'ഒരു നല്ല കവിത ഒരിടത്തുനിന്നും തുടങ്ങി തികച്ചും വേറിട്ട മറ്റൊരിടത്ത് ഒടുങ്ങുമ്പോൾ, ഇത് വൈരുദ്ധ്യത്തിലോ തികച്ചും വിപരീതമായ ഒന്നിലോ ആകാം; അപ്പോഴും യോജിപ്പിൻ്റേതായൊരു അവസ്ഥ നിലനിർത്തുന്നുണ്ട്' എന്ന് അമേരിക്കൻ കവിയും നിരൂപകനുമായ റാന്ദൽ ജർറൽ ചൂണ്ടിക്കാണിക്കുന്നു. ഇത് എങ്ങനെയാണ് സാധ്യമാകുന്നതെന്ന കാര്യം വെളിപ്പെടുന്നത് കവിതയുടെ ഘടനയിലൂടെയാണ്. ഈ പരിവർത്തനം നല്ല കവിതകൾക്കെല്ലാം വളരെ പ്രധാനവുമാണ്.
ഇറ്റാലിയൻ ഗീതകങ്ങളിലും ജാപ്പനീസ് ഹൈക്കുകവിതകളിലും ഈ തിരിവുകൾ സംഭവിക്കുന്നത് സാധാരണഗതിയിൽ കൃത്യമായ ഒരിടത്താണ്. മൂന്നുവരി രൂപമുള്ള ഹൈക്കുവിൽ ആദ്യത്തെ രണ്ട് വരികൾക്കു ശേഷം സംഭവിക്കുന്ന ഈ തിരിവ് ജാപ്പനീസിൽ കിരേയ്ജി എന്ന് വിളിക്കപ്പെടുന്നു. ഇറ്റാലിയൻ സോണറ്റുകളുടെ രൂപത്തിൽ രണ്ട് സ്റ്റാൻസകളാണ് ഉള്ളത്, ആദ്യത്തെ സ്റ്റാൻസയിൽ എട്ടുവരികൾ - ഒക്റ്റാവ് എന്നറിയിപ്പെടുന്നു; രണ്ടാമത്തെ സ്റ്റാൻസയിൽ ആറുവരികളും, സെസ്റ്റെറ്റ്. ഒരു കാര്യത്തെക്കുറിച്ചുള്ള വിവരണത്തിൽ നിന്നോ വിശദീകരണത്തിൽ നിന്നോ തീർപ്പിലേക്ക് തിരിയുന്ന സന്ദർഭങ്ങൾ ഇറ്റാലിയൻ ഗീതകങ്ങളിൽ വോൾട്ട എന്ന് അറിയപ്പെടുന്നു. സാധാരണഗതിയിൽ വോൾട്ട അഥവാ ഈ തിരിവ് സംഭവിക്കുന്നത് ഒമ്പതാമത്തെ വരിയിലാകും, അതായത് ആദ്യത്തെ സ്റ്റാൻസയ്ക്ക് ശേഷം.
നിയതമായ രൂപമോ താളവ്യവസ്ഥയോ പിന്തുടരുന്നതും ഇത്തരത്തിൽ ചെറിയ രൂപം (form) പിൻപറ്റുന്നതുമായ കവിതകൾക്ക് ഇങ്ങനെ കൃത്യമായ ഇടങ്ങളിൽ തിരിവുകൾ ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ വ്യത്തരഹിത/വൃത്തമുക്ത കവിതകളെ സംബന്ധിച്ച് ഈ തിരിവുകൾ പലപ്പോഴും രൂപത്തെ അധിഷ്ഠിതമായി നിലനിൽക്കുന്നവയാകണമെന്നില്ല. രൂപം പലപ്പോഴും താളവ്യവസ്ഥയെയും താളുകളിൽ എങ്ങനെ കാണപ്പെടണം എന്നതിനെയോ നിർണ്ണയിക്കുന്നതോ അതിൻ്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നവയോ ആകാം. അതേസമയം ഘടനയാകട്ടെ ഉള്ളടക്കത്തോട് ചേർന്നുനിന്നുകൊണ്ട് എന്ത്, എങ്ങനെ, എപ്പോൾ വെളിപ്പെടണമെന്ന് നിർണ്ണയിക്കുന്ന സാങ്കേതികതലമാണ്. പുതിയകാല കവിതയുടെ ക്രാഫ്റ്റിൽ രൂപത്തെക്കാൾ ഘടനയ്ക്ക് പ്രാധാന്യമേറുന്നതിനാൽ കവിത പഠിക്കാനും എഴുതാനും വായിക്കാനും ശീലിക്കുന്നവർക്ക് ഏറെ ഗുണപ്രദമായി മാറുന്ന ഒരു കാഴ്ചപ്പാടായി ഇതിനെ കാണാം.
ഓരോ എഴുത്തിനും അതിന്റെതായ ലക്ഷ്യങ്ങളുണ്ട്. കവിതയുടെ കാര്യത്തിൽ ലോകത്തെ മറ്റൊരു രീതിയിൽ നോക്കിക്കാണാൻ പ്രേരിപ്പിക്കുകയോ വായനക്കാരിലെ വികാരമുണർത്തുകയോ ഒരു ഞെട്ടലോ അത്ഭുതമോ പോലുള്ള അനുഭൂതി പങ്കിടുകയോ ചിന്തയോ ആശയമോ പങ്കുവെക്കുകയോ ഒക്കെയാകാം ലക്ഷ്യം. ചിലപ്പോൾ ഇതെല്ലാം ഒന്നിച്ച് സാധ്യമാക്കുകയുമാകാം. ഇത്തരം ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ഘടനയിലൂടെയാണ്. വെളിപ്പെടുത്തേണ്ട കാര്യങ്ങൾ ഏത് സമയത്ത് എങ്ങനെ വെളിപ്പെടുത്തണമെന്നും അതുവഴി വായനക്കാരിൽ ആഘാതം എങ്ങനെ ഏൽപ്പിക്കാമെന്നും നിർണ്ണയിക്കുന്നത് കവിതയുടെ ഘടനയാണ്. ഘടനയ്ക്ക് ഇരട്ടദൗത്യങ്ങളുണ്ട്. എപ്പോൾ എന്ത് വെളിപ്പെടുത്തണം എന്നു തീരുമാനിക്കുക. അതേസമയം വെളിപ്പെടുത്തേണ്ട വിവരമായിരിക്കുക. മറ്റൊരുവിധം പറഞ്ഞാൽ ഉള്ളടക്കത്തിൽ നിന്നും വേറിട്ടുകൊണ്ട് ഘടനയ്ക്ക് നിലനിൽപ്പില്ല. ഒരു വികാരത്തിലേക്കോ പ്രവർത്തിയിലേക്കോ പ്രത്യേകകാര്യം മനസ്സിലാക്കുന്നതിലേക്കോ വായനക്കാരെ നയിക്കുന്ന കവിതയുടെ മാർഗമാണ് ഘടന.
പറയാനുള്ള കാര്യം നമ്മളിലേക്ക് പൊടുന്നനെ വന്നെത്തുന്നതാകാം. എന്നാൽ എങ്ങനെ പറയണം (പുതിയകാല സാഹിത്യത്തിൽ ഇത് വളരെ പ്രാധാന്യമുള്ള കാര്യമാകുന്നു) എന്നതും എന്തൊക്കെ എപ്പോൾ പറയണം എന്നതും കൃത്യമായും നമ്മുടെ തിരഞ്ഞെടുപ്പാണ്. ഒരു കവിത വായിക്കുന്ന ആളിൽ അയാളുടെ ഭാവന പ്രവർത്തിക്കുക വായിക്കുന്ന വരിയെ മാത്രം കണ്ടുകൊണ്ടല്ല. അടുത്തവരിയിൽ എന്തുണ്ടാകാം എന്നുകൂടി അയാൾ ആലോചിക്കുകയും ആ ആലോചനയെ അടുത്തവരി എങ്ങനെ നേരിടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാകും ആശ്ചര്യം പോലുള്ള വികാരങ്ങൾ ഉണ്ടാകുക. എന്നുമാത്രമല്ല ഇതിനോടകം വായിച്ചതൊക്കെയും ചേർത്തുവെച്ചാകും അയാൾ ഓരോ വരിയിലൂടെയും മുന്നോട്ട് പോകുന്നത്. അതിനാൽ കവിതയുടെ ഘടനയെന്നു പറയുന്നത് കവിത ആകെത്തുകയിൽ എന്ത് എങ്ങനെ പറയുന്നു എന്നതിനും ഓരോ വരിയിലും വാക്കിലും എന്ത് വെളിപ്പെടുത്തുന്നു എന്നതിനും ഒപ്പം വായനക്കാരൻ ഓരോ വാക്കിനോടും വരിയോടും എങ്ങനെ പ്രതികരിക്കുമെന്നത് കണക്കാക്കി കൂടിയാണ് നിർണ്ണയിക്കപ്പെടുന്നത്.
കഥയിലും നോവലിലും ആഖ്യാനതന്ത്രമെന്നോ ആഖ്യാനരീതിയെന്നോ പരാമർശിക്കുന്നതിനു സമാനമായ കാര്യമാണ് ഇവിടെ കവിതയുടെ ഘടനയായി കണക്കാക്കുന്നതെന്നു തോന്നാം. കഥയിൽ അടുത്തതായി എന്ത് സംഭവിക്കുമെന്ന ഉദ്വേഗത്തിനാണ് പ്രാഥമികപരിഗണന. കവിതയിൽ അങ്ങനെയൊരു ആകാംക്ഷ പലപ്പോഴും ഉണ്ടാകാറില്ല. അതേസമയം അടുത്ത വരിയോ വാക്കോ ഉണ്ടാക്കുന്ന ആശ്ചര്യം പ്രധാനമാണ്. നിയതമായ ഒരു പ്ലോട്ട് കഥയിലേതുപോലെ ആവശ്യമല്ലാത്തതിനാൽ കവിതയുടെ പ്രാഥമികപരിഗണനയിൽ വരുന്ന കാര്യമല്ല ആഖ്യാനം. ഇമേജറികൾ ചേർത്തുവെച്ചും കവിത സാധ്യമാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ കഥയിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന ആദ്യത്തെ കാര്യം ഉദ്വേഗമാകുമ്പോൾ രണ്ടാമത്തെ കാര്യമാണ് അശ്ചര്യം. കവിതയിൽ നേരെ തിരിച്ചും. ഒരു നല്ല കവിതയിൽ ആശ്ചര്യപ്പെടുത്തുന്ന നിമിഷങ്ങൾ തീർച്ചയായും ഉണ്ടായിരിക്കും. ഒരു വായനക്കാരനെ തൃപ്തിപ്പെടുത്തുന്നതിൽ കവിതയിലെ ഇത്തരം നിമിഷങ്ങൾക്ക് വലിയ പങ്കുണ്ട്.
കവിതയുടെ ആഖ്യാനപരമായ ഒഴുക്കും ആ ഒഴുക്കിനിടയിലെ തിരിവുകളെയും പറ്റി ആലോചിക്കുമ്പോൾ നമുക്ക് വളരെപെട്ടെന്നു പിടികിട്ടാവുന്ന ഒരു ഘടന കഥയും ലേഖനങ്ങളും മിക്കപ്പോഴും പിന്തുടരുന്ന വിശദാംശങ്ങളിൽ നിന്നും കണ്ടെത്തലിലേക്ക് നയിക്കുന്ന ഘടനയാകും. ഈ ഘടനയിലുള്ള കവിതകൾക്കു രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും. ഒരു വസ്തുവിനെയോ കാര്യത്തെയോ സന്ദർഭത്തെയോ കുറിച്ച് വിശദീകരണം നൽകുന്ന ആദ്യഭാഗവും ഇതിൽ നിന്നുമെത്തുന്ന നിഗമനമായോ ധ്യാനമായോ കണക്കാക്കാവുന്ന രണ്ടാമത്തെ ഭാഗവും. വായനക്കാരന്റെ ചിന്തയെയോ ഭാവനയെയോ വികാരത്തെയോ പൊടുന്നനെ ഒരു തിരിവിലൂടെ ഉണർത്താൻ സാധിക്കുന്ന രണ്ടാമത്തെ ഭാഗമാണ് ഈ ഘടനയുള്ള കവിതകളിൽ കാവ്യാനുഭവം സാധ്യമാക്കുന്നത്. അതിനെ ബലപ്പെടുത്തുകയാണ് ആദ്യഭാഗത്തിന്റെ ദൗത്യം. കെ. സച്ചിദാനന്ദന്റെ ‘ഭ്രാന്തന്മാർ‘, പി. എൻ. ഗോപീകൃഷ്ണന്റെ ‘അപൂര്ണ്ണമായതുകൊണ്ടു മാത്രമല്ല, കലയില് ഞാന് വിശ്വസിക്കുന്നത്‘ എന്നിങ്ങനെ നിരവധി കവിതകൾക്കുള്ളത് ഈ ഘടനയാണ്. താരതമ്യേന എല്ലാവർക്കും പരിചിതമായതും പെട്ടെന്നു തിരിച്ചറിയാനാകുന്നതുമായ സങ്കീർണ്ണത കുറഞ്ഞ ഘടനകളിൽ ഒന്നാണിത്.
ഒന്നിലധികം ഘടനങ്ങൾ ചേർന്നുണ്ടാകുന്ന സങ്കീർണ്ണ ഘടനകളും കവിതയ്ക്ക് ഉണ്ടാകാറുണ്ട്. മൈക്കൾ ത്യൂൺ എഡിറ്റ് ചെയ്ത 'Structure & Surprise: Engaging Poetic Turns' എന്ന പുസ്തകത്തിലും ഇതിനു അനുബന്ധമായി തുടങ്ങിയ ബ്ലോഗിലും ഇത്തരത്തിൽ നിരവധി ഘടനകളെക്കുറിച്ച് കവിതകളെ ഉദാഹരിച്ചുകൊണ്ട് വിലയിരുത്തൽ നടത്തുന്നുണ്ട്. ഒരു നിശ്ചിത എണ്ണത്തിൽ ഒതുക്കാൻ സാധിക്കുന്നതല്ല കവിതയിൽ സാധ്യമാകുന്ന ഘടനകൾ.
പ്രമേയപരമായ വൈവിധ്യമില്ലായ്മ മാത്രമല്ല ഒരു കവി ഒരേതരം കവിതകൾ എഴുതുന്നു എന്ന വിമർശനത്തിൻ്റെ ന്യായമായി ഉന്നയിക്കേണ്ടതെന്നും ഇതിലൂടെ മനസ്സിലാക്കേണ്ടതുണ്ട്. ഒരേ തരം ഘടനയെയാണ് ഒരു കവി പിൻപറ്റുന്നതെങ്കിൽ ആ കവി കൈവശപ്പെടുത്തിയിരിക്കുന്ന ക്രാഫ്റ്റ് ഏകതാനമാണെന്നാണ് മനസ്സിലാക്കേണ്ടത്. ഇത്തരത്തിലുള്ള വിശകലനവും വിമർശനവും സമകാലീന കവിതാവിമർശനരംഗത്ത് പ്രാധാന്യമർഹിക്കുന്നുണ്ട്.
ഓരോ കവിത വായിക്കുമ്പോഴും അതിൽ എന്താണ് കാവ്യാനുഭവം സാധ്യമാക്കിയത് എന്ന് ആലോചിക്കുന്നതിനൊപ്പം എങ്ങനെയാണ് കാവ്യാനുഭവം സാധ്യമായിരിക്കുന്നത് എന്ന ആലോചന ഉണ്ടാകുന്നിടത്താണ് അതിന്റെ ഘടനയെപ്പറ്റി ചിന്തിക്കേണ്ടി വരുന്നത്. ഘടനയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കവി താൻ പങ്കുവെക്കുന്ന കാര്യത്തെ വായനക്കാരന് അനുഭവപ്പെടുത്തി കൊടുക്കുന്നത്. ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം വ്യവഹാരഭാഷയിലൂടെ സാധിക്കുമെന്നിരിക്കെ അതേ ആശയങ്ങളെയും അനുഭവങ്ങളെയും വായനക്കാരനു കാവ്യാനുഭവമായി ലഭിക്കണമെങ്കിൽ കവിതയുടെ ഘടനയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ട്.
പലതരം ഘടനകൾ കവിതയെ ഉദാഹരണമായെടുത്ത് വിശദമാക്കുന്നത് അറിയാൻ ഈ ബ്ലോഗ് സന്ദർശിക്കുക: Structure & Surprise Engaging Poetic Turns