റ്റൊമാസ് ട്രാൻസ്ട്രോമറുടെ കവിതകൾ

റ്റൊമാസ് ട്രാൻസ്ട്രോമർ

സാധാരണ കാര്യങ്ങളെ അത്ഭുതകരമാംവണ്ണം മഹത്വമുള്ളതാക്കി മാറ്റാൻ സാധിക്കുന്നെന്നത് കവിതയുടെ പ്രധാന ശേഷികളിൽ ഒന്നാണല്ലോ. ഇത് അക്ഷരാർത്ഥത്തിൽ സ്വീഡിഷ് കവിയായ റ്റൊമാസ് ട്രാൻസ്ട്രോമറുടെ കവിതകളിൽ വായിച്ചറിയാം.

ട്രാൻസ്ട്രോമറുടെ കവിതകൾ, രാത്രിയിൽ നിശബ്ദതയിൽ തനിച്ചായിരിക്കുന്ന വേളകളിൽ വായിക്കാനെടുക്കേണ്ടവയാണെന്ന് തേജു കോൾ അഭിപ്രായപ്പെടുന്നു. എന്തെന്നാൽ ആ കവിതകളിൽ മിക്കതിന്റെയും നിഗൂഢസ്വഭാവം ഏറ്റവും ആസ്വാദ്യമാകുന്നത് ഇത്തരം വേളകളിലാണ്. എന്നാൽ കവിതയിലെ നിഗൂഢതയുടെ ആവശ്യകതയെപ്പറ്റി സ്റ്റെഫാൻ മല്ലാർമെ അഭിപ്രായപ്പെട്ടതു പോലെ യാഥാർത്ഥ്യത്തിൽ നിന്നും അകന്നുനിന്നുകൊണ്ടുള്ള നിഗൂഢതയല്ല ട്രാൻസ്ട്രോമർ കവിതകളുടേത്. യാഥാർത്ഥ്യങ്ങളോടുള്ള ബന്ധം വിച്ഛേദിക്കാതെ, ഒരേസമയം ലളിതമെന്നും സങ്കീർണ്ണമെന്നുമുള്ള തോന്നലുണ്ടാക്കാൻ ട്രാൻസ്ട്രോമർ കവിതകൾക്കു സാധിക്കുന്നു.

ദൈനംദിന ജീവിതത്തിൽ വേരുകളുള്ള ഈ കവിതകൾ, അവയുടെ ആഴവും മുഴക്കവും കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഓരോ കവിതയിലും വാക്കുകളും ബിംബങ്ങളും പ്രയോഗിക്കുന്നതിൽ കാണിക്കുന്ന കണിശതയും ശ്രദ്ധയും കാരണമാകണം താരതമ്യേന കുറച്ച് കവിതകളിൽ ഒതുക്കാവുന്നതാണ് അദ്ദേഹത്തിന്റെ രചനാലോകം. മനഃശാസ്‌ത്രജ്ഞന്‍ എന്ന നിലയിലുള്ള തൊഴിൽ ജീവിതവും, സംഗീതത്തിലുള്ള കമ്പവും ട്രാൻസ്ട്രോമറുടെ കവിതയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1990ൽ പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് വലതുഭാഗത്തിന്റെ ചലനശേഷി നഷ്ടമാകുകയുണ്ടായി. സംസാരിക്കാനുള്ള ശേഷിയും ഏറെക്കുറേ നഷ്ടമായി. ഇതിനുശേഷം അദ്ദേഹത്തിന്റെ കവിതകൾ കൂടുതൽ സംക്ഷിപ്തമാകുന്നത് കാണാം.

ആറ്റിക്കുറുക്കിയതും തുളച്ചിറങ്ങുന്നതുമായ ബിംബങ്ങൾ കൊണ്ട് മനുഷ്യജീവിതത്തിന്റെ ഉള്ളറകളിലേയ്ക്ക് മായികമായ ഉള്‍ക്കാഴ്ചയോടെ കടന്നു ചെല്ലാൻ അദ്ദേഹത്തിന്റെ കവിതകൾക്ക് സാധിക്കുന്നു. സ്വീഡന്റെ തണുത്തുറഞ്ഞ ഭൂപ്രകൃതിയും മരണവും സ്വപ്നവും അദ്ദേഹത്തിന്റെ കവിതയിലെ സജീവ സാന്നിധ്യമാണ്.

1931 ഏപ്രില്‍ 15 ന് സ്റ്റോക്ക്‌ഹോമില്‍ ജനിച്ച ട്രാൻസ്ട്രോമർ, സാഹിത്യ ചരിത്രത്തിലും പിന്നീട് മനഃശാസ്ത്രത്തിലുമാണ് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയത്. അറുപതിലേറെ ഭാഷകളിലേക്ക് ട്രാൻസ്ട്രോമറുടെ കവിതകൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഇംഗ്ലീഷ് പരിഭാഷകൾ ലഭ്യമാണ്. സാന്ദ്രമായ ബിംബങ്ങളിലൂടെ, യാഥാർഥ്യത്തിലേക്കുള്ള പുത്തൻ വാതായനം തുറന്ന ട്രാൻസ്ട്രോമർക്ക് 2011ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. 2015 മാർച്ച് 26ന് അദ്ദേഹം അന്തരിച്ചു.

റ്റൊമാസ് ട്രാൻസ്ട്രോമർ കവിതകൾ

ശിശിരകാലരാത്രി

കൊടുങ്കാറ്റ് ഒരീണത്തിനായി
വീടിനോടു ചുണ്ടുചേർത്തൂതുന്നു.
തിരിഞ്ഞുംമറിഞ്ഞും കിടക്കുന്ന ഞാൻ
കണ്ണടച്ച്, കൊടുങ്കാറ്റിനെ വായിക്കുന്നു.

കുഞ്ഞിന്റെ കണ്ണുകൾ ഇരുട്ടിൽ വിടരുന്നു
കാറ്റോ കുഞ്ഞിനായി മൂളുന്നു.
ഇരുവർക്കും ഉലയുന്ന നാളങ്ങളോട് പ്രിയം
ഇരുവരും ഭാഷയിലേക്കുള്ള പാതിവഴിയിൽ.

കാറ്റിന് കുഞ്ഞിന്റേതുപോലുള്ള കൈകൾ, ചിറകുകൾ.
അഭയം തേടിയാളുകൾ മറ്റൊരിടം തേടിപ്പോകുന്നു.
ചുവരുകളെ ചേർത്തുപിടിച്ച് വീട്
അതിന്റെതന്നെ ലോകം കണ്ടെത്തുന്നു.

നമ്മുടെ മുറിയിൽ രാത്രി ശാന്തമാണ്.
തടാകത്തിൽ മുങ്ങിക്കിടക്കുന്ന ഇലകളെ പോലെ
പോയകാലടികളെല്ലാം ഇവിടെ അടക്കപ്പെട്ടിരിക്കുന്നു.
പുറത്ത് രാത്രി ക്ഷോഭിച്ചിരിക്കുന്നു.

ലോകത്തിനു മുകളിലൂടെ ഒരു മരണക്കാറ്റ് വീശുകയാണ്.
ഒരീണത്തിനായി അതതിന്റെ ചുണ്ട്
നമ്മുടെ ആത്മാവിനോട് ചേർത്തൂതുന്നു, അകം
പൊള്ളയായി പോകുമോയെന്ന് നാം ഭയക്കുന്നു.

മാർച്ച്‌ 1979

ഭാഷയില്ലാതെ, വെറും വാക്കുകളുമായി വരുന്നവരിൽ മടുത്ത്
മഞ്ഞുമൂടിയ തുരുത്തിലേക്ക് ഞാൻ ചേക്കേറി.
മെരുങ്ങാത്തവയ്ക്ക് വാക്കുകളില്ല.
എഴുതപ്പെടാത്ത താളുകൾ
എല്ലാ വശങ്ങളിലേക്കും പടരുന്നു!
മഞ്ഞിൽ കലമാനിന്റെ കാലടിപ്പാടുകൾ ഞാൻ കണ്ടു.
ഭാഷയുണ്ട് എന്നാൽ വാക്കുകളില്ല.

ഏപ്രിലും മൗനവും

വസന്തം വിജനമായി കിടന്നു.
ഒന്നും പ്രതിഫലിപ്പിക്കാതെ
എനിക്കരികിലൂടെ ഒഴുകുകയാണ്
ഇരുണ്ടവയലറ്റ് നിറത്തിൽ ഒരു തോട്.

ചില മഞ്ഞപൂവുകൾ മാത്രം
തിളങ്ങിനിൽക്കുന്നു.

വയലിൻ അതിന്റെ
കറുത്ത പെട്ടിയിലെന്നപോലെ
എന്റെ നിഴലിൽ ഞാൻ
വഹിക്കപ്പെടുന്നു.

എനിക്കു പറയാനുള്ള ഒരേയൊരു കാര്യം
എത്താനാകാത്തിടത്തു നിന്നു മിന്നുന്നു
—പലിശക്കാരന്റെ കൈവശമുള്ള
പണയപ്പണ്ടം പോലെ.

പാതിപണിതീർന്ന സ്വർഗ്ഗം

ദൈന്യത അതിന്റെ വഴിമാറിപ്പോകുന്നു.
തീവ്രവേദനയും അതിന്റെ വഴിമാറുന്നു.
കഴുകൻ പറക്കൽ നിർത്തുന്നു.

ജ്വലിക്കുന്ന വെട്ടം പുറത്തേക്കൊഴുകുന്നു,
ആത്മാക്കൾ പോലും അതെടുക്കുന്നു.

നമ്മുടെ ചിത്രങ്ങൾ വെളിച്ചംകാണുന്നു,
ഹിമയുഗ ചിത്രശാലയിലെ ചുവപ്പൻ ജന്തുക്കൾ.

എല്ലാം ചുറ്റുപാടും നോക്കാൻ തുടങ്ങുന്നു.
നാം നൂറാൾക്കൂട്ടങ്ങളായി വെയിലത്ത്‌ നടക്കുന്നു.

എല്ലാവർക്കുമായിട്ടുള്ള മുറിയിലേക്ക് തുറക്കുന്ന
പാതിതുറന്ന കതകാകുന്നു ഓരോ മനുഷ്യനും.

നമുക്കുതാഴെയായി അറ്റമില്ലാത്ത നിലം.
മരങ്ങൾക്കിടയിൽ വെള്ളം വെട്ടിത്തിളങ്ങുന്നു.
തടാകം ഭൂമിക്കുള്ളിലേക്കുള്ള ജാലകമാകുന്നു.

ഇണ

അവർ ലൈറ്റണച്ചു, അതിന്റെ തെളിച്ചം
തെല്ലിടകൂടി തങ്ങിനിന്നു. ഇരുട്ടിന്റെ ഗ്ലാസ്സിൽ
ഒരു ഗുളിക അലിഞ്ഞില്ലാതാകുന്ന പോലെ.
പിന്നെ ഒരു ഉയർച്ച. ഹോട്ടൽ ചുമരുകൾ
രാത്രിവാനോളം ഉയരത്തിലായി.

പ്രണയചേഷ്ടകളടങ്ങി, അവരുറക്കമായി.
സ്കൂൾക്കുട്ടി വരയ്ക്കുന്ന ജലച്ചായചിത്രത്തിൽ
ഇരുവർണ്ണങ്ങൾ ഇടകലരും പോലെ
അവരുടെ രഹസ്യകിനാവുകൾ കണ്ടുമുട്ടുകയായി.

ഇരുട്ട്, നിശബ്ദത. ഈ രാത്രി നഗരം
ഉൾവലിഞ്ഞു നിൽക്കുന്നു. ജനലുകളെല്ലാം അടച്ച്
വീടുകളെല്ലാം ഒത്തുചേർന്നു.
കൂട്ടംകൂടി അവർ കാത്തുനിൽക്കുന്നു.
ഭാവമേതുമില്ലാത്ത മുഖങ്ങളുമായി ഒരു കൂട്ടർ.

കറുത്ത കത്തുകൾ

I.
കലണ്ടർ നിറഞ്ഞിരിക്കുന്നു, ഭാവിയെന്തെന്നറിയില്ല.
നാടില്ലയെങ്കിലും, നാട്ടുപാട്ടിൻ നേർത്തൊരീണം മൂളുകയാണ് റേഡിയോ.
നിശ്ചലമായ കടലിൽ മഞ്ഞു വീഴുന്നു, തുറയിൽ നിഴലുകൾ തമ്മിലടിക്കുന്നു.

II.
മധ്യവയസ്സിൽ മരണം വന്ന് നിങ്ങളുടെ അളവെടുത്തുപോകുന്നു,
ആ സന്ദർശനം മറക്കപ്പെടുന്നു, ജീവിതം മുന്നോട്ടു പോകുന്നു.
ആരുമറിയാതെ നിങ്ങൾക്കുള്ള വസ്ത്രം തുന്നപ്പെടുന്നു.