>

അനുബന്ധ വായന"

കവിതാസ്വാദനത്തിന് ഒരു മുഖവുര

കവിതാസ്വാദനത്തിന് ഒരു മുഖവുര

ഭാഷ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയും കവിതയും പഠിക്കുന്നുണ്ട്. എന്നാൽ പിൽക്കാല ജീവിതത്തിൽ കവിത ആസ്വദിക്കുന്നതിനു തടസ്സമാകുന്ന എന്തോ ഒന്നുകൂടി പ്രൈമറി ക്ലാസ്സുകൾ മുതൽ പലരുടെയും ഉള്ളിൽ കയറുന്നുണ്ട്. ഒരുപക്ഷേ വായനയിൽ അവരുടെ പരിമിതിയാകാം. അതല്ലെങ്കിൽ കവിതയിൽ ആസ്വദിക്കാൻ എന്താണുള്ളതെന്ന പാഠം ഭാഷാദ്ധ്യാപകരിൽ നിന്നും അവർക്കു ലഭിക്കാത്തതാകാം. ഇനി അതുമല്ലെങ്കിൽ പ്രശ്നം കവിതയുടെ തന്നെയാകാം. എന്തായാലും കവിത മനസ്സിലാകാത്തവരും ആസ്വദിക്കാൻ സാധിക്കാത്തവരുമാണ് നമുക്കിടയിൽ കൂടുതലും.

ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസു വരെയുള്ള മലയാളപാഠപുസ്തകങ്ങളെ മുൻനിർത്തി കൽപ്പറ്റ നാരായണൻ ഇങ്ങനെ നിരീക്ഷിക്കുന്നു: ‘കവിത എന്തിന്, എന്താണതിന്റെ ഉപയോഗങ്ങൾ എന്ന് സുവ്യക്തമാക്കേണ്ട അവശ്യകത പാഠപുസ്തകങ്ങൾക്കോ പാഠപുസ്തകസഹായികൾക്കോ തോന്നിയിട്ടേ ഇല്ല. കുറച്ചു കവിതാമാതൃകകൾ, അതേ ഈണത്തിൽ എഴുതപ്പെട്ട അല്ലെങ്കിൽ അതേ പ്രമേയം പങ്കിടുന്ന ഇതരകവിതാമാതൃകകൾ, വൃത്തം, അലങ്കാരം, ഉക്തിവൈചിത്ര്യങ്ങൾ, പ്രമേയങ്ങൾ ഇവയിലൂന്നിയുള്ള ചില അഭ്യാസങ്ങൾ, കഴിഞ്ഞു കവിതാപഠനം. പഠനസഹായികളിലെ നിർദേശങ്ങളും പാഠപുസ്തകങ്ങളിലെ അഭ്യാസങ്ങളും സൂക്ഷിച്ചപഗ്രഥിച്ചാൽ കവിതയെ അല്ല അതിലെ സ്ഥൂലഘടനയെ മാത്രമേ പാഠപുസ്തകങ്ങൾ ഗൌനിച്ചിട്ടുള്ളൂ എന്നു കാണാം. ‘ചൊല്ലാനുള്ള രസകരമായ ഘടന’ എന്ന അപ്രഖ്യാപിതമായ ഒരു കാവ്യനിർവചനത്തിനു കീഴടങ്ങി നിൽക്കുന്നു കവിതാസംബന്ധിയായ സകല പ്രവർത്തനങ്ങളും.‘

ഇതര സാഹിത്യരൂപങ്ങളെ പരിഗണിക്കുമ്പോൾ ജനപ്രീതിയിൽ പിന്നിൽ നിൽക്കുന്നതും അതേസമയം ഏറ്റവും പഴക്കം ചെന്നതും കവിതയാണ്. വിപണിയുടെ മാനദണ്ഡങ്ങൾ വെച്ചു നോക്കിയാൽ കവിത എന്ന ഉൽപ്പന്നം ഒരുതരത്തിൽ ഡെഡ്സ്റ്റോക്ക് ആണ്. എന്നിരുന്നിട്ടും ഇന്നും കവിത നിലനിൽക്കുന്നു. മറ്റു സാഹിത്യരൂപങ്ങൾക്കു പകരം വെക്കാനാകാത്തതെന്തോ കവിതയ്ക്കുണ്ട് എന്നതുതന്നെയാകണം അതിനു കാരണം. കവിത മനുഷ്യരോട് അവരുടെ ഏറ്റവും സ്വകാര്യമായ, ആശങ്കാജനകമായ, ആവേശകരമായ നിമിഷങ്ങളില്‍ അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങള്‍ നടത്തുന്നു, ഇതു കവിതയുടെ സാധ്യതയാണ്. പ്രകടിപ്പിക്കാന്‍ കഴിയാത്ത എന്തിനെയും പ്രകടനയോഗ്യമാക്കുന്നതിനു മറ്റേതു കലാരൂപത്തേക്കാളും അനുയോജ്യം കവിത എന്ന മാധ്യമമാണ്, അതിനു കാരണം അത് ഭാഷയോട്, അതിന്റെ പ്രഭവസ്ഥാനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതുകൊണ്ടാണ്. മറ്റൊരുതരത്തിൽ, പോൾ വലേരിയുടെ വാചകം കടമെടുത്തു പറഞ്ഞാൽ, കവിത ഭാഷയ്ക്കുള്ളിൽ മറ്റൊരു ഭാഷ നിർമ്മിക്കുന്നത് കൊണ്ടാണ്.

കാവ്യാത്മകമായ ഒരു ആശയപ്രകാശനം വേണ്ടി വരുന്നത് എപ്പോഴായിരിക്കാം? അല്ലെങ്കില്‍ ഭാഷ ഉപയോഗിക്കേണ്ടി വരുന്ന ഏതു സന്ദര്‍ഭങ്ങളിലാണ് കവിത ഏറ്റവും ഉചിതമാകുന്നത്? പറയാന്‍ സാധിക്കാത്ത ബുദ്ധിമുട്ടുള്ള അനുഭവങ്ങളില്‍ കവിത എന്തുകൊണ്ട്, അല്ലെങ്കില്‍ എങ്ങനെ എന്നതായിരിക്കും കുറച്ചുകൂടെ പ്രസക്തമായ ചോദ്യമെന്ന് നോലിസ്റ്റ് ആയ റിച്ചാർഡ് ഫോർഡ് പറയുന്നു. കവിതയെ കുറിച്ചുള്ള സാമാന്യവല്‍ക്കരണം അസാധ്യമാണ്. കവിതയുടെ സ്വഭാവത്തെ അതിന്റെ എല്ലാ രൂപഭേദങ്ങളും ഉള്‍ക്കൊള്ളുന്ന ഒന്നിലേക്ക് ചുരുക്കി നിര്‍വചിക്കുക എന്നതും അസാധ്യമാണ്. 'എന്തുകൊണ്ട് കവിത' എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരമില്ലാത്തത്, അല്ലെങ്കില്‍ ആ ചോദ്യത്തിന്റെ ഉത്തരം സാധ്യമാകുന്ന ഒരു രീതിയില്‍ കവിത എന്നതിന്റെ നിര്‍വചനത്തെ ചുരുക്കാന്‍ കഴിയാത്തത് തന്നെ, കവിത അതിന്റെ നിലനില്‍പ്പിന്റെ കാരണവും സാധൂകരണവും ആകുന്നുവെന്നതിന് തെളിവായിട്ടാണ് റിച്ചാർഡ് ഫോർഡ് കാണുന്നത്.

നിർഭാഗ്യവശാൽ കഥയുടേയോ സംഗീതത്തിന്റെയോ ഘടകങ്ങളെ കൂടുതലായി ആശ്രയിച്ചവയാണ് നമ്മുടെ ഭാഷയിൽ ആഘോഷിക്കപ്പെട്ട ബഹുഭൂരിപക്ഷം കവിതകളും. ഈ ജനപ്രിയഘടകങ്ങളെ മാറ്റിനിർത്തിയാൽ നമ്മുടെ കവിതകളിൽ എത്രത്തോളം കവിത അവശേഷിക്കുന്നുണ്ട് എന്നൊരു അന്വേഷണം നടത്താവുന്നതാണ്. സ്കൂൾ കാലം മുതൽ കവിത ആസ്വദിക്കാനിരുന്ന നമ്മൾ കഥ കേൾക്കുകയായിരുന്നോ അല്ലെങ്കിൽ താളത്തിൽ പാടുന്നത് കേട്ടിരിക്കുകയായിരുന്നോ എന്നതും സ്വയം ചോദിക്കേണ്ട ചോദ്യമാണ്. ഗാനരചയിതാക്കളെ സൃഷ്ടിക്കലും അവർക്കു അരങ്ങൊരുക്കലുമാണോ പത്തുവരെയുള്ള മലയാള പാഠപുസ്തകങ്ങളിലെ പകുതിയോളം പാഠങ്ങളുടെ ചുമതല എന്ന കൽപ്പറ്റ നാരായണന്റെ ചോദ്യം ഏറെ പ്രസക്തമാണ്. ഭാഷയിലെ മറ്റു രൂപങ്ങൾ ചെയ്യാത്ത ചില കാര്യങ്ങൾ ചെയ്യാനുള്ള കവിതയുടെ ശേഷി സമീപകാലകവിതകൾ പ്രകടമാക്കുന്നത് ഈ ജനപ്രിയഘടകങ്ങള കൂടുതലായി ആശ്രയിക്കാതിരിക്കുമ്പോഴാണ്.

അർത്ഥത്തിന്റെ അനേകം അടരുകൾ സൂക്ഷിക്കുന്നു, വ്യാഖ്യാനത്തിന്റെ അനേകം സാധ്യതകൾ മുന്നോട്ടുവെക്കുന്നു, ഓരോ വായനയിലും പുതിയതായി എന്തെങ്കിലും വായനക്കാരിക്കായി കരുതിവെക്കുന്നു എന്നത് അസ്സൽ കവിതകളുടെ ലക്ഷണങ്ങളാണ്. ഈ ഗുണങ്ങൾ പ്രകടിപ്പിക്കാൻ കഥയുടെയോ സംഗീതത്തിന്റെയൊ പിന്തുണ കവിതയ്ക്ക് ആവശ്യമില്ല എന്നു മാത്രമല്ല ഒരുപാട് വാക്കുകളോ വരികളോ ആവശ്യമില്ല. കെ. എ. ജയശീലന്റെ ‘ചൂണ്ടയിൽ ഇര തുടിക്കുന്നു‘ എന്ന കവിതയുടെ തുടക്കത്തിലെ നാലുവരി ഇതിനു ഉദാഹരണം:

            ചൂണ്ടയിൽ
            ഇര തുടിക്കുന്നു:
            എനിക്കു വേണം
            മീനിന്റെ മരണം

നമുക്കെല്ലാം പരിചിതമായ ഒരു കാഴ്ചയ്ക്കുമേൽ കവിയുടെ ഭാവന നടത്തിയ ഇടപെടൽ വൈയക്തികവും ദാർശനികവും രാഷ്ട്രീയപരവുമായ അനേകം വായനയിലേക്കുള്ള സാധ്യത മുന്നോട്ടുവെക്കുന്നു. സമീപകാലകവിതയിൽ കവിഭാവന കേവലം പ്രകൃതിവർണ്ണനകളിൽ ഒതുങ്ങുന്നതോ ഒതുങ്ങേണ്ടതോ അല്ലെന്നും ഈ നാലുവരി ബോധ്യപ്പെടുത്തുന്നു.

കെ. എ. ജയശീലൻ
കെ. എ. ജയശീലൻ
എഴുതിയിരിക്കുന്നത് എന്തോ അതല്ല, കവി ഉദ്ദേശിച്ചത് മറ്റെന്തോ ആണെന്ന തോന്നലാണ് കവിതയെ ശ്രമകരമായ ഒരു പണിയാണെന്ന പൊതുബോധത്തിലേക്കു നയിച്ചതെന്നു കരുതാം. കർണ്ണാടകസംഗീതം ആസ്വദിക്കാൻ നിങ്ങൾക്ക് സംഗീതത്തെപ്പറ്റി ചില ധാരണകൾ വേണമെന്നു പറയുന്നത് പോലെയുള്ള ഒരു ഏർപ്പാടാണ് ഇത്. പരോക്ഷസൂചനകൾ കണ്ടെത്താനുള്ള അഭ്യാസത്തോടെയാണ് പലരും കവിതയെ സമീപിക്കുന്നത്. എന്താണ് എഴുതിയിരിക്കുന്നത് അതിനെ അതായിത്തന്നെ വായിക്കുക എന്നതാണ് പ്രാഥമികവായന. ബാക്കിയെല്ലാം തുടർന്നുവരുന്ന വായനകളാണ്. പ്രാഥമികവായനയ്ക്ക് കവിത എഴുതപ്പെട്ടിരിക്കുന്ന ഭാഷ വായിച്ചു മനസ്സിലാക്കാനുള്ള ശേഷിയാണ് ആവശ്യം. പരോക്ഷസൂചനകൾ കണ്ടെത്താനുള്ള ശ്രമം ആദ്യവായനയിൽത്തന്നെ നടത്തുമ്പോൾ പ്രാഥമികവായനയിൽ ലഭിക്കാനിടയുള്ള അനുഭൂതി കിട്ടാതെ വരും. പലപ്പോഴും കവിത ആസ്വദിക്കാനാകാതെവരും.

ഇതിനർത്ഥം പരോക്ഷസൂചനകൾ അന്വേഷിച്ചുള്ള വായന ആവശ്യമല്ല എന്നല്ല. വ്യവഹാരഭാഷയിലെ ആവിഷ്കരിക്കുന്നതിന്റെ ധ്വനിസാധ്യതയോ വക്രീകരണമോ ആണു അതിനെ കാവ്യഭാഷയിലേക്കു നയിക്കുന്നത്. അല്ലാത്ത എഴുത്ത് കേവലം സംഭാഷണമായി ചുരുങ്ങാം. കവിതയാകാതെ പോകാം. പോൾ വലേരിയുടെ വാക്കിൽ പറഞ്ഞാൽ സംഭാഷണഭാഷയും കവിതയിലെ ഭാഷയും തമ്മിൽ നടത്തവും നൃത്തവും തമ്മിലുള്ള വ്യത്യാസമുണ്ട്. അതായത് നടത്തം നൃത്തം പോലെ ഒരു ആവിഷ്കാരരൂപമല്ല. നൃത്തത്തിലെ ഓരോ ചലനവും പ്രതിരൂപാത്മകമാണ്. കവിതയിലെ ഭാഷയുമതെ. കവിത വിനിമയത്തിന്റെ വാക്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നു.

ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റത്തിനു കവിതയേക്കാൾ നന്നായി ഉപയോഗിക്കാൻ കഴിയുന്നത് കഥയും ലേഖനങ്ങളും ഒക്കെയാണ്. ഒരു കവിതയെ മുൻനിർത്തി ആ കവിത ഒരു പ്രത്യേക ആശയമാണ് പറയുന്നതെന്നു വ്യക്തതയോടെ പറയാൻ നമുക്ക് സാധിച്ചെന്നു വരില്ല. അങ്ങനെ എന്തെങ്കിലും ഒരൊറ്റ അശയം വ്യക്തതയോടെ പറയുന്നത് കാവ്യഗുണം ഇല്ലാതാക്കുന്ന പ്രവർത്തിയാണ്. എപ്പോഴൊക്കെ വ്യാഖ്യാനിക്കാൻ മുതിരുമ്പോഴും അപ്പോഴൊക്കെയും മറ്റെന്തോ കൂടി കരുതിവെക്കുന്നല്ലോ എന്ന സാധ്യത നല്ല കവിതകൾക്കുണ്ട്. ഇങ്ങനെയൊരു സ്വഭാവം എന്തായാലും ലേഖനങ്ങൾ ഒരിക്കലും കാണിക്കാൻ പാടില്ല.

പോൾ വലേരി
പോൾ വലേരി
ലോർഡ് ബൈറണിന്റെ പ്രേമകവിതയെ ഭക്തികവിതയായി പഠിപ്പിച്ച ഒരു അധ്യാപികയുടെ ക്ലാസ്സിൽ ഞാൻ ഇരുന്നിട്ടുണ്ട്. ബൈറൺ എന്ന കവിയെ അറിയുന്ന ആളിൽ നിന്നും ഉണ്ടാകുന്ന ഒരു വായനയല്ല അത്. എന്നാൽ എന്താണോ എഴുതിയിരിക്കുന്നത് അത് മാത്രം വായിക്കുന്ന ഒരാളെ സംബന്ധിച്ച് അത് തെറ്റായ വായനയുമല്ല. 'അങ്ങ്’ എന്ന വാക്കിൽ പ്രേമിക്കുന്ന ആളെ കാണുന്നവരും ദൈവത്തെ കാണുന്നവരും ഉണ്ടാകാം. രണ്ടിനുമുള്ള സാധ്യത കവിത മുന്നോട്ടുവെക്കുന്നു. ഇത്തരത്തിൽ വളരെ വൈയക്തികമായ അനുഭവങ്ങളും വായനയും കവിതയിൽ നിന്നും ലഭിക്കും. എന്നാൽ നമ്മുടെ അനുഭവം വാക്കിലൂടെ മറ്റൊരാളോട് പങ്കുവെക്കാൻ സാധിക്കാതെയും വരാം. നിങ്ങൾ ഒറ്റയ്ക്ക് ഉപയോഗിച്ച് ആസ്വദിക്കുന്ന ഒരു ലഹരിവസ്തുപോലെ. നിങ്ങളിൽ എങ്ങനെയാണോ അത് പ്രവർത്തിക്കുന്നത് അതുപോലെ ആകണം എന്നില്ല മറ്റൊരാളിൽ.

ഭാഷയെയും ഭാവനയെയും കൂടുതൽ പ്രസരിപ്പോടെ നിലനിർത്താനുള്ള ശേഷി കവിതയ്ക്കുണ്ട്. ‘എല്ലാം ഉപ്പിലിട്ടുവെക്കുന്നു കടൽ’ എന്ന വരി നിങ്ങളിൽ ഉണ്ടാക്കാനിടയുള്ള ഒരു പ്രസരിപ്പുണ്ട്. കടലിന് ഉപ്പുരുചി ഉണ്ടെന്നും കടലിൽ അനേകം വസ്തുക്കൾ ഉണ്ടെന്നും നമുക്കെല്ലാം അറിയുന്ന വിവരമാണ്. എന്നിരിക്കിലും ‘ഉപ്പിലിട്ടുവെക്കുക’ എന്ന രീതിയോട് ചേർത്തുള്ള ആലോചന നമ്മുടെ ഭാഷയെയും ഭാവനയെയും ചെറുതായെങ്കിലും ഉന്മേഷമുള്ളതാക്കും. പ്രാഥമികവായനയിൽ ലഭിക്കുന്ന അനുഭൂതി പലപ്പോഴും ഇങ്ങനെയുള്ളതോ അതല്ലെങ്കിൽ വൈകാരികതയിലൂന്നിയതോ ആയിരിക്കും. ആദ്യവായനയിൽ ലളിതമായി അനുഭവപ്പെടുന്ന കവിതകൾ ആഴത്തിലുള്ള വായനയിൽ സങ്കീർണ്ണമായതലങ്ങൾ ഉള്ളതാണെന്നു കണ്ടെത്താനായേക്കാം. 

നമ്മുടെ ചുറ്റുപാടുകളെയും വ്യവഹാരഭാഷയെയും പുത്തനാക്കാനുള്ള ശേഷിയാണ് കാവ്യഭാഷയുടെ മറ്റൊരു പ്രധാന സവിശേഷത. ‘കാറ്റിൽ ഇലകൾ ഇളകുന്നു‘ എന്ന സർവ്വസാധാരണമായ ഒരു കാഴ്ചയെ കവി ‘കാറ്റിൻ്റെ തല്ലും തലോടലും ഏറ്റുകഴിയുന്ന ഇലകൾ‘ എന്നാക്കി എഴുതുന്നതോടെ നമ്മുടെ വീക്ഷണകോൺ മാറുന്നു. ചിരപരിതമായ ഒന്നിനെ മറ്റൊരു രീതിയിൽ നോക്കിക്കാണാൻ നമുക്ക് സാധിക്കുന്നു. ഭാഷയെ സവിശേഷമായ രീതിയിൽ ഉപയോഗപ്പെടുത്തിക്കൊണ്ടു കൂടിയാണ് ഇത്തരം കവിതാനുഭവം സാധ്യമാകുന്നത്. സ്റ്റാച്ചു ഓഫ് ലിബർട്ടി ഏത് രാജ്യത്തെ പ്രതിമയാണെന്ന മത്സരപരീക്ഷയിലെ ചോദ്യത്തെയും ഇവ്വിധത്തിൽ കവിതയാക്കാം, ഭാഷയെ സവിശേഷമായ രീതിയിൽ ഉപയോഗപ്പെടുത്തി വായനക്കാരൻ്റെ വീക്ഷണകോണിൽ വരുത്തുന്ന മാറ്റത്തോടെ. ‘സ്വാതന്ത്ര്യം ഒരു പ്രതിമയായിരിക്കുന്ന രാജ്യമാണ് അമേരിക്ക‘ എന്ന് നിക്കാണോർ പാറ എഴുതുമ്പോൾ അത് കവിതയായി അനുഭവപ്പെടാൻ വേണ്ട ഇടപെടൽ കൂടിയാണ് വായനക്കാരനിൽ നിന്നും വേണ്ടത്. രാഷ്ട്രീയവും സാമൂഹികവും ആയ ഒരാളുടെ അടിസ്ഥാന ധാരണ ഈ വരിയെ കവിതയാക്കാൻ ആവശ്യമാണ്. അത്രയേ ആവശ്യമുള്ളൂ എന്നും പറയാം.

വാലസ് സ്റ്റീവൻസിന്റെ അഭിപ്രായത്തിൽ ആളുകളെ ജീവിക്കാൻ സഹായിക്കുകയാണു കവിയുടെ കർത്തവ്യം. ഇതേ സ്റ്റീവൻസ് തന്നെ, പ്രകൃതിയ്ക്കു മേലുള്ള മനുഷ്യന്റെ അധികാരം അവന്റെ ഭാവനയാണെന്നും പറയുന്നു. ഭാവനയെ ഉത്തേജിപ്പിക്കാൻ ശേഷിയുള്ള കവിതകൾ വായിച്ചതിൽപ്പിന്നെ കവിതയോട് ആസക്തി തോന്നിയ ആളാണ് ഞാൻ. ‘വാക്കുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കാവ്യാത്മകമായ മാനസികാവസ്ഥ സൃഷ്ടിക്കുന്ന മെഷീനാണു കവിത’യെന്ന് പോൾ വലേരി പറയുന്നു. ‘കാവ്യാത്മകമായ മാനസികാവസ്ഥ’യിലേക്കു അനുവാചകനെ എത്തിക്കാൻ കവിതയ്ക്കാകുമെന്ന് തിരിച്ചറിയുന്ന വായനയിൽ നിന്നാകാം നമ്മൾ കവിത ആസ്വദിക്കാൻ തുടങ്ങുന്നത്. കവിതയ്ക്കു എന്തുസാധിക്കും എന്നതിനുള്ള മറുപടിയായി കാണാവുന്നതാണു വലേരിയുടെ വാക്കുകൾ. മറ്റൊരുതരത്തിൽ പറഞ്ഞാൽ കവിതാവായന, വായിക്കുന്ന ആളുടെ ജീവിതത്തിൽ കവിതയുണ്ടാക്കുന്നു. നമ്മുടെ ചുറ്റുപാടുകളെയും ഭാഷയെയും നവീകരിക്കുന്നു.

Search This Blog

വിഭാഗങ്ങൾ

കവിതകൾ

പരിഭാഷകൾ