
സാഹിത്യത്തിൻ്റെ നേര്, യാഥാർത്ഥ്യത്തെ അതേപടി പകർത്തലല്ല. മനുഷ്യർ തങ്ങളുടെ നിലനിൽപ്പിൻ്റെ ഭാഗമായി അതിജീവിക്കുമ്പോൾ അവർക്കു തിരിച്ചറിയാനാകാത്ത ജീവിതത്തിൻ്റെ ആഴങ്ങളെ പകർത്തിയെടുത്ത് അവർക്കുമുന്നിൽ അവതരിപ്പിക്കലാണ് സാഹിത്യത്തിൻ്റെ നേര്. അതിനാലാണ് നിരീക്ഷണപാടവവും ഭാവനാശേഷിയും എഴുത്താളുടെ അടിസ്ഥാനയോഗ്യതയാകുന്നത്. ഈ നേരിൻ്റെ ഉറപ്പിലാണ് ദസ്തയേവ്സ്കിയുടെ കഥാപാത്രങ്ങളെ സിഗ്മണ്ട് ഫ്രോയിഡ് വിശകലനം ചെയ്യാൻ മുതിർന്നത്. ഈ നേരിൻ്റെ ഉറപ്പിലാണ് ഒരു പ്രത്യേക കാലത്തെ പഠിക്കാൻ നമ്മൾ അക്കാലത്തെ നോവലുകളെ കൂട്ടുപിടിക്കുന്നത്. ഈ നേരിൻ്റെ ഉറപ്പിന്മേലാണ് തത്ത്വചിന്തകർ പലപ്പോഴും കവികളെ കൂട്ടുപിടിക്കുന്നത്. സാഹിത്യം കേവലാനന്ദത്തിലേക്ക് ചുരുങ്ങുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ഈ ‘നേര്’ ആണ്. മനുഷ്യാവസ്ഥയെ അനാവരണം ചെയ്യുന്ന കല, മനുഷ്യാനന്ദത്തിനുള്ള ഉപകരണം മാത്രമല്ല എന്നിടത്താണ് സാഹിത്യത്തിൻ്റെ നിൽപ്പും നിലനിൽപ്പും. എളുപ്പവായനയുടെ കാലത്ത് വെല്ലുവിളി നേരിടുന്നത് നല്ല സാഹിത്യമല്ല, സാഹിത്യം തന്നെയാണെന്ന് പറയുന്നതിൻ്റെ കാരണവും ഇതാണ്.
താരതമ്യേന വലുതെന്നു പറയാവുന്ന സാഹിത്യരൂപമായ നോവലാണ് എളുപ്പവായനയ്ക്ക് വഴങ്ങുന്ന സാഹിത്യരൂപമായി വിലയിരുത്തപ്പെടുന്നത്, കവിതയും ചെറുകഥയുമല്ല. എന്തെന്നാൽ നോവലിൽ നിങ്ങൾ വായിച്ചു മുന്നേറുക എന്നതാണ് ആ രൂപം അപൂർവ്വം ചില സന്ദർഭങ്ങളിലൊഴികെ പൊതുവെ ആവശ്യപ്പെടുന്നത്. നിങ്ങൾക്കു അതിനുള്ള വിശാലമായ ഇടവും അവിടെ ലഭിക്കുന്നു. അതിനാലാണ് ഓഡിയോ ബുക്ക് പോലെയുള്ള കേൾവികൾക്ക് നോവലുകൾ കൂടുതലായി വഴങ്ങുന്നതും. ഒരുവേള ശ്രദ്ധ മാറിയാലും അതു നിങ്ങളെ ബാധിക്കാനും ഇടയില്ല. അതേസമയം ചെറുകഥയും കവിതയും സൂക്ഷ്മ ശ്രദ്ധ ആവശ്യപ്പെടുന്നു. ഡിജിറ്റൽ മീഡിയയുടെയും റീലുകളുടെയും കാലത്ത് മനുഷ്യൻ്റെ ശ്രദ്ധ സെക്കൻഡുകൾക്കപ്പുറം സഞ്ചരിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു, അതിനാൽ തന്നെ ചെറുകഥയും കവിതയും വായിക്കുക എന്നത് അസാധ്യമാകുന്നുവെന്നാണ് പൊതുവാദം. എന്നാൽ ഇത്തരം അന്തരീക്ഷത്തിൽ ശ്രദ്ധയെ വീണ്ടെടുക്കാൻ സഹായിക്കുന്നവ കൂടിയാണ് ഈ വായനകൾ എന്നതാണ് മറുവശം.
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വായിക്കാനെവിടെ സമയം എന്നതായിരുന്നു അൽപ്പകാലം മുമ്പുവരെ നമ്മൾ കേട്ടിരുന്ന വായനയ്ക്കെതിരെയുള്ള കുറ്റബോധത്തിലൂന്നിയ വാദം. ഇന്നത്, മനസ്സിലാകാൻ എളുപ്പമുള്ളതേ വായിക്കാറുള്ളൂ എന്നായിട്ടുണ്ട്. എളുപ്പവായനയ്ക്ക് വഴങ്ങുന്ന ഒരു നോവൽ വായിക്കാൻ അഞ്ച് മണിക്കൂർ എടുക്കുന്നുവെന്നിരിക്കട്ടെ, അതേസമയപരിധിയിൽ പത്തു മിനുറ്റിൽ വായിക്കാവുന്ന സാഹിത്യഗുണമുള്ള ഒരു കവിതയോ ഒരു മണിക്കൂറിൽ വായിക്കാവുന്ന ചെറുകഥയോ വായിച്ച് അവശേഷിക്കുന്ന സമയം അതേപ്പറ്റിയുള്ള ആലോചനയിൽ മുഴുകാവുന്നവരുമാണ് നിങ്ങൾ. വാസ്തവത്തിൽ എളുപ്പവായനയ്ക്ക് വഴങ്ങുന്നെന്നു പറയപ്പെടുന്ന കേവലാനന്ദം മാത്രം ലക്ഷ്യമിടുന്ന സാഹിത്യകൃതികളുടെ വായനയിൽ ഏർപ്പെടുന്നവർക്ക് താല്പര്യമില്ലാത്തത് വായിക്കാനല്ല. തങ്ങളുടെ അറിവും ബുദ്ധിയും ഭാവനാശേഷിയും ഉപയോഗിക്കാനാണ് അവർ മടിക്കുന്നത്. അവ ഉപയോഗിക്കാത്ത വായന, വായനയാകുന്നുണ്ടോ എന്നതാണ് കാതലായ ചോദ്യം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെവരവോടുകൂടി നിങ്ങൾ എന്ത് വായിച്ചു, എങ്ങനെ വായിച്ചു എന്നതിനെക്കാൾ എത്ര വായിച്ചു എന്നതിനായി മുൻതൂക്കം. വായനക്കാർക്കു വേണ്ടിയുള്ള പ്ലാറ്റ്ഫോമുകളായ ഗുഡ്റീഡ്സ് പോലുള്ളവ ഇത്തരമൊരു മത്സരത്തിനാണ് പ്രേരണ നൽകുന്നത്. നിങ്ങൾ ജീവിതത്തിൽ മറ്റു പലതുമായിരിക്കാം എന്നാൽ നിങ്ങളുടെ ആ സ്വത്വത്തിനുമേൽ മറ്റൊരു തൂവലായി വായനക്കാരൻ/വായനക്കാരി എന്ന് ചാർത്തപ്പെടുന്ന അന്തരീക്ഷം കൂടി സോഷ്യൽമീഡിയ ഒരുക്കിനൽകുന്നു. വായിക്കുക എന്നതിനെക്കാൾ വായിക്കുന്ന ആളായി അറിയപ്പെടുക എന്നത് താരതമ്യേന എളുപ്പത്തിൽ സാധ്യമാക്കാവുന്ന സാഹചര്യമുണ്ടായി. ഇതിനായി പുസ്തകങ്ങൾ വാങ്ങുക, അവയുടെ ഫോട്ടോഗ്രാഫുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പങ്കിടുകയേ വേണ്ടൂ. വായിക്കുന്ന മനുഷ്യർക്ക് പരമ്പരാഗത സമൂഹം കൽപ്പിച്ചുനൽകിയിരുന്ന മഹത്വം കൈയ്യാളാൻ അങ്ങനെ എല്ലാവർക്കും സാധിച്ചു! ഇന്നിപ്പോൾ ഒരാളോട് നിങ്ങൾ വായിക്കാറുണ്ടോ എന്നതിനെക്കാൾ നിങ്ങൾ എന്താണ് വായിക്കുന്നത് എന്ന ചോദ്യമാണ് ഉന്നയിക്കേണ്ടതായി വരുന്നത്.
സാഹിത്യനിലവാരത്തിൻ്റെ അളവുകോൽ മാറ്റത്തിനു വിധേയമാകുന്ന ഒന്നാണ്. ആ മാറ്റം കൂടുതൽ മെച്ചപ്പെട്ട ഒന്നിലേക്കുള്ള മാറ്റമാകുമെന്നതാണ് നമ്മുടെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞ പത്തു-പതിനഞ്ച് വർഷത്തെ മലയാളസാഹിത്യമേഖലയെ പരിഗണിച്ചാൽ ശരാശരി നിലവാരമുള്ള സാഹിത്യസൃഷ്ടികളെന്ന് ഒരുകാലത്ത് വിലയിരുത്തപ്പെട്ട കെ. ആർ. മീരയുടെയും ബെന്യാമിൻ്റെയും ടി.ഡി. രാമകൃഷ്ണൻ്റെയും കൃതികൾ അഖിൽ പി. ധർമജൻ, ശ്രീപാർവ്വതി, ലാജോ ജോസ്, ദീപ നിഷാന്ത്, ലിജീഷ് കുമാർ തുടങ്ങിയവരുടെ വരവോടെ മികച്ച സാഹിത്യസൃഷ്ടികളായി വിലയിരുത്തപ്പെടാൻ തുടങ്ങി. താരതമ്യത്തിലൂടെയാണ് ഏതിൻ്റെയും നിലവാരം നാം അളക്കാനിടയുള്ളത് എന്നതിനാൽ ഈ വിലയിരുത്തൽ അത്തരത്തിൽ സ്വാഭാവികവുമായി. സ്റ്റീഫൻ കിംഗിനെ പോലെയുള്ള പോപ്പുലർ എഴുത്തുകാർ കൈയ്യാളുന്ന രചനാകൗശലവും ഭാവനാശേഷിയും പ്രമേയപരമായ വൈവിധ്യവും മലയാളത്തിൽ മെച്ചപ്പെട്ടവരെന്നു പറയാവുന്ന സാഹിത്യമെഴുത്തുകാർക്ക് പോലും ആവശ്യമില്ലെന്നു വരുന്ന സ്ഥിതിവിശേഷത്തിലേക്കാണ് നടപ്പുകാല സാംസ്കാരികാന്തരീക്ഷം നയിക്കുന്നത്. ഉപയോഗിച്ചുപഴകിയതിനാൽ ഇക്കാലത്ത് കവികൾ പോലും എടുക്കാൻ മടിക്കുന്ന ഉപമകളുടെ ആധിക്യം അഖിൽ കെ.യെ പോലുള്ള എഴുത്തുകാരിൽ കാണാം. സാഹിത്യഗുണമുണ്ടാക്കാനുള്ള എളുപ്പമാർഗ്ഗമെന്ന നിലയിലാകാം ഇവർ ഇത്തരത്തിലുള്ള സൂത്രപ്പണികൾ നടത്തുന്നതുപോലും.
ഒരു കാര്യത്തെയോ അന്തരീക്ഷത്തെയോ പറ്റിയുള്ള വിവരണം ആ കാര്യത്തെപ്പറ്റിയുള്ള വിവരണം മാത്രമായി ചുരുങ്ങുന്നു എന്നിടത്താണ് പല എഴുത്തുകാരുടെയും ശേഷിയില്ലായ്മ വെളിപ്പെടുന്നത്. ഓരോ മനുഷ്യർക്കും തങ്ങളുടെയും തങ്ങളുടെ ചുറ്റുപാടുമുള്ള മനുഷ്യരുടേതുമായി ഏറ്റവും ചുരുങ്ങിയത് അമ്പത് കഥകളെങ്കിലും പറയാനുണ്ടാകും. മലയാളത്തിലെ കഥാകൃത്തുക്കൾ മിക്കവരും വെറും കഥപറച്ചിലുകാരായി ചുരുങ്ങുകയും എഴുത്തുകാരാകാൻ അവർക്കു സാധിക്കാതെ വരികയും ചെയ്യുന്നു എന്നൊരു സ്ഥിതിവിശേഷമുണ്ട്. എഴുത്തിൽ കൈവരുന്ന ഭാഷയുടെ, ശൈലിയുടെ, ആഖ്യാനത്തിൻ്റെ, രൂപത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്താത്ത കാലത്തോളം ഒരാൾ കഥപറയുന്നയാൾ മാത്രമേ ആകുന്നുള്ളൂ. ഒരു കഥയെഴുത്തുകാരനാകാൻ നിങ്ങൾക്ക് പറയാൻ കൊള്ളാവുന്ന കഥപോലും വേണ്ടെന്നു മനസ്സിലാകാൻ ഷെൽ അസ്കിൽഡ്സനെയൊന്നും വായിക്കണമെന്നില്ല, ചെഖോവിൽ തന്നെ ആ സാധ്യതകൾ കാണാം. എന്നാൽ എളുപ്പവായനയനയ്ക്കും കേൾവിക്കും ഇണങ്ങുന്ന എഴുത്താണ് ലക്ഷ്യമെങ്കിൽ ഇത്തരം സാധ്യതകൾ തേടേണ്ടതായ ആവശ്യമേ ഉന്നയിക്കപ്പെടാനിടയില്ല.
ജനപ്രിയസാഹിത്യം ഏതെങ്കിലും നിശ്ചിത നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നവയല്ല. ഗബ്രിയേൽ ഗർസിയ മാർക്വേസും ഹരൂക്കി മുറകാമിയും സ്റ്റീഫൻ കിംഗും റൂമിയും ജനപ്രിയ എഴുത്തുകാരാണ്. ചേതൽ ഭഗത്തും അഖിൽ പി. ധർമജനും മാത്രമല്ല. എളുപ്പവായനയ്ക്ക് വഴങ്ങുന്ന പുസ്തകങ്ങൾ എന്നതുകൊണ്ട് ഇവിടെ വിവക്ഷ ജനപ്രിയസാഹിത്യസൃഷ്ടികളാകണമെന്നു നിർബന്ധവുമില്ല. വായന ഒരു ശീലം മാത്രമല്ല, ധാരണാശേഷിയും വൈകാരിക ബുദ്ധിയും ലോകവീക്ഷണവും രൂപപ്പെടുത്തുന്ന ബൗദ്ധിക വ്യായാമം കൂടിയാണ്. എളുപ്പവായന മാത്രം ലക്ഷ്യമിടുന്ന പുസ്തകങ്ങൾ ഈ പറഞ്ഞ രണ്ടാമത്തെ കാര്യത്തെ പരിഗണിക്കാറില്ല എന്നതു മാത്രമല്ല അവ വായനയില്ലായ്മയുടെ സ്വഭാവമാണ് മുന്നോട്ടുവെക്കുന്നതു എന്ന വിമർശനത്തിൻ്റെ അടിസ്ഥാനം. വായന മനുഷ്യർ ബൗദ്ധികമായി ഏർപ്പെടാനിടയുള്ള അനേകം പ്രവൃത്തികളിൽ ഒന്നുമാത്രമാണ് എന്നിരിക്കെ, മനുഷ്യൻ്റെ സാമാന്യയുക്തിയെയും ശേഷികളെയും പരിഹസിക്കുന്ന തരം സ്വഭാവങ്ങൾ കൂടി അവ പ്രകടിപ്പിക്കാറുണ്ടെന്നതാണ്.
വായിച്ചു’തള്ളുന്ന’ മനുഷ്യരുടെ കാലം കൂടിയാണ് ഇത്. എളുപ്പവായനയ്ക്ക് വഴങ്ങുന്ന പുസ്തകങ്ങൾ എന്ന തരംതിരിവിനൊപ്പം ഏത് പുസ്തകവും എളുപ്പം വായിക്കുന്ന വായനക്കാർ കൂടി സഞ്ജാതമായിട്ടുണ്ട്. വായന തന്നെത്തന്നെ അറിയാനും തൻ്റെ ചുറ്റുപാടുകളെയും സഹജീവികളെയും സഹാനുഭൂതിയോടെ സമീപിക്കാനും അതിലുപരി മടുപ്പുളവാക്കുന്ന ജീവിതത്തിൽ പുത്തനുണർവ്വ് കണ്ടെത്താനും സഹായിക്കുന്ന പ്രവൃത്തിയാണ് എന്ന വീക്ഷണത്തിനാണ് മാറ്റം വരുന്നത്. വായന ഒരാളെ നല്ല ആളോ മോശം ആളോ ആക്കില്ലായിരിക്കും. എന്നാൽ തെറ്റാകട്ടെ ശരിയാകട്ടെ അത് ബോധത്തൊടെ ചെയ്യുന്ന ഒരാളാക്കി മാറ്റാൻ വായനയ്ക്ക് സാധിച്ചേക്കും. വായിച്ചുതള്ളുന്നവർക്ക് പലപ്പോഴും ഇത്തരം ബോധ്യങ്ങൾ ഇല്ലാതെവരുന്നത് അവരുടെ വായന വെറും ‘തള്ളൽ’ മാത്രമാകുന്നതിനാലാകാം. ‘റീഡിംഗ് ചലഞ്ചുകൾ’വായിക്കുന്നു എന്ന് മേനിനടിക്കാനുള്ള കാരണമാകുന്നതുവഴി കൂടുതൽ പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള മാർഗ്ഗം കൂടിയായി അത് മാറുന്നുണ്ട്. അക്കാരണത്താൽ വിപണിയുടെ പിന്തുണയും ഇത്തരം പ്രവണതകൾക്ക് അനുകൂലമായി സ്ഥാപിക്കപ്പെടുന്നു.
വായന തുടങ്ങാൻ ആഗ്രഹിക്കുന്നവരിലേക്കാണ് പലപ്പോഴും എളുപ്പവായനയ്ക്ക് വഴങ്ങുന്നെന്നു പറയപ്പെടുന്ന പുസ്തകങ്ങൾ എത്തിപ്പെടുന്നത്. തങ്ങളെ വെല്ലുവിളിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതിനാൽ താരതമ്യേന ഇവർക്ക് ഇത്തരം പുസ്തകങ്ങളുടെ വായന ശ്രമകരമാകുന്നില്ല. എന്നാൽ വായിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്ന ഇതേ മനുഷ്യർക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി അവർക്ക് അതീവതാല്പര്യമുള്ള വിഷയങ്ങളെ സംബന്ധിച്ച പുസ്തകങ്ങളും നിർദേശിക്കാവുന്നതാണ്. നിലവാരമുള്ള അത്തരം പുസ്തകങ്ങൾ അവർക്ക് വെല്ലുവിളി ഉയർത്തിയാൽ പോലും ആ കാര്യങ്ങളോടുള്ള താല്പര്യങ്ങളെ മുൻനിർത്തി അവരതിൽ കൂടുതൽ മുഴുകാനുള്ള സാഹചര്യമുണ്ടാകും. മറ്റൊരു മനുഷ്യനെ മനസ്സിലാക്കി അവർക്ക് വേണ്ടത് നിർദേശിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വമില്ലായ്മ കൂടിയാണ് വായിച്ചുതുടങ്ങാൻ ആഗ്രഹിക്കുന്നവരിലേക്ക് എളുപ്പത്തിൽ വായിച്ചൊഴിവാക്കാവുന്ന പുസ്തകങ്ങൾ ചെന്നെത്താനുള്ള ഒരു കാരണം. വായനയിൽ വെല്ലുവിളി നേരിടാതെ വായിക്കുന്ന ഒരാളും വായനക്കാരൻ/വായനക്കാരി എന്ന നിലയിൽ വളരുന്നില്ല.
ശീലം കേവലം ശീലമായി തന്നെ തുടരുക എന്നൊരു സാധ്യത കൂടിയുണ്ട്. ചേതൻ ഭഗത്തിലോ മനോരമ, മംഗളം പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ വരുന്ന 'പൈങ്കിളി' എന്ന് വിളിക്കപ്പെടുന്ന നോവലുകളിലോ വായന തുടങ്ങി ഇപ്പോഴും അതിൽ തന്നെ നിൽക്കുന്ന വായനക്കാരുണ്ട്. അതിൽ നിന്നും പുറത്തേക്ക് വന്നു ഗൗരവ സ്വഭാവമുള്ള സാഹിത്യം വായിക്കാൻ കുറേക്കൂടി പരിശ്രമം മനഃപൂർവ്വം അവർ എടുത്തേ മതിയാകൂ എന്നതാണ് മിക്കവരുടെയും അവസ്ഥ. അതായത് ശീലം ബൌദ്ധിക വ്യായാമത്തിലേക്ക് നയിക്കണം എന്നില്ല, എന്നാൽ കൃതികളുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിച്ചാൽ അതിനുള്ള സാധ്യതയുണ്ട് താനും. കഥയുടെ പറച്ചിൽ ആകുമല്ലോ ഫിക്ഷൻ വായിച്ചു തുടങ്ങുന്ന ഒരാളുടെ ശ്രദ്ധ. ചേതൻ ഭഗത്ത്, അഖിൽ പി. ധർമജൻ എന്നിവർക്കു പകരം ഒരാൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ വായന തുടങ്ങാവുന്ന എഴുത്തുകളാണ് ബെന്യാമിന്റെ ആടുജീവിതവും പൗലോ കൊയ്‌ലോയുടെ അൽകെമിസ്റ്റ് പോലുള്ള നോവലുകളും. അത്തരം വായന തുടങ്ങുന്ന ആളിൽ അവർ പോലും അറിയാതെ അനായാസേന ബൌദ്ധികമായ ഇടപെടൽ ആവശ്യമായി വരുന്നുണ്ട്. പൗലോ കൊയിലോയിൽ തുടങ്ങി ഹെർമ്മൻ ഹെസ്സെയിലും ജിബ്രാനിലും എത്തുക താരതമ്യേനെ എളുപ്പമാണ്. വായനാശീലം വഴിയുള്ള ബൌദ്ധികവളർച്ച നടക്കുന്ന സാധ്യത ഇവിടെ കൂടുതലാണ്. സ്റ്റീഫൻ കിംഗിനെ വായിച്ചു തുടങ്ങുന്ന ആൾക്ക് ദസ്തയെവസ്കിയിലേക്കും ഫോക്ണറിലേക്കും വഴിയുണ്ട്. വൈക്കം മുഹമ്മദ് ബഷീറിനെ പോലെയുള്ള എഴുത്തുകാരുടെ കൃതികളാകട്ടെ വായിച്ചു തുടങ്ങുന്നവരെയും തഴക്കംവന്ന വായനക്കാരെയും തൃപ്തിപ്പെടുത്താൻ കെൽപ്പുള്ളവയാണ്. അവിടെ നിന്ന് ഖസാക്കിൻ്റെ ഇതിഹാസത്തിലേക്കും അവിടെ നിന്നും ക്യാമുവിന്റെയും സാർത്രിന്റെയും കൃതികളിലേക്കും എത്താം. അല്ലെങ്കിൽ പേഡ്രോ പരാമോയിൽ എത്താം. മാർക്കേസിന്റെ 'കോളറക്കാലത്തെ പ്രണയം' പോലുള്ള കൃതികളും വായിച്ചുതുടങ്ങാൻ സാധ്യതയുള്ള നോവലുകളിൽപ്പെടുന്നവയാണ്. ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വായനയെന്ന ബൗദ്ധിക വ്യായാമത്തിൽ പ്രധാനമെന്നിരിക്കെ, എളുപ്പവായനയ്ക്ക് മാത്രം വഴങ്ങുന്ന അകം പൊള്ളയായ സാഹിത്യം പലപ്പോഴും വായനയെ ശീലമായി ചുരുക്കിയേക്കും.
കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങൾ അതിൽക്കൂടുതൽ വിറ്റഴിക്കാൻ നോക്കുക എന്നതാണ് പുസ്തകവിപണിയുടെ തന്ത്രം. കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങൾ എളുപ്പവായനയ്ക്ക് വഴങ്ങുന്നതാകുന്നതോടെ വായന ശീലമാക്കാത്ത മനുഷ്യരെപ്പോലും തങ്ങൾക്ക് ലക്ഷ്യമിടാമല്ലോ എന്നതാകും പ്രസിദ്ധീകരണശാലകളുടെ ആലോചന. ദീർഘകാലാടിസ്ഥാനത്തിൽ, വായിക്കുന്ന മനുഷ്യരുടെ കൂട്ടത്തെ സൃഷ്ടിക്കുക എന്നതിനെക്കാൾ വിപണിയിലെ നിലവിലെ പ്രവണത എന്താണോ അതിനെ നിലനിർത്താനുള്ള ഇന്ധനം പകരുക മാത്രമാണ് പ്രസിദ്ധീകരണമേഖല ലക്ഷ്യമിടുന്നത്. സമീപകാലത്ത് പ്രധാനപ്പെട്ട അവാർഡുകൾ അടക്കം നിർണ്ണയിക്കപ്പെടുന്നതിൽ പുസ്തകത്തിൻ്റെ പോപ്പുലാരിറ്റി ഒരു മാനദണ്ഡമായി മാറിയിട്ടുണ്ടോ എന്നുപോലും സംശയിക്കേണ്ടതായുണ്ട്. സാഹിത്യോത്സവങ്ങളിൽ പോലും ഉയർന്നുകേൾക്കുന്നത് ഇത്തരം പുസ്തകങ്ങൾ എഴുതിയവരുടെ ശബ്ദമാണ്. പലപ്പോഴും അവരുടെ വിഡ്ഡിത്തമാണ്. സാഹിത്യത്തോട് യാതൊരു ഉത്തരവാദിത്വവും തങ്ങൾക്കില്ലെന്നു പോലും ഇവർ പരസ്യമായി പ്രഖ്യാപിക്കുന്നു. കാൾ മാർമാക്സ് സൈദ്ധാന്തികമായി commodity fetishism വഴി ചൂണ്ടിക്കാണിച്ചതുപോലെ പുസ്തകം അവയുടെ നിർമ്മാണപ്രവർത്തികളെയും അദ്ധ്വാനശേഷിയെയും പാടേ അവഗണിച്ചുകൊണ്ട് വ്യാപാരച്ചരക്ക് മാത്രമായി അവതരിപ്പിക്കപ്പെടുന്നു, ഇതിനു എഴുത്തുകാർ തന്നെ അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുന്നു. സാംസ്കാരിക ഉൽപ്പന്നങ്ങൾ വിപണിയിൽ സാധാരണ ചരക്കുകളായി മാറുമ്പോൾ, അവയുടെ സൃഷ്ടിപരമായ മൂല്യം നഷ്ടപ്പെടുന്നുവെന്ന് അഡോണോയും ചൂണ്ടിക്കാണിക്കുന്നു. എളുപ്പവായനയ്ക്ക് വഴങ്ങുന്ന പുസ്തകങ്ങൾ വായനയെ ഒരു ഉപഭോഗശീലമായി ചുരുക്കുന്നതുവഴി, വിപണി ആവശ്യപ്പെടുന്ന ഉപഭോഗശീലങ്ങളെ മാത്രം പിന്തുണയ്ക്കുകയാണ്. വായിച്ചൊഴിവാക്കുക എന്നതാണ് വിപണിയുടെ ആവശ്യം, പുനർവായനയ്ക്ക് ഉതകുന്ന പുസ്തകങ്ങൾ വിപണിയ്ക്ക് ആവശ്യവുമില്ല.
എല്ലാ തരം എഴുത്തുകൾക്കും വിപണിയിൽ ഇടമുണ്ട് എന്നാണ് പൊതുവെ പറയപ്പെടുന്നത്. ആഗോളവിപണി എല്ലാത്തിനും ഇടം നൽകുന്നു എന്ന് പറയുമ്പോഴും അത് രൂപപ്പെടുത്തുന്ന പ്രവണതകൾ പക്ഷപാതമില്ലാത്തതല്ല. ഉപഭോക്താക്കളുടെ ആവശ്യം, പ്രസിദ്ധീകരണ ശാലകളുടെ താല്പര്യങ്ങൾ, സാമ്പത്തിക ശക്തികളുടെ ആവശ്യം, ഭരണകക്ഷികളുടെ താല്പര്യം എന്നിവ കൂടി ഈ ഇടം നൽകലിൽ ഇടപെടൽ നടത്തുന്നുണ്ട്. കവിത എഴുതുന്ന ഒരാൾ തൻ്റെ കൃതി ഏതെങ്കിലും പ്രസാധകർക്ക് പ്രസിദ്ധീകരിക്കുന്നതിനായി നൽകിയാൽ വായിക്കും മുന്നെത്തന്നെ അവർക്ക് ലഭിക്കാൻ ഇടയുള്ള ഒരു മറുപടി പൊതുവെ ഞങ്ങൾ കവിത പ്രസിദ്ധീകരിക്കാറില്ല എന്നതാകും. കവിതയും തത്വചിന്തയും പുസ്തകരൂപത്തിൽ വിലകൊടുത്ത വാങ്ങുന്നവർക്കും സമാനമായ അനുഭവങ്ങൾ കാണാം. അവർക്ക് ആവശ്യമുള്ള ഇത്തരം പുസ്തകങ്ങൾ വിപണിയിൽ എളുപ്പത്തിൽ ലഭ്യമാകുന്നില്ല എന്നൊരു സാഹചര്യം കൂടിയുണ്ട്. ഒരു പുസ്തകശാലയിൽ ചെന്നാൽ അവിടെ ജനപ്രിയസാഹിത്യവായനക്കാരന് വേണ്ടതെല്ലാം ലഭ്യമായിരിക്കാം. എന്നാൽ അവിടെ കവിത വായിക്കുന്ന ഒരു പത്ത് പേർ ചെന്നെന്നിരിക്കട്ടെ, അവർക്ക് വേണ്ടതായ പുസ്തകങ്ങൾ ഉണ്ടാകണമെന്നില്ല. ഉള്ളതുകൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നവരാണ് ഈ വായനക്കാരിൽ പലരും. വാസ്തവത്തിൽ വിപണിയിൽ പലതിനും 'ആവശ്യക്കാർ ഇല്ലെന്ന തോന്നൽ' വരുന്നത് വിപണി കൂടുതൽ ആവശ്യക്കാരുള്ള കാര്യങ്ങൾ മാത്രം വിൽക്കുന്നതിൽ താല്പര്യമെടുക്കുന്നതുകൊണ്ട് കൂടിയാണ്. കവിതയും ഫിലോസഫിയും അതല്ലെങ്കിൽ സാഹിത്യഗുണമുള്ള കൃതികൾ വായിക്കുന്നവരെ വിപണി പരിഗണിക്കുന്നുണ്ടോയെന്നത് അറിയണമെങ്കിൽ അത്തരം പുസ്തകം തേടുന്നവർക്ക് അവ എളുപ്പത്തിൽ ലഭ്യമാകുന്നുണ്ടോ അതിനായി അവർക്ക് എന്തുവില നൽകേണ്ടി വരുന്നു എന്നീ കാര്യങ്ങൾ നോക്കി മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് വിപണിയിൽ എല്ലാത്തിനും ഇടമുണ്ടെന്ന് പറയുന്നവർ, വിപണി എല്ലാ ആവശ്യക്കാരെയും ഉൽപ്പന്നങ്ങളെയും ഒരേപോലെയല്ല പരിഗണിക്കുന്നത് എന്നു മനസ്സിലാക്കേണ്ടതുണ്ട്. വിൽക്കപ്പെടില്ല എന്ന ധാരണയാൽ വിൽക്കാൻ വെക്കുന്നില്ല; വിൽക്കാൻ വെക്കുന്നില്ല എന്നതിനാൽ വിൽക്കപ്പെടുന്നില്ല എന്നതാണ് ഇത്തരം പുസ്തകങ്ങൾക്ക് വിപണിയിൽ സംഭവിക്കുന്നത്.
വിമർശനം മരിച്ചുകിടക്കുന്ന സംസ്കാരങ്ങളിൽ എളുപ്പവായന പിടിമുറുക്കുന്നതും സ്വാഭാവികം. സാഹിത്യസൃഷ്ടികളെ അവയുടെ കലാമേന്മയുടെ അടിസ്ഥാനത്തിൽ വിലയിരുത്തന്നവരുടെ ഇല്ലായ്മയാണ് പ്രധാന വെല്ലുവിളി. ഉപയോഗപ്രദമാണോ എന്നതിൻ്റെ അടിസ്ഥാനത്തിൽ എന്തിൻ്റെയും മൂല്യം നിർണ്ണയിക്കപ്പെടുന്ന സാഹചര്യത്തിൽ, സാഹിത്യം എന്തിന് വായിക്കണം എന്ന ചോദ്യവും മുഴങ്ങിക്കേൾക്കുന്നുണ്ട്. വിപണിയിൽ നിലവാരമുള്ള സാഹിത്യവും കവിതയും എടുക്കാചരക്കാണെന്ന വാദവും ഇതിനോട് ചേർത്തുകാണാം. എങ്കിലും ആവിഷ്കരണരീതിയെന്ന നിലയിൽ മനുഷ്യർക്ക് ഏറ്റവും സ്വീകാര്യമായ സാഹിത്യരൂപമായി ഇവയൊക്കെ നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഈ നിലനിൽപ്പ് സ്വന്തം ബോധ്യത്തിൽ ഉറച്ചുനിൽക്കുന്ന അൽപ്പം വായനക്കാരിലൂടെയും എഴുത്തുകാരിലൂടെയും മാത്രമാണ്. എക്കാലത്തും അത് അങ്ങനെ ആയിരുന്നുതാനും.
പുസ്തകവിപണി കരുത്താർജ്ജിക്കുന്ന കാലം കൂടിയാണിത്. എന്നാൽ വായനകൊണ്ട് മനുഷ്യർ ആർജ്ജിക്കാൻ ഇടയുള്ള ശേഷികളൊന്നും എളുപ്പത്തിൽ വായിച്ചുതള്ളാവുന്ന പുസ്തകങ്ങളുടെ വായനയിലൂടെ ലഭ്യമാകുന്നില്ല എന്നതിനാൽ ഈ മാറ്റം ശുഭസൂചനയായി കാണാനുമാകുന്നില്ല. ആകാംക്ഷ, ആശ്ചര്യം, ഞെട്ടൽ, കൗതുകം പോലെയുള്ള അൽപ്പായുസ്സുള്ള വികാരങ്ങളാണ് എളുപ്പത്തിൽ വായിക്കാവുന്ന പുസ്തകങ്ങളുടെ തന്ത്രം. ഇതേ വികാരങ്ങൾ ഉണ്ടായിരിക്കെ തന്നെ ജീവിതത്തെയും ചുറ്റുപാടുകളെയും സംബന്ധിച്ച അഗാധമായ തിരിച്ചറിവിലേക്കു നയിക്കുന്നു എന്നതാണ് സാഹിത്യഗുണം. ഷോൺ പിയാഷേയെ പോലെയുള്ള മനഃശാസ്ത്രജ്ഞർ തങ്ങളുടെ അവബോധവികസന സിദ്ധാന്തങ്ങൾ വഴി ചൂണ്ടിക്കാണിക്കുന്നത് വെല്ലുവിളി നേരിടുക എന്നതാണ് ബൗദ്ധിക വളർച്ചയ്ക്ക് കാരണമാകുന്നതെന്നാണ്. എളുപ്പവായനയിൽ മാത്രം ഏർപ്പെടുന്ന മനുഷ്യർക്ക് വായനയിലൂടെ ആർജ്ജിക്കാൻ സാധ്യതയുണ്ടായിരുന്ന വിമർശനാത്മകമായ സമീപനം, കാരണങ്ങൾ ചികയാനുള്ള ത്വര, തിരിച്ചറിവിനുള്ള ബോധം എന്നിവ സ്വായത്തമാക്കാൻ സാധിക്കാതെ വരും. വായനയെ വിപണിയുടെ ചട്ടക്കൂടിലൊതുക്കി, ഉപഭോഗവും വിനോദവും മാത്രമായി ചുരുക്കുന്ന ഈ എളുപ്പവായനയുടെ കാലം അഡോണോയും മാക്സ് ഹോർഖൈമറും അവതരിപ്പിച്ച കൾച്ചർ ഇൻഡസ്ട്രി സിദ്ധാന്തത്തിന്റെ പ്രകടമായ ഉദാഹരണം കൂടിയാണ്. ഇതിലൂടെ വായനക്കാരുടെ വിമർശനാത്മക ചിന്തകൾ അടിച്ചമർത്തപ്പെടുന്നു.
ആഴമുള്ള സാഹിത്യസൃഷ്ടികൾ സങ്കീർണ്ണമായ മനുഷ്യരെയും ആശയങ്ങളെയും ചുറ്റുപാടുകളെയും വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നതു വഴി അവരിൽ സഹാനുഭൂതി, പല വീക്ഷണകോണുകളിലൂടെ കാര്യങ്ങളെ മനസ്സിലാക്കാനുള്ള ആലോചന, സ്വതന്ത്രചിന്ത എന്നിവ സ്ഥാപിച്ചെടുക്കും. നല്ല സാഹിത്യം ഇങ്ങനെ നമ്മളെപ്പറ്റിയും നമ്മുടെ ചുറ്റുപാടുകളെപ്പറ്റിയും അഗാധമായ ബോധ്യങ്ങളിലേക്ക് നയിക്കുന്നു. അത് സഹാനുഭൂതിയും നേരും വെല്ലുവിളികൾ നേരിടാനുള്ള ഊർജ്ജവും പകരുന്നു. നീതിയെയും സഹനത്തെയും ജീവിച്ചിരിക്കലിനെയും സംബന്ധിച്ച ആഴമേറിയ ചോദ്യങ്ങളും ഉന്നയിക്കുന്നു. ശരി-തെറ്റുകൾക്കപ്പുറം സാധ്യമായ മറ്റൊരിടം ചൂണ്ടിക്കാണിക്കുന്നു. സ്വസ്ഥം, സമാധാനം എന്നുകരുതി ഉപരിപ്ലവമായ ഒരു അവസ്ഥയിൽ നമ്മളിരിക്കുമ്പോൾ അസ്വസ്ഥതയെ കൂട്ടുതരുന്നു, നേരെ തിരിച്ചും. ഏറ്റവും കുറഞ്ഞപക്ഷം, രാഷ്ട്രീയമായും സാമൂഹികമായും ഉൾക്കനമില്ലാതായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യരെ തങ്ങളുടെ ബുദ്ധിയും ഭാവനയും ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നു എന്ന ഒറ്റ കാരണത്താൽ തന്നെ നല്ല സാഹിത്യം കൂടുതൽ പരിഗണന അർഹിക്കുന്നുണ്ട്. നിലനിൽപ്പ് പോലും വെല്ലുവിളി നേരിടുമ്പോൾ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യരെ കൂടുതലായി ആവശ്യംവരുന്ന സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. സാഹിത്യം വിപണിയ്ക്കായുള്ള ചരക്ക് മാത്രമാകുമ്പോൾ പുസ്തകങ്ങളിൽ ഇല്ലാതെ പോകുന്നത് സാഹിത്യത്തിൻ്റെ ഇത്തരം അടിസ്ഥാനഗുണങ്ങളാണ്. ഇത്തരം കാര്യങ്ങൾ പരിഗണിക്കുമ്പോൾ എളുപ്പവായനയ്ക്ക് മാത്രം വഴങ്ങുന്ന പുസ്തകങ്ങളുടെ വായന വാസ്തവത്തിൽ വായനയാകുന്നില്ല. വായനയില്ലായ്മയെ അഭിമുഖീകരിച്ചുകൊണ്ട് നാമെത്തിനിൽക്കുന്നത് വായനയല്ലായ്മയിലാണോ എന്നതാണ് ഉന്നയിക്കേണ്ട ചോദ്യം.