ഒരു സമൂഹം സാമൂഹിക സുരക്ഷയെ ‘അവകാശം’ എന്നു വിളിക്കുന്നതും ‘സൗജന്യം’ അഥവാ ‘ഫ്രീബി’ എന്നു വിളിക്കുന്നതും ഒരേ യാഥാർത്ഥ്യത്തെ വിവരിക്കുന്ന രണ്ട് രീതികളല്ല. അവ രണ്ടുതരം രാഷ്ട്രീയ യാഥാർത്ഥ്യങ്ങളാണ് നിർമ്മിക്കുന്നത്. വാർധക്യപെൻഷനെ ഉദാഹരണമായി എടുക്കാം. അതിനെ സാമൂഹിക സുരക്ഷയായി വിശേഷിപ്പിക്കുമ്പോൾ, ഒരു രാഷ്ട്രീയ സമൂഹം അതിലെ അംഗത്തോടുള്ള ബാധ്യത നിറവേറ്റുന്നു എന്ന അർത്ഥമാണ് ഉണ്ടാകുന്നത്. അതേ പെൻഷനെ ‘സൗജന്യം’ എന്നു വിളിക്കുമ്പോൾ, പൗരന് അവകാശപ്പെട്ടത് ഭരണകൂടം നൽകുന്ന ആനുകൂല്യമായി മാറുന്നു. ഇവിടെ പദ്ധതി മാറണമെന്നില്ല. തുക മാറണമെന്നില്ല. അത് ലഭിക്കുന്ന മനുഷ്യരും മാറണമെന്നില്ല. പ്രയോഗത്തിലെ മാറ്റത്താൽ മാറുന്നത് രാഷ്ട്രവും പൗരനും തമ്മിലുള്ള ബന്ധമാണ്.ഭാഷ യാഥാർത്ഥ്യത്തെ വിവരിക്കുക മാത്രമല്ല, അതിനെ വർഗ്ഗീകരിക്കുകയും അതിന്റെ നൈതികമൂല്യം നിർണ്ണയിക്കുകയും ചെയ്യുന്നു എന്ന പിയർ ബൂർദ്യൂവിന്റെയും മിഷേൽ ഫൂക്കോയുടെയും ഉൾക്കാഴ്ച ഇവിടെ പ്രസക്തമാണ്. എന്താണ് അവകാശം, എന്താണ് ഔദാര്യം, എന്താണ് നിക്ഷേപം, എന്താണ് പാഴ്‌ച്ചെലവ്, ആരാണ് അർഹൻ, ആരാണ് ആശ്രിതൻ എന്നിവയെല്ലാം സാമ്പത്തിക കണക്കുകൾകൊണ്ടു മാത്രം തീരുമാനിക്കപ്പെടുന്നില്ല. അവയെക്കുറിച്ച് നമ്മൾ ഉപയോഗിക്കുന്ന ഭാഷയും അവയുടെ അർത്ഥം നിർണ്ണയിക്കുന്നു. അതുകൊണ്ട് ‘സൗജന്യം’ ഒരു സാമ്പത്തിക വിഭാഗം മാത്രമല്ല; അതൊരു രാഷ്ട്രീയ വർഗ്ഗീകരണം കൂടിയാണ്.
ക്ഷേമത്തെക്കുറിച്ചുള്ള നമ്മുടെ ചർച്ചകൾ സാധാരണയായി പണത്തിൽ ആരംഭിച്ച് പണത്തിൽ അവസാനിക്കുന്നു. എത്ര ചെലവാകും? ധനകമ്മി കൂടുമോ? എത്രപേർക്ക് ആനുകൂല്യം ലഭിക്കും? ഈ ചോദ്യങ്ങൾ അപ്രസക്തമല്ല. പക്ഷേ അവയ്ക്കുമുമ്പ് മറ്റൊരു ചോദ്യം ഉന്നയിക്കേണ്ടതുണ്ട്: ക്ഷേമം യഥാർത്ഥത്തിൽ എന്താണ് ഉൽപ്പാദിപ്പിക്കുന്നത്? അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നം പണമല്ല. സാമൂഹിക അംഗത്വമാണ്.
ജനാധിപത്യത്തിൽ പൗരനായിരിക്കുക എന്നത് വോട്ടവകാശമുള്ള ഒരാളായിരിക്കുക മാത്രമല്ല. സാമൂഹികജീവിതത്തിൽ പങ്കെടുക്കാൻ കഴിയുക, പൊതുസ്ഥാപനങ്ങൾ ഉപയോഗിക്കാൻ കഴിയുക, അപമാനിക്കപ്പെടാതെ ജീവിക്കുക, സ്വന്തം ഭാവിയെക്കുറിച്ച് പദ്ധതിയിടാൻ കഴിയുക എന്നിവയും പൗരത്വത്തിന്റെ ഭാഗമാണ്. രോഗം, തൊഴിലില്ലായ്മ, വാർധക്യം, വൈകല്യം, ദാരിദ്ര്യം തുടങ്ങിയ ജീവിതസാഹചര്യങ്ങൾ ഒരാളെ സമൂഹത്തിൽനിന്ന് പുറത്താക്കാതിരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അവ പൗരത്വത്തിന്റെ ഭാഗമാകുന്നു.
നിയമത്തിനു മുന്നിൽ രണ്ടുപേർ തുല്യരായിരിക്കാം. എന്നാൽ ഒരാൾക്ക് ചികിത്സ ലഭിക്കുകയും മറ്റൊരാൾക്ക് വാങ്ങൽശേഷിയില്ലാത്തതിനാൽ ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ അവരുടെ പൗരത്വം പ്രായോഗികമായി തുല്യമല്ല. രണ്ട് കുട്ടികൾക്ക് ഒരേ നിയമപരമായ അവകാശങ്ങളുണ്ടായിരിക്കാം. പക്ഷേ ഒരാൾക്ക് മികച്ച വിദ്യാഭ്യാസവും മറ്റൊരാൾക്ക് വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം പോലുമില്ലെങ്കിൽ നിയമപരമായ സമത്വം സാമൂഹിക സമത്വമായി മാറുന്നില്ല.
ടി. എച്ച്. മാർഷൽ പൗരത്വത്തിന്റെ വികാസത്തെ നിയമപരമായ അവകാശങ്ങൾ, രാഷ്ട്രീയ അവകാശങ്ങൾ, സാമൂഹിക അവകാശങ്ങൾ എന്നിങ്ങനെ വിശദീകരിച്ചത് ഈ പ്രശ്നത്തിലേക്കാണ് വിരൽചൂണ്ടുന്നത്. സാമൂഹിക സാഹചര്യങ്ങൾ ഉറപ്പാക്കപ്പെടാത്തിടത്ത് നിയമപരവും രാഷ്ട്രീയവുമായ അവകാശങ്ങൾ വലിയൊരു വിഭാഗത്തിന് കടലാസിലെ വാഗ്ദാനങ്ങളായി തുടരാം. അതുകൊണ്ട് പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, പെൻഷൻ എന്നിവ ജനാധിപത്യത്തിനുപുറത്ത് ചേർത്തുവെച്ച ദാനധർമ്മങ്ങളല്ല. കോടതികളും തിരഞ്ഞെടുപ്പ് സംവിധാനവും പോലെ ജനാധിപത്യത്തെ പ്രവർത്തനക്ഷമമാക്കുന്ന അടിസ്ഥാനസൗകര്യങ്ങളാണ്.
ഒരു റോഡ് വികസനത്തെ ‘നിക്ഷേപം’ എന്നും ഒരു പൊതുജനാരോഗ്യ സ്ഥാപനത്തെ ‘ചെലവ്’ എന്നും സ്വാഭാവികമായി വിളിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് സാമ്പത്തികശാസ്ത്രം മാത്രമല്ല. മനുഷ്യജീവിതത്തിന്റെ ഏതൊക്കെ ആവശ്യങ്ങളെയാണ് സമൂഹം ഉൽപ്പാദകവും ന്യായവുമെന്നു കണക്കാക്കുന്നത് എന്ന രാഷ്ട്രീയബോധവും അതിനു പിന്നിലുണ്ട്.
പൗരനിൽനിന്ന് ഗുണഭോക്താവിലേക്ക്
അവകാശത്തിനും ആനുകൂല്യത്തിനും ഒരേ സാമ്പത്തിക രൂപമുണ്ടാകാം. രണ്ടും പണമായോ സേവനമായോ ലഭിക്കാം. വ്യത്യാസം അവ സ്ഥാപിക്കുന്ന ബന്ധത്തിലാണ്. ഒരേ തുക ഒരാൾക്ക് ശമ്പളമായും സമ്മാനമായും നഷ്ടപരിഹാരമായും പെൻഷനായും ലഭിക്കാം. സാമ്പത്തികമായി തുക ഒന്നുതന്നെ. സാമൂഹികമായി അവ നാല് വ്യത്യസ്ത ബന്ധങ്ങളാണ്.
അവകാശം സ്വീകരിക്കുന്നയാൾക്ക് മുമ്പേ ഉണ്ടായിരുന്ന ഒരു നൈതിക അവകാശവാദത്തിന്റെ അംഗീകാരമാണ്. അവിടെ നൽകുന്നവൻ ഔദാര്യം കാണിക്കുന്നില്ല; ബാധ്യത നിറവേറ്റുകയാണ്. ഒരു തൊഴിലാളി ശമ്പളം വാങ്ങുമ്പോൾ തൊഴിലുടമയോട് ദാനത്തിന് നന്ദി പറയുന്നില്ല. സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടി സർക്കാരിന്റെ ഔദാര്യം സ്വീകരിക്കുന്നവനുമല്ല. കാരണം അവിടെ സംഭവിക്കുന്നത് ദാനമല്ല; അവകാശത്തിന്റെ പ്രയോഗമാണ്.
ദാനം മറ്റൊരു ബന്ധമാണ് സൃഷ്ടിക്കുന്നത്. അവിടെ നൽകാൻ കഴിയുന്നവനും സ്വീകരിക്കേണ്ടിവരുന്നവനും ഉണ്ടാകുന്നു. അതിനോടൊപ്പം നന്ദി, കടപ്പാട്, വിശ്വസ്തത, പ്രത്യുപകാരം തുടങ്ങിയ നൈതികബന്ധങ്ങളും കടന്നുവരുന്നു. ക്ഷേമത്തെ ‘സൗജന്യം’ എന്നു വിളിക്കുന്നതിനെ ഗൗരവമായി കാണേണ്ടത് അതിനാലാണ്. അത് പൗരനെ അവകാശമുള്ള വ്യക്തിയിൽനിന്ന് ഭരണകൂടത്തിന്റെ ഗുണഭോക്താവാക്കി മാറ്റുന്നു.
‘ഗുണഭോക്താവ്’ എന്ന നിരുപദ്രവകരമായി തോന്നുന്ന പദത്തിൽപ്പോലും ഈ പരിവർത്തനമുണ്ട്. പൗരൻ ഒരു രാഷ്ട്രീയ സമൂഹത്തിന്റെ അംഗമാണ്; ഗുണഭോക്താവ് ഒരു പദ്ധതിയുടെ സ്വീകർത്താവാണ്. ആദ്യത്തെയാൾക്ക് അവകാശവാദം ഉന്നയിക്കാം. രണ്ടാമത്തെയാൾക്ക് ലഭിക്കുന്നത് ഭരണപരമായി അനുവദിക്കപ്പെട്ട നേട്ടമാണ്. ഈ പ്രക്രിയയെ പൗരത്വത്തിന്റെ ഗുണഭോക്തൃവത്ക്കരണം എന്നു വിളിക്കാം.
ലിബറലിസത്തിൻ്റെ ഭാഗമായ ഫ്രീബി രാഷ്ട്രീയത്തിന്റെ ഏറ്റവും ആഴത്തിലുള്ള പ്രവർത്തനം ക്ഷേമപദ്ധതികൾ ഇല്ലാതാക്കുന്നതിലല്ല. അവ നിലനിൽക്കുമ്പോൾത്തന്നെ പൗരനും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തിന്റെ അർത്ഥം മാറ്റുന്നതിലാണ്. അതിനാൽ നവലിബറലിസത്തെ രാഷ്ട്രത്തിന്റെ ഇടപെടലുകളിൽനിന്നുള്ള പിൻവാങ്ങലായി മാത്രം മനസ്സിലാക്കുന്നത് അപര്യാപ്തമാണ്. അതിന്റെ നിർണായകമായ പ്രവർത്തനം രാഷ്ട്രത്തിന്റെ ലക്ഷ്യവും മനുഷ്യനെക്കുറിച്ചുള്ള സങ്കൽപ്പവും മാറ്റുന്നതിലാണ്.
ക്ഷേമരാഷ്ട്രം രോഗം, തൊഴിലില്ലായ്മ, വാർധക്യം തുടങ്ങിയവയെ സമൂഹം കൂട്ടായി കൈകാര്യം ചെയ്യേണ്ട അപകടസാധ്യതകളായി കാണുന്നു. നവലിബറൽ യുക്തി അവയെ ക്രമേണ വ്യക്തിയുടെ ഉത്തരവാദിത്തങ്ങളാക്കി മാറ്റുന്നു. തൊഴിലില്ലായ്മ തൊഴിൽവിപണിയുടെ ഘടനാപരമായ പ്രശ്നത്തിൽനിന്ന് വ്യക്തിയുടെ നൈപുണ്യക്കുറവായി മാറുന്നു. വാർധക്യത്തിലെ അരക്ഷിതത്വം സാമൂഹികസുരക്ഷയുടെ പ്രശ്നത്തിൽനിന്ന് വ്യക്തിഗത സാമ്പത്തിക ആസൂത്രണത്തിന്റെ പരാജയമാകുന്നു. ദാരിദ്ര്യം വിഭവവിതരണത്തിലെ അസമത്വത്തിൽനിന്ന് തെറ്റായ വ്യക്തിഗത തിരഞ്ഞെടുപ്പുകളുടെ ഫലമായി വിശദീകരിക്കപ്പെടുന്നു.
ഫൂക്കോയുടെ ഭാഷയിൽ മനുഷ്യൻ തന്നെ ഒരു നിരന്തര സംരംഭമായി കൈകാര്യം ചെയ്യേണ്ടവനാകുന്നു. വിദ്യാഭ്യാസം അവകാശത്തിൽനിന്ന് വ്യക്തിഗത നിക്ഷേപമാകുന്നു. ആരോഗ്യം പൊതുബാധ്യതയിൽനിന്ന് സ്വന്തം ‘human capital’ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാകുന്നു. വെൻഡി ബ്രൗൺ ചൂണ്ടിക്കാണിക്കുന്നതുപോലെ, ഇതോടെ വിപണിയുടെ യുക്തി സമ്പദ്‌വ്യവസ്ഥയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നു.
ക്ഷേമം പൂർണമായി ഇല്ലാതാകണമെന്നില്ല. പക്ഷേ അതിന്റെ ന്യായീകരണം മാറുന്നു. നവലിബറൽ യുക്തിയിൽ വിദ്യാഭ്യാസം മനുഷ്യാവകാശമായതുകൊണ്ടല്ല, ഉൽപ്പാദനക്ഷമത കൂട്ടുന്നതുകൊണ്ട് പ്രധാനമാകുന്നു. പൊതുജനാരോഗ്യം മനുഷ്യന്റെ അന്തസ്സിന്റെ പ്രശ്നമായതുകൊണ്ടല്ല, കാര്യക്ഷമമായ തൊഴിൽശക്തി സൃഷ്ടിക്കുന്നതുകൊണ്ട് ആവശ്യമായി വരുന്നു. അങ്ങനെ മനുഷ്യന്റെ അന്തസ്സ് ലക്ഷ്യമായിരുന്നിടത്ത് മനുഷ്യൻ സാമ്പത്തിക വളർച്ചയുടെ ഉപാധിയായി മാറുന്നു.
ഇവിടെയാണ് ‘സൗജന്യം’ എന്ന ഭാഷ ജനാധിപത്യത്തിനു എതിരായി മാറുന്ന അന്തരീക്ഷം രൂപപ്പെടുന്നത്. ഒരു സാമൂഹിക അവകാശത്തെ ആദ്യം ചെലവായി പുനർനിർവചിക്കുക. തുടർന്ന് അതിനെ കാര്യക്ഷമതയുടെ മാനദണ്ഡത്തിൽ അളക്കുക. ഒടുവിൽ മതിയായ സാമ്പത്തിക തിരിച്ചുവരവില്ലാത്ത ചെലവിനെ ‘ഫ്രീബി’ എന്നു വിശേഷിപ്പിക്കുക. അങ്ങനെ ക്രമേണ അവകാശം സാമ്പത്തിക ബാധ്യതയായി വിവർത്തനം ചെയ്യപ്പെടുന്നു.
എല്ലാ വിതരണവും ക്ഷേമമല്ല
ക്ഷേമത്തെ ‘സൗജന്യം’ എന്ന നിലയിൽ പുനർനിർവചിക്കുന്ന നവലിബറൽ യുക്തിയെ വിമർശിക്കുമ്പോൾ, സർക്കാർ നൽകുന്നതെല്ലാം ക്ഷേമമാണെന്ന മറുവാദത്തിലേക്ക് പോകുന്നതും തെറ്റാണ്. ഒരു നയത്തിന്റെ രാഷ്ട്രീയസ്വഭാവം അത് സൗജന്യമാണോ എന്നതുകൊണ്ട് നിർണ്ണയിക്കാനാവില്ല. അത് ഏത് സാമൂഹികബന്ധത്തെയും അസമത്വത്തെയും അഭിസംബോധന ചെയ്യുന്നു എന്നതാണ് നിർണായകം.
ഇവിടെ വിതരണവും പുനർവിതരണവും വേർതിരിക്കേണ്ടതുണ്ട്. വിതരണം ഒരു വിഭവം ഒരു വിഭാഗത്തിലേക്ക് എത്തിക്കുന്നു. പുനർവിതരണം സമൂഹത്തിൽ മുമ്പേ നിലനിൽക്കുന്ന അസമത്വത്തെ തിരിച്ചറിഞ്ഞ് അതിൽ രാഷ്ട്രീയമായി ഇടപെടുന്നു. ആദ്യത്തേത് ഭരണത്തിന്റെ പ്രവർത്തനമായിരിക്കാം; രണ്ടാമത്തേത് നീതിയുടെ പ്രവർത്തനമാണ്.
ചരിത്രപരമായി വിദ്യാഭ്യാസത്തിൽനിന്ന് പുറന്തള്ളപ്പെട്ട വിഭാഗങ്ങൾക്ക് പ്രത്യേക സഹായം നൽകുന്നത് സാധാരണ വിതരണത്തേക്കാൾ വലിയ ജനാധിപത്യപ്രവർത്തനമാണ്. അവിടെ പണം മാത്രമല്ല വിതരണം ചെയ്യപ്പെടുന്നത്; ചരിത്രപരമായ അസമത്വം രാഷ്ട്രീയമായി അംഗീകരിക്കപ്പെടുകയുമാണ്. നാൻസി ഫ്രേസർ ചൂണ്ടിക്കാണിക്കുന്നതുപോലെ, നീതി വിഭവവിതരണത്തിന്റെ മാത്രം പ്രശ്നമല്ല. സാമ്പത്തികമായ പുനർവിതരണത്തോടൊപ്പം സാമൂഹിക അംഗീകാരത്തിന്റെ ചോദ്യവും അതിലുണ്ട്.
വാർധക്യപെൻഷനിലും ഈ നൈതികത കാണാം. വിപണി തൊഴിൽശേഷി കുറഞ്ഞ മനുഷ്യന്റെ സാമ്പത്തികമൂല്യം കുറയ്ക്കുന്നു. പെൻഷൻ ആ വിധിയെ സമൂഹം അംഗീകരിക്കുന്നില്ലെന്ന പ്രഖ്യാപനമാണ്. മനുഷ്യന്റെ മൂല്യം അവന്റെ ഇപ്പോഴത്തെ ഉൽപ്പാദനക്ഷമതയിൽ ഒതുങ്ങുന്നില്ല എന്നാണ് അത് പറയുന്നത്.
പ്രതിഫലം ലഭിക്കാത്ത ഗാർഹിക-പരിചരണവേലയുടെ കാര്യത്തിലും സമാനമായ പ്രശ്നമുണ്ട്. സമൂഹത്തിന്റെ നിലനിൽപ്പിന് അനിവാര്യമായ വലിയൊരു തൊഴിൽമേഖലയെ വിപണി സാമ്പത്തികമായി അദൃശ്യമാക്കുന്നു. അതിനെ അഭിസംബോധന ചെയ്യുന്ന സാമൂഹികസുരക്ഷാ പദ്ധതികളിൽ വിതരണം ചെയ്യപ്പെടുന്നത് പണം മാത്രമല്ല; അംഗീകാരവുമാണ്.
അതേസമയം എല്ലാ പൊതുസേവനങ്ങളും ചരിത്രപരമായ നഷ്ടപരിഹാരമാകണമെന്നില്ല. സൗജന്യ പൊതുഗതാഗതം, എല്ലാവർക്കുമുള്ള അടിയന്തര ആരോഗ്യസംരക്ഷണം, സൗജന്യ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയവ സാർവത്രിക പൗരത്വം വികസിപ്പിക്കുന്ന സേവനങ്ങളാകാം.
അമർത്യ സെന്നും മാർത്ത നുസ്ബോമും വികസിപ്പിച്ച ശേഷിസമീപനം (Capability Approach) ഇവിടെ മറ്റൊരു പ്രധാന മാനദണ്ഡം നൽകുന്നു. മനുഷ്യർക്ക് എന്ത് ലഭിക്കുന്നു എന്നതുമാത്രമല്ല, അതിലൂടെ അവർക്ക് എന്തു ചെയ്യാനും എന്തായിത്തീരാനും കഴിയുന്നു എന്നതാണ് പ്രധാനം.
അതിനാൽ ഒരു നയത്തെ വിലയിരുത്തുമ്പോൾ മൂന്ന് ചോദ്യങ്ങൾ ചോദിക്കാം: അത് ഒരു ഘടനാപരമായ അസമത്വത്തെ തിരുത്തുന്നുണ്ടോ? ഒരു സാർവത്രിക പൗരാവകാശത്തെ വികസിപ്പിക്കുന്നുണ്ടോ? അതോ രാഷ്ട്രീയ പിന്തുണയ്ക്കായി വിതരണം ചെയ്യുന്ന താൽക്കാലിക ഉപഭോഗ ആനുകൂല്യം മാത്രമാണോ?
ഈ വ്യത്യാസങ്ങളെല്ലാം ഇല്ലാതാക്കി സർക്കാർ നൽകുന്നതെല്ലാം ‘സൗജന്യം’ എന്ന ഒരൊറ്റ വിഭാഗത്തിലാക്കുന്നതാണ് ഫ്രീബി രാഷ്ട്രീയത്തിന്റെ പ്രധാന തന്ത്രങ്ങളിലൊന്ന്.
ആരുടെ സൗജന്യം?
ഫ്രീബി രാഷ്ട്രീയത്തിന്റെ അസമത്വബോധം അത് എന്തിനെ ‘ഫ്രീബി’ എന്നു വിളിക്കുന്നു എന്നതിൽ ഒതുങ്ങുന്നില്ല. എന്തിനെ അങ്ങനെ വിളിക്കുന്നില്ല എന്നതും പ്രധാനമാണ്. പെൻഷൻ, ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ്, സ്കോളർഷിപ്പ്, സൗജന്യയാത്ര തുടങ്ങിയവ വളരെ എളുപ്പത്തിൽ സൗജന്യങ്ങളുടെ പട്ടികയിൽ വരുന്നു. എന്നാൽ കോർപ്പറേറ്റ് നികുതിയിളവുകൾ, വ്യവസായങ്ങൾക്ക് നൽകുന്ന ഭൂമി, അടിസ്ഥാനസൗകര്യ പിന്തുണ, ഉത്പ്പാദന പ്രോത്സാഹനങ്ങൾ, കയറ്റുമതി ആനുകൂല്യങ്ങൾ, ബാങ്കുകളുടെ പുനർമൂലധനവൽക്കരണം തുടങ്ങിയവ സാധാരണയായി ‘സൗജന്യം’ എന്നു വിശേഷിപ്പിക്കപ്പെടുന്നില്ല.
അവയ്ക്കുള്ള സാമ്പത്തിക ന്യായീകരണങ്ങൾ ഉണ്ടായേക്കാം. അതുപോലെ ക്ഷേമപദ്ധതികൾക്കും ന്യായീകരണങ്ങളുണ്ടാകാം. ഇവിടെ ചോദ്യം അവ ശരിയോ തെറ്റോ എന്നതല്ല. ഒരേ പൊതുവിഭവ വിനിയോഗത്തിന് എന്തുകൊണ്ട് രണ്ട് വ്യത്യസ്ത നൈതിക ഭാഷകൾ ഉപയോഗിക്കുന്നു എന്നതാണ്. മൂലധനത്തിന് നൽകുന്ന പിന്തുണ ‘പ്രോത്സാഹനം’, ‘നിക്ഷേപം’, ‘പരിഷ്കാരം’ എന്നൊക്കെ വിളിക്കപ്പെടുമ്പോൾ താഴെത്തട്ടിലേക്കുള്ള പുനർവിതരണം ‘സൗജന്യം’ ആകുന്നു.
ഒരു ബഹുരാഷ്ട്ര കമ്പനിക്ക് നൽകുന്ന നികുതിയിളവും ഒരു വയോധികന് നൽകുന്ന പെൻഷനും വ്യത്യസ്ത ലക്ഷ്യങ്ങളുള്ള നയങ്ങളാണ്. എന്നാൽ രണ്ടിലും പൊതുവിഭവത്തിന്റെ രാഷ്ട്രീയ വിനിയോഗമുണ്ട്. ഒന്നിനെ സ്വാഭാവികമായ സാമ്പത്തികനയമായും മറ്റൊന്നിനെ സംശയാസ്പദമായ ഔദാര്യമായും മുൻകൂട്ടി വർഗ്ഗീകരിക്കുന്നിടത്താണ് പ്രശ്നം.
നാളെ മുതൽ കോർപ്പറേറ്റ് നികുതിയിളവുകളെ ഔദ്യോഗികമായി ‘കോർപ്പറേറ്റ് ഫ്രീബികൾ’ എന്നു വിളിച്ചാൽ സാമ്പത്തിക വസ്തുതകൾ മാറില്ല. കമ്പനികൾക്ക് നികുതിയിളവ് നൽകുന്നതിന്റെ സാമ്പത്തിക വാദങ്ങളും അതേപടി നിലനിൽക്കും. പക്ഷേ ചർച്ചയുടെ നൈതികസ്വഭാവം മാറും. ‘നിക്ഷേപം ആകർഷിക്കാനുള്ള പ്രോത്സാഹനം’ എന്നതിനുപകരം ‘കോർപ്പറേറ്റുകൾക്ക് നൽകുന്ന സൗജന്യം’ എന്നു പറയുമ്പോൾ അതിനെ ന്യായീകരിക്കേണ്ട രാഷ്ട്രീയ ബാധ്യത വർധിക്കും. അതാണ് പദപ്രയോഗത്തിന്റെ ശക്തി.
അതുകൊണ്ട് ഫ്രീബി രാഷ്ട്രീയം പൊതുചെലവിനെ പൊതുവായി എതിർക്കുന്നില്ല. ആർക്കുവേണ്ടിയുള്ള പൊതുചെലവാണ് സംശയാസ്പദമാക്കപ്പെടുന്നത് എന്നതിലാണ് അതിന്റെ വർഗ്ഗരാഷ്ട്രീയം. ഈ തിരിച്ചറിവ് ചോദ്യം തന്നെ മാറ്റുന്നു. ‘സംസ്ഥാനം എത്ര ചെലവഴിക്കുന്നു?’ എന്നതിനു പകരം ‘സംസ്ഥാനം ആരിലേക്കാണ് വിഭവങ്ങൾ നീക്കിവെക്കുന്നത്, എന്തിനുവേണ്ടിയാണ്?’ എന്നു ചോദിക്കേണ്ടിവരുന്നു. ഓരോ ബജറ്റും ഈ അർത്ഥത്തിൽ സമൂഹത്തിന്റെ നൈതിക ഭൂപടമാണ്.
ക്ഷേമത്തെ തിരിച്ചറിയാനുള്ള മാനദണ്ഡം
സർക്കാർ നൽകുന്നതെല്ലാം ക്ഷേമമല്ലെങ്കിൽ, ഒരു നയത്തെ എങ്ങനെ തിരിച്ചറിയാം? ഒരു അടിസ്ഥാനചോദ്യം മതി: ആ നയം ഏത് സാമൂഹിക വൈരുദ്ധ്യത്തെയാണ് രാഷ്ട്രീയമായി അഭിസംബോധന ചെയ്യുന്നത്?
തൊഴിലുറപ്പ് പദ്ധതി വെറും തൊഴിൽ വിതരണം ചെയ്യുന്നതല്ല. തൊഴിൽ സൃഷ്ടിക്കാൻ വിപണി പരാജയപ്പെടുമ്പോൾ ജീവനോപാധിയെ പൂർണമായും വിപണിയുടെ വിധിക്ക് വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനമാണ്. ഭക്ഷ്യസുരക്ഷ അരിവിതരണം മാത്രമല്ല. പട്ടിണിയെ വാങ്ങൽശേഷിയുടെ പ്രശ്നമായി മാത്രം കാണാൻ വിസമ്മതിക്കുന്ന രാഷ്ട്രീയ തീരുമാനമാണ്. പൊതുവിദ്യാഭ്യാസം സ്കൂളുകളുടെ ശൃംഖല മാത്രമല്ല. അറിവിലേക്കുള്ള പ്രവേശനം കുടുംബത്തിന്റെ വരുമാനം തീരുമാനിക്കരുതെന്ന ജനാധിപത്യ നിലപാടാണ്.
അതേസമയം തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഒരു ഉപഭോക്തൃവസ്തു സൗജന്യമായി വിതരണം ചെയ്യുന്നത് ജനങ്ങൾക്ക് പ്രയോജനകരമായിരിക്കാം. പക്ഷേ അതുകൊണ്ടുമാത്രം അത് ക്ഷേമമാകുന്നില്ല. അത് ഏത് ഘടനാപരമായ അനീതിയെ തിരുത്തുന്നു? ഏത് പൗരാവകാശത്തെ വികസിപ്പിക്കുന്നു? ഏത് സാമൂഹിക അപകടസാധ്യതയെ കൂട്ടുത്തരവാദിത്തമാക്കുന്നു? ഈ ചോദ്യങ്ങൾക്ക് മറുപടിയില്ലെങ്കിൽ അത് ഒരു പൊതുചെലവോ ജനപ്രിയ പദ്ധതിയോ തിരഞ്ഞെടുപ്പ് വാഗ്ദാനമോ ആയിരിക്കാം. പക്ഷേ അതിനെ ക്ഷേമരാഷ്ട്രത്തിന്റെ അടിസ്ഥാനനീതിയിൽ ന്യായീകരിക്കാൻ കഴിയില്ല.
ഇവിടെയാണ് ക്ഷേമവും ജനപ്രിയ രാഷ്ട്രീയതന്ത്രവും വേർപിരിയുന്നത്. ജനപ്രിയ രാഷ്ട്രീയം വിഭവവിതരണത്തിലൂടെ രാഷ്ട്രീയ പിന്തുണ സൃഷ്ടിക്കാൻ ശ്രമിക്കാം. ക്ഷേമം വിഭവങ്ങളുടെ പുനർവിതരണത്തിലൂടെ സാമൂഹിക അംഗത്വവും തുല്യതയും ഉറപ്പാക്കാൻ ശ്രമിക്കുന്നു. പുറമേ ഒരേ സാമ്പത്തിക രൂപം സ്വീകരിച്ചാലും അവയുടെ രാഷ്ട്രീയ യുക്തി വ്യത്യസ്തമാണ്. അതുകൊണ്ട് ക്ഷേമത്തെ സംരക്ഷിക്കാൻ എല്ലാ സർക്കാർ ആനുകൂല്യങ്ങളെയും ന്യായീകരിക്കേണ്ട ആവശ്യമില്ല. മറിച്ച് അവ തമ്മിലുള്ള രാഷ്ട്രീയവും നൈതികവുമായ വ്യത്യാസങ്ങൾ കൂടുതൽ കൃത്യമായി സ്ഥാപിക്കുകയാണ് വേണ്ടത്.
ജനാധിപത്യം എന്തിനാണ്?
ഫ്രീബിയെക്കുറിച്ചുള്ള തർക്കം പൊതുചെലവിനെക്കുറിച്ചുള്ള തർക്കം മാത്രമല്ല. ജനാധിപത്യം എന്തിനുവേണ്ടിയാണ് എന്നതിനെക്കുറിച്ചുള്ള തർക്കമാണ്. ജനാധിപത്യത്തെ തിരഞ്ഞെടുപ്പ്, നിയമവാഴ്ച, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ നടപടിക്രമങ്ങളായി മാത്രം കാണുന്നുവെങ്കിൽ ക്ഷേമം അതിനോടു ചേർത്തുവെക്കാവുന്ന അധികസൗകര്യമായി തോന്നാം. വിപണി സാധാരണഗതിയിൽ പ്രവർത്തിക്കും; അതിൽ പരാജയപ്പെടുന്ന ചിലരെ സർക്കാർ സഹായിക്കും.
എന്നാൽ ജനാധിപത്യത്തെ മനുഷ്യർ പരസ്പരം തുല്യരായി ജീവിക്കേണ്ട സാമൂഹികബന്ധമായി കാണുമ്പോൾ ക്ഷേമത്തിന്റെ സ്ഥാനം മാറുന്നു. നിയമപരമായ സ്വാതന്ത്ര്യം യഥാർത്ഥത്തിൽ പ്രയോഗിക്കാൻ ആവശ്യമായ സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതും ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമാകുന്നു.
ഇന്ത്യൻ ഭരണഘടനയുടെ സാമൂഹികനീതിദർശനം ഈ രണ്ടാമത്തെ സങ്കൽപ്പത്തോടാണ് കൂടുതൽ അടുത്തുനിൽക്കുന്നത്. ഭരണഘടനയുടെ ആമുഖത്തിലെ നീതിയും സമത്വവും, രാജ്യത്തിന്റെ നയനിർദ്ദേശക തത്വങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പൊതുസഹായം, പോഷകാഹാരം തുടങ്ങിയ ലക്ഷ്യങ്ങളും രാഷ്ട്രത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തെ അംഗീകരിക്കുന്നു.
അംബേദ്കർ രാഷ്ട്രീയ ജനാധിപത്യവും സാമൂഹിക ജനാധിപത്യവും തമ്മിലുള്ള വിടവിനെക്കുറിച്ച് നൽകിയ മുന്നറിയിപ്പും ഇവിടെ പ്രസക്തമാണ്. നിയമപരമായി തുല്യരായ മനുഷ്യർ സാമൂഹികമായി അതിതീവ്രമായ അസമത്വത്തിൽ ജീവിക്കുന്നുവെങ്കിൽ രാഷ്ട്രീയസമത്വത്തിന് ദീർഘകാലം സ്വയം നിലനിർത്താനാവില്ല. അതുകൊണ്ട് ക്ഷേമത്തിന്റെ ലക്ഷ്യം മനുഷ്യരെ വിപണിയിൽനിന്ന് പൂർണമായി പുറത്തെടുക്കുകയല്ല. മനുഷ്യന്റെ മൂല്യം വിപണിയുടെ മൂല്യനിർണ്ണയത്തിന് പൂർണമായി വിധേയമാകാതിരിക്കാൻ ആവശ്യമായ സ്ഥാപനങ്ങൾ സൃഷ്ടിക്കുകയാണ്.
പെൻഷൻ പറയുന്നത് ഒരു മനുഷ്യന്റെ മൂല്യം അവന്റെ ഇപ്പോഴത്തെ ഉൽപ്പാദനക്ഷമതയല്ല എന്നാണ്. പൊതുജനാരോഗ്യം പറയുന്നത് ജീവിക്കാനുള്ള സാധ്യത വാങ്ങൽശേഷി മാത്രം തീരുമാനിക്കരുതെന്നാണ്. പൊതുവിദ്യാഭ്യാസം പറയുന്നത് അറിവ് ഒരു ചരക്ക് മാത്രമല്ല എന്നാണ്. ഇവ സാമ്പത്തികനയങ്ങൾ മാത്രമല്ല. മനുഷ്യനെക്കുറിച്ചുള്ള രാഷ്ട്രീയ നിലപാടുകളാണ്.
ഈ സ്ഥാപനങ്ങളെ ‘സൗജന്യം’ എന്നു വിളിക്കുമ്പോൾ ഇല്ലാതാകുന്നത് സാമ്പത്തികമായ ഒരു വ്യത്യാസം മാത്രമല്ല; അവയുടെ രാഷ്ട്രീയ അർത്ഥമാണ്. അവകാശം ആനുകൂല്യമായി മാറുന്നു. പൗരൻ ഗുണഭോക്താവായി മാറുന്നു. സാമൂഹിക ഉത്തരവാദിത്തം സാമ്പത്തിക ബാധ്യതയായി മാറുന്നു. നീതി ചെലവായി മാറുന്നു. ഈ മൊഴിമാറ്റത്തിലാണ് ഫ്രീബി രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം.
അതുകൊണ്ട് ക്ഷേമത്തെക്കുറിച്ചുള്ള നിർണായകമായ ചോദ്യം സർക്കാർ ജനങ്ങൾക്ക് എത്ര കൊടുക്കുന്നു എന്നതല്ല. ആ നൽകലിലൂടെ എന്തുതരം പൗരനെയാണ്, എന്തുതരം സാമൂഹികബന്ധത്തെയാണ്, എന്തുതരം ജനാധിപത്യത്തെയാണ് നിർമ്മിക്കുന്നത് എന്നതാണ്.
വിപണി മനുഷ്യനെ അവന്റെ വിനിമയശേഷിയുടെ അടിസ്ഥാനത്തിൽ ഉൾക്കൊള്ളുന്നു. വാങ്ങാനും വിൽക്കാനും ഉൽപ്പാദിപ്പിക്കാനും കഴിയുന്നിടത്തോളം അയാൾ അതിന്റെ ഭാഗമാണ്. ജനാധിപത്യ ക്ഷേമരാഷ്ട്രത്തിന്റെ വാഗ്ദാനം മറ്റൊന്നാണ്: ഒരാളുടെ സാമൂഹിക അംഗത്വം അയാളുടെ വിപണിമൂല്യത്തെ ആശ്രയിച്ചിരിക്കില്ല.
ക്ഷേമത്തിന്റെ അന്തിമലക്ഷ്യം വിഭവവിതരണമല്ല. ആരെയും സമൂഹത്തിന് പുറത്തുള്ളവനാക്കി മാറ്റാതിരിക്കുക എന്നതാണ്. അവിടെയാണ് ക്ഷേമത്തിന്റെ രാഷ്ട്രീയം പൗരത്വത്തിന്റെ രാഷ്ട്രീയമായി മാറുന്നത്.
(മൂല്യശ്രുതി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ സംക്ഷിപ്തരൂപം)
.jpg)