ഉപയോഗത്താലും കൂടുതലായി അടുത്തിടപഴകുന്നതു വഴിയും നമുക്ക് ബന്ധങ്ങളും ഭാഷാപ്രയോഗങ്ങളും വസ്തുക്കളും ചുറ്റുപാടുകളും അവ എത്തരത്തിലായിരുന്നോ തുടക്കത്തിൽ അനുഭവവേദ്യമായിരുന്നത് അതേ തീവ്രതയിൽ അനുഭവപ്പെടാതെ വരുന്ന സാഹചര്യമുണ്ടാകും. ചിരപരിചിതമാകുന്നതിലൂടെ കൈമോശം വരുന്ന അനുഭവതലത്തെയും അതിൻ്റെ പുതുമയെയും വീണ്ടെടുക്കാൻ സഹായിക്കുന്ന കലയാണ് കവിത. ഭാഷാപ്രയോഗങ്ങളെയും ചുറ്റുപാടുകളെയും വേറിട്ടരീതിയിൽ സമീപിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ഇത് സാധ്യമാക്കുന്ന രീതിയെ റഷ്യൻ ചിന്തകനും എഴുത്തുകാരനുമായ വിക്റ്റർ ഷ്ക്ലോവ്സ്കി “ostraneniye” എന്നു വിളിച്ചു. അപരിചിതമാക്കൽ എന്ന് മലയാളത്തിൽ പറയാം. വിവരങ്ങളുടെ കൈമാറ്റം എന്നതിനപ്പുറം എഴുത്തിന് കൈവരുന്ന ഈ അധികസാധ്യതയാണ് അതിനെ കലയായി ഉയർത്തുന്നതെന്നു 1917ൽ എഴുതിയ ‘കല ഒരു സങ്കേതമെന്ന നിലയിൽ’ ('Art as a Technique') എന്ന ലേഖനത്തിൽ അദ്ദേഹം സമർത്ഥിക്കുകയുണ്ടായി. സാധാരണമായ ഒരു കാര്യത്തെ വേറിട്ട രീതിയിൽ അവതരിപ്പിക്കുന്നതിലൂടെ വായിക്കുന്നവരെക്കൊണ്ട് ആ കാര്യത്തെ മറ്റൊരു രീതിയിൽ നോക്കിക്കാണാൻ പ്രേരിപ്പിക്കുകയാണ് കവിതയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതുവഴി ആ കാര്യത്തിൻ്റെ ‘സാന്നിദ്ധ്യം’ ഒന്നുകൂടി ഉറപ്പിക്കാൻ സാധിക്കുന്നു. ഒരു കവിയ്ക്ക് വേണ്ട അടിസ്ഥാനശേഷിയും ഈ സമീപനനിലയിലെ വേറിട്ട നോട്ടമാണ്.
പ്രതിബിംബങ്ങളിലൂടെയുള്ള ചിന്തയാണ് കല, പ്രത്യേകിച്ച് കവിത, എന്ന നിരീക്ഷണത്തെ പരിഗണിച്ചാൽ ബിംബങ്ങളിലൂടെയാണ് കവിത സാധ്യമാകുന്നതെന്ന തീരുമാനത്തിലാകാം നമ്മൾ ചെന്നെത്തുക. എന്നാൽ കവിതയുടെ ചരിത്രമെടുത്താൽ ബിംബങ്ങളിൽ കാര്യമായ മാറ്റമൊന്നും സംഭവിക്കുന്നില്ല. എഴുതപ്പെടുന്ന കവിതയുടെ എണ്ണവും കുറയുന്നില്ല. പുതിയ ബിംബങ്ങളാകട്ടെ പുതിയ കാര്യങ്ങൾ ജീവിതത്തിൻ്റെ ഭാഗമാകുന്നതിൻ്റെ സ്വാഭാവികമായ മാറ്റത്തിലൂടെയാണ് കവിതയിൽ ചെന്നെത്തുന്നതും. ഒരു കവി ഉപയോഗിച്ച അതേ ബിംബങ്ങൾ ഉപയോഗിച്ചാകാം മറ്റൊരു കവിയും കവിതയെഴുതുന്നത്. പതിനാറാം നൂറ്റാണ്ടിലെ കവി ഉപയോഗിച്ച ബിംബം തന്നെയാകാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കവിയും ഉപയോഗിക്കുന്നത്. ഇവ്വിധം ബിംബങ്ങൾ സാർവ്വലൗകികമാകുന്നു; അവ എങ്ങനെ ഉപയോഗിക്കുന്നുവെന്നും എത്തരത്തിലുള്ള സമീപനരീതിയാണ് കവി മുന്നോട്ടുവെച്ചിരിക്കുന്നതെന്നതുമാണ് അതിനെ വേറിട്ടുനിർത്തുന്നത് —പുതിയ കവിത സാധ്യമാക്കുന്നതും ഇങ്ങനെയാണ്. മഴയെ അനേകം കവികൾ കണ്ണീരിനോട് ചേർത്തുനിർത്തിയതുകൊണ്ടുകൂടിയാണ് ‘The rain is neither a cry nor a sorrow,/ It is a caress, a washing away / Of the world’s pain, its dust and grime, / Bringing forth a quiet rebirth’ എന്ന് പാബ്ലോ നെരൂദയെഴുതുന്നത്. ടെഡ് ഹ്യൂസിൻ്റെ കവിതയിലാകുമ്പോൾ ഇതേ മഴ ‘A terrible hand out of the sky, / Crushing the earth with its own weight. / But from the crushed earth, new shoots rise.’ എന്നായും മാറുന്നു. അനേകം കവികളിലൂടെ കടന്നുപോയി എന്നതുകൊണ്ട് ഒരു വാക്കും ഒരു ബിംബവും ഒരു കവിയ്ക്കും നിഷിദ്ധമാകേണ്ടതില്ല. അതിനെ പുതുക്കുക എന്നതിലാണ് കവിയുടെ വെല്ലുവിളി.
ചിരപരിചിതമാകുന്നതിലൂടെ മതിയായ ശ്രദ്ധ കൊടുക്കാതെ കാര്യങ്ങളെ നമ്മുടെ തലച്ചോറ് ഉള്ളിലേക്കെടുക്കാനും അനുമാനത്തിലെത്തിച്ചേരാനും ഇടയുണ്ട്. പരിചിതമായ വാക്കുകളിലെ അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽപ്പെടാതെ, ശരിയായ അർത്ഥത്തിൽ വായിച്ചെടുക്കാനുള്ള പ്രവണത ഇത്തരത്തിലുള്ളതാണ്. ചിരപരിചിതത്വം വഴി നമുക്ക് ഇതേ കാര്യങ്ങൾ അനുഭവത്തിൻ്റെയും അനുഭൂതിയുടെയും തലത്തിലും സംഭവിക്കാം. ഇത്തരം സന്ദർഭങ്ങളിൽ അപരിചിതമാക്കൽ എന്നതിൻ്റെ ആവശ്യത്തെക്കാൾ പരിചിതമായതിനെ അതായിത്തന്നെ ഊട്ടിയുറപ്പിക്കുന്ന ഒരു ശ്രമവും കവിയിൽ നിന്നും ആവശ്യമായി വന്നേക്കും. ജർത്രൂദ് സ്റ്റെയിൻ ‘A rose is a rose is a rose…’ എന്നെഴുതിയപ്പോൾ സംഭവിച്ചതും അതാണ്. ഒരു കുഞ്ഞിൻ്റെ നോട്ടമാണ് ഒരാളെ കവിയാക്കി തീർക്കുന്നതെന്നു പറയാറുണ്ട്. ചിരപരിചിതമാകുന്നതിലൂടെ നഷ്ടമാകുന്ന പുതുമ വീണ്ടെടുക്കുക എന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നതോടെ ഒരാൾ കവിയാകുന്നു. അതിനെ അയാളെ സഹായിക്കുന്ന സമീപനരീതി ഭാഷയെയും ലോകത്തെയും ആദ്യമായി, മുൻധാരണകളില്ലാതെ കാണുന്ന കുഞ്ഞിൻ്റേതാകാം.
പരിചിതമായതിനെ അപരിചിതമാക്കുക എന്നതു മാത്രമാണോ പോംവഴി? അല്ല. പരിചിതമായതിനെ ഉപയോഗപ്പെടുത്തി ഒരുപടികൂടി മുന്നോട്ടു സഞ്ചരിക്കാനുള്ള മാർഗ്ഗവും കവികൾക്കു കണ്ടെത്താനാകുന്നു. എല്ലാ കവികളും ചേർന്നു ബൃഹത്തായൊരു കവിത എഴുതുകയാണെന്ന സാധ്യതയും അവിടെ തെളിയുന്നു.
Suicide’s Note
The calm,
Cool face of the river
Asked me for a kiss.
ലാംഗ്സ്റ്റൻ ഹ്യൂസിൻ്റെ ഈ കവിതയിലെ ജലത്തിനു മുഖം ഉണ്ടെന്ന സങ്കൽപ്പത്തിൻ്റെ അടിസ്ഥാനം കവിതയ്ക്ക് പുറമേ നിന്നുള്ളതാണ്. കവിത ആ കൽപ്പനയെ സാധൂകരിക്കുന്ന ന്യായം മുന്നോട്ടുവെക്കുന്നില്ല. എന്നാൽ പഴയ നിയമത്തിലെ രണ്ടാം വാചകം ഇങ്ങനെയാണ്: ‘ദൈവത്തിന്റെ ചൈതന്യം ജലത്തിൻ്റെ മുഖത്തിലൂടെ നീങ്ങിക്കൊണ്ടിരുന്നു’. ബൈബിളിൻ്റെ ഹീബ്രൂ മൂലത്തിൽ ഇത്തരത്തിൽ രൂപകമായി അവതരിപ്പിക്കപ്പെട്ട കാര്യത്തിൽ - ജലത്തിൻ്റെ മുഖം എന്നതിൽ - നിന്നുകൊണ്ട് അടുത്തപടി മുന്നോട്ടുവെക്കാനാണു ഹ്യൂഗ്സ് ശ്രമിച്ചിരിക്കുന്നത്. ആ മുഖം ഒരു ചുംബനം ചോദിച്ചുവെന്നു അവതരിപ്പിച്ചുകൊണ്ടാണ് ആത്മഹത്യയുടെ കുറിപ്പ് എന്ന കവിത അദ്ദേഹം പൂർത്തിയാക്കുന്നത്.
സംവേദനതലത്തിൽ ആശയകൈമാറ്റം എന്ന ഏക ലക്ഷ്യത്തെ മറികടന്നുകൊണ്ട് കവിതാനുഭവം സാധ്യമാക്കുന്ന രീതിയിൽ ചുറ്റുപാടുകളെ സവിശേഷരീതിയിൽ നോക്കിക്കാണുന്ന മട്ടിൽ ഭാഷയെ ഉപയോഗിക്കാനും കവിതയ്ക്കാകുന്നു. എൻ്റെ കവിതയെഴുത്തിൻ്റെ തുടക്കക്കാലത്ത് ഞാൻ അറിഞ്ഞോ അറിയാതെയോ ശ്രദ്ധയൂന്നിയ ഒരു കാര്യം ഇതായിരുന്നെന്ന് തിരിച്ചറിയുന്നു.
യാഥാർത്ഥ്യം / ആശയം: വെള്ളം ചൂടിൽ നീരാവിയാകുന്നു
കവിതയിൽ : ഇല്ല, കുടിച്ചിരിക്കില്ല / വെയിൽ കുടിച്ചിടത്തോളം വെള്ളമാരും
യാഥാർത്ഥ്യം / ആശയം: തെരുവുവിളക്കിൻ കീഴിൽ ഒരാൾ കിടന്നുറങ്ങുന്നു
കവിതയിൽ : വഴിവിളക്കിൻ കീഴെ / തന്റെതന്നെ നിഴൽ വിരിച്ചതിന്മേൽ /
കിടന്നുറങ്ങുന്നുണ്ടൊരാൾ
യാഥാർത്ഥ്യം / ആശയം: മുളപൊട്ടി ഒരു ചെടിയുണ്ടാകുന്നു
കവിതയിൽ : വിത്തു പിളർത്തി / ഇല ഇറങ്ങിപ്പോയ വഴി / തണ്ടായി.
സമീപനരീതിയിലെ വേറിടൽ ഒരു കവിതയുടെ മൊത്തത്തിലുള്ള വീക്ഷണരീതിയായും അവതരിപ്പിക്കപ്പെടുന്നതും പതിവാണ്:
- ആനയുടെ വളർത്തുമൃഗമാണ് പാപ്പാൻ (വിമീഷ് മണിയൂർ)
- അങ്ങനെയും ഒരു ലോകമുണ്ട് (പി. എൻ. ഗോപീകൃഷ്ണൻ): മൊബൈല്‍ഫോണിനുശേഷം ലാന്റ്ഫോണ്‍ കണ്ടുപിടിക്കപ്പെട്ട ലോകത്തെ സങ്കൽപ്പിക്കുന്നു.
മഴ പെയ്യും
മഴ പെയ്യും
കടുവകളുടേയും മയിലുകളുടേയും
ആനകളുടേയും സിംഹങ്ങളുടേയും
ആകൃതിയില്‍ മുറിക്കപ്പെട്ട്
പാര്‍ക്കില്‍ നില്‍ക്കുന്ന
ചെടികള്‍ക്കുമേല്‍.
മഴ പെയ്യും
മഴ പെയ്യും
ചെടികള്‍ വീണ്ടും ചെടികള്‍ ആയിത്തീരും.
(അങ്ങ് അത് ചെയ്യും / ഗോപാല്‍ ഹൊണാല്‍ഗെരെയുടെ ഇംഗ്ലീഷ് കവിത. വിവര്‍ത്തനം:പി.എന്‍.ഗോപീകൃഷ്ണന്‍)
മുറിച്ചിട്ട മരച്ചില്ലയിൽ മുളപൊട്ടി
മറ്റൊരു മരമായി; അങ്ങനെ
വന്മരങ്ങളിൽ കാണും
ചില്ലകളത്രയും ചെറുമരങ്ങളായി.
(കാണൽ/സുജീഷ്)
ഇതാ
മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കു
പുറംതിരിഞ്ഞുനിന്ന്
നാമെടുത്ത
മനോഹരമായ
ഫോട്ടോകൾ!
(യാത്ര കഴിഞ്ഞ്/പി. രാമൻ)
ചുരുക്കത്തിൽ, കവിത യാഥാർത്ഥ്യത്തെ അതേപടി പകർത്തുകയല്ല, പുതിയ മട്ടിൽ അനുഭവപ്പെടുത്തുകയാണ് ചെയ്യുന്നത്. പരിചിതമായതിനെ അപരിചിതമാക്കിക്കൊണ്ടോ ചിരപരിചിതത്വം കാരണം നാം വിട്ടുപോകുന്നവയിലേക്ക് സവിശേഷശ്രദ്ധ വീണ്ടും ക്ഷണിച്ചുകൊണ്ടോ പുതുമ നഷ്ടമായവയെ മറ്റൊരുമട്ടിൽ നോക്കിക്കണ്ടുകൊണ്ട് അവയിലെ പുതുമയെ വീണ്ടെടുക്കുന്നതിലേക്കോ കവിത നമ്മളെ നയിക്കുന്നു. ഇതിനായി ഉപയോഗിക്കപ്പെടുന്നതുവഴി ഭാഷയിലും ആ ഉന്മേഷം നിറയുന്നു. മുഷിച്ചിലോടെ നമ്മൾ നോക്കിക്കണ്ടിരുന്ന ജീവിതവും ചുറ്റുപാടുകളും ഇവ്വിധം പുത്തനാക്കാൻ കവിതാവായനയിലൂടെ നമുക്കാകുന്നു. നമ്മൾ എന്താണ് കണ്ടത് എന്നതിനെ നമ്മൾ എങ്ങനെയാണ് കണ്ടത് എന്ന തോന്നലിലേക്ക് നയിക്കാൻ കവിതയ്ക്കാകുന്നു. ഇങ്ങനെയും കണ്ടുകൂടെയെന്നും കവിത ആരായുന്നു. അങ്ങനെ, നമ്മുടെ അറിവുകൾക്കുമേൽ കവിത അനുഭവത്തിനെ മറ്റൊരു സമീപനം കൂടി ചേർത്തുവെക്കുന്നു. ദൈനംദിനജീവിതത്തെ പുത്തനാക്കുന്നു.