാർത്ഥ ആവശ്യങ്ങൾക്ക് അത് ഒരു രാഷ്ട്രീയഭാഷ നൽകുന്നു എന്നതിലാണ്. അതുകൊണ്ടുതന്നെ അതിനെ വെല്ലുവിളിക്കുന്ന രാഷ്ട്രീയം ഹിന്ദുത്വയുടെ അപകടങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ മാത്രം ഒതുങ്ങാൻ കഴിയില്ല. അതിന് അതേ ആവശ്യങ്ങൾക്ക് കൂടുതൽ ജനാധിപത്യപരവും സമത്വാധിഷ്ഠിതവുമായ ഒരു മറുപടി നൽകേണ്ടതുണ്ട്.
ഇവിടെയാണ് പുരോഗമന രാഷ്ട്രീയത്തിന്റെ ചരിത്രപരമായ പരിമിതി വ്യക്തമാകുന്നത്. പലപ്പോഴും അത് മനുഷ്യരെ പ്രധാനമായും സാമ്പത്തിക ജീവികളായി മനസ്സിലാക്കുന്നു. കൂടുതൽ തൊഴിലവസരങ്ങളും ക്ഷേമപദ്ധതികളും സാമ്പത്തിക സുരക്ഷയും ലഭിച്ചാൽ ആളുകൾ സ്വാഭാവികമായി ജനാധിപത്യ-പുരോഗമന രാഷ്ട്രീയത്തിലേക്ക് തിരികെ വരുമെന്ന ധാരണ അതിനുണ്ട്. എന്നാൽ ചരിത്രം കാണിക്കുന്നത് മനുഷ്യർ സാമ്പത്തിക താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം രാഷ്ട്രീയം തിരഞ്ഞെടുക്കുന്നില്ല എന്നതാണ്. അവർ ജീവിതത്തിന് അർത്ഥവും അംഗീകാരവും കൂട്ടായ്മയും നൽകുന്ന രാഷ്ട്രീയത്തെയും അന്വേഷിക്കുന്നു.
അതിനാൽ ഒരു ബദൽ രാഷ്ട്രീയം രണ്ടുതലങ്ങളിൽ ഒരേസമയം പ്രവർത്തിക്കേണ്ടതുണ്ട്. ഒന്നാമത്തേത് സാമ്പത്തിക നീതിയുടെ തലവും രണ്ടാമത്തേത് സാംസ്കാരിക അർത്ഥത്തിന്റെ തലവുമാണ്. ഇതിലേതെങ്കിലും ഒന്നിനെ അവഗണിക്കുന്ന രാഷ്ട്രീയം അപൂർണ്ണമായിരിക്കും.
ഒന്നാമതായി, സാമ്പത്തിക നീതിയെ വീണ്ടും ജനാധിപത്യത്തിന്റെ കേന്ദ്രപ്രശ്നമാക്കേണ്ടതുണ്ട്. ആരോഗ്യവും വിദ്യാഭ്യാസവും പാർപ്പിടവും തൊഴിലും സാമൂഹിക സുരക്ഷയും വിപണിയിൽ വാങ്ങേണ്ട സേവനങ്ങളല്ല, പൗരാവകാശങ്ങളാണെന്ന ധാരണ പുനഃസ്ഥാപിക്കണം. വികസനത്തിന്റെ മാനദണ്ഡം ജിഡിപി വളർച്ചയോ ഓഹരി വിപണിയുടെ ഉയർച്ചയോ അല്ല, മനുഷ്യരുടെ ജീവിതനിലവാരവും സാമൂഹിക സമത്വവുമാകണം. നിയോലിബറലിസം വിപണിയുടെ കാര്യക്ഷമതയെ മുൻനിർത്തുമ്പോൾ ജനാധിപത്യം മനുഷ്യരുടെ അന്തസ്സിനെയാണ് മുൻനിർത്തേണ്ടത്.
എന്നാൽ സാമ്പത്തിക നീതി മാത്രം മതിയാകില്ല. നിയോലിബറലിസം സൃഷ്ടിച്ച പ്രതിസന്ധി സാമ്പത്തികം മാത്രമല്ല; അത് സാമൂഹികവും സാംസ്കാരികവും മനഃശാസ്ത്രപരവുമാണ്. അതിനാൽ വ്യക്തികളെ വീണ്ടും പരസ്പരം ബന്ധിപ്പിക്കുന്ന പൊതുസ്ഥാപനങ്ങളും സാമൂഹിക ഇടങ്ങളും ജനാധിപത്യത്തിന് അനിവാര്യമാണ്. തൊഴിലാളി സംഘടനകൾ, സഹകരണ പ്രസ്ഥാനങ്ങൾ, വായനശാലകൾ, സാംസ്കാരിക കൂട്ടായ്മകൾ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസ സംവിധാനങ്ങൾ എന്നിവ ക്ഷേമസ്ഥാപനങ്ങൾ മാത്രമല്ല; ജനാധിപത്യത്തിന്റെ സാമൂഹിക അടിത്തറ കൂടിയാണ്. ഒറ്റപ്പെട്ട വ്യക്തികൾക്ക് ജനാധിപത്യം നിലനിർത്താൻ കഴിയില്ല; പരസ്പരം ബന്ധപ്പെടുന്ന പൗരന്മാർക്കേ അതിന് കഴിയൂ.
ഇതോടൊപ്പം മതേതരത്വത്തെയും പുതിയ മട്ടിൽ വീണ്ടെടുക്കേണ്ടതുണ്ട്. അത് മതവും രാഷ്ട്രവും വേർതിരിക്കുന്ന ഭരണഘടനാ തത്വം മാത്രമല്ല. വൈവിധ്യത്തെ പൊതുസമ്പത്തായി അംഗീകരിക്കുന്ന ഒരു സാമൂഹിക ഭാവന കൂടിയാണ്. ഇന്ത്യയെ ഒരു മതസമൂഹത്തിന്റെ സാംസ്കാരിക സ്വത്തായി അല്ല, വ്യത്യസ്ത മതങ്ങളും ഭാഷകളും ജാതികളും സംസ്കാരങ്ങളും തുല്യ അവകാശത്തോടെ പങ്കിടുന്ന ഒരു പൊതുപൗരഇടമായി കാണുന്ന ദേശീയബോധമാണ് ജനാധിപത്യ മതേതരത്വത്തിന്റെ അടിസ്ഥാനം.
ദേശസ്നേഹത്തെയും ഹിന്ദുത്വത്തിന്റെ കുത്തകയായി വിട്ടുകൊടുക്കാൻ പാടില്ല. ഒരു രാജ്യത്തെ സ്നേഹിക്കുക എന്നത് ഒരു മതത്തോടോ സംസ്കാരത്തോടോ വിശ്വസ്തത പുലർത്തുക എന്നല്ല; എല്ലാ പൗരന്മാരുടെയും തുല്യ അന്തസ്സിനോടും ഭരണഘടനാപരമായ അവകാശങ്ങളോടും പ്രതിബദ്ധത പുലർത്തുക എന്നതാണ്. ഈ അർത്ഥത്തിൽ ജനാധിപത്യ ദേശീയതയും ഹിന്ദുത്വ ദേശീയതയും അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ഒന്നാമത്തേത് പൗരത്വത്തെ കേന്ദ്രമാക്കുമ്പോൾ രണ്ടാമത്തേത് സാംസ്കാരിക ഭൂരിപക്ഷത്തെ കേന്ദ്രമാക്കുന്നു.
ഒരു ബദൽ രാഷ്ട്രീയം മനുഷ്യരുടെ അർത്ഥാന്വേഷണത്തെയും ഗൗരവമായി കാണേണ്ടതുണ്ട്. നിയോലിബറലിസം വ്യക്തിയെ മത്സരത്തിലേക്ക് തള്ളിവിടുകയും ഹിന്ദുത്വ ആ മത്സരത്തിൽ ഒറ്റപ്പെട്ട മനുഷ്യന് ഒരു സാംസ്കാരിക അഭയം നൽകുകയും ചെയ്യുന്നു. ജനാധിപത്യ രാഷ്ട്രീയം അതിനപ്പുറം പോകണം. അത് മനുഷ്യരെ ഒരു മതപരമായ ഭൂരിപക്ഷത്തിന്റെ പേരിൽ അല്ല, പരസ്പര ആശ്രിതത്വത്തിന്റെയും സമത്വത്തിന്റെയും പൊതുപൗരത്വത്തിന്റെയും പേരിൽ ബന്ധിപ്പിക്കണം. ഒരു സാങ്കൽപ്പിക ശത്രുവിനെ സൃഷ്ടിച്ചുകൊണ്ടല്ല, പങ്കിട്ട ഭാവിയെ സൃഷ്ടിച്ചുകൊണ്ടായിരിക്കണം കൂട്ടായ്മ രൂപപ്പെടുത്തേണ്ടത്.
ഈ അർത്ഥത്തിൽ ഹിന്ദുത്വ-നിയോലിബറൽ സഖ്യത്തിന് ബദലാകുന്ന രാഷ്ട്രീയം മൂന്ന് പരസ്പരബന്ധിത അടിത്തറയിലാണ് നിലകൊള്ളേണ്ടത്: സാമ്പത്തിക നീതി, ജനാധിപത്യ പങ്കാളിത്തം, സാംസ്കാരിക അംഗീകാരം. സാമ്പത്തിക നീതി മനുഷ്യരുടെ ഭൗതിക ജീവിതത്തെ സുരക്ഷിതമാക്കുന്നു. ജനാധിപത്യ പങ്കാളിത്തം അധികാരത്തെ സാമൂഹികമായി വിതരണം ചെയ്യുന്നു. സാംസ്കാരിക അംഗീകാരം മനുഷ്യരുടെ അർത്ഥാന്വേഷണത്തെ ജനാധിപത്യപരമായ ദിശയിലേക്ക് നയിക്കുന്നു. ഈ മൂന്നിന്റെയും സംയോജനത്തിലൂടെയാണ് സമത്വവും സ്വാതന്ത്ര്യവും ബഹുസ്വരതയും ഒരുമിച്ച് നിലനിൽക്കുന്ന ഒരു സമൂഹത്തെ സങ്കൽപ്പിക്കാൻ കഴിയുക.
അതിനാൽ സമകാലിക ഇന്ത്യയുടെ രാഷ്ട്രീയചോദ്യം ഒരു ഭരണകൂടത്തിന് പകരം മറ്റൊന്ന് വരുമോ എന്നതല്ല. നിയോലിബറലിസവും ഹിന്ദുത്വവും ചേർന്ന് നിർമ്മിച്ച സാമൂഹിക യുക്തിക്ക് പകരം മറ്റൊരു ജനാധിപത്യ ഭാവന ഉയർന്നുവരുമോ എന്നതാണ്. ആ ഭാവന രൂപപ്പെടുന്നത് തിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ മാത്രമല്ല; മനുഷ്യരുടെ ഭൗതിക ആവശ്യങ്ങളെയും സാംസ്കാരിക ആഗ്രഹങ്ങളെയും ഒരുപോലെ അഭിസംബോധന ചെയ്യുന്ന പുതിയ സാമൂഹിക സ്ഥാപനങ്ങളിലൂടെയും പുതിയ രാഷ്ട്രീയ സങ്കൽപ്പങ്ങളിലൂടെയുമാണ്. ഇന്ത്യയുടെ ജനാധിപത്യ ഭാവി നിർണയിക്കപ്പെടുക ആ സങ്കൽപ്പം എത്രമാത്രം വിശ്വസനീയമായി രൂപപ്പെടുന്നു എന്നതിലായിരിക്കും.
(റിസാല വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ പരിഷ്കരിച്ച പതിപ്പ്)
.jpg)