Showing posts with label സാഹിത്യവിമർശനം. Show all posts
Showing posts with label സാഹിത്യവിമർശനം. Show all posts
ആറ്റിക്കുറുക്കിയ കവിതയും പണിക്കുറ്റമറ്റതാകലും

ആറ്റിക്കുറുക്കിയ കവിതയും പണിക്കുറ്റമറ്റതാകലും

ആറ്റിക്കുറുക്കിയ കവിത പ്രാസമൊപ്പിച്ചു പറയുന്നതിന്റെ ഭാഗമായിട്ടാകണം, മലയാളത്തിൽ ഇതിനകം ഏറെ പരിചിതമായിത്തീർന്ന ഒരു പ്രയോഗമാണ് ‘ആറ്റിക്കുറുക്കിയ ആറ്റൂർ കവിത’. ആറ്റൂർ രവിവർമ്മയുടെ കവിതയെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ വിശേഷണം ഏതാണ്ട് സ്വാഭാവികമായി തന്നെ പലരിലും വരുന്നു. ഭാഷയുടെ മിതത്വം, വാക്കുകളുടെ കൃത്യത, സ്വരചേർച്ച, പ്രമേയപരമായ തെളിച്ചം എന്നിവയെല്ലാം ഒരുമിച്ചോർത്ത്, ‘ആറ്റിക്കുറുക്കൽ’ എന്ന ഒറ്റപ്രയോഗത്തിൽ ആറ്റൂർ കവിതയെ വിശേഷിപ്പിക്കാനാകുമെന്ന് പലരും കരുതുന്നു. പക്ഷേ, രചനാതന്ത്രത്തെയും വിമർശനത്തെയും സംബന്ധിച്ച ആലോചനയിൽ ഇതേപ്പറ്റി കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കേണ്ടതായി വരുന്നു.

എന്താണ് ഇവിടെ യഥാർത്ഥത്തിൽ കുറുക്കിയെടുത്തിരിക്കുന്നത്? വാക്കുകളാണോ? വരികളാണോ? അനുഭവമാണോ? ചിന്തയാണോ? അതോ, ഒരു കവിതയുടെ വാക്കുകളുടെ എണ്ണം കുറവായതിനാൽ മാത്രമാണോ നാം അതിനെ ‘കുറുക്കിയത്’ എന്നു വിളിക്കുന്നത്? ‘കുറച്ച് വാക്കുകളിൽ കൂടുതൽ പറയുക’ എന്നതാണ് കുറുക്കിയെഴുത്തിന്റെ ലളിതമായ നിർവചനമെങ്കിൽ, ‘കൂടുതൽ’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യം അതിനോടൊപ്പം വരുന്നു. വിവരമോ? ആശയമോ? വികാരമോ? അർത്ഥസാധ്യതയോ? ഒരു വാക്കിന്റെ പിന്നിൽ പലതരം ഓർമ്മയും, ഒരു ബിംബത്തിന്റെ പിന്നിൽ പലതരം അനുഭവവും, ഒരു വരിയുടെ നിശ്ശബ്ദതയ്ക്കുള്ളിൽ മറ്റനേകം ചിന്തകളും പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമാണോ കുറുക്കൽ എന്ന് പറയേണ്ടത്? ഇങ്ങനെ ചോദിച്ചുതുടങ്ങുമ്പോഴാണ് ‘ആറ്റിക്കുറുക്കിയ ആറ്റൂർ കവിത’ എന്ന വിശേഷണം ഒരു പ്രശംസാവാചകത്തിൽ നിന്ന് വിമർശനപ്രശ്നമായി മാറുന്നത്.

ഇതോടൊപ്പം മറ്റൊരു സാധ്യതകൂടി പരിഗണിക്കാം. ഒരു കവിത പണിക്കുറ്റമറ്റതാണെന്ന് നാം ആദ്യമേ തിരിച്ചറിയുന്നുവെന്ന് വരാം. വാക്കുകൾ കൃത്യമാണ്, അനാവശ്യമായ ഒന്നുമില്ല. ഉള്ളതൊന്നും അധികമായി തോന്നുന്നില്ല, ബിംബങ്ങൾ തമ്മിൽ ചേർന്നുനിൽക്കുന്നു, ശബ്ദവും അർത്ഥവും പരസ്പരം സഹായകമായി അനുഭവവേദ്യമാകുന്നു. അങ്ങനെവരുമ്പോൾ ഇതെല്ലാം ഒത്തിണങ്ങിയതിനെ ‘കുറുക്കിയത്’ എന്ന് വിശേഷിപ്പിക്കുന്നതുമാകാം. ഒരുപക്ഷേ, അതാണൊരു പ്രശ്നം. പണിക്കുറ്റമറ്റ ഒരു കവിതയെ നമ്മൾ കുറുക്കിയെഴുതിയതായി തെറ്റിദ്ധരിക്കുന്നു.

കുറുക്കിയെടുത്ത കവിതയും പണിക്കുറ്റമറ്റ കവിതയും ഒരേ കാര്യമല്ല. രണ്ടും പരസ്പരം സഹായകമായി പ്രവർത്തിക്കുന്ന ഗുണങ്ങളായിരിക്കാം. എന്നാൽ ഒന്നിനെ മറ്റൊന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയാൽ കവിതയുടെ വിലയിരുത്തലിൽ പലതും നഷ്ടമാകും. താരതമ്യേന കുറഞ്ഞ ഭാഷാപ്രയോഗത്തിൽ ഒരു വാക്കോ ബിംബമോ വരിയോ എത്രമാത്രം അനുഭവവും ചിന്തയും അർത്ഥസാധ്യതയും ഉൽപ്പാദിപ്പിക്കുന്നു എന്നതാണ് കുറുക്കലിന്റെ പ്രധാന മാനദണ്ഡമെങ്കിൽ, കവിതയിലെ ഓരോ തിരഞ്ഞെടുപ്പും—വാക്ക്, ബിംബം, ശബ്ദം, താളം, വരിവിഭജനം, ഘടന—കവിതയുടെ ആവശ്യത്തിന് എത്രമാത്രം ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നതാണ് പണിക്കുറ്റമറ്റതാകലിന്റെ മാനദണ്ഡം.

അതുകൊണ്ടുതന്നെ ‘ചുരുങ്ങിയത്’, ‘കുറുക്കിയത്’, വാക്പ്രയോഗത്തിൽ കണിശതയുള്ളത്’, ‘പണിക്കുറ്റമറ്റത്’—ഇവയെല്ലാം ഒരേ അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ആശയക്കുഴപ്പം മാത്രമല്ല, വിലയിരുത്തലിലും പിഴവുണ്ടാകുന്നു. കുറച്ച് വരികളുള്ള ഒരു കവിത കുറുക്കിയതാകണമെന്നില്ല; അതിന്റെ അർത്ഥാനുഭവ ഉൽപ്പാദനശേഷി പരിമിതമാണെങ്കിൽ. അതുപോലെ, ഒരു കവിതയിലെ ഓരോ കവിതാഘടകത്തിനും പതിവിൽക്കവിഞ്ഞ പ്രവർത്തനശേഷിയുണ്ടെങ്കിൽ, അതിനെ പണിക്കുറ്റങ്ങളില്ലാത്ത കവിത എന്നുമാത്രം വിളിച്ചതുകൊണ്ട് അതിന്റെ കുറുക്കലിന്റെ ഗുണം വെളിപ്പെടുകയുമില്ല. അതിനാൽ ഇവിടെ നിർണ്ണായകമാകുന്നത് കവിതയുടെ വലിപ്പമല്ല, ഭാഷയിലൂടെയുള്ള അർത്ഥത്തിന്റെയും അനുഭൂതിയുടെയും പ്രവർത്തനമാണ്.

ഈ വ്യത്യാസം ലളിതമായി രണ്ടു ചോദ്യങ്ങളിലൂടെ തിരിച്ചറിയാം. “കുറച്ച് ഭാഷകൊണ്ട് കൂടുതൽ അനുഭൂതികളും ചിന്തയും അർത്ഥസാധ്യതകളും ഉണ്ടാകുന്നുണ്ടോ?” ഇതായിരിക്കണം കുറുക്കലിന്റെ ശേഷിയറിയാനുള്ള ചോദ്യം. “ഈ വാക്കോ ബിംബമോ വരിമുറിക്കലോ ആഖ്യാനഘടനയോ ഇവിടെ വേണമോ?” എന്നതാകണം പണിക്കുറ്റമറ്റതാകലിന്റെ ചോദ്യം. ഒരു വാക്ക് മാറ്റിയാൽ കവിത മെച്ചപ്പെടുമോ? ഒരു വരി ഒഴിവാക്കിയാൽ കവിതയുടെ അർത്ഥാനുഭവചലനഗതി ദുർബലമാകുമോ? ഒരു ബിംബം മറ്റൊന്നുകൊണ്ട് മാറ്റിസ്ഥാപിച്ചാൽ അർത്ഥബന്ധം ശക്തമാകുമോ? ഇവ കവിതയുടെ കണിശത പരിശോധിക്കുന്ന ചോദ്യങ്ങളാണ്.

‘കുറുക്കൽ’ വെറും സാരാംശമാക്കലല്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. ഒരു നീണ്ട കവിതയെ ഏതാനും വാക്യങ്ങളിൽ സംഗ്രഹിക്കാം. പ്രധാനപ്പെട്ടത് മാത്രം ശേഷിപ്പിക്കാം. പക്ഷേ അങ്ങനെവരുമ്പോൾ കവിത കുറുക്കിയെടുത്തുവെന്ന് പറയാമോ? ഇല്ല. കാരണം സാരാംശം വിശദാംശങ്ങളെ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. കുറുക്കൽ, അതിനുപകരം, ഇല്ലാത്തവയുടെ സ്ഥാനത്ത് മറ്റൊരു തരത്തിലുള്ള സാധ്യത സൃഷ്ടിക്കുകയാണ് ചെയ്യുന്നത്—പറഞ്ഞിട്ടില്ലാത്തവപോലും വായനയിൽ പുനർനിർമ്മിക്കപ്പെടാനുള്ള ഇടം, ഒരു ചെറിയ ഭാഷാഘടകം അതിന്റെ നേരിട്ടുള്ള അർത്ഥത്തേക്കാൾ കൂടുതലായി പ്രവർത്തിക്കുന്ന അവസ്ഥ. സാരാംശത്തിന്റെ ലക്ഷ്യം കുറയ്ക്കലാണെങ്കിൽ, കുറുക്കലിന്റെ സവിശേഷത കുറച്ചുകൊണ്ട് എഴുതപ്പെട്ടതിന്റെ പ്രവർത്തനസാധ്യത വർധിപ്പിക്കലാണ്.

ഇവിടെയാണ് കവിതയുടെ മൗനഭാഷയും പ്രസക്തമാകുന്നത്. കവിത എല്ലാം പറഞ്ഞുതരേണ്ടതില്ല. പക്ഷേ പറയാത്തതെല്ലാം സ്വയം കവിതയാകുകയുമില്ല. വായിക്കുന്നയാൾക്ക് അർത്ഥം നിർമ്മിക്കാനുള്ള ഇടം കവിതതന്നെ നൽകാം; എന്നാൽ ആ ഇടം യഥാർത്ഥത്തിൽ കവിതയുടെ ആഖ്യാനരൂപഘടനയിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെട്ടതാണോ, അതോ കവിത പറയേണ്ടിയിരുന്ന കാര്യങ്ങൾ വായനക്കാരെക്കൊണ്ട് തന്നെ പൂർത്തിയാക്കിക്കുകയാണോ? ആദ്യത്തേതിൽ മൗനം കാവ്യഭാഷയുടെ പ്രവർത്തനമാണ്; രണ്ടാമത്തേതിൽ അത് ഭാഷയുടെ അപര്യാപ്തതയായിരിക്കാം. അതുകൊണ്ട് വായനക്കാരെ പങ്കാളിയാക്കുന്നത് കുറുക്കലിന്റെ ഗുണമാകുമ്പോൾ, വായനക്കാരെ കവിയുടെ പണി ഏൽപ്പിക്കുന്നത് അങ്ങനെയല്ലെന്നുംവരുന്നു.

ഇതേ പ്രശ്നം കവിതയുടെ സന്ദിഗ്ദ്ധാർത്ഥതയിലും ആവർത്തിക്കുന്നു. ഒരു ബിംബം ഒരേ സമയം പല അർത്ഥദിശകൾ തുറക്കുമ്പോൾ അത് സന്ദിഗ്ദ്ധതയായിരിക്കാം. പക്ഷേ അർത്ഥത്തിലേക്കുള്ള സൂചനകൾ തന്നെ ഇല്ലാതായാലോ? അതിനെ കവിതയുടെ അവ്യക്തത എന്നു വിളിക്കേണ്ടിവരും. സന്ദിഗ്ദ്ധത അർത്ഥത്തിന്റെ പല വഴികൾ തുറക്കുമ്പോൾ, അവ്യക്തത പലപ്പോഴും ആ വഴികളിലേക്കുള്ള സൂചനകളെതന്നെ നീക്കം ചെയ്യുന്നു. അതുകൊണ്ട് എല്ലാ അവ്യക്തതയും സന്ദിഗ്ദ്ധാർത്ഥതയാകുന്നില്ല.

ഇതേ കാരണത്താൽ അനുഭവസാന്ദ്രതയും ചിന്താസാന്ദ്രതയും വേർതിരിക്കേണ്ടിവരുന്നു. തീവ്രമായ ദുഃഖം, നഷ്ടം, സ്നേഹം, ഓർമ്മ തുടങ്ങിയവയെ വളരെ തീവ്രമായി കുറച്ച് വരികളിൽ രേഖപ്പെടുത്താം. അങ്ങനെ അത് അനുഭവസാന്ദ്രമാകാം. പക്ഷേ അതിൽ നിന്ന് ചിന്തയുടെ മറ്റൊരു ദിശ തുറന്നുവരണമെന്നില്ല. മറുവശത്ത്, ഒരു ആശയം വളരെ സങ്കീർണ്ണമായി വിശദീകരിക്കാം. അതുകൊണ്ടും കവിത ചിന്താസാന്ദ്രമാകണമെന്നില്ല. ചിന്തയുടെ അളവ് കൂടുതലാകുന്നതല്ല ചിന്താസാന്ദ്രത. ഒരു കാവ്യചിഹ്നം അതിന്റെ പ്രത്യക്ഷ അനുഭവത്തിനപ്പുറം കൂടുതൽ ചിന്ത ഉൽപ്പാദിപ്പിക്കുന്ന ശേഷിയാണ് അതിന്റെ അടിസ്ഥാനം.

ഡബ്ലിയു. എസ്. മെർവിന്റെ ‘വേർപാട്’ എന്ന കവിത ഓർക്കാം:

സൂചിക്കുള്ളിലൂടെ നൂലെന്നപോലെ
നിന്റെ അസാന്നിധ്യം എന്നിലൂടെ കടന്നുപോയി.
ഞാൻ ചെയ്യുന്നതെല്ലാം അതിന്റെ നിറത്താൽ തുന്നപ്പെടുന്നു.

‘അസാന്നിധ്യം’ എന്ന അമൂർത്തതയെ ‘സൂചിക്കുള്ളിലൂടെ കടന്നുപോകുന്ന നൂൽ’ എന്ന ദൃശ്യമായി മാറ്റിയതുകൊണ്ട് മാത്രം കവിത സാന്ദ്രമാകുകയല്ല. അതിനുശേഷമാണ് യഥാർത്ഥ കാവ്യാത്മകചലനം സംഭവിക്കുന്നത്. ആ നൂൽ ‘എന്നിലൂടെ’ കടന്നുപോകുന്നു; പിന്നെ ‘ഞാൻ ചെയ്യുന്നതെല്ലാം’ അതിന്റെ നിറത്താൽ തുന്നപ്പെടുന്നു. അപ്പോൾ വേർപാട് ഒരു നിമിഷത്തെ ദുഃഖമല്ലാതാകുന്നു. അത് പിന്നീട് ഞാൻ ചെയ്യുന്ന പ്രവൃത്തികളുടെ രൂപത്തിലും നിറത്തിലും തുടരുന്ന ഒന്നായി മാറുന്നു. ഒരു ചെറിയ ബിംബം സ്വന്തം പരിധിവിട്ട് ജീവിതത്തിന്റെ മറ്റൊരു അനുഭവഘടനയിലേക്ക് കടക്കുന്നു. അനുഭവത്തിൽ നിന്ന് ബിംബത്തിലേക്കും, ബിംബത്തിൽ നിന്ന് ചിന്തയിലേക്കും നീങ്ങുന്ന ഈ സഞ്ചാരത്തെ ചിന്താസാന്ദ്രതയുടെ രൂപങ്ങളിലൊന്നായി കാണാം.

എന്നാൽ ചിന്താസാന്ദ്രതയെ വൈയക്തികാനുഭവത്തിന്റെ തലത്തിൽ മാത്രം ഒതുക്കേണ്ടതില്ല. ഒരു ചെറിയ സാമൂഹിക ദൃശ്യം പോലും ഇതേ പ്രവർത്തനം നടത്താം. കെ. എ. ജയശീലന്റെ ‘ചൂണ്ടയിൽ ഇര തുടിക്കുന്നു’ എന്നതിൽ നിന്നുള്ള കവിതാശകലം മറ്റൊരു ഉദാഹരണമായി കാണാം:

ഇര തുടിക്കുന്നു:
എനിക്കു വേണം
മീനിന്റെ മരണം

ചൂണ്ടയിൽ തുടിക്കുന്ന ഇര, മറ്റൊന്നിൻ്റെ മരണം വേണമെന്നുള്ള പറച്ചിൽ, ഇരയെ ആഹാരമാക്കി മനുഷ്യൻ്റെ വിശപ്പിനു വേണ്ടി മരിക്കേണ്ടിവരുന്ന മീൻ—ദൃശ്യം വളരെ ചെറുതാണ്. പക്ഷേ ‘എനിക്കു വേണം / മീനിന്റെ മരണം’ എന്നതിലൂടെ അത് വെറും മീൻപിടിത്തത്തിന്റെ വിവരണമായി നിൽക്കുന്നില്ല. ആഗ്രഹം, ജീവൻ, ഹിംസ, നിലനിൽപ്പിന്റെ നൈതികത, മനുഷ്യനും മറ്റുജീവനും തമ്മിലുള്ള ബന്ധം—ഇവയെല്ലാം പ്രത്യേകം ആശയങ്ങളായി ചേർത്തുവെക്കാതെ തന്നെ ചോദ്യങ്ങളായി ഉയരുന്നു. മെർവിന്റെ കവിതയിൽ വൈയക്തികമായ ഒരു അഭാവം ജീവിതത്തെ മുഴുവൻ തുന്നിപ്പിടിക്കുന്ന അനുഭവമായി വികസിക്കുന്നുവെങ്കിൽ, ജയശീലനിൽ ഒരു ചെറിയ ദൃശ്യം നൈതികവും രാഷ്ട്രീയപരവും ദാർശനികവുമായ ചിന്തകളിലേക്ക് വഴിതുറക്കുന്നു. വഴികൾ വ്യത്യസ്തമായാലും, രണ്ടിടത്തും കുറച്ച് ഭാഷയിൽ നിന്ന് കൂടുതൽ കാവ്യപ്രവർത്തനം സാധ്യമാകുന്നു.

ഇവിടെയാണ് പണിക്കുറ്റമറ്റതാകലിന്റെ ചോദ്യം മറ്റൊരു രീതിയിൽ ഉയരുന്നത്. ഒരു കവിതയിൽ ഒരു ബിംബം വളരെ മനോഹരമാണെന്ന് കരുതുക. അതുകൊണ്ട് അത് അവിടെ വേണമെന്നതിന് അതായിത്തന്നെ തെളിവുണ്ടാകുന്നുണ്ടോ? ഒരു പ്രാസം വളരെ താളാത്മകമായി കേൾക്കുന്നു. അതുകൊണ്ട് അത് അനിവാര്യമാണോ? ഒരു വരി ഓർമ്മയിൽ നിൽക്കുന്നു. അതുകൊണ്ട് അത് കവിതയുടെ ഏറ്റവും നല്ല വരിയാണോ? പലപ്പോഴും ആകണമെന്നില്ല. കാരണം ആകർഷണീയതയും അനിവാര്യതയും ഒരേ കാര്യമല്ല.

വാക്കുകളുടെ കണിശത ഇത്തരം സംശയത്തെ കൈകാര്യം ചെയ്യാനുള്ള ഒരു മാർഗമാണ്. ‘ഈ വാക്ക് ഇവിടെ വേണമോ?’ എന്ന് ചോദിക്കുമ്പോൾ വാക്കുകൾ വെട്ടിക്കുറയ്ക്കാനുള്ള ആഗ്രഹം മാത്രമല്ല പ്രവർത്തിക്കുന്നത്. അതിന്റെ സാന്നിധ്യത്തിന് സവിശേഷമായ കാരണമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അത് അർത്ഥസാധ്യത കൂട്ടുന്നുണ്ടോ? ശബ്ദഭംഗി മാറ്റുന്നുണ്ടോ? മുൻവരിയുമായി വിശേഷബന്ധം സ്ഥാപിക്കുന്നുണ്ടോ? അനുഭവത്തിന്റെ വേഗം നിയന്ത്രിക്കുന്നുണ്ടോ? അവസാനവരിക്ക് ആവശ്യമായ പ്രതിധ്വനി സൃഷ്ടിക്കുന്നുണ്ടോ? ഇങ്ങനെയൊന്നും ചെയ്യുന്നില്ലെങ്കിൽ ഒരുപക്ഷേ അത് അനാവശ്യമായിരിക്കാം. എന്നാൽ ഒരു വാക്കിന്റെ പ്രവർത്തനം ഉടനടി കാണാനാവില്ലെന്നും ഓർക്കണം. അതിനാൽ വാക്കുകളുടെ കണിശത യാന്ത്രികമായ വെട്ടിക്കുറയ്ക്കലുമല്ല.

ആവർത്തനങ്ങളെയെല്ലാം പണിക്കുറ്റമായി വിലയിരുത്താനുമാകില്ല. ആവർത്തനം താളം സൃഷ്ടിക്കാം, വികാരതലത്തെ ഒന്നുകൂടി ഉയർത്താം, ഒരു ആശയത്തെ പുതിയൊരു സന്ദർഭത്തിലാക്കി മാറ്റിമറിക്കാം. ഒരു ദീർഘവാക്യം തന്നെ ചിലപ്പോൾ ശ്വാസമെടുക്കലിനെതന്നെ നിയന്ത്രിക്കുന്ന വായനാനുഭവമാകാം. ഒരു പരുക്കൻ പ്രയോഗം മിനുക്കിയെടുത്ത ഭാഷയെക്കാൾ തീവ്രമാകാം. അതുകൊണ്ട് പണിക്കുറ്റമറ്റതാകൽ മിനുക്കിയ ഭാഷയല്ല; ഒരു കവിതയ്ക്ക് ഏറ്റവും യോഗ്യമായവ കണ്ടെത്തുന്ന രീതിയാണ്.

ഇവിടെ ‘മാറ്റം’ എന്നതും ‘മെച്ചപ്പെടുത്തൽ’ എന്നതും വേർതിരിക്കേണ്ടിവരും. ഒരു വാക്ക് മാറ്റിയാൽ വരി മറ്റൊന്നാകാം. അതുകൊണ്ട് അത് മികച്ചതാകുമോ? ഒരു ബിംബം മാറ്റിയാൽ പുതുമ വരാം. അതുകൊണ്ട് കവിത കൂടുതൽ ശക്തമാകുമോ? അതിനാൽ പണിക്കുറ്റമറ്റതാക്കലിന്റെ പരീക്ഷണം ‘ഇത് മാറ്റാൻ കഴിയുമോ?’ എന്ന ചോദ്യത്തിലല്ല, ‘ഇത് മാറ്റിയാൽ കവിത മെച്ചപ്പെടുമോ?’ എന്നതിലാണ്. ഒരു നല്ല കവിതയ്ക്ക് മറ്റൊരു തരത്തിലും നല്ല കവിതയാകാൻ കഴിഞ്ഞേക്കാം എന്ന തിരിച്ചറിവും ഇവിടെ പ്രധാനമാണ്. ആദ്യ രൂപം പരിമിതികളുള്ളതാണെന്നും വരണമെന്നില്ല.

ഈ ചോദ്യങ്ങളോടെയാണ് ആറ്റൂർ രവിവർമ്മയുടെ ‘മേഘരൂപനെ’ വായിക്കേണ്ടത്. ആറ്റൂരിന്റെ ‘മേഘരൂപൻ’ എന്ന കവിതയിൽ ‘സഹ്യനേക്കാൾ തലപ്പൊക്കം’, ‘നിളയേക്കാളുമാർദ്രത’, ‘മഞ്ഞുകുപ്പായം’, ‘മേഘങ്ങൾ’, ‘കൃഷ്ണശില’, ‘നീലിമ’, ‘ആഴി’, ‘പൗർണമി’ തുടങ്ങിയ പ്രകൃതിബിംബങ്ങളും സ്വരചേർച്ചയുള്ള പ്രയോഗങ്ങളും ശ്രദ്ധേയമാണ്. ‘സഹ്യനേക്കാൾ തലപ്പൊക്കം’ എന്നത് പി. കുഞ്ഞിരാമൻ നായരുടെ വ്യക്തിത്വത്തെ ഒരു പ്രകൃതിപരിമാണവുമായി ബന്ധിപ്പിക്കുന്നു; ‘നിളയേക്കാളുമാർദ്രത’ അതേ വ്യക്തിത്വത്തിന്റെ മറ്റൊരു ഗുണത്തെ മറ്റൊരു പ്രകൃതിബിംബത്തിലൂടെ അവതരിപ്പിക്കുന്നു. തുടർന്ന് മഞ്ഞ്, മേഘം, നീലിമ, ആഴി, പൗർണമി എന്നിങ്ങനെ പ്രകൃതിയുടെ പല രൂപങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ചുറ്റിപ്പറ്റി വരുന്നു. എന്നാൽ ഇവിടെ പ്രധാനപ്പെട്ട ചോദ്യം ബിംബങ്ങൾ മനോഹരമാണോ എന്നതല്ല; അവയിൽ ഓരോന്നും മുമ്പുണ്ടായ അനുഭവത്തെ എത്രമാത്രം വികസിപ്പിക്കുന്നു എന്നതാണ്. ഒരു ബിംബം മുൻബിംബത്തിൽ ഇല്ലാത്ത അനുഭവമോ അർത്ഥദിശയോ തുറക്കുമ്പോൾ അവ പരസ്പരം സാന്ദ്രമാക്കുന്നു. എന്നാൽ ഒരേ മഹത്വവൽക്കരണത്തെ വ്യത്യസ്ത പ്രകൃതിചിഹ്നങ്ങൾ ആവർത്തിച്ച് ശക്തിപ്പെടുത്തുക മാത്രമാണെങ്കിൽ, ബിംബങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും കവിതയുടെ കാവ്യപ്രവർത്തനം അതേ അനുപാതത്തിൽ വർധിക്കണമെന്നില്ല.

ഇവിടെയാണ് ‘സമൃദ്ധി’യും ‘സാന്ദ്രത’യും തമ്മിലുള്ള വ്യത്യാസം നിർണ്ണായകമാകുന്നത്. പത്ത് ബിംബങ്ങൾ ചേർന്ന് പത്ത് പുതിയ അനുഭവ-ചിന്താ ദിശകൾ തുറക്കുന്നുവെങ്കിൽ അവ സാന്ദ്രതയുടെ സ്വഭാവം കൈയ്യാളുന്നു. പത്ത് ബിംബങ്ങൾ ഒരേ വികാരത്തെ പത്ത് രീതിയിൽ അലങ്കരിക്കുന്നുവെങ്കിൽ അവ സമൃദ്ധി സൃഷ്ടിക്കുന്നു. സമൃദ്ധി ഒരു ദോഷമല്ല. ഒരു കവിതയുടെ ഭാവലോകത്തെ വികസിപ്പിക്കാനും അതിന് പ്രത്യേക ലാവണ്യഗുണവും വ്യാപ്തിയും നൽകാനും അതിന് കഴിയും. എന്നാൽ സമൃദ്ധിയെ സാന്ദ്രതയായി വിലയിരുത്തുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. അതുകൊണ്ട് ‘മേഘരൂപൻ’ എന്ന കവിതയുടെ പ്രകൃതിബിംബസമ്പന്നതയെ ഭാവസമൃദ്ധിയായി അംഗീകരിച്ചുകൊണ്ടുതന്നെ, അതിനെ അനുഭവസാന്ദ്രതയുടെയോ ചിന്താസാന്ദ്രതയുടെയോ തെളിവായി സ്വീകരിക്കുന്നതിന് മുമ്പ് ബിംബങ്ങൾ തമ്മിലുള്ള അർത്ഥബന്ധം പരിശോധിക്കേണ്ടതുണ്ട്.

ഈ പരിശോധന സ്വാഭാവികമായി പണിക്കുറ്റമറ്റതാകലിന്റെ ചോദ്യത്തിലേക്കും നയിക്കുന്നു. ഒരു ബിംബം പുതിയൊരു അർത്ഥദിശ തുറക്കുന്നില്ലെങ്കിൽ, അത് കവിതയിൽ ഉണ്ടായിരിക്കേണ്ടതിന്റെ കാരണം എന്താണ്? ‘സഹ്യനേക്കാൾ തലപ്പൊക്കം’ എന്നതിനുശേഷം ‘നിളയേക്കാളുമാർദ്രത’ വരുന്നത് വ്യക്തിത്വത്തിന്റെ മറ്റൊരു വശം അനിവാര്യമായും തുറക്കുകയാണോ? ‘മഞ്ഞുകുപ്പായം’ പിന്നീടുള്ള മേഘബിംബവുമായി പുതിയൊരു അർത്ഥബന്ധം സ്ഥാപിക്കുന്നുണ്ടോ? ഒരു ബിംബം ഒഴിവാക്കിയാൽ കവിതയുടെ അനുഭവഗതി യഥാർത്ഥത്തിൽ ദുർബലമാകുമോ? ഒരു പ്രാസം അർത്ഥബന്ധത്തെ ശക്തിപ്പെടുത്തുന്നുണ്ടോ, അതോ സംഗീതാത്മകമായ ആകർഷണം മാത്രമാണോ സൃഷ്ടിക്കുന്നത്? ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ബിംബസമ്പത്ത് വെറും സമൃദ്ധിയായി നിലനിൽക്കുന്നുണ്ടോ, അതോ ഓരോ ഘടകവും കവിതയുടെ ആകെ പ്രവർത്തനത്തിൽ അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സഹായിക്കുന്നത്. അതിനാൽ ഇവിടെ ലക്ഷ്യം ബിംബങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതല്ല; അവയുടെ സാന്നിധ്യത്തിന് കവിതയ്ക്കുള്ളിൽ സവിശേഷമായ പ്രവർത്തനകാരണം ഉണ്ടോ എന്ന് അന്വേഷിക്കുകയാണ്.

‘മേഘരൂപൻ’ പി. കുഞ്ഞിരാമൻ നായരുടെ കവിതയെയും ജീവിതത്തെയും മഹത്വവൽക്കരിക്കുന്ന ഒരു കാവ്യശ്രമമായി വായിക്കാം. അതാണ് ആ കവിതയെ സംബന്ധിച്ച പ്രബലമായ വായനയും. ഇതിൽ നിന്ന് വേറിട്ട മറ്റൊരു ചോദ്യം ഉയരുന്നു: കവിത ആവിഷ്കരിക്കുന്ന വ്യക്തിത്വസങ്കൽപ്പം തന്നെ—‘ഗോത്രത്തിൽ ബാക്കിയായവൻ’, ‘കുമ്പിട്ടീലല്ലോ മസ്തകം’, ‘ബന്ധിക്കപ്പെട്ടീലല്ലോ പദങ്ങളും’ എന്നിവയിലൂടെ നിർമ്മിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെയും വഴങ്ങായ്മയുടെയും പ്രതിച്ഛായ—ഇക്കാലത്തുനിന്ന് നോക്കുമ്പോൾ ‘അരാജകവും ആണത്തം നിറഞ്ഞതുമായ (സവർണ്ണ) പുരുഷന്റെ ജീവിതത്തോടുള്ള ആകർഷണം’ എന്ന നിഗമനത്തിലേക്ക് വികസിക്കാനുള്ള സാധ്യതയുണ്ടോ എന്നതാണ്. ഇത് കാവ്യപ്രമേയത്തിന്റെ ചോദ്യമാണ്.

ഈ രണ്ടുതരം പരിശോധനകളും സ്വതന്ത്രമായി നിലനിൽക്കേണ്ടതുണ്ട്. അതേസമയം അവയുടെ പരസ്പരബന്ധവും പ്രധാനമാണ്. ബിംബങ്ങൾ കാവ്യപരമായി സമൃദ്ധമായിരിക്കാം. എന്നാൽ അവ നിർമ്മിക്കുന്ന വ്യക്തിത്വസങ്കൽപ്പം വിമർശനാർഹമായിരിക്കാം. അതോടൊപ്പം ബിംബങ്ങൾ സാന്ദ്രമായി പ്രവർത്തിച്ചാലും അവ ആവിഷ്കരിക്കുന്ന വ്യക്തിത്വസങ്കൽപ്പം വിമർശനത്തിൽ നിന്ന് ഒഴിവാകണമെന്നില്ല. ‘മേഘരൂപൻ’ വായിക്കുമ്പോൾ ബിംബങ്ങളുടെ ഭാവാത്മകമായ ആവർത്തനം പ്രമേയത്തിലെ മഹത്വവൽക്കരണത്തെ ശക്തിപ്പെടുത്തുന്നുണ്ടെങ്കിൽ, ആ രൂപപരമായ സവിശേഷത പ്രമേയപരമായ ഒരു ഫലവും സൃഷ്ടിക്കുന്നതായി പറയാം.

പ്രാസവും സംഗീതവും ഇതേ രീതിയിൽ പരിശോധിക്കണം. അവ കവിതയുടെ ശില്പഭംഗിയിൽ പ്രധാന ഘടകങ്ങളാണ്; എന്നാൽ അവയുടെ മൂല്യം കേവലം ശബ്ദഭംഗിയിൽ അല്ല, കവിതയുടെ അർത്ഥപ്രവർത്തനത്തിലും അനുഭവപരമായ ചലനത്തിലും അവ എന്ത് പങ്ക് വഹിക്കുന്നു എന്നതിലാണ്. ഒരു പ്രാസപ്രയോഗം ഓർമ്മയിൽ നിൽക്കുന്നതുകൊണ്ടോ ഒരു വരി സംഗീതാത്മകമായി ആകർഷകമായതുകൊണ്ടോ മാത്രം അത് പണിക്കുറ്റമറ്റതിന്റെ തെളിവാകുന്നില്ല. ശബ്ദവും അർത്ഥവും പരസ്പരം ശക്തിപ്പെടുത്തുമ്പോഴാണ് അവ കവിതയുടെ ആഖ്യാനരൂപഘടനയിൽ അനിവാര്യമായിത്തീരുന്നത്.

അങ്ങനെ നോക്കുമ്പോൾ, ‘കുറുക്കൽ’ എന്നത് കുറഞ്ഞ ഭാഷയിൽ നിന്ന് എത്രമാത്രം കാവ്യപ്രവർത്തനം സൃഷ്ടിക്കപ്പെടുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ‘പണിക്കുറ്റമറ്റതാകൽ’ എന്നത് ആ കാവ്യപ്രവർത്തനം സൃഷ്ടിക്കുന്ന ഓരോ തിരഞ്ഞെടുപ്പിന്റെയും കൃത്യതയുടെയും ആവശ്യകതയുടെയും പ്രയോഗമാകുന്നു. കുറുക്കൽ പ്രധാനമായും ശേഷിയുടെ വിഷയമാണ്. പണിക്കുറ്റമറ്റതാകൽ തിരഞ്ഞെടുപ്പിന്റെ വിഷയമാണ്. കവിതയുടെ സാന്ദ്രത ആ തിരഞ്ഞെടുപ്പുകളിൽനിന്ന് ഉണ്ടാകുന്ന കാവ്യഫലത്തിനെയാണ് മുന്നോട്ടുവെക്കുന്നത്. അതിനാൽ വാക്കുകളുടെ എണ്ണം കുറവാണെന്നോ ഭാഷ കണിശമാണെന്നോ മാത്രം പറഞ്ഞ് ഒരു കവിതയെ ‘ആറ്റിക്കുറുക്കിയത്’ എന്നു വിശേഷിപ്പിക്കാനാവില്ല.

ഒരു കവിതയ്ക്ക് കുറച്ച് ഭാഷയിൽ കൂടുതൽ അനുഭവവും ചിന്തയും അർത്ഥസാധ്യതയും ഉത്പ്പാദിപ്പിക്കാം. പക്ഷേ അതിലെ ചില തിരഞ്ഞെടുപ്പുകൾ അനാവശ്യമായിരിക്കാം. മറുവശത്ത്, ഓരോ വാക്കും അതീവ കൃത്യതയോടെ തിരഞ്ഞെടുക്കപ്പെട്ടിരിക്കാം. പക്ഷേ അവയിൽനിന്ന് പുതിയ അനുഭവ-ചിന്താ ദിശകൾ അധികമൊന്നും തുറക്കാതിരിക്കാം. അതിനപ്പുറം മൂന്നാമതൊരു സാധ്യതയുണ്ട്: കുറച്ച് ഭാഷ, ആവശ്യമായ തിരഞ്ഞെടുപ്പുകൾ, സാന്ദ്രമായ അനുഭവം, ചിന്തകളെ പ്രവർത്തനക്ഷമമാക്കാനുള്ള ശേഷി, വായനയ്ക്കായി തുറന്നുകിടക്കുന്ന ഇടം. കവിതയുടെ മേന്മ അളക്കാനുള്ള ഏക മാനദണ്ഡമല്ല ഇതെങ്കിലും, നല്ല കവിതയുടെ ഒരുതരം ലക്ഷണമായി ഈ രണ്ട് ഗുണങ്ങളുടെയും യോജിപ്പിനെ കാണാം. ‘ആറ്റിക്കുറുക്കൽ’ എന്ന് പറയുമ്പോഴും ‘പണിക്കുറ്റമറ്റതാകൽ’ എന്ന് പറയുമ്പോഴും തമ്മിൽ കലർത്തിപ്പോകാൻ പാടില്ലാത്ത രണ്ട് വ്യത്യസ്ത കാവ്യപ്രശ്നങ്ങൾ നിലനിൽക്കെത്തന്നെ കവിതയുടെ നിലവാരത്തെ സംബന്ധിച്ച് ഒരു മാനദണ്ഡം നമുക്ക് ഇതിലൂടെ ലഭ്യമാകുന്നു.
അറിവില്ലായ്മയുടെ നിഷ്കളങ്കതയും കവിതയുടെ കണ്ടെത്തലും

അറിവില്ലായ്മയുടെ നിഷ്കളങ്കതയും കവിതയുടെ കണ്ടെത്തലും

നിഷ്കളങ്കതയും കവിതയുടെ കണ്ടെത്തലും സർവസാധാരണമായ ഒരു സംഭവത്തിൽ കവിത കണ്ടെത്തുകയെന്നത് കവിതയുടെ ഏറ്റവും പഴക്കംചെന്ന രീതികളിലൊന്നാണ്. പരിചിതമായ ജീവിതാനുഭവത്തെ മറ്റൊരു വീക്ഷണകോണിലൂടെ കാണിക്കുകയും പതിവുരീതിയിൽ ശ്രദ്ധിക്കപ്പെടാത്ത ഒരു അനുഭവതലം തുറക്കുകയും ചെയ്യുമ്പോഴാണ് ഒരു സാധാരണ കാര്യം ഇത്തരത്തിൽ കവിതയായി മാറുന്നത്. അതുകൊണ്ടുതന്നെ, ഈ സാധ്യത കുഞ്ഞുങ്ങളുടെ നോട്ടനിലയിലാണ് ഏറ്റവും എളുപ്പം ലഭ്യമാകുന്നതെന്ന് വിശ്വസിക്കുന്ന കവികളെയും കാണാം. എന്നാൽ ഇതിനോടകം ആർജ്ജിച്ച അറിവുകളെ ത്യജിച്ചുകൊണ്ടുള്ള ഒരു നോട്ടനിലയല്ല അതെന്നും, മറിച്ച് പരിചിതമായതിനെയും കവിഞ്ഞുപോകാൻ കഴിയുന്ന ഒരു വീക്ഷണകോണാണ് ഇതിനായി വേണ്ടതെന്നും പലരും തിരിച്ചറിയാറില്ല. അതിനാൽ ഇത്തരം അറിവില്ലായ്മയിൽനിന്നുണ്ടാകുന്ന നിഷ്കളങ്കതയെയും നോട്ടനിലയെയും കവികൾ കവിതയുടെ പ്രധാന അസംസ്കൃതവസ്തുവാക്കി മാറ്റുന്നതും പതിവാണ്. വീരാൻകുട്ടി, സോമൻ കടലൂർ എന്നിങ്ങനെയുള്ളവരുടെ കുറേയേറെ കവിതകളുടെ പ്രധാന രചനാതന്ത്രം തന്നെ ഇതാണ്. അറിവില്ലായ്മയുടെ നിഷ്കളങ്കത കവിതയുടെ വിഷയമാകുന്നതിൽ സ്വതവേ പ്രശ്നമില്ല. ചോദ്യം മറ്റൊന്നാണ്, അറിവില്ലായ്മയിൽ നിന്നുണ്ടാകുന്ന നിഷ്കളങ്കതയിൽ നിന്നുള്ള കൗതുകത്തെ കവിതയാക്കി മാറ്റാൻ ആ രചന എന്ത് സർഗാത്മക-ബൗദ്ധിക പ്രവർത്തനമാണ് മുന്നോട്ടുവെക്കുന്നത്?

മാതൃഭൂമി ആഴ്ചപ്പതിപ്പ് (2026 ആഗസ്റ്റ് 30) ‘നിഷ്കളങ്കതയെക്കുറിച്ച് മൂന്ന് കവിതകൾ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വീരാൻകുട്ടിയുടെ ‘കനം’, ‘എവിടെയിരിക്കുന്നു?’, ‘ഞാനെവിടെ?’ എന്നീ കവിതകൾ ഈ ചോദ്യത്തെ അഭിസംബോധന ചെയ്യാൻ സഹായിക്കുന്നു. മൂന്നിലും ആവർത്തിക്കുന്ന ഒരു ഘടനയുണ്ട്: കുട്ടിയുടെ അറിവില്ലായ്മ മുതിർന്നവർ തിരിച്ചറിയുന്നതും അത് കൗതുകമായി തോന്നുകയും അതിനെ ‘നിഷ്കളങ്കത’യായി വായിക്കുകയും ചെയ്യുന്നതിലൂടെ എഴുത്തിനെ ഹൃദയസ്പർശിയാക്കുന്ന രീതി. ഈ ഘടന വായനക്കാരിൽ സ്വീകാര്യതയുറപ്പിക്കുന്ന തന്ത്രമാകുന്നു. ഇവിടെ ‘സ്വീകാര്യതാതന്ത്രം’ എന്നു പറയുന്നത് ബോധപൂർവമായ വിപണനതന്ത്രമോ ഗൂഢതന്ത്രമോ ആണെന്ന അർത്ഥത്തിലല്ല. ഒരു പ്രത്യേക അവതരണരീതി കുട്ടിയുടെ അറിവില്ലായ്മയെ നിഷ്കളങ്കതയായി ഫ്രെയിം ചെയ്ത് വാത്സല്യവും കൗതുകവും ഉത്പാദിപ്പിക്കുകയും അതുവഴി കവിതയെ എളുപ്പത്തിൽ സ്വീകരിക്കാവുന്നതാക്കുകയും ചെയ്യുന്ന രീതിയാണ്. അതുകൊണ്ടുതന്നെ സ്വീകാര്യത ഉറപ്പിക്കുന്നതിനപ്പുറം കവിത എന്താണ് കണ്ടെത്തുന്നത് എന്നതും അന്വേഷിക്കേണ്ടതുണ്ട്.

‘ഞാനെവിടെ?’യിൽ ഈ രീതി ഏറ്റവും ലളിതമായി കാണാം. അമ്മയുടെ കല്യാണ ആൽബം നോക്കുന്ന കൊച്ചുമകൾ ഓരോ ഫോട്ടോയും ചൂണ്ടി ചോദിക്കുന്നു: ‘ഇതിൽ ഞാനെവിടെ?’ കുട്ടിക്ക് അറിയാത്തത് വായനക്കാർക്ക് അറിയാം: അവൾ ജനിക്കുന്നതിനുമുമ്പുള്ള ചിത്രങ്ങളാണവ. ഈ അറിവിന്റെ അസമത്വമാണ് കവിതയുടെ കൗതുകത്തെ താങ്ങിനിർത്തുന്നത്. ഇവിടെ കവിതയുടെ കണ്ടെത്തൽ (Poetic Discovery) എന്തെന്നു മനസ്സിലാക്കാൻ ലളിതമായ ഒരു ആലോചന മതി. കുട്ടിക്ക് താൻ ആ ചിത്രങ്ങളിലുള്ള കാലത്തിനുശേഷമാണ് ജനിച്ചതെന്ന് അറിയാമെന്നു സങ്കൽപ്പിച്ചാൽ കവിതയിൽ എന്താണ് ശേഷിക്കുന്നത്? പ്രധാന കൗതുകം അതോടെ ഇല്ലാതാകും. ജനനത്തിനുമുമ്പുള്ള കാലം, കുടുംബചരിത്രത്തിൻ്റെ ഓർമ്മ, സ്വന്തം കുടുംബചരിത്രത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹം തുടങ്ങിയ അർത്ഥാനുഭവതലങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെങ്കിലും കവിത അവയിലേക്ക് വികസിക്കുന്നില്ല. കുട്ടിയുടെ അറിവില്ലായ്മ തന്നെയാണ് ഇവിടെ പ്രധാന കാവ്യോപാധി. അതുകൊണ്ട് കവിത ഹൃദയസ്പർശി ആയേക്കുമെന്ന കാര്യം നിഷേധിക്കേണ്ടതില്ലെങ്കിലും, ആ വൈകാരികഭാവം കവിതയുടെ കണ്ടെത്തൽ ആകുന്നില്ലെന്നുവരുന്നു.

‘കനം’ എന്ന കവിത ഇതുമായി ബന്ധിപ്പിക്കുമ്പോൾ താരതമ്യേന കുറച്ചെങ്കിലും ഭേദപ്പെട്ട നീക്കം നടത്തുന്നുണ്ട്. കവിതയിൽ, ‘ഒറ്റപ്പെട്ട കനത്ത മഴ’ എന്ന പ്രയോഗം കേട്ട് കൊച്ചുമകൾ ചോദിക്കുന്നു: മഴയ്ക്കും ഒറ്റപ്പെടലുണ്ടോ? ആരാണ് അതിനെ ഒറ്റയാക്കിയത്? കൂട്ടുകാർ പിണങ്ങിപ്പോയോ? അമ്മയുമില്ലെന്നു വരുമോ? ഭാഷയുടെ രൂപകപ്രയോഗം കുട്ടി അക്ഷരാർത്ഥത്തിൽ സ്വീകരിക്കുന്നതിൽനിന്നാണ് കൗതുകം ഉണ്ടാകുന്നത്. എന്നാൽ ‘ഒറ്റപ്പെടൽ’ എന്ന മനുഷ്യാനുഭവത്തെ മഴയിലേക്ക് നീട്ടുന്ന ഈ തെറ്റിദ്ധാരണയിൽ രൂപകസാധ്യതയും ഒളിഞ്ഞിരിക്കുന്നു.

‘മനസ്സിലായിട്ടുണ്ടാവണം’ എന്ന അവസാന വരിയിലെ ‘ഉണ്ടാവണം’ എന്ന അനിശ്ചിതത്വം വിരുദ്ധോക്തിയായും വായിക്കാം. കുട്ടികൾ യഥാർത്ഥത്തിൽ എന്താണ് മനസ്സിലാക്കിയതെന്ന് കവിത ഉറപ്പിക്കുന്നില്ല. എന്നാൽ ഈ സാധ്യത പിന്നീട് വികസിക്കുന്നില്ല എന്നതാണു പരിമിതി. മഴയുടെ ‘ഒറ്റപ്പെടൽ’ മനുഷ്യന്റെ ഏകാന്തതയുമായി ബന്ധപ്പെടുന്ന ഒരു പുതിയ അനുഭവതലത്തിലേക്ക് കവിത നീങ്ങാതെ, കുട്ടികളുടെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വൈകാരികലാളനയിലാണ് നിൽക്കുന്നത്.

‘എവിടെയിരിക്കുന്നു?’ എന്ന കവിതയിലാണ് ഈ ഘടന ഒന്നുകൂടി വികസിക്കുന്നത്. മുറിയിൽ ഇല്ലാത്ത ഒരാളുമായി കൊച്ചുമകൾ സംസാരിക്കുന്നു. ചിരിച്ചും പിണങ്ങിയും ശബ്ദം താഴ്ത്തിയും ഉയർത്തിയും. ‘നീയാരോടാണ് സംസാരിക്കുന്നത്?’ എന്ന മുതിർന്നയാളുടെ ചോദ്യം അവൾ കേൾക്കുന്നില്ല. ഇതുവരെ കവിത കുട്ടിയും മുതിർന്നയാളും തമ്മിലുള്ള അറിവിന്റെ അസമത്വത്തെതന്നെ ആശ്രയിക്കുന്നതായി തോന്നും. എന്നാൽ തുടർന്ന് വരുന്ന വരികളാണ് നിർണായക ഭാഗം:

ഉപദേശമില്ല
താരതമ്യമില്ല
കളിയാക്കലില്ല
വാക്കുകളേയില്ല.

ഇവിടെ കുട്ടിയുടെ അജ്ഞതയേക്കാൾ പ്രധാനമായി പ്രവർത്തിക്കുന്നത് അവളുടെ അദൃശ്യ സംഭാഷണത്തിലുള്ള ഒരു ബന്ധത്തിൻ്റെ ഗുണപരമായ അഭാവ-സാന്നിധ്യമാണ്, അതായത് വിധിക്കാത്ത, താരതമ്യം ചെയ്യാത്ത, കളിയാക്കാത്ത ഒരു അടുപ്പം. കുട്ടിയുടെ സാങ്കൽപ്പിക സംഭാഷണം അതുവഴി മുതിർന്നവരുടെ ബന്ധങ്ങളുടെ ലോകത്തിലെ ഒരു ന്യൂനതയെ പരോക്ഷമായി വെളിപ്പെടുത്തുന്നു. ഇവിടെ വായിക്കുന്നയാൾക്ക് കുട്ടികൾക്ക് അറിയാത്തത് അറിയുന്നുവെന്ന കൗതുകത്തിൽ മാത്രം നിൽക്കേണ്ടിവരുന്നില്ല; കുട്ടിയുടെ സാങ്കൽപ്പിക സംഭാഷണത്തിലൂടെ സ്വന്തം ബന്ധങ്ങളെക്കുറിച്ച് മറ്റൊരു രീതിയിൽ ചിന്തിക്കാനുള്ള അവസരവും ലഭിക്കുന്നു. ഈ മൂന്ന് കവിതകളിലും അപരിചിതമാകൽ എന്ന കാവ്യഗുണത്തിലേക്ക് നീങ്ങാനുള്ള സാധ്യത അങ്ങനെ ഈ കവിതയിലുണ്ടാകുന്നു.

എന്നിരുന്നാലും ഈ കവിതയും ആ സാധ്യത പൂർണമായി വികസിപ്പിക്കുന്നുവെന്ന് പറയാനാകില്ല. ‘ആ ഒരാൾ ആരെന്ന്’ അറിയാനുള്ള മുതിർന്നയാളുടെ കൗതുകത്തിലാണ് കവിത അവസാനിക്കുന്നത്. കുട്ടിയുടെ ഭാവന മുതിർന്നവരുടെ ബന്ധങ്ങളുടെ ലോകത്തെ ചോദ്യം ചെയ്യുന്നിടത്തോളം കവിത ചിന്തോദ്ദീപകമായിക്കൊണ്ട് കവിതയെ വായനാനന്തരവും മുന്നോട്ട് സഞ്ചരിപ്പിക്കാനുള്ള ശേഷി കാണിക്കുന്നുണ്ട്. എന്നാൽ ആ ചോദ്യം വികസിപ്പിക്കാതെ വീണ്ടും രഹസ്യത്തിലേക്കും കൗതുകത്തിലേക്കും മടങ്ങുന്നു. അതായത് കവിതയിൽ സാധ്യതയുണ്ടായിരുന്നു. കവി അതിനെ മുന്നോട്ടുപോകാൻ അനുവദിച്ചില്ല.

ഇവിടെ കവിതയിൽ പ്രസ്താവിക്കുന്ന രഹസ്യസ്വഭാവം ആനന്ദവർധനൻ്റെ വ്യംഗ്യാർത്ഥ ലക്ഷണമല്ല. അതായത് ധ്വനിയും ഈ കവിതയുടെ പരിമിതിയും ഒന്നല്ല. ഇത് ധ്വനിസിദ്ധാന്തത്തിന്റെ ഉള്ളിൽനിന്നുള്ള ഒരു വിലയിരുത്തലുമാണ്. ധ്വനി ഒരു അധിക അർത്ഥദിശയിലേക്കുള്ള സൂചനയാണ്. 'ഉപദേശമില്ല / താരതമ്യമില്ല...' എന്ന വരികളിൽ ഈ ധ്വനിയുടെ സാധ്യതയുണ്ട്. പ്രശ്നം അതിനുശേഷമാണ്. ആ സാധ്യത പിന്തുടരാതെ കവിത 'ആ ഒരാൾ ആരെന്ന' ലളിതജിജ്ഞാസയിലേക്ക് തിരിച്ചുപോകുന്നു. ധ്വനി സാധ്യത ഉപേക്ഷിച്ച് പഴയ കൗതുകരീതിയിലേക്കുള്ള മടക്കമാണ് കവിതയുടെ ഒടുക്കം.

ഈ മൂന്ന് കവിതകളെ ചേർത്തുവായിക്കുമ്പോൾ മറ്റൊരു കാര്യവും വ്യക്തമാകുന്നു. ‘ഞാനെവിടെ?’യിൽ അറിവില്ലായ്മയാണ് കവിതാസംഭവത്തെ നേരിട്ട് താങ്ങിനിർത്തുന്നത്; ‘കന’ത്തിൽ തെറ്റിദ്ധാരണ ഭാഷയുടെ രൂപകസാധ്യത തുറക്കാൻ നോക്കുന്നു. ‘എവിടെയിരിക്കുന്നു?’ എന്ന കവിതയിൽ അറിവില്ലായ്മ ബന്ധങ്ങളെക്കുറിച്ചുള്ള ഒരു അധിക അർത്ഥാനുഭവത്തിലേക്ക് നീങ്ങുന്നു. പൊതുവായ രീതി ഒന്നാണെങ്കിലും ഈ മൂന്നിൻ്റെയും കവിതാപരമായ നേട്ടത്തിലേക്കുള്ള നീക്കം വ്യത്യസ്തമാണ്.

നിഷ്കളങ്കതയും കുട്ടിയുടെ അറിവില്ലായ്മയും ചേർന്നുവരുന്ന കവിതകൾ സ്വതവേ പരിമിതമായവയാണെന്ന് പറയാനാവില്ല. മറിച്ച്, നിഷ്കളങ്കത എപ്പോൾ കവിതയുടെ കണ്ടെത്തലിലേക്ക് കടക്കുന്നു എന്നതാണ് കൂടുതൽ പ്രസക്തമായ ചോദ്യം. അതിന് മികച്ച ഒരു ഉദാഹരണമാണ് മിറൊസ്ലാവ് ഹൊളൂബിന്റെ ‘നെപ്പോളിയൻ’ എന്ന കവിത. ഹൊളൂബിൻ്റെ കവിതയെ വീരാൻകുട്ടിയുടെ കവിതയുമായി താരതമ്യം ചെയ്യുകയല്ല ഇവിടെ ലക്ഷ്യം. രണ്ട് വ്യത്യസ്ത കാവ്യതന്ത്രങ്ങളെയാണ് ഇവിടെ വിശകലനം ചെയ്യുന്നത്. അതായത്, കുട്ടിയുടെ അറിവില്ലായ്മ എന്ന അതേ അസംസ്കൃതവസ്തു ഉപയോഗിച്ച് കവിതയ്ക്ക് സർഗാത്മകമായി എത്രത്തോളം ദൂരം സഞ്ചരിക്കാൻ കഴിയും എന്നതിന്റെ ഒരു പരിധി വിലയിരുത്തുകയാണ് ഉദ്ദേശം. ഒരു സങ്കേതത്തിന്റെ സാധ്യത എന്തെന്ന് അറിയാതെ, ആ സങ്കേതം ഉപയോഗിക്കുന്ന കൃതി 'വേണ്ടത്ര ചെയ്തോ ഇല്ലയോ' എന്ന് വിലയിരുത്താൻ പ്രയാസമാണല്ലോ.

ഹൊളൂബിന്റെ കവിതയിൽ കുട്ടികൾക്ക് ചരിത്രജ്ഞാനമില്ല. അധ്യാപകൻ നെപ്പോളിയൻ ബോണപ്പാർട്ട് എപ്പോൾ ജനിച്ചുവെന്നും എന്താണ് ചെയ്തതെന്നും ചോദിക്കുന്നു. കുട്ടികളുടെ ഉത്തരങ്ങൾ ‘ഒരായിരം വർഷങ്ങൾക്ക് മുമ്പ്’, ‘ഒരു നൂറ് വർഷങ്ങൾക്ക് മുമ്പ്’, ‘കഴിഞ്ഞ വർഷം’; ‘യുദ്ധം ജയിച്ചു’, ‘യുദ്ധത്തിൽ തോറ്റു’ എന്നൊക്കെയാണ്. അറിവിന്റെ അസമത്വത്തിൽ നിന്നുള്ള ഹാസ്യഭാവമുണ്ട് ഇതിൽ. ഇവിടെയും മുതിർന്നവർ അറിയുന്നതും കുട്ടികൾ അറിയാത്തതും തമ്മിലുള്ള വ്യക്തമായ വ്യത്യാസമുണ്ട്.

പക്ഷേ ഫ്രാന്റിസെക് എന്ന കുട്ടി പറയുന്നിടത്ത് കവിതയുടെ ദിശ മാറുന്നു:

നമ്മുടെ ഇറച്ചിക്കടക്കാരന്
നെപ്പോളിയൻ എന്നൊരു നായ ഉണ്ടായിരുന്നു.

ഇവിടെ ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ഒരു വ്യക്തിത്വവും ഒരു കുട്ടിയുടെ ജീവിതത്തിലെ ചെറിയൊരു ഓർമ്മയും ഒരേ പേരിൽ കൂട്ടിമുട്ടുന്നു. കുട്ടിക്ക് നെപ്പോളിയൻ ബോണപ്പാർട്ടിനെക്കുറിച്ച് അറിവില്ല; പക്ഷേ നെപ്പോളിയൻ എന്ന പേരുള്ള ഒരു നായയെക്കുറിച്ച് അറിയാം. ആ നായയെ ഉടമ എപ്പോഴും തല്ലിയിരുന്നു. ഒരു വർഷം മുമ്പ് പട്ടിണികിടന്ന് ആ നായ ചത്തുപോയി.

ഇവിടെ അറിവില്ലായ്മ വെറും നിഷ്കളങ്കമാർന്ന ഹാസ്യത്തിന്റെ ഉപാധിയായി നിൽക്കുന്നില്ല. ചരിത്രത്തിലെ ‘നെപ്പോളിയൻ’ എന്ന നാമം കുട്ടികളുടെ അനുഭവലോകത്തിൽ പ്രവേശിക്കുമ്പോൾ അതിന്റെ അർത്ഥം തന്നെ മാറുന്നു. യുദ്ധം ജയിച്ചോ തോറ്റോ എന്ന ചരിത്രചോദ്യത്തിന് പകരം, തല്ലുകൊള്ളപ്പെട്ടും പട്ടിണികിടന്നും മരിച്ച ഒരു ജീവിയുടെ ഓർമ്മയാണ് കുട്ടികളുടെ നെപ്പോളിയനായി മാറുന്നത്.

അതിനാൽ അവസാനത്തെ

‘നെപ്പോളിയന്റെ കാര്യമോർത്ത്
ഇപ്പോൾ കുട്ടികളെല്ലാം സങ്കടപ്പെടുന്നു.’

എന്ന വരികൾ കുട്ടികളുടെ നിഷ്കളങ്കതയെ ഹൃദയസ്പർശിയാക്കുക മാത്രമല്ല. ‘നെപ്പോളിയൻ’ എന്ന ചരിത്രചിഹ്നത്തെ തന്നെ ഒരു പുതിയ അർത്ഥബന്ധത്തിൽ നമുക്കുമുന്നിൽ നിർത്തുന്നു. കുട്ടികൾ ചരിത്രത്തിലെ നെപ്പോളിയനെക്കുറിച്ചല്ല സങ്കടപ്പെടുന്നത്; അവർക്ക് പരിചിതമായ നെപ്പോളിയനെക്കുറിച്ചാണ്. എന്നാൽ ഈ ‘തെറ്റായ’ തിരിച്ചറിവാണ് വായനക്കാരെ ചരിത്രത്തിലെ മഹത്വം, യുദ്ധം, ക്രൂരത, മരണം, വൈയക്തികാനുഭവങ്ങൾ എന്നിവയെ മറ്റൊരു ബന്ധത്തിൽ കാണാൻ നിർബന്ധിക്കുന്നത്.

കുട്ടിയുടെ അറിവില്ലായ്മ ഇവിടെ വെറും കൗതുകത്തിൽ അവസാനിക്കുന്നില്ല. അത് വായനക്കാരുടെ തന്നെ ചരിത്രബോധത്തെയും അനുഭവബോധത്തെയും വിമർശനാത്മകമായി പുനഃസംഘടിപ്പിക്കുന്നു. പരിചിതമായ ‘നെപ്പോളിയൻ’ അപരിചിതമാകുന്നു. ചരിത്രത്തിന്റെ വലിയ പേരിന് പകരം ഒരു ചത്ത നായയുടെ ഓർമ്മ മുന്നിൽ വരുന്നു. കുട്ടിയുടെ നിഷ്കളങ്കത ഇവിടെ കൗതുകപൂർവ്വം ആസ്വദിക്കാനുള്ള ഗുണമല്ല. അർത്ഥങ്ങളുടെ സംഘർഷം സൃഷ്ടിക്കുന്ന കാവ്യോപാധിയാണ്.

ഇതാണ് വിക്ടർ ഷ്ക്ലോവ്സ്കിയുടെ ostranenie, അഥവാ അപരിചിതമാകൽ, എന്ന കാവ്യലക്ഷണത്തെ കണ്ടെടുക്കാവുന്ന ഇടം. പരിചിതമായ വസ്തുവിനെയോ അനുഭവത്തെയോ അങ്ങനെ അവതരിപ്പിച്ച് പതിവു തിരിച്ചറിയലിൻ്റെ യാന്ത്രികതയോ സ്വാഭാവികതയും തകർക്കുകയും അതിനെ വീണ്ടും അനുഭവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് അതിന്റെ അടിസ്ഥാന ആശയം. അപരിചിതമാകൽ വെറും പുതുമയുടെ തോന്നലല്ല; പരിചിതമായതിനെ പുതിയ രീതിയിൽ അനുഭവിപ്പിക്കലാണ്.

ഇതും കുട്ടിയുടെ അറിവില്ലായ്മയിൽ അധിഷ്ഠിതമായ രീതിയും തമ്മിലുള്ള വ്യത്യാസം നിർണായകമാണ്. ‘ഇത് എന്താണെന്ന് കുട്ടിക്ക് അറിയില്ല; എനിക്ക് അറിയാം’ എന്നത് അറിവിന്റെ അസമത്വമാണ്. ‘ഇത് എന്താണെന്ന് എനിക്കറിയാം; പക്ഷേ ഇപ്പോൾ ഞാൻ അതിനെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ അനുഭവിക്കുന്നു’ എന്നതാണ് അപരിചിതമാകലിൻ്റെ ഫലം. ആദ്യത്തേതിൽ കുട്ടിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ച മാറുകയോ നിർണ്ണയിക്കപ്പെടുകയോ ചെയ്യാം; രണ്ടാമത്തേതിൽ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച മാറുന്നു.

‘നെപ്പോളിയൻ’ ഈ രണ്ടിനുമിടയിലെ പാലം കാണിച്ചുതരുന്നു. കുട്ടിയുടെ അറിവില്ലായ്മ ആദ്യം കൗതുകമുണ്ടാക്കുന്നു; പിന്നീട് അതേ അറിവില്ലായ്മ ചരിത്രത്തിൽ നിന്നുള്ള ഒരു പേരിനെയും വൈയക്തികമായ ഓർമ്മയെയും കൂട്ടിയിടിപ്പിക്കുന്നു. അങ്ങനെവരുമ്പോൾ വായനക്കാരുടെ അറിവ് കുട്ടിയുടെ അറിവില്ലായ്മയെ തിരുത്താൻ ഉപയോഗിക്കപ്പെടുകയല്ല. കുട്ടിയുടെ അറിവില്ലായ്മ തന്നെയാണ് വായനക്കാരുടെ അറിവിനെ പുനഃപരിശോധിക്കാൻ ഉപയോഗിക്കപ്പെടുന്നത്.

ഈ വ്യത്യാസം കൃത്യമായി പിടിക്കാൻ ഒരു ചോദ്യം സഹായകമാണ്: മാറ്റം സംഭവിക്കുന്നത് ആരിലാണ്, കുട്ടിയിലാണോ അതോ കുട്ടിക്കും വായിക്കുന്നയാൾക്കും പുറത്തുനിൽക്കുന്ന മറ്റൊന്നിലാണോ? 'ഞാനെവിടെ?'യിലും 'കന'ത്തിലും അറിവിന്റെ അസമത്വം ഇല്ലാതാകുക കുട്ടിയെക്കുറിച്ചുള്ള വിവരം പൂർത്തിയാകുമ്പോഴാണ്; അവൾ ജനിക്കുന്നതിനുമുമ്പുള്ള ചിത്രമാണെന്നോ, 'ഒറ്റപ്പെടൽ' മനുഷ്യാനുഭവമാണെന്നോ അറിഞ്ഞാൽ കവിതയിലെ അറിവിൻ്റെ അസമത്വം തീരുന്നു. ഈ അസമത്വം അടയുന്നിടത്ത് മാറുന്നത് കുട്ടിയോടുള്ള നമ്മുടെ വീക്ഷണമാണ്. കുട്ടിക്കപ്പുറം, ലോകത്തിൽ മറ്റൊന്നും അതിലൂടെ പുനഃക്രമീകരിക്കപ്പെടുന്നില്ല; ഫോട്ടോ ഫോട്ടോയായി നിൽക്കുന്നു, മഴ മഴയായിത്തന്നെ.

'നെപ്പോളിയനി'ൽ ഇത് മറ്റൊരു വിധത്തിലാണ് സംഭവിക്കുന്നത്. ഇവിടെ അറിവിന്റെ അസമത്വം ഇല്ലാതാകുന്നത് കുട്ടിയെക്കുറിച്ചുള്ള വിവരം പൂർത്തിയാകുമ്പോഴല്ല. മറിച്ച് 'നെപ്പോളിയൻ' എന്ന പേര് തന്നെ രണ്ട് വ്യത്യസ്ത നിർദ്ദേശവസ്തുക്കളിലേക്ക് (referents) ഒരേസമയം ചൂണ്ടുന്നു എന്ന തിരിച്ചറിവിലാണ്. ആ പേര് കുട്ടിയുടെ സ്വകാര്യാനുഭവത്തിൽ മാത്രം ഒതുങ്ങുന്നതല്ല; ചരിത്രത്തിലും സാംസ്കാരികസ്മരണയിലും വായനക്കാരുടെ അറിവിലും ഇതിനകം സ്ഥാനമുള്ള ഒരു ചിഹ്നമാണ്. അതുകൊണ്ട് കുട്ടിയെ പൂർണമായി മാറ്റിനിർത്തിയാലും, ‘നെപ്പോളിയൻ’ എന്ന വാക്ക് പഴയപടി പ്രവർത്തിക്കില്ല. ചരിത്രപുരുഷനെ ഓർക്കുന്ന വായനക്കാർ ആ ചത്ത നായയുടെ ഓർമ്മയും കൂടെ വഹിക്കുന്നു. ഇതാണ് കുട്ടിക്കപ്പുറം നിലനിൽക്കുന്ന മാറ്റം. വാക്കിന്റെയും ചിഹ്നത്തിന്റെയും പൊതുവായ അർത്ഥലോകത്തിൻ്റെ പുനഃസംഘാടനം.

ഈ വ്യത്യാസം ലളിതമായ പരിശോധനയിലൂടെ സ്ഥിരീകരിക്കാവുന്നതാണ്. കുട്ടിയെ നീക്കിയാൽ അർത്ഥപരമായ എന്തെങ്കിലും പരിവർത്തനം ബാക്കിനിൽക്കുന്നുണ്ടോ? 'ഞാനെവിടെ?'യിൽ ഒന്നും ശേഷിക്കില്ല. കുട്ടിയാണ് കവിതയുടെ മുഴുവൻ ഉള്ളടക്കവും ലക്ഷ്യവും. 'നെപ്പോളിയനി'ൽ, കുട്ടിയുടെ സാന്നിധ്യം ഇല്ലാതായാലും, കുട്ടിയുടെ വാക്ക് സൃഷ്ടിച്ച അർത്ഥസംഘർഷം വായനക്കാരന്റെ സ്മരണയിൽ നിലനിൽക്കുന്നു. അതായത്, കുട്ടിയുടെ അറിവില്ലായ്മയുടെ നിഷ്കളങ്കത ഈ അർത്ഥസംഘർഷത്തിലേക്കുള്ള മാർഗ്ഗമാണ്, അതിന്റെ ഉള്ളടക്കമല്ല. ഇതാണ് കുട്ടിയെക്കുറിച്ചുള്ള കാഴ്ച മാറലും ലോകത്തെക്കുറിച്ചുള്ള കാഴ്ച മാറലും തമ്മിലുള്ള വ്യത്യാസത്തിന്റെ പരിശോധനയ്ക്കുള്ള മാനദണ്ഡം.

കുട്ടിയുടെ തെറ്റിദ്ധാരണയിൽ നിന്ന് ഉണ്ടാകുന്ന ഹാസ്യാത്മക വൈരുധ്യവും കവിതയുടെ വിരോധാഭാസമെന്ന ഗുണവും തമ്മിലും വ്യത്യാസമുണ്ട്. ഒരു വാക്കിന്റെ അക്ഷരാർത്ഥം സ്വീകരിക്കുന്നതിൽനിന്നുള്ള വൈരുധ്യം സ്വതവേ സങ്കീർണ്ണമായ വിരോധാഭാസമാകുന്നില്ല. ‘കനം’ അതിലേക്കുള്ള ഒരു സാധ്യത കാണിക്കുന്നുണ്ടെങ്കിലും അതിനെ പൂർണമായി വികസിപ്പിക്കുന്നില്ല. ‘നെപ്പോളിയനി’ൽ ചരിത്രത്തിലെ വ്യക്തിയും കുട്ടികളുടെ അനുഭവത്തിലെ നായയും ഒരേ പേരിൽ നിലനിൽക്കുന്നതിലൂടെ അർത്ഥങ്ങളുടെ യഥാർത്ഥ സംഘർഷം രൂപപ്പെടുന്നു. അതുപോലെ കുട്ടിയുടെ ചോദ്യം നമ്മളിൽ സൃഷ്ടിക്കുന്ന ‘ആഹാ’ എന്ന തോന്നലിന് അപ്പുറം എന്താണ് മാറുന്നത് എന്നതും ആലോചിക്കേണ്ടതുണ്ട്. കുട്ടിയെക്കുറിച്ചുള്ള നമ്മുടെ വൈകാരികാനുഭൂതിയോ, അതോ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചയോ? ആദ്യത്തേത് ഹൃദയസ്പർശിയാകാം, വാത്സല്യവും സൃഷ്ടിക്കാം; രണ്ടാമത്തേതാണ് കവിതയുടെ കണ്ടെത്തലിലേക്കുള്ള ശക്തമായ മാർഗ്ഗമാകുന്നത്.

ഇവിടെയാണ് നിഷ്കളങ്കതയുടെ സ്വീകാര്യതാതന്ത്രം വിമർശനവിധേയമാക്കണം എന്നത് വായനയിൽ പ്രധാനമാകുന്നത്. കുട്ടിയുടെ അറിവില്ലായ്മ സ്വതവേ നിഷ്കളങ്കതയല്ല. അറിവില്ലായ്മ ഒരു ജ്ഞാനപരമായ അവസ്ഥയാണ്. അതിന് മുതിർന്നവർ നൽകുന്ന സൗന്ദര്യാത്മക നൈതിക വ്യാഖ്യാനമാണ് ‘നിഷ്കളങ്കത’ എന്ന ലേബൽ. ചുരുക്കത്തിൽ, അറിവില്ലായ്മ കുട്ടിയുടെ അവസ്ഥയാണ്. ‘നിഷ്കളങ്കത’ അതിനെ വായിക്കുന്ന മുതിർന്നവരുടെ ഭാഷയും. അതുകൊണ്ട് ചോദ്യം ‘കുട്ടി നിഷ്കളങ്കയാണോ?’ എന്നതല്ല; ‘കുട്ടിയുടെ അറിവില്ലായ്മയെ നിഷ്കളങ്കതയായി വായിക്കാൻ കവിത നമ്മെ എങ്ങനെ പ്രേരിപ്പിക്കുന്നു?’ എന്നതാണ്. അതിനോടൊപ്പം മറ്റൊരു ചോദ്യവും ചേർക്കണം: ആ നിഷ്കളങ്കതയുടെ സ്വീകാര്യതയ്ക്കപ്പുറം കവിത എന്താണ് സൃഷ്ടിക്കുന്നത്?

ഇതിന് ചില ചിന്താരീതികൾ സഹായകമാണ്. കുട്ടിയുടെ അറിവില്ലായ്മ നീക്കിയാൽ കവിതയുടെ പ്രധാന അർത്ഥാനുഭവം ഇല്ലാതാകുന്നുണ്ടോ? കവിത വായിച്ചശേഷം മാറുന്നത് കുട്ടിയെക്കുറിച്ചുള്ള നമ്മുടെ വികാരമാണോ, അതോ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചയാണോ? വായനാനന്തരം കൗതുകം അടച്ചുവെക്കപ്പെടുകയാണോ, അതോ പുതിയൊരു അർത്ഥതലത്തിലേക്ക് സഞ്ചരിക്കുകയാണോ? കുട്ടി സ്വതന്ത്രമായ ജീവിതമായി നിലകൊള്ളുന്നുണ്ടോ, അതോ മുതിർന്നവർക്ക് കൗതുകം ഉത്പാദിപ്പിക്കുന്ന ഉപാധിയായി മാത്രം നിൽക്കുകയാണോ? ഈ ചോദ്യങ്ങൾ കവിതയുടെ കാവ്യപ്രവർത്തനം എത്ര ദൂരം സഞ്ചരിക്കുന്നു എന്ന് തിരിച്ചറിയാനുള്ള ഉപകരണങ്ങളാണ്.

ചുരുക്കത്തിൽ, നിഷ്കളങ്കതയെ ഒരു കാവ്യഗുണമായി സ്വീകരിക്കുന്നതിന് മുമ്പ് അതിന്റെ പ്രവർത്തനം പരിശോധിക്കേണ്ടതുണ്ട്. കുട്ടിയുടെ അറിവില്ലായ്മ വായനക്കാരനിൽ സ്വീകാര്യതയും കൗതുകവും സൃഷ്ടിക്കുന്നു എന്നത് വൈകാരികഫലമാണ്. അത് അതായിത്തന്നെ കവിതയുടെ സർഗാത്മക കണ്ടെത്തലല്ല. എന്നാൽ അതേ അറിവില്ലായ്മ പരിചിതമായ ലോകത്തിലെ അർത്ഥങ്ങളെ സംഘർഷത്തിലാക്കുകയും വായനക്കാരുടെ മുൻധാരണയെ മാറ്റുകയും ചെയ്യുന്നുവെങ്കിൽ അത് കവിതയുടെ കണ്ടെത്തലിൻ്റെ ഉപാധിയായി മാറുന്നു. ‘നെപ്പോളിയൻ’ അതിന്റെ വ്യക്തമായ ഉദാഹരണമാണ്; ‘എവിടെയിരിക്കുന്നു?’ എന്ന കവിതയിൽ അതിലേക്കുള്ള പാതിയിൽ ഉപേക്ഷിക്കപ്പെട്ട ശ്രമവും കാണാം.

സാധാരണതയെ കവിതയായി മാറ്റാൻ ആവശ്യമായ സർഗാത്മക ബൗദ്ധിക പ്രവർത്തനത്തിന്റെ അഭാവമാണ് കൗതുകത്തെയും അറിവില്ലായ്മയുടെ നിഷ്കളങ്കതയെയും മാത്രം ആശ്രയിച്ചുകൊണ്ട് സ്വീകാര്യത ഉറപ്പാക്കുന്ന കവിതകളുടെ പ്രശ്നം. ബാലിശമായതും അറിവില്ലായ്മയിൽ നിന്നുള്ളതുമായ ചോദ്യം ഒരു കവിതയുടെ തുടക്കമാകാം. അറിവില്ലായ്മ ശക്തമായ കാവ്യോപാധിയുമാകാം. എന്നാൽ ആ അറിവില്ലായ്മ വായനക്കാരിൽ ഓമനത്തവും കൗതുകവും സൃഷ്ടിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, പരിചിതമായ ലോകത്തിലെ അർത്ഥങ്ങളെയും ലളിതയുക്തിയെയും അനുഭവപരിസരത്തെയും സംഘർഷത്തിലാക്കുകയും അതിനെ പുതുതായി കാണാനുള്ള അനുഭവം സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് അത് കവിതയുടെ കണ്ടെത്തലായി മാറുന്നത്. നിഷ്കളങ്കതയെ ആശ്രയിക്കുന്ന കവിതയുടെ കാവ്യശക്തി വിലയിരുത്താൻ, സ്വീകാര്യതയ്ക്കും കവിതയുടെ കണ്ടെത്തലിനും ഇടയിലെ ഈ വിടവ് പരിശോധിക്കേണ്ടാതുണ്ട്. കുഞ്ഞുങ്ങൾക്ക് അറിയാത്തത് മുതിർന്നവർക്ക് അറിയാം എന്നത് കവിതയുടെ പശ്ചാത്തലമാകാം; എന്നാൽ ആ വ്യത്യാസം അതായിത്തന്നെ കവിതയുടെ സർഗാത്മക മൂല്യമാകുന്നില്ല. നിഷ്കളങ്കത കവിതയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കാം; അതിനപ്പുറം ഒരു പുതിയ അനുഭവലോകം തുറക്കുമ്പോഴാണ് അത് കവിതയുടെ കണ്ടെത്തലായി മാറുന്നത്. അല്ലാത്തപക്ഷം, നാം കാവ്യാനുഭവത്തിലെത്തുകയല്ല, അറിവില്ലായ്മയുടെ നിഷ്കളങ്കത ആസ്വദിക്കുകയാണ്.
_____

അനുബന്ധം
  • വീരാൻകുട്ടി, 'നിഷ്കളങ്കതയെക്കുറിച്ച് മൂന്ന് കവിതകൾ', മാതൃഭൂമി ആഴ്ചപ്പതിപ്പ് 2026 ആഗസ്റ്റ് 30.
  • മിറൊസ്ലാവ് ഹൊളൂബ് — ‘നെപ്പോളിയൻ’  [മലയാള പരിഭാഷ വായിക്കാം]
  • വിക്ടർ ഷ്ക്ലോവ്സ്കി — Art as Technique— ostranenie / അപരിചിതമാകൽ എന്ന ആശയം.
ശുദ്ധകവിതയും കലർപ്പിന്റെ കാവ്യനീതിയും

ശുദ്ധകവിതയും കലർപ്പിന്റെ കാവ്യനീതിയും

ശുദ്ധകവിതയും കലർപ്പിന്റെ കാവ്യനീതിയും പാബ്ലോ നെരൂദയുടെ ‘അശുദ്ധ കവിത’ (Impure Poetry) എന്ന കാവ്യബോധത്തിന് സമാനമായി, മലയാളത്തിൽ കെ. സച്ചിദാനന്ദനിലൂടെയും മറ്റും പ്രബലമായിരുന്ന കാവ്യധാരയോട് വിയോജിച്ചുകൊണ്ട്, 1990-കൾക്ക് ശേഷം ചില കവികൾ ശുദ്ധകവിതയ്ക്കുവേണ്ടിയുള്ള വാദമുന്നയിക്കുകയുണ്ടായി. കവിതയെ ധാർമ്മികവും രാഷ്ട്രീയവുമായ ബാധ്യതകളിൽനിന്ന് അകറ്റി, അതിന്റെ ഭാഷയിലും രൂപത്തിലും സൗന്ദര്യശേഷിയിലും കേന്ദ്രീകരിക്കണമെന്നായിരുന്നു ഈ നിലപാടിന്റെ പ്രധാന ആവശ്യം. ബാബറി മസ്ജിദ് പൊളിക്കപ്പെട്ടതും നിയോ-ലിബറലിസം നടപ്പിലാക്കപ്പെട്ടതുമായ കാലത്തോടുള്ള സംവാദശേഷിയില്ലായ്മ ഈ നിലപാടിന്റെ പരിമിതിയായി കാണാമെങ്കിലും, അതിനേക്കാൾ അടിസ്ഥാനപരമായ ഒരു ചോദ്യം ഇവിടെ ഉന്നയിക്കേണ്ടതുണ്ട്: കവിത ശുദ്ധമായിരിക്കണമോ?

കവിത കവിതയായിരിക്കണം എന്ന വാദത്തിൽ തെറ്റില്ല. ഒരു രാഷ്ട്രീയ പ്രസംഗമോ വാർത്തയോ ധാർമ്മികോപദേശമോ മുദ്രാവാക്യമോ അതിന്റെ ആ ഗുണത്തിന്റെ പേരിൽ കവിതയായി അവതരിപ്പിക്കുന്നതുകൊണ്ട് മാത്രം അത് കവിതയാകണമെന്നില്ല. ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുന്നു എന്ന ഏകകാരണത്താൽ കാവ്യഗുണം ഉറപ്പിക്കാനാകില്ല. കവിതയ്ക്ക് അതിന്റേതായ ഭാഷയും രൂപവും താളവും ഭാവനയും ആവശ്യമാണ്. കവിതയെ അതിന്റെ കാവ്യസ്വഭാവത്തിൽനിന്ന് വേർപെടുത്തി ഒരു സന്ദേശവാഹക ഉപാധിയാക്കി ചുരുക്കുന്നതിനെതിരായ ശുദ്ധകവിതയുടെ വാദത്തിൽ അതിനാൽ ന്യായം കാണാം.

പക്ഷേ, ഇവിടെനിന്ന് കവിത മറ്റുള്ളവയുമായി കലരരുതെന്ന നിഗമനത്തിലേക്ക് നീങ്ങുന്നതിലാണ് പ്രശ്നം. കവിത രാഷ്ട്രീയപ്രസംഗമല്ല എന്നതുകൊണ്ട് രാഷ്ട്രീയം കവിതയ്ക്ക് പുറത്താകുന്നില്ല. കവിത ചരിത്രരേഖയല്ല എന്നതുകൊണ്ട് ചരിത്രം അതിൽ പ്രവർത്തിക്കരുതെന്നുമില്ല. കവിത ശാസ്ത്രീയ പ്രബന്ധമല്ലെങ്കിലും ശാസ്ത്രീയ അറിവിന് അതിൽ പ്രവേശിക്കാം. കവിത ഡയറിക്കുറിപ്പാകേണ്ടതില്ലെങ്കിലും വ്യക്തിയുടെ അനുഭവം അതിന് അന്യമല്ല. അതിനാൽ യഥാർത്ഥ ചോദ്യം കവിതയിൽ രാഷ്ട്രീയം വേണമോ, ശാസ്ത്രം വേണമോ, ചരിത്രം വേണമോ എന്നതല്ല. കവിതയിൽ പ്രവേശിക്കുന്ന വ്യത്യസ്ത അർത്ഥാനുഭവലോകങ്ങൾ പരസ്പരം എന്താണ് ചെയ്യുന്നത് എന്നതാണ്.

നെരൂദ മുന്നോട്ടുവയ്ക്കുന്നത് കവിതയും ലോകവും തമ്മിലുള്ള തുറന്ന ബന്ധമാണ്. 1935-ൽ പ്രസിദ്ധീകരിച്ച ‘Sobre una poesía sin pureza’ എന്ന മാനിഫെസ്റ്റോയിൽ മനുഷ്യന്റെ ഉപയോഗവും സ്പർശവും പതിഞ്ഞ വസ്തുക്കളിൽനിന്ന് ലോകവുമായി മനുഷ്യനുള്ള ബന്ധത്തിന്റെ അടയാളങ്ങൾ വായിക്കാനാണ് അദ്ദേഹം കവിയെ ക്ഷണിക്കുന്നത്. പൊടി, ഉപയോഗത്താൽ തേഞ്ഞുപഴകിയ ഉപരിതലങ്ങൾ, കൈപ്പാടുകൾ, ഉപയോഗം, വലിച്ചെറിയപ്പെടുന്നവ എന്നിവയെല്ലാം കവിതയ്ക്ക് പുറത്തുള്ള അശുദ്ധികളല്ല. ജീവിതത്തിന്റെ സാന്നിധ്യം വസ്തുക്കളിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങളാണ്. അതുകൊണ്ട് കവിതയും ജീവിതത്തിന്റെ കലർപ്പുകളെ സ്വീകരിക്കണമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. ശരീരവും ആഗ്രഹങ്ങളും സ്നേഹവും വെറുപ്പും രാഷ്ട്രീയവും അധ്വാനവും സംശയവും സ്വപ്നവും പരാജയവും ദൈനംദിനജീവിതത്തിന്റെ അവശിഷ്ടങ്ങളും അതിന്റെ ഭാഗമാകണം. കവിത ഇന്ദ്രിയാനുഭവങ്ങളിൽനിന്നും സാമൂഹിക യാഥാർഥ്യങ്ങളിൽനിന്നും മനുഷ്യന്റെ സ്പർശത്തിൽനിന്നും വേർപെട്ട് കൃത്രിമ ശുദ്ധി തേടരുത്. വസ്തുക്കളുടെ ‘മോശം രുചി’ ഒഴിവാക്കുന്ന കവിത യഥാർത്ഥ ജീവിതത്തിന്റെ സാന്ദ്രതയിൽനിന്ന് അകന്നുപോകും.

നെരൂദയുടെ ‘അശുദ്ധി’ പ്രധാനമായും കവിതയുടെ വസ്തുലോകത്തെയും ജീവിതസമ്പർക്കത്തെയും കുറിച്ചുള്ള ഒരു ആഹ്വാനമാണെങ്കിൽ, ഇവിടെ 'കലർപ്പിൻ്റെ കാവ്യനീതി’ എന്ന ആശയം അതിനെ മറികടന്ന് ആശയപരവും ചരിത്രപരവും അനുഭവപരവുമായ വ്യത്യസ്ത മണ്ഡലങ്ങൾ തമ്മിലുള്ള അർത്ഥപരിവർത്തനത്തിലേക്ക് വ്യാപിക്കുന്നതാണ് ലക്ഷ്യമിടുന്നത്.

ജീവിതത്തിൽനിന്ന് പലതും കവിതയിലേക്ക് കൊണ്ടുവരിക എന്നതുകൊണ്ട് മാത്രം കലർപ്പ് സംഭവിക്കുന്നില്ല. കവിതയിൽ പ്രവേശിക്കുന്ന വ്യത്യസ്ത ഘടകങ്ങൾ പരസ്പരം എങ്ങനെ പരിവർത്തനം ചെയ്യുന്നു എന്നതാണ് ‘കലർപ്പിന്റെ കാവ്യനീതി’. രാഷ്ട്രീയം, പ്രണയം, പ്രകൃതി, ഉടൽരാഷ്ട്രീയം, ചരിത്രം, ശാസ്ത്രം, പുരാണം, ദർശനം എന്നിവ ഒരേ കവിതയിൽ പ്രത്യക്ഷപ്പെട്ടാൽ അക്കാരണത്താൽ മാത്രം അവ പരസ്പരം കലർന്നുവെന്ന് പറയാനാവില്ല. അവ സ്വന്തം അർത്ഥങ്ങളിൽ ഉറച്ചുനിന്ന് പരസ്പരം സ്പർശിക്കാതെ നിൽക്കുന്നുവെങ്കിൽ അത് വെറും കൂട്ടിവെപ്പാണ്. കവിതയിലെ കലർപ്പ് എന്നത് വ്യത്യസ്ത ഘടകങ്ങൾ ഒരു കവിതയ്ക്കുള്ളിൽ പ്രവേശിച്ച് പരസ്പരം അർത്ഥം മാറ്റുകയും പുതിയ അർത്ഥാനുഭവം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രക്രിയയാകേണ്ടതുണ്ട്.

അതുകൊണ്ട് ശുദ്ധകവിതയെ വിമർശിക്കുന്നതുകൊണ്ട് അതിന്റെ എതിർവാദം സ്വയമേ ശരിയാകുന്നില്ല. ഒരു രാഷ്ട്രീയ ആശയം വന്നതുകൊണ്ടോ, പുരാണസൂചന ഉപയോഗിച്ചതുകൊണ്ടോ, ശാസ്ത്രീയ പദം ചേർത്തതുകൊണ്ടോ, അരികുവത്കരിക്കപ്പെട്ട ജീവിതം പരാമർശിച്ചതുകൊണ്ടോ ഒരു കവിത കൂടുതൽ വ്യാപ്തിയുള്ളതായി മാറണമെന്നില്ല. കവിതയിലെ ഘടകങ്ങൾ തമ്മിലുള്ള ബന്ധത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതാണ് നിർണായകം.

ശുദ്ധകവിതയുടെ വാദത്തിന്റെ പശ്ചാത്തലത്തിൽ പി. രാമന്റെ ‘നിശ്ശബ്ദതയ്ക്ക് ഒരു ചരമക്കുറിപ്പ്’ എന്ന കവിത നോക്കുമ്പോൾ, “കാട്ടിലെത്തിയാൽ / നിശ്ശബ്ദനാകുന്ന / കൂട്ടുകാരനോടൊപ്പമേ / ഞാൻ വരൂ” എന്ന വരികളിൽ നിശ്ശബ്ദത ലോകത്തിൽനിന്നുള്ള പിൻവാങ്ങൽ മാത്രമല്ല. മനുഷ്യന്റെ സഞ്ചിതമായ ശബ്ദത്തിൽനിന്ന് ലോകത്തെ മോചിപ്പിച്ച് അതിനെ അതിന്റെ സ്വന്തം സാന്നിധ്യത്തിൽ മാത്രം അനുഭവിക്കാനുള്ള വ്യവസ്ഥയായാണ് പ്രവർത്തിക്കുന്നത്. “ഇത്രകാലവും വെട്ടിവിഴുങ്ങിയ / ശബ്ദം മുഴുവൻ നിങ്ങൾ ഛർദ്ദിക്കും” എന്നിടത്ത് മനുഷ്യന്റെ ശബ്ദം പ്രകൃതിക്കുമേൽ പതിക്കുന്ന അധികസാന്നിധ്യമായി കവിതയിൽ പ്രത്യക്ഷപ്പെടുന്നു. ചെമ്മണ്ണുപാതയുടെ കാഴ്ചയിൽ ശല്യമാക്കപ്പെടുകയും, കാണുമെന്നു കരുതിയ കിളികൾ ഇരുന്ന കൊമ്പോടെ മാഞ്ഞുപോകുകയും, മൃഗപാദമുദ്രകളിൽ കുപ്പിച്ചില്ലുകൾ കുഴിച്ചിടപ്പെടുകയും ചെയ്യുന്നത് മനുഷ്യരോടൊത്തുള്ള അനുഭവവിരോധത്തിന്റെ പ്രകടനമാകുന്നു.

ഇവിടെ കവിതയെ ആശയങ്ങളുടെയും സാമൂഹികശബ്ദങ്ങളുടെയും ഭാരത്തിൽനിന്ന് സംരക്ഷിക്കാനുള്ള കാവ്യശ്രമം കാണാം. പി. രാമൻ അദ്ദേഹത്തിന്റെ ‘കനം’ എന്ന ആദ്യപുസ്തകത്തിന്റെ മുഖവുരയിൽ പ്രസ്താവിക്കുന്നതും അതാണ്. എന്നാൽ ഈ ശ്രമം തന്നെയാണ് ഒരു പ്രധാന ചോദ്യം ഉയർത്തുന്നത്: ലോകത്തെ അതിന്റെ സ്വന്തം നിശ്ശബ്ദതയിലോ ശബ്ദത്തിലോ കേൾക്കാൻ മനുഷ്യന്റെ ശബ്ദത്തിൽനിന്ന് പിൻവാങ്ങേണ്ടിവരുന്നുവെങ്കിൽ, ആ ലോകത്തിന്റെ സാമൂഹികവും ചരിത്രപരവും രാഷ്ട്രീയവുമായ ശബ്ദങ്ങളെ കവിത എങ്ങനെ കേൾക്കും?

ശുദ്ധകവിതയുടെ ഏറ്റവും ശക്തമായ വാദമായ അനുഭവത്തെ ആശയങ്ങളുടെ അധികഭാരത്തിൽനിന്ന് സംരക്ഷിക്കുക എന്നതിനെ അംഗീകരിച്ചാലും, ലോകം ആശയരഹിതമായ സാന്നിധ്യം മാത്രമല്ല എന്നതാണ് കലർപ്പ് ഓർമ്മിപ്പിക്കുന്നത്. “ഒരു മഴയും ഞാൻ / നേരേ നനഞ്ഞില്ല. / വിടവുകളിലൂടെ / ഊത്താലടിച്ചുകൊണ്ടിരുന്നു / അനുഭവങ്ങളില്ല, ലോകമില്ല / ഉള്ളതവയുടെ / ഊത്താല്” (ഊത്താൽ - പി. രാമൻ) എന്നെഴുതാൻ വേണ്ടത് മഴയത്ത് ഇറങ്ങാതെ കഴിയാനാകുന്ന മേൽക്കൂരയും ഇറങ്ങേണ്ടതില്ലെന്ന തീരുമാനത്തിനുള്ള വിശേഷാധികാരവുമാണെന്ന വിമർശനം ഇവിടെ പ്രസക്തമാണ്. ഈ അർത്ഥത്തിൽ ശുദ്ധി ഒരു സ്വാഭാവിക അവസ്ഥയല്ല; എന്തിനെ അനുഭവത്തിൽനിന്നും കവിതയിൽനിന്നും മാറ്റിനിർത്തണം എന്നതിനെക്കുറിച്ചുള്ള തിരഞ്ഞെടുപ്പാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, ശുദ്ധി തിരഞ്ഞെടുക്കപ്പെട്ട അഭാവമാണ്.

ഇതിന് നേരെ വിപരീതമായി, കൂട്ടിച്ചേർക്കലുകളിലൂന്നിനിൽക്കുന്ന സച്ചിദാനന്ദന്റെ ‘പനി’ എന്ന കവിത ഒരു കുഞ്ഞിന്റെ പനിക്കിടക്കയിൽനിന്നാണ് ആരംഭിക്കുന്നത്. അവിടെനിന്ന് മാവോയിലേക്കും പാലസ്തീനിലേക്കും ചിലിയിലേക്കും മിസിസിപ്പിയിലേക്കും കവിത സഞ്ചരിക്കുന്നു. പിന്നെ വീട്, അമ്മ, കുട്ടികൾ, പഴയ പ്രണയം, ഇന്ത്യ, ചരിത്രം, വിപ്ലവം, സ്നേഹം, രോഗം എന്നിവയിലേക്ക് മടങ്ങിവരുന്നു. ‘പനി’ എന്ന വാക്കിന്റെ അർത്ഥപരിവർത്തനമാണ് കവിതയുടെ കേന്ദ്രത്തിൽ. തുടക്കത്തിൽ അത് കുഞ്ഞിന്റെ ശരീരത്തിലെ ചൂടാണ്. ക്രമേണ ആ ചൂട് ഒരു കാലത്തിന്റെ ചൂടായി മാറുന്നു; വൈയക്തികമായ രോഗാനുഭവം ചരിത്രത്തിന്റെ രോഗാവസ്ഥയെ സ്പർശിക്കുന്നു. കുഞ്ഞിന്റെ പനിക്കിടക്കയിൽ ലോകചരിത്രം എത്തിച്ചേരുക മാത്രമല്ല സംഭവിക്കുന്നത്. കുഞ്ഞിന്റെ ശരീരത്തിലെ ചൂട് ലോകചരിത്രത്തെ അനുഭവിക്കുന്നതിനുള്ള ഒരു അളവുകോലായി മാറുന്നു.

കവിതയുടെ ഓരോ ഭാഗത്തിന്റെയും അവസാനത്തിലേക്ക് എത്തുമ്പോൾ ഈ വലിയ ചരിത്രചൂട് വീണ്ടും കുഞ്ഞിന്റെ ശരീരത്തിലേക്ക് മടങ്ങുന്നു. ലോകത്തിന്റെ ഭാരം ഒരു ശരീരത്തിന്റെ ചൂടിൽ കേന്ദ്രീകരിക്കുന്നു. വ്യക്തിയും ചരിത്രവും തമ്മിലുള്ള അകലം ഇല്ലാതാക്കുകയല്ല കവിത ചെയ്യുന്നത്; ഒന്നിനെ മറ്റൊന്നിലൂടെ വായിക്കാൻ നിർബന്ധിക്കുന്ന ബന്ധമാണ് കവി സൃഷ്ടിക്കുന്നത്. അവിടെ കലർപ്പ് ഒരു കൂട്ടിച്ചേർക്കലല്ല, പരസ്പരവായനയാകുന്നു.

എന്നാൽ, ‘പനി’യെ കലർപ്പിന്റെ വിജയകരമായ മാതൃകയായി കാണാനുമാകില്ല. സൂചനകൾ ഓരോന്നും കുഞ്ഞിന്റെ പനിയുമായി ഒരേ തരത്തിലുള്ള അർത്ഥപരിവർത്തനബന്ധം സ്ഥാപിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. ഉദാഹരണത്തിന്, ‘മിസിസിപ്പി’ എന്ന ഭൂമിശാസ്ത്രപരമായ സൂചന കവിതയിൽ എത്തുമ്പോൾ അത് ഒരു ചരിത്ര-രാഷ്ട്രീയ സ്ഥലനാമമായി മാത്രം നിൽക്കുന്നുണ്ടോ, അതോ കുഞ്ഞിന്റെ ‘പനി’ എന്ന കേന്ദ്രാനുഭവത്തിന്റെ അർത്ഥത്തെ മാറ്റുകയും അതിലൂടെ പനിയെ തന്നെ മറ്റൊരു അനുഭവമാക്കി തിരിച്ചുകൊണ്ടുവരികയും ചെയ്യുന്നുണ്ടോ എന്ന ചോദ്യം ചോദിക്കാം. രണ്ടാമത്തേതാണ് സംഭവിക്കുന്നതെങ്കിൽ മാത്രമേ ആ സൂചന കലർപ്പിന്റെ സജീവ ഘടകമാകൂ; അല്ലാത്തപക്ഷം അത് കവിതയുടെ വിഷയവ്യാപ്തി വർധിപ്പിക്കുന്ന ഒരു പരാമർശമായി മാത്രം നിൽക്കും.

ഇവിടെ ‘പരിവർത്തനം’ പൂർണമായും ആത്മനിഷ്ഠമായ വിലയിരുത്തലുമല്ല. അതിന് പാഠത്തിൽ കണ്ടെത്താവുന്ന ഭാഷാപരമായ സൂചനകൾ ഉണ്ടായിരിക്കണം. ഒരു വാക്കോ രൂപകമോ പ്രതീകമോ രണ്ടു അർത്ഥമണ്ഡലങ്ങളിൽ ഒരേസമയം പ്രവർത്തിക്കുകയും, ഒരു മണ്ഡലത്തിലെ അർത്ഥം മറ്റൊന്നിലേക്കുള്ള പ്രവേശനത്തിൽ മാറുകയും ചെയ്യുന്നുവെങ്കിൽ അതാണ് പരിവർത്തനത്തിന്റെ പ്രധാന ലക്ഷണമായി പാഠത്തിൽ കാണാവുന്ന സൂചന. ‘പനി’യിലെ ‘ചൂട്’ ശരീരത്തിന്റെ താപനില എന്ന അർത്ഥത്തിൽനിന്ന് ചരിത്രകാലത്തിന്റെ ചൂടിലേക്കും തിരിച്ചും പ്രവർത്തിക്കുന്നുവെങ്കിൽ, ആ ഇരട്ടപ്രവർത്തനം പാഠത്തിനുള്ളിൽതന്നെ പരിശോധിക്കാവുന്ന അടയാളമാണ്. അതുപോലെ, ഒരു പ്രതീകത്തിന്റെ അർത്ഥം കവിതയുടെ മറ്റൊരു ഘടകവുമായി ചേർന്നശേഷം മാറുന്നുണ്ടോ എന്നതും ഭാഷ, ആവർത്തനം, രൂപകം, സന്ദർഭം എന്നിവയുടെ തലത്തിൽ പരിശോധിക്കാം.

കെ. ജി. ശങ്കരപ്പിള്ളയുടെ ‘ബംഗാൾ’ കലർപ്പിനെ മറ്റൊരു തലത്തിൽ വെളിപ്പെടുത്തുന്നു. ധൃതരാഷ്ട്രരുടെ ഭാഷണത്തിലൂടെ മഹാഭാരതവും സമകാലിക രാഷ്ട്രീയവും വർഗ്ഗഭീതിയും വിപ്ലവവും വിശപ്പും പ്രകൃതിദുരന്തവും ഭരണകൂടവും ചരിത്രവും ഒരേ കാവ്യലോകത്തിലേക്ക് പ്രവേശിക്കുന്നു. എന്നാൽ കവിതയുടെ ശക്തി അതിലെ പ്രതീകങ്ങളുടെ എണ്ണത്തിലല്ല, അവയെ ബന്ധിപ്പിക്കുന്ന ധൃതരാഷ്ട്രരുടെ അന്ധതയിലാണ്. പുരാണത്തിലെ അന്ധത സമകാലിക രാഷ്ട്രീയാന്ധതയുടെ രൂപമെടുക്കുന്നു. അതേസമയം, സമകാലികമായ ഭയം ധൃതരാഷ്ട്രരുടെ പുരാണരൂപത്തെ തിരിച്ചുവായിച്ച് പുതിയ അർത്ഥം നൽകുന്നു.

പുരാണം ഇവിടെ വർത്തമാനത്തെ വായിക്കാനുള്ള പശ്ചാത്തലവും ഘടനയും നൽകുന്നു. അങ്ങനെ വർത്തമാനത്തിന്റെ ഭയം പുരാണത്തിന്റെ പഴയ അർത്ഥാനുഭവത്തിൽ ഇടപെടുന്നു. ‘ബംഗാളി’ലെ പ്രകൃതിദുരന്തവും ഇതേ രീതിയിൽ സാമൂഹികവും രാഷ്ട്രീയവുമായ അസ്വസ്ഥതയുടെ രൂപമാകുന്നു. ഒരു മേഖല മറ്റൊന്നിനെ വിശദീകരിക്കുന്നതിനൊപ്പം പരസ്പരം മാറുന്ന അർത്ഥബന്ധത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇവിടെയാണ് കലർപ്പ് കാവ്യഗുണമായി പ്രവർത്തിക്കുന്നത്.

എന്നാൽ, മഹാഭാരതം, കാളി, വിപ്ലവം, ചുഴലി, വിശപ്പ്, ഗാന്ധി, ഭരണകൂടം തുടങ്ങിയ ശക്തമായ പ്രതീകങ്ങൾ ഒരുമിച്ചുണ്ടെന്നത് മാത്രം കലർപ്പിന്റെ ലാവണ്യഗുണം സ്ഥാപിക്കുന്നില്ല. ഓരോന്നും അടുത്തതിന്റെ അർത്ഥാനുഭവത്തിൽ ഇടപെടുന്നുണ്ടോ, അതോ ഒരു വലിയ കാൻവാസിൽ രാഷ്ട്രീയഭാവാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഒന്നിനുപിന്നാലെ ഒന്നായി നിരത്തപ്പെടുകയാണോ എന്നതാണ് ചോദ്യം. ഒരു പ്രതീകം മറ്റൊന്നിന്റെ അർത്ഥത്തെ മാറ്റുന്നില്ലെങ്കിൽ അവയുടെ ശക്തി കൂട്ടിച്ചേർന്നാലും കലർപ്പ് സംഭവിക്കുന്നില്ല.

ഇവിടെയാണ് കലർപ്പ് സ്വയംതന്നെ വിമർശനവിധേയമാകേണ്ടത്. കലർപ്പിനെ ശുദ്ധകവിതയുടെ എതിർപദമായി മാത്രം സ്ഥാപിച്ചാൽ അതും ഒരു പുതിയ മൂല്യവാദമായി മാറും. ‘ശുദ്ധം’ എന്ന പേരിൽ എന്തിനെയെങ്കിലും പുറത്താക്കുന്നത് എത്രമാത്രം പ്രശ്നകരമാണോ, ‘കലർന്നത്’ എന്ന പേരിൽ പലതിനെയും യുക്തിഭദ്രമല്ലാതെയോ പരസ്പരബന്ധമില്ലാതെയോ കൂട്ടിവയ്ക്കുന്നതും അത്രതന്നെ പ്രശ്നമാണ്. ഒരു കവിതയിൽ ചരിത്രമുണ്ടോ, രാഷ്ട്രീയമുണ്ടോ, സാമൂഹികജീവിതമുണ്ടോ, ദാർശനികതയുണ്ടോ എന്ന് മാത്രം ചോദിച്ചാൽ പോരാ. അവ കവിതയിൽ പ്രവേശിച്ചശേഷം അർത്ഥാനുഭവത്തിൽ എന്ത് മാറ്റമാണ് സംഭവിച്ചത് എന്നാണ് ചോദിക്കേണ്ടത്.

ഈ അർത്ഥത്തിലാണ് ‘കലർപ്പിന്റെ കാവ്യനീതി’ ഒരു വിമർശനമാനദണ്ഡമായും മാറുന്നത്. കവിതയിൽ പ്രവേശിക്കുന്ന വ്യത്യസ്ത അനുഭവങ്ങൾക്കും അറിവുകൾക്കും ഭാഷകൾക്കും പരസ്പരമുള്ള അർത്ഥാനുഭവബന്ധത്തിൽ സൃഷ്ടിപരമായി ഇടപെടാനാകുന്ന കാവ്യസംഘാടനരീതിയാണ് കലർപ്പ്. എന്തിനെയും മുൻകൂട്ടി കാവ്യേതരമെന്ന് പ്രഖ്യാപിച്ച് പുറത്താക്കാതിരിക്കുക എന്നത് അതിന്റെ ആദ്യ നിബന്ധന മാത്രമാണ്. കവിതയിലേക്ക് വന്നതിനെ വെറും സാന്നിധ്യമായി നിർത്താതിരിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധന. ഉൾപ്പെടുത്തുന്നതിനെക്കാൾ പ്രധാനമാണ് പരിവർത്തനശേഷി.

അതുകൊണ്ട് കലർപ്പിന്റെ ലാവണ്യഗുണം പരിശോധിക്കാൻ നാല് ചോദ്യങ്ങൾ ഉന്നയിക്കാം: കവിതയിലേക്ക് എന്താണ് പ്രവേശിക്കുന്നത്? അത് പ്രവേശിച്ചതോടെ എന്താണ് മാറുന്നത്? ആ മാറ്റം മറ്റൊരു ഘടകത്തിന്റെ അർത്ഥാനുഭവത്തെയും മാറ്റുന്നുണ്ടോ? ഈ പരസ്പരമാറ്റത്തിന് കവിതയ്ക്കുള്ളിൽ ആന്തരികമായ ഔചിത്യമുണ്ടോ? ഈ ചോദ്യങ്ങൾക്ക് കവിതയ്ക്കുള്ളിൽനിന്നുതന്നെ ഉത്തരം ലഭിക്കുന്നിടത്താണ് കലർപ്പ് കാവ്യനീതിയായി മാറുന്നത്. അല്ലാത്തപക്ഷം അത് വിഷയവൈവിധ്യത്തിന്റെ ഉൾപ്പെടുത്തലായി മാത്രം നിൽക്കും.

കലർപ്പ് ഒരു കവിതാശൈലിയല്ല. എല്ലാ കവിതകളിലും രാഷ്ട്രീയം വേണമെന്നില്ല; എല്ലാ കവിതകളും ചരിത്രത്തെ ഉൾക്കൊള്ളണമെന്നുമില്ല. ഒരു വസ്തുവിൽ, ഓർമ്മയിൽ, ശരീരത്തിൽ, ഒരു ദൃശ്യത്തിൽ മാത്രം കേന്ദ്രീകരിച്ചും ഈ രൂപാന്തരം സൃഷ്ടിക്കാം. അതുകൊണ്ട് കലർപ്പിന്റെ അളവ് കവിതയിൽ കൂടിച്ചേരുന്ന ഘടകങ്ങളുടെ എണ്ണത്തെ മാനദണ്ഡമാക്കി നിശ്ചയിക്കാനാവില്ല. ഒരു ഘടകം മറ്റൊരു ഘടകവുമായി ബന്ധപ്പെട്ടുകൊണ്ട് അർത്ഥാനുഭവത്തിൽ എത്രത്തോളം ഇടപെടുന്നു എന്നതാണ് അതിന്റെ മാനദണ്ഡം.

ഇതിനൊരു മാതൃക കരോലിൻ ഫോർഷെയുടെ ‘കേണൽ’ (The Colonel) എന്ന കവിത നൽകുന്നു. 1978-ൽ എൽ സാൽവദോറിൽ ഒരു സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിൽ നടന്ന യഥാർത്ഥ അനുഭവത്തിന്റെ ഓർമ്മയിൽനിന്നാണ് കവിത രൂപപ്പെട്ടത്. കവിതയിൽ രാഷ്ട്രീയം ഒരു ആശയമായി പുറത്തുനിന്ന് പ്രവേശിക്കുന്നില്ല. കാപ്പി, പഞ്ചസാര, അത്താഴം, വീഞ്ഞ്, ടെലിവിഷൻ, കുടുംബം, വളർത്തുമൃഗം തുടങ്ങിയ സാധാരണ ഗാർഹിക വിശദാംശങ്ങൾക്കിടയിൽ അധികാരത്തിന്റെ ഹിംസ ക്രമേണ വെളിപ്പെടുന്നു. ഒടുവിൽ മനുഷ്യരുടെ ചെവികൾ അത്താഴമേശയിലേക്ക് ചൊരിയുന്ന സംഭവത്തോടെ വൈയക്തികാനുഭവമാകുന്ന ഒരു സായാഹ്നം ഒരു രാജ്യത്തിന്റെ രാഷ്ട്രീയഹിംസയുടെ സാക്ഷ്യമായി മാറുന്നു.

ഇവിടെ അനുഭവക്കുറിപ്പ് രാഷ്ട്രീയത്തിലേക്ക് ശ്രമകരമായി കൊണ്ടുചെന്നെത്തിക്കേണ്ടിവന്നില്ല. അനുഭവത്തിന്റെ സാധാരണത്വത്തിനുള്ളിൽത്തന്നെയാണ് രാഷ്ട്രീയം വെളിപ്പെടുന്നത്. സ്വകാര്യമായ ഒരു ഓർമ്മ ചരിത്രത്തിന്റെ രേഖയായി മാറുന്നു; ഒരു വീട്ടിലെ അത്താഴമേശ അധികാരവും ഭയവും ഹിംസയും മനുഷ്യാവകാശനിഷേധവും ദൃശ്യമാകുന്ന രാഷ്ട്രീയസ്ഥലമായി മാറുന്നു. അതുകൊണ്ട് കേണൽ എന്ന കവിത അനുഭവക്കുറിപ്പിൽനിന്ന് രാഷ്ട്രീയകവിതയിലേക്കുള്ള സമ്മർദ്ദത്തിലൂന്നിയ നീങ്ങലല്ല. വൈയക്തികമായ അനുഭവത്തിന്റെ അർത്ഥം തന്നെ രാഷ്ട്രീയമാകുന്ന രീതിയിലാണ് അതിന്റെ കലർപ്പ് പ്രവർത്തിക്കുന്നത്.

ഗെമ്മ ഗോർഗയുടെ ‘അർത്ഥപഠനവും പോഷണവും’ (Semantics and Nutrition) എന്ന കവിത കലർപ്പിന് ആവശ്യമായ കവിയുടെ ശേഷികളെ കൂടുതൽ കൃത്യമായി വെളിപ്പെടുത്തുന്നു. കവിതയിൽ, മണ്ണിലേക്ക് വീണ ഒരു ഇല ദ്രവിച്ചുവിഘടിച്ച് ‘ചെറിയ അർത്ഥങ്ങളാകുന്നു’—ഈർപ്പം, നിറം, പാളി, ഓക്സിജൻ, ചൂട്, വെളിച്ചം. ഇവിടെ ഇലയുടെ ജൈവവിഘടനത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് ഭാഷാശാസ്ത്രത്തിന്റെ മേഖലയിലേക്ക് കടക്കുന്നു: കാർബൺഡൈഓക്‌സൈഡ് എന്ന രസതന്ത്രപദം ഒരു അപരിചിതനോട് അക്ഷരങ്ങളായി ഉച്ചരിക്കുന്ന പേരുപോലെ കവിതയിൽ പ്രത്യക്ഷപ്പെടുന്നു. പിന്നെ ഈ ‘അർത്ഥങ്ങൾ’ വീണ്ടും പ്രകൃതിയുടെ പോഷണചാക്രികപ്രക്രിയയിലേക്ക് പ്രവേശിക്കുന്നു. ഉറുമ്പുകളും കാടിന്റെ നിശ്ശബ്ദവായയും അവയെ സ്വാംശീകരിക്കുന്നു; കാറ്റിന്റെ ഭാഷ ഭൂമിക്കടിയിൽ സംസാരിക്കുന്നു; പുഴു ചിറകുകളണിഞ്ഞ് ശലഭമായി മാറുന്നു. ഇവിടെ ശാസ്ത്രം, ഭാഷാശാസ്ത്രം, ജീവശാസ്ത്രം, പ്രകൃതി എന്നിവ വെവ്വേറെ അറിവുകളായി നിരത്തിയിട്ടില്ല. ഓരോ അറിവും മറ്റൊന്നിനെ മനസ്സിലാക്കാനുള്ള ഉപാധിയായി മാറുന്നു. ഒരു ഇലയുടെ വിഘടനം രാസപ്രക്രിയയായും ഭാഷയുടെ വിഘടനമായും, അതേസമയം പുതിയ ജീവന്റെ പോഷണമായും വായിക്കപ്പെടുന്നു. അറിവുകൾ ഇവിടെ പരസ്പരം വിവർത്തനക്ഷമമായ ശക്തികളായി അർത്ഥാനുഭവത്തിൽ പ്രവർത്തിക്കുന്നു.

ലോകത്തെ വ്യത്യസ്ത അറിവുകളുടെ ബന്ധങ്ങളിൽ കാണാനുള്ള ശേഷി നമ്മുടെ കാലത്തെ കവിക്ക് ആവശ്യമാണ്. ശുദ്ധകവിത കവിതയുടെ അനുഭവത്തെ പുറംലോകത്തിലെ പ്രത്യേക അറിവുകളുടെ പരസ്പര ഇടപെടലിൽനിന്ന് സ്വതന്ത്രമാക്കി അതിന്റെ ഭാഷയിലും അനുഭൂതിയിലും സ്വയംപര്യാപ്തമാക്കാൻ ശ്രമിക്കുമ്പോൾ, കലർപ്പിന്റെ കവിത ലോകത്തെ മനസ്സിലാക്കാൻ ആവശ്യമായ വിവിധ അറിവുകളെ കവിതയുടെ സൃഷ്ടിപ്രക്രിയയ്ക്കുള്ളിൽത്തന്നെ പ്രവർത്തിപ്പിക്കുന്നു. അതിനാൽ കലർപ്പിന്റെ കാവ്യനീതി അറിവുകൾ തമ്മിലുള്ള ബന്ധത്തെ കവിതയുടെ അർത്ഥനിർമാണത്തിന്റെ ഭാഗമാക്കുന്നതാണ്.

മേൽസൂചിപ്പിച്ച കവിതയിൽ ഒരു ഇല മണ്ണിലേക്ക് വീഴുന്നത്ര സാധാരണമായ സംഭവത്തിൽ പോലും രസതന്ത്രവും ജീവശാസ്ത്രവും ഭാഷയും പ്രകൃതിയും ഒരേ പ്രക്രിയയിൽ പ്രവർത്തിക്കുന്നതായി കാണാൻ കഴിയുന്നിടത്താണ് ഈ കാവ്യബോധം എത്തുന്നത്. ശുദ്ധകവിതയ്ക്ക് അറിവില്ലായ്മയിലും കവിതയാകാം. പക്ഷേ അറിവിൽനിന്നുള്ള വിമുക്തിയെ കാവ്യശുദ്ധിയുടെ സ്വാഭാവിക ഗുണമായി കാണുന്നത് ലോകത്തിന്റെ സങ്കീർണ്ണതയെ കവിതയിൽനിന്ന് മുൻകൂട്ടി പുറത്താക്കാനുള്ള സാധ്യത സൃഷ്ടിക്കുന്നു. കലർപ്പിന്റെ കാവ്യയുക്തിക്ക് അറിവുകൾ ആവശ്യമാണെന്നതിലുപരി, അവ തമ്മിലുള്ള ബന്ധം തിരിച്ചറിയാനും ആ ബന്ധത്തെ പുതിയ അനുഭവരൂപമാക്കി മാറ്റാനും കഴിയുന്ന ശേഷിയാണ് ആവശ്യമായത്.

കലർപ്പ് കാവ്യഗുണമെന്ന നിലയിൽ ഒരു കവിതയിലെ വിവരങ്ങളുടെ പെരുക്കമല്ല; അവയുടെ പരസ്പരപരിവർത്തനശേഷിയാണ്. അറിവുകൾ തമ്മിലുള്ള അദൃശ്യബന്ധങ്ങളെ അനുഭവത്തിന്റെ പുതിയ രൂപമായി സൃഷ്ടിക്കുന്നതിലാണ് കലർപ്പിലൂന്നുന്ന കവിതയുടെ ബൗദ്ധികശേഷി. ലോകത്തിൽനിന്ന് അകന്നുനിന്നല്ല, ലോകത്തിന്റെ വ്യത്യസ്ത അനുഭവങ്ങളും അറിവുകളും തമ്മിലുള്ള സംഘർഷങ്ങളിലും ബന്ധങ്ങളിലും പ്രവേശിച്ചുകൊണ്ടാണ് കവിത അതിന്റെ ലാവണ്യപരമായ സ്വാതന്ത്ര്യം ഉത്തരവാദിത്വബോധത്തോടെ കണ്ടെത്തുന്നത്.
____
അനുബന്ധം
സാഹിത്യത്തിൻ്റെ ആഖ്യാനരൂപഘടനയും ബൗദ്ധിക വ്യായാമവും

സാഹിത്യത്തിൻ്റെ ആഖ്യാനരൂപഘടനയും ബൗദ്ധിക വ്യായാമവും

സാഹിത്യത്തിൻ്റെ ആഖ്യാനരൂപഘടനയും ബൗദ്ധിക വ്യായാമവും വായനയുടെ കുറവിൽ നിന്നോ സാഹിത്യസംസ്കാരത്തിന്റെ തകർച്ചയിൽ നിന്നോ മാത്രമല്ല സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ഇന്നത്തെ ചോദ്യങ്ങൾ ഉയരുന്നത്. മനുഷ്യന്റെ ബൗദ്ധികജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചരിത്രപരമായ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് അവയെ മനസ്സിലാക്കേണ്ടത്. ഇന്ന് മനുഷ്യർ മുമ്പെങ്ങുമില്ലാത്തത്ര വിവരങ്ങൾ സ്വീകരിക്കുകയും ഉത്പാദിപ്പിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നു. എന്നിട്ടും വിവരങ്ങളുടെ വർധനവിനനുസരിച്ച് വിശകലനശേഷിയോ തിരിച്ചറിവോ വികസിക്കുന്നില്ല. വിവരസമൃദ്ധിയും ബൗദ്ധികശേഷികളുടെ വികാസവും തമ്മിലുള്ള ഈ വിടവ് നമ്മുടെ കാലത്തിന്റെ പ്രധാന സാംസ്കാരിക പ്രശ്നങ്ങളിലൊന്നാണ്.

ഈ സാഹചര്യത്തിൽ സാഹിത്യത്തിന്റെ സാമൂഹികപ്രാധാന്യം അത് പറയുന്ന ആശയങ്ങളിൽ മാത്രമല്ല, വായിക്കുന്നയാളിൽ നിന്ന് ആവശ്യപ്പെടുന്ന ബൗദ്ധിക പ്രവർത്തനങ്ങളിലുമാണ് അന്വേഷിക്കേണ്ടത്. ഒരു നോവലോ കവിതയോ വായിക്കുന്നത് അറിവ് സമ്പാദിക്കുന്ന അനുഭവം മാത്രമല്ല. ശ്രദ്ധ, താരതമ്യവിശകലനം, സങ്കീർണ്ണത കൈകാര്യം ചെയ്യൽ, അനിശ്ചിതത്വത്തോടുള്ള സഹനശേഷി, വിവേചനബുദ്ധി തുടങ്ങിയ ശേഷികളെ പ്രവർത്തിപ്പിക്കുന്ന സാംസ്കാരിക അഭ്യാസം കൂടിയാണ്. ഈ പ്രവർത്തനങ്ങൾ സാഹിത്യത്തിന്റെ വിഷയത്തിൽനിന്ന് നേരിട്ട് ഉണ്ടാകുന്നതല്ല. അതിന്റെ ആഖ്യാനരൂപഘടനയാണ് അവയെ ആവശ്യപ്പെടുന്നത്.

ഒരു സാഹിത്യകൃതി എങ്ങനെ വായിക്കണം എന്ന ചോദ്യമാണ് സാഹിത്യവിമർശനത്തിന്റെ ചരിത്രത്തെ പല ഘട്ടങ്ങളിലും രൂപപ്പെടുത്തിയിട്ടുള്ളത്. വ്യത്യസ്ത സൈദ്ധാന്തിക പാരമ്പര്യങ്ങൾ ഇതിന് വ്യത്യസ്ത ഉത്തരങ്ങൾ നൽകി. ചിലത് സാഹിത്യത്തെ യാഥാർത്ഥ്യത്തിന്റെ പ്രതിനിധാനമായി കണ്ടു. ചിലത് ഭാഷയുടെ സ്വയംഭരണ രൂപഘടനയായികണ്ടു. മറ്റുചിലതിന് സാഹിത്യം രാഷ്ട്രീയത്തിന്റെയും ആശയധാരയുടെയും സാംസ്കാരിക പ്രവർത്തനമായി. വേറെ ചിലത് വായിക്കുന്നയാളുടെ അനുഭവമായി കണ്ടു. ഈ വൈവിധ്യങ്ങൾക്കിടയിലും അവയെ ബന്ധിപ്പിക്കുന്ന ഒരു അടിസ്ഥാനചോദ്യം ഉണ്ടായിരുന്നു. സാഹിത്യം എന്താണ് പ്രതിനിധീകരിക്കുന്നത്, അല്ലെങ്കിൽ അത് എങ്ങനെയാണ് അർത്ഥം നിർമ്മിക്കുന്നത്?

ഈ ചോദ്യത്തിന് ദീർഘമായ ചരിത്രമുണ്ട്. അരിസ്റ്റോട്ടിലിന്റെ പോയറ്റിക്സ് മുതൽ സാഹിത്യം യാഥാർത്ഥ്യവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന അന്വേഷണം സൗന്ദര്യശാസ്ത്രത്തിന്റെ പ്രധാനധാരകളിലൊന്നായി തുടരുന്നു. റിയലിസം ഈ ബന്ധത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനമായി കണ്ടു. മാർക്സിസ്റ്റ് വിമർശനം അതിനെ ചരിത്രപരമായ സാമൂഹികബന്ധങ്ങളുടെ രൂപമായി വായിച്ചു. ഫെമിനിസ്റ്റ്, പോസ്റ്റ്‌കോളോണിയൽ, ദളിത് വിമർശനങ്ങൾ പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ പുനഃപരിശോധിച്ചു. സാഹിത്യം ആരുടെ ശബ്ദമായി മാറുന്നു, ആരെയാണ് നിശ്ശബ്ദരാക്കുന്നത്, ഏത് അനുഭവങ്ങളെയാണ് ദൃശ്യമാക്കുന്നത്, ഏതാണ് മറച്ചുവെക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ അവയുടെ കേന്ദ്രത്തിലായി.

ഇരുപതാം നൂറ്റാണ്ടിൽ ഫോർമലിസവും ഘടനാവാദവും സാഹിത്യത്തിന്റെ മൂല്യം അത് പ്രതിനിധീകരിക്കുന്ന ലോകത്തിൽ മാത്രമല്ല, അതിന്റെ രൂപത്തിലും ഭാഷയിലുമാണെന്ന് ശക്തമായി മുന്നോട്ടുവച്ചു. തുടർന്ന് വായനക്കാരനെ കേന്ദ്രീകരിച്ച സമീപനങ്ങൾ അർത്ഥം വായനയുടെ പ്രക്രിയയിലും രൂപപ്പെടുന്നുവെന്ന് വ്യക്തമാക്കി. രാഷ്ട്രീയവിമർശനം സാഹിത്യത്തെ അധികാരത്തിന്റെയും പ്രതിരോധത്തിന്റെയും സാംസ്കാരിക മണ്ഡലമായി പുനർനിർവചിച്ചു. ഇങ്ങനെയുള്ള ഓരോ വഴിയും സാഹിത്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ വികസിപ്പിച്ചു.

എന്നാൽ ഈ പാരമ്പര്യങ്ങളെ ഒരുമിച്ച് പരിഗണിക്കുമ്പോൾ മറ്റൊരു ചോദ്യം താരതമ്യേന പിന്നിലായതായി കാണാം. ഒരു സാഹിത്യകൃതി വായിക്കുമ്പോൾ വായിക്കുന്നയാൾ എന്തുതരം ബൗദ്ധിക പ്രവർത്തനങ്ങളിലാണ് ഏർപ്പെടുന്നത്?

ഇത് സാഹിത്യത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചോദ്യം മാത്രമല്ല. വായനയുടെ മനഃശാസ്ത്രത്തെക്കുറിച്ചുള്ള ചോദ്യം മാത്രവുമല്ല. സാഹിത്യരൂപം വായിക്കുന്നയാളിൽ നിന്ന് ആവശ്യപ്പെടുന്ന ബൗദ്ധിക അധ്വാനത്തെക്കുറിച്ചുള്ള ചോദ്യമാണ്. ഒരു കവിത എന്തുകൊണ്ടാണ് ഉടനടി അർത്ഥം നൽകാതെ വീണ്ടും വായിക്കാൻ നിർബന്ധിക്കുന്നത്? ഒരു നോവൽ എന്തുകൊണ്ടാണ് പരസ്പരവിരുദ്ധമായ അനുഭവങ്ങളെ ഒരുമിച്ച് വഹിക്കാൻ ആവശ്യപ്പെടുന്നത്? ഒരു കഥ എന്തുകൊണ്ടാണ് ഒരു സംഭവത്തെ ഒറ്റ വിശദീകരണത്തിൽ ഒതുക്കാതെ പല സാധ്യതകളും തുറന്നുവെക്കുന്നത്?

ഇവിടെയാണ് സാഹിത്യത്തിന്റെ ആഖ്യാനരൂപഘടന നിർണായകമാകുന്നത്. സാഹിത്യം ലോകത്തെ പ്രതിനിധീകരിക്കുക മാത്രമല്ല. ലോകത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക രീതിയിലേക്ക് വായിക്കുന്നയാളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ടാമത്തെ പ്രവർത്തനത്തെയാണ് ഇവിടെ ബൗദ്ധിക വ്യായാമം എന്ന ആശയത്തിലൂടെ വിശദീകരിക്കുന്നത്.

അൽഗോരിതകാലവും ബൗദ്ധികാന്തരീക്ഷവും


സാഹിത്യത്തിന്റെ സാമൂഹിക പ്രസക്തിയെ അൽഗോരിതകാലത്തിന്റെ പശ്ചാത്തലത്തിൽ പുനഃപരിശോധിക്കണമെങ്കിൽ, ഈ കാലഘട്ടത്തിന്റെ പ്രത്യേകത സാങ്കേതിക മാറ്റങ്ങളിൽ മാത്രം അന്വേഷിച്ചാൽ മതിയാകില്ല. ഡിജിറ്റൽ സാങ്കേതികവിദ്യ, സാമൂഹികമാധ്യമങ്ങൾ, കൃത്രിമബുദ്ധി തുടങ്ങിയവ പ്രധാനപ്പെട്ട സംഭവവികാസങ്ങളാണെങ്കിലും അവയുടെ ചരിത്രപരമായ പ്രാധാന്യം മനുഷ്യന്റെ ബൗദ്ധികജീവിതത്തെ എങ്ങനെ പുനഃക്രമീകരിക്കുന്നു എന്നതിലാണ്.

ഇവിടെ ‘ബൗദ്ധികാന്തരീക്ഷം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യർ എങ്ങനെ ശ്രദ്ധിക്കുന്നു, വായിക്കുന്നു, ഓർക്കുന്നു, പ്രസക്തി നിർണയിക്കുന്നു, താരതമ്യം ചെയ്യുന്നു, വിധിയെഴുതുന്നു എന്നീ പ്രവർത്തനങ്ങളെ സാധ്യമാക്കുന്ന സാമൂഹിക സാഹചര്യങ്ങളുടെ ആകെത്തുകയാണ്. ഒരു സമൂഹത്തിന്റെ ബൗദ്ധികജീവിതം വ്യക്തികളുടെ മാനസികശേഷികളുടെ ആകെത്തുകയായി മാത്രം നിലനിൽക്കുന്നില്ല. വിദ്യാഭ്യാസം, മാധ്യമങ്ങൾ, ഗ്രന്ഥശാലകൾ, സാഹിത്യം, പൊതുസംവാദം തുടങ്ങിയ സ്ഥാപനങ്ങൾ ചേർന്നാണ് അതിന്റെ സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുന്നത്.

അൽഗോരിതമിക് പ്ലാറ്റ്ഫോമുകൾ വിവരങ്ങൾ സംഭരിക്കുകയോ വിതരണം ചെയ്യുകയോ മാത്രമല്ല ചെയ്യുന്നത്. എന്താണ് കാണപ്പെടേണ്ടത്, എന്താണ് പ്രസക്തമാകേണ്ടത്, ഏത് ഉള്ളടക്കത്തിന് മുൻഗണന ലഭിക്കണം എന്നിവയും അവ നിരന്തരം പുനർക്രമീകരിക്കുന്നു. ഈ അർത്ഥത്തിൽ അൽഗോരിതം ഒരു നിഷ്പക്ഷ സാങ്കേതികവിദ്യയല്ല. മനുഷ്യരുടെ ശ്രദ്ധയെ സംഘടിപ്പിക്കുന്ന സാംസ്കാരിക അടിസ്ഥാനസൗകര്യമാണ്.

അച്ചടി സംസ്കാരത്തിൽ ദീർഘകാല ശ്രദ്ധ, ആവർത്തിച്ചുള്ള വായന, മന്ദഗതിയിലുള്ള അർത്ഥനിർമ്മാണം തുടങ്ങിയ ശീലങ്ങൾക്ക് പ്രധാന്യമുണ്ടായിരുന്നു. അൽഗോരിതമിക് പ്ലാറ്റ്ഫോമുകളുടെ സാമ്പത്തിക യുക്തിയിൽ ശ്രദ്ധ ഒരു പരിമിത വിഭവമാണ്. അതിനെ പരമാവധി നിലനിർത്തുകയും ഉപയോക്താവിനെ അടുത്ത ഉള്ളടക്കത്തിലേക്ക് തുടർച്ചയായി നയിക്കുകയും ചെയ്യുന്നതാണ് അവയുടെ അടിസ്ഥാന പ്രവർത്തനം. അതിനാൽ വായനയുടെ മൂല്യം പലപ്പോഴും അതിന്റെ ആഴത്തിലല്ല, തുടർച്ചയായ ഇടപെടലിലാണ് അളക്കപ്പെടുന്നത്.

ഇത് ശ്രദ്ധയുടെ ദൈർഘ്യത്തിലെ കുറവായി മാത്രം മനസ്സിലാക്കുന്നത് അപര്യാപ്തമാണ്. കൂടുതൽ അടിസ്ഥാനപരമായ മാറ്റം പ്രസക്തിയുടെ നിർമ്മാണത്തിലാണ് സംഭവിക്കുന്നത്. പരമ്പരാഗത പൊതുമണ്ഡലത്തിൽ എന്താണ് പ്രസക്തമെന്നത് വിവിധ സാമൂഹിക സ്ഥാപനങ്ങളുടെയും വിമർശനാത്മക ഇടപെടലുകളുടെയും ഫലമായി രൂപപ്പെട്ടിരുന്നു. അൽഗോരിതമിക പൊതുമണ്ഡലത്തിൽ പ്രസക്തി വർധിച്ചുവരുന്ന തോതിൽ ഉപയോക്തൃപെരുമാറ്റം, പ്രതികരണത്തിന്റെ വേഗത, ഉള്ളടക്കത്തിലെ ഇടപെടലിന്റെ അളവ്, മുൻകൂട്ടിക്കാണാവുന്ന പെരുമാറ്റരീതികൾ എന്നിവയെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെടുന്നു. അതിനാൽ അൽഗോരിതകാലത്ത് ശ്രദ്ധയുടെ പ്രശ്നവും പ്രസക്തിയുടെ പ്രശ്നവും വേർതിരിക്കാനാവില്ല.

ഇതിന്റെ ഫലമായി വായനയുടെ സാമൂഹികരൂപവും മാറുന്നു. വായന ഒരു പാഠവുമായി ദീർഘകാലം ചെലവഴിക്കുന്ന അനുഭവം മാത്രമല്ലാതായി, നിരന്തരം തിരഞ്ഞെടുക്കുകയും ഉപേക്ഷിക്കുകയും അടുത്ത ഉള്ളടക്കത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന പ്രവാഹത്തിന്റെ ഭാഗമാകുന്നു. ഈ വായനാരീതി സ്വതവേ തെറ്റാണെന്നല്ല വാദം. എന്നാൽ അത് മനുഷ്യന്റെ ബൗദ്ധികജീവിതത്തെ നിർണയിക്കുന്ന പ്രബലമായ യുക്തിയായി മാറുമ്പോൾ, മന്ദഗതിയിലുള്ളതും ആവർത്തനാത്മകവുമായതും അനിശ്ചിതത്വത്തെ ഉൾക്കൊള്ളുന്നതുമായ വായനകൾക്ക് ഇടം ചുരുങ്ങാം.

ഇവിടെയാണ് സാഹിത്യത്തിന്റെ വെല്ലുവിളി. സാഹിത്യം അൽഗോരിതങ്ങൾക്ക് എതിരായ ഒരു സാങ്കേതികവിദ്യയല്ല. എന്നാൽ വായനയെ മറ്റൊരു താളത്തിലും മറ്റൊരു സമയഘടനയിലും സംഘടിപ്പിക്കുന്ന സ്വഭാവം സാഹിത്യത്തിനുണ്ട്. ഒരു കവിതയുടെ അർത്ഥം പലപ്പോഴും ആദ്യവായനയിൽ പൂർത്തിയാകുന്നില്ല. ഒരു നോവലിന്റെ അനുഭവം അവസാന പേജിൽ അവസാനിക്കുന്നില്ല. സാഹിത്യരൂപം വായിക്കുന്നയാളെ തിരികെ പോകാനും നിർത്താനും വീണ്ടും ചിന്തിക്കാനും നിർബന്ധിക്കുന്നു.

അതിനാൽ അൽഗോരിതകാലത്ത് സാഹിത്യത്തിന്റെ പ്രസക്തിയെ ‘സാഹിത്യം വിവരങ്ങൾക്ക് ബദലാണ്’ എന്ന വാദത്തിലേക്ക് ചുരുക്കാനാവില്ല. കൂടുതൽ കൃത്യമായ ചോദ്യം ഇതാണ്: വ്യത്യസ്ത ബൗദ്ധികാന്തരീക്ഷങ്ങളിൽ സാഹിത്യം വായിക്കുന്നയാളിൽ നിന്ന് എന്തുതരം ബൗദ്ധിക പ്രവർത്തനങ്ങളാണ് ആവശ്യപ്പെടുന്നത്?

സാഹിത്യം എന്ന ബൗദ്ധിക വ്യായാമം


ഒരു ശേഷി നിരന്തരമായ അഭ്യാസത്തിലൂടെയാണ് രൂപപ്പെടുന്നത്. ഭാഷ പഠിക്കുന്നത് വ്യാകരണനിയമങ്ങൾ മനഃപാഠമാക്കുന്നതിലൂടെ മാത്രം സാധ്യമാകാത്തതുപോലെ, സങ്കീർണ്ണമായി ചിന്തിക്കാനുള്ള കഴിവും വിവരങ്ങൾ സ്വീകരിക്കുന്നതിലൂടെ മാത്രം രൂപപ്പെടുന്നില്ല. ആവർത്തിച്ചുള്ള ബൗദ്ധിക പ്രവർത്തനങ്ങളിലൂടെയാണ് അത് വികസിക്കുന്നത്.

ഈ അർത്ഥത്തിൽ സാഹിത്യം അറിവ് നൽകുന്ന ഒരു മാധ്യമമെന്നതിലുപരി, ചില ബൗദ്ധിക ശേഷികളെ പ്രവർത്തിപ്പിക്കുന്ന ഒരു സാംസ്കാരിക രൂപമാണ്. ഒരു കവിത വായിക്കുമ്പോൾ വായിക്കുന്നയാൾ അർത്ഥം സ്വീകരിക്കുന്നതിലുപരി അത് നിർമ്മിക്കേണ്ടിവരുന്നു. ഒരു നോവൽ വായിക്കുമ്പോൾ കഥാപാത്രങ്ങളെക്കുറിച്ചുള്ള അന്തിമവിധി ഉടനടി സാധ്യമാകണമെന്നില്ല; പരസ്പരവിരുദ്ധമായ സവിശേഷതകളെ കുറച്ചുകാലം ഒരുമിച്ച് ഉൾക്കൊള്ളേണ്ടിവരും. ഒരു കഥ വായിക്കുമ്പോൾ ബന്ധമില്ലെന്ന് തോന്നിയ സംഭവങ്ങൾക്കിടയിൽ പുതിയ ബന്ധങ്ങൾ കണ്ടെത്തേണ്ടിവരും.

ഇവിടെയുള്ള ബൗദ്ധിക അധ്വാനം എന്നത് സാഹിത്യകൃതിയുടെ ആഖ്യാനരൂപഘടന ആവശ്യപ്പെടുന്ന സജീവമായ മാനസിക പ്രവർത്തനങ്ങളുടെ കൂട്ടമാണ്. അർത്ഥം അതേപടി സ്വീകരിക്കുന്നതിനുപകരം നിർമ്മിക്കുക, ബന്ധങ്ങൾ കണ്ടെത്തുക, ഓർമ്മ സജീവമാക്കുക, മാതൃകകൾ തിരിച്ചറിയുക, അമൂർത്തീകരിക്കുക, അന്തിമവിധിയെ താൽക്കാലികമായി നീട്ടിവെക്കുക, അനിശ്ചിതത്വത്തെ സഹിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ അധ്വാനം വായനയ്ക്ക് പുറത്തുനിന്ന് ചേർക്കപ്പെടുന്നതല്ല. സാഹിത്യരൂപം തന്നെയാണ് അതിനെ ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ആഖ്യാനരൂപഘടന ഒരു ആശയത്തെ അലങ്കരിക്കുന്ന ബാഹ്യരൂപമല്ല; വായിക്കുന്നയാളുടെ ബൗദ്ധിക പ്രവർത്തനത്തെ സംഘടിപ്പിക്കുന്ന രചനാതന്ത്രമാണ്.

ഒരു നോവലിലെ സമയക്രമം, ഒരു കവിതയുടെ മൗനം, ഒരു കഥയിലെ അപൂർണ്ണത, ഒരു രൂപകത്തിന്റെ അനിശ്ചിതത്വം എന്നിവ ഭാഷയുടെ സൗന്ദര്യഘടകങ്ങൾ മാത്രമല്ല. വായിക്കുന്നയാൾ എവിടെ നിൽക്കണം, എന്തെല്ലാം ബന്ധങ്ങൾ കണ്ടെത്തണം, ഏത് വിവരങ്ങൾ ഓർമ്മയിൽ സൂക്ഷിക്കണം, എപ്പോഴാണ് വിധിയെഴുത്ത് നീട്ടിവെക്കേണ്ടത് എന്നിവ നിർണ്ണയിക്കുന്ന സംവിധാനങ്ങളാണ്.

ഇവിടെയാണ് സാഹിത്യരൂപം മറ്റു വിജ്ഞാനരൂപങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത്. ഒരു ശാസ്ത്രീയ ലേഖനം സാധാരണയായി സംശയദുരീകരണത്തിലേക്കാണ് നീങ്ങുന്നത്. ഒരു നിയമരേഖ സാമൂഹികഇടപെടലിനെ നിർവചിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഒരു വാർത്തയുടെ ലക്ഷ്യം വിവരം കൃത്യമായും വേഗത്തിലും കൈമാറുകയാണ്. സാഹിത്യം പലപ്പോഴും ഇതിന്റെ വിപരീതമായ പ്രവർത്തനമാണ് നിർവഹിക്കുന്നത്. അത് അർത്ഥത്തെ വൈകിപ്പിക്കുന്നു, ബന്ധങ്ങളെ തുറന്നുവെക്കുന്നു, നിഗമനത്തിലെത്താനുള്ള ത്വരയെ നിയന്ത്രിക്കുന്നു. ഈ വൈകിപ്പിക്കൽ സാഹിത്യത്തിന്റെ അപൂർണ്ണതയല്ല; അതിന്റെ പ്രവർത്തനരീതിയാണ്.

ആഖ്യാനരൂപഘടനയും വായനയുടെ ബൗദ്ധിക അധ്വാനവും


ഇവിടെ ‘ആഖ്യാനരൂപഘടന’ എന്നത് രൂപം, ഘടന, ആഖ്യാനതന്ത്രം എന്നിവയുടെ ലളിതമായ കൂട്ടമല്ല. ഒരു കൃതി വായനയെ എങ്ങനെ സംഘടിപ്പിക്കുന്നു, വായിക്കുന്നയാളുടെ ശ്രദ്ധ, സമയാനുഭവം, അർത്ഥനിർമ്മാണം, ബന്ധനിർമ്മാണം, അനിശ്ചിതത്വത്തോടുള്ള ഇടപെടൽ, വിധിപ്രസ്താവം എന്നിവയെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിന്റെ സൗന്ദര്യശാസ്ത്രപരമായ സംഘാടനയുക്തിയെയാണ് ആഖ്യാനരൂപഘടന സൂചിപ്പിക്കുന്നത്. അതുകൊണ്ട് സാഹിത്യരൂപത്തിന്റെ സാമൂഹികപ്രാധാന്യം ആശയത്തിന്റെ വാഹകത്വത്തിൽ മാത്രം സ്ഥിതിചെയ്യുന്നില്ല. അത് ബൗദ്ധിക അധ്വാനം വിതരണം ചെയ്യുന്നതിലും സ്ഥിതിചെയ്യുന്നു.

കാഫ്കയുടെ The Trial ഇതിന് ശക്തമായ ഉദാഹരണമാണ്. നോവൽ സാധാരണയായി ആധുനിക ബ്യൂറോക്രസിയുടെ വിമർശനമായോ നിയമവ്യവസ്ഥയുടെ രൂപകമായോ അസ്തിത്വവാദപരമായ ആശങ്കയുടെ ആഖ്യാനമായോ വായിക്കപ്പെടുന്നു. ഈ വ്യാഖ്യാനങ്ങൾക്ക് ഓരോന്നിനും പ്രസക്തിയുണ്ട്. എന്നാൽ മറ്റൊരു ചോദ്യം കൂടി ചോദിക്കാം: ഈ നോവൽ വായിക്കുന്നയാളിൽ നിന്ന് എന്തുതരം ബൗദ്ധിക അധ്വാനമാണ് ആവശ്യപ്പെടുന്നത്?

ആദ്യ അധ്യായം മുതൽ The Trial വായിക്കുന്നയാൾക്ക് സ്ഥിരമായ ഒരു വ്യാഖ്യാനകേന്ദ്രം നൽകുന്നില്ല. ജോസഫ് കെ. എന്തുകൊണ്ടാണ് അറസ്റ്റിലായത് എന്നതിന്റെ വ്യക്തമായ വിശദീകരണം ലഭിക്കുന്നില്ല. നിയമനടപടിയുടെ അടിത്തറ വ്യക്തമല്ല. കഥാപാത്രങ്ങളുടെ ഉദ്ദേശ്യങ്ങൾ ഭാഗികമായാണ് വെളിപ്പെടുന്നത്. ഈ അപൂർണ്ണത വിവരങ്ങളുടെ കുറവായി മാത്രം കാണാനാവില്ല; അത് നോവലിന്റെ ആഖ്യാനരൂപഘടനയുടെ ഭാഗമാണ്. അതിന്റെ ഫലമായി വായിക്കുന്നയാൾ ഓരോ പുതിയ സംഭവത്തെയും മുൻപത്തെ സംഭവങ്ങളുടെ വെളിച്ചത്തിൽ വീണ്ടും വായിക്കേണ്ടിവരുന്നു. പുതിയ വിവരം പഴയ വ്യാഖ്യാനങ്ങളെ തിരുത്തുന്നു. സ്ഥിരമായ നിഗമനത്തിലെത്താനുള്ള ശ്രമം തുടർച്ചയായി വൈകിപ്പിക്കപ്പെടുന്നു. ഈ അർത്ഥത്തിൽ The Trial വായിക്കുന്നയാളെ അനിശ്ചിതത്വത്തിനുള്ളിൽ ചിന്തിക്കാൻ പരിശീലിപ്പിക്കുന്നു.

വിസ്ലാവ ഷിംബോർസ്കയുടെ കവിതകളിലും മറ്റൊരു തരത്തിലുള്ള ബൗദ്ധിക വ്യായാമം കാണാം. അവ പലപ്പോഴും സാധാരണ വസ്തുക്കളിൽ നിന്നോ ദൈനംദിന അനുഭവങ്ങളിൽ നിന്നോ ആരംഭിക്കുന്നു. എന്നാൽ കവിതയുടെ അവസാനത്തിലെത്തുമ്പോൾ തുടക്കത്തിലെ ആ കാര്യത്തെ വായിക്കുന്നയാൾ അതേ രീതിയിൽ കാണുന്നില്ല. കവിത വസ്തുവിനെയും വിഷയത്തെയും മാറ്റുന്നുവെന്നല്ല. അതിനെ കാണുന്ന ശ്രദ്ധയുടെ ഘടനയാണ് മാറ്റുന്നത്. ഇവിടെ കവിതയുടെ തത്ത്വം അതിന്റെ പ്രഖ്യാപനങ്ങളിൽ മാത്രമല്ല, വായിക്കുന്നയാളെ ലോകത്തെ വീണ്ടും ശ്രദ്ധിക്കാൻ നിർബന്ധിക്കുന്ന രൂപഘടനയിലും നിലകൊള്ളുന്നു.

ബോർഹെസിന്റെ കഥകൾ മറ്റൊരു മാതൃക നൽകുന്നു. യാഥാർത്ഥ്യത്തിന്റെയും സാങ്കൽപ്പികതയുടെയും അതിർത്തികളെ അസ്ഥിരമാക്കുന്നു എന്നത് അവയുടെ വിഷയത്തെക്കുറിച്ചുള്ള ഒരു നിരീക്ഷണമാണ്. എന്നാൽ വായനയുടെ പ്രക്രിയ പരിശോധിക്കുമ്പോൾ കൂടുതൽ പ്രധാനപ്പെട്ട മറ്റൊരു കാര്യം കാണാം. ഒരു പരാമർശം മറ്റൊരു ഗ്രന്ഥത്തിലേക്ക് തുറക്കുന്നു; ഒരു കഥ മറ്റൊരു കഥയുടെ വായനയെ മാറ്റുന്നു; സാങ്കൽപ്പിക ഗ്രന്ഥം യഥാർത്ഥ ഗ്രന്ഥത്തിന്റെ സ്ഥാനത്ത് പ്രവർത്തിക്കുന്നു. വായിക്കുന്നയാൾ തുടർച്ചയായി ബന്ധങ്ങൾ നിർമ്മിക്കേണ്ട അവസ്ഥയിലാണ്. ഇവിടെ വായനയുടെ പ്രധാന പ്രവർത്തനം ബന്ധങ്ങൾ സൃഷ്ടിക്കലാണ്.

ചിന്താസാന്ദ്രത


എല്ലാ സാഹിത്യകൃതികളും ഒരേ തരത്തിലുള്ള ബൗദ്ധിക പങ്കാളിത്തം ആവശ്യപ്പെടുന്നില്ല. ചില കൃതികൾ ഉടനടി മനസ്സിലാക്കപ്പെടുന്നു; ചിലത് വീണ്ടും വീണ്ടും വായിക്കേണ്ടിവരുന്നു. ചിലത് വ്യക്തമായ നിഗമനങ്ങളിലേക്ക് നയിക്കുന്നു; ചിലത് നിഗമനത്തെ തന്നെ താൽക്കാലികമായി അസാധ്യമാക്കുന്നു. ഈ വ്യത്യാസം സാഹിത്യത്തിന്റെ വിഷയത്തിൽനിന്ന് മാത്രം വിശദീകരിക്കാനാവില്ല. ആഖ്യാനരൂപഘടന വായിക്കുന്നയാളുടെ ബൗദ്ധിക പങ്കാളിത്തത്തെ എങ്ങനെ സംഘടിപ്പിക്കുന്നു എന്നതിലാണ് അതിന്റെ ഒരു പ്രധാന കാരണം.

ഇതിനായി ചിന്താസാന്ദ്രത എന്ന ആശയം ഉപയോഗിക്കാം. ഒരു കൃതിയുടെ ചിന്താസാന്ദ്രത അതിന്റെ ദുഷ്കരതയോ ഭാഷയുടെ സങ്കീർണ്ണതയോ കൊണ്ട് മാത്രം നിർണ്ണയിക്കപ്പെടുന്നില്ല. ലളിതമായ ഭാഷയിൽ എഴുതിയ ഒരു കൃതി വളരെ ഉയർന്ന ബൗദ്ധിക പങ്കാളിത്തം ആവശ്യപ്പെടാം. മറിച്ച് ദുഷ്കരമായ ഭാഷയിൽ എഴുതിയ ഒരു കൃതി ചിന്താപരമായി പരിമിതമായിരിക്കാം. നിർണായകമായ ചോദ്യം ഇതാണ്: ആഖ്യാനരൂപഘടന വായിക്കുന്നയാളുടെ ശ്രദ്ധ, ഓർമ്മ, ബന്ധനിർമ്മാണം, വിവേചനശേഷി, അനിശ്ചിതത്വത്തോടുള്ള ഇടപെടൽ എന്നിവയെ എത്രത്തോളം സജീവമായി പ്രവർത്തിപ്പിക്കുന്നു?

‘സാന്ദ്രത’ ഇവിടെ കൂടുതൽ പ്രയാസം എന്ന അർത്ഥത്തിലല്ല. വായിക്കുന്നയാളുടെ ബൗദ്ധിക പ്രവർത്തനം എത്രമാത്രം സജീവമായി തുടരുന്നു എന്ന അർത്ഥത്തിലാണ്. ഒരു മഹത്തായ സാഹിത്യകൃതി വായിക്കുന്നയാളെ അർത്ഥാനുഭവത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാക്കുന്നു. ഇതുകൊണ്ടാണ് ചില കൃതികൾ വ്യത്യസ്ത കാലഘട്ടങ്ങളിലും സാമൂഹിക സാഹചര്യങ്ങളിലും വീണ്ടും വായിക്കപ്പെടുന്നത്. അവയുടെ അർത്ഥങ്ങൾ മാറുന്നതുകൊണ്ടുമാത്രമല്ല; അവയുടെ ആഖ്യാനരൂപഘടന ഓരോ പുതിയ വായനയിൽനിന്നും വീണ്ടും ബൗദ്ധിക അധ്വാനം ആവശ്യപ്പെടുന്നതിനാലുമാണ്.

അതിനാൽ സാഹിത്യത്തിന്റെ മൂല്യം അതിന്റെ സാംസ്കാരിക പ്രശസ്തിയിലോ ചരിത്രപരമായ സ്വാധീനത്തിലോ മാത്രം അളക്കാനാവില്ല. അത് വായിക്കുന്നയാളുടെ ബൗദ്ധിക പങ്കാളിത്തത്തെ എത്രത്തോളം സജീവമായി നിലനിർത്തുന്നു എന്നതും അതിന്റെ സൗന്ദര്യശാസ്ത്രപരമായ മൂല്യത്തിന്റെ ഭാഗമാണ്.

ബൗദ്ധിക വ്യായാമ വായന: ഒരു രീതിശാസ്ത്രം


ഈ വീക്ഷണം സാഹിത്യവിമർശനത്തിന് ഒരു പുതിയ രീതിശാസ്ത്രപരമായ ചോദ്യമുയർത്തുന്നു. ഒരു കൃതി എന്താണ് അർത്ഥമാക്കുന്നത് എന്ന ചോദ്യത്തോടൊപ്പം, ആ അർത്ഥം നിർമ്മിക്കാൻ വായിക്കുന്നയാൾ എന്താണ് ചെയ്യേണ്ടിവരുന്നത്? എന്ന ചോദ്യവും ചോദിക്കണം. ഒരു കൃതിയെ ഈ രീതിയിൽ വായിക്കുമ്പോൾ നാല് ചോദ്യങ്ങൾ പ്രധാനമാണ്.

ഒന്നാമതായി, ആഖ്യാനരൂപഘടന എന്തുതരം ശ്രദ്ധയാണ് ആവശ്യപ്പെടുന്നത്? ഒരു കവിത ആദ്യവായനയിൽ തന്നെ തുറന്നുകൊടുക്കുന്നുണ്ടോ, അതോ തിരിച്ചുവരവുകൾ ആവശ്യപ്പെടുന്നുണ്ടോ? ഒരു നോവൽ വേഗത്തിലുള്ള കഥാപ്രവാഹത്തിലൂടെയാണോ വായനയെ നയിക്കുന്നത്, അതോ അനുഭവത്തിന്റെ സങ്കീർണ്ണതയിൽ നിർത്തുന്നുണ്ടോ?

രണ്ടാമതായി, അർത്ഥം എങ്ങനെയാണ് സംഘടിപ്പിക്കപ്പെടുന്നത്? അത് നേരിട്ട് നൽകുന്നുണ്ടോ, അതോ വായിക്കുന്നയാൾ തന്നെ ബന്ധങ്ങൾ നിർമ്മിക്കേണ്ടിവരുന്നുണ്ടോ? രൂപകം, മൗനഭാഷ, സമയവിച്ഛേദം, അപൂർണ്ണമായ സമാപനം തുടങ്ങിയ രൂപതന്ത്രങ്ങൾ ബൗദ്ധിക പങ്കാളിത്തത്തെ എങ്ങനെ സജീവമാക്കുന്നു?

മൂന്നാമതായി, വിധിപ്രസ്താവത്തിനായുള്ള ത്വരയെ കൃതി എങ്ങനെ നിയന്ത്രിക്കുന്നു? ചില കൃതികൾ ഉടൻ നിഗമനത്തിലെത്തിക്കുന്നു. ചിലത് വിധിയെഴുത്ത് വൈകിപ്പിക്കുന്നു. ഈ വൈകിപ്പിക്കൽ ആശയക്കുഴപ്പമല്ല; പരസ്പരവിരുദ്ധമായ സാധ്യതകളെ ഒരേസമയം ചിന്തയുടെ ഭാഗമാക്കുന്ന സൗന്ദര്യശാസ്ത്രപരമായ തന്ത്രമാണ്.

നാലാമതായി, ഈ ബൗദ്ധിക അധ്വാനത്തിന്റെ ഫലം എന്താണ്? ഇവിടെ ഫലം എന്നത് ധാർമ്മികപരിവർത്തനമല്ല. സാഹിത്യം വായിച്ചാൽ മനുഷ്യൻ സ്വയം മെച്ചപ്പെടുന്നു എന്ന പരമ്പരാഗത അവകാശവാദവും ആവശ്യമില്ല. പകരം, ഒരു കൃതി ശ്രദ്ധ, ബന്ധനിർമ്മാണം, ഓർമ്മ, വിവേചനം, അനിശ്ചിതത്വത്തോടുള്ള ഇടപെടൽ തുടങ്ങിയ ശേഷികളെ എങ്ങനെ പ്രവർത്തിപ്പിക്കുന്നു എന്നതാണ് പരിശോധിക്കേണ്ടത്.

ഈ നാല് ചോദ്യങ്ങളും ഒരു കൃതിയുടെ ‘യഥാർത്ഥ അർത്ഥം’ കണ്ടെത്താനുള്ള ഉപകരണങ്ങളല്ല. സാഹിത്യരൂപം വായിക്കുന്നയാളെ ബൗദ്ധികമായി എങ്ങനെ പങ്കാളിയാക്കുന്നു എന്നത് വിശകലനം ചെയ്യാനുള്ള രീതിശാസ്ത്രപരമായ നിർദ്ദേശങ്ങളാണ്.

സാഹിത്യവിമർശനത്തിന്റെ പുനർനിർവചനം


ഈ സമീപനം സ്വീകരിക്കുമ്പോൾ സാഹിത്യവിമർശനത്തിന്റെ ദൗത്യവും വികസിക്കുന്നു. ഒരു കൃതിയുടെ അർത്ഥം മനസ്സിലാക്കുന്നതും ആ കൃതി വായിക്കുന്നയാളെ എങ്ങനെ ചിന്തിക്കാൻ നിർബന്ധിക്കുന്നു എന്നതും ഒരേ കാര്യമല്ല. ഒരേ രാഷ്ട്രീയസന്ദേശം ഉൾക്കൊള്ളുന്ന രണ്ട് നോവലുകൾ വായിക്കുന്നയാളിൽ നിന്ന് വ്യത്യസ്ത ബൗദ്ധിക അധ്വാനങ്ങൾ ആവശ്യപ്പെടാം. ഒരേ ചരിത്രസംഭവത്തെ ആസ്പദമാക്കിയ രണ്ട് കവിതകൾ വ്യത്യസ്ത വായനാരീതികൾ സൃഷ്ടിക്കാം.

അതിനാൽ വിമർശനം കൃതിയുടെ ആശയത്തിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ സാഹിത്യരൂപത്തിന്റെ ഒരു നിർണായക പ്രവർത്തനം അദൃശ്യമാകുന്നു. വിമർശനത്തിന്റെ ചോദ്യങ്ങളിൽ ഒന്നായി ഇനി ഇത് കൂടി വരണം: കൃതി വായിക്കുന്നയാളിൽ നിന്ന് എന്തുതരം ബൗദ്ധിക അധ്വാനമാണ് ആവശ്യപ്പെടുന്നത്?

ഇത് അർത്ഥത്തെ ഉപേക്ഷിക്കുന്നില്ല. അർത്ഥം രൂപപ്പെടുന്ന പ്രക്രിയയെ വിശകലനത്തിന്റെ ഭാഗമാക്കുന്നു. അതുവഴി സാഹിത്യത്തിന്റെ മൂല്യനിർണയത്തിനും മറ്റൊരു മാനദണ്ഡം ലഭിക്കുന്നു. ഒരു കൃതിയുടെ സാഹിത്യപരമായ മഹത്വം അതിന്റെ വിഷയത്തിന്റെ ഗൗരവത്തിലോ രാഷ്ട്രീയത്തിന്റെ പുരോഗമനപരതയിലോ ഭാഷയുടെ സങ്കീർണ്ണതയിലോ മാത്രം അളക്കാനാവില്ല. അത് വായിക്കുന്നയാളെ എത്രത്തോളം സജീവമായ ബൗദ്ധിക പങ്കാളിത്തത്തിലേക്ക് ക്ഷണിക്കുന്നു എന്നതും അതിന്റെ സൗന്ദര്യശാസ്ത്രപരമായ മൂല്യത്തിന്റെ ഭാഗമാണ്.

ഈ വീക്ഷണത്തിൽ സാഹിത്യത്തിന്റെ ചരിത്രം മനുഷ്യന്റെ ബൗദ്ധിക അഭ്യാസങ്ങളുടെ ചരിത്രം കൂടിയാണ്. ഓരോ പുതിയ സാഹിത്യരൂപവും ലോകത്തെക്കുറിച്ച് പുതിയതായി പറയുന്നതിനൊപ്പം, ലോകത്തെ പുതിയ രീതിയിൽ വായിക്കാൻ മനുഷ്യനെ പരിശീലിപ്പിക്കുന്ന സാംസ്കാരിക പരീക്ഷണമായും കാണാം.

സാഹിത്യത്തിന്റെ സാമൂഹികപ്രസക്തി


സാഹിത്യം സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു എന്ന വാദം അതിന്റെ പ്രതിനിധാനപരമായ പ്രവർത്തനത്തെ വിശദീകരിക്കുന്നു. സാഹിത്യം സഹാനുഭൂതി വളർത്തുന്നു എന്ന വാദം അതിന്റെ അനുഭവപരമായ പ്രവർത്തനത്തെ വിശദീകരിക്കുന്നു. സാഹിത്യം രാഷ്ട്രീയബോധം വികസിപ്പിക്കുന്നു എന്ന വാദം അതിന്റെ ആശയപരമായ പ്രവർത്തനത്തെ വിശദീകരിക്കുന്നു. എന്നാൽ ഈ പ്രവർത്തനങ്ങൾ സജീവമാകുന്ന രീതി മനസ്സിലാക്കണമെങ്കിൽ സാഹിത്യം വായിക്കുന്നയാളെ എങ്ങനെ ബൗദ്ധികമായി പ്രവർത്തിപ്പിക്കുന്നു എന്ന ചോദ്യവും ആവശ്യമാണ്.

ഈ അർത്ഥത്തിൽ സാഹിത്യം ഒരു ആശയവിതരണ സംവിധാനമായി ചുരുങ്ങുന്നില്ല. അത് ഒരു ബൗദ്ധിക അഭ്യാസത്തിന്റെ സാംസ്കാരിക രൂപമാണ്. ഒരു സമൂഹം സാഹിത്യത്തെ നഷ്ടപ്പെടുത്തുമ്പോൾ നഷ്ടപ്പെടുന്നത് ചില പ്രത്യേക ബൗദ്ധികശീലങ്ങളുടെ സാമൂഹികാവകാശവുമാണ്.

ഇത് സാഹിത്യത്തിന് വിശുദ്ധസ്ഥാനം നൽകാനുള്ള വാദമല്ല. മനുഷ്യന്റെ ബൗദ്ധികാന്തരീക്ഷം വൈവിധ്യമാർന്ന രൂപങ്ങളാൽ നിർമ്മിക്കപ്പെടണം എന്ന വാദമാണ്. അൽഗോരിതമിക സംവിധാനങ്ങൾ ശ്രദ്ധയെയും വായനയെയും മുൻഗണനകളെയും പുതിയ രീതിയിൽ സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ, മറ്റൊരു താളത്തിലുള്ള വായനയെ നിലനിർത്തുന്നതാണ് സാഹിത്യത്തിന്റെ പ്രത്യേക പ്രസക്തി.

വായനയുടെ എല്ലാ രൂപങ്ങളും ഒരേ യുക്തിയിലേക്ക് ചുരുങ്ങുമ്പോൾ ബൗദ്ധികജീവിതവും ഏകതാനമാകുന്നു. വേഗത്തിലുള്ള തിരിച്ചറിവ്, ഉടനടി പ്രതികരണം, ഏകാർത്ഥ നിഗമനം എന്നിവയ്ക്ക് പുറമെ സംശയം, വൈകിപ്പ്, പുനർവായന, സങ്കീർണ്ണത, അനിശ്ചിതത്വം എന്നിവയ്ക്കും ബൗദ്ധികജീവിതത്തിൽ സ്ഥാനം ആവശ്യമാണ്. സാഹിത്യവായന ഈ വ്യത്യസ്ത അഭ്യാസങ്ങളെ ജീവനോടെ നിലനിർത്തുന്ന സാംസ്കാരിക ഇടങ്ങളിലൊന്നാണ്.

അതുകൊണ്ട് സാഹിത്യപഠനത്തിന്റെ ലക്ഷ്യം സാഹിത്യചരിത്രം മനഃപാഠമാക്കുന്നതിലോ വ്യാഖ്യാനങ്ങൾ ശേഖരിക്കുന്നതിലോ മാത്രം ഒതുങ്ങുന്നില്ല. വായനയെ ഒരു ബൗദ്ധിക അഭ്യാസമായി നിലനിർത്തുന്നതും അതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സാഹിത്യത്തിന്റെ സാമൂഹികപ്രസക്തി അതിന്റെ വിപണിമൂല്യത്തിൽ മാത്രം അന്വേഷിക്കാനാവില്ല. മനുഷ്യന്റെ ബൗദ്ധികജീവിതത്തെ വൈവിധ്യമാർന്നതാക്കി നിലനിർത്തുന്നതിലുള്ള അതിന്റെ പങ്കിലാണ് അത് അന്വേഷിക്കേണ്ടത്.

അൽഗോരിതകാലത്ത് സാഹിത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യം അതിനാൽ സാഹിത്യത്തിന്റെ അതിജീവനത്തെക്കുറിച്ചുള്ള ചോദ്യം മാത്രമല്ല. മനുഷ്യന്റെ ബൗദ്ധികജീവിതം ഏതു സാംസ്കാരികരൂപങ്ങളാൽ സംഘടിപ്പിക്കപ്പെടണം എന്ന ചരിത്രപരമായ ചോദ്യമാണ്.

സാഹിത്യം ഈ ചോദ്യത്തിന് അന്തിമ ഉത്തരമല്ല. എന്നാൽ മനുഷ്യനെ വിവരങ്ങളുടെ ഉപഭോക്താവായി മാത്രം കാണാതെ, അർത്ഥത്തിന്റെ സജീവ നിർമ്മാതാവായി നിലനിർത്തുന്ന സാംസ്കാരികരൂപങ്ങളിൽ ഒന്നാണ് അത്. ലോകത്തെ പ്രതിനിധീകരിക്കുന്നതിലാണ് സാഹിത്യത്തിന്റെ പ്രവർത്തനം അവസാനിക്കുന്നില്ല. അതിന്റെ ആഖ്യാനരൂപഘടനയിലൂടെ ലോകത്തെക്കുറിച്ച് ചിന്തിക്കാൻ ആവശ്യമായ ശ്രദ്ധയും സംശയവും ബന്ധനിർമ്മാണവും അനിശ്ചിതത്വത്തോടുള്ള സഹനശേഷിയും അത് നിരന്തരം പ്രവർത്തിപ്പിക്കുന്നു.

അതിനാൽ സാഹിത്യത്തിന്റെ സാമൂഹികപ്രസക്തി അത് നമ്മോട് എന്താണ് പറയുന്നത് എന്നതിൽ മാത്രമല്ല. അത് നമ്മെ എങ്ങനെ ചിന്തിക്കാൻ നിർബന്ധിക്കുന്നു എന്നതിലുമാണ്. അൽഗോരിതകാലത്ത് സാഹിത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധശേഷി ഒരുപക്ഷേ ഇവിടെ തന്നെയാണ്. വിവരങ്ങളുടെ പ്രവാഹത്തിനിടയിൽ മറ്റൊരു തരത്തിലുള്ള ശ്രദ്ധയും, മറ്റൊരു തരത്തിലുള്ള സമയാനുഭവവും, മറ്റൊരു തരത്തിലുള്ള ചിന്താശേഷിയും നിലനിർത്തുക.
നീതിയുടെ കാഴ്ചയ്ക്കപ്പുറം: ഒരു കെ. എ. ജയശീലൻ കവിതയിലൂടെ

നീതിയുടെ കാഴ്ചയ്ക്കപ്പുറം: ഒരു കെ. എ. ജയശീലൻ കവിതയിലൂടെ

ഒരു കെ. എ. ജയശീലൻ കവിതയിലൂടെ അനീതി സംഭവിക്കുമ്പോൾ നമുക്ക് ആദ്യം വേണ്ടിവരുന്നത് വ്യക്തതയാണ്. എന്താണ് സംഭവിച്ചത്, ആർക്കാണ് സംഭവിച്ചത്, ആരാണ് ഉത്തരവാദി എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താതെ ഒരു സമൂഹത്തിലും നീതി സാധ്യമല്ല. നിയമം ഒരു സംഭവത്തെ തിരിച്ചറിയാവുന്ന ഘടകങ്ങളായി ക്രമീകരിക്കുന്നു. രാഷ്ട്രീയം അനീതിയെ പൊതുപ്രശ്നമായി നിർവചിക്കുന്നു. നൈതികബോധം പീഡിതരെയും ഉത്തരവാദികളെയും തിരിച്ചറിയുന്നു. നീതി പ്രവർത്തിക്കണമെങ്കിൽ ലോകത്തിന്റെ സങ്കീർണ്ണതയെ അതേപടി സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല. അതിരുകൾ വരയ്ക്കേണ്ടിവരും; ഒരു പ്രവൃത്തിയെ അനീതിയായി വേർതിരിക്കണം, വേദനയ്ക്കൊരു പേര് നൽകണം, ഉത്തരവാദിത്തം നിർണയിക്കണം.

ഈ വ്യക്തത അനിവാര്യമാണ്. എന്നാൽ അതോടൊപ്പം മറ്റൊരു ചോദ്യവും ഉയരുന്നു. ഒരു സാഹചര്യത്തെ നീതിയുടെ വിഷയമാക്കി മാറ്റുന്ന പ്രക്രിയയിൽ നമ്മുടെ കാഴ്ചയിൽനിന്ന് പുറത്തുപോകുന്നതെന്താണ്?

കെ. എ. ജയശീലന്റെ ‘ചൂണ്ടയിൽ ഇര തുടിക്കുന്നു’ എന്ന കവിത ഈ ചോദ്യത്തെ അസാധാരണമായ ലാളിത്യത്തോടെ മുന്നോട്ടുവയ്ക്കുന്നു:

ചൂണ്ടയിൽ
ഇര തുടിക്കുന്നു:

തുടക്കത്തിലെ ഈ രണ്ടുവരിയിലെ ദൃശ്യം നമ്മുടെ ശ്രദ്ധയെ ചൂണ്ടയിൽ കോർത്തിട്ടിരിക്കുന്ന ജീവിയിലേക്ക് കേന്ദ്രീകരിക്കുന്നു. അത് തുടിക്കുന്നു. ആ ചലനം ജീവിച്ചിരിക്കാനുള്ള അവസാനത്തെ പ്രതിരോധം പോലെ നമുക്ക് അനുഭവപ്പെടുന്നു. നാം ആദ്യം കാണുന്നത് അതിന്റെ നിസ്സഹായതയാണ്. അതുകൊണ്ട് നമ്മുടെ നൈതികപ്രതികരണവും സ്വാഭാവികമായി അതിന്റെ പക്ഷത്തേക്ക് നീങ്ങുന്നു.

പക്ഷേ അടുത്ത വരികൾ ആ കാഴ്ചയുടെ അനുഭവഘടനയെ മാറ്റുന്നു:

എനിക്കു വേണം
മീനിന്റെ മരണം

കവിത ഇവിടെ രണ്ടാമത്തെ വേദനയെ വെറുതെ ആദ്യത്തേതിനോട് കൂട്ടിച്ചേർക്കുകയല്ല ചെയ്യുന്നത്. ആദ്യ ദൃശ്യത്തെ നാം എങ്ങനെ കണ്ടു എന്നതിനെത്തന്നെയാണ് അത് പ്രശ്നവത്കരിക്കുന്നത്. ചൂണ്ടയിലെ ജീവിയെ മാത്രം ഇരയായി കാണാൻ കഴിഞ്ഞത്, അതുവരെ മീൻ നമ്മുടെ കാഴ്ചയിൽ ഇല്ലാതിരുന്നതിനാലാണ്. ആദ്യത്തെ നൈതികപ്രതികരണം തെറ്റായിരുന്നില്ല. പക്ഷേ അത് പൂർണമല്ലായിരുന്നു. ഈ സ്ഥാനമാറ്റത്തിലാണ് കവിതയുടെ പ്രവർത്തനം ആരംഭിക്കുന്നത്.

ഒരു വേദനയെ നീതിയുടെ വിഷയമാക്കുമ്പോൾ നോട്ടം ചിലതിലേക്ക് കേന്ദ്രീകരിക്കേണ്ടിവരും. ആരാണ് പീഡിതൻ, ആരാണ് ഉത്തരവാദി, ഏത് നഷ്ടത്തിനാണ് മുൻഗണന നൽകേണ്ടത് എന്നിങ്ങനെയുള്ള തീരുമാനങ്ങളില്ലാതെ നീതിക്ക് പ്രവർത്തിക്കാനാവില്ല. എന്നാൽ ഒരു അനുഭവം കാഴ്ചയുടെ കേന്ദ്രത്തിലേക്ക് വരുമ്പോൾ മറ്റൊന്ന് പശ്ചാത്തലത്തിലേക്ക് പോകാനും ഇടയുണ്ട്. ഇത് നീതിയുടെ പരാജയമല്ല. അതിന്റെ പ്രവർത്തനത്തിന് അനിവാര്യമായ പരിധിയാണ്.

കവിത ചോദിക്കുന്ന ചോദ്യം അതിനെയും കവിഞ്ഞുനിൽക്കുന്നതാണ്. ഈ അനിവാര്യമായ വ്യക്തതയ്ക്കപ്പുറം ശേഷിക്കുന്ന അനുഭവത്തിന് എന്ത് സംഭവിക്കുന്നു?

ഏത് കാഴ്ചയും അതിന്റെ പരിധിയിലൂടെയാണ് സാധ്യമാകുന്നത്. എന്തെങ്കിലും വ്യക്തമായി കാണണമെങ്കിൽ മറ്റുചിലതിനെ കാഴ്ചയുടെ അരികിലേക്ക് നീക്കേണ്ടിവരും. കവിത ഈ പരിധിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നില്ല. അതുപോലെ എല്ലാ വേദനകളെയും ഒരൊറ്റ സമ്പൂർണകാഴ്ചയിൽ ഉൾക്കൊള്ളാമെന്ന അവകാശവാദവും ഉന്നയിക്കുന്നില്ല. പകരം, നമ്മുടെ കാഴ്ചയ്ക്ക് ഒരു മറുപുറമുണ്ടെന്ന് അത് അനുഭവിപ്പിക്കുന്നു. നാം ഇപ്പോൾ കാണുന്ന സത്യം സാഹചര്യത്തിന്റെ മുഴുവൻ സത്യമല്ലെന്ന തിരിച്ചറിവിലൂടെ കവിത നമ്മെ അസ്വസ്ഥരാക്കുന്നു.

ഈ അസ്വസ്ഥതയാണ് കവിതയിലെ സന്ദിഗ്ദ്ധതയുടെ അടിസ്ഥാനം. സന്ദിഗ്ദ്ധത എന്നത് അർത്ഥം വ്യക്തമല്ലാത്ത അവസ്ഥയല്ല; കവിക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാത്തതുമല്ല. ഒരു വ്യക്തതയ്ക്കുള്ളിൽ പൂർണമായി ഉൾക്കൊള്ളാൻ കഴിയാത്ത അനുഭവത്തെ അതിന്റെ സങ്കീർണ്ണതയിൽ നിലനിർത്താനുള്ള കവിതയുടെ ശ്രമമാണത്. കവിത എതിർക്കുന്നത് തീർച്ചകളെയല്ല. തീർച്ചയിലെത്തിയാൽ അനുഭവത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് പൂർത്തിയായെന്ന ധാരണയെയാണ് അത് ചോദ്യം ചെയ്യുന്നത്.

ഇവിടെയാണ് കവിതയും നീതിയും തമ്മിലുള്ള ബന്ധം കൂടുതൽ കൃത്യമായി മനസ്സിലാക്കേണ്ടത്. നിയമത്തിന് വിധി പറയേണ്ടതുണ്ട്. രാഷ്ട്രീയത്തിന് നിലപാട് സ്വീകരിക്കേണ്ടതുണ്ട്. അനീതിക്കെതിരായ പോരാട്ടം ആരുടെ പക്ഷത്താണ് നിൽക്കുന്നതെന്ന കാര്യവും വ്യക്തമാക്കണം. സങ്കീർണ്ണതയുടെ പേരിൽ ഈ പ്രവർത്തനങ്ങളെ അനിശ്ചിതമാക്കുന്നത് പലപ്പോഴും ഉത്തരവാദിത്തത്തിൽനിന്നുള്ള പിന്മാറ്റമായിരിക്കും.

എന്നാൽ തീരുമാനത്തിന്റെ ആവശ്യകത അംഗീകരിക്കുന്നത് അതിന്റെ പൂർണതയെ അംഗീകരിക്കലായി മാറേണ്ടതില്ല. ഒരു സംഭവം നിയമത്തിന്റെ ഭാഷയിൽ കേസായി മാറുമ്പോഴും, ഒരു രാഷ്ട്രീയ പ്രതിഷേധം ആവശ്യമായി മാറുമ്പോഴും, വേദനയ്ക്ക് നാം ഒരു പേര് നൽകുമ്പോഴും, അനുഭവം അതിൽ പൂർണമായി ഉൾച്ചേർക്കപ്പെടുന്നില്ല. നിലവിലുള്ള ഭാഷയിലും നിർവചനങ്ങളിലും പൂർണമായി ഉൾക്കൊള്ളപ്പെടാത്ത എന്തോ അവശേഷിക്കുന്നു. കാഴ്ചയുടെ അരികിൽ ശേഷിക്കുന്ന ഈ അനുഭവത്തിന്റെ സാന്നിധ്യം ഓർമ്മിപ്പിക്കാനുള്ള ശേഷിയുമാണ് കവിതയ്ക്കുള്ളത്.

കവിതയുടെ അടുത്ത ഭാഗം ഈ പ്രശ്നത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു:

വേദന
ഇരു തല മൂർച്ചയുള്ള കത്തിയാണ്
അത് ഉപയോഗിച്ചും
ഏശിയും വേണം
നമുക്ക് ജീവിക്കുക.

ഇവിടെ വേദന ഏകദിശയിലുള്ള അനുഭവമല്ല. കത്തി നമ്മെ മുറിവേൽപ്പിക്കുന്നു. എന്നാൽ കത്തി നമ്മുടെ കൈയിലും ഉണ്ടാകാം. അതുകൊണ്ട് കവിത പീഡിതനും പീഡകനും തമ്മിലുള്ള യഥാർഥ വ്യത്യാസങ്ങളെ ഇല്ലാതാക്കുന്നില്ല. അധികാരത്തിന്റെ അസമത്വങ്ങളെ ‘എല്ലാവരും വേദനിപ്പിക്കുന്നു’ എന്ന പൊതുവായ ആശയത്തിലേക്ക് ചുരുക്കുന്നതുമല്ല. അസ്ഥിരമാകുന്നത് കാണുന്നവന്റെ നൈതികസ്ഥാനമാണ്.

നാം പുറത്തുനിന്ന് വേദനയെ നിരീക്ഷിക്കുന്നവർ മാത്രമല്ല. നമ്മുടെ ആവശ്യങ്ങൾ, ജീവിതരീതികൾ, തിരഞ്ഞെടുപ്പുകൾ, ആഗ്രഹങ്ങൾ എന്നിവ മറ്റുള്ളവരുടെ നഷ്ടങ്ങളുമായി ബന്ധപ്പെടുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ചൂണ്ടയിൽ തുടിക്കുന്ന ജീവി മീനിന്റെ മരണത്തിലേക്കുള്ള ഉപാധിയാണ്. എന്നാൽ ആ ജീവിയുടെ വേദന കാണുന്ന മനുഷ്യനും മീനിന്റെ മരണം ആഗ്രഹിക്കുന്നു.

ഈ ബന്ധത്തിൽ മനുഷ്യനെ ക്രൂരനായോ ധാർമികകുറ്റവാളിയായോ കവിത ചിത്രീകരിക്കുന്നില്ല. ജീവിക്കുക എന്നതു തന്നെ ചിലപ്പോൾ മറ്റൊരാളുടെ നഷ്ടവുമായി ബന്ധപ്പെടുന്ന ഒരു ലോകത്തെയാണ് അത് കാണിക്കുന്നത്.

അതുകൊണ്ട് ‘ഇരു തല മൂർച്ചയുള്ള കത്തി’ എന്ന ബിംബം വേദനയുടെ പാരസ്പര്യത്തെക്കുറിച്ചുള്ള ലളിതമായ പ്രസ്താവനയല്ല. അത് നമ്മുടെ നൈതികനിരീക്ഷണത്തിന്റെ സ്ഥാനത്തെത്തന്നെ പ്രശ്നമാക്കുന്നു. ഞാൻ ഒരു വേദന തിരിച്ചറിയുന്നു. എന്നാൽ ആ വേദനയുടെ ലോകത്തിൽ എന്റെ സ്ഥാനം എന്താണ്? ഞാൻ ഒരു നഷ്ടത്തെ അപലപിക്കുമ്പോൾ എന്റെ ജീവിതം മറ്റെന്തെങ്കിലും നഷ്ടവുമായി ബന്ധപ്പെടുന്നുണ്ടോ?

ഇവിടെ കവിത കുറ്റബോധം സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല. അത് അതിലും പ്രയാസമുള്ള ഒന്നാണ് ചെയ്യുന്നത്: നൈതികമായ നിരപരാധിത്വം തോന്നിപ്പിക്കുന്നതിലേക്കുള്ള എളുപ്പവഴികളെ നിഷേധിക്കുന്നു.

ഈ ചിന്തയുടെ ഏറ്റവും മൂർച്ചയുള്ള രൂപം അടുത്ത വരികളിലാണ്:

മരണവും
വേദനയും
കാരുണ്യം കാണിച്ച്
മൂടി വയ്ക്കരുത്.

ഈ വരികൾ കാരുണ്യത്തെ നിരസിക്കാതെതന്നെ അതിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യുന്നു.

കാരുണ്യം വേദനയോടുള്ള പ്രതികരണമാണ്. എന്നാൽ പ്രതികരിക്കുന്നതിനായി വേദനയെ തിരിച്ചറിയാവുന്ന രൂപത്തിലേക്ക് കൊണ്ടുവരേണ്ടിവരും. നാം വേദനിക്കുന്ന ഒരാളെ കാണുന്നു, അയാളുടെ അനുഭവത്തെ നമ്മുടെ നൈതികശ്രദ്ധയുടെ കേന്ദ്രത്തിലാക്കുന്നു, അയാളുടെ പക്ഷത്ത് നിൽക്കുന്നു. ഈ പ്രക്രിയ അനിവാര്യമാണ്. എന്നാൽ അതിനുള്ളിൽ ഒരു അപകടസാധ്യതയുണ്ട്.

കാരുണ്യം ചിലപ്പോൾ വേദനയെ തുറക്കുന്നതിനു പകരം അതിനെ നമ്മുടെ പ്രതികരണത്തിന്റെ പരിധിക്കുള്ളിൽ അടച്ചുപൂട്ടിയേക്കാം. നാം പ്രതികരിച്ചു, കാരുണ്യം പ്രകടിപ്പിച്ചു, നമ്മുടെ നൈതികസ്ഥാനം ഉറപ്പിച്ചു. അപ്പോൾ വേദനയോടുള്ള നമ്മുടെ ബന്ധം ഒരുതരത്തിൽ പൂർത്തിയായതായി തോന്നാം. ‘കാരുണ്യം കാണിച്ച് / മൂടി വയ്ക്കരുത്’ എന്ന വരിയുടെ കാഠിന്യം ഇവിടെയാണ്. വേദനയെ നമ്മുടെ കാരുണ്യത്തിന്റെ സംഗതിയാക്കി അടച്ചുപൂട്ടരുത്.

ചൂണ്ടയിലെ ഇരയോട് കാരുണ്യം തോന്നുമ്പോൾ മീൻ നമ്മുടെ കാഴ്ചയിൽനിന്ന് മറയുന്നു. മീനിലേക്ക് കാഴ്ച മാറുമ്പോൾ മനുഷ്യന്റെ ആവശ്യം പ്രശ്നമായി വരുന്നു. മനുഷ്യന്റെ ആവശ്യത്തെ മനസ്സിലാക്കുമ്പോൾ ചൂണ്ടയിലെ ജീവിയുടെ തുടിപ്പ് വീണ്ടും നമ്മുടെ മുന്നിലെത്തുന്നു. കവിത ഈ സംഘർഷത്തിൽനിന്ന് അന്തിമവഴി കണ്ടെത്തുന്നില്ല. അതാണ് അതിന്റെ സവിശേഷമായ ശേഷി.

ഒരു ദാർശനികൻ ഇതിൽനിന്ന് ഒരു തത്ത്വം നിർമ്മിക്കാൻ ശ്രമിച്ചേക്കാം. ഒരു രാഷ്ട്രീയപ്രവർത്തകൻ മുൻഗണനാക്രമം നിർണയിച്ചേക്കാം. നിയമവ്യവസ്ഥയ്ക്ക് ഒരു തീരുമാനം എടുക്കേണ്ടിവരും. കവിതയുടെ പ്രവർത്തനം അവയിൽനിന്ന് വ്യത്യസ്തമാണ്. അത് മറ്റൊരു തീരുമാനം നൽകുകയല്ല. തീരുമാനത്തിനായുള്ള നമ്മുടെ നോട്ടം എത്താത്തിടത്തും എന്തെങ്കിലും ശേഷിക്കുന്നുണ്ടെന്ന് അനുഭവിപ്പിക്കുകയാണ്.

നീതിക്ക് തീരുമാനങ്ങൾ ആവശ്യമാണ്. കവിത ആ തീരുമാനത്തിന്റെ പരിധിയെ തുറന്നുകാണിക്കുന്നു. കവിതയുടെ നീതിയോടുള്ള സൗന്ദര്യാത്മക ഇടപെടൽ ഇതാണ്.

സൗന്ദര്യം ഇവിടെ കേവലം അലങ്കാരമല്ല. ഒരു അനുഭവത്തെ ഉടനടി നൈതികമായോ രാഷ്ട്രീയമായോ സിദ്ധാന്തപരമായോ തീർപ്പിലേക്ക് ചുരുക്കാതെ, അതിന്റെ പരിഹരിക്കപ്പെടാത്ത സ്വഭാവം ഭാഷയിൽ അനുഭവിപ്പിക്കാനുള്ള രൂപപരമായ ശേഷിയാണ്. കവിത ഒരു പ്രശ്നത്തിന് ഉത്തരം നൽകുന്നതിനുമുമ്പ്, ആ പ്രശ്നം നമുക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നതിൽ ഇടപെടുന്നു.

‘ചൂണ്ടയിൽ ഇര തുടിക്കുന്നു’ എന്ന കവിതയുടെ ആഖ്യാനരൂപഘടന ശ്രദ്ധിച്ചാൽ ഇത് കൂടുതൽ വ്യക്തമാകും. ആദ്യം നമുക്ക് ഒരു ഇരയുണ്ട്. പിന്നെ ആ ദൃശ്യത്തിനുള്ളിൽ മറ്റൊരു മരണത്തിന്റെ ആവശ്യകത തെളിയുന്നു. തുടർന്ന് നാം സ്വയം വേദനയുടെ പുറത്തല്ലെന്ന് തിരിച്ചറിയുന്നു. ഒടുവിൽ നമ്മുടെ കാരുണ്യം പോലും അന്തിമമായൊരു നൈതികസ്ഥാനം അല്ലെന്ന് കവിത കാണിക്കുന്നു. ഓരോ ഘട്ടത്തിലും മുമ്പുണ്ടായിരുന്ന നൈതികമായ സ്വസ്ഥത തകരുന്നു.

കവിതയുടെ രൂപഘടനയും അതിന്റെ ചിന്തയും ഇവിടെ വേർപിരിയുന്നില്ല. ഓരോ പുതിയ വരിയും മുമ്പത്തെ കാഴ്ചയെ പൂർണമായി തള്ളിക്കളയുന്നില്ല. അതിന്റെ അപര്യാപ്തത വെളിപ്പെടുത്തുന്നു. അതുകൊണ്ട് കവിതയുടെ നീക്കം ഒരു സത്യത്തിൽനിന്ന് മറ്റൊരു സത്യത്തിലേക്കുള്ള യാത്രയല്ല. ഓരോ സത്യവും കാണാതിരുന്ന മറ്റൊന്നിന്റെ സാന്നിധ്യത്തിലേക്ക് തുറക്കപ്പെടുന്ന പ്രക്രിയയാണ്. ഇതാണ് കവിതകൊണ്ട് സാധ്യമാകുന്ന സവിശേഷമായ നൈതികാനുഭവം.

കവിത നീതിക്ക് പകരമല്ല. അത് നിയമത്തിന്റെ സ്ഥാനത്തുനിന്ന് വിധി പറയുന്നുമില്ല. മറിച്ച്, നീതി അനിവാര്യമായി ചെയ്യുന്ന വ്യക്തതയുടെ പ്രവർത്തനത്തിന് സ്വയംവിമർശനാത്മകമായ ഒരു മറുപുറം നൽകുന്നു.

ഒരു വേദനയെ കേന്ദ്രത്തിലേക്ക് കൊണ്ടുവരേണ്ടിവരുമ്പോഴും, നമ്മുടെ കാഴ്ചയുടെ അരികുകളിൽ മറ്റെന്തെങ്കിലും ശേഷിക്കുന്നുണ്ടെന്ന് അത് ഓർമ്മിപ്പിക്കുന്നു. ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോഴും, ആ തീരുമാനം അനുഭവത്തിന്റെ അവസാനവാക്കല്ലെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു. ഒരാളുടെ പക്ഷത്ത് ഉറച്ചുനിൽക്കുമ്പോഴും, അതിലൂടെ ലോകത്തിന്റെ മുഴുവൻ സങ്കീർണ്ണതയും തീർന്നുവെന്ന് കരുതാതിരിക്കാൻ വഴിയൊരുക്കുന്നു.

ഇത് തീരുമാനമില്ലായ്മയുടെ വിഷയമല്ല. തീർപ്പിന്റെ അനിവാര്യതയും അതിന്റെ അപൂർണതയും ഒരേസമയം തിരിച്ചറിയുന്ന നൈതികബോധത്തിന്റെ വിഷയമാണ്.

കവിതയുടെ അവസാനവരികൾ വീണ്ടും ആദ്യ ദൃശ്യത്തിന്റെ അസ്വസ്ഥതയിലേക്കാണ് നമ്മെ തിരികെ കൊണ്ടുവരുന്നത്:

മരിപ്പിക്കാനും
മരിക്കാനും പഠിക്കണം

ഈ വരികളെ ജീവിതതത്ത്വത്തിന്റെ ലളിതമായ പ്രഖ്യാപനമായി മാത്രം വായിക്കാനാവില്ല. അവയുടെ കാഠിന്യം കവിത പരിഹരിക്കുന്നില്ല. ചൂണ്ടയിൽ തുടിക്കുന്ന ജീവിയുടെ മുന്നിൽ ഈ വാക്കുകൾ അസ്വസ്ഥമാണ്. മീനിന്റെ മരണത്തിന്റെ ആവശ്യകതയ്ക്കുമുന്നിലും അവ അസ്വസ്ഥമാണ്. നമ്മുടെ കാരുണ്യത്തിനുമുന്നിലും അവ അസ്വസ്ഥമാണ്. കവിത ആ അസ്വസ്ഥതയെ വിശദീകരിച്ച് അവസാനിപ്പിക്കുന്നില്ല.

വിധിപറച്ചിൽ ആവശ്യമാണ്. നിലപാട് ആവശ്യമാണ്. വേദനയുടെ പക്ഷത്ത് നിൽക്കേണ്ടതുമുണ്ട്. എന്നാൽ വിധി പറഞ്ഞുകഴിഞ്ഞാൽ അനുഭവം അവസാനിക്കുന്നില്ല. നിലപാട് സ്വീകരിച്ചുകഴിഞ്ഞാൽ ലോകം പൂർണമായി വ്യക്തമാകുന്നില്ല. കാരുണ്യം പ്രകടിപ്പിച്ചുകഴിഞ്ഞാൽ വേദന പൂർണമായി നമ്മുടെ നൈതികബോധത്തിനുള്ളിൽ ഉൾക്കൊള്ളപ്പെടുന്നുമില്ല.

ചൂണ്ടയിൽ ഇര തുടിക്കുന്നു. അതേസമയം മീനിന്റെ മരണം വേണം. ഈ രണ്ട് വരികൾക്കിടയിൽ ഒരു നൈതികപ്രശ്നം മാത്രമല്ല ഉള്ളത്. നാം ഒരു വേദനയെ നീതിയുടെ വിഷയമാക്കുന്ന ഓരോ തവണയും, ആ കാഴ്ചയ്ക്ക് പുറത്തുപോകുന്ന എന്തെങ്കിലും ഉണ്ടാകുമെന്ന തിരിച്ചറിവാണ് അവിടെ പ്രവർത്തിക്കുന്നത്. കവിത ആ പുറത്തുപോയതിനെ പുതിയൊരു വിധിപറച്ചിലാക്കി മാറ്റുന്നില്ല. അതിനെ വീണ്ടും നമ്മുടെ മുന്നിൽ നിർത്തുക മാത്രമാണ് ചെയ്യുന്നത്. അപ്പോൾ നാം കണ്ടുകൊണ്ടിരുന്ന ലോകം അതേ ലോകമായി തുടരുന്നില്ല.
____

അനുബന്ധം

ചൂണ്ടയിൽ ഇര തുടിക്കുന്നു

— കെ. എ. ജയശീലന്‍

ചൂണ്ടയിൽ
ഇര തുടിക്കുന്നു:
എനിക്കു വേണം
മീനിന്റെ മരണം

വേദന
ഇരു തല മൂർച്ചയുള്ള കത്തിയാണ്
അത് ഉപയോഗിച്ചും
ഏശിയും വേണം
നമുക്ക് ജീവിക്കുക.

മരണവും
വേദനയും
കാരുണ്യം കാണിച്ച്
മൂടി വയ്ക്കരുത്.
മരിപ്പിക്കാനും
മരിക്കാനും പഠിക്കണം

© 1995, കെ.എ ജയശീലൻ
ബൗദ്ധികവിരുദ്ധ ഭാവുകത്വവും ബൗദ്ധിക സ്വാതന്ത്ര്യവും

ബൗദ്ധികവിരുദ്ധ ഭാവുകത്വവും ബൗദ്ധിക സ്വാതന്ത്ര്യവും

ബൗദ്ധികവിരുദ്ധ ഭാവുകത്വവും ബൗദ്ധിക സ്വാതന്ത്ര്യവും സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഭാവുകത്വം സാധാരണയായി വികാരത്തിന്റെ മേഖലയായും ബൗദ്ധികത യുക്തിയുടെയും വിശകലനത്തിന്റെയും മേഖലയായും വേർതിരിക്കപ്പെടുന്നു. ഈ വിഭജനം സാഹിത്യത്തെ മനസ്സിലാക്കാൻ പര്യാപ്തമല്ല. സാഹിത്യവായനയിൽ വികാരവും ചിന്തയും പരസ്പരം വിരുദ്ധമായ പ്രവർത്തനങ്ങളല്ല, അവ പരസ്പരം രൂപപ്പെടുത്തുന്ന പ്രക്രിയകളാണ്. അതുകൊണ്ട് ഭാവുകത്വത്തെ ബൗദ്ധികതയ്ക്ക് എതിരായ മേഖലയായി കാണാനാവില്ല. മറിച്ച്, ഭാവുകത്വം തന്നെ ബൗദ്ധികമായോ ബൗദ്ധികവിരുദ്ധമായോ പ്രവർത്തിക്കാം.

വായിക്കുന്നയാളുടെ ബൗദ്ധിക സ്വാതന്ത്ര്യത്തെ വികാരം എങ്ങനെ നിയന്ത്രിക്കുന്നു എന്നത് പ്രധാനമാണ്. ഒരു സാഹിത്യകൃതി വായിക്കുന്നയാളെ വൈകാരികമായി സ്പർശിക്കുന്നതുകൊണ്ടല്ല ബൗദ്ധികവിരുദ്ധമാകുന്നത്. ആ വൈകാരികത വ്യാഖ്യാനസ്വഭാവത്തെ ഇല്ലാതാക്കുകയും സങ്കീർണ്ണതയെ ലഘൂകരിക്കുകയും അനുഭവത്തെ അന്തിമസത്യമായി അവതരിപ്പിക്കുകയും താദാത്മ്യത്തെ വിശകലനത്തിന് പകരമാക്കുകയും മുൻധാരണകളെ സ്ഥിരീകരിക്കുകയും ചെയ്യുമ്പോഴാണ് അത് ബൗദ്ധികവിരുദ്ധ ഭാവുകത്വമായി പ്രവർത്തിക്കുന്നത്.

സാഹിത്യത്തെ ബൗദ്ധികവും ബൗദ്ധികവിരുദ്ധവും എന്നിങ്ങനെ വർഗ്ഗീകരിക്കാൻ ശ്രമിക്കുകയല്ല. പകരം, സാഹിത്യാനുഭവത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക ഭാവുകത്വയുക്തിയെ വിശകലനം ചെയ്യുകയാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഒരു സാഹിത്യകൃതി വായിക്കുന്നയാളുമായി സ്ഥാപിക്കുന്ന വൈകാരികബന്ധം ഏത് സാഹചര്യത്തിലാണ് വ്യത്യസ്ത വ്യാഖ്യാനങ്ങൾ, സാധ്യതകൾ, സന്ദർഭങ്ങൾ എന്നിവ തമ്മിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ശേഷിയായ ബൗദ്ധിക സ്വാതന്ത്ര്യത്തെ വികസിപ്പിക്കുന്നത്, ഏത് സാഹചര്യത്തിലാണ് അതിനെ പരിമിതപ്പെടുത്തുന്നത് എന്ന ചോദ്യമാണ് അന്വേഷണമാക്കുന്നത്.

ഒരു സാഹിത്യകൃതി വായിക്കുന്നയാളുടെ അനുഭവത്തെയും വ്യാഖ്യാനത്തെയും അർത്ഥനിർണയത്തെയും സങ്കൽപ്പശേഷിയെയും എങ്ങനെ സംഘടിപ്പിക്കുന്നു എന്നതിന്റെ സമഗ്രരൂപത്തെയാണ് ഭാവുകത്വം എന്നു വിളിക്കുന്നത്. അതിനാൽ ഭാവുകത്വം ഒരു സൗന്ദര്യാനുഭവം മാത്രമല്ല; ലോകത്തെ എങ്ങനെ അനുഭവിക്കണം, എങ്ങനെ മനസ്സിലാക്കണം, എങ്ങനെ വിലയിരുത്തണം എന്നതിനെ രൂപപ്പെടുത്തുന്ന ബൗദ്ധിക-സാംസ്കാരിക ഘടന കൂടിയാണ്.

ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ ആദ്യരൂപം വ്യാഖ്യാനത്തോടുള്ള അതിന്റെ ബന്ധത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇവിടെ വ്യാഖ്യാനത്തെ എല്ലാം തുറന്നുപറഞ്ഞ് നിരാകരിക്കണമെന്നില്ല. അതിനുപകരം വ്യാഖ്യാനത്തിന്റെ ആവശ്യകതയെ ക്രമേണ അപ്രസക്തമാക്കുകയാണ് ചെയ്യുന്നത്. ഒരു സാഹിത്യകൃതി വായിക്കുമ്പോൾ മറ്റൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം വായിക്കുന്നയാൾക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ, ആഖ്യാനം വ്യാഖ്യാനത്തിന്റെ ഇടം ചുരുക്കിക്കഴിഞ്ഞിരിക്കുന്നു. അപ്പോൾ വായന അന്വേഷണം എന്ന നിലയിൽ നിന്ന് തിരിച്ചറിയലിന്റെ അനുഭവമായി മാറുന്നു.

ഇത് അർത്ഥത്തിന്റെ ഏകതയെക്കുറിച്ചുള്ള പ്രശ്നമല്ല. മികച്ച സാഹിത്യത്തിനും വ്യക്തമായ നൈതിക നിലപാടുകളോ ആശയപരമായ ദിശകളോ ഉണ്ടായിരിക്കാം. എന്നാൽ അവ വായിക്കുന്നയാളുടെ അർത്ഥനിർണയത്തെ മുൻകൂട്ടി നിർവചിക്കുന്നില്ല. അവ വായിക്കുന്നയാളെ അർത്ഥനിർണയത്തിലേക്ക് നയിക്കുന്നു. ഈ വ്യത്യാസം പ്രധാനമാണ്. ഒരു ആഖ്യാനം വായിക്കുന്നയാളുടെ ചിന്തയെ നയിക്കുമ്പോൾ അത് ബൗദ്ധികമായി പ്രവർത്തിക്കുന്നു; എന്നാൽ ചിന്തയുടെ ഫലം മുൻകൂട്ടി നിശ്ചയിക്കുമ്പോൾ അത് ബൗദ്ധികവിരുദ്ധ ഭാവുകത്വ സ്വഭാവം പ്രകടിപ്പിക്കുന്നു.

വ്യാഖ്യാനവിരുദ്ധ ഭാവുകത്വം വായിക്കുന്നയാൾക്ക് ഒരു പ്രത്യേക ബൗദ്ധിക ആശ്വാസവും നൽകുന്നു. കൃതിയെക്കുറിച്ച് സംശയിക്കേണ്ടതില്ല, സ്വന്തം പ്രതികരണങ്ങളെ പുനഃപരിശോധിക്കേണ്ടതില്ല, പരസ്പരം മത്സരിക്കുന്ന വ്യാഖ്യാനങ്ങൾക്കിടയിൽ സഞ്ചരിക്കേണ്ടതില്ല. വായനയുടെ അവസാനം എത്തിച്ചേരേണ്ട അർത്ഥം ആഖ്യാനത്തിനുള്ളിൽ തന്നെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ വായിക്കുന്നയാളുടെ പങ്കാളിത്തം അർത്ഥാനുഭവം സൃഷ്ടിക്കുന്നതിലല്ല; അതിനെ തിരിച്ചറിയുന്നതിലാണ്.

വ്യാഖ്യാനത്തിന്റെ അഭാവമല്ല, വ്യാഖ്യാനത്തിന്റെ മുൻതീരുമാനമാണ് ഇവിടെ കാണുന്നത്. വായിക്കുന്ന ആൾ കൃതിയെ വ്യാഖ്യാനിക്കുന്നുവെന്ന് കരുതാം; പക്ഷേ ആ വ്യാഖ്യാനം ആഖ്യാനം അനുവദിച്ച പരിധിക്കുള്ളിൽ മാത്രമാണ് നടക്കുന്നത്. മറ്റു സാധ്യതകൾ അദൃശ്യമാകുന്നു. അങ്ങനെ വ്യാഖ്യാനം ഒരു തുറന്ന ബൗദ്ധിക പ്രക്രിയയിൽ നിന്ന് മുൻകൂട്ടി നിയന്ത്രിക്കപ്പെട്ട പ്രതികരണമായി ചുരുങ്ങുന്നു.

അതുകൊണ്ട് വ്യാഖ്യാനവിരുദ്ധതയുടെ ലക്ഷ്യം വായിക്കുന്നയാളെ അർത്ഥശൂന്യതയിലേക്ക് തള്ളിവിടുകയല്ല. മറിച്ച്, അർത്ഥത്തെ അത്രമേൽ സ്വാഭാവികവും അനിവാര്യവുമായി അവതരിപ്പിക്കുകയാണ്, അതിനെക്കുറിച്ച് മറ്റൊരു ചോദ്യം ഉയർത്തേണ്ട സാഹചര്യം തന്നെ ഇല്ലാതാകുന്നു. വായിക്കുന്നയാൾ കൃതിയെ മനസ്സിലാക്കിയെന്ന ഉറപ്പിലെത്തുന്ന നിമിഷം, കൃതി മറ്റെങ്ങനെ വായിക്കപ്പെടാമായിരുന്നു എന്ന ചോദ്യവും അവസാനിക്കുന്നു. ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ പ്രധാന ലക്ഷണം ഈ നിമിഷത്തിലാണ് വെളിപ്പെടുന്നത്.

സങ്കീർണ്ണതയോടുള്ള അസഹിഷ്ണുത ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിൻ്റെ മറ്റൊരു ലക്ഷണമാണ്. മനുഷ്യജീവിതവും സമൂഹവും ചരിത്രവും ഒരിക്കലും ഏകകാരണങ്ങളാൽ വിശദീകരിക്കാനാവാത്ത യാഥാർഥ്യങ്ങളാണ്. സാഹിത്യം ഈ സങ്കീർണ്ണതയെ ഇല്ലാതാക്കേണ്ടതല്ല; മറിച്ച് അതിനെ അനുഭവിക്കാനും മനസ്സിലാക്കാനും വായിക്കുന്നയാളുകളെ പ്രാപ്തരാക്കേണ്ടതാണ്. എന്നാൽ ചില ഭാവുകത്വരീതികൾ സങ്കീർണ്ണതയെ ബൗദ്ധിക വെല്ലുവിളിയായി കാണുന്നില്ല, വൈകാരിക തടസ്സമായാണ് കാണുന്നത്. അതിനാൽ അവയുടെ ആദ്യ ലക്ഷ്യം സങ്കീർണ്ണതയെ ലളിതമാക്കുകയാണ്.

ഈ ലളിതമാക്കൽ യാഥാർഥ്യത്തെ വ്യക്തമാക്കാനുള്ള ശ്രമമല്ല. യാഥാർഥ്യത്തിലെ വൈരുധ്യങ്ങളെ നീക്കംചെയ്ത് വൈകാരികമായി എളുപ്പത്തിൽ സ്വീകരിക്കാവുന്ന ലോകം നിർമ്മിക്കാനുള്ള ശ്രമമാണ്. കഥാപാത്രങ്ങൾ ധാർമ്മിക വിഭാഗങ്ങളായി വിഭജിക്കപ്പെടുന്നു; സാമൂഹിക സംഘർഷങ്ങൾ വ്യക്തിപരമായ ഗുണദോഷങ്ങളുടെ പ്രശ്നങ്ങളായി ചുരുക്കപ്പെടുന്നു; ചരിത്രപരമായ പ്രക്രിയകൾ ചില വ്യക്തികളുടെ തീരുമാനങ്ങളായി അവതരിപ്പിക്കപ്പെടുന്നു. ലോകത്തെ മനസ്സിലാക്കാനുള്ള അധ്വാനത്തിന് പകരം ലോകത്തെ വിലയിരുത്താനുള്ള സൗകര്യമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.

സങ്കീർണ്ണതാവിരുദ്ധത വൈരുധ്യങ്ങളെ സഹിക്കാൻ വിസമ്മതിക്കുന്നു. ഒരാൾക്ക് ഒരേസമയം ശരിയും തെറ്റും ആകാൻ കഴിയുമെന്നോ, ഒരു രാഷ്ട്രീയ നിലപാടിന് വിമോചനപരവും അടിച്ചമർത്തുന്നതുമായ ഘടകങ്ങൾ ഒരുമിച്ച് ഉണ്ടായിരിക്കാമെന്നോ, ഒരു ചരിത്രസംഭവം വ്യത്യസ്ത അനുഭവലോകങ്ങളിൽ വ്യത്യസ്ത അർത്ഥങ്ങൾ സൃഷ്ടിക്കാമെന്നോ അംഗീകരിക്കാൻ അത് തയ്യാറല്ല. അതിനുപകരം, ഓരോ വൈരുധ്യവും അന്തിമ നൈതിക വിധികല്പനയിലൂടെ അവസാനിപ്പിക്കപ്പെടുന്നു. അങ്ങനെ ലോകം മനസ്സിലാക്കേണ്ട യാഥാർഥ്യമല്ല, തിരിച്ചറിയേണ്ട ക്രമമായി മാറുന്നു.

ഇത് ഭാഷയുടെ ലാളിത്യവുമായി ചേർത്തുവെക്കേണ്ടതില്ല. ലളിതമായ ഭാഷയിൽ എഴുതപ്പെട്ട ഒരു കൃതിക്ക് അതീവ സങ്കീർണ്ണമായ അനുഭവലോകം സൃഷ്ടിക്കാൻ കഴിയും. അതുപോലെ, അതിസങ്കീർണ്ണമായ ഭാഷ ഉപയോഗിക്കുന്ന ഒരു കൃതിക്ക് ലോകത്തെ അതീവ ലളിതമായ നൈതിക വിഭാഗങ്ങളാക്കി ചുരുക്കാനും കഴിയും. അതിനാൽ സങ്കീർണ്ണതയുടെ പ്രശ്നം അവതരണരീതിയുടേതല്ല. ആഖ്യാനം യാഥാർഥ്യത്തോട് സ്ഥാപിക്കുന്ന ബന്ധത്തിന്റേതാണ്.

സങ്കീർണ്ണതാവിരുദ്ധത ഒടുവിൽ വായിക്കുന്നയാളുടെ അർത്ഥാനുഭവത്തെയും ബാധിക്കുന്നു. വൈരുധ്യങ്ങളെ പരിഗണിക്കേണ്ട ആവശ്യം ഇല്ലാതാകുമ്പോൾ അർത്ഥനിർണയം താരതമ്യത്തിന്റെ ഫലമല്ലാതാകുന്നു. മുൻകൂട്ടി നൽകിയ നൈതിക പ്രതികരണമായി മാറുന്നു. വായിക്കുന്നയാൾ ലോകത്തെ മനസ്സിലാക്കുന്നതിനുമുമ്പ് അതിനെ വിധിക്കുന്നു. ഈ അർത്ഥത്തിൽ സങ്കീർണ്ണതയുടെ ലഘൂകരണം യാഥാർഥ്യത്തെയല്ല, വായിക്കുന്നയാളുടെ ബൗദ്ധിക അനുഭവത്തെയാണ് ലളിതമാക്കുന്നത്. അതുകൊണ്ടുതന്നെ സങ്കീർണ്ണതാവിരുദ്ധത ബൗദ്ധികവിരുദ്ധതയുടെ ഏറ്റവും അടിസ്ഥാനപരമായ രൂപങ്ങളിലൊന്നായി കാണാം.

അനുഭവത്തെ അതിന്റെ തൽക്ഷണതയിൽ തന്നെ അന്തിമസത്യമായി ഉയർത്തുന്നതാണ് ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ മറ്റൊരു പ്രധാന രൂപം. സാഹിത്യത്തിന്റെ ആരംഭം അനുഭവത്തിലാണെന്നത് സംശയാതീതമാണ്. എന്നാൽ സാഹിത്യം അനുഭവത്തെ പുനരാവിഷ്കരിക്കുന്നതിൽ അവസാനിക്കുന്നില്ല; അതിനെ മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. അനുഭവത്തെ വ്യാഖ്യാനത്തിന്റെ ആരംഭബിന്ദുവിൽ നിന്ന് അന്തിമബിന്ദുവാക്കി മാറ്റുമ്പോഴാണ് ബൗദ്ധികവിരുദ്ധ ഭാവുകത്വം പ്രവർത്തിക്കുന്നത്.

ഇവിടെ അനുഭവത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നില്ല. ചോദ്യം ചെയ്യപ്പെടുന്നത് അനുഭവത്തിന്റെ സ്വയംപര്യാപ്തതയാണ്. ഒരു അനുഭവം അനുഭവിക്കപ്പെട്ടതുകൊണ്ട് മാത്രം അത് ലോകത്തെ വിശദീകരിക്കുകയില്ല. അത് എന്തുകൊണ്ടാണ് അങ്ങനെ രൂപപ്പെട്ടത്, അതിനുള്ളിൽ എന്തെല്ലാം ചരിത്രപരവും സാമൂഹികവും ഭാഷാപരവുമായ ശക്തികൾ പ്രവർത്തിക്കുന്നു, അതിന്റെ പരിധികൾ എന്തൊക്കെയാണ് എന്നീ ചോദ്യങ്ങളിലൂടെയാണ് അനുഭവം ബൗദ്ധികമായി വികസിക്കുന്നത്. ഈ ചോദ്യങ്ങൾ അപ്രസക്തമാകുമ്പോൾ അനുഭവം അറിവിലേക്കുള്ള വഴിയല്ല, അറിവിന് പകരമായി മാറുന്നു.

അനുഭവകേന്ദ്രീകൃത ഭാവുകത്വം വ്യക്തിപരമായ അനുഭവത്തെ അതിന്റെ സന്ദർഭങ്ങളിൽ നിന്ന് വേർപെടുത്തുന്നു. ചരിത്രം അനുഭവത്തിന്റെ പശ്ചാത്തലമായി ചുരുങ്ങുന്നു; സമൂഹം വ്യക്തിയുടെ വികാരങ്ങളുടെ വേദിയായി മാറുന്നു; അധികാരബന്ധങ്ങൾ സ്വകാര്യ സംഘർഷങ്ങളായി പുനർനിർമിക്കപ്പെടുന്നു. അനുഭവം അപ്പോൾ വിശാലമായ യാഥാർഥ്യത്തിലേക്കുള്ള ജാലകമല്ല, സ്വയം അടഞ്ഞ ഒരു ലോകമാണ്. വായിക്കുന്നയാൾ അനുഭവത്തിന്റെ തീവ്രത അനുഭവിക്കുന്നു. പക്ഷേ അതിനെ സാധ്യമാക്കിയ ലോകത്തെക്കുറിച്ച് ചിന്തിക്കാൻ സമ്മർദ്ദമുണ്ടാകുന്നില്ല.

ഇതിന്റെ ഏറ്റവും സൂക്ഷ്മമായ രൂപം അനുഭവത്തെ വിമർശനാതീതമാക്കുന്നതിലാണ്. ഒരു കഥാപാത്രത്തിന്റെ വേദന, അപമാനം, നഷ്ടം, സ്നേഹം, ഭയം എന്നിവ വായിക്കുന്നയാളിൽ വൈകാരിക പ്രതികരണം സൃഷ്ടിക്കുന്നു. എന്നാൽ ആ പ്രതികരണം അനുഭവത്തെ മനസ്സിലാക്കുന്നതിനു പകരം അനുഭവത്തെ സ്വയംസാധൂകരണമായി അംഗീകരിക്കുന്നിടത്ത് ഭാവുകത്വം ബൗദ്ധികവിരുദ്ധമായി പ്രവർത്തിക്കുന്നു. ഇവിടെ അനുഭവത്തോട് യോജിക്കുക എളുപ്പമാകുന്നു. അനുഭവത്തെ വിശദീകരിക്കുക അനാവശ്യമാകുന്നു.

ഈ വിമർശനം അനുഭവത്തിന്റെ സാഹിത്യപ്രാധാന്യത്തെ നിഷേധിക്കുകയല്ല. സാഹിത്യം മനുഷ്യാനുഭവത്തിന്റെ ഏറ്റവും സങ്കീർണ്ണമായ രൂപങ്ങളെ ഭാഷയിലേക്ക് കൊണ്ടുവരുന്നു. പക്ഷേ ആ അനുഭവങ്ങളുടെ മൂല്യം അവയുടെ വൈകാരിക തീവ്രതയിൽ മാത്രമല്ല, അവയിലൂടെ ലോകത്തെ പുതിയ രീതിയിൽ മനസ്സിലാക്കാനുള്ള സാധ്യതയിലാണ്. അനുഭവം സ്വയം അടഞ്ഞ ഒരു സത്യമായി മാറുന്നിടത്ത് ആ സാധ്യത ഇല്ലാതാകുന്നു.

അതിനാൽ അനുഭവകേന്ദ്രീകൃത ഭാവുകത്വം അനുഭവത്തെ ചരിത്രത്തിൽ നിന്നും സമൂഹത്തിൽ നിന്നും വ്യാഖ്യാനത്തിൽ നിന്നും വിമുക്തമാക്കുന്നു. വായിക്കുന്നയാൾ അപ്പോൾ അനുഭവത്തെ വിശ്വസിക്കുന്നു. പക്ഷേ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ ഏറ്റവും ഫലപ്രദമായ പ്രവർത്തനങ്ങളിലൊന്നാണ് ഇത്. കാരണം അത് ചിന്തയെ തടയുന്നില്ല, അനുഭവത്തിന്റെ തീവ്രതയിലൂടെ ചിന്തയുടെ ആവശ്യകതയെ തന്നെ മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്.

താദാത്മ്യത്തെ സാഹിത്യത്തിന്റെ അന്തിമലക്ഷ്യമായി ഉയർത്തുന്നതും ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിൽ കാണാം. സാഹിത്യം വായിക്കുന്നയാളെ മറ്റൊരാളുടെ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നുവെന്നത് അതിന്റെ അടിസ്ഥാനശേഷികളിലൊന്നാണ്. എന്നാൽ ഈ പ്രവേശനം മറ്റൊരു മനുഷ്യനെ മനസ്സിലാക്കാനുള്ള അവസരമാകുന്നതിനുപകരം, അയാളുടെ വികാരങ്ങളിൽ പങ്കുചേരുന്നതിൽ മാത്രം അവസാനിക്കുമ്പോൾ താദാത്മ്യം ബൗദ്ധികവിരുദ്ധ ഭാവുകത്വമായി പ്രവർത്തിക്കാൻ തുടങ്ങുന്നു.

താദാത്മ്യത്തിന്റെ പ്രശ്നം അതിന്റെ സാന്നിധ്യമല്ല, അതിന്റെ ആധിപത്യമാണ്. ഒരു കഥാപാത്രത്തിന്റെ വേദനയിൽ പങ്കുചേരുകയോ സന്തോഷത്തിൽ ആഹ്ലാദിക്കുകയോ ചെയ്യുന്നത് സാഹിത്യാനുഭവത്തിന്റെ സ്വാഭാവിക ഘടകമാണ്. എന്നാൽ ആ വികാരങ്ങൾ രൂപപ്പെട്ട സാമൂഹികവും ചരിത്രപരവും രാഷ്ട്രീയപരവുമായ സാഹചര്യങ്ങൾ അപ്രസക്തമാകുമ്പോൾ, വൈകാരിക പങ്കാളിത്തം മനസ്സിലാക്കലിനെ മാറ്റിസ്ഥാപിക്കുന്നു. വായിക്കുന്നയാൾ കഥാപാത്രത്തോടൊപ്പം അനുഭവിക്കുന്നു. പക്ഷേ കഥാപാത്രത്തെ രൂപപ്പെടുത്തിയ ലോകത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.

ഈ ബൗദ്ധികവിരുദ്ധ ഭാവുകത്വപ്രവണത വായിക്കുന്നയാളും കഥാപാത്രത്തിനുമിടയിലെ വിമർശനാത്മക അകലം ക്രമേണ ഇല്ലാതാക്കുന്നു. മറ്റൊരാളുടെ അനുഭവത്തെ മനസ്സിലാക്കാൻ ഈ അകലം അനിവാര്യമാണ്. കാരണം മനസ്സിലാക്കൽ എന്നത് മറ്റൊരാളായി മാറുകയല്ല; അയാളുടെ അനുഭവം സാധ്യമാക്കിയ സാഹചര്യങ്ങളെ തിരിച്ചറിയുകയാണ്. താദാത്മ്യം ഈ അകലം പൂർണമായി ഇല്ലാതാക്കുമ്പോൾ, കഥാപാത്രം ഒരു സാമൂഹിക യാഥാർഥ്യത്തിന്റെ ഭാഗമല്ലാതെ വായിക്കുന്നയാളുടെ വൈകാരിക സ്വത്വത്തിന്റെ ഭാഗമായിത്തീരുന്നു. ഇവിടെ അനുഭവം വികസിക്കുന്നില്ല; അത് ആത്മസ്ഥിരീകരണമായി മാറുന്നു.

താദാത്മ്യകേന്ദ്രീകൃത നില വ്യക്തിയെ ലോകത്തിന് പകരമാക്കുന്നു. കഥാപാത്രത്തിന്റെ ജീവിതം തന്നെ സമൂഹത്തിന്റെ വിശദീകരണമായി അവതരിപ്പിക്കപ്പെടുന്നു. വ്യക്തിപരമായ വേദന ചരിത്രത്തിന്റെ സ്ഥാനവും സ്വകാര്യ സംഘർഷം സാമൂഹിക വൈരുധ്യത്തിന്റെ സ്ഥാനവും കൈക്കൊള്ളുന്നു. ഈ സ്ഥാനമാറ്റത്തിലൂടെ സാമൂഹിക യാഥാർഥ്യത്തിന്റെ സങ്കീർണ്ണത അദൃശ്യമാകുകയും വൈകാരിക സാന്നിധ്യം മാത്രം ദൃശ്യമാവുകയും ചെയ്യുന്നു.

അതിനാൽ പ്രശ്നം താദാത്മ്യം സൃഷ്ടിക്കുന്നതിലല്ല; താദാത്മ്യത്തിൽ വായന അവസാനിക്കുന്നതിലാണ്. മികച്ച സാഹിത്യം വായിക്കുന്നയാളെ കഥാപാത്രത്തിലേക്ക് അടുപ്പിക്കുന്നു; എന്നാൽ അതേ സമയം കഥാപാത്രത്തിൽ നിന്ന് പുറത്തേക്കും നയിക്കുന്നു. വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്കും, വികാരത്തിൽ നിന്ന് ചരിത്രത്തിലേക്കും, അനുഭവത്തിൽ നിന്ന് അധികാരബന്ധങ്ങളിലേക്കും വായനയെ വികസിപ്പിക്കുന്നു. ബൗദ്ധികവിരുദ്ധ ഭാവുകത്വം ഈ ചലനത്തെ തടയുന്നു. കഥാപാത്രത്തെ മനസ്സിലാക്കുന്നതും ലോകത്തെ മനസ്സിലാക്കുന്നതും തമ്മിലുള്ള ബന്ധം വിച്ഛേദിച്ച് വൈകാരിക സംതൃപ്തിയെ തന്നെ വായനയുടെ അന്തിമഫലമാക്കി മാറ്റുന്നു.

ഈ അർത്ഥത്തിൽ താദാത്മ്യകേന്ദ്രീകൃതമാകൽ വായിക്കുന്നയാളുടെ വികാരങ്ങളെ സ്വയംപര്യാപ്തമാക്കുന്നു. വികാരങ്ങൾ പുതിയ ചോദ്യങ്ങളിലേക്ക് നയിക്കാതെ, ചോദ്യങ്ങളുടെ ആവശ്യകതയെ തന്നെ ഇല്ലാതാക്കുന്നു. ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ ഏറ്റവും സൂക്ഷ്മമായ രൂപങ്ങളിലൊന്നാണ് ഇത്. കാരണം അത് ചിന്തയെ നിഷേധിക്കുന്നില്ല. വികാരത്തിന്റെ പൂർണതയിലൂടെ ചിന്തയുടെ തുടർച്ചയെ അവസാനിപ്പിക്കുന്നു.

വായിക്കുന്നയാളുടെ മുൻധാരണകളെ സ്ഥിരീകരിക്കുന്ന പ്രവണതയാണ് മറ്റൊരു ലക്ഷണം. സാഹിത്യത്തിന്റെ ബൗദ്ധിക പ്രാധാന്യം വായിക്കുന്നയാൾക്ക് മുമ്പ് അറിയാത്ത വിവരങ്ങൾ നൽകുന്നതിൽ ഒതുങ്ങുന്നില്ല. ലോകത്തെക്കുറിച്ചുള്ള സ്വന്തം ഉറപ്പുകളെ പുനഃപരിശോധിക്കാൻ അയാളെ പ്രേരിപ്പിക്കുന്നതിലേക്ക് അത് വ്യാപിക്കുന്നു. ഈ സാധ്യത ഇല്ലാതാകുമ്പോൾ ഭാവുകത്വം അന്വേഷണത്തിന്റെ മാധ്യമമല്ലാതെ ആത്മസ്ഥിരീകരണത്തിന്റെ മാധ്യമമായി മാറുന്നു.

സ്ഥിരീകരണാത്മകത വായിക്കുന്നയാളെ അയാൾ ഇതിനകം വിശ്വസിച്ചിരുന്നതും അനുഭവിച്ചിരുന്നതും ശരിയായിരുന്നുവെന്ന ബോധമാണ് ശക്തിപ്പെടുത്തുന്നത്. ആഖ്യാനത്തിന്റെ പുരോഗതി ഒരു കണ്ടെത്തലിലേക്കല്ല, ഒരു തിരിച്ചറിയലിലേക്കാണ് നയിക്കുന്നത്. ഓരോ സംഭവവും ഓരോ കഥാപാത്രവും ഓരോ വൈകാരിക പ്രതികരണവും വായിക്കുന്നയാളുടെ നിലവിലുള്ള ലോകബോധത്തെ വീണ്ടും ഉറപ്പിക്കുന്ന രീതിയിലാണ് ക്രമീകരിക്കപ്പെടുന്നത്. വായനയ്ക്കുശേഷം പുതിയൊരു ചോദ്യം ജനിക്കുന്നില്ല. പകരം പഴയ ഉത്തരങ്ങൾ കൂടുതൽ ഉറപ്പിക്കപ്പെടുന്നു.

ഇത് ആശയപരമായ യോജിപ്പിന്റെ പ്രശ്നം മാത്രമല്ല. ഒരു കൃതിയോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ ബൗദ്ധികമായി പ്രസക്തമായ സാഹിത്യം യോജിപ്പിനുള്ളിലും അസ്വസ്ഥത സൃഷ്ടിക്കുന്നു. സ്വന്തം നിലപാടുകളെക്കുറിച്ച് വീണ്ടും ചിന്തിക്കാനും അവയുടെ പരിധികളെ തിരിച്ചറിയാനും അത് വായിക്കുന്നയാളെ നിർബന്ധിക്കുന്നു. സ്ഥിരീകരണാത്മകത ഈ അസ്വസ്ഥതയെ ഒഴിവാക്കുന്നു. യോജിപ്പ് തന്നെ വായനയുടെ അന്തിമലക്ഷ്യമായി മാറുന്നു.

ഈ പ്രവണതയുടെ ഫലം ലോകത്തെക്കുറിച്ചുള്ള ബോധം വികസിക്കാതിരിക്കുന്നതാണ്. വായിക്കുന്നയാൾ കൃതിയിൽ നിന്ന് വൈകാരിക സംതൃപ്തി നേടിയേക്കാം. പക്ഷേ ആ സംതൃപ്തി സ്വന്തം ബോധത്തിന്റെ പുനഃസംഘാടനത്തിലേക്ക് നയിക്കുന്നില്ല. പുതിയ അനുഭവങ്ങൾ പോലും നിലവിലുള്ള മാനസികഘടനകളിലേക്ക് ലയിച്ചുചേരുന്നു. സാഹിത്യം അപ്പോൾ വ്യത്യാസത്തെ അനുഭവിക്കാനുള്ള ഇടമല്ല. സ്വത്വബോധത്തെ വീണ്ടും ഉറപ്പിക്കുന്ന ഇടമായി മാറുന്നു.

സ്ഥിരീകരണാത്മകത യാഥാസ്ഥിതിക ആശയധാരകളുടെ മാത്രം സ്വഭാവമല്ല. പുരോഗമനപരമായ രാഷ്ട്രീയവാദങ്ങൾക്കും ഇതേ ഭാവുകത്വം സ്വീകരിക്കാൻ കഴിയും. വായിക്കുന്നയാളെ പുതിയ ചിന്തകളിലേക്ക് നയിക്കുന്നതിനുപകരം, മുമ്പേ അംഗീകരിച്ച രാഷ്ട്രീയ-ധാർമ്മിക നിലപാടുകളെ വീണ്ടും വൈകാരികമായി സാധൂകരിക്കുകയാണെങ്കിൽ, അത് ബൗദ്ധികമായി വിമോചനപരമായി പ്രവർത്തിക്കുന്നില്ല. ആശയത്തിന്റെ സ്വഭാവമല്ല ഇവിടെ നിർണായകം; ആ ആശയം വായിക്കുന്നയാളിൽ സൃഷ്ടിക്കുന്ന ഭാവുകത്വയുക്തിയാണ്.

സ്ഥിരീകരണാത്മകതയുടെ ഏറ്റവും വലിയ നേട്ടമായി മാറുന്നത് വായിക്കുന്നയാൾക്ക് മാറ്റത്തിന്റെ അനുഭവം നൽകിക്കൊണ്ട് മാറ്റത്തെ തന്നെ അസാധ്യമാക്കുന്നതിലാണ്. കൃതി വായിച്ചുതീർന്നപ്പോൾ അയാൾക്ക് ആഴത്തിൽ സ്പർശിക്കപ്പെട്ടുവെന്ന തോന്നലുണ്ടാകാം, എന്നാൽ ലോകത്തെക്കുറിച്ചുള്ള അയാളുടെ അടിസ്ഥാനബോധം വീണ്ടും ചോദ്യം ചെയ്യപ്പെടാതെയോ മാറ്റമില്ലാതെയോ തുടരുന്നു.

ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ ഏറ്റവും ആഴത്തിലുള്ള പ്രവർത്തനരീതി ഉറപ്പിന്റെ ഉത്പ്പാദനമാണെന്നു ഇവയിൽ നിന്നെല്ലാം വ്യക്തമാകുന്നു. പ്രശ്നം ഒരു കൃതി വ്യക്തമായ നിലപാടുകൾ സ്വീകരിക്കുന്നതല്ല. എല്ലാ സാഹിത്യകൃതികൾക്കും ഏതെങ്കിലും തരത്തിലുള്ള നൈതികവും സൗന്ദര്യപരവും രാഷ്ട്രീയപരവുമായ ദിശകളുണ്ടാകും. എന്നാൽ ബൗദ്ധികവിരുദ്ധ ഭാവുകത്വം ഈ ദിശകളെ അന്വേഷണത്തിന്റെ ഫലമായല്ല, മുൻകൂട്ടി അംഗീകരിക്കപ്പെടേണ്ട സത്യങ്ങളായാണ് അവതരിപ്പിക്കുന്നത്. വായനയുടെ അവസാനം വായിക്കുന്നയാൾ എത്തിച്ചേരേണ്ട നിഗമനം ആഖ്യാനത്തിനുള്ളിൽ തന്നെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.

ബൗദ്ധികവിരുദ്ധ ഭാവുകത്വം അനിശ്ചിതത്വത്തെ ഒരു ബൗദ്ധിക സാധ്യതയായി കാണുന്നില്ല. അത് അനിശ്ചിതത്വത്തെ പരിഹരിക്കേണ്ട പ്രശ്നമായി കാണുന്നു. അതുകൊണ്ട് എല്ലാ വൈരുധ്യങ്ങളും ഒടുവിൽ ഒരു അന്തിമവിധിയിലേക്ക് ചുരുക്കപ്പെടുന്നു. മനുഷ്യരുടെ സങ്കീർണ്ണത ധാർമ്മിക ഉറപ്പുകളായി, ചരിത്രത്തിന്റെ അനിശ്ചിതത്വം വ്യക്തമായ കാരണബന്ധങ്ങളായി, സാമൂഹിക സംഘർഷങ്ങൾ ലളിതമായ ന്യായ-അന്യായ വിഭജനങ്ങളായി രൂപാന്തരപ്പെടുന്നു. ലോകം ക്രമേണ വായിക്കേണ്ട യാഥാർഥ്യമല്ല, അംഗീകരിക്കേണ്ട ക്രമമായി മാറുന്നു.

നിശ്ചയാത്മകത വായിക്കുന്നയാൾക്ക് ബൗദ്ധിക സുരക്ഷിതത്വം നൽകുന്നു. ലോകത്തെക്കുറിച്ച് വിധിനിർണയം നടത്തുന്നതിനുമുമ്പ് അതിനെക്കുറിച്ച് ദീർഘമായി ചിന്തിക്കേണ്ട ആവശ്യമില്ലെന്ന തോന്നലാണ് അത് സൃഷ്ടിക്കുന്നത്. ഓരോ ചോദ്യത്തിനും മതിയായ ഉത്തരമുണ്ടെന്നും ഓരോ പ്രശ്നത്തിനും വ്യക്തമായ വിശദീകരണമുണ്ടെന്നും ഓരോ അനുഭവത്തിനും സ്വാഭാവികമായ അർത്ഥമുണ്ടെന്നും ആഖ്യാനം നിരന്തരം സൂചിപ്പിക്കുന്നു. അപ്പോൾ വായന ബൗദ്ധിക അന്വേഷണത്തിന്റെ അനുഭവമല്ല, ഉറപ്പിന്റെ അനുഭവമായി മാറുന്നു.

സാഹിത്യത്തിന്റെ ബൗദ്ധിക പ്രാധാന്യം ഉറപ്പുകൾ നൽകുന്നതിലല്ല. ഉറപ്പുകളുടെ പരിധികളെ വെളിപ്പെടുത്തുന്നതിലാണ്. മികച്ച സാഹിത്യം വായിക്കുന്നയാളെ അനിശ്ചിതത്വത്തിൽ ഉപേക്ഷിക്കുന്നില്ല; പക്ഷേ അനിശ്ചിതത്വത്തെ മറികടക്കാൻ ആവശ്യമായ ബൗദ്ധിക അധ്വാനം വായിക്കുന്നവരിൽ നിന്ന് ആവശ്യപ്പെടുന്നു. ബൗദ്ധികവിരുദ്ധ ഭാവുകത്വം ഈ അധ്വാനത്തെ ഒഴിവാക്കുന്നു. ചോദ്യങ്ങൾ നിലനിർത്തിക്കൊണ്ട് ഉത്തരങ്ങളിലേക്ക് നയിക്കുന്നതിനുപകരം, ഉത്തരങ്ങളെ സ്വാഭാവികമാക്കിക്കൊണ്ട് ചോദ്യങ്ങളുടെ ആവശ്യകതയെ ഇല്ലാതാക്കുന്നു.

അതിനാൽ ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ ലക്ഷണം സംശയത്തിന്റെ അഭാവമല്ല. സംശയത്തിന്റെ അകാലപരിഹാരമാണെന്നു പറയാം. വായിക്കുന്നയാൾ ലോകത്തെ മനസ്സിലാക്കിയെന്ന തോന്നലിലെത്തുന്ന നിമിഷം മുതൽ ലോകത്തെ വീണ്ടും വായിക്കേണ്ട ആവശ്യകത ഇല്ലാതാകുന്നു. ബൗദ്ധിക സ്വാതന്ത്ര്യത്തിന്റെ ഏറ്റവും സൂക്ഷ്മമായ ചുരുക്കൽ സംഭവിക്കുന്നത് ഈ ഉറപ്പിന്റെ അനുഭവത്തിലൂടെയാണ്.

ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ മറ്റൊരു പ്രധാന രൂപം അനുഭവങ്ങളെയും കഥാപാത്രങ്ങളെയും അവയെ രൂപപ്പെടുത്തിയ സന്ദർഭങ്ങളിൽ നിന്ന് വേർപെടുത്തുന്നതാണ്. ഒരു മനുഷ്യന്റെ ജീവിതം ഒരിക്കലും വ്യക്തിപരമായ അനുഭവങ്ങളുടെ മാത്രം ആകെത്തുകയല്ല. ചരിത്രം, സമൂഹം, ഭാഷ, അധികാരം, വർഗ്ഗം, ലിംഗം, സംസ്കാരം തുടങ്ങിയ അനേകം ബന്ധങ്ങളിലൂടെയാണ് ഓരോ അനുഭവവും രൂപംകൊള്ളുന്നത്. ഈ ബന്ധങ്ങളെ അദൃശ്യമാക്കി അനുഭവത്തെ സ്വയംപര്യാപ്തമായ യാഥാർഥ്യമായി അവതരിപ്പിക്കുന്നിടത്താണ് സന്ദർഭവിമുക്തമാകൽ പ്രവർത്തിക്കുന്നത്.

ഇവിടെ സന്ദർഭം ഇല്ലാതാകുന്നത് പശ്ചാത്തലവിവരങ്ങളുടെ അഭാവം കൊണ്ടല്ല. അനുഭവത്തെ വിശദീകരിക്കാൻ സന്ദർഭം അനാവശ്യമാണെന്ന തോന്നൽ സൃഷ്ടിക്കപ്പെടുന്നതിലൂടെയാണ് അത് സംഭവിക്കുന്നത്. ഒരു കഥാപാത്രത്തിന്റെ തീരുമാനങ്ങൾ ചരിത്രപരമായ സാഹചര്യങ്ങളുടെ ഫലമല്ലാതെ വ്യക്തിപരമായ സ്വഭാവത്തിന്റെ ഫലമായി അവതരിപ്പിക്കപ്പെടുന്നു. സാമൂഹിക സംഘർഷങ്ങൾ അധികാരബന്ധങ്ങളുടെ പ്രശ്നമല്ലാതെ വ്യക്തിബന്ധങ്ങളുടെ പ്രശ്നമായി മാറുന്നു. ചരിത്രപരമായി വിശദീകരിക്കേണ്ട യാഥാർഥ്യങ്ങൾ വൈകാരികമായി അനുഭവിക്കേണ്ട സംഭവങ്ങളായി മാത്രം അവശേഷിക്കുന്നു.

സന്ദർഭവിമുക്തമാകൽ ലോകത്തെ വ്യക്തികളുടെ കഥകളാക്കി ചുരുക്കുന്നു. വ്യക്തികളുടെ കഥകൾക്ക് പ്രാധാന്യമില്ല എന്നല്ല ഇതിന്റെ അർത്ഥം. മറിച്ച്, വ്യക്തികളെ അവരുടെ ലോകത്തിൽ നിന്ന് വേർപെടുത്തുമ്പോൾ ആ കഥകളുടെ ബൗദ്ധിക സാധ്യത ചുരുങ്ങുന്നു. ഒരു ജീവിതം മറ്റൊരു ജീവിതത്തിന്റെ പ്രതിനിധിയായി മാറുന്നില്ല; അത് സ്വയം അടഞ്ഞ ഒരു അനുഭവലോകമായി മാറുന്നു. വായിക്കുന്നയാൾ കഥാപാത്രത്തെ മനസ്സിലാക്കുന്നു എന്ന് കരുതാം; പക്ഷേ കഥാപാത്രത്തെ സാധ്യമാക്കിയ ചരിത്രത്തെയോ സമൂഹത്തെയോ മനസ്സിലാക്കുന്നില്ല.

ഈ ഭാവുകത്വ പ്രവണതയുടെ മറ്റൊരു ഫലം കാരണബന്ധങ്ങളുടെ ചുരുക്കലാണ്. സങ്കീർണ്ണമായ സാമൂഹിക പ്രക്രിയകൾ ഏതാനും വ്യക്തികളുടെ തീരുമാനങ്ങളായി ചുരുങ്ങുന്നു. ചരിത്രത്തിന്റെ ദീർഘമായ ചലനങ്ങൾ തൽക്ഷണ വികാരങ്ങളായി രൂപാന്തരപ്പെടുന്നു. അധികാരബന്ധങ്ങൾ മനോഭാവങ്ങളായി മാറുന്നു. ലോകം അപ്പോൾ പ്രക്രിയകളുടെ ലോകമല്ല; സംഭവങ്ങളുടെ ലോകമാണ്. വിശദീകരണം വിശകലനത്തിൽ നിന്ന് വിവരണത്തിലേക്ക് വഴിമാറുന്നു.

സന്ദർഭവിമുക്തമാകൽ ഒടുവിൽ വർത്തമാനകാലത്തെയും സ്വാഭാവികമാക്കുന്നു. ചരിത്രപരമായി രൂപപ്പെട്ട യാഥാർഥ്യങ്ങൾ അനിവാര്യമായ അവസ്ഥകളായി അനുഭവപ്പെടുന്നു. മറ്റൊരു ചരിത്രം സാധ്യമായിരുന്നുവോ, മറ്റൊരു സാമൂഹിക ക്രമം രൂപപ്പെടാമായിരുന്നുവോ, മറ്റൊരു ജീവിതസാധ്യത തുറക്കാമായിരുന്നുവോ എന്ന ചോദ്യങ്ങൾ ഉയരുന്നില്ല. അനുഭവം അതിന്റെ സന്ദർഭങ്ങളിൽ നിന്ന് വേർപെടുമ്പോൾ, സാധ്യതകളും അതോടൊപ്പം ഇല്ലാതാകുന്നു. അതുകൊണ്ടുതന്നെ സന്ദർഭവിമുക്തമാകൽ ഭൂതകാലത്തെ മാത്രം അദൃശ്യമാക്കുന്നില്ല; ഭാവിയുടെ സാങ്കൽപ്പികശേഷിയെയും പരിമിതപ്പെടുത്തുന്നു.

ബൗദ്ധികവിരുദ്ധ ഭാവുകത്വത്തെ സാഹിത്യത്തിലെ ഏതാനും ആഖ്യാനസങ്കേതങ്ങളുടെ സമാഹാരമായി മാത്രം കാണാൻ കഴിയില്ല. അത് ഒരു വിശാലമായ സാംസ്കാരിക യുക്തിയുടെ ഭാഗമാണ്. ഈ യുക്തി സാഹിത്യത്തെ മാത്രമല്ല, വായിക്കുന്നയാളുടെ പ്രതീക്ഷകളെയും വായനാശീലങ്ങളെയും സാഹിത്യത്തെ വിലയിരുത്തുന്ന മാനദണ്ഡങ്ങളെയും രൂപപ്പെടുത്തുന്നു. അതുകൊണ്ട് ബൗദ്ധികവിരുദ്ധ ഭാവുകത്വം ഒരു കൃതിയുടെ സ്വഭാവമായി ഒതുങ്ങുന്നില്ല. അത് സാഹിത്യവും വായിക്കുന്നയാളും തമ്മിലുള്ള ബന്ധത്തെ ക്രമീകരിക്കുന്ന സാംസ്കാരിക പ്രവണതയാകുന്നു.

ഈ ഭാവുകത്വ പ്രവണത വായനയെ ഒരു ബൗദ്ധിക സംഭവത്തിൽ നിന്ന് വൈകാരിക ഉപഭോഗമാക്കി മാറ്റുന്നു. ഒരു കൃതി വായിക്കുന്നയാളെ എത്ര ആഴത്തിൽ ചിന്തിപ്പിച്ചു എന്നതിനേക്കാൾ എത്ര വേഗത്തിൽ സ്വാധീനിച്ചു, എത്ര തീവ്രമായി സ്പർശിച്ചു, എത്ര ശക്തമായി താദാത്മ്യം സൃഷ്ടിച്ചു എന്നതിലൂടെയാണ് അതിന്റെ മൂല്യം നിർണയിക്കപ്പെടുന്നത്. അങ്ങനെ സാഹിത്യത്തിന്റെ ബൗദ്ധിക മൂല്യം ക്രമേണ വൈകാരിക തീവ്രതയുടെ അളവുകോലിലേക്ക് ചുരുങ്ങുന്നു. ചിന്തയുടെ ദൈർഘ്യത്തിന് പകരം പ്രതികരണത്തിന്റെ തൽക്ഷണതയ്ക്ക് പ്രാധാന്യം ലഭിക്കുന്നു.

ഇത് വായനയുടെ ഒരു പുതിയ സംസ്കാരവും സൃഷ്ടിക്കുന്നു. വ്യാഖ്യാനത്തിന് ക്ഷമ ആവശ്യമാണ്; സങ്കീർണ്ണതയ്ക്ക് സഹിഷ്ണുത ആവശ്യമാണ്; വിധിനിർണയത്തിന് താരതമ്യം ആവശ്യമാണ്. ബൗദ്ധികവിരുദ്ധ ഭാവുകത്വം ഈ ബൗദ്ധിക ശീലങ്ങളെ ക്രമേണ ദുർബലമാക്കുന്നു. വായന ഒരു അന്വേഷണപ്രക്രിയയല്ല, ഒരു സ്ഥിരീകരണപ്രക്രിയയാണെന്ന ധാരണ സ്വാഭാവികമാകുന്നു. സാഹിത്യം ലോകത്തെ പുതുതായി മനസ്സിലാക്കാനുള്ള അവസരമല്ലാതെ, ലോകത്തെക്കുറിച്ചുള്ള നമ്മുടെ നിലവിലുള്ള ബോധത്തെ വീണ്ടും അനുഭവിക്കാനുള്ള ഇടമായി മാറുന്നു.

ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫലം സാഹിത്യത്തിന്റെ സാംസ്കാരിക പങ്കാളിത്തം മാറുന്നതിലാണ്. സാഹിത്യം സമൂഹത്തിന് പുതിയ അനുഭവങ്ങളെയും പുതിയ ചിന്താരീതികളെയും പുതിയ സാധ്യതകളെയും തുറന്നുകൊടുക്കുന്ന മേഖലയാണ്. എന്നാൽ ബൗദ്ധികവിരുദ്ധ ഭാവുകത്വം ഈ സാധ്യതയെ പരിമിതപ്പെടുത്തുന്നു. പരിചിതമായ വികാരങ്ങൾ, പരിചിതമായ നൈതികത, പരിചിതമായ ലോകബോധം എന്നിവയുടെ നിരന്തര പുനരുത്പാദനമാണ് അതിന്റെ സാംസ്കാരിക യുക്തി. അതുകൊണ്ട് അത് വായിക്കുന്നയാളെ പുതിയ ലോകത്തിലേക്ക് നയിക്കുന്നില്ല. അയാൾ ഇതിനകം അധിവസിക്കുന്ന ലോകത്തെ കൂടുതൽ സ്വാഭാവികമായി അനുഭവിക്കാൻ സഹായിക്കുന്നു.

ഈ അർത്ഥത്തിൽ ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ ഏറ്റവും വലിയ നേട്ടമാകുന്നത് ചിന്തയെ നിരോധിക്കുന്നതിലല്ല; ചിന്തയെ അനാവശ്യമാക്കുന്നതിലാണ്. വായിക്കുന്നയാൾ സാഹിത്യം അനുഭവിക്കുന്നു, അതിൽ സ്വാധീനിക്കപ്പെടുന്നു, അതിലൂടെ വൈകാരികമായി പങ്കാളിയാകുന്നു. എന്നാൽ ഈ അനുഭവം ലോകത്തെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങളിലേക്കോ സ്വന്തം ഉറപ്പുകളുടെ പുനഃപരിശോധനയിലേക്കോ നയിക്കാതെ, ഇതിനകം നിലവിലുള്ള ബോധത്തെ കൂടുതൽ സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോൾ സാഹിത്യം ബൗദ്ധിക സ്വാതന്ത്ര്യത്തിന്റെ മേഖലയല്ല, ബൗദ്ധിക യാഥാസ്ഥിതികതയുടെ മേഖലയായി പ്രവർത്തിക്കാൻ തുടങ്ങുന്നു.

അതിനാൽ ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ പ്രശ്നം സാഹിത്യത്തിന്റെ മാത്രം പ്രശ്നമല്ല. അത് ഒരു സമൂഹത്തിന്റെ ബൗദ്ധിക സംസ്കാരത്തിന്റെ പ്രശ്നമാണ്. വായനയെ അന്വേഷണത്തിൽ നിന്ന് ഉപഭോഗത്തിലേക്കും, വ്യാഖ്യാനത്തിൽ നിന്ന് സ്ഥിരീകരണത്തിലേക്കും, സങ്കീർണ്ണതയിൽ നിന്ന് ഉറപ്പിലേക്കും നിരന്തരം നീക്കുന്ന ഒരു സംസ്കാരം, ഒടുവിൽ സാഹിത്യത്തിന്റെ ബൗദ്ധിക സാധ്യതകളെ തന്നെ ചുരുക്കുന്നു. ഈ സാഹചര്യത്തിൽ സാഹിത്യത്തിന്റെ ദൗത്യം പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; വായിക്കുന്നയാളുടെ ബൗദ്ധിക സ്വാതന്ത്ര്യം സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഒരു ഭാവുകത്വം സൃഷ്ടിക്കുന്നതിലും നിക്ഷിപ്തമാണ്.

ബൗദ്ധികവിരുദ്ധ ഭാവുകത്വം വ്യാപകമാകുന്നത് ചിന്തയുടെ അധ്വാനത്തിൽ നിന്ന് മോചനം വാഗ്ദാനം ചെയ്യുന്നതുകൊണ്ടാണ്. മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണത, ചരിത്രത്തിന്റെ വൈരുധ്യങ്ങൾ, സാമൂഹികബന്ധങ്ങളുടെ അനിശ്ചിതത്വം എന്നിവയെ നേരിടുക ബൗദ്ധികമായി കഠിനമായ പ്രക്രിയയാണ്. വ്യത്യസ്ത സാധ്യതകൾ പരിഗണിക്കണം, സ്വന്തം ഉറപ്പുകളെ താൽക്കാലികമായി മാറ്റിവെക്കണം, അപൂർണമായ അറിവിനുള്ളിൽ വിധിനിർണയം നടത്തണം. ബൗദ്ധികവിരുദ്ധ ഭാവുകത്വം ഈ അധ്വാനത്തെ ഒഴിവാക്കുന്ന വൈകാരിക കുറുക്കുവഴികൾ നിർമ്മിക്കുന്നു.

ബൗദ്ധികവിരുദ്ധ ഭാവുകത്വം വായിക്കുന്നയാൾക്ക് ഒരു പ്രത്യേക അനുഭവം നൽകുന്നു, ലോകം ഒടുവിൽ മനസ്സിലായെന്ന അനുഭവം. അനുഭവങ്ങൾക്ക് വ്യക്തമായ അർത്ഥമുണ്ട്, മനുഷ്യർക്ക് ഉറച്ച നൈതിക സ്ഥാനമുണ്ട്, ചരിത്രത്തിന് ലളിതമായ കാരണങ്ങളുണ്ട്, സ്വന്തം വികാരങ്ങൾ സത്യത്തിന്റെ വിശ്വസനീയമായ സൂചകങ്ങളാണ് എന്ന വിശ്വാസം വായനയെ എളുപ്പമാക്കുന്നു. ഈ എളുപ്പമാണ് അതിന്റെ ഏറ്റവും വലിയ സാംസ്കാരിക ബലം. ബൗദ്ധിക അധ്വാനം ആവശ്യപ്പെടാത്ത വായന എപ്പോഴും കൂടുതൽ സ്വാഭാവികമായി അനുഭവപ്പെടും.

ബൗദ്ധികവിരുദ്ധ ഭാവുകത്വം സാഹിത്യത്തിൽ മാത്രം ഒതുങ്ങുന്നില്ല. മാധ്യമങ്ങളിലും രാഷ്ട്രീയത്തിലും ജനപ്രിയ സംസ്കാരത്തിലും സാമൂഹ്യമാധ്യമങ്ങളിലും അത് സമാനമായ ഭാവുകത്വയുക്തികൾ സൃഷ്ടിക്കുന്നു. ഉടനടി തിരിച്ചറിയാവുന്ന വികാരങ്ങൾ, വ്യക്തമായ ധാർമ്മിക വിഭജനങ്ങൾ, തൽക്ഷണമായ വൈകാരിക പ്രതികരണങ്ങൾ, ലളിതമായ വിശദീകരണങ്ങൾ എന്നിവയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഈ വിശാലമായ സാംസ്കാരിക യുക്തിയുടെ ഭാഗമാണ്. സാഹിത്യം ഈ യുക്തിയെ പുനരുത്പാദിപ്പിക്കാനും അതിനെ പ്രതിരോധിക്കാനും കഴിവുള്ള ഒരു മേഖലയാണ്.

അതുകൊണ്ട് ബൗദ്ധികവിരുദ്ധ ഭാവുകത്വത്തെ വിമർശിക്കുന്നത് വികാരത്തെ വിമർശിക്കലല്ല. മനുഷ്യജീവിതത്തിൽ വികാരത്തിന്റെ സ്ഥാനത്തെ നിഷേധിക്കലുമല്ല. വികാരത്തെ ബൗദ്ധിക അന്വേഷണത്തിന്റെ അവസാനബിന്ദുവാക്കുന്ന സാംസ്കാരിക യുക്തിയെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. സാഹിത്യം വായിക്കുന്നയാളെ ആഴത്തിൽ സ്പർശിക്കുമ്പോഴും അതേ സമയം പുതിയ ചോദ്യങ്ങളിലേക്കും പുതിയ സംശയങ്ങളിലേക്കും പുതിയ വ്യാഖ്യാനങ്ങളിലേക്കും നയിക്കാൻ കഴിയണം. വൈകാരിക തീവ്രത ബൗദ്ധിക സ്വാതന്ത്ര്യത്തെ വികസിപ്പിക്കുമ്പോഴാണ് അത് വിമോചനപരമായ ഭാവുകത്വമായി മാറുന്നത്; അതിനെ പരിമിതപ്പെടുത്തുമ്പോഴാണ് അത് ബൗദ്ധികവിരുദ്ധ ഭാവുകത്വമായി പ്രവർത്തിക്കുന്നത്.

ബൗദ്ധികവിരുദ്ധ ഭാവുകത്വം സാഹിത്യത്തിന്റെ ആശയപരമായ ഉള്ളടക്കത്തെക്കുറിച്ചുള്ളതല്ല. അത് സാഹിത്യം വായനക്കാരനുമായി സ്ഥാപിക്കുന്ന ബന്ധത്തെക്കുറിച്ചുള്ളതാണ്. വ്യാഖ്യാനവിരുദ്ധത, സങ്കീർണ്ണതാവിരുദ്ധത, അനുഭവകേന്ദ്രീകരണവും താദാത്മ്യത്തിന്റെ ആധിപത്യവും, സ്ഥിരീകരണാത്മക പ്രവണതയും, സന്ദർഭവിമുക്തമാകലും, നിശ്ചയാത്മകതയും പരസ്പരം വേർപെട്ട പ്രതിഭാസങ്ങളല്ല. അവയെല്ലാം ചേർന്ന് വായിക്കുന്നയാളുടെ ബൗദ്ധിക സ്വാതന്ത്ര്യത്തെ ക്രമേണ പരിമിതപ്പെടുത്തുന്ന ഒരൊറ്റ ഭാവുകത്വയുക്തിയുടെ വ്യത്യസ്ത രൂപങ്ങളാണ്.

സാഹിത്യത്തിന്റെ ബൗദ്ധികതയെ അതിന്റെ വിഷയവസ്തുവിൽ നിന്നോ ആശയപരമായ നിലപാടിൽ നിന്നോ മാത്രം നിർണയിക്കാൻ കഴിയില്ല. പുരോഗമനപരമായ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ഒരു കൃതിക്കും ബൗദ്ധികവിരുദ്ധ ഭാവുകത്വം സൃഷ്ടിക്കാൻ കഴിയും. വ്യക്തമായ രാഷ്ട്രീയപ്രഖ്യാപനങ്ങളില്ലാത്ത ഒരു കൃതിക്ക് ബൗദ്ധികമായി വിമോചനപരമായി പ്രവർത്തിക്കാനും കഴിയും. നിർണായകമായ ചോദ്യം കൃതി എന്താണ് പറയുന്നത് എന്നതല്ല, അത് വായിക്കുന്നയാളെ എങ്ങനെ വായിപ്പിക്കുന്നു എന്നതാണ്.

അതുകൊണ്ട് സാഹിത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ബൗദ്ധിക ഉത്തരവാദിത്തം ശരിയായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതല്ല. വായിക്കുന്നയാളുടെ ബൗദ്ധിക സ്വാതന്ത്ര്യം വികസിപ്പിക്കുന്ന ഒരു ഭാവുകത്വം സൃഷ്ടിക്കുന്നതിലാണ്. ഒരു സാഹിത്യകൃതി പുതിയ അനുഭവങ്ങൾ നൽകുന്നതുകൊണ്ട് മാത്രം ബൗദ്ധികമാകുന്നില്ല; ആ അനുഭവങ്ങളെ പുതിയ ചോദ്യങ്ങളിലേക്കും പുതിയ വ്യാഖ്യാനങ്ങളിലേക്കും പുതിയ വിധിനിർണയങ്ങളിലേക്കും നയിക്കുമ്പോഴാണ് അത് ബൗദ്ധികമായി പ്രവർത്തിക്കുന്നത്.

ഒരു സാഹിത്യകൃതിയെ വിലയിരുത്തുമ്പോൾ ചോദിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ചോദ്യം അത് എന്താണ് പറയുന്നത് എന്നതിൽ ഒതുക്കേണ്ടതില്ല. അത് വായിക്കുന്നയാളുടെ ബൗദ്ധിക സ്വാതന്ത്ര്യത്തെ വികസിപ്പിക്കുന്നുണ്ടോ, അതോ പരിമിതപ്പെടുത്തുന്നുണ്ടോ എന്നതാണ്. ഈ ചോദ്യത്തെ സാഹിത്യഭാവുകത്വത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാതെ ബൗദ്ധികവിരുദ്ധതയെ മനസ്സിലാക്കാനും അതിനെ പ്രതിരോധിക്കാനും കഴിയില്ല.
___

(തിബാഖ് ജേണലിൽ ആദ്യം പ്രസിദ്ധീകരിച്ചു)