ഭാഷയുടെ ഈ അസ്ഥിരതയെ സംബന്ധിച്ച് സമാനമായ കാഴ്ചപ്പാട് തന്നെയായിരുന്നു ഴാക്ക് ദെറിദയുടേതും. വാക്കുകൾ അവയുടെ അർത്ഥം മാറ്റിക്കൊണ്ടിരിക്കുന്നുവെന്നും വ്യാഖ്യാനങ്ങൾക്ക് വഴങ്ങാൻ തയ്യാറായി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു വാക്കിൻ്റെയും അർത്ഥം അന്തിമമല്ല, അത് മറ്റു വാക്കുകളുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാലാണെന്ന് ദെറിദ ചൂണ്ടിക്കാണിച്ചു. ആ വാക്കുകളാകട്ടെ മറ്റു ചില വാക്കുകളുമായി ബന്ധപ്പെട്ടുനിന്നുകൊണ്ടാണ് അവയുടെ അർത്ഥം വെളിപ്പെടുത്തുന്നതും. അർത്ഥം വെളിപ്പെടുത്താൻ മറ്റു വാക്കുകളുമായി ബന്ധപ്പെട്ടുനിൽക്കേണ്ടിവരുന്ന വാക്കിൻ്റെ ഈ പ്രക്രിയയെ ദെറിദ, différance എന്ന് വിളിച്ചു. ഉദാഹരണത്തിനു ‘സ്വാതന്ത്ര്യം’ എന്ന വാക്കിൻ്റെ അർത്ഥം പറയേണ്ടി വരുമ്പോൾ മോചനം, മുക്തി, നിയന്ത്രണം എന്നിങ്ങനെയുള്ള വാക്കുകളെയൊക്കെ ആശ്രയിക്കേണ്ടതായി വന്നേക്കും. ആ വാക്കുകൾക്ക് ആകട്ടെ മറ്റു വാക്കുകളെ ആശ്രയിച്ചാണു അവയുടെ അർത്ഥം വിശദമാക്കാനും സാധിക്കുകയുള്ളൂ. അതായത് ഈ വ്യാഖ്യാനിക്കുന്ന പ്രക്രിയ നിലയ്ക്കാതെ തുടരും. ഭാഷ ഇവ്വിധം പുതിയ വ്യാഖ്യാനങ്ങൾക്കും പരിപ്രേക്ഷ്യങ്ങൾക്കുമായി തുറന്നുകിടക്കുകയാണ്. ഇത്തരം അടിസ്ഥാന ധാരണകളിൽ നിന്നുകൊണ്ടാണ് കവിതയിൽ വാക്കുകൾ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്ന അന്വേഷണത്തിനു നമ്മൾ മുതിരേണ്ടത്.
ദൈനംദിനജീവിതത്തിൽ എപ്രകാരമാണോ വാക്കുകൾ ഉപയോഗപ്രദമാകുന്നത് അതിനെയും കവിഞ്ഞുനിൽക്കാൻ കവിതയിൽ അതേ വാക്കുകൾക്ക് സാധിക്കുന്നു. സർഗാത്മകതയുടെയും വൈകാരികതയുടെയും വ്യാഖ്യാനത്തിൻ്റെയും കാഴ്ചപ്പാടിൻ്റെയും സാധ്യതകൾ കവിതയിലെ വാക്കിന് വ്യവഹാരഭാഷയിലേതിനെക്കാൾ കൂടുതലാണ്. കവിതയിലെ വാക്കുകൾക്ക് സാധ്യമാകുന്ന ഈ അധികമാനത്തെ അടിസ്ഥാനമാക്കിയാകണം കവിതയെന്നത് ഭാഷയ്ക്കുള്ളിലെ മറ്റൊരു ഭാഷയാണെന്ന നിരീക്ഷണം പോൾ വലേരി മുന്നോട്ടു വെച്ചത്. വ്യവഹാരഭാഷയിലെയും ഒരുപരിധിവരെ കവിതേതര ഗദ്യങ്ങളിലെയും വാക്കുകളും കവിതയിലെ വാക്കുകളും തമ്മിൽ നടത്തവും നൃത്തവും പോലുള്ള വ്യത്യാസമുണ്ടെന്നും അദ്ദേഹം പറയുന്നു. നൃത്തം എപ്രകാരമാണോ ചലനങ്ങളെ മനപൂർവ്വം ഒരു സൗന്ദര്യതലത്തിലേക്ക് ഉയർത്തുന്നത് അതേമട്ടിൽ കവിതയുടെ ഭാഷയിലെത്തുമ്പോൾ വാക്കുകൾക്ക് പ്രതീകാത്മകവും സൗന്ദര്യാത്മകവുമായ മാനങ്ങൾ ലഭിക്കുന്നു. വിവരങ്ങൾ മാത്രം കൈമാറാനുള്ള സൂചകമല്ല കവിതയുടെ ഭാഷയിൽ വാക്കുകൾ; അവ ആഴവും വ്യാപ്തിയുമുള്ള അനുഭവത്തെക്കൂടി മുന്നോട്ടുവെക്കുന്നു.
ഈ സവിശേഷത മുൻനിർത്തി പ്ലേറ്റോ തൻ്റെ ‘റിപ്പബ്ലിക്കി’ൽ കവിതയെ മിഥ്യാബോധത്തിലൂന്നിയ കലയായാണു കരുതിയത്. അനുകരണത്തിൻ്റെ അനുകരണമാണ് കവിതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും കവിതയിലെ വാക്കുകളുടെ ശേഷിയെയും സാധ്യതകളെയും പറ്റി അദ്ദേഹത്തിനു തികഞ്ഞ ബോധ്യമുണ്ടായിരുന്നു; ചരിത്രത്തെക്കാൾ നേരിനോട് ഏറ്റവും അടുത്ത് നിൽക്കുന്നത് കവിതയാണെന്നും അദ്ദേഹം പറയുകയുണ്ടായി. ചരിത്രം യാഥാർത്ഥ്യത്തെ എടുത്തുപറയുകയാണെങ്കിൽ കവിതയാകട്ടെ സാർവ്വലൗകികമായ മനുഷ്യാനുഭവത്തെയും വൈകാരികതയെയും മുന്നോട്ടുവെക്കാനും ശ്രമിക്കുന്നു. യാഥാർത്ഥ്യത്തെയും കവിഞ്ഞുനിൽക്കാൻ കവിതയ്ക്കാകുന്നു, ഒരു സവിശേഷസന്ദർഭത്തെ അനുഭവവേദ്യമാക്കാൻ കവിതയിലെ വാക്കുകൾക്ക് സാധിക്കുന്ന പോലെ വ്യവഹാരഭാഷയിൽ വാക്കുകൾക്ക് സാധിക്കണമെന്നില്ല. പ്ലേറ്റോയുടെ വിമർശനാത്മകമായ നിരീക്ഷണത്തെ കവിതയുടെ സാധ്യതയാക്കി മാറ്റുകയായിരുന്നു പോൾ വലേരിയുടെ മേൽപ്പറഞ്ഞ നിരീക്ഷണങ്ങൾ.
കവിതയിലെ ഒരു വാക്കിന് വ്യാഖ്യാനത്തിൻ്റെ അനേകം അടരുകൾ മുന്നോട്ടുവെക്കാനാകുന്നു. ഉദാഹരണത്തിന് ‘കസേര’ എന്ന വാക്കെടുത്താൽ വ്യവഹാരഭാഷയിൽ, ഇരിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമെന്നതാണു അർത്ഥമാക്കുന്നത്. കവിതയിലാകട്ടെ അധികാരം, താങ്ങാവാവുന്ന ഒരു വസ്തു എന്നിവ മുതൽ ഒഴിഞ്ഞു കിടക്കുന്ന കസേരയാണെങ്കിൽ അത് അവസരം മുതൽ ഒറ്റപ്പെടൽ വരെയുള്ള ചിന്തകളെ ഉണർത്താൻ പര്യാപ്തമാകും. ആയിരിക്കലിൻ്റെ ഒരു ഇടമായി കവിതയെ കാണുന്നതിൻ്റെ അടിസ്ഥാനവും ഇതാണ്. അസ്തിത്വത്തെ സംബന്ധിച്ച ആഴമേറിയ നേരുകളെ അനുഭവഭേദ്യമാക്കാൻ കവിതാഭാഷയ്ക്ക് സാധിക്കുന്നു. മാർട്ടിൻ ഹൈഡെഗറിനെ പോലെയുള്ള ചിന്തകർ കാര്യങ്ങളെ വീവരിക്കാനുള്ളതല്ല കവിത, മറിച്ച് അസ്തിത്വത്തെ സംബന്ധിച്ച പരമപ്രധാനമായ കാര്യങ്ങളെ വെളിപ്പെടുത്താനുള്ളതാണെന്നു പറയുന്നതിൻ്റെ അടിസ്ഥാനവും ഇതാണ്.
കവിതയിലെ ഓരോ വാക്കും അതീവശ്രദ്ധയോടെ തിരഞ്ഞെടുത്തതാകണമെന്ന പക്ഷക്കാരായിരുന്നു എസ്ര പൗണ്ടിനെ പോലെയുള്ള കവികൾ. ‘പുഴ കനത്ത ഒച്ചയോടെയാണ് ഒഴുകുന്നത്’ എന്ന ഒരു കാര്യത്തെ ‘മലയിടുക്കിൽ നിന്നും പുഴയുടെ അലർച്ച നമ്മളിലേക്കെത്തി’ എന്നെഴുതുമ്പോൾ ‘അലർച്ച’ എന്ന വാക്ക് ഇവിടെ കവിതാഗുണം നൽകുകയാണ്. വാക്ക് എന്ന സങ്കൽപ്പത്തെ ഇത്തരത്തിൽ പലതരത്തിൽ മെരുക്കിയെടുത്തും പ്രയോഗിച്ചുമാണ് കവികൾ എക്കാലത്തും കവിതാനുഭവം മുന്നോട്ടുവെച്ചിരുന്നത്. റൊമാൻ്റിക് പ്രസ്ഥാനത്തിൻ്റെ വക്താക്കളിൽ ഒരാളായിരുന്ന വില്യം വേർഡ്സ്വർത്തിൻ്റെ അഭിപ്രായത്തിൽ സ്വാഭാവികമായി മനുഷ്യരിലുണ്ടാകുന്ന വികാരത്തെ പ്രകടനയോഗ്യമാക്കാൻ ഏറ്റവും അനുയോജ്യം മനുഷ്യർ തങ്ങളുടെ ദൈനംദിനജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളാണെന്നായിരുന്നു. കുറഞ്ഞ വാക്കുകൾ കൂടുതൽ ധ്വനിപ്പിക്കാൻ ആകണമെന്നതായിരുന്നു എമിലി ഡിക്കിൻസൻ്റെ കവിതയിലെ വാക്കുകളുടെ പ്രത്യേകത. സങ്കീർണ്ണമായ അനുഭവത്തെയോ ആശയത്തെയോ പ്രകടനയോഗ്യമാക്കി മാറ്റാൻ വാക്കുകളുടെ കൃത്യമായ തിരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്ന് അവർ വിശ്വസിച്ചു. "Hope is the thing with feathers" എന്ന അവരുടെ കവിതയിൽ ‘thing’ എന്ന വാക്ക് വളരെ ലളിതമാണ്; എന്നാൽ അത് ഈ കവിതയിൽ അനേകം അർത്ഥങ്ങളെ മുന്നോട്ടുവെക്കുന്നു. റോബർട്ട് ഫ്രോസ്റ്റിൻ്റെ കവിതകളിലും വളരെ ലളിതമായ വാക്കുകൾക്ക് ഇത്തരത്തിൽ അനേകം സാധ്യതകൾ തുറക്കപ്പെടുന്നത് കാണാം. ഉദാഹരണത്തിന് "The Road Not Taken" എന്ന കവിതയിലെ "diverged", "yellow wood" എന്നീ വാക്കുകൾ അന്തരീക്ഷത്തോടെ ചേർന്നുനിൽക്കുന്ന ഭാവം മാത്രമല്ല സൃഷ്ടിക്കുന്നത് മറിച്ച് അർത്ഥതലങ്ങളെക്കൂടിയാണ്.
ലാ കോൺകോർഡിൽ, ട്രെയിനിൽ നിന്നും ഇറങ്ങിവരുമ്പോൾ മനോഹരമായ അനേകം മുഖങ്ങൾ കാണേണ്ടി വന്ന അനുഭവത്തെ എസ്ര പൗണ്ട് ആദ്യം ആവിഷ്കരിക്കുന്നത് മുപ്പത് വരിയുള്ള ഒരു കവിതയായാണ്. എന്നാൽ അത് അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. ആറു മാസത്തിനു ശേഷം, അദ്ദേഹം മറ്റൊരു കവിതയെഴുതി, അതും അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. അങ്ങനെ ഒരു വർഷത്തിനുശേഷം അദ്ദേഹം ഇങ്ങനെ എഴുതി:
The apparition of these faces in the crowd;
Petals on a wet, black bough.
കവിതയിലെ വാക്കുകൾ ലളിതവും എന്താണോ കവിത ആവശ്യപ്പെടുന്നത് അതു പ്രകടിപ്പിക്കാനുള്ള കൃത്യത കൈയ്യാളുന്നതുമാകണമെന്ന എസ്ര പൗണ്ടിൻ്റെ ആവശ്യത്തെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞത് "In a Station of the Metro" എന്ന ഈ രണ്ടുവരി കവിതയ്ക്കാണ്.
ചരിത്രം, സംസ്കാരം, വൈയക്തികാനുഭവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിക്കൊണ്ട് കവിതയിലെ വാക്കുകൾക്ക് ലഭിക്കാനിടയുള്ള അധികമാനത്തെക്കൂടി ഉപയോഗിക്കുന്നതിൽ മിടുക്കുകാണിച്ച കവിയായിരുന്നു ടി. എസ്. എലിയറ്റ്. അദ്ദേഹത്തിൻ്റെ ‘ദ് വേസ്റ്റ് ലാൻഡ്’ എന്ന പ്രശസ്തമായ കവിതയിൽ വാക്കുകൾക്ക് ലഭിക്കുന്ന അർത്ഥതലങ്ങൾ പുരാണം, ഇതരസാഹിത്യം, മതം എന്നിവയുടെ പശ്ചാത്തലങ്ങളിലൂടെ സങ്കീർണ്ണമായ തലങ്ങളിലേക്ക് എത്തിച്ചേരുന്നത് അനുഭവഭേദ്യമാകും. എസ്ര പൗണ്ട് ഒരുതരം കൃത്യത കവിതയിലെ വാക്കുകളിൽ നിന്നും തനിക്കു ലഭിക്കേണ്ട ആവശ്യമായി കരുതിയപ്പോൾ, ടി. എസ്. എലിയറ്റ് കവിതയിലെ വാക്കുകളെയും പ്രയോഗങ്ങളെയും സാംസ്കാരികവും ചരിത്രപരവുമായ അനേകം കാര്യങ്ങളിലേക്ക് ബന്ധിപ്പിച്ചുകൊണ്ട് ആഴമുണ്ടാക്കാൻ ശ്രമിച്ചു. ‘അരണവാല്‍മോതിരം’ എന്ന് ലതീഷ് മോഹൻ തൻ്റെ കവിതയ്ക്ക് തലക്കെട്ട് ഇടുമ്പോൾ ആ പ്രയോഗത്തിനു കൈവരുന്നത് സമാനമായ സാധ്യതയാണ്. ധൈര്യവുമായി ബന്ധപ്പെട്ട ആനവാൽമോതിരം എന്ന സങ്കൽപ്പത്തെ, മറവിയുമായി ബന്ധപ്പെട്ട അരണവാലുമായി ബന്ധിപ്പിക്കുന്നു. ഇവ്വിധം ചേർത്തെടുത്തെടുത്തുണ്ടാക്കുന്ന ഒരു വാക്കിനോ പ്രയോഗത്തിനോ പോലും അതായിത്തന്നെ കവിതയുടെ സ്വഭാവം കാണിക്കാനാകുന്നു.
വാക്കുകളെ കുറേക്കൂടി മൗലികവും സർഗ്ഗാത്മകവുമായി രീതിയിൽ സമീപിച്ച കവിയായിരുന്നു ഇ.ഇ. കമിങ്സ്. നിലനിൽക്കുന്ന വ്യാകരണനിയമങ്ങളെയും ഘടനകളെയും തെറ്റിക്കാൻ അദ്ദേഹത്തിനു യാതൊരു മടിയും ഉണ്ടായിരുന്നില്ല. വാക്കുകളെ വിന്യസിക്കുന്ന രീതികളിലടക്കം പലതരത്തിലുള്ള പരീക്ഷണങ്ങൾക്കു മുതിർന്നുകൊണ്ട്, കുറേക്കൂടി ശക്തവും ആഘാതമേൽപ്പിക്കുന്ന തരത്തിലുള്ളതുമായ വൈകാരികവും ദൃശ്യപരവുമായ അനുഭവം അദ്ദേഹം മുന്നോട്ടുവെച്ചു. അർത്ഥതലങ്ങളോളം തന്നെ പ്രധാനമാണു അക്ഷരങ്ങളെയും വാക്കുകളെയും താളിൽ വിന്യസിക്കുന്നതുവഴി ലഭിക്കുന്ന രൂപപരമായ ഗുണങ്ങളുമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു, ‘l(a’ എന്ന കവിതയിലൂടെ:
l(a
— e e cummings
l(a
le
af
fa
ll
s)
one
l
iness
ലംബരൂപത്തിൽ എഴുതിയ ഈ വരികളെ തിരശ്ചീനമായി എഴുതിയാൽ ഇങ്ങനെ വായിക്കാം: l(a leaf falls)oneliness. ഒറ്റപ്പെടൽ (loneliness) എന്ന അനുഭവത്തെ ആ വാക്കിലെ അക്ഷരങ്ങളെ പലമട്ടിൽ വേറിട്ടകറ്റി നിർത്തി കവിതയുടെ രൂപത്തിലൂടെയും സംവേദനം ചെയ്യാനാകുന്നു. ഒരു ഇല വീഴുന്നു (a leaf falls) എന്ന കാര്യത്തെ ചേർത്തിരിക്കുന്നത് ഒറ്റപ്പെടൽ (loneliness) എന്ന വാക്കിനു ഇടയിലാണ്. ഈ രൂപത്തെ അർത്ഥതലത്തിലേക്ക് കൊണ്ടുവരുമ്പോൾ ഇല വീഴുന്നു എന്ന കാഴ്ച ഒറ്റപ്പെട്ട അവസ്ഥയിൽ ഉണർത്താനിടയുള്ള വൈകാരികാവസ്ഥയും നമുക്ക് അനുഭവവേദ്യമാകും. l(a എന്നതിലെ ആദ്യ അക്ഷരമായ l എന്നത് ഒന്ന് (one) എന്നും വായിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അവസാനഭാഗത്തെ ‘oneliness’ എന്നും മാറ്റിവായിക്കാൻ സാധിക്കുന്നു. വ്യവസ്ഥാപിതവും പരമ്പരാഗതവുമായ ചട്ടക്കൂടുകളിൽ നിന്നും വാക്കുകളെ മോചിപ്പിക്കാനായാൽ കവിയ്ക്ക് വാക്കിനുമേൽ മറ്റു സാധ്യതകൾ കണ്ടെടുക്കാനാകും എന്നതിനു ഉദാഹരണമായി ഈ കവിതയെ കാണാം.
പരമ്പരാഗത വൃത്തങ്ങളെ പിൻപറ്റി കവിതയെഴുതിയിരുന്നവരും എഴുതിക്കൊണ്ടിരിക്കുന്നവരും വാക്കുകളുടെ തിരഞ്ഞെടുപ്പിനു പ്രധാനമായും താളഭംഗിയെയാണ് മാനദണ്ഡമാക്കുന്നത്. ഈ താളഭംഗി കേൾവിയിൽ ഇമ്പമായും കവിതയുടെ താളിലെ രൂപത്തിൽ ഒതുക്കിവെച്ച രൂപഭംഗിയായും പ്രകടമാകുന്നു. ഇത്തരത്തിലുള്ള സ്വരചേർച്ച പുതിയ കാലത്ത് പലതരം ഔചിത്യമില്ലായ്മയ്ക്കു കാരണമാകുന്നതും കാണാം. ‘കുളിക്കുമ്പോൾ/ പൊടുന്നനെ/ ജലം നിലച്ചു’ എന്നു തുടങ്ങുന്ന അനിത തമ്പിയുടെ ‘എഴുത്ത്’ എന്ന കവിതയിൽ കുളിക്കാൻ ഉപയോഗിക്കുന്നത് ‘ജലം’ ആണ്; ‘വെള്ളം’ അല്ല. ഈ കവിത വായിച്ചതുമുതൽ എന്നെ അലട്ടിയ കാര്യമാണ്, എഴുത്തിൽ സൂക്ഷ്മമായ ശ്രദ്ധ പുലർത്താറുള്ള ഒരു കവി എന്തുകൊണ്ടാകും ജലം എന്ന വാക്ക് വെള്ളം എന്ന വാക്കിനു ബദലായി ഉപയോഗിച്ചിരിക്കുകയെന്നത്. താളഭംഗിയല്ലാതെ മറ്റൊരു കാരണവും കാണാൻ കഴിഞ്ഞുമില്ല. ജലസ്നാനം എന്ന വാക്കിനുള്ള സ്വരചേർച്ച വെള്ളസ്നാനം എന്ന വാക്കിനില്ല; വെള്ളത്തിൽ കുളിക്കുന്ന നമ്മൾ ജലത്തിൽ കുളിക്കാത്തതിനു പിന്നിലെ കാരണം സംസ്കാരത്തിൻ്റെയും ഭാഷയുടെ അധികാരചരിത്രത്തിൻ്റെയും പശ്ചാത്തലത്തിൽ നിന്നുകൊണ്ടുകൂടി വേണം വിലയിരുത്താൻ. അനിത തമ്പിയുടെ കവിതയിൽ കുളിക്കുന്നത് ഒരു രാജ്ഞിയല്ല എന്നിരിക്കെ, ആ വാക്കിൻ്റെ തിരഞ്ഞെടുപ്പിൽ ഇവ്വിധത്തിലുള്ള ഔചിത്യമില്ലായ്മ നിഴലിക്കുന്നുണ്ടായിരുന്നു. ഈ സംശയത്തിനുള്ള തുടരെഴുത്തായി വായിക്കാവുന്ന കവിതയായിരുന്നു, പിൽക്കാലത്ത്, അനിത തമ്പി എഴുതിയ ‘ആലപ്പുഴവെള്ളം’ എന്ന കവിത. കവി ആറ്റൂർ രവിവർമ്മ ഈ സംശയം ഉന്നയിച്ചതിനെ മുൻനിർത്തിയാണ് ആ കവിത: ‘ആലപ്പുഴ നാട്ടുകാരി/ കരിമണ്ണുനിറക്കാരി/ കവിതയിൽ എഴുതുമ്പോൾ/ 'ജലം' എന്നാണെഴുതുന്നു!// കവി ആറ്റൂർ ചോദിച്ചു, "വെള്ളം അല്ലേ നല്ലത്?"
അഡ്രിയാൻ റിച്ചിനെ പോലെയുള്ള കവികൾ തങ്ങളുടെ കവിതയിലെ വാക്കുകളെ രാഷ്ട്രീയപരമായി ഉപയോഗിക്കാവുന്ന ഉപകരണമായിട്ടു കൂടിയാണു കണക്കാക്കിയത്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാണു കവിതയിലെ വാക്കുകളെന്ന് അവർ കരുതുന്നു. ലാംഗ്സ്റ്റൺ ഹ്യൂഗ്സിൻ്റെ ‘ഫ്രീഡം’ എന്ന കവിതയിൽ ‘ഫ്രീഡം’ എന്ന വാക്കിനും, മായ ആഞ്ചലോയുടെ ‘Phenomenal Woman’ എന്ന കവിതയിൽ ‘I'm a woman’, ‘That's me’ എന്ന വാക്കുകൾക്കും ‘Still I Rise’ എന്ന കവിതയിലെ I'll rise എന്ന വാക്കുകൾക്കു ആവർത്തനത്തിലൂടെയും ലഭിക്കുന്ന മുദ്രാവാക്യസ്വഭാവം, കവിതയിലെ വാക്കിനെ രാഷ്ട്രീയ ഉപകരണമാക്കിത്തീർക്കുന്നു. ഒരാൾ എവിടെ നിന്നു വരുന്നോ ആ നാടിൻ്റെ സംസ്കാരവും ചരിത്രവും പേറുന്നവയാകും ഓരോ കവിയുടെയും വാക്കുകളെന്നുകൂടിയാണ് പുതിയകാല കവിതയിലെ ഭാഷാവകഭേദങ്ങളും തെളിയിക്കുന്നത്. കവിതയിലെ വാക്ക് ഇത്തരത്തിൽ ഒരു സംസ്കാരത്തിൻ്റെ കലാവസ്തു എന്ന നിലയിൽ കൂടിയാകും അവതരിപ്പിക്കപ്പെടുക. കഴിഞ്ഞകാല സംഭവങ്ങളുടെ സ്മരണയും പാരമ്പര്യവും പോരാട്ടങ്ങളും അത്തരം വാക്കുകളിൽ പറ്റിച്ചേർന്നുനിൽക്കും. ഡെറിക് വോൾകട്ടിൻ്റെ "A Far Cry from Africa" എന്ന കവിതയിലെ "blood", "betray", "savages" തുടങ്ങിയ വാക്കുകൾക്ക് കേവലാർത്ഥമോ മറ്റു കവിതകളിൽ കൈവരാവുന്ന അർത്ഥസാധ്യതകളോ മാത്രമല്ല; ആഫ്രിക്കയുടെയും കരീബിയയുടെയും കൊളോണിയൽ ചരിത്രത്തിൻ്റെ ഭാരം കൂടി ആ വാക്കുകൾ പേറുന്നുണ്ട്. ഇതുവഴി വായനക്കാരുമായി ചരിത്രത്തിൻ്റെയും സ്വത്വത്തിൻ്റെയും അനുഭവം കൂടിയാണു പങ്കുവെക്കുന്നത്.
വാക്കുകൾക്കിടയിലെ വിടവുകളും വാക്കുകളോളം അർത്ഥത്തെ സംവേദനം ചെയ്യുന്നുണ്ടെന്ന് സ്റ്റെഫാൻ മല്ലാർമെയെ പോലെയുള്ള കവികൾ വിശ്വസിച്ചു. മല്ലാർമെയുടെ A Throw of the Dice (Un Coup de Dés) എന്ന കവിത ഇതിനു ഉദാഹരണമായി കാണാം. വാക്കുകൾക്കിടയിൽ പതിവിൽക്കഞ്ഞ അകലവും വറിമുറിക്കലുകളുമുള്ള ഈ കവിതയിൽ, വായനക്കിടയിൽ, വാക്കുകൾക്കിടയിലെ അകലം വഴി കൈവരുന്ന ഇടവേളകൾ മറ്റൊരു അനുഭൂതിയും അർത്ഥതലങ്ങളും കൈമാറാൻ ഇടയാക്കുന്നതാണ്. വായനയ്ക്ക് പല രീതികൾ അവതരിപ്പിക്കാനും വരികൾക്കോ വാക്കുകൾക്കോ ഇടയിലെ അകലം അഥവാ വിടവ് ഗുണം ചെയ്യും.
ഈ വരികൾക്കോ വാക്കുകൾക്കോ ലഭിച്ചിരിക്കുന്ന അകലം മൂലം ഇവ രണ്ടുതരം വായനയ്ക്കുള്ള സാധ്യത നൽകുന്നു:
ഒന്ന്: പുഴയൊഴുകുന്നു / അടർന്നുവീണ ഇലയിൽ / വെള്ളാരംകല്ലിനുമേൽ / ഉറുമ്പിനു വിശ്രമം.
രണ്ട്: പുഴയൊഴുകുന്നു / വെള്ളാരംകല്ലിനുമേൽ / അടർന്നുവീണ ഇലയിൽ / ഉറുമ്പിനു വിശ്രമം.
വാക്കുകൾ മാത്രമല്ല വാക്കുകൾക്കോ വരികൾക്കോ ഇടയിലെ അകലം പോലും കവിതയിൽ പ്രധാനമാകുന്നു. കവിതയിലെ വാക്കുകൾ അർത്ഥത്തിൻ്റെ വാഹകർ മാത്രമല്ല; എവ്വിധമാണോ വിന്യസിക്കപ്പെട്ടിരിക്കുന്നത് അതിൻ്റെ അടിസ്ഥാനത്തിൽ അർത്ഥത്തിൻ്റെയും അനുഭവത്തിൻ്റെയും മാറ്റത്തിനു കാരണക്കാരുമാകും.
Through the silence, her sharp words - എന്ന വാചകത്തിൽ എന്തുകൊണ്ട് sharp എന്ന വാക്ക് വന്നു? ഏറ്റവും കുറഞ്ഞത് sharp എന്ന വാക്കിന് 30 സമാനാർത്ഥപദങ്ങളെങ്കിലും ഇംഗ്ലീഷിലുണ്ട് എന്നിരിക്കെ എന്തുകൊണ്ട് ഈ വാക്ക് എന്നതാണ് ചോദ്യം. കാരണം മറ്റൊന്നുമല്ല പങ്കുവെക്കേണ്ടത് ശബ്ദഭംഗിയും അർത്ഥവും മാത്രമല്ല. മറിച്ച് ആ അനുഭവത്തെ കൂടിയാണ്. ഈ വരികളെ മലയാളത്തിലാക്കുമ്പോൾ ‘നിശബ്ദതയ്ക്കുള്ളിലൂടെ അവളുടെ കൂർത്ത വാക്കുകൾ’ എന്നോ ‘നിശബ്ദതയ്ക്കുള്ളിലൂടെ അവളുടെ മുനയുള്ള വാക്കുകൾ’ എന്നോ വരുന്നതിൻ്റെ കാരണവും മറ്റൊന്നുമല്ല. Sharp എന്ന വാക്കിനെ അതിനോട് ഏറ്റവും അടുത്ത് നിൽക്കാൻ ഇടയുള്ള loud, harsh, ഒച്ച, കനത്ത തുടങ്ങിയ വാക്കുകൾകൊണ്ട് പകരംവെക്കുമ്പോൾ നഷ്ടമാകുന്നത് കത്തി പോലെയോ അമ്പ് പോലെയോ ഉള്ള വസ്തുക്കൾ ഉള്ളിലൂടെ കടന്നുപോകുന്നവേളയിൽ അനുഭവപ്പെടാനിടയുള്ള തീവ്രതയാണ്. Through the silence എന്നതിലെ through എന്ന വാക്ക് ആവശ്യപ്പെടുന്നത് അതാണ്, അതിനെ പിന്താങ്ങാൻ sharp എന്ന വാക്കിന് സാധിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനം. കത്തിയുടെയോ അമ്പിൻ്റെയോ സാന്നിധ്യം എവിടെയും ഇല്ലെങ്കിലും അവയെപ്പോലെ കടന്നുപോകുന്നു അവളുടെ വാക്കുകൾ എന്ന അനുഭവസാധ്യതയാണ് through, sharp എന്നീ വാക്കുകളിലൂടെ മുന്നോട്ടുവെക്കുന്നത്.
ചുരുക്കത്തിൽ, കവിതയിലെ വാക്കുകൾ കേവലം അർത്ഥത്തിൻ്റെ വാഹകരല്ല, വെറും ശബ്ദഭംഗിയുമല്ല. വാക്കുകൾ കൂടുതൽ പ്രവർത്തനയോഗ്യമാകുന്ന ഇടമാണ് കവിത. സൗന്ദര്യാനുഭൂതിയും ഭാവനാശേഷിയും രാഷ്ട്രീയമുഖവും വൈകാരികതലങ്ങളും വെളുപ്പെടുത്തുന്നവിധത്തിൽ ഇടപെടൽ നടത്താൻ കവിയുടെ സവിശേഷശ്രദ്ധ പതിയുന്നതിലൂടെ കവിതയിലെത്തിപ്പെടുന്ന ഓരോ വാക്കിനും സാധിക്കുന്നു; കവിതയിൽ ഓരോ വാക്കും പ്രധാനമാകുന്നു.
Reference
- Ferdinand de Saussure - Course in General Linguistics (1916)
- Ludwig Wittgenstein - Philosophical Investigations (1953)
- Jacques Derrida - Of Grammatology (1967)
- Martin Heidegger - Poetry, Language, Thought (1971)
- William Wordsworth - Preface to Lyrical Ballads (1798)
- T.S. Eliot - Tradition and the Individual Talent (1919)
- Ezra Pound - ABC of Reading (1934)
- E.E. Cummings - Complete Poems, 1904–1962 (1991)
- Adrienne Rich - What Is Found There: Notebooks on Poetry and Politics (1993)
- Mallarmé - A Throw of the Dice Will Never Abolish Chance (Un Coup de Dés...) (1897)
- Derek Walcott - Collected Poems: 1948–1984 (1986)
- അനിത തമ്പി. ആലപ്പുഴവെള്ളം (2018)
അനുബന്ധ വായനയ്ക്ക്