വരിമുറിച്ചെഴുതൽ, കവിതയിൽ

വരിമുറിച്ചെഴുതൽ, കവിതയിൽ

വരിമുറിച്ചെഴുതൽ
നിയതമായ താളവ്യവസ്ഥയിൽ എഴുതപ്പെട്ടതോ എഴുതപ്പെടുന്നതോ ആയ കവിതകളെ മാത്രം പ്രശംസിക്കുന്ന വായനക്കാരിൽ നിന്നും വൃത്തമുക്ത കവിതകൾ എഴുതുന്നവർ കേൾക്കാനിടയുള്ള ചോദ്യങ്ങളാണ് ‘വരിമുറിച്ചെഴുതിയാൽ കവിതയാകുമോ?’, ‘വരിമുറിക്കുന്നത് എന്തടിസ്ഥാനത്തിലാണ്?’ എന്നിവ. കവിതകളെല്ലാം വൃത്തനിബദ്ധമായ കാലത്ത്, കൃത്യമായ ഇടങ്ങളിൽ വരികൾ മുറിക്കപ്പെടുകയെന്നത് അതാത് വൃത്തങ്ങൾ അനുശാസിക്കുന്ന നിബന്ധനകളിലൊന്നായിരുന്നു. പ്രാസഭംഗിയും താളക്രമവും രൂപത്തിൽ പ്രകടമാകാൻ ഇത് സഹായിക്കുന്നു. താളിൽ കാണപ്പെടുന്ന കവിതയുടെ രൂപം വെളിപ്പെടുന്നത് ഇവ്വിധമായിരുന്നു. എന്നാൽ കവിതകൾ വൃത്തമുക്തമാക്കപ്പെടുന്ന സാഹചര്യത്തിലും കവികൾ വരിമുറിക്കലിനെ ഉപേക്ഷിച്ചില്ല. കഥ, ലേഖനം എന്നിവയെ പിൻപറ്റുന്ന ഗദ്യരൂപമായി, വരിമുറിക്കലില്ലാതെ എഴുതിയാൽ പോരേ എന്നതാണു മുകളിലെ ചോദ്യങ്ങൾ ധ്വനിപ്പിക്കുന്നത്. വൃത്തകവിതയ്ക്ക് ആയാലും കോൺക്രീറ്റ് പോയട്രി/രൂപകവിതയ്ക്ക് ആയാലും അതാത് രൂപങ്ങൾ അനുശാസിക്കുന്ന നിബന്ധനകളാണ് വരിമുറിച്ചെഴുതാൻ മാനദണ്ഡം ആകുന്നതെങ്കിൽ എന്താണു ഇതരകവിതകളുടെ വരിമുറിക്കൽ മാനദണ്ഡം? വരിമുറിച്ചെഴുതപ്പെട്ട ഒരു വൃത്തമുക്ത കവിതയുടെ വരിമുറിക്കൽ മാനദണ്ഡം എന്തെന്നു വായിക്കുന്നയാൾക്ക് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, ഒന്നുകിൽ അയാൾ വേണ്ടത്ര ശ്രദ്ധയോടെ ആ കവിതയെ സമീപിക്കുന്നില്ല അല്ലെങ്കിൽ എഴുത്തുകാരൻ വരിമുറിക്കലിന് പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്തിയിട്ടില്ല എന്നർത്ഥം.

ഛന്ദസ്സ് നോക്കി വൃത്തകവിത മാത്രമെഴുതുന്ന കവികളും അതിനെ മാത്രം അനുകൂലിക്കുന്ന ആസ്വാദകരും കരുതുന്നത് വൃത്തരഹിതകവിതയ്ക്ക് വരിമുറിക്കലിൻ്റെ ആവശ്യമില്ലെന്നുമാകാം. ഈ ധാരണയുടെ അടിസ്ഥാനം, ഒരുപക്ഷെ, വരിമുറിക്കൽ താളത്തിലും രൂപത്തിലും കേന്ദ്രീകൃതമായ കാര്യം മാത്രമാണെന്ന തോന്നലുമാകാം. എന്നാൽ കവിതയുടെ മനോഹാരിതയ്ക്ക് അധികമാനം നൽകുന്ന കാര്യം മാത്രമല്ല വരിമുറിക്കൽ, അതൊരു ദൃശ്യാനുഭവവും താളാനുഭവവും മാത്രമല്ല മുന്നോട്ടുവെക്കുന്നത്. കവിതയുടെ സൂക്ഷ്മാർത്ഥത്തെയും വായനാനുഭവത്തെയും മുന്നോട്ടുവെക്കുന്നതിൽ അതീവ പ്രാധാന്യമർഹിക്കുന്ന കാര്യമാണ് വരിമുറിച്ചെഴുതൽ. വൃത്തമുക്ത കവിതയിലാകുമ്പോൾ പോലും കവിതയുടെ രൂപവും വായിക്കുന്ന ആളുടെ കാഴ്ചയുടെയും ശ്രദ്ധയുടെയും സഞ്ചാരവും മുറിക്കപ്പെടുന്ന വരികൾ സ്വാധീനിക്കുന്നു, ഇത് സൂക്ഷ്മാർത്ഥർത്തിൽ അർത്ഥത്തിലും വായനാനുഭവത്തിലും സവിശേഷമായ ഇടപെടലും നടത്തുന്നു.

ഒരു വരിയിൽ നിന്നും അടുത്ത വരിയിലേക്കുള്ള വായിക്കുന്നയാൾ സഞ്ചരിക്കുമ്പോൾ എടുക്കേണ്ടി വരുന്ന ഹ്രസ്വമെങ്കിലും പ്രധാനപ്പെട്ട ഒരു ഇടവേള, അത് വായിക്കുന്നയാളിൽ രൂപപ്പെടുന്ന അർത്ഥത്തെയും അനുഭവത്തെയും സൂക്ഷ്മമായി സ്വാധീനിക്കുന്നെന്നു പറയുന്നത്, ഓരോ വരിയുടെ ഒടുക്കത്തിനും ഒരു സന്ദർഭത്തിൻ്റെ സ്വഭാവം കൈവരുന്നതിനാലാണ്. താളക്രമത്തിൽ അതൊരു മൗനത്തെയും, താളിൽ കാണപ്പെടുന്ന രൂപത്തിൽ നെഗറ്റീവ് സ്പേസിനെയും, അർത്ഥതലത്തിൽ അടുത്തവരിയെ എങ്ങനെ സമീപിക്കണമെന്ന ധാരണയെയും അത് മുന്നോട്ടുവെക്കുന്നു. പൂർണ്ണവിരാമത്തിൽ നിന്നല്ല നമ്മൾ ഒരു വരിയിൽ നിന്നും അടുത്ത വരിയിലേക്ക് സഞ്ചരിക്കുന്നതെങ്കിൽ ഒരേസമയം വായിച്ച വരി കൈമാറിയ അർത്ഥ/അനുഭവതലവും അടുത്തവരി കൈമാറാനിരിക്കുന്ന അർത്ഥ/അനുഭവതലങ്ങളുമായി ചേർന്നുകൊണ്ട് ഒരു പിരിമുറുക്കം വായിക്കുന്നയാളിൽ രൂപപ്പെടുന്നുണ്ട്. അടുത്തവരിയിൽ എന്താകും വെളിപ്പെടാൻ പോകുന്നതെന്നെ തോന്നൽ അയാളെ പിടികൂടുന്നു. എന്നാൽ പൂർണ്ണവിരാമത്തിൽ അവസാനിച്ച ഒരു വരി, ഇതിവിടെ തീർന്നു എന്ന ആശ്വാസത്തിലാണ് നിൽക്കുന്നത്. വരിമുറിച്ചെഴുതിയ കവിതകൾ ഗദ്യരൂപത്തിലുള്ള കവിതകൾ, കഥകൾ എന്നിവയിൽ നിന്നും വേറിട്ടുനിൽക്കുന്നത് വായിക്കുന്ന വേളയിൽ കൈമാറുന്ന അനുഭവത്തിലെ വ്യത്യാസം കൊണ്ടു കൂടിയാണ്. ഗദ്യസാഹിത്യത്തിൽ അടുത്തതായി എന്തുസംഭവിക്കുന്നു എന്ന ഉദ്വേഗത്തിനാണ് പ്രഥമപരിഗണന വരുന്നത്. ഇതാകട്ടെ സന്ദർഭത്തിൽ കേന്ദ്രീകൃതവുമാണ്. കവിതയിൽ അങ്ങിനെയൊരു ആകാംക്ഷ ഉണ്ടാകണമെന്നു നിർബന്ധമില്ല. അടുത്ത വാക്കോ വരിയോ ഉണ്ടാക്കുന്ന ആശ്ചര്യം കവിതയിൽ പ്രധാനമാണ്. ഇക്കാരണത്താലാണ് കവിതയിൽ ഓരോ വാക്കും പ്രധാനമെന്നു വരുന്നത്. ഓരോ വരിയും പ്രധാനമാകുന്നത്. അങ്ങനെ വരിമുറിച്ചെഴുതലും. 

കവിതാവായനയിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന പ്രധാനകാര്യം ആശ്ചര്യമാണ്. എന്താണ് കവിതയിലെ അടുത്ത വരിയിൽ ഉണ്ടാകാൻ പോകുന്ന മാറ്റമെന്ന ആലോചനയിൽ നിന്നുകൊണ്ട്, അടുത്ത വരിയിലേക്ക് നമ്മൾ ചെന്നെത്തുമ്പോൾ, നമ്മുടെ ധാരണയിൽ ഇതിനോടകം വന്നിരിക്കാൻ ഇടയുള്ള കാര്യമാണു വെളിപ്പെടുന്നതെങ്കിൽ നമുക്ക് മടുപ്പുണ്ടാകാം. ഇനി അതല്ല നമ്മുടെ പ്രതീക്ഷപോലെ ഒന്നും നടന്നില്ലെങ്കിൽ നിരാശയുമുണ്ടാകാം. ഒരു കവിയ്ക്ക് ഇത് രണ്ടിനെയും അഭിസംബോധനചെയ്തുകൊണ്ട് മാത്രമാണ് നല്ല വായനാനുഭവം മുന്നോട്ടുവെക്കാൻ സാധിക്കുകയുള്ളൂ. ചുരുക്കത്തിൽ, ഉള്ളടക്കം കൊണ്ട് മാത്രമല്ല, രൂപഘടനയുടെ കൂടി പിൻബലത്തോടെ മാത്രമാണ് കവിയ്ക്ക് ഇത്തരം അനുഭവങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നത്. അതിനാൽ കൂടിയാണ് വരിമുറിക്കൽ കവിതയിൽ പ്രധാനമാകുന്നത്. ഓരോ വരിയിൽ നിന്നും അടുത്തതിലേക്ക് സഞ്ചരിക്കുന്ന വേളകളിൽ വായനയിലേർപ്പെടുന്നയാൾ ചിന്തിക്കാനിടയില്ലാതിരുന്നത് നൽകുന്നത് വഴി മാത്രമല്ല, അയാൾ ചിന്തിച്ചിരിക്കാനിടയുള്ള കാര്യത്തെ പുതിയമട്ടിൽ അവതരിപ്പിക്കുന്നതു വഴിയും ആശ്ചര്യം സൃഷ്ടിച്ചെടുക്കാനാകും. അപ്രതീക്ഷിതമായ എന്തും ആശ്ചര്യം ഉളവാക്കുന്നു. വരിമുറിക്കൽ അപ്രതീക്ഷിതമായ ഒരിടത്താകുമ്പോൾ പോലും സംഭവിക്കുന്നത് ഈ ആശ്ചര്യം സൃഷ്ടിക്കലാണ്, ഒരുതരം പിരിമുറുക്കം സൂക്ഷ്മതലത്തിൽ അവിടെ രൂപപ്പെടുന്നു.

Luck in Sarajevo
by Izet Sarajlic

In Sarajevo
in the spring of 1992,
everything is possible:

you got stand in a bread line
and end up in an emergency room
with your leg amputated.

Afterwards, you still maintain
that you were very lucky.

(Translated from Serbo-Croat by Charles Simic)

ഇസെക്ക് സറേലിച്ചിൻ്റെ ‘Luck in Sarajevo’ എന്ന കവിതയിൽ ആദ്യവരി ‘എവിടെ’ എന്നും രണ്ടാം വരി ‘എന്നാണെന്നും’ വെളിപ്പെടുത്തുന്നു. സരയാവോയിലെ 1992 ലെ വസന്തത്തിൽ നിന്നും മൂന്നാമത്തെ വരിയിൽ എത്തുമ്പോൾ, 'എന്തും സാധ്യമായിരുന്നെ'ന്ന് കവി എഴുതുന്നു. സരയാവോ നഗരത്തിൽ 1992 എങ്ങനെയായിരുന്നെന്നു ചരിത്രധാരണയില്ലാത്ത വായനക്കാരനെ സംബന്ധിച്ചിടത്തോളം കവിതയുടെ തലക്കെട്ടും രണ്ടാം വരിയിലെ വസന്തം എന്ന കാലവും കൂടിച്ചേർന്ന്, പൊതുവെ ഒരു അർദ്ധവിരാമത്തിനുശേഷം മൂന്നാം വരിയിൽ എത്തുമ്പോൾ ‘എന്തും സാധ്യമായിരുന്നു’ എന്ന വരിയെ അനുകൂലസാഹചര്യമായാണ് വായിക്കാനാകുക. അവിടെ സൃഷ്ടിക്കപ്പെടുന്ന ഭാവം സന്തോഷത്തിൻ്റേതാകാം. ഈ മൂന്നുവരി കവിതാഖണ്ഡികയ്ക്ക് ശേഷം, അടുത്തഖണ്ഡികയിലെ വരികളിൽ എത്തുമ്പോൾ അപ്പത്തിനായി വരിനിൽക്കുന്ന അവസ്ഥയും തൊട്ടടുത്തവരിയിൽ അത്യാഹിതവിഭാഗത്തിൽ എത്തിപ്പെടുന്ന അവസ്ഥയും തുടർന്നുള്ള വരിയിൽ എത്തിപ്പെടാൻ ഇടയായതിനു ശേഷമുള്ള അവസ്ഥയും വെളിപ്പെടുന്നു. ഇതോടെ ആദ്യത്തെ മൂന്നുവരിയിലെ ഭാവം അടുത്ത മൂന്നുവരിയിലൂടെ മാറുന്നു. രണ്ടാമത്തെ കവിതാഖണ്ഡികയിലെ ഓരോ വരിയും പതിഞ്ഞ താളത്തിൽ ഒന്നൊന്നായി വെളിപ്പെടുത്തുക വഴിയാണ് ഇത് സാധ്യമാക്കുന്നത്. സംഭവിച്ചിരിക്കുന്നതൊന്നും നല്ല കാര്യങ്ങളല്ല എന്ന തിരിച്ചറിവിൽ വായിക്കുന്നയാൾ അവസാന രണ്ടുവരികളിൽ എത്തുന്നു, അതിനുശേഷം നിങ്ങൾ നിലനിർത്തിയ കാര്യം നിങ്ങൾ നല്ല ഭാഗ്യമുള്ള ആളായിരുന്നു എന്നതാണെന്നു കവി എഴുതുമ്പോൾ, മൂന്നാം വരിയിലെ ‘എന്തും സാധ്യമായിരുന്നു’ എന്നതിന് ‘എന്തും സംഭവിക്കാമായിരുന്നു’ എന്ന മാനം കൈവരുന്നു. 

ഈ കവിത സരയാവോ നഗരത്തിൽ 1992ൽ, ബോസ്നിയൻ യുദ്ധകാലത്ത്, എങ്ങനെയായിരുന്നെന്നു ധാരണയുള്ള ഒരാളാണു വായിക്കുന്നതെങ്കിൽ, തുടക്കം മുതൽ അയാളിൽ ഉണ്ടാകാനിടയുള്ള തോന്നൽ ‘എന്താണ് കവി ഇങ്ങനെ പറയുന്നത്’ എന്നാകും. അത്തരമൊരു വായനക്കാരനും ഓരോ വരിയും സവിശേഷമായ വായനാനുഭവം ഇസെക്ക് സറേലിച്ച് നൽകുന്നുണ്ട്. അയാളുടെ അറിവിനെ ശരിവെക്കുകയാണു ഒടുവിൽ കവി, എങ്കിലും അതിലേക്ക് നയിക്കുന്ന ആഖ്യാനരീതി വേറിട്ടതാകുന്നു.

ഇതേ കവിത വരിമുറിക്കാതെ എഴുതിയാൽ ഇവ്വിധമാകും: 
In Sarajevo in the spring of 1992, everything is possible: you got stand in a bread line and end up in an emergency room with your leg amputated. Afterwards, you still maintain that you were very lucky.

വരിമുറിക്കൽ ഇല്ലാത്തതിനാൽ, ഇസെക്ക് സറേലിച്ച് നൽകിയ പോലൊരു വായനാനുഭവം ഇവിടെ സാധ്യമല്ലാതെ വരുന്നു. മുകളിലെ ഗദ്യരൂപത്തിൽ നഷ്ടമാകുന്ന വരികൾക്കിടയിലെ ഇടവേളകൾ മൂലം വായിക്കുന്നയാളുടെ മനസ്സിൽ രൂപപ്പെടാനിടയുള്ള ഭാവവ്യത്യാസങ്ങളുടെ സാധ്യതയ്ക്ക് മങ്ങലേൽക്കുന്നു, അതിനുള്ള സമയം ലഭിക്കാതെവരുന്നു. കവിതയുടെ രൂപവും ഉള്ളടക്കവും ഒത്തുചേർന്നുകൊണ്ടാണു കാവ്യാനുഭവം സാധ്യമാകുന്നത്. രൂപത്തെ നിർണ്ണയിക്കുന്നതിൽ വരിമുറിക്കലിനും പങ്കുണ്ടെന്നു മനസ്സിലാക്കുന്ന വായനക്കാരോ കവികളോ ഈ ലേഖനത്തിൻ്റെ തുടക്കത്തിൽ ചൂണ്ടിക്കാണിച്ച മട്ടിലുള്ള ചോദ്യങ്ങൾ ഉന്നയിക്കാനിടയില്ല. ഉള്ളടക്കത്തെ പിന്തുണയ്ക്കാത്ത രൂപമാണ് ഒരു കവിതയ്ക്ക് ഉള്ളതെങ്കിൽ, അത് ഉള്ളടക്കം കൊണ്ട് എത്ര സമ്പന്നമായാലും നല്ല വായനാനുഭവമോ കാവ്യാത്മകമായ മാനസികാവസ്ഥയോ വായനക്കാർക്ക് നൽകാനിടയില്ല.

വരിമുറിച്ചെഴുതൽ വഴി വ്യാഖ്യാനസാധ്യതകളിലും മാറ്റം വരുത്താനാകും. കവിതയെ കവിതയാക്കി മാറ്റുന്ന സന്ദിഗ്ദ്ധാർത്ഥത പ്രകടമാക്കാൻ വരിമുറിക്കുക വഴി കവിതയ്ക്ക് ലഭിക്കുന്ന രൂപത്തിന് സാധിക്കുന്നു.

ഞാൻ 
ഒന്നുമില്ല. 

എന്നെഴുതിയത് വായിക്കുമ്പോൾ ഞാൻ എന്ന വരിയ്ക്കും ഒന്നുമില്ല എന്ന വരിയ്ക്കും തമ്മിലുള്ള അകലം അതായത് ആദ്യവാക്കിൽ നിന്നും അടുത്ത വാക്കിലേക്ക് എത്താനെടുക്കുന്ന ഹ്രസ്വവേളയെ ഒച്ചയായി മാറ്റുമ്പോൾ 'ഞാൻ' എന്ന വാക്ക് ഉച്ചരിച്ച ശേഷം പിന്നീട് 'ഒന്നുമില്ല' എന്ന് പറയുന്ന മട്ടിൽ വായിച്ചെടുക്കാനും ഇടയുണ്ട്. ഞാൻ എന്നതിനെപ്പറ്റി ആലോചന നടത്തുകയും. പിന്നീട് ഒന്നുമില്ല എന്ന വാക്കിലൂടെ ആ ആലോചനയെ തന്നെ റദ്ദ് ചെയ്യുന്നതായും ഇവിടെ വായന സാധ്യമാണ്. എങ്ങനെയൊക്കെ വായിക്കാം എന്ന നിർദേശത്തെ കൂടിയാണ് വരിമുറിക്കൽ മുന്നോട്ടുവെക്കുന്നത്. ഇതേ വരികളെ ഞാൻ എന്ന ഒന്നുമില്ല എന്നും വായിക്കാം. ഞാൻ എന്നത് ഒന്നുമില്ല എന്നതാകുന്നു എന്നും വായിക്കാം. എവിടേക്കെങ്കിലും പോകാൻ വിളിക്കുമ്പോൾ പറയുന്ന മറുപടിയായ 'ഞാനൊന്നുമില്ല' എന്നുമാകാൻ ഈ വാക്കുകൾക്ക് സാധിക്കും. ആ വായന കുറേക്കൂടി തെളിഞ്ഞു കിട്ടുന്ന അവസ്ഥയാണ് അതിനെ വരിമുറിക്കാതെ ഒറ്റവരിയായി എഴുതുന്നത്: ഞാനൊന്നുമില്ല. 

അവളുടെ ഭയം 
ഇരുട്ട്.

എന്നെഴുതുമ്പോഴും വരിമുറിക്കൽ വഴി വാക്കുകൾക്ക് ലഭിച്ച അകൽച്ച രണ്ടു വാക്കുകളെയും വേറിട്ട അർത്ഥങ്ങളായി കൂടി നിർത്താനും അത്തരത്തിൽ സംവദിക്കാനും സാധ്യത നൽകുന്നു. അവളുടെ ഭയത്തെ ഇരുട്ട് എന്ന സങ്കൽപ്പവുമായി ചേർത്തുനിർത്തുകയാണെന്നു തോന്നാം. 'അവളുടെ ഭയം ഇരുട്ട്' എന്ന് എഴുതുമ്പോൾ ആകട്ടെ ഇരുട്ട് അവളുടെ ഭയമാകുന്നു എന്ന വ്യവഹാരഭാഷയിലേക്ക് അത് ചുരുങ്ങുന്നു. കവിതയുടെ ഭാഷ പ്രകടമാകാൻ വരിമുറിക്കൽ ആവശ്യമായി വരുന്നുണ്ടെന്ന് വ്യക്തം. 

ചുരുക്കത്തിൽ, വരിമുറിക്കൽ വഴി കവിതയിൽ സാധ്യമാകുന്നത് പരമ്പരാഗത ലക്ഷ്യത്തിലുള്ള ദൃശ്യാനുഭവവും താളാനുഭവവും മാത്രമല്ല. ഉള്ളടക്കത്തെയും രൂപത്തെയും വിളക്കിച്ചേർക്കുന്നതിലും എഴുത്തിനെ കവിതാനുഭവമാക്കി തീർത്ത് വായിക്കുന്നയാളുടെ ഉള്ളിൽ സൂക്ഷ്മാർത്ഥത്തെ സ്ഥാപിച്ചെടുക്കുന്നതിനും അതിനു പങ്കുണ്ട്. മറ്റൊരുതരത്തിൽ പറഞ്ഞാൽ വൃത്തകവിതയെക്കാൾ പ്രധാനമാണ് വൃത്തമുക്തകവിതയിൽ വരിമുറിച്ചെഴുതൽ. വായിക്കുന്ന ആളുകളിൽ നിന്നും കവിത ആവശ്യപ്പെടുന്നത് സഹസൃഷ്ടാക്കളെയാണ്. ഈ സൃഷ്ടിയുടെ ഭാഗമാക്കാൻ അവസരമൊരുക്കുന്ന ഭാഷയുടെയും സംവേദനത്തിൻ്റെയും തന്ത്രമാണ് കവിതയിൽ വരിമുറിച്ചെഴുതൽ.