തിരമൊഴിക്കവിത മലയാളത്തിൽ: ഒരു ആമുഖം

തിരമൊഴിക്കവിത

കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഭാഷയ്‌ക്കു ലഭിക്കുന്ന അധികമാനത്തെ തിരമൊഴി എന്ന പദംകൊണ്ട്‌ കവി പി.പി രാമചന്ദ്രൻ വിവക്ഷിക്കുന്നു. അതായത് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇ-റീഡർ തുടങ്ങിയവയിലെ ഭാഷയെ തിരമൊഴിയെന്നു വിളിക്കാം. ഇംഗ്ലീഷില്‍ Hypertext എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നതിനെ മലയാളത്തിൽ ഈ വാക്കുകൊണ്ട് ഇപ്പോൾ അടയാളപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഏതു മാധ്യമത്തിലാണോ എഴുതപ്പെടുന്നത് ആ മാധ്യമം കവിതയുടെ രൂപത്തെ സ്വാധീനിക്കാറുണ്ടല്ലോ. ശിലാലിഖിതങ്ങളിൽ നിന്നും കടലാസ്സിലേക്കു വന്നപ്പോൾ, കടലാസ്സിൽ കവിയ്ക്കു ലഭിച്ച സ്വാതന്ത്ര്യം കവിതയുടെ രൂപത്തിൽ വരുത്തിയ മാറ്റമാണ് നാം ഇന്ന് പരക്കെ വായിക്കപ്പെടുന്ന കവിതകളുടേത്. വാമൊഴിയിൽ നിന്നും വരമൊഴിയിലേക്കും ഇപ്പോൾ തിരമൊഴിയിലേക്കും എത്തിനിൽക്കുന്നു മലയാളകവിത.

രണ്ടായിരത്തിനുശേഷമാണ് ഇന്റർനെറ്റിൽ മലയാളം സാന്നിധ്യമുറപ്പിച്ചു തുടങ്ങുന്നത്. അക്ഷരരൂപങ്ങളെ കാട്ടിത്തരുന്ന ഫോണ്ടുകളുടെ ഏകീകൃതമല്ലാത്ത സ്വഭാവവും ഓപ്പറേറ്റിങ്‌സിസ്റ്റങ്ങളും ബ്രൗസറുകളും പിന്തുണയ്‌ക്കാത്തതുമായിരുന്നു ആദ്യകാലത്തെ വെല്ലുവിളികളെന്നു പി.പി രാമചന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു.  യൂണിക്കോഡ് ഫോണ്ടിന്റെ വരവോടെ ഇതിനു പരിഹാരമാകുകയും ഏതാണ്ട് രണ്ടായിരത്തിയഞ്ചിനു ശേഷം മലയാളം ബ്ലോഗുകൾ വലിയൊരു മാറ്റത്തിനു തുടക്കം കുറിക്കുകയും ചെയ്തു. 2006ൽ കുഴൂർ വിത്സൺ തുടങ്ങിയ ബ്ലോഗാണ് മലയാളത്തിലെ ആദ്യത്തെ കവിതാബ്ലോഗായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ന്, 2020ൽ എത്തിയിട്ടും, പുത്തൻ സാങ്കേതികവിദ്യ ഒരുക്കിതന്ന സാധ്യതകളും സ്വാതന്ത്ര്യവും മലയാളകവിത ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല.

എന്താണ് തിരമൊഴിക്കവിത?

ഇലക്ട്രോണിക് സ്ക്രീനിൽ എഴുതപ്പെടുന്നതിനെയെല്ലാം തിരമൊഴിയെന്നു വിളിക്കാമോ എന്നത് സംവാദപരമായ വിഷയമായതിനാൽ, ഒരു കമ്പ്യൂട്ടറിന്റെയോ മൊബൈലിന്റെയോ ഇ-ബുക്ക് റീഡറിന്റെയോ സ്ക്രീനിൽ വായിക്കപ്പെടുന്നതുകൊണ്ട് മാത്രം കവിതയെ തിരമൊഴിക്കവിത വിളിക്കാൻ സാധിക്കില്ല. ഈ മാധ്യമത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തുമ്പോൾ മാത്രമാണ് അങ്ങനൊരു പേരിന് കവിത അർഹമാകുന്നുള്ളൂ. ഓഡിയോ, വീഡിയോ, ആനിമേഷൻസ് എന്നിവയ്ക്കൊപ്പം അല്ലെങ്കിൽ എന്നിവയേക്കാൾ കൂടുതലായി തിരമൊഴിക്കണ്ണികൾ (ഹൈപ്പർലിങ്ക്) ഉപയോഗിച്ചുകൊണ്ട് ഇന്റർനെറ്റിൽ എഴുതപ്പെടുന്നതും ഇവയിലൂടെ കവിത അനുഭവപ്പെടുത്തുന്നതുമായ എഴുത്തിനെ തിരമൊഴിക്കവിതയെന്നു വിളിക്കുന്നതാണ് ഉചിതം.

അക്ഷരങ്ങളെ/വാക്കുകളെ/വരികളെ/ചിഹ്നങ്ങളെ സ്ക്രീനിൽ രേഖപ്പെടുത്തുന്ന രീതിയിലൂടെ അർത്ഥം ഉൽപ്പാദിപ്പിക്കുകയും അതിലൂടെ കവിതസാധ്യമാക്കുകയും ചെയ്യുന്ന കോൺക്രീറ്റ് പോയട്രിയ്ക്ക് വലിയ സാധ്യതയുള്ള കാലം കൂടിയാണിത്. ടി.പി വിനോദിന്റെ ‘ആകൃതി’ എന്ന ബ്ലോഗിൽ ഇത്തരം പരീക്ഷണകവിതകൾ കാണാം. ദൃശ്യകവിതയെന്നു വിളിക്കപ്പെടാമെങ്കിലും, ആനിമേഷന്റെയും ശബ്ദത്തിന്റെയും ചലിക്കുംവരികളുടെയും ഹൈപ്പർലിങ്കിന്റെയും സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് ടി. പി വിനോദിന്റെ ഈ ശ്രമങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിക്കേണ്ടതാണ്. കടലാസ്സിൽ എഴുതപ്പെടാൻ സാധിക്കുന്ന കോൺക്രീറ്റ് പോയട്രിയിൽ നിന്നും തിരമൊഴിക്കവിതയിലേക്ക് അതിലൂടെ നമുക്കെത്താം.

തിരമൊഴിക്കണ്ണികൾ

ഇന്റർനെറ്റിന്റെ, വെബ് പബ്ലിഷിംഗിന്റെ അടിസ്ഥാനമെന്നത് പരസ്പരം എങ്ങോട്ടുവേണമെങ്കിലും കണ്ണിചേർക്കപ്പെടാവുന്ന അതിന്റെ സ്വഭാവമാണ്. തിരമൊഴിക്കണ്ണികളാണ് (hyperlinks). വരമൊഴിയുമായി താരതമ്യം ചെയ്തുകൊണ്ട് പി.പി രാമചന്ദ്രൻ ഇങ്ങനെ എഴുതുന്നു: ഒരച്ചടിപ്പുസ്‌തകമെടുക്കുക. അതിന്റെ അകവും പുറവും രേഖീയമായി ക്രമീകരിച്ചിരിക്കുന്നു. മുന്‍പിന്‍ പുറംചട്ടകള്‍ക്കുള്ളില്‍ സംഖ്യാക്രമത്തിലടുക്കി തുന്നിച്ചേര്‍ത്ത താളുകള്‍. ഉള്ളടക്കത്തിന്റെ ആഖ്യാനത്തിലുമുണ്ട്‌ ഒരു തുടക്കവും ഒടുക്കവും നടുക്കൊരു 'നടുക്ക'വും. വായനയും അപ്രകാരം ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്ന ക്രമത്തില്‍ പേജുകളും ഖണ്ഡികയും അദ്ധ്യായവുമായി മുന്നേറുന്ന വിധം. ഈ പൗര്‍വ്വാപര്യക്രമം പിന്തുടരലാണ്‌ വായന. പുസ്‌തകത്തിന്റെ ഈ ഘടന ഇതഃപര്യന്തമുള്ള ഒരു ലോകവീക്ഷണത്തിന്റെ പ്രതീകം കൂടിയാണ്‌. ആദിമദ്ധ്യാന്തങ്ങളും കര്‍തൃത്വത്തിന്റെ ആധികാരികതയില്‍ വിശ്വാസമര്‍പ്പിക്കുന്നതുമായ ഒരു പ്രപഞ്ചവീക്ഷണംതന്നെ. സമഗ്രത, പരിപൂര്‍ണ്ണത തുടങ്ങിയ നമ്മുടെ സങ്കല്‌പങ്ങളുടെ പ്രതീകാത്മക സാക്ഷാത്‌കാരവുമാണ്‌ പുസ്‌തകം. പുസ്‌തകത്തിന്റെ ഈ ഘടനയെ, അഥവാ, അതു പ്രതിനിധീകരിക്കുന്ന ലോകവീക്ഷണത്തെയാണ്‌ തിരമൊഴി പൊളിച്ചെഴുതുന്നത്‌. എഴുത്തിലും വായനയിലും പാലിക്കേണ്ട രേഖീയപുരോഗതി, പൗര്‍വ്വാപര്യക്രമം എന്നീ കീഴ്‌വഴക്കങ്ങളേയും തുടക്കം-ഒടുക്കം, എഴുത്തുകാരന്‍-വായനക്കാരന്‍, കേന്ദ്രം-ഓരം, അകം-പുറം എന്നീ പരമ്പരാഗതവിഭജനത്തേയും പരിപൂര്‍ണ്ണത, ആധികാരികത എന്നീ സങ്കല്‌പങ്ങളേയും അത്‌ ചോദ്യംചെയ്യുന്നു.

അച്ചടിയിൽതന്നെ ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തിയ പുസ്തകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, പുസ്തകത്തേക്കാൾ ഇത്തരം സാഹിത്യത്തിനു ഇണങ്ങുന്ന മാധ്യമം വെബ് പബ്ലിഷിങിന്റേതാണ്. എസ്. ജയേഷിന്റെ ‘ആദിമദ്ധ്യാന്തം’ എന്ന കഥയും വിഷ്ണുപ്രസാദിന്റെ ‘ഗെയിം’, 'യന്ത്രഊഞ്ഞാല്‍', 'ഒട്ടൽ' എന്ന കവിതയും സുജീഷിന്റെ ‘ഭൂമി-സൂര്യൻ-ചന്ദ്രൻ’ എന്ന കവിതയും ഈ തരത്തിൽ മലയാളത്തിൽ നടന്ന പരീക്ഷണങ്ങളാണ്. എസ്. ജയേഷിന്റെ കഥയിൽ പല കണ്ണികളിലൂടെ (links) വികസിക്കുന്ന കഥ, കണ്ണികൾ ഓരോന്നും വായനക്കാരന്റെ തിരഞ്ഞെടുപ്പ് ആണെന്ന് ഓർക്കണം, എഴുത്തുകാരൻ മുന്നോട്ടുവെച്ച അഞ്ച് ക്ലൈമാക്സുകളിൽ ഏതെങ്കിലും ഒന്നിലാണ് അവസാനിക്കുക. ഇതിലൊരു തിരഞ്ഞെടുപ്പിൽ വായനക്കാരന് അവരുടേതായ രീതിയിൽ ക്ലൈമാക്സ് എഴുതിയുണ്ടാക്കാനും സാധിക്കുന്നു. വിഷ്ണുപ്രസാദിന്റെ കവിതകളിൽ സാങ്കേതികാര്യങ്ങളിലെ പോരായ്മ പ്രകടമായിരുന്നു. സുജീഷിന്റെ കവിതയാകട്ടെ ഹൈപ്പർലിങ്കിന്റെയും ചലിക്കുന്ന ചിത്രങ്ങളുടെയും സാധ്യത ഉപയോഗിച്ചപ്പോൾ പ്രമേയത്തിൽ ആ നവീനത കൊണ്ടുവന്നില്ല.

'സെവിഡോസെഡ്‌മോർ.കോം' എന്ന പേരിൽ അനൂപ് കെ.ആറിന്റെ ഒരു കവിതയുണ്ട്. തിരമൊഴിക്കണ്ണികളാൽ ബന്ധിതനായ ഒരാളെ കേന്ദ്രീകരിച്ചുള്ള ആ കവിത പക്ഷേ അച്ചടിമാധ്യമത്തിനു ഇണങ്ങുംവിധത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ പ്രമേയമാകട്ടെ ഒന്നാന്തരമൊരു തിരമൊഴിക്കവിതയ്ക്ക് സാധ്യതയുള്ളതായിരുന്നു. ലിങ്കുകളിൽ നിന്നും ലിങ്കുകളിലൂടെ വഴിതേടി പുറത്തുകടക്കാൻ സാധിക്കാതെ നട്ടംതിരിയുന്ന ഒരാളെ അത്തരമൊരു പ്രവർത്തിയിലൂടെ തന്നെ വായനക്കാരനു അനുഭവിക്കാനായെങ്കിൽ എത്ര വിദഗ്ദ്ധമായ കവിതയാകുമായിരുന്നു അത്.  പുതുകവിതയും നവമാധ്യമങ്ങളും എന്ന വിഷയത്തിൽ മനോജ് കുറൂർ എഴുതിയ ലേഖനത്തിൽ നവമാധ്യമങ്ങൾ കവിതയുടെ പ്രമേയത്തെ സ്വാധീനിച്ചത് ചൂണ്ടിക്കാണിക്കുന്നു: കണ്ണികളില്‍നിന്നു കണ്ണികളിലേക്ക്‌ എന്ന ഘടന ഇത്തരത്തില്‍ പ്രത്യക്ഷമായ നിലയിലല്ലാതെ ആഖ്യാനത്തിന്റെ തലത്തില്‍ സ്വാംശീകരിച്ച കവിതകളുണ്ട്‌. പുതുകവികളിലേറെയും ഇത്‌ ഒരു രചനാതന്ത്രമെന്ന നിലയില്‍ത്തന്നെ ഉപയോഗിക്കുന്നുണ്ട്‌. അവയില്‍ അനുഭവങ്ങളുടെയും ആഖ്യാനത്തിന്റെയും രേഖീയസ്വഭാവം നഷ്ടപ്പെടുന്നു. ഒന്നിലേക്കു കേന്ദ്രീകരിക്കുന്ന സമഗ്രതയ്ക്കു പകരം പലതിലേക്കു പടരുകയോ ചുറ്റിപ്പിണയുകയോ ചെയ്യുന്നു. വിഷ്ണുപ്രസാദിന്റെ ‘ശവത്തോടൊപ്പം നമ്മള്‍ ലിഫ്റ്റിറങ്ങുകയാണ്‌’ എന്ന കവിത സ്ഥല-കാലങ്ങളുടെ രേഖീയമായ മനസ്സിലാക്കലിനെത്തന്നെ വെല്ലുവിളിക്കുന്നു. എം. ആര്‍. വിഷ്ണുപ്രസാദിന്റെ ‘ഇയാള്‍/അയാള്‍’ എന്നിങ്ങനെ ഇത്തരത്തിലുള്ള കവിതകള്‍ വേറെയുമുണ്ട്‌.

എങ്ങനെ തിരമൊഴിക്കവിത എഴുതാം: ഒരു ആശയം

ആഖ്യാനസാധ്യതയുള്ള പ്രമേയങ്ങളാണ് തിരമൊഴിക്കവിതയ്ക്ക് കൂടുതൽ ഇണങ്ങുക. ഒരൊറ്റ സന്ദർഭത്തിൽ അല്ലെങ്കിൽ ഒരുകൂട്ടം വരികളിൽ തുടങ്ങി ലിങ്കുകൾ വഴി ഘട്ടംഘട്ടമായി സഞ്ചരിച്ച് ഒടുവിൽ ഒരൊറ്റയിടത്ത് (ക്ലൈമാക്സിൽ) എത്തിച്ചേരുന്നതോ അതല്ലെങ്കിൽ പലയിടങ്ങളിൽ എത്തിച്ചേരുന്നതോ ആയ രീതിയിൽ തിരമൊഴിക്കവിത സാധ്യമാണ്. ഇങ്ങനെയുള്ള തിരമൊഴിക്കവിതയുടെ വായനയിൽ വായനക്കാരൻ തിരഞ്ഞെടുക്കുന്ന കണ്ണിയ്ക്ക് (ലിങ്കിന്) അനുസരിച്ച് ഓരോ തവണയും ഓരോ കവിത വായിക്കാനാകും എന്ന പ്രത്യേകതയുമുണ്ട്. ഒരുപക്ഷേ തിരമൊഴിക്കവിതയുടെ ഏറ്റവും ആകർഷകമായ കാര്യവും അതുതന്നെയാകും. ഇത്തരത്തിലുള്ള തിരമൊഴിക്കവിത എഴുതിയുണ്ടാക്കാൻ പ്രമേയത്തിനു അനുസരിച്ചുള്ള ഫ്ലോ ചാർട്ട് ആദ്യം തയ്യാറാക്കണം. ഇതിനുശേഷം ബ്ലോഗിലോ വെബ്സൈറ്റിലോ പേജുകൾ തയ്യാറാക്കി അവ തമ്മിൽ പരസ്പരം കണ്ണി ചേർക്കണം. ആവശ്യമെങ്കിൽ വീഡിയോ, ഓഡിയോ, ചലിക്കുംവരികൾ എന്നിവയും ഉപയോഗപ്പെടുത്താം.

തിരമൊഴിക്കവിതയ്ക്കുള്ള അനേകം ആശയങ്ങളിൽ ഒരു ആശയം മാത്രമാണിത്. ഈ മാധ്യമത്തിനു ഇണങ്ങും വിധത്തിലുള്ള പ്രമേയങ്ങൾ, സാങ്കേതികത്തികവോടെ ആവിഷ്കരിക്കുന്ന തിരമൊഴിക്കവിതകൾ മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല, ഒരുപക്ഷേ മറ്റെവിടെയെങ്കിലും ഉണ്ടായിട്ടുള്ളതായി ലേഖകന് അറിവില്ല. അത്തരം പരീക്ഷണങ്ങൾ 1990കൾ മുതൽ ലോകത്ത് പലയിടത്തും നടക്കുന്നുണ്ട്. സാങ്കേതികകാര്യങ്ങളിൽ അടിസ്ഥാന ധാരണയുള്ള കവിയ്ക്ക്, തങ്ങളുടെ ബ്ലോഗോ വെബ്സൈറ്റുകളോ ഉപയോഗിച്ചുകൊണ്ട് ഇത്തരം പരീക്ഷണങ്ങൾ നടത്താനാകും. കിൻഡിൽ പോലുള്ള ഇ-ബുക്ക് റീഡറുകൾ ഹൈപ്പർലിങ്കുകളെ പിന്തുണയ്ക്കുന്നവ കൂടിയായതിനാൽ ഇ-ബുക്ക് എന്ന നിലയിലും ഇത്തരം ശ്രമങ്ങൾക്കു പ്രസിദ്ധീകരണ സാധ്യതയുണ്ട്. മലയാളത്തിൽ ഇതുവരെ നടന്ന ചില ശ്രമങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. വലിയ സാധ്യതയുള്ള ഇടമാണ് തിരമൊഴിക്കവിതയെന്നു കവികൾ കാണാതിരുന്നുകൂടാ. അത്തരം ശ്രമങ്ങളും വിജയിച്ച മാതൃകകളും നമ്മുടെ ഭാഷയിൽ വൈകാതെ കാണാനാകുമെന്നു പ്രതീക്ഷിക്കാം. 

അവലംബം: