സമൂഹമാധ്യമങ്ങളുടെ സ്വാധീനം പുസ്തകവായനാസംസ്കാരത്തിൽ

സമൂഹമാധ്യമങ്ങളുടെ സ്വാധീനം പുസ്തകവായനാസംസ്കാരത്തിൽ

സമൂഹമാധ്യമങ്ങൾ വായന (കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യചക്രവാളം 2025 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക ചർച്ചാവിഷയങ്ങളിലൊന്ന് ഡിജിറ്റൽ ഉപകരണങ്ങളുടെയും ഇ-ബുക്കുകളുടെയും വരവോടെ അച്ചടിപുസ്തകങ്ങൾ ഇല്ലാതാകുമോ വീഡിയോ ഗെയിമുകളുടെയും മറ്റു ദൃശ്യമാധ്യമങ്ങളുടെയും അതിപ്രസരം വായന ഇല്ലാതാക്കുമോ എന്നതായിരുന്നു. കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ കാണുന്നതാകട്ടെ ആമസോൺ തങ്ങളുടെ ഇ-ബുക്ക് റീഡർ ആയ കിൻഡിലിൻ്റെ വിൽപ്പന ഇന്ത്യയിൽ നിർത്തിവെച്ചിരിക്കുന്നതാണ്. പ്രധാനപ്പെട്ട പ്രസിദ്ധീകരണശാലകളടക്കം ഇ-ബുക്ക് പതിപ്പ് പുറത്തിറക്കുന്നതിൽ നിന്നും പിന്തിരിഞ്ഞിരിക്കുന്നു. പൈറസി അടക്കമുള്ള കാര്യങ്ങൾ ഇതിനു കാരണമായേക്കാമെങ്കിലും അസോസിയേഷൻ ഓഫ് അമേരിക്കൻ പബ്ലിഷേഴ്സ് അടക്കമുള്ള സംഘടനകൾ പുറത്തുവിട്ട റിപ്പോർട്ടുകൾ കാണിക്കുന്നത് ഇ-ബുക്കുകളുടെ വിൽപ്പനയിൽ വലിയതോതിൽ ഇടിവുണ്ടായിട്ടുണ്ട് എന്നാണ്. അതേസമയം, അച്ചടിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണത്തിലും അവയുടെ വിൽപ്പനയിലും വലിയ വർദ്ധനയും ഇക്കാലത്തുണ്ടായി. ഉംബർട്ടോ എക്കോ നിരീക്ഷിച്ചതുപോലെ പുസ്തകം എന്നത് സ്പൂണും കത്രികയും ചുറ്റികയും ചക്രവും പോലെ, കണ്ടെത്തി കഴിഞ്ഞതോടെ അതിൽ മറ്റൊരു മാറ്റത്തിനും സാധ്യതയില്ലാതായ കണ്ടുപിടുത്തങ്ങളിലൊന്നാണോ? This Is Not the End of the Book എന്ന പുസ്തകത്തിൽ ഉംബെർട്ടോ എക്കോയ്ക്കൊപ്പം ഷാങ് ക്ലോഡ് കാരിയേയും വ്യക്തമാക്കിയത് സാംസ്കാരികസ്മരണ നിലനിർത്തുന്നതിൽ അച്ചടിപുസ്തകങ്ങൾ അവിഭാജ്യഘടകമാണെന്നാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള പ്രാധാന്യത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണോ അച്ചടിപുസ്തകങ്ങൾക്കു സമീപകാലത്ത് സമൂഹമാധ്യമങ്ങളിലടക്കം വലിയ സ്വീകാര്യത ലഭിക്കുന്നത്, വായന എന്ന പ്രവൃത്തിയുടെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്.

വായിക്കുന്നവരും ചിന്തിക്കുന്നവരുമായ മനുഷ്യരെ സ്വപ്നജീവികളോ യാഥാർത്ഥ്യബോധമില്ലാത്തവരോ സമൂഹത്തിൻ്റെ ഭാഗമല്ലാത്തവരോ നിഷ്ക്കളങ്കരോ ആയി കണക്കാക്കി മാറ്റിനിർത്തുന്നതും പരിഹസിക്കുന്നതുമായ ഒരു പ്രവണത കേരളത്തിൻ്റെ പൊതുസമൂഹത്തിൽ പ്രബലമായിരുന്നു. പുസ്തകപ്പുഴു, ബുജി തുടങ്ങിയ സംബോധനരീതികൾ മുതൽ ജനപ്രിയ സിനിമകളിലെ കഥാപാത്രനിർമ്മിതികളിൽ വരെ ഇത് പ്രകടമായിരുന്നു. എഴുതാനും വായിക്കാനും അറിയുക എന്നതാണ് സാക്ഷരതയുടെ മാനദണ്ഡം എന്നിരിക്കെ, സാക്ഷരതയിൽ മുന്നിലായിട്ടും പൊതുസമൂഹം എപ്പോഴും കാര്യങ്ങളെ പൊതുവെ വൈകാരികമായും ലളിതയുക്തിയിലും മനസ്സിലാക്കുന്നതിൽ താല്പര്യം കാണിക്കുന്ന മനോനില നിലനിർത്തി. ഈ മനോനിലയിൽ നിന്നും രൂപംകൊണ്ട ബുദ്ധിജീവിവിരുദ്ധതയ്ക്ക് കേരളത്തിൽ വലിയ സ്വാധീനവും ഉണ്ടായിരുന്നു. വൈകാരികമായ സ്വസ്ഥതയായിരുന്നു ബൗദ്ധികമായ വ്യായാമത്തെക്കാളും ചിന്താകുലതയേക്കാളും ആളുകൾ താല്പര്യപ്പെട്ടത്. അറിവിൻ്റെ ലഭ്യതയിലൂന്നിക്കൊണ്ടുള്ള വരേണ്യതയും ആരാണ് ബുദ്ധിജീവി എന്ന നിർണ്ണയത്തിൽ പ്രധാന മാനദണ്ഡമായിരുന്നെന്ന കാര്യവും അവഗണിക്കാനാകില്ല. എന്നാൽ ഇൻ്റർനെറ്റിൻ്റെ വരവോടെ അറിവിൻ്റെ വിതരണത്തിന് ജനാധിപത്യസ്വഭാവം കൈവന്നു. ഈയൊരു പശ്ചാത്തലത്തിൽ വരേണ്യതയിലൂന്നിക്കൊണ്ടുള്ള ബുദ്ധിജീവികളോടും വായിക്കുന്നവരോടുമുള്ള വിമർശനം അസാധുവാക്കപ്പെട്ടു. ക്രമേണ, വായിക്കുന്ന മനുഷ്യർക്കും ബുദ്ധിജീവികൾക്കും പൊതുസ്വീകാര്യത വന്നുതുടങ്ങിയതായി കാണാം.

പരിഹാസത്തിൻ്റെ തലം നിലനിൽക്കുമ്പോൾ തന്നെ വായിക്കുന്ന മനുഷ്യർക്ക് മഹത്വം കൽപ്പിക്കുന്നതും സമൂഹത്തിൻ്റെ മറ്റൊരു പൊതുരീതിയായിരുന്നു. സമൂഹമാധ്യമങ്ങളുടെ വരവിനുമുമ്പ് വായിക്കുന്ന മനുഷ്യനെന്ന് ഒരാൾക്ക് തന്നെ സ്ഥാപിച്ചെടുക്കാനുള്ള പ്രധാന മാർഗ്ഗം വായിച്ചതിനെപ്പറ്റിയുള്ള എഴുത്തുകളും അഭിപ്രായങ്ങളും അച്ചടിമാധ്യമങ്ങൾ വഴിയും മനുഷ്യബന്ധങ്ങൾ വഴിയും കൈമാറ്റം ചെയ്യുകയായിരുന്നു. ഗ്രന്ഥശാലകളിൽ സന്ദർശനം നടത്തുന്നവർ, പുസ്തകങ്ങൾ യാത്രയിലും മറ്റും കൈവശം കരുതുന്നവർ വായിക്കുന്നവരാകാമെന്ന നിഗമനത്തിൽ പൊതുസമൂഹം ചെന്നെത്തുമായിരുന്നു. സംഭാഷണത്തിൽ കടന്നുവരുന്ന കാര്യങ്ങളും ഒരാളുടെ വാസസ്ഥലം സന്ദർശിക്കുമ്പോൾ കാണാനിടവരുന്ന പുസ്തകങ്ങളുമൊക്കെയായിരുന്നു ഒരാളെ വായിക്കുന്ന ആളായി തിരിച്ചറിയാനിടയുള്ള മറ്റു മാർഗ്ഗങ്ങൾ. ഇവ്വിധം വായന വളരെ വൈയക്തികമായ ഒരു പ്രവർത്തനമെന്ന നിലയിൽ നിലനിന്നു. സമൂഹമാധ്യമങ്ങളുടെ വരവോടെ, ഓരോ മനുഷ്യനും സൈബറിടത്തിൽ സമാന്തരമായ ജീവിതാവിഷ്കാരം സാധ്യമാണെന്നു വന്നതോടെ, തങ്ങളുടെ പുസ്തകഅലമാരയുടെയും പുസ്തകങ്ങളുടെയും ഫോട്ടോഗ്രാഫുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടും പുസ്തകത്തെപ്പറ്റി ഒന്നോ രണ്ടോ വരിയിൽ ഒതുക്കാവുന്ന അഭിപ്രായങ്ങൾ പങ്കുവെച്ചോ റീലുകൾ സൃഷ്ടിച്ചോ ഓരോരുത്തരും തങ്ങൾ വായനക്കാർ ആണെന്ന് ലോകത്തെ അറിയിക്കാൻ തുടങ്ങി. തങ്ങൾ എന്താണെന്നും എങ്ങനെയാണെന്നും നിരന്തരം ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർക്ക് തങ്ങളുടെ സെൽഫികൾക്കുമേൽ ചാർത്താനുള്ള പൊൻതൂവലായി വായിക്കുന്നയാൾ എന്ന പ്രതിച്ഛായ മാറുന്നതിനും ഇക്കാലം സാക്ഷ്യം വഹിച്ചുതുടങ്ങി.

അച്ചടിപുസ്തകങ്ങളുടെ വായന വൈയക്തികമായ അനുഭവമായാണ് കരുതപ്പെടുന്നത്. പാഠത്തിൽ നിന്നും ഉരുവംകൊള്ളുന്നതിനെ ഒരാൾ തനിക്കുള്ളിൽ തൻ്റെ അനുഭവത്തിൻ്റെയും അറിവിൻ്റെയും പരിസരത്തിൽ നിന്നുള്ള ഓർമ്മയെ വീണ്ടെടുത്തുകൊണ്ട് കാഴ്ചയായും ഗന്ധമായും രുചിയായും സ്പർശമായും അനുഭവിക്കുന്ന ആന്തരികപ്രക്രിയ. വായനയെന്ന പ്രക്രിയ പുസ്തകവുമായി ഇങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെങ്കിലും പുസ്തകങ്ങളെ ഒരു ആൾക്കൂട്ടാഘോഷ തലത്തിലേക്ക് കൊണ്ടെത്തിക്കാൻ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വായനയനുബന്ധ പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ, പുസ്തകങ്ങളുടെ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നതാണ് പുസ്തകവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രധാന പ്രവർത്തനങ്ങളിലൊന്ന്. വായന എന്ന പ്രവൃത്തിയെ ഇത് പലപ്പോഴും അഭിസംബോധന ചെയ്യാറില്ല. പുസ്തകത്തെ മനോഹരമായ പശ്ചാത്തലത്തിൽ പ്രതിഷ്ഠിക്കുകയാണ് ഇത്തരം ദൃശ്യങ്ങളുടെ ലക്ഷ്യം. പുസ്തകങ്ങൾ ഒരു അലങ്കാരവസ്തുവായി മാറുന്ന പ്രവണത സൈബറിടങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. വീടിൻ്റെയും ഓഫീസിൻ്റെയും റെസ്റ്റോറൻ്റുകൾ പോലുള്ള വാണിജ്യസ്ഥാപനങ്ങളുടെയും ഇൻ്റീരിയൽ ഡിസൈനിംഗ് വേളകളിൽ പുസ്തകങ്ങൾക്കായി ഒരിടം മാറ്റിവെക്കുന്ന പ്രവണതയും സമീപകാലത്ത് മലയാളികൾക്കിടയിൽ കൂടിയിട്ടുണ്ട്. മറ്റു ചില സംസ്കാരങ്ങളിൽ റീഡിംഗ് റൂം അവരുടെ ജീവിതരീതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടിരുന്നെങ്കിലും കേരളത്തിൽ സമീപകാലം വരെ പുസ്തകത്തിനായി ഒരിടമില്ലാത്ത വീടുകളായിരുന്നു ഏറെയും. എന്നാൽ ഇതിനൊരു മാറ്റം സമീപകാലത്ത് ഉണ്ടായിവരുന്നുണ്ട്. പുസ്തകം എന്ന ഉല്പന്നം വായന എന്ന അതിൻ്റെ ഉപയോഗയോഗ്യതയിൽ മാത്രമല്ല നിലവിൽ വിപണിയിൽ നിൽക്കുന്നതെന്നു സാരം. ഗ്രന്ഥശാല വായനയ്ക്കോ ഇ-ബുക്ക് റീഡറുകൾ വെച്ചുള്ള വായനയ്ക്കോ ഈ ‘കാണിക്കാൻ കൊള്ളാവുന്ന’ സ്വഭാവമില്ല എന്നതിനാൽ കൂടിയാകാം വായനയ്ക്കായി അത്തരം മാർഗ്ഗങ്ങൾ ആശ്രയിക്കുന്നവർ കുറഞ്ഞത്.

ഉപയോഗിക്കുന്ന ആളുടെ താല്പര്യങ്ങൾ, സൈബറിടത്തിലെ പെരുമാറ്റം, എന്തുതരം ഉള്ളടക്കത്തോടാണ് കൂടുതൽ ഇടപെടൽ നടത്തിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളെ മുൻനിർത്തി അയാൾ എന്തുകാണണം എന്ന് നിർണ്ണയിക്കുന്ന മട്ടിലാണ് സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം. വായന എന്ന പ്രവൃത്തിയോട് വായന ശീലമാക്കാത്ത മനുഷ്യർക്കുപോലുമുള്ള മതിപ്പ് മാത്രമല്ല, പുസ്തകത്തെ ഒരു അലങ്കാരവസ്തുവായി കാണിക്കുന്ന ദൃശ്യത്തോടും ആളുകൾക്ക് മതിപ്പുണ്ടാകാം. അങ്ങനെയായിരിക്കെ, പുസ്തകവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തോട് ഏതെങ്കിലും തരത്തിൽ താല്പര്യം പ്രകടമാക്കിയ ആൾക്ക് സമാനമായ കാര്യങ്ങൾ കൂടുതൽ ലഭിക്കാൻ തുടങ്ങുന്നു. ഇതുവഴി വായന ശീലമാക്കാത്ത ഒരാൾക്ക് നിരന്തരം ഇവ സമൂഹമാധ്യമങ്ങളിൽ കാണുന്നതുവഴി പുസ്തകം വായിച്ചു തുടങ്ങാമെന്ന തോന്നലുണ്ടാകാം. സമൂഹമാധ്യമങ്ങളുടെ അൽഗോരിതങ്ങളുടെ പ്രവർത്തനം കൂടുതൽ ആളുകൾ താല്പര്യം പ്രകടിപ്പിച്ച ഉള്ളടക്കത്തിനു പ്രാധാന്യം നൽകി അവ കൂടുതൽ ആളുകളിൽ എത്തിക്കുക എന്നതായതിനാൽ ജനപ്രീതി കൂടുതലുള്ള പുസ്തകമാകും പലരുടെയും തിരഞ്ഞെടുപ്പായി മാറുന്നത്. മികച്ച രീതിയിൽ ഭംഗിയോടെ സമൂഹമാധ്യമത്തിൽ പ്രദർശിപ്പിക്കപ്പെട്ട, എളുപ്പവായനയ്ക്ക് വഴങ്ങുകയും അതുവഴി കൂടുതൽ ആളുകൾ തല്പര്യം കാണിക്കുകയും ചെയ്ത പുസ്തകം അങ്ങനെ ഒരാളുടെ വായനയിലെ തിരഞ്ഞെടുപ്പായി മാറാനുള്ള സാധ്യത കൂടുന്നു. സമൂഹമാധ്യമത്തിനു പുറത്തുള്ള പുസ്തകനിർദേശങ്ങൾ പലപ്പോഴും വ്യക്തിയിൽ നിന്നും വ്യക്തിയിലേക്കുള്ള നിർദ്ദേശമായിരുന്നെങ്കിൽ സമൂഹമാധ്യമം ആൾക്കൂട്ടത്തിൻ്റെ ഇഷ്ടമാണ് മുന്നോട്ടുവെക്കുന്നത്. ഒരു വ്യക്തി വായിച്ചു ഇഷ്ടപ്പെട്ട പുസ്തകം മറ്റൊരു വ്യക്തിയ്ക്ക് നിർദ്ദേശിക്കുമ്പോൾ ആ വ്യക്തിയുടെ ഭാവുകത്വവും അനുഭവപരിസരവും പരിഗണിക്കപ്പെടാറുണ്ട്. അതേമട്ടിൽ ഒരു നിരൂപകൻ തൻ്റെ എഴുത്തിലൂടെ നടത്തുന്ന നിർദേശത്തിന് ബൗദ്ധിക ഇടപെടലിൻ്റെ പിൻബലമുണ്ട്. അവ സമൂഹമാധ്യമങ്ങളിലെ ആൾക്കൂട്ടത്തിൻ്റെ ഇഷ്ടം മുൻനിർത്തിയുള്ള നിർദേശത്തിൽ നഷ്ടപ്പെടുന്നു.

സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികൾ നടത്തുന്ന നിർദ്ദേശങ്ങളാകട്ടെ കൂടുതൽ ആളുകളിലേക്ക് എത്തുന്ന കാര്യത്തിലും മേൽപ്പറഞ്ഞ മട്ടിലുള്ള അൽഗോരിത ഇടപെടൽ നടക്കുന്നു. പലപ്പോഴും ആളുകളുടെ പ്രീതിയോ വെറുപ്പോ കൂടുതലായി പിടിച്ചുപറ്റുന്ന പുസ്തകനിർദ്ദേശ രീതികൾക്കാകും കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നത്. ഇതാകട്ടെ ആരോഗ്യകരമായ ഒരു തലത്തിലേക്ക് ഉയരുകയുമില്ല. വായനക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഗുഡ്റീഡ്സ് പോലെയുള്ള സമൂഹമാധ്യമങ്ങളിലാണ് താരതമ്യേന ഭേദപ്പെട്ട വിലയിരുത്തലുകൾ കണ്ടുവരുന്നത്. ഇവിടെയും ഓരോ പുസ്തകത്തിനും എത്ര സ്റ്റാർ വായനക്കാരാൽ നൽകപ്പെട്ടു എന്നതാണ് മാനദണ്ഡം. സ്വാഭാവികമായും ജനപ്രീതി മികവിൻ്റെ മാനദണ്ഡമായി മാറുന്നു. ഇതിനുപുറമെ എത്ര പുസ്തകം വായിച്ചു എന്നതിനെ മുൻനിർത്തിയുള്ള മത്സരബുദ്ധി സൃഷ്ടിക്കുന്ന വിധത്തിലാണ് പുസ്തകപ്രേമികൾക്ക് വേണ്ടിയുള്ള സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം. എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന പുസ്തകങ്ങൾ കൂടുതൽ വായിച്ചു തീർക്കുംവിധത്തിലുള്ള മനോനില 'വായിക്കുന്നവരിൽ' ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നു.

വൈകാരികവും സദാചാരപരവുമായ തലങ്ങളിൽ നിന്നും സൗന്ദര്യാത്മകമായ സംവേദനതലത്തിലേക്കും സാംസ്കാരികവും രാഷ്ട്രീയപരവുമായ അന്തരീക്ഷത്തെ മുൻനിർത്തിയുള്ള വിശകലനങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ട് രൂപപ്പെട്ട പലതരം ഭാവുകത്വങ്ങൾ നിലനിൽക്കുന്നതാണ് എഴുത്തിൻ്റെയും വായനയുടെയും ചരിത്രം. ഭാവുകത്വനിർണ്ണയത്തിൻ്റെ അടിത്തറ സംവേദനക്ഷമതയായിരിക്കുമ്പോഴും എന്താണ് മികച്ച ഭാവുകത്വം എന്നത് നിർണ്ണയിക്കപ്പെടുന്നത് ഏറ്റവും കൂടുതൽ ആളുകളുമായി വൈകാരികമായ അടുപ്പം സ്ഥാപിക്കുന്നതുമായി ബന്ധപ്പെടുത്തിയല്ല. സമൂഹമാധ്യമങ്ങളിൽ ആൾക്കൂട്ടത്തിൻ്റെ ഇഷ്ടം പ്രധാന മാനദണ്ഡമായതോടെ ബൗദ്ധിക വ്യായാമം ആവശ്യമായി വരുന്ന ഭാവുകത്വം പിൻപറ്റുന്ന പുസ്തകങ്ങളെ മറികടന്നുകൊണ്ട് വികാരതീവ്രതയിലും കേവലചിന്തയിലും ഒതുങ്ങുന്ന ഭാവുകത്വം മുന്നോട്ടുവന്നു. ഇത്തരം ഭാവുകത്വത്തിനു എക്കാലവും ജനപ്രീതി ഉണ്ടായിരുന്നു. എന്നാൽ സൈബറിടങ്ങളിൽ രൂപപ്പെട്ട വായനക്കാരുടെ കൂട്ടങ്ങൾ തങ്ങളുടെ ഭാവുകത്വത്തിനായി വാദം ഉന്നയിക്കാൻ തുടങ്ങിയതോടെ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന പുസ്തകങ്ങൾക്കു നേരെയുള്ള വിമർശനങ്ങൾ പലപ്പോഴും അടിച്ചമർത്തപ്പെട്ടു. വായനയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളുടെ ജനാധിപത്യവത്കരണം സാധ്യമാകുന്നുണ്ട് സമൂഹമാധ്യമങ്ങളിലെന്നു പറയുമ്പോഴും ജനപ്രിയ ഭാവുകത്വം പിൻപറ്റുന്നവരുടെ ഭൂരിപക്ഷാധിപത്യമായി അത് പലപ്പോഴും മാറുന്നത് കാണാം. എളുപ്പവായനയ്ക്കു വഴങ്ങുന്ന പുസ്തകങ്ങൾക്കു അനുകൂലമായ ആൾക്കൂട്ട വികാരം സ്ഥാപിക്കപ്പെട്ടു. ഇതിലൂടെ സമൂഹമാധ്യമങ്ങൾ പുസ്തകവിപണിയ്ക്ക് കരുത്താർജ്ജിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു. പ്രസിദ്ധീകരണശാലകളാകട്ടെ കൂടുതൽ വിൽക്കപ്പെടുന്ന തരം ഭാവുകത്വത്തെ പിൻപറ്റുന്ന പുസ്തകങ്ങൾ കൂടുതൽ വിറ്റഴിച്ച് ലാഭമുണ്ടാക്കുന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ഇത് എഴുത്തുകാർക്കുമേൽ വിപണിയ്ക്ക് വേണ്ടി എഴുതുക എന്ന സമ്മർദ്ദം ചെലുത്താനും ഇടയായി.

എഴുത്തുകാരും വായനക്കാരും തമ്മിൽ നേരിട്ടുള്ള ആശയവിനിമയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സാധ്യമായതോടെ പുസ്തകത്തിനും വായിക്കുന്നയാൾക്കും ഇടയിൽ എഴുതിയ ആളുടെ സാന്നിധ്യം ഉറപ്പിക്കപ്പെട്ടു. തങ്ങളുടെ പുസ്തകത്തെപ്പറ്റി പറയുന്ന നല്ല വാക്കുകൾ എഴുത്തുകാർ വായനക്കാരെ ടാഗ് ചെയ്തുകൊണ്ട് തങ്ങളുടെ പ്രൊഫൈലുകൾ വഴി പങ്കുവെക്കാൻ തുടങ്ങി. ജനപ്രീതിയുള്ള എഴുത്തുകാർ സമൂഹമാധ്യമത്തെ ഇത്തരത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത് മറ്റൊരു മാർക്കറ്റിംഗ് തന്ത്രമായി. ചില എഴുത്തുകാർ തങ്ങളുടെ കൃതിയെ പുകഴ്ത്തുന്ന വായനക്കാരെ തിരഞ്ഞുപിടിച്ച് അവരെ പുകഴ്ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതുന്നതും പതിവായി. ആഘോഷിക്കപ്പെടുന്ന എഴുത്തുകാരുടെ പിന്തുണയും അവരിലൂടെ നാലാൾ അറിയുന്ന ഒരാളാകാനുള്ള ത്വരയും ചിലതരം വായനക്കാരിൽ സൃഷ്ടിച്ചെടുക്കാനും ഇതുവഴി സാധിച്ചു. സമൂഹമാധ്യമങ്ങൾ വഴി ബന്ധങ്ങൾ ഉണ്ടാക്കിയെടുത്തും നിലനിർത്തിയും എഴുത്തുകാർ പുസ്തകത്തിൻ്റെ വിപണനത്തിൽ പങ്കുചേരുന്നതും പുസ്തകവിപണി കരുത്താർജ്ജിക്കാൻ മറ്റൊരു കാരണമാണ്. സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങളിൽ പലതും വായിച്ച വായനക്കാർക്ക് ‘ഇങ്ങനെയെങ്കിൽ തനിക്കും എഴുതാമല്ലോ’ എന്ന തോന്നൽ ഉണ്ടാകുകയും പലരും എഴുത്തുകാരായി മാറാനും തങ്ങളുടെ പുസ്തകത്തിനു മേൽപ്പറഞ്ഞ രീതിയിൽ വിപണി കണ്ടെത്താനും അവർ ശ്രമിക്കാനും തുടങ്ങിയതാണ് മറ്റൊരു മാറ്റം.

വിപണിയുടെ മാനദണ്ഡങ്ങൾ വെച്ചു നോക്കുമ്പോൾ സമൂഹമാധ്യമങ്ങൾ പുസ്തകവിപണിയ്ക്ക് കരുത്താർജ്ജിക്കാനുള്ള ഊർജ്ജം നൽകിയെന്നു വ്യക്തമാണ്. വായനാശീലത്തിന് സ്വീകാര്യത ഉറപ്പുവരുത്താനും സമൂഹമാധ്യമങ്ങൾ കാരണമായി. സ്വാഭാവികമായും വായനാസംസ്കാരം ഇല്ലാതാകുമോ എന്ന സംശയത്തിനു അറുതിവരുത്താൻ പുസ്തകങ്ങളുടെ പ്രത്യേകിച്ച് സാഹിത്യകൃതികളുടെ സോഷ്യൽമീഡിയയിലെ ആഘോഷങ്ങൾ ഇടയാക്കിയിട്ടുണ്ട്. അതുവഴി ഒരുപറ്റം ആളുകൾ വായനയിലേക്ക് വന്നെത്താനും ഇടയായിട്ടുണ്ടെന്ന് കരുതാം. എന്നാൽ വായന കേവലം ശീലം മാത്രമല്ല, ധാരണാശേഷിയും വൈകാരികബുദ്ധിയും ലോകവീക്ഷണവും സർഗ്ഗാത്മകതയും ഉണർത്തുന്ന ബൗദ്ധികവ്യായാമം കൂടിയാണ് എന്നിരിക്കെ വായനാസംസ്കാരത്തിനും വായനയെന്ന ബൗദ്ധികപ്രവൃത്തിയ്ക്കും എതിർനിൽക്കുന്ന ചില പ്രവണതകൾ രൂപപ്പെടുത്താനും ഇതേ സമൂഹമാധ്യമങ്ങൾ ഇടയാക്കിയിട്ടുണ്ടെന്ന വസ്തുത കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

2024ലെ വേര്‍ഡ് ഓഫ് ദ ഇയര്‍ ആയി ഓക്സ്ഫോർഡ് തിരഞ്ഞെടുത്ത് വാക്ക് 'ബ്രെയിന്‍ റോട്ട്' ആണെന്നത് യാദൃച്ഛികമല്ല. ഇൻ്റർനെറ്റ് സംസ്കാരം, പ്രത്യേകിച്ച് സമൂഹമാധ്യമങ്ങൾ, വഴി നിലവാരമില്ലാത്ത ഉള്ളടക്കങ്ങൾ അമിതമായി ആസ്വദിക്കുന്നതുവഴി ഒരു വ്യക്തിയുടെ മാനസികാരോഗ്യവും ബൗദ്ധികശേഷിയും തകരുന്നതിനെ സൂചിപ്പിക്കുന്ന വാക്കാണ് ബ്രെയിൻ റോട്ട്. സമൂഹമാധ്യമങ്ങളിൽ അച്ചടിപുസ്തകങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ അതിലേറെയും നിലവാരമില്ലാത്ത പുസ്തകങ്ങൾ ആകുന്നുവെന്നതും ഇതിനോട് ചേർത്തുകാണേണ്ടതുണ്ട്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെ രൂപകൽപ്പന സ്ക്രോളിംഗിൽ ഒന്നിനുപുറകെ ഒന്നായി താല്പര്യജനകമായ കണ്ടൻ്റുകൾ വന്നുകൊണ്ടിരിക്കുന്ന രീതിയിൽ ആണെന്നതിനാൽ സ്ക്രോൾ ചെയ്തു തുടങ്ങിയാൽ നിർത്താനുള്ള മാനസികനില പലർക്കും വന്നുചേരാറില്ല. കേവലവിനോദം മാത്രം ലക്ഷ്യമിടുന്ന ഹൃസ്വവീഡിയോകളും ക്ലിക്ക്ബൈറ്റ് കണ്ടൻ്റുകളും നിരന്തരം വന്നുകൊണ്ടിരിക്കും. ഇതു ശീലമാക്കുക വഴി സമൂഹമാധ്യമങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ ഏകാഗ്രതയുടെ ദൈർഘ്യം വലിയതോതിൽ കുറഞ്ഞതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഹ്രസ്വവേളകളിൽ തൃപ്തി കണ്ടെത്തുംവിധത്തിൽ മനുഷ്യൻ്റെ ശരീരം പരിവർത്തനം ചെയ്യപ്പെടാൻ ശീലിച്ചതോടെ ക്ഷമ, വിശകലനശേഷി, വ്യാഖ്യാനസാധ്യതതേടൻ എന്നിവ കൂടി ആവശ്യമായ പുസ്തകവായന വലിയ പരിശ്രമം ആവശ്യമുള്ള പ്രവൃത്തിയായി മാറുന്നുണ്ട്. ദീർഘനേരം ശ്രദ്ധ ചെലുത്താനാകുന്നില്ല എന്നതാണ് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ വായനയിൽ നേരിടുന്ന മറ്റൊരു വെല്ലുവിളി.

സമൂഹമാധ്യമങ്ങൾ ആഴത്തിലുള്ള പുസ്തകവായനയ്ക്കു പ്രതികൂലമായ മാനസികവും ബൗദ്ധികവുമായ നിലയാണ് അത് ഉപയോഗിക്കുന്നവരിൽ ഉണ്ടാക്കിയിരിക്കുന്നത് എന്നിരിക്കെ, പുസ്തകവിപണിയ്ക്ക് അനുകൂലമായ മറ്റൊരൂ സാഹചര്യവും നിലനിൽക്കുന്നുണ്ട് എന്നിരിക്കെ ഈ വിരുദ്ധനിലയെ എങ്ങനെ മറികടക്കാനാകും എന്നതാകും നിലവിൽ വായനാസംസ്കാരത്തിലെ പ്രധാന വെല്ലുവിളി. വിപണി ഈ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് ‘സിനിമാറ്റിക് നോവൽ’ എന്നെല്ലാം പേരിട്ടുവിളിച്ച് വായനക്കാരിൽ നിന്നുള്ള ബൗദ്ധിക ഇടപെടൽ പാടേ കുറച്ചുകൊണ്ടുള്ള സാഹിത്യവുമായി രംഗത്തുവരുന്നുണ്ട്. ഇത് വായനയെന്ന ബൗദ്ധികശീലത്തിൽ നിന്നും അതിൻ്റെ അടിസ്ഥാനസ്വഭാവവും നേട്ടങ്ങളും ഇല്ലാതാക്കുന്നതിലേക്ക് മാത്രമാണ് നയിക്കുക. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്ന ബ്രെയിന്‍ റോട്ടിന് പ്രതിവിധി കൂടിയാണ് ബൗദ്ധിക വ്യായാമം എന്ന നിലയിലുള്ള വായന. ആഴമുള്ള വായനയ്ക്ക് എതിരെ നിൽക്കുന്ന ബൗദ്ധികവും വൈകാരികവും ശാരീരികവുമായ അവസ്ഥയിലേക്ക് സമൂഹമാധ്യമങ്ങൾ നയിക്കുന്നു എന്നതിനർത്ഥം അടിസ്ഥാനപരമായി മനുഷ്യരിൽ നിന്നും വിശകലനശേഷി, ഓർമ്മശക്തി, സർഗ്ഗാത്മകത എന്നിവ നഷ്ടമാകാൻ ഇടയാകുന്നു എന്നുകൂടിയാണ്. ഇത് വായനയെ മാത്രം സംബന്ധിച്ച വെല്ലുവിളിയല്ല.

ശ്രദ്ധയില്ലായ്മ, ഗ്രഹണശക്തിയില്ലായ്മ, ബൗദ്ധികമായ വളർച്ചമുരടിപ്പ് എന്നിവ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വ്യായാമമാണ് വായന. നല്ല പുസ്തകങ്ങളുടെ കൃത്യമായ വായന വഴി ആഴത്തിൽ ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാനും വിമർശനാത്മകമായി ചിന്തിക്കാനും ബ്രെയിൻ റൊട്ടിൽ നിന്നും മോചനം നേടി ബോധവുമായി ബന്ധപ്പെട്ട ശേഷികളെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുചെല്ലാനും സാധിക്കുന്നു. വായന പ്രാഥമികമായും ഒരാളെ പാഠത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിർബന്ധിക്കുന്നത്. അതിനു ആവശ്യമായ ക്ഷമയും സംയമനവും കാണിക്കുന്നതോടെ ദൈർഘ്യമേറിയതോ സങ്കീർണ്ണമായതോ ആയ ആശയങ്ങളോ കഥയോ ഭാവനയോ വായനയെന്ന അനുഭവത്തിലൂടെ മനസ്സിലാക്കിയെടുക്കാൻ നമുക്കാകുന്നു. നീണ്ടുനിൽക്കുന്ന ശ്രദ്ധയിലൂടെ ഗ്രഹണശക്തി നിലനിർത്തലുമായി ബന്ധപ്പെട്ട നാഡീവ്യൂഹം ശക്തിപ്പെടാൻ ഇടവരുന്നു. ഇത് കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ ആവശ്യമായ സഹിഷ്ണുത വീണ്ടെടുക്കാൻ സഹായിക്കുന്നു.

വായനയുടെ മറ്റൊരു പ്രധാന ഗുണം കൂടുതൽ ആഴത്തിലുള്ള വിശകലന ചിന്ത സാധ്യമാക്കുന്നതാണ്. സാഹിത്യമാകട്ടെ തത്വചിന്തയാകട്ടെ കൃത്യമായി ഉന്നയിക്കപ്പെടുന്ന വാദങ്ങളുള്ള ഏതുതരം എഴുത്തുമായിക്കൊള്ളട്ടെ പലതരം വീക്ഷണനിലകളും അനുമാനങ്ങളും മുന്നോട്ടുവെച്ചുകൊണ്ട് വായനക്കാരെക്കൊണ്ട് ആശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഇത് പ്രേരിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളുടെ അൽഗോരിതപ്രവർത്തനത്തിലൂടെ നമ്മളിലേക്കുവന്ന ഉപരിപ്ലവതയെ മറികടക്കാൻ ഇത്തരം വായനകൾ സഹായിക്കുന്നു. ഇതിനെല്ലാമുപരി, വായന ഓർമ്മയും ബൗദ്ധികമായ വഴക്കവും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. വായനയിൽ ഓർത്തുവെക്കേണ്ട കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ, ആശയങ്ങൾ എന്നിവയ്ക്കൊപ്പം ഒരു ആശയത്തെ മറ്റൊരു ആശയം കൊണ്ട് നേരിടേണ്ടി വരുന്ന സാഹചര്യവും ആവശ്യപ്പെടുന്ന ബൗദ്ധികവ്യായാമം മനസ്സിനെ ഊർജ്ജസ്വലമാക്കുകയും ബൗദ്ധികമായ അന്വേഷണത്വര വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലെ ക്രിയാശൂന്യമായ ഇടപെടലുകളിൽ നിന്നും സംതൃപ്തി ലഭിക്കാതെ വരുന്ന മനോനില സ്ഥാപിക്കാൻ ഇത് ഇടനൽകുന്നു. സമൂഹമാധ്യമങ്ങൾ വലിയ രീതിയിൽ മാനസികപ്രയാസങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്ന സാഹചര്യത്തിൽ മാനസികവും ബൗദ്ധികവുമായ ആരോഗ്യം വീണ്ടെടുക്കാനും ആത്മപരിശോധനയിലേക്ക് നയിക്കാനും വായന സാധ്യത നൽകുന്നു.

വാസ്തവത്തിൽ, പുസ്തക വായനാസംസ്കാരത്തിൽ സോഷ്യൽമീഡിയയുടെ സ്വാധീനമൊരു വിരോധാഭാസമാണ്. പുസ്തകവിൽപ്പനയ്ക്ക് കൂടുതൽ സാധ്യതകളും അനുകൂലനിലയും മുന്നോട്ടുവെക്കുകയും അതേ സമൂഹമാധ്യമങ്ങൾ അർത്ഥവത്തായ വായനയ്ക്ക് ആവശ്യമായ ബൗദ്ധികനില മനുഷ്യരിൽ ഇല്ലാതാക്കുകയും ചെയ്യുന്നു. അലങ്കാരവസ്തുവാക്കി മാറ്റപ്പെടുന്ന പുസ്തകങ്ങളും അവ മുൻനിർത്തിയുള്ള സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും, ആഴമില്ലാത്ത അവലോകനങ്ങളും അവയ്ക്കു ലഭിക്കുന്ന പിന്തുണയും, മികവ് എന്നതിനേക്കാൾ കൂടുതൽ ആളുകളുമായി ‘എൻഗേജ്’ ചെയ്തത് മാനദണ്ഡമാക്കിയുള്ള അൽഗോരിതം കേന്ദ്രീകരിച്ചുള്ള ‘വൈറൽ’ ശുപാർശകളും ചേരുമ്പോൾ വായനക്കാർ പുസ്തകത്തിലേക്ക് ആകർഷിക്കപ്പെടുന്നു, എന്നാൽ അതേ സമൂഹമാധ്യമങ്ങൾ വായന എന്ന പ്രക്രിയയ്ക്ക് എതിരെ നിൽക്കുന്ന ബൗദ്ധികവും വൈകാരികവുമായ ശോഷണങ്ങൾക്കും കാരണമാകുന്നു. പുസ്തകങ്ങൾ എന്നത്തേക്കാളും കൂടുതൽ വിൽക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ലോകത്ത്, അതേ പുസ്തകങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവ് ഇല്ലാതാകുന്നു! പുസ്തകങ്ങൾ വിൽക്കുന്നതോ ആളുകളെ വായനയിലേക്ക് ആകർഷിക്കുന്നതോ ഇന്നിപ്പോൾ ഒരു വെല്ലുവിളിയേ അല്ല, വായന എന്ന പ്രവൃത്തി എന്തിനെന്നു തിരിച്ചറിയലും അതിൻ്റെ അടിസ്ഥാന ഗുണങ്ങൾ സ്വന്തമാക്കാനുള്ള ബൗദ്ധികവും വൈകാരികവുമായ മനോനില എങ്ങനെ നിലനിർത്താം എന്നതുമാണ് വെല്ലുവിളി. സമൂഹമാധ്യമങ്ങൾ പുസ്തകങ്ങളിലേക്കുള്ള വഴി കാട്ടുമെങ്കിൽ, അത് മറ്റൊരു ക്ഷണികമായ ഇടപെടലിലേക്കുള്ള വഴിയാകരുത്, ചിന്തോദ്ധീപകമായ ഇടപെടലിലേക്കുള്ള ക്ഷണമാകണം. അമിതമായ ഡോപ്പോമിൻ ഉത്തേജനത്തിൽ തൃപ്തിപ്പെടുന്ന സമൂഹമാധ്യമങ്ങളിലെ ജീവിതത്തിൽ നിന്നും കൂടുതൽ അർത്ഥവത്തായ സംതൃപ്തിയിലേക്കുള്ള ക്ഷണമാകണം.

Search