സൃഷ്ടിച്ചെടുക്കുന്നതും കണ്ടെടുക്കുന്നതും

കവിത

ഒരാ­ളെ കവിത എഴു­താൻ പ്രാ­പ്ത­നാ­ക്കു­ന്ന പ്ര­ധാ­ന­പ്പെ­ട്ട മൂ­ന്ന് കാ­ര്യ­ങ്ങൾ അയാ­ളു­ടെ നി­രീ­ക്ഷ­ണ­പാ­ട­വം, വ്യ­വ­ഹാ­ര­ഭാ­ഷ­യിൽ നി­ന്നും കവി­താ­ഭാഷ നിർ­മ്മി­ക്കാ­നു­ള്ള ശേ­ഷി, ഭാ­വന എന്നി­വ­യാ­ണ്. ഏത് വീ­ക്ഷ­ണ­കോ­ണി­ലൂ­ടെ നോ­ക്കി­ക്കാ­ണു­ന്നു എന്ന­തി­ലെ വ്യ­ത്യ­സ്തത ഒരാ­ളെ മറ്റു കവി­ക­ളിൽ നി­ന്നും വേ­റി­ട്ട സ്വ­ര­മാ­ക്കി മാ­റ്റും. ഒരു അനു­ഭ­വ­ത്തെ­യോ വസ്തു­വി­നെ­യോ മറ്റേ­തൊ­രാ­ളും എങ്ങ­നെ­യാ­ണോ നോ­ക്കി­ക്കാ­ണു­ന്ന­ത് അതേ­മ­ട്ടിൽ നോ­ക്കി­ക്കാ­ണു­ന്ന ആള­ല്ല കവി. കവി ആ അനു­ഭ­വ­ത്തെ സവി­ശേ­ഷ­മായ ഒന്നാ­ക്കി മാ­റ്റാ­നാ­ണ് ശ്ര­മി­ക്കു­ന്ന­ത്. ഉപ­യോ­ഗി­ച്ച് പഴ­കി­യ­ത് ആവർ­ത്തി­ക്കു­ന്ന­തി­ല­ല്ല അയാ­ളു­ടെ നി­രീ­ക്ഷ­ണ­പാ­ട­വം. മഴ­യെ കണ്ണീ­രി­നോ­ട് ഉപ­മി­ക്കാൻ പു­തി­യ­കാല കവി മെ­ന­ക്കെ­ടേ­ണ്ട­തി­ല്ല. വീ­ടു­ക­ളെ അഴി­യി­ട്ട് അക­റ്റു­ന്ന മഴ­യെ അയാൾ തന്റെ ഭാ­വ­ന­യി­ലൂ­ടെ കണ്ടെ­ത്തു­ന്ന­തി­ലൂ­ടെ മഴ­യെ വേ­റി­ട്ട രീ­തി­യിൽ സമീ­പി­ക്കാൻ വാ­യ­ന­ക്കാ­രെ പ്രാ­പ്ത­നാ­ക്കു­ക­യാ­ണ­യാൾ. ഭാ­വന കൊ­ണ്ട് കവി­യ്ക്ക് തനി­ക്കു­ള്ളിൽ ഇതെ­ല്ലാം സങ്കൽ­പ്പി­ക്കാം. എന്നാൽ വാ­യ­ന­ക്കാ­ര­നി­ലേ­ക്ക് ഇതേ നോ­ട്ട­ത്തെ കൈ­മാ­റാൻ അയാൾ­ക്ക് ഭാ­ഷ­യെ മെ­രു­ക്കി എടു­ക്കേ­ണ്ട­തു­ണ്ട് അഥ­വാ കവി­ത­യു­ടെ ഭാ­ഷ­യി­ലേ­ക്ക് ഈ ചി­ന്ത­യെ­/­ഭാ­വ­ന­യെ പരി­ഭാ­ഷ­പ്പെ­ടു­ത്തേ­ണ്ട­തു­ണ്ട്. മറ്റേ­തൊ­രു കല കൊ­ണ്ടും സാ­ധി­ക്കാ­ത്ത വി­ധ­ത്തിൽ മനു­ഷ്യ­ഭാ­വ­ന­യെ­യും ചു­റ്റു­പാ­ടു­കൾ­ക്കു­മേ­ലു­ള്ള അവ­ന്റെ വേ­റി­ട്ട നോ­ട്ട­ങ്ങ­ളെ­യും ആവി­ഷ്ക­രി­ക്കാൻ കവിത ആവ­ശ്യ­മാ­യി വരു­ന്ന­ത് ഇങ്ങ­നെ­യാ­കാം. മാ­വി­ലെ മാ­ങ്ങ­യ്ക്ക് എറി­യു­ന്ന­ത് കാ­ണു­മ്പോൾ, 'കാ­യ്ച്ചു എന്ന ഒറ്റ കു­റ്റ­ത്തി­ന് ഒരു മാ­വ് ഏറു കൊ­ള്ളു­ക­യാ­ണ്' (വി­ഷ്ണു­പ്ര­സാ­ദ്) എന്ന ചി­ന്ത­യി­ലേ­ക്ക് അതി­നെ നീ­ട്ടാൻ ഒരു കവി­യു­ടെ നോ­ട്ട­വും ഭാ­ഷ­യും ആവ­ശ്യ­മാ­ണ്‌. ഒരു കലാ­സൃ­ഷ്ടി­യാ­യി കവി­ത­യെ മാ­റ്റു­ന്ന­ത് ഭാ­വ­ന­യും ഇങ്ങ­നെ­യു­ള്ള കവി­താ­ഭാ­ഷ­യു­ടെ ഇട­പെ­ട­ലും ആണെ­ന്ന് തോ­ന്നാം. എന്നാൽ എപ്പോ­ഴും അങ്ങ­നെ­യാ­ക­ണം എന്നി­ല്ല. ഭാ­വ­ന­യു­ടെ ഇട­പെ­ടൽ ഇല്ലാ­തെ, വീ­ക്ഷ­ണ­കോ­ണി­ലെ ഈ മാ­റ്റ­ങ്ങൾ ഇല്ലാ­തെ അസ്സൽ കവി­ത­കൾ സാ­ധ്യ­മാ­ണ്.

എസ്. ജോ­സ­ഫി­ന്റെ 'പെ­ങ്ങ­ളു­ടെ ബൈ­ബിൾ' എന്ന കവി­ത­യിൽ പെ­ങ്ങ­ളു­ടെ ബൈ­ബി­ളിൽ ഉള്ള­തും ഇല്ലാ­ത്ത­തു­മായ കാ­ര്യ­ങ്ങ­ളു­ടെ പട്ടി­ക­പ്പെ­ടു­ത്ത­ലാ­ണ് കവി ചെ­യ്തി­രി­ക്കു­ന്ന­ത്.

പെങ്ങളുടെ ബൈബിളിലുള്ളവ:
കുത്തുവിട്ട റേഷന്‍കാര്‍ഡ്
കടംവായ്പയ്ക്കുള്ള അപേക്ഷാഫോറം
ബ്ലേഡുകാരുടെ കാര്‍ഡ്
ആറാട്ടിന്റെയും പെരുന്നാളിന്റെയും നോട്ടീസുകള്‍
ആങ്ങളയുടെ കുട്ടിയുടെ ഫോട്ടോ
കുട്ടിത്തൊപ്പി തയ്ക്കുന്നവിധം കുറിച്ച കടലാസ്
ഒരു നൂറുരൂപ നോട്ട്
എസ്.എസ്.എല്‍.സി ബുക്ക്.

പെങ്ങളുടെ ബൈബിളില്‍ ഇല്ലാത്തവ:
ആമുഖം,
പഴയനിയമം, പുതിയനിയമം
ഭൂപടങ്ങള്‍
ചുവന്ന പുറംചട്ട.

ഈ കവി­ത­യിൽ ഭാ­വ­ന­യേ­ക്കാൾ, കവി­ത­യിൽ എന്തൊ­ക്കെ എങ്ങ­നെ­യൊ­ക്കെ വേ­ണം / വെ­ളി­പ്പെ­ട­ണം എന്ന­തി­ന്മേ­ലു­ള്ള കവി­യു­ടെ തി­ര­ഞ്ഞെ­ടു­പ്പ് ആണ് പ്ര­ധാ­നം. പെ­ങ്ങ­ളു­ടെ ബൈ­ബി­ളിൽ കവി പട്ടി­ക­പ്പെ­ടു­ത്തിയ കാ­ര്യ­ങ്ങൾ മാ­ത്ര­മാ­കി­ല്ല ഉള്ള­തെ­ന്ന് നമു­ക്ക് ഊഹി­ക്കാം, ഇല്ലെ­ന്നു പറ­യു­ന്ന­തിൽ ഇല്ലാ­ത്ത­താ­യി മറ്റു പല­തു­മു­ണ്ടാ­കാം. എന്നാൽ കവി ഉള്ള­തെ­ന്നും ഇല്ലാ­ത്ത­ത് എന്നും പറ­ഞ്ഞു രണ്ടാ­യി തി­രി­ച്ച­തോ­ടെ ഉള്ള­തും ഇല്ലാ­ത്ത­വ­യും തമ്മി­ലു­ള്ള ഒരു താ­ര­ത­മ്യ പഠ­ന­ത്തി­ലേ­ക്ക് വാ­യ­ന­ക്കാ­രൻ നയി­ക്ക­പ്പെ­ടു­ക­യാ­ണ്. അങ്ങ­നെ­യൊ­രു വാ­യ­ന­യ്ക്ക് മു­തി­രു­ന്ന വാ­യ­ന­ക്കാ­രൻ അയാ­ളു­ടെ നോ­ട്ടം ചില സാ­മൂ­ഹിക യാ­ഥാർ­ത്ഥ്യ­ങ്ങ­ളി­ലേ­ക്ക് കൂ­ടി നീ­ട്ടു­ന്നു. സാ­മൂ­ഹി­ക­വും രാ­ഷ്ട്രീ­യ­വു­മായ വി­വിധ മാ­ന­ങ്ങ­ളു­ള്ള വാ­യ­ന­യി­ലേ­ക്കു­ള്ള വാ­തിൽ അങ്ങ­നെ തു­റ­ക്ക­പ്പെ­ടു­ന്നു. എസ്. ജോ­സ­ഫി­ന്റെ മി­ക്ക കവി­ത­ക­ളും ഇത്ത­ര­ത്തിൽ കവി തന്റെ ജീ­വിത പരി­സ­ര­ങ്ങ­ളിൽ നി­ന്നും 'ക­ണ്ടെ­ടു­ത്തി­ട്ടു­ള്ള' കവി­ത­യാ­ണ്. ഇത്ത­രം കവിത എഴു­തു­മ്പോൾ അതി­പ്ര­ധാ­ന­മാ­കു­ന്ന­ത് കവി­യു­ടെ തി­ര­ഞ്ഞെ­ടു­പ്പ് ആണ്. കവി­ത­യ്ക്ക് വേ­ണ്ട­ത് മാ­ത്ര­മാ­ണ്, കവി തന്റെ അനു­ഭ­വ­പ­രി­സ­ര­ത്ത് നി­ന്നും കവി­ത­യി­ലേ­ക്ക് എടു­ക്കു­ന്നു­ള്ളൂ. അതി­ന്റെ ആവ­ശ്യ­മേ ഉള്ളൂ, എന്ന­ല്ല അതേ പാ­ടു­ള്ളൂ. ഈ തര­ത്തി­ലു­ള്ള കവി­ത­യ്ക്ക് മറ്റൊ­രു ഉദാ­ഹ­ര­ണ­മാ­ണ് റാ­ബിയ അൽ-­ഒ­സൈ­മി­യു­ടെ 'ഫാ­മി­ലി­ഫോ­ട്ടോ' എന്ന കവി­ത:

ഈ ഫോട്ടോയിൽ നടുക്കുനിൽക്കുന്നയാൾ
എന്റെ ബാപ്പയാണ്
അദ്ദേഹത്തിനൊരു കുടുംബമുണ്ടാക്കണമായിരുന്നു
തന്റെ പേര് നിലനിർത്താനും
അതിന്റെ ഫോട്ടോ ചുമരിൽ പതിക്കാനും.
ബാപ്പയുടെ പേര് ഏറെക്കാലം
കൊണ്ടുനടക്കാനാകാത്തതിനാൽ
എന്റെ വല്ലിത്ത
വലത്തേ അറ്റത്തായിരിക്കുന്നു.
എനിക്കുമത് സാധ്യമല്ലെന്നിരിക്കെ
ഇടത്തേ അറ്റത്തായി
ഞാനിരിക്കുന്നു.

ബാപ്പയെ പൊതിഞ്ഞുനിൽക്കുന്നവരാണ്
എന്റെ അഞ്ച് സഹോദരന്മാർ,
അവരിൽ അദ്ദേഹത്തിന്റെ പേര് നിലനിൽക്കും
എങ്കിലും ഒരുകൂട്ടം ആൺകുട്ടികളുടെ
സന്തതിപരമ്പരയ്ക്ക് പേറാൻതക്കതായ
ഭാരമൊന്നും ബാപ്പയുടെ പേരിനില്ല.

എന്റെ വല്ലിത്തയുടെ അടുത്തിരിക്കുന്നതാണ്
ഞങ്ങളുടെ ഉമ്മ.
പാവം. അവരെന്റെ ബാപ്പയെ നിക്കാഹ് കഴിച്ചു
അദ്ദേഹത്തിന് കുടുംബമുണ്ടാക്കണമായിരുന്നു
തന്റെ പേര് നിലനിർത്താനും
അതിന്റെ ഫോട്ടോ ചുമരിൽ പതിക്കാനും.

ചു­മ­രിൽ പതി­പ്പി­ച്ച കു­ടും­ബ­ ഫോ­ട്ടോ­യു­ടെ വി­വ­ര­ണ­മാ­ണ് കവി­ത. ബാ­പ്പ­യ്ക്ക് 'കു­ടും­ബ­മു­ണ്ടാ­ക്ക­ണ­മാ­യി­രു­ന്നു തന്റെ പേ­ര് നി­ല­നിർ­ത്താ­നും അതി­ന്റെ ഫോ­ട്ടോ ചു­മ­രിൽ പതി­ക്കാ­നും' എന്ന വരി­യാ­ണ് വാ­യ­ന­ക്കാ­ര­നിൽ കൊ­ളു­ത്തി­ടാൻ കവി ഉപ­യോ­ഗി­ച്ചി­രി­ക്കു­ന്ന­ത്. ആദ്യ ഭാ­ഗ­ത്ത് ബാ­പ്പ­യോ­ട് ചേർ­ന്നു വരു­ന്ന ഇതേ­വ­രി­കൾ അവ­സാ­ന­ഭാ­ഗ­ത്ത് ഉമ്മ­യോ­ട് ചേർ­ന്ന് വരു­ന്ന­തോ­ടെ നമ്മൾ താ­ര­ത­മ്യ­പ്പെ­ടു­ത്താൻ തു­ട­ങ്ങു­ക­യും തൽ­ഫ­ല­മാ­യി ഒന്നാ­ന്ത­ര­മൊ­രു സ്ത്രീ­പ­ക്ഷ കവി­ത­യാ­ണ് ഇതെ­ന്ന ബോ­ധ്യ­ത്തി­ലേ­ക്ക് എത്തി­പ്പെ­ടു­ക­യു­മാ­ണ്. ഒരു പത്ര­വാർ­ത്ത­യിൽ നി­ന്നോ പു­സ്ത­ക­ത്തിൽ നി­ന്നോ അത­ല്ലെ­ങ്കിൽ മറ്റു സോ­ഴ്സു­ക­ളിൽ നി­ന്നോ ആവ­ശ്യ­മായ വരി­ക­ളോ വാ­ക്കു­ക­ളോ പ്ര­യോ­ഗ­ങ്ങ­ളോ തി­ര­ഞ്ഞെ­ടു­ത്ത് അവ­യെ ഒന്നി­പ്പി­ച്ചു­വെ­ച്ച്, ബാ­ക്കി­യെ­ല്ലാം നീ­ക്കം ചെ­യ്തോ മാ­യ്ച്ചു കള­ഞ്ഞോ കണ്ടെ­ടു­ക്കു­ന്ന ഫൗ­ണ്ട് പോ­യ­ട്രി പോ­ലെ ജീ­വി­ത­യാ­ഥാർ­ത്ഥ്യ­ങ്ങ­ളിൽ നി­ന്നും ആവ­ശ്യ­മു­ള്ളവ മാ­ത്രം കണ്ടെ­ടു­ക്കു­ന്നി­ട­ത്താ­ണ് ഇത്ത­രം കവി­ത­കൾ സാ­ധ്യ­മാ­കു­ന്ന­ത്. ഈ വി­ധ­ത്തിൽ രണ്ട് തര­ത്തി­ലാ­ണ് കവി­ത­കൾ എഴു­ത­പ്പെ­ടു­ന്ന­ത് എന്ന­ല്ല, കവി­ത­കൾ ഇത്ത­ര­ത്തിൽ ഭാ­വ­ന­യി­ലൂ­ന്നിയ സൃ­ഷ്ടി­യാ­യും ചു­റ്റു­പാ­ടു­ക­ളിൽ നി­ന്നും കണ്ടെ­ടു­ക്കു­ന്ന കാ­ര്യ­ങ്ങ­ളെ ചേർ­ത്തു­വെ­ക്കു­ന്ന­തി­ലെ മി­ടു­ക്കി­ലൂ­ടെ­യും എഴു­താ­നാ­കും എന്നാ­ണ്. ഈ രണ്ട് കാ­ര്യ­ങ്ങ­ളി­ലും ശ്ര­ദ്ധ നൽ­കു­ന്ന കവി­ത­ക­ളും നി­ര­വ­ധി­യു­ണ്ട്. കവി തന്റെ സർ­ഗ്ഗ­ശ­ക്തി­യെ­യും ബൗ­ദ്ധി­കോർ­ജ്ജ­ത്തെ­യും ഉപ­യോ­ഗ­പ്പെ­ടു­ത്താൻ നട­ത്തു­ന്ന ശ്ര­മ­ങ്ങൾ നല്ല കവി­ത­യു­ടെ സൃ­ഷ്ടി­യിൽ പ്ര­ധാ­ന­മാ­ണ്.

ഭാവനയുടെ വകഭേദങ്ങൾ

ഭാവനയുടെ വകഭേദങ്ങൾ

നിലവിൽ ഉണ്ടായിരിക്കുന്നതോ സാധ്യമായതോ യഥാര്‍ത്ഥമാകുന്നതോ ആയ കാര്യങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള സാധ്യത തുറന്നിടുന്നതുകൊണ്ട് മനുഷ്യന് ഭാവന പ്രധാനമാണ്. ഭാവനയിൽ കാണുന്ന കാര്യത്തിന് യഥാർത്ഥമാകേണ്ട യാതൊരു ബാധ്യതയുമില്ല. എന്നാൽ എന്തെങ്കിലും മോഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുമ്പോൾ അവ സാധ്യമാകാൻ ഇടയുള്ള ഒന്നായിരിക്കണം എന്ന നിബന്ധന അവയുടെ സാധുത നിർണ്ണയിക്കുന്നതിൽ നിലനിൽക്കുന്നുണ്ട്. ഭാവന മനുഷ്യന്റെ പലവിധ പ്രവർത്തികളിലും മുഖ്യമായ പങ്കുവഹിക്കുന്നു. സർഗ്ഗാത്മകതയുടെ അടിസ്ഥാനംതന്നെ ഒരു തരത്തിൽ ഭാവനയാണ്.

ഭാവനയെന്നത് കലാസൃഷ്ടിയിൽ ഏർപ്പെടുന്നവരുടെയും കലാസ്വാദനം നടത്തുന്നവരുടെയും മാത്രം ആവശ്യകതയല്ല. തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുമ്പോൾ, അത്ര പരിചിതമല്ലാത്ത ഒരു പ്രവർത്തിയിൽ ഏർപ്പെടേണ്ടി വരുമ്പോൾ മനുഷ്യർ അവരുടെ ഭാവനയെ ആശ്രയിക്കുന്നു. പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിൽ, പോംവഴികൾ സ്വയം കണ്ടെത്തുന്നതിൽ, കാര്യങ്ങൾ സ്വയം പഠിച്ചെടുക്കുന്നതിൽ, ഇതിലെല്ലാമുപരി സ്വപ്രയത്നത്താൽ വിജയം കൈവരിക്കുന്നതിൽ നിന്നും ലഭിക്കുന്ന സന്തോഷവും അതിയായ സംതൃപ്തിയും നമ്മുടെ ജീവിതത്തെ താല്പര്യജനകവും മൗലികവും ആക്കിത്തീർക്കും. ഇത്തരം പ്രവർത്തികൾ സാധ്യമാകുന്നത് മനുഷ്യർ തങ്ങളുടെ ഭാവനയെ ഉപയോഗപ്പെടുത്തുന്നതിലൂടെയാണ്.

ഭാവനയുമായി ബന്ധപ്പെട്ട് നടക്കുന്ന മിക്ക ആലോചനകളും മനുഷ്യന്റെ വിവിധ പ്രവർത്തികളിലും മനസ്സിലാക്കലിലും കേന്ദ്രീകരിച്ചുകൊണ്ടാണ് നടന്നുവരുന്നത്. മനുഷ്യമനസ്സിനെ മനസ്സിലാക്കുന്നതിനായും കലാപ്രവർത്തികൾക്കായും അറിവ് ആർജ്ജിക്കുന്നതിനായും ഭാഷയെ പ്രവർത്തനയോഗ്യമാക്കുന്നതിനായുമെല്ലാം നമ്മൾ ഭാവനയെ ആശ്രയിക്കുന്നു. മനുഷ്യന്റെ ചിന്തയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഭാവനയുടെ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഭാവനയും വിശ്വാസവും

വാസ്തവമെന്നു കരുതുന്ന ഭാവനയുടെ വകഭേദത്തെയാണ് നമ്മൾ വിശ്വാസമെന്ന് പറയുന്നത്. ‘ഞാൻ വിശ്വസിക്കുന്നത് അവന്റെ വീടിന് തീപിടിച്ചെന്നാണ്’ എന്നൊരാൾ പറയുമ്പോഴും ‘അവന്റെ വീടിന് തീപിടിച്ചതായി ഞാൻ ഭാവിക്കുന്നു’ എന്ന് പറയുമ്പോഴും ഉണ്ടാകുന്ന വ്യത്യാസം ഭാവനയും വിശ്വാസവും തമ്മിലുണ്ട്. ഭാവന ആയാലും വിശ്വാസം ആയാലും അവ നേരാകണമെന്നില്ല, എങ്കിലും വിശ്വാസത്തിന്റെ കാര്യത്തിൽ ‘വിശ്വസിക്കുന്നവർ’ അത് സത്യമാണെന്ന് ഏതാണ്ട് ഉറപ്പിക്കുന്നു. ഭാവനയാകട്ടെ അത് സത്യമാണെന്ന ചിന്തയിലേക്ക് ചെന്നെത്താൻ നിർബന്ധിക്കില്ല. വിശ്വാസം പ്രവർത്തികളിലേക്ക് നയിക്കുന്നവ കൂടിയാണ്. അവന്റെ വീടിന് തീപിടിച്ചെന്ന വിശ്വാസിക്കുന്ന ആൾ ആ വീട്ടിലേക്ക് തീയണയ്ക്കാൻ പോകാൻ ഇടയുണ്ട്. തീപിടിച്ചതായി ഭാവിക്കുമ്പോൾ അങ്ങനെയൊരു പ്രവർത്തിയ്ക്ക് മുതിരില്ല. വിശ്വാസം വൈകാരികമായി കൂടുതൽ ബാധിക്കുന്നു. എന്നാൽ ഭാവനയെ സംബന്ധിച്ച് അത് കേവലം ഭാവനയാണ് എന്ന തോന്നൽ ഉള്ളിടത്തോളം അത്രയും വികാരതീവ്രതയോടെയുള്ള സമീപനം ഉണ്ടാകാറില്ല.

ഭാവനയും സങ്കൽപ്പവും

‘അങ്ങനെയായെങ്കിൽ’ എന്ന ചിന്ത വരുന്നത് ഭാവന ചെയ്യാനുള്ള ശേഷിയിൽ നിന്നുമാണ്. അങ്ങനെയായെങ്കിൽ എന്ന മട്ടിലുള്ള സങ്കൽപ്പചിന്തകൾ സാധ്യത ആരായുകയാണ്. അതിനാൽ യുക്തിപരമായ ചില നിയന്ത്രണങ്ങൾ അവയ്ക്കുമേൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാവന ആകട്ടെ അത്തരം നിയന്ത്രണങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ല.

ഭാവനയും ഓർമ്മയും

ഓർമ്മിക്കുക എന്നാൽ, ഏതാണ്ട്, നിലവിൽ ഇല്ലാത്ത ഒന്നിനെ സങ്കൽപ്പിക്കലാണ്. ഓർമ്മകൾ പലതരത്തിൽ ഉണ്ടെങ്കിലും ഒരാൾ അയാളുടെ ഭൂതകാലത്തിൽ നിന്നും വീണ്ടെടുക്കുന്ന ഓർമ്മകളെ (Episodic declarative memory) ഭാവനയുമായി ചേർത്തുവെച്ചു നടത്തുന്ന ആലോചന കൗതുകകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്തും. രണ്ടും നിലവിലില്ലാത്ത ഒന്നിനെ മാനസികവ്യാപാരത്തിലൂടെ കണ്ടെടുക്കലാണ്. ആലോചിക്കുന്ന ആളുടെ പരിപ്രേക്ഷ്യത്തിലൂടെയാണ് കാര്യങ്ങൾ വെളിപ്പെടുന്നത്. ഓർമ്മയും ഭാവനയും ഒന്നുതന്നെയാണെന്ന് കരുതിയ തത്ത്വചിന്തകരുണ്ട്. എന്നാൽ ഭാവനയേക്കാൽ ജീവസ്സുറ്റ കാര്യം ഓർമ്മയാണ്. നമ്മുടെ ഓർമ്മയിലെ ഒരു കാര്യത്തിനുമേൽ നമ്മുടെ ഭാവനയുടെ ഇടപെടൽ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ക്രമേണ നമ്മുടെ ഓർമ്മയിൽ ഭാവനയുടെ ഇടപെടൽ നടന്ന് അവ നടന്ന സംഭവത്തിൽ നിന്നും അകന്നുനിൽക്കുന്ന ഒന്നാകാനിടയുണ്ട്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഭൂതകാലത്തിന്റെ നിയന്ത്രണത്തോടെ നടക്കുന്ന ഭാവനയാണ് ഓർമ്മ എന്നുവരാം.

രൂപകങ്ങളും പ്രതിരൂപങ്ങളും കവിതയിൽഒരു വസ്തു­വി­നെ അത് എന്തി­നാ­ണോ ഉപ­യോ­ഗി­ക്കു­ന്ന­ത് അതി­ന്റെ അടി­സ്ഥാ­ന­ത്തിൽ നിർ­വ്വ­ചി­ക്കു­ന്ന­താ­ണ് പൊ­തു­രീ­തി. അങ്ങ­നെ­യെ­ങ്കിൽ ഭൂ­മി­യിൽ മനു­ഷ്യർ ഉപ­യോ­ഗി­ക്കു­ന്ന മൺ­പാ­ത്രം ചന്ദ്ര­നിൽ കൊ­ണ്ടി­ട്ടാൽ അവി­ടെ­യ­ത് ഉപ­യോ­ഗി­ക്കാൻ ആളി­ല്ലാ­ത്ത­തി­നാൽ വെ­റും മൺ­ക­ട്ട­യാ­യി­രി­ക്കി­ല്ലേ എന്ന­ത് വള­രെ പഴ­ക്കം­ച്ചെ­ന്നൊ­രു ആശ­യ­ക്കു­ഴ­പ്പ­മാ­ണ്. കല­യും ഇത്ത­ര­ത്തിൽ അത് നിർ­വ്വ­ഹി­ക്കു­ന്ന ധർ­മ്മ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തിൽ നിർ­വ്വ­ചി­ക്കാ­വു­ന്ന­താ­ണ്, ആസ്വാ­ദ­ക­രു­മാ­യി അതെ­ങ്ങ­നെ സം­വ­ദി­ക്കു­ന്നു എന്ന­തി­ന്റെ അടി­സ്ഥാ­ന­ത്തിൽ. ഇങ്ങ­നെ ചി­ന്തി­ച്ചാൽ കവിത അതി­ന്റെ വാ­യ­ന­ക്കാ­ര­നു­മാ­യി സം­വ­ദി­ക്കു­ന്നി­ല്ലെ­ങ്കിൽ പരാ­ജ­യ­പ്പെ­ടു­ന്നു എന്നു­വ­രും. പക്ഷേ ഈ പരാ­ജ­യം എപ്പോ­ഴും കവി­ത­യു­ടെ പ്ര­ശ്നം കൊ­ണ്ടാ­ക­ണം എന്നി­ല്ല, മറി­ച്ച് വാ­യ­ന­ക്കാ­ര­ന്റെ പോ­രാ­യ്മ കൊ­ണ്ടു­മാ­കാം. ഫ്ര­ഞ്ച് സിം­ബോ­ളി­സ്റ്റു­ക­ളിൽ പല­രും കവി­ത­യെ തെ­ളി­ഞ്ഞു­ക­ത്തു­ന്ന ഒരു വെ­ട്ട­മാ­യി കരു­തി. വാ­യ­ന­ക്കാ­രൻ മന­സ്സി­ലാ­ക്കേ­ണ്ട­താ­യി­ട്ടോ മന­സ്സി­ലാ­ക്കു­ന്ന­താ­യി­ട്ടോ കവി­ത­യിൽ ഒന്നു­മി­ല്ലെ­ന്ന് അവർ വാ­ദി­ച്ചു. കവി­ത­യെ ഒരു തീ ആയി കരു­താ­മെ­ങ്കിൽ അതി­ന്റെ ചൂ­ടേൽ­ക്കാൻ വന്നു­നിൽ­ക്കു­ന്ന ആളു­കൾ മാ­ത്ര­മാ­ണ് ഇവ­രെ സം­ബ­ന്ധി­ച്ച് വാ­യ­ന­ക്കാർ. കവി വാ­യ­ന­ക്കാ­രോ­ട് സം­സാ­രി­ക്കു­ക­യ­ല്ല; വാ­യ­ന­ക്കാർ കവി­യെ ഒളി­ച്ചു­നി­ന്ന് കേൾ­ക്കു­ക­യാ­ണ്. ഇതി­നു വി­രു­ദ്ധ­മായ കാ­ഴ്ച­പ്പാ­ട് വെ­ച്ചു പു­ലർ­ത്തു­ന്ന കവി­ക­ളു­മു­ണ്ട്. വാ­യ­ന­ക്കാ­രൻ വെ­റും കാ­ഴ്ച­ക്കാ­രൻ മാ­ത്ര­മ­ല്ലെ­ന്നും കവി­ത­യെ കവി­ത­യാ­ക്കു­ന്ന­തിൽ കൃ­ത്യ­മായ പങ്കു­വ­ഹി­ക്കു­ന്ന­വർ ആണെ­ന്നും ഈ കൂ­ട്ടർ വാ­ദി­ക്കു­ന്നു. ആശ­യ­പ­ര­മാ­യി രണ്ട­റ്റ­ങ്ങ­ളിൽ നിൽ­ക്കു­ന്ന ഈ രണ്ട് കാ­ഴ്ച­പ്പാ­ടു­ക­ളെ­യും നമു­ക്ക് പാ­ടേ അവ­ഗ­ണി­ക്കാൻ പറ്റി­ല്ല. ആദ്യ­ത്തെ കൂ­ട്ടർ കവി­ത­യെ കവി­ത­യാ­ക്കു­ന്ന ഉത്ത­ര­വാ­ദി­ത്വം കവി­ത­യ്ക്ക് തന്നെ നൽ­കി. എന്നാൽ കവി­ത­യെ കവി­ത­യാ­യി അനു­ഭ­വി­ക്കു­ന്ന­തിൽ വാ­യ­ന­ക്കാ­ര­നും ഉത്ത­ര­വാ­ദി­ത്വം ഉണ്ടെ­ന്ന­താ­ണ് യാ­ഥാര്‍ത്ഥ്യം. നി­ഷ്‌­ക്രി­യ­നായ ആസ്വാ­ദ­ക­നെ അല്ല കവി­ത­യെ­പ്പോ­ലൊ­രു കല ആവ­ശ്യ­പ്പെ­ടു­ന്ന­ത്.

കവി­ത­യും വാ­യ­ന­ക്കാ­ര­നും തമ്മി­ലു­ള്ള ബന്ധം ദൃ­ഢ­മാ­ക്കി കാ­വ്യാ­നു­ഭ­വം സാ­ധ്യ­മാ­ക്കു­ന്ന­തിൽ പ്ര­ധാന പങ്കു­വ­ഹി­ക്കു­ന്ന­ത് സാ­ദൃ­ശ്യ­ത്തിൽ അധി­ഷ്ഠി­ത­മായ അല­ങ്കാ­ര­ങ്ങ­ളാ­ണ്. ഉപ­മ, ഉൽ­പ്രേ­ക്ഷ, രൂ­പ­കം, പ്ര­തീ­പം, ദൃ­ഷ്ടാ­ന്തം തു­ട­ങ്ങി­യ­വ. സമാ­ന­മായ മറ്റൊ­ന്നു­മാ­യി തു­ല­നം ചെ­യ്തു നോ­ക്കി­യാ­ണ് നാം എല്ലാ­ത്തിന്റെയും മേ­ന്മ­യും പ്ര­ത്യേ­ക­ത­യും തി­രി­ച്ച­റി­യു­ന്ന­ത് എന്നു പറ­യു­ന്ന­ത് പോ­ലെ താ­ര­ത­മ്യ­ത്തി­ലൂ­ടെ­യും കൂ­ടി­യാ­ണ് കാ­വ്യാ­നു­ഭ­വം സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­ത്. ഈ പ്ര­ക്രിയ നട­ക്കു­ന്ന­ത് വാ­യ­ന­ക്കാ­ര­നി­ലും. കവി­ത­യ്ക്കു­ള്ളി­ലെ ലോ­ക­ത്തെ വാ­യ­ന­ക്കാ­രൻ ഉൾ­ക്കൊ­ള്ളു­ന്ന­ത് തന്റെ ഓർ­മ്മ­യെ (അ­നു­ഭ­വ­ങ്ങ­ളെ) ഉപ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­ത് വഴി­യാ­ണ്. കവി­ത­യി­ലെ ഒരു വസ്തു വാ­യ­ന­ക്കാ­ര­നിൽ അതു­മാ­യി ചേർ­ന്നു നിൽ­ക്കു­ന്ന ഓർ­മ്മ­യെ ഉണർ­ത്തു­ന്നു. ഓർ­മ്മ അതു­മാ­യി ചേർ­ന്നു നിൽ­ക്കു­ന്ന വി­കാ­ര­ത്തെ­യും. ഇതേ ഓർ­മ്മ­യു­ടെ അടി­ത്ത­റ­യിൽ നി­ന്നു­കൊ­ണ്ടാ­ണ് അയാ­ളി­ലെ ഭാ­വന ഉണ­രു­ന്ന­തും.

ഭാ­ഷാ­ന­ന്തര (late language) കാ­ല­ത്ത് എഴു­തു­ന്ന കവി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം 'ഞാൻ തനി­ച്ചാ­ണ്' എന്ന് എഴു­തി­യ­ത് കൊ­ണ്ട് മാ­ത്രം വാ­യ­ന­ക്കാ­ര­നിൽ ഒറ്റ­പ്പെ­ടൽ എന്ന വി­കാ­രം ഉണ്ടാ­കി­ല്ല. ഭാ­ഷ­യി­ലെ ഓരോ വാ­ക്കും ഉപ­യോ­ഗി­ച്ച് പഴ­കി അവ­യിൽ നി­ന്നും അവ ഉൽ­പ്പാ­ദി­പ്പി­ച്ചി­രു­ന്ന വി­കാ­രം ചോർ­ന്നു­പോ­യി­രി­ക്കു­ന്നു. ഭാഷ പു­ത്ത­നാ­യി­രു­ന്ന കാ­ല­ത്ത് വാ­ക്കു­ക­ളി­ലൂ­ടെ തീ­വ്ര­മാ­യി അനു­ഭ­വ­പ്പെ­ട്ട വി­കാ­ര­ങ്ങൾ ഇന്ന് പല വാ­ക്കു­ക­ളി­ലും ഇല്ല. വാ­യ­ന­ക്കാ­ര­നി­ലും കവി അനു­ഭ­വി­ക്കു­ന്ന അതേ വി­കാ­രം അതേ തീ­വ്ര­ത­യിൽ എത്ത­ണ­മെ­ങ്കിൽ കവി­യ്ക്ക് സാ­ദൃ­ശ്യ­ല­ങ്കാ­ര­ങ്ങ­ളെ കൂ­ടു­ത­ലാ­യി ഉപ­യോ­ഗ­പ്പെ­ടു­ത്തേ­ണ്ട­താ­യി വന്നി­രി­ക്കു­ന്നു. യാ­ന്നി­സ് റി­റ്റ്സോ­സ് തനി­ച്ചാ­ക­ലി­നെ ഇങ്ങ­നെ ആവി­ഷ്ക­രി­ക്കു­ന്നു­:

ദുഃഖം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.
ജനലഴികൾക്കപ്പുറം ഇലയില്ലാ ചില്ലകൾ.
ജനലരികിൽ നിങ്ങൾ തനിച്ച്.
വാതിലിൻ മുന്നിലൂടെ രാത്രി കടന്നുപോയി,
പ്രിയപ്പെട്ടവൾ വിട്ടുപോകും പോലെ— അവളുടെ
ഇടുപ്പിൽ മറ്റൊരാൾ ചുറ്റിപ്പിടിച്ചിരിക്കുന്നു.

ചന്ദ്രനോ, കെടുത്തിയ ബൾബ് പോലെ, നിശ്ചലം,
പാതയുടെ തിരുവിൽ, മരുന്നുകടയ്ക്ക് മുകളിൽ.

കവി­ത­യി­ലെ ഒരു പ്ര­ത്യേക ഭാ­ഗ­ത്തെ കാ­വ്യാ­ത്മ­ക­മാ­ക്കി ഉയർ­ത്തു­ന്ന രീ­തി­യി­ലോ കവി­ത­യെ ഒന്ന­ട­ങ്കം രൂ­പ­ക­മാ­ക്കി മാ­റ്റു­ന്ന രീ­തി­യി­ലോ സാ­ദൃ­ശ്യ­ല­ങ്കാ­ര­ത്തെ ഉപ­യോ­ഗ­പ്പെ­ടു­ത്താ­നാ­കു­ന്നു. സാ­ദൃ­ശ്യ­ല­ങ്കാ­ര­ത്തി­ന് എന്തി­നെ­യെ­ങ്കി­ലും വർ­ണ്ണി­ക്കുക എന്ന­തി­ന­പ്പു­റം കൃ­ത്യ­മായ ധർ­മ്മം കവി­ത­യിൽ നിർ­വ്വ­ഹി­ക്കാ­നു­ണ്ടാ­ക­ണം. കേ­വ­ലം വർ­ണ്ണന മാ­ത്ര­മാ­യി ഒതു­ങ്ങു­ന്ന അല­ങ്കാ­ര­ങ്ങൾ ഭാ­ഷാ­ന­ന്ത­ര­കാല കവി­ത­യിൽ ഗു­ണ­ത്തെ­ക്കാൾ ദോ­ഷം ചെ­യ്യും. ഉള്ള­ട­ക്ക­ത്തോ­ട് ചേർ­ന്നു നിൽ­ക്കു­ന്ന­തും കവി­ത­യിൽ പരാ­മർ­ശി­ക്കു­ന്ന അന്ത­രീ­ക്ഷ­ത്തിൽ നി­ന്നും കണ്ടെ­ടു­ക്കു­ന്ന­തു­മായ സാ­ദൃ­ശ്യാ­ല­ങ്കാ­ര­ങ്ങൾ ആണ് വാ­യ­ന­ക്കാ­ര­നിൽ കാ­വ്യ­നു­ഭ­വം ഫല­പ്ര­ദ­മായ രീ­തി­യിൽ സാ­ധ്യ­മാ­ക്കു­ക. രൂ­പ­ക­ങ്ങൾ എത്ര­ത്തോ­ളം ഫല­പ്ര­ദ­മാ­കു­ന്നു­വെ­ന്ന് മന­സ്സി­ലാ­കാൻ അതി­ന്റെ മൂ­ന്നു ഘട­ക­ങ്ങൾ തി­രി­ച്ച­റി­ഞ്ഞാൽ മതി: എന്തി­നെ­ക്കു­റി­ച്ചാ­ണോ പറ­ഞ്ഞു­വ­രു­ന്ന­ത്‌ അതാ­ണ്‌ ഉപ­മേ­യം. ഉപ­മേ­യ­ത്തെ എന്തി­നോ­ടാ­ണോ താ­ര­ത­മ്യ­പ്പെ­ടു­ത്തു­ന്ന­ത്‌ അത്‌ ഉപ­മാ­നം. ഇനി, താ­ര­ത­മ്യം ചെ­യ്യു­ന്ന രണ്ടു വസ്‌­തു­ക്ക­ളു­ടെ സമാ­ന­ത­യാ­ണു മൂ­ന്നാ­മ­ത്തെ ഘട­കം. ഈ സമാ­ന­ത­യു­ടെ സം­വേ­ദ­ന­ക്ഷ­മ­ത­യാ­ണ് വാ­യ­ന­ക്കാ­ര­നും കവി­ത­യും തമ്മി­ലു­ള്ള ബന്ധ­ത്തെ നിർ­ണ്ണ­യി­ക്കു­ന്ന­ത്. ഉപ­മാ­നം എപ്പോ­ഴും തു­റ­ന്നു­കി­ട­ക്കു­ന്ന­ത് (open-ended) ആണ് നല്ല­ത്. 

തു­റ­ന്ന ഉപ­മാ­ന­ങ്ങൾ കവി­ത­യ്ക്ക് നി­ഗൂഢ സ്വ­ഭാ­വം നൽ­കും. ഈ നി­ഗൂ­ഢത ആക­ട്ടെ കവി­ത­യെ അവ്യ­ക്ത­മാ­ക്കു­ക­യ­ല്ല ഇനി­യും വ്യ­ക്ത­മാ­കാൻ പല­തു­മു­ണ്ട­ല്ലോ എന്ന തോ­ന്നൽ അവ­ശേ­ഷി­പ്പി­ക്കു­ക­യാ­ണ് ചെ­യ്യു­ന്ന­ത്. അവ്യ­ക്തത ഉണ്ടാ­കുക കൃ­ത്യ­മായ വി­വ­ര­ങ്ങൾ പങ്കു­വെ­ക്കാ­തെ വരു­മ്പോ­ഴും ഇമേ­ജു­കൾ തമ്മി­ലു­ള്ള പര­സ്പ­ര­ബ­ന്ധം വ്യ­ക്ത­മാ­കാ­തെ വരു­മ്പോ­ഴും ഉപ­മാ­ന­വും ഉപ­മേ­യ­വും തമ്മി­ലു­ള്ള ബന്ധം വ്യ­ക്ത­മാ­ക്കാ­തെ വി­ടു­മ്പോ­ഴും ഓക്കെ­യാ­ണ്. അവ്യ­ക്ത­ത­യെ നി­ഗൂ­ഢ­ത­യാ­യി തെ­റ്റു­ദ്ധ­രി­ക്കാ­നു­ള്ള സാ­ധ്യ­ത­യും കൂ­ടു­ത­ലാ­ണ്. പല മോ­ശം കവി­ക­ളും കവി­ത­യിൽ നി­ഗൂ­ഢത കൊ­ണ്ടു­വ­രാ­നാ­യി എഴു­ത്തി­നെ മനഃ­പൂർ­വം അവ്യ­ക്ത­മാ­ക്കു­ന്ന­തും കാ­ണാം. ഇങ്ങ­നെ ചെ­യ്യു­മ്പോൾ വാ­യി­ക്കു­ന്ന­യാൾ­ക്ക് കാ­വ്യാ­നു­ഭ­വം ലഭി­ക്കാ­തെ­യാ­കും.

ഇമേ­ജു­കൾ­ക്ക് അതാ­യി­ത്ത­ന്നെ മൂ­ല്യ­മു­ണ്ടെ­ന്നു വാ­ദി­ച്ച­വർ ആയി­രു­ന്നു ഇമേ­ജി­സ്റ്റ് കവി­ക­ളിൽ പല­രും. തൊ­ട്ടു­മു­മ്പു­ള്ള തല­മുറ പ്ര­തി­രൂ­പം (symbol) എന്ന് വി­ളി­ച്ചി­രു­ന്ന­തി­നെ­യാ­ണ് ഇമേ­ജു­കൾ കൊ­ണ്ട് ഇമേ­ജി­സ്റ്റു­കൾ ലക്ഷ്യ­മി­ട്ട­ത്. എന്തി­നെ­(­യൊ­ക്കെ­)­യാ­ണോ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­ത് അതി­നെ­പ്പ­റ്റി സൂ­ച­ന­ക­ളൊ­ന്നും നൽ­കാ­തെ എഴു­തി­യ­തി­നാൽ ഇവ­രു­ടെ കവി­ത­കൾ വാ­യ­ന­ക്കാ­രു­മാ­യി സം­വ­ദി­ക്കു­ന്ന­തിൽ പരാ­ജ­യ­പ്പെ­ട്ടു. എന്തി­നോ­ടൊ­ക്കെ­യാ­ണോ താ­ര­ത­മ്യം ചെ­യ്യാ­നാ­കു­ന്ന­ത് അതി­നോ­ട് ചേർ­ത്ത് വെ­ച്ച് നട­ത്തു­ന്ന ആലോ­ച­ന­യാ­ണ് വാ­യ­ന­ക്കാ­രിൽ കാ­വ്യാ­നു­ഭ­വം സൃ­ഷ്ടി­ക്കു­ന്ന­ത് എന്ന കാ­ര്യ­ത്തി­ന് ഇരു­ധാ­ര­യിൽ­പ്പെ­ട്ട പല കവി­ക­ളും പ്രാ­ധാ­ന്യം നൽ­കി­യി­ല്ല. ഒരു പ്ര­ത്യേക കാ­ര്യ­ത്തെ ആവി­ഷ്ക­രി­ക്കു­ന്ന­തി­നാ­യി അതി­നോ­ട് ചേർ­ന്നു­നിൽ­ക്കു­ന്ന പ്ര­തി­രൂ­പ­ത്തെ കണ്ടെ­ത്തു­ക­യും എന്നാൽ കവി­ത­യിൽ നി­ന്നും എന്തി­നെ­യാ­ണോ ആവി­ഷ്ക­രി­ച്ച­ത് അതി­ലേ­ക്ക് നയി­ക്കു­ന്ന സൂ­ച­ന­കൾ ഒഴി­വാ­ക്കു­ക­യും ചെ­യ്യു­മ്പോൾ വാ­യ­ന­ക്കാ­ര­ന് പല­പ്പോ­ഴും കവി­ത­യി­ലേ­ക്കു­ള്ള പ്ര­വേ­ശ­നം അസാ­ധ്യ­മാ­കും. പ്ര­തി­രൂ­പ­ത്തിൽ കവി ഉദ്ദേ­ശി­ച്ച­ത­ല്ലാ­ത്ത മറ്റൊ­ന്നും വാ­യ­ന­ക്കാ­ര­നു കണ്ടെ­ടു­ക്കാൻ സാ­ധി­ക്കാ­തെ­യും വരാം. ഒരു പ്ര­ത്യേക വസ്തു­വി­നെ കു­റി­ച്ചു­ള്ള വി­വ­ര­ണം, നമ്മ­ളിൽ അവ­യോ­ട് ചേർ­ന്നു­നിൽ­ക്കു­ന്ന വി­കാ­ര­ങ്ങ­ളെ ഉണർ­ത്തു­മെ­ന്ന ടി. എസ്. എലി­യ­റ്റിന്റെ നി­രീ­ക്ഷ­ണ­ത്തെ കൂ­ട്ടു­പി­ടി­ച്ച് ഇത്ത­രം കവി­ത­കൾ പാ­ഴ­ല്ലെ­ന്നു സമർ­ത്ഥി­ക്കാ­മെ­ന്നു­മാ­ത്രം.

കു­മാ­രാ­നാ­ശാന്റെ­യും ജി. ശങ്ക­ര­ക്കു­റു­പ്പിന്റെ­യും കവി­ത­ക­ളിൽ സിം­ബോ­ളി­ക് സ്വ­ഭാ­വം പ്ര­ക­ട­മാ­ണെ­ങ്കി­ലും ഫ്രെ­ഞ്ച് സിം­ബോ­ളി­ക് കവി­ക­ളിൽ കാ­ണു­ന്ന ദുര്‍ഗ്ര­ഹത ഇവ­രിൽ ഇല്ലാ­യി­രു­ന്നു. മന­സ്സിന്റെ വസ്തു­നി­ഷ്ഠ­വും പ്രാ­തി­നി­ധ്യാ­ത്മ­ക­വും ബു­ദ്ധി­പ­ര­വു­മായ ഉള്ള­ട­ക്ക­ങ്ങ­ളെ­ക്കാൾ അതിന്റെ അവ­സ്ഥ­ക­ളെ വ്യ­ജ്ഞി­പ്പി­ക്കു­വാ­നു­ള്ള ശ്ര­മ­മാ­യി­രു­ന്നു ഫ്രെ­ഞ്ച് സിം­ബോ­ളി­ക് കവി­ക­ളു­ടേ­ത്. മാ­ന­സി­കാ­നു­ഭൂ­തി­ക­ളെ ആവി­ഷ്ക­രി­ക്കാ­നു­പ­യോ­ഗി­ക്കു­ന്ന പ്ര­തി­രൂ­പ­ങ്ങള്‍ ദുര്‍ഗ്ര­ഹ­ങ്ങ­ളാ­യ­തി­നാ­ലാ­ണ് ഫ്രെ­ഞ്ച് സിം­ബോ­ളി­ക് കവി­ത­കൾ പല­തും കാ­വ്യാ­സ്വാ­ദ­ന­ത്തിൽ പ്ര­യാ­സം നേ­രി­ട്ട­ത്. എന്നാൽ ജി. ശങ്ക­ര­ക്കു­റു­പ്പിൽ അങ്ങ­നെ­യു­ള്ള തട­സ്സം വാ­യ­ന­ക്കാ­രൻ നേ­രി­ടാ­നി­ട­യി­ല്ല. അദ്ദേ­ഹം ഇതേ­പ്പ­റ്റി പറ­യു­ന്ന­ത് ഇങ്ങ­നെ: “പ്ര­തി­രൂ­പ­ങ്ങ­ളില്‍കൂ­ടി­യാ­ണ് പ്ര­കൃ­തി­യില്‍ നി­ലീ­ന­മായ ജീ­വി­ത­ത്തി­ന്റെ ഐക്യ­ത്തെ അനു­ഭ­വ­പ്പെ­ടു­ത്തു­വാ­നും അതി­ന്റെ സൗ­ന്ദ­ര്യ­ത്തെ വ്യാ­ഖ്യാ­നി­ക്കു­വാ­നും അതില്‍ ലയി­ച്ചു ചി­ല­പ്പോ­ഴെ­ങ്കി­ലും പ്ര­ത്യേക സത്ത മറ­ക്കു­വാ­നും ഞാന്‍ ശീ­ലി­ച്ച­ത്. അവ എന്റെ ഭാ­ഷ­യും ഞാന്‍ അവ­യു­ടെ അര്‍ത്ഥ­വും; എന്റെ കല, അതെ­ത്ര അപൂര്‍ണ്ണ­മാ­യാ­ലും­-­അ­വ­യു­ടെ വ്യാ­ഖ്യാ­ന­വും ആയി­ത്തീര്‍ന്നു­പോ­യി. ഇതാ­ണ് പര­മാര്‍ത്ഥം. നീ­റി­പ്പി­ടി­ക്കാ­വു­ന്ന ഉമി­യില്‍ അഗ്നി­സ്ഫു­ലിം­ഗ­ത്തി­ന് പി­ടി­കി­ട്ടി­യാല്‍ അത് പരി­പൂര്‍ണ്ണ­മാ­യി എരി­യു­ന്ന­തു­വ­രെ കെ­ട്ടു­പോ­വു­ക­യി­ല്ല. ചാ­ര­ത്താല്‍ മറ­ഞ്ഞു­പോ­യാ­ലും അതി­ന്റെ ഊഷ്മ­വ്യാ­പാ­രം തു­ടര്‍ന്നു­കൊ­ണ്ടി­രി­ക്കും. വി­കാ­രോ­ദ്ദീ­പ­ത്മായ ഒര­നു­ഭൂ­തി ആക­സ്മി­ക­മാ­യി ദര്‍ശി­ക്കു­ന്ന ഒരു പ്ര­തി­രൂ­പ­ത്തില്‍ ആളി­പ്പി­ടി­ച്ചാല്‍, അതു മു­ഴു­വ­നും വ്യാ­പി­ക്കു­ന്ന മറ്റു ചി­ന്ത­കള്‍ ഉയര്‍ന്നു­വ­ന്നാ­ലും ഈ വ്യാ­പാ­രം അപ്ര­ത്യ­ക്ഷ­മാ­യി തു­ടര്‍ന്നു­കൊ­ണ്ടി­രി­ക്കും; ഒടു­വില്‍ കലാ­രൂ­പ­മായ ഉജ്ജ്വല നാ­ള­ത്തെ ഉല്പാ­ദി­പ്പി­ച്ച് വി­ശ്ര­മി­ക്കു­ക­യും ചെ­യ്യും. സൂ­ക്ഷ­മായ ഒരു സാ­ദൃ­സ്യ­ബോ­ധം മാ­ത്ര­മാ­ണ് ഹൃ­ദ­യാ­നു­ഭൂ­തി­യേ­യും പ്ര­തി­രൂ­പ­ത്തേ­യും ആദ്യം തമ്മി­ലി­ണ­ക്കു­ന്ന­ത്. പി­ന്നെ കലാ­കാ­ര­ന്റെ ഉദ്ഗ്ര­ഥ­നാ­ത്മി­ക­യായ ഭാ­വന അതി­നെ ഊതി­ക്ക­ത്തി­ക്കു­ന്നു; സാ­ദൃ­ശ്യ­ബോ­ധം ആളി­പ്പ­ടര്‍ന്നു­പി­ടി­ക്കു­ന്നു. മാ­ന­സി­കാ­നു­ഭൂ­തി­ക­ളെ ആവി­ഷ്ക­രി­ക്കു­വാന്‍ ഞാന്‍ പ്ര­തി­രൂ­പ­ങ്ങ­ളെ അന്വേ­ഷി­ക്കു­ക­യ­ല്ല പതി­വ്. പ്ര­തി­രൂ­പ­ങ്ങള്‍ ഹൃ­ദ­യാ­ന്ത:­പു­ര­ത്തില്‍ മയ­ങ്ങി­ക്കി­ട­ക്കു­ന്ന അനു­ഭാ­വ­ങ്ങ­ളെ കു­ലു­ക്കി­വി­ളി­ക്കു­ക­യും മയ­ങ്ങി­ക്കി­ട­ക്കു­ന്ന അനു­ഭ­വ­ങ്ങ­ലെ കു­ലു­ക്കി­വി­ളി­ക്കു­ക­യും ഉണര്‍ത്തു­ക­യു­മാ­ണ് മി­ക്ക­പ്പോ­ഴും സം­ഭ­വി­ക്കാ­റ്…”

സിം­ബോ­ളി­ക് സ്വ­ഭാ­വം കവി­ത­യ്ക്ക് അടി­സ്ഥാ­ന­പ­ര­മാ­യി ഉള്ള­താ­ണെ­ന്ന­താ­ണ് യാ­ഥാർ­ത്ഥ്യം. ആ സ്വ­ഭാ­വ­ത്തെ മുൻ­നിർ­ത്തി­യാ­ണ് മറ്റെ­ന്തോ കൂ­ടി ഈ കവിത പറ­യു­ന്നു­ണ്ട­ല്ലോ എന്ന അന്വേ­ഷ­ണ­ത്തി­നു ഓരോ വാ­യ­ന­ക്കാ­ര­നും മു­തി­രു­ന്ന­ത്. അതേ­സ­മ­യം രൂ­പ­കാ­ത്മ­ക­മായ (metaphorical) ആവി­ഷ്കാ­ര­ങ്ങ­ളാ­ണ് കൂ­ടു­തൽ കാ­വ്യാ­ത്മ­ക­മാ­കാൻ ഇട­യു­ള്ള­ത്. സിം­ബോ­ളി­ക്കൽ ആകു­മ്പോൾ അവ നി­യ­ത­മായ ഒരു അർ­ത്ഥ­ത്തെ കു­റി­ക്കു­മെ­ന്നും രൂ­പ­ക­പ­ര­മാ­കു­മ്പോൾ അവ ബിം­ബാ­ത്മ­ക­മായ സ്വ­ഭാ­വം കൈ­വ­രി­ക്കു­ക­യും, എന്തി­നെ­യാ­ണോ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­ത് അതി­ന്റെ സവി­ശേ­ഷ­ത­കൾ കൈ­യ്യാ­ളു­മെ­ങ്കി­ലും - പ്ര­തി­രൂ­പ­ങ്ങ­ളിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യി - ബിം­ബ­ങ്ങൾ നി­യ­ത­മായ ഒരു അർ­ത്ഥ­ത്തി­ലോ വ്യാ­ഖ്യാ­ന­ത്തി­ലോ ഒതു­ങ്ങി­ല്ല എന്നും ആന്ദ്രേ താർ­ക്കോ­വ്സ്കി പറ­യു­ന്നു. ഇതേ കാ­ര­ണ­ങ്ങൾ കൊ­ണ്ടാ­ണ് ‘കി­ഴ­വ­നും കട­ലും’ എന്ന തന്റെ വി­ഖ്യാത രച­ന­യെ അധ്യാ­പ­കർ അട­ക്ക­മു­ള്ള­വർ സൂ­ച­ക­ങ്ങ­ളെ മുൻ­നിർ­ത്തി വി­ല­യി­രു­ത്തു­ന്ന­ത് ഏണെ­സ്റ്റ് ഹെ­മിം­ഗ്വേ എതിർ­ത്ത­ത്. മീ­നും കി­ഴ­വ­നും ബോ­ട്ടും അതാ­യി­നിൽ­ക്കു­ന്ന­തെ­ന്തോ അത­ല്ല അവ മറ്റു ചി­ല­തിന്റെ പ്ര­തി­രൂ­പ­ങ്ങൾ ആണെ­ന്ന വാ­ദ­ങ്ങൾ യഥാർ­ത്ഥ­ത്തിൽ പല­ത­രം വാ­യ­ന­യ്ക്ക് തട­സ്സ­മാ­കു­ന്ന­താ­ണ്. വെ­ള്ള­രി­പ്രാ­വ് സമാ­ധാ­ന­ത്തെ­യും കറു­ത്ത പതാക ദുഃ­ഖ­ത്തെ­യും സൂ­ചി­പ്പി­ക്കു­ന്നു എന്ന് പറ­യും­പോ­ലെ സ്ഥാ­പി­ക്കു­ന്ന­തോ സ്ഥാ­പി­ക്കാൻ ആകു­ന്ന­തോ ആക­രു­ത് കാ­വ്യാ­ത്മ­ക­മായ കല­ക­ളിൽ പ്ര­തി­രൂ­പ­ങ്ങൾ. മറ്റൊ­രു­ത­ര­ത്തിൽ പറ­ഞ്ഞാൽ ചി­ഹ്ന­ങ്ങ­ളു­ടെ സ്വ­ഭാ­വ­മ­ല്ല പ്ര­തി­രൂ­പ­ങ്ങൾ­ക്ക് കവി­ത­യിൽ ഉണ്ടാ­കേ­ണ്ട­ത്. ചി­ഹ്ന­ങ്ങൾ എല്ലാ മനു­ഷ്യ­രു­മാ­യും ഒരേ കാ­ര്യ­മാ­ണ് വി­നി­മ­യം ചെ­യ്യേ­ണ്ട­ത്. എന്നാൽ കവി­ത­യി­ലേ­ക്ക് വരു­മ്പോൾ സാ­ദൃ­ശ്യ­ത്തിൽ അധി­ഷ്ഠി­ത­മായ അല­ങ്കാ­ര­ങ്ങ­ളാ­യാ­ലും പ്ര­തി­രൂ­പ­ങ്ങ­ളാ­യാ­ലും പല­ത­രം വ്യാ­ഖ്യാ­ന­ത്തി­നു­ള്ള സാ­ധ്യ­ത­കൾ മു­ന്നോ­ട്ട് വെ­ക്കു­ന്ന­തും അതി­നു ആവ­ശ്യ­മായ യു­ക്തി കൈ­യ്യാ­ളു­ന്ന­തും നല്ലതാണ്.

കവിതയെഴുതുന്നതിനെ കുറിച്ച് ഉലാവ് എച്ച്. ഹേഗ്

Olav H. Hauge

ഇലക്കുടിലുകളും മഞ്ഞുവീടുകളും എന്ന പേരിൽ വി. രവികുമാർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഉലാവ് എച്ച്. ഹേഗിന്റെ കവിതകൾ  വായിക്കാനെടുത്തപ്പോൾ, അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറയുന്ന പോലെ, ഉണക്കപ്പുല്ലിൽ കത്തിപ്പിടിക്കുന്ന ചെറുനാളം പോലെ ആദ്യമൊക്കെ നിസ്സഹായമായി, അണഞ്ഞും കത്തിയും പിന്നെപ്പിന്നെ ബലം കയറിയും ചീറിയും വളർന്നും സകലതും വിഴുങ്ങിയും ഒരു ചണ്ഡവാതമായിപ്പാഞ്ഞും, മുന്നിൽ വരുന്നതെന്തിനേയും വിഴുങ്ങുന്നൊരു ശക്തിയായി കവിത വരികയായിരുന്നു.

തന്റെ കവിതകളെക്കുറിച്ച് ഉലാവ് ഇങ്ങനെ പറയുന്നു: എന്റെ കവിതകൾ സാധാരണമാണ്‌. നിറം കെട്ടത്, ഭാരം കൂടിയത്. അതായത് വില്യം ബ്ളേക്ക് പറയുന്ന തരം ‘കാവ്യപ്രതിഭ’യൊന്നും അതിലില്ല. അദ്ദേഹത്തിന്റെ കവിതകൾ ജീവനും വെളിച്ചവും നിറഞ്ഞതായിരുന്നു, അനായാസമായിരുന്നു. ഞാനിപ്പോഴും അസ്തിവാരത്തിനു കല്ലു നിരത്തുന്നതേയുള്ളു, അടിയിൽ നിന്നു മുകളിലേക്കു കെട്ടിവരുന്നതേയുള്ളു. മുകളിൽ വരാൻ പോകുന്ന വീടിനെക്കുറിച്ച് എനിക്കു സ്വപ്നം കാണാനേ കഴിയൂ.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നല്ല കവിത കടലാസ്സിൽ പ്രകാശം പരത്തിനില്ക്കും. നിങ്ങൾ പുസ്തകം വായിച്ചടച്ച് അലമാരയിൽ വച്ചിട്ടേറെ നേരം കഴിഞ്ഞും ഏകാന്തമായ അന്ധകാരത്തിൽ അതിന്റെ തിളക്കം കാണാമെന്നും അദ്ദേഹം അവകാശപ്പെടുന്നു. കവിതകളെ അദ്ദേഹം മൂന്നായി തരംതിരിക്കുന്നു:
  • ഈ വശത്തെ കവിതകൾ: സാധാരണ കണ്ണുകൾ കൊണ്ടു കാണുന്നത്.
  • അതിരിലെ കവിതകൾ: മറുവശത്തു നിന്നുള്ള വെളിച്ചം അരിച്ചിറങ്ങി മറ്റു ചിലതായി നമുക്കനുഭവപ്പെടുന്നത്.
  • മറുവശത്തെ കവിതകൾ: എഴുതപ്പെട്ടിട്ടുണ്ടെങ്കിൽത്തന്നെ വളരെ അപൂർവ്വമായത്.

സുന്ദരമായതെന്തെങ്കിലും സൃഷ്ടിക്കുക എന്നതുപോലെ തന്നെ മനോഹരമായ ഒരു സംഗതിയായാണു ഉലാവ് കവിതയെഴുത്തിനെയും കാണുന്നത്, അതാകട്ടെ വ്യക്തിപരമാകണമെന്നുമില്ല. നമുക്കു പുറത്തു നിന്നുകൊണ്ട് നമുക്കെഴുതാനാകുമെന്നു പറയുന്ന അദ്ദേഹം, വിഷയം മനുഷ്യൻ ആകണമെന്നേയുള്ളുവെന്നും അഭിപ്രായപ്പെടുന്നു. നിങ്ങൾക്ക് കണ്ണു കാണില്ലെന്നതോ നിങ്ങൾക്കു മുടന്തുണ്ടെന്നതോ നിങ്ങളുടെ കവിതയുടെ കാര്യത്തിൽ പ്രസക്തമല്ല. വായനക്കാരനെ ആനന്ദിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു കലാസൃഷ്ടിക്കൊരുങ്ങുമ്പോൾ നിങ്ങൾ വ്യക്തിപരതയെ അതിജീവിക്കണം, നിങ്ങളുടെ സ്വകാര്യദുഃഖങ്ങൾ നിങ്ങളിൽത്തന്നെ വയ്ക്കണം.

ഉലാവ് ആകട്ടെ വായനക്കാർക്കുവേണ്ടി എഴുതുക എന്നതൊരു ലക്ഷ്യമായി കാണാത്ത കവിയായിരുന്നു. എമിലി ഡിക്കിൻസണെ ഉദാഹരണമായി എടുത്തുകൊണ്ട് അദ്ദേഹം ഇക്കാര്യത്തിലെ തന്റെ നിലപാട് വ്യക്തമാക്കുന്നു: മറ്റുള്ളവർക്കു വേണ്ടിയാണ്‌ നിങ്ങൾ എഴുതുന്നതെങ്കിൽ നിങ്ങളുടെ രചനകൾ വളരെപ്പെട്ടെന്ന് അതിസാധാരണമായിപ്പോകും. എമിലി തനിക്കു വേണ്ടി എഴുതി. താനെഴുതിയത് മറ്റുള്ളവരെ കാണിച്ചു കിട്ടുന്ന പൊള്ളയായ സന്തോഷം അവർക്കാവശ്യമുണ്ടായിരുന്നില്ല. തന്റെ സമകാലീനർക്കു വേണ്ടിയാണ്‌ അവർ എഴുതിയിരുന്നതെങ്കിൽ അവരുടെ കൃതികൾ ഈ മട്ടാവുമായിരുന്നില്ലെന്നും ഉലാവ് ചൂണ്ടിക്കാണിക്കുന്നു. കവികളിൽ മഹിതിയായി അദ്ദേഹം എമിലിയെ വാഴ്ത്തുന്നു.

കവി തന്റെ വായനക്കാരിൽ ശ്രദ്ധിക്കേണ്ടതില്ല. അയാളുടെ കണ്ണുകൾ നമുക്കറിയരുതാത്ത ഒരു ലക്ഷ്യത്തിലായിരിക്കണം. കവി തന്റെ വാക്കുകൾ എന്തു ഫലമാണ്‌ ജനിപ്പിക്കാൻ പോകുന്നത് എന്നതിൽ ശ്രദ്ധിക്കാൻ പാടില്ല; അയാൾ തന്റെ ദൗത്യത്തിൽ മാത്രം ശ്രദ്ധയൂന്നുക, കളിയിൽ മുഴുകിയ കുട്ടിയെപ്പോലെ. കവിതയുടെ രൂപത്തിനു പ്രത്യേക പരിഗണനയൊന്നും നൽകാനും ഉലാവ് തയ്യാറല്ല. അദ്ദേഹം പറയുന്നു: നിങ്ങൾക്കവർ വീഞ്ഞ് വച്ചുനീട്ടിയാൽ വാങ്ങി അല്പം രുചിക്കുക. ഗ്ലാസ്സിന്റെ രൂപം, അത് ഉരുണ്ടതാണോ ആറു വശമുള്ളതാണോ എന്നതൊന്നും കാര്യമുള്ളതല്ല. അതേ സമയം മനോഹരമായ ഒരു ഗ്ലാസ്സ് സുഖാനുഭൂതിയുടെ അളവ് കൂട്ടുകയും ചെയ്യും.

താളമില്ലാതെ കവിതയെഴുതുന്നത് നീരു വറ്റിയ പുഴയിൽ തോണിയിറക്കുന്ന പോലെയായിട്ടാണു അദ്ദേഹം കാണുന്നത്. താളം ഒരു പുഴയാണ്‌. നിങ്ങൾക്കതിൽ തോണിയിറക്കി ഒഴുക്കിനൊത്തൊഴുകാം, അത് നിങ്ങളെ കൊണ്ടുപൊയ്ക്കോളും. ഓരോ പുതിയ താളവും വേറിട്ടൊരു പുഴയാണ്‌. അതിനൊത്ത തോണി നിങ്ങൾക്കു വേണം. വ്യവസ്ഥാപിതവൃത്തങ്ങളിൽ നിങ്ങൾ സുരക്ഷിതനാനെന്നു പറയുന്നത് അതുകൊണ്ടാണ്‌. താളമുണ്ടായിരിക്കുന്നിടത്തോളം വൃത്തമുക്തമായി കവിതയെഴുതുന്നതിൽ തെറ്റില്ല.

ഇലക്കുടിലുകളും മഞ്ഞുവീടുകളും

കവിയാകണമെന്നു ലക്ഷ്യമിടുന്നവരോട് അദ്ദേഹം ആഭിചാരം ശീലിക്കാൻ പറയുന്നു; അതായത്, വാക്കുകളെ അവയുടെ യുക്തിപരമായ അർത്ഥം മാത്രം കണക്കാക്കാതെ അവയുടെ ശബ്ദവും നിഗൂഢതയും കൊണ്ടു കൂടി പ്രയോഗിക്കാൻ പഠിക്കണമെന്ന്. ദുർമന്ത്രവാദം, എന്നു നിങ്ങൾ പറഞ്ഞേക്കാം; അങ്ങനെയാണെന്നു വരാം, പക്ഷേ അത് വലിയ കലയാണ്‌. കവിയാകാൻ ശ്രമിക്കുന്നവർ അതിൽ വൈദഗ്ദ്ധ്യം നേടണം. എഴുതാനിരിക്കുമ്പോൾ നമുക്കു മുന്നിൽ തുറന്നുകിടക്കുന്ന ഒരു പുതിയ പേജ്. ആ പേജിലെ എല്ലാം സ്വതന്ത്രമാണ്. അദ്ദേഹം പറയുന്നു: നിങ്ങൾക്കതിൽ ഓടിച്ചാടി നടക്കാം. കുട്ടിയായിരിക്കുമ്പോൾ കാട്ടിനുള്ളിൽ പായലു പിടിച്ച ഒരു വെളിയിടം കണ്ടെത്തുന്ന പോലെയാണത്; പതുപതുത്ത ആ പായൽവിരിപ്പിൽ നിങ്ങൾക്കു തലകുത്തി മറിയാം, കിടന്നുരുളാം.

ഇരുന്നെഴുതുന്നതിനോടല്ല ഉലാവിനു മതിപ്പുള്ളത്. ഇരുന്നെഴുതിയാൽ കവിത വരില്ല എന്നദ്ദേഹം അവകാശപ്പെടുന്നു. ഇതിനു ന്യായീകരണമായി എഴുതുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്ന ബ്യോൺസൺ, ആശയങ്ങൾ കിട്ടാൻ നല്ലൊരു വഴിയായി മലകയറ്റത്തെ കരുതിയ ഒലാവ് വിന്യെ എന്നിവരെ ഒക്കെ അദ്ദേഹം കൂട്ടുപിടിക്കുന്നു. നടന്നുകൊണ്ടാണ്‌ മാൻഡെല്ഷ്ടം മനസ്സിൽ കവിത രൂപപ്പെടുത്തിയിരുന്നതെന്ന മാൻഡെല്ഷ്ടമിന്റെ ഭാര്യയുടെ സാക്ഷ്യപ്പെടുത്തലും ഓർമ്മിപ്പിക്കുന്നു. ഗ്രീക്ക് ദാർശനികർ നടന്നുകൊണ്ടാണ്‌ ചിന്തിച്ചിരുന്നതത്രേ. “എത്ര ചെരുപ്പുകൾ തേഞ്ഞുപോയിട്ടാണ്‌ ദാന്തേ ഡിവൈൻ കോമഡി എഴുതിയത്?” എന്ന മാൻഡെല്ഷ്ടമിന്റെ ചോദ്യം ഉലാവും ഉന്നയിക്കുന്നു.

എല്ലാം എല്ലാവരുമായി പങ്കുവെക്കുന്നതിനോടും ഈ കവിയ്ക്ക് താൽപ്പര്യമില്ല. എല്ലാം പങ്കുവെക്കാനുള്ളതല്ല. മനുഷ്യജീവിക്കും സ്വന്തമായ രഹസ്യമുണ്ട്, നിഗൂഢതയുണ്ട്, ആ നിഗൂഢത അയാൾക്ക് തന്റെ ശവക്കുഴിയിലേക്കു കൊണ്ടുപോകാനുള്ളതുമാണ്‌. കവിയും മനുഷ്യനാണ്; അതിനാൽ അയാൾ സകലതും പങ്കുവയ്ക്കാൻ പാടില്ല. കലയുടെ ആൾത്താരയിൽ നിങ്ങൾക്കു പലതും നിവേദിക്കാം, എന്നാൽ ഒന്നൊഴിയാതെ എല്ലാം എന്നില്ല. തുറക്കരുതാത്ത ഒരു വാതിലുണ്ട്.

വല്ലപ്പോഴുമൊരു കവിതയേ എഴുതാൻ ആകുന്നുള്ളുവെങ്കിൽ അതിൽ തൃപ്തിപ്പെടാൻ ഉലാവ് നിർദേശിക്കുന്നു. പൊന്മുട്ടയിടുന്ന താറാവിന്റെ കഥയെടുത്തുകൊണ്ട് അദ്ദേഹം പറയുന്നു: എന്നും ഓരോ പൊന്മുട്ടയിടുന്ന താറാവിനെക്കുറിച്ച് ഈസോപ്പ് ഭാര്യയോടു പറഞ്ഞു. എന്നാൽ ഭാര്യയുടെ ചിന്ത പോയത് താറാവിനെ കൊന്നാൽ പൊന്മുട്ടയെല്ലാം ഒരുമിച്ചു കിട്ടുമല്ലോ എന്നായിരുന്നു. അതവർ നടപ്പാക്കുകയും ചെയ്തു. പക്ഷേ ഈ താറാവിന്റെ വയറും മറ്റു താറാവുകളുടേതു പോലെ തന്നെയായിരുന്നു. പല കവികളുടെ കാര്യവും ഇതു തന്നെ. ഇടയ്ക്കൊരു കവിതയെഴുതുന്നതുകൊണ്ടു തൃപ്തിപ്പെടാതെ തങ്ങളെ ഒരുമിച്ചു തുറന്നുകാണിക്കാൻ അവർ ശ്രമിക്കുന്നു. എന്നു പറഞ്ഞാൽ, തങ്ങളുടെ ഉള്ളിൽ എന്താണെന്നറിയാൻ അവർ തങ്ങളെത്തന്നെ കശാപ്പു ചെയ്യുന്നു. ഉലാവിന്റെ നിരീക്ഷണത്തിൽ കുറച്ചു മാത്രം എഴുതുന്നയാളിന്റെ പെൻസിൽ മുന കൂർത്തതായിരിക്കും. ഒരു നല്ല കവിയുടെ വാക്കുകളും വരികളും താളവും നിശ്ചയിക്കുന്നത് വ്യാകരണത്തിന്റെയോ കാവ്യശാസ്ത്രത്തിന്റെയോ നിയമങ്ങളായിരിക്കില്ല, അയാളുടെ ഹൃദയസ്പന്ദനമായിരിക്കും.

അവലംബം: വി. രവികുമാർ പരിഭാഷപ്പെടുത്തി, ഐറിസ് ബുക്ക്സ് പ്രസിദ്ധീകരിച്ച ഉലാവ് എച്ച്. ഹേഗിന്റെ കവിതാസമാഹാരം - 'ഇലക്കുടിലുകളും മഞ്ഞുവീടുകളും’