Showing posts with label വിമർശനം. Show all posts
Showing posts with label വിമർശനം. Show all posts
പരിസ്ഥിതി കവിതയിലെ രാഷ്ട്രീയമുക്ത ഭാവുകത്വം

പരിസ്ഥിതി കവിതയിലെ രാഷ്ട്രീയമുക്ത ഭാവുകത്വം

പരിസ്ഥിതി കവിതകൾ എന്താണ് മറച്ചുവെക്കുന്നത്? വന നശീകരണം, കീടനാശിനികളുടെ പ്രയോഗം, ഗ്രാമീണ പ്രകൃതിയുടെ അപ്രത്യക്ഷമാകൽ എന്നിവ മലയാള സാഹിത്യത്തിൽ സജീവ വിഷയങ്ങളാണ്. ഇങ്ങനെയുള്ള കവിതകളെ പൊതുവെ ‘പരിസ്ഥിതി കവിത’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി വിലയിരുത്താറുണ്ട്. എന്നാൽ ഈ വർഗ്ഗീകരണം ഒരു പ്രധാന ചോദ്യത്തെ പലപ്പോഴും മറച്ചുവയ്ക്കുന്നു. പരിസ്ഥിതിയെക്കുറിച്ച് എഴുതുന്ന എല്ലാ കവിതകളും രാഷ്ട്രീയപരമായി പൂർണ്ണാർത്ഥത്തിൽ പരിസ്ഥിതി കവിതകളാണോ?

കവിതയുടെ വിഷയം പരിസ്ഥിതിയാണെന്നതുകൊണ്ട് മാത്രം അത് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സത്ത ഉൾക്കൊള്ളണമെന്നില്ല. പ്രകൃതിയെ സ്നേഹിക്കുന്നതും പരിസ്ഥിതി നീതിയെ സങ്കൽപ്പിക്കുന്നതും ഒരേ കാര്യമല്ല. അതുപോലെ, വന നശീകരണത്തെക്കുറിച്ച് വിലപിക്കുന്നതും വന നശീകരണത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ കാവ്യാനുഭവമാക്കുന്നതും ഒരേ കാര്യമല്ല. ഒരു കവിത പ്രകൃതിയെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ്, പ്രകൃതിയുടെ ഭാഗമായുള്ള മനുഷ്യർക്കിടയിലുള്ള അധികാരശ്രേണി ബന്ധത്തെ പരിസ്ഥിതി പ്രതിസന്ധിയുടെ കാരണങ്ങളെ മുൻനിർത്തി എങ്ങനെ സങ്കൽപ്പിക്കുന്നു എന്നത്.

പരിസ്ഥിതി ഭാവുകത്വം രാഷ്ട്രീയമായി പരാജയപ്പെടുന്നത് പരിസ്ഥിതി പ്രശ്നത്തെ ചരിത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരബന്ധങ്ങളുടെ ഫലമായി കാണാതിരിക്കുമ്പോഴാണ്. പകരം അത് മനുഷ്യവർഗ്ഗത്തിന്റെ സദാചാരപരമായ പരാജയമായോ നഷ്ടപ്പെട്ട പ്രകൃതിയുടെ ഗൃഹാതുര സ്മരണയായോ അവതരിപ്പിക്കപ്പെടുന്നു. ഇവിടെ 'സദാചാരം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ വ്യക്തിപരമായ കുറ്റബോധം, ആത്മപരിശോധന, കരുണ, പരിചരണം തുടങ്ങിയ വൈകാരിക-സാംസ്കാരിക അനുഭവങ്ങളായി പുനർനിർവചിക്കുന്ന സാംസ്കാരിക യുക്തിയെയാണ്. രാഷ്ട്രീയ സംഘർഷങ്ങളെ ഇത്തരം വൈകാരിക അനുഭവങ്ങളാക്കി പരിവർത്തനം ചെയ്യുന്നതാണ് കാല്പനിക പരിസ്ഥിതി ഭാവുകത്വത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്ന്. ഇത്തരം ഭാവുകത്വ രൂപങ്ങളെ മലയാളത്തിൽ ശ്രദ്ധേയരാക്കപ്പെട്ട രണ്ട് കവികളുടെ കവിതകളെ മുൻനിർത്തി വിലയിരുത്താനുള്ള ശ്രമമാണ് ഈ ലേഖനം. കവികളുടെ അവകാശവാദം എന്നതിനെക്കാൾ, പരിസ്ഥിതി കവിതകൾ എന്ന പേരിൽ പൊതുമണ്ഡലത്തിൽ വിലയിരുത്തപ്പെട്ട കവിതകളാണ് ഇവയെന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം.

വീരാൻകുട്ടിയുടെ കവിതകളിൽ പലതും പരിസ്ഥിതി കവിതകളായി വിലയിരുത്തപ്പെടാറുണ്ട്. എന്നാൽ പരിസ്ഥിതി പ്രശ്നത്തെ മനുഷ്യന്റെ സദാചാരപരമായ പരാജയമായി അവതരിപ്പിക്കുന്നവയാണ് അവയിലേറെയും. മറുവശത്ത്, പി. പി. രാമചന്ദ്രന്റെ 'മാമ്പഴക്കാലം' പോലുള്ള കവിതകൾ നഷ്ടപ്പെട്ട പ്രകൃതിയെ രുചിയുടെയും ബാല്യത്തിന്റെയും ഓർമ്മയാക്കി മാറ്റുന്നു. ഇവ പരസ്പരം വ്യത്യസ്തമായ കാവ്യരീതികളാണെങ്കിലും, രണ്ടും പരിസ്ഥിതി കവിതയെന്ന നിലയിൽ ഒരേ രാഷ്ട്രീയ പരിമിതിയാണ് വെളിപ്പെടുത്തുന്നത്. രണ്ടിടത്തും പരിസ്ഥിതിപ്രശ്നത്തിന് കാരണമായ ചരിത്രപരമായ അധികാരഘടനകളും ഉത്പ്പാദനബന്ധങ്ങളും രാഷ്ട്രീയവും മറയ്ക്കപ്പെടുന്നു.

കവിത ആരെയാണ് ഉത്തരവാദിയാക്കുന്നത്? ഏത് സാമൂഹികബന്ധങ്ങളെ വെളിപ്പെടുത്തുന്നു, ഏതിനെയാണ് മറച്ചുവെക്കുന്നത്? പരിസ്ഥിതി നാശം ചരിത്രപരമായി രൂപപ്പെട്ട ഉത്പ്പാദനരീതികളുടെയും വികസനനയങ്ങളുടെയും മൂലധനസമാഹരണത്തിന്റെയും രാഷ്ട്രീയ തീരുമാനങ്ങളുടെയും ഫലമാണോ? ഈ ചോദ്യത്തിന് കവിത നൽകുന്ന ഉത്തരം അതിന്റെ ഭാവുകത്വത്തെ നിർണ്ണയിക്കുന്നു. ഇവിടെയാണ് പരിസ്ഥിതി ഭാവുകത്വത്തിന്റെ രാഷ്ട്രീയപ്രസക്തി. പരിസ്ഥിതി പ്രതിസന്ധി സ്വയമേ ഒരു പ്രകൃതിദുരന്തമല്ല. പരിസ്ഥിതി വിഷയം മനുഷ്യവർഗ്ഗത്തിന്റെ പൊതുവായ അസ്തിത്വപ്രശ്നങ്ങളല്ല. അസമമായ സാമ്പത്തിക ശക്തികളും രാഷ്ട്രീയ തീരുമാനങ്ങളും വികസന മാതൃകകളും ചേർന്ന് സൃഷ്ടിച്ച ചരിത്രസംഭവങ്ങളാണ്.

മലയാളത്തിലെ പരിസ്ഥിതി കവിതകൾ പലപ്പോഴും ഈ ചരിത്രത്തെ അവഗണിക്കുകയോ ലളിതമാക്കുകയോ ചെയ്യുന്നു. ചരിത്രപരമായ ബന്ധങ്ങൾ കേവലം അനുഭവങ്ങളായി ലളിതയുക്തിയിൽ എഴുതപ്പെടുന്നു. അധികാരഘടനകൾ വികാരങ്ങളായി മാറുന്നു. ഉത്പ്പാദനക്രമങ്ങൾ മനുഷ്യസ്വഭാവത്തിന്റെ കഥകളായി അവതരിപ്പിക്കപ്പെടുന്നു. അങ്ങനെ പരിസ്ഥിതി രാഷ്ട്രീയം ക്രമേണ ഒരു സദാചാരമോ ഗൃഹാതുരമോ ആയ അനുഭവത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു. അതിൽ നിന്നും അനിവാര്യമായ രാഷ്ട്രീയസത്ത നീക്കം ചെയ്യപ്പെടുന്നു. ഈ പരിവർത്തനമാണ് മലയാള സാഹിത്യത്തിലെ രാഷ്ട്രീയമുക്ത പരിസ്ഥിതി ഭാവുകത്വം.

രാഷ്ട്രീയമുക്ത പരിസ്ഥിതി ഭാവുകത്വം പരിസ്ഥിതി പ്രശ്നത്തെ നിഷേധിക്കുന്നില്ല. മറിച്ച് അതിനെ മറ്റൊരു രീതിയിൽ അനുഭവിപ്പിക്കുകയാണ്. ആ അനുഭവത്തിന് ഒരു പ്രത്യേക ഘടനയുണ്ട്. പരിസ്ഥിതി നാശത്തിന്റെ രാഷ്ട്രീയ മൂലധനവ്യവസ്ഥ അതിൽ മറയ്ക്കപ്പെടുന്നു. പരിസ്ഥിതി നീതിയുടെ ചോദ്യം ഒടുവിൽ കുറ്റബോധത്തിന്റെയോ നഷ്ടബോധത്തിന്റെയോ ചോദ്യമായി വ്യക്തികളിലേക്ക് ചുരുങ്ങുന്നു.

സമകാലിക പരിസ്ഥിതി രാഷ്ട്രീയത്തിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം പരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ചുള്ള അറിവിലല്ല, അതിനെ രാഷ്ട്രീയമായി മനസ്സിലാക്കുന്ന രീതിയിലാണ് സംഭവിച്ചത്. പരിസ്ഥിതി നാശത്തിന്റെ പ്രധാന കാരണങ്ങൾ വ്യവസായ ഉത്പാദനം, ഫോസിൽ ഇന്ധനാധിഷ്ഠിത വികസനം, വന നശീകരണം, വിഭവചൂഷണം തുടങ്ങിയ ഘടനാപരമായ പ്രക്രിയകളിലാണെങ്കിലും, അവയെ നേരിടേണ്ട ഉത്തരവാദിത്തം ക്രമേണ വ്യക്തികളുടെ ജീവിതശൈലിയിലേക്കും ഉപഭോഗശീലങ്ങളിലേക്കും സദാചാര തിരഞ്ഞെടുപ്പുകളിലേക്കും മാറ്റപ്പെട്ടു. സാമൂഹികപ്രശ്നങ്ങളെ ഘടനാപരമായ അധികാരബന്ധങ്ങളിൽ നിന്ന് വ്യക്തിപരമായ ഉത്തരവാദിത്തത്തിലേക്ക് പുനർനിർവചിക്കുക എന്ന നിയോലിബറൽ മുതലാളിത്ത യുക്തിയുടെ ഭാഗമാണ് ഈ സ്ഥാനമാറ്റം.

ഈ യുക്തി പല രൂപങ്ങളിൽ പ്രവർത്തിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധിയെ വ്യക്തിയുടെ ജീവിതശൈലിയുമായി ബന്ധിപ്പിക്കുന്ന കാർബൺ ഫൂട്ട്പ്രിന്റ് എന്ന ആശയം (ഫോസ്സിൽ ഫൂയിൽ കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയം നടപ്പിലാക്കിയ പിആർ പ്രചാരണമായിരുന്നു ഇതെന്നത് പ്രത്യേകം ഓർക്കുക), പ്ലാസ്റ്റിക് മലിനീകരണത്തെ ഉത്പാദനവ്യവസ്ഥയുടെ പ്രശ്നത്തിൽ നിന്ന് ഉപഭോക്താവിന്റെ റീസൈക്ലിംഗ് ശീലങ്ങളിലേക്ക് ചുരുക്കുന്ന പൊതുഭാഷ, പരിസ്ഥിതി സംരക്ഷണത്തെ 'ശരിയായ' ഉത്പന്നങ്ങൾ വാങ്ങുകയും 'പരിസ്ഥിതി സൗഹൃദ' ബ്രാൻഡുകൾ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഉപഭോക്തൃ തീരുമാനങ്ങളാക്കി മാറ്റുന്ന ഗ്രീൻ കൺസ്യൂമറിസം എന്നിവയെല്ലാം ഈ ഒരേ യുക്തിയുടെ വ്യത്യസ്ത പ്രകടനങ്ങളാണ്. ഇവ പരിസ്ഥിതി പ്രതിസന്ധിയുടെ കാരണങ്ങളെ നിഷേധിക്കുന്നില്ല. എന്നാൽ അതിനെ അഭിസംബോധന ചെയ്യേണ്ട രാഷ്ട്രീയ വിഷയത്തെ പുനർനിർവചിക്കുന്നു. അങ്ങനെ ഉത്പാദനക്രമത്തെയും വികസനമാതൃകയെയും ചോദ്യം ചെയ്യേണ്ട കൂട്ടായ രാഷ്ട്രീയ പ്രവർത്തനത്തിന് പകരം വ്യക്തിപരമായ സദാചാരപരമായ സ്വയംപരിഷ്കരണമാണ് പരിസ്ഥിതി ഉത്തരവാദിത്തത്തിന്റെ പ്രധാന രൂപമായി മാറുന്നത്.

ഈ തന്ത്രം സാഹിത്യത്തെയും സ്വാധീനിക്കുന്നുണ്ട്. അങ്ങനെ പരിസ്ഥിതി രാഷ്ട്രീയം ക്രമേണ സദാചാരത്തിൻ്റെയും ഗൃഹാതുരത്വത്തിന്റെയും ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. കവിതകൾ പരിസ്ഥിതി രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുമ്പോൾ അവ ഈ നിയോ-ലിബറൽ വ്യാഖ്യാനത്തിൻ്റെ ഭാഗമാകുന്നുവെങ്കിൽ അവ ഉൾക്കൊള്ളുന്ന രാഷ്ട്രീയം അസമത്വത്തിൻ്റേതാകുന്നു. ഇവിടെ വന നശീകരണം മനുഷ്യസ്വഭാവത്തിന്റെ കഥയാകുന്നു. നദികളുടെ ഇല്ലാതാകൽ മനുഷ്യനെന്ന സർവ്വരുടെയും മനസ്സാക്ഷിയോടുള്ള ചോദ്യമാകുന്നു. മരങ്ങൾ ഇരകളാകുന്നു. മനുഷ്യൻ പൊതുവെ കുറ്റവാളിയാകുന്നു. പക്ഷേ വനത്തെ നശിപ്പിച്ച മുതലാളിത്ത വികസനമാതൃകയും ഖനന മൂലധനവും ഭൂമി ഏറ്റെടുക്കുന്ന ഭരണസംവിധാനവും കോർപ്പറേറ്റ് ചൂഷണനയങ്ങളും കവിതയുടെ വിചാരണാപരിധിക്കു പുറത്താകുന്നു.

പരിസ്ഥിതി പ്രതിസന്ധിയെ സദാചാരപരമായ ആത്മപരിശോധനയുടെയും ഗൃഹാതുര നഷ്ടബോധത്തിന്റെയും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന കവിതകൾ, പരിസ്ഥിതി രാഷ്ട്രീയത്തെ അതിന്റെ ഘടനാപരമായ ചോദ്യങ്ങളിൽ നിന്ന് അകറ്റുന്ന സാംസ്കാരിക പ്രക്രിയയുടെ ഭാഗമാകുന്നു. അതിന്റെ ഫലമായി പരിസ്ഥിതി നാശത്തിന്റെ ഉത്തരവാദികളായ സാമ്പത്തിക വരേണ്യരും കോർപ്പറേറ്റ് വികസനമാതൃകകളും വിമർശനത്തിന്റെ കേന്ദ്രത്തിൽ നിന്ന് ഒഴിയുന്നു; പകരം പ്രകൃതിയെ സ്നേഹിക്കേണ്ടതിന്റെ ധാർമ്മിക ആഹ്വാനമാണ് കവിതയുടെ പ്രധാന രാഷ്ട്രീയമായി മാറുന്നത്. അങ്ങനെ പരിസ്ഥിതി നീതിയുടെ രാഷ്ട്രീയം ദുർബലപ്പെടുകയും, സാമ്പത്തിക വരേണ്യർക്കുപോലും ഏറ്റെടുക്കാൻ കഴിയുന്ന ഒരു സുരക്ഷിതമായ പരിസ്ഥിതി ഭാഷ പൊതുമണ്ഡലത്തിൽ പ്രബലമാവുകയും ചെയ്യുന്നു.

സദാചാരപരമാക്കപ്പെട്ട പരിസ്ഥിതി ഭാവുകത്വം പ്രകൃതിയെ സ്നേഹിക്കാൻ വ്യക്തികളായ മനുഷ്യരെ പഠിപ്പിച്ചേക്കും. പക്ഷേ പ്രകൃതിയെ നശിപ്പിക്കുന്ന അധികാരബന്ധങ്ങളെ തിരിച്ചറിയാൻ സാഹചര്യമൊരുക്കുകയില്ല. അത് മനുഷ്യകുലത്തിനാകെ കുറ്റബോധം സൃഷ്ടിക്കും, എന്നാൽ രാഷ്ട്രീയ ഭാവനയെ രാഷ്ട്രീയായുധമായി വികസിപ്പിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മലയാളത്തിലെ പരിസ്ഥിതി കവിതകൾ വായിക്കേണ്ടത്.

വീരാൻകുട്ടിയുടെ പരിസ്ഥിതി കവിതകളിൽ പ്രകൃതി നിഷ്കളങ്കതയുടെ പ്രതീകമായും മനുഷ്യൻ അതിന്റെ നാശകാരിയായും ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നു. ഉള്ളടക്കം വ്യത്യസ്തമായിരുന്നാലും, ഈ കാവ്യയുക്തിയുടെ രാഷ്ട്രീയ ഘടന ഒന്നുതന്നെയാണ്.

‘അനിഷ്ടം’ എന്ന കവിതയിൽ ഭൂമി മരങ്ങളെ സ്വീകരിക്കുകയും മനുഷ്യനെ നിരസിക്കുകയും ചെയ്യുന്നുവെന്ന് കവി കല്പിക്കുന്നു. "ഭൂമിക്ക് / മരങ്ങളോടെയുള്ള ഇഷ്ടം / മനുഷ്യരോടില്ല" എന്ന വരി ഒരു കല്പനയാണ്. ഇത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സദാചാര വൈരുധ്യമായി ആവിഷ്കരിക്കുന്നു. എന്നാൽ ആ കല്പന ഒരു നിർണായകമായ രാഷ്ട്രീയ നീക്കം കൂടി നടത്തുന്നു. അവിടെ ‘മനുഷ്യൻ’ ചരിത്രപരമായ വിഭാഗമല്ല, ഒരു സദാചാരപരമായ വിഭാഗമാണ്. ഖനനക്കമ്പനിയും ആദിവാസിയും വനസംരക്ഷണപ്രവർത്തകനും എല്ലാം ‘മനുഷ്യൻ’ എന്ന ഒരേയൊരു വിഭാഗത്തിൽ ലയിക്കുന്നു. അതിനാൽ പരിസ്ഥിതി നാശത്തിന്റെ അസമമായ ഉത്തരവാദിത്തം പൊതുവായ മനുഷ്യസ്വഭാവത്തിന്റെ പ്രശ്നമായി ചിത്രീകരിക്കപ്പെടുന്നു.

ഇവിടെ കവിത പരിസ്ഥിതി പ്രശ്നത്തെ നിഷേധിക്കുന്നില്ല. പക്ഷേ അതിൻ്റെ രാഷ്ട്രീയ സംഘർഷത്തെ സദാചാരപരമായ ആത്മപരിശോധനയാക്കി മാറ്റുന്നു. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് മനുഷ്യന്റെ ആത്മപരിശോധന വരുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന അധികാരഘടനകൾ അദൃശ്യമാകുമ്പോൾ, മനുഷ്യൻ എന്ന അമൂർത്ത വിഭാഗം കുറ്റത്തിന്റെ ചുമതലയേൽക്കേണ്ടവരാകുന്നു.

പരിസ്ഥിതി ഭാവുകത്വം ഒരു സൗന്ദര്യശാസ്ത്രപരമായ പ്രശ്നം കൂടിയാണ്. രാഷ്ട്രീയം പ്രസ്താവനകളിലൂടെ മാത്രമല്ല, അനുഭവത്തെ ക്രമീകരിക്കുന്ന സൗന്ദര്യാത്മക ഉപാധികളിലൂടെയുമാണ് കവിതയിൽ ഭാവുകത്വം നിർമ്മിക്കുന്നത്. രൂപകങ്ങൾ, ദൃശ്യങ്ങൾ, വികാരഘടന, ഗൃഹാതുരത്വം, കരുണ തുടങ്ങിയ കാവ്യരൂപങ്ങൾ വായനക്കാരനെ പരിസ്ഥിതി പ്രതിസന്ധിയെ ഒരു പ്രത്യേക രീതിയിൽ അനുഭവിക്കാൻ പ്രേരിപ്പിക്കുന്നു.

"കരുതലോടെയാണ് / കുഴിച്ചിട്ടതെങ്കിലും / മുളച്ചുവന്ന / ഒരു മനുഷ്യന്റെ / പേരു പറയാമോ?" എന്ന് അവസാനിക്കുന്ന ഈ കവിതയുടെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യശാസ്ത്രപരമായ ഘടകം രൂപകമാണ്. അത് മനുഷ്യനെ വിത്തിന്റെ പ്രതിലോമമായി സങ്കൽപ്പിക്കുന്നു. വിത്ത് മണ്ണിൽ വീണാൽ മുളയ്ക്കും; മനുഷ്യൻ മണ്ണിൽ കുഴിച്ചിട്ടാലും മുളയ്ക്കുകയില്ല. ഈ വൈരുധ്യത്തിലൂടെയാണ് കവിത പ്രകൃതിയെയും മനുഷ്യനെയും പരസ്പരവിരുദ്ധമായ രണ്ട് അസ്തിത്വങ്ങളായി ക്രമീകരിക്കുന്നത്. മനുഷ്യൻ ഭൂമിയുടെ തുടർച്ചയല്ല, അതിന്റെ അപവാദമാണെന്ന ധാരണയാണ് ഈ നിരീക്ഷണത്തിൻ്റെ അടിസ്ഥാനം.

കവിത നിർമ്മിക്കുന്ന ഈ രൂപകം മനുഷ്യനെ പ്രകൃതിയുടെ പുറത്തുള്ള സത്തയായി സങ്കൽപ്പിക്കുന്നു. മനുഷ്യൻ പ്രകൃതിക്ക് പുറത്തുള്ളതല്ല; പ്രകൃതിയുടെ പരിണാമചരിത്രത്തിന്റെ ഭാഗമാണ്. മനുഷ്യനെ പ്രകൃതിയുടെ ‘മറ്റൊന്ന്’ (Other) ആയി സങ്കൽപ്പിക്കുന്നിടത്താണ് കവിത അതിന്റെ ഏറ്റവും പിന്തിരിപ്പനായ ലളിതയുക്തി കണ്ടെത്തുന്നത്. മനുഷ്യജീവിതത്തെ ഉത്പ്പാദനത്തിന്റെയും അധ്വാനത്തിന്റെയും സാമൂഹികബന്ധങ്ങളുടെയും ചരിത്രത്തിൽ നിന്ന് വേർപെടുത്തുകയാണ് കവി. മണ്ണുമായി മനുഷ്യന്റെ ബന്ധം മരണത്തിൽ മാത്രമല്ല. കൃഷിയിലും തൊഴിലിലും ആവാസത്തിലും ഭക്ഷണോൽപ്പാദനത്തിലുമാണ് രൂപപ്പെടുന്നത്. മനുഷ്യനെ വെറും ‘മുളയ്ക്കാത്ത ശരീരം’ ആയി ചുരുക്കുമ്പോൾ, മണ്ണുമായി മനുഷ്യൻ നിർമ്മിച്ച സങ്കീർണ്ണമായ ചരിത്രബന്ധങ്ങളും അദൃശ്യമാകുന്നു. അതിനാൽ ഇവിടെ ‘മനുഷ്യൻ’ പ്രകൃതിയുടെ സദാചാരപരമായ എതിർപദമായി കൽപ്പിക്കപ്പെടുന്നു.

വീരാൻകുട്ടിയുടെ ‘മരങ്ങളുടെ ആശുപത്രി’ എന്ന കവിത അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പരിസ്ഥിതി കവിതകളിൽ ഒന്നായി വിലയിരുത്തപ്പെടാറുണ്ട്. ഈ കവിതയുടെ ശക്തി അതിന്റെ രൂപകഭാഷയിലാണ്. രോഗികളായ മരങ്ങളിലൂടെ പരിസ്ഥിതി നാശത്തെ അനുഭവിപ്പിക്കാനുള്ള ശ്രമമാണ് കവിത. എന്നാൽ ഇവിടെ ചോദ്യം കവിതയുടെ രൂപകഭാഷ എത്ര മനോഹരമാണ് എന്നതല്ല. ആ രൂപകം ഏത് രാഷ്ട്രീയ സങ്കൽപ്പമാണ് നിർമ്മിക്കുന്നത് എന്നതാണ്.

ഈ കവിതയിൽ മരം ഒരു രോഗിയാണ്. അതായത് പരിസ്ഥിതി പ്രതിസന്ധി ഒരു രോഗമായി രൂപാന്തരപ്പെടുന്നു. രോഗമുണ്ടെങ്കിൽ ചികിത്സയും ഉണ്ടാകും. രോഗിയും ഡോക്ടറും പരിചരണവും ഉണ്ടാകും. ഈ ചികിത്സാ രൂപകത്തിന് രാഷ്ട്രീയപരമായി വലിയ പരിമിതിയുണ്ട്. അത് പരിസ്ഥിതി പ്രശ്നത്തെ ചികിത്സിക്കേണ്ട ഒരു രോഗമായി സങ്കൽപ്പിക്കുന്നു. എന്നാൽ വനനശീകരണം ചികിത്സയുടെ പ്രശ്നമല്ല; ഭൂവുടമസ്ഥതയുടെയും ഖനനത്തിന്റെയും മൂലധനസമാഹരണത്തിന്റെയും ചരിത്രപരമായ സംഘർഷമാണ്. ഇവിടെയാണ് കവിതയുടെ ഭാവുകത്വം അതിനു അനിവാര്യമായ രാഷ്ട്രീയം മൂടിവെക്കുന്നത്.

കവിതയിൽ മരങ്ങൾക്ക് മുറിവുകളുണ്ട്. പക്ഷേ ആ മുറിവുകൾ സൃഷ്ടിച്ച സാമൂഹിക-രാഷ്ട്രീയ ബന്ധങ്ങളെ ഒളിപ്പിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് കവിത. മനുഷ്യർ എന്ന പൊതുമറുപടിയാണ് ആരാണു ഉത്തരവാദി എന്നതിനു സങ്കൽപ്പിക്കേണ്ടി വരുന്നത്. രോഗം മാത്രം ദൃശ്യമാകുന്നു; രോഗത്തിന്റെ ചരിത്രം അദൃശ്യമാക്കപ്പെട്ടിരിക്കുന്നു. അങ്ങനെ കവിത വായിക്കുന്നവരിൽ രൂപപ്പെടുന്നത് രാഷ്ട്രീയബോധമല്ല, പരിചരണത്തിന്റെ സദാചാരബോധമാണ്. വനത്തെ രോഗിയാക്കിയ രാഷ്ട്രീയ-സാമ്പത്തിക ഘടനയെ ചോദ്യം ചെയ്യുന്നതിനുപകരം, പ്രകൃതിയോടുള്ള കരുണയിലേക്കാണ് വായനയെ അത് നയിക്കുന്നത്. പക്ഷേ വനത്തെ രോഗിയാക്കിയ രാഷ്ട്രീയ യുക്തിയെ എതിർക്കുന്നില്ല എന്നു മാത്രമല്ല, അത്തരം അധികാരഘടനകളെ ദൃശ്യമാക്കാതെ അവയെ വിമർശനത്തിന്റെ പരിധിക്കു പുറത്താക്കുന്നു.

കവിതയിൽ നമുക്ക് കണ്ടെടുക്കാവുന്ന എതിരാളിയായ മനുഷ്യൻ ഒരു ചരിത്രപരമായ വ്യക്തിയല്ല. ഇവിടെയും 'മനുഷ്യൻ' ചരിത്രപരമായ വ്യത്യാസങ്ങളില്ലാത്ത സദാചാര വിഭാഗമായി പ്രത്യക്ഷപ്പെടുന്നു. ഈ അമൂർത്തീകരണത്തിലൂടെയാണ് പരിസ്ഥിതി പ്രതിസന്ധിയുടെ അസമമായ ഉത്തരവാദിത്തം ഇത്തരം കവിതകൾ ഇല്ലാതാക്കുന്നത്. എല്ലാവരും കുറ്റക്കാരാകുമ്പോൾ യഥാർത്ഥ കുറ്റക്കാർ അദൃശ്യരാകുന്നു.

ഇത് വീരാൻകുട്ടിയുടെ കവിതയുടെ മാത്രം പരിമിതിയല്ല. സമകാലിക പരിസ്ഥിതി ഭാവുകത്വത്തിൽ പ്രബലമായ ഒരു പൊതുസ്വഭാവമാണ്. രാഷ്ട്രീയ സംഘർഷങ്ങളെ കരുണയുടെയും പരിചരണത്തിന്റെയും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന ഈ കാവ്യയുക്തി പരിസ്ഥിതി നാശത്തെ അനുഭവിപ്പിക്കുന്നതിൽ വിജയിച്ചാലും, അതിന്റെ ചരിത്രപരമായ കാരണങ്ങളിലേക്ക് വിരൽചൂണ്ടുന്നതിൽ പരാജയപ്പെടുന്നു,

വീരാൻകുട്ടിയുടെ കവിതകൾ പരിസ്ഥിതി പ്രശ്നത്തെ സദാചാര വിഷയാനുഭവമാക്കി മാറ്റുന്നുവെങ്കിൽ, പി. പി. രാമചന്ദ്രന്റെ 'മാമ്പഴക്കാലം' അതിനെ ഗൃഹാതുര സ്മരണയായി രൂപപ്പെടുത്തുന്നു. ഈ രണ്ട് ഭാവുകത്വങ്ങളും പരസ്പരം വ്യത്യസ്തമാണെങ്കിലും, അവയുടെ രാഷ്ട്രീയപരമായ ഫലം ഒന്നുതന്നെ.

കവിതയുടെ തുടക്കം തന്നെ ഈ ഭാവുകത്വത്തെ നിർണ്ണയിക്കുന്നു.

"പറയൂ നാട്ടിൻപുറത്തുള്ള മാങ്ങകൾക്കെല്ലാം രുചി / ഈ മേംഗോ ഫ്രൂട്ടിക്കുള്ള പോലെയാണോ?"

കവിതയുടെ മുഴുവൻ ഭാവുകത്വപരിസരവും ഈ താരതമ്യത്തിൽ നിന്നാണ് വികസിക്കുന്നത്. 'മേംഗോ ഫ്രൂട്ടി' ഇവിടെ ഒരു ബ്രാൻഡ് മാത്രമല്ല, വ്യവസായവൽക്കരിക്കപ്പെട്ട ഭക്ഷ്യസംസ്കാരത്തിന്റെയും ചരക്കുവൽക്കരിക്കപ്പെട്ട രുചിയുടെയും പ്രതീകമായും പ്രവർത്തിക്കുന്നു. അത് നഷ്ടപ്പെട്ട രുചിയെ അളക്കാനുള്ള മാനദണ്ഡമായി പ്രവർത്തിക്കുന്നു. അതിനുശേഷം കവിത ബാല്യത്തിലേക്കും നാട്ടിൻപുറത്തേക്കും മാമ്പഴങ്ങളുടെ വൈവിധ്യമാർന്ന രുചികളിലേക്കും സഞ്ചരിക്കുന്നു. വായിക്കുന്നയാളെ അത് ഒരു സാമൂഹിക വിമർശനത്തിലേക്കല്ല, അനുഭവത്തിന്റെ ഓർമ്മയുടെ വീണ്ടെടുപ്പിലേക്കാണ് നയിക്കുന്നത്. ഇവിടെ ചോദിക്കേണ്ട ചോദ്യം കവിത ശരിക്കും ഗൃഹാതുരമാണോ എന്നതല്ല. ഗൃഹാതുരത്വം എന്താണ് ചെയ്യുന്നത് എന്നാണ്.

കവിതയിൽ നഷ്ടമാകുന്നത് രുചിയാണ്. എന്നാൽ ആ രുചി എന്തുകൊണ്ടാണ് നഷ്ടമായത് എന്ന ചോദ്യം കവിത രാഷ്ട്രീയമായി വികസിപ്പിക്കുന്നില്ല. കവിതയിൽ വിപണിയുടെ സാന്നിധ്യം വ്യക്തമാണ്. എന്നാൽ ആ സാന്നിധ്യം രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയുടെ വിമർശനമായി വികസിക്കാതെ നഷ്ടപ്പെട്ട ബാല്യത്തിന്റെ ഗൃഹാതുരത്വമായി രൂപപ്പെടുന്നു. ആ രുചിയെ വിപണി ഇതിനോടകം ഉത്പ്പന്നമാക്കി വിൽക്കാൻ തുടങ്ങിയെന്ന കാര്യം നമുക്ക് അറിയാം. ഏതൊരു മാമ്പഴത്തിൻ്റെയും രുചി അതേപടി ലഭിക്കുന്ന ഉത്പ്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്.

ഇവിടെയാണ് കവിതയുടെ പാരിസ്ഥിതിക ഭാവുകത്വം രാഷ്ട്രീയമായി പരാജയപ്പെടുന്നത്. ഈ കവിത വിപണിയെ വിമർശിക്കുന്നില്ല എന്ന് പറയുന്നത് ശരിയാകില്ല. പക്ഷേ ആ വിമർശനം രാഷ്ട്രീയ മൂലധനവ്യവസ്ഥയുടെ വിമർശനമായി വികസിക്കുന്നില്ല. വിപണിയ്ക്ക് തന്നെ പരിഹാരം കാണാവുന്ന വിമർശനമായി മാറുന്നു. അങ്ങനെ കവിത നഷ്ടപ്പെട്ട ബാല്യത്തിന്റെ വിലാപമായി മാറുന്നു. രുചിയുടെ ചരിത്രം ഗൃഹാതുരത്വത്തിന്റെ ചരിത്രമായി പുനക്രമീകരിക്കപ്പെടുന്നു. കാൽപ്പനിക കവിതയായി മാത്രം പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുന്ന കവിതയായിരുന്നു ഇതെങ്കിൽ, ഇതൊരു പരിമിതിയല്ല. എന്നാൽ ഈ കവിത പരിസ്ഥിതി രാഷ്ട്രീയ കവിതയായി വിലയിരുത്തപ്പെടുന്ന നിമിഷം ഈ വിമർശനം ബാധകമാകുന്നു.

ഈ കവിതയിലെ ഗൃഹാതുരത്വത്തിന് മറ്റൊരു രാഷ്ട്രീയപ്രശ്നവുമുണ്ട്. അത് ഭൂതകാലത്തെ ഏകീകൃതമായ ഒരു അനുഭവമായി സങ്കൽപ്പിക്കുന്നു. ‘നാട്ടിൻപുറം’ എന്നത് എല്ലാവർക്കും ഒരേ ഓർമ്മയുടെ ഇടമാണോ? ഒരേ രുചിയുടെ ഇടമാണോ? ഭൂവുടമസ്ഥനും കർഷകത്തൊഴിലാളിയും, ജാതിമേൽക്കോയ്മ കൊണ്ടുനടന്നവനും ജാതിപീഡനം അനുഭവിച്ചവനും, സ്ത്രീയും പുരുഷനും, ആദിവാസിയും ജന്മിയും, അങ്ങനെ എല്ലാവർക്കും ‘മാമ്പഴക്കാലം’ ഒരേ അനുഭവമായിരുന്നോ?

കാല്പനിക ഗൃഹാതുരത്വം പലപ്പോഴും ഈ വ്യത്യാസങ്ങളെ മായ്ച്ചുകളയുന്നു. അതുകൊണ്ട് അത് ഭൂതകാലത്തെ ചരിത്രമായി ഓർക്കുന്നില്ല. ഒരു നഷ്ടപ്പെട്ട ഏകീകൃത സങ്കൽപ്പമായി പുനർനിർമ്മിക്കുന്നു. പ്രകൃതി അവിടെ സംഘർഷങ്ങളുടെ സ്ഥലമല്ല. വിശുദ്ധവും നിഷ്കളങ്കവുമായ ഓർമ്മയുടെ സ്ഥലമാകുന്നു. അങ്ങനെ പ്രകൃതി അനുഭവത്തിന്റെ വിഷയമായി വീണ്ടും രൂപപ്പെടുന്നു.

ഈ അർത്ഥത്തിൽ 'മാമ്പഴക്കാലം' വീരാൻകുട്ടിയുടെ പരിസ്ഥിതി കവിതകളുടെ വിപരീതധ്രുവത്തിലല്ല നിൽക്കുന്നത്. അവ ഒരേ രാഷ്ട്രീയയുക്തിയുടെ രണ്ട് വ്യത്യസ്ത ഭാവുകത്വങ്ങളാകുന്നു.

ഇവിടെ മറ്റൊരു ചോദ്യം ഉയരുന്നു. അങ്ങനെയെങ്കിൽ, രാഷ്ട്രീയപരമായ പാരിസ്ഥിതിക കാവ്യഭാവുകത്വം എന്താണ്? ഈ ചോദ്യത്തിനുള്ള ഉത്തരം പരിസ്ഥിതി കവിത എന്തിനെക്കുറിച്ച് എഴുതണം എന്നതിലല്ല. പ്രകൃതിയെ എങ്ങനെ തിരിച്ചറിയണം എന്നതിലാണ്.

പാരിസ്ഥിതിക കാവ്യഭാവുകത്വം പ്രകൃതിയെ മനുഷ്യനിൽ നിന്ന് വേർപെട്ട ഒരു വിശുദ്ധ ലോകമായി കാണേണ്ടതില്ല. അതുപോലെ നഷ്ടപ്പെട്ടതിൻ്റെ പ്രതീകമായും കാണേണ്ടതില്ല. പ്രകൃതി എപ്പോഴും മനുഷ്യനോടൊത്തുള്ള ചരിത്രത്തിനകത്താണ് നിൽക്കുന്നത്. നേരെ തിരിച്ചും. ഭൂമി, നദി, വനം, വിത്ത്, മഴ, ഭക്ഷണം എന്നിവയെല്ലാം സാമൂഹികബന്ധങ്ങളുടെയും ഉത്പ്പാദനക്രമങ്ങളുടെയും തൊഴിൽചരിത്രങ്ങളുടെയും അധികാരസംവിധാനങ്ങളുടെയും ഭാഗമാണ്. അതിനാൽ പരിസ്ഥിതിപ്രശ്നം പ്രകൃതിയുടെ മാത്രം പ്രതിസന്ധിയല്ല; ബന്ധങ്ങളുടെ പ്രതിസന്ധിയാണ്.

ഇവിടെയാണ് പാരിസ്ഥിതിക കാവ്യഭാവുകത്വം സദാചാരത്തിൽ നിന്നും ഗൃഹാതുരത്വത്തിൽ നിന്നും വേർപിരിയുന്നത്. രാഷ്ട്രീയപരമായ പാരിസ്ഥിതിക ഭാവുകത്വത്തിന്റെ കേന്ദ്രത്തിൽ ‘മനുഷ്യൻ’ എന്ന അമൂർത്ത വിഭാഗമില്ല. ‘പ്രകൃതി’ എന്ന വിശുദ്ധ പരിസരവുമില്ല. അതിന്റെ കേന്ദ്രത്തിൽ ബന്ധങ്ങൾ ആണ്. മനുഷ്യരും മനുഷ്യരല്ലാത്ത ജീവികളും, തൊഴിലും ഭൂമിയും, ഉത്പ്പാദനവും പരിസ്ഥിതിയും, ജാതിയും വർഗ്ഗവും വികസനവും വിഭവങ്ങളും തമ്മിലുള്ള ബന്ധങ്ങളാണ് അതിന്റെ വിഷയം.

അതിനാൽ രാഷ്ട്രീയമൂല്യമുള്ള പരിസ്ഥിതി കവിത, മനുഷ്യനിൽ വെറും വൈകാരികമായ കുറ്റബോധം സൃഷ്ടിക്കാനല്ല ശ്രമിക്കുന്നത്. ഗൃഹാതുര നഷ്ടബോധവും സൃഷ്ടിക്കുന്നില്ല. അത് കണക്കുപറയേണ്ടവരുടെ ചരിത്രപരമായ ദൃശ്യത ഉറപ്പുവരുത്തിയിരിക്കും. ആരാണ് വനം നഷ്ടപ്പെടുത്തുന്നത് എന്നതിനൊപ്പം, വനനഷ്ടം ഏത് സാമൂഹികബന്ധങ്ങളുടെ ഫലമാണ് എന്ന ചോദ്യമായിരിക്കും അതിനെ പ്രധാനമായും നയിക്കുന്നത്.

പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതുകൊണ്ട് ഒരു കവിത രാഷ്ട്രീയ പ്രാധാന്യമുള്ള പരിസ്ഥിതി കവിതയാകുന്നില്ല. പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ രൂപപ്പെടുത്തുകയും അസമമായി ബാധിക്കുകയും ചെയ്യുന്ന ചരിത്രപരമായ അധികാരബന്ധങ്ങളെ കാവ്യാനുഭവത്തിന്റെ ഭാഗമാക്കുകയാണ് അതിന്റെ ദൗത്യം. ഈ അർത്ഥത്തിൽ രാഷ്ട്രീയപരമായ പരിസ്ഥിതി കവിതാഭാവുകത്വം ഒരു പുതിയ വീക്ഷണനില നിർദേശിക്കുന്നു. പരിസ്ഥിതിയെ മനുഷ്യപ്രകൃതിയുടെ പ്രശ്നമായി കാണുന്ന നോട്ടത്തിൽ നിന്ന് പരിസ്ഥിതിയെ നീതിയുടെയും അധികാരത്തിന്റെയും ബന്ധങ്ങളുടെയും പ്രശ്നമായി കാണുന്ന നോട്ടത്തിലേക്കുള്ള മാറ്റമാണ് അത്.

ചുരുക്കത്തിൽ 'പരിസ്ഥിതി ഭാവുകത്വം' എന്നത് പ്രകൃതിയെക്കുറിച്ചുള്ള വികാരങ്ങളുടെ ആവിഷ്കാരം മാത്രമല്ല. പ്രകൃതിയെയും മനുഷ്യനെയും പരിസ്ഥിതി പ്രതിസന്ധിയെയും കലാസൃഷ്ടി എങ്ങനെ അനുഭവവേദ്യമാക്കുകയും അർത്ഥാനുഭവമാക്കുകയും ചെയ്യുന്നു എന്ന കാവ്യഘടനയെയാണ് ഈ പ്രയോഗം കൊണ്ട് ലക്ഷ്യമിടേണ്ടത്. അതിന്റെ ആകെത്തുകയാണ് പരിസ്ഥിതി ഭാവുകത്വം. എല്ലാ കവിതകളും ഇങ്ങനെയായിരിക്കണമെന്നല്ല ഇവിടെ വാദിക്കുന്നത്. മറിച്ച്, പരിസ്ഥിതി രാഷ്ട്രീയ കവിതയായി വായിക്കപ്പെടുന്ന കവിതകളെ വിലയിരുത്തുമ്പോൾ ഈ മാനദണ്ഡം പ്രസക്തമാണ്.

ഈ പശ്ചാത്തലത്തിൽ പരിസ്ഥിതി കവിതയെക്കുറിച്ചുള്ള നമ്മുടെ വായനാരീതിയും പുനർചിന്തനം ആവശ്യപ്പെടുന്നു. പ്രകൃതിയെ മനോഹരമായി അവതരിപ്പിക്കുന്നതോ പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള ബോധം സൃഷ്ടിക്കുന്നതോ മാത്രം പരിസ്ഥിതി കവിതയെ വിലയിരുത്താനുള്ള മതിയായ മാനദണ്ഡങ്ങളല്ല. അതോടൊപ്പം, പരിസ്ഥിതി പ്രശ്നത്തെ സൃഷ്ടിക്കുന്ന സാമൂഹികബന്ധങ്ങളെയും അധികാരഘടനകളെയും കവിത എങ്ങനെ കാവ്യാത്മകമായി ചൂണ്ടിക്കാണിക്കുന്നു എന്ന ചോദ്യവും ഉയരേണ്ടതുണ്ട്.

സാമൂഹികപ്രശ്നങ്ങളെ ഘടനാപരമായ അധികാരബന്ധങ്ങളിൽ നിന്ന് വ്യക്തികളുടെ സദാചാര ഉത്തരവാദിത്തത്തിലേക്ക് മാറ്റുക എന്നത് നിയോലിബറൽ യുക്തിയുടെ പ്രധാന പ്രവർത്തനരീതിയാണ്. പരിസ്ഥിതി കവിതകളും ഇതേ അനുഭവഘടന പുനരുത്പാദിപ്പിക്കുമ്പോൾ അവ അറിയാതെയെങ്കിലും ആ യുക്തിയുടെ സാംസ്കാരിക പുനരുല്പാദനത്തിൽ പങ്കാളികളാകുന്നു. ഈ അർത്ഥത്തിൽ, ഇവിടെ വിമർശിക്കപ്പെടുന്ന കാല്പനിക പരിസ്ഥിതി ഭാവുകത്വം പരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ചുള്ള നിയോലിബറൽ വ്യാഖ്യാനത്തിന്റെ കാവ്യരൂപമാണ്. അത് പരിസ്ഥിതി നീതിയുടെ ഭാവുകത്വമല്ല.

ഇവിടെ വിമർശിക്കപ്പെടുന്നത് വികാരതീവ്രതയല്ല. ശക്തമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കാൻ വികാരത്തിന് കഴിയുമെന്നത് നിഷേധിക്കാനാവില്ല. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സുഗതകുമാരി അടക്കമുള്ളവരുടെ കാവ്യഭാവുകത്വത്തെ അതിന്റെ ചരിത്രസന്ദർഭത്തിൽ മനസ്സിലാക്കാവുന്നതാണ്. പ്രകൃതിനാശത്തെ ഗൗരവമേറിയ സാംസ്കാരിക-ധാർമ്മിക പ്രശ്നമായി മലയാള കവിതയുടെ കേന്ദ്രവിഷയമാക്കിയതിൽ അവരുടെ സംഭാവന നിർണായകമാണ്. മഴുതിന്ന മാമര കൊമ്പും ചിറകൊടിഞ്ഞ കാട്ടുപക്ഷിയും പോലുള്ള ഇമേജുകൾ പ്രകൃതിയോടുള്ള കരുണയും സംവേദനവും മലയാള വായനക്കാരിൽ ആഴത്തിൽ ഉണർത്തിയിട്ടുണ്ട്. എന്നാൽ കാവ്യഭാവുകത്വം ചരിത്രത്തിനൊപ്പം വികസിക്കേണ്ട ഒന്നാണ്. 

സുഗതകുമാരിയുടെ കാലത്തിനുശേഷം പരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ചുള്ള നമ്മുടെ അറിവ് ഗണ്യമായി വികസിച്ചിട്ടുണ്ട്. ഇന്ന് വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യനാശവും മനുഷ്യന്റെ പൊതുവായ സദാചാരപരാജയത്തിന്റെ ഫലമായി മാത്രമല്ല, ആഗോള മൂലധനത്തിന്റെയും വികസനനയങ്ങളുടെയും വിഭവചൂഷണത്തിന്റെയും രാഷ്ട്രീയ തീരുമാനങ്ങളുടെയും ഫലമായാണ് മനസ്സിലാക്കപ്പെടുന്നത്. അതിനാൽ സമകാലിക പരിസ്ഥിതി കാവ്യഭാവുകത്വം ഈ ചരിത്രബോധത്തെയും രാഷ്ട്രീയബോധത്തെയും ഉൾക്കൊള്ളേണ്ടതുണ്ട്. കരുണയും ദുഃഖവും സൃഷ്ടിക്കുന്ന വികാരതീവ്രതയെ ഉപേക്ഷിക്കണമെന്നല്ല ഇവിടെ വാദിക്കുന്നത്; മറിച്ച്, ആ വികാരങ്ങൾ പരിസ്ഥിതി പ്രതിസന്ധിയുടെ ഘടനാപരമായ കാരണങ്ങളെയും ഉത്തരവാദികളായ അധികാരബന്ധങ്ങളെയും ദൃശ്യമാക്കുന്ന തരത്തിലേക്ക് വികസിക്കണമെന്നാണ്. അപ്പോഴാണ് പരിസ്ഥിതി കവിത സദാചാരപരമായ അനുഭൂതിയെ അതിജീവിച്ച് പരിസ്ഥിതി നീതിയുടെ രാഷ്ട്രീയ ഭാവനയെ ശക്തിപ്പെടുത്തുന്ന കാവ്യരൂപമായി മാറുക. 

നിലവിൽ പരിസ്ഥിതിയെക്കുറിച്ചുള്ള സാമൂഹിക ബോധം വർധിക്കുമ്പോഴും, അതിനു സമാന്തരമായി മറ്റൊരു യാഥാർത്ഥ്യവും നിലനിൽക്കുന്നുണ്ട്. കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയുന്നില്ല. ഫോസിൽ ഇന്ധനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ തുടർന്നുകൊണ്ടിരിക്കുന്നു. ഖനനവും വിഭവചൂഷണവും വ്യാപിക്കുന്നു. ജൈവവൈവിധ്യശോഷണവും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങളും രൂക്ഷമാകുന്നു. ഇതാണ് സമകാലിക പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വിരോധാഭാസം. പാരിസ്ഥിതിക പ്രശ്നത്തെ നേരിടേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം സാമൂഹിക പൊതുബോധത്തിൽ വ്യക്തികളുടെ സദാചാര, വൈകാരിക, ജീവിതശൈലി വിഷയങ്ങളായി വിഘടിപ്പിക്കുന്നത് വഴിയാണ് ഘടനാപരമായ വലിയ മാറ്റങ്ങൾ ഉന്നയിക്കപ്പെടാതെ പോകുന്നത്. അതിനു കവികളും കൂട്ടുനിൽക്കേണ്ടതില്ല.
കവിതയിലെ വാക്ക്

കവിതയിലെ വാക്ക്

കവിതയിലെ വാക്ക് 
(ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ചത്)

ഭാഷയിലെ അർത്ഥയുക്തമായ ആശയം ഉൾക്കൊള്ളുന്ന ഏകകമെന്ന നിലയിൽ വാക്കുകളെ ഭാഷാശാസ്ത്രജ്ഞരും ചിന്തകരും പലരീതിയിൽ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ആശയവിനിമയം, ധാരണാശക്തി, സംസ്കാരം എന്നിവയുടെ ഭാഗമായി വാക്കുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് ഈ അന്വേഷണങ്ങൾക്കെല്ലാം അടിസ്ഥാനം. ഫെർഡിനാൻഡ് ഡി സൊസ്യൂറിന്റെ ചിഹ്നസങ്കല്പത്തിൽ ദ്വന്ദ്വപരികല്പനയായ സൂചകവും സൂചിതവും (signifier and signified) അഥവാ വാക്കും സങ്കൽപ്പവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച നിരീക്ഷണം ഇതിൽ പ്രധാനമാണ്. ഇതുപ്രകാരം സാമൂഹികമായ കീഴ്‌വഴക്കത്തിൻ്റെ അഥവാ ഉടമ്പടിയുടെ ഭാഗമായാണ് സൂചകവും സൂചിതവും തമ്മിലുള്ള ബന്ധം നിലനിൽക്കുന്നത്. ഉദാഹരണത്തിനു ‘മരം’ എന്ന വാക്കിൽ അന്തർലീനമായി മരംപോലെയുള്ള ഒന്നുമില്ല. മലയാളത്തിൽ ‘മരം’ ആയിരിക്കുന്ന വാക്ക് ഇംഗ്ലീഷിൽ ‘tree’ ആകുന്ന പോലെ ഓരോ ഭാഷയും ആ സങ്കല്പത്തെ ഓരോ വാക്കുകൊണ്ട് അടയാളപ്പെടുത്തുന്നു; ഇത് പ്രകൃത്യാ ഉള്ള ബന്ധമല്ല, മനുഷ്യരുടെ സംസ്കാരികമായ സൃഷ്ടിയാണ്. ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈനിനെ പോലെയുള്ള ദാർശനികരും ഭാഷയെ അതിൻ്റെ ഉപയോഗത്താൽ രൂപംകൊണ്ട ഉപകരണമായാണ് കരുതിയത്. ഭാഷാകേളി(language game)യുടെ ഭാഗമായി അതിൻ്റെ സവിശേഷ സന്ദർഭത്തിലധിഷ്ഠിതമായിട്ടാണ് വാക്കുകൾക്ക് അർത്ഥം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാകേളിയെന്ന് അദ്ദേഹം കരുതാൻ കാരണം, ഒരു കളിയിൽ എന്നപോലെ, പ്രവർത്തിയുടെ അടിസ്ഥാനത്തിൽ മാറ്റം വരുന്നതാണു ഭാഷാനിബന്ധനകൾ എന്നതിനാലാണ്. ഉദാഹരണത്തിന് ഓടുക എന്ന വാക്കെടുത്താൽ വ്യായാമം എന്ന പ്രവൃത്തിയുടെ ഭാഗമായി അതിനുള്ള അർത്ഥമല്ല ‘തട്ടിപ്പറിച്ച് ഓടി’ എന്ന സന്ദർഭത്തിൽ കൈവരുന്നത്. അതായത് ഒരു വാക്കിൻ്റെ അർത്ഥം നിശ്ചിതമല്ല; മറിച്ച് പ്രവൃത്തിയുടെയും സാഹചര്യത്തിൻ്റെയും അടിസ്ഥാനത്തിൽ മാറുന്നതാണ്.

ഭാഷയുടെ ഈ അസ്ഥിരതയെ സംബന്ധിച്ച് സമാനമായ കാഴ്ചപ്പാട് തന്നെയായിരുന്നു ഴാക്ക് ദെറിദയുടേതും. വാക്കുകൾ അവയുടെ അർത്ഥം മാറ്റിക്കൊണ്ടിരിക്കുന്നുവെന്നും വ്യാഖ്യാനങ്ങൾക്ക് വഴങ്ങാൻ തയ്യാറായി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു വാക്കിൻ്റെയും അർത്ഥം അന്തിമമല്ല, അത് മറ്റു വാക്കുകളുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാലാണെന്ന് ദെറിദ ചൂണ്ടിക്കാണിച്ചു. ആ വാക്കുകളാകട്ടെ മറ്റു ചില വാക്കുകളുമായി ബന്ധപ്പെട്ടുനിന്നുകൊണ്ടാണ് അവയുടെ അർത്ഥം വെളിപ്പെടുത്തുന്നതും. അർത്ഥം വെളിപ്പെടുത്താൻ മറ്റു വാക്കുകളുമായി ബന്ധപ്പെട്ടുനിൽക്കേണ്ടിവരുന്ന വാക്കിൻ്റെ ഈ പ്രക്രിയയെ ദെറിദ, différance എന്ന് വിളിച്ചു. ഉദാഹരണത്തിനു ‘സ്വാതന്ത്ര്യം’ എന്ന വാക്കിൻ്റെ അർത്ഥം പറയേണ്ടി വരുമ്പോൾ മോചനം, മുക്തി, നിയന്ത്രണം എന്നിങ്ങനെയുള്ള വാക്കുകളെയൊക്കെ ആശ്രയിക്കേണ്ടതായി വന്നേക്കും. ആ വാക്കുകൾക്ക് ആകട്ടെ മറ്റു വാക്കുകളെ ആശ്രയിച്ചാണു അവയുടെ അർത്ഥം വിശദമാക്കാനും സാധിക്കുകയുള്ളൂ. അതായത് ഈ വ്യാഖ്യാനിക്കുന്ന പ്രക്രിയ നിലയ്ക്കാതെ തുടരും. ഭാഷ ഇവ്വിധം പുതിയ വ്യാഖ്യാനങ്ങൾക്കും പരിപ്രേക്ഷ്യങ്ങൾക്കുമായി തുറന്നുകിടക്കുകയാണ്. ഇത്തരം അടിസ്ഥാന ധാരണകളിൽ നിന്നുകൊണ്ടാണ് കവിതയിൽ വാക്കുകൾ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്ന അന്വേഷണത്തിനു നമ്മൾ മുതിരേണ്ടത്.

ദൈനംദിനജീവിതത്തിൽ നാം പ്രയോഗിക്കുന്ന ഭാഷയിൽ എപ്രകാരമാണോ വാക്കുകൾ ഉപയോഗപ്രദമാകുന്നത് അതിനെയും കവിഞ്ഞുനിൽക്കാൻ കവിതയിൽ അതേ വാക്കുകൾക്ക് സാധിക്കുന്നു. സർഗാത്മകതയുടെയും വൈകാരികതയുടെയും വ്യാഖ്യാനത്തിൻ്റെയും കാഴ്ചപ്പാടിൻ്റെയും സാധ്യതകൾ കവിതയിലെ വാക്കിന് വ്യവഹാരഭാഷയിലേതിനെക്കാൾ കൂടുതലാണ്. കവിതയിലെ വാക്കുകൾക്ക് സാധ്യമാകുന്ന ഈ അധികമാനത്തെ അടിസ്ഥാനമാക്കിയാകണം കവിതയെന്നത് ഭാഷയ്ക്കുള്ളിലെ മറ്റൊരു ഭാഷയാണെന്ന നിരീക്ഷണം പോൾ വലേരി മുന്നോട്ടു വെച്ചത്. വ്യവഹാരഭാഷയിലെയും ഒരുപരിധിവരെ കവിതേതര ഗദ്യങ്ങളിലെയും വാക്കുകളും കവിതയിലെ വാക്കുകളും തമ്മിൽ നടത്തവും നൃത്തവും പോലുള്ള വ്യത്യാസമുണ്ടെന്നും അദ്ദേഹം പറയുന്നു. നൃത്തം എപ്രകാരമാണോ ചലനങ്ങളെ മനപൂർവ്വം ഒരു സൗന്ദര്യതലത്തിലേക്ക് ഉയർത്തുന്നത് അതേമട്ടിൽ കവിതയുടെ ഭാഷയിലെത്തുമ്പോൾ വാക്കുകൾക്ക് പ്രതീകാത്മകവും സൗന്ദര്യാത്മകവുമായ മാനങ്ങൾ ലഭിക്കുന്നു. വിവരങ്ങൾ മാത്രം കൈമാറാനുള്ള സൂചകമല്ല കവിതയുടെ ഭാഷയിൽ വാക്കുകൾ; അവ ആഴവും വ്യാപ്തിയുമുള്ള അനുഭവത്തെക്കൂടി മുന്നോട്ടുവെക്കുന്നു.

ഈ സവിശേഷത മുൻനിർത്തി പ്ലേറ്റോ തൻ്റെ ‘റിപ്പബ്ലിക്കി’ൽ കവിതയെ മിഥ്യാബോധത്തിലൂന്നിയ കലയായാണു കരുതിയത്. അനുകരണത്തിൻ്റെ അനുകരണമാണ് കവിതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും കവിതയിലെ വാക്കുകളുടെ ശേഷിയെയും സാധ്യതകളെയും പറ്റി അദ്ദേഹത്തിനു തികഞ്ഞ ബോധ്യമുണ്ടായിരുന്നിരിക്കാം; ചരിത്രത്തെക്കാൾ നേരിനോട് ഏറ്റവും അടുത്ത് നിൽക്കുന്നത് കവിതയാണെന്നു അദ്ദേഹം പറഞ്ഞതായി പറയപ്പെടുന്നു. ചരിത്രം യാഥാർത്ഥ്യത്തെ എടുത്തുപറയുകയാണെങ്കിൽ കവിതയാകട്ടെ സാർവ്വലൗകികമായ മനുഷ്യാനുഭവത്തെയും വൈകാരികതയെയും മുന്നോട്ടുവെക്കാൻ ശ്രമിക്കുന്നു. യാഥാർത്ഥ്യത്തെയും കവിഞ്ഞുനിൽക്കാൻ കവിതയ്ക്കാകുന്നു, ഒരു സവിശേഷസന്ദർഭത്തെ അനുഭവവേദ്യമാക്കാൻ കവിതയിലെ വാക്കുകൾക്ക് സാധിക്കുന്ന പോലെ വ്യവഹാരഭാഷയിൽ വാക്കുകൾക്ക് സാധിക്കണമെന്നില്ല. പ്ലേറ്റോയുടെ വിമർശനാത്മകമായ നിരീക്ഷണത്തെ കവിതയുടെ സാധ്യതയാക്കി വിലയിരുത്തുകയായിരുന്നു പോൾ വലേരിയെന്നു കാണാം.

കവിതയിലെ ഒരു വാക്കിന് വ്യാഖ്യാനത്തിൻ്റെ അനേകം അടരുകൾ മുന്നോട്ടുവെക്കാനാകുന്നു. ഉദാഹരണത്തിന് ‘കസേര’ എന്ന വാക്കെടുത്താൽ വ്യവഹാരഭാഷയിൽ, ഇരിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമെന്നതാണു അർത്ഥമാക്കുന്നത്. കവിതയിലാകട്ടെ അധികാരം, താങ്ങാവാവുന്ന ഒരു വസ്തു എന്നിവ മുതൽ ഒഴിഞ്ഞു കിടക്കുന്ന കസേരയാണെങ്കിൽ അത് അവസരം മുതൽ ഒറ്റപ്പെടൽ വരെയുള്ള ചിന്തകളെ ഉണർത്താൻ പര്യാപ്തമാകും. ആയിരിക്കലിൻ്റെ ഒരു ഇടമായി കവിതയെ കാണുന്നതിൻ്റെ അടിസ്ഥാനവും ഇതാണ്. അസ്തിത്വത്തെ സംബന്ധിച്ച ആഴമേറിയ നേരുകളെ അനുഭവവേദ്യമാക്കാൻ കവിതാഭാഷയ്ക്ക് സാധിക്കുന്നു. മാർട്ടിൻ ഹൈഡെഗറിനെ പോലെയുള്ള ചിന്തകർ കാര്യങ്ങളെ വിവരിക്കാനുള്ളതല്ല കവിത, മറിച്ച് അസ്തിത്വത്തെ സംബന്ധിച്ച പരമപ്രധാനമായ കാര്യങ്ങളെ വെളിപ്പെടുത്താനുള്ളതാണെന്നു പറയുന്നതിൻ്റെ അടിസ്ഥാനവും ഇതാണ്.

കവിതയിലെ ഓരോ വാക്കും അതീവശ്രദ്ധയോടെ തിരഞ്ഞെടുത്തതാകണമെന്ന പക്ഷക്കാരായിരുന്നു എസ്ര പൗണ്ടിനെ പോലെയുള്ള കവികൾ. ‘പുഴ കനത്ത ഒച്ചയോടെയാണ് ഒഴുകുന്നത്’ എന്ന ഒരു കാര്യത്തെ ‘മലയിടുക്കിൽ നിന്നും പുഴയുടെ അലർച്ച നമ്മളിലേക്കെത്തി’ എന്നെഴുതുമ്പോൾ ‘അലർച്ച’ എന്ന വാക്ക് ഇവിടെ കവിതാഗുണം നൽകുകയാണ്. വാക്ക് എന്ന സങ്കൽപ്പത്തെ ഇത്തരത്തിൽ പലതരത്തിൽ മെരുക്കിയെടുത്തും പ്രയോഗിച്ചുമാണ് കവികൾ എക്കാലത്തും കവിതാനുഭവം മുന്നോട്ടുവെച്ചിരുന്നത്. റൊമാൻ്റിക് പ്രസ്ഥാനത്തിൻ്റെ വക്താക്കളിൽ ഒരാളായിരുന്ന വില്യം വേർഡ്സ്വർത്തിൻ്റെ അഭിപ്രായത്തിൽ സ്വാഭാവികമായി മനുഷ്യരിലുണ്ടാകുന്ന വികാരത്തെ പ്രകടനയോഗ്യമാക്കാൻ ഏറ്റവും അനുയോജ്യം മനുഷ്യർ തങ്ങളുടെ ദൈനംദിനജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകളാണ്. കുറഞ്ഞ വാക്കുകൾ കൂടുതൽ ധ്വനിപ്പിക്കാൻ ആകണമെന്നതായിരുന്നു എമിലി ഡിക്കിൻസൻ്റെ കവിതയിലെ വാക്കുകളുടെ പ്രത്യേകത. സങ്കീർണ്ണമായ അനുഭവത്തെയോ ആശയത്തെയോ പ്രകടനയോഗ്യമാക്കി മാറ്റാൻ വാക്കുകളുടെ കൃത്യമായ തിരഞ്ഞെടുപ്പിലൂടെ സാധിക്കുമെന്ന് അവർ വിശ്വസിച്ചു. "Hope is the thing with feathers" എന്ന അവരുടെ കവിതയിൽ ‘thing’ എന്ന വാക്ക് വളരെ ലളിതമാണ്; എന്നാൽ അത് ഈ കവിതയിൽ അനേകം അർത്ഥങ്ങളെ മുന്നോട്ടുവെക്കുന്നു. റോബർട്ട് ഫ്രോസ്റ്റിൻ്റെ കവിതകളിലും വളരെ ലളിതമായ വാക്കുകൾക്ക് ഇത്തരത്തിൽ അനേകം സാധ്യതകൾ തുറക്കപ്പെടുന്നത് കാണാം. ഉദാഹരണത്തിന് "The Road Not Taken" എന്ന കവിതയിലെ "diverged", "yellow wood" എന്നീ വാക്കുകൾ അന്തരീക്ഷത്തോട് ചേർന്നുനിൽക്കുന്ന ഭാവം മാത്രമല്ല സൃഷ്ടിക്കുന്നത് മറിച്ച് അർത്ഥതലങ്ങളെക്കൂടിയാണ്.

ലാ കോൺകോർഡിൽ, ട്രെയിനിൽ നിന്നും ഇറങ്ങിവരുമ്പോൾ മനോഹരമായ അനേകം മുഖങ്ങൾ കാണേണ്ടി വന്ന അനുഭവത്തെ എസ്ര പൗണ്ട് ആദ്യം ആവിഷ്കരിക്കുന്നത് മുപ്പത് വരിയുള്ള ഒരു കവിതയായാണ്. എന്നാൽ അത് അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. ആറു മാസത്തിനു ശേഷം, അദ്ദേഹം മറ്റൊരു കവിതയെഴുതി, അതും അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. അങ്ങനെ ഒരു വർഷത്തിനുശേഷം അദ്ദേഹം ഇങ്ങനെ എഴുതി:

The apparition of these faces in the crowd;
Petals on a wet, black bough.

കവിതയിലെ വാക്കുകൾ ലളിതവും എന്താണോ കവിത ആവശ്യപ്പെടുന്നത് അതു പ്രകടിപ്പിക്കാനുള്ള കൃത്യത കൈയ്യാളുന്നതുമാകണമെന്ന എസ്ര പൗണ്ടിൻ്റെ ആവശ്യത്തെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞത് "In a Station of the Metro" എന്ന ഈ രണ്ടുവരി കവിതയ്ക്കാണ്.

ചരിത്രം, സംസ്കാരം, വൈയക്തികാനുഭവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിക്കൊണ്ട് കവിതയിലെ വാക്കുകൾക്ക് ലഭിക്കാനിടയുള്ള അധികമാനത്തെക്കൂടി ഉപയോഗിക്കുന്നതിൽ മിടുക്കുകാണിച്ച കവിയായിരുന്നു ടി. എസ്. എലിയറ്റ്. അദ്ദേഹത്തിൻ്റെ ‘ദ് വേസ്റ്റ് ലാൻഡ്’ എന്ന പ്രശസ്തമായ കവിതയിൽ വാക്കുകൾക്ക് ലഭിക്കുന്ന അർത്ഥതലങ്ങൾ പുരാണം, ഇതരസാഹിത്യം, മതം എന്നിവയുടെ പശ്ചാത്തലങ്ങളിലൂടെ സങ്കീർണ്ണമായ തലങ്ങളിലേക്ക് എത്തിച്ചേരുന്നത് അനുഭവവേദ്യമാകും. എസ്ര പൗണ്ട് ഒരുതരം കൃത്യത കവിതയിലെ വാക്കുകളിൽ നിന്നും തനിക്കു ലഭിക്കേണ്ട ആവശ്യമായി കരുതിയപ്പോൾ, ടി. എസ്. എലിയറ്റ് കവിതയിലെ വാക്കുകളെയും പ്രയോഗങ്ങളെയും സാംസ്കാരികവും ചരിത്രപരവുമായ അനേകം കാര്യങ്ങളിലേക്ക് ബന്ധിപ്പിച്ചുകൊണ്ട് അതിനു അനേകം അടുക്കുകളുണ്ടാക്കാൻ ശ്രമിച്ചു. ‘അരണവാല്‍മോതിരം’ എന്ന് ലതീഷ് മോഹൻ തൻ്റെ കവിതയ്ക്ക് തലക്കെട്ട് ഇടുമ്പോൾ ആ പ്രയോഗത്തിനു കൈവരുന്നത് സമാനമായ സാധ്യതയാണ്. ധൈര്യവുമായി ബന്ധപ്പെട്ട ആനവാൽമോതിരം എന്ന സങ്കൽപ്പത്തെ, മറവിയുമായി ബന്ധപ്പെട്ട അരണവാലുമായി ബന്ധിപ്പിക്കുന്നു. ഇവ്വിധം ചേർത്തെടുത്തെടുത്തുണ്ടാക്കുന്ന ഒരു വാക്കിനോ പ്രയോഗത്തിനോ പോലും അതായിത്തന്നെ കവിതയുടെ സ്വഭാവം കാണിക്കാനാകുന്നു.

വാക്കുകളെ കുറേക്കൂടി മൗലികവും സർഗ്ഗാത്മകവുമായി രീതിയിൽ സമീപിച്ച കവിയായിരുന്നു ഇ.ഇ. കമിങ്സ്. നിലനിൽക്കുന്ന വ്യാകരണനിയമങ്ങളെയും ഘടനകളെയും തെറ്റിക്കാൻ അദ്ദേഹത്തിനു യാതൊരു മടിയും ഉണ്ടായിരുന്നില്ല. വാക്കുകളെ വിന്യസിക്കുന്ന രീതികളിലടക്കം പലതരത്തിലുള്ള പരീക്ഷണങ്ങൾക്കു മുതിർന്നുകൊണ്ട്, കുറേക്കൂടി ശക്തവും ആഘാതമേൽപ്പിക്കുന്ന തരത്തിലുള്ളതുമായ വൈകാരികവും രൂപപരവുമായ അനുഭവം അദ്ദേഹം മുന്നോട്ടുവെച്ചു. അർത്ഥതലങ്ങളോളം തന്നെ പ്രധാനമാണു അക്ഷരങ്ങളെയും വാക്കുകളെയും താളിൽ വിന്യസിക്കുന്നതുവഴി ലഭിക്കുന്ന രൂപപരമായ ഗുണങ്ങളുമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു, ‘l(a’ എന്ന കവിതയിലൂടെ:

l(a

— e e cummings

l(a

le
af
fa
ll

s)
one
l

iness

ലംബരൂപത്തിൽ എഴുതിയ ഈ വരികളെ തിരശ്ചീനമായി എഴുതിയാൽ ഇങ്ങനെ വായിക്കാം: l(a leaf falls)oneliness. ഒറ്റപ്പെടൽ (loneliness) എന്ന അനുഭവത്തെ ആ വാക്കിലെ അക്ഷരങ്ങളെ പലമട്ടിൽ വേറിട്ടകറ്റി നിർത്തി കവിതയുടെ രൂപത്തിലൂടെയും സംവേദനം ചെയ്യാനാകുന്നു. ഒരു ഇല വീഴുന്നു (a leaf falls) എന്ന കാര്യത്തെ ചേർത്തിരിക്കുന്നത് ഒറ്റപ്പെടൽ (loneliness) എന്ന വാക്കിനു ഇടയിലാണ്. ഈ രൂപത്തെ അർത്ഥതലത്തിലേക്ക് കൊണ്ടുവരുമ്പോൾ ഇല വീഴുന്നു എന്ന കാഴ്ച ഒറ്റപ്പെട്ട അവസ്ഥയിൽ ഉണർത്താനിടയുള്ള വൈകാരികാവസ്ഥയും നമുക്ക് അനുഭവവേദ്യമാകും. l(a എന്നതിലെ ആദ്യ അക്ഷരമായ l എന്നത് ഒന്ന് (one) എന്നും വായിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അവസാനഭാഗത്തെ ‘oneliness’ എന്നും മാറ്റിവായിക്കാൻ സാധിക്കുന്നു. വ്യവസ്ഥാപിതവും പരമ്പരാഗതവുമായ ചട്ടക്കൂടുകളിൽ നിന്നും വാക്കുകളെ മോചിപ്പിക്കാനായാൽ കവിയ്ക്ക് വാക്കിനുമേൽ മറ്റു സാധ്യതകൾ കണ്ടെടുക്കാനാകും എന്നതിനു ഉദാഹരണമായി ഈ കവിതയെ കാണാം.

പരമ്പരാഗത വൃത്തങ്ങളെ പിൻപറ്റി കവിതയെഴുതിയിരുന്നവരും എഴുതിക്കൊണ്ടിരിക്കുന്നവരും വാക്കുകളുടെ തിരഞ്ഞെടുപ്പിനു പ്രധാനമായും താളഭംഗിയെയാണ് മാനദണ്ഡമാക്കുന്നത്. ഈ താളഭംഗി കേൾവിയിൽ ഇമ്പമായും കവിതയുടെ താളിലെ രൂപത്തിൽ ഒതുക്കിവെച്ച രൂപഭംഗിയായും പ്രകടമാകുന്നു. ഇത്തരത്തിലുള്ള സ്വരചേർച്ച പുതിയ കാലത്ത് പലതരം ഔചിത്യമില്ലായ്മയ്ക്കു കാരണമാകുന്നതും കാണാം. ‘കുളിക്കുമ്പോൾ/ പൊടുന്നനെ/ ജലം നിലച്ചു’ എന്നു തുടങ്ങുന്ന അനിത തമ്പിയുടെ ‘എഴുത്ത്’ എന്ന കവിതയിൽ കുളിക്കാൻ ഉപയോഗിക്കുന്നത് ‘ജലം’ ആണ്; ‘വെള്ളം’ അല്ല. ഈ കവിത സൂക്ഷ്മമായി വായിക്കുന്നവരെ അലട്ടാനിടയുള്ള ഒരു കാര്യമാണിത്, എഴുത്തിൽ സൂക്ഷ്മമായ ശ്രദ്ധ പുലർത്താറുള്ള ഒരു കവി എന്തുകൊണ്ടാകും ജലം എന്ന വാക്ക് വെള്ളം എന്ന വാക്കിനു ബദലായി ഉപയോഗിച്ചിരിക്കുകയെന്നത്. താളഭംഗിയല്ലാതെ മറ്റൊരു കാരണവും കാണാൻ കഴിയണമെന്നില്ല. ജലസ്നാനം എന്ന വാക്കിനുള്ള സ്വരചേർച്ച വെള്ളസ്നാനം എന്ന വാക്കിനില്ല; വെള്ളത്തിൽ കുളിക്കുന്ന നമ്മൾ ജലത്തിൽ കുളിക്കാത്തതിനു പിന്നിലെ കാരണം സംസ്കാരത്തിൻ്റെയും ഭാഷയുടെ അധികാരചരിത്രത്തിൻ്റെയും പശ്ചാത്തലത്തിൽ നിന്നുകൊണ്ടുകൂടി വേണം വിലയിരുത്താൻ. അനിത തമ്പിയുടെ കവിതയിൽ കുളിക്കുന്നത് ഒരു രാജ്ഞിയല്ല എന്നിരിക്കെ, ആ വാക്കിൻ്റെ തിരഞ്ഞെടുപ്പിൽ ഇവ്വിധത്തിലുള്ള ഔചിത്യമില്ലായ്മ നിഴലിക്കുന്നുണ്ടായിരുന്നു. ഈ സംശയത്തിനുള്ള തുടരെഴുത്തായി വായിക്കാവുന്ന കവിതയായിരുന്നു, പിൽക്കാലത്ത്, അനിത തമ്പി എഴുതിയ ‘ആലപ്പുഴവെള്ളം’ എന്ന കവിത. കവി ആറ്റൂർ രവിവർമ്മ ഈ സംശയം ഉന്നയിച്ചതിനെ മുൻനിർത്തിയാണ് ആ കവിത: ‘ആലപ്പുഴ നാട്ടുകാരി/ കരിമണ്ണുനിറക്കാരി/ കവിതയിൽ എഴുതുമ്പോൾ/ 'ജലം' എന്നാണെഴുതുന്നു!// കവി ആറ്റൂർ ചോദിച്ചു, "വെള്ളം അല്ലേ നല്ലത്?"

രണ്ടോ അതിലധികമോ വാക്കുകൾ ചേർത്തുവെച്ച് സംയുക്തപദങ്ങൾ നിർമ്മിക്കുമ്പോഴും, അതിൽ കൂട്ടുചേർക്കപ്പെടുന്ന വാക്കുകളുടെ ചരിത്രവും പശ്ചാത്തലവും പരിഗണിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ കവിതയുടെ അർത്ഥതലത്തിനു വ്യതിയാനങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. പി. രാമൻ്റെ ‘തുറന്ന കത്ത്, സുഹൃദ്കവിക്ക്’ എന്ന കവിത അദ്ദേഹം തുടങ്ങുന്നത് ഇങ്ങനെയാണ്: ‘പൂണുനൂൽ വെളിക്കു കാട്ടി / ജാതിവാൽ നിവർത്തി / 'കൊല്ലവരെ' യെന്നു ചൂണ്ടി / ജാതിയിന്ത്യ നില്പൂ.’ ഈ വരികളിലെ ജാതിയിന്ത്യ എന്നതിൽ ‘ജാതി’യെ ‘ഇന്ത്യ’യോടു ചേർത്തുവെച്ചതിലെ അജണ്ടയോ പണിക്കുറ്റമോ മനസ്സിലാകണമെങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയചരിത്രവും രാഷ്ട്രീയ സമകാലീനതയും വിശകലനം ചെയ്യേണ്ടതുണ്ട്. ബ്രിട്ടീഷ് അധിനിവേശകാലത്തും പിന്നീട് ഇന്ത്യയുടെ ഭരണഘടനയിലും പ്രയോഗിക്കപ്പെട്ട ദേശസൂചകമായ വാക്കാണ് ഇന്ത്യ. അതിനും മുമ്പുള്ള സാംസ്കാരിക പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് ജാതിവ്യവസ്ഥയുടെ ഘടനയിൽ പ്രബലമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ സൂചിപ്പിക്കാൻ ഭാരതം എന്ന വാക്ക് നിലനിൽക്കുന്നുണ്ട്. ആ വാക്കിൻ്റെ വീണ്ടെടുപ്പിനായി ഹിന്ദുത്വവാദികൾ കിണഞ്ഞുപരിശ്രമിക്കുന്നുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ജാതിഭാരതം എന്നതിനു പകരം ജാതിയിന്ത്യ കവിയുടെ തിരഞ്ഞെടുപ്പായി എന്നതാണ് ശ്രദ്ധിക്കേണ്ടത്. ‘എൻ്റെ രാജ്യം ഇന്ത്യയാണ്, ഭാരതമല്ല’ എന്ന പ്രസ്താവന ഒരു രാഷ്ട്രീയ മുദ്രാവാക്യമായി മുഴങ്ങിക്കേൾക്കുന്ന കാലത്താണ് കവി ഇതെഴുതുന്നത്. ഇതേ കവി അതേ കവിതയിൽ ജാതിഭാരതം എന്ന പ്രയോഗവും നടത്തുന്നുണ്ട്. ജനാധിപത്യ-മതേതര രാഷ്ട്രത്തിനൊപ്പം ജാതിയെ ചേർത്തുനിർത്തുമ്പോൾ ലഭിക്കുന്ന അർത്ഥ-ധ്വനി സാധ്യതകളല്ല, ജാതിപാരമ്പര്യത്തോട് കൂടുതൽ ഇഴകിച്ചേർന്ന ഒരു പ്രദേശസൂചകത്തെ ജാതിയുമായി ചേർത്തുനിർത്തുമ്പോൾ ലഭിക്കുക. കവികൾക്ക് ഇത്തരം സൂക്ഷ്മശ്രദ്ധയും ആവശ്യമാണ്. അതില്ലാത്തപക്ഷം സ്വന്തം കവിത അവരുടെ കൈവിട്ടുപോകും.

അഡ്രിയാൻ റിച്ചിനെ പോലെയുള്ള കവികൾ തങ്ങളുടെ കവിതയിലെ വാക്കുകളെ രാഷ്ട്രീയപരമായി ഉപയോഗിക്കാവുന്ന ഉപകരണമായിട്ടു കൂടിയാണു കണക്കാക്കിയത്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാണു കവിതയിലെ വാക്കുകളെന്ന് അവർ കരുതുന്നു. ലാംഗ്സ്റ്റൺ ഹ്യൂഗ്സിൻ്റെ ‘ഫ്രീഡം’ എന്ന കവിതയിൽ ‘ഫ്രീഡം’ എന്ന വാക്കിനും, മായ ആഞ്ചലോയുടെ ‘Phenomenal Woman’ എന്ന കവിതയിൽ ‘I'm a woman’, ‘That's me’ എന്ന വാക്കുകൾക്കും ‘Still I Rise’ എന്ന കവിതയിലെ I'll rise എന്ന വാക്കുകൾക്കു ആവർത്തനത്തിലൂടെയും ലഭിക്കുന്ന മുദ്രാവാക്യസ്വഭാവം, കവിതയിലെ വാക്കിനെ രാഷ്ട്രീയ ഉപകരണമാക്കിത്തീർക്കുന്നു. ഒരാൾ എവിടെ നിന്നു വരുന്നോ ആ നാടിൻ്റെ സംസ്കാരവും ചരിത്രവും പേറുന്നവയാകും ഓരോ കവിയുടെയും വാക്കുകളെന്നുകൂടിയാണ് പുതിയകാല കവിതയിലെ ഭാഷാവകഭേദങ്ങളും തെളിയിക്കുന്നത്. കവിതയിലെ വാക്ക് ഇത്തരത്തിൽ ഒരു സംസ്കാരത്തിൻ്റെ കലാവസ്തു എന്ന നിലയിൽ കൂടിയാകും അവതരിപ്പിക്കപ്പെടുക. കഴിഞ്ഞകാല സംഭവങ്ങളുടെ സ്മരണയും പാരമ്പര്യവും പോരാട്ടങ്ങളും അത്തരം വാക്കുകളിൽ പറ്റിച്ചേർന്നുനിൽക്കും. ഡെറിക് വോൾകട്ടിൻ്റെ "A Far Cry from Africa" എന്ന കവിതയിലെ "blood", "betray", "savages" തുടങ്ങിയ വാക്കുകൾക്ക് കേവലാർത്ഥമോ മറ്റു കവിതകളിൽ കൈവരാവുന്ന അർത്ഥസാധ്യതകളോ മാത്രമല്ല; ആഫ്രിക്കയുടെയും കരീബിയയുടെയും കൊളോണിയൽ ചരിത്രത്തിൻ്റെ ഭാരം കൂടി ആ വാക്കുകൾ പേറുന്നുണ്ട്. ഇതുവഴി വായനക്കാരുമായി ചരിത്രത്തിൻ്റെയും സ്വത്വത്തിൻ്റെയും അനുഭവം കൂടിയാണു പങ്കുവെക്കുന്നത്.

വാക്കുകൾക്കിടയിലെ വിടവുകളും വാക്കുകളോളം അർത്ഥത്തെ സംവേദനം ചെയ്യുന്നുണ്ടെന്ന് സ്റ്റെഫാൻ മല്ലാർമെയെ പോലെയുള്ള കവികൾ വിശ്വസിച്ചു. മല്ലാർമെയുടെ A Throw of the Dice (Un Coup de Dés) എന്ന കവിത ഇതിനു ഉദാഹരണമായി കാണാം. വാക്കുകൾക്കിടയിൽ പതിവിൽക്കവിഞ്ഞ അകലവും വറിമുറിക്കലുകളുമുള്ള ഈ കവിതയിൽ, വായനക്കിടയിൽ, വാക്കുകൾക്കിടയിലെ അകലം വഴി കൈവരുന്ന ഇടവേളകൾ മറ്റൊരു അനുഭൂതിയും അർത്ഥതലങ്ങളും കൈമാറാൻ ഇടയാക്കുന്നതാണ്. വായനയ്ക്ക് പല രീതികൾ അവതരിപ്പിക്കാനും വരികൾക്കോ വാക്കുകൾക്കോ ഇടയിലെ അകലം അഥവാ വിടവ് ഗുണം ചെയ്യും.

ഈ സാധ്യതകളെ എതിർമുഖ കവിതകൾ (contrapuntal poems) കൂടുതലായി ഉപയോഗപ്പെടുത്തുന്നത് കാണാം. ഇത്തരം കവിതകളിൽ വലതുവശത്തും ഇടതുവശത്തും ഒരുകൂട്ടം വരികൾ ക്രമപ്പെടുത്തിവെക്കുകയും ആ കവിതകളുടെ വലതുവശത്തെ ഭാഗം മാത്രം ഒരു പ്രത്യേക കവിതയുടെ സ്വഭാവം കൈയ്യാളുകയും ഇടതുവശത്തുള്ള ഭാഗം മറ്റൊരു കവിതയായി മാറുകയും ചെയ്യുന്നു. വലത്തു നിന്നും ഇടത്തോട്ടുള്ള വായനയിൽ മൂന്നാമതൊരു കവിതയ്ക്ക് കൂടി സാധ്യതയുണ്ടാകുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ റഷ്യൻ നോവലിസ്റ്റും കവിയുമായ ആന്ദ്രേ ബെലി 1921ൽ എഴുതിയ Pervoe Svidanie എന്ന ദീർഘ കവിത ഇത്തരത്തിലുള്ളതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കവികളായ തർഫീ ഫൈസുള്ള, സാറ കൂപ്പർ മുതലായവർ ഈ രൂപത്തെ കൂടുതലായി ഉപയോഗിക്കുന്നത് കാണാം.


മുകളിലെ വരികൾക്കോ വാക്കുകൾക്കോ ലഭിച്ചിരിക്കുന്ന അകലം മൂലം ഇവ രണ്ടുതരം വായനയ്ക്കുള്ള സാധ്യത നൽകുന്നു:

ഒന്ന്: പുഴയൊഴുകുന്നു / അടർന്നുവീണ ഇലയിൽ / വെള്ളാരംകല്ലിനുമേൽ / ഉറുമ്പിനു വിശ്രമം.

രണ്ട്: പുഴയൊഴുകുന്നു / വെള്ളാരംകല്ലിനുമേൽ / അടർന്നുവീണ ഇലയിൽ / ഉറുമ്പിനു വിശ്രമം.

ഇവ്വിധം വാക്കുകൾ മാത്രമല്ല വാക്കുകൾക്കോ വരികൾക്കോ ഇടയിലെ അകലം പോലും കവിതയിൽ പ്രധാനമാകുന്നു. കവിതയിലെ വാക്കുകൾ അർത്ഥത്തിൻ്റെ വാഹകർ മാത്രമല്ല; എവ്വിധമാണോ വിന്യസിക്കപ്പെട്ടിരിക്കുന്നത് അതിൻ്റെ അടിസ്ഥാനത്തിൽ അർത്ഥത്തിൻ്റെയും അനുഭവത്തിൻ്റെയും മാറ്റത്തിനു കാരണക്കാരുമാകും.

ഓരോ വാക്കിനോടൊപ്പവും കൂട്ടുചേരുന്ന ചിഹ്നങ്ങളും സവിശേഷ പ്രാധാന്യമർഹിക്കാറുണ്ട്. വോട്ട് ചെയ്തതിൻ്റെ പേരിൽ കുൽഗാമിൽ നോമ്പുതുറയ്ക്കിടെ ഭീകരരാൽ കൊല്ലപ്പെട്ട കുടുംബത്തെപ്പറ്റി ‘നോമ്പുതുറ’ എന്ന കവിതയിൽ ദുർഗ്ഗാപ്രസാദ് എഴുതുമ്പോൾ നോമ്പുതുറക്കുന്ന നിമിഷത്തെ ഇങ്ങനെ വിവരിക്കുന്നു: ‘പകുത്തു നൽകും കയ്യിൽ / പാപത്തിൻ കറ, കൂടെ- / ക്കഴിപ്പോർക്കെല്ലാം പാപ- /പ്പങ്കിൽ നിന്നോരോവീതം.’ ഇതിൽ നിന്നും ആ കുടുംബം പാപം ചെയ്തിരിക്കുന്നുവെന്നും ആ പാപമാകട്ടെ ഒരു ജനാധിപത്യരാജ്യത്ത് വോട്ട് ചെയ്തു എന്നതാകുന്നുവെന്നും കവി പ്രസ്താവിക്കുകയാണ്. പാപം എന്ന വാക്കിനൊപ്പം ഒരു ഉദ്ധരണി ചിഹ്നം ചേർക്കുക വഴി അത് പാപമാണെന്ന ധാരണ ഭീകരരുടെ വാദമാണെന്ന് കവിയ്ക്ക് സമർത്ഥിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ നിലവിലെ രൂപത്തിൽ, ഉദ്ധരണിചിഹ്നത്തിൻ്റെ അഭാവത്തിൽ, അത് കവിയുടെ ബോധ്യമായാണ് വെളിപ്പെടുന്നത്. ഇതേകവിതയുടെ അവസാനഭാഗത്ത് ‘മഞ്ചാടിപോൽ ഉതിരും ചോരത്തുള്ളി’ എന്ന് ഹിംസയെ അലങ്കരിച്ചു ഭംഗികൂട്ടാൻ നോക്കുകകൂടി ചെയ്തത് കണക്കിലെടുക്കുമ്പോൾ കവിയുടെ നില ഭീകരരുടെ പക്ഷത്താണെന്നും വിലയിരുത്തേണ്ടതായി വരുന്നു. ചുരുക്കത്തിൽ വാക്കുകളുടെ പ്രയോഗങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഇത്തരം പണിക്കുറ്റങ്ങൾ കവിതയുടെ ഉദ്ദേശത്തെ ഒന്നടങ്കം റദ്ദു ചെയ്യുന്നതിലേക്കോ വിപരീതാർത്ഥത്തിലേക്കോ നയിക്കാം.

ചില വാക്കുകൾ അത് സാന്നിധ്യമുറപ്പിക്കുന്ന വാചകത്തിലെ മറ്റു വാക്കുകളെ നിർണ്ണയിക്കുന്നതും കാണാം. Through the silence, her sharp words - എന്ന വാചകത്തിൽ എന്തുകൊണ്ട് sharp എന്ന വാക്ക് വന്നു? ഏറ്റവും കുറഞ്ഞത് sharp എന്ന വാക്കിന് 30 സമാനാർത്ഥപദങ്ങളെങ്കിലും ഇംഗ്ലീഷിലുണ്ട് എന്നിരിക്കെ എന്തുകൊണ്ട് ഈ വാക്ക് എന്നതാണ് ചോദ്യം. കാരണം മറ്റൊന്നുമല്ല പങ്കുവെക്കേണ്ടത് ശബ്ദഭംഗിയും അർത്ഥവും മാത്രമല്ല. മറിച്ച് ആ അനുഭവത്തെ കൂടിയാണ്. ഈ വരികളെ മലയാളത്തിലാക്കുമ്പോൾ ‘നിശബ്ദതയ്ക്കുള്ളിലൂടെ അവളുടെ കൂർത്ത വാക്കുകൾ’ എന്നോ ‘നിശബ്ദതയ്ക്കുള്ളിലൂടെ അവളുടെ മുനയുള്ള വാക്കുകൾ’ എന്നോ വരുന്നതിൻ്റെ കാരണവും മറ്റൊന്നുമല്ല. Sharp എന്ന വാക്കിനെ അതിനോട് ഏറ്റവും അടുത്ത് നിൽക്കാൻ ഇടയുള്ള loud, harsh, ഒച്ച, കനത്ത തുടങ്ങിയ വാക്കുകൾകൊണ്ട് പകരംവെക്കുമ്പോൾ നഷ്ടമാകുന്നത് കത്തി പോലെയോ അമ്പ് പോലെയോ ഉള്ള വസ്തുക്കൾ ഉള്ളിലൂടെ കടന്നുപോകുന്നവേളയിൽ അനുഭവപ്പെടാനിടയുള്ള തീവ്രതയാണ്. Through the silence എന്നതിലെ through എന്ന വാക്ക് ആവശ്യപ്പെടുന്നത് അതാണ്, അതിനെ പിന്താങ്ങാൻ sharp എന്ന വാക്കിന് സാധിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനം. കത്തിയുടെയോ അമ്പിൻ്റെയോ സാന്നിധ്യം എവിടെയും ഇല്ലെങ്കിലും അവയെപ്പോലെ കടന്നുപോകുന്നു അവളുടെ വാക്കുകൾ എന്ന അനുഭവസാധ്യതയാണ് through, sharp എന്നീ വാക്കുകളിലൂടെ മുന്നോട്ടുവെക്കുന്നത്.

ചുരുക്കത്തിൽ, കവിതയിലെ വാക്കുകൾ കേവലം അർത്ഥത്തിൻ്റെ വാഹകരല്ല, വെറും ശബ്ദഭംഗിയുമല്ല. വാക്കുകൾ കൂടുതൽ പ്രവർത്തനയോഗ്യമാകുന്ന ഇടമാണ് കവിത. സൗന്ദര്യാനുഭൂതിയും ഭാവനാശേഷിയും രാഷ്ട്രീയമുഖവും വൈകാരികതലങ്ങളും വെളുപ്പെടുത്തുന്നവിധത്തിൽ ഇടപെടൽ നടത്താൻ കവിയുടെ സവിശേഷശ്രദ്ധ പതിയുന്നതിലൂടെ കവിതയിലെത്തിപ്പെടുന്ന ഓരോ വാക്കിനും സാധിക്കുന്നു; കവിതയിൽ ഓരോ വാക്കും പ്രധാനമാകുന്നു.

Reference
  • Ferdinand de Saussure - Course in General Linguistics (1916)
  • Ludwig Wittgenstein - Philosophical Investigations (1953)
  • Jacques Derrida - Of Grammatology (1967)
  • Martin Heidegger - Poetry, Language, Thought (1971)
  • William Wordsworth - Preface to Lyrical Ballads (1798)
  • T.S. Eliot - Tradition and the Individual Talent (1919)
  • Ezra Pound - ABC of Reading (1934)
  • E.E. Cummings - Complete Poems, 1904–1962 (1991)
  • Adrienne Rich - What Is Found There: Notebooks on Poetry and Politics (1993)
  • Mallarmé - A Throw of the Dice Will Never Abolish Chance (Un Coup de Dés...) (1897)
  • Derek Walcott - Collected Poems: 1948–1984 (1986)
  • അനിത തമ്പി. ആലപ്പുഴവെള്ളം (2018), മുറ്റമടിക്കുമ്പോൾ (2004)
  • പി. രാമൻ, കവിനിഴൽമാല ബ്ലോഗ് (2020) 
  • ദുർഗ്ഗാപ്രസാദ്, രാത്രിയിൽ അച്ചാങ്കര (2023)
ബിംബം, പ്രതിരൂപം, രൂപകം

ബിംബം, പ്രതിരൂപം, രൂപകം

ബിംബം, പ്രതിരൂപം, രൂപകം
(തിബാഖ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്)

 ഒരുകൂട്ടം വാക്കുകളെ ചേർത്തു നിർത്തിയിരിക്കുന്ന വരികൾ മാത്രമല്ല കവിത; അതൊരു ചിന്താരീതിയാണ്, അനുഭവിക്കാനുള്ള മാർഗ്ഗമാണ്. വ്യക്തതയും സ്പഷ്ടമായആശയവിനിമയവും സാധ്യമാക്കുന്ന വ്യവഹാരഭാഷയല്ല; മനസ്സിലാക്കലിൻ്റെ ശീലങ്ങളെ മാറ്റിയെടുക്കുന്ന ഭാഷയാണ്. വാക്കുകളെ പൊതിഞ്ഞിരിക്കുന്ന അർത്ഥത്തിൻ്റെ ആവരണം മാത്രമല്ല; അതിനുള്ളിലെ അനുഭവത്തിൻ്റെ പ്രതിധ്വനികളെ അനുഭവവേദ്യമാക്കലുമാണ്. ഈ സവിശേഷതകളെല്ലാം പ്രകടമാക്കാൻ കവിതയെ സഹായിക്കുന്ന മൂന്ന് ഘടകങ്ങളാണ് ബിംബം, പ്രതിരൂപം, രൂപകം. ഇതുതന്നെയല്ലയോ അതെന്ന തോന്നൽ ഇവ മൂന്നും കൈമാറ്റം ചെയ്യാറുണ്ടെങ്കിലും, സൗന്ദര്യബോധത്തിലും അതിൻ്റെ രാഷ്ട്രീയനിലയിലും അവ തികച്ചും വേറിട്ടുനിൽക്കുന്നു. കലയെന്ന നിലയിൽ കവിത പ്രവർത്തനക്ഷമമാകുന്നതിൽ ബിംബം, പ്രതിരൂപം, രൂപകം എന്നിവയുടെ പ്രാധാന്യം എന്തെന്ന ആലോചന അതിനാൽ പ്രധാനമാണ്.

കാവ്യാത്മകമായ ആവിഷ്കാരത്തിൻ്റെ അടിസ്ഥാനഘടകങ്ങളാണ് ബിംബങ്ങൾ. കാഴ്ചയുടെ, കേൾവിയുടെ, സ്പർശത്തിൻ്റെ, ഗന്ധത്തിൻ്റെ അനുഭവം വാക്കുകളിലൂടെ കൈമാറാൻ ബിംബങ്ങൾ വഴിയൊരുക്കുന്നു. വ്യാഖ്യാനമോ വിശദീകരണമോ അല്ല, വാക്കുകളിലൂടെയുള്ള അനുഭവ സാക്ഷാത്കാരമാണ് ലക്ഷ്യമിടുന്നത്. ‘ഒഴിഞ്ഞ മുറിയിലെ മിടിക്കുന്ന ക്ലോക്ക്’ എന്നും ‘മഴ നനഞ്ഞ തെരുവ്’ എന്നും വായിക്കുമ്പോൾ അതിൻ്റെ വ്യാഖ്യാനത്തിനല്ല നമ്മൾ ഉടനെ മുതിരുന്നത്; ഉള്ളാലെ അവയുടെ അനുഭൂതി സ്വന്തമാക്കുകയാണ്. ഇതാണ് ബിംബങ്ങളുടെ ശേഷി; അത് കവിതയെ തൽക്ഷണം അനുഭവവേദ്യമാക്കുന്നു, ജീവസ്സുറ്റതാക്കുന്നു.

തൽക്ഷണം പ്രവർത്തനയോഗ്യമാകുന്നവയല്ല പ്രതിരൂപങ്ങൾ. അനുഭൂതിയിലാണ് ബിംബങ്ങളുടെ ഊന്നലെങ്കിൽ, സാംസ്കാരികമായ ബന്ധത്തിലൂടെയും കൂട്ടായ ഓർമ്മകളിലൂടെയും പ്രവർത്തിക്കുന്നതാണ് പ്രതിരൂപത്തിൻ്റെ രീതി. വെള്ളരിപ്രാവ്, കവിതയിൽ ഒരു പക്ഷി മാത്രമായി അവതരിപ്പിക്കപ്പെടുന്ന സന്ദർഭങ്ങൾ നന്നേ കുറവാകും; ഏറെക്കാലമായി സമാധാനവുമായി ബന്ധപ്പെട്ടു അതിനു സാധ്യമാകുന്ന അർത്ഥവ്യാഖ്യാനതലങ്ങളിലാകും പ്രവർത്തിക്കുക. വൈയക്തികമായ ഒരു അനുഭവത്തിൽ നിന്നും പങ്കുവെക്കപ്പെടുന്ന അർത്ഥമായി മാറാൻ പ്രതിരൂപങ്ങൾക്കു സാധിക്കുന്നു. ഇവ്വിധം പ്രതിരൂപങ്ങൾ വൈയക്തികതയ്ക്കും സാമൂഹികതയ്ക്കും ഇടയിലെ പാലമാകുന്നു. ആശയപരവും സ്വത്വപരവും ചരിത്രപരവുമായ സൂചകങ്ങളാകാൻ കവിതയിലെ പ്രതിരൂപങ്ങൾക്കു സാധിക്കുന്നു. പാരമ്പര്യങ്ങളുടെയും മിത്തുകളുടെയും രാഷ്ട്രീയനിലപാടുകളുടെയും ലക്ഷണങ്ങളോ അർത്ഥങ്ങളോ കവിതയിൽ ഉൾച്ചേർക്കപ്പെടുന്നതിൻ്റെ അടിസ്ഥാനഘടകം കൂടിയാകുന്നു പ്രതിരൂപങ്ങൾ.

കാവ്യഭാവനയുടെ ഏറ്റവും അടിസ്ഥാനപരമായ പ്രവർത്തനം രൂപകങ്ങൾ വഴിയാണ് സാധ്യമാകുന്നത്. ബിംബങ്ങൾ അനുഭവിപ്പിക്കലിലേക്കും പ്രതിരൂപങ്ങൾ സ്വനുഭവത്തെ കവിഞ്ഞുപോകുന്നതിലേക്കും നയിക്കുകയാണെങ്കിൽ, രൂപകങ്ങൾ പരിവർത്തനത്തിനുള്ള ചാലകമാകുന്നു. പ്രയോഗശീലത്താൽ സ്വാഭാവികമായ ഒരു കാര്യത്തെ വേറിട്ട രീതിയിൽ സമീപിക്കാൻ രൂപകങ്ങൾ കാരണമാകുന്നു. സമയം ഒരു ‘കള്ളൻ’, ശരീരം എൻ്റെ ‘തടവറ’ എന്നെല്ലാം കവിതയിലെഴുതുമ്പോൾ നിലവിലുള്ള കാര്യങ്ങൾക്കുമേൽ മറ്റൊരു രീതിയിലുള്ള നോട്ടം ആവശ്യമായി വരുന്നു; യാഥാർത്ഥ്യത്തെ മറ്റൊരു രീതിയിൽ സമീപിക്കേണ്ടതായി വരുന്നു. ആസ്വാദകൻ്റെയുള്ളിൽ നടക്കുന്ന ഈ പരിവർത്തനം രൂപകങ്ങളെ സൗന്ദര്യോപാധിയാക്കി മാറ്റുന്നു.

ഒരേ കവിതയിൽ തന്നെ ഇവ മൂന്നിൻ്റെയും ഗുണങ്ങൾ അനുഭവവേദ്യമാകാം. ബിംബങ്ങൾ കാര്യങ്ങൾ കാണിച്ചുതരുമ്പോൾ, പ്രതിരൂപങ്ങൾ മറ്റു കാര്യങ്ങളിലേക്ക് വിരൽചൂണ്ടുമ്പോൾ, രൂപകങ്ങൾ പരിവർത്തനത്തിലേക്ക് നയിക്കുന്നു. ഓരോന്നും അതിൻ്റേതായ രീതിയിൽ സൗന്ദര്യാനുഭൂതി പകരുന്നു. ഇവയുടെ പാരസ്പര്യം ഒരു കവിതയെ സൗന്ദര്യാനുഭൂതിപകരുന്ന ഭാഷാനുഭവമായും ചിന്തോദ്ദീപകമായ ചാലകമായും മാറ്റുന്നു; ലോകത്തെ മറ്റൊരു മട്ടിൽ അനുഭവിക്കാൻ, മനസ്സിലാക്കാൻ, ആസ്വദിക്കാൻ നമുക്കാകുന്നു.

കവിതയുടെ ഭാവുകത്വവ്യതിയാന ചരിത്രത്തിൽ ബിംബവും പ്രതിരൂപവും രൂപകവും സവിശേഷ പ്രാധാന്യമർഹിക്കുന്നുണ്ട്; പല കാലങ്ങളിലെയും സൗന്ദര്യബോധത്തിൻ്റെ സവിശേഷതകൾ നിർണ്ണയിക്കുന്നതിൽ മൂന്നിലേതെങ്കിലും ഒന്നിനു പ്രാധാന്യം കൂടുതൽ ലഭിച്ചത് കാരണമായിട്ടുണ്ട്. പുരാതനകാലത്ത്, വാമൊഴി കവിതാപാരമ്പര്യത്തിൽ ബിംബങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിച്ചിരുന്നതെന്നു കാണാം. ഓർമ്മയെയും അനുഭവത്തെയും ക്ഷണനേരം കൊണ്ട് തൊട്ടുണർത്താൻ സാധിക്കുന്നുവെന്നതാകാം ഇതിനു കാരണം. രൂപകങ്ങൾ അക്കാലത്ത് വികാരങ്ങളെ സാർവ്വലൗകികമാക്കാനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മദ്ധ്യകാലഘട്ടത്തിലാണ് പ്രതിരൂപങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൈവരുന്നത്. അന്യാപദേശപ്രധാനമായ കവിതകൾ, പ്രത്യേകിച്ച് ഇതിഹാസകാവ്യങ്ങളിൽ, പ്രതിരൂപസ്വഭാവം പ്രകടമാണ്.

നവോത്ഥാനകാലഘട്ടത്തിൽ രൂപകങ്ങളുടെ ശേഷികൾ കൂടുതലായി ഉപയോഗിക്കപ്പെടുകയും ബൌദ്ധിക പ്രധാനമായ ശേഷികൾ കവിതയിൽ പ്രകടമാകുകയും ചെയ്തിരുന്നു. എന്നാൽ, പിൽക്കാലത്ത് കാല്പനികകവിതാപ്രസ്ഥാനം ബിംബങ്ങളുടെ പ്രാധാന്യം വീണ്ടെടുക്കാൻ ശ്രമം നടത്തി; പ്രകൃതിദൃശ്യങ്ങളെ ഉദാത്തമായ അനുഭവത്തിൻ്റെ വൈയക്തികമായ നേരിലേക്കു നയിക്കുന്ന മാർഗ്ഗമായി അവർ കണക്കാക്കി. ബിംബങ്ങളുടെ സവിശേഷമായ പ്രയോഗത്തിലൂടെയായിരുന്നു ഇത് സാധ്യമാക്കിയത്.

ഉപരിതലസ്പർശിയായ ദൈനംദിന ജീവിതയാഥാർത്ഥ്യങ്ങൾക്ക് അപ്പുറത്ത്, ആഴവും സങ്കീർണ്ണതയും ഉൾക്കാഴ്ചയും വെളിപ്പെടുത്തുക ലക്ഷ്യമിട്ടുകൊണ്ട് സിംബോളിസ്റ്റ് പ്രസ്ഥാനം മറ്റൊരു ഭാവുകത്വം മുന്നോട്ടുവെച്ചു. പ്രതിരൂപങ്ങളെ സവിശേഷമായ രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ടുള്ളതായിരുന്നു സിംബോളിസ്സ് കവികളുടെ രീതി. പ്രതിരൂപങ്ങൾക്ക് അവർണ്ണനീയമായ കാര്യങ്ങളുടെ അന്വേഷണാർത്ഥസ്വഭാവം സിംബോളിസ്റ്റ് കവിതകളിൽ പ്രകടമായി.

ഒരു വാചകത്തിൽ വാക്കുകൾ എവ്വിധം പ്രവർത്തനയോഗ്യമാകുന്നോ അതേമട്ടിൽ ഒരു കവിതയുടെ അടിസ്ഥാന ഏകകങ്ങളിലൊന്നായി ബിംബങ്ങൾ ഉപയോഗിക്കപ്പെടാൻ തുടങ്ങിയതായിരുന്നു ആധുനികകാലത്തെ കവിതകളിലെ ബിംബങ്ങളുടെ ഉപയോഗരീതി. 'ലാൽദെദ് അതിർത്തികൾക്കെതിരെ സംസാരിക്കുന്നു' എന്ന കവിതയിൽ കെ. സച്ചിദാനന്ദൻ എഴുതുന്നു:

ആപ്പിൾ മരങ്ങളുടെ വേരുകൾ
മനുഷ്യരുണ്ടാക്കിയ മതിലുകൾക്കിടയിലൂടെ
അന്യോന്യം കൈകോർക്കുന്നു.

ഇനോസ്കുലേഷൻ എന്ന സ്വാഭാവിക പ്രതിഭാസമാണ് 'വേരുകൾ… അന്യോന്യം കൈകോർക്കുന്നു' എന്ന് സച്ചിദാനന്ദൻ്റെ നിരീക്ഷണത്തിൻ്റെ അടിസ്ഥാനം. ഒരേ ജനുസ്സിൽപ്പെട്ടതോ സഹജീവനത്തിന് വഴങ്ങുന്നവരോ ആയ മരങ്ങളുടെ വേരുകൾ കാലക്രമേണ മണ്ണിനുള്ളിൽ ഒന്നായി വരും. അധികം അകലെയല്ലാതെ, എന്നാൽ തമ്മിൽ മത്സരബുദ്ധിയുണ്ടാക്കാൻ അത്രയുമടുപ്പം ഉണ്ടാകാതെ നടുകയേ വേണ്ടൂ. ഇങ്ങനെയുള്ള മരങ്ങളിൽ ഒരു മരം ശോഷിച്ചു തുടങ്ങിയാലും മറ്റുള്ളവ അവയ്ക്ക് സഹായം നൽകുന്നു. കൂട്ടത്തിൽ രോഗങ്ങളും കീടങ്ങളും അവർ പങ്കുവെക്കുന്നു. സച്ചിദാനന്ദൻ്റെ കവിതയിലെ ഇതേ ബിംബത്തെ അധികരിച്ച് പിൽക്കാലത്ത് സമാനമായ ബിംബകൽപ്പനയിൽ കേന്ദ്രീകൃതമായ കവിതകൾ എഴുതപ്പെട്ടിട്ടുണ്ട്. ‘മരങ്ങൾ പൂക്കുന്നത്’ എന്ന റഫീക്ക് അഹമ്മദിൻ്റെ കവിത അവസാനിക്കുന്നത് ഇങ്ങനെ:

ഒരു പുലർച്ചയിൽ ഇരുമരങ്ങളും
നിറയെ പൂക്കളാൽ ജ്വലിച്ചുലഞ്ഞീടും.
ഒരുപക്ഷേ മണ്ണിന്നടിയിൽ ഗൂഢമായി
അവ തമ്മിൽ വേരാൽ തൊടുന്നുണ്ടാവുമോ?

പ്രകൃതിയിൽ നിലനിൽക്കുന്ന ഒരു പ്രതിഭാസത്തെ, ‘കൈകോർക്കുന്നു’ എന്ന പ്രയോഗത്തിലൂടെയാണു സച്ചിദാനന്ദൻ കാവ്യാത്മകമാക്കി മാറ്റിയതെങ്കിൽ റഫീക്ക് അഹമ്മദ് അതിനെ ‘തൊടൽ’ ആക്കിയിരിക്കുന്നു. എന്നുമാത്രമല്ല, സച്ചിദാനന്ദൻ്റെ കവിതയിൽ കേവലമൊരു ബിംബമായി നിൽക്കുന്ന വരികളെയാണ് റഫീഖ് അഹമ്മദിൻ്റെ കവിതകൾ സവിശേഷപ്രാധാന്യമർഹിക്കുന്ന സന്ദർഭമായി മാറിയതെന്നും കാണാം. ഇതേ ഇനോസ്കുലേഷൻ വീരാൻകുട്ടിയുടെ കവിതയിലെത്തുമ്പോൾ സമാനമായ ബിംബകൽപ്പനതന്നെ കവിതയായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒരു ബിംബം അതായിത്തന്നെ പൂർണ്ണ കവിതയാകുകയാണ്. അദ്ദേഹത്തിൻ്റെ ‘ആശ്ലേഷം’ എന്ന കവിത ഇങ്ങനെ:

ഭൂമിക്കടിയിൽ
വേരുകൾകൊണ്ട്
കെട്ടിപ്പിടിക്കുന്നു,
ഇലകൾ തമ്മിൽ
തൊടുമെന്ന് പേടിച്ച്
നാം
അകറ്റി നട്ട
മരങ്ങൾ.

ബിംബങ്ങൾക്കു അതാ­യി­ത്ത­ന്നെ കവിതാമൂ­ല്യ­മു­ണ്ടെ­ന്നു വാദിക്കുന്ന കവികളുണ്ട്. ഇമേ­ജി­സ്റ്റ് കവി­ക­ളിൽ പല­രും ഇത്തരം വാദങ്ങൾ പിൻപറ്റിയതായി കാണാം. എന്നാൽ ബിംബകൽപ്പനയെ പൂർണ്ണകവിതയായി സ്ഥാപിക്കാൻ മെനക്കെടുന്നവർ, കവിതയുടെ മൗലികതയും കേവലകൗതുകത്തെ കവിഞ്ഞുനിൽക്കാനുള്ള ശേഷിയും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം കവിതകൾ എഴുതുന്നവർ ഏറ്റെടുക്കേണ്ട പ്രധാന വെല്ലുവിളിയാണത്. കൂടിച്ചേരുക എന്ന പ്രവൃത്തിയെ കൈകോർക്കൽ, തൊടൽ, കെട്ടിപ്പിടിക്കൽ ആയി മാറ്റിയതുകൊണ്ടുമാത്രം പുതിയ കവിതാനുഭവം മുന്നോട്ടുവെക്കാൽ സാധിക്കില്ല. പലപ്പോഴും മുമ്പ് എഴുതപ്പെട്ടതിൻ്റെ ഒരു ഭാഗമെടുത്തുള്ള പങ്കുവെക്കൽ മാത്രമാകും. ഭാഷകൊണ്ടുള്ള വളച്ചൊടിക്കലിൽ മാത്രമല്ല കവിത വേറിട്ടുനിൽക്കേണ്ടത്.

പ്രതിരൂപാത്മകസ്വഭാവം കവിതയ്ക്കുമേൽ സാധ്യമാകുന്ന രീതിയിലാണ് ബഹുഭൂരിപക്ഷം ആളുകളുടെയും കവിതാവായനാശീലം എന്നിരിക്കെ, ഒരൊറ്റ ബിംബകൽപ്പനയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കവിതയിലും പ്രതിരൂപത്തെ കണ്ടെടുക്കാനുള്ള ശ്രമങ്ങളുണ്ടാകാം. അനുഭവവേദ്യമാകലിൽ മാത്രം ഒതുങ്ങാൻ ശ്രമിച്ചാലും, എന്തി­നെ­(­യൊ­ക്കെ­)­യാ­ണോ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­ത് അതി­നെ­പ്പ­റ്റി സൂ­ച­ന­ക­ളൊ­ന്നും നൽ­കാ­തെ എഴുതപ്പെടാനിടയുണ്ട് എന്നതിനാൽ ഇത്തരം കവി­ത­കൾ വാ­യ­ന­ക്കാ­രു­മാ­യി സം­വ­ദി­ക്കു­ന്ന­തിൽ മേൽപ്പറഞ്ഞ കാരണത്താൽ പരാജയപ്പെടുന്നുവെന്ന വിമർശനവും ഉയരാം. ഒരു പ്ര­ത്യേക വസ്തു­വി­നെ കു­റി­ച്ചു­ള്ള വി­വ­ര­ണം, നമ്മ­ളിൽ അവ­യോ­ട് ചേർ­ന്നു­നിൽ­ക്കു­ന്ന വി­കാ­ര­ങ്ങ­ളെ ഉണർ­ത്തു­മെ­ന്ന ടി. എസ്. എലി­യ­റ്റിന്റെ നി­രീ­ക്ഷ­ണ­ത്തെ മാനദണ്ഡമാക്കിയാൽ, ഇത്ത­രം കവി­ത­കൾ അനുഭവവേദ്യമാകാറുണ്ട്. വൈയക്തികമായ അനുഭൂതിതലത്തിൽ മാത്രം ഒതുങ്ങുമെന്നതാകാം അവയുടെ പരിമിതി.

‘ആറ്റിക്കുറുക്കിയ കവിത’ എന്ന വിശേഷണം പലപ്പോഴും ലഭിച്ചുകാണാറുള്ളത് ചുരുക്കം വാക്കുകളിലൂടെയുള്ള ബിംബകൽപ്പനയിൽ ഒതുങ്ങി നിൽക്കുന്ന കവിതകൾക്കാണ്. അക്ഷരങ്ങളുടെ എണ്ണക്കുറവ് മൂലമുണ്ടാകുന്ന വലിപ്പക്കുറവോ നിലവിലുള്ളതിൽ നിന്നും വെട്ടിമാറ്റേണ്ടതായ ഒരു വാക്കോ വരിയോ ഇല്ലെന്ന എഴുത്തുമിടുക്കോ ആറ്റിക്കുറുക്കലിൻ്റെ മാനദണ്ഡമായി പലരും തെറ്റിദ്ധരിക്കാനിടയുണ്ട്. ആറ്റിക്കുറുക്കുക എന്നത് കവിതയുടെ വലിപ്പത്തിൻ്റെയോ അക്ഷരക്കണക്കിൻ്റെയോ വിഷയമല്ല; ഒരു കവിതയ്ക്ക് ചുരുക്കം വാക്കുകളിലൂടെ സാധ്യമാകുന്ന അർത്ഥ, അനുഭവ ധ്വനിസാധ്യതകളുടെ സാന്ദ്രതയാണ്. കുറച്ചു പറയലല്ല; ഒരു കാര്യം പറയുന്നതിലൂടെ ഒരേസമയം പലതും പറയാനുള്ള ശേഷിയാണ്. ദാർശനികവും രാഷ്ട്രീയപരവും സൗന്ദര്യാവബോധപരവുമായ അനേകം അടരുകൾ ആറ്റിക്കുറുക്കിയ കവിതകളിൽ സാധ്യമാകുന്നു. അതൊരിക്കലും ചെറിയ കവിതയല്ല; ‘വലിയ’ കവിത തന്നെയാകുന്നു. ഈ മാനദണ്ഡം മുൻനിർത്തി വിലയിരുത്തുകയാണെങ്കിൽ ബിംബത്തെക്കാളും പ്രതിരൂപത്തെക്കാളും രൂപകത്തിന് ഈ സ്വഭാവസവിശേഷതയുണ്ടെന്നു കാണാം.

പല കാരണങ്ങളാൽ രൂ­പ­കാ­ത്മ­ക­മായ ആവി­ഷ്കാ­ര­ങ്ങ­ളാ­ണ് കൂ­ടു­തൽ കാ­വ്യാ­ത്മ­ക­മാ­കാൻ ഇട­യു­ള്ള­തെന്ന് വാദിക്കുന്നവരുണ്ട്. പ്രതിരൂപാത്മകമാകു­മ്പോൾ അവ നി­യ­ത­മായ അർ­ത്ഥ­ത്തെ കു­റി­ക്കു­മെ­ന്നും രൂ­പ­ക­പ­ര­മാ­കു­മ്പോൾ അവ ഒരേസമയം ബിംബപരവും പ്രതിരൂപപരവുമായ സ്വ­ഭാ­വങ്ങൾ കൈ­യ്യാളാനുള്ള സ്വഭാവങ്ങൾ കൈവരിക്കുകയും, എന്തി­നെ­യാ­ണോ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­ത് അതി­ന്റെ സവി­ശേ­ഷ­ത­കൾ കൈ­യ്യാ­ളു­മെ­ങ്കി­ലും, പ്ര­തി­രൂ­പ­ങ്ങ­ളിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യി, രൂപകങ്ങൾ നി­യ­ത­മായ ഒരു അർ­ത്ഥ­ത്തി­ലോ വ്യാ­ഖ്യാ­ന­ത്തി­ലോ ഒതു­ങ്ങി­ല്ല എന്നും ആന്ദ്രേ താർ­ക്കോ­വ്സ്കി പറ­യു­ന്നു.

താരതമ്യത്തിനു സഹായകമാകുന്ന ഉപാധി എന്ന രീതിയിൽ ചുരുങ്ങുന്നില്ല രൂപകങ്ങൾ. അപരിചിതവത്കരണം സാധ്യമാക്കി പുത്തൻ സംവേദനത്തിനു രൂപകങ്ങൾ വഴിയൊരുക്കുന്നു. സാധാരണയായി ഒരു വാക്കിനോ വസ്തുവിനോ സാധ്യമാകുന്ന അർത്ഥ അനുഭവ തലങ്ങളിൽ നിന്നും അതിനെ വിടുവിച്ച് ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരിടത്ത് സ്ഥാപിക്കുന്നു; രൂപകം സംവേദനത്തിൻ്റെ ശീലങ്ങൾക്ക് ഭംഗമുണ്ടാക്കുന്നു. സമയത്തെ ‘കള്ളൻ’ എന്നു പറയുമ്പോഴും ഓർമ്മയെ ‘മങ്ങലേറ്റ ഫോട്ടോ’യായി വെളിപ്പെടുത്തുമ്പോഴും നമുക്ക് പരിചിതമായ കാര്യങ്ങളെ അപരിചിതമാക്കി മാറ്റുകയാണ്. പുതുക്കപ്പെട്ട സംവേദനതലവുമായി നമുക്ക് ഇടപഴകേണ്ടി വരുന്നു. ഇവ്വിധം രൂപകം കേവലം വർണ്ണനയിൽ ഒതുങ്ങാതെ, സംവേദനതലത്തെയും സൗന്ദര്യബോധത്തെയും നിർണ്ണയിക്കുന്നതിൽ പങ്കുവഹിക്കുന്നു. സാധാരണതയെ അസാധാരണമാക്കാനും ശ്രദ്ധിക്കപ്പെടാത്ത ഒന്നിനെ നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുചെന്നെത്തിക്കാനും രൂപകത്തിനു സാധിക്കുന്നു.

ബിംബം, പ്രതിരൂപം, രൂപകം എന്നിവ സൗന്ദര്യബോധത്തിലൂന്നി മാത്രം വിലയിരുത്തേണ്ട ഘടകങ്ങളല്ല; അവയുടെ രാഷ്ട്രീയോപയോഗസാധ്യത കൂടി പരിഗണിക്കേണ്ടതുണ്ട്. എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും എന്തുതരം വികാരത്തെയാണു ലക്ഷ്യമിടേണ്ടതെന്നതുമാണ് ബിംബനിർമ്മിതിയുടെ അടിസ്ഥാനം. ആശയപ്രചരണോപാധിയായി ബിംബനിർമ്മിതിയ്ക്ക് പ്രാധാന്യം കൈവരുന്നത് രാഷ്ട്രീയത്തിൽ കാണാം. സമഗ്രാധിപത്യസ്വഭാവത്തിൻ്റെ ലക്ഷണമാണ് ഏകബിംബനിർമ്മിതി. ഒരു ബിംബത്തിനു ചുറ്റും മറ്റുള്ളവയെല്ലാം സ്ഥാപിക്കുന്ന കൽപ്പനയാണ് അതിൻ്റെ അടിസ്ഥാനസ്വഭാവം. പ്രതിരൂപങ്ങളാകട്ടെ, ആൾക്കൂട്ട ഓർമ്മയെ ഒരു പ്രതീകത്തിൽ സ്ഥാപിച്ചെടുക്കാനും സഹായിക്കുന്നു. അതേസമയം, അർത്ഥ വ്യതിയാനത്തിലേക്കും അനുഭവങ്ങളുടെ അസ്ഥിരതയിലേക്കും നയിക്കുന്ന രൂപകങ്ങൾക്ക് നിലവിലുള്ള അധികാരഘടനയെയും ഒളിഞ്ഞു നിൽക്കുന്ന ബന്ധങ്ങളെയും സംശയമുനയിലേക്കെത്തിക്കാൻ സാധിക്കും. ഇത്തരത്തിൽ രാഷ്ട്രീയമായി ഉപയോഗയോഗ്യമായ ഇവയുടെ സ്വഭാവങ്ങളെ കവിതയിൽ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തുന്നു എന്നത് സൂക്ഷ്മനിരീഷണം ആവശ്യപ്പെടുന്നു. ഇവ്വിധം കവിതയുടെ രചനാതന്ത്രം, രാഷ്ട്രീയഭാവനയുടെ കൂടി വെളിപ്പെടലാകാനിടയുണ്ട്.

അധിനിവേശാനന്തരകാലത്ത് പ്രതിരൂപങ്ങൾക്ക് രാഷ്ട്രീയമായ അധികമാനങ്ങൾ കൈവന്നതായി കാണാം. നെഗ്രിറ്റ്യൂഡ് പ്രസ്ഥാനത്തിൻ്റെ ഭാഗമായ കവികളിൽ ‘കറുത്ത ശരീരം’, ഡെറിക് വോൾകട്ടിൻ്റെ കവിതകളിലെ ‘കടൽ’, ‘തുറമുഖം’, ആഫ്രിക്കൻ കവിതകളിൽ കാണുന്ന ‘മുഖംമൂടി’, ദർവീഷിൻ്റെ കവിതകളിലെ ‘ഒലീവ്’ എന്നിവയ്ക്കെല്ലാം പ്രതിരൂപ സ്വഭാവം കൈവരുന്നത് ഇത്തരത്തിലുള്ള പശ്ചാത്തലങ്ങളെക്കൂടി മുൻനിർത്തിയാണ്.

ബിംബങ്ങൾ, പ്രതിരൂപങ്ങൾ, രൂപകങ്ങൾ എന്നിവയെല്ലാം ചേർന്നു പ്രവർത്തിക്കേണ്ട കവിതാഭാവുകത്വമാണ് പുതിയ കാലത്തിൻ്റെ ആവശ്യം. കേവലം വർണ്ണനോപാധികളായി ചുരുങ്ങാതെ ഇവയെ പ്രവർത്തനയോഗ്യമാക്കി ഉപയോഗപ്പെടുത്തുക എന്നതാണ് കവികൾ ഏറ്റെടുക്കേണ്ട വെല്ലുവിളി. ക്ഷണനേരം കൊണ്ട് കവിതയെ അനുഭവവേദ്യമാക്കാൻ ബിംബങ്ങളും സാംസ്കാരിക ഓർമ്മയിലേക്ക് വിരൽചൂണ്ടാൻ പ്രതിരൂപങ്ങളും കാവ്യാനുഭവം അതിൻ്റെ തീവ്രതയിൽ അനുഭവവേദ്യമാകാൻ രൂപകങ്ങളും ഉപയോഗപ്രദമാകുന്നു. ഉപയോഗിച്ചുപഴകി ഭാഷയിൽ നിന്നും അനുഭവതീവ്രത ചോർന്നുപോകുന്ന കാലത്ത്, ഭാഷാനുഭവത്തെ വീണ്ടെടുക്കാനുള്ള കവിതയുടെ ശേഷി നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. വൈകാരികവും ബൗദ്ധികവും ധാർമ്മികവുമായ ആവശ്യത്തെ മുൻനിർത്തി കവികൾക്ക് ഉപയോഗപ്രദമാകുന്ന ഘടകങ്ങളാണ് ബിംബവും പ്രതിരൂപവും രൂപകവും.

_______________________________________________

Reference
  • ടി. എസ്. എലിയറ്റ് – Hamlet and His Problems (1919)
  • വിക്ടർ ഷ്ക്ലോവ്സ്കി – Art as Technique (1917)
  • ആന്ദ്രേ താര്ക്കോവ്സ്കി – Sculpting in Time (1986)
  • വീരാൻകുട്ടി – വീരാൻകുട്ടിയുടെ കവിതകൾ (2013)
  • റഫീക്ക് അഹമ്മദ് – റഫീക്ക് അഹമ്മദിൻ്റെ കവിതകൾ (2013)
  • കെ. സച്ചിദാനന്ദൻ - സച്ചിദാനന്ദൻ്റെ കവിതകൾ 1965-2015 (2016)
വായനയില്ലായ്മയിൽ നിന്നും വായനയല്ലായ്മയിലേക്ക്

വായനയില്ലായ്മയിൽ നിന്നും വായനയല്ലായ്മയിലേക്ക്

വായനയില്ലായ്മ
(ദ് മലബാർ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ വിപുലീകരിച്ച രൂപം)

സാഹിത്യമെന്ന പേരിൽ എന്താണ് വായിക്കപ്പെടുന്നതെന്ന കാര്യത്തിലും എന്താണ് എഴുതപ്പെടുന്നതെന്ന കാര്യത്തിലും കാതലായ മാറ്റങ്ങൾ പുസ്തകവിപണിയിൽ പ്രകടമാകാൻ തുടങ്ങിയിരിക്കുന്നു. വായിക്കുന്നയാളുടെ ബൗദ്ധിക ഇടപെടൽ ആവശ്യപ്പെടുന്നതിൽ നിന്നും കേവലാനന്ദം നൽകിയാൽ മതി എന്നതായി വിപണിയിൽ സാഹിത്യത്തിൻ്റെ മാനദണ്ഡം. 'ബെസ്റ്റ്സെല്ലറുകൾ' എന്ന പേരിൽ പുസ്തകശാലകളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ തിരിച്ചറിയാനാകുക ഏറ്റവും നല്ല പുസ്തകം ഏതാണെന്നായിരിക്കില്ല, എളുപ്പവായനയ്ക്ക് ഏറ്റവും നന്നായി ഇണങ്ങുന്ന പുസ്തകങ്ങൾ ഏതൊക്കെയാണ് എന്നതായിരിക്കും. നേരെചൊവ്വേ കഥപറയുന്ന രീതിയും ശൈലീകൃതമാക്കാത്ത ഭാഷയും ബൗദ്ധികമോ ഭാവനാപരമായതോ ആയ ആഴമേറിയ ആലോചനകൾ വേണ്ടെന്നതും ഈ പുസ്തകങ്ങളുടെ പൊതുസവിശേഷതകളായിരിക്കും. തിയഡോർ അഡോണോ അടക്കമുള്ളവർ മുന്നോട്ടുവെച്ച കൾച്ചർ ഇൻഡസ്ട്രി സിദ്ധാന്തം അനുസരിച്ച്, വിപണിയ്ക്കായി നിർമ്മിക്കപ്പെടുന്ന സാംസ്കാരിക ഉൽപ്പന്നങ്ങൾ കൂടുതൽ ആളുകളെ ആനന്ദിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി കലാസൃഷ്ടികളിൽ നടത്തുന്ന ക്രമീകരണങ്ങൾ മികച്ചതിലേക്കുള്ള പരിശ്രമത്തെ വേണ്ടെന്നുവെക്കുന്നതായി കാണാം. എളുപ്പവായനയ്ക്കായി രൂപകൽപ്പന ചെയ്ത പുസ്തകങ്ങൾ ഈ രീതിയിൽ സാഹിത്യത്തെ വിപണിയുടെ ഉപകരണമാക്കി ചുരുക്കുകയാണ്. സാഹിത്യം അടിസ്ഥാനപരമായി എന്തിനുള്ളതാണെന്ന ധാരണയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. മനുഷ്യൻ്റെ ബൗദ്ധികമായ വളർച്ചയ്ക്കും സർഗ്ഗാത്മകമായ ഭാവനയ്ക്കും ഉപയോഗപ്രദമായ ഉപകരണമായിരുന്ന സാഹിത്യം, കേവലാനന്ദത്തിനായുള്ള ഉപകരണമായി ചുരുങ്ങുക വഴി ‘നേരില്ലായ്മ’യുടെ സ്വഭാവമാണ് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 

സാഹിത്യത്തിൻ്റെ നേര്, യാഥാർത്ഥ്യത്തെ അതേപടി പകർത്തലല്ല. മനുഷ്യർ തങ്ങളുടെ നിലനിൽപ്പിൻ്റെ ഭാഗമായി അതിജീവിക്കുമ്പോൾ അവർക്കു തിരിച്ചറിയാനാകാത്ത ജീവിതത്തിൻ്റെ ആഴങ്ങളെ പകർത്തിയെടുത്ത് അവർക്കുമുന്നിൽ അവതരിപ്പിക്കലാണ് സാഹിത്യത്തിൻ്റെ നേര്. അതിനാലാണ് നിരീക്ഷണപാടവവും ഭാവനാശേഷിയും എഴുത്താളുടെ അടിസ്ഥാനയോഗ്യതയാകുന്നത്. ഈ നേരിൻ്റെ ഉറപ്പിലാണ് ദസ്തയേവ്സ്കിയുടെ കഥാപാത്രങ്ങളെ സിഗ്മണ്ട് ഫ്രോയിഡ് വിശകലനം ചെയ്യാൻ മുതിർന്നത്. ഈ നേരിൻ്റെ ഉറപ്പിലാണ് ഒരു പ്രത്യേക കാലത്തെ പഠിക്കാൻ നമ്മൾ അക്കാലത്തെ നോവലുകളെ കൂട്ടുപിടിക്കുന്നത്. ഈ നേരിൻ്റെ ഉറപ്പിന്മേലാണ് തത്ത്വചിന്തകർ പലപ്പോഴും കവികളെ കൂട്ടുപിടിക്കുന്നത്. സാഹിത്യം കേവലാനന്ദത്തിലേക്ക് ചുരുങ്ങുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ഈ ‘നേര്’ ആണ്. മനുഷ്യാവസ്ഥയെ അനാവരണം ചെയ്യുന്ന കല, മനുഷ്യാനന്ദത്തിനുള്ള ഉപകരണം മാത്രമല്ല എന്നിടത്താണ് സാഹിത്യത്തിൻ്റെ നിൽപ്പും നിലനിൽപ്പും. എളുപ്പവായനയുടെ കാലത്ത് വെല്ലുവിളി നേരിടുന്നത് നല്ല സാഹിത്യമല്ല, സാഹിത്യം തന്നെയാണെന്ന് പറയുന്നതിൻ്റെ കാരണവും ഇതാണ്. 

താരതമ്യേന വലുതെന്നു പറയാവുന്ന സാഹിത്യരൂപമായ നോവലാണ് എളുപ്പവായനയ്ക്ക് വഴങ്ങുന്ന സാഹിത്യരൂപമായി വിലയിരുത്തപ്പെടുന്നത്, കവിതയും ചെറുകഥയുമല്ല. എന്തെന്നാൽ നോവലിൽ നിങ്ങൾ വായിച്ചു മുന്നേറുക എന്നതാണ് ആ രൂപം അപൂർവ്വം ചില സന്ദർഭങ്ങളിലൊഴികെ പൊതുവെ ആവശ്യപ്പെടുന്നത്. നിങ്ങൾക്കു അതിനുള്ള വിശാലമായ ഇടവും അവിടെ ലഭിക്കുന്നു. അതിനാലാണ് ഓഡിയോ ബുക്ക് പോലെയുള്ള കേൾവികൾക്ക് നോവലുകൾ കൂടുതലായി വഴങ്ങുന്നതും. ഒരുവേള ശ്രദ്ധ മാറിയാലും അതു നിങ്ങളെ ബാധിക്കാനും ഇടയില്ല. അതേസമയം ചെറുകഥയും കവിതയും സൂക്ഷ്മ ശ്രദ്ധ ആവശ്യപ്പെടുന്നു. ഡിജിറ്റൽ മീഡിയയുടെയും റീലുകളുടെയും കാലത്ത് മനുഷ്യൻ്റെ ശ്രദ്ധ സെക്കൻഡുകൾക്കപ്പുറം സഞ്ചരിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു, അതിനാൽ തന്നെ ചെറുകഥയും കവിതയും വായിക്കുക എന്നത് അസാധ്യമാകുന്നുവെന്നാണ് പൊതുവാദം. എന്നാൽ ഇത്തരം അന്തരീക്ഷത്തിൽ ശ്രദ്ധയെ വീണ്ടെടുക്കാൻ സഹായിക്കുന്നവ കൂടിയാണ് ഈ വായനകൾ എന്നതാണ് മറുവശം. 

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ വായിക്കാനെവിടെ സമയം എന്നതായിരുന്നു അൽപ്പകാലം മുമ്പുവരെ നമ്മൾ കേട്ടിരുന്ന വായനയ്ക്കെതിരെയുള്ള കുറ്റബോധത്തിലൂന്നിയ വാദം. ഇന്നത്, മനസ്സിലാകാൻ എളുപ്പമുള്ളതേ വായിക്കാറുള്ളൂ എന്നായിട്ടുണ്ട്. എളുപ്പവായനയ്ക്ക് വഴങ്ങുന്ന ഒരു നോവൽ വായിക്കാൻ അഞ്ച് മണിക്കൂർ എടുക്കുന്നുവെന്നിരിക്കട്ടെ, അതേസമയപരിധിയിൽ പത്തു മിനുറ്റിൽ വായിക്കാവുന്ന സാഹിത്യഗുണമുള്ള ഒരു കവിതയോ ഒരു മണിക്കൂറിൽ വായിക്കാവുന്ന ചെറുകഥയോ വായിച്ച് അവശേഷിക്കുന്ന സമയം അതേപ്പറ്റിയുള്ള ആലോചനയിൽ മുഴുകാവുന്നവരുമാണ് നിങ്ങൾ. വാസ്തവത്തിൽ എളുപ്പവായനയ്ക്ക് വഴങ്ങുന്നെന്നു പറയപ്പെടുന്ന കേവലാനന്ദം മാത്രം ലക്ഷ്യമിടുന്ന സാഹിത്യകൃതികളുടെ വായനയിൽ ഏർപ്പെടുന്നവർക്ക് താല്പര്യമില്ലാത്തത് വായിക്കാനല്ല. തങ്ങളുടെ അറിവും ബുദ്ധിയും ഭാവനാശേഷിയും ഉപയോഗിക്കാനാണ് അവർ മടിക്കുന്നത്. അവ ഉപയോഗിക്കാത്ത വായന, വായനയാകുന്നുണ്ടോ എന്നതാണ് കാതലായ ചോദ്യം. 

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെവരവോടുകൂടി നിങ്ങൾ എന്ത് വായിച്ചു, എങ്ങനെ വായിച്ചു എന്നതിനെക്കാൾ എത്ര വായിച്ചു എന്നതിനായി മുൻതൂക്കം. വായനക്കാർക്കു വേണ്ടിയുള്ള പ്ലാറ്റ്ഫോമുകളായ ഗുഡ്റീഡ്സ് പോലുള്ളവ ഇത്തരമൊരു മത്സരത്തിനാണ് പ്രേരണ നൽകുന്നത്. നിങ്ങൾ ജീവിതത്തിൽ മറ്റു പലതുമായിരിക്കാം എന്നാൽ നിങ്ങളുടെ ആ സ്വത്വത്തിനുമേൽ മറ്റൊരു തൂവലായി വായനക്കാരൻ/വായനക്കാരി എന്ന് ചാർത്തപ്പെടുന്ന അന്തരീക്ഷം കൂടി സോഷ്യൽമീഡിയ ഒരുക്കിനൽകുന്നു. വായിക്കുക എന്നതിനെക്കാൾ വായിക്കുന്ന ആളായി അറിയപ്പെടുക എന്നത് താരതമ്യേന എളുപ്പത്തിൽ സാധ്യമാക്കാവുന്ന സാഹചര്യമുണ്ടായി. ഇതിനായി പുസ്തകങ്ങൾ വാങ്ങുക, അവയുടെ ഫോട്ടോഗ്രാഫുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പങ്കിടുകയേ വേണ്ടൂ. വായിക്കുന്ന മനുഷ്യർക്ക് പരമ്പരാഗത സമൂഹം കൽപ്പിച്ചുനൽകിയിരുന്ന മഹത്വം കൈയ്യാളാൻ അങ്ങനെ എല്ലാവർക്കും സാധിച്ചു! ഇന്നിപ്പോൾ ഒരാളോട് നിങ്ങൾ വായിക്കാറുണ്ടോ എന്നതിനെക്കാൾ നിങ്ങൾ എന്താണ് വായിക്കുന്നത് എന്ന ചോദ്യമാണ് ഉന്നയിക്കേണ്ടതായി വരുന്നത്. 

സാഹിത്യനിലവാരത്തിൻ്റെ അളവുകോൽ മാറ്റത്തിനു വിധേയമാകുന്ന ഒന്നാണ്. ആ മാറ്റം കൂടുതൽ മെച്ചപ്പെട്ട ഒന്നിലേക്കുള്ള മാറ്റമാകുമെന്നതാണ് നമ്മുടെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞ പത്തു-പതിനഞ്ച് വർഷത്തെ മലയാളസാഹിത്യമേഖലയെ പരിഗണിച്ചാൽ ശരാശരി നിലവാരമുള്ള സാഹിത്യസൃഷ്ടികളെന്ന് ഒരുകാലത്ത് വിലയിരുത്തപ്പെട്ട കെ. ആർ. മീരയുടെയും ബെന്യാമിൻ്റെയും ടി.ഡി. രാമകൃഷ്ണൻ്റെയും കൃതികൾ അഖിൽ പി. ധർമജൻ, ശ്രീപാർവ്വതി, ലാജോ ജോസ്, ദീപ നിഷാന്ത്, ലിജീഷ് കുമാർ തുടങ്ങിയവരുടെ വരവോടെ മികച്ച സാഹിത്യസൃഷ്ടികളായി വിലയിരുത്തപ്പെടാൻ തുടങ്ങി. താരതമ്യത്തിലൂടെയാണ് ഏതിൻ്റെയും നിലവാരം നാം അളക്കാനിടയുള്ളത് എന്നതിനാൽ ഈ വിലയിരുത്തൽ അത്തരത്തിൽ സ്വാഭാവികവുമായി. സ്റ്റീഫൻ കിംഗിനെ പോലെയുള്ള പോപ്പുലർ എഴുത്തുകാർ കൈയ്യാളുന്ന രചനാകൗശലവും ഭാവനാശേഷിയും പ്രമേയപരമായ വൈവിധ്യവും മലയാളത്തിൽ മെച്ചപ്പെട്ടവരെന്നു പറയാവുന്ന സാഹിത്യമെഴുത്തുകാർക്ക് പോലും ആവശ്യമില്ലെന്നു വരുന്ന സ്ഥിതിവിശേഷത്തിലേക്കാണ് നടപ്പുകാല സാംസ്കാരികാന്തരീക്ഷം നയിക്കുന്നത്. ഉപയോഗിച്ചുപഴകിയതിനാൽ ഇക്കാലത്ത് കവികൾ പോലും എടുക്കാൻ മടിക്കുന്ന ഉപമകളുടെ ആധിക്യം അഖിൽ കെ.യെ പോലുള്ള എഴുത്തുകാരിൽ കാണാം. സാഹിത്യഗുണമുണ്ടാക്കാനുള്ള എളുപ്പമാർഗ്ഗമെന്ന നിലയിലാകാം ഇവർ ഇത്തരത്തിലുള്ള സൂത്രപ്പണികൾ നടത്തുന്നതുപോലും. 

ഒരു കാര്യത്തെയോ അന്തരീക്ഷത്തെയോ പറ്റിയുള്ള വിവരണം ആ കാര്യത്തെപ്പറ്റിയുള്ള വിവരണം മാത്രമായി ചുരുങ്ങുന്നു എന്നിടത്താണ് പല എഴുത്തുകാരുടെയും ശേഷിയില്ലായ്മ വെളിപ്പെടുന്നത്. ഓരോ മനുഷ്യർക്കും തങ്ങളുടെയും തങ്ങളുടെ ചുറ്റുപാടുമുള്ള മനുഷ്യരുടേതുമായി ഏറ്റവും ചുരുങ്ങിയത് അമ്പത് കഥകളെങ്കിലും പറയാനുണ്ടാകും. മലയാളത്തിലെ കഥാകൃത്തുക്കൾ മിക്കവരും വെറും കഥപറച്ചിലുകാരായി ചുരുങ്ങുകയും എഴുത്തുകാരാകാൻ അവർക്കു സാധിക്കാതെ വരികയും ചെയ്യുന്നു എന്നൊരു സ്ഥിതിവിശേഷമുണ്ട്. എഴുത്തിൽ കൈവരുന്ന ഭാഷയുടെ, ശൈലിയുടെ, ആഖ്യാനത്തിൻ്റെ, രൂപത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്താത്ത കാലത്തോളം ഒരാൾ കഥപറയുന്നയാൾ മാത്രമേ ആകുന്നുള്ളൂ. ഒരു കഥയെഴുത്തുകാരനാകാൻ നിങ്ങൾക്ക് പറയാൻ കൊള്ളാവുന്ന കഥപോലും വേണ്ടെന്നു മനസ്സിലാകാൻ ഷെൽ അസ്കിൽഡ്സനെയൊന്നും വായിക്കണമെന്നില്ല, ചെഖോവിൽ തന്നെ ആ സാധ്യതകൾ കാണാം. എന്നാൽ എളുപ്പവായനയനയ്ക്കും കേൾവിക്കും ഇണങ്ങുന്ന എഴുത്താണ് ലക്ഷ്യമെങ്കിൽ ഇത്തരം സാധ്യതകൾ തേടേണ്ടതായ ആവശ്യമേ ഉന്നയിക്കപ്പെടാനിടയില്ല. 

ജനപ്രിയസാഹിത്യം ഏതെങ്കിലും നിശ്ചിത നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നവയല്ല.  ഗബ്രിയേൽ ഗർസിയ മാർക്വേസും ഹരൂക്കി മുറകാമിയും സ്റ്റീഫൻ കിംഗും റൂമിയും ജനപ്രിയ എഴുത്തുകാരാണ്. ചേതൽ ഭഗത്തും അഖിൽ പി. ധർമജനും മാത്രമല്ല. എളുപ്പവായനയ്ക്ക് വഴങ്ങുന്ന പുസ്തകങ്ങൾ എന്നതുകൊണ്ട് ഇവിടെ വിവക്ഷ ജനപ്രിയസാഹിത്യസൃഷ്ടികളാകണമെന്നു നിർബന്ധവുമില്ല. വായന ഒരു ശീലം മാത്രമല്ല, ധാരണാശേഷിയും വൈകാരിക ബുദ്ധിയും ലോകവീക്ഷണവും രൂപപ്പെടുത്തുന്ന ബൗദ്ധിക വ്യായാമം കൂടിയാണ്. എളുപ്പവായന മാത്രം ലക്ഷ്യമിടുന്ന പുസ്തകങ്ങൾ ഈ പറഞ്ഞ രണ്ടാമത്തെ കാര്യത്തെ പരിഗണിക്കാറില്ല എന്നതു മാത്രമല്ല അവ വായനയില്ലായ്മയുടെ സ്വഭാവമാണ് മുന്നോട്ടുവെക്കുന്നതു എന്ന വിമർശനത്തിൻ്റെ അടിസ്ഥാനം. വായന മനുഷ്യർ ബൗദ്ധികമായി ഏർപ്പെടാനിടയുള്ള അനേകം പ്രവൃത്തികളിൽ ഒന്നുമാത്രമാണ് എന്നിരിക്കെ, മനുഷ്യൻ്റെ സാമാന്യയുക്തിയെയും ശേഷികളെയും പരിഹസിക്കുന്ന തരം സ്വഭാവങ്ങൾ കൂടി അവ പ്രകടിപ്പിക്കാറുണ്ടെന്നതാണ്. 

വായിച്ചു’തള്ളുന്ന’ മനുഷ്യരുടെ കാലം കൂടിയാണ് ഇത്. എളുപ്പവായനയ്ക്ക് വഴങ്ങുന്ന പുസ്തകങ്ങൾ എന്ന തരംതിരിവിനൊപ്പം ഏത് പുസ്തകവും എളുപ്പം വായിക്കുന്ന വായനക്കാർ കൂടി സഞ്ജാതമായിട്ടുണ്ട്. വായന തന്നെത്തന്നെ അറിയാനും തൻ്റെ ചുറ്റുപാടുകളെയും സഹജീവികളെയും സഹാനുഭൂതിയോടെ സമീപിക്കാനും അതിലുപരി മടുപ്പുളവാക്കുന്ന ജീവിതത്തിൽ പുത്തനുണർവ്വ് കണ്ടെത്താനും സഹായിക്കുന്ന പ്രവൃത്തിയാണ് എന്ന വീക്ഷണത്തിനാണ് മാറ്റം വരുന്നത്. വായന ഒരാളെ നല്ല ആളോ മോശം ആളോ ആക്കില്ലായിരിക്കും. എന്നാൽ തെറ്റാകട്ടെ ശരിയാകട്ടെ അത് ബോധത്തൊടെ ചെയ്യുന്ന ഒരാളാക്കി മാറ്റാൻ വായനയ്ക്ക് സാധിച്ചേക്കും. വായിച്ചുതള്ളുന്നവർക്ക് പലപ്പോഴും ഇത്തരം ബോധ്യങ്ങൾ ഇല്ലാതെവരുന്നത് അവരുടെ വായന വെറും ‘തള്ളൽ’ മാത്രമാകുന്നതിനാലാകാം. ‘റീഡിംഗ് ചലഞ്ചുകൾ’വായിക്കുന്നു എന്ന് മേനിനടിക്കാനുള്ള കാരണമാകുന്നതുവഴി കൂടുതൽ പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള മാർഗ്ഗം കൂടിയായി അത് മാറുന്നുണ്ട്. അക്കാരണത്താൽ വിപണിയുടെ പിന്തുണയും ഇത്തരം പ്രവണതകൾക്ക് അനുകൂലമായി സ്ഥാപിക്കപ്പെടുന്നു. 

വായന തുടങ്ങാൻ ആഗ്രഹിക്കുന്നവരിലേക്കാണ് പലപ്പോഴും എളുപ്പവായനയ്ക്ക് വഴങ്ങുന്നെന്നു പറയപ്പെടുന്ന പുസ്തകങ്ങൾ എത്തിപ്പെടുന്നത്. തങ്ങളെ വെല്ലുവിളിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതിനാൽ താരതമ്യേന ഇവർക്ക് ഇത്തരം പുസ്തകങ്ങളുടെ വായന ശ്രമകരമാകുന്നില്ല. എന്നാൽ വായിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്ന ഇതേ മനുഷ്യർക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി അവർക്ക് അതീവതാല്പര്യമുള്ള വിഷയങ്ങളെ സംബന്ധിച്ച പുസ്തകങ്ങളും നിർദേശിക്കാവുന്നതാണ്. നിലവാരമുള്ള അത്തരം പുസ്തകങ്ങൾ അവർക്ക് വെല്ലുവിളി ഉയർത്തിയാൽ പോലും ആ കാര്യങ്ങളോടുള്ള താല്പര്യങ്ങളെ മുൻനിർത്തി അവരതിൽ കൂടുതൽ മുഴുകാനുള്ള സാഹചര്യമുണ്ടാകും. മറ്റൊരു മനുഷ്യനെ മനസ്സിലാക്കി അവർക്ക് വേണ്ടത് നിർദേശിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വമില്ലായ്മ കൂടിയാണ് വായിച്ചുതുടങ്ങാൻ ആഗ്രഹിക്കുന്നവരിലേക്ക് എളുപ്പത്തിൽ വായിച്ചൊഴിവാക്കാവുന്ന പുസ്തകങ്ങൾ ചെന്നെത്താനുള്ള ഒരു കാരണം. വായനയിൽ വെല്ലുവിളി നേരിടാതെ വായിക്കുന്ന ഒരാളും വായനക്കാരൻ/വായനക്കാരി എന്ന നിലയിൽ വളരുന്നില്ല. 

ശീലം കേവലം ശീലമായി തന്നെ തുടരുക എന്നൊരു സാധ്യത കൂടിയുണ്ട്. ചേതൻ ഭഗത്തിലോ മനോരമ, മംഗളം പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ വരുന്ന 'പൈങ്കിളി' എന്ന് വിളിക്കപ്പെടുന്ന നോവലുകളിലോ വായന തുടങ്ങി ഇപ്പോഴും അതിൽ തന്നെ നിൽക്കുന്ന വായനക്കാരുണ്ട്. അതിൽ നിന്നും പുറത്തേക്ക് വന്നു ഗൗരവ സ്വഭാവമുള്ള സാഹിത്യം വായിക്കാൻ കുറേക്കൂടി പരിശ്രമം മനഃപൂർവ്വം അവർ എടുത്തേ മതിയാകൂ എന്നതാണ് മിക്കവരുടെയും അവസ്ഥ. അതായത് ശീലം ബൌദ്ധിക വ്യായാമത്തിലേക്ക് നയിക്കണം എന്നില്ല, എന്നാൽ കൃതികളുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധിച്ചാൽ അതിനുള്ള സാധ്യതയുണ്ട് താനും. കഥയുടെ പറച്ചിൽ ആകുമല്ലോ ഫിക്ഷൻ വായിച്ചു തുടങ്ങുന്ന ഒരാളുടെ ശ്രദ്ധ. ചേതൻ ഭഗത്ത്, അഖിൽ പി. ധർമജൻ എന്നിവർക്കു പകരം ഒരാൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ വായന തുടങ്ങാവുന്ന എഴുത്തുകളാണ് ബെന്യാമിന്റെ ആടുജീവിതവും പൗലോ കൊയ്‌ലോയുടെ അൽകെമിസ്റ്റ് പോലുള്ള നോവലുകളും. അത്തരം വായന തുടങ്ങുന്ന ആളിൽ അവർ പോലും അറിയാതെ അനായാസേന ബൌദ്ധികമായ ഇടപെടൽ ആവശ്യമായി വരുന്നുണ്ട്. പൗലോ കൊയിലോയിൽ തുടങ്ങി ഹെർമ്മൻ ഹെസ്സെയിലും ജിബ്രാനിലും എത്തുക താരതമ്യേനെ എളുപ്പമാണ്. വായനാശീലം വഴിയുള്ള ബൌദ്ധികവളർച്ച നടക്കുന്ന സാധ്യത ഇവിടെ കൂടുതലാണ്. സ്റ്റീഫൻ കിംഗിനെ വായിച്ചു തുടങ്ങുന്ന ആൾക്ക് ദസ്തയെവസ്കിയിലേക്കും ഫോക്ണറിലേക്കും വഴിയുണ്ട്. വൈക്കം മുഹമ്മദ് ബഷീറിനെ പോലെയുള്ള എഴുത്തുകാരുടെ കൃതികളാകട്ടെ വായിച്ചു തുടങ്ങുന്നവരെയും തഴക്കംവന്ന വായനക്കാരെയും തൃപ്തിപ്പെടുത്താൻ കെൽപ്പുള്ളവയാണ്. അവിടെ നിന്ന് ഖസാക്കിൻ്റെ ഇതിഹാസത്തിലേക്കും അവിടെ നിന്നും ക്യാമുവിന്റെയും സാർത്രിന്റെയും കൃതികളിലേക്കും എത്താം. അല്ലെങ്കിൽ പേഡ്രോ പരാമോയിൽ എത്താം. മാർക്കേസിന്റെ 'കോളറക്കാലത്തെ പ്രണയം' പോലുള്ള കൃതികളും വായിച്ചുതുടങ്ങാൻ സാധ്യതയുള്ള നോവലുകളിൽപ്പെടുന്നവയാണ്. ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വായനയെന്ന ബൗദ്ധിക വ്യായാമത്തിൽ പ്രധാനമെന്നിരിക്കെ, എളുപ്പവായനയ്ക്ക് മാത്രം വഴങ്ങുന്ന അകം പൊള്ളയായ സാഹിത്യം പലപ്പോഴും വായനയെ ശീലമായി ചുരുക്കിയേക്കും.

കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങൾ അതിൽക്കൂടുതൽ വിറ്റഴിക്കാൻ നോക്കുക എന്നതാണ് പുസ്തകവിപണിയുടെ തന്ത്രം. കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങൾ എളുപ്പവായനയ്ക്ക് വഴങ്ങുന്നതാകുന്നതോടെ വായന ശീലമാക്കാത്ത മനുഷ്യരെപ്പോലും തങ്ങൾക്ക് ലക്ഷ്യമിടാമല്ലോ എന്നതാകും പ്രസിദ്ധീകരണശാലകളുടെ ആലോചന. ദീർഘകാലാടിസ്ഥാനത്തിൽ, വായിക്കുന്ന മനുഷ്യരുടെ കൂട്ടത്തെ സൃഷ്ടിക്കുക എന്നതിനെക്കാൾ വിപണിയിലെ നിലവിലെ പ്രവണത എന്താണോ അതിനെ നിലനിർത്താനുള്ള ഇന്ധനം പകരുക മാത്രമാണ് പ്രസിദ്ധീകരണമേഖല ലക്ഷ്യമിടുന്നത്. സമീപകാലത്ത് പ്രധാനപ്പെട്ട അവാർഡുകൾ അടക്കം നിർണ്ണയിക്കപ്പെടുന്നതിൽ പുസ്തകത്തിൻ്റെ പോപ്പുലാരിറ്റി ഒരു മാനദണ്ഡമായി മാറിയിട്ടുണ്ടോ എന്നുപോലും സംശയിക്കേണ്ടതായുണ്ട്. സാഹിത്യോത്സവങ്ങളിൽ പോലും ഉയർന്നുകേൾക്കുന്നത് ഇത്തരം പുസ്തകങ്ങൾ എഴുതിയവരുടെ ശബ്ദമാണ്. പലപ്പോഴും അവരുടെ വിഡ്ഡിത്തമാണ്. സാഹിത്യത്തോട് യാതൊരു ഉത്തരവാദിത്വവും തങ്ങൾക്കില്ലെന്നു പോലും ഇവർ പരസ്യമായി പ്രഖ്യാപിക്കുന്നു. കാൾ മാർമാക്സ് സൈദ്ധാന്തികമായി commodity fetishism വഴി ചൂണ്ടിക്കാണിച്ചതുപോലെ പുസ്തകം അവയുടെ നിർമ്മാണപ്രവർത്തികളെയും അദ്ധ്വാനശേഷിയെയും പാടേ അവഗണിച്ചുകൊണ്ട് വ്യാപാരച്ചരക്ക് മാത്രമായി അവതരിപ്പിക്കപ്പെടുന്നു, ഇതിനു എഴുത്തുകാർ തന്നെ അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുന്നു. സാംസ്കാരിക ഉൽപ്പന്നങ്ങൾ വിപണിയിൽ സാധാരണ ചരക്കുകളായി മാറുമ്പോൾ, അവയുടെ സൃഷ്ടിപരമായ മൂല്യം നഷ്ടപ്പെടുന്നുവെന്ന് അഡോണോയും ചൂണ്ടിക്കാണിക്കുന്നു. എളുപ്പവായനയ്ക്ക് വഴങ്ങുന്ന പുസ്തകങ്ങൾ വായനയെ ഒരു ഉപഭോഗശീലമായി ചുരുക്കുന്നതുവഴി, വിപണി ആവശ്യപ്പെടുന്ന ഉപഭോഗശീലങ്ങളെ മാത്രം പിന്തുണയ്ക്കുകയാണ്. വായിച്ചൊഴിവാക്കുക എന്നതാണ് വിപണിയുടെ ആവശ്യം, പുനർവായനയ്ക്ക് ഉതകുന്ന പുസ്തകങ്ങൾ വിപണിയ്ക്ക് ആവശ്യവുമില്ല. 

എല്ലാ തരം എഴുത്തുകൾക്കും വിപണിയിൽ ഇടമുണ്ട് എന്നാണ് പൊതുവെ പറയപ്പെടുന്നത്. ആഗോളവിപണി എല്ലാത്തിനും ഇടം നൽകുന്നു എന്ന് പറയുമ്പോഴും അത് രൂപപ്പെടുത്തുന്ന പ്രവണതകൾ പക്ഷപാതമില്ലാത്തതല്ല. ഉപഭോക്താക്കളുടെ ആവശ്യം, പ്രസിദ്ധീകരണ ശാലകളുടെ താല്പര്യങ്ങൾ, സാമ്പത്തിക ശക്തികളുടെ ആവശ്യം, ഭരണകക്ഷികളുടെ താല്പര്യം എന്നിവ കൂടി  ഈ ഇടം നൽകലിൽ ഇടപെടൽ നടത്തുന്നുണ്ട്. കവിത എഴുതുന്ന ഒരാൾ തൻ്റെ കൃതി ഏതെങ്കിലും പ്രസാധകർക്ക് പ്രസിദ്ധീകരിക്കുന്നതിനായി നൽകിയാൽ വായിക്കും മുന്നെത്തന്നെ അവർക്ക് ലഭിക്കാൻ ഇടയുള്ള ഒരു മറുപടി പൊതുവെ ഞങ്ങൾ കവിത പ്രസിദ്ധീകരിക്കാറില്ല എന്നതാകും. കവിതയും തത്വചിന്തയും പുസ്തകരൂപത്തിൽ വിലകൊടുത്ത വാങ്ങുന്നവർക്കും സമാനമായ അനുഭവങ്ങൾ കാണാം. അവർക്ക് ആവശ്യമുള്ള ഇത്തരം പുസ്തകങ്ങൾ വിപണിയിൽ എളുപ്പത്തിൽ ലഭ്യമാകുന്നില്ല എന്നൊരു സാഹചര്യം കൂടിയുണ്ട്. ഒരു പുസ്തകശാലയിൽ ചെന്നാൽ അവിടെ ജനപ്രിയസാഹിത്യവായനക്കാരന് വേണ്ടതെല്ലാം ലഭ്യമായിരിക്കാം. എന്നാൽ അവിടെ കവിത വായിക്കുന്ന ഒരു പത്ത് പേർ ചെന്നെന്നിരിക്കട്ടെ, അവർക്ക് വേണ്ടതായ പുസ്തകങ്ങൾ ഉണ്ടാകണമെന്നില്ല. ഉള്ളതുകൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നവരാണ് ഈ വായനക്കാരിൽ പലരും. വാസ്തവത്തിൽ വിപണിയിൽ പലതിനും 'ആവശ്യക്കാർ ഇല്ലെന്ന തോന്നൽ' വരുന്നത് വിപണി കൂടുതൽ ആവശ്യക്കാരുള്ള കാര്യങ്ങൾ മാത്രം വിൽക്കുന്നതിൽ താല്പര്യമെടുക്കുന്നതുകൊണ്ട് കൂടിയാണ്. കവിതയും ഫിലോസഫിയും അതല്ലെങ്കിൽ സാഹിത്യഗുണമുള്ള കൃതികൾ വായിക്കുന്നവരെ വിപണി പരിഗണിക്കുന്നുണ്ടോയെന്നത് അറിയണമെങ്കിൽ അത്തരം പുസ്തകം തേടുന്നവർക്ക് അവ എളുപ്പത്തിൽ ലഭ്യമാകുന്നുണ്ടോ അതിനായി അവർക്ക് എന്തുവില നൽകേണ്ടി വരുന്നു എന്നീ കാര്യങ്ങൾ നോക്കി മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് വിപണിയിൽ എല്ലാത്തിനും ഇടമുണ്ടെന്ന് പറയുന്നവർ, വിപണി എല്ലാ ആവശ്യക്കാരെയും ഉൽപ്പന്നങ്ങളെയും ഒരേപോലെയല്ല പരിഗണിക്കുന്നത് എന്നു മനസ്സിലാക്കേണ്ടതുണ്ട്. വിൽക്കപ്പെടില്ല എന്ന ധാരണയാൽ വിൽക്കാൻ വെക്കുന്നില്ല; വിൽക്കാൻ വെക്കുന്നില്ല എന്നതിനാൽ വിൽക്കപ്പെടുന്നില്ല എന്നതാണ് ഇത്തരം പുസ്തകങ്ങൾക്ക് വിപണിയിൽ സംഭവിക്കുന്നത്. 

വിമർശനം മരിച്ചുകിടക്കുന്ന സംസ്കാരങ്ങളിൽ എളുപ്പവായന പിടിമുറുക്കുന്നതും സ്വാഭാവികം. സാഹിത്യസൃഷ്ടികളെ അവയുടെ കലാമേന്മയുടെ അടിസ്ഥാനത്തിൽ വിലയിരുത്തന്നവരുടെ ഇല്ലായ്മയാണ് പ്രധാന വെല്ലുവിളി. ഉപയോഗപ്രദമാണോ എന്നതിൻ്റെ അടിസ്ഥാനത്തിൽ എന്തിൻ്റെയും മൂല്യം നിർണ്ണയിക്കപ്പെടുന്ന സാഹചര്യത്തിൽ, സാഹിത്യം എന്തിന് വായിക്കണം എന്ന ചോദ്യവും മുഴങ്ങിക്കേൾക്കുന്നുണ്ട്. വിപണിയിൽ നിലവാരമുള്ള സാഹിത്യവും കവിതയും എടുക്കാചരക്കാണെന്ന വാദവും ഇതിനോട് ചേർത്തുകാണാം. എങ്കിലും ആവിഷ്കരണരീതിയെന്ന നിലയിൽ മനുഷ്യർക്ക് ഏറ്റവും സ്വീകാര്യമായ സാഹിത്യരൂപമായി ഇവയൊക്കെ നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഈ നിലനിൽപ്പ് സ്വന്തം ബോധ്യത്തിൽ ഉറച്ചുനിൽക്കുന്ന അൽപ്പം വായനക്കാരിലൂടെയും എഴുത്തുകാരിലൂടെയും മാത്രമാണ്. എക്കാലത്തും അത് അങ്ങനെ ആയിരുന്നുതാനും.

പുസ്തകവിപണി കരുത്താർജ്ജിക്കുന്ന കാലം കൂടിയാണിത്. എന്നാൽ വായനകൊണ്ട് മനുഷ്യർ ആർജ്ജിക്കാൻ ഇടയുള്ള ശേഷികളൊന്നും എളുപ്പത്തിൽ വായിച്ചുതള്ളാവുന്ന പുസ്തകങ്ങളുടെ വായനയിലൂടെ ലഭ്യമാകുന്നില്ല എന്നതിനാൽ ഈ മാറ്റം ശുഭസൂചനയായി കാണാനുമാകുന്നില്ല. ആകാംക്ഷ, ആശ്ചര്യം, ഞെട്ടൽ, കൗതുകം പോലെയുള്ള അൽപ്പായുസ്സുള്ള വികാരങ്ങളാണ് എളുപ്പത്തിൽ വായിക്കാവുന്ന പുസ്തകങ്ങളുടെ തന്ത്രം. ഇതേ വികാരങ്ങൾ ഉണ്ടായിരിക്കെ തന്നെ ജീവിതത്തെയും ചുറ്റുപാടുകളെയും സംബന്ധിച്ച അഗാധമായ തിരിച്ചറിവിലേക്കു നയിക്കുന്നു എന്നതാണ് സാഹിത്യഗുണം. ഷോൺ പിയാഷേയെ പോലെയുള്ള മനഃശാസ്ത്രജ്ഞർ തങ്ങളുടെ അവബോധവികസന സിദ്ധാന്തങ്ങൾ വഴി ചൂണ്ടിക്കാണിക്കുന്നത് വെല്ലുവിളി നേരിടുക എന്നതാണ് ബൗദ്ധിക വളർച്ചയ്ക്ക് കാരണമാകുന്നതെന്നാണ്. എളുപ്പവായനയിൽ മാത്രം ഏർപ്പെടുന്ന മനുഷ്യർക്ക് വായനയിലൂടെ ആർജ്ജിക്കാൻ സാധ്യതയുണ്ടായിരുന്ന വിമർശനാത്മകമായ സമീപനം, കാരണങ്ങൾ ചികയാനുള്ള ത്വര, തിരിച്ചറിവിനുള്ള ബോധം എന്നിവ സ്വായത്തമാക്കാൻ സാധിക്കാതെ വരും. വായനയെ വിപണിയുടെ ചട്ടക്കൂടിലൊതുക്കി, ഉപഭോഗവും വിനോദവും മാത്രമായി ചുരുക്കുന്ന ഈ എളുപ്പവായനയുടെ കാലം അഡോണോയും മാക്സ് ഹോർഖൈമറും അവതരിപ്പിച്ച കൾച്ചർ ഇൻഡസ്ട്രി സിദ്ധാന്തത്തിന്റെ പ്രകടമായ ഉദാഹരണം കൂടിയാണ്. ഇതിലൂടെ വായനക്കാരുടെ വിമർശനാത്മക ചിന്തകൾ അടിച്ചമർത്തപ്പെടുന്നു.

ആഴമുള്ള സാഹിത്യസൃഷ്ടികൾ സങ്കീർണ്ണമായ മനുഷ്യരെയും ആശയങ്ങളെയും ചുറ്റുപാടുകളെയും വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നതു വഴി അവരിൽ സഹാനുഭൂതി, പല വീക്ഷണകോണുകളിലൂടെ കാര്യങ്ങളെ മനസ്സിലാക്കാനുള്ള ആലോചന, സ്വതന്ത്രചിന്ത എന്നിവ സ്ഥാപിച്ചെടുക്കും. നല്ല സാഹിത്യം ഇങ്ങനെ നമ്മളെപ്പറ്റിയും നമ്മുടെ ചുറ്റുപാടുകളെപ്പറ്റിയും അഗാധമായ ബോധ്യങ്ങളിലേക്ക് നയിക്കുന്നു. അത് സഹാനുഭൂതിയും നേരും വെല്ലുവിളികൾ നേരിടാനുള്ള ഊർജ്ജവും പകരുന്നു. നീതിയെയും സഹനത്തെയും ജീവിച്ചിരിക്കലിനെയും സംബന്ധിച്ച ആഴമേറിയ ചോദ്യങ്ങളും ഉന്നയിക്കുന്നു. ശരി-തെറ്റുകൾക്കപ്പുറം സാധ്യമായ മറ്റൊരിടം ചൂണ്ടിക്കാണിക്കുന്നു. സ്വസ്ഥം, സമാധാനം എന്നുകരുതി ഉപരിപ്ലവമായ ഒരു അവസ്ഥയിൽ നമ്മളിരിക്കുമ്പോൾ അസ്വസ്ഥതയെ കൂട്ടുതരുന്നു, നേരെ തിരിച്ചും. ഏറ്റവും കുറഞ്ഞപക്ഷം, രാഷ്ട്രീയമായും സാമൂഹികമായും ഉൾക്കനമില്ലാതായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യരെ തങ്ങളുടെ ബുദ്ധിയും ഭാവനയും ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നു എന്ന ഒറ്റ കാരണത്താൽ തന്നെ നല്ല സാഹിത്യം കൂടുതൽ പരിഗണന അർഹിക്കുന്നുണ്ട്. നിലനിൽപ്പ് പോലും വെല്ലുവിളി നേരിടുമ്പോൾ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യരെ കൂടുതലായി ആവശ്യംവരുന്ന സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. സാഹിത്യം വിപണിയ്ക്കായുള്ള ചരക്ക് മാത്രമാകുമ്പോൾ പുസ്തകങ്ങളിൽ ഇല്ലാതെ പോകുന്നത് സാഹിത്യത്തിൻ്റെ ഇത്തരം അടിസ്ഥാനഗുണങ്ങളാണ്. ഇത്തരം കാര്യങ്ങൾ പരിഗണിക്കുമ്പോൾ എളുപ്പവായനയ്ക്ക് മാത്രം വഴങ്ങുന്ന പുസ്തകങ്ങളുടെ വായന വാസ്തവത്തിൽ വായനയാകുന്നില്ല. വായനയില്ലായ്മയെ അഭിമുഖീകരിച്ചുകൊണ്ട് നാമെത്തിനിൽക്കുന്നത് വായനയല്ലായ്മയിലാണോ എന്നതാണ് ഉന്നയിക്കേണ്ട ചോദ്യം.

Search