
പലപ്പോഴും ഒരു പ്രത്യേക കാലത്ത് പ്രബലമാകുന്ന രാഷ്ട്രീയധാരണകളെ പ്രചരിപ്പിക്കാൻ കവിതയെഴുതുമ്പോൾ ആ ആശയങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നതിനേക്കാൾ, അത്തരം കവിതകൾക്ക് ആ ആശയങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയിൽ ഒരു പങ്ക് കൈപ്പറ്റാൻ മാത്രമാണ് സാധിക്കാറുള്ളത്. കവിത ഒരു ജനപ്രിയകല അല്ലാതിരിക്കുന്ന കാലത്തോളം ഇതിനാണ് സാധ്യത കൂടുതൽ.
കവിത ആ കലയായി തന്നെ നിർവ്വഹിക്കുന്ന രാഷ്ട്രീയദൗത്യങ്ങളുണ്ട്, എന്നാൽ പൂർണ്ണമായും ഒരു രാഷ്ട്രീയായുധമെന്ന നിലയിൽ പ്രയോഗിക്കുമ്പോൾ കവിത അതിന്റെ ഉദ്ദേശം നിറവേറ്റാനുള്ള സാധ്യത വളരെ കുറവാണ്. മറ്റൊരാളെ ശരി-തെറ്റുകൾ ബോധ്യപ്പെടുത്താനും, പറഞ്ഞു മനസ്സിലാക്കിപ്പിക്കാനും ഉപയോഗിക്കാവുന്ന ഫലപ്രദമായ ആശയവിനിമയോപാധിയല്ല കവിത. ഗദ്യമാണു ഇക്കാര്യത്തിൽ ഗുണം ചെയ്യുക. ശരിയാണ്, വേണമെങ്കിൽ വിശദീകരണങ്ങൾ നൽകാനും ആശയങ്ങൾ പ്രചരിപ്പിക്കാനും തർക്കിക്കാനും നമുക്ക് കവിത ഉപയോഗിക്കാം. എന്നിരുന്നാലും ആത്യന്തികമായി കവിത, ഭാഷയുടെയും ഭാവനയുടെയും സാധ്യതകൾ തേടുന്ന കലയായി നിലകൊള്ളും.
ഒരു കവിയെ സംബന്ധിച്ചിടത്തോളം അയാളുടെ മികവ് ഭാഷയിലും ഭാവനയിലുമായിരിക്കും. ഇക്കാരണത്താൽ കെട്ടകാലങ്ങളിൽ അയാൾക്കൊരു കർത്തവ്യം നിർവ്വഹിക്കാനുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് എഴുതിയ ലേഖനത്തിൽ വാലസ് സ്റ്റീവൻസ് പറയുന്നു: ദുഷിച്ചകാലങ്ങളിൽ നാം നേരിടുന്ന സമ്മർദ്ദങ്ങളിൽ, ദുരിതങ്ങളിൽപ്പെട്ട് മാനവികതയുടെ അടിസ്ഥാനങ്ങളായി കരുതാവുന്ന മനുഷത്വം, സ്നേഹം, ഭാവന എന്നിവയെല്ലാം നഷ്ടമാകാനിടയുണ്ട്. മറ്റു ഭാഷാസങ്കേതങ്ങളെ പരിഗണിക്കുമ്പോൾ കവിതയോളം ഭാവനയെ സംരക്ഷിക്കാൻ ഉതകുന്നൊരു മാധ്യമം ഇല്ല. അതിനാൽ നമ്മുടെ ഭാവനയെ സംരക്ഷിച്ചുവെക്കാനുള്ള ഇടമാണ് കവിത.
ചിന്തകളുടെ കൈമാറ്റത്തിനേക്കാൾ, സമാധാനവാക്കുകൾ പങ്കുവെക്കുന്നതിനേക്കാൾ കെട്ടകാലങ്ങളിൽ ഭാവനാശേഷി നഷ്ടമാകുന്ന ഓരോരുത്തരിലെയും ഭാവനയെ ഉണർത്താനാകുമെങ്കിൽ ആ കാലങ്ങളിലും ആ കാലത്തെ അതിജീവിച്ച ശേഷവും കവിതയ്ക്ക് സാധ്യതയുണ്ട്. പറച്ചിൽ, വിൽക്കൽ-വാങ്ങൽ, തർക്കിക്കൽ തുടങ്ങിയ ഭാഷകൊണ്ടുള്ള പ്രയോജങ്ങളെല്ലാം മറ്റു ഭാഷാസങ്കേതങ്ങൾ കൊണ്ടാണു നമ്മൾ സാധിക്കുന്നതെന്നിരിക്കെ ഇവയിൽ നിന്നും വേറിട്ട് നിലകൊള്ളുന്നെന്നു കരുതുന്ന കവിതയുടെ പ്രധാന കർത്തവ്യമാണു ഭാവനയെ കാത്തുസൂക്ഷിക്കുക എന്നത്. രാഷ്ട്രീയഭാവനയുടെയും കാലത്തിന്റെയും കാത്തുസൂക്ഷിക്കൽ സ്വാഭാവികമായും ഈ കാവ്യഭാവനയുടെ സൂക്ഷിപ്പിൽ ഉൾച്ചേരുന്നു.
ഏതു പ്രതിസന്ധിയിലും മനുഷ്യനു മുന്നോട്ട് പോകാനുള്ള വഴിയൊരുക്കുന്നു എന്നതിനാൽ കൂടിയാണ് മനുഷ്യഭാവനയെ ഉത്തേജിപ്പിക്കാൻ കെൽപ്പുള്ള കവിത പോലുള്ള കലകൾ ഇന്നും നിലനിൽക്കുന്നത്. സ്ലൊവേനിയൻ ഫിലോസഫർ ആയ സ്ലാവോജ് സിസേക്ക് പറയുന്ന ഒരു കമ്യൂണിസ്റ്റ് തമാശകഥയുണ്ട്. ഒരാൾക്ക് കിഴക്കൻ ജർമ്മനിയിൽ നിന്നും സൈബീരിയയിലേക്ക് പോകേണ്ടി വരുന്ന സമയത്ത്, അയാൾക്കറിയാം അവിടെ നിന്നും താൻ എഴുതാൻ പോകുന്ന കത്തുകൾ എല്ലാം സെൻസറിംഗ് ചെയ്യപ്പെടുമെന്ന്. ഇതിനെ മറികടക്കാനായി അയാൾ സുഹൃത്തുക്കളുമായി ഒരു സൂത്രവഴി കണ്ടെത്തുന്നു. താൻ നീലമഷിയിൽ ആണ് എഴുതുന്നതെങ്കിൽ കത്തിൽ എഴുതിയതെല്ലാം സത്യമായിരിക്കും. ചുവന്ന മഷിയിൽ ആണെങ്കിൽ എഴുതിയതെല്ലാം നുണയും യാഥാർത്ഥ്യം നേരെ വിപരീതവും ആയിരിക്കും. അയാൾ സൈബീരിയയിൽ ചെന്ന് ഒരു മാസം കഴിഞ്ഞ് സുഹൃത്തുക്കൾക്ക് കത്ത് കിട്ടുന്നു, അതിൽ നീലമഷിയിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്: ‘ഇവിടെ എല്ലാം മനോഹരമായിരിക്കുന്നു. കടകളിൽ നിറയെ സാധനങ്ങൾ. സിനിമാശാലകൾ എല്ലാം ഏറ്റവും പുതിയ സിനിമ പ്രദർശിപ്പിക്കുന്നു. അപ്പാർട്ട്മെന്റ് വിശാലവും ആഡംബരപൂര്ണ്ണമായതുമാണ്. ഒരേയൊരു പ്രശ്നം ചുവന്ന മഷി വാങ്ങാൻ കിട്ടില്ല എന്നതാണ്‘.
ഇല്ലാത്ത ചുവന്ന മഷിയോർത്ത് അയാൾ നിരാശനായിരുന്നെങ്കിൽ അല്ലെങ്കിൽ ധൈര്യപൂർവ്വം നീലമഷിയിൽ വസ്തുതകൾ അതായിത്തന്നെ എഴുതിയിരുന്നെങ്കിൽ അയാൾക്കുണ്ടാകുന്ന വിധി നമുക്കോർക്കാം. എന്നാൽ കെട്ടകാലങ്ങളിൽ തന്റെ ഭാവനയെ ഫലപ്രദമായി ഉപയോഗിക്കാനായി എന്നിടത്താണ് കാര്യം. കെട്ടകാലങ്ങളിൽ കേവലം മുദ്രാവാക്യമെഴുത്തായി കവിത മാറിപ്പോകുമ്പോൾ സാഹിത്യത്തിന്റെ ഈ ശേഷിയെ ആണ് നമ്മൾ ഉപയോഗപ്പെടുത്താതെ പോകുക.
കെട്ടകാലങ്ങളിൽ തങ്ങൾ എഴുതുന്നത് രാഷ്ട്രീയായുധമായി ഉപയോഗിക്കാനാകുന്ന കവിതയല്ലല്ലോ എന്നതിനാൽ വേവലാതിപ്പെടുന്നവരോട് കവി മാത്യു സപ്രൂഡർ പറയുന്നു: നിങ്ങൾ എഴുതുന്ന കവിത ഏതാണോ അതെഴുതൂ. എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം ആ കവിതകൾ മനോഹരമാക്കൂ. എന്നിട്ട്, കവിത കൊണ്ടല്ലാതെ മറ്റേതെങ്കിലുംതരത്തിൽ നിങ്ങൾക്കു സമൂഹത്തെ നന്നാക്കി മാറ്റാനാകുമെങ്കിൽ ആ പ്രവർത്തിയിലേർപ്പെടൂ, എന്തെന്നാൽ കവികളും പൗരന്മാരാണ്.