റസ്സൽ എഡ്സൻ്റെ ഗദ്യകവിത

റസ്സൽ എഡ്സൺ

അമേരിക്കൻ ഗദ്യകവിതയുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റസ്സൽ എഡ്സനെ ആദ്യമായി വായിക്കുന്നവർ എഴുത്തിലെ ഫലിതം കാരണം ചിരിക്കാം, എന്താണ് ഇയാൾ കവിതയെന്ന പേരിൽ എഴുതിയിരിക്കുന്നത് എന്ന തോന്നലുണ്ടായി നിരാശരാകാം. ചിലർക്ക് അവ ഗദ്യകവിതകൾ ആകാം. മറ്റു ചിലർക്ക് കെട്ടുകഥകൾ ആകാം. കാര്യമെന്തായാലും, കവിതയെന്ന പേരിൽ നാം പരിചയിച്ച എഴുത്തുകളിൽ നിന്നും എഡ്സൻ്റെ എഴുത്ത് പാലിക്കുന്ന വ്യത്യാസമാണ് ഈ തോന്നലിനൊക്കെ കാരണമാകുന്നത്. എഡ്സൻ്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ വേണമെങ്കിൽ ആർക്കും റസ്സൽ എഡ്സനെ പോലെ എഴുതാം. അസാദ്ധ്യമെന്നു കരുതപ്പെടുന്ന സ്ഥലകാലങ്ങളെയും സാഹചര്യങ്ങളെയും ലളിതവും കണിശവുമായ ഭാഷയിൽ, ന്യായീകരിക്കപ്പെടാനിടയുള്ള ശൈലിയിൽ ആവിഷ്കരിക്കാനാകണമെന്നുമാത്രം. ഷൂവിനെ കല്യാണം കഴിക്കുന്ന പുരുഷനെയും കല്ലിനെ തടവിലിടുന്ന മകനെയും താനൊരു മരമായെന്ന് അച്ഛനമ്മമാരെ പറഞ്ഞു വിശ്വസിപ്പിക്കുകയും എന്നാൽ താൻ നുണ പറയുകയായിരുന്നെന്നു മറിച്ച് പറഞ്ഞു വിശ്വസിപ്പിക്കാനാകാതെ പോകുന്ന ആളെയും എഴുതിഫലിപ്പിക്കാൻ സാധിക്കണം.

സർറിയലിസം ആണോ? ആണെന്ന് തോന്നാം. എന്നാൽ അല്ല. എഡ്സൻ തന്നെ പറയുന്നു: ‘എന്തിനു നമ്മൾ സർറിയലിസ്റ്റുകൾ ആകണം? ആന്ദ്രെ ബ്രെട്ടൺ അല്ല ഭാവന കണ്ടെത്തിയ ആൾ‘ അദ്ദേഹം തുടരുന്നു ‘ഒരു എഴുത്തിന് ഭാഷയുടെ യുക്തി മാത്രമല്ല ആവശ്യം. സൃഷ്‌ടിയുടെ യുക്തി കൂടി ആവശ്യമാണ്. എൻ്റെ എഴുത്ത് സ്വയംപ്രേരിതമായ ഒന്നല്ല. ചിന്തയുടെ രൂപപ്പെടുത്തലിലാണ് എൻ്റെ ശ്രദ്ധ, ആഖ്യാനത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിലല്ല. വിചിത്രമായ കാര്യങ്ങൾ നിറഞ്ഞു നിൽക്കുമ്പോഴും എൻ്റെ എഴുത്ത് അതിനെതിരെ വിജയിക്കുന്നത് ഭാഷയുടെയും ആകെത്തുകയിൽ പ്രകടമാകുന്ന സൃഷ്ടിയുടെയും യുക്തിയിലാണ്. എൻ്റെ ലക്ഷണമൊത്ത ഒരു ഗദ്യകവിത വിചിത്രകാര്യങ്ങളിൽ ആയിരിക്കുമ്പോഴും അതിൻ്റെതന്നെയുള്ളിൽ ഭാഷയുടെയും സാഹിത്യസൃഷ്ടിയുടെയും യുക്തിയ്ക്ക് വിധേയമായ പൂർണ്ണതയുള്ള കവിത ആയിരിക്കും. ഇത് സർറിയലിസത്തിൽ നിന്നും വേറിട്ടതാണ്. സർറിയലിസ്റ്റുകൾ ചിരപരിചിതമായ ഒരു കാര്യത്തെ എടുത്ത് വിചിത്രമാക്കുകയും അതിനെ അവിടെ ഉപേക്ഷിക്കുകയുമാണ്‘.

സാഹിത്യത്തിലെ ഒരു രൂപത്തോടും കടപ്പാടും ബാധ്യതയും വെച്ചുപുലർത്താതെ എഴുതണമെന്നത് എഡ്സൻ്റെ ആഗ്രഹമായിരുന്നു. കവിതയുടെ നിർവ്വചനത്തിൽ ഒതുങ്ങാത്ത കവിത. കഥാസാഹിത്യത്തിൻ്റെ ആവശ്യഘടകങ്ങൾ ഉൾക്കൊള്ളാത്ത ഗദ്യം. ഗദ്യകവിതയുടെ വിലക്ഷണതയും എന്തെങ്കിലും ആകണമെന്ന ആഗ്രഹമില്ലായ്മയും ഹാസജനകമായിരിക്കാനുള്ള ശേഷിയും ഒക്കെയാണ് തന്നെ അതിലേക്ക് ആകർഷിച്ചതെന്ന് അദ്ദേഹം പറയുന്നു. എഴുതി പൂർത്തിയായത് സാഹിത്യസൃഷ്ടിയായി മാറുന്നത് എഡ്സനെ സംബന്ധിച്ച് തികച്ചും യാദൃച്ഛികമായ കാര്യമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വല്ലപ്പോഴുമൊക്കെ പറക്കുന്ന വിമാനം പോലെയാണ് കവിതയും, പറക്കുമോ ഇല്ലയോ എന്നതിനെ പറ്റിയൊന്നും അതിൻ്റെ പൈലറ്റ് ആലോചിക്കുന്നില്ല. റസ്സൽ എഡ്സനെ വായിക്കുന്നയാൾ കോരിത്തരിക്കുന്നത് തമാശയായി എന്തൊക്കെയോ എഴുതിക്കൂട്ടിയ ആളെയല്ല താൻ വായിക്കുന്നത് വലിയൊരു ചിന്തകനെ ആണെന്ന് തിരിച്ചറിയുന്ന നിമിഷമായിരിക്കും. ചിന്തിച്ചുകൂട്ടിയത് ഉപസംഹരിക്കുന്ന കവിയെയല്ല കാണാനാകുന്നത്, ആ ചിന്തയുടെ പ്രക്രിയ തന്നെയാണ് പങ്കുവെക്കുന്നത്. അതിനാൽ ഈ കവിതകൾക്ക് വായനക്കാരുടെ ഇടപെടൽ ആവശ്യമാണ്.


റസ്സൽ എഡ്സൻ്റെ ഗദ്യകവിതകൾ

കല്ല് ആരുടേതുമല്ല


ഒരാൾ ഒരു കല്ലിനെ പതിയിരുന്നാക്രമിച്ച് കൈക്കലാക്കി. ഇരുട്ടുമുറിയിൽ തടവിലിട്ടു. തന്റെ ശിഷ്ടകാലം മുഴുവൻ അതിനു കാവൽ നിന്നു.

എന്തിനാണ് ഇതെന്ന് അയാളുടെ അമ്മ ചോദിച്ചു.

അതിനെ പിടിച്ച് അടിമയാക്കിയതാണെന്നും അത് കീഴടക്കപ്പെട്ടതാണെന്നും അയാൾ പറഞ്ഞു.

നോക്ക്, കല്ല് ഉറക്കത്തിലാണ്, അമ്മ പറഞ്ഞു, താനൊരു പൂന്തോട്ടത്തിലാണോ അതോ മറ്റെവിടെയെങ്കിലുമാണോ എന്നൊന്നും അതറിയാൻ പോകുന്നില്ല. നിത്യതയും കല്ലും അമ്മയും മകളുമാണ്; പ്രായമേറുന്നത് നിനക്കാണ്, കല്ല് ഉറങ്ങുക മാത്രമാണ്.

പക്ഷേ അമ്മേ, ഞാനതിനെ കൈക്കലാക്കിയതാണ്. പിടിച്ചടക്കപ്പെട്ടതോടെ അത് എന്റേതായിരിക്കുന്നു, അയാൾ പറഞ്ഞു.

കല്ല് ആരുടേതുമല്ല, എന്തിന് അത് അതിന്റേതുപോലുമല്ല, ഇവിടെ കീഴടക്കപ്പെട്ടിരിക്കുന്നത് നീയാണ്. തടവിലുള്ളതിനെയും ആലോചിച്ചിരിക്കുന്നത് നീയാണ്, അത് നീ തന്നെയാണ്, പുറത്തുപോകാൻ പേടിയുള്ളത് നിനക്കാണ്, അമ്മ പറഞ്ഞു.

അതെയതെ, എനിക്കു പേടിയാണ്, കാരണം നിങ്ങളൊരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ലല്ലോ, അയാൾ പറഞ്ഞു.

അത് ശരിയാ, കല്ല് നിന്നോട് എങ്ങനെയാണോ അതേമട്ടിലായിരുന്നു നീ എല്ലായിപ്പോഴും എന്നോട്, അമ്മ പറഞ്ഞു.

വീഴ്ച / ഇലപൊഴിയും കാലം 


തനിക്കു കിട്ടിയ രണ്ട് ഇലകൾ നീട്ടിപ്പിടിച്ച് വീട്ടിനകത്തേക്ക് കയറിവന്ന് താനൊരു മരമാണെന്ന് അച്ഛനമ്മമാരോട് പറഞ്ഞൊരാൾ ഉണ്ടായിരുന്നു.

അങ്ങനെയെങ്കിൽ മുറ്റത്തേക്ക് പോകണമെന്നും സ്വീകരണമുറിയിൽ നിന്നുവളരേണ്ടേന്നും നിന്റെ വേരുകൾ തറവിരി കേടാക്കുമെന്നും അവർ പറഞ്ഞു.

താനൊരു തമാശ പറഞ്ഞതാണെന്നും താൻ മരമല്ലെന്നും പറഞ്ഞ് അയാൾ ഇലകൾ നിലത്തിട്ടു.

എന്നാൽ അച്ഛനുമമ്മയും പറഞ്ഞു: നോക്ക് ഇലകൾ കൊഴിഞ്ഞു.

മുല


ഒരു രാത്രി ഒരു സ്ത്രീയുടെ മുല ഒരാണിന്റെ മുറിയിലേക്ക് കടന്നുച്ചെന്ന് തന്റെ ഇരട്ടസഹോദരിയെപ്പറ്റി സംസാരിക്കാൻ തുടങ്ങി.

തന്റെ ഇരട്ട സഹോദരി അതാണ്, തന്റെ ഇരട്ടസഹോദരി ഇതാണ്.

ഒടുവിൽ അയാൾ ചോദിച്ചു, പ്രിയ മുലേ, നിന്നെക്കുറിച്ച് എന്തുണ്ട് പറയാൻ?

പിന്നെ രാവ് തീരുവോളം മുല തന്നെപ്പറ്റി പറഞ്ഞു.

സഹോദരിയെപ്പറ്റി പറഞ്ഞ അതേ കാര്യങ്ങൾ തന്നെയായിരുന്നു: അവൾ ഇതാണ്. അവൾ അതാണ്.

ഒടുവിൽ അവളുടെ മുലഞെട്ടിൽ ഉമ്മവെച്ച് അയാൾ പറഞ്ഞു, എന്നോട് ക്ഷമിക്കൂ. പിന്നെ അയാൾ ഉറക്കത്തിലേക്കു വീണു.

കളിപ്പാട്ടമുണ്ടാക്കുന്നയാൾ


കളിപ്പാട്ടമുണ്ടാക്കുന്നയാൾ ഒരു കളിപ്പാട്ടഭാര്യയെയും കളിപ്പാട്ടക്കുഞ്ഞിനെയും ഉണ്ടാക്കി.

പ്രായമേറുന്നൊരു കളിപ്പാട്ടവും ചത്തുകൊണ്ടിരിക്കുന്നൊരു കളിപ്പാട്ടവും അയാൾ ഉണ്ടാക്കി.

കളിപ്പാട്ടസ്വർഗവും കളിപ്പാട്ട ദൈവത്തെയും ഉണ്ടാക്കി.

എന്നിരുന്നാലും, മറ്റെല്ലാത്തിനുമുപരി, തീട്ടക്കളിപ്പാട്ടം ഉണ്ടാക്കാനായിരുന്നു അയാൾക്ക് ഇഷ്ടം.

ദാർശനികർ


ഞാൻ ചിന്തിക്കുന്നു; അതിനാൽ ഞാൻ ഉണ്ട് എന്ന് അയാൾ പറഞ്ഞതിനു പിന്നാലെ അയാളുടെ അമ്മ അയാളുടെ തലയ്ക്കടിച്ചു, എന്നിട്ട് പറഞ്ഞു, ഞാൻ എന്റെ മകന്റെ തലയ്ക്കടിച്ചു അതിനാൽ ഞാൻ ഉണ്ട്.

എയ് ഇതല്ല ഇതല്ല, അമ്മയെല്ലാം തെറ്റായി ധരിച്ചിരിക്കുകയാണെന്നും പറഞ്ഞ് അയാൾ അലറി.

അമ്മ ഒരിക്കൽക്കൂടി അയാളുടെ തലയ്ക്കടിച്ചു, എന്നിട്ട് അതിനാൽ ഞാൻ ഉണ്ടെന്ന് അലറിപ്പറഞ്ഞു.

നിങ്ങളല്ല, അങ്ങനെയല്ല; നിങ്ങൾ ചിന്തിക്കുകയാണ് വേണ്ടത്, അടിക്കുകയല്ല, അയാളും അലറി.

...ഞാൻ ചിന്തിക്കുന്നു; അതിനാൽ ഞാൻ ഉണ്ട്, അയാൾ പറഞ്ഞു.

ഞാൻ അടിക്കുന്നു, അതിനാൽ നമ്മൾ രണ്ടുപേരുമുണ്ട്, അടിക്കുന്നയാളും അടി കൊള്ളുന്നയാളും, അയാളുടെ അമ്മ പറഞ്ഞു.

ഇപ്രാവശ്യം അയാൾ ബോധരഹിതനാകുകയായി; വെളിവില്ലാത്തതിനാൽ അയാൾക്ക് ചിന്തിക്കാനായില്ല. എന്നാൽ അമ്മയ്ക്ക് ചിന്തിക്കാനായി, ഞാനുണ്ട് അതിനാൽ വെളിവില്ലാത്ത എന്റെ മകനും, അവനത് അറിയുന്നില്ലെങ്കിൽക്കൂടിയും...

മാതാപിതാക്കളുടെ തീരുമാനം

ഒരാൾ രണ്ടായി പിളർന്ന് വൃദ്ധനും വൃദ്ധയുമായി. അയാളുടെ മാതാപിതാക്കൾ ആയിരിക്കണം ഇവർ. പക്ഷേ അയാൾ എവിടെപ്പോയി? ചിലപ്പോൾ അയാൾ അയാളുടെ ജീവിതം ഇവർക്കായി നൽകിയിരിക്കാം... നിങ്ങളുടെ മകനെ കണ്ടിരുന്നോ എന്ന് ഞാൻ ആ വൃദ്ധദമ്പതികളോട് ചോദിച്ചു. വൃദ്ധ പറയുന്നു; മക്കളൊന്നും വേണ്ട എന്നതായിരുന്നു തങ്ങളുടെ തീരുമാനമെന്ന്.

പ്രണയത്തെക്കുറിച്ച് റെയ്‌‌നർ മറിയ റിൽക്കെ

കല പോലെ, മനുഷ്യാവസ്ഥയെ അതിവർത്തിക്കാനും സാമാന്യ മനുഷ്യനെക്കാൾ വലിയവനും മഹാമനസ്കനും വേണമെങ്കിൽ അസന്തുഷ്ടനുമാവാൻ നമുക്കു വരുതി നല്കുന്ന ഒരേയൊരു കർമ്മം പ്രണയമല്ലേയെന്നു റെയ്നർ മരിയ റിൽക്കെ ചോദിക്കുന്നു. ആ സാധ്യതയെ വീരോചിതമായി നാം ആശ്ലേഷിക്കേണ്ടിയിരിക്കുന്നു. ആ സചേതനാവസ്ഥ നമുക്കു പ്രദാനം ചെയ്യുന്ന വരങ്ങളിൽ ഒന്നു പോലും നാം തിരസ്കരിക്കരുത്. അതേസമയം പ്രേമിക്കുക എന്നതിനെക്കാൾ ദുഷ്കരമായി ഒന്നുമില്ലെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കാരണം മറ്റു സംഘർഷങ്ങളിൽ പ്രകൃതി നമ്മോടനുശാസിക്കുന്നത് സർവശക്തിയും കൈകളിൽ സംഭരിച്ച് സ്വയം സജ്ജരാവാനാണ്; എന്നാൽ പ്രണയത്തിന്റെ മൂർദ്ധന്യത്തിൽ നമുക്കുണ്ടാവുന്ന അന്തഃപ്രചോദനം നമ്മെത്തന്നെ പൂർണ്ണമായി അടിയറ വയ്ക്കാനാണ്.

റിൽക്കെ പറയുന്നു: ഒരു വ്യക്തി തന്റെ പുറംമോടിയിൽ നിന്നു പുറത്തുകടന്നു തെളിമയോടെ, മൗനത്തോടെ നിങ്ങളുടെ മുന്നിൽ വന്നുനില്ക്കുന്ന ചില നിമിഷങ്ങളുണ്ട്. നിങ്ങൾ ഒരിക്കലും മറക്കരുതാത്ത അപൂർവ്വമായ ആഘോഷവേളകളാണവ. അപ്പോൾ മുതലാണു നിങ്ങൾ അയാളെ സ്നേഹിക്കുന്നത്. മറ്റൊരു വിധം പറഞ്ഞാൽ, ആ നിമിഷത്തിൽ നിങ്ങൾക്കറിയാനിടവന്ന വ്യക്തിത്വത്തിന്റെ ബാഹ്യരേഖകളിലൂടെ നിങ്ങളുടെ തരളമായ കൈവിരലുകൾ സഞ്ചരിച്ചുതുടങ്ങുന്നു.

       രണ്ടു തന്ത്രികൾ മീട്ടുന്ന വയലിൻ ചാപം
       ഒരേ സ്വരം വായിച്ചെടുക്കുമ്പോലെ.
       നമ്മെയിണക്കിയിരിക്കുന്നതേതു വാദ്യത്തിൽ?

Rilke on love

അത്ര ദുഷ്കരമായ ഒരു പ്രണയത്തിനു ചെറുപ്പക്കാർ ഒരുക്കമല്ലെന്നാണു റിൽക്കെയുടെ വിലയിരുത്തൽ. മനുഷ്യബന്ധങ്ങളിൽ വച്ചേറ്റവും സങ്കീർണ്ണവും ആത്യന്തികവുമായ പ്രണയബന്ധത്തെ നമ്മുടെ കീഴ്വഴക്കങ്ങൾ അനായാസവും ചപലവുമായ ഒന്നാക്കാനാണു ശ്രമിക്കുന്നതെന്നു അദ്ദേഹം പറയുന്നു; ആർക്കും സാധ്യമാണതെന്ന പ്രതീതിയുണ്ടാക്കാനാണു നാമെല്ലാം നോക്കുന്നത്. എന്നാൽ കാര്യം അങ്ങനെയല്ല. എല്ലാ പൂർണ്ണതയോടും കൂടെയല്ല നാം മറ്റൊരാൾക്കു സ്വയം വിട്ടുകൊടുക്കുന്നതെങ്കിൽ, ഒരു ചിട്ടയും താളവുമില്ലാത്തതാണു നമ്മുടെ ആ പ്രവൃത്തിയെങ്കിൽ അതിൽ എന്തെങ്കിലും സൗന്ദര്യമുണ്ടോ? വലിച്ചെറിയൽ പോലെ തോന്നുന്ന ആ വിട്ടുകൊടുക്കലിൽ നല്ലതെന്നു പറയാൻ എന്തെങ്കിലുമുണ്ടോ? സുഖമോ ആനന്ദമോ അഭ്യുദയമോ ഉണ്ടോ? ഉണ്ടാവുകയില്ലെന്നാണു റിൽക്കെയുടെ വിലയിരുത്തൽ.

ആർക്കെങ്കിലും പൂക്കൾ സമ്മാനിക്കുമ്പോൾ ആദ്യം നമ്മളുതന്നെ അത് ഭംഗിയായി അടുക്കി വയ്ക്കാറുണ്ടല്ലോ. എന്നാൽ വികാരാവേശം കൊണ്ട് അക്ഷമരും തിടുക്കക്കാരുമായ ചെറുപ്പക്കാർ ഒരാൾ മറ്റൊരാളിലേക്കു സ്വയം വലിച്ചെറിയുകയാണ്; അങ്ങനെയൊരു ക്രമരഹിതമായ സമർപ്പണത്തിൽ പരസ്പരപരിഗണനയുടെ ഒരംശം പോലുമില്ലെന്നതു അവർ ശ്രദ്ധിക്കുന്നതേയില്ല. പിന്നീട്, താളം തെറ്റിയ ആ ബന്ധത്തിൽ നിന്നു ഒരു സംഘർഷം പിറവിയെടുക്കുമ്പോഴാണു അമ്പരപ്പോടെയും നീരസത്തോടെയും അവരതു ശ്രദ്ധിക്കുക. ഒരിക്കൽ അവർക്കിടയിൽ അനൈക്യം ഉടലെടുത്താൽ പിന്നെ ഓരോ ദിവസം ചെല്ലുന്തോറും കാലുഷ്യം കൂടിക്കൂടി വരും. അവരിൽ പിന്നെ ഉടയാത്തതോ അഴുക്കു പുരളാത്തതോ ആയി യാതൊന്നും അവശേഷിക്കുകയില്ല. ഒടുവിൽ, വേർപെട്ടു കഴിയുമ്പോൾ സന്തോഷമെന്നു തങ്ങൾ കരുതിയതിനെ ഹതാശമായി മുറുകെപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യും. സന്തോഷം എന്നാൽ എന്താണെന്നു അവർക്കപ്പോൾ ഒർമ്മ വരികയുമില്ല.

ഇത്തരം അനിശ്ചിതത്വത്തിൽ ഇണകൾ അന്യോന്യം അനീതിയോടെ പെരുമാറുന്നു; അന്യോന്യം നന്മ ചെയ്യണമെന്നാഗ്രഹിച്ചിരുന്നവർ അപ്പോൾ പരസ്പരം അധികാരവും അസഹിഷ്ണുതയും എടുത്തു പ്രയോഗിക്കുന്നു; ന്യായീകരണമില്ലാത്തതും അസഹനീയവുമായ ഒരു ദുരവസ്ഥയിൽ നിന്നു ഏതു വിധേനയും പുറത്തു കടക്കാനുള്ള തത്രപ്പാടിൽ അവർ പിന്നെ മനുഷ്യബന്ധങ്ങൾക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ അബദ്ധം ചെയ്യുന്നു: അവർ അക്ഷമരാകുന്നു. ഒരു പരിഹാരത്തിനവർ തിരക്കിടുന്നു. കാരണം ഒരന്തിമതീരുമാനത്തിലേക്ക്, എന്നവർ വിശ്വസിക്കുന്നതിലേക്ക്, എത്രയും പെട്ടെന്നു അവർക്കെത്തണം. തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാൻ അവർ ഒരിക്കൽക്കൂടി ശ്രമിക്കുന്നു. പക്ഷെ ഒന്നിനോടൊന്നു കൂട്ടിയിണക്കിയ സ്ഖലിതങ്ങളുടെ ചങ്ങലയിൽ അവസാനത്തേതു മാത്രമാണതെന്നു റിൽക്കെ ചൂണ്ടിക്കാണിക്കുന്നു. അകൽച്ച ഏറ്റവും കൂടുതൽ കാണുന്നതു പ്രേമിക്കുന്നവർക്കിടയിലാണ്. എങ്ങനെയെന്നാൽ ഇണകൾ തങ്ങൾക്കുള്ളതെല്ലാമെടുത്തു അന്യോന്യമെറിയുന്നു; മറ്റേയാൾക്കു അതു പിടിക്കാനും പറ്റുന്നില്ല; ഒടുവിൽ അവർക്കിടയിൽ അതു കുന്നു കൂടുകയും പരസ്പരം കാണുന്നതിലും അടുക്കുന്നതിലും നിന്നു അവരെ തടയുകയും ചെയ്യുന്നു.

റെയ്‌‌നർ മറിയ റിൽക്കെ
റെയ്‌‌നർ മറിയ റിൽക്കെ
പാരമ്പര്യം ചാർത്തിക്കൊടുത്ത മേൽക്കൈയല്ലാതെ മറ്റൊരു കരുത്തും പ്രണയത്തിൽ പുരുഷന് ഇല്ലെന്നുതന്നെ റിൽക്കെ പറയുന്നു. എന്നാൽ ആ മേൽക്കോയ്മ പോലും അലംഭാവത്തോടെയാണ് അയാൾ കൈയാളുന്നത്, അതേസമയം സുപ്രധാനസംഭവങ്ങളിൽ ഏർപ്പെടേണ്ടിവരുന്നത് അലംഭാവത്തിനും അന്യമനസ്കതയ്ക്കും കാരണമെന്ന ഭാഗികമായ ന്യായീകരണവും കണ്ടെത്തുന്നു. പ്രണയത്തിൽ സ്ത്രീ തന്റെ ഭാഗം അങ്ങേയറ്റം പൂർണ്ണതയോടെ സഫലമാക്കുമ്പോൾ പുരുഷന്റെ ഭാഗത്തു വെറും കഴിവുകേടേ കാണാനുള്ളു. ഒരു പഴഞ്ചൻ ഉപമ ഉപയോഗിച്ചു പറഞ്ഞാൽ, പ്രണയമെന്ന വിദ്യയിൽ അവൾ ബിരുദധാരിണിയാണെങ്കിൽ അയാൾ കീശയിൽ ഇട്ടുകൊണ്ടു നടക്കുന്നതു പ്രണയവ്യാകരണത്തിന്റെ ഒന്നാം പാഠപുസ്തകമാണ്; അതിലെ ചില വാക്കുകളെടുത്തു വല്ലപ്പോഴും അയാൾ തട്ടിക്കൂട്ടുന്ന വാചകങ്ങളാവട്ടെ, ബാലപാഠങ്ങളിലെ തുടക്കപ്പേജുകളിലെ പരിചിതവാക്യങ്ങളെപ്പോലെ സുന്ദരവും കോരിത്തരിപ്പിക്കുന്നതും!

ഒരേയളവിൽ ഒതുങ്ങിയ രണ്ടു പേർക്കു തങ്ങൾ ഒരുമിച്ചിരിക്കുന്ന നേരങ്ങളെ നിർവചിക്കുന്ന സംഗീതത്തെക്കുറിച്ചു സംസാരിക്കേണ്ട ആവശ്യം തന്നെ വരുന്നില്ല. ആ സംഗീതമാണു അവർക്കു പൊതുവായിട്ടുള്ള മൂലകം. യാഗാഗ്നി പോലെ അവർക്കിടയിൽ അതെരിയുന്നു; ഇടയ്ക്കിടെ ഉച്ചരിക്കുന്ന അക്ഷരങ്ങളാൽ ആ പവിത്രജ്വാലയെ അവർ വളർത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ പ്രണയത്തെ ഗൗരവമായി കാണുവാനാണു റിൽക്കെ ആവശ്യപ്പെടുന്നത്, അതിന്റെ കഠിനതകൾ അനുഭവിക്കുക, ഒരു ജീവിതവൃത്തി പരിശീലിക്കുന്നതു പോലെ അതു പഠിച്ചെടുക്കുക. മറ്റു പലതുമെന്നപോലെ പ്രണയത്തിനു ജീവിതത്തിലുള്ള സ്ഥാനം ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നു. അവർ പ്രണയത്തെ കളിയും നേരമ്പോക്കുമായി മാറ്റിയിരിക്കുന്നു; കാരണം അവർ കരുതുന്നതു അദ്ധ്വാനത്തേക്കാൾ സുഖം നല്കുന്നതു കളിയും നേരമ്പോക്കുമാണെന്നാണ്. അതേസമയം അദ്ധ്വാനത്തെക്കാൾ ആനന്ദദായകമായി മറ്റൊന്നുമില്ല; പ്രണയം, പരമമായ ആനന്ദമാണതെന്നതിനാൽത്തന്നെ, അദ്ധ്വാനമല്ലാതെ മറ്റൊന്നാകുന്നുമില്ല.
അപ്പോൾ, പ്രണയിക്കുന്നൊരാൾ വലിയ ഒരുദ്യമം ഏറ്റെടുത്തു നടത്തുന്നതു പോലെ വേണം പെരുമാറാൻ ശ്രമിക്കേണ്ടത്: പണ്ടത്തേക്കാൾ കൂടുതൽ നേരം അയാൾ ഒറ്റയ്ക്കാവണം, അയാൾ തന്നിലേക്കിറങ്ങണം, സ്വയം സജ്ജനാവണം, താനെന്താണോ, അതിൽ മുറുകെപ്പിടിക്കണം; അയാൾ പ്രവൃത്തിയെടുക്കണം; അയാൾ എന്തെങ്കിലുമാവണം! സ്നേഹമല്ലാതെ മറ്റൊരു ശക്തി ലോകത്തില്ല; നിങ്ങൾ അതുള്ളിൽ കൊണ്ടുനടക്കുമ്പോൾ, അതെങ്ങനെ ഉപയോഗപ്പെടുത്തണമെന്നു നിങ്ങൾക്കറിവില്ലെങ്കിൽത്തന്നെ, അതിന്റെ ദീപ്തഫലങ്ങൾ നിങ്ങളെ നിങ്ങളിൽ നിന്നു പുറത്തു കടത്തും, നിങ്ങൾക്കതീതമായതിലേക്കു നിങ്ങളെ കൊണ്ടുപോകും. ഈ വിശ്വാസമാണ് നമ്മൾ ഒരിക്കലും കൈവിടാൻ പാടില്ലാത്തതെന്നു റിൽക്കെ ഓർമ്മിപ്പിക്കുന്നു.

എല്ലാ അതിരുകളും വലിച്ചിട്ടും തട്ടിനിരപ്പാക്കിയും എത്രയും പെട്ടെന്നു് ആത്മാക്കളുടെ ഒരു സൗഹൃദം സ്ഥാപിക്കുകയല്ല വിവാഹമോ സഹജീവനമോ വഴി നമ്മൾ ശ്രമിക്കേണ്ടത്. നേരേ മറിച്ചു്, ഓരോ വ്യക്തിയും മറ്റേയാളെ തന്റെ ഏകാന്തതയുടെ കാവലാളായി നിയോഗിക്കുകയാണു്, എത്ര വലിയ വിശ്വാസമാണു് തനിക്കയാളോടെന്നു് പരസ്പരം കാണിച്ചുകൊടുക്കുകയാണു് വേണ്ടതെന്ന് റിൽക്കെ നിർദേശിക്കുന്നു. രണ്ടു മനുഷ്യജീവികളുടെ കൂടിച്ചേരൽ ഒരസാദ്ധ്യതയാണു്; ഇനി എവിടെയെങ്കിലും അങ്ങനെയൊന്നു കാണുന്നുണ്ടെങ്കിൽ അതൊരു പരിമിതപ്പെടുത്തലായിരിക്കും, ഒരാളുടെ, അല്ലെങ്കിൽ ഇരുവരുടെയും, പൂർണ്ണമായ സ്വാതന്ത്ര്യത്തെയും വികാസത്തെയും കവർന്നെടുക്കുന്ന ഉഭയസമ്മതപ്രകാരമുള്ള ഒരുടമ്പടി. എന്നാൽ ഏറ്റവുമടുത്തവർക്കിടയിൽ പോലും അനന്തമായ അകലങ്ങൾ ശേഷിക്കുന്നു എന്നൊരു തിരിച്ചറിവംഗീകരിക്കാനായാൽ വിസ്മയകരമായ ഒരു സഹജീവിതം വളർന്നു വരികയും ചെയ്യാം; അതിനു പക്ഷേ അവർ തങ്ങൾക്കിടയിലെ വിശാലതയെ, ഒരു വിപുലാകാശത്തിനെതിരിൽ സ്വന്തം പൂർണ്ണരൂപം തെളിച്ചുകാട്ടുന്ന ആ സാദ്ധ്യതയെ സ്നേഹിക്കാൻ പഠിക്കുകയും വേണം.

മറ്റൊരു വ്യക്തിയുടെ ഏകാന്തതയ്ക്കു കാവൽ നില്ക്കാൻ നിങ്ങൾക്കു സമ്മതമാണോ; അതേ പോലെ സ്വന്തം ഏകാന്തതയുടെ കവാടം കാക്കാൻ അതേ വ്യക്തിയെ ഏല്പിക്കാൻ നിങ്ങളും തയാറാണോ? ഇണയുടെ തിരസ്കരണത്തിനോ തിരഞ്ഞെടുപ്പിനോ ഉള്ള മാനദണ്ഡം ഇതായിരിക്കണമെന്ന് റിൽക്കെ നിർദേശിക്കുന്നു. സമീപസ്ഥമായ രണ്ടേകാന്തതകൾ പരസ്പരം കരുത്തു പകരുന്നതാണു സ്നേഹം. ഒരാൾ മറ്റൊരാൾക്കു സ്വയം അടിയറവു പറയുകയാണെങ്കിൽ അത് സ്നേഹത്തിനു ഹാനികരമായിട്ടാണു വരിക. എന്തെന്നാൽ, ഒരാൾ സ്വയം പരിത്യജിക്കുമ്പോൾ അയാൾ പിന്നെ ആരുമല്ലാതാവുന്നു; ഒന്നാവാൻ വേണ്ടി രണ്ടു പേർ തങ്ങളല്ലാതാവുമ്പോൾ അവരുടെ ചുവട്ടടിയിൽ ഉറച്ച നിലമില്ലെന്നാവുന്നു, അവരുടെ ഒത്തുചേരൽ നിരന്തരമായ പതനം മാത്രമാവുന്നു.
അവലംബം: വി. രവികുമാർ പരിഭാഷപ്പെടുത്തി, ഐറിസ് ബുക്ക്സ് പ്രസിദ്ധീകരിച്ച 'റിൽക്കെ' എന്ന പുസ്തകം.

കവിതാസ്വാദനത്തിന് ഒരു മുഖവുര


ഭാഷ പഠി­ക്കു­ന്ന ഓരോ വി­ദ്യാർ­ത്ഥി­യും കവി­ത­യും പഠി­ക്കു­ന്നു­ണ്ട്. എന്നാൽ പിൽ­ക്കാല ജീ­വി­ത­ത്തിൽ കവിത ആസ്വ­ദി­ക്കു­ന്ന­തി­നു തട­സ്സ­മാ­കു­ന്ന എന്തോ ഒന്നു­കൂ­ടി പ്രൈ­മ­റി ക്ലാ­സ്സു­കൾ മു­തൽ പല­രു­ടെ­യും ഉള്ളിൽ കയ­റു­ന്നു­ണ്ട്. ഒരു­പ­ക്ഷേ വാ­യ­ന­യിൽ അവ­രു­ടെ പരി­മി­തി­യാ­കാം. അത­ല്ലെ­ങ്കിൽ കവി­ത­യിൽ ആസ്വ­ദി­ക്കാൻ എന്താ­ണു­ള്ള­തെ­ന്ന പാ­ഠം ഭാ­ഷാ­ദ്ധ്യാ­പ­ക­രിൽ നി­ന്നും അവർ­ക്കു ലഭി­ക്കാ­ത്ത­താ­കാം. ഇനി അതു­മ­ല്ലെ­ങ്കിൽ പ്ര­ശ്നം കവി­ത­യു­ടെ തന്നെ­യാ­കാം. എന്താ­യാ­ലും കവിത മന­സ്സി­ലാ­കാ­ത്ത­വ­രും ആസ്വ­ദി­ക്കാൻ സാ­ധി­ക്കാ­ത്ത­വ­രു­മാ­ണ് നമു­ക്കി­ട­യിൽ കൂ­ടു­ത­ലും. ഒന്നാം ക്ലാ­സു മു­തൽ പത്താം ക്ലാ­സു വരെ­യു­ള്ള മല­യാ­ള­പാ­ഠ­പു­സ്ത­ക­ങ്ങ­ളെ മുൻ­നിർ­ത്തി കൽ­പ്പ­റ്റ നാ­രാ­യ­ണൻ ഇങ്ങ­നെ നി­രീ­ക്ഷി­ക്കു­ന്നു: ‘ക­വിത എന്തി­ന്, എന്താ­ണ­തി­ന്റെ ഉപ­യോ­ഗ­ങ്ങൾ എന്ന് സു­വ്യ­ക്ത­മാ­ക്കേ­ണ്ട അവ­ശ്യ­കത പാ­ഠ­പു­സ്ത­ക­ങ്ങൾ­ക്കോ പാ­ഠ­പു­സ്ത­ക­സ­ഹാ­യി­കൾ­ക്കോ തോ­ന്നി­യി­ട്ടേ ഇല്ല. കു­റ­ച്ചു കവി­താ­മാ­തൃ­ക­കൾ, അതേ ഈണ­ത്തിൽ എഴു­ത­പ്പെ­ട്ട അല്ലെ­ങ്കിൽ അതേ പ്ര­മേ­യം പങ്കി­ടു­ന്ന ഇത­ര­ക­വി­താ­മാ­തൃ­ക­കൾ, വൃ­ത്തം, അല­ങ്കാ­രം, ഉക്തി­വൈ­ചി­ത്ര്യ­ങ്ങൾ, പ്ര­മേ­യ­ങ്ങൾ ഇവ­യി­ലൂ­ന്നി­യു­ള്ള ചില അഭ്യാ­സ­ങ്ങൾ, കഴി­ഞ്ഞു കവി­താ­പ­ഠ­നം. പഠ­ന­സ­ഹാ­യി­ക­ളി­ലെ നിർ­ദേ­ശ­ങ്ങ­ളും പാ­ഠ­പു­സ്ത­ക­ങ്ങ­ളി­ലെ അഭ്യാ­സ­ങ്ങ­ളും സൂ­ക്ഷി­ച്ച­പ­ഗ്ര­ഥി­ച്ചാൽ കവി­ത­യെ അല്ല അതി­ലെ സ്ഥൂ­ല­ഘ­ട­ന­യെ മാ­ത്ര­മേ പാ­ഠ­പു­സ്ത­ക­ങ്ങൾ ഗൌ­നി­ച്ചി­ട്ടു­ള്ളൂ എന്നു കാ­ണാം. ‘ചൊ­ല്ലാ­നു­ള്ള രസ­ക­ര­മായ ഘട­ന’ എന്ന അപ്ര­ഖ്യാ­പി­ത­മായ ഒരു കാ­വ്യ­നിർ­വ­ച­ന­ത്തി­നു കീ­ഴ­ട­ങ്ങി നിൽ­ക്കു­ന്നു കവി­താ­സം­ബ­ന്ധി­യായ സകല പ്ര­വർ­ത്ത­ന­ങ്ങ­ളും­.’

ഇതര സാ­ഹി­ത്യ­രൂ­പ­ങ്ങ­ളെ പരി­ഗ­ണി­ക്കു­മ്പോൾ ജന­പ്രീ­തി­യിൽ പി­ന്നിൽ നിൽ­ക്കു­ന്ന­തും അതേ­സ­മ­യം ഏറ്റ­വും പഴ­ക്കം ചെ­ന്ന­തും കവി­ത­യാ­ണ്. വി­പ­ണി­യു­ടെ മാ­ന­ദ­ണ്ഡ­ങ്ങൾ വെ­ച്ചു നോ­ക്കി­യാൽ കവിത എന്ന ഉൽ­പ്പ­ന്നം ഒരു­ത­ര­ത്തിൽ ഡെ­ഡ്സ്റ്റോ­ക്ക് ആണ്. എന്നി­രു­ന്നി­ട്ടും ഇന്നും കവിത നി­ല­നിൽ­ക്കു­ന്നു. മറ്റു സാ­ഹി­ത്യ­രൂ­പ­ങ്ങൾ­ക്കു പക­രം വെ­ക്കാ­നാ­കാ­ത്ത­തെ­ന്തോ കവി­ത­യ്ക്കു­ണ്ട് എന്ന­തു­ത­ന്നെ­യാ­ക­ണം അതി­നു കാ­ര­ണം. കവിത മനു­ഷ്യ­രോ­ട് അവ­രു­ടെ ഏറ്റ­വും സ്വ­കാ­ര്യ­മാ­യ, ആശ­ങ്കാ­ജ­ന­ക­മാ­യ, ആവേ­ശ­ക­ര­മായ നി­മി­ഷ­ങ്ങ­ളില്‍ അര്‍ത്ഥ­പൂര്‍ണ്ണ­മായ സം­വാ­ദ­ങ്ങള്‍ നട­ത്തു­ന്നു, ഇതു കവി­ത­യു­ടെ സാ­ധ്യ­ത­യാ­ണ്. പ്ര­ക­ടി­പ്പി­ക്കാന്‍ കഴി­യാ­ത്ത എന്തി­നെ­യും പ്ര­ക­ട­ന­യോ­ഗ്യ­മാ­ക്കു­ന്ന­തി­നു മറ്റേ­തു കലാ­രൂ­പ­ത്തേ­ക്കാ­ളും അനു­യോ­ജ്യം കവിത എന്ന മാ­ധ്യ­മ­മാ­ണ്, അതി­നു കാ­ര­ണം അത് ഭാ­ഷ­യോ­ട്, അതി­ന്റെ പ്ര­ഭ­വ­സ്ഥാ­ന­ങ്ങ­ളോ­ട് ചേര്‍ന്നു നില്‍ക്കു­ന്ന­തു­കൊ­ണ്ടാ­ണ്. മറ്റൊ­രു­ത­ര­ത്തിൽ, പോൾ വലേ­രി­യു­ടെ വാ­ച­കം കട­മെ­ടു­ത്തു പറ­ഞ്ഞാൽ, കവിത ഭാ­ഷ­യ്ക്കു­ള്ളിൽ മറ്റൊ­രു ഭാഷ നിർ­മ്മി­ക്കു­ന്ന­ത് കൊ­ണ്ടാ­ണ്.

കാ­വ്യാ­ത്മ­ക­മായ ഒരു ആശ­യ­പ്ര­കാ­ശ­നം വേ­ണ്ടി വരു­ന്ന­ത് എപ്പോ­ഴാ­യി­രി­ക്കാം? അല്ലെ­ങ്കില്‍ ഭാഷ ഉപ­യോ­ഗി­ക്കേ­ണ്ടി വരു­ന്ന ഏതു സന്ദര്‍ഭ­ങ്ങ­ളി­ലാ­ണ് കവിത ഏറ്റ­വും ഉചി­ത­മാ­കു­ന്ന­ത്? പറ­യാന്‍ സാ­ധി­ക്കാ­ത്ത ബു­ദ്ധി­മു­ട്ടു­ള്ള അനു­ഭ­വ­ങ്ങ­ളില്‍ കവിത എന്തു­കൊ­ണ്ട്, അല്ലെ­ങ്കില്‍ എങ്ങ­നെ എന്ന­താ­യി­രി­ക്കും കു­റ­ച്ചു­കൂ­ടെ പ്ര­സ­ക്ത­മായ ചോ­ദ്യ­മെ­ന്ന് നോ­ലി­സ്റ്റ് ആയ റി­ച്ചാർ­ഡ് ഫോർ­ഡ് പറ­യു­ന്നു. കവി­ത­യെ കു­റി­ച്ചു­ള്ള സാ­മാ­ന്യ­വല്‍ക്ക­ര­ണം അസാ­ധ്യ­മാ­ണ്. കവി­ത­യു­ടെ സ്വ­ഭാ­വ­ത്തെ അതി­ന്റെ എല്ലാ രൂ­പ­ഭേ­ദ­ങ്ങ­ളും ഉള്‍ക്കൊ­ള്ളു­ന്ന ഒന്നി­ലേ­ക്ക് ചു­രു­ക്കി നിര്‍വ­ചി­ക്കുക എന്ന­തും അസാ­ധ്യ­മാ­ണ്. 'എ­ന്തു­കൊ­ണ്ട് കവി­ത' എന്ന ചോ­ദ്യ­ത്തി­നു കൃ­ത്യ­മായ ഉത്ത­ര­മി­ല്ലാ­ത്ത­ത്, അല്ലെ­ങ്കില്‍ ആ ചോ­ദ്യ­ത്തി­ന്റെ ഉത്ത­രം സാ­ധ്യ­മാ­കു­ന്ന ഒരു രീ­തി­യില്‍ കവിത എന്ന­തി­ന്റെ നിര്‍വ­ച­ന­ത്തെ ചു­രു­ക്കാന്‍ കഴി­യാ­ത്ത­ത് തന്നെ, കവിത അതി­ന്റെ നി­ല­നില്‍പ്പി­ന്റെ കാ­ര­ണ­വും സാ­ധൂ­ക­ര­ണ­വും ആകു­ന്നു­വെ­ന്ന­തി­ന് തെ­ളി­വാ­യി­ട്ടാ­ണ് റി­ച്ചാർ­ഡ് ഫോർ­ഡ് കാ­ണു­ന്ന­ത്.

നിർ­ഭാ­ഗ്യ­വ­ശാൽ കഥ­യു­ടേ­യോ സം­ഗീ­ത­ത്തി­ന്റെ­യോ ഘട­ക­ങ്ങ­ളെ കൂ­ടു­ത­ലാ­യി ആശ്ര­യി­ച്ച­വ­യാ­ണ് നമ്മു­ടെ ഭാ­ഷ­യിൽ ആഘോ­ഷി­ക്ക­പ്പെ­ട്ട ബഹു­ഭൂ­രി­പ­ക്ഷം കവി­ത­ക­ളും. ഈ ജന­പ്രി­യ­ഘ­ട­ക­ങ്ങ­ളെ മാ­റ്റി­നിർ­ത്തി­യാൽ നമ്മു­ടെ കവി­ത­ക­ളിൽ എത്ര­ത്തോ­ളം കവിത അവ­ശേ­ഷി­ക്കു­ന്നു­ണ്ട് എന്നൊ­രു അന്വേ­ഷ­ണം നട­ത്താ­വു­ന്ന­താ­ണ്. സ്കൂൾ കാ­ലം മു­തൽ കവിത ആസ്വ­ദി­ക്കാ­നി­രു­ന്ന നമ്മൾ കഥ കേൾ­ക്കു­ക­യാ­യി­രു­ന്നോ അല്ലെ­ങ്കിൽ താ­ള­ത്തിൽ പാ­ടു­ന്ന­ത് കേ­ട്ടി­രി­ക്കു­ക­യാ­യി­രു­ന്നോ എന്ന­തും സ്വ­യം ചോ­ദി­ക്കേ­ണ്ട ചോ­ദ്യ­മാ­ണ്. ഗാ­ന­ര­ച­യി­താ­ക്ക­ളെ സൃ­ഷ്ടി­ക്ക­ലും അവർ­ക്കു അര­ങ്ങൊ­രു­ക്ക­ലു­മാ­ണോ പത്തു­വ­രെ­യു­ള്ള മല­യാള പാ­ഠ­പു­സ്ത­ക­ങ്ങ­ളി­ലെ പകു­തി­യോ­ളം പാ­ഠ­ങ്ങ­ളു­ടെ ചു­മ­തല എന്ന കൽ­പ്പ­റ്റ നാ­രാ­യ­ണ­ന്റെ ചോ­ദ്യം ഏറെ പ്ര­സ­ക്ത­മാ­ണ്. ഭാ­ഷ­യി­ലെ മറ്റു രൂ­പ­ങ്ങൾ ചെ­യ്യാ­ത്ത ചില കാ­ര്യ­ങ്ങൾ ചെ­യ്യാ­നു­ള്ള കവി­ത­യു­ടെ ശേ­ഷി സമീ­പ­കാ­ല­ക­വി­ത­കൾ പ്ര­ക­ട­മാ­ക്കു­ന്ന­ത് ഈ ജന­പ്രി­യ­ഘ­ട­ക­ങ്ങള കൂ­ടു­ത­ലാ­യി ആശ്ര­യി­ക്കാ­തി­രി­ക്കു­മ്പോ­ഴാ­ണ്.

അർ­ത്ഥ­ത്തി­ന്റെ അനേ­കം അട­രു­കൾ സൂ­ക്ഷി­ക്കു­ന്നു, വ്യാ­ഖ്യാ­ന­ത്തി­ന്റെ അനേ­കം സാ­ധ്യ­ത­കൾ മു­ന്നോ­ട്ടു­വെ­ക്കു­ന്നു, ഓരോ വാ­യ­ന­യി­ലും പു­തി­യ­താ­യി എന്തെ­ങ്കി­ലും വാ­യ­ന­ക്കാ­രി­ക്കാ­യി കരു­തി­വെ­ക്കു­ന്നു എന്ന­ത് അസ്സൽ കവി­ത­ക­ളു­ടെ ലക്ഷ­ണ­ങ്ങ­ളാ­ണ്. ഈ ഗു­ണ­ങ്ങൾ പ്ര­ക­ടി­പ്പി­ക്കാൻ കഥ­യു­ടെ­യോ സം­ഗീ­ത­ത്തി­ന്റെ­യൊ പി­ന്തുണ കവി­ത­യ്ക്ക് ആവ­ശ്യ­മി­ല്ല എന്നു മാ­ത്ര­മ­ല്ല ഒരു­പാ­ട് വാ­ക്കു­ക­ളോ വരി­ക­ളോ ആവ­ശ്യ­മി­ല്ല. കെ. എ. ജയ­ശീ­ല­ന്റെ ‘ചൂ­ണ്ട­യിൽ ഇര തു­ടി­ക്കു­ന്നു‘ എന്ന കവി­ത­യു­ടെ തു­ട­ക്ക­ത്തി­ലെ നാ­ലു­വ­രി ഇതി­നു ഉദാ­ഹ­ര­ണം:

ചൂണ്ടയിൽ
ഇര തുടിക്കുന്നു:
എനിക്കു വേണം
മീനിന്റെ മരണം

നമു­ക്കെ­ല്ലാം പരി­ചി­ത­മായ ഒരു കാ­ഴ്ച­യ്ക്കു­മേൽ കവി­യു­ടെ ഭാ­വന നട­ത്തിയ ഇട­പെ­ടൽ വൈ­യ­ക്തി­ക­വും ദാർ­ശ­നി­ക­വും രാ­ഷ്ട്രീ­യ­പ­ര­വു­മായ അനേ­കം വാ­യ­ന­യി­ലേ­ക്കു­ള്ള സാ­ധ്യത മു­ന്നോ­ട്ടു­വെ­ക്കു­ന്നു. സമീ­പ­കാ­ല­ക­വി­ത­യിൽ കവി­ഭാ­വന കേ­വ­ലം പ്ര­കൃ­തി­വർ­ണ്ണ­ന­ക­ളിൽ ഒതു­ങ്ങു­ന്ന­തോ ഒതു­ങ്ങേ­ണ്ട­തോ അല്ലെ­ന്നും ഈ നാ­ലു­വ­രി ബോ­ധ്യ­പ്പെ­ടു­ത്തു­ന്നു.

എഴു­തി­യി­രി­ക്കു­ന്ന­ത് എന്തോ അത­ല്ല, കവി ഉദ്ദേ­ശി­ച്ച­ത് മറ്റെ­ന്തോ ആണെ­ന്ന തോ­ന്ന­ലാ­ണ് കവി­ത­യെ ശ്ര­മ­ക­ര­മായ ഒരു പണി­യാ­ണെ­ന്ന പൊ­തു­ബോ­ധ­ത്തി­ലേ­ക്കു നയി­ച്ച­തെ­ന്നു കരു­താം. കർ­ണ്ണാ­ട­ക­സം­ഗീ­തം ആസ്വ­ദി­ക്കാൻ നി­ങ്ങൾ­ക്ക് സം­ഗീ­ത­ത്തെ­പ്പ­റ്റി ചില ധാ­ര­ണ­കൾ വേ­ണ­മെ­ന്നു പറ­യു­ന്ന­ത് പോ­ലെ­യു­ള്ള ഒരു ഏർ­പ്പാ­ടാ­ണ് ഇത്. പരോ­ക്ഷ­സൂ­ച­ന­കൾ കണ്ടെ­ത്താ­നു­ള്ള അഭ്യാ­സ­ത്തോ­ടെ­യാ­ണ് പല­രും കവി­ത­യെ സമീ­പി­ക്കു­ന്ന­ത്. എന്താ­ണ് എഴു­തി­യി­രി­ക്കു­ന്ന­ത് അതി­നെ അതാ­യി­ത്ത­ന്നെ വാ­യി­ക്കുക എന്ന­താ­ണ് പ്രാ­ഥ­മി­ക­വാ­യ­ന. ബാ­ക്കി­യെ­ല്ലാം തു­ടർ­ന്നു­വ­രു­ന്ന വാ­യ­ന­ക­ളാ­ണ്. പ്രാ­ഥ­മി­ക­വാ­യ­ന­യ്ക്ക് കവിത എഴു­ത­പ്പെ­ട്ടി­രി­ക്കു­ന്ന ഭാഷ വാ­യി­ച്ചു മന­സ്സി­ലാ­ക്കാ­നു­ള്ള ശേ­ഷി­യാ­ണ് ആവ­ശ്യം. പരോ­ക്ഷ­സൂ­ച­ന­കൾ കണ്ടെ­ത്താ­നു­ള്ള ശ്ര­മം ആദ്യ­വാ­യ­ന­യിൽ­ത്ത­ന്നെ നട­ത്തു­മ്പോൾ പ്രാ­ഥ­മി­ക­വാ­യ­ന­യിൽ ലഭി­ക്കാ­നി­ട­യു­ള്ള അനു­ഭൂ­തി കി­ട്ടാ­തെ വരും. പല­പ്പോ­ഴും കവിത ആസ്വ­ദി­ക്കാ­നാ­കാ­തെ­വ­രും.

ഇതി­നർ­ത്ഥം പരോ­ക്ഷ­സൂ­ച­ന­കൾ അന്വേ­ഷി­ച്ചു­ള്ള വാ­യന ആവ­ശ്യ­മ­ല്ല എന്ന­ല്ല. വ്യ­വ­ഹാ­ര­ഭാ­ഷ­യി­ലെ ആവി­ഷ്ക­രി­ക്കു­ന്ന­തി­ന്റെ ധ്വ­നി­സാ­ധ്യ­ത­യോ വക്രീ­ക­ര­ണ­മോ ആണു അതി­നെ കാ­വ്യ­ഭാ­ഷ­യി­ലേ­ക്കു നയി­ക്കു­ന്ന­ത്. അല്ലാ­ത്ത എഴു­ത്ത് കേ­വ­ലം സം­ഭാ­ഷ­ണ­മാ­യി ചു­രു­ങ്ങാം. കവി­ത­യാ­കാ­തെ പോ­കാം. പോൾ വലേ­രി­യു­ടെ വാ­ക്കിൽ പറ­ഞ്ഞാൽ സം­ഭാ­ഷ­ണ­ഭാ­ഷ­യും കവി­ത­യി­ലെ ഭാ­ഷ­യും തമ്മിൽ നട­ത്ത­വും നൃ­ത്ത­വും തമ്മി­ലു­ള്ള വ്യ­ത്യാ­സ­മു­ണ്ട്. അതാ­യ­ത് നട­ത്തം നൃ­ത്തം പോ­ലെ ഒരു ആവി­ഷ്കാ­ര­രൂ­പ­മ­ല്ല. നൃ­ത്ത­ത്തി­ലെ ഓരോ ചല­ന­വും പ്ര­തി­രൂ­പാ­ത്മ­ക­മാ­ണ്. കവി­ത­യി­ലെ ഭാ­ഷ­യു­മ­തെ. കവിത വി­നി­മ­യ­ത്തി­ന്റെ വാ­ക്യ­ത്തെ മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കു­ന്നു.

ആശ­യ­ങ്ങ­ളു­ടെ­യും അനു­ഭ­വ­ങ്ങ­ളു­ടെ­യും കൈ­മാ­റ്റ­ത്തി­നു കവി­ത­യേ­ക്കാൾ നന്നാ­യി ഉപ­യോ­ഗി­ക്കാൻ കഴി­യു­ന്ന­ത് കഥ­യും ലേ­ഖ­ന­ങ്ങ­ളും ഒക്കെ­യാ­ണ്. ഒരു കവി­ത­യെ മുൻ­നിർ­ത്തി ആ കവിത ഒരു പ്ര­ത്യേക ആശ­യ­മാ­ണ് പറ­യു­ന്ന­തെ­ന്നു വ്യ­ക്ത­ത­യോ­ടെ പറ­യാൻ നമു­ക്ക് സാ­ധി­ച്ചെ­ന്നു വരി­ല്ല. അങ്ങ­നെ എന്തെ­ങ്കി­ലും ഒരൊ­റ്റ അശ­യം വ്യ­ക്ത­ത­യോ­ടെ പറ­യു­ന്ന­ത് കാ­വ്യ­ഗു­ണം ഇല്ലാ­താ­ക്കു­ന്ന പ്ര­വർ­ത്തി­യാ­ണ്. എപ്പോ­ഴൊ­ക്കെ വ്യാ­ഖ്യാ­നി­ക്കാൻ മു­തി­രു­മ്പോ­ഴും അപ്പോ­ഴൊ­ക്കെ­യും മറ്റെ­ന്തോ കൂ­ടി കരു­തി­വെ­ക്കു­ന്ന­ല്ലോ എന്ന സാ­ധ്യത നല്ല കവി­ത­കൾ­ക്കു­ണ്ട്. ഇങ്ങ­നെ­യൊ­രു സ്വ­ഭാ­വം എന്താ­യാ­ലും ലേ­ഖ­ന­ങ്ങൾ ഒരി­ക്ക­ലും കാ­ണി­ക്കാൻ പാ­ടി­ല്ല.

ലോർ­ഡ് ബൈ­റ­ണി­ന്റെ പ്രേ­മ­ക­വി­ത­യെ ഭക്തി­ക­വി­ത­യാ­യി പഠി­പ്പി­ച്ച ഒരു അധ്യാ­പി­ക­യു­ടെ ക്ലാ­സ്സിൽ ഞാൻ ഇരു­ന്നി­ട്ടു­ണ്ട്. ബൈ­റൺ എന്ന കവി­യെ അറി­യു­ന്ന ആളിൽ നി­ന്നും ഉണ്ടാ­കു­ന്ന ഒരു വാ­യ­ന­യ­ല്ല അത്. എന്നാൽ എന്താ­ണോ എഴു­തി­യി­രി­ക്കു­ന്ന­ത് അത് മാ­ത്രം വാ­യി­ക്കു­ന്ന ഒരാ­ളെ സം­ബ­ന്ധി­ച്ച് അത് തെ­റ്റായ വാ­യ­ന­യു­മ­ല്ല. 'അ­ങ്ങ്’ എന്ന വാ­ക്കിൽ പ്രേ­മി­ക്കു­ന്ന ആളെ കാ­ണു­ന്ന­വ­രും ദൈ­വ­ത്തെ കാ­ണു­ന്ന­വ­രും ഉണ്ടാ­കാം. രണ്ടി­നു­മു­ള്ള സാ­ധ്യത കവിത മു­ന്നോ­ട്ടു­വെ­ക്കു­ന്നു. ഇത്ത­ര­ത്തിൽ വള­രെ വൈ­യ­ക്തി­ക­മായ അനു­ഭ­വ­ങ്ങ­ളും വാ­യ­ന­യും കവി­ത­യിൽ നി­ന്നും ലഭി­ക്കും. എന്നാൽ നമ്മു­ടെ അനു­ഭ­വം വാ­ക്കി­ലൂ­ടെ മറ്റൊ­രാ­ളോ­ട് പങ്കു­വെ­ക്കാൻ സാ­ധി­ക്കാ­തെ­യും വരാം. നി­ങ്ങൾ ഒറ്റ­യ്ക്ക് ഉപ­യോ­ഗി­ച്ച് ആസ്വ­ദി­ക്കു­ന്ന ഒരു ലഹ­രി­വ­സ്തു­പോ­ലെ. നി­ങ്ങ­ളിൽ എങ്ങ­നെ­യാ­ണോ അത് പ്ര­വർ­ത്തി­ക്കു­ന്ന­ത് അതു­പോ­ലെ ആക­ണം എന്നി­ല്ല മറ്റൊ­രാ­ളിൽ.

ഭാ­ഷ­യെ­യും ഭാ­വ­ന­യെ­യും കൂ­ടു­തൽ പ്ര­സ­രി­പ്പോ­ടെ നി­ല­നിർ­ത്താ­നു­ള്ള ശേ­ഷി കവി­ത­യ്ക്കു­ണ്ട്. ‘എ­ല്ലാം ഉപ്പി­ലി­ട്ടു­വെ­ക്കു­ന്നു കടൽ’ എന്ന വരി നി­ങ്ങ­ളിൽ ഉണ്ടാ­ക്കാ­നി­ട­യു­ള്ള ഒരു പ്ര­സ­രി­പ്പു­ണ്ട്. കട­ലി­ന് ഉപ്പു­രു­ചി ഉണ്ടെ­ന്നും കട­ലിൽ അനേ­കം വസ്തു­ക്കൾ ഉണ്ടെ­ന്നും നമു­ക്കെ­ല്ലാം അറി­യു­ന്ന വി­വ­ര­മാ­ണ്. എന്നി­രി­ക്കി­ലും ‘ഉ­പ്പി­ലി­ട്ടു­വെ­ക്കു­ക’ എന്ന രീ­തി­യോ­ട് ചേർ­ത്തു­ള്ള ആലോ­ചന നമ്മു­ടെ ഭാ­ഷ­യെ­യും ഭാ­വ­ന­യെ­യും ചെ­റു­താ­യെ­ങ്കി­ലും ഉന്മേ­ഷ­മു­ള്ള­താ­ക്കും. പ്രാ­ഥ­മി­ക­വാ­യ­ന­യിൽ ലഭി­ക്കു­ന്ന അനു­ഭൂ­തി പല­പ്പോ­ഴും ഇങ്ങ­നെ­യു­ള്ള­തോ അത­ല്ലെ­ങ്കിൽ വൈ­കാ­രി­ക­ത­യി­ലൂ­ന്നി­യ­തോ ആയി­രി­ക്കും. ആദ്യ­വാ­യ­ന­യിൽ ലളി­ത­മാ­യി അനു­ഭ­വ­പ്പെ­ടു­ന്ന കവി­ത­കൾ ആഴ­ത്തി­ലു­ള്ള വാ­യ­ന­യിൽ സങ്കീർ­ണ്ണ­മാ­യ­ത­ല­ങ്ങൾ ഉള്ള­താ­ണെ­ന്നു കണ്ടെ­ത്താ­നാ­യേ­ക്കാം.

നമ്മു­ടെ ചു­റ്റു­പാ­ടു­ക­ളെ­യും വ്യ­വ­ഹാ­ര­ഭാ­ഷ­യെ­യും പു­ത്ത­നാ­ക്കാ­നു­ള്ള ശേ­ഷി­യാ­ണ് കാ­വ്യ­ഭാ­ഷ­യു­ടെ മറ്റൊ­രു പ്ര­ധാന സവി­ശേ­ഷ­ത. ‘കാ­റ്റിൽ ഇല­കൾ ഇള­കു­ന്നു‘ എന്ന സർ­വ്വ­സാ­ധാ­ര­ണ­മായ ഒരു കാ­ഴ്ച­യെ കവി ‘കാ­റ്റിൻ്റെ തല്ലും തലോ­ട­ലും ഏറ്റു­ക­ഴി­യു­ന്ന ഇല­കൾ‘ എന്നാ­ക്കി എഴു­തു­ന്ന­തോ­ടെ നമ്മു­ടെ വീ­ക്ഷ­ണ­കോൺ മാ­റു­ന്നു. ചി­ര­പ­രി­ത­മായ ഒന്നി­നെ മറ്റൊ­രു രീ­തി­യിൽ നോ­ക്കി­ക്കാ­ണാൻ നമു­ക്ക് സാ­ധി­ക്കു­ന്നു. ഭാ­ഷ­യെ സവി­ശേ­ഷ­മായ രീ­തി­യിൽ ഉപ­യോ­ഗ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു കൂ­ടി­യാ­ണ് ഇത്ത­രം കവി­താ­നു­ഭ­വം സാ­ധ്യ­മാ­കു­ന്ന­ത്. 

വാ­ല­സ് സ്റ്റീ­വൻ­സി­ന്റെ അഭി­പ്രാ­യ­ത്തിൽ ആളു­ക­ളെ ജീ­വി­ക്കാൻ സഹാ­യി­ക്കു­ക­യാ­ണു കവി­യു­ടെ കർ­ത്ത­വ്യം. ഇതേ സ്റ്റീ­വൻ­സ് തന്നെ, പ്ര­കൃ­തി­യ്ക്കു മേ­ലു­ള്ള മനു­ഷ്യ­ന്റെ അധി­കാ­രം അവ­ന്റെ ഭാ­വ­ന­യാ­ണെ­ന്നും പറ­യു­ന്നു. ഭാ­വ­ന­യെ ഉത്തേ­ജി­പ്പി­ക്കാൻ ശേ­ഷി­യു­ള്ള കവി­ത­കൾ വാ­യി­ച്ച­തിൽ­പ്പി­ന്നെ കവി­ത­യോ­ട് ആസ­ക്തി തോ­ന്നിയ ആളാ­ണ് ഞാൻ. ‘വാ­ക്കു­കൾ ഉപ­യോ­ഗ­പ്പെ­ടു­ത്തി­ക്കൊ­ണ്ട് കാ­വ്യാ­ത്മ­ക­മായ മാ­ന­സി­കാ­വ­സ്ഥ സൃ­ഷ്ടി­ക്കു­ന്ന മെ­ഷീ­നാ­ണു കവി­ത’­യെ­ന്ന് പോൾ വലേ­രി പറ­യു­ന്നു. ‘കാ­വ്യാ­ത്മ­ക­മായ മാ­ന­സി­കാ­വ­സ്ഥ’­യി­ലേ­ക്കു അനു­വാ­ച­ക­നെ എത്തി­ക്കാൻ കവി­ത­യ്ക്കാ­കു­മെ­ന്ന് തി­രി­ച്ച­റി­യു­ന്ന വാ­യ­ന­യിൽ നി­ന്നാ­കാം നമ്മൾ കവിത ആസ്വ­ദി­ക്കാൻ തു­ട­ങ്ങു­ന്ന­ത്. കവി­ത­യ്ക്കു എന്തു­സാ­ധി­ക്കും എന്ന­തി­നു­ള്ള മറു­പ­ടി­യാ­യി കാ­ണാ­വു­ന്ന­താ­ണു വലേ­രി­യു­ടെ വാ­ക്കു­കൾ. മറ്റൊ­രു­ത­ര­ത്തിൽ പറ­ഞ്ഞാൽ കവി­താ­വാ­യ­ന, വാ­യി­ക്കു­ന്ന ആളു­ടെ ജീ­വി­ത­ത്തിൽ കവി­ത­യു­ണ്ടാ­ക്കു­ന്നു. നമ്മു­ടെ ചു­റ്റു­പാ­ടു­ക­ളെ­യും ഭാ­ഷ­യെ­യും നവീ­ക­രി­ക്കു­ന്നു.

കെട്ടകാലങ്ങളിൽ കവിയും കവിതയുംകെ­ട്ട­കാ­ല­ത്ത് ആ കാ­ല­ത്തെ­ക്കു­റി­ച്ചു­ള്ള കവി­ത­യു­ണ്ടാ­കു­മെ­ന്നു പറ­ഞ്ഞ­ത് ബെർ­തോൾ­ട് ബ്രെ­ഹ്റ്റ് ആണ്. അത്ത­രം കവി­ത­കൾ നി­ര­വ­ധി­യു­ണ്ടു­താ­നും. എന്നാൽ ഇക്കാ­ല­ങ്ങ­ളി­ലെ ഭീ­തി­യെ ഒരു നി­മി­ഷ­ത്തേ­ക്കെ­ങ്കി­ലും അക­റ്റു­വാ­നോ ഒരു ജീ­വ­നെ­ങ്കി­ലും രക്ഷി­ക്കു­വാ­നോ കവിത കൊ­ണ്ട് സാ­ധി­ച്ചി­ട്ടി­ല്ലെ­ന്നു വി­യ­റ്റ്നാം യു­ദ്ധ­കാ­ല­ത്ത് എഴു­ത­പ്പെ­ട്ട കവി­ത­ക­ളെ മുൻ­നിർ­ത്തി ഡബ്ലി­യു. എസ്. മെർ­വിൻ ചൂ­ണ്ടി­ക്കാ­ട്ടു­ന്നു. എങ്കി­ലും എല്ലാ­ക്കാ­ല­ത്തും കെ­ട്ട­കാ­ല­ങ്ങ­ളെ കവി­ത­കൊ­ണ്ട് നേ­രി­ടാൻ ശ്ര­മി­ക്കു­ന്ന കവി­കൾ ഉണ്ടാ­കും­.

പല­പ്പോ­ഴും ഒരു പ്ര­ത്യേക കാ­ല­ത്ത് പ്ര­ബ­ല­മാ­കു­ന്ന രാ­ഷ്ട്രീ­യ­ധാ­ര­ണ­ക­ളെ പ്ര­ച­രി­പ്പി­ക്കാൻ കവി­ത­യെ­ഴു­തു­മ്പോൾ ആ ആശ­യ­ങ്ങൾ­ക്ക് കൂ­ടു­തൽ പ്ര­ചാ­രം ലഭി­ക്കു­ന്ന­തി­നേ­ക്കാൾ, അത്ത­രം കവി­ത­കൾ­ക്ക് ആ ആശ­യ­ങ്ങൾ­ക്ക് ലഭി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന സ്വീ­കാ­ര്യ­ത­യിൽ ഒരു പങ്ക് കൈ­പ്പ­റ്റാൻ മാ­ത്ര­മാ­ണ് സാ­ധി­ക്കാ­റു­ള്ള­ത്. കവിത ഒരു ജന­പ്രി­യ­കല അല്ലാ­തി­രി­ക്കു­ന്ന കാ­ല­ത്തോ­ളം ഇതി­നാ­ണ് സാ­ധ്യത കൂ­ടു­തൽ.

കവിത ആ കല­യാ­യി തന്നെ നിർ­വ്വ­ഹി­ക്കു­ന്ന രാ­ഷ്ട്രീ­യ­ദൗ­ത്യ­ങ്ങ­ളു­ണ്ട്, എന്നാൽ പൂർ­ണ്ണ­മാ­യും ഒരു രാ­ഷ്ട്രീ­യാ­യു­ധ­മെ­ന്ന നി­ല­യിൽ പ്ര­യോ­ഗി­ക്കു­മ്പോൾ കവിത അതിന്റെ ഉദ്ദേ­ശം നി­റ­വേ­റ്റാ­നു­ള്ള സാ­ധ്യത വള­രെ കു­റ­വാ­ണ്. മറ്റൊ­രാ­ളെ ശരി­-­തെ­റ്റു­കൾ ബോ­ധ്യ­പ്പെ­ടു­ത്താ­നും, പറ­ഞ്ഞു മന­സ്സി­ലാ­ക്കി­പ്പി­ക്കാ­നും ഉപ­യോ­ഗി­ക്കാ­വു­ന്ന ഫല­പ്ര­ദ­മായ ആശ­യ­വി­നി­മ­യോ­പാ­ധി­യ­ല്ല കവി­ത. ഗദ്യ­മാ­ണു ഇക്കാ­ര്യ­ത്തിൽ ഗു­ണം ചെ­യ്യു­ക. ശരി­യാ­ണ്, വേ­ണ­മെ­ങ്കിൽ വി­ശ­ദീ­ക­ര­ണ­ങ്ങൾ നൽ­കാ­നും ആശ­യ­ങ്ങൾ പ്ര­ച­രി­പ്പി­ക്കാ­നും തർ­ക്കി­ക്കാ­നും നമു­ക്ക് കവിത ഉപ­യോ­ഗി­ക്കാം. എന്നി­രു­ന്നാ­ലും ആത്യ­ന്തി­ക­മാ­യി കവി­ത, ഭാ­ഷ­യു­ടെ­യും ഭാ­വ­ന­യു­ടെ­യും സാ­ധ്യ­ത­കൾ തേ­ടു­ന്ന കല­യാ­യി­ നി­ല­കൊ­ള്ളും.

ഒരു കവി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അയാ­ളു­ടെ മി­ക­വ് ഭാ­ഷ­യി­ലും ഭാ­വ­ന­യി­ലു­മാ­യി­രി­ക്കും. ഇക്കാ­ര­ണ­ത്താൽ കെ­ട്ട­കാ­ല­ങ്ങ­ളിൽ അയാൾ­ക്കൊ­രു കർ­ത്ത­വ്യം നിർ­വ്വ­ഹി­ക്കാ­നു­ണ്ട്. രണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­കാ­ല­ത്ത് എഴു­തിയ ലേ­ഖ­ന­ത്തിൽ വാ­ല­സ് സ്റ്റീ­വൻ­സ് പറ­യു­ന്നു: ദു­ഷി­ച്ച­കാ­ല­ങ്ങ­ളിൽ നാം നേ­രി­ടു­ന്ന സമ്മർ­ദ്ദ­ങ്ങ­ളിൽ, ദു­രി­ത­ങ്ങ­ളിൽ­പ്പെ­ട്ട് മാ­ന­വി­ക­ത­യു­ടെ അടി­സ്ഥാ­ന­ങ്ങ­ളാ­യി കരു­താ­വു­ന്ന മനു­ഷ­ത്വം, സ്നേ­ഹം, ഭാ­വന എന്നി­വ­യെ­ല്ലാം നഷ്ട­മാ­കാ­നി­ട­യു­ണ്ട്. മറ്റു ഭാ­ഷാ­സ­ങ്കേ­ത­ങ്ങ­ളെ പരി­ഗ­ണി­ക്കു­മ്പോൾ കവി­ത­യോ­ളം ഭാ­വ­ന­യെ സം­ര­ക്ഷി­ക്കാൻ ഉത­കു­ന്നൊ­രു മാ­ധ്യ­മം ഇല്ല. അതി­നാൽ നമ്മു­ടെ ഭാ­വ­ന­യെ സം­ര­ക്ഷി­ച്ചു­വെ­ക്കാ­നു­ള്ള ഇട­മാ­ണ് കവി­ത.

ചി­ന്ത­ക­ളു­ടെ കൈ­മാ­റ്റ­ത്തി­നേ­ക്കാൾ, സമാ­ധാ­ന­വാ­ക്കു­കൾ പങ്കു­വെ­ക്കു­ന്ന­തി­നേ­ക്കാൾ കെ­ട്ട­കാ­ല­ങ്ങ­ളിൽ ഭാ­വ­നാ­ശേ­ഷി നഷ്ട­മാ­കു­ന്ന ഓരോ­രു­ത്ത­രി­ലെ­യും ഭാ­വ­ന­യെ ഉണർ­ത്താ­നാ­കു­മെ­ങ്കിൽ ആ കാ­ല­ങ്ങ­ളി­ലും ആ കാ­ല­ത്തെ അതി­ജീ­വി­ച്ച ശേ­ഷ­വും കവി­ത­യ്ക്ക് സാ­ധ്യ­ത­യു­ണ്ട്. പറ­ച്ചിൽ, വിൽ­ക്കൽ-­വാ­ങ്ങൽ, തർ­ക്കി­ക്കൽ തു­ട­ങ്ങിയ ഭാ­ഷ­കൊ­ണ്ടു­ള്ള പ്ര­യോ­ജ­ങ്ങ­ളെ­ല്ലാം മറ്റു ഭാ­ഷാ­സ­ങ്കേ­ത­ങ്ങൾ കൊ­ണ്ടാ­ണു നമ്മൾ സാ­ധി­ക്കു­ന്ന­തെ­ന്നി­രി­ക്കെ ഇവ­യിൽ നി­ന്നും വേ­റി­ട്ട് നി­ല­കൊ­ള്ളു­ന്നെ­ന്നു കരു­തു­ന്ന കവി­ത­യു­ടെ പ്ര­ധാന കർ­ത്ത­വ്യ­മാ­ണു ഭാ­വ­ന­യെ കാ­ത്തു­സൂ­ക്ഷി­ക്കുക എന്ന­ത്. രാ­ഷ്ട്രീ­യ­ഭാ­വ­ന­യു­ടെ­യും കാ­ല­ത്തിന്റെ­യും കാ­ത്തു­സൂ­ക്ഷി­ക്കൽ സ്വാ­ഭാ­വി­ക­മാ­യും ഈ കാ­വ്യ­ഭാ­വ­ന­യു­ടെ സൂ­ക്ഷി­പ്പിൽ ഉൾ­ച്ചേ­രു­ന്നു.

ഏതു പ്ര­തി­സ­ന്ധി­യി­ലും മനു­ഷ്യ­നു മു­ന്നോ­ട്ട് പോ­കാ­നു­ള്ള വഴി­യൊ­രു­ക്കു­ന്നു എന്ന­തി­നാൽ കൂ­ടി­യാ­ണ് മനു­ഷ്യ­ഭാ­വ­ന­യെ ഉത്തേ­ജി­പ്പി­ക്കാൻ കെൽ­പ്പു­ള്ള കവിത പോ­ലു­ള്ള കല­കൾ ഇന്നും നി­ല­നിൽ­ക്കു­ന്ന­ത്. സ്ലൊ­വേ­നി­യൻ ഫി­ലോ­സ­ഫർ ആയ സ്ലാ­വോ­ജ് സി­സേ­ക്ക് പറ­യു­ന്ന ഒരു കമ്യൂ­ണി­സ്റ്റ് തമാ­ശ­ക­ഥ­യു­ണ്ട്. ഒരാൾ­ക്ക് കി­ഴ­ക്കൻ ജർ­മ്മ­നി­യിൽ നി­ന്നും സൈ­ബീ­രി­യ­യി­ലേ­ക്ക് പോ­കേ­ണ്ടി വരു­ന്ന സമ­യ­ത്ത്, അയാൾ­ക്ക­റി­യാം അവി­ടെ നി­ന്നും താൻ എഴു­താൻ പോ­കു­ന്ന കത്തു­കൾ എല്ലാം സെൻ­സ­റിം­ഗ് ചെ­യ്യ­പ്പെ­ടു­മെ­ന്ന്. ഇതി­നെ മറി­ക­ട­ക്കാ­നാ­യി അയാൾ സു­ഹൃ­ത്തു­ക്ക­ളു­മാ­യി ഒരു സൂ­ത്ര­വ­ഴി കണ്ടെ­ത്തു­ന്നു. താൻ നീ­ല­മ­ഷി­യിൽ ആണ് എഴു­തു­ന്ന­തെ­ങ്കിൽ കത്തിൽ എഴു­തി­യ­തെ­ല്ലാം സത്യ­മാ­യി­രി­ക്കും. ചു­വ­ന്ന മഷി­യിൽ ആണെ­ങ്കിൽ എഴു­തി­യ­തെ­ല്ലാം നു­ണ­യും യാ­ഥാർ­ത്ഥ്യം നേ­രെ വി­പ­രീ­ത­വും ആയി­രി­ക്കും. അയാൾ സൈ­ബീ­രി­യ­യിൽ ചെ­ന്ന് ഒരു മാ­സം കഴി­ഞ്ഞ് സു­ഹൃ­ത്തു­ക്കൾ­ക്ക് കത്ത് കി­ട്ടു­ന്നു, അതിൽ നീ­ല­മ­ഷി­യിൽ ഇങ്ങ­നെ­യാ­ണ് എഴു­തി­യി­രു­ന്ന­ത്: ‘ഇ­വി­ടെ എല്ലാം മനോ­ഹ­ര­മാ­യി­രി­ക്കു­ന്നു. കട­ക­ളിൽ നി­റ­യെ സാ­ധ­ന­ങ്ങൾ. സി­നി­മാ­ശാ­ല­കൾ എല്ലാം ഏറ്റ­വും പു­തിയ സി­നിമ പ്ര­ദർ­ശി­പ്പി­ക്കു­ന്നു. അപ്പാർ­ട്ട്മെന്റ് വി­ശാ­ല­വും ആഡം­ബ­ര­പൂര്‍ണ്ണ­മാ­യ­തു­മാ­ണ്. ഒരേ­യൊ­രു പ്ര­ശ്നം ചു­വ­ന്ന മഷി വാ­ങ്ങാൻ കി­ട്ടി­ല്ല എന്ന­താ­ണ്‘.

ഇല്ലാ­ത്ത ചു­വ­ന്ന മഷി­യോർ­ത്ത് അയാൾ നി­രാ­ശ­നാ­യി­രു­ന്നെ­ങ്കിൽ അല്ലെ­ങ്കിൽ ധൈ­ര്യ­പൂർ­വ്വം നീ­ല­മ­ഷി­യിൽ വസ്തു­ത­കൾ അതാ­യി­ത്ത­ന്നെ എഴു­തി­യി­രു­ന്നെ­ങ്കിൽ അയാൾ­ക്കു­ണ്ടാ­കു­ന്ന വി­ധി നമു­ക്കോർ­ക്കാം. എന്നാൽ കെ­ട്ട­കാ­ല­ങ്ങ­ളിൽ തന്റെ ഭാ­വ­ന­യെ ഫല­പ്ര­ദ­മാ­യി ഉപ­യോ­ഗി­ക്കാ­നാ­യി എന്നി­ട­ത്താ­ണ് കാ­ര്യം. കെ­ട്ട­കാ­ല­ങ്ങ­ളിൽ കേ­വ­ലം മു­ദ്രാ­വാ­ക്യ­മെ­ഴു­ത്താ­യി കവിത മാ­റി­പ്പോ­കു­മ്പോൾ സാ­ഹി­ത്യ­ത്തിന്റെ ഈ ശേ­ഷി­യെ ആണ് നമ്മൾ ഉപ­യോ­ഗ­പ്പെ­ടു­ത്താ­തെ പോ­കു­ക.

കെ­ട്ട­കാ­ല­ങ്ങ­ളിൽ തങ്ങൾ എഴു­തു­ന്ന­ത് രാ­ഷ്ട്രീ­യാ­യു­ധ­മാ­യി ഉപ­യോ­ഗി­ക്കാ­നാ­കു­ന്ന കവി­ത­യ­ല്ല­ല്ലോ എന്ന­തി­നാൽ വേ­വ­ലാ­തി­പ്പെ­ടു­ന്ന­വ­രോ­ട് കവി മാ­ത്യു സപ്രൂ­ഡർ പറ­യു­ന്നു: നി­ങ്ങൾ എഴു­തു­ന്ന കവിത ഏതാ­ണോ അതെ­ഴു­തൂ. എത്ര­ത്തോ­ളം മനോ­ഹ­ര­മാ­ക്കാ­മോ അത്ര­ത്തോ­ളം ആ കവി­ത­കൾ മനോ­ഹ­ര­മാ­ക്കൂ. എന്നി­ട്ട്, കവിത കൊ­ണ്ട­ല്ലാ­തെ മറ്റേ­തെ­ങ്കി­ലും­ത­ര­ത്തിൽ നി­ങ്ങൾ­ക്കു സമൂ­ഹ­ത്തെ നന്നാ­ക്കി മാ­റ്റാ­നാ­കു­മെ­ങ്കിൽ ആ പ്ര­വർ­ത്തി­യി­ലേർ­പ്പെ­ടൂ, എന്തെ­ന്നാൽ കവി­ക­ളും പൗ­ര­ന്മാ­രാ­ണ്.

ഗദ്യകവിതയ്ക്ക് ഒരു ആമുഖം

ഗദ്യകവിത

വൃത്തമുക്തകവിതയെയെല്ലാം ഗദ്യകവിതയെന്നു വിളിക്കുന്ന പതിവ് നമുക്കിടയിലുണ്ട്. എന്നാൽ ഗദ്യകവിത (prose poem) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വൃത്തമുക്തകവിത/വൃത്തരഹിത (free verse) എന്നല്ല, മറിച്ച് വൃത്തമുക്തകവിതയിലെത്തന്നെ വരിമുറിക്കാതെയോ ലേഖന രൂപത്തിലോ കഥയുടെ രൂപത്തിലോ എഴുതുന്ന കവിതകളാണ് ഗദ്യകവിതകൾ.

ഇന്ന് കവിത എഴുതപ്പെടുന്ന എല്ലാ ഭാഷകളിലും കൂടുതൽ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന കവിതാരൂപമാണ് ഗദ്യകവിത. ക്ലൗഡിയ റാങ്കൈന്റെ ‘Citizen: An American Lyric‘, ചാൾസ് സിമികിന്റെ ‘The World Doesn't End‘ എന്നീ ഗദ്യകവിതാസമാഹാരങ്ങൾ പ്രധാനപ്പെട്ട ചില പുരസ്കാരങ്ങൾ നേടിയത് ഇതിനോട് ചേർത്തു കാണാം. പതിനേഴാം നൂറ്റാണ്ടിലെ ജപ്പാനിലെ പ്രധാനകവികളിൽ ഒരാളായ മത്സുവോ ബാഷോ, പരമ്പരാഗത കാവ്യരൂപമായ ഹൈക്കുവിനൊപ്പം ഗദ്യരൂപവും ചേർത്തുണ്ടാക്കിയ Haibun ഗദ്യകവിതയ്ക്ക് ആദ്യ ഉദാഹരണങ്ങളിൽ ഒന്നാണ്.

പാശ്ചാത്യരിൽ, ഫ്രഞ്ച് കവികളാണ് ഗദ്യകവിതയിൽ വലിയൊരു മുന്നേറ്റം ഉണ്ടാക്കാൻ മുന്നിട്ടിറങ്ങിയത്. ഇറ്റലിയിൽ ജനിച്ച ഫ്രഞ്ച് കവി അലോഷ്യസ് ബെർട്രാന്റെ 1842ൽ പുറത്തിറങ്ങിയ Gaspard de la Nuit — Fantaisies à la manière de Rembrandt et de Callot (English: Gaspard of the Night — Fantasies in the Manner of Rembrandt and Callot) എന്ന കവിതാസമാഹാരം ആധുനിക ഗദ്യകവിതയുടെ ആദ്യ ഉദാഹരണമായി കണക്കാക്കപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് കവികളിൽ പ്രധാനികളായ സ്റ്റെഫാൻ മല്ലാർമെ, ചാൾസ് ബോദ്ലെയർ, ആർതർ റങ്ബോ എന്നിവർ ഗദ്യകവിതയിൽ പ്രധാനപ്പെട്ട ചില രചനകൾ നടത്തി. ബോദ്‌ലെയറിന്റെ Le Spleen de Paris, റങ്ങ്ബോയുടെ lluminations എന്നിവ ഇതിൽ പ്രത്യേകം എടുത്തു പറയേണ്ടവയാണ്. ഇംഗ്ലീഷിൽ ഐറിഷ് കവി ഓസ്കാർ വൈൾഡും അമേരിക്കൻ കവികളായ വാൾട്ട് വിറ്റ്മാൻ, എഡ്ഗർ അലൻ പോ എന്നിവരും ഗദ്യകവിതയ്ക്ക് പ്രചാരം നൽകിയവർ ആണ്.

ആധുനിക കവികളുടെ കാലമായതോടെ ഗദ്യകവിതയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്ന സാഹചര്യമുണ്ടായി. പാരീസിൽ ജീവിച്ചിരുന്ന അമേരിക്കൻ കവിയായ ജർത്രൂദ് സ്റ്റെയിൻ എഴുതിയ ഗദ്യകവിതകൾ ശ്രദ്ധേയമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ ഇങ്ങോട്ട് അമേരിക്കയിൽ ഗദ്യകവിതയ്ക്ക് വലിയ ഉണർവ്വ് ഉണ്ടായി. വില്യം എസ് ബോരോ, അലൻ ഗിൻസ്ബർഗ്, ജാക്ക് കെറോക്, ചാൾസ് സിമിക്, റോബർട്ട് ബ്ലൈ എന്നിവർ മുതൽ സമീപകാല കവികളായ ക്ലൗഡിയ റാങ്കൈൻ, റിച്ചാർഡ് ഗാർഷ്യ എന്നിവർ വരെ ഈ കവിതാരൂപത്തിൽ മികച്ച കവിതകൾ എഴുതി.

അമേരിക്കൻ ഗദ്യകവിതയുടെ ഗോഡ്ഫാദർ എന്ന് അറിയപ്പെടുന്ന റസ്സൽ എഡ്സൻ (1935–2014) ആണ് സമീപകാല ഗദ്യകവിതയിൽ സവിശേഷ ശ്രദ്ധ അർഹിക്കുന്ന മറ്റൊരു കവി. വിചിത്രവും സങ്കീർണ്ണവുമായ ഒരു തലം ഉൾക്കൊള്ളുന്ന എഡ്സന്റെ ഗദ്യകവിതകൾ സർറിയലായോ കെട്ടുകഥകളായോ അനുഭവപ്പെടുന്നതാണ്. അവയിലെ നർമ്മം നമ്മെ രസിപ്പിക്കുകയും ചെയ്യും.

•••••

മലയാളത്തിൽ തേവാടി ടി. കെ. നാരായണക്കുറുപ്പ് (1908-1964) എഴുതിയ കവിതകളിലും ശ്രീനാരായണഗുരു (1856-1928) രചിച്ച ദൈവചിന്തനം, ഗദ്യപ്രാര്‍ത്ഥന, ആത്മവിലാസം തുടങ്ങിയ കൃതികളിലും ഗദ്യകവിതയുടെ സ്വഭാവങ്ങൾ കാണാം.

ആത്മവിലാസത്തിന്റെ തുടക്കം ഇങ്ങനെ:

ഓ! ഇതൊക്കെയും നമ്മുടെ മുന്‍പില്‍ കണ്ണാടിയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. അദ്ഭുതം! എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്‍റെ മുന്‍പില്‍ കയ്യിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോള്‍ കണ്ണ് ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ കണ്ണ് കണ്ണാടിയെയും നിഴലിനെയും കാണുന്നു. നിഴല്‍ ജഡമാകുന്നു. അതിന് കണ്ണിനെ കാണുന്നതിന് ശക്തിയില്ല. കണ്ണിന് കണ്ണിനെ എതിരിട്ടു നോക്കുന്നതിന് കഴിയുന്നില്ല. ഇങ്ങനെ കണ്ണും കണ്ണിന്‍റെ നിഴലും കണ്ണില്‍ കാണാതെയിരിക്കുമ്പോള്‍, അവിടെ കണ്ണിനെ കാണുന്നത് നാമാകുന്നു. ഇതുപോലെ ഈ കണ്ണിനെ കാണുന്ന നമ്മെ നാം കാണുന്നില്ല. നമ്മുടെ മുന്‍പില്‍ ഒരു കണ്ണാടിയെ സങ്കല്പിക്കുമ്പോള്‍ നാം ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ ആ നിഴലിന് നമ്മെ കാണുന്നതിന് ശക്തിയില്ല. നിഴല്‍ ജഡമാകുന്നു. നമുക്ക് നമ്മെ എതിരിട്ടു നോക്കുന്നതിന് കഴിയുന്നില്ല. നാം നമ്മില്‍ കല്പിതമായിരിക്കുന്ന കണ്ണാടിയെയും ആ കണ്ണാടിയുടെ ഉള്ളില്‍ നില്ക്കുന്ന നിഴലിനെയും തന്നേ കാണുന്നുള്ളൂ. അപ്പോള്‍ നമ്മെ കാണുന്നത് നമ്മുടെ മുകളില്‍ നില്ക്കുന്ന ദൈവമാകുന്നു. ചുരുക്കം, കല്പിതമായിരിക്കുന്ന കണ്ണാടി, അതിനുള്ളില്‍ നില്ക്കുന്ന നമ്മുടെ നിഴല്‍, കണ്ണ്, കയ്യിലിരിക്കുന്ന കണ്ണാടി, ആ കണ്ണാടിയുടെ ഉള്ളില്‍ നില്ക്കുന്ന കണ്ണിന്‍റെ നിഴല്‍, ഇതഞ്ചും നമ്മുടെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് നാമാകുന്നു. കണ്ണ് കണ്ണിന്‍റെ നിഴലിനെയും കണ്ണാടിയെയും തന്നേ കാണുന്നുള്ളൂ. നാം നമ്മുടെ നിഴല്‍, കണ്ണാടി, കണ്ണ്, കണ്ണിന്‍റെ നിഴല്‍, കയ്യിലിരിക്കുന്ന കണ്ണാടി - ഇതാറും ദൈവത്തിന്‍റെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് ദൈവമാകുന്നു.

പേരിടാത്ത ഗദ്യകവിതകളും മുക്തകങ്ങൾ എന്നു പേരിട്ട ഗദ്യഖണ്ഡങ്ങളും ചേർന്ന, തേവാടിയുടെ ആത്മഗീതം എന്ന ഗദ്യകവിതാസമാഹാരം പുറത്തുവരുന്നത് 1935-ൽ ആണ്‌. അതിലെ ചില കവിതകൾ:

നിശ്ചലമായ തടാകത്തില്‍ മഴത്തുള്ളി വരച്ച ചെറിയ വൃത്തത്തെ മായ്ച്ചു മായ്ച്ച്‌ വലുതാക്കിക്കൊണ്ടിരിക്കുന്ന ആ അദൃശ്യകരങ്ങള്‍ എന്റെ ഹൃദയമാകുന്ന ചെറിയ വൃത്തത്തെ വലുതാക്കി വലുതാക്കി പ്രപഞ്ചത്തിന്റെ അതിര്‍ത്തിരേഖയാക്കുന്നത് എന്നായിരിക്കും?

നശിക്കാത്ത വിത്തിനു ചെടിയാവാൻ കഴിവില്ല! ചെടിയാവാത്ത വിത്തിന് നശിക്കാതെ തരമില്ല

മൺതരിയുടെ മൌനത്തിന് എറുമ്പുകൾ ഭാഷ്യം ചമയ്ക്കുന്നു

സംസ്കൃതത്തിൽ ആവിർഭവിച്ച് മലയാളത്തിലും മറ്റു പല ഭാഷകളിലും പ്രചാരം നേടിയ ഗദ്യവും പദ്യവും ചേർന്നുള്ള കാവ്യരൂപമായ ചമ്പുവിനെയും ഗദ്യകവിതയോട് ചേർത്തു കാണാം. 1500 നുശേഷം ഒന്നൊന്നര നൂറ്റാണ്ടുകാലം ബ്രാഹ്മണരുള്‍പ്പെടെയുളള ത്രൈവര്‍ണ്ണികന്മാരായ കവികളും സഹൃദയരും നെഞ്ചേറ്റി ലാളിച്ചിരുന്ന ഒരു പ്രസ്ഥാനമായിരുന്നു ഇത്. 'ഗദ്യ പദ്യാത്മകം കാവ്യം ചമ്പുരിത്യഭിധീയതേ' എന്നിപ്രകാരമാണ് സാഹിത്യദർപ്പണമെന്ന സംസ്കൃത അലങ്കാര ശാസ്ത്രഗ്രന്ഥത്തിൽ ചമ്പുവിനു ലക്ഷണനിർണ്ണയം ചെയ്തിരിക്കുന്നത്. പൊതുവേ കഥാഭാഗം പദ്യത്തിലും വർണ്ണന ഗദ്യത്തിലുമായിരിക്കും. വൃത്തനിബദ്ധമായ ഗദ്യം ചമ്പുവിന്റെ പ്രത്യേകതയാണ്. എന്നാൽ വൃത്തഗന്ധിയല്ലാത്ത ഗദ്യവും ആധുനിക ചമ്പുക്കളിൽ പ്രയോഗിച്ച് കാണുന്നുണ്ട്. നിരണംകൃതികളിലെയും, തുള്ളൽകൃതികളിലെയും പദ്യത്തെ അനുസ്മരിപ്പിക്കുന്നതാണ് ഗദ്യത്തിന്റെ താളഘടന. സമകാലിക സാമൂഹ്യ ജീവിതത്തിന്റെ യഥാതഥമായ ചിത്രം വരച്ചുകാട്ടുന്നവയാണ് ഈ ഗദ്യഭാഗങ്ങൾ പലതും. അക്കാലത്തെ വിവിധ ജനവിഭാഗങ്ങളുടെ സാമാന്യ ജീവിതരീതി നർമരസപ്രധാനമായി വിവരിക്കാൻ ഈ ഗദ്യഭാഗങ്ങൾ ഉപയോഗിച്ചിരുന്നു. പൗരാണിക കഥകളുടെ ആഖ്യാനത്തെ വർത്തമാനകാല കേരളീയ ജീവിതത്തിന്റെ ചിത്രീകരണവുമായി കൂട്ടിയിണക്കാൻ ഈ ഗദ്യഭാഗങ്ങളെ മണിപ്രവാള കവികൾ ഉപയോഗിച്ചു. പദങ്ങളുടെ അതിശയകരമായ പ്രവാഹം, ആശയങ്ങളുടെ നൂതനത്വം, രസകരങ്ങളായ മനോധർമം എന്നിവയാൽ അസുലഭമായ വിശിഷ്ട കവിതാരൂപമായിരുന്നു ചമ്പുക്കൾ.


പദ്യകവിതകൾ പ്രബലമായ കാലങ്ങളിലും വരിമുറിച്ച് ഗദ്യകവിതകൾ എഴുതിയിരുന്നവരും ഉണ്ടായിരുന്നു. തനതായൊരു താളക്രമത്തിൽ ജി. ശങ്കരക്കുറുപ്പ് എഴുതിയ ജൈത്രപടഹം, കര്‍മ്മക്ഷേത്രത്തില്‍, പൂമ്പാറ്റ, കലോപാസനം, ഉദാത്തമായ ഉഷസ്സ്‌, വിശ്വസുന്ദരി, രാജഘട്ടില്‍, നിന്നെ ഞാന്‍ സ്നേഹിക്കുന്നു, മോഹഭംഗം, തുരുമ്പിക്കാത്ത പകല്‍ തുടങ്ങിയ കവിതകളിൽ ഗദ്യകവിതയുടെ ലക്ഷണങ്ങൾ കാണാമെന്ന് മനോജ് കുറൂർ നിരീക്ഷിക്കുന്നു. പി. കുഞ്ഞിരാമൻ നായരും ഇത്തരത്തിൽ എഴുതിയിട്ടുണ്ട്. എങ്കിലും അതിനെ ഇന്നത്തെ കാലത്ത് വൃത്തമുക്തകവിതയെന്നോ വൃത്തരഹിതകവിതയെന്നോ വിളിക്കുന്നതാകും ഉചിതം. ഗദ്യകവിതയിൽ പരീക്ഷണങ്ങൾ നടന്നിരുന്നെങ്കിലും അക്കാലത്തെ വൃത്തകവിതകളെക്കാൾ ശ്രദ്ധേയമാകാൻ അവയ്ക്ക് സാധിച്ചിരുന്നില്ല.

1951-ല്‍ എസ്‌. ഗുപ്തന്‍നായര്‍ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്: 'മിസ്റ്റിസിസത്തിന്റെ ഒരാവിഷ്കരണോപാധി എന്ന നിലയ്ക്കു മഹാകവി ടാഗോര്‍, ഗദ്യകവിതയെ സ്വീകരിച്ചപ്പോള്‍ അതു ഭാവത്തിലും ഒരു വ്യതിയാനമായി കലാശിച്ചു–ഇന്നാട്ടിലും ഗദ്യകവിത മിസ്റ്റിസിസത്തോടു ബന്ധപ്പെട്ട്‌ കുറേനാള്‍ അഭിവൃദ്ധി പ്രാപിച്ചിരുന്നു. പക്ഷേ മലയാളികളുടെ ഉല്‍ക്കടമായ സംഗീതാഭിരുചിയും ചങ്ങമ്പുഴയുടെ സംഗീതമധുരമായ ശൈലിയും ഈ ഗദ്യപ്രസ്ഥാനത്തെ അധികം വളരാന്‍ സമ്മതിച്ചില്ല. നമുക്കു കവിതയെന്നുവെച്ചാല്‍, നീട്ടിപ്പാടാനുള്ളതാണ്‌; മനപ്പാഠം പഠിക്കാനുള്ളതാണ്‌. അങ്ങനെ, ഗദ്യകവിത നമ്മുടെ ഭാഷയില്‍ ഗണ്യമായ ഒരു ശക്തിയായി വികസിക്കാതെപോയി.'

പദ്യമാകാന്‍ ആഗ്രഹിക്കുന്ന ഗദ്യമായതുകൊണ്ടാണ് അക്കാലത്ത് മലയാളത്തിലെ ഗദ്യകവിത ശ്രദ്ധിക്കപ്പെടാതെ പോയതെന്നു അയ്യപ്പപ്പണിക്കരും നിരീക്ഷിക്കുന്നുണ്ട്‌ അവയ്ക്ക് ഗദ്യത്തിന്റെ ആര്‍ജ്ജവമോ പദ്യത്തിന്റെ ഗാനാത്മകതയോ ഇല്ലായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഗദ്യംപോലെ അച്ചടിക്കാം. പക്ഷേ, പദ്യത്തിന്റെ പ്രാസവും അനുപ്രാസവും മറ്റു ചില ശബ്ദാര്‍ത്ഥാലങ്കാരങ്ങളും ഉണ്ടാവും. മലയാളഭാഷയുടെയും വ്യാകരണത്തിന്റെയും ഘടനയ്ക്കു യോജിക്കാത്തതുകൊണ്ടായിരിക്കാം ഈ ഗദ്യകവിത ചാപിള്ളയായിപ്പോയത്‌.

•••••

The Prose Poem എന്ന ജേണലിന്റെ എഡിറ്റർ ആയ പീറ്റർ ജോൺസൻ പറയുന്നത് ഒരു കാൽ കവിതയിലും മറ്റേ കാൽ ഗദ്യത്തിലും വെച്ചിരിക്കുന്ന ഒന്നാണ് ഗദ്യകവിതയെന്നാണ്. കവിതയുടെ രൂപത്തിന്റെ പ്രധാന സവിശേഷതയായി പരമ്പരാഗതമായി കരുതിപ്പോന്ന വരിമുറിക്കൽ രീതി വൃത്തകവിതകളുടെ മാനദണ്ഡങ്ങളിൽ ഗദ്യകവിതയ്ക്ക് ഇല്ല എന്നതിനപ്പുറം നിയതമായ നിബന്ധനകളൊന്നും ഗദ്യകവിത പാലിക്കുന്നില്ല. ഗദ്യകവിതയിൽ കൈവെച്ച ഓരോ കവിയും തങ്ങളുടെതായ ചില നിബന്ധനകളും നിയന്ത്രണങ്ങളും രീതികളും ആ രൂപത്തിനു നൽകിയതിനാൽ ഗദ്യകവിതയുടെ പൊതുസ്വഭാവം എന്നത് വൈവിധ്യം നിറഞ്ഞതുമാണ്.

മല്ലാർമെ / ബോദ്ലെയർ / റാങ്ങ്ബോ
മല്ലാർമെ / ബോദ്ലെയർ / റാങ്ങ്ബോ
ലേഖനങ്ങളും കഥകളും എഴുതുന്ന അതേ രൂപത്തിൽ തന്നെയായതിനാൽ ഈ എഴുത്തുകളുടെ സ്വഭാവം ഗദ്യകവിതയുടെ ഉള്ളടക്കത്തിലും പ്രതിഫലിക്കുന്നുണ്ട്. റസ്സൽ എഡ്സന്റെ കവിതകളിൽ കാണുന്ന കെട്ടുകഥകളുടെ സ്വഭാവം ഇതിനു ഉദാഹരണം. അമേരിക്കൻ എഴുത്തുകാരി ലിഡിയ ഡേവിസിന്റെ കഥകൾ, അവയ്ക്ക് ഗദ്യകവിതയായി നിൽക്കാനുള്ള ശേഷി ഉള്ളതിനാൽ ‘ബെസ്റ്റ് ഓഫ് അമേരിക്കൻ പോയട്രി’ സീരീസിൽ ഇടം പിടിക്കാറുണ്ട്. അമേരിക്കയിലെയും ബ്രിട്ടണിലെയും കവികൾക്കിടയിൽ 1960കൾ മുതൽ കഥ പറയുന്ന ഗദ്യകവിതകൾ പ്രചാരത്തിലായിട്ടുണ്ട്. കുറേക്കൂടി ഗൌരവുമുള്ള ചിന്തകളിലേക്കു നയിക്കുന്ന തമാശകഥകൾ ആയിരുന്നു ഇവയിൽ ഏറെയും. റസ്സൽ എഡ്സന് പുറമെ ജെയിംസ് ടാറ്റെ, മക്സൈൻ ഷെർനോഫ് എന്നിവരുടെ ഗദ്യകവിതകൾ ഉദാഹരണം.

വിവിധ വസ്തുക്കളെക്കുറിച്ച് വിവരിക്കുന്ന രീതിയിലുള്ള ഗദ്യകവിതകൾക്ക് സമീപകാലത്ത് കൂടുതൽ പ്രചാരം ലഭിച്ചിട്ടുണ്ട്. ഫ്രഞ്ച് എഴുത്തുകാരനായ ഫ്രാൻസിസ് പോഞ്ച് ((1899 – 1988) ഇത്തരത്തിൽ നിരവധി ഗദ്യകവിതകൾ എഴുതിയിട്ടുണ്ട്. കനേഡിയൻ കവി ലോർണ ക്രോസിയറുടെ 'The Book of Marvels: A Compendium of Everyday Things' ഇങ്ങനെയൊരു കവിതാസമാഹാരമാണ്. പോഞ്ചിന്റെ കവിതകളെപ്പോലെ ദൈനംദിനജീവിതത്തിന്റെ ഭാഗമായ വിവിധ വസ്തുക്കളെ കുറിച്ചുള്ളതാണ് ബുക്ക് ഓഫ് മാർവൽസിലെ കവിതകളും. ഉത്തരാധുനിക ഗദ്യകവികളുടെ കവിയായിട്ടാണ് ഫ്രാൻസിസ് പോഞ്ചിനെ ഇന്ന് പരിഗണിക്കുന്നത്.

റസ്സൽ എഡ്സൺ / ചാൾസ് സിമിക് / ലോർണ ക്രോസിയർ
റസ്സൽ എഡ്സൺ / ചാൾസ് സിമിക് / ലോർണ ക്രോസിയർ
‘മാനിഫെസ്റ്റോ ഓഫ് സർറിയലിസം‘ എന്ന തന്റെ വിഖ്യാതരചനയിൽ സർറിലിസ്റ്റ് പ്രസ്ഥാനത്തെ സ്വാധീനിച്ചവരായി ഗദ്യകവിതകൾ എഴുതിയ ചിലരെ ആന്ദ്രെ ബ്രെട്ടൻ പരാമർശിക്കുന്നുണ്ട്. ബോദ്ലെയർ, റാങ്ങ്ബോ, മല്ലാർമെ, റെവർഡി, സെയിന്റ് ജോൺ പിയേഴ്സ് എന്നിവരെ കൂട്ടുപിടിച്ച ബ്രെട്ടൻ, റാങ്ങ്ബോ മുന്നോട്ടുവെച്ച ഇന്ദ്രിയബോധങ്ങളെ ചിതറിപ്പിക്കുന്നതിനു സമാനമായ ആശയവും പങ്കുവെച്ചു. ഉപബോധമനസ്സിന്റെ പറച്ചിലുകൾ എന്ന നിലയിൽ എഴുതപ്പെട്ടവയായിരുന്നു 1930കളിൽ പല ഭാഷകളിലും എഴുതപ്പെട്ട ഗദ്യകവിതകൾ. ഇംഗ്ലണ്ടിൽ നിന്നും ഡേവിഡ് ഗാസ്കോയ്ൻ, ഗ്രീസിൽ നിന്നും ജോർജ് സെഫരിസ്, ജപ്പാനിൽ നിന്നും അൻസായി ഫുയെ, പെറുവിൽ നിന്നും സെസാർ വയാഹോ എന്നിവർ ഇത്തരത്തിൽ ഗദ്യകവിത എഴുതിയവരിൽ ഉൾപ്പെടുന്നു.

•••••

പദ്യനിർമ്മാണവും അതിനുള്ള നിബന്ധനകളും ഓരോ ഭാഷയിലും വ്യത്യസ്തമാണ്. പരിഭാഷയിൽ ഇത് നഷ്ടമാകുകയും ചെയ്യും. ഒരു ഭാഷയിലെ പദ്യരൂപം മറ്റൊരു ഭാഷയിലേക്ക് അതേ രൂപത്തിൽ എത്തിക്കാൻ സാധിക്കില്ലെന്ന് സാരം. ഇക്കാരണത്തിൽ മുൻകാലങ്ങളിൽ എഴുതപ്പെട്ട പദ്യകവിതകൾ മറ്റൊരു ഭാഷയിൽ ഗദ്യകവിതാരൂപത്തിൽ പരിഭാഷ ചെയ്ത് അവതരിപ്പിക്കുന്ന പ്രവണതയും കാണാം. രൂപത്തിലല്ല, മറിച്ച് ഉള്ളടക്കത്തിലാണ് കവിതയിരിക്കുന്നതെന്ന വാദത്തിനു ഇതൊരു തെളിവാണ്. ഏതെങ്കിലും ഒരു ഭാഷയ്ക്കുള്ളിൽ ആയിരുന്നാലും ആ ഭാഷയിൽ നിന്നും മോചിപ്പിച്ചെടുത്ത് മറ്റൊരു ഭാഷയിൽ മറ്റൊരു രൂപത്തിൽ എത്തിക്കാനാകുന്ന കവിതകളുണ്ടെന്നും ഇത് തെളിയിക്കുന്നു. ഗദ്യകവിതയുടെ കാര്യത്തിലാകട്ടെ ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്കു കൊണ്ടുവരുമ്പോൾ അതിന്റെ ബാഹ്യരൂപത്തിൽ സാരമായ മാറ്റമൊന്നും വരുന്നില്ല. ഗദ്യകവിതയുടെ രൂപം ഏതെങ്കിലും ഒരു പ്രത്യേക ഭാഷയ്ക്കുള്ളിൽ ഒതുങ്ങുന്നതല്ല, മറിച്ച് എല്ലാ ഭാഷയ്ക്കും ചേരുന്നതാണ്. നൊബേൽ സമ്മാനജേതാക്കളായ രവീന്ദ്രനാഥ ടാഗോർ, ഗബ്രിയേല മിസ്ട്രൽ, ടി.എസ് എലിയറ്റ്, സെയിന്റ് ജോൺ പിയേഴ്സ്, പാബ്ലോ നെരൂദ, യൂജീനിയോ മൊണ്ടാലെ, ചെസ്‌ലാവ് മിലോഷ്, വോൾ സോയിങ്ക, ഒക്റ്റാവിയോ പാസ്, വിസ്വാവ ഷിംബോസ്ക, റ്റൊമാസ് ട്രാൻസ്ട്രോമർ എന്നിവരെല്ലാം ഗദ്യകവിതകൾ എഴുതിയിരുന്നവരാണെന്നും ശ്രദ്ധിക്കേണ്ടതാണ്. അമേരിക്കൻ കവിയായ ഫ്രാങ്ക് ഓ’ഹാര 1950കളിൽ എഴുതിയ ഒരു കവിതയിൽ തമാശയായി പറഞ്ഞ പോലെ ‘അതിപ്പോൾ ഗദ്യത്തിൽ ആയിരുന്നാൽപ്പോലും ഞാൻ ശരിക്കുമൊരു കവിയാണ്’.

•••••

1978-ലെ ഡിസംബറിൽ പുലിറ്റ്സർ പുരസ്കാരനിർണ്ണയ സമിതിയിലെ മൂന്ന് അംഗങ്ങളിൽ രണ്ട് പേർ മാർക്ക് സ്ട്രാൻഡിന്റെ The Monument എന്ന പുസ്തകത്തിന് വോട്ട് ചെയ്തു. അതൊരു ചരിത്രപരമായ നീക്കമായിരുന്നു. 'ദ് മോനുമെന്റ്' ഗദ്യകവിതകളുടെ സമാഹാരമായിരുന്നു. എന്നാൽ സ്ട്രാൻഡിന് അത്തവണ പുരസ്കാരം ലഭിച്ചില്ല. പുരസ്കാരനിർണ്ണയ സമിതിയിലെ മൂന്നാമത്തെ അംഗവും അദ്ധ്യക്ഷനുമായ ലൂയിസ് സിംപ്സൺ മോനുമെന്റിനെ ശക്തമായി എതിർത്തു. പുരസ്കാരം നൽകേണ്ടത് പദ്യത്തിനാണെന്നും ഗദ്യത്തിന് അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. കവിത ഗദ്യത്തിലും എഴുതാമെന്ന് അക്കാലത്തു ആളുകൾക്ക് ബോധ്യമായി തുടങ്ങിയിരുന്നില്ല. പിൽക്കാലത്തു 1991ൽ ചാൾസ് സിമികിന്റെ The World Doesn’t End എന്ന ഗദ്യകവിതാസമാഹാരത്തിനു പുലിറ്റ്സർ സമ്മാനം ലഭിച്ചപ്പോൾ അത് സിമികിന്റെ കാവ്യജീവിതത്തിലെ എന്നതിനൊപ്പം അമേരിക്കൻ ഗദ്യകവിതയുടെ ചരിത്രത്തിലെതന്നെ നിർണ്ണായകനിമിഷങ്ങളിൽ ഒന്നായി.

ഫ്രാ‍ൻസിസ് പോഞ്ച്, മാർക് സ്ട്രാൻഡ്, ലിഡിയ ഡേവിസ്
ഫ്രാ‍ൻസിസ് പോഞ്ച്, മാർക് സ്ട്രാൻഡ്, ലിഡിയ ഡേവിസ്
ആകസ്മികമായ രീതിയിലോ നിഗൂഢമായ തലത്തിലോ ചെന്നെത്തുന്ന സ്വപ്നവിവരണങ്ങളായി പരിഗണിക്കാവുന്നവ ആയിരുന്നു സിമികിന്റെ ഗദ്യകവിതകൾ. കവിതയ്ക്ക് ഉപയോഗിക്കാവുന്ന ആശയങ്ങൾ എന്ന രീതിയിലൊക്കെ കുറിച്ചിട്ടവയായിരുന്നു തന്റെ ഗദ്യകവിതകളെന്ന് സിമിക് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. പുനർവായനയ്ക്കുള്ള സാധ്യത മുന്നോട്ട് വെക്കുന്നു എന്നതിനാലാണ് അവയെ കവിതയാക്കിയതെന്ന് സിമിക് വ്യക്തമാക്കുന്നു. ഒരു താളിലോ സ്‌ക്രീനിലോ ഖണ്ഡിക പോലെ കാണപ്പെടുമെങ്കിലും കവിതയായി പ്രവർത്തിക്കാനുള്ള ശേഷിയാണ് ഗദ്യകവിതയ്ക്കുള്ളത്. വൃത്തരഹിതകവിത എപ്രകാരമാണോ പ്രകടസംഗീതത്തിന്റെയും വൃത്തത്തിന്റെയും പിന്തുണയില്ലാതെ കവിതയുടെ പണിയെടുക്കുന്നത്, അതേമട്ടിൽ പരമ്പരാഗത രീതിയിലുള്ള വരി മുറിക്കലില്ലാതെ ഗദ്യകവിത കവിതയുടെ പണി ചെയ്യുന്നു. ബാഹ്യരൂപത്തിൽ നിന്നല്ല വായനാനുഭവത്തിൽ നിന്നാണ് ഒരു വായനക്കാരനിൽ ഗദ്യകവിത കവിതയായി വെളിപ്പെടുന്നത് എന്ന് സാരം.