× ഇവിടെ ലഭ്യമായ ലേഖനങ്ങൾ ഏതൊക്കെയെന്നറിയാൻ ഉള്ളടക്കം നോക്കൂ
സർഗ്ഗാത്മകതയും സ്വാതന്ത്ര്യവും

സർഗ്ഗാത്മകതയും സ്വാതന്ത്ര്യവും

സർഗ്ഗാത്മകതയും സ്വാതന്ത്ര്യവും
സർഗ്ഗാത്മകതയിലേക്കുള്ള നമ്മുടെ നോട്ടങ്ങൾ അധികവും അതിരില്ലാത്ത സ്വാതന്ത്ര്യവുമായി ചേർത്തുവെച്ചുകൊണ്ടാണ്. അഴിച്ചുവിട്ട മനുഷ്യഭാവനയുടെ സൃഷ്ടികളായി നമ്മൾ ഓരോ സാഹിത്യകൃതിയെയും വിലയിരുത്തുന്നു. എന്നിരുന്നാലും, സാഹിത്യത്തിലെ ഭാവുകത്വവ്യതിയാനങ്ങൾക്കു ചാലകമായി മാറിയ പല എഴുത്തുകളും രൂപം കൊണ്ടിരിക്കുന്നത് അതാത് എഴുത്തുകാർക്ക് സാഹചര്യങ്ങളുടെ പരിമിതിയാലോ സ്വയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാലോ പാലിക്കേണ്ടിവന്ന സ്വാതന്ത്ര്യമില്ലായ്മയിൽ നിന്നുമാണെന്നു കാണാം. ഇതരസാഹിത്യരൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കവിതയിൽ സ്വാതന്ത്ര്യവും മാറ്റങ്ങൾക്കു അനുകൂലമായ സാഹചര്യങ്ങളും കുറവാണ്. എന്നാൽ സർഗ്ഗാത്മകോർജ്ജം ഏറ്റവും കൂടുതലായി കാണപ്പെടുന്ന സാഹിത്യരൂപം കവിതയാകുകയും ചെയ്യുന്നു. അതിനാൽ സർഗ്ഗശക്തി കൂടുതലായി എവിടെ കാണുന്നുവോ അതിനെയെല്ലാം നമ്മൾ ‘കാവ്യാത്മകം’ എന്ന് വിശേഷിപ്പിക്കാൻ മുതിരുന്നു. കവിത അതിൻ്റെ രൂപങ്ങൾ കൊണ്ടും ഘടനകൾ കൊണ്ടും പലതരം നിയന്ത്രണങ്ങൾ കവികൾക്കു മുന്നിൽ വെക്കുന്നു. ഈ നിയന്ത്രണങ്ങളെയും പരിമിതികളെയും മറികടക്കുന്നതിനായി കവികൾക്ക് പലതരം സാധ്യതകൾ തേടേണ്ടിവരുന്നു. ഇത്തരം ചിന്തോദ്ദീപകവും ഭാവനയുണർത്തുന്നതുമായ ശ്രമങ്ങളിലൂടെ കവികൾ ഭാഷയെയും ഭാവനയെയും മെരുക്കിയെടുക്കാൻ ശീലിക്കുന്നു. എഴുതപ്പെട്ട വിധത്തിൽ വായനക്കാർക്കു മുന്നിലെത്തുന്ന കവിതയ്ക്കു പിന്നിൽ കവിയ്ക്ക് ചിലവഴിക്കേണ്ടതായി വന്ന സർഗ്ഗാത്മകോർജ്ജം പലതരം സാധ്യതകൾ മുന്നോട്ടുവെച്ചിരിക്കാം. ഇതൊന്നും മറ്റാരും അറിയുന്നില്ലല്ലോ എന്ന തോന്നൽ കവിയെ നിരാശനാക്കുന്നില്ല. എഴുതുക എന്ന പ്രയത്നവും അതിലൂടെ ലഭ്യമായ ആനന്ദവും ആഗ്രഹിച്ചമട്ടിൽ എഴുതിഫലിപ്പിക്കാനായതിൻ്റെ സംതൃപ്തിയും കവിയ്ക്കു കൈവന്നിരിക്കുന്നു. നിയന്ത്രണങ്ങളെ മറികടന്നുനേടുന്ന സ്വാതന്ത്ര്യം, കവിയിലെ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നു.

നിയതമായ രൂപത്തെ പിൻപറ്റുന്ന കവിതകൾ (ഉദാ: വൃത്തനിബന്ധമായ കവിതകൾ) അവയെ അവയാക്കി തീർക്കുന്ന നിബന്ധനകൾ കവിയ്ക്കു മുന്നിൽ വെക്കുന്നു. പരിമിതികൾ എവ്വിധമാണ് കവിയുടെ വൈഭവത്തെ പ്രകടമാക്കാൻ സഹായിച്ചതെന്നു ഇത്തരം നിയതമായ രൂപങ്ങളിൽ എഴുതപ്പെട്ട മികച്ച കവിതകൾ ചൂണ്ടിക്കാണിക്കുന്നു. തങ്ങൾ ആഗ്രഹിച്ചമട്ടിൽ എഴുതിഫലിപ്പിക്കുക എന്ന ആഗ്രഹത്തെ രൂപവും താളവും ആവശ്യപ്പെടുന്ന മട്ടിൽ എഴുതുക എന്ന നിയന്ത്രണത്തോടു ചേർത്തുവെച്ച് സമരസപ്പെടേണ്ടി വരുന്നു. ഇത് ഭാഷയെ കൂടുതൽ ആഴത്തിൽ അറിയുന്നതിലേക്കു നയിക്കുന്നു. മറ്റു ചിലപ്പോൾ സാമാന്യയുക്തിയിൽ വന്നുചേരാൻ ഇടയില്ലാത്ത പ്രയോഗങ്ങളിലേക്കും കൽപ്പനകളിലേക്കും ചെന്നെത്തുന്നു. ആഗ്രഹിച്ചത് എഴുതാൻ നിലനിൽക്കുന്ന രൂപം വിലങ്ങുതടിയാകുമ്പോൾ അവയെ മറികടന്നുമുന്നേറാനുള്ള ഊർജ്ജവും കവിയ്ക്ക് ഈ പ്രവൃത്തിയിലൂടെ ലഭിക്കുന്നു. സ്വാതന്ത്ര്യത്തിൻ്റെ ആവശ്യകത, കവിയിൽ അങ്ങനെ തൻ്റെ ആവശ്യത്തിൽ നിന്നും രൂപപ്പെടുന്നു.

വൃത്തമുക്ത കവിതയെപ്പറ്റി റോബർട്ട് ഫ്രോസ്റ്റ് പറഞ്ഞെന്നു പറയപ്പെടുന്ന ഒരു വാചകം ഇങ്ങനെയാണ്: വൃത്തരഹിത കവിതയെഴുതുകയെന്നാൽ വല ഇല്ലാതെ ടെന്നീസ് കളിക്കുന്നത് പോലെയാണ്. നിയന്ത്രണങ്ങളും നിബന്ധനകളും കവികളിൽ ഉണ്ടാക്കുന്ന സമ്മർദ്ദം, അവരെ സർഗ്ഗാത്മകമാക്കാനും അതിലൂടെ കഴിവുകൾ വികസിപ്പിക്കുന്നതിലേക്കും നയിച്ചേക്കും. എവ്വിധമാണോ ടെന്നീസ് കളിക്കുന്നവർ വലയെ മുൻനിർത്തിക്കൊണ്ട് കളിയിലേർപ്പെടുന്നത് അതേ മട്ടിൽ. എന്നാൽ വല മാത്രമാണ് മറികടക്കേണ്ടതായിട്ടുള്ളത് എന്ന ധാരണയിലാണ് കളിയിലേർപ്പെടുന്നതെങ്കിൽ നിങ്ങൾ ഒരു നല്ല കളിക്കാരനാകാൻ പോകുന്നേയില്ല. വലയെ മറികടന്നു ടെന്നീസ് ഉയർത്തിയടിക്കാൻ മാത്രമേ നിങ്ങൾ ശീലിക്കുകയുള്ളൂ. വല ഇല്ലാതെയും നിങ്ങൾക്കു ടെന്നീസ് കളിക്കാം. വല അവിടെ ഉണ്ടെന്നു സങ്കൽപ്പിക്കുകയേ വേണ്ടൂ. കവിതയിൽ പരമ്പരാഗത രൂപങ്ങളെ തള്ളിക്കളഞ്ഞവർ പോലും തങ്ങളുടേതായ രീതിയിൽ പലതരം നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തുന്നതിൻ്റെ കാരണം മറ്റൊന്നുമല്ല. വെല്ലുവിളികളെ നേരിടുന്നതിലൂടെയാണ് സർഗ്ഗാത്മകത വളരുന്നത്.

കലയിൽ യഥാർത്ഥ സ്വാതന്ത്ര്യം എന്നത് നിയന്ത്രണങ്ങൾ ഇല്ലാതിരിക്കുന്നതിലല്ലെന്ന് ടി. എസ്. എലിയറ്റ് പറഞ്ഞു. നിയന്ത്രണങ്ങൾക്കും പരിമിതികൾക്കുമുള്ളിൽ നിന്നുകൊണ്ട് നവീകരിക്കുന്നതിലാണ് യഥാർത്ഥ സ്വാതന്ത്ര്യം. വൈയക്തികമായ വികാരങ്ങളിൽ നിന്നു മാത്രമായി വലിയ കലാസൃഷ്ടികൾ രൂപപ്പെടുകയില്ല. ഇതേ വികാരങ്ങൾ പൊതുവായതെന്നു പറയാവുന്ന ഘടനയിലൂടെയും പാരമ്പര്യത്തിലൂടെയും കടന്നുപോകേണ്ടതുണ്ടെന്ന് എലിയറ്റ് ചൂണ്ടിക്കാണിക്കുന്നു. പറയാൻ കാര്യങ്ങൾ ഉള്ളതുകൊണ്ട് നിങ്ങൾ ഒരു എഴുത്താൾ ആകുന്നില്ല, എവ്വിധം അത് ആവിഷ്കരിക്കുന്നു എന്നതിലാണ് കല. പറയാനുള്ളതും എങ്ങനെയത് പറയണമെന്ന ആലോചനയും എങ്ങനെയൊക്കെ ആവിഷ്കരിക്കാമെന്ന സാധ്യതകളിലേക്കും ക്രമേണ പറയേണ്ട ഘടനയുടെ തിരഞ്ഞെടുപ്പിലേക്കും നയിക്കുന്നു. തൽഫലമായി വന്നുചേരുന്ന രൂപത്തിൽ അധിഷ്ഠിതമായാണ് എഴുത്തിലെ നിയന്ത്രണങ്ങൾ രൂപപ്പെടുന്നത്. 17 മാത്രകൾ മാത്രമുള്ള ഹൈക്കു എന്ന രൂപം തൻ്റെ എഴുത്തിനായി സ്വീകരിക്കുക വഴി, ബാഷോ തൻ്റെ വിശാലമായ അനുഭവപരിസരത്തെ വളരെ കുറഞ്ഞ വാക്കുകളിൽ ആവിഷ്കരിക്കേണ്ടതായ നിയന്ത്രണത്തിലേക്ക് ചെന്നെത്തി. ഇവ്വിധം തൻ്റെ അനുഭവപരിസരത്തിൽ മാത്രം ഒതുങ്ങുമായിരുന്ന ഒന്നിനെ അതിൽ നിന്നും മോചിപ്പിച്ച് വായനയുടെ അനന്തസാധ്യതകൾക്ക് തുറന്നുകൊടുക്കാനും അദ്ദേഹത്തിനായി. കവി വേണ്ടെന്നു വെച്ച സ്വാതന്ത്ര്യം ഇങ്ങനെ വായനക്കാരനു അമിത സ്വാതന്ത്ര്യം നൽകി.

നിലനിൽക്കുന്ന രൂപങ്ങൾ കവിയിൽ ചെലുത്തുന്ന നിയന്ത്രണങ്ങൾ മാത്രമല്ല, ഭാവുക്ത്വവ്യതിയാനങ്ങൾക്കു വഴിയൊരുക്കിയ മിക്ക എഴുത്തുകാരും തങ്ങളുടേതായ രീതിയിൽ പലതരം നിയന്ത്രണങ്ങൾ സ്വയം കൽപ്പിച്ചു നൽകിയിരുന്നുവെന്നും കാണാം. ജോർജ് പെരകിൻ്റെ ‘എ വോയിഡ്’ എന്ന ലിപ്പോഗ്രാമാറ്റിക് നോവലിൽ ‘e’ എന്ന അക്ഷരം ഉപയോഗിക്കാതിരുന്ന അനുഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത് സ്വതന്ത്രമാക്കപ്പെട്ട അവസ്ഥ എന്നാണ്. ഭാഷാപരമായ ഈ പരിമിതി, ഭാഷയുടെ മറ്റു സാധ്യതകൾ മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിച്ചു. ഒപ്പം നവ്യാനുഭവം മുന്നോട്ടുവെച്ചു. നിയന്ത്രണങ്ങൾ വഴി മറ്റു വഴികൾ തെളിയുമെന്ന് സാരം.

പരിമിതികളാണ് തന്റെ കവിതയും ഗദ്യവും മനോഹരമാകാൻ കാരണമെന്ന് എഡ്ഗർ അലൻ പോ പറയുന്നു. ലക്ഷ്യമിടുന്നത് എന്താണോ അതിലേക്ക് നയിക്കുന്ന വിധത്തിൽ വേണം എഴുത്തിൽ ഓരോ വാക്കും വാചകവും ഘടനയും രൂപവും തിരഞ്ഞെടുക്കേണ്ടത്, എല്ലാം തിരഞ്ഞെടുക്കപ്പെട്ടത് ആയിരിക്കണം എന്ന നിബന്ധനയായിരുന്നു എഡ്ഗർ അലൻ പോ തന്റെ എഴുത്തിൽ പാലിച്ച നിയന്ത്രണം. എസ്. ജോസഫ് മലയാളത്തിൽ അവതരിപ്പിച്ച കവിതാ ഭാവുകത്വം പുതുമയുള്ളതായി മാറിയത്, പലതും വേണ്ടെന്നു വെക്കാനുള്ള കവിയുടെ തീരുമാനത്തിലൂടെയാണ്. നിലനിന്ന പലതിന്റെയും ബദലായി തന്റെ അനുഭവപരിസരത്ത് നിന്നുള്ള വാക്കുകളെ തിരഞ്ഞെടുക്കുക വഴി, ഉപമ പോലുള്ള കാവ്യഗുണമുണ്ടാക്കാൻ സഹായിക്കുന്ന പരമ്പരാഗ സങ്കേതങ്ങളെ പ്രകടമായ രീതിയിൽ ഉപയോഗിക്കാതിരിക്കുക വഴി അദ്ദേഹം ഇത് സാധ്യമാക്കി. പരമ്പരാഗത യൂറോപ്യൻ കാവ്യഭാഷയെ വേണ്ടെന്നുവെച്ചുകൊണ്ട് അമേരിക്കൻ നാട്ടുഭാഷയ്ക്കും ദൈനംദിന ജീവിതസന്ദർഭങ്ങൾക്കും വില്യം കാർലോസ് വില്യംസ് പ്രാധാന്യം നൽകിയത് അമേരിക്കൻ കവിതയിൽ മാറ്റത്തിനു വഴിയൊരുക്കുകയും ചെയ്തു.

സെൻ സൗന്ദര്യശാസ്ത്രമായ വാബി-സാബി പിന്തുടരുക വഴി ജാപ്പനീസ് കവിയായ ഷുൺടാരോ താനികാവ തൻ്റെ കവിതയുടെ സവിശേഷതയാക്കി മാറ്റിയത് അപൂർണ്ണതയും അസ്ഥിരതയുമാണ്. നിലനിൽക്കുന്നതോ ഇതിനോടകം ആളുകളുടെ പിന്തുണ ലഭിച്ചതോ ആയ രീതികളെ അവഗണിക്കുക എന്നതും പുതിയ ഭാവുകത്വം മുന്നോട്ടുവെക്കുന്നതിൻ്റെ ഭാഗമായി കവികൾ സ്വയം ഏൽക്കുന്ന നിയന്ത്രണമാണ്. പൊടുന്നനെയുള്ള വൈകാരികബാധയെക്കാൾ ബൗദ്ധികമായ ഇടപെടൽ ആവശ്യപ്പെടുന്ന കവിതകൾ എഴുതാനുള്ള വാലസ് സ്റ്റീവൻസിൻ്റെ തീരുമാനവും അത്തരത്തിലുള്ളതായിരുന്നു. ഇതുവഴി വായനക്കാരിൽ നിന്നും ആഴത്തിലുള്ള സമീപനം നേടിയെടുക്കാനും രചനാതന്ത്രങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനും അദ്ദേഹത്തിനായി. വൈയക്തികമായ അനുഭവങ്ങളിലും പ്രകൃതിയിലും തൻ്റെ സമാനമായ ചുറ്റുപാറ്റുകളിലും ശ്രദ്ധയൂന്നി കവിത രചിച്ചിരുന്ന പാബ്ലോ നെരൂദ പിന്നീട് കാൻ്റോ ജനറൽ പോലെ വളരെ വ്യക്തതയാർന്ന രാഷ്ട്രീയകവിതകൾ എഴുതുന്നതിലേക്ക് ചെന്നെത്തിയതും ഇതോടു ചേർത്തുകാണാം. സ്വയം ഏൽപ്പിക്കുന്ന നിയന്ത്രണത്തിൻ്റെ ഭാഗമായി കവികൾ പാലിക്കുന്ന നിഷ്ഠകൾ പിൽക്കാലത്ത് തങ്ങൾ പിന്തുടർന്നു പോന്നിരുന്ന രീതിയിൽ നിന്നും ഭിന്നമായ കവിതകൾ എഴുതുമ്പോൾ അവയെ സവിശേഷസ്വഭാവമുള്ളതാക്കി തീർക്കാനും സഹായിക്കുന്നു.

പാരമ്പര്യം, രൂപം-ഘടന മട്ടിലുള്ള സങ്കേതങ്ങൾ, വ്യക്തിപരമായ തിരഞ്ഞെടുപ്പ് എന്നിവ വഴിയുണ്ടാകുന്ന നിയന്ത്രണങ്ങളും നിബന്ധനകളും കവിയ്ക്ക് സർഗ്ഗാത്മകമായ വെല്ലുവിളിയാകുകയും, അവ തരണം ചെയ്യാൻ കവി തൻ്റെ അറിവ്, ഭാവന, ഭാഷ എന്നിവ ഉപയോഗിച്ചുകൊണ്ട് ഏർപ്പെടുന്ന പ്രവൃത്തികൾ, പ്രത്യേകിച്ച് നിലനിൽക്കുന്ന സാഹിത്യത്തെ മുന്നോട്ടുകൊണ്ടുപോകുക കൂടി ലക്ഷ്യമിട്ടാകുമ്പോൾ, ഓരോ കവിയ്ക്കും മൗലികസ്വരമായി മാറാൻ സാധ്യത തെളിയുന്നു. കവിതയുടെ രചനാതന്ത്രങ്ങളിൽ കൃത്യമായ കൈയ്യൊതുക്കം ലഭിക്കാനും ഇത് സഹായിക്കുന്നു. എന്തിനുമുള്ള സ്വാതന്ത്ര്യം നിലനിൽക്കെ തന്നെ, തങ്ങൾക്ക് വേണ്ടത് മാത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാക്കി സ്വാതന്ത്ര്യത്തെ മാറ്റുക എന്നത് കവിതയെഴുത്തിൽ ഗുണം ചെയ്യുന്നു. എന്തും എഴുതാം എന്ന സ്വാതന്ത്ര്യത്തിനു ഭരണകൂടം വെല്ലുവിളി ഉയർത്താത്ത അന്തരീക്ഷം ഉണ്ടായിരിക്കണം എന്നതാണ് രാഷ്ട്രീയപരമായ സ്വാതന്ത്ര്യമെങ്കിൽ, സർഗ്ഗാത്മകമായ സ്വാതന്ത്ര്യം വെളിപ്പെടുന്നത് എഴുത്തുകാരന് തൻ്റെ ഭാവനയും ഭാഷയിലെ പിടിപാടും അറിവും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് പലതരം സാധ്യതകൾ ആരായാനുള്ള അന്തരീക്ഷം ഒരുങ്ങുമ്പോഴാണ്. പ്രസിദ്ധീകരിക്കപ്പെടുന്ന രൂപത്തിലാകും മുന്നെ ഒരു കവിത കവിയെ എത്രത്തോളം വെല്ലുവിളിച്ചിട്ടുണ്ടോ അത്രത്തോളം കവിയുടെ രചനാവൈഭവം മെച്ചപ്പെടാൻ ഇടയുണ്ട്. കലാപ്രവൃത്തിയിൽ സ്വാതന്ത്ര്യത്തോളം തന്നെ പ്രധാനമാകുന്നു നിയന്ത്രണങ്ങളും. എന്തെഴുതണം എന്ന കവിയുടെ സ്വാതന്ത്ര്യം, എങ്ങനെയെങ്കിലും എഴുതാം എന്ന തിരഞ്ഞെടുപ്പാകാതെ വരുന്ന ഘട്ടത്തിൽ കവിയുടെ സർഗ്ഗാത്മകതയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു.

Search