അറിഞ്ഞതിനുമപ്പുറം തേടൽ

അറിഞ്ഞതിനുമപ്പുറം തേടൽ

കവിത വായിക്കുമ്പോൾ
In a field
I am the absence
of field.
This is
always the case.
Wherever I am
I am what is missing.

When I walk
I part the air
and always
the air moves in
to fill the spaces
where my body’s been.

We all have reasons
for moving.
I move
to keep things whole.


മാർക്ക് സ്ട്രാൻഡിൻ്റെ ‘Keeping Things Whole’ എന്ന കവിത വായിക്കുകയായിരുന്നു. ലളിതവും മനോഹരവുമെന്ന് തോന്നി. വ്യക്തവും സംക്ഷിപ്തവുമായ കവിതയാണല്ലോ എന്ന തോന്നലോടെ, ആ കവിത എനിക്കു പിടികിട്ടിയെന്ന സന്തോഷത്തിൽ ഞാനത് പരിഭാഷ ചെയ്യാനായി ഇരുന്നു. പരിഭാഷയ്ക്കായി ഒരിക്കൽക്കൂടി അത് വായിക്കാനെടുത്തു. എന്തോ മനസ്സിലായിട്ടുണ്ട്, ശരിതന്നെ; എന്നാൽ എല്ലാം മനസ്സിലായിട്ടില്ല എന്ന തോന്നൽ പൊടുന്നനെ എന്നെ പിടികൂടി. തൻ്റെ സാന്നിധ്യത്തെ ‘തുറസ്സായ ഒരിടത്തെ ഒഴിഞ്ഞ് കിടക്കുന്ന ഇടമാകുന്ന’ അസാന്നിധ്യമാക്കുന്ന വിരോധാഭാസത്തിൽ തുടങ്ങുന്ന കവിത, അവിടം മുതൽ അതിൻ്റെ അനേകം സാധ്യതകൾ മുന്നോട്ടുവെക്കുകയായിരുന്നു. കലാസൃഷ്ടിയെ സ്ഥാപിക്കുന്നിടത്തെ നെഗറ്റീവ് സ്പേസിൻ്റെ പ്രാധാന്യത്തെപ്പോലും കവിത ഓർമ്മിപ്പിക്കുകയുണ്ടായി. അങ്ങനെ ഓരോ വായനയിലും പുതിയതായി എന്തൊക്കെയോ എനിക്കായി കരുതിവെക്കാൻ ശേഷിയുള്ള മറ്റൊരു കവിതകൂടിയിതാ എന്ന തോന്നലോടെ ഞാൻ എൻ്റെ പരിഭാഷാശ്രമത്തിനു വിരാമമിട്ടു. അനേകം വായനകൾക്കായി തുറന്നുകിടക്കുന്ന കവിത, പരിഭാഷയിൽ അതേ സാധ്യതകൾ തുറന്നിടുന്നില്ലെങ്കിൽ പരിഭാഷ അനേകം വായനയിൽ ഒരു വായനയായി ചുരുങ്ങുകയാണല്ലോ. ഒരു കവിതയും പൂർത്തിയാക്കപ്പെടുന്നില്ല, ഉപേക്ഷിക്കപ്പെടുന്നേയുള്ളൂ എന്ന പോൾ വലേരിയുടെ വാചകം കവിതാവായനയ്ക്കും ബാധകമാകുന്നു. കവിതയുടെ തനിഗുണം വെളിപ്പെടുന്നു.

അനിശ്ചിതത്വം, അവ്യക്തത, സന്ദേഹം എന്നിവയിൽ തൃപ്തിപ്പെടാനുള്ള മാനസികാവസ്ഥ കവിതയെഴുതുന്നവർക്കു ഉണ്ടായിരിക്കേണ്ട ശേഷിയായി ജോൺ കീറ്റ്സ് കരുതി. തൻ്റെ സഹോദരങ്ങൾക്കു എഴുതിയ കത്തിൽ അദ്ദേഹം ഇതിനെ ‘നെഗറ്റീവ് കേപ്പബിലിറ്റി’ എന്ന് വിളിച്ചു. അറിയില്ല എന്നതിനെ ഉൾക്കൊള്ളുകയെന്നതാണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കാൻ ഇടയുള്ളതെങ്കിലും, തങ്ങളുടെ അറിവിനപ്പുറമുള്ള സാധ്യതകൾ കവിതയ്ക്കുണ്ടെന്ന ബോധ്യത്തോടെ ഓരോ കവിയും തങ്ങളെഴുതുന്ന കവിതയോട് പെരുമാറുകയാണെങ്കിൽ അത് കവിതയെ കവിയെക്കവിഞ്ഞും നിൽക്കാൻ സഹായിക്കുന്നു. വായനക്കാരോട് കാണിക്കുന്ന നീതിയുമാകുന്നു. ‘പൊരുത്തപ്പെടൽ’ എന്ന കവിതയിലൂടെ റാഫേൽ കഡേനാസ് ചൂണ്ടിക്കാണിക്കുന്നതും കവിതയെ ഇവ്വിധം കവിയിൽ നിന്നും മോചിപ്പിക്കേണ്ടതിനെപ്പറ്റിയാണ്. അല്ലാത്തപക്ഷം കവിതയെ തങ്ങളുടെ തീർപ്പാക്കലിൽ ഒതുക്കാനാകും കവിയുടെ ശ്രമം.

സർവ്വതും അറിയാനുള്ള ത്വര മനുഷ്യൻ്റെ സവിശേഷതകളിലൊന്നാണ്. അടുത്ത വീട്ടിൽ എന്തു നടക്കുന്നു എന്നതു മുതൽ ഈ ലോകത്തിനപ്പുറം എന്ത് നടക്കുന്നു എന്നുവരെ അറിയാൻ മനുഷ്യർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. കവിതയാകട്ടെ അറിഞ്ഞതിനോ അനുഭവിച്ചതിനോ അപ്പുറം മറ്റെന്തോ കൂടി ഇനിയും വെളിപ്പെടാനുണ്ടല്ലോ എന്ന തോന്നൽ ഓരോ വായനയ്ക്കു ശേഷവും നിലനിർത്താനും ശ്രമിക്കുന്നു. കഥ, നോവൽ, ലേഖനം പോലുള്ള ഗദ്യരചനകൾ വ്യക്തതയും നേരെചൊവ്വേ കാര്യങ്ങൾ അവതരിപ്പിക്കുന്നതുമാണ് ലക്ഷ്യമിടുന്നതെങ്കിൽ കവിതയ്ക്ക് മേൽപ്പറഞ്ഞമട്ടിൽ ദുരൂഹതയും അനേകം തലങ്ങളും നിലനിർത്തേണ്ടതായി വരുന്നു. വായനക്കാർക്ക് അർത്ഥത്തിൻ്റെയും അനുഭവത്തിൻ്റെയും വ്യാഖ്യാനത്തിൻ്റെയും അനേകം സാധ്യതകൾ ലഭിക്കുക മാത്രമല്ല, പുനർ-വ്യാഖ്യാനത്തിനുള്ള വഴിയും അത് തുറന്നിടുന്നു. ചുരുക്കത്തിൽ വായനാപ്രക്രിയയിൽ സജീവമായി പങ്കുചേരുന്ന പങ്കാളിയെയാണു ഓരോ കവിതയും ആവശ്യപ്പെടുന്നത്. ഇതാകട്ടെ വായിക്കുന്ന ഓരോർത്തർക്കും വൈയക്തികമായ അനുഭവങ്ങൾ ലഭിക്കാനും ഇടവരുത്തുന്നു. ഒരേ കവിത തന്നെ പല കാഴ്ചപ്പാടുകളും വൈകാരികതലങ്ങളും മുന്നോട്ടുവെക്കുന്നു. ഇതെല്ലാം സംഭവിക്കുന്നത് കവിയിലൂടെ അല്ല, വായനക്കാരിലൂടെയാണെന്നതാണ് കവിതയുടെ പ്രഥമവും പ്രധാനവുമായ സവിശേഷത.

പൊതുവെ രണ്ടുതരത്തിലാണ് മനുഷ്യർ കവിതാവായനയിൽ നിന്നും അകലം പാലിക്കുന്നത്. ആദ്യത്തെ കൂട്ടർ കവിതാവായനയെ ശ്രമകരമായ ഒരു ദൗത്യമായി കണ്ടുകൊണ്ട് തങ്ങളുടെ വായനയിൽ കവിതയെ പരിഗണിക്കാത്തവരാണ്. അറിയുക എന്ന ആവശ്യത്തിനപ്പുറം തങ്ങളുടെ ചിന്തയും ഭാവനയും വികാരവും ഉണർത്താൻ കെൽപ്പുള്ള പാഠം എന്ന അടിസ്ഥാനധാരണയോടെ കവിതയെ സമീപിക്കാത്തതിൻ്റെ പ്രശ്നം കൂടിയാണ് ഇത്. രണ്ടാമത്തെ കൂട്ടർ, കവിത വായിക്കുകയും ആദ്യ വായനയിൽ തങ്ങൾക്കു കവിതയിൽ നിന്നും നേടിയെടുക്കാൻ സാധിച്ചതിൽ തൃപ്തിപ്പെടുകയും ചെയ്യുന്നു. ഇത്തരക്കാർ ലേഖനം വായിക്കുന്ന സമീപനമാണ് കവിതയോടും കൈക്കൊള്ളുന്നത്. അറിഞ്ഞതിൽ തീർപ്പുകൽപ്പിക്കുകയും ഇനിയെന്തെങ്കിലും അറിയാനും അനുഭവിക്കാനുമുണ്ടോയെന്ന അന്വേഷണത്തിനു മുതിരാതെയിരിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ കവിതാവായനയ്ക്കു ചേരുന്നില്ല.

അസ്സൽ കവിതയ്ക്ക് മനസ്സിലാക്കപ്പെടും മുമ്പുതന്നെ സംവദിക്കാനാകുമെന്ന് ടി. എസ്. എലിയറ്റ് ചൂണ്ടിക്കാണിക്കുന്നു. യുക്തിപൂർവ്വമായ വ്യാഖ്യാനമല്ല വായിച്ചുകൊണ്ടിരിക്കുമ്പോഴോ ആദ്യവായനയിലോ ഒരു കവിത വായനക്കാരുമായി പങ്കുവെക്കുന്നത്. അത് വികാരത്തെ, ഇന്ദ്രിയബോധങ്ങളെ, ഭാവനയെ, ചിന്തയെ ഉണർത്തുന്നു. ഭാഷ, രൂപം, അന്തരീക്ഷം എന്നിവയിലൂടെ സാധ്യമാകുന്ന ഇക്കാര്യത്തെ ആസ്വദിക്കാനാകുക എന്നത് കവിതാവായനയിൽ പ്രധാനം. ടി. എസ്. എലിയറ്റിൻ്റെ ‘വേസ്റ്റ് ലാൻഡ്’ വായിക്കാനെടുക്കുന്ന ഒരാൾക്ക് ശകലങ്ങളായി കിടക്കുന്ന ബിംബങ്ങൾ, താളഘടന, പാഠാന്തര സാധ്യതകളെപ്പറ്റിയുള്ള ആലോചനകൾ എന്നിവയിലൂടെ നിഗൂഡവും അതേസമയം അശാന്തവും ചടുലവുമായ ഒരു മാനസികാവസ്ഥയിൽ എത്തിച്ചേരാൻ സാധിക്കുന്നു. മറ്റൊന്നിലേക്ക്, അറിയാത്തതിലേക്ക് എത്തിച്ചേരാനുള്ള ശ്രമമാണ് കവിതയെന്ന് ഒക്റ്റാവിയോ പാസ്സ്. കവിതയിലൂടെ നാം ആ പാലം പണിയാൻ നോക്കുന്നു. എന്നാൽ അത് യാഥാർത്ഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ല. നേരിനോടും അനുഭവത്തോടും നമ്മളോടുതന്നെയും കൂടുതൽ അടുക്കുകയാണ്. യാഥാർത്ഥ്യത്തെ വെളിപ്പെടുത്തുകയും അതേസമയം അതിനുമപ്പുറത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യുന്നു. കവിത തുറന്നുകിടക്കുന്ന സംവാദമാണ്. കവിത ഒരു പ്രതിവിധിയല്ല, സാധ്യതകൾ എഴുതിച്ചേർക്കാനുള്ള വഴികളാണെന്ന് അഡ്രിയൻ റിച്ചും പറയുന്നു.

മറ്റൊ­രാ­ളെ ശരി­-­തെ­റ്റു­കൾ ബോ­ധ്യ­പ്പെ­ടു­ത്താ­നും, പറ­ഞ്ഞു മന­സ്സി­ലാ­ക്കി­പ്പി­ക്കാ­നും ഉപ­യോ­ഗി­ക്കാ­വു­ന്ന ഫല­പ്ര­ദ­മായ ആശ­യ­വി­നി­മ­യോ­പാ­ധിയല്ല കവിത. ഓരോ വായനക്കാരനും ഓരോ വായനയിലും ലഭിക്കുന്നത് ഓരോന്നാകാം. അർത്ഥം, അനുഭവം, വ്യാഖ്യാനം എന്നിവ കൈമാറുകയല്ല കവിത; അത് വായിക്കുന്നയാളുമായി ചേർന്നുനിന്നുകൊണ്ട് അതിൻ്റെ അർത്ഥം, അനുഭവം, വ്യാഖ്യാനം എന്നിവ പുനസ്സൃഷ്ടിക്കുകയാണ്. ഇതിനുള്ള അവസരം ഒരുക്കിനൽകുന്നയാളാണ് കവി. കാലത്തിൻ്റെയും സംസ്കാരത്തിൻ്റെയും പരിമിതികൾ മറികടന്നുകൊണ്ട് കവിതയ്ക്ക് അനശ്വരതയുടെ സ്വഭാവം കൈവരാനും ഇത് അവസരമൊരുക്കുന്നു. കവിതയുടെ സാർവ്വലൗകികത രൂപപ്പെടുന്നത് കവി എന്തെഴുതിയോ എന്നതിൽ നിന്നു മാത്രമല്ല; കവിതയെന്ന പാഠവും വായനക്കാരനും തമ്മിൽ നടക്കുന്ന വിനിമയത്തിൽ എത്രത്തോളം സാധ്യതകൾ തുറന്നിടാൻ കവിയ്ക്ക് സാധിച്ചിട്ടുണ്ട് എന്നതിലൂടെയുമാണ്. കവിതയ്ക്ക് കാലാതീതമായി, കാലത്തെ പരിഗണിക്കാതെയുള്ള വായനയും സാധ്യമാകുന്നു. ആശയങ്ങളും വികാരങ്ങളും കൈമാറാൻ മാത്രമായിട്ടുള്ള ഒരാളായിട്ടല്ല പോൾ വലേരിയെ പോലെയുള്ളവർ കവിയെ കണ്ടിട്ടുള്ളത്. ഭാഷയെ കൗശലപൂർവ്വം മെരുക്കിയെടുത്ത്, ശിൽപ്പി കല്ലിൽ നിന്നോ മരത്തടിയിൽ നിന്നോ ശിൽപ്പമുണ്ടാക്കുന്ന പോലെ, ഭാഷയിൽ നിന്നും കവിത സൃഷ്ടിക്കുന്നയാളാണ് കവി. കവിത ഇവ്വിധം ഒരു കലാവസ്തുവാകുന്നു. കവിയിൽ നിന്നും വേറിടുന്നു. ഓരോ വായനയും കവിതയെ കവിയിൽ നിന്നും മോചിപ്പിക്കലാകുന്നു.