അധികാരം, അവകാശം, സംഘർഷം, സ്ഥാപനങ്ങൾ, വ്യവസ്ഥകൾ, ബന്ധങ്ങൾ എന്നിവയുടെ മേഖലയായാണ് രാഷ്ട്രീയം പൊതുവെ മനസ്സിലാക്കപ്പെടുന്നത്. കവിതയിലാകട്ടെ രാഷ്ട്രീയം മറ്റൊരു രൂപത്തിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. അത് ആശയപ്രഖ്യാപനമായി വരണമെന്നില്ല; ഒരു അനുഭവമായി, വികാരമായി, രൂപകമായി, ചിലപ്പോൾ മറ്റൊരാളുടെ വേദന സ്വന്തം വേദനയായി അനുഭവിക്കുന്ന ഒരു ‘ഞാൻ’ ആയും കവിതയിൽ രാഷ്ട്രീയം രൂപപ്പെടാം. അങ്ങനെ വരുമ്പോൾ രാഷ്ട്രീയകവിതയെ വിലയിരുത്താനുള്ള ചോദ്യം രാഷ്ട്രീയം അതിലുണ്ടോ എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. രാഷ്ട്രീയം ഏത് അനുഭവഘടനയിലൂടെയാണ് കവിതയിൽ പ്രത്യക്ഷപ്പെടുന്നത് എന്നതും പ്രധാനമാണ്.മേതിൽ രാധാകൃഷ്ണന്റെ ‘എന്റെ രാഷ്ട്രീയം’ ഈ ചോദ്യത്തെ അഭിസംബോധന ചെയ്യാൻ സഹായിക്കുന്ന കവിതയാണ്. കവിതയുടെ കേന്ദ്രത്തിൽ ശക്തമായ ഒരു ‘ഞാൻ’ സ്ഥാപിക്കപ്പെടുന്നുണ്ട്. അത് സ്വയം അടച്ചുപൂട്ടിയ വ്യക്തിയുടെ ‘ഞാൻ’ അല്ല. ചുറ്റുമുള്ള ജീവജാലങ്ങളിലേക്കും മനുഷ്യരുടെ വേദനകളിലേക്കും പ്രകൃതിയിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന ‘ഞാൻ’ ആണ്. ഒരു മാളത്തിൽ വെള്ളം കയറുമ്പോൾ മെത്തയിൽ കിടക്കുന്ന കവിക്ക് ഉറക്കം നഷ്ടപ്പെടുന്നു; മുട്ടയപ്പത്തിൽ ഒരു ജീവിയുടെ മരണം അനുഭവപ്പെടുന്നു; പാമ്പ് സ്വന്തം ദീർഘോച്ഛ്വാസമാകുന്നു; സ്ത്രീക്കെതിരായ അതിക്രമത്തിൽ സ്വന്തം പൊക്കിൾക്കൊടി മുറിയുന്നു; കാരാഗൃഹം സ്വന്തം ദുശ്ചരിതമാകുന്നു; കൊല്ലപ്പെടുന്ന പോരാളിയിൽ സ്വന്തം സാന്നിധ്യം അനുഭവപ്പെടുന്നു. അവസാനം ഒരു പുഴുവിന്റെ അവകാശം പോലും സ്വന്തം രാഷ്ട്രീയത്തിന്റെ പരിധിയിലേക്ക് വരുന്നു.
സാമൂഹികവും രാഷ്ട്രീയവുമായ സംഘർഷങ്ങളെ അവയുടെ ചരിത്രപരമായ അധികാരബന്ധങ്ങളിൽനിന്ന് വേർതിരിച്ച്, മറ്റൊരാളുടെ വേദനയോടുള്ള വ്യക്തിപരമായ ഐക്യപ്പെടലായും കരുണയായും ആത്മാനുഭവമായും മാറ്റുന്ന ഭാവുകത്വമാണ് ‘എന്റെ രാഷ്ട്രീയം’ പിന്തുടരുന്നത്. രാഷ്ട്രീയം ഇവിടെ ഇല്ലാതാകുന്നില്ല; അത് ‘ഞാൻ’ എന്ന അനുഭവത്തിലേക്ക് ചുരുങ്ങുന്നു. കവിതയുടെ തുടക്കം മുതൽ തന്നെ ഈ ‘ഞാൻ’ സാധാരണ വ്യക്തിത്വത്തിന്റെ പരിധി മറികടക്കുന്നു.
“എന്റെ രാഷ്ട്രീയം
ഒരു വിത്തിൽ നിന്ന് നേരിട്ടു കിളിർക്കുന്നു,
ഇരുമ്പയിരിൽനിന്ന് ഉലയിലേക്കും
ആയുധത്തിലേക്കും പടരുന്നു...”
“എന്റെ രാഷ്ട്രീയം” എന്ന പ്രഖ്യാപനത്തിന് പിന്നാലെ വരുന്നത് ഒരു വിത്താണ്. രാഷ്ട്രീയം ഒരു ജീവന്റെ കിളിർപ്പുപോലെ സ്വാഭാവികമായി അനുഭവപ്പെടുന്നു. അതിനുശേഷം ഇരുമ്പയിരിൽനിന്ന് ഉലയിലേക്കും ആയുധത്തിലേക്കും അത് പടരുന്നു. പ്രകൃതിയിലും മനുഷ്യനിർമ്മിത ലോകത്തിലും ഒരേ തുടർച്ച കണ്ടെത്തുന്ന ‘ഞാൻ’ ആണ് ഇവിടെ സംസാരിക്കുന്നത്.
ഈ തുടക്കം തന്നെ കവിതയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാനുള്ള സൂചന നൽകുന്നു. കവി രാഷ്ട്രീയത്തെ പുറത്തുനിന്ന് നിരീക്ഷിക്കുന്നില്ല. സ്വന്തം അസ്തിത്വത്തിന്റെ വ്യാപനമായി അനുഭവിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ശീർഷകത്തിലെ ‘എന്റെ’ എന്ന പദത്തിന് പ്രാധാന്യം ലഭിക്കുന്നത്. അത് ഉടമസ്ഥതയുടെ സൂചകമല്ല, പങ്കാളിത്തത്തിന്റെ സൂചകമാണ്. ലോകത്തിലെ വേദനകളിലും ജീവജാലങ്ങളിലും സംഭവങ്ങളിലും സ്വയം പങ്കുചേർക്കുന്ന ഒരു ‘ഞാൻ’.
“എന്റെ രാഷ്ട്രീയം ഒരു വിവാഹമാകുന്നു,
ആത്മാവും വിശപ്പും തമ്മിലുള്ള വിവാഹം.”
ഈ വരികളിലൂടെ ആത്മാവും വിശപ്പും തമ്മിലുള്ള അകലം ഇല്ലാതാകുന്നു. മനുഷ്യന്റെ ആത്മീയതയും ശരീരത്തിന്റെ അടിസ്ഥാനാവശ്യവും ഒരേ ജീവിതത്തിന്റെ ഭാഗങ്ങളാകുന്നു. വിശപ്പ് വ്യക്തിയുടെ മാത്രം അനുഭവമല്ല; എല്ലാ ജീവികളെയും ബന്ധിപ്പിക്കുന്ന പൊതുസത്യമായി മാറുന്നു. കവിയുടെ ‘ഞാൻ’ അതിലൂടെ സ്വന്തം ശരീരത്തിൽനിന്ന് മറ്റുള്ളവരുടെ ശരീരങ്ങളിലേക്ക് നീങ്ങുന്നു.
കവിതയിൽ രാഷ്ട്രീയം തുടർച്ചയായി ജീവനും പ്രകൃതിയും അസ്തിത്വവും തമ്മിലുള്ള ഒരു അനുഭവമായി പരിവർത്തനം ചെയ്യപ്പെടുന്നു: “ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ നിന്ന് / വെളിച്ചത്തിന്റെ അരാജകത്വത്തിലേക്ക് കൊക്കെടുക്കുന്നു”; “എന്റെ മോതിരവിരൽ / നൂറു മോതിരത്തിന്റെ വധുവായൊരു ഞാഞ്ഞൂളാകുന്നു”; “മണ്ണിന്നടിയിൽ അതിനു വഴിയറിയാം.” ഇവിടെ രാഷ്ട്രീയത്തിന്റെ ഭാഷ തന്നെ പ്രകൃതിയിലെ സ്ഥാനങ്ങളിൽനിന്ന് ജീവജാലങ്ങളുടെയും വസ്തുക്കളുടെയും രൂപാന്തരങ്ങളിലേക്കു നീങ്ങുന്നു. അതിന്റെ തുടർച്ചയായാണ് “എല്ലാ ജീവജാലങ്ങളെയും കൂട്ടി ഘടിപ്പിച്ചുണ്ടാക്കിയ / ഒരൊറ്റ ജീവിയാകുന്നു ഞാൻ” എന്ന പ്രഖ്യാപനവും വരുന്നത്. കവിതയിലെ ഏറ്റവും പ്രധാനപ്പെട്ട ‘ഞാൻ’ ഇതാണ്: എല്ലാ ജീവജാലങ്ങളെയും കൂട്ടി ഘടിപ്പിച്ചുണ്ടാക്കിയ ഒരൊറ്റ ജീവി.
ഇവിടെ സഹാനുഭൂതി വികാരപ്രകടനം മാത്രമല്ല; അസ്തിത്വത്തെ മനസ്സിലാക്കാനുള്ള രീതിയാണ്. മറ്റൊരാളുടെ വേദനയോട് പ്രതികരിക്കുന്നതിൽനിന്ന് ‘മറ്റൊരാൾ’ എന്ന വേർതിരിവ് തന്നെ ഇല്ലാതാക്കുന്നതിലേക്കാണ് കവി നീങ്ങുന്നത്. അതുകൊണ്ടാണ് കവിതയിൽ ‘അവൻ’, ‘അവൾ’, ‘അത്’ എന്നിവയെക്കാൾ “ഞാൻ” പ്രധാനമാകുന്നത്. മുഴുവൻ രാഷ്ട്രീയത്തെയും വഹിക്കുന്ന അനുഭൂതികേന്ദ്രമായി ഈ ‘ഞാൻ’ മാറുന്നു.
മഴയിൽ മാളങ്ങൾ നിറയുമ്പോൾ,
“മെത്തയിൽ ഞാൻ തിരിഞ്ഞുകിടക്കുന്നു”
അടുത്ത വരിയിൽ ഈ അനുഭവം കൂടുതൽ തീവ്രമാകുന്നു:
“തീൻമേശയിലെത്തുന്ന ഓരോ മുട്ടയപ്പത്തിലും ഞാൻ പൊരിയുന്നു.”
ഭക്ഷണമായി മുന്നിലെത്തുന്ന ഒരു മുട്ടയിൽ പോലും കവി സ്വയം കണ്ടെത്തുന്നു. ഭക്ഷിക്കുന്ന മനുഷ്യനും ഭക്ഷിക്കപ്പെടുന്ന ജീവിയും തമ്മിലുള്ള അകലം ഒരു നിമിഷത്തേക്ക് ഇല്ലാതാകുന്നു. “ഞാൻ” എന്നത് ഭക്ഷിക്കുന്നവന്റെ മാത്രം ‘ഞാൻ’ അല്ല; ഭക്ഷിക്കപ്പെടുന്ന ജീവിയുടെയും ‘ഞാൻ’ ആണ്.
അതുകൊണ്ടാണ് അടുത്ത വരി സ്വാഭാവികമായി എത്തുന്നത്:
“ഓരോ പാമ്പും എന്റെ ദീർഘോച്ഛ്വാസമാകുന്നു.”
മനുഷ്യൻ ഭയപ്പെടുന്ന ജീവി പോലും കവിയുടെ ശ്വാസമായി മാറുന്നു. സഹാനുഭൂതി ഇവിടെ അപരിചിതവും ഭയപ്പെടുത്തുന്നതുമായ ജീവിയിലേക്കും സ്വയം വ്യാപിപ്പിക്കാനുള്ള ശ്രമമാണ്. മനുഷ്യനെയും മനുഷ്യേതര ജീവികളെയും ബന്ധിപ്പിക്കുന്ന ഒരു വലിയ അനുഭൂതികേന്ദ്രമായി ‘ഞാൻ’ മാറുന്നു.
കവിതയിലെ ‘ഞാൻ’ മനുഷ്യരുടെ സാമൂഹിക വേദനകളിലേക്കും വ്യാപിക്കുന്നു:
“തെരുവിൽ മലർത്തിയടിക്കപ്പെടുന്ന ഓരോ പെണ്ണിലുംഎന്റെ പൊക്കിൾക്കൊടി മുറിയുന്നു,”
സ്വന്തം ശരീരത്തിൽ മറ്റൊരു സ്ത്രീയുടെ മുറിവ് അനുഭവിക്കുകയാണ് പുരുഷനായ കവി. സ്ത്രീയുടെ വേദന കവി നിരീക്ഷിച്ചറിയുകയല്ല. തന്റെ പൊക്കിൾക്കൊടി മുറിയുന്നതായി അനുഭവിക്കുകയാണ്. ജനനത്തിന്റെ അടിസ്ഥാനബന്ധത്തെ സൂചിപ്പിക്കുന്ന പൊക്കിൾക്കൊടി ഇവിടെ മനുഷ്യർ തമ്മിലുള്ള ആന്തരിക ബന്ധത്തിന്റെ പ്രതീകമാകുന്നു.
ഇവിടെയാണ് കവിതയുടെ രാഷ്ട്രീയപ്രശ്നം ആരംഭിക്കുന്നത്. ഒരു സ്ത്രീക്കെതിരായ അതിക്രമം കവിയുടെ മുറിവായി മാറുമ്പോൾ, ആ അതിക്രമം സൃഷ്ടിക്കുന്ന സാമൂഹിക ഘടനകൾ പിന്നിലേക്ക് പോകുന്നു. സ്ത്രീയുടെ വേദനയുമായി കവി ഏറ്റവും അടുത്ത ബന്ധം സ്ഥാപിക്കുന്നു; എന്നാൽ ആ വേദനയെ നിർണ്ണയിക്കുന്ന അധികാരബന്ധങ്ങളെ അതേ തീവ്രതയിൽ ദൃശ്യമാക്കുന്നില്ല. ഇരയുടെ വേദന കൂടുതൽ മറ്റൊരാളിൽ തീവ്രമായ അനുഭവമാകുമ്പോൾ, ആ വേദനയുടെ ചരിത്രപരമായ കാരണങ്ങൾ മറഞ്ഞുപോകാനുള്ള സാധ്യതയുണ്ട്.
പോരാളിയെക്കുറിച്ചുള്ള വരികളിൽ ഈ വൈരുധ്യം കൂടുതൽ വ്യക്തമാണ്:
“കാട്ടിൽ കൊല്ലപ്പെടുന്ന ഓരോ പോരാളിയിലുംപ്രകൃതി പോലെ ഞാൻ നിറയുന്നു,”
‘പോരാളി’ എന്ന വാക്ക് രാഷ്ട്രീയ സംഘർഷത്തിന്റെ സാന്നിധ്യം വ്യക്തമാക്കുന്നു. എന്നാൽ കവിക്ക് പ്രധാനമാകുന്നത് പോരാട്ടത്തിന്റെ കാരണം അല്ല. കൊല്ലപ്പെടുന്ന പോരാളിയുമായുള്ള സ്വന്തം ഐക്യമാണ്. കവി അയാളുടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ല. അയാളുടെ മരണത്തിലാണ് പ്രവേശിക്കുന്നത്. പോരാളിയുടെ ആശയത്തെക്കാൾ അയാളുടെ വേദനയുമായി കവിയുടെ ‘ഞാൻ’ ഒന്നിക്കുന്നു. ഇവിടെ രാഷ്ട്രീയത്തിന്റെ ശ്രദ്ധ സംഘർഷത്തിൽനിന്ന് അനുഭവത്തിലേക്ക് മാറുന്നു.
ഇതേ മാറ്റമാണ്,
“ഓരോ കാരാഗൃഹവും എന്റെ ദുശ്ചരിതമാകുന്നു,”
എന്ന വരിയിലും സംഭവിക്കുന്നത്.
കാരാഗൃഹം ഒരു സ്ഥാപനമാണ്. അതിന് നിയമവും അധികാരവും ചരിത്രവും ഭരണസംവിധാനവുമുണ്ട്. പക്ഷേ കവിക്ക് അത് ഒരു സ്ഥാപനമായി അനുഭവപ്പെടുന്നില്ല; സ്വന്തം ദുശ്ചരിതമായി അനുഭവപ്പെടുന്നു. തടവറയുടെ രാഷ്ട്രീയത്തേക്കാൾ തടവറയോടുള്ള ബന്ധമാണ് കവിക്ക് പ്രധാനമാകുന്നത്.
രാഷ്ട്രീയത്തിന്റെ ചോദ്യം “തടവറയിൽ എന്താണ് സംഭവിക്കുന്നത്?” എന്നതിൽ മാത്രം അവസാനിക്കുന്നില്ല. ആരാണ് തടവിലാക്കുന്നത്? എന്തിനാണ്? ഏത് അധികാരത്തിന്റെ പേരിൽ? ആരെയാണ് തടവിലാക്കുന്നത്? എന്ന ചോദ്യങ്ങളിലേക്കാണ് അത് നീളുന്നത്. കവിതയുടെ സഹാനുഭൂതിയുടെ കർത്താവ് ഈ ഘടനാപരമായ ചോദ്യങ്ങൾക്കു പകരം തടവിന്റെ അനുഭവം സ്വന്തം അനുഭവമാക്കുകയാണ് ചെയ്യുന്നത്.
സ്ത്രീ, പോരാളി, തടവുകാരൻ—മൂന്നിടത്തും ഒരേ അനുഭവഘടനയാണ് പ്രവർത്തിക്കുന്നത്. വ്യത്യസ്തമായ സാമൂഹിക സ്ഥാനങ്ങളിൽ നിൽക്കുന്ന മനുഷ്യരുടെ വേദനകളെ അവയുടെ പ്രത്യേക രാഷ്ട്രീയസന്ദർഭങ്ങളോടെ വേർതിരിച്ചറിയുന്നതിനുപകരം, കവിത അവയെ ‘ഞാൻ’ എന്ന ഏക അനുഭൂതികേന്ദ്രത്തിൽ ഉൾക്കൊള്ളുന്നു. സ്ത്രീയുടെ വേദന ലിംഗാധികാരത്തിന്റെ പ്രശ്നമായും, പോരാളിയുടെ മരണം രാഷ്ട്രീയസംഘർഷത്തിന്റെ പ്രശ്നമായും, തടവ് അധികാരസ്ഥാപനത്തിന്റെയും നീതിനിർവ്വഹണത്തിൻ്റെയും പ്രശ്നമായും പ്രത്യേകം നിലനിൽക്കുന്നതിനുപകരം, അവയെല്ലാം കവിയുടെ അനുഭവമായി മാറുന്നു.
അങ്ങനെ കവിത ഐക്യം സൃഷ്ടിക്കുന്നത് വ്യത്യാസങ്ങളെ മറികടന്നാണ്. എന്നാൽ രാഷ്ട്രീയം തിരിച്ചറിയപ്പെടുന്നത് പലപ്പോഴും ഈ വ്യത്യാസങ്ങളിലൂടെയാണ്. ആരാണ് പീഡിതൻ, ആരാണ് അധികാരി, ഏത് ബന്ധമാണ് ഒരാളെ മറ്റൊന്നിൻ്റെ മേൽ അധികാരം പ്രയോഗിക്കാൻ പ്രാപ്തനാക്കുന്നത് എന്ന ചോദ്യങ്ങൾക്ക് ഈ വ്യത്യാസങ്ങളാണ് അടിത്തറ. അവ ‘ഞാൻ’ എന്ന ഏക അനുഭവത്തിൽ ലയിക്കുമ്പോൾ വേദന ദൃശ്യമായേക്കാം. എന്നാൽ വേദനയുടെ രാഷ്ട്രീയഘടന അതേ അളവിൽ ദൃശ്യമാകുന്നില്ല.
കവിതയിലെ തുടർന്നുള്ള വരികൾ ഈ ‘ഞാൻ’ എങ്ങനെ കൂട്ടായ ശക്തിയാകുന്നു എന്നും കാണിക്കുന്നു:
“ഓരോ മനുഷ്യനും എന്റെ മുഷ്ടിയാകുന്നു,ഓരോ മൗനവും എന്റെ മരണമാകുന്നു;”
ഇവിടെ “ഞാൻ” വീണ്ടും വ്യക്തിയിൽനിന്ന് കൂട്ടായ്മയിലേക്ക് മാറുന്നു. മറ്റുള്ള മനുഷ്യർ എന്റെ മുഷ്ടിയാണ്; അവരുടെ ശക്തി എന്റെ ശക്തിയാകുന്നു. അതേസമയം ഓരോ മൗനവും എന്റെ മരണമായി മാറുന്നു. മറ്റൊരാളുടെ മൗനം പോലും എന്റെ അസ്തിത്വത്തെ ബാധിക്കുന്നു.
അതുകൊണ്ടാണ് കവിതയിലെ “ഞാൻ” സ്വാർത്ഥമായ വ്യക്തിവാദത്തിന്റെ ‘ഞാൻ’ ആകുന്നില്ലെന്ന് പറയാനാകുന്നത്. എന്നാൽ അതിൽ രാഷ്ട്രീയം വെളിപ്പെടുന്നുമില്ല. മറ്റുള്ളവരിൽ സ്വയം കണ്ടെത്തുന്ന, മറ്റുള്ളവരുടെ അനുഭവങ്ങളാൽ നിർമ്മിക്കപ്പെടുന്ന ഈ ‘ഞാൻ’ രാഷ്ട്രീയഘടനയെ മറച്ചുവെക്കുന്ന അനുഭവമായി മാറാനുള്ള അനുകൂലാന്തരീക്ഷം കവിതയിൽ തെളിഞ്ഞു നിൽക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ അനുഭവങ്ങൾ എല്ലാം “എന്റെ” അനുഭവങ്ങളാകുമ്പോൾ, മറ്റൊരാളുടെ പ്രത്യേക ചരിത്രം ചിലപ്പോൾ ആ “എന്റെ” ഉള്ളിൽ ലയിച്ചുപോകുന്നു. വ്യത്യസ്തമായ അനുഭവങ്ങൾ ഒരൊറ്റ അനുഭൂതികേന്ദ്രത്തിലേക്ക് ചുരുങ്ങുന്നു. ഇതിലൂടെ ഐക്യം സൃഷ്ടിക്കപ്പെടുമ്പോഴും, വ്യത്യാസത്തിലൂടെ മാത്രം വെളിപ്പെടുന്ന രാഷ്ട്രീയ സത്യങ്ങൾ മറഞ്ഞുപോകുന്നു.
കവിതയുടെ അവസാനത്തിൽ ഈ “ഞാൻ” ഭൂമിയോളം വ്യാപിക്കുന്നു:
“എന്റെ രാഷ്ട്രീയം ഭൗമികമാകുന്നു—എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലുംഒരൊറ്റ പുഴുവിന്റെ അവകാശത്തിനുവേണ്ടിഅതു തുടർന്നുകൊണ്ടിരിക്കും...”
കവിതയുടെ തുടക്കത്തിലെ വിത്തിൽനിന്ന് ആരംഭിച്ച “ഞാൻ” അവസാനം പുഴുവിന്റെ അവകാശം വരെ എത്തുന്നു. രാഷ്ട്രീയത്തിന്റെ പരിധി രാഷ്ട്രത്തിൽ അവസാനിക്കുന്നില്ല; മനുഷ്യനിലും അവസാനിക്കുന്നില്ല; ജീവന്റെ ഏറ്റവും ചെറിയ രൂപത്തിലേക്കും അത് വ്യാപിക്കണം എന്ന നൈതിക അവകാശവാദമാണ് കവി ഉന്നയിക്കുന്നത്. എന്നാൽ ഇവിടെയും “ഞാൻ” തന്നെയാണ് കേന്ദ്രം. പുഴുവിന് അവകാശമുണ്ടെന്നതിലുപരി, പുഴുവിന്റെ അവകാശം എന്റെ രാഷ്ട്രീയമാകുന്നു എന്നതാണ് പ്രഖ്യാപനം. അപരന്റെ അവകാശവും ഒടുവിൽ “എന്റെ” അനുഭവത്തിലൂടെയാണ് കവിതയിൽ പ്രത്യക്ഷപ്പെടുന്നത്.
ഇതാണ് ‘എന്റെ രാഷ്ട്രീയം’ എന്ന കവിതയുടെ വൈരുധ്യം. രാഷ്ട്രീയം ഇവിടെ ‘നാം’ എന്ന കൂട്ടായ രാഷ്ട്രീയത്തിൽനിന്ന് ‘ഞാൻ’ എന്ന അനുഭവത്തിലേക്ക് വരുന്നു; പിന്നീട് ആ ‘ഞാൻ’ എല്ലാവരെയും ഉൾക്കൊള്ളുന്നത്ര വലുതാകുന്നതായി സങ്കൽപ്പിക്കുന്നു. ഈ പ്രക്രിയയിലാണ് രാഷ്ട്രീയത്തെ മറയ്ക്കുന്ന സഹാനുഭൂതി രൂപപ്പെടുന്നത്. അത് രാഷ്ട്രീയത്തെ നിരാകരിക്കുന്നില്ല. അനീതിയോട് വൈകാരികമായി പ്രതികരിക്കുന്നു. പക്ഷേ ആ പ്രതികരണത്തിന്റെ പ്രധാന മാധ്യമം അധികാരത്തെ ചോദ്യം ചെയ്യലല്ല, അപരനിൽ സ്വയം കണ്ടെത്തലായി മാറുന്നു.
ഇവിടെയാണ് സഹാനുഭൂതി രാഷ്ട്രീയത്തെ മൂടിവെക്കുന്ന തന്ത്രമാകുന്നത്. വേദനയെ അംഗീകരിക്കുന്നതുതന്നെ രാഷ്ട്രീയപ്രതികരണമായി കണക്കാക്കപ്പെടുന്നിടത്ത്, ആ വേദനയെ സൃഷ്ടിക്കുന്ന ബന്ധങ്ങളിൽ മാറ്റം വേണമെന്ന ആവശ്യം പിന്തള്ളപ്പെടും. കുറ്റക്കാരെ ന്യായീകരിക്കാതെ തന്നെ കുറ്റത്തിന്റെ ഘടനയെ അദൃശ്യമാക്കാനാകും. എല്ലാവർക്കും ഇരയുടെ വേദനയിൽ പങ്കുചേരാനാകുന്ന ഒരു ലോകത്തിൽ, അനീതിയുടെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യം പോലും അനാവശ്യമായി തോന്നാം.
സഹാനുഭൂതി രാഷ്ട്രീയത്തിന് വിരുദ്ധമാണെന്നല്ല. അതാണ് രാഷ്ട്രീയത്തിലേക്കുള്ള പ്രധാന പ്രവേശനകവാടം. എന്നാൽ മറ്റൊരാളുടെ വേദനയെ സ്വന്തം അനുഭവമാക്കുന്നത് പ്രതിഷേധിക്കേണ്ട കാരണത്തെ മിക്കപ്പോഴും വ്യക്തിപരമായ അനുഭവമാക്കി മാറ്റുന്നു. അവിടെ നിന്ന് മുന്നോട്ടുപോകുന്നില്ലെങ്കിൽ, സഹാനുഭൂതി രാഷ്ട്രീയത്തെ പകരംവയ്ക്കുന്ന വികാരമായി മാറുന്നു. ഇവിടെയാണ് ചോദിക്കേണ്ടത്: ഈ വേദന ആരാണ് സൃഷ്ടിക്കുന്നത്? ഏത് അധികാരബന്ധമാണ് അതിനെ നിലനിർത്തുന്നത്? ആരുടെ താൽപര്യമാണ് അതിൽ സംരക്ഷിക്കപ്പെടുന്നത്? അതിനെ മാറ്റാൻ ഏത് കൂട്ടായ പ്രവർത്തനമാണ് ആവശ്യമായത്?
ഈ ചോദ്യങ്ങളിലേക്കെത്തുന്നിടത്താണ് സഹാനുഭൂതി രാഷ്ട്രീയബോധമായി മാറുന്നത്. ‘എന്റെ രാഷ്ട്രീയം’ ആ ആദ്യചുവടിനെ അതിന്റെ പരമാവധിയിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ടാകാം. എന്നാൽ രാഷ്ട്രീയചോദ്യങ്ങളിലേക്ക് നീങ്ങുന്നതിനുപകരം ഓരോ വേദനയെയും ‘ഞാൻ’ എന്ന അനുഭവത്തിൽ ലയിപ്പിക്കുമ്പോഴാണ് അതിന്റെ പരിധി തെളിയുന്നത്. സ്ത്രീക്കെതിരായ അതിക്രമം എന്റെ പൊക്കിൾക്കൊടി മുറിയുന്നതായും, കൊല്ലപ്പെടുന്ന പോരാളി എന്നിൽ നിറയുന്നതായും, കാരാഗൃഹം എന്റെ ദുശ്ചരിതമാകുന്നതായും പറയുമ്പോൾ, പീഡിതന്റെ വേദനയിലേക്കുള്ള അകലം വാക്കാൽ കവി ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അതോടൊപ്പമാകട്ടെ ആ വേദനയെ സൃഷ്ടിക്കുന്ന അധികാരബന്ധങ്ങളിലേക്കുള്ള നീക്കവും നഷ്ടപ്പെടുന്നു. പീഡിതനും അധികാരിയും, ഇരയും ആക്രമിയും, തടവുകാരനും തടവിലാക്കുന്ന സ്ഥാപനവും തമ്മിലുള്ള വ്യത്യാസങ്ങൾ ‘ഞാൻ’ എന്ന ഏക അനുഭവത്തിൽ ലയിക്കുമ്പോൾ രാഷ്ട്രീയത്തെ രാഷ്ട്രീയമായി തിരിച്ചറിയാൻ ആവശ്യമായ വ്യത്യാസങ്ങളാണ് മായുന്നത്. അപരന്റെ വേദനയെ സ്വന്തം വേദനയാക്കുന്നത് സഹാനുഭൂതിയുടെ പരമാവധി ആയിരിക്കാം. എന്നാൽ അപരന്റെ വേദനയ്ക്ക് കാരണമാകുന്ന അധികാരബന്ധങ്ങളെ തിരിച്ചറിയുന്നതാണ് സഹാനുഭൂതിയുടെ രാഷ്ട്രീയപരമായ തുടക്കം.
അനുബന്ധം
എന്റെ രാഷ്ട്രീയം
മേതിൽ രാധാകൃഷ്ണൻ
എന്റെ രാഷ്ട്രിയം
ഒരു വിത്തിൽ നിന്ന് നേരിട്ടു കിളിർക്കുന്നു,
ഇരുമ്പയിരിൽനിന്ന് ഉലയിലേക്കും
ആയുധത്തിലേക്കും പടരുന്നു,
ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ നിന്ന്
വെളിച്ചത്തിന്റെ അരാജകത്വത്തിലേക്ക് കൊക്കെടുക്കുന്നു.
എന്റെ മോതിരവിരൽ
നൂറു മോതിരത്തിന്റെ വധുവായൊരു ഞാഞ്ഞൂളാകുന്നു...
മണ്ണിന്നടിയിൽ അതിനു വഴിയറിയാം.
എന്റെ രാഷ്ട്രീയം ഒരു വിവാഹമാകുന്നു,
ആത്മാവും വിശപ്പും തമ്മിലുള്ള വിവാഹം.
എല്ലാ ജീവജാലങ്ങളെയും കൂട്ടി ഘടിപ്പിച്ചുണ്ടാക്കിയ
ഒരൊറ്റ ജീവിയാകുന്നു ഞാൻ.
മഴയത്ത് വളപ്പിലെയും വയലിലെയും
മാളങ്ങൾ നിറയുമ്പോൾ
മെത്തയിൽ ഞാൻ തിരിഞ്ഞുകിടക്കുന്നു.
തീൻമേശയിലെത്തുന്ന ഓരോ മുട്ടയപ്പത്തിലും ഞാൻ പൊരിയുന്നു
ഓരോ പാമ്പും എന്റെ ദീർഘോച്ഛ്വാസമാകുന്നു,
തെരുവിൽ മലർത്തിയടിക്കപ്പെടുന്ന ഓരോ പെണ്ണിലും
എന്റെ പൊക്കിൾക്കൊടി മുറിയുന്നു,
ഓരോ ചെന്നായയും എന്റെ വിശപ്പാകുന്നു,
കാട്ടിൽ കൊല്ലപ്പെടുന്ന ഓരോ പോരാളിയിലും
പ്രകൃതി പോലെ ഞാൻ നിറയുന്നു,
ഓരോ കാരാഗൃഹവും എന്റെ ദുശ്ചരിതമാകുന്നു,
ഓരോ മനുഷ്യനും എന്റെ മുഷ്ടിയാകുന്നു,
ഓരോ മൗനവും എന്റെ മരണമാകുന്നു;
എന്റെ രാഷ്ട്രീയം ഭൗമികമാകുന്നു-
എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും
ഒരൊറ്റ പുഴുവിന്റെ അവകാശത്തിനുവേണ്ടി
അതു തുടർന്നുകൊണ്ടിരിക്കും.
