.jpg)
തിബാഖ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്)
(
ഒരുകൂട്ടം വാക്കുകളെ ചേർത്തു നിർത്തിയിരിക്കുന്ന വരികൾ മാത്രമല്ല കവിത; അതൊരു ചിന്താരീതിയാണ്, അനുഭവിക്കാനുള്ള മാർഗ്ഗമാണ്. വ്യക്തതയും സ്പഷ്ടമായആശയവിനിമയവും സാധ്യമാക്കുന്ന വ്യവഹാരഭാഷയല്ല; മനസ്സിലാക്കലിൻ്റെ ശീലങ്ങളെ മാറ്റിയെടുക്കുന്ന ഭാഷയാണ്. വാക്കുകളെ പൊതിഞ്ഞിരിക്കുന്ന അർത്ഥത്തിൻ്റെ ആവരണം മാത്രമല്ല; അതിനുള്ളിലെ അനുഭവത്തിൻ്റെ പ്രതിധ്വനികളെ അനുഭവവേദ്യമാക്കലുമാണ്. ഈ സവിശേഷതകളെല്ലാം പ്രകടമാക്കാൻ കവിതയെ സഹായിക്കുന്ന മൂന്ന് ഘടകങ്ങളാണ് ബിംബം, പ്രതിരൂപം, രൂപകം. ഇതുതന്നെയല്ലയോ അതെന്ന തോന്നൽ ഇവ മൂന്നും കൈമാറ്റം ചെയ്യാറുണ്ടെങ്കിലും, സൗന്ദര്യബോധത്തിലും അതിൻ്റെ രാഷ്ട്രീയനിലയിലും അവ തികച്ചും വേറിട്ടുനിൽക്കുന്നു. കലയെന്ന നിലയിൽ കവിത പ്രവർത്തനക്ഷമമാകുന്നതിൽ ബിംബം, പ്രതിരൂപം, രൂപകം എന്നിവയുടെ പ്രാധാന്യം എന്തെന്ന ആലോചന അതിനാൽ പ്രധാനമാണ്.
കാവ്യാത്മകമായ ആവിഷ്കാരത്തിൻ്റെ അടിസ്ഥാനഘടകങ്ങളാണ് ബിംബങ്ങൾ. കാഴ്ചയുടെ, കേൾവിയുടെ, സ്പർശത്തിൻ്റെ, ഗന്ധത്തിൻ്റെ അനുഭവം വാക്കുകളിലൂടെ കൈമാറാൻ ബിംബങ്ങൾ വഴിയൊരുക്കുന്നു. വ്യാഖ്യാനമോ വിശദീകരണമോ അല്ല, വാക്കുകളിലൂടെയുള്ള അനുഭവ സാക്ഷാത്കാരമാണ് ലക്ഷ്യമിടുന്നത്. ‘ഒഴിഞ്ഞ മുറിയിലെ മിടിക്കുന്ന ക്ലോക്ക്’ എന്നും ‘മഴ നനഞ്ഞ തെരുവ്’ എന്നും വായിക്കുമ്പോൾ അതിൻ്റെ വ്യാഖ്യാനത്തിനല്ല നമ്മൾ ഉടനെ മുതിരുന്നത്; ഉള്ളാലെ അവയുടെ അനുഭൂതി സ്വന്തമാക്കുകയാണ്. ഇതാണ് ബിംബങ്ങളുടെ ശേഷി; അത് കവിതയെ തൽക്ഷണം അനുഭവവേദ്യമാക്കുന്നു, ജീവസ്സുറ്റതാക്കുന്നു.
തൽക്ഷണം പ്രവർത്തനയോഗ്യമാകുന്നവയല്ല പ്രതിരൂപങ്ങൾ. അനുഭൂതിയിലാണ് ബിംബങ്ങളുടെ ഊന്നലെങ്കിൽ, സാംസ്കാരികമായ ബന്ധത്തിലൂടെയും കൂട്ടായ ഓർമ്മകളിലൂടെയും പ്രവർത്തിക്കുന്നതാണ് പ്രതിരൂപത്തിൻ്റെ രീതി. വെള്ളരിപ്രാവ്, കവിതയിൽ ഒരു പക്ഷി മാത്രമായി അവതരിപ്പിക്കപ്പെടുന്ന സന്ദർഭങ്ങൾ നന്നേ കുറവാകും; ഏറെക്കാലമായി സമാധാനവുമായി ബന്ധപ്പെട്ടു അതിനു സാധ്യമാകുന്ന അർത്ഥവ്യാഖ്യാനതലങ്ങളിലാകും പ്രവർത്തിക്കുക. വൈയക്തികമായ ഒരു അനുഭവത്തിൽ നിന്നും പങ്കുവെക്കപ്പെടുന്ന അർത്ഥമായി മാറാൻ പ്രതിരൂപങ്ങൾക്കു സാധിക്കുന്നു. ഇവ്വിധം പ്രതിരൂപങ്ങൾ വൈയക്തികതയ്ക്കും സാമൂഹികതയ്ക്കും ഇടയിലെ പാലമാകുന്നു. ആശയപരവും സ്വത്വപരവും ചരിത്രപരവുമായ സൂചകങ്ങളാകാൻ കവിതയിലെ പ്രതിരൂപങ്ങൾക്കു സാധിക്കുന്നു. പാരമ്പര്യങ്ങളുടെയും മിത്തുകളുടെയും രാഷ്ട്രീയനിലപാടുകളുടെയും ലക്ഷണങ്ങളോ അർത്ഥങ്ങളോ കവിതയിൽ ഉൾച്ചേർക്കപ്പെടുന്നതിൻ്റെ അടിസ്ഥാനഘടകം കൂടിയാകുന്നു പ്രതിരൂപങ്ങൾ.
കാവ്യഭാവനയുടെ ഏറ്റവും അടിസ്ഥാനപരമായ പ്രവർത്തനം രൂപകങ്ങൾ വഴിയാണ് സാധ്യമാകുന്നത്. ബിംബങ്ങൾ അനുഭവിപ്പിക്കലിലേക്കും പ്രതിരൂപങ്ങൾ സ്വനുഭവത്തെ കവിഞ്ഞുപോകുന്നതിലേക്കും നയിക്കുകയാണെങ്കിൽ, രൂപകങ്ങൾ പരിവർത്തനത്തിനുള്ള ചാലകമാകുന്നു. പ്രയോഗശീലത്താൽ സ്വാഭാവികമായ ഒരു കാര്യത്തെ വേറിട്ട രീതിയിൽ സമീപിക്കാൻ രൂപകങ്ങൾ കാരണമാകുന്നു. സമയം ഒരു ‘കള്ളൻ’, ശരീരം എൻ്റെ ‘തടവറ’ എന്നെല്ലാം കവിതയിലെഴുതുമ്പോൾ നിലവിലുള്ള കാര്യങ്ങൾക്കുമേൽ മറ്റൊരു രീതിയിലുള്ള നോട്ടം ആവശ്യമായി വരുന്നു; യാഥാർത്ഥ്യത്തെ മറ്റൊരു രീതിയിൽ സമീപിക്കേണ്ടതായി വരുന്നു. ആസ്വാദകൻ്റെയുള്ളിൽ നടക്കുന്ന ഈ പരിവർത്തനം രൂപകങ്ങളെ സൗന്ദര്യോപാധിയാക്കി മാറ്റുന്നു.
ഒരേ കവിതയിൽ തന്നെ ഇവ മൂന്നിൻ്റെയും ഗുണങ്ങൾ അനുഭവവേദ്യമാകാം. ബിംബങ്ങൾ കാര്യങ്ങൾ കാണിച്ചുതരുമ്പോൾ, പ്രതിരൂപങ്ങൾ മറ്റു കാര്യങ്ങളിലേക്ക് വിരൽചൂണ്ടുമ്പോൾ, രൂപകങ്ങൾ പരിവർത്തനത്തിലേക്ക് നയിക്കുന്നു. ഓരോന്നും അതിൻ്റേതായ രീതിയിൽ സൗന്ദര്യാനുഭൂതി പകരുന്നു. ഇവയുടെ പാരസ്പര്യം ഒരു കവിതയെ സൗന്ദര്യാനുഭൂതിപകരുന്ന ഭാഷാനുഭവമായും ചിന്തോദ്ദീപകമായ ചാലകമായും മാറ്റുന്നു; ലോകത്തെ മറ്റൊരു മട്ടിൽ അനുഭവിക്കാൻ, മനസ്സിലാക്കാൻ, ആസ്വദിക്കാൻ നമുക്കാകുന്നു.
കവിതയുടെ ഭാവുകത്വവ്യതിയാന ചരിത്രത്തിൽ ബിംബവും പ്രതിരൂപവും രൂപകവും സവിശേഷ പ്രാധാന്യമർഹിക്കുന്നുണ്ട്; പല കാലങ്ങളിലെയും സൗന്ദര്യബോധത്തിൻ്റെ സവിശേഷതകൾ നിർണ്ണയിക്കുന്നതിൽ മൂന്നിലേതെങ്കിലും ഒന്നിനു പ്രാധാന്യം കൂടുതൽ ലഭിച്ചത് കാരണമായിട്ടുണ്ട്. പുരാതനകാലത്ത്, വാമൊഴി കവിതാപാരമ്പര്യത്തിൽ ബിംബങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിച്ചിരുന്നതെന്നു കാണാം. ഓർമ്മയെയും അനുഭവത്തെയും ക്ഷണനേരം കൊണ്ട് തൊട്ടുണർത്താൻ സാധിക്കുന്നുവെന്നതാകാം ഇതിനു കാരണം. രൂപകങ്ങൾ അക്കാലത്ത് വികാരങ്ങളെ സാർവ്വലൗകികമാക്കാനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മദ്ധ്യകാലഘട്ടത്തിലാണ് പ്രതിരൂപങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവരുന്നത്. അന്യാപദേശപ്രധാനമായ കവിതകൾ, പ്രത്യേകിച്ച് ഇതിഹാസകാവ്യങ്ങളിൽ, പ്രതിരൂപസ്വഭാവം പ്രകടമാണ്.
നവോത്ഥാനകാലഘട്ടത്തിൽ രൂപകങ്ങളുടെ ശേഷികൾ കൂടുതലായി ഉപയോഗിക്കപ്പെടുകയും ബൌദ്ധിക പ്രധാനമായ ശേഷികൾ കവിതയിൽ പ്രകടമാകുകയും ചെയ്തിരുന്നു. എന്നാൽ, പിൽക്കാലത്ത് കാല്പനികകവിതാപ്രസ്ഥാനം ബിംബങ്ങളുടെ പ്രാധാന്യം വീണ്ടെടുക്കാൻ ശ്രമം നടത്തി; പ്രകൃതിദൃശ്യങ്ങളെ ഉദാത്തമായ അനുഭവത്തിൻ്റെ വൈയക്തികമായ നേരിലേക്കു നയിക്കുന്ന മാർഗ്ഗമായി അവർ കണക്കാക്കി. ബിംബങ്ങളുടെ സവിശേഷമായ പ്രയോഗത്തിലൂടെയായിരുന്നു ഇത് സാധ്യമാക്കിയത്.
ഉപരിതലസ്പർശിയായ ദൈനംദിന ജീവിതയാഥാർത്ഥ്യങ്ങൾക്ക് അപ്പുറത്ത്, ആഴവും സങ്കീർണ്ണതയും ഉൾക്കാഴ്ചയും വെളിപ്പെടുത്തുക ലക്ഷ്യമിട്ടുകൊണ്ട് സിംബോളിസ്റ്റ് പ്രസ്ഥാനം മറ്റൊരു ഭാവുകത്വം മുന്നോട്ടുവെച്ചു. പ്രതിരൂപങ്ങളെ സവിശേഷമായ രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ടുള്ളതായിരുന്നു സിംബോളിസ്സ് കവികളുടെ രീതി. പ്രതിരൂപങ്ങൾക്ക് അവർണ്ണനീയമായ കാര്യങ്ങളുടെ അന്വേഷണാർത്ഥസ്വഭാവം സിംബോളിസ്റ്റ് കവിതകളിൽ പ്രകടമായി.
ഒരു വാചകത്തിൽ വാക്കുകൾ എവ്വിധം പ്രവർത്തനയോഗ്യമാകുന്നോ അതേമട്ടിൽ ഒരു കവിതയുടെ അടിസ്ഥാന ഏകകങ്ങളിലൊന്നായി ബിംബങ്ങൾ ഉപയോഗിക്കപ്പെടാൻ തുടങ്ങിയതായിരുന്നു ആധുനികകാലത്തെ കവിതകളിലെ ബിംബങ്ങളുടെ ഉപയോഗരീതി. 'ലാൽദെദ് അതിർത്തികൾക്കെതിരെ സംസാരിക്കുന്നു' എന്ന കവിതയിൽ കെ. സച്ചിദാനന്ദൻ എഴുതുന്നു:
ആപ്പിൾ മരങ്ങളുടെ വേരുകൾ
മനുഷ്യരുണ്ടാക്കിയ മതിലുകൾക്കിടയിലൂടെ
അന്യോന്യം കൈകോർക്കുന്നു.
ഇനോസ്കുലേഷൻ എന്ന സ്വാഭാവിക പ്രതിഭാസമാണ് 'വേരുകൾ… അന്യോന്യം കൈകോർക്കുന്നു' എന്ന് സച്ചിദാനന്ദൻ്റെ നിരീക്ഷണത്തിൻ്റെ അടിസ്ഥാനം. ഒരേ ജനുസ്സിൽപ്പെട്ടതോ സഹജീവനത്തിന് വഴങ്ങുന്നവരോ ആയ മരങ്ങളുടെ വേരുകൾ കാലക്രമേണ മണ്ണിനുള്ളിൽ ഒന്നായി വരും. അധികം അകലെയല്ലാതെ, എന്നാൽ തമ്മിൽ മത്സരബുദ്ധിയുണ്ടാക്കാൻ അത്രയുമടുപ്പം ഉണ്ടാകാതെ നടുകയേ വേണ്ടൂ. ഇങ്ങനെയുള്ള മരങ്ങളിൽ ഒരു മരം ശോഷിച്ചു തുടങ്ങിയാലും മറ്റുള്ളവ അവയ്ക്ക് സഹായം നൽകുന്നു. കൂട്ടത്തിൽ രോഗങ്ങളും കീടങ്ങളും അവർ പങ്കുവെക്കുന്നു. സച്ചിദാനന്ദൻ്റെ കവിതയിലെ ഇതേ ബിംബത്തെ അധികരിച്ച് പിൽക്കാലത്ത് സമാനമായ ബിംബകൽപ്പനയിൽ കേന്ദ്രീകൃതമായ കവിതകൾ എഴുതപ്പെട്ടിട്ടുണ്ട്. ‘മരങ്ങൾ പൂക്കുന്നത്’ എന്ന റഫീക്ക് അഹമ്മദിൻ്റെ കവിത അവസാനിക്കുന്നത് ഇങ്ങനെ:
ഒരു പുലർച്ചയിൽ ഇരുമരങ്ങളും
നിറയെ പൂക്കളാൽ ജ്വലിച്ചുലഞ്ഞീടും.
ഒരുപക്ഷേ മണ്ണിന്നടിയിൽ ഗൂഢമായി
അവ തമ്മിൽ വേരാൽ തൊടുന്നുണ്ടാവുമോ?
പ്രകൃതിയിൽ നിലനിൽക്കുന്ന ഒരു പ്രതിഭാസത്തെ, ‘കൈകോർക്കുന്നു’ എന്ന പ്രയോഗത്തിലൂടെയാണു സച്ചിദാനന്ദൻ കാവ്യാത്മകമാക്കി മാറ്റിയതെങ്കിൽ റഫീക്ക് അഹമ്മദ് അതിനെ ‘തൊടൽ’ ആക്കിയിരിക്കുന്നു. എന്നുമാത്രമല്ല, സച്ചിദാനന്ദൻ്റെ കവിതയിൽ കേവലമൊരു ബിംബമായി നിൽക്കുന്ന വരികളെയാണ് റഫീഖ് അഹമ്മദിൻ്റെ കവിതകൾ സവിശേഷപ്രാധാന്യമർഹിക്കുന്ന സന്ദർഭമായി മാറിയതെന്നും കാണാം. ഇതേ ഇനോസ്കുലേഷൻ വീരാൻകുട്ടിയുടെ കവിതയിലെത്തുമ്പോൾ സമാനമായ ബിംബകൽപ്പനതന്നെ കവിതയായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒരു ബിംബം അതായിത്തന്നെ പൂർണ്ണ കവിതയാകുകയാണ്. അദ്ദേഹത്തിൻ്റെ ‘ആശ്ലേഷം’ എന്ന കവിത ഇങ്ങനെ:
ഭൂമിക്കടിയിൽ
വേരുകൾകൊണ്ട്
കെട്ടിപ്പിടിക്കുന്നു,
ഇലകൾ തമ്മിൽ
തൊടുമെന്ന് പേടിച്ച്
നാം
അകറ്റി നട്ട
മരങ്ങൾ.
ബിംബങ്ങൾക്കു അതായിത്തന്നെ കവിതാമൂല്യമുണ്ടെന്നു വാദിക്കുന്ന കവികളുണ്ട്. ഇമേജിസ്റ്റ് കവികളിൽ പലരും ഇത്തരം വാദങ്ങൾ പിൻപറ്റിയതായി കാണാം. എന്നാൽ ബിംബകൽപ്പനയെ പൂർണ്ണകവിതയായി സ്ഥാപിക്കാൻ മെനക്കെടുന്നവർ, കവിതയുടെ മൗലികതയും കേവലകൗതുകത്തെ കവിഞ്ഞുനിൽക്കാനുള്ള ശേഷിയും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം കവിതകൾ എഴുതുന്നവർ ഏറ്റെടുക്കേണ്ട പ്രധാന വെല്ലുവിളിയാണത്. കൂടിച്ചേരുക എന്ന പ്രവൃത്തിയെ കൈകോർക്കൽ, തൊടൽ, കെട്ടിപ്പിടിക്കൽ ആയി മാറ്റിയതുകൊണ്ടുമാത്രം പുതിയ കവിതാനുഭവം മുന്നോട്ടുവെക്കാൽ സാധിക്കില്ല. പലപ്പോഴും മുമ്പ് എഴുതപ്പെട്ടതിൻ്റെ ഒരു ഭാഗമെടുത്തുള്ള പങ്കുവെക്കൽ മാത്രമാകും. ഭാഷകൊണ്ടുള്ള വളച്ചൊടിക്കലിൽ മാത്രമല്ല കവിത വേറിട്ടുനിൽക്കേണ്ടത്.
പ്രതിരൂപാത്മകസ്വഭാവം കവിതയ്ക്കുമേൽ സാധ്യമാകുന്ന രീതിയിലാണ് ബഹുഭൂരിപക്ഷം ആളുകളുടെയും കവിതാവായനാശീലം എന്നിരിക്കെ, ഒരൊറ്റ ബിംബകൽപ്പനയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കവിതയിലും പ്രതിരൂപത്തെ കണ്ടെടുക്കാനുള്ള ശ്രമങ്ങളുണ്ടാകാം. അനുഭവവേദ്യമാകലിൽ മാത്രം ഒതുങ്ങാൻ ശ്രമിച്ചാലും, എന്തിനെ(യൊക്കെ)യാണോ പ്രതിനിധീകരിക്കുന്നത് അതിനെപ്പറ്റി സൂചനകളൊന്നും നൽകാതെ എഴുതപ്പെടാനിടയുണ്ട് എന്നതിനാൽ ഇത്തരം കവിതകൾ വായനക്കാരുമായി സംവദിക്കുന്നതിൽ മേൽപ്പറഞ്ഞ കാരണത്താൽ പരാജയപ്പെടുന്നുവെന്ന വിമർശനവും ഉയരാം. ഒരു പ്രത്യേക വസ്തുവിനെ കുറിച്ചുള്ള വിവരണം, നമ്മളിൽ അവയോട് ചേർന്നുനിൽക്കുന്ന വികാരങ്ങളെ ഉണർത്തുമെന്ന ടി. എസ്. എലിയറ്റിന്റെ നിരീക്ഷണത്തെ മാനദണ്ഡമാക്കിയാൽ, ഇത്തരം കവിതകൾ അനുഭവവേദ്യമാകാറുണ്ട്. വൈയക്തികമായ അനുഭൂതിതലത്തിൽ മാത്രം ഒതുങ്ങുമെന്നതാകാം അവയുടെ പരിമിതി.
‘ആറ്റിക്കുറുക്കിയ കവിത’ എന്ന വിശേഷണം പലപ്പോഴും ലഭിച്ചുകാണാറുള്ളത് ചുരുക്കം വാക്കുകളിലൂടെയുള്ള ബിംബകൽപ്പനയിൽ ഒതുങ്ങി നിൽക്കുന്ന കവിതകൾക്കാണ്. അക്ഷരങ്ങളുടെ എണ്ണക്കുറവ് മൂലമുണ്ടാകുന്ന വലിപ്പക്കുറവോ നിലവിലുള്ളതിൽ നിന്നും വെട്ടിമാറ്റേണ്ടതായ ഒരു വാക്കോ വരിയോ ഇല്ലെന്ന എഴുത്തുമിടുക്കോ ആറ്റിക്കുറുക്കലിൻ്റെ മാനദണ്ഡമായി പലരും തെറ്റിദ്ധരിക്കാനിടയുണ്ട്. ആറ്റിക്കുറുക്കുക എന്നത് കവിതയുടെ വലിപ്പത്തിൻ്റെയോ അക്ഷരക്കണക്കിൻ്റെയോ വിഷയമല്ല; ഒരു കവിതയ്ക്ക് ചുരുക്കം വാക്കുകളിലൂടെ സാധ്യമാകുന്ന അർത്ഥ, അനുഭവ ധ്വനിസാധ്യതകളുടെ സാന്ദ്രതയാണ്. കുറച്ചു പറയലല്ല; ഒരു കാര്യം പറയുന്നതിലൂടെ ഒരേസമയം പലതും പറയാനുള്ള ശേഷിയാണ്. ദാർശനികവും രാഷ്ട്രീയപരവും സൗന്ദര്യാവബോധപരവുമായ അനേകം അടരുകൾ ആറ്റിക്കുറുക്കിയ കവിതകളിൽ സാധ്യമാകുന്നു. അതൊരിക്കലും ചെറിയ കവിതയല്ല; ‘വലിയ’ കവിത തന്നെയാകുന്നു. ഈ മാനദണ്ഡം മുൻനിർത്തി വിലയിരുത്തുകയാണെങ്കിൽ ബിംബത്തെക്കാളും പ്രതിരൂപത്തെക്കാളും രൂപകത്തിന് ഈ സ്വഭാവസവിശേഷതയുണ്ടെന്നു കാണാം.
പല കാരണങ്ങളാൽ രൂപകാത്മകമായ ആവിഷ്കാരങ്ങളാണ് കൂടുതൽ കാവ്യാത്മകമാകാൻ ഇടയുള്ളതെന്ന് വാദിക്കുന്നവരുണ്ട്. പ്രതിരൂപാത്മകമാകുമ്പോൾ അവ നിയതമായ അർത്ഥത്തെ കുറിക്കുമെന്നും രൂപകപരമാകുമ്പോൾ അവ ഒരേസമയം ബിംബപരവും പ്രതിരൂപപരവുമായ സ്വഭാവങ്ങൾ കൈയ്യാളാനുള്ള സ്വഭാവങ്ങൾ കൈവരിക്കുകയും, എന്തിനെയാണോ പ്രതിനിധീകരിക്കുന്നത് അതിന്റെ സവിശേഷതകൾ കൈയ്യാളുമെങ്കിലും, പ്രതിരൂപങ്ങളിൽ നിന്നും വ്യത്യസ്തമായി, രൂപകങ്ങൾ നിയതമായ ഒരു അർത്ഥത്തിലോ വ്യാഖ്യാനത്തിലോ ഒതുങ്ങില്ല എന്നും ആന്ദ്രേ താർക്കോവ്സ്കി പറയുന്നു.
താരതമ്യത്തിനു സഹായകമാകുന്ന ഉപാധി എന്ന രീതിയിൽ ചുരുങ്ങുന്നില്ല രൂപകങ്ങൾ. അപരിചിതവത്കരണം സാധ്യമാക്കി പുത്തൻ സംവേദനത്തിനു രൂപകങ്ങൾ വഴിയൊരുക്കുന്നു. സാധാരണയായി ഒരു വാക്കിനോ വസ്തുവിനോ സാധ്യമാകുന്ന അർത്ഥ അനുഭവ തലങ്ങളിൽ നിന്നും അതിനെ വിടുവിച്ച് ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരിടത്ത് സ്ഥാപിക്കുന്നു; രൂപകം സംവേദനത്തിൻ്റെ ശീലങ്ങൾക്ക് ഭംഗമുണ്ടാക്കുന്നു. സമയത്തെ ‘കള്ളൻ’ എന്നു പറയുമ്പോഴും ഓർമ്മയെ ‘മങ്ങലേറ്റ ഫോട്ടോ’യായി വെളിപ്പെടുത്തുമ്പോഴും നമുക്ക് പരിചിതമായ കാര്യങ്ങളെ അപരിചിതമാക്കി മാറ്റുകയാണ്. പുതുക്കപ്പെട്ട സംവേദനതലവുമായി നമുക്ക് ഇടപഴകേണ്ടി വരുന്നു. ഇവ്വിധം രൂപകം കേവലം വർണ്ണനയിൽ ഒതുങ്ങാതെ, സംവേദനതലത്തെയും സൗന്ദര്യബോധത്തെയും നിർണ്ണയിക്കുന്നതിൽ പങ്കുവഹിക്കുന്നു. സാധാരണതയെ അസാധാരണമാക്കാനും ശ്രദ്ധിക്കപ്പെടാത്ത ഒന്നിനെ നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുചെന്നെത്തിക്കാനും രൂപകത്തിനു സാധിക്കുന്നു.
ബിംബം, പ്രതിരൂപം, രൂപകം എന്നിവ സൗന്ദര്യബോധത്തിലൂന്നി മാത്രം വിലയിരുത്തേണ്ട ഘടകങ്ങളല്ല; അവയുടെ രാഷ്ട്രീയോപയോഗസാധ്യത കൂടി പരിഗണിക്കേണ്ടതുണ്ട്. എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും എന്തുതരം വികാരത്തെയാണു ലക്ഷ്യമിടേണ്ടതെന്നതുമാണ് ബിംബനിർമ്മിതിയുടെ അടിസ്ഥാനം. ആശയപ്രചരണോപാധിയായി ബിംബനിർമ്മിതിയ്ക്ക് പ്രാധാന്യം കൈവരുന്നത് രാഷ്ട്രീയത്തിൽ കാണാം. സമഗ്രാധിപത്യസ്വഭാവത്തിൻ്റെ ലക്ഷണമാണ് ഏകബിംബനിർമ്മിതി. ഒരു ബിംബത്തിനു ചുറ്റും മറ്റുള്ളവയെല്ലാം സ്ഥാപിക്കുന്ന കൽപ്പനയാണ് അതിൻ്റെ അടിസ്ഥാനസ്വഭാവം. പ്രതിരൂപങ്ങളാകട്ടെ, ആൾക്കൂട്ട ഓർമ്മയെ ഒരു പ്രതീകത്തിൽ സ്ഥാപിച്ചെടുക്കാനും സഹായിക്കുന്നു. അതേസമയം, അർത്ഥ വ്യതിയാനത്തിലേക്കും അനുഭവങ്ങളുടെ അസ്ഥിരതയിലേക്കും നയിക്കുന്ന രൂപകങ്ങൾക്ക് നിലവിലുള്ള അധികാരഘടനയെയും ഒളിഞ്ഞു നിൽക്കുന്ന ബന്ധങ്ങളെയും സംശയമുനയിലേക്കെത്തിക്കാൻ സാധിക്കും. ഇത്തരത്തിൽ രാഷ്ട്രീയമായി ഉപയോഗയോഗ്യമായ ഇവയുടെ സ്വഭാവങ്ങളെ കവിതയിൽ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തുന്നു എന്നത് സൂക്ഷ്മനിരീഷണം ആവശ്യപ്പെടുന്നു. ഇവ്വിധം കവിതയുടെ രചനാതന്ത്രം, രാഷ്ട്രീയഭാവനയുടെ കൂടി വെളിപ്പെടലാകാനിടയുണ്ട്.
അധിനിവേശാനന്തരകാലത്ത് പ്രതിരൂപങ്ങൾക്ക് രാഷ്ട്രീയമായ അധികമാനങ്ങൾ കൈവന്നതായി കാണാം. നെഗ്രിറ്റ്യൂഡ് പ്രസ്ഥാനത്തിൻ്റെ ഭാഗമായ കവികളിൽ ‘കറുത്ത ശരീരം’, ഡെറിക് വോൾകട്ടിൻ്റെ കവിതകളിലെ ‘കടൽ’, ‘തുറമുഖം’, ആഫ്രിക്കൻ കവിതകളിൽ കാണുന്ന ‘മുഖംമൂടി’, ദർവീഷിൻ്റെ കവിതകളിലെ ‘ഒലീവ്’ എന്നിവയ്ക്കെല്ലാം പ്രതിരൂപ സ്വഭാവം കൈവരുന്നത് ഇത്തരത്തിലുള്ള പശ്ചാത്തലങ്ങളെക്കൂടി മുൻനിർത്തിയാണ്.
ബിംബങ്ങൾ, പ്രതിരൂപങ്ങൾ, രൂപകങ്ങൾ എന്നിവയെല്ലാം ചേർന്നു പ്രവർത്തിക്കേണ്ട കവിതാഭാവുകത്വമാണ് പുതിയ കാലത്തിൻ്റെ ആവശ്യം. കേവലം വർണ്ണനോപാധികളായി ചുരുങ്ങാതെ ഇവയെ പ്രവർത്തനയോഗ്യമാക്കി ഉപയോഗപ്പെടുത്തുക എന്നതാണ് കവികൾ ഏറ്റെടുക്കേണ്ട വെല്ലുവിളി. ക്ഷണനേരം കൊണ്ട് കവിതയെ അനുഭവവേദ്യമാക്കാൻ ബിംബങ്ങളും സാംസ്കാരിക ഓർമ്മയിലേക്ക് വിരൽചൂണ്ടാൻ പ്രതിരൂപങ്ങളും കാവ്യാനുഭവം അതിൻ്റെ തീവ്രതയിൽ അനുഭവവേദ്യമാകാൻ രൂപകങ്ങളും ഉപയോഗപ്രദമാകുന്നു. ഉപയോഗിച്ചുപഴകി ഭാഷയിൽ നിന്നും അനുഭവതീവ്രത ചോർന്നുപോകുന്ന കാലത്ത്, ഭാഷാനുഭവത്തെ വീണ്ടെടുക്കാനുള്ള കവിതയുടെ ശേഷി നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. വൈകാരികവും ബൗദ്ധികവും ധാർമ്മികവുമായ ആവശ്യത്തെ മുൻനിർത്തി കവികൾക്ക് ഉപയോഗപ്രദമാകുന്ന ഘടകങ്ങളാണ് ബിംബവും പ്രതിരൂപവും രൂപകവും.
_______________________________________________
Reference

- ടി. എസ്. എലിയറ്റ് – Hamlet and His Problems (1919)
- വിക്ടർ ഷ്ക്ലോവ്സ്കി – Art as Technique (1917)
- ആന്ദ്രേ താര്ക്കോവ്സ്കി – Sculpting in Time (1986)
- വീരാൻകുട്ടി – വീരാൻകുട്ടിയുടെ കവിതകൾ (2013)
- റഫീക്ക് അഹമ്മദ് – റഫീക്ക് അഹമ്മദിൻ്റെ കവിതകൾ (2013)
- കെ. സച്ചിദാനന്ദൻ - സച്ചിദാനന്ദൻ്റെ കവിതകൾ 1965-2015 (2016)