ഗദ്യകവിതയ്ക്ക് ഒരു ആമുഖം

ഗദ്യകവിത

വൃത്തമുക്തകവിതയെയെല്ലാം ഗദ്യകവിതയെന്നു വിളിക്കുന്ന പതിവ് നമുക്കിടയിലുണ്ട്. എന്നാൽ ഗദ്യകവിത (prose poem) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വൃത്തമുക്തകവിത/വൃത്തരഹിത (free verse) എന്നല്ല, മറിച്ച് വൃത്തമുക്തകവിതയിലെത്തന്നെ വരിമുറിക്കാതെയോ ലേഖന രൂപത്തിലോ കഥയുടെ രൂപത്തിലോ എഴുതുന്ന കവിതകളാണ് ഗദ്യകവിതകൾ.

ഇന്ന് കവിത എഴുതപ്പെടുന്ന എല്ലാ ഭാഷകളിലും കൂടുതൽ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന കവിതാരൂപമാണ് ഗദ്യകവിത. ക്ലൗഡിയ റാങ്കൈന്റെ ‘Citizen: An American Lyric‘, ചാൾസ് സിമികിന്റെ ‘The World Doesn't End‘ എന്നീ ഗദ്യകവിതാസമാഹാരങ്ങൾ പ്രധാനപ്പെട്ട ചില പുരസ്കാരങ്ങൾ നേടിയത് ഇതിനോട് ചേർത്തു കാണാം. പതിനേഴാം നൂറ്റാണ്ടിലെ ജപ്പാനിലെ പ്രധാനകവികളിൽ ഒരാളായ മത്സുവോ ബാഷോ, പരമ്പരാഗത കാവ്യരൂപമായ ഹൈക്കുവിനൊപ്പം ഗദ്യരൂപവും ചേർത്തുണ്ടാക്കിയ Haibun ഗദ്യകവിതയ്ക്ക് ആദ്യ ഉദാഹരണങ്ങളിൽ ഒന്നാണ്.

പാശ്ചാത്യരിൽ, ഫ്രഞ്ച് കവികളാണ് ഗദ്യകവിതയിൽ വലിയൊരു മുന്നേറ്റം ഉണ്ടാക്കാൻ മുന്നിട്ടിറങ്ങിയത്. ഇറ്റലിയിൽ ജനിച്ച ഫ്രഞ്ച് കവി അലോഷ്യസ് ബെർട്രാന്റെ 1842ൽ പുറത്തിറങ്ങിയ Gaspard de la Nuit — Fantaisies à la manière de Rembrandt et de Callot (English: Gaspard of the Night — Fantasies in the Manner of Rembrandt and Callot) എന്ന കവിതാസമാഹാരം ആധുനിക ഗദ്യകവിതയുടെ ആദ്യ ഉദാഹരണമായി കണക്കാക്കപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് കവികളിൽ പ്രധാനികളായ സ്റ്റെഫാൻ മല്ലാർമെ, ചാൾസ് ബോദ്ലെയർ, ആർതർ റങ്ബോ എന്നിവർ ഗദ്യകവിതയിൽ പ്രധാനപ്പെട്ട ചില രചനകൾ നടത്തി. ബോദ്‌ലെയറിന്റെ Le Spleen de Paris, റങ്ങ്ബോയുടെ lluminations എന്നിവ ഇതിൽ പ്രത്യേകം എടുത്തു പറയേണ്ടവയാണ്. ഇംഗ്ലീഷിൽ ഐറിഷ് കവി ഓസ്കാർ വൈൾഡും അമേരിക്കൻ കവികളായ വാൾട്ട് വിറ്റ്മാൻ, എഡ്ഗർ അലൻ പോ എന്നിവരും ഗദ്യകവിതയ്ക്ക് പ്രചാരം നൽകിയവർ ആണ്.

ആധുനിക കവികളുടെ കാലമായതോടെ ഗദ്യകവിതയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്ന സാഹചര്യമുണ്ടായി. പാരീസിൽ ജീവിച്ചിരുന്ന അമേരിക്കൻ കവിയായ ജർത്രൂദ് സ്റ്റെയിൻ എഴുതിയ ഗദ്യകവിതകൾ ശ്രദ്ധേയമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ ഇങ്ങോട്ട് അമേരിക്കയിൽ ഗദ്യകവിതയ്ക്ക് വലിയ ഉണർവ്വ് ഉണ്ടായി. വില്യം എസ് ബോരോ, അലൻ ഗിൻസ്ബർഗ്, ജാക്ക് കെറോക്, ചാൾസ് സിമിക്, റോബർട്ട് ബ്ലൈ എന്നിവർ മുതൽ സമീപകാല കവികളായ ക്ലൗഡിയ റാങ്കൈൻ, റിച്ചാർഡ് ഗാർഷ്യ എന്നിവർ വരെ ഈ കവിതാരൂപത്തിൽ മികച്ച കവിതകൾ എഴുതി.

അമേരിക്കൻ ഗദ്യകവിതയുടെ ഗോഡ്ഫാദർ എന്ന് അറിയപ്പെടുന്ന റസ്സൽ എഡ്സൻ (1935–2014) ആണ് സമീപകാല ഗദ്യകവിതയിൽ സവിശേഷ ശ്രദ്ധ അർഹിക്കുന്ന മറ്റൊരു കവി. വിചിത്രവും സങ്കീർണ്ണവുമായ ഒരു തലം ഉൾക്കൊള്ളുന്ന എഡ്സന്റെ ഗദ്യകവിതകൾ സർറിയലായോ കെട്ടുകഥകളായോ അനുഭവപ്പെടുന്നതാണ്. അവയിലെ നർമ്മം നമ്മെ രസിപ്പിക്കുകയും ചെയ്യും.

•••••

മലയാളത്തിൽ തേവാടി ടി. കെ. നാരായണക്കുറുപ്പ് (1908-1964) എഴുതിയ കവിതകളിലും ശ്രീനാരായണഗുരു (1856-1928) രചിച്ച ദൈവചിന്തനം, ഗദ്യപ്രാര്‍ത്ഥന, ആത്മവിലാസം തുടങ്ങിയ കൃതികളിലും ഗദ്യകവിതയുടെ സ്വഭാവങ്ങൾ കാണാം.

ആത്മവിലാസത്തിന്റെ തുടക്കം ഇങ്ങനെ:

ഓ! ഇതൊക്കെയും നമ്മുടെ മുന്‍പില്‍ കണ്ണാടിയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. അദ്ഭുതം! എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്‍റെ മുന്‍പില്‍ കയ്യിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോള്‍ കണ്ണ് ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ കണ്ണ് കണ്ണാടിയെയും നിഴലിനെയും കാണുന്നു. നിഴല്‍ ജഡമാകുന്നു. അതിന് കണ്ണിനെ കാണുന്നതിന് ശക്തിയില്ല. കണ്ണിന് കണ്ണിനെ എതിരിട്ടു നോക്കുന്നതിന് കഴിയുന്നില്ല. ഇങ്ങനെ കണ്ണും കണ്ണിന്‍റെ നിഴലും കണ്ണില്‍ കാണാതെയിരിക്കുമ്പോള്‍, അവിടെ കണ്ണിനെ കാണുന്നത് നാമാകുന്നു. ഇതുപോലെ ഈ കണ്ണിനെ കാണുന്ന നമ്മെ നാം കാണുന്നില്ല. നമ്മുടെ മുന്‍പില്‍ ഒരു കണ്ണാടിയെ സങ്കല്പിക്കുമ്പോള്‍ നാം ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ ആ നിഴലിന് നമ്മെ കാണുന്നതിന് ശക്തിയില്ല. നിഴല്‍ ജഡമാകുന്നു. നമുക്ക് നമ്മെ എതിരിട്ടു നോക്കുന്നതിന് കഴിയുന്നില്ല. നാം നമ്മില്‍ കല്പിതമായിരിക്കുന്ന കണ്ണാടിയെയും ആ കണ്ണാടിയുടെ ഉള്ളില്‍ നില്ക്കുന്ന നിഴലിനെയും തന്നേ കാണുന്നുള്ളൂ. അപ്പോള്‍ നമ്മെ കാണുന്നത് നമ്മുടെ മുകളില്‍ നില്ക്കുന്ന ദൈവമാകുന്നു. ചുരുക്കം, കല്പിതമായിരിക്കുന്ന കണ്ണാടി, അതിനുള്ളില്‍ നില്ക്കുന്ന നമ്മുടെ നിഴല്‍, കണ്ണ്, കയ്യിലിരിക്കുന്ന കണ്ണാടി, ആ കണ്ണാടിയുടെ ഉള്ളില്‍ നില്ക്കുന്ന കണ്ണിന്‍റെ നിഴല്‍, ഇതഞ്ചും നമ്മുടെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് നാമാകുന്നു. കണ്ണ് കണ്ണിന്‍റെ നിഴലിനെയും കണ്ണാടിയെയും തന്നേ കാണുന്നുള്ളൂ. നാം നമ്മുടെ നിഴല്‍, കണ്ണാടി, കണ്ണ്, കണ്ണിന്‍റെ നിഴല്‍, കയ്യിലിരിക്കുന്ന കണ്ണാടി - ഇതാറും ദൈവത്തിന്‍റെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് ദൈവമാകുന്നു.

പേരിടാത്ത ഗദ്യകവിതകളും മുക്തകങ്ങൾ എന്നു പേരിട്ട ഗദ്യഖണ്ഡങ്ങളും ചേർന്ന, തേവാടിയുടെ ആത്മഗീതം എന്ന ഗദ്യകവിതാസമാഹാരം പുറത്തുവരുന്നത് 1935-ൽ ആണ്‌. അതിലെ ചില കവിതകൾ:

നിശ്ചലമായ തടാകത്തില്‍ മഴത്തുള്ളി വരച്ച ചെറിയ വൃത്തത്തെ മായ്ച്ചു മായ്ച്ച്‌ വലുതാക്കിക്കൊണ്ടിരിക്കുന്ന ആ അദൃശ്യകരങ്ങള്‍ എന്റെ ഹൃദയമാകുന്ന ചെറിയ വൃത്തത്തെ വലുതാക്കി വലുതാക്കി പ്രപഞ്ചത്തിന്റെ അതിര്‍ത്തിരേഖയാക്കുന്നത് എന്നായിരിക്കും?

നശിക്കാത്ത വിത്തിനു ചെടിയാവാൻ കഴിവില്ല! ചെടിയാവാത്ത വിത്തിന് നശിക്കാതെ തരമില്ല

മൺതരിയുടെ മൌനത്തിന് എറുമ്പുകൾ ഭാഷ്യം ചമയ്ക്കുന്നു

സംസ്കൃതത്തിൽ ആവിർഭവിച്ച് മലയാളത്തിലും മറ്റു പല ഭാഷകളിലും പ്രചാരം നേടിയ ഗദ്യവും പദ്യവും ചേർന്നുള്ള കാവ്യരൂപമായ ചമ്പുവിനെയും ഗദ്യകവിതയോട് ചേർത്തു കാണാം. 1500 നുശേഷം ഒന്നൊന്നര നൂറ്റാണ്ടുകാലം ബ്രാഹ്മണരുള്‍പ്പെടെയുളള ത്രൈവര്‍ണ്ണികന്മാരായ കവികളും സഹൃദയരും നെഞ്ചേറ്റി ലാളിച്ചിരുന്ന ഒരു പ്രസ്ഥാനമായിരുന്നു ഇത്. 'ഗദ്യ പദ്യാത്മകം കാവ്യം ചമ്പുരിത്യഭിധീയതേ' എന്നിപ്രകാരമാണ് സാഹിത്യദർപ്പണമെന്ന സംസ്കൃത അലങ്കാര ശാസ്ത്രഗ്രന്ഥത്തിൽ ചമ്പുവിനു ലക്ഷണനിർണ്ണയം ചെയ്തിരിക്കുന്നത്. പൊതുവേ കഥാഭാഗം പദ്യത്തിലും വർണ്ണന ഗദ്യത്തിലുമായിരിക്കും. വൃത്തനിബദ്ധമായ ഗദ്യം ചമ്പുവിന്റെ പ്രത്യേകതയാണ്. എന്നാൽ വൃത്തഗന്ധിയല്ലാത്ത ഗദ്യവും ആധുനിക ചമ്പുക്കളിൽ പ്രയോഗിച്ച് കാണുന്നുണ്ട്. നിരണംകൃതികളിലെയും, തുള്ളൽകൃതികളിലെയും പദ്യത്തെ അനുസ്മരിപ്പിക്കുന്നതാണ് ഗദ്യത്തിന്റെ താളഘടന. സമകാലിക സാമൂഹ്യ ജീവിതത്തിന്റെ യഥാതഥമായ ചിത്രം വരച്ചുകാട്ടുന്നവയാണ് ഈ ഗദ്യഭാഗങ്ങൾ പലതും. അക്കാലത്തെ വിവിധ ജനവിഭാഗങ്ങളുടെ സാമാന്യ ജീവിതരീതി നർമരസപ്രധാനമായി വിവരിക്കാൻ ഈ ഗദ്യഭാഗങ്ങൾ ഉപയോഗിച്ചിരുന്നു. പൗരാണിക കഥകളുടെ ആഖ്യാനത്തെ വർത്തമാനകാല കേരളീയ ജീവിതത്തിന്റെ ചിത്രീകരണവുമായി കൂട്ടിയിണക്കാൻ ഈ ഗദ്യഭാഗങ്ങളെ മണിപ്രവാള കവികൾ ഉപയോഗിച്ചു. പദങ്ങളുടെ അതിശയകരമായ പ്രവാഹം, ആശയങ്ങളുടെ നൂതനത്വം, രസകരങ്ങളായ മനോധർമം എന്നിവയാൽ അസുലഭമായ വിശിഷ്ട കവിതാരൂപമായിരുന്നു ചമ്പുക്കൾ.


പദ്യകവിതകൾ പ്രബലമായ കാലങ്ങളിലും വരിമുറിച്ച് ഗദ്യകവിതകൾ എഴുതിയിരുന്നവരും ഉണ്ടായിരുന്നു. തനതായൊരു താളക്രമത്തിൽ ജി. ശങ്കരക്കുറുപ്പ് എഴുതിയ ജൈത്രപടഹം, കര്‍മ്മക്ഷേത്രത്തില്‍, പൂമ്പാറ്റ, കലോപാസനം, ഉദാത്തമായ ഉഷസ്സ്‌, വിശ്വസുന്ദരി, രാജഘട്ടില്‍, നിന്നെ ഞാന്‍ സ്നേഹിക്കുന്നു, മോഹഭംഗം, തുരുമ്പിക്കാത്ത പകല്‍ തുടങ്ങിയ കവിതകളിൽ ഗദ്യകവിതയുടെ ലക്ഷണങ്ങൾ കാണാമെന്ന് മനോജ് കുറൂർ നിരീക്ഷിക്കുന്നു. പി. കുഞ്ഞിരാമൻ നായരും ഇത്തരത്തിൽ എഴുതിയിട്ടുണ്ട്. എങ്കിലും അതിനെ ഇന്നത്തെ കാലത്ത് വൃത്തമുക്തകവിതയെന്നോ വൃത്തരഹിതകവിതയെന്നോ വിളിക്കുന്നതാകും ഉചിതം. ഗദ്യകവിതയിൽ പരീക്ഷണങ്ങൾ നടന്നിരുന്നെങ്കിലും അക്കാലത്തെ വൃത്തകവിതകളെക്കാൾ ശ്രദ്ധേയമാകാൻ അവയ്ക്ക് സാധിച്ചിരുന്നില്ല.

1951-ല്‍ എസ്‌. ഗുപ്തന്‍നായര്‍ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്: 'മിസ്റ്റിസിസത്തിന്റെ ഒരാവിഷ്കരണോപാധി എന്ന നിലയ്ക്കു മഹാകവി ടാഗോര്‍, ഗദ്യകവിതയെ സ്വീകരിച്ചപ്പോള്‍ അതു ഭാവത്തിലും ഒരു വ്യതിയാനമായി കലാശിച്ചു–ഇന്നാട്ടിലും ഗദ്യകവിത മിസ്റ്റിസിസത്തോടു ബന്ധപ്പെട്ട്‌ കുറേനാള്‍ അഭിവൃദ്ധി പ്രാപിച്ചിരുന്നു. പക്ഷേ മലയാളികളുടെ ഉല്‍ക്കടമായ സംഗീതാഭിരുചിയും ചങ്ങമ്പുഴയുടെ സംഗീതമധുരമായ ശൈലിയും ഈ ഗദ്യപ്രസ്ഥാനത്തെ അധികം വളരാന്‍ സമ്മതിച്ചില്ല. നമുക്കു കവിതയെന്നുവെച്ചാല്‍, നീട്ടിപ്പാടാനുള്ളതാണ്‌; മനപ്പാഠം പഠിക്കാനുള്ളതാണ്‌. അങ്ങനെ, ഗദ്യകവിത നമ്മുടെ ഭാഷയില്‍ ഗണ്യമായ ഒരു ശക്തിയായി വികസിക്കാതെപോയി.'

പദ്യമാകാന്‍ ആഗ്രഹിക്കുന്ന ഗദ്യമായതുകൊണ്ടാണ് അക്കാലത്ത് മലയാളത്തിലെ ഗദ്യകവിത ശ്രദ്ധിക്കപ്പെടാതെ പോയതെന്നു അയ്യപ്പപ്പണിക്കരും നിരീക്ഷിക്കുന്നുണ്ട്‌ അവയ്ക്ക് ഗദ്യത്തിന്റെ ആര്‍ജ്ജവമോ പദ്യത്തിന്റെ ഗാനാത്മകതയോ ഇല്ലായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഗദ്യംപോലെ അച്ചടിക്കാം. പക്ഷേ, പദ്യത്തിന്റെ പ്രാസവും അനുപ്രാസവും മറ്റു ചില ശബ്ദാര്‍ത്ഥാലങ്കാരങ്ങളും ഉണ്ടാവും. മലയാളഭാഷയുടെയും വ്യാകരണത്തിന്റെയും ഘടനയ്ക്കു യോജിക്കാത്തതുകൊണ്ടായിരിക്കാം ഈ ഗദ്യകവിത ചാപിള്ളയായിപ്പോയത്‌.

•••••

The Prose Poem എന്ന ജേണലിന്റെ എഡിറ്റർ ആയ പീറ്റർ ജോൺസൻ പറയുന്നത് ഒരു കാൽ കവിതയിലും മറ്റേ കാൽ ഗദ്യത്തിലും വെച്ചിരിക്കുന്ന ഒന്നാണ് ഗദ്യകവിതയെന്നാണ്. കവിതയുടെ രൂപത്തിന്റെ പ്രധാന സവിശേഷതയായി പരമ്പരാഗതമായി കരുതിപ്പോന്ന വരിമുറിക്കൽ രീതി വൃത്തകവിതകളുടെ മാനദണ്ഡങ്ങളിൽ ഗദ്യകവിതയ്ക്ക് ഇല്ല എന്നതിനപ്പുറം നിയതമായ നിബന്ധനകളൊന്നും ഗദ്യകവിത പാലിക്കുന്നില്ല. ഗദ്യകവിതയിൽ കൈവെച്ച ഓരോ കവിയും തങ്ങളുടെതായ ചില നിബന്ധനകളും നിയന്ത്രണങ്ങളും രീതികളും ആ രൂപത്തിനു നൽകിയതിനാൽ ഗദ്യകവിതയുടെ പൊതുസ്വഭാവം എന്നത് വൈവിധ്യം നിറഞ്ഞതുമാണ്.

മല്ലാർമെ / ബോദ്ലെയർ / റാങ്ങ്ബോ
മല്ലാർമെ / ബോദ്ലെയർ / റാങ്ങ്ബോ
ലേഖനങ്ങളും കഥകളും എഴുതുന്ന അതേ രൂപത്തിൽ തന്നെയായതിനാൽ ഈ എഴുത്തുകളുടെ സ്വഭാവം ഗദ്യകവിതയുടെ ഉള്ളടക്കത്തിലും പ്രതിഫലിക്കുന്നുണ്ട്. റസ്സൽ എഡ്സന്റെ കവിതകളിൽ കാണുന്ന കെട്ടുകഥകളുടെ സ്വഭാവം ഇതിനു ഉദാഹരണം. അമേരിക്കൻ എഴുത്തുകാരി ലിഡിയ ഡേവിസിന്റെ കഥകൾ, അവയ്ക്ക് ഗദ്യകവിതയായി നിൽക്കാനുള്ള ശേഷി ഉള്ളതിനാൽ ‘ബെസ്റ്റ് ഓഫ് അമേരിക്കൻ പോയട്രി’ സീരീസിൽ ഇടം പിടിക്കാറുണ്ട്. അമേരിക്കയിലെയും ബ്രിട്ടണിലെയും കവികൾക്കിടയിൽ 1960കൾ മുതൽ കഥ പറയുന്ന ഗദ്യകവിതകൾ പ്രചാരത്തിലായിട്ടുണ്ട്. കുറേക്കൂടി ഗൌരവുമുള്ള ചിന്തകളിലേക്കു നയിക്കുന്ന തമാശകഥകൾ ആയിരുന്നു ഇവയിൽ ഏറെയും. റസ്സൽ എഡ്സന് പുറമെ ജെയിംസ് ടാറ്റെ, മക്സൈൻ ഷെർനോഫ് എന്നിവരുടെ ഗദ്യകവിതകൾ ഉദാഹരണം.

വിവിധ വസ്തുക്കളെക്കുറിച്ച് വിവരിക്കുന്ന രീതിയിലുള്ള ഗദ്യകവിതകൾക്ക് സമീപകാലത്ത് കൂടുതൽ പ്രചാരം ലഭിച്ചിട്ടുണ്ട്. ഫ്രഞ്ച് എഴുത്തുകാരനായ ഫ്രാൻസിസ് പോഞ്ച് ((1899 – 1988) ഇത്തരത്തിൽ നിരവധി ഗദ്യകവിതകൾ എഴുതിയിട്ടുണ്ട്. കനേഡിയൻ കവി ലോർണ ക്രോസിയറുടെ 'The Book of Marvels: A Compendium of Everyday Things' ഇങ്ങനെയൊരു കവിതാസമാഹാരമാണ്. പോഞ്ചിന്റെ കവിതകളെപ്പോലെ ദൈനംദിനജീവിതത്തിന്റെ ഭാഗമായ വിവിധ വസ്തുക്കളെ കുറിച്ചുള്ളതാണ് ബുക്ക് ഓഫ് മാർവൽസിലെ കവിതകളും. ഉത്തരാധുനിക ഗദ്യകവികളുടെ കവിയായിട്ടാണ് ഫ്രാൻസിസ് പോഞ്ചിനെ ഇന്ന് പരിഗണിക്കുന്നത്.

റസ്സൽ എഡ്സൺ / ചാൾസ് സിമിക് / ലോർണ ക്രോസിയർ
റസ്സൽ എഡ്സൺ / ചാൾസ് സിമിക് / ലോർണ ക്രോസിയർ
‘മാനിഫെസ്റ്റോ ഓഫ് സർറിയലിസം‘ എന്ന തന്റെ വിഖ്യാതരചനയിൽ സർറിലിസ്റ്റ് പ്രസ്ഥാനത്തെ സ്വാധീനിച്ചവരായി ഗദ്യകവിതകൾ എഴുതിയ ചിലരെ ആന്ദ്രെ ബ്രെട്ടൻ പരാമർശിക്കുന്നുണ്ട്. ബോദ്ലെയർ, റാങ്ങ്ബോ, മല്ലാർമെ, റെവർഡി, സെയിന്റ് ജോൺ പിയേഴ്സ് എന്നിവരെ കൂട്ടുപിടിച്ച ബ്രെട്ടൻ, റാങ്ങ്ബോ മുന്നോട്ടുവെച്ച ഇന്ദ്രിയബോധങ്ങളെ ചിതറിപ്പിക്കുന്നതിനു സമാനമായ ആശയവും പങ്കുവെച്ചു. ഉപബോധമനസ്സിന്റെ പറച്ചിലുകൾ എന്ന നിലയിൽ എഴുതപ്പെട്ടവയായിരുന്നു 1930കളിൽ പല ഭാഷകളിലും എഴുതപ്പെട്ട ഗദ്യകവിതകൾ. ഇംഗ്ലണ്ടിൽ നിന്നും ഡേവിഡ് ഗാസ്കോയ്ൻ, ഗ്രീസിൽ നിന്നും ജോർജ് സെഫരിസ്, ജപ്പാനിൽ നിന്നും അൻസായി ഫുയെ, പെറുവിൽ നിന്നും സെസാർ വയാഹോ എന്നിവർ ഇത്തരത്തിൽ ഗദ്യകവിത എഴുതിയവരിൽ ഉൾപ്പെടുന്നു.

•••••

പദ്യനിർമ്മാണവും അതിനുള്ള നിബന്ധനകളും ഓരോ ഭാഷയിലും വ്യത്യസ്തമാണ്. പരിഭാഷയിൽ ഇത് നഷ്ടമാകുകയും ചെയ്യും. ഒരു ഭാഷയിലെ പദ്യരൂപം മറ്റൊരു ഭാഷയിലേക്ക് അതേ രൂപത്തിൽ എത്തിക്കാൻ സാധിക്കില്ലെന്ന് സാരം. ഇക്കാരണത്തിൽ മുൻകാലങ്ങളിൽ എഴുതപ്പെട്ട പദ്യകവിതകൾ മറ്റൊരു ഭാഷയിൽ ഗദ്യകവിതാരൂപത്തിൽ പരിഭാഷ ചെയ്ത് അവതരിപ്പിക്കുന്ന പ്രവണതയും കാണാം. രൂപത്തിലല്ല, മറിച്ച് ഉള്ളടക്കത്തിലാണ് കവിതയിരിക്കുന്നതെന്ന വാദത്തിനു ഇതൊരു തെളിവാണ്. ഏതെങ്കിലും ഒരു ഭാഷയ്ക്കുള്ളിൽ ആയിരുന്നാലും ആ ഭാഷയിൽ നിന്നും മോചിപ്പിച്ചെടുത്ത് മറ്റൊരു ഭാഷയിൽ മറ്റൊരു രൂപത്തിൽ എത്തിക്കാനാകുന്ന കവിതകളുണ്ടെന്നും ഇത് തെളിയിക്കുന്നു. ഗദ്യകവിതയുടെ കാര്യത്തിലാകട്ടെ ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്കു കൊണ്ടുവരുമ്പോൾ അതിന്റെ ബാഹ്യരൂപത്തിൽ സാരമായ മാറ്റമൊന്നും വരുന്നില്ല. ഗദ്യകവിതയുടെ രൂപം ഏതെങ്കിലും ഒരു പ്രത്യേക ഭാഷയ്ക്കുള്ളിൽ ഒതുങ്ങുന്നതല്ല, മറിച്ച് എല്ലാ ഭാഷയ്ക്കും ചേരുന്നതാണ്. നൊബേൽ സമ്മാനജേതാക്കളായ രവീന്ദ്രനാഥ ടാഗോർ, ഗബ്രിയേല മിസ്ട്രൽ, ടി.എസ് എലിയറ്റ്, സെയിന്റ് ജോൺ പിയേഴ്സ്, പാബ്ലോ നെരൂദ, യൂജീനിയോ മൊണ്ടാലെ, ചെസ്‌ലാവ് മിലോഷ്, വോൾ സോയിങ്ക, ഒക്റ്റാവിയോ പാസ്, വിസ്വാവ ഷിംബോസ്ക, റ്റൊമാസ് ട്രാൻസ്ട്രോമർ എന്നിവരെല്ലാം ഗദ്യകവിതകൾ എഴുതിയിരുന്നവരാണെന്നും ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കൻ കവിയായ ഫ്രാങ്ക് ഓ’ഹാര 1950കളിൽ എഴുതിയ ഒരു കവിതയിൽ തമാശയായി പറഞ്ഞ പോലെ ‘അതിപ്പോൾ ഗദ്യത്തിൽ ആയിരുന്നാൽപ്പോലും ഞാൻ ശരിക്കുമൊരു കവിയാണ്’.

•••••

1978-ലെ ഡിസംബറിൽ പുലിറ്റ്സർ പുരസ്കാരനിർണ്ണയ സമിതിയിലെ മൂന്ന് അംഗങ്ങളിൽ രണ്ട് പേർ മാർക്ക് സ്ട്രാൻഡിന്റെ The Monument എന്ന പുസ്തകത്തിന് വോട്ട് ചെയ്തു. അതൊരു ചരിത്രപരമായ നീക്കമായിരുന്നു. 'ദ് മോനുമെന്റ്' ഗദ്യകവിതകളുടെ സമാഹാരമായിരുന്നു. എന്നാൽ സ്ട്രാൻഡിന് അത്തവണ പുരസ്കാരം ലഭിച്ചില്ല. പുരസ്കാരനിർണ്ണയ സമിതിയിലെ മൂന്നാമത്തെ അംഗവും അദ്ധ്യക്ഷനുമായ ലൂയിസ് സിംപ്സൺ മോനുമെന്റിനെ ശക്തമായി എതിർത്തു. പുരസ്കാരം നൽകേണ്ടത് പദ്യത്തിനാണെന്നും ഗദ്യത്തിന് അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. കവിത ഗദ്യത്തിലും എഴുതാമെന്ന് അക്കാലത്തു ആളുകൾക്ക് ബോധ്യമായി തുടങ്ങിയിരുന്നില്ല. പിൽക്കാലത്തു 1991ൽ ചാൾസ് സിമികിന്റെ The World Doesn’t End എന്ന ഗദ്യകവിതാസമാഹാരത്തിനു പുലിറ്റ്സർ സമ്മാനം ലഭിച്ചപ്പോൾ അത് സിമികിന്റെ കാവ്യജീവിതത്തിലെ എന്നതിനൊപ്പം അമേരിക്കൻ ഗദ്യകവിതയുടെ ചരിത്രത്തിലെതന്നെ നിർണ്ണായകനിമിഷങ്ങളിൽ ഒന്നായി.

ഫ്രാ‍ൻസിസ് പോഞ്ച്, മാർക് സ്ട്രാൻഡ്, ലിഡിയ ഡേവിസ്
ഫ്രാ‍ൻസിസ് പോഞ്ച്, മാർക് സ്ട്രാൻഡ്, ലിഡിയ ഡേവിസ്
ആകസ്മികമായ രീതിയിലോ നിഗൂഢമായ തലത്തിലോ ചെന്നെത്തുന്ന സ്വപ്നവിവരണങ്ങളായി പരിഗണിക്കാവുന്നവ ആയിരുന്നു സിമികിന്റെ ഗദ്യകവിതകൾ. കവിതയ്ക്ക് ഉപയോഗിക്കാവുന്ന ആശയങ്ങൾ എന്ന രീതിയിലൊക്കെ കുറിച്ചിട്ടവയായിരുന്നു തന്റെ ഗദ്യകവിതകളെന്ന് സിമിക് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. പുനർവായനയ്ക്കുള്ള സാധ്യത മുന്നോട്ട് വെക്കുന്നു എന്നതിനാലാണ് അവയെ കവിതയാക്കിയതെന്ന് സിമിക് വ്യക്തമാക്കുന്നു. ഒരു താളിലോ സ്‌ക്രീനിലോ ഖണ്ഡിക പോലെ കാണപ്പെടുമെങ്കിലും കവിതയായി പ്രവർത്തിക്കാനുള്ള ശേഷിയാണ് ഗദ്യകവിതയ്ക്കുള്ളത്. വൃത്തരഹിതകവിത എപ്രകാരമാണോ പ്രകടസംഗീതത്തിന്റെയും വൃത്തത്തിന്റെയും പിന്തുണയില്ലാതെ കവിതയുടെ പണിയെടുക്കുന്നത്, അതേമട്ടിൽ പരമ്പരാഗത രീതിയിലുള്ള വരി മുറിക്കലില്ലാതെ ഗദ്യകവിത കവിതയുടെ പണി ചെയ്യുന്നു. ബാഹ്യരൂപത്തിൽ നിന്നല്ല വായനാനുഭവത്തിൽ നിന്നാണ് ഒരു വായനക്കാരനിൽ ഗദ്യകവിത കവിതയായി വെളിപ്പെടുന്നത് എന്ന് സാരം.