‘മോക്ഷമന്ത്രം’ എന്ന കവിതയെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചപ്പോൾ, അതിലെ ജാതിബോധത്തെക്കുറിച്ചുള്ള എന്റെ വായനയ്ക്കെതിരെ ഉയർന്ന പ്രധാനപ്പെട്ട ആക്ഷേപം കവിതയിലെ സർക്കാസം എനിക്ക് മനസ്സിലായില്ല എന്നതായിരുന്നു. പി. രാമൻ എഴുതിയ ഈ കവിത ‘അടിയൻ’ എന്ന ജാത്യാധികാരത്തിന്റെ ചരിത്രമുള്ള ഭാഷയെ മഹത്വവൽക്കരിക്കുന്നതായി വായിച്ചതിനെയാണ് കവിയുടെ സുഹൃത്തുക്കൾ പരിഹസിച്ചത്. കവിതയുടെ പുറംപാളിയിൽ കാണുന്ന അർത്ഥമല്ല അതിന്റെ യഥാർത്ഥ ലക്ഷ്യമെന്നും, ‘അടിയൻ’ എന്ന വാക്കിന്റെ ആവർത്തനത്തിലൂടെ കവി യഥാർത്ഥത്തിൽ ഒരു സാമൂഹിക വിരോധാഭാസത്തെ പരിഹസിക്കുകയാണെന്നും അവർ വാദിച്ചു. ഇതേത്തുടർന്ന് പി. രാമൻ പിന്നീട് നൽകിയ വിശദീകരണത്തിൽ ‘മോക്ഷമന്ത്രം’ ഒരു ഫ്യൂഡൽ മനോഭാവത്തെ പരിഹസിച്ചുകൊണ്ടുള്ള കയ്പൻ സർക്കാസമാണെന്ന് അവകാശപ്പെടുന്നുണ്ട്. തീർച്ചയായും, ഒരു കവിതയിലെ പരിഹാസം പലപ്പോഴും അതിന്റെ പ്രത്യക്ഷമായ പ്രസ്താവനയിൽനിന്നാകണമെന്നില്ല; അതിന്റെ സ്വരം, സന്ദർഭം, വിരോധാഭാസം എന്നിവയിലൂടെയും അത് രൂപപ്പെടാം. എന്നാൽ മറ്റൊരു ചോദ്യം തിരിച്ചും ചോദിക്കേണ്ടതുണ്ട്: ഒരു കവി സർക്കാസം ഉദ്ദേശിച്ചിട്ടുണ്ടെന്നതുകൊണ്ട് മാത്രം ആ സർക്കാസം കവിതയിൽ ആവിഷ്കരിക്കപ്പെട്ടുവെന്ന് പറയാനാകുമോ? പ്രത്യേകിച്ച്, കവിത തന്നെ ‘അടിയൻ’ എന്ന ഭാഷയെ സ്നേഹത്തിന്റെയും ആത്മീയതയുടെയും ജീവന്റെ ഇന്ധനത്തിന്റെയും ഒടുവിൽ മോക്ഷത്തിന്റെയും ഭാഷയായി ഉയർത്തിക്കൊണ്ടിരിക്കുമ്പോൾ, ആ പരിഹാസം വായനക്കാരിലേക്ക് എത്തിക്കാൻ ആവശ്യമായ രചനാതന്ത്രങ്ങൾ കവിതയ്ക്കുണ്ടോ? ‘മോക്ഷമന്ത്രം’ വീണ്ടും വായിക്കുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്.ഒരു കവിതയുടെ അർത്ഥത്തെ കവിയുടെ സ്വകാര്യ ഉദ്ദേശത്തിലേക്ക് ചുരുക്കാനാവില്ല. പ്രത്യേകിച്ച് പരിഹാസം, വിരോധാഭാസം, സർക്കാസം തുടങ്ങിയ ഭാഷാപ്രയോഗങ്ങളിൽ എഴുത്തിന്റെ ഉദ്ദേശവും പാഠം നിർമ്മിക്കുന്ന അർത്ഥവും തമ്മിലുള്ള വിടവ് പ്രധാനമാണ്. എഴുത്തുകാരൻ എന്താണ് ഉദ്ദേശിച്ചതെന്ന് അറിയുന്നത് ഒരു വായനയ്ക്ക് സഹായകരമായേക്കാം; എന്നാൽ ആ ഉദ്ദേശം പാഠത്തിന്റെ എല്ലാ അർത്ഥസാധ്യതകളെയും അസാധുവാക്കുന്ന അന്തിമവിധിയല്ല. സർക്കാസം വിജയകരമായി പ്രവർത്തിക്കണമെങ്കിൽ ‘പറയുന്നതും’ ‘ഉദ്ദേശിക്കുന്നതും’ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ വായനക്കാരന് പാഠത്തിൽ തന്നെ ചില സൂചനകൾ ഉണ്ടായിരിക്കണം. സ്വരത്തിലെ വിച്ഛേദം, അതിശയോക്തി, വിരോധാഭാസം, പരിഹാസത്തിന്റെ ലക്ഷ്യത്തെ വെളിപ്പെടുത്തുന്ന ആഖ്യാനരീതി, പ്രത്യക്ഷമായ അർത്ഥത്തെയും കവിതയുടെ അന്തർധാരയെയും തമ്മിൽ കൂട്ടിയിടിപ്പിക്കുന്ന ഘടന എന്നിവയിലൊന്നെങ്കിലും ആ അകലം സൃഷ്ടിക്കണം. ‘മോക്ഷമന്ത്രം’ ആ അകലം എവിടെയാണ് സൃഷ്ടിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്.
കവിതയുടെ കേന്ദ്രപദമായ ‘അടിയൻ’ ഇവിടെ ഒരു നിഷ്പക്ഷ വാക്കല്ല. കേരളത്തിന്റെ ജാതിചരിത്രത്തിൽ, ജാത്യാധികാരത്തിന്റെ സാമൂഹിക ഘടനയാൽ ഉയർത്തപ്പെട്ട സ്ഥാനത്തിരുന്ന ജാതിക്കാരോട് സംസാരിക്കുമ്പോൾ, താഴ്ത്തപ്പെട്ട ജാതിക്കാർ സ്വയം താഴ്ത്തിക്കാണിക്കുന്ന ഭാഷ ഉപയോഗിക്കേണ്ടിവന്നിരുന്നു. അതിനാൽ ‘അടിയൻ’ എന്ന പദത്തെ അതിന്റെ ചരിത്രത്തിൽനിന്ന് പൂർണ്ണമായി വേർതിരിച്ച് ഒരു സ്നേഹവാക്കായി മാത്രം വായിക്കുന്നത് അതിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ചരിത്രത്തെ മറച്ചുവെക്കലാണ്.
അതേസമയം ‘അടിയൻ’ എന്നതിന് ഒരേയൊരു ചരിത്രമോ അർത്ഥമോ ഇല്ലെന്നതും പരിഗണിക്കണം. ദക്ഷിണേന്ത്യൻ ഭക്തിപാരമ്പര്യങ്ങളിൽ ദൈവത്തിന്റെ ദാസൻ എന്ന ആത്മീയഭാവത്തിലും ‘അടിയൻ’ എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഈ വാക്കിന് സ്വതവേ ജാതീയ അർത്ഥമുണ്ടെന്ന് പറയുന്നത് ശരിയല്ല. വാക്കിന്റെ രാഷ്ട്രീയ അർത്ഥം നിർണ്ണയിക്കുന്നത് സന്ദർഭമാണ്: ആരാണ് ആരോട് അത് പറയുന്നത്, ഏത് സാമൂഹികബന്ധത്തിലാണ് പറയുന്നത്, ആ ബന്ധത്തിൽ ഇരുവർക്കുമുള്ള അധികാരം തുല്യമാണോ എന്നതിലാണ് അതിന്റെ അർത്ഥപരമായ ഭാരം. ‘മോക്ഷമന്ത്രം’ എന്ന കവിതയിൽ ‘അടിയൻ’ ദൈവത്തിന്റെ മുമ്പിലുള്ള ഭക്തയുടെ സ്വയംനിർവചനമല്ല; ഒരു മനുഷ്യസ്ത്രീ മറ്റൊരു മനുഷ്യസ്ത്രീയുടെ മുമ്പിൽ ആവർത്തിക്കുന്ന അഭിസംബോധനയാണ്. അതുകൊണ്ട് കവിതയിലെ ഈ പ്രയോഗത്തെ വെറും ഭക്തിദാസ്യമായി വായിച്ച് അതിന്റെ ജാതീയ സാമൂഹികസന്ദർഭം ഒഴിവാക്കാനാവില്ല.
‘ദൈവനാമം പോലെ / യാന്ത്രികമായിരുന്നില്ല / ഈ ജപവും കേൾവിയും’ എന്ന വരികളിൽ ഒരു പരിഹാസസാധ്യത വായിച്ചെടുക്കാം. എന്നാൽ ആ പരിഹാസത്തിൻ്റെ ലക്ഷ്യം ‘അടിയൻ’ എന്ന ജാതീയ അഭിസംബോധനയല്ല. ഭക്തിയിലെ യാന്ത്രികമായ ദൈവനാമജപമാണ്. ദൈവനാമം ആവർത്തിക്കുന്നതിലെ ആചാരപരമായ യാന്ത്രികതയ്ക്കെതിരെ, മനുഷ്യർ തമ്മിലുള്ള ‘അടിയൻ’ എന്ന വിളിയിലും അതിന്റെ കേൾവിയിലും കൂടുതൽ ജീവസ്സുറ്റ ആത്മീയതയുണ്ടെന്ന് കവിത സ്ഥാപിക്കുന്നു. അതായത് കവിത ഭക്തിയുടെ യാന്ത്രികതയെ പരിഹസിക്കുന്നുവെങ്കിലും, ആ പരിഹാസത്തെ ‘അടിയൻ’ എന്ന വാക്കിന്റെ ജാതീയ അധികാരചരിത്രത്തിലേക്ക് തിരിക്കുന്നില്ല. ഈ വ്യത്യാസമാണ് കവിതയുടെ രാഷ്ട്രീയപരമായ പരിമിതി മനസ്സിലാക്കുന്നതിൽ നിർണായകം.
കവിതയുടെ ആദ്യവരികളിൽതന്നെ ഈ അസമത്വം സൂക്ഷ്മമായി സ്ഥാപിക്കപ്പെടുന്നു: ‘എൺപതു കഴിഞ്ഞ എന്റെ അമ്മയെ / ഇടക്കിടെ സന്ദർശിച്ച് / അടിയൻ അടിയൻ / എന്നു പറഞ്ഞുകൊണ്ടിരുന്ന / ഒരു സ്ത്രീയുണ്ടായിരുന്നു.’ ഇവിടെ സ്ത്രീയുടെ വ്യക്തിത്വത്തെ നിർവചിക്കുന്ന ഏക അടയാളം അവൾ പറയുന്ന ‘അടിയൻ’ എന്ന വാക്കാണ്. അവൾക്ക് പേര് ഇല്ല, ജീവിതചരിത്രമില്ല, സ്വന്തം ശബ്ദമില്ല; അവളുടെ സാന്നിധ്യം ഒരു അഭിസംബോധനയിൽ ചുരുങ്ങുന്നു. മറുവശത്ത് അമ്മയ്ക്ക് പ്രായമുണ്ട്, ബന്ധമുണ്ട്, കവിയുടെ കുടുംബപരമായ സ്വത്വമുണ്ട്. ഒരാൾ ഒരു വ്യക്തിയായി പ്രത്യക്ഷപ്പെടുമ്പോൾ മറ്റൊരാൾ ഒരു സാമൂഹികഭാഷയുടെ വാഹകയായി പ്രത്യക്ഷപ്പെടുന്നു. ഈ അസമമായ പ്രതിനിധാനം തന്നെ കവിതയുടെ ജാതിരാഷ്ട്രീയത്തെ വായിക്കാനുള്ള ആദ്യ സൂചനയാണ്.
തുടർന്നുള്ള വരികൾ ആ ബന്ധത്തിന്റെ സ്വഭാവം കൂടുതൽ വ്യക്തമാക്കുന്നു: ‘അതു കേൾക്കുന്നത് / അമ്മക്കും വളരെയിഷ്ടം.’ ഇവിടെ ‘അടിയൻ’ എന്നു പറയുന്ന സ്ത്രീയുടെ വിനയമല്ല കവിതയുടെ കേന്ദ്രത്തിൽ; അത് കേൾക്കുന്ന അമ്മയുടെ ആനന്ദമാണ്. തുടർന്ന്, ‘അടിയൻ എന്നു പറയാനായി മാത്രം / അവർ ഇടക്കിടെ വന്നുകൊണ്ടിരുന്നു. / അടിയൻ എന്നു കേൾക്കാനായി മാത്രം / അമ്മ അവരെ ഇടക്കിടെ അന്വേഷിച്ചുമിരുന്നു.’ ഈ രണ്ടു വാക്യങ്ങളിലാണ് കവിതയുടെ അധികാരഘടനയും സ്നേഹപ്രകടനവും ഒരുമിച്ച് പ്രവർത്തിക്കുന്നത്. ഒരാൾ പറയാൻ ആഗ്രഹിക്കുന്നു; മറ്റൊരാൾ കേൾക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ പരസ്പര ആനന്ദത്തിനുള്ളിൽ അധികാരത്തിന്റെ അസമത്വം മായ്ച്ചുകളയപ്പെടുന്നു
ആധിപത്യം എല്ലായ്പ്പോഴും തുറന്ന നിർബന്ധമായി പ്രത്യക്ഷപ്പെടണമെന്നില്ല. അധികാരബന്ധങ്ങൾ സ്വാഭാവികവും അഭിലഷണീയവുമെന്നു തോന്നുന്ന വിധത്തിൽ ഭാഷയിലും ആചാരങ്ങളിലും അഭിരുചികളിലും സാമൂഹിക ശീലങ്ങളിലും ഉൾച്ചേർക്കപ്പെടാം. ആശ്രിതരും അധികാരമുള്ളവരും തമ്മിലുള്ള ബന്ധത്തിന്റെ യഥാർത്ഥ ഘടന മറഞ്ഞുപോകുകയും അതിന്റെ ഫലങ്ങൾ സ്നേഹമായും ബഹുമാനമായും വിനയമായും സ്വാഭാവികതയായും അനുഭവപ്പെടുകയും ചെയ്യാം. പിയർ ബോർദ്യുവിന്റെ ‘misrecognition’ എന്ന ആശയം ഈ മറച്ചുവെക്കലിനെ മനസ്സിലാക്കാൻ സഹായിക്കുന്നു.
‘മോക്ഷമന്ത്രം’ ഈ സങ്കീർണ്ണതയെ തുറന്നുകാട്ടുന്നതിനുപകരം അതിന്റെ സൗന്ദര്യാത്മക രൂപം അവതരിപ്പിക്കുന്നു. സ്ത്രീ ‘അടിയൻ’ പറയുന്നത് നിർബന്ധിതമായ ഒരു സാമൂഹിക പെരുമാറ്റമാണെന്ന് കവിത പറയുന്നില്ല; മറിച്ച് അവൾ അത് ആസ്വദിക്കുന്നു. അമ്മയും അത് കേൾക്കുന്നത് ആസ്വദിക്കുന്നു. എന്നാൽ ഈ ആസ്വാദനത്തെ അധികാരബന്ധത്തിൽനിന്ന് സ്വതന്ത്രമായ ശുദ്ധമായ മാനുഷിക അനുഭവമായി കവിത അവതരിപ്പിക്കുമ്പോഴാണ് പ്രശ്നം. അധികാര അസമത്വമുള്ള ഒരു ബന്ധത്തിനുള്ളിൽ മനുഷ്യർക്ക് സ്നേഹവും അടുപ്പവും സുരക്ഷയും അംഗീകാരവും അനുഭവപ്പെടില്ല എന്നല്ല ഇവിടെ പറയുന്നത്. മറിച്ച്, അത്തരം അനുഭവങ്ങൾ രൂപപ്പെടുന്ന സാമൂഹിക ഘടനയും അതിനൊപ്പം വായിക്കപ്പെടണം. കീഴടങ്ങൽ എല്ലായ്പ്പോഴും പുറമേനിന്നുള്ള ബലപ്രയോഗമായി മാത്രം നിലനിൽക്കുന്നില്ല; അധികാരത്തിന്റെ ഭാഷ തന്നെ വ്യക്തിയുടെ ആഗ്രഹങ്ങളുടെയും പെരുമാറ്റങ്ങളുടെയും ഭാഗമാകാം.
കവിതയിൽ ‘അടിയൻ’ എന്നു പറയുന്ന സ്ത്രീയുടെ ജാതി നേരിട്ട് പ്രഖ്യാപിക്കുന്നില്ല എന്നതിനാൽ കവിത നിർമ്മിക്കുന്ന കഥാപാത്രമെന്ന നിലയിലും ആ സ്ത്രീയുടെ മാനസികാവസ്ഥ പരിശോധിക്കാം. അവരുടെ ‘അടിയൻ’ എന്ന ആവർത്തനത്തിൽ ഒരു ബന്ധത്തിനുള്ളിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള ആഗ്രഹം വായിച്ചെടുക്കാം. സാമൂഹികമായി തന്നെത്തന്നെ താഴ്ത്തുന്ന ഒരു വാക്ക് ഒരാൾ ഉപയോഗിക്കുന്നത്, ആ വാക്കിലൂടെ ഒരു പ്രത്യേക വ്യക്തിയുടെ അംഗീകാരം നേടാനാകുന്നതിനാലാകാം എന്നും വായിക്കാം. അങ്ങനെ കീഴടങ്ങൽ തന്നെ ബന്ധത്തിലേക്കുള്ള പ്രവേശനരീതിയായി മാറുന്നു. ‘ഞാൻ നിന്റെ അടിയൻ’ എന്ന പ്രഖ്യാപനം ഒരേസമയം ‘എനിക്ക് നിനക്കൊപ്പം ഒരു ബന്ധമുണ്ട്’ എന്ന പ്രഖ്യാപനവുമാകുന്നു.
താഴ്ത്തപ്പെട്ട ഒരാളുടെ സാമൂഹിക ഭാഷ വ്യക്തിയുടെ ബന്ധപരമായ സ്വയംബോധത്തിന്റെ ഭാഗമാകുന്ന അവസ്ഥയാണ് ഇവിടെ കാണുന്നത്. അംഗീകാരം നേടാൻ സ്വയം ചെറുതാക്കുന്ന ഭാഷ ഉപയോഗിക്കുന്നത് സ്വയംനിഷേധം മാത്രമാകണമെന്നില്ല. കവിത നിർമ്മിക്കുന്ന ഈ കഥാപാത്രത്തിന് ആ ബന്ധത്തിൽ സ്നേഹവും സുരക്ഷയും അംഗീകാരവും നേടുന്നുണ്ടെങ്കിൽ, ആ കീഴടങ്ങൽ അവളുടെ അനുഭവത്തിൽ വെറും വേദനയായി പ്രത്യക്ഷപ്പെടണമെന്നുമില്ല. അതിന്റെ ആനന്ദവും അതിന്റെ അധീനതയും ഒരേസമയം സത്യമായിരിക്കാം. ഈ ഇരട്ടഭാവമാണ് കഥാപാത്രത്തെ മനശ്ശാസ്ത്രപരമായി സങ്കീർണ്ണമാക്കുന്നത്. എന്നാൽ ഈ സങ്കീർണ്ണതയെ സാമൂഹിക വിമർശനത്തിന്റെ തലത്തിലേക്ക് കൊണ്ടുവരുന്നതിനുപകരം കവിത അതിനെ ആത്മീയതയിലേക്ക് ഉയർത്തുന്നു.
‘ദൈവനാമം പോലെ / യാന്ത്രികമായിരുന്നില്ല / ഈ ജപവും കേൾവിയും. / രണ്ടു ശരീരങ്ങളിലും തുടിച്ചു നിന്നു / അതിന്റെ ആത്മീയത.’ ഇവിടെ നിർണായകമായ അർത്ഥപരിവർത്തനം നടക്കുന്നു. ‘അടിയൻ’ ഇതോടെ സാമൂഹികബന്ധത്തിന്റെ ഭാഷയല്ല; ‘ജപം’ ആണ്. ജപം ആവർത്തിക്കുന്ന ശബ്ദത്തിന് ആത്മീയശക്തി നൽകുന്ന പ്രവർത്തിയാണ്. അതിനാൽ കവിത ‘അടിയൻ’ എന്ന വാക്കിനെ അതിന്റെ ചരിത്രപരമായ സാമൂഹിക ഭാരത്തിൽനിന്ന് മാറ്റി ആത്മീയാനുഭവത്തിന്റെ തലത്തിലേക്ക് കൊണ്ടുപോകുന്നു.
ഈ പരിവർത്തനമാണ് കവിതയുടെ ലാവണ്യപരമായ പ്രധാന നീക്കം. പക്ഷേ രാഷ്ട്രീയമായി അത് പ്രശ്നവുമാണ്. കാരണം ഒരു ജാതീയ അധികാരബന്ധത്തിന്റെ ചരിത്രമുള്ള ഭാഷയെ ആത്മീയമാക്കുന്നത് അതിന്റെ സാമൂഹിക ചരിത്രത്തെ മായ്ച്ചുകളയുന്നു. ‘അടിയൻ’ എന്നതിൽ ഉണ്ടായിരുന്ന സാമൂഹിക വിവേചനം, അയിത്തം, സ്വയംതാഴ്ത്തൽ എന്നിവ കവിതയിൽ ക്രമേണ അപ്രത്യക്ഷമാകുന്നു. അവശേഷിക്കുന്നത് സ്നേഹവും ആത്മീയതയും മാത്രം. അങ്ങനെ അധികാരബന്ധം സൗന്ദര്യാത്മകമായി മായ്ച്ചുകളയപ്പെടുന്നു.
‘ആ വാക്ക് പറഞ്ഞും കേട്ടും / ജീവിക്കാൻ വേണ്ട ഇന്ധനം / നിറച്ചു കൊണ്ടിരുന്നു / രണ്ടു പേരും’ എന്ന വരികൾ ഈ പ്രക്രിയയെ കൂടുതൽ തീവ്രമാക്കുന്നു. ‘അടിയൻ’ ഇപ്പോൾ ഒരു അഭിസംബോധനയല്ല, ജീവിതത്തിന്റെ ഇന്ധനമാണ്. അതായത് ജാത്യാധികാരത്തിന്റെ ചരിത്രമുള്ള വാക്ക് തന്നെ ബന്ധത്തിന്റെ ജീവദായകശക്തിയായി മാറുന്നു. ജാതീയ കീഴാളത്വത്തിന്റെ ഭാഷയെ മനുഷ്യജീവിതത്തിന്റെ ആവശ്യമായ പോഷകമായി ചിത്രീകരിക്കുന്നതിലൂടെ കവിത അതിന്റെ സാമൂഹികചരിത്രത്തിന്റെ രാഷ്ട്രീയ പ്രസക്തിയെ കൂടുതൽ ആഴത്തിൽ മായ്ച്ചുകളയുന്നു. ഇത് പരിഹാസമാണെങ്കിൽ, മനുഷ്യർ തന്നെ തങ്ങളെ കീഴ്പ്പെടുത്തുന്ന ഭാഷയിൽ ജീവിക്കാൻ ഇന്ധനം കണ്ടെത്തുന്ന ഒരു സമൂഹത്തിന്റെ അസംബന്ധതയെ തുറന്നുകാട്ടാനുള്ള ശക്തമായ സാധ്യതയായിരുന്നു. എന്നാൽ കവിത ആ അസംബന്ധതയെ തുറന്നുകാട്ടുന്നതിനുപകരം അതിനെ മനോഹരമായ ആത്മീയാനുഭവമായി അവതരിപ്പിക്കുന്നു.
ഇവിടെയാണ് ‘മോക്ഷമന്ത്രം’ എന്ന തലക്കെട്ടിന്റെ സാംസ്കാരിക രാഷ്ട്രീയം വെളിപ്പെടുന്നത്. ‘മന്ത്രം’ ആവർത്തനത്തിലൂടെ പവിത്രതയും ശക്തിയും നേടുന്ന ശബ്ദമാണ്. ‘മോക്ഷം’ ബന്ധനത്തിൽനിന്നുള്ള മോചനമാണ്. എന്നാൽ കവിതയിൽ മോക്ഷത്തിലേക്കുള്ള മന്ത്രം ‘അടിയൻ’ ആണ്. അപ്പോൾ ബന്ധനത്തിന്റെ ഭാഷ തന്നെയാണ് മോചനത്തിന്റെ ഭാഷയാകുന്നത്. ഈ വിരോധാഭാസം ശക്തമായ ജാതിവിമർശനമായി മാറാമായിരുന്നു. പക്ഷേ കവിത അതിനെ പൊളിച്ചുകാട്ടുന്നില്ല. ‘അടിയൻ’ യഥാർത്ഥത്തിൽ ബന്ധനത്തിന്റെ ഭാഷയാണെന്ന് തിരിച്ചറിയാൻ ആവശ്യമായ വിമർശനാത്മക അകലം കവിത സൃഷ്ടിക്കുന്നില്ല; മറിച്ച് ആ വാക്കിനെ ‘മന്ത്ര’മാക്കി പവിത്രമാക്കുകയാണ് ചെയ്യുന്നത്.
ഇവിടെ ഭക്തിയുടെ സാംസ്കാരിക ചരിത്രവും ജാതിയുടെ ചരിത്രവും തമ്മിലുള്ള വ്യത്യാസം നിർണായകമാണ്. ഭക്തിയിൽ ദൈവത്തിന്റെ ദാസനാകുന്നത് അഹത്തെ ഉപേക്ഷിക്കുന്ന ആത്മീയഭാവമാണ്. എന്നാൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ജാതീയ കീഴാളത്വം അതേ ആത്മീയ ദാസ്യത്തിന്റെ രൂപമല്ല. ഒന്നിൽ ദൈവസന്നിധിയിലെ സ്വമേധയാ സ്വീകരിക്കുന്ന വിനയമുണ്ടെങ്കിൽ, മറ്റൊന്നിന്റെ ചരിത്രത്തിൽ സാമൂഹിക നിർബന്ധവും പദവിവ്യവസ്ഥയും ഉണ്ട്. ഈ വ്യത്യാസം ഇല്ലാതാകുമ്പോഴാണ് ‘അടിയൻ’ എന്ന പദത്തിന്റെ രാഷ്ട്രീയ പ്രശ്നം കൂടുതൽ തെളിഞ്ഞുവരുന്നത്. ‘മോക്ഷമന്ത്രം’ മനുഷ്യ-മനുഷ്യ അധികാരബന്ധത്തിൽ നിന്നുള്ള ഒരു ഭാഷയെ ഭക്തിയുടെ ആത്മീയഭാഷയിലേക്ക് മാറ്റുന്നു. അതുവഴി സാമൂഹിക അധീനതയ്ക്ക് ആത്മീയമായ അർത്ഥം ലഭിക്കുന്നു.
ഈ ഘട്ടത്തിലാണ് കവിതയിലെ ‘സർക്കാസം’ ഉണ്ടെന്ന വാദത്തെ ഗൗരവമായി പരിശോധിക്കേണ്ടത്. കവിയുടെ ലക്ഷ്യം ജാതീയ കീഴടങ്ങലിന്റെ അസംബന്ധതയെ പരിഹസിക്കുകയായിരുന്നെങ്കിൽ, കവിതയിൽ അതിന്റെ ലക്ഷ്യം വ്യക്തമായിരിക്കണം. ആരെയാണ് പരിഹസിക്കുന്നത്—കീഴടങ്ങുന്ന സ്ത്രീയെയോ, അവളുടെ കീഴടങ്ങൽ ആസ്വദിക്കുന്ന അമ്മയെയോ, ജാതീയ പദവിവ്യവസ്ഥയെയോ, ഈ ബന്ധത്തെ ആത്മീയമാക്കി കാണുന്ന സാമൂഹികബോധത്തെയോ? കവിത ഇതൊന്നും വ്യക്തമായി അടയാളപ്പെടുത്തുന്നില്ല. ‘രണ്ടു പേരും’ എന്ന പ്രയോഗത്തിലൂടെ അത് പരസ്പരപൂരകമായ ഒരു അനുഭവമായി അവതരിപ്പിക്കുന്നു. അതിനാൽ പരിഹാസത്തിന്റെ ലക്ഷ്യത്തെക്കാൾ ബന്ധത്തിന്റെ ആത്മീയതയാണ് വായനക്കാരന്റെ മുമ്പിൽ തെളിഞ്ഞുനിൽക്കുന്നത്.
സർക്കാസത്തിന് ആവശ്യമായ വിമർശനാത്മക അകലം കവിതയുടെ തുടക്കം മുതൽ അവസാനം വരെ ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു. ‘അടിയൻ’ എന്ന വിളി ആദ്യം ആനന്ദമാകുന്നു; തുടർന്ന് ജപവും ആത്മീയതയും ജീവന്റെ ഇന്ധനവുമാകുന്നു; ഒടുവിൽ മോക്ഷമന്ത്രമാകുന്നു. ഈ അർത്ഥപരിവർത്തനത്തെ തകർക്കുന്ന ഒരു കാവ്യവിച്ഛേദവും കവിത സൃഷ്ടിക്കുന്നില്ല. അതിനാൽ സർക്കാസം ഉദ്ദേശിച്ചിരുന്നാലും, അത് പാഠത്തിന്റെ ഘടനയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല.
കവിതയുടെ അവസാനഭാഗം ഇത് കൂടുതൽ വ്യക്തമായി അവതരിപ്പിക്കുന്നു. അമ്മ കിടപ്പിലാകുന്നു. ആ സ്ത്രീയെ കാണാറില്ല. ‘ഗതി കിട്ടാതെ / കിടന്നു പുകഞ്ഞു / കിടക്കയ്ക്കു ചുറ്റുമാ വാക്ക്.’ ഇവിടെ മനുഷ്യർ അപ്രത്യക്ഷമായ ശേഷവും വാക്ക് നിലനിൽക്കുന്നു. വ്യക്തികൾ മരിച്ചാലും ജാതിയുടെ ഭാഷ തുടരുന്നു; ശരീരങ്ങൾ ഇല്ലാതായാലും അധികാരബന്ധങ്ങളുടെ ഭാഷ സാംസ്കാരിക സ്മൃതിയിൽ തുടരുന്നു എന്ന വായനയ്ക്ക് ഈ ഭാഗം ശക്തമായ സാധ്യത നൽകുന്നു. പക്ഷേ അതിനു പിന്നാലെ കവിതയുടെ വക്താവ് തന്നെ ‘മെല്ലെ ജപിച്ചു: / അടിയൻ, അടിയൻ...’ എന്ന് പറയുന്നു. ഇവിടെ കവിതയിലെ ‘ഞാൻ’ ആ വാക്കിന്റെ അനുഷ്ഠാനത്തിൽ പങ്കുചേരുകയാണ്.
ഇതാണ് കവിതയുടെ നിർണായകമായ വിരോധാഭാസം. ‘അടിയൻ’ എന്ന വാക്ക് ജാത്യാധികാരത്തിന്റെ ചരിത്രമുള്ളതാണെങ്കിൽ, അതിനെ കവിതയിലെ ‘ഞാൻ’ എന്തുകൊണ്ട് ജപിക്കുന്നു? അതിന്റെ തുടർച്ചയെ വിമർശിക്കാനാണെങ്കിൽ, എന്തുകൊണ്ട് ആ ജപം ‘മോക്ഷമന്ത്ര’മായി മാറുന്നു? പരിഹാസമാണെങ്കിൽ, ആ പരിഹാസം എവിടെയാണ് ഭാഷയിൽ പൊട്ടിത്തെറിക്കുന്നത്? അവസാന ജപം മുൻവരികളെ മറിച്ചിടുന്നതിനു പകരം അവയെ പൂർത്തിയാക്കുകയാണ്. ‘അടിയൻ’ ആത്മീയമായ ഒരു വാക്കായി പവിത്രമാക്കപ്പെടുന്ന അതേ അർത്ഥഘടനയിലേക്കാണ് കവിതയിലെ ‘ഞാനും’ അവസാനം പ്രവേശിക്കുന്നത്. അതുകൊണ്ട് ഈ അവസാനഭാഗം സർക്കാസമായി വായിക്കാനുള്ള ആവശ്യമായ പാഠസൂചന നൽകുന്നില്ല.
ഒരു വായനക്കാരൻ ഒരു കവിതയിലെ അന്തർധ്വനി തിരിച്ചറിയാതിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഒരു പ്രത്യേക അന്തർധ്വനി വായനയിൽ സ്വീകരിക്കണമെങ്കിൽ അതിന് പാഠത്തിനുള്ളിൽ മതിയായ തെളിവുണ്ടാകണം. ‘കവി അങ്ങനെ ഉദ്ദേശിച്ചു’ എന്ന കവിതാബാഹ്യമായ വിവരം മാത്രം പോരാ. പ്രത്യേകിച്ച് സർക്കാസം പോലുള്ള സങ്കീർണ്ണമായ കാവ്യപ്രവർത്തനം വിജയിക്കണമെങ്കിൽ, പറയുന്നതും ഉദ്ദേശിക്കുന്നതും തമ്മിലുള്ള വിടവ് തിരിച്ചറിയാൻ പാഠം തന്നെ ചില സൂചനകൾ നൽകണം. ‘മോക്ഷമന്ത്രം’ ആ വിടവ് സൃഷ്ടിക്കുന്നില്ല. മറിച്ച്, ‘അടിയൻ’ എന്ന വാക്കിനെ നിരന്തരം സ്നേഹത്തിന്റെയും ആത്മീയതയുടെയും ജീവന്റെയും ഒടുവിൽ മോക്ഷത്തിന്റെയും ഭാഷയായി ഉയർത്തുകയാണ് ചെയ്യുന്നത്.
അതുകൊണ്ട് ‘സർക്കാസം മനസ്സിലായില്ല’ എന്ന പരിഹാസം ഒരു സാഹിത്യവിമർശനത്തിന് മറുപടിയാകുന്നില്ല. കൂടുതൽ പ്രസക്തമായ ചോദ്യം ഇതാണ്: സർക്കാസമായി വായിക്കണമെന്ന് കവിത തന്നെ നമ്മോട് ആവശ്യപ്പെടുന്ന തെളിവുകൾ എന്തൊക്കെയാണ്? ആ ചോദ്യം ചോദിച്ചാൽ പ്രശ്നം വായനക്കാരന്റെ ഗ്രഹണശേഷിയിലല്ല, പാഠത്തിന്റെ കാവ്യഘടനയിലാണ് എന്ന് വ്യക്തമാകും. സർക്കാസം കവിയുടെ ഉദ്ദേശമായിരുന്നുവെന്ന് അംഗീകരിച്ചാലും, അത് പാഠാനുഭവമായി സാക്ഷാത്കരിക്കപ്പെട്ടുവെന്ന് തെളിയിക്കാൻ കഴിയുന്നില്ല. കാരണം സർക്കാസത്തെ തിരിച്ചറിയാൻ ആവശ്യമായ വിമർശനാത്മക സൂചനകളും സർക്കാസം സൃഷ്ടിക്കുന്ന രചനാതന്ത്രങ്ങളും കവിത നൽകുന്നില്ല.
‘മോക്ഷമന്ത്രം’ എന്ന തലക്കെട്ടുതന്നെ കവിതയുടെ ഏറ്റവും വലിയ വിരോധാഭാസത്തെ വെളിപ്പെടുത്തുന്നു. മോക്ഷം എന്നത് ബന്ധനത്തിൽനിന്നുള്ള മോചനമാണ്. എന്നാൽ ഇവിടെ മോക്ഷത്തിലേക്കുള്ള വഴി കീഴടങ്ങലിന്റെ ഭാഷയിലൂടെയാണ്. ഈ വിരോധാഭാസം ജാതിവിമർശനത്തിനുള്ള ഒരു ശക്തമായ സാധ്യതയായിരുന്നു. എന്നാൽ ആ സാധ്യതയെ തുറന്നുകാട്ടുന്നതിനുപകരം കവിത അതിനെ ആത്മീയവൽക്കരിക്കുന്നു. അതുകൊണ്ടാണ് ‘അടിയൻ’ എന്ന വാക്ക് കവിതയിൽ ഒരു ജാതീയ അവശിഷ്ടമായി അവസാനിക്കാതെ, പവിത്രമാക്കപ്പെട്ട ‘മോക്ഷമന്ത്ര’മായി മാറുന്നത്.
പി. രാമനെ വ്യക്തിപരമായി ‘ജാതിവാദി’ എന്നു വിളിക്കുകയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഒരു കവിതയെ മാത്രം മുൻനിർത്തി അത്തരമൊരു വിധിനിർണ്ണയം നടത്തുന്നതും ശരിയല്ല. ചോദ്യം കവിയുടെ വ്യക്തിഗത നിലപാടല്ല, കവിതയുടെ ഭാഷ എന്താണ് ചെയ്യുന്നത് എന്നതാണ്. ജാത്യാധികാരത്തിന്റെ ചരിത്രമുള്ള ഒരു ഭാഷാരൂപത്തെ അതിന്റെ സാമൂഹിക ഹിംസയിൽനിന്ന് വേർതിരിച്ച് ആത്മീയവും സൗന്ദര്യാത്മകവുമായ മൂല്യമായി പുനർനിർമിക്കുന്നതിലാണ് ‘മോക്ഷമന്ത്ര’ത്തിന്റെ രാഷ്ട്രീയ പ്രശ്നം. ഇവിടെ ജാത്യാധികാരം സ്നേഹമായി പ്രത്യക്ഷപ്പെടുന്നു; കീഴാളത്വം അപമാനമായി നിലനിൽക്കുന്നില്ല, ആത്മീയതയായി പരിവർത്തിതമാകുന്നു; കീഴടങ്ങലിന്റെ ഭാഷ ബന്ധത്തിന്റെ ഇന്ധനമാകുന്നു; ഒടുവിൽ അതേ ഭാഷ മോക്ഷത്തിന്റെ മന്ത്രമായി പവിത്രമാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ, ജാത്യാധികാരത്തെ പരിഹസിക്കാനുദ്ദേശിച്ചിരുന്നുവെങ്കിൽ പോലും, കവിത അതിൽനിന്ന് ആവശ്യമായ വിമർശനാത്മക അകലം സൃഷ്ടിച്ചിട്ടില്ല. മറിച്ച് അതിനെ ആത്മീയവൽക്കരിക്കുകയും സൗന്ദര്യവൽക്കരിക്കുകയും ചെയ്യുന്നു. ‘അടിയൻ’ എന്ന വാക്കിന്റെ ചരിത്രം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നില്ല; മോക്ഷത്തിന്റെ പേരിൽ അതിന് പുതിയൊരു പവിത്രത നൽകപ്പെടുകയാണ് ചെയ്യുന്നത്.
അനുബന്ധം
മോക്ഷമന്ത്രം
പി. രാമൻഎൺപതു കഴിഞ്ഞ എന്റെ അമ്മയെ
ഇടക്കിടെ സന്ദർശിച്ച്
അടിയൻ അടിയൻ
എന്നു പറഞ്ഞുകൊണ്ടിരുന്ന
ഒരു സ്ത്രീയുണ്ടായിരുന്നു.
അതു കേൾക്കുന്നത്
അമ്മക്കും വളരെയിഷ്ടം.
അടിയൻ എന്നു പറയാനായി മാത്രം
അവർ ഇടക്കിടെ വന്നുകൊണ്ടിരുന്നു.
അടിയൻ എന്നു കേൾക്കാനായി മാത്രം
അമ്മ അവരെ ഇടക്കിടെ
അന്വേഷിച്ചുമിരുന്നു.
ദൈവനാമം പോലെ
യാന്ത്രികമായിരുന്നില്ല
ഈ ജപവും കേൾവിയും.
രണ്ടു ശരീരങ്ങളിലും തുടിച്ചു നിന്നു
അതിന്റെ ആത്മീയത.
ആ വാക്ക് പറഞ്ഞും കേട്ടും
ജീവിക്കാൻ വേണ്ട ഇന്ധനം
നിറച്ചു കൊണ്ടിരുന്നു
രണ്ടു പേരും.
എന്നിട്ടും
ഒടുവിൽ അമ്മ കിടപ്പിലായി.
ആ സ്ത്രീയേയും കാണാറില്ല.
ഗതി കിട്ടാതെ
കിടന്നു പുകഞ്ഞു
കിടക്കയ്ക്കു ചുറ്റുമാ വാക്ക്.
മരണ സമയത്ത്
അരികിലിരുന്നു ഞാൻ
മെല്ലെ ജപിച്ചു:
അടിയൻ, അടിയൻ...
.jpg)