വൃത്തമുക്ത കവിതയെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. ചിലപ്പോൾ ഒരു സംശയമായും പലപ്പോഴും പരിഹാസമായും കവിതയെക്കുറിച്ചുള്ള വിധിന്യായമായും ഈ ചോദ്യം കേൾക്കപ്പെടുന്നു. ഈ ചോദ്യത്തിന്റെ അടിത്തറ ശ്രദ്ധിക്കേണ്ടതുണ്ട്. ഗദ്യശകലത്തെ വരികളായി മുറിച്ചെഴുതിയാൽ അത് കവിതയാകുമോ എന്ന സംശയമാണ് ഇതിനു പിന്നിലുള്ളത്. അതുകൊണ്ടുതന്നെ ഈ ചോദ്യം പ്രധാനമായും കവിതയുടെ എഴുത്തുരൂപത്തെയാണ് പരിശോധിക്കുന്നത്. താളിലോ സ്ക്രീനിലോ വാക്കുകൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഇവിടെ വിഷയം. എന്നാൽ കവിത എഴുത്തുരൂപം മാത്രമാണോ, അതോ വായനയിൽ സംഭവിക്കുന്ന അനുഭവം കൂടിയാണോ? ഈ രണ്ടാമത്തെ സാധ്യത പരിഗണിക്കുന്ന നിമിഷം ഈ ചോദ്യംതന്നെ അപര്യാപ്തമാകുന്നു. യഥാർത്ഥ ചോദ്യം ഇതാകുന്നു: കവിതയുടെ വായനയിൽ വരിമുറിക്കൽ എന്താണ് ചെയ്യുന്നത്? ഒരേ വാക്കുകൾ രണ്ടുതരത്തിൽ ക്രമീകരിക്കുമ്പോൾ എന്തുകൊണ്ടാണ് രണ്ടുതരത്തിലുള്ള വായനാനുഭവങ്ങൾ ഉണ്ടാകാനിടവരുന്നത്? ഒരേ ഭാഷ, ഒരേ പദസഞ്ചയം, ഏതാണ്ട് ഒരേ വാക്യഘടന—എന്നിട്ടും എന്തുകൊണ്ടാണ് ഒരു പാഠം ഗദ്യമായും മറ്റൊന്ന് കവിതയായും അനുഭവപ്പെടുന്നത്? ഈ ചോദ്യമാണ് കവിതയുടെ വായനാനുഭവത്തിലേക്ക് നമ്മെ നയിക്കുന്നത്. വൃത്തമുക്ത കവിതയുടെ പ്രത്യേകത അതിന്റെ വരിവിന്യാസം വായനയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിലാണ്. അതിനാൽ വായനയിൽ വരി എന്ത് പ്രവർത്തനമാണ് നിർവഹിക്കുന്നത് എന്നും ആ പ്രവർത്തനം വൃത്തമുക്ത കവിതയുടെ ലാവണ്യത്തെ എങ്ങനെ നിർണ്ണയിക്കുന്നു എന്നും അന്വേഷിക്കേണ്ടതുണ്ട്.
ഗദ്യം വായിക്കുമ്പോൾ നമ്മുടെ ശ്രദ്ധ പ്രധാനമായും വാക്യത്തിന്റെ വികാസത്തെയാണ് പിന്തുടരുന്നത്. അതായത് വാക്യത്തിന്റെ വ്യാകരണഘടനയാണ് വായനയെ മുന്നോട്ടു നയിക്കുന്നത്. വൃത്തമുക്ത കവിതയിലും വാക്യം നിലനിൽക്കുന്നുണ്ട്. എന്നാൽ അതിനോടൊപ്പം മറ്റൊരു ഘടകവും വായനയെ രൂപപ്പെടുത്തുന്നു: വരി.
വരിമുറിച്ചെഴുതിയ കവിത വായിക്കുന്ന ഒരാൾ ഒരേസമയം രണ്ട് ക്രമീകരണങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്—വ്യാകരണത്തിന്റെയും വരിവിന്യാസത്തിന്റെയും. ചിലപ്പോൾ ഇവ പരസ്പരം യോജിക്കും, ചിലപ്പോൾ സംഘർഷത്തിലാകും. ഈ ഇരട്ടസ്വഭാവമാണ് വരിമുറിക്കൽ മാനദണ്ഡമാക്കിയ വൃത്തമുക്ത കവിതയുടെ വായനയെ ഗദ്യത്തിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അതിനാൽ അതിന്റെ പ്രത്യേകത അച്ചടിരൂപത്തിലല്ല, വായനാസംവിധാനത്തിലാകുന്നു.
'വരി' എന്നത് താളിലോ സ്ക്രീനിനോ ഒരു വരി അവസാനിച്ച് മറ്റൊന്ന് തുടങ്ങുന്നതിൻ്റെ അടിസ്ഥാനത്തിൽ കാണപ്പെടുന്നത് മാത്രമല്ല. ഗദ്യത്തിൽ അത് അച്ചടിയുടെയോ സ്ക്രീനിൻ്റെയോ സൗകര്യത്തിൽ നിന്നുള്ള ക്രമീകരണമാണ്. വൃത്തമുക്ത കവിതയിൽ അത് കവിയുടെ ബോധപൂർവമായ തീരുമാനമാണ്. ഏത് വാക്കിലാണ് വരി അവസാനിക്കേണ്ടത്, അടുത്ത വരി എവിടെ തുടങ്ങണം, ഒരു വാക്യം എത്ര വരികളിലൂടെ വികസിക്കണം എന്നിവയെല്ലാം കവിതയുടെ രൂപകൽപ്പനയുടെ ഭാഗമാണ്. വരി കവിതയുടെ അടിസ്ഥാനഘടകങ്ങളിൽ ഒന്നാകുന്നു.
വരി ഒരു വാക്യമാകണമെന്നില്ല. ഒരു വരി ഒരു വാക്യത്തേക്കാൾ ചെറുതാകാം, വലുതാകാം, അല്ലെങ്കിൽ ഒരു വാക്യത്തിന്റെ നടുവിൽ അവസാനിക്കാം. വാക്യത്തിന്റെ അതിരുകൾ സാധാരണയായി വ്യാകരണമാണ് നിർണ്ണയിക്കുന്നത്; വരിയുടെ അതിരുകൾ കവിതയുടെ രൂപകൽപ്പനയും. വാക്യം ഭാഷയുടെ വ്യാകരണഘടനയെ ക്രമീകരിക്കുന്നുവെങ്കിൽ, വരി കവിതയുടെ അർത്ഥാനുഭവ ഘടനയെ ക്രമീകരിക്കുന്നു. അതിനാൽ വരിയും വാക്യവും വ്യത്യസ്ത ചട്ടങ്ങളാൽ പ്രവർത്തിക്കുന്ന രണ്ട് ഘടകങ്ങളാകുന്നു.
ഒരു വാക്യം വരികളായി വിഭജിക്കപ്പെടുമ്പോൾ അർത്ഥത്തിന്റെ വെളിപ്പെടൽക്രമം മാറുന്നു. ചില വാക്കുകൾ താൽക്കാലികമായി കൂടുതൽ ശ്രദ്ധ നേടുന്നു; ചില ബന്ധങ്ങൾ വൈകിയാണ് വെളിപ്പെടുന്നത്; ചില പ്രതീക്ഷകൾ അടുത്ത വരിവരെ നീളുന്നു. അതിനാൽ ഒരു വാക്ക് ഏത് വാക്കിനുശേഷം വരുന്നു എന്നതുമാത്രമല്ല, അത് എപ്പോൾ വായിക്കപ്പെടുന്നു എന്നതും കവിതയിൽ പ്രധാനമാണ്. വരിവിന്യാസം ഈ സമയാനുഭവത്തെ നിയന്ത്രിക്കുന്നു.
ഈ പ്രവർത്തനം ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. മേൽക്കൂര എന്ന കവിതയുടെ ആദ്യഭാഗം നോക്കുക:
തെളിഞ്ഞ വാനം
വിട്ടുതന്നിടത്തേക്ക്
ഒഴുകിക്കൊണ്ടിരിക്കുകയാണ്
മേഘങ്ങൾ.
ഇത് ഗദ്യമായി എഴുതുകയാണെങ്കിൽ: 'മേഘങ്ങൾ തെളിഞ്ഞ വാനം വിട്ടുതന്നിടത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.' ഗദ്യത്തിൽ "മേഘങ്ങൾ" എന്ന കർത്താവ് സാധാരണയായി ആദ്യം തന്നെ പ്രത്യക്ഷപ്പെടാം. എന്നാൽ കവിതയിൽ അങ്ങനെയല്ല. ആദ്യം "തെളിഞ്ഞ വാനം", തുടർന്ന് "വിട്ടുതന്നിടത്തേക്ക്", പിന്നെ "ഒഴുകിക്കൊണ്ടിരിക്കുകയാണ്" എന്ന ക്രിയ. ഇവയെല്ലാം വായിച്ചുകഴിഞ്ഞിട്ടും എന്താണ് ഒഴുകുന്നത് എന്ന് വായിക്കുന്നയാൾ അറിയുന്നില്ല. അവസാന വരിയിലാണ് "മേഘങ്ങൾ" എന്ന വാക്ക് വെളിപ്പെടുന്നത്. ഇവിടെ വരിമുറിക്കൽ വിവരത്തെ വൈകിപ്പിക്കുകയും അതുവഴി വായനയുടെ അർത്ഥാനുഭവത്തിൻ്റെ സമയക്രമം നിയന്ത്രിക്കുകയും ചെയ്യുന്നു.
കവിതയുടെ അടുത്ത ഭാഗവും ഇതേ രീതിയിൽ പ്രവർത്തിക്കുന്നു.
കാലത്തപ്പുറത്തും
വൈകീട്ടിപ്പുറത്തും
നിഴൽ വിരിച്ചുയർന്ന്
നിൽക്കുന്നുണ്ട്
അതിരുകൾ.
ഇവിടെയും "അതിരുകൾ" എന്ന പ്രധാനവാക്ക് അവസാനം മാത്രമാണ് വെളിപ്പെടുന്നത്. അതുവരെ വായിക്കുന്നയാൾ കാലത്ത്, വൈകീട്ട്, നിഴൽ എന്നിവയുടെ ബന്ധം മനസ്സിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. അവസാന വരിയിലാണ് ആ ബന്ധത്തിന് രൂപം നൽകുന്ന വാക്ക് അഥവാ വസ്തു ലഭിക്കുന്നത്. ഇവിടെ വരിയവസാനം ഒരു ഇടവേള മാത്രമല്ല, വെളിപ്പെടൽക്രമത്തെ നിയന്ത്രിക്കുന്ന കാവ്യസങ്കേതമാണ്.
ഇത് കൂടുതൽ വ്യക്തമായി കാണുന്നത് അടുത്ത ഭാഗത്താണ്.
മേഘങ്ങളെ
താങ്ങി നിർത്തിയോ
തടഞ്ഞു നിർത്തിയോ
ചുവരുകളാകാനാകാതെ
അതിരുകൾ നിൽക്കേ—
ഗദ്യത്തിൽ ഈ വാക്യം ഒരൊറ്റ ഒഴുക്കായി വായിക്കപ്പെടും. എന്നാൽ കവിതയിൽ ഓരോ വരിയും വായനയെ ഒരു നിമിഷം നിർത്തുന്നു, പൊടുന്നനെ അടുത്ത സാധ്യതയിലേക്ക് നയിക്കുന്നു. "താങ്ങി നിർത്തിയോ", "തടഞ്ഞു നിർത്തിയോ" എന്ന രണ്ട് സാധ്യതകൾ പ്രത്യേകം വായിക്കപ്പെടുന്നതുകൊണ്ടാണ് "ചുവരുകളാകാനാകാതെ" എന്ന തിരിച്ചറിവിന് കൂടുതൽ ഭാരം ലഭിക്കുന്നത്. ഇവിടെ വരിമുറിക്കൽ ചിന്തയുടെ വികാസത്തിൻ്റെ സമയക്രമത്തെ നിയന്ത്രിക്കുകയാണ്.
കവിതയുടെ അവസാനഭാഗം:
മഴയായ മഴയും
വെയിലായ വെയിലും
മഞ്ഞായ മഞ്ഞും കൊണ്ട്
വീടുകൾ.
ഗദ്യത്തിൽ "വീടുകൾ" എന്ന വാക്ക് തുടക്കത്തിൽ വന്നാലും അർത്ഥത്തിന് വലിയ മാറ്റമുണ്ടാകില്ല. എന്നാൽ കവിതയിൽ ആ വാക്ക് അവസാനം വരുന്നതിലൂടെ കൂടുതൽ പ്രാധാന്യം കൈവരികയും, മഴയും വെയിലും മഞ്ഞും കൊണ്ട് നിർക്കുന്ന വീടിനെ നമ്മൾ പുനർവായനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. അവസാനവരിയെത്തുമ്പോഴാണ് മുമ്പുള്ള മൂന്ന് വരികളുടെ അർത്ഥം പൂർണമാകുന്നത്. ഇവിടെയും ഈ വൈകിപ്പിക്കലാണ് കവിതയുടെ വായനാനുഭവത്തിന്റെ ഭാഗമാകുന്നത്.
ഈ കവിത വരിമുറിക്കാതെ നേർവരിയിൽ എഴുതിയാൽ അത് ഇങ്ങനെ കാണപ്പെടും:
തെളിഞ്ഞ വാനം വിട്ടുതന്നിടത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ് മേഘങ്ങൾ. കാലത്തപ്പുറത്തും വൈകീട്ടിപ്പുറത്തും നിഴൽ വിരിച്ചുയർന്ന് നിൽക്കുന്നുണ്ട് അതിരുകൾ. മേഘങ്ങളെ താങ്ങി നിർത്തിയോ തടഞ്ഞു നിർത്തിയോ ചുവരുകളാകാനാകാതെ അതിരുകൾ നിൽക്കേ— മഴയായ മഴയും വെയിലായ വെയിലും മഞ്ഞായ മഞ്ഞും കൊണ്ട് വീടുകൾ.
ഇത് കവിതയുടെ വാക്കുകളെ അതേക്രമത്തിൽ നിലനിർത്തുന്നുവെങ്കിലും, സാധാരണ മലയാള ഗദ്യത്തിന്റെ വ്യാകരണഘടനയെ പൂർണമായി പിന്തുടരുന്നില്ല. അതിനാൽ ഇതിനെ മലയാളത്തിന്റെ സ്വാഭാവിക ഗദ്യഘടനയ്ക്ക് അനുസൃതമായി പുനർസംഘടിപ്പിച്ചാൽ ഇങ്ങനെ വായിക്കാം:
മേഘങ്ങൾ തെളിഞ്ഞ വാനം വിട്ടുതന്നിടത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. കാലത്തും വൈകീട്ടും നിഴൽ വിരിച്ചുയർന്ന് അതിരുകൾ നിൽക്കുന്നു. അവയ്ക്ക് മേഘങ്ങളെ താങ്ങിനിർത്താനോ തടഞ്ഞുനിർത്താനോ കഴിയില്ല, ചുവരുകളാകാനും കഴിയില്ല. മഴയും വെയിലും മഞ്ഞും കൊണ്ട് വീടുകൾ നിൽക്കുന്നു.
ഈ രൂപങ്ങൾ—അതായത് ഒറിജിനൽ രൂപത്തിലുള്ള കവിതയും വരിമുറിക്കാത്ത നേർവരി രൂപവും, വ്യാകരണപരമായി പുനഃസംഘടിപ്പിച്ച ഗദ്യവും—തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഒരു കാര്യം വ്യക്തമാണ്. കവിതയെ ഗദ്യമാക്കി മാറ്റാൻ വാക്കുകളുടെ ക്രമം മാത്രമല്ല, വ്യാകരണബന്ധങ്ങളും മാറ്റേണ്ടിവരുന്നു. അതേസമയം, കവിതയിലെ വരിമുറിക്കൽ ഇല്ലാതാക്കിയാൽ വാക്കുകൾ അതേപടി തുടരുന്നുണ്ടെങ്കിലും വായനയുടെ ഗതിയും അർത്ഥം വെളിപ്പെടുന്ന സമയക്രമവും മാറുന്നു. അതുകൊണ്ടാണ് വരിമുറിക്കൽ വെറും അച്ചടിസംവിധാനമല്ല, വായനയെ രൂപപ്പെടുത്തുന്ന കാവ്യഘടകമാണെന്ന് പറയുന്നത്. കവിതയുടെ വരിമുറിക്കൽ വഴി ശ്രദ്ധയുടെ വിതരണവും പ്രതീക്ഷയുടെ രൂപീകരണവും അർത്ഥത്തിന്റെ വികാസവും മാറുന്നു.
ഇതിലൂടെ കവിതയുടെ മറ്റൊരു സവിശേഷത കൂടി കാണിച്ചുതരുന്നു. വരിമുറിക്കൽ ഓരോ വരിയുടെയും വായനയെ മാത്രമല്ല, കവിതയുടെ സമഗ്രഘടനയെയും ക്രമീകരിക്കുന്നു. മേൽക്കൂര എന്ന കവിതയിൽ മേഘങ്ങൾ, അതിരുകൾ, വീടുകൾ എന്നീ മൂന്ന് ദൃശ്യങ്ങളുടെ പരസ്പരബന്ധം വിശദീകരിക്കപ്പെടുന്നില്ല; അവയ്ക്കിടയിലെ ബന്ധം കണ്ടെത്തേണ്ടത് വായിക്കുന്നയാളാണ്. അതുകൊണ്ട് കവിതയുടെ കേന്ദ്രാശയം ഒരു പ്രഖ്യാപനമായി ലഭ്യമല്ല. വായനയുടെ മുന്നോട്ടുപോക്കിൽ ക്രമേണ രൂപപ്പെടുന്ന അനുഭവത്തിൽ നിന്നുള്ള തിരിച്ചറിവായാണ് അത് വെളിപ്പെടാൻ ആഗ്രഹിക്കുന്നത്.
ഈ ഘടനയാണ് കവിതയെ ബൗദ്ധികവ്യായാമമാക്കി മാറ്റുന്നത്. ഓരോ ഭാഗവും വായിക്കുമ്പോൾ മുമ്പുള്ള ഭാഗത്തെ വീണ്ടും വിലയിരുത്തുകയും അവയ്ക്കിടയിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്യേണ്ടിവരുന്നു. അങ്ങനെ അവസാനത്തിൽ 'വീടുകൾ' എന്ന വാക്കിലെത്തുമ്പോൾ അതിനു മുമ്പുള്ള മേഘങ്ങളും അതിരുകളും പുതിയ അർത്ഥം കൈവരിക്കുന്നു. വീടുകൾ നഷ്ടപ്പെടുമ്പോൾ അതിരുകൾക്കുള്ളിൽ മനുഷ്യർക്ക് മേൽക്കൂര നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ് കവിത നേരിട്ട് പ്രഖ്യാപിക്കുന്നില്ല; ആ നിഗമനത്തിലെത്താൻ ആവശ്യമായ വായനാപ്രക്രിയയാണ് അത് രൂപകൽപ്പന ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ കവിതയിൽ വരിമുറിക്കൽ, അർത്ഥം അവതരിപ്പിക്കുന്ന സങ്കേതമല്ല, അർത്ഥം നിർമ്മിക്കാൻ പ്രേരിപ്പിക്കുന്ന ഘടനയാണ്.
വരി ഈ പ്രവർത്തനങ്ങളൊന്നും ഒറ്റയ്ക്കല്ല നിർവഹിക്കുന്നത്. അത് എല്ലായ്പ്പോഴും വാക്യവുമായി സംവദിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. വൃത്തമുക്ത കവിതയുടെ പ്രധാന കാവ്യസങ്കേതം വരിയിലോ വാക്യത്തിലോ അല്ല, അവ തമ്മിലുള്ള ബന്ധത്തിലാണ്. വരിയും വാക്യവും യോജിക്കുമ്പോൾ വായനയ്ക്ക് പൂർണത അനുഭവപ്പെടുന്നു; വാക്യം തുടർന്നുകൊണ്ട്, വരി അവസാനിക്കുമ്പോൾ വായിക്കുന്നയാൾ ഒരേസമയം നിർത്തുകയും മുന്നോട്ടുപോകുകയും ചെയ്യേണ്ടിവരുന്നു. ഒരു വശത്ത് വ്യാകരണം അടുത്ത വാക്കിലേക്ക് നയിക്കുമ്പോൾ, മറുവശത്ത് വരിയവസാനം ഒരു നിമിഷത്തെ ഇടവേള സൃഷ്ടിക്കുന്നു. ഈ സൃഷ്ടിപരമായ പിരിമുറുക്കമാണ് വൃത്തമുക്ത കവിതയുടെ പ്രധാന വായനാനുഭവങ്ങളിലൊന്ന്. വരിയും വാക്യവും തമ്മിലുള്ള ഈ ബന്ധം ഏറ്റവും വ്യക്തമായി വെളിപ്പെടുന്നത് വരിയവസാനത്തിലാണ്. വാക്കുകളുമായി വായിക്കുന്നയാൾ സ്ഥാപിക്കുന്ന ബന്ധത്തെ വരികൾ മാറ്റുന്നു.
അതുകൊണ്ടുതന്നെ വരിമുറിക്കലിനെ വിലയിരുത്തുമ്പോൾ അതിന്റെ രൂപമല്ല, പ്രവർത്തനമാണ് പരിശോധിക്കേണ്ടത്. ഒരു വരിയവസാനം മാറ്റിയാലും വായനയുടെ ഗതിയിലോ ശ്രദ്ധയിലോ പ്രതീക്ഷയിലോ അർത്ഥത്തിന്റെ വികാസത്തിലോ യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ലെങ്കിൽ, ആ വരിമുറിക്കലിന് കാവ്യപരമായ ആവശ്യകത കുറവാണ്. മറിച്ച്, വരിയവസാനം മാറ്റുമ്പോൾ കവിതയുടെ വായനാനുഭവം മാറുന്നുവെങ്കിൽ, ആ വരിമുറിക്കൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് പറയാം. അതായത്, വരിയവസാനത്തിന്റെ ശരിതെറ്റ് അതിന്റെ സ്ഥാനത്തിലല്ല, അതിന്റെ ഫലത്തിലാണ്. അതേസമയം, നല്ല വരിമുറിക്കൽ എന്നത് എല്ലായ്പ്പോഴും അപ്രതീക്ഷിതമോ സങ്കീർണ്ണമോ ആയിരിക്കണമെന്നില്ല. ചില കവിതകളിൽ വരിയും വാക്യവും സ്വാഭാവികമായി യോജിച്ചുനിൽക്കുന്നതും അത്രതന്നെ ഫലപ്രദമായ കാവ്യസങ്കേതമായിരിക്കും.
ഇവിടെ നിന്നാണ് വൃത്തമുക്ത കവിതയുടെ നിരൂപണത്തിന് പുതിയൊരു ദിശ ലഭിക്കേണ്ടത്. ഒരു കവിത എന്താണ് പറയുന്നത് എന്നതോടൊപ്പം അത് എങ്ങനെ വായിപ്പിക്കുന്നു എന്ന ചോദ്യവും നിരൂപണത്തിന്റെ കേന്ദ്രത്തിലേക്ക് വരേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോൾ വരിമുറിക്കലിനെക്കുറിച്ചുള്ള ചർച്ച കവിതയെഴുത്തിനുള്ള മാർഗനിർദേശത്തിൽ നിന്നും കവിതാവായനയുടെ രീതിശാസ്ത്രത്തിലേക്കുള്ള വഴിയായി മാറുന്നു.
