>

അനുബന്ധ വായന"

റസ്സൽ എഡ്സൻ്റെ ഗദ്യകവിത

റസ്സൽ എഡ്സൺ
റസ്സൽ എഡ്സൺ
അമേരിക്കൻ ഗദ്യകവിതയുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റസ്സൽ എഡ്സനെ ആദ്യമായി വായിക്കുന്നവർ എഴുത്തിലെ ഫലിതം കാരണം ചിരിക്കാം, എന്താണ് ഇയാൾ കവിതയെന്ന പേരിൽ എഴുതിയിരിക്കുന്നത് എന്ന തോന്നലുണ്ടായി നിരാശരാകാം. ചിലർക്ക് അവ ഗദ്യകവിതകൾ ആകാം. മറ്റു ചിലർക്ക് കെട്ടുകഥകൾ ആകാം. കാര്യമെന്തായാലും, കവിതയെന്ന പേരിൽ നാം പരിചയിച്ച എഴുത്തുകളിൽ നിന്നും എഡ്സൻ്റെ എഴുത്ത് പാലിക്കുന്ന വ്യത്യാസമാണ് ഈ തോന്നലിനൊക്കെ കാരണമാകുന്നത്. എഡ്സൻ്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ വേണമെങ്കിൽ ആർക്കും റസ്സൽ എഡ്സനെ പോലെ എഴുതാം. അസാദ്ധ്യമെന്നു കരുതപ്പെടുന്ന സ്ഥലകാലങ്ങളെയും സാഹചര്യങ്ങളെയും ലളിതവും കണിശവുമായ ഭാഷയിൽ, ന്യായീകരിക്കപ്പെടാനിടയുള്ള ശൈലിയിൽ ആവിഷ്കരിക്കാനാകണമെന്നുമാത്രം. ഷൂവിനെ കല്യാണം കഴിക്കുന്ന പുരുഷനെയും കല്ലിനെ തടവിലിടുന്ന മകനെയും താനൊരു മരമായെന്ന് അച്ഛനമ്മമാരെ പറഞ്ഞു വിശ്വസിപ്പിക്കുകയും എന്നാൽ താൻ നുണ പറയുകയായിരുന്നെന്നു മറിച്ച് പറഞ്ഞു വിശ്വസിപ്പിക്കാനാകാതെ പോകുന്ന ആളെയും എഴുതിഫലിപ്പിക്കാൻ സാധിക്കണം.

സർറിയലിസം ആണോ? ആണെന്ന് തോന്നാം. എന്നാൽ അല്ല. എഡ്സൻ തന്നെ പറയുന്നു: ‘എന്തിനു നമ്മൾ സർറിയലിസ്റ്റുകൾ ആകണം? ആന്ദ്രെ ബ്രെട്ടൺ അല്ല ഭാവന കണ്ടെത്തിയ ആൾ‘ അദ്ദേഹം തുടരുന്നു ‘ഒരു എഴുത്തിന് ഭാഷയുടെ യുക്തി മാത്രമല്ല ആവശ്യം. സൃഷ്‌ടിയുടെ യുക്തി കൂടി ആവശ്യമാണ്. എൻ്റെ എഴുത്ത് സ്വയംപ്രേരിതമായ ഒന്നല്ല. ചിന്തയുടെ രൂപപ്പെടുത്തലിലാണ് എൻ്റെ ശ്രദ്ധ, ആഖ്യാനത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിലല്ല. വിചിത്രമായ കാര്യങ്ങൾ നിറഞ്ഞു നിൽക്കുമ്പോഴും എൻ്റെ എഴുത്ത് അതിനെതിരെ വിജയിക്കുന്നത് ഭാഷയുടെയും ആകെത്തുകയിൽ പ്രകടമാകുന്ന സൃഷ്ടിയുടെയും യുക്തിയിലാണ്. എൻ്റെ ലക്ഷണമൊത്ത ഒരു ഗദ്യകവിത വിചിത്രകാര്യങ്ങളിൽ ആയിരിക്കുമ്പോഴും അതിൻ്റെതന്നെയുള്ളിൽ ഭാഷയുടെയും സാഹിത്യസൃഷ്ടിയുടെയും യുക്തിയ്ക്ക് വിധേയമായ പൂർണ്ണതയുള്ള കവിത ആയിരിക്കും. ഇത് സർറിയലിസത്തിൽ നിന്നും വേറിട്ടതാണ്. സർറിയലിസ്റ്റുകൾ ചിരപരിചിതമായ ഒരു കാര്യത്തെ എടുത്ത് വിചിത്രമാക്കുകയും അതിനെ അവിടെ ഉപേക്ഷിക്കുകയുമാണ്‘.

സാഹിത്യത്തിലെ ഒരു രൂപത്തോടും കടപ്പാടും ബാധ്യതയും വെച്ചുപുലർത്താതെ എഴുതണമെന്നത് എഡ്സൻ്റെ ആഗ്രഹമായിരുന്നു. കവിതയുടെ നിർവ്വചനത്തിൽ ഒതുങ്ങാത്ത കവിത. കഥാസാഹിത്യത്തിൻ്റെ ആവശ്യഘടകങ്ങൾ ഉൾക്കൊള്ളാത്ത ഗദ്യം. ഗദ്യകവിതയുടെ വിലക്ഷണതയും എന്തെങ്കിലും ആകണമെന്ന ആഗ്രഹമില്ലായ്മയും ഹാസജനകമായിരിക്കാനുള്ള ശേഷിയും ഒക്കെയാണ് തന്നെ അതിലേക്ക് ആകർഷിച്ചതെന്ന് അദ്ദേഹം പറയുന്നു. എഴുതി പൂർത്തിയായത് സാഹിത്യസൃഷ്ടിയായി മാറുന്നത് എഡ്സനെ സംബന്ധിച്ച് തികച്ചും യാദൃച്ഛികമായ കാര്യമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വല്ലപ്പോഴുമൊക്കെ പറക്കുന്ന വിമാനം പോലെയാണ് കവിതയും, പറക്കുമോ ഇല്ലയോ എന്നതിനെ പറ്റിയൊന്നും അതിൻ്റെ പൈലറ്റ് ആലോചിക്കുന്നില്ല. റസ്സൽ എഡ്സനെ വായിക്കുന്നയാൾ കോരിത്തരിക്കുന്നത് തമാശയായി എന്തൊക്കെയോ എഴുതിക്കൂട്ടിയ ആളെയല്ല താൻ വായിക്കുന്നത് വലിയൊരു ചിന്തകനെ ആണെന്ന് തിരിച്ചറിയുന്ന നിമിഷമായിരിക്കും. ചിന്തിച്ചുകൂട്ടിയത് ഉപസംഹരിക്കുന്ന കവിയെയല്ല കാണാനാകുന്നത്, ആ ചിന്തയുടെ പ്രക്രിയ തന്നെയാണ് പങ്കുവെക്കുന്നത്. അതിനാൽ ഈ കവിതകൾക്ക് വായനക്കാരുടെ ഇടപെടൽ ആവശ്യമാണ്.


റസ്സൽ എഡ്സൻ്റെ ഗദ്യകവിതകൾ

കല്ല് ആരുടേതുമല്ല


ഒരാൾ ഒരു കല്ലിനെ പതിയിരുന്നാക്രമിച്ച് കൈക്കലാക്കി. ഇരുട്ടുമുറിയിൽ തടവിലിട്ടു. തന്റെ ശിഷ്ടകാലം മുഴുവൻ അതിനു കാവൽ നിന്നു.

എന്തിനാണ് ഇതെന്ന് അയാളുടെ അമ്മ ചോദിച്ചു.

അതിനെ പിടിച്ച് അടിമയാക്കിയതാണെന്നും അത് കീഴടക്കപ്പെട്ടതാണെന്നും അയാൾ പറഞ്ഞു.

നോക്ക്, കല്ല് ഉറക്കത്തിലാണ്, അമ്മ പറഞ്ഞു, താനൊരു പൂന്തോട്ടത്തിലാണോ അതോ മറ്റെവിടെയെങ്കിലുമാണോ എന്നൊന്നും അതറിയാൻ പോകുന്നില്ല. നിത്യതയും കല്ലും അമ്മയും മകളുമാണ്; പ്രായമേറുന്നത് നിനക്കാണ്, കല്ല് ഉറങ്ങുക മാത്രമാണ്.

പക്ഷേ അമ്മേ, ഞാനതിനെ കൈക്കലാക്കിയതാണ്. പിടിച്ചടക്കപ്പെട്ടതോടെ അത് എന്റേതായിരിക്കുന്നു, അയാൾ പറഞ്ഞു.

കല്ല് ആരുടേതുമല്ല, എന്തിന് അത് അതിന്റേതുപോലുമല്ല, ഇവിടെ കീഴടക്കപ്പെട്ടിരിക്കുന്നത് നീയാണ്. തടവിലുള്ളതിനെയും ആലോചിച്ചിരിക്കുന്നത് നീയാണ്, അത് നീ തന്നെയാണ്, പുറത്തുപോകാൻ പേടിയുള്ളത് നിനക്കാണ്, അമ്മ പറഞ്ഞു.

അതെയതെ, എനിക്കു പേടിയാണ്, കാരണം നിങ്ങളൊരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ലല്ലോ, അയാൾ പറഞ്ഞു.

അത് ശരിയാ, കല്ല് നിന്നോട് എങ്ങനെയാണോ അതേമട്ടിലായിരുന്നു നീ എല്ലായിപ്പോഴും എന്നോട്, അമ്മ പറഞ്ഞു.

വീഴ്ച


തനിക്കു കിട്ടിയ രണ്ട് ഇലകൾ നീട്ടിപ്പിടിച്ച് വീട്ടിനകത്തേക്ക് കയറിവന്ന് താനൊരു മരമാണെന്ന് അച്ഛനമ്മമാരോട് പറഞ്ഞൊരാൾ ഉണ്ടായിരുന്നു.

അങ്ങനെയെങ്കിൽ മുറ്റത്തേക്ക് പോകണമെന്നും സ്വീകരണമുറിയിൽ നിന്നുവളരേണ്ടേന്നും നിന്റെ വേരുകൾ തറവിരി കേടാക്കുമെന്നും അവർ പറഞ്ഞു.

താനൊരു തമാശ പറഞ്ഞതാണെന്നും താൻ മരമല്ലെന്നും പറഞ്ഞ് അയാൾ ഇലകൾ നിലത്തിട്ടു.

എന്നാൽ അച്ഛനുമമ്മയും പറഞ്ഞു: നോക്ക് ഇലകൾ കൊഴിഞ്ഞു.

മുല


ഒരു രാത്രി ഒരു സ്ത്രീയുടെ മുല ഒരാണിന്റെ മുറിയിലേക്ക് കടന്നുച്ചെന്ന് തന്റെ ഇരട്ടസഹോദരിയെപ്പറ്റി സംസാരിക്കാൻ തുടങ്ങി.

തന്റെ ഇരട്ട സഹോദരി അതാണ്, തന്റെ ഇരട്ടസഹോദരി ഇതാണ്.

ഒടുവിൽ അയാൾ ചോദിച്ചു, പ്രിയ മുലേ, നിന്നെക്കുറിച്ച് എന്തുണ്ട് പറയാൻ?

പിന്നെ രാവ് തീരുവോളം മുല തന്നെപ്പറ്റി പറഞ്ഞു.

സഹോദരിയെപ്പറ്റി പറഞ്ഞ അതേ കാര്യങ്ങൾ തന്നെയായിരുന്നു: അവൾ ഇതാണ്. അവൾ അതാണ്.

ഒടുവിൽ അവളുടെ മുലഞെട്ടിൽ ഉമ്മവെച്ച് അയാൾ പറഞ്ഞു, എന്നോട് ക്ഷമിക്കൂ. പിന്നെ അയാൾ ഉറക്കത്തിലേക്കു വീണു.

കളിപ്പാട്ടമുണ്ടാക്കുന്നയാൾ


കളിപ്പാട്ടമുണ്ടാക്കുന്നയാൾ ഒരു കളിപ്പാട്ടഭാര്യയെയും കളിപ്പാട്ടക്കുഞ്ഞിനെയും ഉണ്ടാക്കി.

പ്രായമേറുന്നൊരു കളിപ്പാട്ടവും ചത്തുകൊണ്ടിരിക്കുന്നൊരു കളിപ്പാട്ടവും അയാൾ ഉണ്ടാക്കി.

കളിപ്പാട്ടസ്വർഗവും കളിപ്പാട്ട ദൈവത്തെയും ഉണ്ടാക്കി.

എന്നിരുന്നാലും, മറ്റെല്ലാത്തിനുമുപരി, തീട്ടക്കളിപ്പാട്ടം ഉണ്ടാക്കാനായിരുന്നു അയാൾക്ക് ഇഷ്ടം.

ദാർശനികർ


ഞാൻ ചിന്തിക്കുന്നു; അതിനാൽ ഞാൻ ഉണ്ട് എന്ന് അയാൾ പറഞ്ഞതിനു പിന്നാലെ അയാളുടെ അമ്മ അയാളുടെ തലയ്ക്കടിച്ചു, എന്നിട്ട് പറഞ്ഞു, ഞാൻ എന്റെ മകന്റെ തലയ്ക്കടിച്ചു അതിനാൽ ഞാൻ ഉണ്ട്.

എയ് ഇതല്ല ഇതല്ല, അമ്മയെല്ലാം തെറ്റായി ധരിച്ചിരിക്കുകയാണെന്നും പറഞ്ഞ് അയാൾ അലറി.

അമ്മ ഒരിക്കൽക്കൂടി അയാളുടെ തലയ്ക്കടിച്ചു, എന്നിട്ട് അതിനാൽ ഞാൻ ഉണ്ടെന്ന് അലറിപ്പറഞ്ഞു.

നിങ്ങളല്ല, അങ്ങനെയല്ല; നിങ്ങൾ ചിന്തിക്കുകയാണ് വേണ്ടത്, അടിക്കുകയല്ല, അയാളും അലറി.

...ഞാൻ ചിന്തിക്കുന്നു; അതിനാൽ ഞാൻ ഉണ്ട്, അയാൾ പറഞ്ഞു.

ഞാൻ അടിക്കുന്നു, അതിനാൽ നമ്മൾ രണ്ടുപേരുമുണ്ട്, അടിക്കുന്നയാളും അടി കൊള്ളുന്നയാളും, അയാളുടെ അമ്മ പറഞ്ഞു.

ഇപ്രാവശ്യം അയാൾ ബോധരഹിതനാകുകയായി; വെളിവില്ലാത്തതിനാൽ അയാൾക്ക് ചിന്തിക്കാനായില്ല. എന്നാൽ അമ്മയ്ക്ക് ചിന്തിക്കാനായി, ഞാനുണ്ട് അതിനാൽ വെളിവില്ലാത്ത എന്റെ മകനും, അവനത് അറിയുന്നില്ലെങ്കിൽക്കൂടിയും...

Search This Blog

വിഭാഗങ്ങൾ

കവിതകൾ

പരിഭാഷകൾ