ഒരാളെ കവിത എഴുതാൻ പ്രാപ്തനാക്കുന്ന പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ അയാളുടെ നിരീക്ഷണപാടവം, വ്യവഹാരഭാഷയിൽ നിന്നും കവിതാഭാഷ നിർമ്മിക്കാനുള്ള ശേഷി, ഭാവന എന്നിവയാണ്. ഏത് വീക്ഷണകോണിലൂടെ നോക്കിക്കാണുന്നു എന്നതിലെ വ്യത്യസ്തത ഒരാളെ മറ്റു കവികളിൽ നിന്നും വേറിട്ട സ്വരമാക്കി മാറ്റും. ഒരു അനുഭവത്തെയോ വസ്തുവിനെയോ മറ്റേതൊരാളും എങ്ങനെയാണോ നോക്കിക്കാണുന്നത് അതേമട്ടിൽ നോക്കിക്കാണുന്ന ആളല്ല കവി. കവി ആ അനുഭവത്തെ സവിശേഷമായ ഒന്നാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഉപയോഗിച്ച് പഴകിയത് ആവർത്തിക്കുന്നതിലല്ല അയാളുടെ നിരീക്ഷണപാടവം. മഴയെ കണ്ണീരിനോട് ഉപമിക്കാൻ പുതിയകാല കവി മെനക്കെടേണ്ടതില്ല. വീടുകളെ അഴിയിട്ട് അകറ്റുന്ന മഴയെ അയാൾ തന്റെ ഭാവനയിലൂടെ കണ്ടെത്തുന്നതിലൂടെ മഴയെ വേറിട്ട രീതിയിൽ സമീപിക്കാൻ വായനക്കാരെ പ്രാപ്തനാക്കുകയാണയാൾ. ഭാവന കൊണ്ട് കവിയ്ക്ക് തനിക്കുള്ളിൽ ഇതെല്ലാം സങ്കൽപ്പിക്കാം. എന്നാൽ വായനക്കാരനിലേക്ക് ഇതേ നോട്ടത്തെ കൈമാറാൻ അയാൾക്ക് ഭാഷയെ മെരുക്കി എടുക്കേണ്ടതുണ്ട് അഥവാ കവിതയുടെ ഭാഷയിലേക്ക് ഈ ചിന്തയെ/ഭാവനയെ പരിഭാഷപ്പെടുത്തേണ്ടതുണ്ട്. മറ്റേതൊരു കല കൊണ്ടും സാധിക്കാത്ത വിധത്തിൽ മനുഷ്യഭാവനയെയും ചുറ്റുപാടുകൾക്കുമേലുള്ള അവന്റെ വേറിട്ട നോട്ടങ്ങളെയും ആവിഷ്കരിക്കാൻ കവിത ആവശ്യമായി വരുന്നത് ഇങ്ങനെയാകാം. മാവിലെ മാങ്ങയ്ക്ക് എറിയുന്നത് കാണുമ്പോൾ, 'കായ്ച്ചു എന്ന ഒറ്റ കുറ്റത്തിന് ഒരു മാവ് ഏറു കൊള്ളുകയാണ്' എന്ന ചിന്തയിലേക്ക് അതിനെ നീട്ടാൻ ഒരു കവിയുടെ നോട്ടവും ഭാഷയും ആവശ്യമാണ്. ഒരു കലാസൃഷ്ടിയായി കവിതയെ മാറ്റുന്നത് ഭാവനയും ഇങ്ങനെയുള്ള കവിതാഭാഷയുടെ ഇടപെടലും ആണെന്ന് തോന്നാം. എന്നാൽ എപ്പോഴും അങ്ങനെയാകണം എന്നില്ല. ഭാവനയുടെ ഇടപെടൽ ഇല്ലാതെ, വീക്ഷണകോണിലെ ഈ മാറ്റങ്ങൾ ഇല്ലാതെ അസ്സൽ കവിതകൾ സാധ്യമാണ്.
എസ്. ജോസഫിന്റെ 'പെങ്ങളുടെ ബൈബിൾ' എന്ന കവിതയിൽ പെങ്ങളുടെ ബൈബിളിൽ ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങളുടെ പട്ടികപ്പെടുത്തലാണ് കവി ചെയ്തിരിക്കുന്നത്.
പെങ്ങളുടെ ബൈബിളിലുള്ളവ:
കുത്തുവിട്ട റേഷന്‍കാര്‍ഡ്
കടംവായ്പയ്ക്കുള്ള അപേക്ഷാഫോറം
ബ്ലേഡുകാരുടെ കാര്‍ഡ്
ആറാട്ടിന്റെയും പെരുന്നാളിന്റെയും നോട്ടീസുകള്‍
ആങ്ങളയുടെ കുട്ടിയുടെ ഫോട്ടോ
കുട്ടിത്തൊപ്പി തയ്ക്കുന്നവിധം കുറിച്ച കടലാസ്
ഒരു നൂറുരൂപ നോട്ട്
എസ്.എസ്.എല്‍.സി ബുക്ക്.
പെങ്ങളുടെ ബൈബിളില്‍ ഇല്ലാത്തവ:
ആമുഖം,
പഴയനിയമം, പുതിയനിയമം
ഭൂപടങ്ങള്‍
ചുവന്ന പുറംചട്ട.
ഈ കവിതയിൽ ഭാവനയേക്കാൾ, കവിതയിൽ എന്തൊക്കെ എങ്ങനെയൊക്കെ വേണം / വെളിപ്പെടണം എന്നതിന്മേലുള്ള കവിയുടെ തിരഞ്ഞെടുപ്പ് ആണ് പ്രധാനം. പെങ്ങളുടെ ബൈബിളിൽ കവി പട്ടികപ്പെടുത്തിയ കാര്യങ്ങൾ മാത്രമാകില്ല ഉള്ളതെന്ന് നമുക്ക് ഊഹിക്കാം, ഇല്ലെന്നു പറയുന്നതിൽ ഇല്ലാത്തതായി മറ്റു പലതുമുണ്ടാകാം. എന്നാൽ കവി ഉള്ളതെന്നും ഇല്ലാത്തത് എന്നും പറഞ്ഞു രണ്ടായി തിരിച്ചതോടെ ഉള്ളതും ഇല്ലാത്തവയും തമ്മിലുള്ള ഒരു താരതമ്യ പഠനത്തിലേക്ക് വായനക്കാരൻ നയിക്കപ്പെടുകയാണ്. അങ്ങനെയൊരു വായനയ്ക്ക് മുതിരുന്ന വായനക്കാരൻ അയാളുടെ നോട്ടം ചില സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്ക് കൂടി നീട്ടുന്നു. സാമൂഹികവും രാഷ്ട്രീയവുമായ വിവിധ മാനങ്ങളുള്ള വായനയിലേക്കുള്ള വാതിൽ അങ്ങനെ തുറക്കപ്പെടുന്നു. എസ്. ജോസഫിന്റെ മിക്ക കവിതകളും ഇത്തരത്തിൽ കവി തന്റെ ജീവിത പരിസരങ്ങളിൽ നിന്നും 'കണ്ടെടുത്തിട്ടുള്ള' കവിതയാണ്. ഇത്തരം കവിത എഴുതുമ്പോൾ അതിപ്രധാനമാകുന്നത് കവിയുടെ തിരഞ്ഞെടുപ്പ് ആണ്. കവിതയ്ക്ക് വേണ്ടത് മാത്രമാണ്, കവി തന്റെ അനുഭവപരിസരത്ത് നിന്നും കവിതയിലേക്ക് എടുക്കുന്നുള്ളൂ. അതിന്റെ ആവശ്യമേ ഉള്ളൂ, എന്നല്ല അതേ പാടുള്ളൂ. ഈ തരത്തിലുള്ള കവിതയ്ക്ക് മറ്റൊരു ഉദാഹരണമാണ് റാബിയ അൽ-ഒസൈമിയുടെ 'ഫാമിലിഫോട്ടോ' എന്ന കവിത:
ഈ ഫോട്ടോയിൽ നടുക്കുനിൽക്കുന്നയാൾ
എന്റെ ബാപ്പയാണ്
അദ്ദേഹത്തിനൊരു കുടുംബമുണ്ടാക്കണമായിരുന്നു
തന്റെ പേര് നിലനിർത്താനും
അതിന്റെ ഫോട്ടോ ചുമരിൽ പതിക്കാനും.
ബാപ്പയുടെ പേര് ഏറെക്കാലം
കൊണ്ടുനടക്കാനാകാത്തതിനാൽ
എന്റെ വല്ലിത്ത
വലത്തേ അറ്റത്തായിരിക്കുന്നു.
എനിക്കുമത് സാധ്യമല്ലെന്നിരിക്കെ
ഇടത്തേ അറ്റത്തായി
ഞാനിരിക്കുന്നു.
ബാപ്പയെ പൊതിഞ്ഞുനിൽക്കുന്നവരാണ്
എന്റെ അഞ്ച് സഹോദരന്മാർ,
അവരിൽ അദ്ദേഹത്തിന്റെ പേര് നിലനിൽക്കും
എങ്കിലും ഒരുകൂട്ടം ആൺകുട്ടികളുടെ
സന്തതിപരമ്പരയ്ക്ക് പേറാൻതക്കതായ
ഭാരമൊന്നും ബാപ്പയുടെ പേരിനില്ല.
എന്റെ വല്ലിത്തയുടെ അടുത്തിരിക്കുന്നതാണ്
ഞങ്ങളുടെ ഉമ്മ.
പാവം. അവരെന്റെ ബാപ്പയെ നിക്കാഹ് കഴിച്ചു
അദ്ദേഹത്തിന് കുടുംബമുണ്ടാക്കണമായിരുന്നു
തന്റെ പേര് നിലനിർത്താനും
അതിന്റെ ഫോട്ടോ ചുമരിൽ പതിക്കാനും.
ചുമരിൽ പതിപ്പിച്ച കുടുംബ ഫോട്ടോയുടെ വിവരണമാണ് കവിത. ബാപ്പയ്ക്ക് 'കുടുംബമുണ്ടാക്കണമായിരുന്നു തന്റെ പേര് നിലനിർത്താനും അതിന്റെ ഫോട്ടോ ചുമരിൽ പതിക്കാനും' എന്ന വരിയാണ് വായനക്കാരനിൽ കൊളുത്തിടാൻ കവി ഉപയോഗിച്ചിരിക്കുന്നത്. ആദ്യ ഭാഗത്ത് ബാപ്പയോട് ചേർന്നു വരുന്ന ഇതേവരികൾ അവസാനഭാഗത്ത് ഉമ്മയോട് ചേർന്ന് വരുന്നതോടെ നമ്മൾ താരതമ്യപ്പെടുത്താൻ തുടങ്ങുകയും തൽഫലമായി ഒന്നാന്തരമൊരു സ്ത്രീപക്ഷ കവിതയാണ് ഇതെന്ന ബോധ്യത്തിലേക്ക് എത്തിപ്പെടുകയുമാണ്.
“United States: the country where liberty is a statue (അമേരിക്ക: സ്വാതന്ത്ര്യം ഒരു പ്രതിമയായിരിക്കുന്ന രാജ്യം) എന്ന് നിക്കാനോർ പാർറ എഴുതുമ്പോൾ അതൊരു വസ്തുതയായിരിക്കെ, ആ വസ്തുതയ്ക്ക് അപ്പുറമുള്ള മാനങ്ങളെക്കൂടി വെളിപ്പെടുത്തുന്ന കവിതയിലെ നേരിനെ കാണിച്ചുതരിക കൂടി ചെയ്യുന്നുണ്ട്. ഇത് സാധ്യമാകുന്നത് വായനക്കാരനിൽ നിന്നും ലഭിക്കുന്ന സമീപനത്തിലെ വ്യത്യാസം മൂലമാണ്. 'സ്റ്റാച്ച്യു ഓഫ് ലിബർട്ടി ഏത് രാജ്യത്തെ പ്രതിമയാണ്?' എന്ന ചോദ്യത്തെ സമീപിക്കുന്ന രീതിയിലല്ല നാം ആ വരികളെ കവിതയിൽ സമീപിക്കുന്നത്.
ഒരു പത്രവാർത്തയിൽ നിന്നോ പുസ്തകത്തിൽ നിന്നോ അതല്ലെങ്കിൽ മറ്റു സോഴ്സുകളിൽ നിന്നോ ആവശ്യമായ വരികളോ വാക്കുകളോ പ്രയോഗങ്ങളോ തിരഞ്ഞെടുത്ത് അവയെ ഒന്നിപ്പിച്ചുവെച്ച്, ബാക്കിയെല്ലാം നീക്കം ചെയ്തോ മായ്ച്ചു കളഞ്ഞോ കണ്ടെടുക്കുന്ന ഫൗണ്ട് പോയട്രി പോലെ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നും ആവശ്യമുള്ളവ മാത്രം കണ്ടെടുക്കുന്നിടത്താണ് ഇത്തരം കവിതകൾ സാധ്യമാകുന്നത്. ഇത്തരം കവിതകൾ ആവശ്യപ്പെടുന്നതാകട്ടെ എഴുതപ്പെട്ടിരിക്കുന്ന കാര്യത്തിനു പുറത്തുനിന്നുള്ള, അതായത് സമൂഹികമായ ചുറ്റുപാടുകളെ കൂടി ബന്ധപ്പെടുത്തിയുള്ള, ഒരു വായനയാണ്. അത്തരമൊരു വായനയ്ക്ക് മുതിരുന്നവർക്കു മാത്രമാകും അതല്ലെങ്കിൽ അത്തരം അറിവുകളെക്കൂടി ബന്ധപ്പെടുത്തി വായിക്കാനുള്ള ശേഷിയുള്ള മനുഷ്യരെ മാത്രമാകും ഈ കവിതകൾ കവിതയായി സമീപിക്കുക എന്നൊരു പരിമിതിയും ഇവിടെ കാണാം.
ഈ വിധത്തിൽ രണ്ട് തരത്തിലാണ് കവിതകൾ എഴുതപ്പെടുന്നത് എന്നല്ല, കവിതകൾ ഇത്തരത്തിൽ ഭാവനയിലൂന്നിയ സൃഷ്ടിയായും ചുറ്റുപാടുകളിൽ നിന്നും കണ്ടെടുക്കുന്ന കാര്യങ്ങളെ ചേർത്തുവെക്കുന്നതിലെ മിടുക്കിലൂടെയും എഴുതാനാകും എന്നാണ്. ഈ രണ്ട് കാര്യങ്ങളിലും ശ്രദ്ധ നൽകുന്ന കവിതകളും നിരവധിയുണ്ട്. കവി തന്റെ സർഗ്ഗശക്തിയെയും ബൗദ്ധികോർജ്ജത്തെയും ഉപയോഗപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ നല്ല കവിതയുടെ സൃഷ്ടിയിൽ പ്രധാനമാണ്.