Showing posts with label രചനാതന്ത്രം. Show all posts
Showing posts with label രചനാതന്ത്രം. Show all posts
ആറ്റിക്കുറുക്കിയ കവിതയും പണിക്കുറ്റമറ്റതാകലും

ആറ്റിക്കുറുക്കിയ കവിതയും പണിക്കുറ്റമറ്റതാകലും

ആറ്റിക്കുറുക്കിയ കവിത പ്രാസമൊപ്പിച്ചു പറയുന്നതിന്റെ ഭാഗമായിട്ടാകണം, മലയാളത്തിൽ ഇതിനകം ഏറെ പരിചിതമായിത്തീർന്ന ഒരു പ്രയോഗമാണ് ‘ആറ്റിക്കുറുക്കിയ ആറ്റൂർ കവിത’. ആറ്റൂർ രവിവർമ്മയുടെ കവിതയെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ വിശേഷണം ഏതാണ്ട് സ്വാഭാവികമായി തന്നെ പലരിലും വരുന്നു. ഭാഷയുടെ മിതത്വം, വാക്കുകളുടെ കൃത്യത, സ്വരചേർച്ച, പ്രമേയപരമായ തെളിച്ചം എന്നിവയെല്ലാം ഒരുമിച്ചോർത്ത്, ‘ആറ്റിക്കുറുക്കൽ’ എന്ന ഒറ്റപ്രയോഗത്തിൽ ആറ്റൂർ കവിതയെ വിശേഷിപ്പിക്കാനാകുമെന്ന് പലരും കരുതുന്നു. പക്ഷേ, രചനാതന്ത്രത്തെയും വിമർശനത്തെയും സംബന്ധിച്ച ആലോചനയിൽ ഇതേപ്പറ്റി കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കേണ്ടതായി വരുന്നു.

എന്താണ് ഇവിടെ യഥാർത്ഥത്തിൽ കുറുക്കിയെടുത്തിരിക്കുന്നത്? വാക്കുകളാണോ? വരികളാണോ? അനുഭവമാണോ? ചിന്തയാണോ? അതോ, ഒരു കവിതയുടെ വാക്കുകളുടെ എണ്ണം കുറവായതിനാൽ മാത്രമാണോ നാം അതിനെ ‘കുറുക്കിയത്’ എന്നു വിളിക്കുന്നത്? ‘കുറച്ച് വാക്കുകളിൽ കൂടുതൽ പറയുക’ എന്നതാണ് കുറുക്കിയെഴുത്തിന്റെ ലളിതമായ നിർവചനമെങ്കിൽ, ‘കൂടുതൽ’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യം അതിനോടൊപ്പം വരുന്നു. വിവരമോ? ആശയമോ? വികാരമോ? അർത്ഥസാധ്യതയോ? ഒരു വാക്കിന്റെ പിന്നിൽ പലതരം ഓർമ്മയും, ഒരു ബിംബത്തിന്റെ പിന്നിൽ പലതരം അനുഭവവും, ഒരു വരിയുടെ നിശ്ശബ്ദതയ്ക്കുള്ളിൽ മറ്റനേകം ചിന്തകളും പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമാണോ കുറുക്കൽ എന്ന് പറയേണ്ടത്? ഇങ്ങനെ ചോദിച്ചുതുടങ്ങുമ്പോഴാണ് ‘ആറ്റിക്കുറുക്കിയ ആറ്റൂർ കവിത’ എന്ന വിശേഷണം ഒരു പ്രശംസാവാചകത്തിൽ നിന്ന് വിമർശനപ്രശ്നമായി മാറുന്നത്.

ഇതോടൊപ്പം മറ്റൊരു സാധ്യതകൂടി പരിഗണിക്കാം. ഒരു കവിത പണിക്കുറ്റമറ്റതാണെന്ന് നാം ആദ്യമേ തിരിച്ചറിയുന്നുവെന്ന് വരാം. വാക്കുകൾ കൃത്യമാണ്, അനാവശ്യമായ ഒന്നുമില്ല. ഉള്ളതൊന്നും അധികമായി തോന്നുന്നില്ല, ബിംബങ്ങൾ തമ്മിൽ ചേർന്നുനിൽക്കുന്നു, ശബ്ദവും അർത്ഥവും പരസ്പരം സഹായകമായി അനുഭവവേദ്യമാകുന്നു. അങ്ങനെവരുമ്പോൾ ഇതെല്ലാം ഒത്തിണങ്ങിയതിനെ ‘കുറുക്കിയത്’ എന്ന് വിശേഷിപ്പിക്കുന്നതുമാകാം. ഒരുപക്ഷേ, അതാണൊരു പ്രശ്നം. പണിക്കുറ്റമറ്റ ഒരു കവിതയെ നമ്മൾ കുറുക്കിയെഴുതിയതായി തെറ്റിദ്ധരിക്കുന്നു.

കുറുക്കിയെടുത്ത കവിതയും പണിക്കുറ്റമറ്റ കവിതയും ഒരേ കാര്യമല്ല. രണ്ടും പരസ്പരം സഹായകമായി പ്രവർത്തിക്കുന്ന ഗുണങ്ങളായിരിക്കാം. എന്നാൽ ഒന്നിനെ മറ്റൊന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയാൽ കവിതയുടെ വിലയിരുത്തലിൽ പലതും നഷ്ടമാകും. താരതമ്യേന കുറഞ്ഞ ഭാഷാപ്രയോഗത്തിൽ ഒരു വാക്കോ ബിംബമോ വരിയോ എത്രമാത്രം അനുഭവവും ചിന്തയും അർത്ഥസാധ്യതയും ഉൽപ്പാദിപ്പിക്കുന്നു എന്നതാണ് കുറുക്കലിന്റെ പ്രധാന മാനദണ്ഡമെങ്കിൽ, കവിതയിലെ ഓരോ തിരഞ്ഞെടുപ്പും—വാക്ക്, ബിംബം, ശബ്ദം, താളം, വരിവിഭജനം, ഘടന—കവിതയുടെ ആവശ്യത്തിന് എത്രമാത്രം ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നതാണ് പണിക്കുറ്റമറ്റതാകലിന്റെ മാനദണ്ഡം.

അതുകൊണ്ടുതന്നെ ‘ചുരുങ്ങിയത്’, ‘കുറുക്കിയത്’, വാക്പ്രയോഗത്തിൽ കണിശതയുള്ളത്’, ‘പണിക്കുറ്റമറ്റത്’—ഇവയെല്ലാം ഒരേ അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ആശയക്കുഴപ്പം മാത്രമല്ല, വിലയിരുത്തലിലും പിഴവുണ്ടാകുന്നു. കുറച്ച് വരികളുള്ള ഒരു കവിത കുറുക്കിയതാകണമെന്നില്ല; അതിന്റെ അർത്ഥാനുഭവ ഉൽപ്പാദനശേഷി പരിമിതമാണെങ്കിൽ. അതുപോലെ, ഒരു കവിതയിലെ ഓരോ കവിതാഘടകത്തിനും പതിവിൽക്കവിഞ്ഞ പ്രവർത്തനശേഷിയുണ്ടെങ്കിൽ, അതിനെ പണിക്കുറ്റങ്ങളില്ലാത്ത കവിത എന്നുമാത്രം വിളിച്ചതുകൊണ്ട് അതിന്റെ കുറുക്കലിന്റെ ഗുണം വെളിപ്പെടുകയുമില്ല. അതിനാൽ ഇവിടെ നിർണ്ണായകമാകുന്നത് കവിതയുടെ വലിപ്പമല്ല, ഭാഷയിലൂടെയുള്ള അർത്ഥത്തിന്റെയും അനുഭൂതിയുടെയും പ്രവർത്തനമാണ്.

ഈ വ്യത്യാസം ലളിതമായി രണ്ടു ചോദ്യങ്ങളിലൂടെ തിരിച്ചറിയാം. “കുറച്ച് ഭാഷകൊണ്ട് കൂടുതൽ അനുഭൂതികളും ചിന്തയും അർത്ഥസാധ്യതകളും ഉണ്ടാകുന്നുണ്ടോ?” ഇതായിരിക്കണം കുറുക്കലിന്റെ ശേഷിയറിയാനുള്ള ചോദ്യം. “ഈ വാക്കോ ബിംബമോ വരിമുറിക്കലോ ആഖ്യാനഘടനയോ ഇവിടെ വേണമോ?” എന്നതാകണം പണിക്കുറ്റമറ്റതാകലിന്റെ ചോദ്യം. ഒരു വാക്ക് മാറ്റിയാൽ കവിത മെച്ചപ്പെടുമോ? ഒരു വരി ഒഴിവാക്കിയാൽ കവിതയുടെ അർത്ഥാനുഭവചലനഗതി ദുർബലമാകുമോ? ഒരു ബിംബം മറ്റൊന്നുകൊണ്ട് മാറ്റിസ്ഥാപിച്ചാൽ അർത്ഥബന്ധം ശക്തമാകുമോ? ഇവ കവിതയുടെ കണിശത പരിശോധിക്കുന്ന ചോദ്യങ്ങളാണ്.

‘കുറുക്കൽ’ വെറും സാരാംശമാക്കലല്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. ഒരു നീണ്ട കവിതയെ ഏതാനും വാക്യങ്ങളിൽ സംഗ്രഹിക്കാം. പ്രധാനപ്പെട്ടത് മാത്രം ശേഷിപ്പിക്കാം. പക്ഷേ അങ്ങനെവരുമ്പോൾ കവിത കുറുക്കിയെടുത്തുവെന്ന് പറയാമോ? ഇല്ല. കാരണം സാരാംശം വിശദാംശങ്ങളെ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. കുറുക്കൽ, അതിനുപകരം, ഇല്ലാത്തവയുടെ സ്ഥാനത്ത് മറ്റൊരു തരത്തിലുള്ള സാധ്യത സൃഷ്ടിക്കുകയാണ് ചെയ്യുന്നത്—പറഞ്ഞിട്ടില്ലാത്തവപോലും വായനയിൽ പുനർനിർമ്മിക്കപ്പെടാനുള്ള ഇടം, ഒരു ചെറിയ ഭാഷാഘടകം അതിന്റെ നേരിട്ടുള്ള അർത്ഥത്തേക്കാൾ കൂടുതലായി പ്രവർത്തിക്കുന്ന അവസ്ഥ. സാരാംശത്തിന്റെ ലക്ഷ്യം കുറയ്ക്കലാണെങ്കിൽ, കുറുക്കലിന്റെ സവിശേഷത കുറച്ചുകൊണ്ട് എഴുതപ്പെട്ടതിന്റെ പ്രവർത്തനസാധ്യത വർധിപ്പിക്കലാണ്.

ഇവിടെയാണ് കവിതയുടെ മൗനഭാഷയും പ്രസക്തമാകുന്നത്. കവിത എല്ലാം പറഞ്ഞുതരേണ്ടതില്ല. പക്ഷേ പറയാത്തതെല്ലാം സ്വയം കവിതയാകുകയുമില്ല. വായിക്കുന്നയാൾക്ക് അർത്ഥം നിർമ്മിക്കാനുള്ള ഇടം കവിതതന്നെ നൽകാം; എന്നാൽ ആ ഇടം യഥാർത്ഥത്തിൽ കവിതയുടെ ആഖ്യാനരൂപഘടനയിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെട്ടതാണോ, അതോ കവിത പറയേണ്ടിയിരുന്ന കാര്യങ്ങൾ വായനക്കാരെക്കൊണ്ട് തന്നെ പൂർത്തിയാക്കിക്കുകയാണോ? ആദ്യത്തേതിൽ മൗനം കാവ്യഭാഷയുടെ പ്രവർത്തനമാണ്; രണ്ടാമത്തേതിൽ അത് ഭാഷയുടെ അപര്യാപ്തതയായിരിക്കാം. അതുകൊണ്ട് വായനക്കാരെ പങ്കാളിയാക്കുന്നത് കുറുക്കലിന്റെ ഗുണമാകുമ്പോൾ, വായനക്കാരെ കവിയുടെ പണി ഏൽപ്പിക്കുന്നത് അങ്ങനെയല്ലെന്നുംവരുന്നു.

ഇതേ പ്രശ്നം കവിതയുടെ സന്ദിഗ്ദ്ധാർത്ഥതയിലും ആവർത്തിക്കുന്നു. ഒരു ബിംബം ഒരേ സമയം പല അർത്ഥദിശകൾ തുറക്കുമ്പോൾ അത് സന്ദിഗ്ദ്ധതയായിരിക്കാം. പക്ഷേ അർത്ഥത്തിലേക്കുള്ള സൂചനകൾ തന്നെ ഇല്ലാതായാലോ? അതിനെ കവിതയുടെ അവ്യക്തത എന്നു വിളിക്കേണ്ടിവരും. സന്ദിഗ്ദ്ധത അർത്ഥത്തിന്റെ പല വഴികൾ തുറക്കുമ്പോൾ, അവ്യക്തത പലപ്പോഴും ആ വഴികളിലേക്കുള്ള സൂചനകളെതന്നെ നീക്കം ചെയ്യുന്നു. അതുകൊണ്ട് എല്ലാ അവ്യക്തതയും സന്ദിഗ്ദ്ധാർത്ഥതയാകുന്നില്ല.

ഇതേ കാരണത്താൽ അനുഭവസാന്ദ്രതയും ചിന്താസാന്ദ്രതയും വേർതിരിക്കേണ്ടിവരുന്നു. തീവ്രമായ ദുഃഖം, നഷ്ടം, സ്നേഹം, ഓർമ്മ തുടങ്ങിയവയെ വളരെ തീവ്രമായി കുറച്ച് വരികളിൽ രേഖപ്പെടുത്താം. അങ്ങനെ അത് അനുഭവസാന്ദ്രമാകാം. പക്ഷേ അതിൽ നിന്ന് ചിന്തയുടെ മറ്റൊരു ദിശ തുറന്നുവരണമെന്നില്ല. മറുവശത്ത്, ഒരു ആശയം വളരെ സങ്കീർണ്ണമായി വിശദീകരിക്കാം. അതുകൊണ്ടും കവിത ചിന്താസാന്ദ്രമാകണമെന്നില്ല. ചിന്തയുടെ അളവ് കൂടുതലാകുന്നതല്ല ചിന്താസാന്ദ്രത. ഒരു കാവ്യചിഹ്നം അതിന്റെ പ്രത്യക്ഷ അനുഭവത്തിനപ്പുറം കൂടുതൽ ചിന്ത ഉൽപ്പാദിപ്പിക്കുന്ന ശേഷിയാണ് അതിന്റെ അടിസ്ഥാനം.

ഡബ്ലിയു. എസ്. മെർവിന്റെ ‘വേർപാട്’ എന്ന കവിത ഓർക്കാം:

സൂചിക്കുള്ളിലൂടെ നൂലെന്നപോലെ
നിന്റെ അസാന്നിധ്യം എന്നിലൂടെ കടന്നുപോയി.
ഞാൻ ചെയ്യുന്നതെല്ലാം അതിന്റെ നിറത്താൽ തുന്നപ്പെടുന്നു.

‘അസാന്നിധ്യം’ എന്ന അമൂർത്തതയെ ‘സൂചിക്കുള്ളിലൂടെ കടന്നുപോകുന്ന നൂൽ’ എന്ന ദൃശ്യമായി മാറ്റിയതുകൊണ്ട് മാത്രം കവിത സാന്ദ്രമാകുകയല്ല. അതിനുശേഷമാണ് യഥാർത്ഥ കാവ്യാത്മകചലനം സംഭവിക്കുന്നത്. ആ നൂൽ ‘എന്നിലൂടെ’ കടന്നുപോകുന്നു; പിന്നെ ‘ഞാൻ ചെയ്യുന്നതെല്ലാം’ അതിന്റെ നിറത്താൽ തുന്നപ്പെടുന്നു. അപ്പോൾ വേർപാട് ഒരു നിമിഷത്തെ ദുഃഖമല്ലാതാകുന്നു. അത് പിന്നീട് ഞാൻ ചെയ്യുന്ന പ്രവൃത്തികളുടെ രൂപത്തിലും നിറത്തിലും തുടരുന്ന ഒന്നായി മാറുന്നു. ഒരു ചെറിയ ബിംബം സ്വന്തം പരിധിവിട്ട് ജീവിതത്തിന്റെ മറ്റൊരു അനുഭവഘടനയിലേക്ക് കടക്കുന്നു. അനുഭവത്തിൽ നിന്ന് ബിംബത്തിലേക്കും, ബിംബത്തിൽ നിന്ന് ചിന്തയിലേക്കും നീങ്ങുന്ന ഈ സഞ്ചാരത്തെ ചിന്താസാന്ദ്രതയുടെ രൂപങ്ങളിലൊന്നായി കാണാം.

എന്നാൽ ചിന്താസാന്ദ്രതയെ വൈയക്തികാനുഭവത്തിന്റെ തലത്തിൽ മാത്രം ഒതുക്കേണ്ടതില്ല. ഒരു ചെറിയ സാമൂഹിക ദൃശ്യം പോലും ഇതേ പ്രവർത്തനം നടത്താം. കെ. എ. ജയശീലന്റെ ‘ചൂണ്ടയിൽ ഇര തുടിക്കുന്നു’ എന്നതിൽ നിന്നുള്ള കവിതാശകലം മറ്റൊരു ഉദാഹരണമായി കാണാം:

ഇര തുടിക്കുന്നു:
എനിക്കു വേണം
മീനിന്റെ മരണം

ചൂണ്ടയിൽ തുടിക്കുന്ന ഇര, മറ്റൊന്നിൻ്റെ മരണം വേണമെന്നുള്ള പറച്ചിൽ, ഇരയെ ആഹാരമാക്കി മനുഷ്യൻ്റെ വിശപ്പിനു വേണ്ടി മരിക്കേണ്ടിവരുന്ന മീൻ—ദൃശ്യം വളരെ ചെറുതാണ്. പക്ഷേ ‘എനിക്കു വേണം / മീനിന്റെ മരണം’ എന്നതിലൂടെ അത് വെറും മീൻപിടിത്തത്തിന്റെ വിവരണമായി നിൽക്കുന്നില്ല. ആഗ്രഹം, ജീവൻ, ഹിംസ, നിലനിൽപ്പിന്റെ നൈതികത, മനുഷ്യനും മറ്റുജീവനും തമ്മിലുള്ള ബന്ധം—ഇവയെല്ലാം പ്രത്യേകം ആശയങ്ങളായി ചേർത്തുവെക്കാതെ തന്നെ ചോദ്യങ്ങളായി ഉയരുന്നു. മെർവിന്റെ കവിതയിൽ വൈയക്തികമായ ഒരു അഭാവം ജീവിതത്തെ മുഴുവൻ തുന്നിപ്പിടിക്കുന്ന അനുഭവമായി വികസിക്കുന്നുവെങ്കിൽ, ജയശീലനിൽ ഒരു ചെറിയ ദൃശ്യം നൈതികവും രാഷ്ട്രീയപരവും ദാർശനികവുമായ ചിന്തകളിലേക്ക് വഴിതുറക്കുന്നു. വഴികൾ വ്യത്യസ്തമായാലും, രണ്ടിടത്തും കുറച്ച് ഭാഷയിൽ നിന്ന് കൂടുതൽ കാവ്യപ്രവർത്തനം സാധ്യമാകുന്നു.

ഇവിടെയാണ് പണിക്കുറ്റമറ്റതാകലിന്റെ ചോദ്യം മറ്റൊരു രീതിയിൽ ഉയരുന്നത്. ഒരു കവിതയിൽ ഒരു ബിംബം വളരെ മനോഹരമാണെന്ന് കരുതുക. അതുകൊണ്ട് അത് അവിടെ വേണമെന്നതിന് അതായിത്തന്നെ തെളിവുണ്ടാകുന്നുണ്ടോ? ഒരു പ്രാസം വളരെ താളാത്മകമായി കേൾക്കുന്നു. അതുകൊണ്ട് അത് അനിവാര്യമാണോ? ഒരു വരി ഓർമ്മയിൽ നിൽക്കുന്നു. അതുകൊണ്ട് അത് കവിതയുടെ ഏറ്റവും നല്ല വരിയാണോ? പലപ്പോഴും ആകണമെന്നില്ല. കാരണം ആകർഷണീയതയും അനിവാര്യതയും ഒരേ കാര്യമല്ല.

വാക്കുകളുടെ കണിശത ഇത്തരം സംശയത്തെ കൈകാര്യം ചെയ്യാനുള്ള ഒരു മാർഗമാണ്. ‘ഈ വാക്ക് ഇവിടെ വേണമോ?’ എന്ന് ചോദിക്കുമ്പോൾ വാക്കുകൾ വെട്ടിക്കുറയ്ക്കാനുള്ള ആഗ്രഹം മാത്രമല്ല പ്രവർത്തിക്കുന്നത്. അതിന്റെ സാന്നിധ്യത്തിന് സവിശേഷമായ കാരണമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അത് അർത്ഥസാധ്യത കൂട്ടുന്നുണ്ടോ? ശബ്ദഭംഗി മാറ്റുന്നുണ്ടോ? മുൻവരിയുമായി വിശേഷബന്ധം സ്ഥാപിക്കുന്നുണ്ടോ? അനുഭവത്തിന്റെ വേഗം നിയന്ത്രിക്കുന്നുണ്ടോ? അവസാനവരിക്ക് ആവശ്യമായ പ്രതിധ്വനി സൃഷ്ടിക്കുന്നുണ്ടോ? ഇങ്ങനെയൊന്നും ചെയ്യുന്നില്ലെങ്കിൽ ഒരുപക്ഷേ അത് അനാവശ്യമായിരിക്കാം. എന്നാൽ ഒരു വാക്കിന്റെ പ്രവർത്തനം ഉടനടി കാണാനാവില്ലെന്നും ഓർക്കണം. അതിനാൽ വാക്കുകളുടെ കണിശത യാന്ത്രികമായ വെട്ടിക്കുറയ്ക്കലുമല്ല.

ആവർത്തനങ്ങളെയെല്ലാം പണിക്കുറ്റമായി വിലയിരുത്താനുമാകില്ല. ആവർത്തനം താളം സൃഷ്ടിക്കാം, വികാരതലത്തെ ഒന്നുകൂടി ഉയർത്താം, ഒരു ആശയത്തെ പുതിയൊരു സന്ദർഭത്തിലാക്കി മാറ്റിമറിക്കാം. ഒരു ദീർഘവാക്യം തന്നെ ചിലപ്പോൾ ശ്വാസമെടുക്കലിനെതന്നെ നിയന്ത്രിക്കുന്ന വായനാനുഭവമാകാം. ഒരു പരുക്കൻ പ്രയോഗം മിനുക്കിയെടുത്ത ഭാഷയെക്കാൾ തീവ്രമാകാം. അതുകൊണ്ട് പണിക്കുറ്റമറ്റതാകൽ മിനുക്കിയ ഭാഷയല്ല; ഒരു കവിതയ്ക്ക് ഏറ്റവും യോഗ്യമായവ കണ്ടെത്തുന്ന രീതിയാണ്.

ഇവിടെ ‘മാറ്റം’ എന്നതും ‘മെച്ചപ്പെടുത്തൽ’ എന്നതും വേർതിരിക്കേണ്ടിവരും. ഒരു വാക്ക് മാറ്റിയാൽ വരി മറ്റൊന്നാകാം. അതുകൊണ്ട് അത് മികച്ചതാകുമോ? ഒരു ബിംബം മാറ്റിയാൽ പുതുമ വരാം. അതുകൊണ്ട് കവിത കൂടുതൽ ശക്തമാകുമോ? അതിനാൽ പണിക്കുറ്റമറ്റതാക്കലിന്റെ പരീക്ഷണം ‘ഇത് മാറ്റാൻ കഴിയുമോ?’ എന്ന ചോദ്യത്തിലല്ല, ‘ഇത് മാറ്റിയാൽ കവിത മെച്ചപ്പെടുമോ?’ എന്നതിലാണ്. ഒരു നല്ല കവിതയ്ക്ക് മറ്റൊരു തരത്തിലും നല്ല കവിതയാകാൻ കഴിഞ്ഞേക്കാം എന്ന തിരിച്ചറിവും ഇവിടെ പ്രധാനമാണ്. ആദ്യ രൂപം പരിമിതികളുള്ളതാണെന്നും വരണമെന്നില്ല.

ഈ ചോദ്യങ്ങളോടെയാണ് ആറ്റൂർ രവിവർമ്മയുടെ ‘മേഘരൂപനെ’ വായിക്കേണ്ടത്. ആറ്റൂരിന്റെ ‘മേഘരൂപൻ’ എന്ന കവിതയിൽ ‘സഹ്യനേക്കാൾ തലപ്പൊക്കം’, ‘നിളയേക്കാളുമാർദ്രത’, ‘മഞ്ഞുകുപ്പായം’, ‘മേഘങ്ങൾ’, ‘കൃഷ്ണശില’, ‘നീലിമ’, ‘ആഴി’, ‘പൗർണമി’ തുടങ്ങിയ പ്രകൃതിബിംബങ്ങളും സ്വരചേർച്ചയുള്ള പ്രയോഗങ്ങളും ശ്രദ്ധേയമാണ്. ‘സഹ്യനേക്കാൾ തലപ്പൊക്കം’ എന്നത് പി. കുഞ്ഞിരാമൻ നായരുടെ വ്യക്തിത്വത്തെ ഒരു പ്രകൃതിപരിമാണവുമായി ബന്ധിപ്പിക്കുന്നു; ‘നിളയേക്കാളുമാർദ്രത’ അതേ വ്യക്തിത്വത്തിന്റെ മറ്റൊരു ഗുണത്തെ മറ്റൊരു പ്രകൃതിബിംബത്തിലൂടെ അവതരിപ്പിക്കുന്നു. തുടർന്ന് മഞ്ഞ്, മേഘം, നീലിമ, ആഴി, പൗർണമി എന്നിങ്ങനെ പ്രകൃതിയുടെ പല രൂപങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ചുറ്റിപ്പറ്റി വരുന്നു. എന്നാൽ ഇവിടെ പ്രധാനപ്പെട്ട ചോദ്യം ബിംബങ്ങൾ മനോഹരമാണോ എന്നതല്ല; അവയിൽ ഓരോന്നും മുമ്പുണ്ടായ അനുഭവത്തെ എത്രമാത്രം വികസിപ്പിക്കുന്നു എന്നതാണ്. ഒരു ബിംബം മുൻബിംബത്തിൽ ഇല്ലാത്ത അനുഭവമോ അർത്ഥദിശയോ തുറക്കുമ്പോൾ അവ പരസ്പരം സാന്ദ്രമാക്കുന്നു. എന്നാൽ ഒരേ മഹത്വവൽക്കരണത്തെ വ്യത്യസ്ത പ്രകൃതിചിഹ്നങ്ങൾ ആവർത്തിച്ച് ശക്തിപ്പെടുത്തുക മാത്രമാണെങ്കിൽ, ബിംബങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും കവിതയുടെ കാവ്യപ്രവർത്തനം അതേ അനുപാതത്തിൽ വർധിക്കണമെന്നില്ല.

ഇവിടെയാണ് ‘സമൃദ്ധി’യും ‘സാന്ദ്രത’യും തമ്മിലുള്ള വ്യത്യാസം നിർണ്ണായകമാകുന്നത്. പത്ത് ബിംബങ്ങൾ ചേർന്ന് പത്ത് പുതിയ അനുഭവ-ചിന്താ ദിശകൾ തുറക്കുന്നുവെങ്കിൽ അവ സാന്ദ്രതയുടെ സ്വഭാവം കൈയ്യാളുന്നു. പത്ത് ബിംബങ്ങൾ ഒരേ വികാരത്തെ പത്ത് രീതിയിൽ അലങ്കരിക്കുന്നുവെങ്കിൽ അവ സമൃദ്ധി സൃഷ്ടിക്കുന്നു. സമൃദ്ധി ഒരു ദോഷമല്ല. ഒരു കവിതയുടെ ഭാവലോകത്തെ വികസിപ്പിക്കാനും അതിന് പ്രത്യേക ലാവണ്യഗുണവും വ്യാപ്തിയും നൽകാനും അതിന് കഴിയും. എന്നാൽ സമൃദ്ധിയെ സാന്ദ്രതയായി വിലയിരുത്തുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. അതുകൊണ്ട് ‘മേഘരൂപൻ’ എന്ന കവിതയുടെ പ്രകൃതിബിംബസമ്പന്നതയെ ഭാവസമൃദ്ധിയായി അംഗീകരിച്ചുകൊണ്ടുതന്നെ, അതിനെ അനുഭവസാന്ദ്രതയുടെയോ ചിന്താസാന്ദ്രതയുടെയോ തെളിവായി സ്വീകരിക്കുന്നതിന് മുമ്പ് ബിംബങ്ങൾ തമ്മിലുള്ള അർത്ഥബന്ധം പരിശോധിക്കേണ്ടതുണ്ട്.

ഈ പരിശോധന സ്വാഭാവികമായി പണിക്കുറ്റമറ്റതാകലിന്റെ ചോദ്യത്തിലേക്കും നയിക്കുന്നു. ഒരു ബിംബം പുതിയൊരു അർത്ഥദിശ തുറക്കുന്നില്ലെങ്കിൽ, അത് കവിതയിൽ ഉണ്ടായിരിക്കേണ്ടതിന്റെ കാരണം എന്താണ്? ‘സഹ്യനേക്കാൾ തലപ്പൊക്കം’ എന്നതിനുശേഷം ‘നിളയേക്കാളുമാർദ്രത’ വരുന്നത് വ്യക്തിത്വത്തിന്റെ മറ്റൊരു വശം അനിവാര്യമായും തുറക്കുകയാണോ? ‘മഞ്ഞുകുപ്പായം’ പിന്നീടുള്ള മേഘബിംബവുമായി പുതിയൊരു അർത്ഥബന്ധം സ്ഥാപിക്കുന്നുണ്ടോ? ഒരു ബിംബം ഒഴിവാക്കിയാൽ കവിതയുടെ അനുഭവഗതി യഥാർത്ഥത്തിൽ ദുർബലമാകുമോ? ഒരു പ്രാസം അർത്ഥബന്ധത്തെ ശക്തിപ്പെടുത്തുന്നുണ്ടോ, അതോ സംഗീതാത്മകമായ ആകർഷണം മാത്രമാണോ സൃഷ്ടിക്കുന്നത്? ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ബിംബസമ്പത്ത് വെറും സമൃദ്ധിയായി നിലനിൽക്കുന്നുണ്ടോ, അതോ ഓരോ ഘടകവും കവിതയുടെ ആകെ പ്രവർത്തനത്തിൽ അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സഹായിക്കുന്നത്. അതിനാൽ ഇവിടെ ലക്ഷ്യം ബിംബങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതല്ല; അവയുടെ സാന്നിധ്യത്തിന് കവിതയ്ക്കുള്ളിൽ സവിശേഷമായ പ്രവർത്തനകാരണം ഉണ്ടോ എന്ന് അന്വേഷിക്കുകയാണ്.

‘മേഘരൂപൻ’ പി. കുഞ്ഞിരാമൻ നായരുടെ കവിതയെയും ജീവിതത്തെയും മഹത്വവൽക്കരിക്കുന്ന ഒരു കാവ്യശ്രമമായി വായിക്കാം. അതാണ് ആ കവിതയെ സംബന്ധിച്ച പ്രബലമായ വായനയും. ഇതിൽ നിന്ന് വേറിട്ട മറ്റൊരു ചോദ്യം ഉയരുന്നു: കവിത ആവിഷ്കരിക്കുന്ന വ്യക്തിത്വസങ്കൽപ്പം തന്നെ—‘ഗോത്രത്തിൽ ബാക്കിയായവൻ’, ‘കുമ്പിട്ടീലല്ലോ മസ്തകം’, ‘ബന്ധിക്കപ്പെട്ടീലല്ലോ പദങ്ങളും’ എന്നിവയിലൂടെ നിർമ്മിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെയും വഴങ്ങായ്മയുടെയും പ്രതിച്ഛായ—ഇക്കാലത്തുനിന്ന് നോക്കുമ്പോൾ ‘അരാജകവും ആണത്തം നിറഞ്ഞതുമായ (സവർണ്ണ) പുരുഷന്റെ ജീവിതത്തോടുള്ള ആകർഷണം’ എന്ന നിഗമനത്തിലേക്ക് വികസിക്കാനുള്ള സാധ്യതയുണ്ടോ എന്നതാണ്. ഇത് കാവ്യപ്രമേയത്തിന്റെ ചോദ്യമാണ്.

ഈ രണ്ടുതരം പരിശോധനകളും സ്വതന്ത്രമായി നിലനിൽക്കേണ്ടതുണ്ട്. അതേസമയം അവയുടെ പരസ്പരബന്ധവും പ്രധാനമാണ്. ബിംബങ്ങൾ കാവ്യപരമായി സമൃദ്ധമായിരിക്കാം. എന്നാൽ അവ നിർമ്മിക്കുന്ന വ്യക്തിത്വസങ്കൽപ്പം വിമർശനാർഹമായിരിക്കാം. അതോടൊപ്പം ബിംബങ്ങൾ സാന്ദ്രമായി പ്രവർത്തിച്ചാലും അവ ആവിഷ്കരിക്കുന്ന വ്യക്തിത്വസങ്കൽപ്പം വിമർശനത്തിൽ നിന്ന് ഒഴിവാകണമെന്നില്ല. ‘മേഘരൂപൻ’ വായിക്കുമ്പോൾ ബിംബങ്ങളുടെ ഭാവാത്മകമായ ആവർത്തനം പ്രമേയത്തിലെ മഹത്വവൽക്കരണത്തെ ശക്തിപ്പെടുത്തുന്നുണ്ടെങ്കിൽ, ആ രൂപപരമായ സവിശേഷത പ്രമേയപരമായ ഒരു ഫലവും സൃഷ്ടിക്കുന്നതായി പറയാം.

പ്രാസവും സംഗീതവും ഇതേ രീതിയിൽ പരിശോധിക്കണം. അവ കവിതയുടെ ശില്പഭംഗിയിൽ പ്രധാന ഘടകങ്ങളാണ്; എന്നാൽ അവയുടെ മൂല്യം കേവലം ശബ്ദഭംഗിയിൽ അല്ല, കവിതയുടെ അർത്ഥപ്രവർത്തനത്തിലും അനുഭവപരമായ ചലനത്തിലും അവ എന്ത് പങ്ക് വഹിക്കുന്നു എന്നതിലാണ്. ഒരു പ്രാസപ്രയോഗം ഓർമ്മയിൽ നിൽക്കുന്നതുകൊണ്ടോ ഒരു വരി സംഗീതാത്മകമായി ആകർഷകമായതുകൊണ്ടോ മാത്രം അത് പണിക്കുറ്റമറ്റതിന്റെ തെളിവാകുന്നില്ല. ശബ്ദവും അർത്ഥവും പരസ്പരം ശക്തിപ്പെടുത്തുമ്പോഴാണ് അവ കവിതയുടെ ആഖ്യാനരൂപഘടനയിൽ അനിവാര്യമായിത്തീരുന്നത്.

അങ്ങനെ നോക്കുമ്പോൾ, ‘കുറുക്കൽ’ എന്നത് കുറഞ്ഞ ഭാഷയിൽ നിന്ന് എത്രമാത്രം കാവ്യപ്രവർത്തനം സൃഷ്ടിക്കപ്പെടുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ‘പണിക്കുറ്റമറ്റതാകൽ’ എന്നത് ആ കാവ്യപ്രവർത്തനം സൃഷ്ടിക്കുന്ന ഓരോ തിരഞ്ഞെടുപ്പിന്റെയും കൃത്യതയുടെയും ആവശ്യകതയുടെയും പ്രയോഗമാകുന്നു. കുറുക്കൽ പ്രധാനമായും ശേഷിയുടെ വിഷയമാണ്. പണിക്കുറ്റമറ്റതാകൽ തിരഞ്ഞെടുപ്പിന്റെ വിഷയമാണ്. കവിതയുടെ സാന്ദ്രത ആ തിരഞ്ഞെടുപ്പുകളിൽനിന്ന് ഉണ്ടാകുന്ന കാവ്യഫലത്തിനെയാണ് മുന്നോട്ടുവെക്കുന്നത്. അതിനാൽ വാക്കുകളുടെ എണ്ണം കുറവാണെന്നോ ഭാഷ കണിശമാണെന്നോ മാത്രം പറഞ്ഞ് ഒരു കവിതയെ ‘ആറ്റിക്കുറുക്കിയത്’ എന്നു വിശേഷിപ്പിക്കാനാവില്ല.

ഒരു കവിതയ്ക്ക് കുറച്ച് ഭാഷയിൽ കൂടുതൽ അനുഭവവും ചിന്തയും അർത്ഥസാധ്യതയും ഉത്പ്പാദിപ്പിക്കാം. പക്ഷേ അതിലെ ചില തിരഞ്ഞെടുപ്പുകൾ അനാവശ്യമായിരിക്കാം. മറുവശത്ത്, ഓരോ വാക്കും അതീവ കൃത്യതയോടെ തിരഞ്ഞെടുക്കപ്പെട്ടിരിക്കാം. പക്ഷേ അവയിൽനിന്ന് പുതിയ അനുഭവ-ചിന്താ ദിശകൾ അധികമൊന്നും തുറക്കാതിരിക്കാം. അതിനപ്പുറം മൂന്നാമതൊരു സാധ്യതയുണ്ട്: കുറച്ച് ഭാഷ, ആവശ്യമായ തിരഞ്ഞെടുപ്പുകൾ, സാന്ദ്രമായ അനുഭവം, ചിന്തകളെ പ്രവർത്തനക്ഷമമാക്കാനുള്ള ശേഷി, വായനയ്ക്കായി തുറന്നുകിടക്കുന്ന ഇടം. കവിതയുടെ മേന്മ അളക്കാനുള്ള ഏക മാനദണ്ഡമല്ല ഇതെങ്കിലും, നല്ല കവിതയുടെ ഒരുതരം ലക്ഷണമായി ഈ രണ്ട് ഗുണങ്ങളുടെയും യോജിപ്പിനെ കാണാം. ‘ആറ്റിക്കുറുക്കൽ’ എന്ന് പറയുമ്പോഴും ‘പണിക്കുറ്റമറ്റതാകൽ’ എന്ന് പറയുമ്പോഴും തമ്മിൽ കലർത്തിപ്പോകാൻ പാടില്ലാത്ത രണ്ട് വ്യത്യസ്ത കാവ്യപ്രശ്നങ്ങൾ നിലനിൽക്കെത്തന്നെ കവിതയുടെ നിലവാരത്തെ സംബന്ധിച്ച് ഒരു മാനദണ്ഡം നമുക്ക് ഇതിലൂടെ ലഭ്യമാകുന്നു.
അറിവില്ലായ്മയുടെ നിഷ്കളങ്കതയും കവിതയുടെ കണ്ടെത്തലും

അറിവില്ലായ്മയുടെ നിഷ്കളങ്കതയും കവിതയുടെ കണ്ടെത്തലും

നിഷ്കളങ്കതയും കവിതയുടെ കണ്ടെത്തലും സർവസാധാരണമായ ഒരു സംഭവത്തിൽ കവിത കണ്ടെത്തുകയെന്നത് കവിതയുടെ ഏറ്റവും പഴക്കംചെന്ന രീതികളിലൊന്നാണ്. പരിചിതമായ ജീവിതാനുഭവത്തെ മറ്റൊരു വീക്ഷണകോണിലൂടെ കാണിക്കുകയും പതിവുരീതിയിൽ ശ്രദ്ധിക്കപ്പെടാത്ത ഒരു അനുഭവതലം തുറക്കുകയും ചെയ്യുമ്പോഴാണ് ഒരു സാധാരണ കാര്യം ഇത്തരത്തിൽ കവിതയായി മാറുന്നത്. അതുകൊണ്ടുതന്നെ, ഈ സാധ്യത കുഞ്ഞുങ്ങളുടെ നോട്ടനിലയിലാണ് ഏറ്റവും എളുപ്പം ലഭ്യമാകുന്നതെന്ന് വിശ്വസിക്കുന്ന കവികളെയും കാണാം. എന്നാൽ ഇതിനോടകം ആർജ്ജിച്ച അറിവുകളെ ത്യജിച്ചുകൊണ്ടുള്ള ഒരു നോട്ടനിലയല്ല അതെന്നും, മറിച്ച് പരിചിതമായതിനെയും കവിഞ്ഞുപോകാൻ കഴിയുന്ന ഒരു വീക്ഷണകോണാണ് ഇതിനായി വേണ്ടതെന്നും പലരും തിരിച്ചറിയാറില്ല. അതിനാൽ ഇത്തരം അറിവില്ലായ്മയിൽനിന്നുണ്ടാകുന്ന നിഷ്കളങ്കതയെയും നോട്ടനിലയെയും കവികൾ കവിതയുടെ പ്രധാന അസംസ്കൃതവസ്തുവാക്കി മാറ്റുന്നതും പതിവാണ്. വീരാൻകുട്ടി, സോമൻ കടലൂർ എന്നിങ്ങനെയുള്ളവരുടെ കുറേയേറെ കവിതകളുടെ പ്രധാന രചനാതന്ത്രം തന്നെ ഇതാണ്. അറിവില്ലായ്മയുടെ നിഷ്കളങ്കത കവിതയുടെ വിഷയമാകുന്നതിൽ സ്വതവേ പ്രശ്നമില്ല. ചോദ്യം മറ്റൊന്നാണ്, അറിവില്ലായ്മയിൽ നിന്നുണ്ടാകുന്ന നിഷ്കളങ്കതയിൽ നിന്നുള്ള കൗതുകത്തെ കവിതയാക്കി മാറ്റാൻ ആ രചന എന്ത് സർഗാത്മക-ബൗദ്ധിക പ്രവർത്തനമാണ് മുന്നോട്ടുവെക്കുന്നത്?

മാതൃഭൂമി ആഴ്ചപ്പതിപ്പ് (2026 ആഗസ്റ്റ് 30) ‘നിഷ്കളങ്കതയെക്കുറിച്ച് മൂന്ന് കവിതകൾ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വീരാൻകുട്ടിയുടെ ‘കനം’, ‘എവിടെയിരിക്കുന്നു?’, ‘ഞാനെവിടെ?’ എന്നീ കവിതകൾ ഈ ചോദ്യത്തെ അഭിസംബോധന ചെയ്യാൻ സഹായിക്കുന്നു. മൂന്നിലും ആവർത്തിക്കുന്ന ഒരു ഘടനയുണ്ട്: കുട്ടിയുടെ അറിവില്ലായ്മ മുതിർന്നവർ തിരിച്ചറിയുന്നതും അത് കൗതുകമായി തോന്നുകയും അതിനെ ‘നിഷ്കളങ്കത’യായി വായിക്കുകയും ചെയ്യുന്നതിലൂടെ എഴുത്തിനെ ഹൃദയസ്പർശിയാക്കുന്ന രീതി. ഈ ഘടന വായനക്കാരിൽ സ്വീകാര്യതയുറപ്പിക്കുന്ന തന്ത്രമാകുന്നു. ഇവിടെ ‘സ്വീകാര്യതാതന്ത്രം’ എന്നു പറയുന്നത് ബോധപൂർവമായ വിപണനതന്ത്രമോ ഗൂഢതന്ത്രമോ ആണെന്ന അർത്ഥത്തിലല്ല. ഒരു പ്രത്യേക അവതരണരീതി കുട്ടിയുടെ അറിവില്ലായ്മയെ നിഷ്കളങ്കതയായി ഫ്രെയിം ചെയ്ത് വാത്സല്യവും കൗതുകവും ഉത്പാദിപ്പിക്കുകയും അതുവഴി കവിതയെ എളുപ്പത്തിൽ സ്വീകരിക്കാവുന്നതാക്കുകയും ചെയ്യുന്ന രീതിയാണ്. അതുകൊണ്ടുതന്നെ സ്വീകാര്യത ഉറപ്പിക്കുന്നതിനപ്പുറം കവിത എന്താണ് കണ്ടെത്തുന്നത് എന്നതും അന്വേഷിക്കേണ്ടതുണ്ട്.

‘ഞാനെവിടെ?’യിൽ ഈ രീതി ഏറ്റവും ലളിതമായി കാണാം. അമ്മയുടെ കല്യാണ ആൽബം നോക്കുന്ന കൊച്ചുമകൾ ഓരോ ഫോട്ടോയും ചൂണ്ടി ചോദിക്കുന്നു: ‘ഇതിൽ ഞാനെവിടെ?’ കുട്ടിക്ക് അറിയാത്തത് വായനക്കാർക്ക് അറിയാം: അവൾ ജനിക്കുന്നതിനുമുമ്പുള്ള ചിത്രങ്ങളാണവ. ഈ അറിവിന്റെ അസമത്വമാണ് കവിതയുടെ കൗതുകത്തെ താങ്ങിനിർത്തുന്നത്. ഇവിടെ കവിതയുടെ കണ്ടെത്തൽ (Poetic Discovery) എന്തെന്നു മനസ്സിലാക്കാൻ ലളിതമായ ഒരു ആലോചന മതി. കുട്ടിക്ക് താൻ ആ ചിത്രങ്ങളിലുള്ള കാലത്തിനുശേഷമാണ് ജനിച്ചതെന്ന് അറിയാമെന്നു സങ്കൽപ്പിച്ചാൽ കവിതയിൽ എന്താണ് ശേഷിക്കുന്നത്? പ്രധാന കൗതുകം അതോടെ ഇല്ലാതാകും. ജനനത്തിനുമുമ്പുള്ള കാലം, കുടുംബചരിത്രത്തിൻ്റെ ഓർമ്മ, സ്വന്തം കുടുംബചരിത്രത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹം തുടങ്ങിയ അർത്ഥാനുഭവതലങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെങ്കിലും കവിത അവയിലേക്ക് വികസിക്കുന്നില്ല. കുട്ടിയുടെ അറിവില്ലായ്മ തന്നെയാണ് ഇവിടെ പ്രധാന കാവ്യോപാധി. അതുകൊണ്ട് കവിത ഹൃദയസ്പർശി ആയേക്കുമെന്ന കാര്യം നിഷേധിക്കേണ്ടതില്ലെങ്കിലും, ആ വൈകാരികഭാവം കവിതയുടെ കണ്ടെത്തൽ ആകുന്നില്ലെന്നുവരുന്നു.

‘കനം’ എന്ന കവിത ഇതുമായി ബന്ധിപ്പിക്കുമ്പോൾ താരതമ്യേന കുറച്ചെങ്കിലും ഭേദപ്പെട്ട നീക്കം നടത്തുന്നുണ്ട്. കവിതയിൽ, ‘ഒറ്റപ്പെട്ട കനത്ത മഴ’ എന്ന പ്രയോഗം കേട്ട് കൊച്ചുമകൾ ചോദിക്കുന്നു: മഴയ്ക്കും ഒറ്റപ്പെടലുണ്ടോ? ആരാണ് അതിനെ ഒറ്റയാക്കിയത്? കൂട്ടുകാർ പിണങ്ങിപ്പോയോ? അമ്മയുമില്ലെന്നു വരുമോ? ഭാഷയുടെ രൂപകപ്രയോഗം കുട്ടി അക്ഷരാർത്ഥത്തിൽ സ്വീകരിക്കുന്നതിൽനിന്നാണ് കൗതുകം ഉണ്ടാകുന്നത്. എന്നാൽ ‘ഒറ്റപ്പെടൽ’ എന്ന മനുഷ്യാനുഭവത്തെ മഴയിലേക്ക് നീട്ടുന്ന ഈ തെറ്റിദ്ധാരണയിൽ രൂപകസാധ്യതയും ഒളിഞ്ഞിരിക്കുന്നു.

‘മനസ്സിലായിട്ടുണ്ടാവണം’ എന്ന അവസാന വരിയിലെ ‘ഉണ്ടാവണം’ എന്ന അനിശ്ചിതത്വം വിരുദ്ധോക്തിയായും വായിക്കാം. കുട്ടികൾ യഥാർത്ഥത്തിൽ എന്താണ് മനസ്സിലാക്കിയതെന്ന് കവിത ഉറപ്പിക്കുന്നില്ല. എന്നാൽ ഈ സാധ്യത പിന്നീട് വികസിക്കുന്നില്ല എന്നതാണു പരിമിതി. മഴയുടെ ‘ഒറ്റപ്പെടൽ’ മനുഷ്യന്റെ ഏകാന്തതയുമായി ബന്ധപ്പെടുന്ന ഒരു പുതിയ അനുഭവതലത്തിലേക്ക് കവിത നീങ്ങാതെ, കുട്ടികളുടെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വൈകാരികലാളനയിലാണ് നിൽക്കുന്നത്.

‘എവിടെയിരിക്കുന്നു?’ എന്ന കവിതയിലാണ് ഈ ഘടന ഒന്നുകൂടി വികസിക്കുന്നത്. മുറിയിൽ ഇല്ലാത്ത ഒരാളുമായി കൊച്ചുമകൾ സംസാരിക്കുന്നു. ചിരിച്ചും പിണങ്ങിയും ശബ്ദം താഴ്ത്തിയും ഉയർത്തിയും. ‘നീയാരോടാണ് സംസാരിക്കുന്നത്?’ എന്ന മുതിർന്നയാളുടെ ചോദ്യം അവൾ കേൾക്കുന്നില്ല. ഇതുവരെ കവിത കുട്ടിയും മുതിർന്നയാളും തമ്മിലുള്ള അറിവിന്റെ അസമത്വത്തെതന്നെ ആശ്രയിക്കുന്നതായി തോന്നും. എന്നാൽ തുടർന്ന് വരുന്ന വരികളാണ് നിർണായക ഭാഗം:

ഉപദേശമില്ല
താരതമ്യമില്ല
കളിയാക്കലില്ല
വാക്കുകളേയില്ല.

ഇവിടെ കുട്ടിയുടെ അജ്ഞതയേക്കാൾ പ്രധാനമായി പ്രവർത്തിക്കുന്നത് അവളുടെ അദൃശ്യ സംഭാഷണത്തിലുള്ള ഒരു ബന്ധത്തിൻ്റെ ഗുണപരമായ അഭാവ-സാന്നിധ്യമാണ്, അതായത് വിധിക്കാത്ത, താരതമ്യം ചെയ്യാത്ത, കളിയാക്കാത്ത ഒരു അടുപ്പം. കുട്ടിയുടെ സാങ്കൽപ്പിക സംഭാഷണം അതുവഴി മുതിർന്നവരുടെ ബന്ധങ്ങളുടെ ലോകത്തിലെ ഒരു ന്യൂനതയെ പരോക്ഷമായി വെളിപ്പെടുത്തുന്നു. ഇവിടെ വായിക്കുന്നയാൾക്ക് കുട്ടികൾക്ക് അറിയാത്തത് അറിയുന്നുവെന്ന കൗതുകത്തിൽ മാത്രം നിൽക്കേണ്ടിവരുന്നില്ല; കുട്ടിയുടെ സാങ്കൽപ്പിക സംഭാഷണത്തിലൂടെ സ്വന്തം ബന്ധങ്ങളെക്കുറിച്ച് മറ്റൊരു രീതിയിൽ ചിന്തിക്കാനുള്ള അവസരവും ലഭിക്കുന്നു. ഈ മൂന്ന് കവിതകളിലും അപരിചിതമാകൽ എന്ന കാവ്യഗുണത്തിലേക്ക് നീങ്ങാനുള്ള സാധ്യത അങ്ങനെ ഈ കവിതയിലുണ്ടാകുന്നു.

എന്നിരുന്നാലും ഈ കവിതയും ആ സാധ്യത പൂർണമായി വികസിപ്പിക്കുന്നുവെന്ന് പറയാനാകില്ല. ‘ആ ഒരാൾ ആരെന്ന്’ അറിയാനുള്ള മുതിർന്നയാളുടെ കൗതുകത്തിലാണ് കവിത അവസാനിക്കുന്നത്. കുട്ടിയുടെ ഭാവന മുതിർന്നവരുടെ ബന്ധങ്ങളുടെ ലോകത്തെ ചോദ്യം ചെയ്യുന്നിടത്തോളം കവിത ചിന്തോദ്ദീപകമായിക്കൊണ്ട് കവിതയെ വായനാനന്തരവും മുന്നോട്ട് സഞ്ചരിപ്പിക്കാനുള്ള ശേഷി കാണിക്കുന്നുണ്ട്. എന്നാൽ ആ ചോദ്യം വികസിപ്പിക്കാതെ വീണ്ടും രഹസ്യത്തിലേക്കും കൗതുകത്തിലേക്കും മടങ്ങുന്നു. അതായത് കവിതയിൽ സാധ്യതയുണ്ടായിരുന്നു. കവി അതിനെ മുന്നോട്ടുപോകാൻ അനുവദിച്ചില്ല.

ഇവിടെ കവിതയിൽ പ്രസ്താവിക്കുന്ന രഹസ്യസ്വഭാവം ആനന്ദവർധനൻ്റെ വ്യംഗ്യാർത്ഥ ലക്ഷണമല്ല. അതായത് ധ്വനിയും ഈ കവിതയുടെ പരിമിതിയും ഒന്നല്ല. ഇത് ധ്വനിസിദ്ധാന്തത്തിന്റെ ഉള്ളിൽനിന്നുള്ള ഒരു വിലയിരുത്തലുമാണ്. ധ്വനി ഒരു അധിക അർത്ഥദിശയിലേക്കുള്ള സൂചനയാണ്. 'ഉപദേശമില്ല / താരതമ്യമില്ല...' എന്ന വരികളിൽ ഈ ധ്വനിയുടെ സാധ്യതയുണ്ട്. പ്രശ്നം അതിനുശേഷമാണ്. ആ സാധ്യത പിന്തുടരാതെ കവിത 'ആ ഒരാൾ ആരെന്ന' ലളിതജിജ്ഞാസയിലേക്ക് തിരിച്ചുപോകുന്നു. ധ്വനി സാധ്യത ഉപേക്ഷിച്ച് പഴയ കൗതുകരീതിയിലേക്കുള്ള മടക്കമാണ് കവിതയുടെ ഒടുക്കം.

ഈ മൂന്ന് കവിതകളെ ചേർത്തുവായിക്കുമ്പോൾ മറ്റൊരു കാര്യവും വ്യക്തമാകുന്നു. ‘ഞാനെവിടെ?’യിൽ അറിവില്ലായ്മയാണ് കവിതാസംഭവത്തെ നേരിട്ട് താങ്ങിനിർത്തുന്നത്; ‘കന’ത്തിൽ തെറ്റിദ്ധാരണ ഭാഷയുടെ രൂപകസാധ്യത തുറക്കാൻ നോക്കുന്നു. ‘എവിടെയിരിക്കുന്നു?’ എന്ന കവിതയിൽ അറിവില്ലായ്മ ബന്ധങ്ങളെക്കുറിച്ചുള്ള ഒരു അധിക അർത്ഥാനുഭവത്തിലേക്ക് നീങ്ങുന്നു. പൊതുവായ രീതി ഒന്നാണെങ്കിലും ഈ മൂന്നിൻ്റെയും കവിതാപരമായ നേട്ടത്തിലേക്കുള്ള നീക്കം വ്യത്യസ്തമാണ്.

നിഷ്കളങ്കതയും കുട്ടിയുടെ അറിവില്ലായ്മയും ചേർന്നുവരുന്ന കവിതകൾ സ്വതവേ പരിമിതമായവയാണെന്ന് പറയാനാവില്ല. മറിച്ച്, നിഷ്കളങ്കത എപ്പോൾ കവിതയുടെ കണ്ടെത്തലിലേക്ക് കടക്കുന്നു എന്നതാണ് കൂടുതൽ പ്രസക്തമായ ചോദ്യം. അതിന് മികച്ച ഒരു ഉദാഹരണമാണ് മിറൊസ്ലാവ് ഹൊളൂബിന്റെ ‘നെപ്പോളിയൻ’ എന്ന കവിത. ഹൊളൂബിൻ്റെ കവിതയെ വീരാൻകുട്ടിയുടെ കവിതയുമായി താരതമ്യം ചെയ്യുകയല്ല ഇവിടെ ലക്ഷ്യം. രണ്ട് വ്യത്യസ്ത കാവ്യതന്ത്രങ്ങളെയാണ് ഇവിടെ വിശകലനം ചെയ്യുന്നത്. അതായത്, കുട്ടിയുടെ അറിവില്ലായ്മ എന്ന അതേ അസംസ്കൃതവസ്തു ഉപയോഗിച്ച് കവിതയ്ക്ക് സർഗാത്മകമായി എത്രത്തോളം ദൂരം സഞ്ചരിക്കാൻ കഴിയും എന്നതിന്റെ ഒരു പരിധി വിലയിരുത്തുകയാണ് ഉദ്ദേശം. ഒരു സങ്കേതത്തിന്റെ സാധ്യത എന്തെന്ന് അറിയാതെ, ആ സങ്കേതം ഉപയോഗിക്കുന്ന കൃതി 'വേണ്ടത്ര ചെയ്തോ ഇല്ലയോ' എന്ന് വിലയിരുത്താൻ പ്രയാസമാണല്ലോ.

ഹൊളൂബിന്റെ കവിതയിൽ കുട്ടികൾക്ക് ചരിത്രജ്ഞാനമില്ല. അധ്യാപകൻ നെപ്പോളിയൻ ബോണപ്പാർട്ട് എപ്പോൾ ജനിച്ചുവെന്നും എന്താണ് ചെയ്തതെന്നും ചോദിക്കുന്നു. കുട്ടികളുടെ ഉത്തരങ്ങൾ ‘ഒരായിരം വർഷങ്ങൾക്ക് മുമ്പ്’, ‘ഒരു നൂറ് വർഷങ്ങൾക്ക് മുമ്പ്’, ‘കഴിഞ്ഞ വർഷം’; ‘യുദ്ധം ജയിച്ചു’, ‘യുദ്ധത്തിൽ തോറ്റു’ എന്നൊക്കെയാണ്. അറിവിന്റെ അസമത്വത്തിൽ നിന്നുള്ള ഹാസ്യഭാവമുണ്ട് ഇതിൽ. ഇവിടെയും മുതിർന്നവർ അറിയുന്നതും കുട്ടികൾ അറിയാത്തതും തമ്മിലുള്ള വ്യക്തമായ വ്യത്യാസമുണ്ട്.

പക്ഷേ ഫ്രാന്റിസെക് എന്ന കുട്ടി പറയുന്നിടത്ത് കവിതയുടെ ദിശ മാറുന്നു:

നമ്മുടെ ഇറച്ചിക്കടക്കാരന്
നെപ്പോളിയൻ എന്നൊരു നായ ഉണ്ടായിരുന്നു.

ഇവിടെ ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ഒരു വ്യക്തിത്വവും ഒരു കുട്ടിയുടെ ജീവിതത്തിലെ ചെറിയൊരു ഓർമ്മയും ഒരേ പേരിൽ കൂട്ടിമുട്ടുന്നു. കുട്ടിക്ക് നെപ്പോളിയൻ ബോണപ്പാർട്ടിനെക്കുറിച്ച് അറിവില്ല; പക്ഷേ നെപ്പോളിയൻ എന്ന പേരുള്ള ഒരു നായയെക്കുറിച്ച് അറിയാം. ആ നായയെ ഉടമ എപ്പോഴും തല്ലിയിരുന്നു. ഒരു വർഷം മുമ്പ് പട്ടിണികിടന്ന് ആ നായ ചത്തുപോയി.

ഇവിടെ അറിവില്ലായ്മ വെറും നിഷ്കളങ്കമാർന്ന ഹാസ്യത്തിന്റെ ഉപാധിയായി നിൽക്കുന്നില്ല. ചരിത്രത്തിലെ ‘നെപ്പോളിയൻ’ എന്ന നാമം കുട്ടികളുടെ അനുഭവലോകത്തിൽ പ്രവേശിക്കുമ്പോൾ അതിന്റെ അർത്ഥം തന്നെ മാറുന്നു. യുദ്ധം ജയിച്ചോ തോറ്റോ എന്ന ചരിത്രചോദ്യത്തിന് പകരം, തല്ലുകൊള്ളപ്പെട്ടും പട്ടിണികിടന്നും മരിച്ച ഒരു ജീവിയുടെ ഓർമ്മയാണ് കുട്ടികളുടെ നെപ്പോളിയനായി മാറുന്നത്.

അതിനാൽ അവസാനത്തെ

‘നെപ്പോളിയന്റെ കാര്യമോർത്ത്
ഇപ്പോൾ കുട്ടികളെല്ലാം സങ്കടപ്പെടുന്നു.’

എന്ന വരികൾ കുട്ടികളുടെ നിഷ്കളങ്കതയെ ഹൃദയസ്പർശിയാക്കുക മാത്രമല്ല. ‘നെപ്പോളിയൻ’ എന്ന ചരിത്രചിഹ്നത്തെ തന്നെ ഒരു പുതിയ അർത്ഥബന്ധത്തിൽ നമുക്കുമുന്നിൽ നിർത്തുന്നു. കുട്ടികൾ ചരിത്രത്തിലെ നെപ്പോളിയനെക്കുറിച്ചല്ല സങ്കടപ്പെടുന്നത്; അവർക്ക് പരിചിതമായ നെപ്പോളിയനെക്കുറിച്ചാണ്. എന്നാൽ ഈ ‘തെറ്റായ’ തിരിച്ചറിവാണ് വായനക്കാരെ ചരിത്രത്തിലെ മഹത്വം, യുദ്ധം, ക്രൂരത, മരണം, വൈയക്തികാനുഭവങ്ങൾ എന്നിവയെ മറ്റൊരു ബന്ധത്തിൽ കാണാൻ നിർബന്ധിക്കുന്നത്.

കുട്ടിയുടെ അറിവില്ലായ്മ ഇവിടെ വെറും കൗതുകത്തിൽ അവസാനിക്കുന്നില്ല. അത് വായനക്കാരുടെ തന്നെ ചരിത്രബോധത്തെയും അനുഭവബോധത്തെയും വിമർശനാത്മകമായി പുനഃസംഘടിപ്പിക്കുന്നു. പരിചിതമായ ‘നെപ്പോളിയൻ’ അപരിചിതമാകുന്നു. ചരിത്രത്തിന്റെ വലിയ പേരിന് പകരം ഒരു ചത്ത നായയുടെ ഓർമ്മ മുന്നിൽ വരുന്നു. കുട്ടിയുടെ നിഷ്കളങ്കത ഇവിടെ കൗതുകപൂർവ്വം ആസ്വദിക്കാനുള്ള ഗുണമല്ല. അർത്ഥങ്ങളുടെ സംഘർഷം സൃഷ്ടിക്കുന്ന കാവ്യോപാധിയാണ്.

ഇതാണ് വിക്ടർ ഷ്ക്ലോവ്സ്കിയുടെ ostranenie, അഥവാ അപരിചിതമാകൽ, എന്ന കാവ്യലക്ഷണത്തെ കണ്ടെടുക്കാവുന്ന ഇടം. പരിചിതമായ വസ്തുവിനെയോ അനുഭവത്തെയോ അങ്ങനെ അവതരിപ്പിച്ച് പതിവു തിരിച്ചറിയലിൻ്റെ യാന്ത്രികതയോ സ്വാഭാവികതയും തകർക്കുകയും അതിനെ വീണ്ടും അനുഭവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് അതിന്റെ അടിസ്ഥാന ആശയം. അപരിചിതമാകൽ വെറും പുതുമയുടെ തോന്നലല്ല; പരിചിതമായതിനെ പുതിയ രീതിയിൽ അനുഭവിപ്പിക്കലാണ്.

ഇതും കുട്ടിയുടെ അറിവില്ലായ്മയിൽ അധിഷ്ഠിതമായ രീതിയും തമ്മിലുള്ള വ്യത്യാസം നിർണായകമാണ്. ‘ഇത് എന്താണെന്ന് കുട്ടിക്ക് അറിയില്ല; എനിക്ക് അറിയാം’ എന്നത് അറിവിന്റെ അസമത്വമാണ്. ‘ഇത് എന്താണെന്ന് എനിക്കറിയാം; പക്ഷേ ഇപ്പോൾ ഞാൻ അതിനെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ അനുഭവിക്കുന്നു’ എന്നതാണ് അപരിചിതമാകലിൻ്റെ ഫലം. ആദ്യത്തേതിൽ കുട്ടിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ച മാറുകയോ നിർണ്ണയിക്കപ്പെടുകയോ ചെയ്യാം; രണ്ടാമത്തേതിൽ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച മാറുന്നു.

‘നെപ്പോളിയൻ’ ഈ രണ്ടിനുമിടയിലെ പാലം കാണിച്ചുതരുന്നു. കുട്ടിയുടെ അറിവില്ലായ്മ ആദ്യം കൗതുകമുണ്ടാക്കുന്നു; പിന്നീട് അതേ അറിവില്ലായ്മ ചരിത്രത്തിൽ നിന്നുള്ള ഒരു പേരിനെയും വൈയക്തികമായ ഓർമ്മയെയും കൂട്ടിയിടിപ്പിക്കുന്നു. അങ്ങനെവരുമ്പോൾ വായനക്കാരുടെ അറിവ് കുട്ടിയുടെ അറിവില്ലായ്മയെ തിരുത്താൻ ഉപയോഗിക്കപ്പെടുകയല്ല. കുട്ടിയുടെ അറിവില്ലായ്മ തന്നെയാണ് വായനക്കാരുടെ അറിവിനെ പുനഃപരിശോധിക്കാൻ ഉപയോഗിക്കപ്പെടുന്നത്.

ഈ വ്യത്യാസം കൃത്യമായി പിടിക്കാൻ ഒരു ചോദ്യം സഹായകമാണ്: മാറ്റം സംഭവിക്കുന്നത് ആരിലാണ്, കുട്ടിയിലാണോ അതോ കുട്ടിക്കും വായിക്കുന്നയാൾക്കും പുറത്തുനിൽക്കുന്ന മറ്റൊന്നിലാണോ? 'ഞാനെവിടെ?'യിലും 'കന'ത്തിലും അറിവിന്റെ അസമത്വം ഇല്ലാതാകുക കുട്ടിയെക്കുറിച്ചുള്ള വിവരം പൂർത്തിയാകുമ്പോഴാണ്; അവൾ ജനിക്കുന്നതിനുമുമ്പുള്ള ചിത്രമാണെന്നോ, 'ഒറ്റപ്പെടൽ' മനുഷ്യാനുഭവമാണെന്നോ അറിഞ്ഞാൽ കവിതയിലെ അറിവിൻ്റെ അസമത്വം തീരുന്നു. ഈ അസമത്വം അടയുന്നിടത്ത് മാറുന്നത് കുട്ടിയോടുള്ള നമ്മുടെ വീക്ഷണമാണ്. കുട്ടിക്കപ്പുറം, ലോകത്തിൽ മറ്റൊന്നും അതിലൂടെ പുനഃക്രമീകരിക്കപ്പെടുന്നില്ല; ഫോട്ടോ ഫോട്ടോയായി നിൽക്കുന്നു, മഴ മഴയായിത്തന്നെ.

'നെപ്പോളിയനി'ൽ ഇത് മറ്റൊരു വിധത്തിലാണ് സംഭവിക്കുന്നത്. ഇവിടെ അറിവിന്റെ അസമത്വം ഇല്ലാതാകുന്നത് കുട്ടിയെക്കുറിച്ചുള്ള വിവരം പൂർത്തിയാകുമ്പോഴല്ല. മറിച്ച് 'നെപ്പോളിയൻ' എന്ന പേര് തന്നെ രണ്ട് വ്യത്യസ്ത നിർദ്ദേശവസ്തുക്കളിലേക്ക് (referents) ഒരേസമയം ചൂണ്ടുന്നു എന്ന തിരിച്ചറിവിലാണ്. ആ പേര് കുട്ടിയുടെ സ്വകാര്യാനുഭവത്തിൽ മാത്രം ഒതുങ്ങുന്നതല്ല; ചരിത്രത്തിലും സാംസ്കാരികസ്മരണയിലും വായനക്കാരുടെ അറിവിലും ഇതിനകം സ്ഥാനമുള്ള ഒരു ചിഹ്നമാണ്. അതുകൊണ്ട് കുട്ടിയെ പൂർണമായി മാറ്റിനിർത്തിയാലും, ‘നെപ്പോളിയൻ’ എന്ന വാക്ക് പഴയപടി പ്രവർത്തിക്കില്ല. ചരിത്രപുരുഷനെ ഓർക്കുന്ന വായനക്കാർ ആ ചത്ത നായയുടെ ഓർമ്മയും കൂടെ വഹിക്കുന്നു. ഇതാണ് കുട്ടിക്കപ്പുറം നിലനിൽക്കുന്ന മാറ്റം. വാക്കിന്റെയും ചിഹ്നത്തിന്റെയും പൊതുവായ അർത്ഥലോകത്തിൻ്റെ പുനഃസംഘാടനം.

ഈ വ്യത്യാസം ലളിതമായ പരിശോധനയിലൂടെ സ്ഥിരീകരിക്കാവുന്നതാണ്. കുട്ടിയെ നീക്കിയാൽ അർത്ഥപരമായ എന്തെങ്കിലും പരിവർത്തനം ബാക്കിനിൽക്കുന്നുണ്ടോ? 'ഞാനെവിടെ?'യിൽ ഒന്നും ശേഷിക്കില്ല. കുട്ടിയാണ് കവിതയുടെ മുഴുവൻ ഉള്ളടക്കവും ലക്ഷ്യവും. 'നെപ്പോളിയനി'ൽ, കുട്ടിയുടെ സാന്നിധ്യം ഇല്ലാതായാലും, കുട്ടിയുടെ വാക്ക് സൃഷ്ടിച്ച അർത്ഥസംഘർഷം വായനക്കാരന്റെ സ്മരണയിൽ നിലനിൽക്കുന്നു. അതായത്, കുട്ടിയുടെ അറിവില്ലായ്മയുടെ നിഷ്കളങ്കത ഈ അർത്ഥസംഘർഷത്തിലേക്കുള്ള മാർഗ്ഗമാണ്, അതിന്റെ ഉള്ളടക്കമല്ല. ഇതാണ് കുട്ടിയെക്കുറിച്ചുള്ള കാഴ്ച മാറലും ലോകത്തെക്കുറിച്ചുള്ള കാഴ്ച മാറലും തമ്മിലുള്ള വ്യത്യാസത്തിന്റെ പരിശോധനയ്ക്കുള്ള മാനദണ്ഡം.

കുട്ടിയുടെ തെറ്റിദ്ധാരണയിൽ നിന്ന് ഉണ്ടാകുന്ന ഹാസ്യാത്മക വൈരുധ്യവും കവിതയുടെ വിരോധാഭാസമെന്ന ഗുണവും തമ്മിലും വ്യത്യാസമുണ്ട്. ഒരു വാക്കിന്റെ അക്ഷരാർത്ഥം സ്വീകരിക്കുന്നതിൽനിന്നുള്ള വൈരുധ്യം സ്വതവേ സങ്കീർണ്ണമായ വിരോധാഭാസമാകുന്നില്ല. ‘കനം’ അതിലേക്കുള്ള ഒരു സാധ്യത കാണിക്കുന്നുണ്ടെങ്കിലും അതിനെ പൂർണമായി വികസിപ്പിക്കുന്നില്ല. ‘നെപ്പോളിയനി’ൽ ചരിത്രത്തിലെ വ്യക്തിയും കുട്ടികളുടെ അനുഭവത്തിലെ നായയും ഒരേ പേരിൽ നിലനിൽക്കുന്നതിലൂടെ അർത്ഥങ്ങളുടെ യഥാർത്ഥ സംഘർഷം രൂപപ്പെടുന്നു. അതുപോലെ കുട്ടിയുടെ ചോദ്യം നമ്മളിൽ സൃഷ്ടിക്കുന്ന ‘ആഹാ’ എന്ന തോന്നലിന് അപ്പുറം എന്താണ് മാറുന്നത് എന്നതും ആലോചിക്കേണ്ടതുണ്ട്. കുട്ടിയെക്കുറിച്ചുള്ള നമ്മുടെ വൈകാരികാനുഭൂതിയോ, അതോ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചയോ? ആദ്യത്തേത് ഹൃദയസ്പർശിയാകാം, വാത്സല്യവും സൃഷ്ടിക്കാം; രണ്ടാമത്തേതാണ് കവിതയുടെ കണ്ടെത്തലിലേക്കുള്ള ശക്തമായ മാർഗ്ഗമാകുന്നത്.

ഇവിടെയാണ് നിഷ്കളങ്കതയുടെ സ്വീകാര്യതാതന്ത്രം വിമർശനവിധേയമാക്കണം എന്നത് വായനയിൽ പ്രധാനമാകുന്നത്. കുട്ടിയുടെ അറിവില്ലായ്മ സ്വതവേ നിഷ്കളങ്കതയല്ല. അറിവില്ലായ്മ ഒരു ജ്ഞാനപരമായ അവസ്ഥയാണ്. അതിന് മുതിർന്നവർ നൽകുന്ന സൗന്ദര്യാത്മക നൈതിക വ്യാഖ്യാനമാണ് ‘നിഷ്കളങ്കത’ എന്ന ലേബൽ. ചുരുക്കത്തിൽ, അറിവില്ലായ്മ കുട്ടിയുടെ അവസ്ഥയാണ്. ‘നിഷ്കളങ്കത’ അതിനെ വായിക്കുന്ന മുതിർന്നവരുടെ ഭാഷയും. അതുകൊണ്ട് ചോദ്യം ‘കുട്ടി നിഷ്കളങ്കയാണോ?’ എന്നതല്ല; ‘കുട്ടിയുടെ അറിവില്ലായ്മയെ നിഷ്കളങ്കതയായി വായിക്കാൻ കവിത നമ്മെ എങ്ങനെ പ്രേരിപ്പിക്കുന്നു?’ എന്നതാണ്. അതിനോടൊപ്പം മറ്റൊരു ചോദ്യവും ചേർക്കണം: ആ നിഷ്കളങ്കതയുടെ സ്വീകാര്യതയ്ക്കപ്പുറം കവിത എന്താണ് സൃഷ്ടിക്കുന്നത്?

ഇതിന് ചില ചിന്താരീതികൾ സഹായകമാണ്. കുട്ടിയുടെ അറിവില്ലായ്മ നീക്കിയാൽ കവിതയുടെ പ്രധാന അർത്ഥാനുഭവം ഇല്ലാതാകുന്നുണ്ടോ? കവിത വായിച്ചശേഷം മാറുന്നത് കുട്ടിയെക്കുറിച്ചുള്ള നമ്മുടെ വികാരമാണോ, അതോ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചയാണോ? വായനാനന്തരം കൗതുകം അടച്ചുവെക്കപ്പെടുകയാണോ, അതോ പുതിയൊരു അർത്ഥതലത്തിലേക്ക് സഞ്ചരിക്കുകയാണോ? കുട്ടി സ്വതന്ത്രമായ ജീവിതമായി നിലകൊള്ളുന്നുണ്ടോ, അതോ മുതിർന്നവർക്ക് കൗതുകം ഉത്പാദിപ്പിക്കുന്ന ഉപാധിയായി മാത്രം നിൽക്കുകയാണോ? ഈ ചോദ്യങ്ങൾ കവിതയുടെ കാവ്യപ്രവർത്തനം എത്ര ദൂരം സഞ്ചരിക്കുന്നു എന്ന് തിരിച്ചറിയാനുള്ള ഉപകരണങ്ങളാണ്.

ചുരുക്കത്തിൽ, നിഷ്കളങ്കതയെ ഒരു കാവ്യഗുണമായി സ്വീകരിക്കുന്നതിന് മുമ്പ് അതിന്റെ പ്രവർത്തനം പരിശോധിക്കേണ്ടതുണ്ട്. കുട്ടിയുടെ അറിവില്ലായ്മ വായനക്കാരനിൽ സ്വീകാര്യതയും കൗതുകവും സൃഷ്ടിക്കുന്നു എന്നത് വൈകാരികഫലമാണ്. അത് അതായിത്തന്നെ കവിതയുടെ സർഗാത്മക കണ്ടെത്തലല്ല. എന്നാൽ അതേ അറിവില്ലായ്മ പരിചിതമായ ലോകത്തിലെ അർത്ഥങ്ങളെ സംഘർഷത്തിലാക്കുകയും വായനക്കാരുടെ മുൻധാരണയെ മാറ്റുകയും ചെയ്യുന്നുവെങ്കിൽ അത് കവിതയുടെ കണ്ടെത്തലിൻ്റെ ഉപാധിയായി മാറുന്നു. ‘നെപ്പോളിയൻ’ അതിന്റെ വ്യക്തമായ ഉദാഹരണമാണ്; ‘എവിടെയിരിക്കുന്നു?’ എന്ന കവിതയിൽ അതിലേക്കുള്ള പാതിയിൽ ഉപേക്ഷിക്കപ്പെട്ട ശ്രമവും കാണാം.

സാധാരണതയെ കവിതയായി മാറ്റാൻ ആവശ്യമായ സർഗാത്മക ബൗദ്ധിക പ്രവർത്തനത്തിന്റെ അഭാവമാണ് കൗതുകത്തെയും അറിവില്ലായ്മയുടെ നിഷ്കളങ്കതയെയും മാത്രം ആശ്രയിച്ചുകൊണ്ട് സ്വീകാര്യത ഉറപ്പാക്കുന്ന കവിതകളുടെ പ്രശ്നം. ബാലിശമായതും അറിവില്ലായ്മയിൽ നിന്നുള്ളതുമായ ചോദ്യം ഒരു കവിതയുടെ തുടക്കമാകാം. അറിവില്ലായ്മ ശക്തമായ കാവ്യോപാധിയുമാകാം. എന്നാൽ ആ അറിവില്ലായ്മ വായനക്കാരിൽ ഓമനത്തവും കൗതുകവും സൃഷ്ടിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, പരിചിതമായ ലോകത്തിലെ അർത്ഥങ്ങളെയും ലളിതയുക്തിയെയും അനുഭവപരിസരത്തെയും സംഘർഷത്തിലാക്കുകയും അതിനെ പുതുതായി കാണാനുള്ള അനുഭവം സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് അത് കവിതയുടെ കണ്ടെത്തലായി മാറുന്നത്. നിഷ്കളങ്കതയെ ആശ്രയിക്കുന്ന കവിതയുടെ കാവ്യശക്തി വിലയിരുത്താൻ, സ്വീകാര്യതയ്ക്കും കവിതയുടെ കണ്ടെത്തലിനും ഇടയിലെ ഈ വിടവ് പരിശോധിക്കേണ്ടാതുണ്ട്. കുഞ്ഞുങ്ങൾക്ക് അറിയാത്തത് മുതിർന്നവർക്ക് അറിയാം എന്നത് കവിതയുടെ പശ്ചാത്തലമാകാം; എന്നാൽ ആ വ്യത്യാസം അതായിത്തന്നെ കവിതയുടെ സർഗാത്മക മൂല്യമാകുന്നില്ല. നിഷ്കളങ്കത കവിതയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കാം; അതിനപ്പുറം ഒരു പുതിയ അനുഭവലോകം തുറക്കുമ്പോഴാണ് അത് കവിതയുടെ കണ്ടെത്തലായി മാറുന്നത്. അല്ലാത്തപക്ഷം, നാം കാവ്യാനുഭവത്തിലെത്തുകയല്ല, അറിവില്ലായ്മയുടെ നിഷ്കളങ്കത ആസ്വദിക്കുകയാണ്.
_____

അനുബന്ധം
  • വീരാൻകുട്ടി, 'നിഷ്കളങ്കതയെക്കുറിച്ച് മൂന്ന് കവിതകൾ', മാതൃഭൂമി ആഴ്ചപ്പതിപ്പ് 2026 ആഗസ്റ്റ് 30.
  • മിറൊസ്ലാവ് ഹൊളൂബ് — ‘നെപ്പോളിയൻ’  [മലയാള പരിഭാഷ വായിക്കാം]
  • വിക്ടർ ഷ്ക്ലോവ്സ്കി — Art as Technique— ostranenie / അപരിചിതമാകൽ എന്ന ആശയം.
ശുദ്ധകവിതയും കലർപ്പിന്റെ കാവ്യനീതിയും

ശുദ്ധകവിതയും കലർപ്പിന്റെ കാവ്യനീതിയും

ശുദ്ധകവിതയും കലർപ്പിന്റെ കാവ്യനീതിയും പാബ്ലോ നെരൂദയുടെ ‘അശുദ്ധ കവിത’ (Impure Poetry) എന്ന കാവ്യബോധത്തിന് സമാനമായി, മലയാളത്തിൽ കെ. സച്ചിദാനന്ദനിലൂടെയും മറ്റും പ്രബലമായിരുന്ന കാവ്യധാരയോട് വിയോജിച്ചുകൊണ്ട്, 1990-കൾക്ക് ശേഷം ചില കവികൾ ശുദ്ധകവിതയ്ക്കുവേണ്ടിയുള്ള വാദമുന്നയിക്കുകയുണ്ടായി. കവിതയെ ധാർമ്മികവും രാഷ്ട്രീയവുമായ ബാധ്യതകളിൽനിന്ന് അകറ്റി, അതിന്റെ ഭാഷയിലും രൂപത്തിലും സൗന്ദര്യശേഷിയിലും കേന്ദ്രീകരിക്കണമെന്നായിരുന്നു ഈ നിലപാടിന്റെ പ്രധാന ആവശ്യം. ബാബറി മസ്ജിദ് പൊളിക്കപ്പെട്ടതും നിയോ-ലിബറലിസം നടപ്പിലാക്കപ്പെട്ടതുമായ കാലത്തോടുള്ള സംവാദശേഷിയില്ലായ്മ ഈ നിലപാടിന്റെ പരിമിതിയായി കാണാമെങ്കിലും, അതിനേക്കാൾ അടിസ്ഥാനപരമായ ഒരു ചോദ്യം ഇവിടെ ഉന്നയിക്കേണ്ടതുണ്ട്: കവിത ശുദ്ധമായിരിക്കണമോ?

കവിത കവിതയായിരിക്കണം എന്ന വാദത്തിൽ തെറ്റില്ല. ഒരു രാഷ്ട്രീയ പ്രസംഗമോ വാർത്തയോ ധാർമ്മികോപദേശമോ മുദ്രാവാക്യമോ അതിന്റെ ആ ഗുണത്തിന്റെ പേരിൽ കവിതയായി അവതരിപ്പിക്കുന്നതുകൊണ്ട് മാത്രം അത് കവിതയാകണമെന്നില്ല. ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുന്നു എന്ന ഏകകാരണത്താൽ കാവ്യഗുണം ഉറപ്പിക്കാനാകില്ല. കവിതയ്ക്ക് അതിന്റേതായ ഭാഷയും രൂപവും താളവും ഭാവനയും ആവശ്യമാണ്. കവിതയെ അതിന്റെ കാവ്യസ്വഭാവത്തിൽനിന്ന് വേർപെടുത്തി ഒരു സന്ദേശവാഹക ഉപാധിയാക്കി ചുരുക്കുന്നതിനെതിരായ ശുദ്ധകവിതയുടെ വാദത്തിൽ അതിനാൽ ന്യായം കാണാം.

പക്ഷേ, ഇവിടെനിന്ന് കവിത മറ്റുള്ളവയുമായി കലരരുതെന്ന നിഗമനത്തിലേക്ക് നീങ്ങുന്നതിലാണ് പ്രശ്നം. കവിത രാഷ്ട്രീയപ്രസംഗമല്ല എന്നതുകൊണ്ട് രാഷ്ട്രീയം കവിതയ്ക്ക് പുറത്താകുന്നില്ല. കവിത ചരിത്രരേഖയല്ല എന്നതുകൊണ്ട് ചരിത്രം അതിൽ പ്രവർത്തിക്കരുതെന്നുമില്ല. കവിത ശാസ്ത്രീയ പ്രബന്ധമല്ലെങ്കിലും ശാസ്ത്രീയ അറിവിന് അതിൽ പ്രവേശിക്കാം. കവിത ഡയറിക്കുറിപ്പാകേണ്ടതില്ലെങ്കിലും വ്യക്തിയുടെ അനുഭവം അതിന് അന്യമല്ല. അതിനാൽ യഥാർത്ഥ ചോദ്യം കവിതയിൽ രാഷ്ട്രീയം വേണമോ, ശാസ്ത്രം വേണമോ, ചരിത്രം വേണമോ എന്നതല്ല. കവിതയിൽ പ്രവേശിക്കുന്ന വ്യത്യസ്ത അർത്ഥാനുഭവലോകങ്ങൾ പരസ്പരം എന്താണ് ചെയ്യുന്നത് എന്നതാണ്.

നെരൂദ മുന്നോട്ടുവയ്ക്കുന്നത് കവിതയും ലോകവും തമ്മിലുള്ള തുറന്ന ബന്ധമാണ്. 1935-ൽ പ്രസിദ്ധീകരിച്ച ‘Sobre una poesía sin pureza’ എന്ന മാനിഫെസ്റ്റോയിൽ മനുഷ്യന്റെ ഉപയോഗവും സ്പർശവും പതിഞ്ഞ വസ്തുക്കളിൽനിന്ന് ലോകവുമായി മനുഷ്യനുള്ള ബന്ധത്തിന്റെ അടയാളങ്ങൾ വായിക്കാനാണ് അദ്ദേഹം കവിയെ ക്ഷണിക്കുന്നത്. പൊടി, ഉപയോഗത്താൽ തേഞ്ഞുപഴകിയ ഉപരിതലങ്ങൾ, കൈപ്പാടുകൾ, ഉപയോഗം, വലിച്ചെറിയപ്പെടുന്നവ എന്നിവയെല്ലാം കവിതയ്ക്ക് പുറത്തുള്ള അശുദ്ധികളല്ല. ജീവിതത്തിന്റെ സാന്നിധ്യം വസ്തുക്കളിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങളാണ്. അതുകൊണ്ട് കവിതയും ജീവിതത്തിന്റെ കലർപ്പുകളെ സ്വീകരിക്കണമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. ശരീരവും ആഗ്രഹങ്ങളും സ്നേഹവും വെറുപ്പും രാഷ്ട്രീയവും അധ്വാനവും സംശയവും സ്വപ്നവും പരാജയവും ദൈനംദിനജീവിതത്തിന്റെ അവശിഷ്ടങ്ങളും അതിന്റെ ഭാഗമാകണം. കവിത ഇന്ദ്രിയാനുഭവങ്ങളിൽനിന്നും സാമൂഹിക യാഥാർഥ്യങ്ങളിൽനിന്നും മനുഷ്യന്റെ സ്പർശത്തിൽനിന്നും വേർപെട്ട് കൃത്രിമ ശുദ്ധി തേടരുത്. വസ്തുക്കളുടെ ‘മോശം രുചി’ ഒഴിവാക്കുന്ന കവിത യഥാർത്ഥ ജീവിതത്തിന്റെ സാന്ദ്രതയിൽനിന്ന് അകന്നുപോകും.

നെരൂദയുടെ ‘അശുദ്ധി’ പ്രധാനമായും കവിതയുടെ വസ്തുലോകത്തെയും ജീവിതസമ്പർക്കത്തെയും കുറിച്ചുള്ള ഒരു ആഹ്വാനമാണെങ്കിൽ, ഇവിടെ 'കലർപ്പിൻ്റെ കാവ്യനീതി’ എന്ന ആശയം അതിനെ മറികടന്ന് ആശയപരവും ചരിത്രപരവും അനുഭവപരവുമായ വ്യത്യസ്ത മണ്ഡലങ്ങൾ തമ്മിലുള്ള അർത്ഥപരിവർത്തനത്തിലേക്ക് വ്യാപിക്കുന്നതാണ് ലക്ഷ്യമിടുന്നത്.

ജീവിതത്തിൽനിന്ന് പലതും കവിതയിലേക്ക് കൊണ്ടുവരിക എന്നതുകൊണ്ട് മാത്രം കലർപ്പ് സംഭവിക്കുന്നില്ല. കവിതയിൽ പ്രവേശിക്കുന്ന വ്യത്യസ്ത ഘടകങ്ങൾ പരസ്പരം എങ്ങനെ പരിവർത്തനം ചെയ്യുന്നു എന്നതാണ് ‘കലർപ്പിന്റെ കാവ്യനീതി’. രാഷ്ട്രീയം, പ്രണയം, പ്രകൃതി, ഉടൽരാഷ്ട്രീയം, ചരിത്രം, ശാസ്ത്രം, പുരാണം, ദർശനം എന്നിവ ഒരേ കവിതയിൽ പ്രത്യക്ഷപ്പെട്ടാൽ അക്കാരണത്താൽ മാത്രം അവ പരസ്പരം കലർന്നുവെന്ന് പറയാനാവില്ല. അവ സ്വന്തം അർത്ഥങ്ങളിൽ ഉറച്ചുനിന്ന് പരസ്പരം സ്പർശിക്കാതെ നിൽക്കുന്നുവെങ്കിൽ അത് വെറും കൂട്ടിവെപ്പാണ്. കവിതയിലെ കലർപ്പ് എന്നത് വ്യത്യസ്ത ഘടകങ്ങൾ ഒരു കവിതയ്ക്കുള്ളിൽ പ്രവേശിച്ച് പരസ്പരം അർത്ഥം മാറ്റുകയും പുതിയ അർത്ഥാനുഭവം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രക്രിയയാകേണ്ടതുണ്ട്.

അതുകൊണ്ട് ശുദ്ധകവിതയെ വിമർശിക്കുന്നതുകൊണ്ട് അതിന്റെ എതിർവാദം സ്വയമേ ശരിയാകുന്നില്ല. ഒരു രാഷ്ട്രീയ ആശയം വന്നതുകൊണ്ടോ, പുരാണസൂചന ഉപയോഗിച്ചതുകൊണ്ടോ, ശാസ്ത്രീയ പദം ചേർത്തതുകൊണ്ടോ, അരികുവത്കരിക്കപ്പെട്ട ജീവിതം പരാമർശിച്ചതുകൊണ്ടോ ഒരു കവിത കൂടുതൽ വ്യാപ്തിയുള്ളതായി മാറണമെന്നില്ല. കവിതയിലെ ഘടകങ്ങൾ തമ്മിലുള്ള ബന്ധത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതാണ് നിർണായകം.

ശുദ്ധകവിതയുടെ വാദത്തിന്റെ പശ്ചാത്തലത്തിൽ പി. രാമന്റെ ‘നിശ്ശബ്ദതയ്ക്ക് ഒരു ചരമക്കുറിപ്പ്’ എന്ന കവിത നോക്കുമ്പോൾ, “കാട്ടിലെത്തിയാൽ / നിശ്ശബ്ദനാകുന്ന / കൂട്ടുകാരനോടൊപ്പമേ / ഞാൻ വരൂ” എന്ന വരികളിൽ നിശ്ശബ്ദത ലോകത്തിൽനിന്നുള്ള പിൻവാങ്ങൽ മാത്രമല്ല. മനുഷ്യന്റെ സഞ്ചിതമായ ശബ്ദത്തിൽനിന്ന് ലോകത്തെ മോചിപ്പിച്ച് അതിനെ അതിന്റെ സ്വന്തം സാന്നിധ്യത്തിൽ മാത്രം അനുഭവിക്കാനുള്ള വ്യവസ്ഥയായാണ് പ്രവർത്തിക്കുന്നത്. “ഇത്രകാലവും വെട്ടിവിഴുങ്ങിയ / ശബ്ദം മുഴുവൻ നിങ്ങൾ ഛർദ്ദിക്കും” എന്നിടത്ത് മനുഷ്യന്റെ ശബ്ദം പ്രകൃതിക്കുമേൽ പതിക്കുന്ന അധികസാന്നിധ്യമായി കവിതയിൽ പ്രത്യക്ഷപ്പെടുന്നു. ചെമ്മണ്ണുപാതയുടെ കാഴ്ചയിൽ ശല്യമാക്കപ്പെടുകയും, കാണുമെന്നു കരുതിയ കിളികൾ ഇരുന്ന കൊമ്പോടെ മാഞ്ഞുപോകുകയും, മൃഗപാദമുദ്രകളിൽ കുപ്പിച്ചില്ലുകൾ കുഴിച്ചിടപ്പെടുകയും ചെയ്യുന്നത് മനുഷ്യരോടൊത്തുള്ള അനുഭവവിരോധത്തിന്റെ പ്രകടനമാകുന്നു.

ഇവിടെ കവിതയെ ആശയങ്ങളുടെയും സാമൂഹികശബ്ദങ്ങളുടെയും ഭാരത്തിൽനിന്ന് സംരക്ഷിക്കാനുള്ള കാവ്യശ്രമം കാണാം. പി. രാമൻ അദ്ദേഹത്തിന്റെ ‘കനം’ എന്ന ആദ്യപുസ്തകത്തിന്റെ മുഖവുരയിൽ പ്രസ്താവിക്കുന്നതും അതാണ്. എന്നാൽ ഈ ശ്രമം തന്നെയാണ് ഒരു പ്രധാന ചോദ്യം ഉയർത്തുന്നത്: ലോകത്തെ അതിന്റെ സ്വന്തം നിശ്ശബ്ദതയിലോ ശബ്ദത്തിലോ കേൾക്കാൻ മനുഷ്യന്റെ ശബ്ദത്തിൽനിന്ന് പിൻവാങ്ങേണ്ടിവരുന്നുവെങ്കിൽ, ആ ലോകത്തിന്റെ സാമൂഹികവും ചരിത്രപരവും രാഷ്ട്രീയവുമായ ശബ്ദങ്ങളെ കവിത എങ്ങനെ കേൾക്കും?

ശുദ്ധകവിതയുടെ ഏറ്റവും ശക്തമായ വാദമായ അനുഭവത്തെ ആശയങ്ങളുടെ അധികഭാരത്തിൽനിന്ന് സംരക്ഷിക്കുക എന്നതിനെ അംഗീകരിച്ചാലും, ലോകം ആശയരഹിതമായ സാന്നിധ്യം മാത്രമല്ല എന്നതാണ് കലർപ്പ് ഓർമ്മിപ്പിക്കുന്നത്. “ഒരു മഴയും ഞാൻ / നേരേ നനഞ്ഞില്ല. / വിടവുകളിലൂടെ / ഊത്താലടിച്ചുകൊണ്ടിരുന്നു / അനുഭവങ്ങളില്ല, ലോകമില്ല / ഉള്ളതവയുടെ / ഊത്താല്” (ഊത്താൽ - പി. രാമൻ) എന്നെഴുതാൻ വേണ്ടത് മഴയത്ത് ഇറങ്ങാതെ കഴിയാനാകുന്ന മേൽക്കൂരയും ഇറങ്ങേണ്ടതില്ലെന്ന തീരുമാനത്തിനുള്ള വിശേഷാധികാരവുമാണെന്ന വിമർശനം ഇവിടെ പ്രസക്തമാണ്. ഈ അർത്ഥത്തിൽ ശുദ്ധി ഒരു സ്വാഭാവിക അവസ്ഥയല്ല; എന്തിനെ അനുഭവത്തിൽനിന്നും കവിതയിൽനിന്നും മാറ്റിനിർത്തണം എന്നതിനെക്കുറിച്ചുള്ള തിരഞ്ഞെടുപ്പാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, ശുദ്ധി തിരഞ്ഞെടുക്കപ്പെട്ട അഭാവമാണ്.

ഇതിന് നേരെ വിപരീതമായി, കൂട്ടിച്ചേർക്കലുകളിലൂന്നിനിൽക്കുന്ന സച്ചിദാനന്ദന്റെ ‘പനി’ എന്ന കവിത ഒരു കുഞ്ഞിന്റെ പനിക്കിടക്കയിൽനിന്നാണ് ആരംഭിക്കുന്നത്. അവിടെനിന്ന് മാവോയിലേക്കും പാലസ്തീനിലേക്കും ചിലിയിലേക്കും മിസിസിപ്പിയിലേക്കും കവിത സഞ്ചരിക്കുന്നു. പിന്നെ വീട്, അമ്മ, കുട്ടികൾ, പഴയ പ്രണയം, ഇന്ത്യ, ചരിത്രം, വിപ്ലവം, സ്നേഹം, രോഗം എന്നിവയിലേക്ക് മടങ്ങിവരുന്നു. ‘പനി’ എന്ന വാക്കിന്റെ അർത്ഥപരിവർത്തനമാണ് കവിതയുടെ കേന്ദ്രത്തിൽ. തുടക്കത്തിൽ അത് കുഞ്ഞിന്റെ ശരീരത്തിലെ ചൂടാണ്. ക്രമേണ ആ ചൂട് ഒരു കാലത്തിന്റെ ചൂടായി മാറുന്നു; വൈയക്തികമായ രോഗാനുഭവം ചരിത്രത്തിന്റെ രോഗാവസ്ഥയെ സ്പർശിക്കുന്നു. കുഞ്ഞിന്റെ പനിക്കിടക്കയിൽ ലോകചരിത്രം എത്തിച്ചേരുക മാത്രമല്ല സംഭവിക്കുന്നത്. കുഞ്ഞിന്റെ ശരീരത്തിലെ ചൂട് ലോകചരിത്രത്തെ അനുഭവിക്കുന്നതിനുള്ള ഒരു അളവുകോലായി മാറുന്നു.

കവിതയുടെ ഓരോ ഭാഗത്തിന്റെയും അവസാനത്തിലേക്ക് എത്തുമ്പോൾ ഈ വലിയ ചരിത്രചൂട് വീണ്ടും കുഞ്ഞിന്റെ ശരീരത്തിലേക്ക് മടങ്ങുന്നു. ലോകത്തിന്റെ ഭാരം ഒരു ശരീരത്തിന്റെ ചൂടിൽ കേന്ദ്രീകരിക്കുന്നു. വ്യക്തിയും ചരിത്രവും തമ്മിലുള്ള അകലം ഇല്ലാതാക്കുകയല്ല കവിത ചെയ്യുന്നത്; ഒന്നിനെ മറ്റൊന്നിലൂടെ വായിക്കാൻ നിർബന്ധിക്കുന്ന ബന്ധമാണ് കവി സൃഷ്ടിക്കുന്നത്. അവിടെ കലർപ്പ് ഒരു കൂട്ടിച്ചേർക്കലല്ല, പരസ്പരവായനയാകുന്നു.

എന്നാൽ, ‘പനി’യെ കലർപ്പിന്റെ വിജയകരമായ മാതൃകയായി കാണാനുമാകില്ല. സൂചനകൾ ഓരോന്നും കുഞ്ഞിന്റെ പനിയുമായി ഒരേ തരത്തിലുള്ള അർത്ഥപരിവർത്തനബന്ധം സ്ഥാപിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. ഉദാഹരണത്തിന്, ‘മിസിസിപ്പി’ എന്ന ഭൂമിശാസ്ത്രപരമായ സൂചന കവിതയിൽ എത്തുമ്പോൾ അത് ഒരു ചരിത്ര-രാഷ്ട്രീയ സ്ഥലനാമമായി മാത്രം നിൽക്കുന്നുണ്ടോ, അതോ കുഞ്ഞിന്റെ ‘പനി’ എന്ന കേന്ദ്രാനുഭവത്തിന്റെ അർത്ഥത്തെ മാറ്റുകയും അതിലൂടെ പനിയെ തന്നെ മറ്റൊരു അനുഭവമാക്കി തിരിച്ചുകൊണ്ടുവരികയും ചെയ്യുന്നുണ്ടോ എന്ന ചോദ്യം ചോദിക്കാം. രണ്ടാമത്തേതാണ് സംഭവിക്കുന്നതെങ്കിൽ മാത്രമേ ആ സൂചന കലർപ്പിന്റെ സജീവ ഘടകമാകൂ; അല്ലാത്തപക്ഷം അത് കവിതയുടെ വിഷയവ്യാപ്തി വർധിപ്പിക്കുന്ന ഒരു പരാമർശമായി മാത്രം നിൽക്കും.

ഇവിടെ ‘പരിവർത്തനം’ പൂർണമായും ആത്മനിഷ്ഠമായ വിലയിരുത്തലുമല്ല. അതിന് പാഠത്തിൽ കണ്ടെത്താവുന്ന ഭാഷാപരമായ സൂചനകൾ ഉണ്ടായിരിക്കണം. ഒരു വാക്കോ രൂപകമോ പ്രതീകമോ രണ്ടു അർത്ഥമണ്ഡലങ്ങളിൽ ഒരേസമയം പ്രവർത്തിക്കുകയും, ഒരു മണ്ഡലത്തിലെ അർത്ഥം മറ്റൊന്നിലേക്കുള്ള പ്രവേശനത്തിൽ മാറുകയും ചെയ്യുന്നുവെങ്കിൽ അതാണ് പരിവർത്തനത്തിന്റെ പ്രധാന ലക്ഷണമായി പാഠത്തിൽ കാണാവുന്ന സൂചന. ‘പനി’യിലെ ‘ചൂട്’ ശരീരത്തിന്റെ താപനില എന്ന അർത്ഥത്തിൽനിന്ന് ചരിത്രകാലത്തിന്റെ ചൂടിലേക്കും തിരിച്ചും പ്രവർത്തിക്കുന്നുവെങ്കിൽ, ആ ഇരട്ടപ്രവർത്തനം പാഠത്തിനുള്ളിൽതന്നെ പരിശോധിക്കാവുന്ന അടയാളമാണ്. അതുപോലെ, ഒരു പ്രതീകത്തിന്റെ അർത്ഥം കവിതയുടെ മറ്റൊരു ഘടകവുമായി ചേർന്നശേഷം മാറുന്നുണ്ടോ എന്നതും ഭാഷ, ആവർത്തനം, രൂപകം, സന്ദർഭം എന്നിവയുടെ തലത്തിൽ പരിശോധിക്കാം.

കെ. ജി. ശങ്കരപ്പിള്ളയുടെ ‘ബംഗാൾ’ കലർപ്പിനെ മറ്റൊരു തലത്തിൽ വെളിപ്പെടുത്തുന്നു. ധൃതരാഷ്ട്രരുടെ ഭാഷണത്തിലൂടെ മഹാഭാരതവും സമകാലിക രാഷ്ട്രീയവും വർഗ്ഗഭീതിയും വിപ്ലവവും വിശപ്പും പ്രകൃതിദുരന്തവും ഭരണകൂടവും ചരിത്രവും ഒരേ കാവ്യലോകത്തിലേക്ക് പ്രവേശിക്കുന്നു. എന്നാൽ കവിതയുടെ ശക്തി അതിലെ പ്രതീകങ്ങളുടെ എണ്ണത്തിലല്ല, അവയെ ബന്ധിപ്പിക്കുന്ന ധൃതരാഷ്ട്രരുടെ അന്ധതയിലാണ്. പുരാണത്തിലെ അന്ധത സമകാലിക രാഷ്ട്രീയാന്ധതയുടെ രൂപമെടുക്കുന്നു. അതേസമയം, സമകാലികമായ ഭയം ധൃതരാഷ്ട്രരുടെ പുരാണരൂപത്തെ തിരിച്ചുവായിച്ച് പുതിയ അർത്ഥം നൽകുന്നു.

പുരാണം ഇവിടെ വർത്തമാനത്തെ വായിക്കാനുള്ള പശ്ചാത്തലവും ഘടനയും നൽകുന്നു. അങ്ങനെ വർത്തമാനത്തിന്റെ ഭയം പുരാണത്തിന്റെ പഴയ അർത്ഥാനുഭവത്തിൽ ഇടപെടുന്നു. ‘ബംഗാളി’ലെ പ്രകൃതിദുരന്തവും ഇതേ രീതിയിൽ സാമൂഹികവും രാഷ്ട്രീയവുമായ അസ്വസ്ഥതയുടെ രൂപമാകുന്നു. ഒരു മേഖല മറ്റൊന്നിനെ വിശദീകരിക്കുന്നതിനൊപ്പം പരസ്പരം മാറുന്ന അർത്ഥബന്ധത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇവിടെയാണ് കലർപ്പ് കാവ്യഗുണമായി പ്രവർത്തിക്കുന്നത്.

എന്നാൽ, മഹാഭാരതം, കാളി, വിപ്ലവം, ചുഴലി, വിശപ്പ്, ഗാന്ധി, ഭരണകൂടം തുടങ്ങിയ ശക്തമായ പ്രതീകങ്ങൾ ഒരുമിച്ചുണ്ടെന്നത് മാത്രം കലർപ്പിന്റെ ലാവണ്യഗുണം സ്ഥാപിക്കുന്നില്ല. ഓരോന്നും അടുത്തതിന്റെ അർത്ഥാനുഭവത്തിൽ ഇടപെടുന്നുണ്ടോ, അതോ ഒരു വലിയ കാൻവാസിൽ രാഷ്ട്രീയഭാവാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഒന്നിനുപിന്നാലെ ഒന്നായി നിരത്തപ്പെടുകയാണോ എന്നതാണ് ചോദ്യം. ഒരു പ്രതീകം മറ്റൊന്നിന്റെ അർത്ഥത്തെ മാറ്റുന്നില്ലെങ്കിൽ അവയുടെ ശക്തി കൂട്ടിച്ചേർന്നാലും കലർപ്പ് സംഭവിക്കുന്നില്ല.

ഇവിടെയാണ് കലർപ്പ് സ്വയംതന്നെ വിമർശനവിധേയമാകേണ്ടത്. കലർപ്പിനെ ശുദ്ധകവിതയുടെ എതിർപദമായി മാത്രം സ്ഥാപിച്ചാൽ അതും ഒരു പുതിയ മൂല്യവാദമായി മാറും. ‘ശുദ്ധം’ എന്ന പേരിൽ എന്തിനെയെങ്കിലും പുറത്താക്കുന്നത് എത്രമാത്രം പ്രശ്നകരമാണോ, ‘കലർന്നത്’ എന്ന പേരിൽ പലതിനെയും യുക്തിഭദ്രമല്ലാതെയോ പരസ്പരബന്ധമില്ലാതെയോ കൂട്ടിവയ്ക്കുന്നതും അത്രതന്നെ പ്രശ്നമാണ്. ഒരു കവിതയിൽ ചരിത്രമുണ്ടോ, രാഷ്ട്രീയമുണ്ടോ, സാമൂഹികജീവിതമുണ്ടോ, ദാർശനികതയുണ്ടോ എന്ന് മാത്രം ചോദിച്ചാൽ പോരാ. അവ കവിതയിൽ പ്രവേശിച്ചശേഷം അർത്ഥാനുഭവത്തിൽ എന്ത് മാറ്റമാണ് സംഭവിച്ചത് എന്നാണ് ചോദിക്കേണ്ടത്.

ഈ അർത്ഥത്തിലാണ് ‘കലർപ്പിന്റെ കാവ്യനീതി’ ഒരു വിമർശനമാനദണ്ഡമായും മാറുന്നത്. കവിതയിൽ പ്രവേശിക്കുന്ന വ്യത്യസ്ത അനുഭവങ്ങൾക്കും അറിവുകൾക്കും ഭാഷകൾക്കും പരസ്പരമുള്ള അർത്ഥാനുഭവബന്ധത്തിൽ സൃഷ്ടിപരമായി ഇടപെടാനാകുന്ന കാവ്യസംഘാടനരീതിയാണ് കലർപ്പ്. എന്തിനെയും മുൻകൂട്ടി കാവ്യേതരമെന്ന് പ്രഖ്യാപിച്ച് പുറത്താക്കാതിരിക്കുക എന്നത് അതിന്റെ ആദ്യ നിബന്ധന മാത്രമാണ്. കവിതയിലേക്ക് വന്നതിനെ വെറും സാന്നിധ്യമായി നിർത്താതിരിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധന. ഉൾപ്പെടുത്തുന്നതിനെക്കാൾ പ്രധാനമാണ് പരിവർത്തനശേഷി.

അതുകൊണ്ട് കലർപ്പിന്റെ ലാവണ്യഗുണം പരിശോധിക്കാൻ നാല് ചോദ്യങ്ങൾ ഉന്നയിക്കാം: കവിതയിലേക്ക് എന്താണ് പ്രവേശിക്കുന്നത്? അത് പ്രവേശിച്ചതോടെ എന്താണ് മാറുന്നത്? ആ മാറ്റം മറ്റൊരു ഘടകത്തിന്റെ അർത്ഥാനുഭവത്തെയും മാറ്റുന്നുണ്ടോ? ഈ പരസ്പരമാറ്റത്തിന് കവിതയ്ക്കുള്ളിൽ ആന്തരികമായ ഔചിത്യമുണ്ടോ? ഈ ചോദ്യങ്ങൾക്ക് കവിതയ്ക്കുള്ളിൽനിന്നുതന്നെ ഉത്തരം ലഭിക്കുന്നിടത്താണ് കലർപ്പ് കാവ്യനീതിയായി മാറുന്നത്. അല്ലാത്തപക്ഷം അത് വിഷയവൈവിധ്യത്തിന്റെ ഉൾപ്പെടുത്തലായി മാത്രം നിൽക്കും.

കലർപ്പ് ഒരു കവിതാശൈലിയല്ല. എല്ലാ കവിതകളിലും രാഷ്ട്രീയം വേണമെന്നില്ല; എല്ലാ കവിതകളും ചരിത്രത്തെ ഉൾക്കൊള്ളണമെന്നുമില്ല. ഒരു വസ്തുവിൽ, ഓർമ്മയിൽ, ശരീരത്തിൽ, ഒരു ദൃശ്യത്തിൽ മാത്രം കേന്ദ്രീകരിച്ചും ഈ രൂപാന്തരം സൃഷ്ടിക്കാം. അതുകൊണ്ട് കലർപ്പിന്റെ അളവ് കവിതയിൽ കൂടിച്ചേരുന്ന ഘടകങ്ങളുടെ എണ്ണത്തെ മാനദണ്ഡമാക്കി നിശ്ചയിക്കാനാവില്ല. ഒരു ഘടകം മറ്റൊരു ഘടകവുമായി ബന്ധപ്പെട്ടുകൊണ്ട് അർത്ഥാനുഭവത്തിൽ എത്രത്തോളം ഇടപെടുന്നു എന്നതാണ് അതിന്റെ മാനദണ്ഡം.

ഇതിനൊരു മാതൃക കരോലിൻ ഫോർഷെയുടെ ‘കേണൽ’ (The Colonel) എന്ന കവിത നൽകുന്നു. 1978-ൽ എൽ സാൽവദോറിൽ ഒരു സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിൽ നടന്ന യഥാർത്ഥ അനുഭവത്തിന്റെ ഓർമ്മയിൽനിന്നാണ് കവിത രൂപപ്പെട്ടത്. കവിതയിൽ രാഷ്ട്രീയം ഒരു ആശയമായി പുറത്തുനിന്ന് പ്രവേശിക്കുന്നില്ല. കാപ്പി, പഞ്ചസാര, അത്താഴം, വീഞ്ഞ്, ടെലിവിഷൻ, കുടുംബം, വളർത്തുമൃഗം തുടങ്ങിയ സാധാരണ ഗാർഹിക വിശദാംശങ്ങൾക്കിടയിൽ അധികാരത്തിന്റെ ഹിംസ ക്രമേണ വെളിപ്പെടുന്നു. ഒടുവിൽ മനുഷ്യരുടെ ചെവികൾ അത്താഴമേശയിലേക്ക് ചൊരിയുന്ന സംഭവത്തോടെ വൈയക്തികാനുഭവമാകുന്ന ഒരു സായാഹ്നം ഒരു രാജ്യത്തിന്റെ രാഷ്ട്രീയഹിംസയുടെ സാക്ഷ്യമായി മാറുന്നു.

ഇവിടെ അനുഭവക്കുറിപ്പ് രാഷ്ട്രീയത്തിലേക്ക് ശ്രമകരമായി കൊണ്ടുചെന്നെത്തിക്കേണ്ടിവന്നില്ല. അനുഭവത്തിന്റെ സാധാരണത്വത്തിനുള്ളിൽത്തന്നെയാണ് രാഷ്ട്രീയം വെളിപ്പെടുന്നത്. സ്വകാര്യമായ ഒരു ഓർമ്മ ചരിത്രത്തിന്റെ രേഖയായി മാറുന്നു; ഒരു വീട്ടിലെ അത്താഴമേശ അധികാരവും ഭയവും ഹിംസയും മനുഷ്യാവകാശനിഷേധവും ദൃശ്യമാകുന്ന രാഷ്ട്രീയസ്ഥലമായി മാറുന്നു. അതുകൊണ്ട് കേണൽ എന്ന കവിത അനുഭവക്കുറിപ്പിൽനിന്ന് രാഷ്ട്രീയകവിതയിലേക്കുള്ള സമ്മർദ്ദത്തിലൂന്നിയ നീങ്ങലല്ല. വൈയക്തികമായ അനുഭവത്തിന്റെ അർത്ഥം തന്നെ രാഷ്ട്രീയമാകുന്ന രീതിയിലാണ് അതിന്റെ കലർപ്പ് പ്രവർത്തിക്കുന്നത്.

ഗെമ്മ ഗോർഗയുടെ ‘അർത്ഥപഠനവും പോഷണവും’ (Semantics and Nutrition) എന്ന കവിത കലർപ്പിന് ആവശ്യമായ കവിയുടെ ശേഷികളെ കൂടുതൽ കൃത്യമായി വെളിപ്പെടുത്തുന്നു. കവിതയിൽ, മണ്ണിലേക്ക് വീണ ഒരു ഇല ദ്രവിച്ചുവിഘടിച്ച് ‘ചെറിയ അർത്ഥങ്ങളാകുന്നു’—ഈർപ്പം, നിറം, പാളി, ഓക്സിജൻ, ചൂട്, വെളിച്ചം. ഇവിടെ ഇലയുടെ ജൈവവിഘടനത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് ഭാഷാശാസ്ത്രത്തിന്റെ മേഖലയിലേക്ക് കടക്കുന്നു: കാർബൺഡൈഓക്‌സൈഡ് എന്ന രസതന്ത്രപദം ഒരു അപരിചിതനോട് അക്ഷരങ്ങളായി ഉച്ചരിക്കുന്ന പേരുപോലെ കവിതയിൽ പ്രത്യക്ഷപ്പെടുന്നു. പിന്നെ ഈ ‘അർത്ഥങ്ങൾ’ വീണ്ടും പ്രകൃതിയുടെ പോഷണചാക്രികപ്രക്രിയയിലേക്ക് പ്രവേശിക്കുന്നു. ഉറുമ്പുകളും കാടിന്റെ നിശ്ശബ്ദവായയും അവയെ സ്വാംശീകരിക്കുന്നു; കാറ്റിന്റെ ഭാഷ ഭൂമിക്കടിയിൽ സംസാരിക്കുന്നു; പുഴു ചിറകുകളണിഞ്ഞ് ശലഭമായി മാറുന്നു. ഇവിടെ ശാസ്ത്രം, ഭാഷാശാസ്ത്രം, ജീവശാസ്ത്രം, പ്രകൃതി എന്നിവ വെവ്വേറെ അറിവുകളായി നിരത്തിയിട്ടില്ല. ഓരോ അറിവും മറ്റൊന്നിനെ മനസ്സിലാക്കാനുള്ള ഉപാധിയായി മാറുന്നു. ഒരു ഇലയുടെ വിഘടനം രാസപ്രക്രിയയായും ഭാഷയുടെ വിഘടനമായും, അതേസമയം പുതിയ ജീവന്റെ പോഷണമായും വായിക്കപ്പെടുന്നു. അറിവുകൾ ഇവിടെ പരസ്പരം വിവർത്തനക്ഷമമായ ശക്തികളായി അർത്ഥാനുഭവത്തിൽ പ്രവർത്തിക്കുന്നു.

ലോകത്തെ വ്യത്യസ്ത അറിവുകളുടെ ബന്ധങ്ങളിൽ കാണാനുള്ള ശേഷി നമ്മുടെ കാലത്തെ കവിക്ക് ആവശ്യമാണ്. ശുദ്ധകവിത കവിതയുടെ അനുഭവത്തെ പുറംലോകത്തിലെ പ്രത്യേക അറിവുകളുടെ പരസ്പര ഇടപെടലിൽനിന്ന് സ്വതന്ത്രമാക്കി അതിന്റെ ഭാഷയിലും അനുഭൂതിയിലും സ്വയംപര്യാപ്തമാക്കാൻ ശ്രമിക്കുമ്പോൾ, കലർപ്പിന്റെ കവിത ലോകത്തെ മനസ്സിലാക്കാൻ ആവശ്യമായ വിവിധ അറിവുകളെ കവിതയുടെ സൃഷ്ടിപ്രക്രിയയ്ക്കുള്ളിൽത്തന്നെ പ്രവർത്തിപ്പിക്കുന്നു. അതിനാൽ കലർപ്പിന്റെ കാവ്യനീതി അറിവുകൾ തമ്മിലുള്ള ബന്ധത്തെ കവിതയുടെ അർത്ഥനിർമാണത്തിന്റെ ഭാഗമാക്കുന്നതാണ്.

മേൽസൂചിപ്പിച്ച കവിതയിൽ ഒരു ഇല മണ്ണിലേക്ക് വീഴുന്നത്ര സാധാരണമായ സംഭവത്തിൽ പോലും രസതന്ത്രവും ജീവശാസ്ത്രവും ഭാഷയും പ്രകൃതിയും ഒരേ പ്രക്രിയയിൽ പ്രവർത്തിക്കുന്നതായി കാണാൻ കഴിയുന്നിടത്താണ് ഈ കാവ്യബോധം എത്തുന്നത്. ശുദ്ധകവിതയ്ക്ക് അറിവില്ലായ്മയിലും കവിതയാകാം. പക്ഷേ അറിവിൽനിന്നുള്ള വിമുക്തിയെ കാവ്യശുദ്ധിയുടെ സ്വാഭാവിക ഗുണമായി കാണുന്നത് ലോകത്തിന്റെ സങ്കീർണ്ണതയെ കവിതയിൽനിന്ന് മുൻകൂട്ടി പുറത്താക്കാനുള്ള സാധ്യത സൃഷ്ടിക്കുന്നു. കലർപ്പിന്റെ കാവ്യയുക്തിക്ക് അറിവുകൾ ആവശ്യമാണെന്നതിലുപരി, അവ തമ്മിലുള്ള ബന്ധം തിരിച്ചറിയാനും ആ ബന്ധത്തെ പുതിയ അനുഭവരൂപമാക്കി മാറ്റാനും കഴിയുന്ന ശേഷിയാണ് ആവശ്യമായത്.

കലർപ്പ് കാവ്യഗുണമെന്ന നിലയിൽ ഒരു കവിതയിലെ വിവരങ്ങളുടെ പെരുക്കമല്ല; അവയുടെ പരസ്പരപരിവർത്തനശേഷിയാണ്. അറിവുകൾ തമ്മിലുള്ള അദൃശ്യബന്ധങ്ങളെ അനുഭവത്തിന്റെ പുതിയ രൂപമായി സൃഷ്ടിക്കുന്നതിലാണ് കലർപ്പിലൂന്നുന്ന കവിതയുടെ ബൗദ്ധികശേഷി. ലോകത്തിൽനിന്ന് അകന്നുനിന്നല്ല, ലോകത്തിന്റെ വ്യത്യസ്ത അനുഭവങ്ങളും അറിവുകളും തമ്മിലുള്ള സംഘർഷങ്ങളിലും ബന്ധങ്ങളിലും പ്രവേശിച്ചുകൊണ്ടാണ് കവിത അതിന്റെ ലാവണ്യപരമായ സ്വാതന്ത്ര്യം ഉത്തരവാദിത്വബോധത്തോടെ കണ്ടെത്തുന്നത്.
____
അനുബന്ധം
വൃത്തമുക്ത കവിതയുടെ ആന്തരിക താളം

വൃത്തമുക്ത കവിതയുടെ ആന്തരിക താളം

വൃത്തമുക്ത കവിതയുടെ ആന്തരിക താളം വൃത്തമുക്ത കവിതയെക്കുറിച്ചുള്ള സംവാദങ്ങളിൽ ആദ്യം ഉന്നയിക്കപ്പെടാറുള്ള സംശയം അതിന്റെ താളത്തെക്കുറിച്ചുള്ളതാണ്. വൃത്തമാണ് കവിതയുടെ താളത്തെ നിർണയിക്കുന്നതെങ്കിൽ, വൃത്തമില്ലാത്ത കവിതയിൽ താളവും ഇല്ലാതാകും എന്നതാണ് ഇതിനു പിന്നിലെ ലളിതമായ യുക്തി. എന്നാൽ ഈ വിലയിരുത്തൽ അസാധുവാകുന്നത് വൃത്തവും താളവും ഒരേ കാര്യമാണെന്ന് കരുതുന്ന അതിന്റെ മുൻധാരണയിലാണ്. വൃത്തവും താളവും തമ്മിൽ അടുത്ത ബന്ധമുണ്ടെങ്കിലും അവയെ ഒന്നായി കാണാനാവില്ല.

വൃത്തം പ്രധാനമായും ഭാഷയുടെ ശബ്ദചലനത്തെ മുൻകൂട്ടി നിശ്ചയിച്ച ഒരു അളവുകോലിലേക്കു കൊണ്ടുവരുന്ന സംവിധാനമാണ്. മാത്രകളുടെയോ അക്ഷരങ്ങളുടെയോ മറ്റു ഛന്ദോഘടകങ്ങളുടെയോ ആവർത്തനത്തിലൂടെ ഭാഷയിൽ തിരിച്ചറിയാവുന്ന ഒരു ക്രമം സ്ഥാപിക്കപ്പെടുന്നു. ആ ക്രമം വായനയ്ക്കും ഉച്ചാരണത്തിനും ഒരു പ്രത്യേക ചലനരൂപം നൽകുന്നു. എന്നാൽ കവിതയുടെ താളം അതിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു പ്രതിഭാസം ഒരു പ്രത്യേക സംവിധാനത്തിലൂടെ രൂപപ്പെടുന്നു എന്നതുകൊണ്ട് അതേ സംവിധാനത്തിൽ മാത്രമേ അത് സാധ്യമാകൂ എന്ന് പറയാനാവില്ല. താളം സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗമാണ് വൃത്തം; താളത്തിന്റെ ഒരേയൊരു അടിസ്ഥാനമല്ല.

വൃത്തബദ്ധ കവിതയിൽ താളത്തിന്റെ അടിസ്ഥാനക്രമം കവിതയ്ക്ക് മുമ്പേ നിലവിലുണ്ട്. കവിത എഴുതപ്പെടുന്നതിനു മുൻപുതന്നെ ഭാഷ എങ്ങനെയാണ് ചലിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ഒരു അളവുകോൽ അവിടെ സജ്ജമാണ്. വൃത്തമുക്ത കവിതയിൽ അത്തരം ഛന്ദസ്സിന്റെ അളവുകോൽ മുൻകൂട്ടി തീരുമാനിക്കപ്പെടുന്നില്ല. പക്ഷേ ഈ അഭാവം ക്രമമില്ലായ്മയല്ല. വൃത്തമുക്ത കവിതയുടെ ഭാഷ ക്രമരഹിതമല്ല; അതിന്റെ ക്രമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതല്ല എന്നേയുള്ളൂ. കവിത പുരോഗമിക്കുന്നതിനിടയിലാണ് അത് രൂപപ്പെടുന്നത്. ആവർത്തനം, വരിമുറിക്കൽ, എൻജാംബ്മെന്റ്, വേഗത, ശബ്ദബന്ധം, വിടവ്, നിശ്ശബ്ദത, വ്യതിയാനം എന്നിവയിലൂടെ കവിതയുടെ ഭാഷ സ്വന്തം ചലനക്രമം നിർമ്മിക്കുന്നു. ഈ ക്രമം സ്ഥിരമായിരിക്കണമെന്നില്ല. അത് രൂപപ്പെടുകയും മാറുകയും തകരുകയും വീണ്ടും രൂപപ്പെടുകയും ചെയ്യാം.

ഇവിടെ ‘കവിതയുടെ സമയം’ എന്ന ആശയം പ്രധാനമാണ്. ഇത് കവിത വായിക്കാൻ എത്ര മിനിറ്റ് എടുക്കുന്നു എന്ന ഘടികാരസമയമല്ല. ഒരു വാക്ക് എപ്പോൾ ലഭിക്കുന്നു, ഒരു അർത്ഥം എത്രനേരം അപൂർണമായി തുടരുന്നു, ഒരു ബന്ധം എപ്പോൾ തിരിച്ചറിയപ്പെടുന്നു, ഒരു പ്രതീക്ഷ എപ്പോൾ രൂപപ്പെടുന്നു, അത് എപ്പോൾ നിറവേറുകയോ തകരുകയോ ചെയ്യുന്നു, ഒരു മാറ്റം എപ്പോൾ സംഭവിക്കുന്നു എന്നതിലൂടെ വായനയിൽ രൂപപ്പെടുന്ന അനുഭവസമയമാണ് കവിതയുടെ സമയം.

കവിതയുടെ ഭാഷ ഒരേസമയം ഒറ്റയടിക്ക് സംഭവിക്കുന്നില്ല. വാക്കുകൾ, വരികൾ, ആവർത്തനങ്ങൾ, നിൽപ്പുകൾ, വിടവുകൾ എന്നിവയിലൂടെ അത് ക്രമബന്ധമായി വെളിപ്പെട്ടുവരുന്നു. ഒരു വാക്ക് വായിച്ചതിനുശേഷം അടുത്ത വാക്ക് വരുന്നു; ഒരു വരി അവസാനിച്ചതിനുശേഷം അടുത്ത വരി എത്തുന്നു; ചില സന്ദർഭങ്ങളിൽ മുമ്പുണ്ടായ ഭാഷ അടുത്തതായി വരുന്ന ഭാഷയുടെ അർത്ഥത്തെ സ്വാധീനിക്കുന്നു. അതിനാൽ കവിതയിലെ താളത്തെ കേവലം ശബ്ദത്തിന്റെ ആവർത്തനമായി മാത്രം മനസ്സിലാക്കാൻ കഴിയില്ല. ഭാഷയിലെ വിവിധ ക്രമീകരണങ്ങൾ വായനയിൽ ഒരു പ്രത്യേക സമയബന്ധം സൃഷ്ടിക്കുന്ന രീതിയായി അതിനെ മനസ്സിലാക്കേണ്ടതുണ്ട്.

ഈ നിലയിൽ ഭാഷയിലെ ആവർത്തനം, തുടർച്ച, നിൽക്കൽ, ഊന്നൽ, വിടവ്, വ്യതിയാനം എന്നിവ പരസ്പരം ക്രമീകരിക്കപ്പെടുകയും അതുവഴി വായനയുടെ സമയാനുഭവം രൂപപ്പെടുകയും ചെയ്യുന്ന ഘടനയാണ് കവിതയുടെ ആന്തരിക താളം. ഭാഷാപ്രവർത്തനങ്ങൾ തമ്മിലുള്ള ബന്ധം അനുഭവപ്പെടുന്ന മാധ്യമമാണ് ഇവിടെ സമയം. അതുകൊണ്ട് വൃത്തമുക്ത കവിതയുടെ താളത്തെ അന്വേഷിക്കേണ്ടത് വൃത്തത്തിന്റെ അഭാവത്തിൽ എന്താണ് ശേഷിക്കുന്നത് എന്ന ചോദ്യത്തിലൂടെയല്ല. കവിതയുടെ ഭാഷ അതിൻ്റെ ചലനക്രമവും സമയക്രമവും എങ്ങനെ സൃഷ്ടിക്കുന്നു എന്ന ചോദ്യത്തിലൂടെയാണ്.

ഈ അടിസ്ഥാനത്തിൽ കവിതയിലെ വിവിധ ഘടകങ്ങൾ സാധ്യമാക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങളെ തിരിച്ചറിയാനാകും. ആവർത്തനം ഭാഷയുടെ വ്യത്യസ്ത ഘട്ടങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കുകയും ഒരു ക്രമം തിരിച്ചറിയാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. വരിമുറിക്കൽ ഭാഷയുടെ പ്രവാഹത്തിൽ അതിരുകൾ സൃഷ്ടിച്ച് അതിനെ ഘട്ടംഘട്ടമാക്കുന്നു. എൻജാംബ്മെന്റ് ആ അതിരും വാക്യത്തിന്റെ തുടർച്ചയും തമ്മിൽ സംഘർഷം സൃഷ്ടിക്കുന്നു. വേഗത വായനയിൽ ശ്രദ്ധയ്ക്കും സംഭവങ്ങൾക്കും ലഭിക്കുന്ന സമയം വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു. ശബ്ദം ഭാഷയുടെ വ്യത്യസ്ത ഭാഗങ്ങൾക്കിടയിൽ കേൾവിയുടെ ബന്ധങ്ങൾ നിർമ്മിക്കുന്നു. വിടവും നിശ്ശബ്ദതയും ഒരു ഭാഷാഘട്ടത്തിൽനിന്ന് മറ്റൊന്നിലേക്കുള്ള മാറലിന്റെ സമയത്തെ സജീവമാക്കുന്നു. താളഭംഗം സ്ഥാപിതമായ ക്രമത്തിൽനിന്നുള്ള വ്യതിയാനത്തിലൂടെ പുതിയൊരു ചലനക്രമം സൃഷ്ടിക്കുന്നു. ഇവയുടെ പ്രവർത്തനം ഒടുവിൽ അർത്ഥം വായനക്കാർക്ക് അനുഭവപ്പെടുന്ന രീതിയെയും സ്വാധീനിക്കുന്നു.

ആവർത്തനത്തിന്റെ താളപരമായ പ്രാധാന്യം ഒരേ വാക്കോ വരിയോ വീണ്ടും വരുന്നതിൽ മാത്രമല്ല. ഒരു വാക്ക് ആദ്യമായി പ്രത്യക്ഷപ്പെടുമ്പോൾ അതൊരു ഭാഷാസംഭവമാണ്. അതേ വാക്കോ സമാനമായ ഘടനയോ പിന്നീട് തിരിച്ചുവരുമ്പോൾ മുമ്പുണ്ടായിരുന്നതിന്റെ ഓർമ്മ അതിൽ സജീവമാകുന്നു. അങ്ങനെ വ്യത്യസ്ത സമയങ്ങളിൽ പ്രത്യക്ഷപ്പെട്ട ഭാഷാഭാഗങ്ങൾ തമ്മിൽ ഒരു ബന്ധം രൂപപ്പെടുന്നു. ഒരേ വാക്ക്, ഒരേ വാക്യഘടന, സമാനമായ വരിനിർമ്മിതി, ഒരു പ്രത്യേക ദൃശ്യം, അല്ലെങ്കിൽ ഒരു ശബ്ദസ്വഭാവം വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ അവയ്ക്കിടയിലെ സാമ്യം വായനയിൽ തിരിച്ചറിയപ്പെടുന്നു. ഈ തിരിച്ചറിവാണ് ഒരു ക്രമത്തിന്റെ സാധ്യത സൃഷ്ടിക്കുന്നത്.

അതിനാൽ ആവർത്തനത്തെ താളത്തിന്റെ പൂർണരൂപമായി കാണുന്നതിനുപകരം, ഒരു മാതൃക തിരിച്ചറിയാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന പ്രക്രിയയായി മനസ്സിലാക്കണം. ഒരു ഘടകം തിരിച്ചുവരുമ്പോൾ അതിന്റെ മുൻസാന്നിധ്യം വായനയിൽ സജീവമാകുന്നു. സമാനമായ ഘടന വീണ്ടും വരുമ്പോൾ അവയ്ക്കിടയിലെ ബന്ധം കൂടുതൽ വ്യക്തമായിത്തീരുന്നു. ഈ ബന്ധം ഒരു മാതൃകയായി തിരിച്ചറിയപ്പെടാൻ തുടങ്ങുമ്പോൾ അടുത്തതായി എന്ത് സംഭവിക്കാമെന്നതിനെക്കുറിച്ച് വായനയിൽ ഒരു പ്രതീക്ഷയും രൂപപ്പെടാം. എന്നാൽ എല്ലാ ആവർത്തനങ്ങളും ഒരേ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. ചിലത് ഊന്നൽ നൽകാം, ചിലത് അർത്ഥബന്ധം ശക്തമാക്കാം, ചിലത് വായനയിൽ ഒരു ചലനക്രമം സ്ഥാപിക്കാം. അതിനാൽ ആവർത്തനത്തിന്റെ താളപരമായ പ്രാധാന്യം തിരിച്ചുവരുന്ന ഘടകങ്ങൾ തമ്മിൽ സൃഷ്ടിക്കുന്ന ബന്ധത്തിലാണ്.

ഈ പ്രക്രിയയെ ഒരു ലളിതമായ ഉദാഹരണത്തിലൂടെ നോക്കാം:

വാതിൽ തുറന്നു.
വഴി തുടങ്ങി.
നഗരം പിന്നിലായി.
വെളിച്ചം മാഞ്ഞു.

ഇവിടെ ഒരേ വാക്കോ ഒരേ വാക്യമോ ആവർത്തിക്കുന്നില്ല. എന്നാൽ ഓരോ വരിയും ഒരു സംഭവത്തെ മുന്നോട്ടു നീക്കുന്ന സമാനമായ ചലനരീതി പിന്തുടരുന്നു. ആദ്യവരി ഒരു മാറ്റത്തിന്റെ തുടക്കം സൂചിപ്പിക്കുന്നു. രണ്ടാമത്തെ വരിയിൽ മറ്റൊരു സംഭവം സമാനമായ ലളിതമായ ഘടനയിൽ വരുമ്പോൾ ആദ്യവരിയുടെ ചലനം വായനയിൽ തുടരുന്നു. മൂന്നാമത്തെയും നാലാമത്തെയും വരികളിലൂടെ ഈ സാമ്യം കൂടുതൽ വ്യക്തമായി ഒരു മാതൃകയായി അനുഭവപ്പെടാൻ തുടങ്ങുന്നു. അതുവഴി കവിത ഇതേ ദിശയിൽ തുടർന്നും മുന്നോട്ടുപോകുമെന്ന ഒരു പ്രതീക്ഷ രൂപപ്പെടുന്നു.

തുടർന്ന്,

അവൻ നിന്നു.

എന്നൊരു വരി വരുമ്പോൾ, അതിന്റെ പ്രാധാന്യം അത് കൈമാറുന്ന വിവരത്തിൽ മാത്രമല്ല. മുമ്പത്തെ വരികളിൽ സ്ഥാപിക്കപ്പെട്ടിരുന്ന മുന്നോട്ടുള്ള ചലനക്രമത്തിൽ നിന്നുള്ള വ്യതിയാനമായാണ് അത് അനുഭവപ്പെടുന്നത്. ആദ്യ നാല് വരികൾ വായനയെ തുടർച്ചയായ മാറ്റങ്ങളിലൂടെയും മുന്നോട്ടുപോക്കിലൂടെയും സഞ്ചരിപ്പിച്ചിരുന്നു. ‘അവൻ നിന്നു’ എന്ന വരി ആ ചലനത്തെ പെട്ടെന്ന് നിശ്ചലമാക്കുന്നു. അതിനാൽ വായനക്കാരൻ ഇപ്പോഴുള്ള നിശ്ചലതയെ അനുഭവിക്കുന്നത് അതിനു മുമ്പുണ്ടായിരുന്ന ചലനത്തിന്റെ പശ്ചാത്തലത്തിലാണ്.

ഇവിടെ ആവർത്തനം വാക്കിന്റെ തലത്തിൽ മാത്രമല്ല, ഭാഷാപരമായ ചലനത്തിന്റെ ഘടനയിലാണ് പ്രവർത്തിക്കുന്നത്. ഒരേ വാക്ക് വീണ്ടും വരണമെന്നില്ല. സമാനമായ വാക്യരൂപമോ, ക്രിയാഘടനയോ, ദൃശ്യവിന്യാസമോ, ശബ്ദബന്ധമോ തിരിച്ചുവരുമ്പോഴും ഒരു മാതൃക രൂപപ്പെടാം. അതുകൊണ്ട് കവിതയിലെ ആവർത്തനം യാന്ത്രികമായ പുനരാവർത്തനമല്ല. മുമ്പുണ്ടായ ഭാഷയെ ഇപ്പോഴത്തെ ഭാഷയുമായി ബന്ധിപ്പിക്കുകയും, ആ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുള്ള വായനയ്ക്ക് ഒരു സാധ്യതാപരമായ ദിശ നൽകുകയും ചെയ്യുന്ന പ്രക്രിയയാണ് ആവർത്തനം.

ഒരു ആവർത്തനമാതൃക സ്ഥാപിക്കപ്പെട്ടശേഷം അതിൽനിന്നുള്ള ചെറിയ വ്യതിയാനം പോലും ശ്രദ്ധേയമാകാം. കാരണം മാറ്റം അനുഭവപ്പെടുന്നത് പുതിയ ഘടകം കൊണ്ടുമാത്രമല്ല; അതിന് മുമ്പ് രൂപപ്പെട്ട മാതൃകയുമായുള്ള വ്യത്യാസം കൊണ്ടുമാണ്. അതുകൊണ്ട് ആവർത്തനവും വ്യതിയാനവും പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന താളഘടകങ്ങളാണ്. ആവർത്തനം ഒരു ക്രമത്തെ തിരിച്ചറിയാവുന്നതാക്കുന്നു. ആ ക്രമത്തിൽനിന്നുള്ള വ്യതിയാനം അതിന്റെ ചലനത്തെ മാറ്റുന്നു.

വരിമുറിക്കലിന്റെ പ്രവർത്തനം ഇതിൽനിന്ന് വ്യത്യസ്തമാണ്. ഒരു വാക്യത്തെ പല വരികളായി വിഭജിക്കുമ്പോൾ കവിത നിർണ്ണയിക്കുന്നത് പേജിലെ ദൃശ്യവിന്യാസത്തെ മാത്രമല്ല. ഭാഷയുടെ പുരോഗതിയിൽ അതിരുകളും ഘട്ടങ്ങളും സൃഷ്ടിക്കുകയാണ്. ഒരു വാക്യത്തിന് വ്യാകരണപരമായ തുടർച്ചയുണ്ട്; വരിക്ക് അതിന്റെ സ്വന്തം അതിരുമുണ്ട്. ഇവ രണ്ടും ഒരേ സ്ഥാനത്ത് അവസാനിക്കണമെന്നില്ല. അവ യോജിക്കുന്നിടത്ത് വ്യാകരണപരമായ പൂർത്തീകരണവും വരിയുടെ അതിരും ഒന്നിക്കുന്നു. അവ വേറിട്ടുനിൽക്കുന്നിടത്ത് ഭാഷയുടെ പുരോഗതി മറ്റൊരു രീതിയിൽ അനുഭവപ്പെടുന്നു.

വരിമുറിക്കലിന്റെ പ്രധാന പ്രവർത്തനം അർത്ഥത്തിന്റെ വെളിപ്പെടലിനെ ഘട്ടംഘട്ടമാക്കുക എന്നതാണ്. ഒരു ഭാഷാഭാഗം ഒരു വരിയുടെ അതിരിൽ എത്തുമ്പോൾ വായനയിൽ ഒരു താൽക്കാലിക ഘട്ടം രൂപപ്പെടുന്നു. അടുത്ത വരി എത്തുമ്പോൾ മുമ്പത്തെ ഭാഷാഭാഗം കൂടുതൽ വികസിച്ച ബന്ധത്തിൽ സ്ഥാപിക്കപ്പെടാം. അതുകൊണ്ട് വരിമുറിക്കൽ എല്ലായ്പ്പോഴും അർത്ഥത്തെ അപൂർണമാക്കണമെന്നില്ല. ചിലപ്പോൾ അത് ഒരു അർത്ഥഘട്ടം പൂർത്തിയാക്കാം; ചിലപ്പോൾ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള അതിരായി പ്രവർത്തിക്കാം. നിർണായകമായ കാര്യം ഭാഷ എവിടെയാണ് ഘട്ടം മാറ്റുന്നത് എന്നതാണ്.

ഉദാഹരണത്തിന്,

അവൾ ജനലരികിൽ നിന്നു
പുറത്തെ ഇരുട്ട് നോക്കി.

ആദ്യവരി ഒരു ദൃശ്യഘട്ടം സൃഷ്ടിക്കുന്നു. ‘അവൾ ജനലരികിൽ നിന്നു’ എന്ന ഭാഷാഭാഗം വായനയിൽ താൽക്കാലികമായി സ്വതന്ത്രമായ ഒരു അവസ്ഥയായി നിലകൊള്ളുന്നു. അടുത്ത വരി എത്തിയശേഷമാണ് ആ നിൽപ്പിന്റെ ദിശയും പ്രവർത്തനവും കൂടുതൽ വ്യക്തമാകുന്നത്. അവൾ എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തിന് ‘പുറത്തെ ഇരുട്ട് നോക്കി’ എന്ന രണ്ടാംവരി മറുപടി നൽകുന്നു. ഇവിടെ വരിമുറിക്കൽ ഭാഷയെ രണ്ടു ഘട്ടങ്ങളായി വിതരണം ചെയ്യുന്നു. വായനക്കാരന് മുഴുവൻ വിവരവും ഒരേസമയം ലഭിക്കുന്നില്ല; അത് ക്രമാനുഗതമായി വികസിക്കുന്നു.

എന്നാൽ ഈ ഉദാഹരണത്തിൽ വരിയുടെ അതിരും വാക്യത്തിന്റെ അർത്ഥതുടർച്ചയും തമ്മിലുള്ള ബന്ധം എൻജാംബ്മെന്റിനേക്കാൾ ശാന്തമാണ്. എൻജാംബ്മെന്റിൽ വരി ഒരു അതിർ സൃഷ്ടിക്കുമ്പോഴും വാക്യം പൂർത്തിയാകാതെ മുന്നോട്ടുപോകാൻ ആവശ്യപ്പെടുന്നു. അതിനാൽ വരിമുറിക്കലും എൻജാംബ്മെന്റും ഒരേ കാര്യമല്ല. വരിമുറിക്കൽ ഭാഷയിൽ ഒരു ഘട്ടമോ അതിരോ സൃഷ്ടിക്കുന്നു; എൻജാംബ്മെന്റ് ആ അതിരും ഭാഷയുടെ തുടർച്ചയും തമ്മിൽ സംഘർഷം സൃഷ്ടിക്കുന്നു.

ഈ സംഘർഷത്തെ കൂടുതൽ വ്യക്തമായി കാണാൻ ഒരു ഉദാഹരണം നോക്കാം:

അവൻ മടങ്ങിവരില്ലെന്ന്
പറഞ്ഞ രാത്രിയിലാണ്
വാതിൽ പതുക്കെ തുറന്നത്.

ആദ്യവരിയിൽ ‘അവൻ മടങ്ങിവരില്ലെന്ന്’ എന്ന ഭാഷാഭാഗം ഒരു അർത്ഥസാധ്യത തുറക്കുന്നു. എന്നാൽ വാക്യം അവിടെ പൂർത്തിയാകുന്നില്ല. വരി അവസാനിച്ചിട്ടും അർത്ഥം മുന്നോട്ടുപോകാൻ ആവശ്യപ്പെടുന്നു. രണ്ടാമത്തെ വരി ആ അപൂർണതയെ നീട്ടുന്നു. ‘പറഞ്ഞ രാത്രിയിലാണ്’ എന്നതും എന്താണ് സംഭവിച്ചതെന്നത് പൂർണമായി വ്യക്തമാക്കുന്നില്ല. അതിനാൽ വായന മൂന്നാമത്തെ വരിയിലേക്ക് നീങ്ങാൻ നിർബന്ധിതമാകുന്നു. ‘വാതിൽ പതുക്കെ തുറന്നത്’ എത്തിയപ്പോഴാണ് വാക്യഘടന പൂർത്തിയാകുന്നത്.

ഇവിടെ എൻജാംബ്മെന്റിന്റെ താളപരമായ പ്രവർത്തനം ഒരു വാക്യം അടുത്ത വരിയിലേക്ക് നീളുന്നതിൽ ഒതുങ്ങുന്നില്ല. ഓരോ വരിയുടെയും അവസാനം ഒരു അതിര് അനുഭവപ്പെടുന്നു. എന്നാൽ പൂർത്തിയാകാത്ത വാക്യം ആ അതിരിൽ നിൽക്കാൻ അനുവദിക്കുന്നില്ല. വായനയിൽ ഒരേസമയം രണ്ടു ചലനങ്ങൾ സജീവമാകുന്നു: നിർത്തലിന്റെ സാധ്യത വരി സൃഷ്ടിക്കുന്നു, വാക്യം മുന്നോട്ടുപോകാൻ നിർബന്ധിക്കുന്നു. ഈ നിൽപ്പും മുന്നോട്ടുപോക്കും തമ്മിലുള്ള സംഘർഷമാണ് എൻജാംബ്മെന്റിന്റെ പ്രത്യേക താളപ്രവർത്തനം.

അവസാനവരിയിലെ പൂർത്തീകരണം മുമ്പത്തെ വരികളെ വെറുതെ അവസാനിപ്പിക്കുന്നില്ല. അവയെ പുതിയൊരു ബന്ധത്തിൽ സ്ഥാപിക്കുകയും ചെയ്യുന്നു. ‘മടങ്ങിവരില്ലെന്ന് പറഞ്ഞ രാത്രിയിൽ’ വാതിൽ തുറക്കുന്നു എന്ന സാഹചര്യം ആദ്യവരിയിലെ പ്രസ്താവനയ്ക്ക് പുതിയൊരു അർത്ഥസമ്മർദ്ദം നൽകുന്നു. അതിനാൽ എൻജാംബ്മെന്റിൽ വൈകിയെത്തുന്ന ഭാഷ മുമ്പുള്ള ഭാഷയെ പുനർക്രമീകരിക്കാനുള്ള സാധ്യതയും സൃഷ്ടിക്കുന്നു.

വരിമുറിക്കൽ ഭാഷയുടെ പ്രവാഹത്തിൽ അതിരുകൾ സൃഷ്ടിക്കുന്നുവെങ്കിൽ, എൻജാംബ്മെന്റ് ആ അതിരുകളെ മറികടക്കാൻ അർത്ഥത്തിന്റെ തുടർച്ച സൃഷ്ടിക്കുന്നു. അതുകൊണ്ട് എൻജാംബ്മെന്റ് വെറും വരിവിഭജനമല്ല. രൂപം നിർദ്ദേശിക്കുന്ന താൽക്കാലിക നിർത്തലും വാക്യം ആവശ്യപ്പെടുന്ന തുടർച്ചയും തമ്മിലുള്ള സംഘർഷത്തിലൂടെ വായനയുടെ സമയത്തെ സജീവമാക്കുന്ന രീതിയാണ്. അതിന്റെ താളപരമായ ശേഷി ഈ സംഘർഷത്തിലാണ്.

വേഗതയുടെ വിഷയം മറ്റൊരു തലത്തിലാണ് കവിതയിൽ പ്രവർത്തിക്കുന്നത്. ഇവിടെ വേർതിരിക്കേണ്ടത് കവിത പറയുന്ന സംഭവത്തിന്റെ സമയവും ആ സംഭവം വായനയിൽ കൈവരിക്കുന്ന സമയവുമാണ്. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ട ഒരു സംഭവം കവിത പല വരികളിലായി വികസിപ്പിക്കാം. വർഷങ്ങളോളം നീണ്ട ഒരു അനുഭവത്തെ ഏതാനും വാക്കുകളിൽ ചുരുക്കാനും കഴിയും. അതിനാൽ വായനയുടെ വേഗത സംഭവത്തിന്റെ യഥാർഥ ദൈർഘ്യത്തിൽനിന്ന് നേരിട്ട് ലഭിക്കുന്നതല്ല. ഭാഷ സംഭവങ്ങളെ എങ്ങനെ വിതരണം ചെയ്യുന്നു എന്നതാണ് നിർണായകം.

ഒരു നിമിഷത്തെ കവിത എങ്ങനെ വികസിപ്പിക്കാമെന്ന് നോക്കാം. ഒരു വാതിൽ പെട്ടെന്ന് അടയുന്ന സംഭവം ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവസാനിച്ചേക്കാം. എന്നാൽ കവിത അതിനെ,

കൈ വാതിലിന്മേൽ എത്തി.
ഒരു നിമിഷം അവിടെത്തന്നെ നിന്നു.
പിന്നെ വാതിൽ പതുക്കെ അടഞ്ഞു.
അകത്തെ ശബ്ദം പുറത്തേക്ക് വന്നില്ല.

എന്നിങ്ങനെ അവതരിപ്പിച്ചാൽ സംഭവത്തിന്റെ യഥാർഥ ദൈർഘ്യം വളരെ ചെറുതായിരിക്കുമ്പോഴും വായന അതിൽ കൂടുതൽ സമയം ചെലവഴിക്കുന്നു. വാതിൽ അടയുന്ന പ്രവൃത്തി മാത്രം പറയുന്നതിനു പകരം അതിന് മുമ്പുള്ള ചലനവും ചെറിയ നിൽപ്പും അതിനുശേഷമുള്ള നിശ്ശബ്ദതയും പ്രത്യേകം ഭാഷയാക്കുന്നു. അതിനാൽ സംഭവത്തിന്റെ സമയമല്ല ഇവിടെ വികസിക്കുന്നത്; സംഭവത്തിലേക്കുള്ള വായനയുടെ ശ്രദ്ധയാണ് വികസിക്കുന്നത്. മന്ദഗതിയുടെ അനുഭവം വിവരണത്തിന്റെ വ്യാപ്തിയിലൂടെയും ഭാഷയുടെ ഘട്ടീകരണത്തിലൂടെയുമാണ് രൂപപ്പെടുന്നത്.

ഇതിന് വിപരീതമായി, ദീർഘകാലാനുഭവത്തെ വളരെ വേഗത്തിൽ കടന്നുപോകാനും കഴിയും. ഉദാഹരണത്തിന്,

പത്ത് വർഷം കഴിഞ്ഞു.
അവൻ മടങ്ങിവന്നില്ല.

എന്ന രണ്ട് വരികളിൽ ഒരു ദശാബ്ദത്തിന്റെ സമയം ചുരുക്കപ്പെട്ടിരിക്കുന്നു. വർഷങ്ങളുടെ യഥാർഥ ദൈർഘ്യം വായനയിൽ അതേ അളവിൽ പുനരാവിഷ്കരിക്കപ്പെടുന്നില്ല. ഭാഷ ഇടയ്ക്കുള്ള സംഭവങ്ങളെയോ മാറ്റങ്ങളെയോ വികസിപ്പിക്കാതെ അവയെ ഒരു സംക്ഷിപ്ത ഘട്ടമായി മറികടക്കുന്നു. അതിനാൽ സന്ദർഭവുമായി ബന്ധപ്പെട്ട വായനയുടെ സമയം ഇവിടെ ചുരുങ്ങുന്നു.

എന്നാൽ വേഗത സംഭവസമയത്തിന്റെ വികസനത്തിലും ചുരുക്കലിലും മാത്രം ഒതുങ്ങുന്നില്ല. ഭാഷയുടെ ഒഴുക്കിലും വേഗത അനുഭവപ്പെടാം. കൂടുതൽ വാക്കുകൾ മന്ദഗതി ഉറപ്പാക്കുമെന്നും കുറച്ച് വാക്കുകൾ വായനയുടെ വേഗത കൂട്ടുമെന്നും പറയാനാവില്ല. ഒരേ നീളത്തിലുള്ള വരികളിലും വ്യത്യസ്ത വേഗതകൾ സാധ്യമാണ്.

അവൻ ഓടി.
തിരിഞ്ഞുനോക്കിയില്ല.
വഴികൾ താണ്ടി.
വാതിൽ തള്ളി.
അകത്തു കയറി.

എന്നിങ്ങനെ തുടർച്ചയായ ക്രിയകൾ വേഗത്തിൽ നിരത്തുമ്പോൾ വായന ഒരു സംഭവത്തിൽനിന്ന് മറ്റൊന്നിലേക്ക് ഏറെ താമസമില്ലാതെ നീങ്ങുന്നു. ഓരോ വരിക്കും പൂർണ്ണവിരാമമുണ്ട്. എന്നിട്ടും ഭാഷയിലെ തുടർച്ചയായ പ്രവർത്തനങ്ങൾ വായനയെ മുന്നോട്ടു തള്ളുന്നു. മറിച്ച്,

അവൻ ഓടി.
പക്ഷേ,
വാതിലിനുമുന്നിൽ
ഒരു നിമിഷം
നിന്നു.

എന്ന രീതിയിൽ ചലനത്തിനിടയിൽ ചെറിയ ഘട്ടങ്ങളും നിർത്തലുകളും വരുമ്പോൾ വായനയുടെ വേഗത മാറുന്നു. ഇവിടെ വരികളുടെ എണ്ണം മാത്രമല്ല നിർണായകം; ചലനത്തിന്റെയും നിർത്തലിന്റെയും വിന്യാസമാണ് വേഗതയെ നിയന്ത്രിക്കുന്നത്.

അതുകൊണ്ട് എവിടെയാണ് കവിത നിൽക്കുന്നത്, എന്താണ് വിശദീകരിക്കുന്നത്, എന്താണ് ഒഴിവാക്കുന്നത്, എത്ര വേഗത്തിൽ ഒരു സംഭവത്തിൽനിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു എന്നിവ വായനയുടെ വേഗതയെ രൂപപ്പെടുത്തുന്നു. വാക്യദൈർഘ്യം, വിശദാംശങ്ങളുടെ സാന്ദ്രത, ആവർത്തനം, എൻജാംബ്മെന്റ്, വിടവ്, വിവരണത്തിന്റെ ചുരുക്കലും വികസിപ്പിക്കലും എന്നിവ ചേർന്നാണ് ഈ വേഗത രൂപപ്പെടുന്നത്.

വേഗത അതിനാൽ വായനയിൽ ശ്രദ്ധയ്ക്കും സംഭവങ്ങൾക്കും ലഭിക്കുന്ന സമയത്തിന്റെ വിതരണമാണ്. ഒരു നിമിഷത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് അതിനെ സാന്ദ്രമാക്കാം; ദീർഘകാലാനുഭവത്തെ ചുരുക്കുന്നത് അതിനെ സമഗ്രമായ ഒരു ഘടകമാക്കി മാറ്റാം. എന്നാൽ വേഗതയ്ക്കും അർത്ഥത്തിനും ഇടയിൽ മുൻകൂട്ടി നിശ്ചയിച്ച ഒരു ബന്ധമില്ല. മന്ദഗതി എല്ലായ്പ്പോഴും ഗൗരവവും വേഗത എല്ലായ്പ്പോഴും ആവേശവും സൃഷ്ടിക്കണമെന്നില്ല. ഒരു കവിത എവിടെയാണ് വേഗം കൂട്ടുന്നത്, എവിടെയാണ് മന്ദഗതിയിലാകുന്നത്, ആ മാറ്റം എന്തിനാണ് സംഭവിക്കുന്നത് എന്നതാണ് നിർണായകം. അവിടെയാണ് വേഗത താളത്തിന്റെ സജീവ ഘടകമായി മാറുന്നത്.

ശബ്ദത്തിന്റെ പ്രവർത്തനം ഇതിൽനിന്ന് വ്യത്യസ്തമാണ്. വൃത്തമുക്ത കവിതയ്ക്ക് സ്ഥിരമായ പ്രാസക്രമമോ മുൻകൂട്ടി നിശ്ചയിച്ച ശബ്ദക്രമമോ ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ കവിതയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സമാന ശബ്ദങ്ങൾ, സ്വരങ്ങൾ, വ്യഞ്ജനങ്ങൾ, വാക്കുകളുടെ ചലനങ്ങൾ, വാക്യഘടനകൾ എന്നിവ തമ്മിൽ ഒരു സ്വരചേർച്ച രൂപപ്പെടാം. ഇവിടെ ഒരേ വാക്ക് ആവർത്തിക്കേണ്ടതില്ല. സമാനമായ ശബ്ദസ്വഭാവത്തിനു തന്നെ വ്യത്യസ്ത വരികളെ പരസ്പരം ബന്ധിപ്പിക്കാൻ കഴിയും.

ഇത് ഒരു ലളിതമായ ഉദാഹരണത്തിലൂടെ കാണാം:

മഴ വന്നു, മണ്ണ് നനഞ്ഞു
മരം കുലുങ്ങി, ഇലകൾ വീണു
വഴി നിശ്ശബ്ദം, വീട് തുറന്നു
ആരും വന്നില്ല, കാറ്റൊഴികെ.

ആദ്യത്തെ വരികളിൽ വാക്യചലനത്തിന്റെ ഒരു സാമ്യം രൂപപ്പെടുന്നു. ഓരോ വരിയിലും ഒരു സംഭവമോ ചലനമോ മറ്റൊരു ദൃശ്യവുമായി ബന്ധപ്പെടുന്ന രീതിയിൽ ഭാഷ മുന്നോട്ടുപോകുന്നു. അതോടൊപ്പം ‘മഴ’, ‘മണ്ണ്’, ‘മരം’ തുടങ്ങിയ വാക്കുകളിലും മറ്റ് ഭാഷാഭാഗങ്ങളിലുമുള്ള സ്വര-വ്യഞ്ജനബന്ധങ്ങൾ വരികൾക്കിടയിൽ ഒരു സ്വരചേർച്ച സൃഷ്ടിക്കുന്നു. ഈ സാമ്യം കൃത്യമായ പ്രാസക്രമമല്ലെങ്കിലും ഭാഷയുടെ വ്യത്യസ്ത ഭാഗങ്ങൾ തമ്മിൽ ഒരു ശ്രാവ്യബന്ധം ഉണ്ടാക്കുന്നു.

നാലാമത്തെ വരിയിൽ ഈ ക്രമത്തിൽ മാറ്റം സംഭവിക്കുന്നു. “ആരും വന്നില്ല, കാറ്റൊഴികെ” എന്ന വരി മുമ്പത്തെ വരികളിലെ ചലനരീതിയെ അതേപടി പിന്തുടരുന്നില്ല. അതിന്റെ അർത്ഥവും ശബ്ദചലനവും മറ്റൊരു ദിശയിലേക്ക് മാറുന്നു. അതുകൊണ്ട് അവസാനവരി മുമ്പത്തെ വരികളിൽ രൂപപ്പെട്ടിരുന്ന സ്വരചേർച്ചയെ പൂർണമായി ആവർത്തിക്കാതെ അതിൽനിന്ന് വ്യതിചലിക്കുന്നു.

ശബ്ദത്തിന്റെ താളപരമായ പ്രവർത്തനം അതിനാൽ അർത്ഥത്തിന്റെ നേരിട്ടുള്ള ആവർത്തനം സൃഷ്ടിക്കുന്നതിലല്ല. അർത്ഥപരമായി വ്യത്യസ്തമായ ഭാഷാഭാഗങ്ങൾക്കിടയിലും കേൾവിയുടെ ഒരു തുടർച്ച സൃഷ്ടിക്കാൻ ശബ്ദത്തിന് കഴിയും. ഒരു ശബ്ദസ്വഭാവം എവിടെ തിരിച്ചുവരുന്നു, എന്തിനോടാണ് ബന്ധപ്പെടുന്നത്, എവിടെയാണ് അതിൽനിന്ന് വ്യതിയാനം സംഭവിക്കുന്നത് എന്നതാണ് നിർണായകം. വൃത്തമുക്ത കവിതയിലെ ശബ്ദം മുൻകൂട്ടി നിശ്ചയിച്ച സംഗീതക്രമമാകണമെന്നില്ല; കവിത പുരോഗമിക്കുന്നതിനിടെ രൂപപ്പെടുകയും മാറുകയും ചെയ്യുന്ന ശ്രാവ്യബന്ധങ്ങളുടെ ഘടനയായിരിക്കും അത്.

വിടവും നിശ്ശബ്ദതയും താളത്തിന്റെ മറ്റൊരു വശം തുറക്കുന്നു. താളത്തെ തുടർച്ചയായ ചലനമായി മാത്രം മനസ്സിലാക്കിയാൽ വിടവ് അതിന്റെ പുറത്തായിരിക്കും. എന്നാൽ ഒരു ചലനത്തിന്റെ ഘടന തിരിച്ചറിയാൻ അതിലെ നിർത്തലുകളും ആവശ്യമാണ്. കവിതയിലെ വിടവ് ഭാഷയുടെ പ്രവാഹത്തെ വെറുതെ അവസാനിപ്പിക്കുന്നില്ല. ഒരു ഭാഷാഘട്ടത്തിൽനിന്ന് മറ്റൊന്നിലേക്കുള്ള മാറലിന്റെ സമയത്തെ അത് സജീവമാക്കുന്നു. മുമ്പ് വായിച്ച ഘടകത്തിന് കൂടുതൽ സമയം നൽകാനും വരാനിരിക്കുന്ന ഘടകത്തിന്റെ വരവ് വൈകിപ്പിക്കാനും അതിന് കഴിയും.

ഇത് ഒരേ ഉദാഹരണത്തിലൂടെ കൂടുതൽ വ്യക്തമായി കാണാം:

അവൾ വാതിൽ തുറന്നു

പുറത്ത് മഴയായിരുന്നു.

ആദ്യവരി ‘അവൾ വാതിൽ തുറന്നു’ എന്ന പ്രവർത്തനത്തെ വായനയിൽ സ്ഥാപിക്കുന്നു. അതിന് പിന്നാലെയുള്ള വിടവ് അടുത്തതായി എന്താണ് സംഭവിച്ചതെന്ന് ഉടൻ വെളിപ്പെടുത്തുന്നില്ല. വായന അവിടെ ഒരു നിമിഷം നിൽക്കുന്നു. ഈ നിൽപ്പിനിടയിൽ ആദ്യവരിയിലെ ‘വാതിൽ തുറന്നു’ എന്ന പ്രവർത്തനം മനസ്സിൽ സജീവമായി തുടരുന്നു. അടുത്തതായി എന്താണ് കാണപ്പെടുക എന്നതിനെക്കുറിച്ചുള്ള ഒരു പ്രതീക്ഷയും രൂപപ്പെടുന്നു.

‘പുറത്ത് മഴയായിരുന്നു’ എന്ന രണ്ടാംവരി എത്തിയപ്പോഴാണ് ആ പ്രതീക്ഷയ്ക്ക് ഒരു നിർദ്ദിഷ്ട രൂപം ലഭിക്കുന്നത്. അതോടെ ആദ്യവരിയും പുതിയൊരു ബന്ധത്തിൽ വായിക്കപ്പെടുന്നു. വാതിൽ തുറന്നത് ഒരു ഒറ്റപ്പെട്ട പ്രവൃത്തിയല്ല; പുറത്തുള്ള മഴയിലേക്കുള്ള തുറക്കലായി അത് ഇപ്പോൾ മനസ്സിലാകുന്നു. വിടവ് ഇവിടെ പുതിയൊരു അർത്ഥം സ്വയം സൃഷ്ടിക്കുന്നില്ല. മറിച്ച്, ഇതിനകം ലഭിച്ച ഭാഷയും പിന്നീട് വരുന്ന ഭാഷയും തമ്മിൽ ഒരു അനുഭവസമയം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

അതേ ഉദാഹരണം മറ്റൊരു രീതിയിൽ നോക്കാം:

അവൾ വാതിൽ തുറന്നു
പുറത്ത്
മഴയായിരുന്നു.

ഇവിടെ ‘പുറത്ത്’ എന്ന വാക്ക് ഒറ്റവരിയിൽ നിർത്തിയിരിക്കുന്നു. ഇത് മുമ്പത്തെ രൂപത്തിൽനിന്ന് വ്യത്യസ്തമാണ്. ‘പുറത്ത്’ എന്ന വാക്ക് അർത്ഥത്തിന്റെ ഒരു ദിശ തുറക്കുന്നു, പക്ഷേ അത് പൂർണമായി വികസിക്കുന്നില്ല. അടുത്ത വരിയിലുള്ള ‘മഴയായിരുന്നു’ എത്തിയപ്പോഴാണ് ആ ദിശയ്ക്ക് പൂർത്തീകരണം ലഭിക്കുന്നത്. ഇവിടെ വായനയിൽ പ്രതീക്ഷയും വൈകിപ്പിക്കലും സൃഷ്ടിക്കപ്പെടുന്നു.

ഈ ഉദാഹരണത്തിൽ വരിയുടെ അതിരും വിടവും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയുടെ പ്രവർത്തനങ്ങളെ ഒന്നായി കാണേണ്ടതില്ല. വരിമുറിക്കൽ ഭാഷയെ ഘട്ടങ്ങളായി വിഭജിക്കുന്നു. എൻജാംബ്മെന്റിൽ ആ ഘട്ടത്തിന്റെ അതിരും വാക്യത്തിന്റെ തുടർച്ചയും തമ്മിൽ സംഘർഷം രൂപപ്പെടുന്നു. വിടവ് രണ്ട് ഭാഷാഘട്ടങ്ങൾക്കിടയിൽ വായനയ്ക്ക് അധികസമയം നൽകുന്നു. അതായത് വരിമുറിക്കൽ പ്രധാനമായും അതിരുണ്ടാക്കുന്നു; എൻജാംബ്മെന്റ് ആ അതിരിനെ മറികടക്കാൻ വായനയെ നിർബന്ധിക്കുന്നു; വിടവ് ആ അതിരിലോ ഘട്ടങ്ങൾക്കിടയിലോ അനുഭവസമയം സൃഷ്ടിക്കുന്നു. ഇവ ചില സന്ദർഭങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചേക്കാം, പക്ഷേ അവയുടെ പ്രവർത്തനങ്ങൾ ഒരുപോലെയല്ല.

ഇതുകൊണ്ടാണ് വിടവിന്റെ ദൈർഘ്യത്തേക്കാൾ അതിന്റെ സ്ഥാനം പ്രധാനമാകുന്നത്. പൂർത്തിയായ ഒരു ഭാഷാഭാഗത്തിനുശേഷം വരുന്ന വിടവ് അതിന്റെ പ്രതിധ്വനിയെ ദീർഘിപ്പിക്കാം. അപൂർണമായ ഭാഷാഭാഗത്തിനിടയിൽ വരുന്ന നിൽപ്പ് അടുത്ത വാക്കിനുള്ള പ്രതീക്ഷ വർധിപ്പിക്കാം. രണ്ടിടത്തും ഭാഷയുടെ ഒഴുക്കിൽ ഒരു ഇടമുണ്ട്; എന്നാൽ അതിന്റെ താളപരമായ പ്രവർത്തനം ഒരുപോലെയല്ല. വിടവ് എവിടെയാണ് വരുന്നത്, ഏത് ഭാഷാഭാഗങ്ങൾക്കിടയിലാണ് അത് സമയം സൃഷ്ടിക്കുന്നത് എന്നതാണ് അതിന്റെ പ്രവർത്തനം നിർണയിക്കുന്നത്.

നിശ്ശബ്ദതയെയും ഇതേ രീതിയിൽ മനസ്സിലാക്കാം. പുതിയ വാക്കൊന്നും ലഭിക്കാത്ത സമയത്ത് വായന പൂർണമായും ശൂന്യമാകുന്നില്ല. ‘അവൾ വാതിൽ തുറന്നു’ എന്നതിനുശേഷമുള്ള നിശ്ശബ്ദതയിൽ ആദ്യവരിയിലെ പ്രവർത്തനം വായനയിൽ അവസാനിക്കുന്നില്ല. അടുത്ത ഭാഷാഭാഗം വരുന്നതുവരെ ആ സംഭവത്തിന്റെ ദൃശ്യവും അതിന്റെ തുടർച്ചയെക്കുറിച്ചുള്ള സാധ്യതകളും മനസ്സിൽ തുടരുന്നു. അതുകൊണ്ട് നിശ്ശബ്ദത വാക്കുകളുടെ അഭാവം മാത്രമല്ല; മുമ്പുണ്ടായ ഭാഷ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമയവുമാണ്.

ഈ അർത്ഥത്തിൽ വിടവും നിശ്ശബ്ദതയും താളത്തിന് എതിരല്ല. അവ ചലനത്തെ തടയുന്ന ശൂന്യതകളുമല്ല. ചലനവും നിർത്തലും തമ്മിലുള്ള ബന്ധത്തെ ക്രമീകരിക്കുന്ന സജീവ ഘടകങ്ങളാണ്. വൃത്തമുക്ത കവിതയിലെ താളം ഭാഷയുടെ ശബ്ദചലനത്തിൽ മാത്രം രൂപപ്പെടുന്നതല്ല. ഭാഷ എവിടെ നിൽക്കുന്നു, ആ നിൽപ്പിൽ എന്താണ് തുടരുന്നത്, അടുത്തത് എപ്പോൾ എത്തുന്നു എന്നതിലും അത് രൂപപ്പെടുന്നു.

താളഭംഗത്തെയും ഇതിനോട് ചേർത്ത് മനസ്സിലാക്കാം. ഇതിനകം സ്ഥാപിക്കപ്പെട്ട ഒരു ക്രമത്തോടുള്ള ബന്ധത്തിലാണ് താളഭംഗത്തിന്റെ പ്രവർത്തനം. യാതൊരു മാതൃകയും തിരിച്ചറിയപ്പെട്ടിട്ടില്ലെങ്കിൽ അതിൽനിന്നുള്ള വ്യതിയാനവും പ്രത്യേകമായി അനുഭവപ്പെടുകയില്ല. ഒരു ഘടന ആവർത്തിക്കപ്പെടുകയും അതുവഴി ഒരു പ്രതീക്ഷ രൂപപ്പെടുകയും ചെയ്തതിനുശേഷമാണ് അതിൽനിന്നുള്ള മാറ്റം ശ്രദ്ധേയമാകുന്നത്. അതുകൊണ്ട് താളഭംഗം തിരിച്ചറിയപ്പെട്ട ഒരു ക്രമത്തിൽനിന്നുള്ള വ്യതിയാനമാണ്.

താളഭംഗത്തിന്റെ പ്രാധാന്യം ഒരു ക്രമത്തെ ഇല്ലാതാക്കുന്നതിലല്ല; അതിന്റെ സാന്നിധ്യത്തെ കൂടുതൽ വ്യക്തമായി അനുഭവിപ്പിക്കുന്നതിലാണ്. ഒരു പതിവ് ഘടന പെട്ടെന്ന് മാറുമ്പോൾ മുമ്പുണ്ടായിരുന്ന ഘടന ഓർമ്മയിൽ സജീവമാകുന്നു. പുതിയ വ്യതിയാനം പഴയ ക്രമത്തിന്റെ പശ്ചാത്തലത്തിലാണ് അനുഭവപ്പെടുന്നത്. അതിനാൽ താളഭംഗം ഒരു താളത്തിന്റെ അവസാനമല്ല. അത് പഴയ ക്രമത്തിൽനിന്ന് പുതിയതിലേക്കുള്ള മാറ്റമാകാം, പഴയതിലേക്കുള്ള മടങ്ങിവരവാകാം, അല്ലെങ്കിൽ പുതിയ അസന്തുലിതാവസ്ഥയുടെ ആരംഭമാകാം. ഈ അർത്ഥത്തിൽ താളഭംഗം താളം പുനഃസംഘടിപ്പിക്കപ്പെടുന്ന നിമിഷമാണ്.

ഈ ഘടകങ്ങളെല്ലാം ഒടുവിൽ താളവും അർത്ഥവും തമ്മിലുള്ള ബന്ധത്തിലേക്കാണ് എത്തുന്നത്. കവിതയിലെ ഒരു വാക്കിന്റെ നിഘണ്ടുഅർത്ഥം അതേപടി തുടരാം. എന്നാൽ അത് ഏത് സ്ഥാനത്താണ് വരുന്നത്, എത്ര വൈകിയാണ് എത്തുന്നത്, അതിന് മുമ്പ് എന്ത് പ്രതീക്ഷയാണ് രൂപപ്പെട്ടത്, അതിന്റെ ചുറ്റും വിടവുണ്ടോ, മുമ്പ് സമാനമായ ഘടന വന്നിട്ടുണ്ടോ എന്നിവ മാറിയാൽ അതിന്റെ അനുഭവവും മാറാം. ഒരേ വാക്ക് വ്യത്യസ്ത താളപരമായ സാഹചര്യങ്ങളിൽ വ്യത്യസ്ത പ്രാധാന്യം കൈവരിക്കും.

ഒരു അർത്ഥം വൈകിപ്പിക്കപ്പെടുന്നതും പെട്ടെന്ന് ലഭിക്കുന്നതും ഒരുപോലെയല്ല. ഒരു വാക്ക് പ്രതീക്ഷയ്ക്ക് ശേഷം വരുന്നതും പശ്ചാത്തലമില്ലാതെ വരുന്നതും ഒരുപോലെയല്ല. ഒരു പ്രസ്താവന മുമ്പ് സ്ഥാപിക്കപ്പെട്ടിരുന്ന ക്രമത്തെ പിന്തുടരുന്നതും അതിൽനിന്ന് പെട്ടെന്ന് വ്യതിചലിക്കുന്നതും ഒരേ അനുഭവം സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് കവിതയുടെ രൂപപരമായ ഘടകങ്ങൾ അർത്ഥത്തിൽനിന്ന് വേറിട്ടുനിൽക്കുന്ന പുറംക്രമീകരണങ്ങളല്ല.

വൃത്തമുക്ത കവിതയിൽ രൂപത്തെയും അർത്ഥത്തെയും രണ്ട് സ്വതന്ത്ര പാളികളായി വേർതിരിക്കാനാവില്ല. രൂപം അർത്ഥത്തിന്റെ പുറംമോടിയല്ല; അർത്ഥം വായനക്കാരന് സംഭവിക്കുന്ന രീതിയുടെ ഭാഗമാണ്. വരിമുറിക്കൽ, ആവർത്തനം, വിടവ്, എൻജാംബ്മെന്റ്, ശബ്ദബന്ധം എന്നിവ കാവ്യപരമായി പ്രസക്തമാകുന്നത് അവ കവിതയിൽ ഉണ്ടെന്നതിനാൽ മാത്രമല്ല. അവ വായനയുടെ സമയത്തിലും അർത്ഥാനുഭവത്തിലും എന്തെങ്കിലും മാറ്റം സൃഷ്ടിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.

ഇവിടെയാണ് വൃത്തമുക്ത കവിതയുടെ രൂപത്തെ വിലയിരുത്താനുള്ള ഒരു പ്രധാന മാനദണ്ഡം ഉയരുന്നത്. കവിതയിൽ ഒരു രൂപഘടകം ഉണ്ടോ ഇല്ലയോ എന്ന ചോദ്യം മാത്രം മതിയാകില്ല. അതിനേക്കാൾ പ്രധാനമായ ചോദ്യം, അത് എന്താണ് ചെയ്യുന്നത് എന്നതാണ്. വരിമുറിക്കൽ ഉണ്ടായിരിക്കുന്നു എന്നതുകൊണ്ട് മാത്രം അത് കാവ്യപരമായി പ്രസക്തമാകുന്നില്ല. ആവർത്തനം ഉണ്ടെന്നതുകൊണ്ട് മാത്രം അതിന് താളപരമായ പ്രവർത്തനമുണ്ടാകുന്നില്ല. വിടവോ എൻജാംബ്മെന്റോ ഉപയോഗിച്ചിരിക്കുന്നു എന്നതുകൊണ്ട് മാത്രം അവ വായനാനുഭവത്തെ സജീവമാക്കുന്നില്ല.

വരിമുറിക്കൽ ഒഴിവാക്കിയാലും വായനയുടെ സമയക്രമത്തിൽ യാതൊരു വ്യത്യാസവുമില്ലെങ്കിൽ അതിന്റെ ആവശ്യകത ചോദ്യം ചെയ്യാം. ഒരു ആവർത്തനം നീക്കിയാലും അതിലൂടെ സൃഷ്ടിക്കപ്പെട്ട ക്രമമോ ഊന്നലോ നഷ്ടപ്പെടുന്നില്ലെങ്കിൽ അത് യാന്ത്രികമായിരിക്കാം. ഒരു വിടവ് വായനയുടെ ചലനത്തിൽ മാറ്റമൊന്നും സൃഷ്ടിക്കുന്നില്ലെങ്കിൽ അത് വെറും ശൂന്യസ്ഥലമായി മാത്രം ശേഷിക്കാം. എൻജാംബ്മെന്റ് അടുത്ത വരിയിലേക്ക് അർത്ഥത്തിന്റെ സമ്മർദ്ദം സൃഷ്ടിക്കുന്നില്ലെങ്കിൽ അതിനെ വെറും വാക്യവിഭജനത്തിൽനിന്ന് വേർതിരിക്കാനാവില്ല.

അതുകൊണ്ട് വൃത്തമുക്ത കവിതയുടെ രൂപത്തെ വിലയിരുത്താനുള്ള മാനദണ്ഡം അതിന്റെ സാന്നിധ്യമല്ല, അതിന്റെ പ്രവർത്തനക്ഷമതയാണ്. ഒരു രൂപഘടകം വായനയിൽ എന്ത് മാറ്റം സൃഷ്ടിക്കുന്നു? ഭാഷയുടെ സമയം അതിലൂടെ എങ്ങനെ മാറുന്നു? പ്രതീക്ഷ രൂപപ്പെടുന്നുണ്ടോ? അർത്ഥം വൈകുന്നുണ്ടോ? ഒരു ക്രമം തിരിച്ചറിയപ്പെടുന്നുണ്ടോ? ആ ക്രമം മാറുന്നുണ്ടോ? മുമ്പ് വേറിട്ടുനിന്ന ഭാഷാഭാഗങ്ങൾ തമ്മിൽ പുതിയൊരു ബന്ധം രൂപപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങളിലൂടെയാണ് ഒരു രൂപഘടകത്തിന്റെ കാവ്യപരമായ പ്രവർത്തനം വിലയിരുത്താൻ കഴിയുക.

ഈ പ്രവർത്തനപരമായ സമീപനം വൃത്തമുക്ത കവിതയുടെ താളത്തെക്കുറിച്ചുള്ള അന്വേഷണത്തെ കൂടുതൽ കൃത്യമാക്കുന്നു. “ഈ കവിതയ്ക്ക് താളമുണ്ടോ?” എന്ന ചോദ്യം പലപ്പോഴും ഒരു മുൻകൂട്ടി നിശ്ചയിച്ച സംഗീതക്രമത്തെ തിരയുന്ന ചോദ്യമായി മാറാം. അതിനു പകരം “ഈ കവിത സ്വന്തം ഭാഷയിലൂടെ അതിന്റെ സമയത്തെ എങ്ങനെ വിന്യസിക്കുന്നു?” എന്നതാണ് കൂടുതൽ കൃത്യമായ ചോദ്യം.

എവിടെയാണ് ഒരു ക്രമം രൂപപ്പെടുന്നത്? എവിടെയാണ് അത് മാറുന്നത്? എവിടെയാണ് ഭാഷ ഘട്ടംഘട്ടമായി വെളിപ്പെടുന്നത്? എവിടെയാണ് വരിയുടെ അതിരും വാക്യത്തിന്റെ തുടർച്ചയും തമ്മിൽ സംഘർഷം രൂപപ്പെടുന്നത്? എവിടെയാണ് വായന വേഗം കൂട്ടുന്നത്? എവിടെയാണ് സമയം വികസിക്കുന്നത്? എവിടെയാണ് ചുരുങ്ങുന്നത്? എവിടെയാണ് ശബ്ദങ്ങൾ തമ്മിൽ കേൾവിയുടെ ബന്ധം സൃഷ്ടിക്കുന്നത്? എവിടെയാണ് വിടവ് മുമ്പുണ്ടായ ഭാഷയെ കൂടുതൽ നേരം സജീവമായി നിലനിർത്തുന്നത്? എവിടെയാണ് നിശ്ശബ്ദത അടുത്ത വാക്കിനുള്ള പ്രതീക്ഷ സൃഷ്ടിക്കുന്നത്? ഈ ചോദ്യങ്ങളിലൂടെ അന്വേഷിക്കുമ്പോഴാണ് കവിതയുടെ ആന്തരിക താളഘടന വ്യക്തമാകുന്നത്.

വൃത്തമുക്ത കവിതയിൽ മുൻകൂട്ടി നിശ്ചയിച്ച ഛന്ദസ്സ് ഇല്ലാതാകുമ്പോൾ താളം ഇല്ലാതാകുന്നില്ല. അതിന്റെ നിർമ്മാണചുമതല ഭാഷയുടെ വിവിധ പ്രവർത്തനങ്ങളിലേക്ക് വ്യാപിക്കുന്നു. ആവർത്തനം ഭാഷയുടെ വ്യത്യസ്ത ഘട്ടങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കുകയും ക്രമത്തിന്റെയും പ്രതീക്ഷയുടെയും സാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നു. വരിമുറിക്കൽ ഭാഷയുടെ പ്രവാഹത്തിൽ അതിരുകൾ സൃഷ്ടിച്ച് അതിനെ ഘട്ടംഘട്ടമാക്കുന്നു. എൻജാംബ്മെന്റ് ആ അതിരും വാക്യത്തിന്റെ തുടർച്ചയും തമ്മിൽ സംഘർഷം സൃഷ്ടിക്കുന്നു. വേഗത വായനയിൽ ശ്രദ്ധയ്ക്കും സംഭവങ്ങൾക്കും ലഭിക്കുന്ന സമയം വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു. ശബ്ദം അർത്ഥപരമായി വേറിട്ടുനിൽക്കുന്ന ഭാഷാഭാഗങ്ങൾക്കിടയിൽ പോലും കേൾവിയുടെ ബന്ധങ്ങൾ നിർമ്മിക്കുന്നു. വിടവും നിശ്ശബ്ദതയും ചലനത്തിനിടയിലെ സമയത്തെ സജീവമാക്കുന്നു. താളഭംഗം സ്ഥാപിതമായ ക്രമത്തിൽനിന്നുള്ള വ്യതിയാനത്തിലൂടെ താളത്തെ പുനഃസംഘടിപ്പിക്കുന്നു.

ഇവയിൽ ഒന്നും ഒറ്റയ്ക്ക് കവിതയുടെ പൂർണതാളമല്ല. അവയുടെ പരസ്പരപ്രവർത്തനത്തിലൂടെയാണ് ഓരോ കവിതയും സ്വന്തം താളഘടന സൃഷ്ടിക്കുന്നത്. ഒരു കവിതയിൽ ഇവയിൽ ചില ഘടകങ്ങൾ ശക്തമായി പ്രവർത്തിക്കാം; ചിലത് മിക്കവാറും ഇല്ലാതിരിക്കാം. അതുകൊണ്ട് വൃത്തമുക്ത കവിതയുടെ താളത്തിന് ഒരൊറ്റ മാതൃക നിർദ്ദേശിക്കാനാവില്ല. ഓരോ കവിതയും സ്വന്തം ഭാഷയുടെ ആവശ്യങ്ങൾക്കനുസരിച്ച് സ്വന്തം ചലനക്രമം നിർമ്മിക്കുന്നു.

അതുകൊണ്ട് താളം കവിതയ്ക്ക് പുറത്തുനിന്ന് ചേർക്കപ്പെടുന്ന ഒരു സംഗീതഗുണമല്ല. മുൻകൂട്ടി നിശ്ചയിച്ച ഒരു വൃത്തത്തിന്റെ ആവർത്തനം മാത്രവുമല്ല. ഭാഷ ക്രമാനുഗതമായി സംഭവിക്കുകയും, വായനയിൽ സമയം സൃഷ്ടിക്കുകയും, പ്രതീക്ഷയും വ്യതിയാനവും രൂപപ്പെടുകയും, അർത്ഥം ഒരു അനുഭവമായി വായനക്കാരന് ലഭിക്കുകയും ചെയ്യുന്ന രീതിയുടെ അടിസ്ഥാനഘടനയാണ് താളം. വൃത്തമുക്ത കവിതയുടെ ആന്തരിക താളത്തെ തിരിച്ചറിയുക എന്നത് അതിനാൽ അതിൽ ഒരു പരിചിതമായ വൃത്തമുണ്ടോ എന്ന് അന്വേഷിക്കുകയല്ല; ഭാഷ അതിൻ്റെ ചലനശേഷിയെ എങ്ങനെ സൃഷ്ടിക്കുന്നു എന്ന് തിരിച്ചറിയുകയാണ്.
കവിതയാകാൻ വേണ്ട ഭാവന എന്താണ്?

കവിതയാകാൻ വേണ്ട ഭാവന എന്താണ്?

കവിയെ കവിയാക്കുന്ന പ്രധാന ശേഷികളിലൊന്നാണ് ഭാവനയെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ‘ഭാവനാശാലിയായ കവി’ എന്നു പറയുമ്പോൾ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നത്? ഇല്ലാത്ത കാര്യങ്ങളെ സങ്കൽപ്പിക്കാൻ കഴിയുന്നതാണോ കവിയുടെ ഭാവന? അസാധാരണമായ ദൃശ്യങ്ങളും വിചിത്രമായ സംഭവങ്ങളും സൃഷ്ടിക്കാനുള്ള കഴിവാണോ അതിന്റെ അളവുകോൽ? അങ്ങനെ കരുതിയാൽ കവിതയിലെ ഭാവനയുടെ വലിയൊരു മേഖല നമ്മൾ കാണാതെ പോകും. കാരണം കവിതയിൽ ഭാവന പ്രവർത്തിക്കുന്നത് യാഥാർത്ഥ്യത്തിൽനിന്ന് അകന്ന് ഒരു സങ്കൽപ്പലോകം നിർമ്മിക്കുന്നതിലൂടെ മാത്രമല്ല. പരിചിതമായ യാഥാർത്ഥ്യത്തെ മറ്റൊരു രീതിയിൽ കാണാനും അനുഭവിക്കാനും അതിനുള്ളിൽ ഇതുവരെ ശ്രദ്ധിക്കപ്പെടാത്ത സാധ്യതകൾ കണ്ടെത്താനും കഴിയുന്നതിലൂടെയാണ് ആ പ്രവർത്തനം.

കവിയുടെ ഭാവനയെ സാധാരണ സങ്കൽപ്പശേഷിയായി മാത്രം കാണാനാവില്ല. ഇന്ദ്രിയാനുഭവം, ഓർമ്മ, അറിവ്, വികാരം, ഭാഷ എന്നിവയിൽനിന്ന് ലഭിക്കുന്ന കാര്യങ്ങളെ മനസ്സിൽ പുനഃസംഘടിപ്പിക്കുകയും അവയിൽനിന്ന് നേരിട്ട് മുന്നിലുള്ളതിലപ്പുറമുള്ള അനുഭവമോ ദൃശ്യമോ അർത്ഥസാധ്യതയോ സൃഷ്ടിക്കുകയും ചെയ്യുന്ന സൃഷ്ടിപരമായ മാനസികശേഷിയാണ് കവിയുടെ ഭാവന. ഈ അർത്ഥത്തിൽ ഭാവന യാഥാർത്ഥ്യത്തിന്റെ എതിരാളിയല്ല. യാഥാർത്ഥ്യത്തെ മറ്റൊരു ആഴത്തിൽ ഗ്രഹിക്കാനുള്ള മാർഗമാണ്.

ഇവിടെ നിരീക്ഷണവും ഭാവനയും തമ്മിലുള്ള വ്യത്യാസം പ്രധാനമാണ്. നിരീക്ഷണം എന്താണ് മുന്നിലുള്ളത് എന്ന് ശ്രദ്ധിക്കുന്ന കഴിവാണെങ്കിൽ, ഭാവന അതിനെ അതിന്റെ പ്രത്യക്ഷരൂപത്തിനപ്പുറം വികസിപ്പിക്കുന്ന കഴിവാണ്. ഒരു മാവ് കല്ലേറ് കൊള്ളുന്നത് കാണുന്നത് നിരീക്ഷണമാണ്. എന്നാൽ ‘കായ്ച്ചു എന്ന ഒറ്റ കുറ്റത്തിന് ഒരു മാവ് ഏറുകൊള്ളുകയാണ്’ എന്ന ചിന്തയിലേക്ക് ആ ദൃശ്യം നീളുമ്പോൾ ഭാവന പ്രവർത്തിക്കുന്നു. മാവിന്റെ സ്വാഭാവികമായ കായ്ക്കലിനെ ‘കുറ്റം’ എന്ന മനുഷ്യന്റെ നൈതികഭാഷയിലേക്ക് മാറ്റുന്നതോടെ ഒരു സാധാരണ ദൃശ്യം മറ്റൊരു അനുഭവമായി മാറുന്നു. ഇവിടെ പുതിയൊരു സംഭവം സൃഷ്ടിക്കപ്പെട്ടിട്ടില്ല. നിലവിലുള്ള സംഭവത്തിന്റെ അനുഭവപരമായ അർത്ഥം മാറിയിരിക്കുന്നു.

അതുകൊണ്ട് കവിയുടെ ഭാവന പലപ്പോഴും വസ്തുവിന്റെ രൂപം മാറ്റുന്നതിനു മുമ്പ് അതിനെ കാണുന്ന രീതിയാണ് മാറ്റുന്നത്. മഴ എല്ലാവരും കാണുന്നു. മഴയെ കണ്ണീരിനോട് ഉപമിക്കുന്നതുകൊണ്ട് മാത്രം ഭാവനയുടെ പുതുമ ഇനി തെളിയണമെന്നില്ല. എന്നാൽ മഴ വീടുകൾക്കിടയിൽ അഴിയിട്ട് മനുഷ്യരെ അകറ്റുന്നതായി കാണുകയോ, ഒരു കുടുംബത്തിന്റെ ബന്ധങ്ങളിൽ മഴ സൃഷ്ടിക്കുന്ന മാറ്റങ്ങളെ അനുഭവത്തിന്റെ ഭാഗമായി തിരിച്ചറിയുകയോ ചെയ്യുമ്പോൾ സാധാരണ കാഴ്ച മറ്റൊരു അർത്ഥത്തിലേക്ക് നീങ്ങുന്നു. ഇവിടെ പുതിയൊരു മഴ സൃഷ്ടിക്കുകയല്ല, മഴയ്ക്കുള്ളിൽ മറ്റൊരു അനുഭവസാധ്യത കണ്ടെത്തുകയാണ്.

എന്നാൽ ഭാവനയെ ‘ഉള്ളതിനെ മറ്റൊരു രീതിയിൽ കാണൽ’ എന്നതിൽ മാത്രം ഒതുക്കുന്നതും ശരിയല്ല. ഇല്ലാത്തതിനെ സങ്കൽപ്പിക്കാനുള്ള കഴിവും ഭാവനയുടെ അടിസ്ഥാന പ്രവർത്തനങ്ങളിലൊന്നാണ്. നേരിട്ട് അനുഭവിക്കാത്ത ഒരു ലോകം, സംഭവിക്കാത്ത ഒരു സംഭവം, നിലവിലില്ലാത്ത ഒരു കഥാപാത്രം, ഭാവിയിൽ സംഭവിക്കാവുന്ന ഒരു സാഹചര്യം എന്നിവ മനസ്സിൽ നിർമ്മിക്കാനുള്ള കഴിവും അതിന്റെ ഭാഗമാണ്. എന്നാൽ അത്തരം സങ്കൽപ്പങ്ങളും ശൂന്യതയിൽനിന്ന് ഉണ്ടാകുന്നില്ല. ഓർമ്മ, അനുഭവം, വായന, ഭാഷ, സാമൂഹിക യാഥാർത്ഥ്യം, ശരീരാനുഭവം, വികാരം എന്നിവയിൽനിന്നുള്ള കാര്യങ്ങളാണ് പലപ്പോഴും പുതിയ രൂപത്തിൽ പുനഃസംഘടിക്കപ്പെടുന്നത്.

സാമുവൽ ടെയ്‌ലർ കൊളറിഡ്ജിന്റെ ഭാവനാസങ്കൽപ്പം ഇവിടെ പ്രസക്തമാണ്. ഭാവനയെ അദ്ദേഹം മനുഷ്യന്റെ ഗ്രഹണപ്രവർത്തനത്തിന്റെ അടിസ്ഥാനശക്തിയായി കാണുകയും, കലാസൃഷ്ടിയുമായി ബന്ധപ്പെട്ട് ‘secondary imagination’ എന്ന ആശയത്തെ മുന്നോട്ടുവെക്കുകയും ചെയ്തു. ലഭിച്ച അനുഭവത്തെ പുനഃസൃഷ്ടിക്കുകയും ഏകീകരിക്കുകയും ചെയ്യുന്ന സജീവമായ പ്രവർത്തനമായാണ് അദ്ദേഹം സെക്കൻഡറി ഇമേജിനേഷനെ വിശദീകരിച്ചത്. അതിന്റെ പ്രവർത്തനം യാഥാർത്ഥ്യത്തെ പകർത്തുന്നതിലല്ല, അതിനെ പുനഃസൃഷ്ടിക്കുന്നതിലാണ്.

ഇതിൽനിന്ന് ഭാവനയുടെ രണ്ട് പ്രധാന പ്രവർത്തനങ്ങൾ വേർതിരിക്കാം: ഇല്ലാത്തതിനെ സങ്കൽപ്പിക്കുക, ഉള്ളതിൽ ഇതുവരെ കാണാത്തതിനെ കണ്ടെത്തുക. ആദ്യത്തേത് സങ്കൽപ്പത്തിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെങ്കിൽ രണ്ടാമത്തേത് കാവ്യദർശനവുമായി കൂടുതൽ അടുത്തുനിൽക്കുന്നു. മികച്ച കവിതയിൽ ഇവ പരസ്പരം വേർതിരിക്കാനാവാത്തവിധം പ്രവർത്തിക്കുകയും ചെയ്യും. ചിലപ്പോൾ യാഥാർത്ഥ്യത്തിൽനിന്ന് ഒരു പുതിയ ലോകം സൃഷ്ടിക്കപ്പെടും. ചിലപ്പോൾ അതേ യാഥാർത്ഥ്യം മറ്റൊരു വെളിച്ചത്തിൽ പ്രത്യക്ഷപ്പെടും.

എസ്. ജോസഫിന്റെ ‘പെങ്ങളുടെ ബൈബിൾ’ രണ്ടാമത്തെ ഭാവനയുടെ ശ്രദ്ധേയമായ ഉദാഹരണമാണ്. കവിതയിൽ പെങ്ങളുടെ ബൈബിളിലുള്ളവയായി കുത്തുവിട്ട റേഷൻകാർഡ്, കടംവായ്പയ്ക്കുള്ള അപേക്ഷാഫോറം, ബ്ലേഡുകാരുടെ കാർഡ്, ആറാട്ടിന്റെയും പെരുന്നാളിന്റെയും നോട്ടീസുകൾ, ആങ്ങളയുടെ കുട്ടിയുടെ ഫോട്ടോ, കുട്ടിത്തൊപ്പി തയ്ക്കുന്നവിധം കുറിച്ച കടലാസ്, നൂറുരൂപ നോട്ട്, എസ്.എസ്.എൽ.സി. ബുക്ക് എന്നിവ വരുന്നു. ഇല്ലാത്തവയായി ആമുഖം, പഴയനിയമം, പുതിയനിയമം, ഭൂപടങ്ങൾ, ചുവന്ന പുറംചട്ട എന്നിവയും.

ഈ വസ്തുക്കളൊന്നും അസാധാരണമായ സങ്കൽപ്പവസ്തുക്കളല്ല. അവ ദൈനംദിന ജീവിതത്തിലെ സാധാരണ വസ്തുക്കളാണ്. എന്നാൽ അവയെ ‘പെങ്ങളുടെ ബൈബിൾ’ എന്ന സങ്കൽപ്പത്തിനുള്ളിൽ കാണുമ്പോൾ അവയുടെ അർത്ഥപരിസരം മാറുന്നു. മതഗ്രന്ഥത്തിന്റെ സ്ഥാനത്ത് റേഷൻകാർഡും കടംവായ്പാ ഫോറവും നൂറുരൂപ നോട്ടും വരുന്നു. വിശുദ്ധഗ്രന്ഥത്തിന്റെ സ്ഥാനത്ത് ഒരു സ്ത്രീയുടെ സാമ്പത്തികവും സാമൂഹികവും കുടുംബപരവുമായ ജീവിതത്തിന്റെ രേഖകൾ പ്രത്യക്ഷപ്പെടുന്നു. പുതിയൊരു ലോകം സൃഷ്ടിക്കുന്നതിനേക്കാൾ, നിലവിലുള്ള ഒരു ജീവിതലോകത്തെ മറ്റൊരു ബോധരൂപത്തിൽ കാണുകയാണ് ഇവിടെ ഭാവന ചെയ്യുന്നത്.

‘പെങ്ങളുടെ ബൈബിൾ’ എന്ന പേരും അതിനുശേഷമുള്ള പട്ടികയും തമ്മിലുള്ള ബന്ധത്തിലാണ് ഈ ഭാവനയുടെ ശക്തി. ഒരു റേഷൻകാർഡ് ഇതോടെ വെറും റേഷൻകാർഡല്ല. ജീവിതസാഹചര്യത്തിന്റെ രേഖയാണ്. നൂറുരൂപ നോട്ട് വെറും പണമല്ല. ഒരു സാമ്പത്തിക ജീവിതത്തിന്റെ അടയാളമാണ്. ഇവിടെ കവിത വസ്തുക്കളെ മാറ്റുന്നില്ല. അവയെ കാണുന്ന അർത്ഥപരിസരമാണ് മാറ്റുന്നത്.

റാബിയ അൽ-ഒസൈമിയുടെ ‘ഫാമിലിഫോട്ടോ’യിലും സമാനമായ ഭാവനാപ്രവർത്തനം കാണാം. ഒരു കുടുംബഫോട്ടോയിൽ ആരൊക്കെ എവിടെ നിൽക്കുന്നു എന്നത് പുറമേ കാണുന്ന ദൃശ്യമാണ്. എന്നാൽ കവിത ആ സ്ഥാനക്രമത്തെ കുടുംബം, പേര്, പിതൃവംശം, സ്ത്രീയുടെ സ്ഥാനം എന്നിവയുമായി ബന്ധിപ്പിക്കുന്നു. ബാപ്പയോടും പിന്നീട് ഉമ്മയോടും ഒരേ ആശയം ബന്ധിപ്പിക്കുന്നതിലൂടെ ഫോട്ടോയിൽ നേരിട്ട് കാണാത്ത ഒരു സാമൂഹിക ദൃശ്യം വായനക്കാരന്റെ മുന്നിൽ രൂപപ്പെടുന്നു. ഇവിടെ ഫോട്ടോയ്ക്ക് പുറത്തുനിന്ന് ഒരു സിദ്ധാന്തം കൂട്ടിച്ചേർക്കുന്നതിലല്ല കവിതയുടെ ശക്തി. ഫോട്ടോയെ മറ്റൊരു രീതിയിൽ കാണാൻ പ്രേരിപ്പിക്കുന്നതിലാണ്.

നിക്കാനോർ പാർറയുടെ “United States: the country where liberty is a statue” എന്ന വരിയും ഇതേ പ്രവർത്തനത്തെ കാണിക്കുന്നു. ‘സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയിലാണ്’ എന്നത് ഒരു വസ്തുതയാണ്. എന്നാൽ ‘സ്വാതന്ത്ര്യം ഒരു പ്രതിമയായിരിക്കുന്ന രാജ്യം’ എന്ന് പറയുമ്പോൾ വസ്തുത മാറുന്നില്ല; അതിനെ കാണുന്ന ബോധമാണ് മാറുന്നത്. ‘സ്വാതന്ത്ര്യം’ എന്ന ആശയവും അതിന്റെ പ്രതീകമായ ‘പ്രതിമ’യും ഒരേ വാക്യത്തിൽ വരുമ്പോൾ അവയ്ക്കിടയിലെ ബന്ധത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്നു. ഇവിടെ വസ്തുതയെ കവിത വേറെ സൃഷ്ടിക്കുന്നില്ല. വസ്തുതയുടെ മറ്റൊരു അനുഭവസാധ്യതയാണ് സൃഷ്ടിക്കുന്നത്.

ഈ കവിതകളെ മുൻനിർത്തി ഒരു പ്രധാനപ്പെട്ട വിമർശനാത്മക കാഴ്ചപ്പാട് ഉന്നയിക്കാവുന്നതാണ്. അസാധാരണമായ ഭാവനയോ സർറിയൽ ഇമേജറിയോ പ്രത്യക്ഷപ്പെടുന്നതുകൊണ്ട് മാത്രമാണോ ഒരു കവി ഭാവനാശാലിയാകുന്നത്? അതിനുത്തരം അല്ല എന്നാണെന്ന് മേൽപ്പറഞ്ഞ കവിതകൾ തെളിയിക്കുന്നു.

യാഥാർത്ഥ്യത്തെ നേരിട്ട് സമീപിക്കുന്ന ചില കവിതകൾ ചിലപ്പോൾ കവിതയായി അനുഭവപ്പെടാതെ പോകാം. ഭാഷ വെറും പ്രസ്താവനയായി തോന്നാം. അനുഭവം വിശദീകരണമായി ചുരുങ്ങാം. ആശയം കവിതയെക്കാൾ മുന്നിൽ നിൽക്കാം. അത്തരം സാഹചര്യത്തിൽ കവിതയെ ‘കവിതയായി തോന്നിക്കാൻ’ അതിഭാവനാപരമായ രൂപകങ്ങളും അപ്രതീക്ഷിതമായ ദൃശ്യങ്ങളും സർറിയൽ ഇമേജറിയും ചേർക്കുന്ന ഒരു രചനാരീതി കാണാം. യാഥാർത്ഥ്യത്തിന്റെ മുകളിൽ അസാധാരണമായ ദൃശ്യങ്ങളുടെ പാളി സ്ഥാപിച്ചാൽ കവിതയ്ക്ക് ഉടൻ കാവ്യാത്മകത ലഭിക്കുമെന്ന ധാരണയാണ് അതിനു പിന്നിൽ.

ഇവിടെ ഭാവനയും ഭാവനയുടെ ശൈലീചിഹ്നരൂപവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം. സർറിയൽ ഇമേജറി ഭാവനയുടെ ഒരു സാധുവായ രൂപമാണ്. എന്നാൽ ഒരു വാങ്മയം സർറിയലാണെന്നതുകൊണ്ട് മാത്രം അതിൽ ഭാവനയുടെ സൃഷ്ടിപരമായ ശക്തിയുണ്ടെന്ന് പറയാനാവില്ല. സർറിയലിസം തന്നെ സ്വപ്നം, അബോധം, യുക്തിയുടെ നിയന്ത്രണത്തിൽനിന്നുള്ള മോചനം, സ്വതന്ത്രമായ മാനസിക ബന്ധങ്ങൾ എന്നിവയെ അന്വേഷണവിധേയമാക്കിയ ചരിത്രപരമായ കലാപ്രസ്ഥാനമാണ്.

സർറിയൽ ശൈലി അനുകരിക്കുന്നതും സർറിയൽ ഭാവന പ്രവർത്തിക്കുന്നതും ഒരേകാര്യമല്ല. ഒരു സാധാരണ പ്രസ്താവനയ്ക്ക് കാവ്യാത്മകത നൽകാൻ പുറത്തുനിന്ന് ഒരു വിചിത്രമായ രൂപകം ഒട്ടിച്ചുവെച്ചാൽ അത് ഭാവനയുടെ ആന്തരിക പ്രവർത്തനമല്ല. കവിതയായി തോന്നിപ്പിക്കുന്ന കൗശലം മാത്രമാണ്. അവ നീക്കം ചെയ്താലും കവിതയുടെ അടിസ്ഥാന അനുഭവത്തിൽ മാറ്റമൊന്നും സംഭവിക്കുന്നില്ലെങ്കിൽ, ആ വാങ്മയം കവിതയുടെ അർത്ഥനിർമ്മാണത്തിൽ നിർണായകമായ ഇടപെടൽ നടത്തുന്നില്ലെന്ന് സംശയിക്കാം.

ഉദാഹരണത്തിന്, ദുഃഖത്തെക്കുറിച്ച് നേരിട്ട് പറയുന്ന ഒരു കവിതയ്ക്ക് ‘എന്റെ ദുഃഖം ആകാശത്തിന്റെ അസ്ഥികളിൽ വളരുന്ന കറുത്ത പൂവാണ്’ എന്ന തരത്തിലുള്ള ഒരു വാങ്മയ ചിത്രം ചേർത്താൽ വാക്യം ഉടൻ കാവ്യാത്മകമായി തോന്നാം. എന്നാൽ ആ ചിത്രം ദുഃഖത്തെക്കുറിച്ചുള്ള അനുഭവത്തെ യഥാർത്ഥത്തിൽ വികസിപ്പിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ചിത്രം മാറ്റിനിർത്തിയാൽ കവിതയുടെ അനുഭവം അടിസ്ഥാനപരമായി അതേപടി തുടരുകയാണെങ്കിൽ, അത് ഭാവനയുടെ സൃഷ്ടിയേക്കാൾ കാവ്യാത്മകതയുടെ പുറംമോടി ആയിരിക്കാം.

അതുകൊണ്ട് ‘കവിതയായി തോന്നുക’ എന്നതും ‘കവിതയായിരിക്കുക’ എന്നതും വേർതിരിക്കേണ്ടതുണ്ട്. അപൂർവമായ വാക്കുകൾ, സങ്കീർണ്ണമായ രൂപകങ്ങൾ, സർറിയൽ ദൃശ്യങ്ങൾ, അസാധാരണമായ ഉപമകൾ എന്നിവ വായനക്കാരിൽ ഉടനടി കാവ്യാത്മകതയുടെ പ്രതീതി സൃഷ്ടിച്ചേക്കാം. പക്ഷേ അവയ്ക്ക് പിന്നിൽ അനുഭവത്തെ പുനഃസംഘടിപ്പിക്കുന്ന ഒരു ഭാവനാപ്രവർത്തനം ഇല്ലെങ്കിൽ ആ പ്രതീതി ഉപരിതലത്തിൽ മാത്രമേ നിലനിൽക്കൂ.

ഇതിനെ അടിസ്ഥാനമാക്കി കവിതയിലെ ഇമേജറിയെക്കുറിച്ച് ലളിതമായ ചോദ്യങ്ങൾ ഉന്നയിക്കാം: ഈ വാങ്മയചിത്രം എന്താണ് പുതുതായി കാണിക്കുന്നത്? അത് അനുഭവത്തിന്റെ അർത്ഥം മാറ്റുന്നുണ്ടോ? കവിതയിൽനിന്ന് അത് നീക്കം ചെയ്താൽ എന്താണ് നഷ്ടപ്പെടുന്നത്? ഇമേജ് അനുഭവത്തിൽനിന്ന് അനിവാര്യമായി വളർന്നുവന്നതാണോ, അതോ കവിതയായി തോന്നിപ്പിക്കാൻ പിന്നീട് ചേർത്തതാണോ? ഒരു സർറിയൽ ചിത്രം എത്ര വിചിത്രമാണ് എന്നതിനെക്കാൾ, ആ വിചിത്രത അനുഭവത്തെ എത്രമാത്രം പുതുതായി കാണാൻ സഹായിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഇതുവെച്ച് സർറിയൽ ഇമേജറിയെ തന്നെ നിരാകരിക്കേണ്ടതില്ല. ചില അനുഭവങ്ങളെ നേരിട്ടുള്ള യാഥാർത്ഥ്യവിവരണത്തിലൂടെ ആവിഷ്കരിക്കാനാവില്ല. സ്വപ്നം, ഭയം, ട്രോമ, അബോധം, വിഘടിപ്പിക്കപ്പെട്ട അനുഭവം, അസംബന്ധമായ സാമൂഹിക യാഥാർത്ഥ്യം തുടങ്ങിയവയുടെ സ്വഭാവം തന്നെ യുക്തിക്രമത്തെ തകർത്തതായിരിക്കാം. അത്തരം സന്ദർഭങ്ങളിൽ സർറിയൽ ഇമേജറി അനുഭവത്തോട് കൂടുതൽ വിശ്വസ്തമായ ഭാഷയായി മാറാം. ഗിയോർഗ് ട്രാക്ൾ, പോൾ സെലാൻ എന്നിവരുടെ കവിതകളിൽ നമ്മൾ അനുഭവിക്കുന്നത് അതാണ്. അതിനാൽ പ്രശ്നം സർറിയൽ ഇമേജറിയിലല്ല. അത് അനുഭവത്തിന്റെ അനിവാര്യമായ രൂപമാണോ, അതോ കാവ്യാത്മകതയുടെ അനുകരണമാണോ എന്നതിലാണ്.

ഇവിടെ ‘പെങ്ങളുടെ ബൈബിൾ’ പോലുള്ള കവിതകൾ വീണ്ടും പ്രസക്തമാകുന്നു. അതിൽ അസാധാരണമായ സർറിയൽ ദൃശ്യങ്ങളൊന്നുമില്ല. എന്നിട്ടും കവിത ശക്തമാണ്. കാരണം അതിന്റെ കാവ്യഭാവനയ്ക്ക് വിചിത്രമായ ചിത്രങ്ങളുടെ സഹായം ആവശ്യമില്ല. സാധാരണ വസ്തുക്കളെ മറ്റൊരു ബോധരൂപത്തിൽ കാണാനുള്ള ശേഷി തന്നെ അവിടെ മതിയാകുന്നു. അതിനാൽ കാവ്യഭാവനയുടെ തീവ്രതയും ഇമേജറിയുടെ തീവ്രതയും ഒരേ കാര്യമല്ല. വലിയ ഇമേജറി ഉണ്ടായിരിക്കാം, പക്ഷേ ഭാവന ദുർബലമായിരിക്കാം. വളരെ ലളിതമായ ഭാഷയായിരിക്കാം, പക്ഷേ ഭാവന അതീവ ശക്തമായിരിക്കാം.

ഇവിടെയാണ് യാഥാർത്ഥ്യബോധമുള്ള കവിതയെക്കുറിച്ചുള്ള മറ്റൊരു മുൻവിധിയും ഒഴിവാക്കേണ്ടത്. യാഥാർത്ഥ്യത്തെ നേരിട്ട് സമീപിക്കുന്ന കവിത കവിതയല്ല എന്നല്ല. മറിച്ച് യാഥാർത്ഥ്യത്തിന്റെ ഏറ്റവും ലളിതമായ വിവരണത്തിനുള്ളിലും ശക്തമായ ഭാവന പ്രവർത്തിക്കാം. ഒരു വസ്തുവിനെ അതിന്റെ ശരിയായ പേരിൽ വിളിക്കുന്നത് പോലും ചിലപ്പോൾ വലിയ കാവ്യപ്രവർത്തനമാകാം, അതിലൂടെ പതിവായി മറച്ചുവെച്ചിരുന്ന യാഥാർത്ഥ്യം ദൃശ്യമാകുന്നുവെങ്കിൽ. അതിനാൽ കവിതയുടെ കാവ്യാത്മകത യാഥാർത്ഥ്യത്തിൽനിന്നുള്ള അകലത്തിന്റെ അളവിൽ നിർണയിക്കപ്പെടുന്നില്ല.

ഇതിലൂടെ ഭാവനയെ ഒരു ശൈലിയായി കാണാനാവില്ലെന്ന് വ്യക്തമാകുന്നു. അത് സർറിയലിസമല്ല, രൂപകങ്ങളുടെ എണ്ണം കൂട്ടുന്ന ഭാഷയുമല്ല, വിചിത്രമായ ദൃശ്യങ്ങളുടെ സമാഹാരവുമല്ല. ഭാവന ഒരു രചനാശൈലിക്ക് മുമ്പുള്ള സൃഷ്ടിപരമായ ബോധപ്രവർത്തനമാണ്. യാഥാർത്ഥ്യത്തെ എങ്ങനെ കാണുന്നു, അനുഭവത്തെ എങ്ങനെ പുനഃസംഘടിപ്പിക്കുന്നു, ഏത് സാധ്യതയെ തിരിച്ചറിയുന്നു, അതിനെ ഏതു രൂപത്തിൽ ഭാഷയാക്കുന്നു എന്നതിലാണ് അതിന്റെ സ്വഭാവം.

എന്നാൽ ഭാവനയിൽ സംഭവിക്കുന്നതെല്ലാം കവിതയാകുന്നില്ല. മനസ്സിൽ അതിശയകരമായ ഒരു ദൃശ്യം രൂപപ്പെടാം. അത് ഭാഷയിൽ രൂപപ്പെടാതെ സ്വകാര്യ അനുഭവമായി തന്നെ ശേഷിക്കാം. അതിനാൽ ഭാവനയ്ക്ക് പിന്നാലെ ഭാഷയിലൂടെയുള്ള പുനർനിർമ്മാണം ആവശ്യമാണ്. കവിതാഭാഷ ഭാവനയുടെ കേവല മൊഴിമാറ്റമല്ല. മനസ്സിൽ രൂപപ്പെട്ട കാഴ്ചയെ വാക്കുകളിലേക്ക് മാറ്റുമ്പോൾ അതിന് വീണ്ടും രൂപം ലഭിക്കുന്നു. ഏത് വാക്ക് ഉപയോഗിക്കണം, എന്ത് ഒഴിവാക്കണം, എവിടെ നിർത്തണം, ഏത് ദൃശ്യം ആദ്യം വരണം, എന്ത് ആവർത്തിക്കണം—ഇവയെല്ലാം ഭാവനയെ വായനക്കാരന് അനുഭവപ്പെടുന്ന രൂപത്തിലാക്കുന്നു.

അതുകൊണ്ട് കാവ്യപ്രക്രിയയെ അനുഭവത്തിൽനിന്ന് നേരിട്ട് ഭാഷയിലേക്കുള്ള കൈമാറ്റമായി കാണാനാവില്ല. അനുഭവത്തിൽ നിന്നും ഭാവനയിലേക്കും ഭാവനയിൽ നിന്നും ഭാഷയിലേക്കും അവിടെ നിന്നും വായനക്കാരന്റെ ഭാവനയിലേക്കുമുള്ള സഞ്ചാരമാണ് കവിതയുടെ കൂടുതൽ കൃത്യമായ പ്രക്രിയ. കവിയുടെ സ്വകാര്യ അനുഭവത്തിൽ ആരംഭിക്കുന്ന ഭാവന ഭാഷയിലൂടെ മറ്റൊരു മനസ്സിൽ പുനർനിർമ്മിക്കപ്പെടുമ്പോഴാണ് അതിന് കാവ്യാനുഭവത്തിന്റെ പൂർണത ലഭിക്കുന്നത്.

ഇവിടെ വായനക്കാരന്റെ ഭാവനയ്ക്കും നിർണായക സ്ഥാനമുണ്ട്. കവിത ഒരു ദൃശ്യം അതേപടി കൈമാറുന്നില്ല. വായനക്കാരന്റെ ഓർമ്മകളും അനുഭവങ്ങളും അറിവുകളും പ്രവർത്തിപ്പിക്കാനുള്ള സൂചനകളും ഇടങ്ങളും നൽകുന്നു. എല്ലാം പറഞ്ഞുതീർത്താൽ വായനക്കാരന്റെ ഭാവനയ്ക്ക് പ്രവർത്തിക്കാൻ ഇടം കുറയും. ചില കാര്യങ്ങൾ മാത്രം മുന്നിൽവെച്ച് അവയ്ക്കിടയിൽ അർത്ഥസാധ്യതകൾ തുറന്നിടുമ്പോൾ വായനക്കാരൻ കവിതയുടെ സഹസ്രഷ്ടാവായി മാറുന്നു. അതിനാൽ കവിയുടെ ഭാവനയുടെ ഒരു പ്രധാന അളവുകോൽ എത്രമാത്രം സങ്കൽപ്പിച്ചു എന്നതിലുപരി, വായനക്കാരന്റെ ഭാവനയ്ക്ക് എത്രമാത്രം പ്രവർത്തനസാധ്യത സൃഷ്ടിച്ചു എന്നതുമാണ്.

കവിയുടെ ഭാവനയെ വ്യക്തിഗത മാനസിക കഴിവായി മാത്രം കാണുന്നതും അതിനാൽ പര്യാപ്തമല്ല. അത് സാമൂഹികവും ഭാഷാപരവുമായ കഴിവുകൂടിയാണ്. അനുഭവം, ഓർമ്മ, വായന, സംസ്കാരം, ഭാഷ, സാമൂഹികസ്ഥാനം തുടങ്ങിയവയിലൂടെയാണ് ലോകത്തെ കാണുന്ന രീതി രൂപപ്പെടുന്നത്. അതുകൊണ്ട് ഒരേ വസ്തുവിനെ വ്യത്യസ്ത കവിതകൾ വ്യത്യസ്തമായി കാണിച്ചേക്കാം. ഭാവനയുടെ വ്യത്യാസം സങ്കൽപ്പിക്കുന്ന വിചിത്ര കാര്യങ്ങളുടെ എണ്ണത്തിലല്ല. അനുഭവലോകം യാഥാർത്ഥ്യത്തെ എങ്ങനെ പുനഃസംഘടിപ്പിക്കുന്നു എന്നതിലാണ്.

‘ഭാവനാശാലിയായ കവി’ എന്നതിനെ ‘കൂടുതൽ കാര്യങ്ങൾ സങ്കൽപ്പിക്കുന്ന കവി’ എന്ന നിലയിൽ മാത്രം നിർവചിക്കാനാവില്ല. ഒരു സാധാരണ വസ്തുവിൽ മറ്റൊരു ജീവിതം കാണാനും, സാധാരണ സംഭവത്തിൽ മറ്റൊരു അർത്ഥാനുഭവം കണ്ടെത്താനും, മുമ്പ് സൂചിപ്പിച്ച കവിതകളിലെന്നപോലെ കുടുംബഫോട്ടോയിൽ ഒരു സാമൂഹിക ഘടന തിരിച്ചറിയാനും, ഒരു വസ്തുതയിൽ രാഷ്ട്രീയ വൈരുധ്യം അനുഭവിപ്പിക്കാനും കഴിയുന്ന സൃഷ്ടിപരമായ ശേഷിയാണ് ഇവിടെ പ്രധാനം. എന്നാൽ അതിലും പ്രധാനമായി, ആ വ്യത്യസ്തമായ കാഴ്ചയെ ഭാഷയിലൂടെ വായനക്കാരന്റെ ബോധത്തിലും സജീവമാക്കേണ്ടതുണ്ട്.

അതുകൊണ്ട് കവിതയിൽ കാണുന്ന അസാധാരണമായ ഇമേജറിയെ ഭാവനയുടെ അന്തിമ തെളിവായി കാണേണ്ടതില്ല. ഒരു ചിത്രം വിചിത്രമാണെന്നതുകൊണ്ട് മാത്രം അത് ഭാവനാസമ്പന്നമാകുന്നില്ല. ഒരു രൂപകം പുതുമയുള്ളതാണെന്നതുകൊണ്ട് മാത്രം അത് കവിതാപരമായി ആവശ്യമായതുമാകുന്നില്ല. ഭാവനയുടെ യഥാർത്ഥ പരീക്ഷണം വാങ്മയം എത്ര അസാധാരണമാണ് എന്നതിലല്ല; അത് അനുഭവത്തെ എത്രമാത്രം മാറ്റിക്കാണിക്കുന്നു എന്നതിലാണ്. അനുഭവത്തെ കൂടുതൽ ആഴത്തിൽ തുറക്കുന്ന ഇമേജറിയിലാണ് കാവ്യഭാവന പ്രവർത്തിക്കുന്നത്. കവിതയായി തോന്നിപ്പിക്കാൻ മാത്രം ചേർക്കുന്ന ഇമേജറി അതിന്റെ മാറ്റൊലിയാണ്.

അതിനാൽ കവിയുടെ ഭാവനയെ നിർവചിക്കേണ്ടിവന്നാൽ, അത് ഇല്ലാത്തതിനെ സങ്കൽപ്പിക്കാനുള്ള കഴിവ് മാത്രമല്ല. ഉള്ളതിൽ ഇതുവരെ കാണാത്ത സാധ്യതയെ അനുഭവിക്കാനും, അതിനെ മനസ്സിൽ പുനഃസംഘടിപ്പിക്കാനും, ഭാഷയിലൂടെ മറ്റൊരു മനസ്സിന്റെ അനുഭവമാക്കാനും കഴിയുന്ന സൃഷ്ടിപരമായ ശേഷിയാണ്. കവിതയ്ക്ക് ലോകത്തിൽനിന്ന് അകന്ന് ഒരു സങ്കൽപ്പലോകം നിർമ്മിക്കാനും കഴിയും. എന്നാൽ അതിനേക്കാൾ ആഴത്തിലുള്ള കവിതാപ്രവർത്തനം പലപ്പോഴും ലോകത്തിനുള്ളിൽ തന്നെയുള്ള മറഞ്ഞ കാഴ്ചകളെ വെളിപ്പെടുത്തുന്നതിലാണ്.

ഭാവനാശാലിയായ കവിയുടെ പ്രത്യേകത കൂടുതൽ കാണാനും, പരിചിതമായതിൽനിന്ന് മറ്റൊരു സാധ്യത കണ്ടെത്താനും, ആ കാഴ്ചയെ ഭാഷയിലൂടെ മറ്റൊരു മനസ്സിലും സജീവമാക്കാനും കഴിയുന്നതിലാണ്. ഭാവന സ്വകാര്യമായ അനുഭവത്തിൽ ആരംഭിച്ചാലും കവിതയിൽ അതിന്റെ ലക്ഷ്യം അവിടെ അവസാനിക്കുന്നില്ല. മറ്റൊരു മനസ്സിൽ വീണ്ടും ജനിക്കുമ്പോഴാണ് അത് കാവ്യാനുഭവമായി പൂർണമാകുന്നത്.


അനുബന്ധം

പെ­ങ്ങ­ളു­ടെ ബൈ­ബിൾ

എസ്. ജോസഫ്

പെങ്ങളുടെ ബൈബിളിലുള്ളവ:
കുത്തുവിട്ട റേഷന്‍കാര്‍ഡ്
കടംവായ്പയ്ക്കുള്ള അപേക്ഷാഫോറം
ബ്ലേഡുകാരുടെ കാര്‍ഡ്
ആറാട്ടിന്റെയും പെരുന്നാളിന്റെയും നോട്ടീസുകള്‍
ആങ്ങളയുടെ കുട്ടിയുടെ ഫോട്ടോ
കുട്ടിത്തൊപ്പി തയ്ക്കുന്നവിധം കുറിച്ച കടലാസ്
ഒരു നൂറുരൂപ നോട്ട്
എസ്.എസ്.എല്‍.സി ബുക്ക്.

പെങ്ങളുടെ ബൈബിളില്‍ ഇല്ലാത്തവ:
ആമുഖം,
പഴയനിയമം, പുതിയനിയമം
ഭൂപടങ്ങള്‍
ചുവന്ന പുറംചട്ട.

ഫാ­മി­ലി­ഫോ­ട്ടോ

റാ­ബിയ അൽ-­ഒ­സൈ­മി

ഈ ഫോട്ടോയിൽ നടുക്കുനിൽക്കുന്നയാൾ
എന്റെ ബാപ്പയാണ്
അദ്ദേഹത്തിനൊരു കുടുംബമുണ്ടാക്കണമായിരുന്നു
തന്റെ പേര് നിലനിർത്താനും
അതിന്റെ ഫോട്ടോ ചുമരിൽ പതിക്കാനും.
ബാപ്പയുടെ പേര് ഏറെക്കാലം
കൊണ്ടുനടക്കാനാകാത്തതിനാൽ
എന്റെ വല്ലിത്ത
വലത്തേ അറ്റത്തായിരിക്കുന്നു.
എനിക്കുമത് സാധ്യമല്ലെന്നിരിക്കെ
ഇടത്തേ അറ്റത്തായി
ഞാനിരിക്കുന്നു.

ബാപ്പയെ പൊതിഞ്ഞുനിൽക്കുന്നവരാണ്
എന്റെ അഞ്ച് സഹോദരന്മാർ,
അവരിൽ അദ്ദേഹത്തിന്റെ പേര് നിലനിൽക്കും
എങ്കിലും ഒരുകൂട്ടം ആൺകുട്ടികളുടെ
സന്തതിപരമ്പരയ്ക്ക് പേറാൻതക്കതായ
ഭാരമൊന്നും ബാപ്പയുടെ പേരിനില്ല.

എന്റെ വല്ലിത്തയുടെ അടുത്തിരിക്കുന്നതാണ്
ഞങ്ങളുടെ ഉമ്മ.
പാവം. അവരെന്റെ ബാപ്പയെ നിക്കാഹ് കഴിച്ചു
അദ്ദേഹത്തിന് കുടുംബമുണ്ടാക്കണമായിരുന്നു
തന്റെ പേര് നിലനിർത്താനും
അതിന്റെ ഫോട്ടോ ചുമരിൽ പതിക്കാനും.
കവിതയെഴുതാൻ എത്രത്തോളം സ്വാതന്ത്ര്യമുണ്ട്?

കവിതയെഴുതാൻ എത്രത്തോളം സ്വാതന്ത്ര്യമുണ്ട്?

കവിതയെഴുതാൻ എത്രത്തോളം സ്വാതന്ത്ര്യമുണ്ട്? സർഗ്ഗാത്മകതയെക്കുറിച്ചുള്ള നമ്മുടെ ധാരണകളേറെയും സ്വാതന്ത്ര്യവുമായി ചേർന്നുനിൽക്കുന്നവയാണ്. നിയന്ത്രണമില്ലാതെ ഭാവന പ്രവർത്തിക്കുന്നതാണ് സർഗ്ഗാത്മകതയ്ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമെന്ന് പൊതുവെ കരുതുന്നു. അതുകൊണ്ടുതന്നെ കലാകൃത്തിന്റെ സ്വാതന്ത്ര്യം എന്തും ആവിഷ്കരിക്കാനും എങ്ങനെയും ആവിഷ്കരിക്കാനുമുള്ള സ്വാതന്ത്ര്യമായി മനസ്സിലാക്കപ്പെടുന്നു. കവിത എഴുതുന്ന പ്രവൃത്തിയെ മുൻനിർത്തി പരിശോധിച്ചാൽ ഇക്കാര്യത്തിൽ വൈരുദ്ധ്യം കാണാം. കവിതയിൽ സർഗ്ഗാത്മകത ഏറ്റവും തീവ്രമാകുന്ന സന്ദർഭങ്ങൾ പലപ്പോഴും കവി തന്റെ സ്വാതന്ത്ര്യത്തിന് പരിധി കണ്ടെത്തുമ്പോഴാണ്. എന്തും എഴുതാം എന്ന സാധ്യത കവിതയ്ക്ക് ആവശ്യമാണ്. പക്ഷേ എന്തും എഴുതാം എന്നതുകൊണ്ടുമാത്രം കവിതയുണ്ടാകുന്നില്ല. ആ വിശാലമായ സാധ്യതയിൽനിന്ന് എന്ത് തിരഞ്ഞെടുക്കണം, എന്ത് ഒഴിവാക്കണം, എവിടെ നിർത്തണം, എത്രമാത്രം പറയണം, എന്ത് പറയാതെ വിടണം എന്നീ തീരുമാനങ്ങളിലൂടെയാണ് കവിത രൂപപ്പെടുന്നത്. കവിതയിലെ സ്വാതന്ത്ര്യം സാധ്യതകളുടെ എണ്ണത്തെക്കാൾ സാധ്യതകൾക്കിടയിൽ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള കഴിവിലാണ്.

കവിത എഴുതിത്തുടങ്ങുന്ന നിമിഷത്തിൽ കവിക്കു മുന്നിൽ ഭാഷ മുഴുവനുമുണ്ട്. ഏതു വാക്കും ഉപയോഗിക്കാം. ഏതു രൂപവും സ്വീകരിക്കാം. എത്ര വരികൾ വേണമെങ്കിലും എഴുതാം. ഉപമ ഉപയോഗിക്കാം, വേണ്ടെന്നുവെക്കാം. ഒരു സംഭവം വിവരിക്കാം, ഒരു ദൃശ്യം മാത്രം നൽകാം, വിശദീകരിക്കാം, സൂചിപ്പിച്ചു നിർത്താം. എന്നാൽ പൂർത്തിയായ കവിതയിൽ ഈ സാധ്യതകളുടെ ചെറിയൊരു ഭാഗം മാത്രമേ ശേഷിക്കുന്നുള്ളൂ. ഒരു വാക്ക് തിരഞ്ഞെടുത്താൽ അതിനു പകരം വരാമായിരുന്ന മറ്റനേകം വാക്കുകൾ ഒഴിവാകുന്നു. ഒരു വരി ഇവിടെ അവസാനിപ്പിച്ചാൽ മറ്റിടങ്ങളിൽ അവസാനിപ്പിക്കാമായിരുന്ന സാധ്യതകൾ ഇല്ലാതാകുന്നു. ഒരു ബിംബം സ്വീകരിക്കുമ്പോൾ മറ്റനേകം ബിംബങ്ങൾ വേണ്ടെന്നുവെക്കപ്പെടുന്നു. കവിത അവസാനിപ്പിക്കുന്ന നിമിഷത്തിൽ അതിനുശേഷം എഴുതാമായിരുന്ന വരികൾ ഉപേക്ഷിക്കപ്പെടുന്നു. അതിനാൽ കവിത നിർമ്മിക്കപ്പെടുന്നത് എഴുതപ്പെട്ടവകൊണ്ടു മാത്രമല്ല; എഴുതാതിരിക്കാൻ തീരുമാനിച്ചവകൊണ്ടും കൂടിയാണ്. കവിക്ക് അനവധി സാധ്യതകൾ ലഭ്യമായിരിക്കാം, അതേസമയം അവയിൽ ഭൂരിഭാഗവും വേണ്ടെന്നുവെക്കാനും കഴിയണം. ഈ അർത്ഥത്തിൽ സർഗ്ഗാത്മക സ്വാതന്ത്ര്യം എന്തും തിരഞ്ഞെടുക്കാനുള്ള അവകാശം മാത്രമല്ല; തിരഞ്ഞെടുക്കാമായിരുന്ന ഒന്നിനെ വേണ്ടെന്നുവെക്കാനുള്ള ശേഷി കൂടിയാണ്.

നിയതമായ രൂപങ്ങളിൽ എഴുതുന്ന കവിതകൾ ഈ പ്രക്രിയയെ കൂടുതൽ വ്യക്തമാകുന്നു. വൃത്തം, താളം, പ്രാസം, വരികളുടെ എണ്ണം തുടങ്ങിയ നിബന്ധനകൾ കവിയുടെ ആദ്യ തിരഞ്ഞെടുപ്പുകളെ പലപ്പോഴും നിരസിക്കുന്നു. മനസ്സിൽ ആദ്യം വന്ന വാക്ക് രൂപത്തിൽ ചേരുന്നില്ലെങ്കിൽ മറ്റൊരു വാക്ക് അന്വേഷിക്കണം. അതിനനുസരിച്ച് വാക്യം മാറ്റേണ്ടിവരാം. വാക്യം മാറുമ്പോൾ അർത്ഥത്തിന്റെ ഊന്നലും മാറാം. ചിലപ്പോൾ ഈ മാറ്റം കവി ആദ്യം ആലോചിച്ചിട്ടില്ലാത്ത ബിംബത്തിലേക്കോ ആശയത്തിലേക്കോ നയിക്കുന്നു. ഇവിടെ നിയന്ത്രണം കവിയുടെ സാധ്യതകളെ കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്; സാധാരണഗതിയിൽ തിരഞ്ഞെടുക്കുമായിരുന്ന വഴി അടച്ച് മറ്റൊരു വഴി അന്വേഷിക്കാൻ നിർബന്ധിക്കുകയാണ്. അതുകൊണ്ട് കവിതയിലെ നിയന്ത്രണത്തിന്റെ സർഗ്ഗാത്മകത, കവിയെ എത്രത്തോളം മറ്റൊരു സാധ്യത അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നു എന്നതിലാണെന്നു മനസ്സിലാക്കാം.

ഇവിടെ കവിതയെഴുത്തിനെക്കുറിച്ചുള്ള ഒരു സാമാന്യധാരണയും ചോദ്യം ചെയ്യപ്പെടുന്നു. ആദ്യം കവിയുടെ മനസ്സിൽ പൂർണമായൊരു ആശയം ഉണ്ടാകുകയും പിന്നീട് അതിന് അനുയോജ്യമായ ഭാഷ കണ്ടെത്തുകയും ചെയ്യുന്നു എന്നതല്ല പലപ്പോഴും സംഭവിക്കുന്നത്. വാക്കുകൾ അന്വേഷിക്കുന്നതിനിടയിൽ ചിന്ത തന്നെ മാറുന്നു. ഒരു വാക്ക് മറ്റൊരു ദൃശ്യത്തെ കൊണ്ടുവരുന്നു; ഒരു ദൃശ്യം മറ്റൊരു ഓർമ്മയെ ഉണർത്തുന്നു; വാക്യത്തിന്റെ താളം ആദ്യം ഉദ്ദേശിച്ചിരുന്ന അർത്ഥത്തിൽനിന്ന് കവിതയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നു. അതുകൊണ്ട് കവിത എഴുതുക എന്നത് ഇതിനകം ചിന്തിച്ചതിനെ രേഖപ്പെടുത്തൽ മാത്രമല്ല. കവിത എഴുതുക എന്നത് ഭാഷയിലൂടെ ചിന്തിക്കുക കൂടിയാണ്.

കവിയുടെ മനസ്സിലുള്ള ആശയത്തെ വായിക്കുന്നയാളിലേക്കെത്തിക്കുന്ന ചട്ടക്കൂടാണ് രൂപം എന്നൊരു സാമാന്യധാരണയുണ്ട്. അങ്ങനെയാണെങ്കിൽ ഒരേ അനുഭവത്തെ പലതരം വൃത്തങ്ങളിലോ ഹൈക്കുവായോ വൃത്തമുക്തകവിതയായോ ഗദ്യകവിതയായോ എഴുതുമ്പോൾ മാറേണ്ടത് അതിന്റെ പുറംരൂപം മാത്രമാണ്. പക്ഷേ അങ്ങനെ സംഭവിക്കുന്നില്ല. ഒരു അനുഭവത്തെ മൂന്ന് വരിയിൽ എഴുതാൻ തീരുമാനിക്കുന്ന നിമിഷം തന്നെ കവി അതിനെ മറ്റൊരു രീതിയിൽ കാണാൻ തുടങ്ങുന്നു. വിശദീകരിക്കാമായിരുന്ന കാര്യങ്ങൾ ഒഴിവാക്കണം. സംഭവങ്ങളുടെ തുടർച്ചയെ ഒരു ദൃശ്യത്തിലേക്ക് ചുരുക്കേണ്ടിവരാം. വികാരത്തെ പേരിട്ടുപറയുന്നതിനുപകരം ഒരു വസ്തുവിലോ ചലനത്തിലോ ആവിഷ്കരിക്കേണ്ടിവരാം. അതിനാൽ രൂപം ആശയത്തിനുശേഷം വരുന്ന ഒന്നല്ല; ആശയം എങ്ങനെ രൂപപ്പെടുന്നു എന്നതിലും അത് ഇടപെടുന്നു. ഈ അർത്ഥത്തിൽ കവിതയുടെ രൂപത്തെ ഒരു ചിന്തായന്ത്രമെന്ന് വിളിക്കാം. ഓരോ രൂപവും കവിയോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു: എത്രമാത്രം പറയണം? എന്ത് ഒഴിവാക്കണം? എവിടെ നിർത്തണം? ഏതു വാക്കിന് ഊന്നൽ നൽകണം? എന്താണ് വായിക്കുന്നയാൾക്ക് വിട്ടുകൊടുക്കേണ്ടത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനിടയിലാണ് കവിതയും അതിന്റെ ചിന്തയും ഒരേസമയം രൂപപ്പെടുന്നത്.

വൃത്തമുക്ത കവിതയുടെ വരവോടെ കവിത നിയന്ത്രണങ്ങളിൽനിന്ന് സ്വതന്ത്രമായി എന്നു പറയാറുണ്ട്. എന്നാൽ വൃത്തത്തിൽനിന്നുള്ള സ്വാതന്ത്ര്യം രൂപത്തിൽനിന്നുള്ള സ്വാതന്ത്ര്യമല്ല. നിയന്ത്രണങ്ങൾ ഇല്ലാതാകുകയല്ല ചെയ്തത്; അവയുടെ സ്വഭാവവും സ്ഥാനവും മാറുകയാണ് ഉണ്ടായത്. വരി എവിടെ മുറിക്കണം? ഒരു വാക്കിനെ ഒറ്റവരിയാക്കണമോ? ഒരു വാക്യം പല വരികളിലായി നീട്ടണമോ? ആവർത്തനം എത്രമാത്രം വേണം? എവിടെ ഇടവേള സൃഷ്ടിക്കണം? ഒരു ദൃശ്യത്തിൽ എത്രനേരം പിടിച്ചുനിർത്തണം? കവിത എവിടെ അവസാനിക്കണം? നിയതരൂപം ഇത്തരം ചില തീരുമാനങ്ങൾക്ക് മുൻകൂട്ടി ഒരു ചട്ടക്കൂട് നൽകുന്നു. വൃത്തമുക്ത കവിതയിൽ അവയിൽ കൂടുതൽ തീരുമാനങ്ങൾ ഓരോ കവിതയ്ക്കുള്ളിലും കവി തന്നെ എടുക്കണം. അതിനാൽ വൃത്തമുക്ത കവിത കവിക്ക് കൂടുതൽ സ്വാതന്ത്ര്യം മാത്രമല്ല, കൂടുതൽ ഉത്തരവാദിത്തവും നൽകുന്നു.

വൃത്തമുക്ത കവിതയെഴുതുന്നത് ‘വല താഴ്ത്തിവെച്ച് ടെന്നീസ് കളിക്കുന്നതുപോലെയാണ്’ എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ പ്രസിദ്ധമായ പരാമർശത്തെ ഇവിടെ മറ്റൊരു രീതിയിൽ വായിക്കാം. ഫ്രോസ്റ്റ് അതിനെ വൃത്തമുക്ത കവിതയോടുള്ള വിമർശനമായാണ് ഉന്നയിച്ചതെന്ന് മനസ്സിലാക്കാം. എന്നാൽ അതേ ഉപമയിൽനിന്ന് മറ്റൊരു നിഗമനവും സാധ്യമാണ്: പൊതുവായി അംഗീകരിച്ച വല ഇല്ലാതാകുമ്പോൾ ഓരോ കവിതയും സ്വന്തം വല എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കേണ്ടിവരുന്നു. അതുകൊണ്ട് മികച്ച വൃത്തമുക്ത കവിത ചട്ടരഹിതമല്ല. അതിന്റെ ചട്ടങ്ങൾ കൃതിക്കു പുറത്തുനിന്ന് മുൻകൂട്ടി നൽകിയതല്ലെന്നു മാത്രം.

ഇവിടെ കവിതയിലെ നിയന്ത്രണത്തിന് മറ്റൊരു തലം കൂടി കാണാം. നിയതരൂപത്തിലുള്ള കവിതയ്ക്ക് ചില ചട്ടങ്ങൾ എഴുതുന്നതിനു മുമ്പേ ലഭിക്കുന്നു. എന്നാൽ പല വൃത്തമുക്ത കവിതകളിലും എഴുതുന്നതിനിടയിലാണ് കവിതയുടെ ആന്തരികചട്ടങ്ങൾ രൂപപ്പെടുന്നത്. ആദ്യവരി എഴുതുമ്പോൾ അവസാനവരിയുടെ സ്വഭാവം കവിക്ക് അറിയണമെന്നില്ല. എന്നാൽ ഏതാനും വരികൾ എഴുതിക്കഴിഞ്ഞാൽ കവിത ഒരു പ്രത്യേക ശൈലിയും താളവും ആവശ്യപ്പെടാൻ തുടങ്ങുന്നു. ആദ്യം ഉപയോഗിച്ച ബിംബം പിന്നീട് വരാവുന്ന ബിംബങ്ങളുടെ സ്വഭാവത്തെ ബാധിക്കുന്നു. ഒരു വാക്കിന്റെ ആവർത്തനം മറ്റൊരു ആവർത്തനത്തിനുള്ള സാധ്യത സൃഷ്ടിക്കുന്നു. ആദ്യത്തെ ചില വരികളുടെ നീളം പിന്നീടുള്ള വരികളുടെ താളത്തെ സ്വാധീനിക്കുന്നു. ഒരു ഘട്ടം കഴിഞ്ഞാൽ കവി കവിതയെ നിയന്ത്രിക്കുന്നതുപോലെ കവിതയും കവിയെ നിയന്ത്രിക്കാൻ തുടങ്ങുന്നു. ആദ്യം കവി ചില തീരുമാനങ്ങൾ എടുക്കുന്നു; പിന്നീട് ആ തീരുമാനങ്ങൾ തന്നെ തുടർന്നുള്ള തീരുമാനങ്ങളുടെ പരിധി നിർണയിക്കുന്നു. അങ്ങനെ എഴുതുന്നതിനിടയിൽ കവിതയ്ക്ക് അതിന്റേതായ ഒരു ആന്തരികയുക്തി രൂപപ്പെടുന്നു.

അതിനാൽ കവിതയിൽ കുറഞ്ഞത് മൂന്നുതരം നിയന്ത്രണങ്ങളെങ്കിലും തിരിച്ചറിയാം: ഭാഷയും പാരമ്പര്യവും നൽകുന്ന നിയന്ത്രണങ്ങൾ; കവി ബോധപൂർവം സ്വീകരിക്കുന്ന നിയന്ത്രണങ്ങൾ; എഴുതുന്നതിനിടയിൽ കവിത തന്നെ നിർമ്മിക്കുന്ന ആന്തരികചട്ടങ്ങൾ. മൂന്നാമത്തേത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവിടെ നിയന്ത്രണം കവിതയ്ക്ക് പുറത്തുള്ള ഒന്നല്ല. കൃതി വളരുന്നതിനനുസരിച്ച് അതിന്റെ തുടർന്നുള്ള സാധ്യതകളെ അത് തന്നെ നിർണയിക്കുന്നു. ഈ അർത്ഥത്തിൽ ഓരോ മികച്ച കവിതയും നിലവിലുള്ള ചട്ടങ്ങൾ അനുസരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു പരിധിവരെ സ്വന്തം ചട്ടങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു.

ഇവിടെ കവിതാരചനയുടെ മറ്റൊരു വൈരുദ്ധ്യം വെളിപ്പെടുന്നു. എഴുതിത്തുടങ്ങുമ്പോൾ കവിക്ക് അനവധി സാധ്യതകളുണ്ട്. ഒരു വരി പല രീതിയിൽ എഴുതാം. പല വാക്കുകളിൽനിന്ന് തിരഞ്ഞെടുക്കാം. പല സ്ഥലങ്ങളിൽ അവസാനിപ്പിക്കാം. എന്നാൽ മികച്ചൊരു കവിത പൂർത്തിയായശേഷം വായിക്കുമ്പോൾ അതിലെ ചില വാക്കുകൾ മറ്റൊരു വിധത്തിലാകാൻ കഴിയുമായിരുന്നില്ല എന്നൊരു അനുഭവം നമുക്കുണ്ടാകുന്നു. കവിതയുടെ തുടക്കത്തിൽ സ്വാതന്ത്ര്യം സാധ്യതകളുടെ പെരുപ്പമാണ്; കവിതയുടെ അവസാനത്തിൽ അതേ സ്വാതന്ത്ര്യം അനിവാര്യതയുടെ അനുഭവമായി മാറുന്നു. ഈ അനിവാര്യത പുറത്തുനിന്ന് കവിതയ്ക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടതല്ല. അനവധി തിരഞ്ഞെടുപ്പുകളിലൂടെയും നിരാകരണങ്ങളിലൂടെയും തിരുത്തലുകളിലൂടെയും കവി നിർമ്മിച്ചതാണ്. അതിനാൽ മികച്ച കവിതയിൽ അനുഭവപ്പെടുന്ന അനിവാര്യത സ്വാതന്ത്ര്യത്തിന്റെ വിപരീതമല്ല. സ്വാതന്ത്ര്യം തന്നെ നിർമ്മിച്ച അനിവാര്യതയാണ്.

ഇതേ പശ്ചാത്തലത്തിൽ കവിതയിലെ മൗലികതയെയും കാണാം. പുതിയ വിഷയം കണ്ടെത്തുന്നതാണ് മൗലികതയെങ്കിൽ കവിതയുടെ സാധ്യത വളരെ മുമ്പേ തീർന്നുപോകുമായിരുന്നു. പ്രണയം, മരണം, ഏകാന്തത, പ്രകൃതി, ഓർമ്മ, യുദ്ധം, കുടുംബം—ഇവയെല്ലാം നൂറ്റാണ്ടുകളായി കവിതയുടെ വിഷയങ്ങളാണ്. എന്നിട്ടും പുതിയ കവിതകൾ ഉണ്ടാകുന്നു. കാരണം കവിതയിലെ പുതുമ എന്താണ് കാണുന്നത് എന്നതിൽ മാത്രമല്ല; കാണുന്നതിനായി ഏതു പഴയ ശീലമാണ് ഉപേക്ഷിക്കുന്നത് എന്നതിലുമുണ്ട്. ഒരു കവി അലങ്കാരഭാഷ വേണ്ടെന്നുവെക്കുന്നു. മറ്റൊരാൾ നേരിട്ടുള്ള വികാരപ്രകടനം ഒഴിവാക്കുന്നു. ഒരാൾ ഉപമയെ പരമാവധി മാറ്റിനിർത്തുന്നു. മറ്റൊരാൾ വലിയ രാഷ്ട്രീയപദങ്ങൾ ഉപേക്ഷിച്ച് ചെറിയ വസ്തുക്കളിലൂടെ രാഷ്ട്രീയം ദൃശ്യമാക്കുന്നു. ഒരാൾ വ്യക്തിപരമായ ‘ഞാൻ’ കവിതയിൽനിന്ന് പിൻവലിക്കുന്നു. ഇത്തരം തിരഞ്ഞെടുപ്പുകളും നിരാകരണങ്ങളും ആവർത്തിക്കുമ്പോഴാണ് കവിയുടെ തനതായ ശൈലികൾ രൂപപ്പെടുന്നത്.

അതുകൊണ്ട് ശൈലി കവി പതിവായി ഉപയോഗിക്കുന്ന സങ്കേതങ്ങളുടെ പട്ടിക മാത്രമല്ല; കവി ആവർത്തിച്ച് വേണ്ടെന്നുവെക്കുന്ന സാധ്യതകളുടെ ചരിത്രം കൂടിയാണ്. ഈ നിലയിൽ കവിതയിലെ നവീകരണം എല്ലായ്പ്പോഴും പുതിയതൊന്ന് കൂട്ടിച്ചേർക്കലല്ല. ചിലപ്പോൾ കവിതയിൽ പതിവായി ഉണ്ടായിരുന്ന ഒന്നിനെ ഒഴിവാക്കിയപ്പോൾ അതുവരെ മറഞ്ഞിരുന്ന മറ്റൊരു ലോകം ദൃശ്യമാകുന്നതാണ് പുതുമ. അതുകൊണ്ടുതന്നെ കവിതയിലെ മൗലികതയെ ‘മുമ്പ് ആരും പറയാത്തത് പറയുക’ എന്നതിലേക്കു ചുരുക്കാനാവില്ല. മുമ്പും കണ്ടിരുന്ന ലോകത്തെ മറ്റൊരു രീതിയിൽ കാണാൻ കഴിയുന്നവിധം ഭാഷയുടെ പതിവുകളെ പുനഃക്രമീകരിക്കുന്നതും മൗലികതയാണ്.

സർഗ്ഗാത്മകതയെ പ്രചോദനവുമായി മാത്രം ബന്ധിപ്പിക്കുമ്പോൾ നമ്മൾ പലപ്പോഴും അവഗണിക്കുന്ന പ്രവൃത്തിയാണ് തിരുത്തൽ. ആദ്യമെഴുത്തിൽ കവി സാധ്യതകൾ സൃഷ്ടിക്കുന്നു. തിരുത്തലിൽ അവയിൽ പലതും ഇല്ലാതാക്കുന്നു. ഒരു വാക്ക് മായ്ക്കുന്നു. ഒരു വരി നീക്കുന്നു. മൂന്ന് വരികളെ രണ്ടാക്കുന്നു. ഒരു വിശദീകരണം ഒഴിവാക്കുന്നു. ചിലപ്പോൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരിപോലും കവിതയ്ക്ക് ആവശ്യമില്ലെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്നു. ഇത് സർഗ്ഗാത്മകതയുടെ മറ്റൊരു രൂപമാണ്. എഴുതാനുള്ള സ്വാതന്ത്ര്യത്തെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാക്കി മാറ്റുന്നതാണ് തിരുത്തൽ. എന്ത് എഴുതാൻ കഴിയും എന്നതിന്റെ തെളിവാണ് എഴുത്തിൻ്റെ ആദ്യരൂപമെങ്കിൽ, എന്താണ് കവിതയിൽ നിലനിൽക്കേണ്ടത് എന്ന തിരിച്ചറിയലാണ് തിരുത്തൽ.

അതുകൊണ്ട് കവിത എഴുതാനുള്ള കഴിവും കവിത അവസാനിപ്പിക്കാനുള്ള കഴിവും ഒരേ കാര്യമല്ല. അവസാനിപ്പിക്കൽ ഇനി ഒന്നും പറയാനില്ല എന്ന അവസ്ഥയല്ല; ഇനിയും പറയാവുന്ന കാര്യങ്ങൾ ഉണ്ടായിരിക്കെ അവ വേണ്ടെന്നുവെക്കാനുള്ള തീരുമാനം കൂടിയാണ്. കവിത എവിടെ അവസാനിക്കുന്നു എന്നത് അതിനാൽ രൂപപരമായ തീരുമാനം മാത്രമല്ല. വായിക്കുന്നയാൾക്ക് എവിടെനിന്ന് തുടങ്ങാനുള്ള ഇടം നൽകണം എന്ന തീരുമാനവും അതിനുള്ളിലുണ്ട്.

ഇവിടെയാണ് കവിതയിലെ മൗനഭാഷയുടെ പ്രാധാന്യം വ്യക്തമാകുന്നത്. കവി പറയാതെവിടുന്ന കാര്യങ്ങൾ എല്ലായ്പ്പോഴും കവിതയിൽനിന്ന് അപ്രത്യക്ഷമാകുന്നില്ല. ചിലത് വായിക്കുന്നയാളുടെ പക്കലേക്ക് മാറുന്നു. ഒരു ബന്ധം വിശദീകരിക്കാത്തപ്പോൾ വായിക്കുന്നയാൾ അത് കണ്ടെത്തുന്നു. വികാരം പേരിട്ടുപറയാത്തപ്പോൾ ദൃശ്യത്തിൽനിന്ന് അതിനെ അനുഭവിച്ചെടുക്കുന്നു. സംഭവത്തിനു മുമ്പും ശേഷവും എന്താണെന്ന് പറയാത്തപ്പോൾ സ്വന്തം അനുഭവവും ഓർമ്മയും ഉപയോഗിച്ച് ആ വിടവ് പൂരിപ്പിക്കുന്നു. അതുകൊണ്ട് കവിതയിലെ മൗനഭാഷ വെറും ശൂന്യതയല്ല. വായിക്കുന്നയാൾക്ക് വേണ്ടി മാറ്റിവെച്ച ഭാഷയാണ്.

ഹൈക്കു പോലുള്ള ചെറിയ രൂപങ്ങളിൽ ഇത് കൂടുതൽ വ്യക്തമായി അനുഭവപ്പെടുന്നു. പരിമിതമായ ഇടം വിശദീകരണത്തെ ചുരുക്കുന്നു. അതോടൊപ്പം സൂചനയ്ക്കും ബന്ധങ്ങൾ സൃഷ്ടിക്കാനും വായിക്കുന്നയാൾക്ക് കൂടുതൽ ഇടം ലഭിക്കാം. ഇവിടെ നിയന്ത്രണം ഒരു കൈമാറ്റം സൃഷ്ടിക്കുന്നു: കവി ഉപയോഗിക്കാതിരുന്ന ആവിഷ്കാരസ്വാതന്ത്ര്യം വായിക്കുന്നയാളുടെ ഭാവനാസ്വാതന്ത്ര്യമായി മാറുന്നു. കവി കുറച്ചുപറയുന്നത് പറയാൻ ഒന്നുമില്ലാത്തതുകൊണ്ടല്ല; പറയാത്തതും കവിതയുടെ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതിനാലാണ്.

എന്നാൽ നിയന്ത്രണത്തിന്റെ ഈ ലാവണ്യബോധത്തെ രാഷ്ട്രീയവും സാമൂഹികവുമായ നിയന്ത്രണങ്ങളെ ന്യായീകരിക്കാൻ ഉപയോഗിക്കാനാവില്ല. സെൻസർഷിപ്പ്, സാമൂഹിക വിലക്കുകൾ, ജാതി-ലിംഗാധികാരങ്ങൾ, സാമ്പത്തികമായ അസമത്വം, പ്രസിദ്ധീകരണത്തിനുള്ള അസമമായ അവസരങ്ങൾ എന്നിവ കവിയുടെ സാധ്യതകളെ വികസിപ്പിക്കുന്ന നിയന്ത്രണങ്ങളല്ല. അവ സംസാരിക്കാനും എഴുതാനും പ്രസിദ്ധീകരിക്കാനുമുള്ള അടിസ്ഥാനസ്വാതന്ത്ര്യത്തെ തന്നെ ഇല്ലാതാക്കാം. അതുകൊണ്ട് സാധ്യതയെ നിരോധിക്കുന്ന നിയന്ത്രണവും മറ്റൊരു സാധ്യത കണ്ടെത്താൻ പ്രേരിപ്പിക്കുന്ന നിയന്ത്രണവും വേറിട്ടുതന്നെ മനസ്സിലാക്കണം. ‘ഇത് പറയരുത്’ എന്ന അധികാരത്തിന്റെ വിലക്കും ‘ഇത് മറ്റൊരു രീതിയിൽ പറയാൻ കഴിയുമോ?’ എന്ന കവിയുടെ സ്വയംചോദ്യവും ഒരേ കാര്യമല്ല. ആദ്യത്തേത് സ്വാതന്ത്ര്യം കവർന്നെടുക്കുന്നു, രണ്ടാമത്തേത് സ്വാതന്ത്ര്യത്തെ പ്രവർത്തയോഗ്യമാക്കുന്നു.

എഴുത്തുകാരന് അടിസ്ഥാനപരമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമ്പോഴാണ് തന്റെ കലയ്ക്ക് ആവശ്യമായ നിയന്ത്രണങ്ങൾ തിരഞ്ഞെടുക്കാനും നിരസിക്കാനും മാറ്റിനിർമ്മിക്കാനും കഴിയുന്നത്. എന്തും എഴുതാനുള്ള അവകാശം നിലനിൽക്കണം; എന്നാൽ ആ അവകാശത്തിനുള്ളിൽ എന്തെല്ലാം എഴുതാതിരിക്കണം എന്ന് തീരുമാനിക്കുന്നിടത്താണ് കവിയുടെ കലാപരമായ സ്വാതന്ത്ര്യം പ്രവർത്തിക്കുന്നത്.

കവിതയെ മറ്റു സാഹിത്യരൂപങ്ങളിൽനിന്ന് വേറിട്ടുനിർത്തുന്ന സവിശേഷതകളിലൊന്ന് അതിന്റെ സാന്ദ്രതയാണ്. താരതമ്യേന ചെറിയ ഭാഷാപരിധിക്കുള്ളിൽ വലിയ അനുഭവമേഖല തുറക്കാൻ അതിനു കഴിയും. അതുകൊണ്ടുതന്നെ നിയന്ത്രണവും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം കവിതയിൽ കൂടുതൽ വ്യക്തമായി കാണാം. കവി വാക്കുകളുടെ എണ്ണം കുറയ്ക്കുന്നു; അർത്ഥത്തിന്റെ സാധ്യത വർധിക്കാം. വിശദീകരണം കുറയ്ക്കുന്നു; വായിക്കുന്നയാളുടെ പങ്കാളിത്തം വർധിക്കാം. ഒരു രൂപം സ്വീകരിച്ച് ചില സാധ്യതകൾ ഒഴിവാക്കുന്നു, അങ്ങനെ ഭാഷാന്വേഷണം കൂടുതൽ തീവ്രമാകാം. ചില കാവ്യശീലങ്ങൾ വേണ്ടെന്നുവെക്കുന്നു, അതിലൂടെ സ്വന്തമായ ശൈലി കൂടുതൽ വ്യക്തമാകാം. ഈ നിലയിൽ കവിതയുടെ പ്രവർത്തനത്തിൽ വിചിത്രമായൊരു വിപരീതാനുപാതം കാണാം: ആവിഷ്കാരത്തിന്റെ ചില സാധ്യതകൾ കുറച്ചുകൊണ്ട് അർത്ഥത്തിന്റെ സാധ്യതകൾ വർധിപ്പിക്കാൻ കവിതയ്ക്കു കഴിയുന്നു.

അങ്ങനെയെങ്കിൽ കവിതയിലെ സർഗ്ഗാത്മക സ്വാതന്ത്ര്യം എന്താണ്? എന്തും എഴുതാൻ കഴിയുക അതിന്റെ അനിവാര്യമായ രാഷ്ട്രീയവും സാമൂഹികവുമായ മുൻവ്യവസ്ഥയാണ്. എന്നാൽ എന്തും എഴുതാം എന്ന വിശാലമായ സാധ്യതയിൽനിന്ന് ഈ കവിതയ്ക്ക് എന്താണ് ആവശ്യമായത് എന്നു തിരിച്ചറിയുകയാണ് അതിന്റെ കലാപരമായ സ്വാതന്ത്ര്യം. അതിനാൽ സർഗ്ഗാത്മക സ്വാതന്ത്ര്യം നിയന്ത്രണങ്ങളുടെ അഭാവമല്ല. ഏതു നിയന്ത്രണം സ്വീകരിക്കണം, ഏതു നിയന്ത്രണം ഉപേക്ഷിക്കണം, എവിടെ പഴയ ചട്ടങ്ങൾ തകർക്കണം, എവിടെ പുതിയ ചട്ടങ്ങൾ നിർമ്മിക്കണം, എന്ത് പറയണം, എന്ത് പറയാതെ വിടണം, എന്ത് പറയാതെ പറയണം എന്നെല്ലാം തീരുമാനിക്കാനുള്ള ശേഷിയാണ്.

ഈ അർത്ഥത്തിൽ മികച്ച കവി ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ഉപയോഗിക്കുന്നയാളാകണം എന്നില്ല. പക്ഷേ ലഭ്യമായ സ്വാതന്ത്ര്യത്തെ ഏറ്റവും കൃത്യമായി വിനിയോഗിക്കുന്നയാളായിരിക്കും. അങ്ങനെ നോക്കുമ്പോൾ കവിതയിലെ സർഗ്ഗാത്മകത സ്വാതന്ത്ര്യത്തിന്റെ വിപുലീകരണം മാത്രമല്ല; സ്വാതന്ത്ര്യത്തെ രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പ്രവൃത്തി കൂടിയാണ്. കവിത തുടങ്ങുമ്പോൾ കവിക്കു മുന്നിൽ അനവധി വഴികളുണ്ട്. എഴുതുന്നതിനിടയിൽ കവി അവയിൽ പലതും അടയ്ക്കുന്നു. കവിത പൂർത്തിയാകുമ്പോൾ അവയിൽ ഒരു വഴി കൃതിയുടെ രൂപമായി അവശേഷിക്കുന്നു. എന്നാൽ വായന അവിടെ ആരംഭിക്കുന്നു. കവി അടച്ച വഴികൾക്കപ്പുറം വായിക്കുന്നയാൾ വീണ്ടും സാധ്യതകൾ കണ്ടെത്തുന്നു. കവി ഒഴിവാക്കിയിടത്ത് വായിക്കുന്നയാൾ സങ്കൽപ്പിക്കുന്നു. കവി നിർത്തിയിടത്തുനിന്ന് വായിക്കുന്നയാൾ തുടരുന്നു. കവി മൗനം പാലിച്ചിടത്ത് സ്വന്തം അനുഭവം കൊണ്ടുവരുന്നു. അതിനാൽ കവിതാരചനയും കവിതാവായനയും വിപരീതദിശകളിൽ പ്രവർത്തിക്കുന്ന സർഗ്ഗാത്മക പ്രക്രിയകളായി കാണാം: രചന അനവധി സാധ്യതകളെ ഒരു രൂപത്തിലേക്ക് ചുരുക്കുന്നു; വായന ആ രൂപത്തെ വീണ്ടും അനവധി സാധ്യതകളിലേക്ക് തുറക്കുന്നു. ഒരുപക്ഷേ കവിതയിലെ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും സവിശേഷമായ വൈരുദ്ധ്യം അതാണ്: കവി തന്റെ സാധ്യതകൾ ചുരുക്കുന്നു; കവിത വായിക്കുന്നയാളുടെ സാധ്യതകൾ വികസിപ്പിക്കുന്നു.